Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Monday, April 7, 2014

മറ്റൊരു ശ്ലോകത്തിന്റെ സാധ്യത

 സ്റ്റേറ്റ് എന്ന സംഹിതയുടെ അനുസരണയാണ് പൗരനിൽ ആരോപിക്കപ്പെടുന്ന സർവ്വോപരിയായ മഹനീയത.  കഥോപകഥകളാലും, ഉപദേശവ്യാഖ്യാനങ്ങളാലും, സൗന്ദര്യവർണ്ണനകളാലും, തന്ത്ര-മന്ത്ര-ബലങ്ങളാലും, യുദ്ധ വിവരണങ്ങളാലുമൊക്കെ സമ്പന്നമായ രാമായണം എന്ന ഇതിഹാസത്തിലെ ഏറ്റവും മികച്ച ശ്ലോകമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്  " രാമം ദശരഥം വിദ്ധി / മാം വിദ്ധി ജനകാത്മജാം / അയോദ്ധ്യാമടവീം വിദ്ധി / ഗച്ഛ തഥാ യഥാ സുഖം" എന്നതാണല്ലോ. ദശരഥനേക്കാൾ മോശമോ മേന്മയേറിയവനോ ആകട്ടേ  ‌രാമനെ പിതൃതുല്ല്യനായി, സ്വന്തം ഉടയോനായി, ഭരണകർത്താവായി തന്നെ കാണണം. വിവാഹം ‌കഴിച്ച് വന്നു കയറിയവളാണെങ്കിലും സീത മാതൃതുല്ല്യയായിരിക്കണം. അയോദ്ധ്യയായാലും കാടായാലും സുഖമാണെന്ന് കരുതി അവർക്ക് കൂട്ടു പോകണം. ലക്ഷ്മണവിധിയാണ് പൗരനും;  അയോദ്ധ്യ മുടിഞ്ഞ് കാടായാലും, ഉടയോൻ മാറിയാലും ഉടൽ ‌ദാനം ചെയ്ത് 'സുഖമാണെന്ന് കരുതി ജീവിക്കേണ്ടു'ന്ന അവസ്ഥ. വെറുതെയല്ല പ്രസ്തുത ശ്ലോകത്തെ മഹനീയമായി തിരഞ്ഞെടുത്തത്. ഇത്രയേറെ അടക്കമൊതുക്കം പൗരനെ അനുശാസിക്കുന്ന മറ്റെന്തുണ്ട് ഇതിഹാസത്തിൽ? ഇതല്ല; മറ്റൊരു ശ്ലോകത്തിന് സാധ്യതയെങ്കിലുമുണ്ട് എന്ന് തീരുമാനിക്കാനുള്ള അവസരമാണ് ഒരു വിരലമർത്തലാൽ ‌കരഗതമാകുന്നത്. വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കപ്പെടട്ടേ.

Monday, March 31, 2014

പ്രതികഥകൾ

സാഹിത്യത്തിൽ പ്രതികഥകൾ അപൂർവ്വമായുണ്ടാകുന്ന മലയാളത്തിൽ ‌പുതിയതായി വന്ന ഒന്നാണ് സോക്രട്ടീസ് കെ വാലത്തിന്റെ 'തള്ളത്താഴ്' (malayalamvaarika.com/2014/March/21/story.pdf). പ്രമോദ് രാമൻ, എം.മുകുന്ദൻ എന്നിവർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ തന്തത്താഴ്, അച്ഛൻ എന്നീ കഥകളിലെ പിതാവിനാൽ/പിതൃരൂപകങ്ങളാൽ ലൈംഗിക പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ കഥകൾക്കൊരു മറുപക്ഷം പറയുകയാണ് സോക്രട്ടീസ്. അധികാരത്തിനെതിരെയുള്ള ഒരുതരം നിരാസരൂപകമായി അഗമ്യഗമനത്തെ ഉപയോഗിക്കുമ്പോൾ അല്ലാതെ, വെറും പത്രവാർത്തകളെ ഉപജീവിക്കുന്ന മട്ടിലുള്ള ഇത്തരം കഥകളോട് (സൂചിതമായ 3 കഥകളോടും) വലിയ ആകർഷണം തോന്നിയിട്ടില്ല. പക്ഷേ ഇത്തരം പ്രതികഥാ ശ്രമങ്ങൾ കൗതുകകരമായ ആകർഷണമുണ്ടാക്കാറുണ്ട്. 

ചങ്ങമ്പുഴ(രമണൻ/കാവ്യം)-സരസ്വതിയമ്മ(രമണി/കഥ), മേതിൽ(ഉടൽ ഒരു ചൂഴ്നില)-സാറാജോസഫ്(ഉടൽ ചൂഴ്നിലയല്ല) എന്നിങ്ങനെ ശ്രദ്ധേയമായ ചിലതുകളുണ്ടായിട്ടുണ്ട്. പ്രതികഥയെന്നാൽ ഒരു കഥയ്ക്കൊരു മറുകഥ എന്ന് മാത്രമല്ല അർത്ഥമായുള്ളത്; മറുപ്രതികരണക്കഥകൾ അവയുടെ ഭാഗമായി വരാമെങ്കിലും. പ്രതികഥകൾ എന്നൊരു പരമ്പരയിൽ ഡി.സി ബുക്ക്സ് കുറെ കഥാസമാഹാരങ്ങൾ ഇറക്കിയെങ്കിലും അവയൊന്നും മുഴുവനായും സാങ്കേതികാർത്ഥത്തിൽ പ്രതികഥകൾ ആയിരുന്നു എന്ന് അഭിപ്രായമില്ല. സന്തോഷ് എച്ചിക്കാനത്തിന്റെ 'ശ്വാസം' എന്ന കഥയ്ക്ക് 'നിശ്വാസ്വം' എന്നൊരു പ്രതികഥാ ശ്രമം നടത്തിയത് ഇവിടെ കാണാം. devadasvm.blogspot.com/2012/06/blog-post.html .

 # What is anti-story?
A work of fiction in which the author breaks in some way the conventional rules of short story telling, usually with some feature (for example, a lack of plot or characters, unusual punctuation, odd subject or presentation, etc.) which strongly challenges the reader’s expectations. It is narrative of short-story length that makes no effort to follow a plot and ignores structural conventions, character motivations, and the like. It also arises in response to negative or cynical stories where again the intent is to undermine the original story.

Thursday, May 16, 2013

ഹൗസാറ്റ്!!!

ബീലാത്തിയിലെ പ്രഭുക്കന്മാരുടെ ഒഴിവു സമയ വിനോദത്തില്‍ നിന്ന് കാലമേറെ കടന്ന്  രൂപാന്തരങ്ങള്‍ക്കു വിധേയമായി 20-20യിലെത്തി നില്‍ക്കുന്ന ക്രിക്കറ്റ് എന്ന കളി വെറും വിനോദമോ, കളിയോ അല്ലെന്ന് ഇനിയും തിരിച്ചറിവായിട്ടില്ലേ? കാശിന് ടിക്കറ്റു വാങ്ങി കളികാണുന്ന മൈതാനത്തിലൊതുങ്ങുന്നതല്ല അതിന്റെ കമ്പോള പരിസരം. ടീം-ലേലം, ചാനല്‍ റൈറ്റ്സ്, പരസ്യം, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കമ്പോളശിഖയുടെ കീഴെ വരുന്നതാണ് വാതുവയ്പ്പും ഒത്തുകളിയുമെല്ലാം. കാണുന്നവര്‍ക്ക് വേണ്ടത് ഹരംകൊള്ളിക്കുന്ന വിനോദമാണെങ്കില്‍, ആ വിനോദം പകരുന്ന പ്രക്രിയയില്‍ സ്വാഭാവികമായ പരിണാമഗുപ്തി, അസ്വഭാവികമായ പരിണാമഗുപ്തി എന്നിവ തേടുന്നതില്‍ ‌വലിയ കാര്യമൊന്നുമില്ല. നൈതികത, ധാര്‍മ്മികത... എന്നൊക്കെ പറയാമെങ്കിലും കാശ് വാരാനാകുന്ന ഈ കുളത്തില്‍ ചിലര്‍ മീന്‍ വലയെറിഞ്ഞു പിടിക്കും, ചിലര്‍ നഞ്ഞു കലക്കി പിടിക്കും, ചിലര്‍ ചാട്ടുളിയെറിഞ്ഞു പിടിക്കും. ചെന്നൈയിലിരുന്ന് ‌ഒരാള്‍ കുടിക്കുന്ന കോളയിലെ ഐപിഎല്‍ സ്റ്റിക്കറിലും, മുംബൈയിലെ ഒരു പബില്‍ ഇത്രകുപ്പി ബിയറും വലിയ സ്ക്രീനില്‍ കാഴ്ചയുമെന്ന്  വാഗ്ദാനം ചെയ്യുന്ന പാക്കേജിലും, ദില്ലിയിലെ ഒരു വ്യവസായിയുടെ ബാങ്ക് ട്രാന്‍സാക്ഷനിലെ സ്പോണ്‍സര്‍ തുകയിലും, കളിക്കാര്‍ക്കും കാണികള്‍ക്കുമായുള്ള യാത്രാസൗകര്യത്തിനൊരുങ്ങുന്ന വിമാനങ്ങളുടെ വരുമാനത്തിലും, ബോളിവുഡു താരങ്ങളുടെ കോള്‍ഷീറ്റിലും വരെ മാറ്റങ്ങളുണ്ടാക്കുന്ന കളിക്കമ്പത്തിന്റെ കമ്പോള പ്രതിനിധാനം അധോലോകത്തിനു മാത്രമെന്തിന് അന്യമാകണം?  "കമ്പോളമാണ് മാര്‍ഗം, കമ്പോളമാണ് ശരി, കമ്പോളമാണ് സര്‍വ്വം" എന്നതാകുന്നു ഇവിടെ ആപ്തവാക്യം. അതില്‍ കറുപ്പേത്, ചാരമേത്, ചുവപ്പേത്, വെളുപ്പേതെന്നൊക്കെ ചുമ്മാ തപ്പിക്കൊണ്ടിരിക്കാമെന്നു മാത്രം. നിങ്ങള്‍ക്കുള്ള വിനോദം 'പാക്കേജ്ഡ്' ആയി ടെലിവിഷന്‍ വഴിയോ, മൈതാന പരിസരത്തോ റെഡിയാണ്. അതു 'തിന്നുക, ഉറങ്ങുക, കുടിക്കുക'. നിര്‍മ്മിതമായ പാക്കേജിന്റെ പരിണാമഗുപ്തി നിശ്ചയിക്കുന്നത് ‌കമ്പോള നിറങ്ങളില്‍ ചാരമാണോ, കറുപ്പാണോ, വെളുപ്പാണോയെന്നത് തീരുമാനിക്കാനുള്ള അവകാശമൊക്കെ (പ്രത്യേകിച്ചും സ്വകാര്യ ഉടമസ്ഥതയുള്ള കളിപ്പങ്കില്‍) പണ്ടേയ്ക്കു പണ്ടെ തീറെഴുതിക്കൊടുത്തുപോയിരിക്കുന്നു

Sunday, March 17, 2013

മര(ണം)

ഇപ്പോൾ താമസിക്കുന്ന വീടിന്റെ ‌മുൻവശത്തെ വരാന്തയ്ക്കു തണലായി ഒരു ആര്യ വേപ്പിന്റെ ചില്ലകളുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന ഒന്നാം നിലയുടെ ടെറസ്സിനോളം ഉയരമുള്ള ‌ആ മരത്തിൽ കാക്കകളല്ലാതെ മറ്റു പക്ഷികളൊന്നും വന്നിരിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വരാന്തയുടെ ചില ഭാഗങ്ങളിൽ വീഴുന്ന കക്കക്കാഷ്ഠം പലപ്പോഴും ‌ശല്ല്യമാകാറുണ്ട്. കഴിഞ്ഞ മഴയിൽ ഇതിന്റെ ഇലകൾ വീണു വരാന്തയിലെ പൈപ്പടഞ്ഞാണ് മുറിയിൽ ‌വെള്ളം കയറി കിടക്കയും, കുറെയധികം പുസ്തകങ്ങളും നാശമായത് (പ്രളയ സങ്കടം : http://devadasvm.blogspot.in/2012/08/blog-post_31.html) ഇതൊക്കെയാണെങ്കിലും ഒരടുപ്പം ഈ മരത്തോടുണ്ടായിരുന്നു. അതാണിന്നിങ്ങനെ വെട്ടി വീഴത്തപ്പെട്ടു കിടക്കുന്നത്. മാർച്ച് പാതിയായതേയുള്ളൂ. ചെന്നൈ ചൂട് "ഏപ്രിൽ മെയിലേ പശുമയേ ഇല്ലൈ" എന്ന കത്തിരി വെയിലിന്റെ പാട്ട് മൂളാൻ തുടങ്ങുന്നതേയുള്ളൂ. വരാന്തയിൽ ലാപ്ടോപ്പുമായി ഇതിന്റെ ചില്ലകളുടെ ചുവട്ടിൽ ചെറുകാറ്റുമേറ്റ് 'ഒരു മരം ഒരു കാവല്ല" എന്ന ബോധ്യത്തോടെ ഇരിക്കുമ്പോഴും ഒരു അനുഭവമൊക്കെയുണ്ടായിരുന്നു. അതൊക്കെ തീർന്നു. തണലും കാക്കക്കരച്ചിലും ഇലകൊഴിച്ചിലും ചെറുകാറ്റും പച്ചപ്പുമെല്ലാം...

Monday, January 28, 2013

വിശ്വരൂപം - മൗലികവാദവും, വർഗീയവത്ക്കരണവും.

കമലിന്റെ വിശ്വരൂപം ഞാനിതുവരെ കണ്ടിട്ടില്ല. തമിഴ്നാട്ടില്‍ സിനിമ റിലീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഹൈക്കോടതി കണ്ട ശേഷമേ പ്രദര്‍ശനാനുമതിയുള്ളൂ എന്നാണറിയുന്നത്. കമലിന്റെ ബ്രഹ്മാണ്ഡ സിനിമകളില്‍ അമിത പ്രതീക്ഷ വയ്ക്കുന്ന ഒരാളല്ല ഞാന്‍. എങ്കിലും ഒട്ടുമിക്കവയും കാണാറുണ്ട്, കൊമേഴ്സ്യൽ ത മിഴ് സിനിമയെന്ന രീതിയില്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ ഈയിടെ ഉയര്‍ന്നു വന്ന വിവാദം ഇരുതല വാളാകുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള വര്‍ഗീയതയുടെ ധാര്‍ഷ്ട്യം അനുവദിച്ചാല്‍ നാടിന്റെ മതനിരപേക്ഷത തകരുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ നയം എല്ലാക്കാര്യത്തിലും ബാധകമാണോ എന്നതാണ് വിഷയം. ഇന്നസെന്‍സ് ഓഫ് മുസ്ലിം എന്ന സിനിമ/വീഡീയോ പ്രചരിക്കുകയും, അതിനെ ഇസ്ലാം സംഘടനകള്‍ എതിര്‍ക്കുകയും ചെയ്തപ്പോള്‍ പ്രസ്തുത വീഡീയോ യൂട്യൂബില്‍ നിന്ന് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടത് മാറ്റാരുമല്ല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാക്ഷാല്‍ പ്രകാശ്‌ കാരാട്ടാണ്. വിശ്വരൂപം ഇസ്ലാം വിരുദ്ധമല്ലെന്നും, ഇ.ഓ.മുസ്ലിം ഇസ്ലാം വിരുദ്ധമാണെന്നും എങ്ങനെയാണ് തീര്‍പ്പുകല്‍പ്പിക്കാന്‍ പറ്റുന്നത്? അത് തീര്‍ത്തും സബ്ജകീവ് ആയ കാഴ്ചപ്പാടാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവും, പാഷന്‍ ഓഫ് ക്രൈസ്റ്റും , ഡാവിഞ്ചി കോഡുമെല്ലാം എതിര്‍ത്ത ക്രിസ്ത്യന്‍ സംഘടനകളുണ്ട്. ഇന്ത്യയില്‍ തന്നെ എത്രയോ സിനിമകള്‍ക്ക് ഹിന്ദു സംഘടനകള്‍ വിലക്കും, പ്രതിഷേധവും , അക്രമവുമെല്ലാം അഴിച്ചു വിട്ടിരിക്കുന്നു. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച സിനിമയ്ക്കെതിരെ പ്രതികരിച്ചവരില്‍ സിപിഎം നേതാവ് ശ്രീമതി ടീച്ചറുമുണ്ടായിരുന്നു എന്നാണോര്‍മ്മ. അപ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു പൊതുനയം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് വ്യക്തം.

വിശ്വരൂപത്തെ എതിർക്കുന്ന സംഘടകളെ എല്ലാം താലിബാൻ അനുകൂലികളാണെന്നു പ്രത്യക്ഷമോ പരോക്ഷമോ ആയി സൂചിപ്പിക്കുന്ന പ്രതികരണങ്ങൾ സൈബറിടത്തിലും, മറ്റിടങ്ങളിലും കണ്ടു.
# ഇടതുവലതു സംഘടകൾ പത്ര-ചാനൽ ഓഫീസുകൾക്കു നേരെ കല്ലെറിഞ്ഞാൽ അത് അക്രമം.
# വിശ്വരൂപത്തെ എതിർക്കുന്ന സംഘടകൾ തീയേറ്ററിനു നേരെ കല്ലെറിഞ്ഞാലതു താലിബാനിസം.
# ഇടതുവലതു സംഘടനകൾ ബന്ദിന്റെയന്നു ബസ്സിന്നു കല്ലെറിഞ്ഞാലോ , വാഹനങ്ങൾക്കു തീവച്ചാലോ അത് അക്രമം.
# പ്രസ്തുത നടപടി മദനിയിലോട്ടോ, സൂഫിയാ മദനിയിലോട്ടോ ആരോപിച്ചാലുടനെയത് തീവ്രവാദം.
എന്ന കുയുക്തി അത്ര പെട്ടന്ന് വിഴുങ്ങാവുന്നതല്ല. മതചിഹ്നങ്ങളെ, ആശയങ്ങളെ, സൂറത്തുകളെ , അറബിക് ലിപികളെ വരെ പശ്ചാത്തലമാക്കി ഇസ്ലാമോഫോബിയക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ പക്ഷ സിനിമയാണിതെന്നാണ് സിനിമ കണ്ടോ, കാണാതെയോ ഇതിനെയെതിർക്കുന്ന സംഘടനകൾ പറയുന്നത്. അത് ഫണ്ടമെന്റലിസമാണ് ; തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ സിനിമയിൽ താലിബാനോ, ഉസാമയോ, മുല്ലാ ഉമറോ ഒക്കെ പ്രമേയമാണെന്നു കരുതി സിനിമയെ എതിർക്കുന്ന സംഘടനകൾ താലിബാനെ പിന്തുണയ്ക്കുന്നു എന്ന് അടച്ചൊരാരോപണമുന്നയിക്കുന്നതിലും പർവ്വതീകരണത്തിന്റെ വലിയ അപകടമുണ്ട്. ബിൻലാദൻ മരിച്ചപ്പോൾ രക്തസാക്ഷിയെന്നു ലേബലൊട്ടിച്ച് വാരികയിറക്കിയതിനും, അതതു കാലങ്ങളിൽ തങ്ങളെടുത്ത മൗലികവാദ സമീപനങ്ങളുടേയുയും, അക്രമങ്ങളുടേയുമൊക്കെ ആകെത്തുകയാണ് ഈ പർവ്വതീകരണത്തിനു സാധ്യതയൊരുക്കിയതെന്ന് പ്രസ്തുത സംഘടനകളും ചിന്തിക്കുന്നത് നന്നായിരിക്കും.

തീയേറ്ററിൽ പ്രദർശിപ്പിക്കാനനുവദിക്കാതെ ഈ സിനിമയെ എതിർക്കുന്ന മൗലികവാദ സംഘടകളോട് ഒരു തരിമ്പും യോജിപ്പില്ല. എന്നാൽ സിനിമ എന്ന കലാരൂപത്തിന്റെ ആസ്വാദനം തന്നെ സബ്ജക്റ്റീവ് ആയതിനാൽ ഇത് മതവിരുദ്ധമാണോ, അല്ലയോയെന്ന്  തീർപ്പുകൽപ്പിക്കാൻ ഉപകരണങ്ങളില്ല. ഇനി ആണെങ്കിൽ തന്നെയും സിനിമ കണ്ട ശേഷം ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധമോ, വിമർശനമോ, പ്രതികരണമോ ആകുന്നതാണുചിതം. പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇമ്പീരിയലിസ്റ്റ് സിനിമ ഇസ്ലാമോഫോബിയയെ അനുകൂലിക്കുന്നുവെങ്കിൽ തന്നെ അതിനെതിരെ പ്രതിഷേധിക്കാൻ ഇതിലും മികച്ച ഒരുപാട് മാർഗങ്ങളുണ്ട്; പ്രദർശനം അനുവദിച്ചുകൊണ്ട് തന്നെ തീയേറ്ററിനു വെളിയിൽ പ്രതിഷേധം നടത്തുന്നതുൾപ്പെടെ. മൗലികവാദ സമീപനമല്ല; മറിച്ച് ജനാധിപത്യ രീതികളാണ് മറുപടിയായുണ്ടാകേണ്ടത്. എന്നാൽ മൗലികവാദത്തോളമെത്തുന്ന സംഘടനകളുടെ എതിർപ്പിനെ താലിബാനിലോട്ടു കെട്ടാൻ കയറും കുറ്റിയുമെടുക്കുന്ന ഉടന്തടി പ്രതികരണങ്ങളുടെ ബ്ലാക്ക്&വൈറ്റ് തീർപ്പിനോടും ഒട്ടും യോജിപ്പില്ലെന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.

Friday, January 25, 2013

Insomnia മൂന്നാംപക്കം അഥവാ (അ)രാഷ്ട്രീയം

അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ പിന്നെ വയറു നിറയെ തിന്ന് അൽപം മദ്യപിച്ച് ചുരുണ്ടു കൂടി കിടന്നുറങ്ങുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു. ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അസുരനിഗ്രഹവും, വിവാഹവും, വനവാസവുമൊക്കെയായി ജേഷ്ഠനെ അനുഗമിച്ച ലക്ഷ്മണൻ ബലാതിബല മന്ത്രങ്ങളാൽ വിശപ്പും, ദാഹവും ഒഴിവാക്കി. വനവാസകാലത്ത് ജേഷ്ഠനേയും, ജേഷ്ഠപത്നിയേയും സംരക്ഷിക്കുന്ന ദൗത്യമേറ്റതിനാൽ 14 വർഷത്തേയ്ക്ക് നിദ്രാദേവിയുമായി ഉടമ്പടി വച്ചത്രേ! 14 വർഷം ഉറക്കമില്ലാതെ കാവലു നിന്നു, യാത്ര ചെയ്തു, ‌മര്യാദ വെടിഞ്ഞു സ്ത്രീയെ ആക്രമിച്ചു , തെറ്റും ശരിയും നോക്കാതെ ജേഷ്ഠകൽപ്പനകൾ ശിരസ്സാ വഹിച്ചു, യുദ്ധം ചെയ്തു. എന്നിട്ടോ ജീവിതത്തിലേറ്റവും കൂടുതലായി താൻ ആഗ്രഹിച്ച നിമിഷമായ ശ്രീരാമ പട്ടാഭിഷേകം നടക്കുന്നയന്ന് ഉടമ്പടി തീർന്നതിനാൽ ചിരിച്ചുകൊണ്ട് മയക്കത്തിലാണ്ടു. രാമൻ കിരീടം ധരിക്കുമ്പോൾ ലക്ഷ്മണൻ മയക്കത്തിലേയ്ക്ക് ‌വഴുതി വീഴുകയായിരുന്നത്രേ! കുംഭകർണ്ണനങ്ങനെയായിരുന്നില്ല വേദശാസ്ത്രശസ്ത്ര വിദ്യകൾ ഗ്രഹിച്ചു അറിവുള്ളവനായി, മന്ത്രം ജപിച്ചു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, വികടസരസ്വതീ കടാക്ഷം വാങ്ങി. ലങ്കയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ മൂക്കുമുട്ടെ തിന്നു, ബോധം മറയുന്നതു വരെ മദ്യപിച്ചു, പിന്നെ കൂർക്കം വലിച്ചു കിടന്നുറങ്ങി. രാവണൻ സീതയെ അപഹരിച്ചപ്പോഴും, ഹനുമാൻ ലങ്ക കത്തിച്ചപ്പോഴുമെല്ലാം ഉറങ്ങിക്കൊണ്ടേയിരുന്നു. ഉറക്കം മുറിച്ചെഴുന്നേറ്റപ്പോൾ തെറ്റു ചെയ്ത ജേഷ്ഠനോട് തർക്കിച്ചു. തിരുത്താനാവില്ലെന്നു കണ്ട് ‌ആക്കറ്റം മദ്യപിച്ച് തന്നാൽ കഴിയാവുന്ന വിധം‌ യുദ്ധം ചെയ്തു മരിച്ചു. ജീവിത വിജയം അളക്കുകയെന്നത് മാപിനികളുടെ പരാജയമാണ്. ആയതിനാൽ തന്നെ ‌ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ, 'വല്ല്യേട്ടൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു'വെങ്കിൽ  വിശേഷിച്ചും...

Tuesday, October 9, 2012

എൻ.എസ് മാധവനോട്...

(ചിത്രത്തിനു കടപ്പാട് മലയാളമനോരമ) 
ഇത്രയധികം പ്രഖ്യാപകമായ ‌വാചകങ്ങൾ എൻ.എസ്. മാധവന്റെ പ്രസംഗത്തിൽ ഉണ്ടാകാനിടയുണ്ടോ എന്ന് വാർത്ത വായിച്ച ശേഷവും സംശയം ബാക്കിയുണ്ട്. പ്രസംഗത്തിൽ പറയുന്നതല്ലല്ലോ പലപ്പോഴും കേട്ടെഴുത്തുകളിൽ കാണാറുള്ളത്. അതിനാൽ സംശയത്തിന്റെ ആനുകൂല്യം മാധവന് നൽകിക്കൊണ്ടു തന്നെ ചിലത് സൂചിപ്പിക്കാനുണ്ട്.

1) സമകാലിക സംഭവങ്ങൾ സാഹിത്യ വിഷയമാക്കുന്നത് പത്രപ്രവർത്തനമാണ്:
ഭേഷ്... ഇന്ത്യാ-പാക്ക് വിഭജന ശേഷിപ്പിന്റെ ആകുലതകൾ, ഇന്ദിരാഗാന്ധി വധത്തിനു ശേഷമുള്ള സിക്ക് കൂട്ടക്കൊല, സോവിയറ്റ് യൂണിയന്റെ പതനം, ബാബറി മസ്ജിദ് തകർക്കപ്പെട്ടത്, ഗുജറാത്ത് കലാപം, നക്സൽ നേതാവ് കിഷൻജിയുടെ വധം എന്നിങ്ങനെ ഒട്ടൊരുപാട് സമകാലിക വിഷയങ്ങൾ ആസ്പദമാക്കി ചെറുകഥകൾ രചിച്ചയാളാണ് ഈ പറയുന്നത്.

2) വ്യവസായവൽക്കരണമാണ് ചെറുകഥയെ കൊന്നത്:
വ്യവസായവൽക്കരണത്തിനു മുമ്പ് ചെറുകഥ എഴുത്തെന്നത് കുടിൽ‌ വ്യവസായമായിരുന്നോ? ഇനി 'കൊന്നത്' എന്ന് പറയാൻ നാഡി-ഹൃദയ-മിടിപ്പുകളും ശ്വാസവും പരിശോദിച്ച്  ചെറുകഥ ചത്തോ എന്ന് തീർപ്പാക്കാനും കഴിയുമെന്നോ? വ്യവസായ-കമ്പോള-വൽക്കരണങ്ങളുടെ ആശങ്കകളും, ആകുലതകളും, പാർശ്വവൽക്കരണവും പേറുന്ന കഥകളല്ലേ പുതിയ കഥകൾക്ക് ഊർജ്ജവും, ഉറവിടവുമാകുന്നത്? അതു കാണാതിരിക്കാൻ മാത്രം അദ്ദേഹത്തിന്റെ വായനാ ശീലം മുരടിച്ചെന്നോ?

3) എഴുത്തുകാരുടെ മടി നോവലിന്റെ കഥ കഴിക്കും:
വാസ്തവമാണ്. ലന്തൻ‌ബത്തേരിയ്ക്കു ശേഷം താൻ ഒരു നോവൽ‌ രചനയിലാണെന്ന് എതാനും വർഷങ്ങളായി അദ്ദേഹം പറഞ്ഞു തുടങ്ങിയിട്ട്. ഇതുവരെ പുറത്തു വന്നു കണ്ടില്ല.

4) പഴയകാല റഷ്യൻ നോവലുകളിൽ നിന്നു ഭിന്നമായി പുതിയ എഴുത്തിൽ സംഭാഷണം കൂടുന്നു:
Where Will Literature Go From Here? എന്ന വിഷയത്തിൽ എഡിൻബർഗിൽ നടന്ന സമ്മേളനത്തിൽ‌ വച്ച് ‌പ്രശസ്ത സാഹിത്യകാരൻ ബെൻ‌ ഓക്രി പറഞ്ഞതിപ്രകാരമാണത്രേ.
The final day of the conference was about “The Future of the Novel,” and it all looked bleak as writers discussed the possibility of the novel’s death at the hands of more interesting story-delivery devices. Unable to bear the obituary of the novel, the Nigerian writer Ben Okri said that the novel was still young and that it has a long way to go. Africans, he said, believe their stories have yet to be told. Indians, too, feel that way. And they will tell their stories — in a language that they consider at once foreign and their own.
ഇന്ത്യക്കാരനും, ആഫ്രിക്കക്കാരനുമൊക്കെ ‌പുതിയ മാതൃകയും ഭാഷയും ശൈലിയും തേടണമെന്നാണ് സൂചന. റഷ്യൻ‌ നോവലുകളെ മാതൃകയാക്കുന്ന ഏർപ്പാടൊക്കെ ‌കാലം‌ കടന്നു പോയെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

5) എ‌ല്ലാവരും കവികളാകുന്ന കാലം:
കാർബൈഡു വച്ച് പഴുപ്പിക്കുന്ന ശൈലിയിൽ വെട്ടുവഴിക്കവിതകൾ അഹമഹമിഹയാ  അച്ചടിയിൽ ‌വന്നതിലുള്ള നീരസം രേഖപ്പടുത്തലൊക്കെ മനസിലാക്കാം; കവിതകൾ മുദ്രാവാക്യങ്ങളാകുന്നതിന്റെ പ്രശ്നങ്ങളുണ്ട്. അക്കാര്യത്തിൽ മാധവന്റെ അഭിപ്രായത്തോട് മുക്കാലേ മുഴുവനും യോജിക്കുകയും ചെയ്യുന്നു. പക്ഷേ അതിന്റെ സാമാന്യവൽക്കരിച്ച് ഇത്രേടം വരെയെത്തിക്കണമായിരുന്നോ? സത്നാം സിങ്ങിന്റെ മരണവും കവിതയ്ക്കു വിഷയമാകുന്നു എന്ന് അൽപം പരിഹാസത്തോടെ മാധവൻ സൂചിപ്പിക്കുമ്പോൾ മരിച്ച സ‌ത്നാം സിങ്ങും ‌കവിതകളിലൂടെ  പ്രതികരിച്ചിരുന്നു എന്നത് മറന്നു പോകരുത്.
[ http://aksharamonline.com/poetry/satnam-singh-maan/fight-for-freedom ]

വീണ്ടും കേട്ടെഴുത്തിന്റെ സംശയാനുകൂല്യത്താൽ ‌ഒരു ചോദ്യം. ഈ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇന്റെർനെറ്റിലെങ്ങാനുമുണ്ടോ? ഉണ്ടെങ്കിൽ ലിങ്ക് പ്ലീസ്...

ലേബൽ : വായനക്കാരനായി തന്നെ അഥവാ വായനക്കാരനായി മാത്രം

Sunday, October 3, 2010

വിശ്വസ്തതയോടെ, ചെന്നായ

ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ല. ഈ നശിച്ച ആട്ടിരുന്‍ തോലുകളാണ് ഞങ്ങളെ കുഴപ്പത്തിലാക്കുന്നത്. ആട്ടിന്‍ തോലുകളില്ലാത്ത ഒരു ലോകത്തെപ്പറ്റിച്ചിന്തിച്ചു നോക്കൂ, അവിടെ ഞങ്ങള്‍ ചെന്നായ്ക്കള്‍ എത്ര പാവങ്ങളായിരിക്കും. പെണ്ണാടുകളെ നിരന്തരം പെറീപ്പിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍, കുഞ്ഞാടിനെ മാറ്റിനിര്‍ത്തി അകിടില്‍ പിടിച്ചു വലിക്കുന്ന കറവക്കാരന്‍ , ദൈവനാമത്തിലോ അല്ലാതെയോ കഴുത്തറക്കുന്ന കശാപ്പുകാരന്‍, വേവിച്ച മാംസക്കഷ്ണങ്ങള്‍ ഇളക്കിമറിയ്ക്കുന്ന കുശിനിക്കാരന്‍, നെയ്മണമുള്ള ആട്ടിന്‍ മാംസം ചവച്ചരച്ചുക്കുന്ന തീറ്റക്കാര്‍, ചെവിടില്‍ കടുകുമണി വാരിയിട്ട് ആട്ടിന്‍ തലകുലുക്കം കണ്ടു രസിക്കുന്ന കുട്ടികള്‍, ആര്‍ത്തി കൂടിയതിനാല്‍ മുറിച്ചെടുക്കാതെ ചിലപ്പോള്‍ രോമം പറിച്ചെടുക്കുന്ന കച്ചവടക്കാര്‍ എന്നിവര്‍ക്കൊന്നുമില്ലാത്ത ക്രൂരത.. എന്തിനേറെ മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരനക്കിക്കുടിയ്‌‌ക്കുന്ന ഈസോപ്പുകഥയിലെ കുറുക്കന്റെ പോലും ക്രൂരതയെ പൂഴ്ത്തിവെച്ചുകൊണ്ടാണ് വെറുമൊരു ആട്ടിന്‍ തോലണിഞ്ഞതിന് ഞങ്ങളീ പഴി മുഴുവന്‍ കേള്‍ക്കുന്നത്. പേരില്‍ ഒരു “ചെ” കൂടിപ്പോയതു കൊണ്ടുമാത്രം കാട്ടിലെ മറ്റു നാല്‍ക്കാലികളെപ്പോലെ തന്നെ ജീവിക്കുന്ന ഞങ്ങളെ വിശ്വസിക്കാന്‍ കൊള്ളാത്ത ഇരുള്‍ പോരാളികളായി മാറ്റുന്നതും, ഞങ്ങള്‍ ആട്ടിന്‍ തോലണിയുമെന്ന് കളവുപറയുന്നതും രാഷ്ട്രീയപരമയാ അടവുനയമാണ്. രാഷ്ട്രീയത്തെക്കുറിച്ച് പറയില്ല, പറയില്ല എന്ന് ഒരു നൂറു തവണ കുരച്ചാണയിട്ടതാണെങ്കിലും - നിങ്ങള്‍ വല്ലാതെ രാഷ്ട്രീയം കളിക്കുന്ന ഈ സാഹചര്യത്തില്‍ - അല്‍പ്പം രാ‍ഷ്ട്രീയപരമായല്ലാ‍തെ സംസാരിക്കാന്‍ വയ്യ. എത്ര അരാഷ്ട്രീയവാദിയായാലും രാഷ്ട്രീയം എന്റെയൊക്കെ ജീവിതത്തില്‍ കയറി അങ്ങ് ‘ഇടപെട്ടുകളയും’ എന്ന പേടി കൊണ്ടും അല്ല; മറിച്ച് തീര്‍ത്തും രാഷ്ട്രീയ ജീവികളായ ആടുകളെ നിങ്ങള്‍ അരാഷ്ട്രീയമായി ഒരു മാതിരി ‘ആടെന്ത് അങ്ങാടിയറിഞ്ഞു’ മട്ടില്‍ ചിത്രീകരിക്കുന്നതു കൊണ്ടാണ്. ആടുകള്‍ അങ്ങാടിയറിയുന്നുണ്ട്. കുടമണി കെട്ടിയ നേര്‍ച്ചക്കൊറ്റന്മാര്‍ ആരെയും കൂസാതെ വഴിയോരക്കടകളില്‍ ചെന്ന് ഓഹരി കൈപ്പറ്റുന്നുണ്ട്, വിശന്നു വിപ്ലവകാരികളായ ചിലര്‍ ചുമരില്‍ പതിഞ്ഞ പോസ്റ്ററുകള്‍ പതിച്ച മൈദമാവു സഹിതം ചവച്ചരയ്ക്കുന്നുണ്ട്, ചൂണ്ടു പലകകളില്ലാതെത്തന്നെ മട്ടന്‍ ബിരിയാണിയുടെ മണം ഹോട്ടലിലേക്കുള്ള നാടപ്പാതയില്‍ തിരക്കുകൂട്ടുന്നുണ്ട്, വഴിവക്കിലെ ആട്ടിന്‍ കാട്ടം ചവിട്ടാതെ വൃത്തിയാല്‍ തെന്നി നടക്കുന്നവര്‍ ആയുര്‍വേദ മരുന്നുകടയില്‍ ചെന്ന് അജമാംസ രസായനത്തിന് വിലകൊടുക്കുന്നുണ്ട്. അതിനാല്‍ മണിമണികളായി ചിതറിക്കിടക്കുന്ന ആട്ടിന്‍ കാട്ടവും, രൂക്ഷഗന്ധമുള്ള മൂത്രഗന്ധത്തിന്റെ നനവുപടര്‍പ്പും കണ്ട ശേഷവും ആടുകിടക്കുന്നിടത്ത് പൂടപോലുമില്ലെന്ന ന്യായം പറയരുത് . 

ഇനി ഞങ്ങളത്ര നന്മയുള്ളവര്‍ അല്ലെന്നു തന്നെ ഇരിക്കട്ടെ, പക്ഷെ നിങ്ങള്‍ ഞങ്ങളെ പ്രലോഭിപ്പിക്കുന്നതെന്തിന്? എന്ത്? ഇല്ലെന്നോ, നിങ്ങള്‍ ഞങ്ങളെ പ്രലോഭിപ്പിച്ചില്ലെന്നോ? ചുമ്മാ അങ്ങു പറഞ്ഞൊഴിയാതെ. ശബ്ദവും, ദൃശ്യവും ഒക്കെ രേഖപ്പെടുത്തി വെയ്ക്കുന്ന ഈ കാലത്ത് രാഷ്ട്രീയക്കാര്‍ക്കും, സിനിമാക്കാര്‍ക്കുമെല്ലാം സ്വന്തം വായീന്നു വീണ വാക്കുകളെ തള്ളിപ്പറയാന്‍ കഴിയാതെയായിട്ടുണ്ട്. അതുകൊണ്ട് നിഷേധിക്കുന്നതിന് മുന്നെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ആദ്യമായി തോമസ് ആല്‍വാ എഡിസന്‍ റെക്കോര്‍ഡു ചെയ്ത നഴ്സറിപ്പാട്ടെങ്കിലും ഓര്‍മ്മകാണുമല്ലോ?
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു കുഞ്ഞാട്..
വാസ്തവം പറഞ്ഞാല്‍ നാവില്‍ കൊതിയൂറുന്നുണ്ട്; അത് ജൈവീകവാസനയാണ് നാട്ടുനായ്ക്കളേ...) നിങ്ങള്‍ക്കു ചുമ്മാ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന് പറഞ്ഞാല്‍ പോരേ? എന്തിനാണ് അതിന്റെ മേനിക്കൊഴുപ്പിനെക്കുറിച്ച് വര്‍ണ്ണിക്കുന്നത്? നിങ്ങള്‍ മൃഗഭോഗികള്‍ ഒന്നുമല്ലല്ലൊ. പിന്നെന്തിനാണ് ഒരു കൂട്ടിക്കൊടുപ്പുകാരന്റെ അശ്ലീലതയോടെ ആടിന്റെ മേനിക്കൊഴുപ്പിനെക്കുറിച്ചു പറഞ്ഞ് ഞങ്ങളെ പ്രലോഭിപ്പിക്കുന്നത്? എന്നിട്ടും നിര്‍ത്തുന്നുണ്ടോ എന്നു നോക്കിക്കേ. 
പാല്‍നുര പോലെ വെളുത്താട്
പഞ്ഞി കണക്കുമിനുത്താട്
പക്കാ പ്രൊഫഷണലുകളായ വെളുത്ത വിദേശികളെ വെച്ചു ഷൂട്ട് ചെയ്ത ഒരു ഹാര്‍ഡ്കോര്‍ പോ(ര്‍)ണ്‍ മൂവിയുടെ സകലമാന അശ്ലീലതയും ആ വരികളിലില്ലേ? മേരിയും, അവളുടെ ഒരു നശിച്ച കുഞ്ഞാടും. അതെങ്ങനാ… എല്ലാത്തിനും ചേര്‍ത്ത് ആ മേരിയെ പറഞ്ഞാല്‍ മതിയല്ലോ. അവള്‍ക്കുള്ളത് ആടായാലും, 'ഇടയനാ'യാലും കുഴപ്പക്കാരായിരിക്കും. അത് മൂന്നരത്തരം… എല്ലാത്തിനുമുള്ളത് ഞാന്‍ വെച്ചിട്ടൊണ്ട്. തല്‍ക്കാലം നിര്‍ത്തുന്നു...

വിശ്വസ്തതയോടെ, 
ചെന്നായ

Wednesday, February 3, 2010

കൊച്ചിന്‍ ഹനീഫ

 
(c) ml.wikipedia.org


ഡയലോഗുകളിലൂടെയാണ്‌ നാം കൊച്ചിന്‍ ഫനീഹയെ ഓര്‍ക്കാന്‍ പോകുന്നത്. സ്വന്തം കഥാപാപാത്രങ്ങളെയും, സിനിമയേയും തിരിച്ചറിയാന്‍ ഉള്ള സിഗ്നേച്ചറുകളാണ്‌ ഹനീഫയുടെ ഡയലോഗുകള്‍ (ഒരു പക്ഷേ എഴുതുന്നത് മറ്റൊരാള്‍ ആണെങ്കില്‍ കൂടെ). പഴയകാല ബലാല്‍‌സംഘ വില്ലന്റെ രൂപം ഓര്‍ത്തെടുക്കാന്‍ തന്നെ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കുന്നു. ഓര്‍മ്മകള്‍ക്കു മേല്‍ ഹൈദ്രോസ് ചട്ടമ്പിയുടെ തുരുമ്പിച്ചു മൂര്‍ച്ചയില്ലാത്ത കത്തി പിടിവരെ ഇറങ്ങിയിട്ടുണ്ട്. നിഷ്ക്കളങ്കനായ അമ്മാവന്‍ , കെടുകാര്യസ്ഥനായ മാനേജര്‍, മണ്ടന്‍ പോലീസ്, ഭീരുവായ ഗുണ്ട‍....കൊമേഴ്സ്യല്‍ സിനിമകളില്‍ സ്വന്തം ഇടം ഫനീഫ തീര്‍ച്ചപ്പെടുത്തിയിരുന്നു. മുഖ-ശരീര രൂപത്തില്‍ ഒരുതരം 'ദ്രാവിഡ വഷളത്തം' ധ്വനിപ്പിക്കുന്ന ബോഡി ലാന്‍‌ഗ്വേജ് ആയിരുന്നു ഹനീഫയുടേത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാ. ചന്ത്രക്കാറന്‍ , സൂരി നമ്പൂതിരി എന്നീ കഥാപാത്രങ്ങള്‍ക്കൊക്കെ പ്രോട്ടൊടൈപ്പ് ആക്കാവുന്ന തരത്തിലുള്ള രൂപപ്രകൃതി(അത് ഒരിക്കലും മോശമെന്നല്ല).


ഹനീഫയുടെ ചില സിഗ്നേച്ചര്‍ ഡയലോഗുകള്‍
(കടപ്പാട് : സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട മെയില്‍ ത്രെഡിനും, ഫേസ്ബുക്ക് കമെന്റുകള്‍ക്കും‌)

""കീരിക്കാടന്‍ ചത്തേയ്... /   എന്താടാ പന്നീ? കുത്തി മലത്തിക്കളയും ഞാന്‍ "
- ഹൈദ്രോസ് ചട്ടമ്പി (കിരീടം)

"ആശാനേ... ഈ കാലുകള്‍ എന്റേതാണ്‌ ആശാനേ..."
- എല്‍‌ദോ (മാന്നാര്‍ മത്തായി സ്പീക്കിംഗ്)

"മത്തയും, കുമ്പളവും അടുത്ത് നടരുത്. മത്ത കുത്തിയാല് കുമ്പളം മുളയ്ക്കില്ല"
- പെടലി  (മീശമാധവന്‍)

"പിള്ളേച്ചാ, നമുക്ക്  തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ? / പിള്ളേച്ചാ, ശവത്തില്‍ കുത്തരുതേ...." - പെടലി (മീശമാധവന്‍ )


"അവന്‍ ശരിക്കും ഊമയാണ്, നമ്മളെ പറ്റിക്കാന്‍ വേണ്ടി സംസാരിക്കണ പോലെ ആക്റ്റ് ചെയ്യേണ്"
- ബോട്ട്മുതലാളി (പഞ്ചാബി ഹൗസ്)

"നിനക്കങ്ങനെയൊക്കെ പറയാം .. ഞാന്‍ കോഴിക്കോട് ചോദിക്കും. ജബജബജബ.." - ബോട്ട്മുതലാളി (പഞ്ചാബി ഹൗസ്)

"ഈ വര്‍ത്തമാനം പറയാത്ത ഭൂതത്തിന്റെ കയ്യിലാ ഇനി നമ്മുടെ ഭാവി" - ബോട്ട്മുതലാളി (പഞ്ചാബി ഹൗസ്)

"ഇവനെയാണോ നീ സുന്ദാരാന്ന് വിളിച്ചത്..."
- ഇന്‍സ്പെക്ടര്‍ വീരപ്പന്‍ കുറുപ്പ് (പറക്കും തളിക)

"നീ ധാരാവീ... ധാരാവീ എന്ന് കേട്ടിട്ടുണ്ടോ..." - ടാക്സി ഡ്രൈവര്‍ (പുലിവാല് കല്യാണം)

"മണവാളന്റെ അച്ഛനാണൊ? കണ്ടാൽ പറയില്ല..ഒരു ഛായയുമില്ല" – ടാക്സി ഡ്രൈവര്‍ (പുലിവാൽക്കല്യാണം)

"ആദ്യത്തെ കൊലയായത് കൊണ്ട് അപ്പൊ തന്നെ ആള്‌ ചത്തു..പരിചയക്കുറവേ"
- മാനേജര്‍ (തുറുപ്പ് ഗുലാൻ)

"...അപ്പത്തന്നെ സെര്‍ട്ടീട്ടും തന്നു. കിട്ടുണ്ണി എലിഫന്റ് ബി.എ"
- ആനപ്പാപ്പാന്‍ കിട്ടുണ്ണി (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക)

"അത് അവിടുന്ന് എടുക്കുമ്പോള് നിന്റെ കയ്യിലല്ലേ ഉള്ളത്. അത് നിന്റെ കയ്യിലുണ്ടെന്ന് മറ്റാരും അറിയരുതെന്നാ അച്ചായന് പറഞ്ഞത്. മനസിലായോ?"
-അച്ചായന്‍  (കാക്കക്കുയില്‍)

“ദേ സായിപ്പേ... ദിസീസ് എ വാഷിങ്ങ് സോപ്പ്.... നോട്ട് കുളിക്കത്സ്....!”
-ഫിലിപ്പോസ് അങ്കിള്‍ (സ്വപ്നക്കൂട്..)

*
ഹനീഫയ്ക്ക് വിട !!!
 

(c)2009 Devadas V.M [ vm.devadas@gmail.com ]