Thursday, March 27, 2014

തവോ താരകളിലെവിടെയോ പശുവിനെ കളയുന്ന പാപ്പി.

സെൻ ബുദ്ധിസത്തിലെ പത്ത് കാളച്ചിത്രങ്ങളെക്കുറിച്ച് അറിയുന്നത് സുഹൃത്ത് സുരേഷ് പീറ്ററുമായുള്ള പതിവ് പാതിരാ ചെവി തിന്നലുകൾക്കിടെയാണ്. പിന്നീടാണ് അതെക്കുറിച്ച് തപ്പിത്തിരഞ്ഞറിഞ്ഞത്.  ഒരു മനുഷ്യനും കാളയുമായുള്ള പിരിയലിന്റേയും കൂടിച്ചേരലിന്റേയും വൃത്തപൂർത്തീകരണമാണത്.  നഷ്ടമായ കാളയെ തിരയൽ, കുളമ്പടി കണ്ടെത്തൽ, നിരീക്ഷണ ശ്രമം, കെട്ടാനുള്ള ശ്രമം, മെരുക്കാനുള്ള ശ്രമം, പുറത്തുകയറി വീട്ടിലേക്കുള്ള സവാരി,  വീടെത്തിയാൽ കാളയെ മറക്കുന്ന അവസ്ഥ, കാളയും മനുഷ്യനും പരസ്പരം മറന്ന് ഒന്നാകുന്ന അവസ്ഥ,  ഉദാസീനത്വം, സമൂഹത്തിലേയ്ക്കുള്ള മടക്കം എന്നിങ്ങനെയുള്ള 10 അവസ്ഥകളെയാണ്  മഹായാനക്കാരന്റെ ബോധോദയത്തിലേക്കുള്ള ചുവടുകളെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്. ഈ സംഗതിയെല്ലാം സത്യൻ ‌അന്തിക്കാടും രഘുനാഥ് പലേരിയും അറിഞ്ഞോ, ഇല്ലയോ എന്നത് വേറെക്കാര്യം. പക്ഷേ 'പൊന്മുട്ടയിടുന്ന താറാവി'ൽസദാസമയം പശുവുമായി നടക്കുകയും, ഒരത്യാഹിതത്തിനിടെ പശുവിനെ കളയുകയും, ശേഷം പശുവിനെ തിരഞ്ഞ് അതിന്റെ തന്നെ വിസർജ്യമായ ചാണകക്കുഴിയിൽ വീഴുകയും, പശുവിനെ കാണാതെ അലയുകയും, ഒടുക്കം പശു നഷ്ടമായെന്നുറപ്പിച്ച് ചായക്കടയിലെ അരിയാട്ടുകാരനാകുകയും ചെയ്യുന്ന, സ്വയം  'പശുവിനെ കളഞ്ഞ പാപ്പി'  എന്ന് സംബോധന ചെയ്യുന്ന ആ മനുഷ്യൻ ഏത് താവോ താരയിലെ ഗുരുവാണെന്നതാണ് അവശേഷിക്കുന്ന സംശയം.

Ref:http://mokurai.destinyslobster.com/ten_bulls.html




3 comments:

Devadas V.M. said...

ബ്രഹ്മത്തെ മാടൻപോത്തായി ദർശിച്ച ചാത്തനെ ഇതിനിടെ പരാമർശിക്കാൻന്വിട്ടു പോയി

ajith said...

എന്നാലിനി താറാവിനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം

rasmi said...

"...കാളയെ തിരയൽ, കുളമ്പടി കണ്ടെത്തൽ, നിരീക്ഷണ ശ്രമം, കെട്ടാനുള്ള ശ്രമം, മെരുക്കാനുള്ള ശ്രമം, പുറത്തുകയറി വീട്ടിലേക്കുള്ള സവാരി, വീടെത്തിയാൽ കാളയെ മറക്കുന്ന അവസ്ഥ, കാളയും മനുഷ്യനും പരസ്പരം മറന്ന് ഒന്നാകുന്ന അവസ്ഥ, ഉദാസീനത്വം, സമൂഹത്തിലേയ്ക്കുള്ള മടക്കം." ഇതൊക്കെ തന്നെയല്ലേ ഹേ, ഈ പ്രേമം! 'നഷ്ടമായ' ഞാന്‍ ഒഴിവാക്കുന്നു :) അല്ലെങ്കില്‍, എപ്പോഴോ നഷ്‌ടമായ നമ്മളെ തന്നെ തെരച്ചില്‍ എന്ന് പ്രണയത്തെ പുനര്‍നിര്‍വചിക്കുന്നു :) :) താങ്ക്സ് ഫോര്‍ ദിസ്‌!

 

(c)2009 Devadas V.M [ vm.devadas@gmail.com ]