Wednesday, December 31, 2014

മനുഷ്യരോട്, യന്ത്രങ്ങളോട്, ഭാവിയോട്...


പ്രിയ ഹോബ്സ്,

വഴിയിൽ തങ്ങാതെ വരാനിരിക്കുന്ന ഭാവിയെക്കുറിച്ചോർക്കുമ്പോൾ താരതമ്യേന വലിയ കേടുപാടുകളില്ലാത്ത ഒരു വർഷമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും, അവന്റെ ബാലാരിഷ്ടതകൾ നൽകുന്ന രക്ഷാകർത്തൃ ആകുലതകളുമായി എന്റെയും ഭാര്യയുടെയും ജീവിതം കുറച്ചു കൂടി തിരക്കുള്ളതായി മാറിയിരിക്കുന്നു. പപ്പയുടേയും അമ്മയുടേയും ആരോഗ്യം കൂടുതൽ മോശമാകുന്നു. എങ്കിലും മരുന്നും മന്ത്രവുമൊക്കെയായി അവർ അതിജീവനം നടത്തുന്നു. പ്രശ്നഭരിതമായിരുന്നെങ്കിലും വലിയ തരക്കേടില്ലാതെ ഈ വർഷത്തെ ഔദ്യോഗിക കാര്യങ്ങളൊക്കെ നടന്നെന്നാണ് കരുതുന്നത്. ഒരു പുസ്തകം കൂടി പുറത്തിറങ്ങി. മുന്ന്  കഥകൾ പ്രസിദ്ധീകരിച്ചു. അവയ്ക്കെല്ലാം അത്യാവശ്യം ശ്രദ്ധയും  പ്രതികരണങ്ങളും ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരു ഹ്രസ്വചലച്ചിത്രത്തിന് തിരക്കഥയെഴുതി. പാതയിലുപേക്ഷിച്ച നോവലെഴുത്തിന്റെ ആമയിഴച്ചിലുകൾ മുയൽ വേഗങ്ങളെ തോൽപ്പിക്കാൻ തല വെളിയിലിടുന്നുണ്ട്. എഴുത്തിഴയുന്നുണ്ടെങ്കിലും, അത് അളവല്ലാത്ത സന്തോഷവും പ്രതീക്ഷയും ഇപ്പോഴും നൽകുന്നുണ്ട്. വായന താരതമ്യേന കുറവായ വർഷമായിരുന്നെങ്കിലും തേടിപ്പിടിക്കേണ്ടവയെ ആവിധം തന്നെ കണ്ടെത്തുന്നുണ്ട്. പക്ഷേ, സിനിമ കാണുന്നത് വളരെ കുറഞ്ഞു. അടുത്ത വർഷം അക്കാര്യത്തിലൊരു ശ്രദ്ധക്കൂടുതൽ കാണിക്കണമെന്നുണ്ട്. അവനവന്റെ ഉള്ളിലേയ്ക്കുള്ള ചുരുങ്ങലിന് ഇരട്ടിവേഗം കൈവന്നിരിക്കുന്നു. സൗഹൃദസംഭാഷണങ്ങൾ തീരെക്കുറവ്. ഫോൺ ‌വിളികൾ വിരളം. നീക്കിവയ്ക്കാൻ സമയമില്ലാത്തതിനാൽ പല ചർച്ചാക്കൂട്ടങ്ങളിൽ നിന്നും വിട്ടു മാറിയെങ്കിലും ഇടപെടാൻ കഴിയുന്നിടത്ത് സൗകര്യം പോലെ അത് ചെയ്യാറുമുണ്ട്. ഒന്നും കൃത്യമായെടുക്കുന്ന തീരുമാനങ്ങളല്ല, മറിച്ച് അവനവൻ ‌ചുരുങ്ങലിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. എങ്കിലും ഒരു വിളിപ്പുറത്ത് അവരെല്ലാവരുമുണ്ട്, ഞാനത്രയകലെയൊന്നുമല്ല എന്നൊരു തോന്നലുണ്ട്. ജീവിക്കുന്ന രാജ്യത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രീയവും മനോനിലകളും കൂടുതൽ ഭീതിതവും പ്രാകൃതവുമാകുന്ന നാളുകളിലൂടെയാണ് കടന്നു പോകുന്നത്.  അത്തരം ആകുലതകളെ തെല്ലൊന്ന് സാന്ത്വനപ്പെടുത്താനെന്നോണം ഒറ്റയ്ക്കും തെറ്റയ്ക്കുമായി ജനം തെരുവിലിറങ്ങി പ്രതികരിക്കുന്നുണ്ട്. ദുരൂഹവും വിദൂരവുമെന്ന്  ഒരിക്കൽ കരുതിയിരുന്ന ഭാവികാലം അതിങ്ങ് ‌തൊട്ടുമുന്നിലെ വർത്തമാന നിമിഷമാകുമ്പോൾ സംഭവിക്കുന്ന പരിഭ്രാന്തികൾക്ക് മറു മരുന്നായി പ്രതീക്ഷയല്ലാതെ മറ്റെന്താണ് കൈമുതലായുള്ളത്. ഞാൻ ‌മനുഷ്യരോട്, യന്ത്രങ്ങളോട്, ഭാവിയോട് എല്ലാം കൂടുതൽ കൂടുതൽ പ്രതീക്ഷയോടെ തന്നെ പെരുമാറാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. പുതുവത്സരാശംസകൾ.


സസ്നേഹം
ദേവദാസ് വി.എം

Saturday, November 8, 2014

അനങ്ങൻ മലയിലെ പാറമടയും പരിസ്ഥിതി പ്രശ്നങ്ങളും.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്താണ് അനങ്ങൻ മല സ്ഥിതി ചെയ്യുന്നത്. ‌പലപ്പോഴും ആ വഴി കടന്നു പോകുമ്പോൾ ഒരുവശത്ത് പച്ചപ്പും മറ്റൊരു വശത്ത് നിരനീളുന്ന പാറക്കെട്ടുകളുമുള്ള ഈ മലയൊരു കൗതുകമായിരുന്നു. മൃതസഞ്ജീവിനി തേടിയിറങ്ങിയ ഹനുമാന്റെ കായിക ബലത്തിന് മുന്നിൽ പോലും അനങ്ങാതെ കിടന്നതിനാലാണ് അനങ്ങൻ മലയെന്ന് പേരു വീണതെന്നാണ് ഐതീഹ്യം.
അനങ്ങൻ മലയുടെ ഒരു വശം
അനങ്ങനടി എന്നറിയപ്പെടുന്ന മറുവശം
 നേരിയ സാഹസം നിറഞ്ഞ കൗതുകത്തിന്റെ പുറത്ത് എക്കോ‌ടൂറിസം അനുവദിക്കുന്ന പ്രകാരം ഒന്നു രണ്ട് തവണ ഇതിന് മുകളിൽ കയറുകയും, പച്ചപ്പ് ‌നിറഞ്ഞു നിൽ‌ക്കുന്നത് കാണാനായി മാത്രം മുമ്പ് പലതവണ ‌താഴ്‌പ്രദേശത്തെ പാടശേഖരങ്ങളിൽ ചെന്ന് നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത് വരെ കാണാത്ത ഒരു വശം കൂടെ ഈ മലയ്ക്കുണ്ടെന്നും അവിടെ മല തുരപ്പന്മാർ വലിയ രീതിയിൽ മടയിടിക്കുകയും, വ്യവസായം നടത്തുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞത് താഴെ കാണുന്ന പ്രതികരണ ഫലകം കണ്ണിൽ പെടുമ്പോൾ മാത്രമാണ്. 

  
നാട്ടുകാരുടെ പ്രതിഷേധ ഫലകം.
അങ്ങനെയാണ് അനങ്ങൻ മലയിലെ പാറമടയെക്കുറിച്ചും, അനുബന്ധ വ്യവസായത്തെക്കുറിച്ചും, നാട്ടുകാരുടെ പ്രതിഷേധത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കുന്നത്. പ്രതിഷേധം സംഘടിപ്പിക്കുന്ന നാട്ടുകാരോടും, RTI ഫയൽ ചെയ്ത വ്യക്തികളോടുമെല്ലാം വൈരാഗ്യം പുലർത്തുന്ന സമീപനമാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നും, പാറപൊട്ടിക്കുന്നതിന് സമീപമുള്ള വീടുകൾ വിള്ളുന്നതോ ‌താമസക്കാർക്ക് അസുഖങ്ങൾ തുടർച്ചയാകുന്നതോ ഒന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടാണ് ‌പഞ്ചായത്തിന് എന്നുമാണ് അറിയാൻ കഴിഞ്ഞത്. ആരായുന്നതിനെല്ലാം കൂടി "എല്ലാം നിയമ വിധേയമാണ്" എന്നൊരു മറുപടി മാത്രമാണത്രേ ലഭിക്കുന്നത്. എന്നാൽ അനധികൃതമായും അളവിൽ കൂടുതലും പാറപൊട്ടിക്കൽ നടക്കുന്നുണ്ട് എന്നായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം. പ്രതിഷേധക്കമ്മറ്റിയിലൊരാളുടെ അനുജൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തിരിച്ചടയ്ക്കേണ്ടാത്ത ഭവനനിർമ്മാണ സഹായത്തിന് അപേക്ഷിച്ചിരുന്നുവെന്നും, അതേകദേശം ശരിയായിരുന്നുവെന്നും, ശേഷം അത് വൈകിയപ്പോൾ പാറമട വിഷയത്തിൽ ജേഷ്ഠന്റെ ഇടപെടലുകളെ തടഞ്ഞാൽ മാത്രം ധനസഹായം അനുവദിക്കാമെന്ന് താക്കീതു ലഭിച്ചുവെന്നും പ്രതിഷേധക്കാരിൽ ചിലർ വെളിപ്പെടുത്തുന്നു. അധികൃതരുടെ ശ്രദ്ധ ക്ഷണിയ്ക്കാൻ പല രീതിയിലുള്ള സമര മാർഗങ്ങൾ സ്വീകരിച്ചിട്ടും ഫലമൊന്നുമില്ലെന്ന നിരാശയിലായിരുന്നു ചിലർ. ‌മനുഷ്യാവകാശക്കമ്മീഷനിലാണ് മറ്റു ചിലരുടെ അന്തിമ പ്രതീക്ഷ.

 RTI  പ്രകാരം ചോദിച്ച സുപ്രധാന ചോദ്യത്തിൽ നിന്ന് പഞ്ചായത്ത്‌ അധികൃതർ ഒഴിവ്‌ പറഞ്ഞ്‌ കൈകഴുകിയിരിക്കുന്നു എന്നും അവർ അഭിപ്രായപ്പെട്ടു. പഞ്ചായത്തിൽ ‌പ്രസ്തുത രേഖകളില്ല, ‌മറ്റ് ‌വകുപ്പുകളുടെ(ജിയോളജി, പൊലൂഷൻ) സമ്മതമാണ് പ്രധാനം എന്ന മട്ടിലുള്ള മറുപടികളാണത്രേ ലഭിച്ചത്. മലയിടിച്ചിലിനെ തുടർന്ന് ‌മൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. അനങ്ങൻ മലവാസികളായ കുരങ്ങുകളിപ്പോൾ ‌ജനവാസയിടങ്ങളിലേയ്ക്കിറങ്ങി ശല്ല്യമായി മാറിയിരിക്കുകയാണ്. കാട്ടുനായ്ക്കളും വിഷപ്പാമ്പുകളും മലയിറങ്ങി തുടങ്ങിയിരിക്കുന്നു. മണ്ണിടിച്ചിലും വെള്ളംകയറലുമെല്ലാം പലയിടത്തും ‌വിനാശമുണ്ടാക്കുന്നു. ഇതൊക്കെയാണ് പ്രതിഷേധ സമരക്കാരുടെ പരാതികൾ.
 വിവരാവകാശ പ്രകാരമുള്ള മറുപടിൽ നിന്ന് ‌പകർത്തിയ ചിലത്. 
മൊബൈൽ ക്യാമറയായിരുന്നതിനാൽ ചിത്രങ്ങൾ വ്യക്തമല്ല.
 രേഖകൾ എന്തു വേണമെങ്കിലും പറയട്ടെ, അവിടെ നടക്കുന്നതെന്താണെന്നറിയാൻ താൽപ്പര്യമുണർന്നു. അങ്ങനെയാണ് അതുവരെ കാണാത്ത മലയിടുക്കിലേയ്ക്ക് ‌ചെന്നെത്തിയത്. അവിടെ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു എന്ന് തന്നെ വേണം പറയാൻ.
അഞ്ചാൾ പൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ചല്ലിക്കുന്നുകൾ
നിരവധി യന്ത്രങ്ങളുടെ സഹായത്താലുള്ള പാറമടയിടിക്കൽ
പ്രകൃതിസുന്ദരമായ അനങ്ങൻ മലനിരകളുടെ മറുവശക്കാഴ്ച
യന്ത്രങ്ങളും വാഹങ്ങളും കടന്നു വരുന്നതിനായി ഒരുക്കിയിരിക്കുന്ന പാത.
അനങ്ങൻ മലയിലെ പാറമടയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും,  അതോടൊപ്പം ഈ വിഷയത്തിൽ  ബന്ധപ്പെട്ട ‌വകുപ്പുകളും, അധികൃതരും അടിയന്തിരമായ ശ്രദ്ധ ചെലുത്തട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. 

- ദേവദാസ് വി.എംMonday, September 22, 2014

സ്വയം തീറ്റയാകുന്ന മണ്ടൻ പുലിയുടെ കഥ

പരുന്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താനായി പ്രാവിന്റെ തൂക്കത്തോളം മാസം സ്വന്തം തുടയിൽ നിന്ന് അറുത്ത് നൽകിയ ശിബി ചക്രവർത്തിയുടെ സോദ്ദേശ ഗുണപാഠ കഥ കേൾക്കുന്നതിനൊക്കെ വളരെ മുമ്പ് ഞാൻ കേട്ട മറ്റൊരു കഥ സ്വന്തം ഇറച്ചി തിന്നുന്നൊരുങ്ങിയ മണ്ടച്ചാരായൊരു പുലിയുടേതായിരുന്നു.  ഒരു പക്ഷെ എനിക്കോർത്തെടുക്കാൻ പറ്റുന്ന, ഞാനാദ്യം കേട്ട കഥ അതായിരിക്കണം. ആ കഥ പറയുന്നത് മറ്റാരുമല്ല, എന്റെ അച്ഛാച്ചനായിരുന്നു. മെലിഞ്ഞു നീണ്ട ശരീരവും, കാൽ മുട്ടോളമെത്തുന്ന കൈകളും, പ്രായമായിട്ടും ഉപേക്ഷിക്കാത്ത പുകവലിയുടെ ആയാസത്താലുള്ള കിതപ്പും, കഫം കുറുകുന്ന ശബ്ദവുമായിരുന്നു ആ കഥയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ. കഥ പറയുന്നതിനനുസരിച്ച് ശബ്ദം പല ആവൃത്തികളിൽ കയറിമറിയും, കൈകൾ വിടർന്നു കാഴ്ചയുടെ ക്യാൻവാസൊരുക്കും. ആംഗ്യചലനവിക്ഷേപങ്ങളോടെ കഥ പറയുന്നവർക്ക് നീളമുള്ള കൈകൾ അനുഗ്രഹമാണ്. ശരീരഭാഷയിൽ അത് വിവരണത്തിനുള്ള സാധ്യത പതിന്മടങ്ങാക്കുന്നു. അത്ഭുതം കൂറുന്നൊരു ശബ്ദത്തോടെ അവർ ഇരു കൈകളും നീട്ടി വിടർത്തുമ്പോൾ കാഴ്ച പൊടുന്നനെ പതിനാറിൽ നിന്ന് എഴുപത് എം.എം തിരശ്ശീലയിലേയ്ക്ക് ദൃഷ്ടികേന്ദ്രമുറപ്പിക്കുന്നു.  ആ തിരശ്ശീലയിൽ  കഥ പറച്ചിലുകാരനായ എന്റെ അച്ഛാച്ചൻ ഒരു കാടിന്റെ ദൃശ്യമൊരുക്കുന്നു. അവിടെ സുത്രശാലിയായൊരു കുറുക്കനും മണ്ടച്ചാരാമൊരു പുലിയും പാർക്കുന്നു. കോഴിയെ മോഷ്ടിക്കാൻ വേണ്ടി കാടിറങ്ങി നാട്ടിലെത്തുന്ന ഒരു കുറുക്കനെ കാണുന്നില്ലേ? രാത്രിയിൽ ആ കുറുക്കൻ പാത്തു പതുങ്ങിച്ചെന്നെത്തുന്ന വീട്ടിലെ കാലിയായ കൂട്ടിലെ കോഴികളെല്ലാം വിരുന്നുകാർക്കുള്ള വിഭവമായി അടുക്കളയിലെ കറിച്ചട്ടിയിലിരിക്കുന്നതിന്റെ മണമടിക്കുന്നില്ലേ? ഗത്യന്തരമില്ലാതെ കുറുക്കൻ കോഴിക്കറിയുള്ള ചട്ടിയുമെടുത്ത് കാട്ടിലേയ്ക്ക് മണ്ടുന്ന കാഴ്ചയിൽ ചിരി പൊട്ടുന്നില്ലേ? പറച്ചിലിനനുസൃതമായി വിടർന്നു വിന്യസിക്കുന്ന കൈകകളെ ഇടയ്ക്കെല്ലാം മടക്കി വിളിച്ച് മുഴുവനും നരച്ച മുടിയിൽ വിരൽ കോതിക്കൊണ്ടും, ഇടമുറിയാതെ വിവരണം നടത്തുന്നതിന്റെ ആയാസത്താൽ കിതച്ചും, ഇടയ്ക്ക് ചുമച്ചും, ഇടവേളകളില്ലാതെ കഥയങ്ങനെ തുടരുകയാണ്. ആരുടേയും കണ്ണിൽ പെടാതെ തഞ്ചത്തിലൊരു പാറപ്പുറത്തിരുന്ന് ചട്ടിയിൽ നിന്ന് ഇറച്ചി തിന്നവേ, തന്റെയരികിലെത്തുന്നൊരു മണ്ടൻ പുലി തീറ്റയുടേ പാതി ചോദിച്ചപ്പോൾ “അയ്യോ! ഇത് തരാൻ നിവൃത്തിയില്ലല്ലോ. വിശന്നു വലഞ്ഞ് ഗത്യന്ത്യരമില്ലാതെ ഞാൻ എന്റെ ചന്തി നുള്ളി തിന്നുകയാണ്. വേണമെങ്കിൽ ഒരു കഷ്ണം മാത്രം തരാം” എന്ന് സൂത്രശാലിയായ കുറുക്കൻ പറയുന്നിടത്ത് കഥ പറച്ചിലുകാരൻ ഇരിക്കുന്നത് കറിച്ചട്ടിയുടെ പുറത്താണോയെന്ന് സംശയം തോന്നാം. കുറുക്കന്റെ ഉപദേശം കേട്ടതു പ്രകാരം  മുളകും മസാലയുമരച്ച് ചന്തിയിൽ പുരട്ടി നട്ടുച്ച വെയിലത്ത് പൊള്ളുന്ന പാറപ്പുറത്തിരുന്ന്  വേവുന്ന, സ്വന്തം ശരീരത്തിലെ മാസം നുള്ളിത്തിന്നുന്ന, ആ കൊതിയനും മണ്ടനുമായ പുലിയുടെ കഥ തീരുന്നത് ഒരുവിധ ഗുണപാഠങ്ങളുമില്ലാതെയായിരുന്നു. എത്ര ആവർത്തിച്ചാലും ആ കഥയുടെ അവസാനം “പുലിയച്ചൻ ഇങ്ങനെയിങ്ങനെ നുള്ളിത്തിന്നു...” എന്നൊരു വാചകവും, അധികച്ചേർപ്പായൊരു ചുമലു കുലുക്കിച്ചിരിയുമല്ലാതെ മറ്റൊന്നും ബാക്കിയാകില്ല.  അത്രയ്ക്ക് കണിശം!


ഡാനിയേൽ വല്ലേസിന്റെ നോവൽ ആധാരമാക്കി ടിം ബർട്ടൻ  ഒരുക്കിയ "ബിഗ് ഫിഷ്" എന്ന സിനിമ കാണാനൊത്തത് അതിറങ്ങി മൂന്ന് വർഷങ്ങൾക്കു ശേഷമാണ്. അപ്പോഴേയ്ക്കും എന്റെ  അച്ഛാച്ചൻ മരിച്ച് ആദ്യത്തെ ആണ്ട് കഴിഞ്ഞിരുന്നു.  സ്വന്തം ജീവിതാനുഭവങ്ങളെ അവിശ്വസനീയമായ രീതിയിൽ കെട്ടുകഥയുടെ മട്ടിൽ അവതരിപ്പിക്കുന്ന അച്ഛനോട് വിദ്വേഷം കൊണ്ട് നടക്കുന്ന ഒരു മകന്റെ തിരിഞ്ഞു നടത്തവും, പതിയെയുള്ള പൊരുത്തപ്പെടലുകളുമായിരുന്നു ബിഗ് ഫിഷിന്റെ ഇതിവൃത്തം.  അച്ഛൻ പറയുന്ന ജീവിത കഥയിൽ അസത്യത്തോളം കൗതുകങ്ങളായ അകസ്മിതകൾ നിറയുന്നു. മോതിരം ചൂണ്ടക്കുരുക്കാക്കി ഒരു വമ്പൻ മീനിനെ പിടിക്കുന്നത്, മന്ത്രവാദിനിയിൽ നിന്ന് ഭാവി അറിയുന്നത്, അമിതമായ ശരീര വളർച്ച നിമിത്തം നാടു വിടുന്നത്, പന്ത്രട് അടി ഉയരമുള്ള  രാക്ഷസ മനുഷ്യനുമായി ചങ്ങാത്തം കൂടുന്നത്, ചെന്നായ് മനുഷ്യനെ കാണുന്നത്,  സൈനികനായി പാരച്ചൂട്ടിൽ ശത്രുക്കളുടെ ഇടയിലിറങ്ങുന്നത്, കൊറിയൻ യുദ്ധകാലത്ത് സമയത്ത് സയാമീസ് ഇരട്ടകളെ പരിചയപ്പെടുന്നത്,  കൂട്ടാളിയുമായി ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയൊരുക്കുന്നത്, തീവ്രമായ പ്രണയത്തിലകപ്പെടുന്നത്… എല്ലാമെല്ലാം അയാൾ മകനോട് പറയുന്നത് കെട്ടുകഥയുടെ മട്ടിലായിരുന്നു. സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന മകൻ ഭാവനാ സമ്പന്നനായ അച്ഛനുമായി അകൽച്ചയിലാകുന്നു. ആ സിനിമ കാണുന്നേരം എന്നെ അലട്ടിയിരുന്ന പ്രശ്നം മകന്റെ പിണക്കത്തിന്  ശരിയായ കാരണമെന്തെന്നതായിരുന്നു. സ്വന്തം ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായവയെ കെട്ടുകഥയുടെ നിറത്തിളക്കത്തോടെ, അതിനിണങ്ങുന്ന ശരീര ഭാഷയോടെ  വിവരിച്ചു തന്നിരുന്ന അച്ഛാച്ചനെ ഞാൻ വെറുക്കുന്നില്ലല്ലോ എന്നതായിരുന്നു പ്രധാന പ്രശ്നഹേതു.
(c) http://thekingofisabelleavenue.wordpress.com

ചില സ്കൂൾ അവധി ദിവസങ്ങളിൽ  അടുക്കളയിലെ സ്ഥിരം പങ്കുപേക്ഷിച്ച്  കാലത്തു ഞങ്ങൾ ചെന്നെത്താറുള്ള ചായക്കടയുടെ നടത്തിപ്പുകാരൻ നരച്ച കൊമ്പൻ മീശയുള്ള രാഘവനായിരുന്നു. ആവി പറക്കുന്ന പുട്ടിന് മുകളിൽ ഞാൻ ചൂടു ചായ  ഒഴിച്ചു കുതിർത്ത്  ആറാൻ വയ്ക്കുന്ന നേരത്ത്  എനിക്കു മാത്രം കേൽക്കാവുന്ന വിധം പതിഞ്ഞ ഒച്ചയിൽ പതിവായി പറയുന്നതാകട്ടെ, തന്റെ തരാതര പ്രായക്കാരനും  ചെറുപ്പകാലത്തൊരു റൗഡിയുമായ രാഘവനെ ഇടംകൈയ്യനായ അച്ഛാച്ചൻ ഒറ്റയടിയ്ക്ക് നിലം പരിശാക്കിയതിന്റെ വിവരണമായിരുന്നു. അതോടെ മര്യാദക്കാരനായി നാട്ടിൽ ഒതുങ്ങിക്കൂടിയ രാഘവനാണ് ഇപ്പോൾ ഒരു മൂലയിൽ നിന്ന് ചായയടിക്കുന്നത്, ഗ്ലാസ്സ് കഴുകുന്നത്, അടുപ്പൂതുന്നത്. തന്നെ തല്ലി വീഴ്ത്തിയ ഒരാൾക്ക് കുടിക്കാനായി ചായ കൂട്ടുന്ന രാഘവന്റെ ചെയ്തികളുടെ അസംബന്ധതയെക്കുറിച്ച് ആറു വയസ്സുകാരൻ ആകുലപ്പെടുന്ന നേരമൊക്കെ മതിയായിരുന്നു ആവിയാറിയ പുട്ടിന് വയറ്റിലെത്താൻ.  ചായക്കടയിൽ നിന്ന് ഇറങ്ങിയുള്ള നടത്തം ചിലപ്പോൾ  ചെന്നെത്തറുള്ളത് ഈഞ്ചലോടി പാടത്ത് പകിടകളി നടക്കുന്നിടത്തായിരിക്കും. ഇടത് കൈപ്പത്തിയ്ക്കുള്ളിൽ പകിടയൊതുക്കി, അത് വലം ചുമലിൽ മുട്ടിച്ച ശേഷം ആഞ്ഞെറിയുന്നതിനിടയിൽ എന്നെയൊരു നോട്ടം നോക്കും. അതൊരു സൂചകമാണ്. "ഓങ്ങിയൊരു അടിയ്ക്ക് രാഘകൻ പകിട തിരിയുന്നത് പോലെ കറങ്ങി നിലത്തുരുണ്ട് വീണു"  എന്ന് ചായക്കടയിൽ വച്ചു നടത്തിയ വിവരണത്തിന്റെ ആലങ്കാരിക ദൃശ്യമാണ് ഇപ്പോൾ മുന്നിൽ കാണുന്നത്.  പകിടകൾ രാഘവനെപ്പോലെ തല കറങ്ങി താഴെ വീണ് അക്കം വെളിപ്പെടുത്തും, അടുത്ത കരുനീക്കത്തിന് ആക്കം കൂട്ടും.  അച്ഛാച്ചന്റെ ജീവിതകഥാ വിവരണങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. എന്തോ നിസ്സാര കുറ്റം ചെയ്തതിന്  കൈവെള്ള പൊട്ടി ചോര ചീറ്റുന്നതു വരെ നിർത്താതെ തല്ലിയ അദ്ധ്യാപികയുടെ തലയ്ക്കെറിഞ്ഞ് പ്രതികാരം തീർത്തതോടെ നാലാം തരത്തിൽ വച്ച് മുടങ്ങിയ പഠനം,   പന്തയം വച്ച് പുളിമരത്തിന്റെ  തുഞ്ചത്തെ കൊമ്പ് തൊടാനായി ഉയർന്നു പൊങ്ങിയ ഊഞ്ഞാലിൽ നിന്ന് താഴേയ്ക് നെഞ്ചു തല്ലി വീണത്, അന്നു മുതൽ വിടാതെ പിന്തുടരുന്ന വായുമുട്ടിന്റെ വലച്ചിൽ, നാടുവിട്ട് മദിരാശിയിലുള്ള  ബന്ധുവിന്റെ അടുത്തേയ്ക്കുള്ള ഒളിച്ചോട്ടം,  പണം കുറവുള്ള പണി മടുത്തപ്പോൾ അവിടെ നിന്ന് ബോംബേയിലേയ്ക്കുള്ള പലായനം, ചെരുപ്പില്ലാതെ നടന്നപ്പോൾ പോക്കറ്റടിക്കാരനെന്ന് സംശയിച്ച് മറാത്താ പോലീസ് പിടിച്ചു ചോദ്യം ചെയ്തത്, അമ്മ മരിച്ചത് ഉത്രാടം ദിവസമായതിനാൽ താനിന്നും ആഘോഷ ദിവസമായിരുന്നിട്ടും രാത്രി ഭക്ഷണമുപേക്ഷിക്കുന്നത്, വാവയെന്ന് വിളിപ്പേരുള്ള അസുഖക്കുട്ടിയായിരുന്ന മകൾ നാല് വയസ്സ് തികയുന്നതിന് മുന്നെ മരണമടങ്ങപ്പോൾ ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്ത് കഴുത്തിലണിഞ്ഞിരുന്ന മാല പൊട്ടിച്ചു പുഴയിലെറിഞ്ഞ് കർമ്മം ചെയ്തത്, നാലോണത്തിന് തൃശ്ശൂർ റൗണ്ടിലിറങ്ങുന്ന പുലിക്കളിയിൽ തന്റെ സംഘത്തിലുള്ളവരുടെ ഒരുക്കാനായി വാഴത്തോപ്പിൽ കൂടുന്നേരത്ത് കളിക്കാരുടെ മുലക്കണ്ണ് പുലിക്കണ്ണാകുന്ന പൊക്കിൾ ചുഴി കോമ്പല്ലുകളുള്ള പുലിവായാകുന്ന വിധത്തിൽ ചിത്രം വരയ്ക്കുന്നത്, പാടത്തിനങ്ങേയറ്റം കാണുന്ന മലയുടെ തുഞ്ചത്തെ വെള്ളപ്പാറയും കടന്ന് കാടലയുന്ന മാക്കുണ്ണി  എന്ന നായാട്ടുകാരൻ ചങ്ങാതി കൊണ്ട് വരുന്ന വെടിയിറച്ചി ചവച്ചരയ്ക്കുന്നതിന്റെ വർണ്ണനയിൽ വായിൽ നിറയുന്ന തുപ്പലാലുള്ള കപ്പലോട്ടം... പത്തു പതിമൂന്ന് വയസ്സാകുന്നത് വരെ അങ്ങനെയുള്ള കഥക്കൂട്ടുകളും വിവരണങ്ങളും മതിയായിരുന്നു എനിക്ക് തൃപ്തിയടയാൻ. വിവരണം നടത്തുന്ന നേരത്ത് വായുവിൽ നടത്തുന്ന കരചലനങ്ങളാൽ പൊട്ടിയ മാലയോ, എറിയുന്ന കല്ലോ വീഴുന്നത്  എന്റെ മുഖത്തായിരുന്നു. മറാത്താ പോലീസ് കോളറിന് കുത്തിപ്പിടിക്കുന്നതെന്റെ ബട്ടൻസു പൊട്ടിയ ഷർട്ടിലായിരിക്കും. പകിട തിരിയുന്നതു പോലെ എനിക്കു തല കറങ്ങും. പുളിമരക്കൊമ്പിലെ ഊഞ്ഞാലിന്റെ കുട്ടിപ്പൊക്കത്തിൽ ഞാൻ തുഞ്ചം കുത്തിപ്പായും, എന്റെ വയറിന്മേൽ അദൃശ്യനായൊരു വരയൻ പുലിയുടെ മുഖം പതിയും. വേട്ടയിറച്ചി ചവച്ച് എന്റെ കവിൾ പേശികൾ തളരും. 

ഞാൻ കൗമാരത്തിലേയ്ക്ക് കടന്നതോടെ അച്ഛാച്ചന്റെ കഥകളും പരിണാമ വിധേയമായി.  പറച്ചിലിടങ്ങളിൽ കൂടുതൽ രാഷ്ട്രീയം നിറഞ്ഞു.   ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോൺഗ്രസ്സിന്റെ പിളർപ്പിൽ കൂടെയുള്ളവർ മറുകണ്ടം ചാടിയിട്ടും താൻ അടിയുറച്ച് നിന്നതിന്റെ  സ്ഥൈര്യ വിവരണം. അടിയന്തിരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട സംഘടനയിൽ പെട്ട ശങ്കുണ്ണിയെന്ന ചങ്ങാതിയെ തന്റെ അയൽപക്കക്കാരനായ പോലീസുകാരന്റെ  വീട്ടിൽ  പതിനാല് ദിവസത്തോളം ഒളിച്ചു പാർപ്പിക്കാൻ ഒത്താശ ചെയ്തത കാര്യം  വിവരിക്കുന്നേരത്ത്  ആ വീടിന്റെ മച്ചിൻ പുറത്ത് ഭയപ്പാടോടെ ശങ്കുണ്ണി കൂനിക്കൂടിയിരുന്നത് പോലെ അച്ഛാച്ചന്റെ ശരീരവും വളയുമായിരുന്നു.  വൈകുന്നേരമായാൽ വടക്കനച്ചൻ സൈക്കിളെടുത്തിറങ്ങവേ വഴിയരികിലും കനാലിന്റെ വക്കത്തുമെല്ലാം കൂട്ടംകൂടി ബഹളം വയ്ക്കുന്ന സത്യക്രിസ്ത്യാനികളെ പേടിപ്പിച്ചോടിയ്ക്കാനായി ക്യാരിയറിൽ കൊണ്ട് നടക്കാറുള്ള ചൂരൽ വടിയുടെ നീളവും വണ്ണവും വിവരിക്കാൻ തന്നെ നേരം കുറേയെടുക്കും. കൈപ്പിടിയിൽ ഇല്ലാത്തൊരു ചൂരൽ വായുവിൽ പുളഞ്ഞ് ശബ്ദമുണ്ടാക്കും.  അവിണിശേരിക്കാരനും അയൽവാസിയുമായ കൃഷ്ണനെഴുത്തച്ഛൻ നയിച്ച ജാഥയിൽ ബലനായിരിക്കേ പങ്കെടുത്തതിന്റെ ഓർമ്മയിൽ കണ്ണൂകൾ നനയും. കുറൂർ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയെ  ജവഹർലാൽ നെഹ്രുവിനെ കാണാൻ ചെന്ന കഥ ഓരോ തവണ ആവർത്തിക്കുമ്പോഴും "ഇത്രയടുത്ത്...ഇത്രയടുത്ത് വച്ചു കണ്ടു" എന്ന് ദൂരം കുറഞ്ഞു കുറഞ്ഞില്ലാതാകും. കൈ നീട്ടിയാൽ തൊടാമെന്ന് പ്രതിപദമപി തോന്നുമാറ് മന്ദം നടന്ന് നെഹ്രു നളചരിതത്തിലെ ഹംസത്തെപ്പോലെ തെന്നി മാറും. തേക്കിൻകാട്ടിലെ അന്നത്തെ പ്രസംഗം കാതിൽ മുഴങ്ങും. കണ്ണു ഡോക്ടറെ തേടി തൃശ്ശൂരിലെത്തിയ കരുണാകരന്റെ  രാഷ്ട്രീയക്കാഴ്ചയാൽ സംഘടനയുടെ വളർച്ച മേൽഗതി പ്രാപിച്ചതിന്റെ ചരിത്രം ചുരുളഴിയും. അഴീക്കോടൻ രാഘവനെ കുത്തിയവർ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലേയ്ക്ക് ഓടിക്കയറി അതിന്റെ അടുക്കള വാതിൽ വഴി രക്ഷപ്പെടുന്നത് വിവരിക്കുന്നേരത്ത് അമ്പരന്ന് നിൽക്കുന്ന ചെട്ടിയങ്ങാടിയുടെ ദൃശ്യം തെളിയും. എന്റെ രാഷ്ട്രീയം  മാറിയതോടെ, അച്ഛാച്ചന്റെ അഭിപ്രായങ്ങൾക്ക് മറുവാദം പറയാൻ തുടങ്ങിയതോടെ, അത്തരം ആവർത്തന വിവരണങ്ങളും പതിയേ ഇല്ലാതായി. ബിഗ് ഫിഷ് എന്ന സിനിമയിലെ ഭാവനാ സമ്പന്നനായ അച്ഛന്റെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുത്തവരെ കാണുന്നതോടെ മകൻ തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്. അച്ഛൻ പറഞ്ഞ കഥകളെല്ലാം തന്നെ നുണകളായിരുന്നില്ല; പൂർണ്ണമായ അർത്ഥത്തിൽ അവയൊന്നും സത്യവുമായിരുന്നില്ല. പന്ത്രണ്ട് അടി ഉയരമുള്ള രാക്ഷസനൊന്നുമല്ലെങ്കിലും, ഏഴടിയ്ക്ക് മുകളിൽ ഉയരമുള്ള ചങ്ങാതി ഉണ്ടായിരുന്നു. സയാമീസ് ഇരട്ടകളെന്ന് പറഞ്ഞവർ സമരൂപ ഇരട്ടകളായിരുന്നു. ഉയരം കുറഞ്ഞു തടിച്ചൊരു നീളൻമുടിക്കാരനെയാണ്  ചെന്നായ് മനുഷ്യനാക്കി അവതരിപ്പിച്ചത്. മോതിരക്കുരുക്കിൽ കുടുങ്ങിയതൊരു സാധാരണ മത്സ്യം മാത്രമായിരുന്നു. 

എഴുത്തിനെ ഗൗരവമുള്ള പ്രവർത്തിയായി കാണാൻ തുടങ്ങിയതു മുതൽ അച്ഛാച്ചന്റെ പൊടിപ്പും തൊങ്ങലും നിറഞ്ഞ ജീവിതകഥകൾ, കേൾവിക്കാരെ ഭ്രമിപ്പിച്ച് പിടിച്ചിരുത്തുന്ന വിധമുള്ള അതിന്റെ വിവരണങ്ങൾ ബോധത്തിലും അബോധത്തിലും  നിറയുന്ന നിരീക്ഷണ സാധ്യതയായി മാറുകയായിരുന്നു. ഫിക്ഷനെഴുത്തുകാർ പഴങ്കഥയിലെ സൂത്രശാലിയായ കുറുക്കനാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അവർ അന്യരുടെ അടുക്കളയിൽ നിന്ന് മസാല ചേർന്നു വെന്ത ഇറച്ചി നിറച്ച ചട്ടിയുമായി കാട് കയറുന്നു.  അപരന്റെ അനുഭവങ്ങൾ ഇറച്ചിപ്പരുവത്തിൽ നുറുക്കിയതിന്റെ കൂടെ താന്താങ്ങളുടെ ഭാവനയാകുന്ന മസാലയും ചേർത്തൊരുക്കുന്ന വിഭവം നിറഞ്ഞ കറിച്ചട്ടിയ്ക്കു മുകളിൽ അടയിരിക്കുന്നു. കൊതികൊണ്ട്  പങ്ക് ചോദിക്കുന്നവർക്കെല്ലാം അത് തന്റെ തന്നെ ഇറച്ചി പകുത്ത് നൽകുകയാണെന്ന ഭാവേന  ഓരോ കഷ്ണം മാത്രം നൽകി മിതവ്യയം പാലിക്കുന്നു.  വാങ്ങുന്നവരതു കഴിച്ച് കുറുക്കന്റെ ഇറച്ചി തന്നെയെന്നും, അതീവ സ്വാദിഷ്ഠമെന്നും തലയിളക്കി സമ്മതിച്ച് കടന്നു പോകുന്നു.  എന്നാൽ സ്വന്തം അനുഭവത്തെ തനിക്കിഷ്ടമുള്ള രുചിക്കൂട്ടു ചേർത്ത് വേവിച്ചുകൊണ്ട് ഉറ്റവർക്കു മുന്നിൽ മാത്രം വിളമ്പുന്നവരോ? അവർ കഥയിലെ മണ്ടച്ചാരായ പുലിയാകുന്നു. ശരിരത്തിൽ മുളകും മസാലയുമരച്ച്  പുരട്ടി ചുട്ടു പൊള്ളുന്ന  പാറപ്പുറത്തിരുന്ന് സ്വയം തീറ്റയാകുന്ന വിധത്തിൽ കഥകളും വിവരണങ്ങളും ഉണ്ടാകുന്നത് അപ്രകാരമാണ്. മരണത്തിന് ആറുമാസം മുന്നെ ആശുപത്രി കിടക്കയിൽ വേദനകൊണ്ട് വില്ല് പോലെ വളയുന്ന അച്ഛാച്ചന്റെ രൂപം ഓർമ്മയിലുണ്ട്. ബയോപ്സി ചെയ്യാനായി അടിവയറിൽ തുളയിട്ട് ആന്തരാവയവത്തിൽ നിന്നൊരു ചെറിയ കഷ്ണം ചുരണ്ടിയെടുത്തത്തിനെ തുടർന്നുള്ള വേദനയാൽ പുളയുന്നതിനെപ്പറ്റിയും പിന്നീട് വിവരണം കേൾക്കേണ്ടി വന്നു.   അതെല്ലാം നേരിട്ടു കണ്ട, ആശുപത്രിയിലെ കൂട്ടിരിപ്പുകാരനായ ഞാൻ തന്നെ അവയ്ക്ക് കേൾവിക്കാരനാകേണ്ടി വന്നു.  പലപ്പോഴും എന്റെ ഓർമ്മകളെപ്പോലും റദ്ദ് ചെയ്യുന്ന വിധത്തിൽ അച്ഛാച്ചന്റെ വർണ്ണനകളും വിവരണങ്ങളും ആ ദൃശ്യങ്ങൾക്കു മേൽ ഉപശീർഷകങ്ങളായി മാറുകയായിരുന്നു. അല്ലെങ്കിൽ തന്നെ  അവനവന്റെ ഇറച്ചി വെന്തു തിന്നുന്നതിതിന്റെ വിവരണ സാധ്യതകൾ, ആ രുചിക്കൂട്ടിനെ തോൽപ്പിക്കാൻ കഴിയുന്ന മറ്റെന്തുണ്ട്?

* മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയ ഓർമ്മക്കുറിപ്പ്.

Sunday, August 24, 2014

സാമൂഹ്യസംഘർഷങ്ങളുടെ മുന്നറിയിപ്പ്

(ചിത്രത്തിന് കടപ്പാട്: www.nowrunning.com)

വ്യക്തിയും  സമൂഹവും അഥവാ പൗരനും ഭരണകൂടവും തമ്മിലുള്ള ആന്തരിക സംഘർഷത്തിന്റെ കഥയാണ് മുന്നറിയിപ്പിനും പറയാനുള്ളത്. എന്നാലത് അവതരിപ്പിക്കുന്നതാകട്ടെ പതിവ് മട്ടിലല്ല താനും. സ്വാതന്ത്യം, തടവ്, കൊലപാതകം തുടങ്ങി നിയമസംബന്ധിയായ പല വാക്കുകൾക്കും സമൂഹമോ, ഭരണകൂടമോ നിശ്ചയിച്ച നിർവ്വചനത്തെ വകവയ്ക്കാതെ തന്റേതായ വ്യാഖ്യാനങ്ങളും സംഹിതകളും ചമച്ച് ‌തടവറയ്ക്കുള്ളിലെ അവനവനിടത്തിൽ സ്വാസ്ഥ്യം കണ്ടെത്തുന്ന രാഘവനെ ആൾക്കൂട്ടത്തിന് മുന്നിൽ വെളിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നത്. നിസ്സാരനും നിഷ്ക്കളങ്കനുമെന്ന പുറം ഭാവത്തിലുപരിയായി വഴിമുടക്കികളെ ഉന്മൂലനം ചെയ്യാവുനൊരുങ്ങുന്ന ഹിംസാത്മമായൊരു ഉള്ളകം അയാൾ പേറുന്നുണ്ട്. ആ ദ്വന്ദഭാവത്തെ അനാവരണം ചെയ്യാൻ സമൂഹവും, താനതിന് നിന്ന് കൊടുക്കുകയിലെന്ന മട്ടിൽ രാഘവനും ഉടക്കിലാകുന്നു. പ്രശ്നസംബന്ധിയായ കുരുക്കഴിക്കാൻ ശ്രമിക്കുന്നവൾ ഒരേ സമയം ഇടനിലക്കാരിയും ഇരയുമാകുന്നു. ഇടയ്ക്ക് ചിലയിടത്ത് നിഴലിച്ചു കാണുന്ന ചില നാട്യഭാവങ്ങളൊഴിവാക്കിയാൽ ഒരു നല്ല സിനിമയ്ക്കുള്ള ശ്രമം, തിരക്കഥയിലും സംവിധാനത്തിലും ദൃശ്യശബ്ദവിന്യാസങ്ങളിലുമുള്ള കൈയ്യടക്കം, ആദ്യാവസാനം മുറുകി നിൽക്കുന്ന ഉദ്വേഗഭരിതമായ ‌സംഘർഷം, ചെറുതോ വലുതോ ആയി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാരും തന്നെ അഭിനയത്തിൽ മോശമായിട്ടില്ലെന്ന ഗുണം അങ്ങനെയങ്ങനെ ഒരു മികച്ച സിനിമയുടെ എല്ലാ വിധ ലക്ഷണങ്ങളും പ്രകടമാക്കുമ്പോഴും ഒരു വേതാള പ്രശ്നം ബാക്കിയാകുന്നു. ഏതിനും സ്വന്തമായി നിർവ്വചനങ്ങളും ദർശനങ്ങളും ന്യായങ്ങളും നിയമസംഹിതകളുമുള്ള രാഘവന് വഴിമുടക്കികളായവർ, അയാളുടെ ഇരകളാകുന്നവർ എന്തുകൊണ്ട് സ്ത്രീകളാകുന്നു? സ്ത്രീകൾ മാത്രമാകുന്നു? അതുവരെ അവതരിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയ ശ്രമമെല്ലാം അവിടെ വച്ച് പാടേ തകിടം മറയുന്നു. പിന്നങ്ങോട്ട് പുറകിലേയ്ക്ക് ചിന്തിക്കുമ്പോൾ വർഗ്ഗപരമായി താഴേത്തട്ടുകാരായ ആക്രമികൾ സമൂഹത്തിന് വിപത്താണെന്നും, തടവറയ്ക്കൊരിക്കലും മാനസാന്തര സാധ്യതകളില്ലെന്നും, സ്റ്റേറ്റിന്റെ നിയമങ്ങൾ തന്നെയാണ് ശരിയെന്നും, ഇവനൊന്നും ജന്മത്തേയ്ക്ക് സാമൂഹ്യജീവിയാകാൻ സാധ്യമല്ലെന്നുമൊക്കെയുള്ളൊരു ആൾക്കൂട്ട മനശാസ്ത്രത്തിന്റെ ആകുലത പേറുന്ന അദൃശ്യ മുന്നറിയിപ്പ് തിരശ്ശീലയിൽ തെളിയുന്നു. അതുവരെ കണ്ട കാഴ്ചകളിന്മേൽ അത് മങ്ങലേൽപ്പിക്കുന്നു. എന്നാൽ സമൂഹം തങ്ങളുടെ ചെയ്തികളുടെ പഴി മൊത്തത്തിലായി ആൾക്കൂട്ടത്തിൽ തനിയെയുള്ളൊരുവന് മേൽ ചാർത്തിക്കൊടുത്ത്, അവനെ തടവറയിലടച്ച്, സ്വയം ശുദ്ധീകരിച്ച് സുരക്ഷിതമാക്കുന്ന വിധമൊരു ന്യായീകരണത്തിന് തയ്യാറെടുക്കുന്നതാണോ എന്ന സന്ദേഹവും സിനിമ അവശേഷിപ്പിക്കുന്നു. അതിനാൽ തന്നെ തീർച്ചയായും കാണേണ്ട, ചർച്ച ചെയ്യപ്പെടേണ്ട, ധനാത്മക ശ്രമങ്ങളെ അനുമോദിക്കേണ്ട, രാഷ്ട്രീയമായി വിമർശിക്കപ്പെടേണ്ടൊരു സിനിമയാകുന്നു മുന്നറിയിപ്പ്. 


Tuesday, August 19, 2014

ശലഭജീവിതം(കഥകൾ) - ഓൺലൈനിൽ വാങ്ങുന്നതിന്

Tuesday, August 12, 2014

ശലഭജീവിതം - കഥാസമാഹാരം 


ശലഭജീവിതം - രണ്ടാമത്തെ കഥാസമാഹാരം ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ കവർ ചിത്രം പങ്ക് വയ്ക്കുന്നു. ഉടൻ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം. 
സസ്നേഹം...

Monday, August 11, 2014

മുൾച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറുണ്ട്.

പതിവ് മട്ടിലൊരു ഞായറാഴ്ച അടച്ചിരിപ്പിനു ശേഷം മടുപ്പൻ തിങ്കളാഴ്ച ഉമ്മറ വാതിൽ തുറക്കുന്നേരത്ത് കണ്ട പുഞ്ചിരി, ഇന്നത്തെ സന്തോഷം ഇതാകുന്നു. ആ പൂവിട്ടിരിക്കുന്ന നാണം കുണുങ്ങിയുടെ കാര്യം കൗതുകകരമാണ്. ECR റോഡിലെ ഒരു നഴ്സ്റിയിൽ നിന്ന് തൊട്ടു താഴെ കാണുന്ന നക്ഷത്ര കള്ളിമുൾച്ചെടി വാങ്ങിക്കൊണ്ട് വച്ച ശേഷം ‌രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതിന്റെ കടയ്ക്കൽ നിന്നതാ മറ്റൊരു ഇത്തിരിക്കുഞ്ഞത്തി മുളപൊട്ടി ഉയർന്നു വരുന്നു. ഏത് ചെടിയാണ്, പൂവിടുമോ എന്നൊക്കെയുള്ള സംശയങ്ങൾ ആരോടും നിവൃത്തിച്ചില്ല. രഹസ്യം കലർന്നൊരു കൗതുകം അങ്ങനെത്തന്നെ നിൽക്കട്ടേയെന്ന് കരുതി വെള്ളമൊഴിച്ചുകൊണ്ടേയിരുന്നു. ഒട്ടൊക്കെ വളർന്നിട്ടും ഇനിയിതൊരു കളച്ചെടി മാത്രമാണോ? ആണെങ്കിൽ തന്നെയെന്ത്, പുഷ്പിച്ചാൽ മാത്രമേ പൂർണ്ണമാകുകയുള്ളൂ? എന്നൊക്കെ ചിന്തിച്ചു നാളുകഴിക്കവേയാണ് തിങ്കളാഴ്ചയെ ഒരു നല്ല ദിവസമാക്കി അത് പൂവിട്ടത്. മുൾച്ചെടി വാങ്ങിയതിന്റെ കൂടെ വിത്തായി ഒളിച്ചു വന്നൊരു ചാരസുന്ദരി പൂവിട്ടതിന്റെ സന്തോഷത്തിലായിരിക്കണം കവി തലക്കെട്ടിലെ പ്രശസ്തമായ ആ വരികൾ മൂളിയത് :)

Monday, April 7, 2014

മറ്റൊരു ശ്ലോകത്തിന്റെ സാധ്യത

 സ്റ്റേറ്റ് എന്ന സംഹിതയുടെ അനുസരണയാണ് പൗരനിൽ ആരോപിക്കപ്പെടുന്ന സർവ്വോപരിയായ മഹനീയത.  കഥോപകഥകളാലും, ഉപദേശവ്യാഖ്യാനങ്ങളാലും, സൗന്ദര്യവർണ്ണനകളാലും, തന്ത്ര-മന്ത്ര-ബലങ്ങളാലും, യുദ്ധ വിവരണങ്ങളാലുമൊക്കെ സമ്പന്നമായ രാമായണം എന്ന ഇതിഹാസത്തിലെ ഏറ്റവും മികച്ച ശ്ലോകമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്  " രാമം ദശരഥം വിദ്ധി / മാം വിദ്ധി ജനകാത്മജാം / അയോദ്ധ്യാമടവീം വിദ്ധി / ഗച്ഛ തഥാ യഥാ സുഖം" എന്നതാണല്ലോ. ദശരഥനേക്കാൾ മോശമോ മേന്മയേറിയവനോ ആകട്ടേ  ‌രാമനെ പിതൃതുല്ല്യനായി, സ്വന്തം ഉടയോനായി, ഭരണകർത്താവായി തന്നെ കാണണം. വിവാഹം ‌കഴിച്ച് വന്നു കയറിയവളാണെങ്കിലും സീത മാതൃതുല്ല്യയായിരിക്കണം. അയോദ്ധ്യയായാലും കാടായാലും സുഖമാണെന്ന് കരുതി അവർക്ക് കൂട്ടു പോകണം. ലക്ഷ്മണവിധിയാണ് പൗരനും;  അയോദ്ധ്യ മുടിഞ്ഞ് കാടായാലും, ഉടയോൻ മാറിയാലും ഉടൽ ‌ദാനം ചെയ്ത് 'സുഖമാണെന്ന് കരുതി ജീവിക്കേണ്ടു'ന്ന അവസ്ഥ. വെറുതെയല്ല പ്രസ്തുത ശ്ലോകത്തെ മഹനീയമായി തിരഞ്ഞെടുത്തത്. ഇത്രയേറെ അടക്കമൊതുക്കം പൗരനെ അനുശാസിക്കുന്ന മറ്റെന്തുണ്ട് ഇതിഹാസത്തിൽ? ഇതല്ല; മറ്റൊരു ശ്ലോകത്തിന് സാധ്യതയെങ്കിലുമുണ്ട് എന്ന് തീരുമാനിക്കാനുള്ള അവസരമാണ് ഒരു വിരലമർത്തലാൽ ‌കരഗതമാകുന്നത്. വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കപ്പെടട്ടേ.

Monday, March 31, 2014

പ്രതികഥകൾ

സാഹിത്യത്തിൽ പ്രതികഥകൾ അപൂർവ്വമായുണ്ടാകുന്ന മലയാളത്തിൽ ‌പുതിയതായി വന്ന ഒന്നാണ് സോക്രട്ടീസ് കെ വാലത്തിന്റെ 'തള്ളത്താഴ്' (malayalamvaarika.com/2014/March/21/story.pdf). പ്രമോദ് രാമൻ, എം.മുകുന്ദൻ എന്നിവർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ തന്തത്താഴ്, അച്ഛൻ എന്നീ കഥകളിലെ പിതാവിനാൽ/പിതൃരൂപകങ്ങളാൽ ലൈംഗിക പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ കഥകൾക്കൊരു മറുപക്ഷം പറയുകയാണ് സോക്രട്ടീസ്. അധികാരത്തിനെതിരെയുള്ള ഒരുതരം നിരാസരൂപകമായി അഗമ്യഗമനത്തെ ഉപയോഗിക്കുമ്പോൾ അല്ലാതെ, വെറും പത്രവാർത്തകളെ ഉപജീവിക്കുന്ന മട്ടിലുള്ള ഇത്തരം കഥകളോട് (സൂചിതമായ 3 കഥകളോടും) വലിയ ആകർഷണം തോന്നിയിട്ടില്ല. പക്ഷേ ഇത്തരം പ്രതികഥാ ശ്രമങ്ങൾ കൗതുകകരമായ ആകർഷണമുണ്ടാക്കാറുണ്ട്. 

ചങ്ങമ്പുഴ(രമണൻ/കാവ്യം)-സരസ്വതിയമ്മ(രമണി/കഥ), മേതിൽ(ഉടൽ ഒരു ചൂഴ്നില)-സാറാജോസഫ്(ഉടൽ ചൂഴ്നിലയല്ല) എന്നിങ്ങനെ ശ്രദ്ധേയമായ ചിലതുകളുണ്ടായിട്ടുണ്ട്. പ്രതികഥയെന്നാൽ ഒരു കഥയ്ക്കൊരു മറുകഥ എന്ന് മാത്രമല്ല അർത്ഥമായുള്ളത്; മറുപ്രതികരണക്കഥകൾ അവയുടെ ഭാഗമായി വരാമെങ്കിലും. പ്രതികഥകൾ എന്നൊരു പരമ്പരയിൽ ഡി.സി ബുക്ക്സ് കുറെ കഥാസമാഹാരങ്ങൾ ഇറക്കിയെങ്കിലും അവയൊന്നും മുഴുവനായും സാങ്കേതികാർത്ഥത്തിൽ പ്രതികഥകൾ ആയിരുന്നു എന്ന് അഭിപ്രായമില്ല. സന്തോഷ് എച്ചിക്കാനത്തിന്റെ 'ശ്വാസം' എന്ന കഥയ്ക്ക് 'നിശ്വാസ്വം' എന്നൊരു പ്രതികഥാ ശ്രമം നടത്തിയത് ഇവിടെ കാണാം. devadasvm.blogspot.com/2012/06/blog-post.html .

 # What is anti-story?
A work of fiction in which the author breaks in some way the conventional rules of short story telling, usually with some feature (for example, a lack of plot or characters, unusual punctuation, odd subject or presentation, etc.) which strongly challenges the reader’s expectations. It is narrative of short-story length that makes no effort to follow a plot and ignores structural conventions, character motivations, and the like. It also arises in response to negative or cynical stories where again the intent is to undermine the original story.

Friday, March 28, 2014

അന്യരെ കണ്ട് അവരവരെ ഓർക്കുന്നവരേ...

പിരിയാമെന്നുറപ്പിച്ച ശേഷം
ഒരുമിച്ചൊടുവിലത്തെ ഉച്ചയൂണ് കഴിച്ച
അതേ ഭോജനശാലയിൽ
നാമിരുന്ന അതേ കസേരകളിലിരിക്കുന്ന
രണ്ട് പേരെ ഇന്ന് കണ്ടുമുട്ടി.

ആണും പെണ്ണും ഇരിക്കുന്ന
കസേരകൾ മാത്രം മാറിയിരിക്കുന്നു.
ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെയവർ
പരിതപിക്കുന്നു, കയർക്കുന്നു,
ചിണുങ്ങുന്നു, വിതുമ്പുന്നു
ചവയ്ക്കുന്നു, കുടിയ്ക്കുന്നു,
ചുണ്ടുകൾ തുടയ്ക്കുന്നു.

സങ്കടമോ സഹതാപമോ അല്ല;
ഇടയ്ക്കെല്ലാം അവരുടെ മുഖത്ത്
മിന്നിമറിയുന്ന ദൃഢനിശ്ചയം
കാണുന്ന മാത്രയിൽ
അതിക്രൂരമാം വിധത്തിൽ
പുച്ഛമാണ് തോന്നിയത്.

മറ്റൊരവസരത്തിൽ അവരിലൊരാളെങ്കിലും,
ചിലപ്പോൾ രണ്ട് പേർ തന്നെയും
ഒരു *രത്നാറുവാംഗിയൻ തിരശ്ശീലക്കാഴ്ചയിലെ
ബന്ധച്ഛിദ്ര മുഹൂർത്തം പോലെ
അന്യരെ കണ്ട്
അവരവരെ ഓർക്കുന്ന നിമിഷത്തിൽ മാത്രം
ഒരുപക്ഷെ അവരെയോർത്ത്
സങ്കടമോ സഹതാപമോ തോന്നിയേക്കാം.

തീർച്ചയായും നമ്മെയോർത്തും...

* തായ് സംവിധായകന്‍ പെനെക് രത്നാറുവാംഗ്

Thursday, March 27, 2014

തവോ താരകളിലെവിടെയോ പശുവിനെ കളയുന്ന പാപ്പി.

സെൻ ബുദ്ധിസത്തിലെ പത്ത് കാളച്ചിത്രങ്ങളെക്കുറിച്ച് അറിയുന്നത് സുഹൃത്ത് സുരേഷ് പീറ്ററുമായുള്ള പതിവ് പാതിരാ ചെവി തിന്നലുകൾക്കിടെയാണ്. പിന്നീടാണ് അതെക്കുറിച്ച് തപ്പിത്തിരഞ്ഞറിഞ്ഞത്.  ഒരു മനുഷ്യനും കാളയുമായുള്ള പിരിയലിന്റേയും കൂടിച്ചേരലിന്റേയും വൃത്തപൂർത്തീകരണമാണത്.  നഷ്ടമായ കാളയെ തിരയൽ, കുളമ്പടി കണ്ടെത്തൽ, നിരീക്ഷണ ശ്രമം, കെട്ടാനുള്ള ശ്രമം, മെരുക്കാനുള്ള ശ്രമം, പുറത്തുകയറി വീട്ടിലേക്കുള്ള സവാരി,  വീടെത്തിയാൽ കാളയെ മറക്കുന്ന അവസ്ഥ, കാളയും മനുഷ്യനും പരസ്പരം മറന്ന് ഒന്നാകുന്ന അവസ്ഥ,  ഉദാസീനത്വം, സമൂഹത്തിലേയ്ക്കുള്ള മടക്കം എന്നിങ്ങനെയുള്ള 10 അവസ്ഥകളെയാണ്  മഹായാനക്കാരന്റെ ബോധോദയത്തിലേക്കുള്ള ചുവടുകളെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്. ഈ സംഗതിയെല്ലാം സത്യൻ ‌അന്തിക്കാടും രഘുനാഥ് പലേരിയും അറിഞ്ഞോ, ഇല്ലയോ എന്നത് വേറെക്കാര്യം. പക്ഷേ 'പൊന്മുട്ടയിടുന്ന താറാവി'ൽസദാസമയം പശുവുമായി നടക്കുകയും, ഒരത്യാഹിതത്തിനിടെ പശുവിനെ കളയുകയും, ശേഷം പശുവിനെ തിരഞ്ഞ് അതിന്റെ തന്നെ വിസർജ്യമായ ചാണകക്കുഴിയിൽ വീഴുകയും, പശുവിനെ കാണാതെ അലയുകയും, ഒടുക്കം പശു നഷ്ടമായെന്നുറപ്പിച്ച് ചായക്കടയിലെ അരിയാട്ടുകാരനാകുകയും ചെയ്യുന്ന, സ്വയം  'പശുവിനെ കളഞ്ഞ പാപ്പി'  എന്ന് സംബോധന ചെയ്യുന്ന ആ മനുഷ്യൻ ഏത് താവോ താരയിലെ ഗുരുവാണെന്നതാണ് അവശേഷിക്കുന്ന സംശയം.

Ref:http://mokurai.destinyslobster.com/ten_bulls.html
Wednesday, February 26, 2014

ചന്ദ്രൻ ചകോരി ചായ

നിലാവായിരുന്നു മിക്ക വിരഹകാവ്യങ്ങളുടെ മാധ്യമവും സന്ദേശവുമെങ്കിൽ വാഗയിലെ പട്ടാളക്കുശിനിക്കാരന്റെ കൈപ്പുണ്യമാർന്ന മാട്ടിറച്ചിയിലെ കുരുമുളകെരിവിന്റെ തരിപ്പ്‌ കയറി സ്വപ്നത്തിൽ ചുമയ്ക്കുന്ന വാഗമൺകാരിയുടെ വിനിമയമാധ്യമം ഊറയൊലിക്കുന്ന ഉമിനീരാകുന്നു. തലയിണയിലത്‌ പടർന്നു നനയുന്നേരം സ്വന്തം ചുംബനത്തെ കുഞ്ഞു പഞ്ഞിമെത്തയിൽ ഉറക്കിക്കൊണ്ടെന്ന പോലെ വാഗമൺകാരി ഉണരുന്നു... എല്ലാ അർത്ഥത്തിലും ഉണരുന്നു. വാഗാക്കാരനും ഉണരുന്നു. എല്ലാ അർത്ഥത്തിലും ഉണരുന്നു. എങ്കിലും ചന്ദ്രനോ ചകോരമോ അല്ല തങ്ങളുടെ വിനിമയ മാധ്യമമെന്നു തിരിച്ചറിഞ്ഞ്‌ അവർ മുഖം കഴുകുന്നു. അവൻ പുകയില ചവച്ചും, അവൾ ചവയ്ക്കാതെയും അവരവരുടെ അടുക്കളയിൽ കയറി വെള്ളം തിളപ്പിക്കുന്നു. കുമിളകളുയരുന്നേരം നിലാവല്ല തങ്ങളുടെ മാധ്യമെന്ന് തീർച്ചപ്പെടുത്തുന്നു. ആ പ്രസ്താവനയ്ക്ക്‌ കൈയ്യൊപ്പിടുന്നത്‌ പോലെ തേയിലക്കറ പിടിച്ച പഴഞ്ചൻ പാത്രത്തിലേയ്ക്ക്‌ തേയിലപ്പൊടി തട്ടുന്നു. നെടുവീർപ്പിടുന്നു... നെരിപ്പോടു പോലെ എരിയുന്നൊരു ചുടുനെടുവീർപ്പിനാൽ അവരുടെ കടുംചായ തിളയ്ക്കുന്നു. ആവശ്യത്തിന്‌ മധുരമിട്ടിളക്കി അവരത്‌ മൊത്തിക്കുടിക്കുന്നേരത്ത്‌ ശീൽക്കാരത്തിന്റെ ഹാസ്യാനുകരണ ശബ്ദം കേൾക്കുമ്പോൾ പുഞ്ചിരിക്കുന്നു. തങ്ങളുടെ പതിവ്‌ പ്രഭാതത്തെ അവർ വരവേൽക്കുന്നു. രാത്രിയെ, നിലാവിനെ പാതി മനസ്സാൽ വെറുക്കുന്നു. 

Monday, February 17, 2014

ഉറങ്ങാത്തവർക്കുള്ള കത്തുകൾ


ഇരട്ട ജീവന്റെ ഈയവസ്ഥയിലും
അവിടെ നീ തനിച്ചാണല്ലേ?
പൊടുന്നനെയെങ്ങാനും പുളയുന്നൊരു
വേദന വന്നാൽ
ആ മടിയൻ കാവൽക്കാരൻ
വിളിപ്പുറത്തുണ്ടാകുമോ?
ആ പഴഞ്ചൻ കരണ്ട് തീനി ഗീസർ ഇപ്പോഴും
ചൂടുവെള്ളം ചുരത്താറുണ്ടോ?
അതിന് താഴെ
നനവ് പടർന്ന ചുമരിലെ കുമ്മായ വിടവിൽ
വികൃതരൂപികളായ ചെറു കൂണുകൾ
ഇപ്പോഴും വിരിയാറുണ്ടോ?
നിന്റെ ലംബമാന ചുണ്ടുകളുടെ ചുളിവും
ആകൃതിയുമൊക്കുമെന്നു പറഞ്ഞ്
ആരെങ്കിലും അവയെ തഴുകാറുണ്ടോ?
കൊടിയ അശ്ലീലം അനുവദനീയമല്ലെന്ന്
മറുത്തു പറയുന്നേരത്ത്
നീ ആ കൈകൾ തട്ടിമാറ്റാറുണ്ടോ?
പുലർക്കാല തീവണ്ടിയ്ക്ക് സമയം കണക്കു കൂട്ടി
മടി പിടിച്ച് ചുമരും ചാരി
സിഗററ്റ് പുകച്ചിരിക്കുന്നേരം
ജനൽത്തിരശ്ശീല മാറ്റിയാൽ
പുകമഞ്ഞും ഹാലജൻ വെട്ടവും
പരക്കുന്നൊരു തെരുവ് ബാക്കിയായുണ്ടോ?
തെരുവിന്നറ്റത്തെ ആഘോഷ മണ്ഡപം
ഇപ്പോഴും ഒരുങ്ങിത്തിളങ്ങാറുണ്ടോ?
അതിളകി മറിഞ്ഞു വീണില്ലാതാകാൻ മാത്രം
ഭൂകമ്പമൊന്നും സംഭവിച്ചില്ലല്ലോ അല്ലേ?
ഇടയിൽ വീണില്ലാതായത്
മറ്റു പലതുകളാണല്ലോ അല്ലേ?
ആഘോഷ മണ്ഡപത്തിന്റെ പേര് ഞാനുച്ഛരിക്കുന്നത്
തെറ്റാണെന്ന് പറഞ്ഞ് കലമ്പാത്തതെന്ത്?
ജനൽത്തിരശീലയ്ക്ക് ഞാൻ കാണുന്ന നിറം
വർണ്ണാന്ധതയുടെ പിഴവാണെന്ന്
ചൊരുക്ക് കൂട്ടാത്തതെന്ത്?
തീവണ്ടി സമയം ലാക്കാക്കി
ഉണർത്തു മണിയടിച്ചിട്ടും
എഴുന്നേൽക്കാത്തതെന്ത്?
പുതപ്പിന്നടിയിൽ നീയിപ്പോഴും
 മടി പിടിച്ചു ചുരുണ്ട്
കള്ളയുറക്കത്തിലാണല്ലേ?
ഓഹ്! എഴുന്നേറ്റ് പുറപ്പെടേണ്ടത്
ഞാനാണല്ലോ അല്ലേ?

Saturday, February 15, 2014

ഭീതി

കുട്ടി: അച്ഛാ ഒരു കഥ പറയാമോ?

അച്ഛൻ: ഒരിടത്തൊരു ഗ്രാമത്തിൽ ഒരു പശു ഉണ്ടായിരുന്നു.

കുട്ടി : എന്നിട്ട്?

അച്ഛൻ : എന്നിട്ടോ? ഒരിടത്തൊരു ഗ്രാമത്തിലൊരു പശു ഉണ്ടായിരുന്നു എന്നതു തന്നെ ഇതിഹാസ തുല്യമായ കഥയല്ലേ? അതു കേട്ട ശേഷവും നിനക്ക് ഉറക്കം വരുന്നില്ലെന്നോ?

കുട്ടി : ഒരിടത്തൊരു ഗ്രാമത്തിൽ എന്ന് പറയുമ്പോഴേ ഞാൻ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.

Wednesday, January 15, 2014

ഫൈനൽ റൗണ്ട് - പുസ്തക പ്രകാശനം

മലയാളം വാരിക നടത്തിയ എം.പി നാരായണപിള്ള കഥാമത്സരത്തിൽ തിരഞ്ഞെടുത്ത മികച്ച 12 കഥകളുടെ സമാഹാരം മാതൃഭൂമി ബുക്സ് ഫൈനൽ റൗണ്ട് എന്ന പേരിൽ പുസ്തകമാക്കുന്നു.
പ്രകാശനം 18/ജനുവരി, വൈകുന്നേരം 4 മണി @ അളകാപുരി, കോഴിക്കോട് വച്ച് എം.മുകുന്ദൻ നിർവഹിക്കുന്നു. ‌കുളവാഴ എന്ന ചെറുകഥ ഇക്കൂട്ടത്തിലുള്ള സന്തോഷം പങ്ക് വയ്ക്കുന്നു.
 

(c)2009 Devadas V.M [ vm.devadas@gmail.com ]