Friday, August 31, 2012

പ്രളയ സങ്കടം


ഒ‌‌ന്നാം നിലയിലാണ് താമസമെങ്കിലും ഞാന്‍ നാട്ടില്‍ പോയ സമയത്ത് ചെന്നെയില്‍ തകര്‍ത്തു പെയ്ത മഴയില്‍ വരാന്തയില്‍ വീഴുന്ന വെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ പൈപ്പ് ‌‌തൊട്ടടുത്തുള്ള ആര്യവേപ്പില്‍ നിന്നും കൊഴിഞ്ഞ ഇലകള്‍ വീണടഞ്ഞ് വെള്ളം കെട്ടി അവസാനമത് മുറിക്കകത്തേയ്ക്ക് കയറി കുഞ്ഞു പ്രളയമായി. 5 ദിവസത്തെ ഒഴിവിനു ശേഷം ഇന്ന് രാവിലെ മുറിയില്‍ വന്നു കയറുമ്പോള്‍ ബെഡും, കുറെ പുസ്തകങ്ങളുമെല്ലാം നനഞ്ഞ് കുഴഞ്ഞ് കിടക്കുന്നു. പുസ്തകമൊക്കെ ഞാന്‍ സിമന്റു റാക്കില്‍ കയറ്റി വച്ചിരുന്നതാണ്. സുഹൃത്തൊരുവന്‍ (Little Peter) വന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് എല്ലാം വലിച്ചു പരത്തിയിട്ടു. (അവന്റെ പുസ്തകങ്ങളും നാശമായിട്ടുണ്ട്) ചുമലു വേദന വന്നതൊന്ന് മാറിയതേ ഉണ്ടായിരുന്നുള്ളൂ. വെള്ളം നനഞ്ഞ ബെഡ് താങ്ങി ആഞ്ജനേയ വിളയാട്ടം നടത്തിയതോടെ പോയ വേദന പതിന്മടങ്ങായി തിരികേ‌വന്നു. മുറിയാകെ നനഞ്ഞു നാനാവിധമായിട്ടുമുണ്ട്. പുസ്തകങ്ങള്‍.... കുറേ പുസ്തകങ്ങള്‍ നശിച്ചു പോയി. 3 ദിവസത്തോളം നനഞ്ഞു കുതിര്‍ന്ന് പള്‍പ്പു പരുവത്തിലായി പലതും. എന്തോ ഭാഗ്യത്തിന് എന്റെയും, സുഹൃത്തിന്റേയും ലാപ്‌‌ടോപ്പുകള്‍ ഉയരത്തിലായതുകൊണ്ട് അവ രക്ഷപ്പെട്ടു. പ്രളയകാലത്ത് ജീവികളെ അല്ല പുസ്തകത്തെ(വേദം) സംരക്ഷിക്കാന്‍ മീനായും(മകരമത്സ്യം), കുതിരത്തലയനായും(ഹയഗ്രീവന്‍) മാറിയ മനുഷ്യന്റെ വിഭ്രമ സങ്കല്‍പ്പങ്ങളെ ഒരു വേള ഓര്‍ത്തു പോയി. അതേ‌ സംരക്ഷിക്കേണ്ടത് പുസ്തകങ്ങളെയായിരുന്നു. കഴിഞ്ഞില്ല :((

Friday, August 3, 2012

ലിംഗം കൈയ്യില്‍ പിടിച്ച് നടത്തുന്ന സംവാദങ്ങൾ

                      (c) http://www.orble.com

"ചായക്കട സംവാദം" എന്നൊക്കെ ചെല്ലപ്പേരിട്ടു വിളിക്കുന്നതു പോലെയൊന്നാണ് ഓഫീസിനകത്തെ റെസ്റ്റ്-റൂം സംവാദങ്ങളും.  സംഗതി വളരെ രസകരമാണ്. സംവാദങ്ങളുടെ സമയം ഏതാനും സെക്കന്റുകളോ, അല്ലെങ്കില്‍‌ ഒന്നോ, രണ്ടോ മിനിറ്റുകള്‍ മാത്രം. അതു നടക്കതെങ്ങനെയെന്ന് ചിന്തിച്ചാല്‍ രസകരമാണ്. മുന്നോ, നാലോ ആളുകള്‍ നിരന്നു നിന്നുകൊണ്ട് സ്വന്തം ലിംഗം കൈയ്യിലെടുത്തു പിടിച്ചു കൊണ്ടാണ്‌ സംസാരം. ചിലപ്പോള്‍ ലിംഗം കൈയ്യിലെടുത്തു മൂത്രമൊഴിച്ചുകൊണ്ട് അയല്‍ പക്കക്കാരന്റെ മുഖത്തു നോക്കിക്കൊണ്ട്, മറ്റു ചിലപ്പോള്‍ തലകുനിച്ചു ലിംഗത്തിലേയ്ക്കു നോക്കിക്കൊണ്ട്  ഒക്കെയാണ് ‌സംവാദം നടക്കുന്നത്.  ടീമിനകത്തെ പ്രശ്നങ്ങള്‍, ക്യുബിക്കിളില്‍ തൊട്ടടടുത്തുള്ളയാള്‍ കേള്‍ക്കാതിരിക്കാന്‍ നടത്തുന്ന ചില കുഞ്ഞിക്കുശുമ്പുകള്‍, വര്‍ഷാവസാനമുള്ള ബോണസിനെ കുറിച്ചുള്ള ആകുലത, പുതിയ പ്രൊജക്റ്റിലെ ‌വിഷമതകള്‍, വരാന്ത്യത്തില്‍ സന്ദര്‍ശിച്ച പുതിയ റെസ്റ്റോറന്റിലെ വിഭവ വിശേഷങ്ങള്‍, സ്പോര്‍ട്സ് അപ്ഡേറ്റ്സ്, കക്ഷി രാഷ്ട്രീയം, അപകടങ്ങള്‍, വീട്ടുവിശേഷങ്ങള്‍, ഗവണ്മെന്റ് പോളിസികള്‍, ടാക്സ് ബെനിഫിറ്റ്സ്...തുടങ്ങി  ലോകത്തിനു കീഴെയുള്ള എല്ലാം ഒരു മൂത്രമൊഴിക്കല്‍ സമയത്തിനുള്ളില്‍ സംസാരിക്കുന്നു, അവസാനത്തെ മൂത്രത്തുള്ളിയും കുടഞ്ഞുകളഞ്ഞ്, വസ്ത്രം ശരിയായി ധരിച്ച്, വാഷ്ബേസിനടുത്തേയ്ക്കു നീങ്ങി കൈകഴുകുന്നതോടെ...കണ്ണാടി നോക്കുന്നതോടെ... ആ സംവാദം പൂര്‍ണ്ണമാകുന്നു. ഇതിനിടെ കടന്നു വരുന്ന പുതിയ സംവാദക്കാര്‍ ലിംഗം പുറത്തെടുത്ത് ‌മറ്റൊരു വിഷയത്തില്‍ സംസാരമാരംഭിക്കുന്നു :)

സ്വാഭാവികമായ കാരണങ്ങളാല്‍ മരിക്കുന്നവര്‍

 കൊച്ച് മരിച്ചു; അല്ല ആത്മഹത്യ ചെയ്തു. ഇത്രയേറെ ഉത്സാഹവാനായ ചെറുപ്പക്കാരനെ കാണാന്‍ പ്രയാസം. പല തൊഴിലുകളെടുത്ത് ജീവിതം മുന്നോട്ടു നയിക്കുന്നവന്‍. ആരേയും കൂസാത്തവന്‍. മദ്യപിച്ചാല്‍ മാത്രം അല്‍പം പ്രശ്നക്കാരനാകുമെന്നതൊഴിച്ചാല്‍ (അതും വളരെ അടുപ്പമുള്ളവരൊട് മാത്രം) ഇത്രയേറെ ചുറുചുറുക്കും, ആത്മാര്‍ത്ഥതയും, നിറഞ്ഞ ചിരിയുമുള്ളവനെ കാണാന്‍ പ്രയാസം. ചെന്നൈയിലെ ഒരു മലയാളി റെസ്റ്റോറന്റില്‍ വച്ചാണ് പരിചയപ്പെടുന്നത്. തുടക്കത്തില്‍ രതീഷെന്നു വിളിച്ചപ്പോഴൊക്കെ "ദേവേട്ടനെന്നെ കൊച്ചെന്നു വിളിച്ചാല്‍ മതി"യെന്നു തിരുത്തിയത് അവന്‍ തന്നെയാണ്. സമപ്രായക്കാരനായിരുന്ന എന്നെ "ഏട്ടാ' ചേര്‍ത്തു വിളിക്കരുതെന്നു പറഞ്ഞിട്ടും ‌‌അനുസരിച്ചിരുന്നില്ല. (അതിനും കൂടെ ചേര്‍ത്ത് കള്ളു കുടിക്കുന്ന സമയത്ത് മുട്ടന്‍ തെറിയും വിളിക്കും) വയനാട്ടുകാരനായിരുന്നു. മലബാര്‍ ഏരിയായില്‍ ഒട്ടുമിക്ക സ്ഥലത്തും ജോലി ചെയ്തിട്ടുണ്ട്. ഡ്രൈവര്‍, പ്ലമ്പര്‍, കച്ചവടം,കോഴിവളര്‍ത്തല്‍, കൃഷി... തുടങ്ങി അവനില്ലാത്ത ഏര്‍പ്പാടുകളില്ലായിരുന്നു. റെസ്റ്റോറന്റിലെ സപ്ലയര്‍ വേഷത്തിലാണ് എനിക്കു പരിചയം. കള്ളുകുടിച്ചാല്‍ നിര്‍ത്താതെ പാട്ടു പാടുന്നവന്‍, എങ്ങാനും നിര്‍ത്തുമ്പോള്‍ സ്നേഹത്തോടെ തെറിവിളിക്കുന്നവന്‍. മുതലാളിയെ കൂസാത്തവന്‍. എന്തെങ്കിലും ‌‌ഉടക്കുണ്ടായാല്‍ "എനിക്കു കിളക്കാനറിയാം, നാട്ടില്‍ പറമ്പുണ്ട് ഒരു -----ന്റേയും ഔദാര്യം വേണ്ടാ"യെന്നു കയര്‍ത്തു കട്ടായം പറയുന്നവന്‍. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍പക്കക്കാരുമായി വഴക്കു മൂത്ത് തല്ലുംപിടിയുമായപ്പോള്‍ നാട്ടില്‍ നിന്ന് മാറി നില്‍ക്കാനാണ് ചെന്നൈയില്‍ വന്നത്. ഇപ്പോള്‍ കണ്ണൂര് എന്തോ കോണ്ട്റാക്റ്റ് ജോലി ചെയ്യുകയായിരുന്നു. എല്ലാ വാരാന്ത്യത്തിലും നാട്ടിലെത്തി കൂട്ടുകാരോടൊന്നിച്ചു കൂടി അല്‍പം മദ്യപിച്ചു വീട്ടിലേയ്ക്കു മടങ്ങാറുണ്ടായിരുന്ന പതിവു തെറ്റിച്ചില്ല. പക്ഷേ ഇത്തവണ കക്ഷി വീട്ടിലെത്തിയില്ലെന്നു മാത്രം. വയനാടന്‍ കാടുകളുടെ അരികു പ്രദേശത്തെവിടേയ്ക്കൊ നടന്നു ചെന്ന് ഉടുമുണ്ടില്‍ തൂങ്ങി. ചെന്നൈയിലെ കടുത്ത ചൂടിലും റൂമിനകത്ത് ഷര്‍ട്ടഴിച്ചിടാന്‍ പോലും നാണിക്കുന്നവനാണ്. മുണ്ടു മടക്കിക്കുത്തിയാല്‍ മുട്ടിനു മുകളില്‍ വരുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നാലഞ്ചു തവണ താഴേക്കു പിടിച്ചു വലിച്ചിറക്കുന്നവനാണ് അടിവസ്ത്ര പ്രദര്‍ശനം നടത്തി ഉടുമുണ്ടില്‍ തൂങ്ങിയാടിയത്. "ദേവേട്ടാ നിങ്ങളാള് ശരിയല്ല മനുഷ്യന്‍ ഇങ്ങനെ ഒറ്റയ്ക്, മുറിയില്‍ ഒരാളു പോലും ഇല്ലാതെ കുറെക്കാലം കഴിയരുത്. മനസ്സു മടുത്തു പോകു"മെന്ന് ഉപദേശിക്കാറുണ്ടായിരുന്നവനാണ്. "എനിക്കെന്തെങ്കിലും പ്രശ്നം വന്നാല്‍ ബൈക്കുമെടുത്ത് കുറേ ദൂരം സ്പീഡിലൊരു കറക്കം കറങ്ങും. 80ന് മുകളില്‍ പോകുമ്പോള്‍ ചെറിയൊരു പേടി തോന്നും. നൂറിനോടടുക്കുമ്പോള്‍ പണ്ടാരം എവിടെയെങ്കിലും ഇടിച്ച് ചത്താലോയെന്ന് പേടിച്ച് സ്പീഡു കുറയ്ക്കും. സ്വന്തം ചാവ് മുന്നില്‍ കാണുമ്പോള്‍ മറ്റുള്ള പ്രശ്നങ്ങളൊക്കെ എത്ര ചെറുതാണെന്നു തോന്നുമെ"ന്നു ലളിതവത്ക്കരണം നടത്താറുള്ളവനാണ് ഒരു രാത്രി മുഴുവന്‍ മഴ നനഞ്ഞ്, വയനാടന്‍ കാറ്റടിച്ച് ഉടുമുണ്ടില്‍ തൂങ്ങി വിറങ്ങലിച്ചു കിടന്നത്. അവന്റെ സുഹൃത്തുക്കളാണ് എന്നെ വിവരം വിളിച്ചു പറഞ്ഞത്. വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ‌‌എന്തു സഹായവും ഏതു നേരത്തും ചെയ്യാന്‍ മടിയില്ലാത്തവന്റെ മരണകാരണം അവര്‍ക്കാര്‍ക്കും അറിയില്ലെന്നതാണ് അവന്റെ മരണത്തെ തീര്‍ത്തും സ്വാഭാവികമാക്കി മാറ്റുന്നത്. അല്ലെങ്കില്‍ തന്നെ മരിക്കാന്‍ മനുഷ്യനെന്തിനാണ് ഒരു കാരണം ?
*സ്വാഭാവികമായ കാരണങ്ങളാല്‍ മരിക്കുന്നവര്‍:
യുദ്ധം, രോഗം, അപകടങ്ങള്‍... എന്തിനേറെ സഞ്ചരിച്ചിരുന്ന പ്ലെയില്‍ തകര്‍ന്നിട്ടു പോലും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട ഏണസ്റ്റ് ഹെമിംഗ്‌‌വേ സ്വയം വെടി വെച്ചു മരിച്ചപ്പോള്‍ മാര്‍ക്വേസ് എഴുതിയ പത്രക്കുറിപ്പിന്റെ തലക്കെട്ട്.
 

(c)2009 Devadas V.M [ vm.devadas@gmail.com ]