Thursday, May 16, 2013

ഹൗസാറ്റ്!!!

ബീലാത്തിയിലെ പ്രഭുക്കന്മാരുടെ ഒഴിവു സമയ വിനോദത്തില്‍ നിന്ന് കാലമേറെ കടന്ന്  രൂപാന്തരങ്ങള്‍ക്കു വിധേയമായി 20-20യിലെത്തി നില്‍ക്കുന്ന ക്രിക്കറ്റ് എന്ന കളി വെറും വിനോദമോ, കളിയോ അല്ലെന്ന് ഇനിയും തിരിച്ചറിവായിട്ടില്ലേ? കാശിന് ടിക്കറ്റു വാങ്ങി കളികാണുന്ന മൈതാനത്തിലൊതുങ്ങുന്നതല്ല അതിന്റെ കമ്പോള പരിസരം. ടീം-ലേലം, ചാനല്‍ റൈറ്റ്സ്, പരസ്യം, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കമ്പോളശിഖയുടെ കീഴെ വരുന്നതാണ് വാതുവയ്പ്പും ഒത്തുകളിയുമെല്ലാം. കാണുന്നവര്‍ക്ക് വേണ്ടത് ഹരംകൊള്ളിക്കുന്ന വിനോദമാണെങ്കില്‍, ആ വിനോദം പകരുന്ന പ്രക്രിയയില്‍ സ്വാഭാവികമായ പരിണാമഗുപ്തി, അസ്വഭാവികമായ പരിണാമഗുപ്തി എന്നിവ തേടുന്നതില്‍ ‌വലിയ കാര്യമൊന്നുമില്ല. നൈതികത, ധാര്‍മ്മികത... എന്നൊക്കെ പറയാമെങ്കിലും കാശ് വാരാനാകുന്ന ഈ കുളത്തില്‍ ചിലര്‍ മീന്‍ വലയെറിഞ്ഞു പിടിക്കും, ചിലര്‍ നഞ്ഞു കലക്കി പിടിക്കും, ചിലര്‍ ചാട്ടുളിയെറിഞ്ഞു പിടിക്കും. ചെന്നൈയിലിരുന്ന് ‌ഒരാള്‍ കുടിക്കുന്ന കോളയിലെ ഐപിഎല്‍ സ്റ്റിക്കറിലും, മുംബൈയിലെ ഒരു പബില്‍ ഇത്രകുപ്പി ബിയറും വലിയ സ്ക്രീനില്‍ കാഴ്ചയുമെന്ന്  വാഗ്ദാനം ചെയ്യുന്ന പാക്കേജിലും, ദില്ലിയിലെ ഒരു വ്യവസായിയുടെ ബാങ്ക് ട്രാന്‍സാക്ഷനിലെ സ്പോണ്‍സര്‍ തുകയിലും, കളിക്കാര്‍ക്കും കാണികള്‍ക്കുമായുള്ള യാത്രാസൗകര്യത്തിനൊരുങ്ങുന്ന വിമാനങ്ങളുടെ വരുമാനത്തിലും, ബോളിവുഡു താരങ്ങളുടെ കോള്‍ഷീറ്റിലും വരെ മാറ്റങ്ങളുണ്ടാക്കുന്ന കളിക്കമ്പത്തിന്റെ കമ്പോള പ്രതിനിധാനം അധോലോകത്തിനു മാത്രമെന്തിന് അന്യമാകണം?  "കമ്പോളമാണ് മാര്‍ഗം, കമ്പോളമാണ് ശരി, കമ്പോളമാണ് സര്‍വ്വം" എന്നതാകുന്നു ഇവിടെ ആപ്തവാക്യം. അതില്‍ കറുപ്പേത്, ചാരമേത്, ചുവപ്പേത്, വെളുപ്പേതെന്നൊക്കെ ചുമ്മാ തപ്പിക്കൊണ്ടിരിക്കാമെന്നു മാത്രം. നിങ്ങള്‍ക്കുള്ള വിനോദം 'പാക്കേജ്ഡ്' ആയി ടെലിവിഷന്‍ വഴിയോ, മൈതാന പരിസരത്തോ റെഡിയാണ്. അതു 'തിന്നുക, ഉറങ്ങുക, കുടിക്കുക'. നിര്‍മ്മിതമായ പാക്കേജിന്റെ പരിണാമഗുപ്തി നിശ്ചയിക്കുന്നത് ‌കമ്പോള നിറങ്ങളില്‍ ചാരമാണോ, കറുപ്പാണോ, വെളുപ്പാണോയെന്നത് തീരുമാനിക്കാനുള്ള അവകാശമൊക്കെ (പ്രത്യേകിച്ചും സ്വകാര്യ ഉടമസ്ഥതയുള്ള കളിപ്പങ്കില്‍) പണ്ടേയ്ക്കു പണ്ടെ തീറെഴുതിക്കൊടുത്തുപോയിരിക്കുന്നു

1 comments:

ശ്രീ said...

ശരി തന്നെ. വേറൊന്നും ആലോചിയ്ക്കാതെ... അതാലോചിച്ച് ടെന്‍ഷനടിയ്ക്കാതെ സമയം കളയാന്‍ വേണ്ടി കളി കാണുന്നവര്‍ക്ക് മാത്രം (ആസ്വദിച്ച്) കളി കാണാം എന്നായിരിയ്ക്കുന്നു അവസ്ഥ!

 

(c)2009 Devadas V.M [ vm.devadas@gmail.com ]