Wednesday, February 26, 2014

ചന്ദ്രൻ ചകോരി ചായ

നിലാവായിരുന്നു മിക്ക വിരഹകാവ്യങ്ങളുടെ മാധ്യമവും സന്ദേശവുമെങ്കിൽ വാഗയിലെ പട്ടാളക്കുശിനിക്കാരന്റെ കൈപ്പുണ്യമാർന്ന മാട്ടിറച്ചിയിലെ കുരുമുളകെരിവിന്റെ തരിപ്പ്‌ കയറി സ്വപ്നത്തിൽ ചുമയ്ക്കുന്ന വാഗമൺകാരിയുടെ വിനിമയമാധ്യമം ഊറയൊലിക്കുന്ന ഉമിനീരാകുന്നു. തലയിണയിലത്‌ പടർന്നു നനയുന്നേരം സ്വന്തം ചുംബനത്തെ കുഞ്ഞു പഞ്ഞിമെത്തയിൽ ഉറക്കിക്കൊണ്ടെന്ന പോലെ വാഗമൺകാരി ഉണരുന്നു... എല്ലാ അർത്ഥത്തിലും ഉണരുന്നു. വാഗാക്കാരനും ഉണരുന്നു. എല്ലാ അർത്ഥത്തിലും ഉണരുന്നു. എങ്കിലും ചന്ദ്രനോ ചകോരമോ അല്ല തങ്ങളുടെ വിനിമയ മാധ്യമമെന്നു തിരിച്ചറിഞ്ഞ്‌ അവർ മുഖം കഴുകുന്നു. അവൻ പുകയില ചവച്ചും, അവൾ ചവയ്ക്കാതെയും അവരവരുടെ അടുക്കളയിൽ കയറി വെള്ളം തിളപ്പിക്കുന്നു. കുമിളകളുയരുന്നേരം നിലാവല്ല തങ്ങളുടെ മാധ്യമെന്ന് തീർച്ചപ്പെടുത്തുന്നു. ആ പ്രസ്താവനയ്ക്ക്‌ കൈയ്യൊപ്പിടുന്നത്‌ പോലെ തേയിലക്കറ പിടിച്ച പഴഞ്ചൻ പാത്രത്തിലേയ്ക്ക്‌ തേയിലപ്പൊടി തട്ടുന്നു. നെടുവീർപ്പിടുന്നു... നെരിപ്പോടു പോലെ എരിയുന്നൊരു ചുടുനെടുവീർപ്പിനാൽ അവരുടെ കടുംചായ തിളയ്ക്കുന്നു. ആവശ്യത്തിന്‌ മധുരമിട്ടിളക്കി അവരത്‌ മൊത്തിക്കുടിക്കുന്നേരത്ത്‌ ശീൽക്കാരത്തിന്റെ ഹാസ്യാനുകരണ ശബ്ദം കേൾക്കുമ്പോൾ പുഞ്ചിരിക്കുന്നു. തങ്ങളുടെ പതിവ്‌ പ്രഭാതത്തെ അവർ വരവേൽക്കുന്നു. രാത്രിയെ, നിലാവിനെ പാതി മനസ്സാൽ വെറുക്കുന്നു. 

Monday, February 17, 2014

ഉറങ്ങാത്തവർക്കുള്ള കത്തുകൾ


ഇരട്ട ജീവന്റെ ഈയവസ്ഥയിലും
അവിടെ നീ തനിച്ചാണല്ലേ?
പൊടുന്നനെയെങ്ങാനും പുളയുന്നൊരു
വേദന വന്നാൽ
ആ മടിയൻ കാവൽക്കാരൻ
വിളിപ്പുറത്തുണ്ടാകുമോ?
ആ പഴഞ്ചൻ കരണ്ട് തീനി ഗീസർ ഇപ്പോഴും
ചൂടുവെള്ളം ചുരത്താറുണ്ടോ?
അതിന് താഴെ
നനവ് പടർന്ന ചുമരിലെ കുമ്മായ വിടവിൽ
വികൃതരൂപികളായ ചെറു കൂണുകൾ
ഇപ്പോഴും വിരിയാറുണ്ടോ?
നിന്റെ ലംബമാന ചുണ്ടുകളുടെ ചുളിവും
ആകൃതിയുമൊക്കുമെന്നു പറഞ്ഞ്
ആരെങ്കിലും അവയെ തഴുകാറുണ്ടോ?
കൊടിയ അശ്ലീലം അനുവദനീയമല്ലെന്ന്
മറുത്തു പറയുന്നേരത്ത്
നീ ആ കൈകൾ തട്ടിമാറ്റാറുണ്ടോ?
പുലർക്കാല തീവണ്ടിയ്ക്ക് സമയം കണക്കു കൂട്ടി
മടി പിടിച്ച് ചുമരും ചാരി
സിഗററ്റ് പുകച്ചിരിക്കുന്നേരം
ജനൽത്തിരശ്ശീല മാറ്റിയാൽ
പുകമഞ്ഞും ഹാലജൻ വെട്ടവും
പരക്കുന്നൊരു തെരുവ് ബാക്കിയായുണ്ടോ?
തെരുവിന്നറ്റത്തെ ആഘോഷ മണ്ഡപം
ഇപ്പോഴും ഒരുങ്ങിത്തിളങ്ങാറുണ്ടോ?
അതിളകി മറിഞ്ഞു വീണില്ലാതാകാൻ മാത്രം
ഭൂകമ്പമൊന്നും സംഭവിച്ചില്ലല്ലോ അല്ലേ?
ഇടയിൽ വീണില്ലാതായത്
മറ്റു പലതുകളാണല്ലോ അല്ലേ?
ആഘോഷ മണ്ഡപത്തിന്റെ പേര് ഞാനുച്ഛരിക്കുന്നത്
തെറ്റാണെന്ന് പറഞ്ഞ് കലമ്പാത്തതെന്ത്?
ജനൽത്തിരശീലയ്ക്ക് ഞാൻ കാണുന്ന നിറം
വർണ്ണാന്ധതയുടെ പിഴവാണെന്ന്
ചൊരുക്ക് കൂട്ടാത്തതെന്ത്?
തീവണ്ടി സമയം ലാക്കാക്കി
ഉണർത്തു മണിയടിച്ചിട്ടും
എഴുന്നേൽക്കാത്തതെന്ത്?
പുതപ്പിന്നടിയിൽ നീയിപ്പോഴും
 മടി പിടിച്ചു ചുരുണ്ട്
കള്ളയുറക്കത്തിലാണല്ലേ?
ഓഹ്! എഴുന്നേറ്റ് പുറപ്പെടേണ്ടത്
ഞാനാണല്ലോ അല്ലേ?

Saturday, February 15, 2014

ഭീതി

കുട്ടി: അച്ഛാ ഒരു കഥ പറയാമോ?

അച്ഛൻ: ഒരിടത്തൊരു ഗ്രാമത്തിൽ ഒരു പശു ഉണ്ടായിരുന്നു.

കുട്ടി : എന്നിട്ട്?

അച്ഛൻ : എന്നിട്ടോ? ഒരിടത്തൊരു ഗ്രാമത്തിലൊരു പശു ഉണ്ടായിരുന്നു എന്നതു തന്നെ ഇതിഹാസ തുല്യമായ കഥയല്ലേ? അതു കേട്ട ശേഷവും നിനക്ക് ഉറക്കം വരുന്നില്ലെന്നോ?

കുട്ടി : ഒരിടത്തൊരു ഗ്രാമത്തിൽ എന്ന് പറയുമ്പോഴേ ഞാൻ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.
 

(c)2009 Devadas V.M [ vm.devadas@gmail.com ]