Monday, September 13, 2010

ചതുർമാനം



The worst thing for a man, who spends a lot of time alone is lack of imagination. 
Life, which is already boring and repetitive becomes deadly dull when imagination is missing.
- From the movie ‘The consequences of love’

കീബോര്‍ഡിലെ ഡൗണ്‍-ആരോ കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌, മോണിട്ടറില്‍ മുകളിലേയ്ക്കു വലിഞ്ഞപ്രത്യക്ഷമാകുന്ന അക്ഷരക്കൂട്ടങ്ങളില്‍ എന്തോ ചികഞ്ഞ്‌, ഒട്ടൊരു അസ്വസ്ഥതയോടെ തലയ്ക്കു കൈ കൊടുത്തിരിക്കുന്നത് മായാശങ്കര്‍. വിദൂരമായ കാഴ്ചയില്‍ അയാള്‍ അവ്യക്തനാണെന്നതും, അവ്യക്തമായ നോട്ടത്തിലൂടെ അയാളുടെ വ്യക്തിത്വം ഊഹിക്കാന്‍ കഴിയില്ലെന്നതും കണക്കിലെടുത്ത് ഞാന്‍ ഒരല്‍പ്പനേരമെങ്കിലും നിങ്ങള്‍ക്കായി ഒരേസമയം ഒരു ദൂരദര്‍ശിനിയായും, അസ്ത്രമായും മാറുന്നു. സൌകര്യത്തിനായി നിങ്ങള്‍ക്ക് ഒരു കണ്ണ്‌ മറച്ചു പിടിക്കുകയോ, (വേണമെങ്കില്‍) കുത്തിപ്പൊട്ടിച്ച്‌ കളയുകയോ ചെയ്യാം; കാരണം ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ അത്തരത്തിലുള്ളവയാണ്‌.
ഒരറ്റത്ത്‌ സ്ഫടികം പതിച്ച പിച്ചളക്കുഴല്‍...
ഒരറ്റത്ത്‌ കൂര്‍ത്ത മുനയില്‍ വിഷം തേച്ച അസ്ത്രം...

(രണ്ടവസ്ഥകളിലും ഒന്നില്‍ കൂടുതല്‍ കണ്ണുകള്‍ കൊണ്ടുള്ള കാഴ്ചകള്‍ നിങ്ങളെ കുഴക്കുന്നുണ്ട്, ഇല്ലേ? അല്ലെങ്കില്‍ത്തന്നെ എല്ലാം ഒറ്റക്കണ്ണന്റെ സത്യങ്ങളല്ലേ?)

ഗ്രാസിയ ദലൈതയുടെ ചെറുകഥ ഇന്റര്‍നെറ്റില്‍ വായിച്ചു കൊണ്ടിരിക്കുന്ന മായാശങ്കര്‍ എന്ന കോളേജ്‌ അദ്ധ്യാപകനെ തന്നെയാണ്‌ ‘മായിന്‍‘ എന്ന തൂലികാനാമത്തില്‍ നിങ്ങള്‍ മുടങ്ങാതെ വായിച്ചു കൊണ്ടിരിക്കുന്നത്‌ (കണ്ടല്ലോ ഒറ്റക്കണ്ണിന്റെ ഗുണം). ‘ഞാന്‍ സാഹിത്യകാരനല്ല, വെറും അക്ഷര തൊഴിലാളിയാണ്‌‘ എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട് തന്റെ കസേര ഒരല്‍പം മാറിത്തന്നെ വലിച്ചിട്ടിരിക്കുന്ന മായിന്‍ ഉള്‍പ്പെടുന്ന സാഹിത്യകാരരുടെ നിര കണ്ടുകഴിഞ്ഞാല്‍ പിച്ചളക്കുഴലിന്റെ പാര്‍ശ്വത്തിലെ പല്‍ച്ചക്രം തിരിച്ച്‌ നിങ്ങള്‍ക്ക്‌ ഫോക്കസ്‌ മാറ്റാം. ഇപ്പോള്‍ വീണ്ടും തെളിയുന്നത്‌ അദ്ധ്യാപനം, ഭക്ഷണം, വിസര്‍ജ്ജനം, ഒഴിച്ചു കൂടാനാവാത്ത ചില യാത്രകള്‍ എന്നിവ മാറ്റി നിര്‍ത്തിയാല്‍ ഒരു യന്ത്രത്തിനു മുന്നില്‍ മറ്റൊരു യന്ത്രമെന്നതുപോലെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന മായിന്‍ തന്നെയായിരിക്കും. വാക്കിന്‍ കൊളുത്തുകളുടെ വലവിരിച്ച്‌, ജാലികാ സൗഹൃദത്തിന്റെ ഒരു നീണ്ടനിര തന്നെ സ്വന്തമാക്കി, അവരെയൊക്കെ കാക്കി യൂണിഫോം ധരിപ്പിച്ച്‌ അണിനിരത്തി, ഗാര്‍ഡ്‌-ഓഫ്‌-ഓണര്‍ സ്വീകരിക്കുന്ന ആ ചാന്‍സലര്‍ നിങ്ങള്‍ എന്ന പട്ടാളക്കാരന്‌ മുന്നിലെത്തുമ്പോള്‍ -നിങ്ങളുടെ അവഗണനയെ പോലും അവഗണിച്ച്‌- ഒരു 'ഹെയില്‍' വിളി തൊണ്ടയില്‍ മുഴങ്ങുന്നില്ലേ?

(ദലൈതയുടെ പ്രണയ കഥയിലെ നിരാശനായ പട്ടാളക്കാരനോട്‌ താദാത്മ്യം പ്രഖ്യാപിച്ച്‌, അസ്വസ്ഥമായി ചെവി തിരുമ്മുകയും, താടിയ്ക്കു കൈകൊടുത്തിരിക്കുകയും ചെയ്യുന്ന മടുപ്പിക്കുന്ന മധ്യവയസ്കന്‍ മായിന്‍ കാഴ്ചകള്‍ മാറ്റാനായി നിങ്ങള്‍ മായക്കാഴ്ച്ചകളിലേക്ക്‌ ഫോക്കസ്‌ ചെയ്യേണ്ടതുണ്ട്‌.)

ഭാര്യയുടെ ശരീരത്തിലെ സ്നിഗ്ധതയ്ക്കും, മായിന്റെ സാഹിത്യാശയങ്ങള്‍ക്കും വരള്‍ച്ച സംഭവിച്ചത് ഒരേ കാലത്തായിരുന്നു. സ്വന്തം ഉത്തരവാദിത്തം ഒരിക്കല്‍ പോലും നിറവേറ്റാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, ഉപദ്രവകാരി കൂടിയായ ഒരവയവത്തെ മുറിച്ചു നീക്കം ചെയ്യപ്പെട്ടതാണ് ആദ്യവരള്‍ച്ചയുടെ കാരണമെങ്കില്‍; രണ്ടാമത്തേതിനൊരു കാരണം കണ്ടു പിടിക്കാന്‍ പോലും മായിനും ദൂരദര്‍ശിനിക്കും കഴിയുന്നില്ല. എന്തോ നിസ്സാര കാര്യത്തിന്‌ ഭാര്യയുമായി വഴക്കിട്ട മായിന്‍, കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി അവരോട്‌ തുറന്നൊന്ന്‌ സംസാരിച്ചിട്ട്‌. അങ്ങിങ്ങ്‌ ശല്‍ക്കങ്ങള്‍ പോലെ പാളികള്‍ ഇളകിത്തുടങ്ങിയ, നിറം മങ്ങിയ അയാളുടെ പഴഞ്ചന്‍ തുകല്‍ ബെല്‍റ്റ്‌ കളഞ്ഞ്‌ പുതിയതൊരെണ്ണം സമ്മാനിച്ചു എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം.
"ആ ബെല്‍റ്റ്‌, അതു വെറുതേ നിലത്തിട്ടാല്‍ എന്റെ അരക്കെട്ടിന്റെ ആകൃതിയില്‍ വളഞ്ഞ്‌ കിടക്കുമായിരുന്നു. എന്നോട്‌ ചോദിക്കാതെ നീ എന്തിനതെടുത്തു കളഞ്ഞു?"
കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ അയാള്‍ ഭാര്യയുമായി നടത്തിയ ഏറ്റവും നീളം കൂടിയ സംഭാഷണം അതായിരുന്നു.
(ഒരു തണുത്ത കാറ്റ്‌ വീശുന്നില്ലേ, മഴക്കോളും ഉണ്ട്‌. ചില്ലില്‍ വീണ വെള്ളത്തുള്ളികള്‍ കാഴ്ചയുടെയും, ശക്തിയായ കാറ്റ്‌ അസ്ത്രത്തിന്റെയും ലക്ഷ്യം തെറ്റിക്കും. അതിനാല്‍ എനിക്കെല്ലാം വേഗം പറഞ്ഞു തീര്‍ക്കേണ്ടതുണ്ട്‌)

ജീവിതമാകെ ഒരുതരം തമസ്കരണം അനുഭവപ്പെട്ടപ്പോഴാണ്‌ മായിന്‍ അതിജീവനത്തിന്റെ വക്താവായത്‌. വേദികളില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്കും, പിന്നീട്‌ വാതില്‍പ്പടികളിലേക്കും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ സ്വയം തിരഞ്ഞെടുത്ത പാത. കൂട്ടത്തില്‍ ഒറ്റപ്പെട്ട്‌ നടക്കേണ്ടി വന്നപ്പോള്‍ നടപ്പുപേക്ഷിച്ച്‌ പ്രോക്സി-വാക്കിംഗ് തുടങ്ങി. പകരംനടത്തവും മടുത്തപ്പോള്‍ സ്വയം ബ്രഹ്മാവായി സൃഷ്ടിയാരംഭിച്ചു. ചിട്ടവട്ടങ്ങളില്ലാതെ ജാലികാ സൗഹൃദങ്ങളുടെ കടല്‍ തീര്‍ത്ത്, ആവേശത്തോടെ അതിലേക്കൂളിയിട്ട്‌ നീന്തിത്തുടിച്ചു.
ആല്‍ഗകള്‍,
സ്രാവുകള്‍,
ചെറുമീനുകള്‍,
തിമിംഗലങ്ങള്‍,
നീരാളി സംഘങ്ങള്‍,.
മഷി തുപ്പുന്ന കണവകള്‍,
അമ്മപ്പുരുഷരായ കുതിരകള്‍,
പവിഴ കാലിഡോസ്ക്കോപ്പുകള്‍...

മായിന്‍ തന്റെ പഴയ സൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക്‌ മായാജന്മം നല്‍കി. തന്റെ തന്നെ പടപ്പുകള്‍ മോണിട്ടറിലെ വിവിധ പ്രതലങ്ങളില്‍ സ്ഥാനം പിടിക്കുന്നതും, പരസ്പരം ആലിംഗനം ചെയ്യുന്നതും, തര്‍ക്കിക്കുന്നതുമെല്ലാം ചേര്‍ന്ന് കൗതുകത്തിന്റെ ഒരു പുത്തനുണര്‍വ്വ് അയാള്‍ക്കു നല്‍കി. മായാവ്യക്തിത്വങ്ങള്‍ക്ക്‌ മുഖങ്ങളില്ലായിരുന്നു. പകരം പ്രശസ്തങ്ങളായ മീശകള്‍ ആണ്‌ വ്യക്തിമുദ്രകള്‍; ചിലയിടത്ത്‌ അപൂര്‍വ്വങ്ങളായി മറ്റു ചില ചിഹ്നങ്ങളും. വളഞ്ഞു കൂര്‍ത്ത്‌ മുകളിലേക്ക്‌ നില്‍ക്കുന്ന ദാലിയുടെ, അര്‍ദ്ധചന്ദ്രാകൃതിയില്‍ താഴേയ്ക്ക്‌ വളഞ്ഞ ഗുന്ദര്‍ഗ്രാസിന്റെ, ചിത്രശലഭമാകുന്ന ഹിറ്റ്ലറുടെ, പൗരുഷമാര്‍ന്ന സ്റ്റാലിന്റെ, ലംബകാകൃതിയില്‍ ബഷീറിന്റെ, ഋജുരേഖയില്‍ മാര്‍ക്വേസിന്റെ മീശകള്‍ പ്രോഫെയില്‍ ഫോട്ടോകളായി പുരുഷ വ്യക്തിത്വങ്ങള്‍ക്ക്‌ ഇടം നേടി. സനിറ്ററി നാപ്കിന്‍, ടാമ്പൂണ്‍, തൂവാലകള്‍ എന്നിവകൊണ്ട്‌ സ്ത്രീ പ്രജകളും മായാജാലികയിലൂടെ ഒളിഞ്ഞു നോക്കി.

"ഭക്ഷണം വിളമ്പിയിരിക്കുന്നു, കഴിക്കുന്നില്ലേ?"
"നേരമേറെയായി, ഉറങ്ങുന്നില്ലേ?"
എന്നിങ്ങനെയുള്ള ഭാര്യയുടെ പതിവ്‌ ചോദ്യങ്ങള്‍ക്ക്‌ ചാറ്റ്‌ മെസേജുകളിലെ പോപ്-അപ്പ് അലെര്‍ട്ട്‌ മണിമുഴക്കത്തെക്കാള്‍ താഴെയാണ്‌ വില കല്‍പിക്കപ്പെട്ടത്‌.
(എഴുത്തുകാരനായ മായിന്‍ ഫെമിനിസ്റ്റാണെങ്കിലും!)
നീണ്ട മരുഭൂമിയിലെ ഏകാന്തതകളില്‍ തിളങ്ങുന്ന മീശകളും, ചോര നനഞ്ഞു രൂക്ഷഗന്ധം വമിക്കുന്ന നാപ്കിനുകളും, നേര്‍ത്ത നറുമണമുള്ള തൂവാലകളും തീര്‍ത്തത്‌ വര്‍ണ്ണ മരീചികളും, മരുപ്പച്ചകളും, ഒട്ടക സവാരികളുമായിരുന്നു. ഒരേ സമയം പ്രണയാതുരനായും പ്രണയിനിയായും അയാള്‍ മാറിമാറി അഭിനയിച്ചു.

*
കൊയ്ത്തൊഴിഞ്ഞ പാടത്തെ ഉണങ്ങിയ മുറിക്കറ്റകള്‍ ചവിട്ടി മെതിച്ച്‌ മായിന്‍ ആവേശത്തോടെ മുന്നോട്ട്‌ നടന്നു.

"പൊന്നിയങ്കം കുറിച്ചൂ മായിനെ, ഒതേനനാണ് അപ്പുറത്തെന്നത് മറക്കരുത്‌. തോറ്റാല്‍ ഞാന്‍ വീഴുമെന്ന്‌ മാത്രമല്ല, കരക്കാരെ മൊത്തം നാണം കെടുത്തി, ചാപ്പകുത്തിച്ച്‌ വിടും. അങ്കം മറിഞ്ഞൂന്ന്‌ തോന്നുന്ന നിമിഷം നീ അവനെ ചുട്ടുകൊന്നേക്കണം. ഒരൊറ്റത്തിരയേ ഉള്ളൂ എന്നറിയാമല്ലോ.. കുളിക്കടവില്‍ പെണ്ണുങ്ങള്‍ വിശേഷം പറഞ്ഞു മോഹാലസ്യപ്പെടുന്ന അവന്റെ നെഞ്ചത്ത്‌.. അല്ലെങ്കില്‍ അഹങ്കാരം കുടുമകെട്ടിയ നെറുകന്‍ തലയ്ക്ക്‌..."

ഉച്ചിയില്‍ വെയിലടിച്ചപ്പോള്‍ കുറ്റിമുടികളില്‍ നിന്ന്‌ താഴേക്കിറങ്ങിയ വിയര്‍പ്പിന്‍ ചാലുകള്‍ പെരുവിരലാല്‍ മാടി വടിച്ചുകളഞ്ഞ്‌, തോളില്‍ തോക്കും ചാരി ഏന്തിവലിഞ്ഞു നടക്കുന്ന മായിന്റെ ചെവിയില്‍ മുഴങ്ങിയത്‌ മതിലൂര്‍ ഗുരുക്കളുടെ മൂന്നറിയിപ്പും മാത്രമായിരുന്നു. തോക്ക്‌ മായിന്റെ തോളില്‍ ഉച്ചമയക്കത്തിലാണ്ടു.

*
ആന്റണ്‍ ചെക്കോവിന്റെ 'വാന്‍കാ' കൂട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ചെരുപ്പു പണിക്കാരനായ യജമാനന്റെ പച്ചക്കറിത്തോട്ടത്തില്‍ കയറി കുക്കും‌ബര്‍ പറിക്കുന്ന രംഗം ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ എന്തിനാണ്‌ രണ്ടാം നിരയിലെ അലീനയെന്ന മെലിഞ്ഞ പെണ്‍കുട്ടി തന്നെ നോക്കി ചിരിച്ചത്?

"എന്റെ മാറിടം സാറിന്റെ കഥയിലെ അനാമികയുടേതു പോലെയാണ്‌. രണ്ട്‌ കുക്കും‌ബര്‍ പാതിമുറികള്‍. എന്താ കാണണോ? തൊടണമെന്ന്‌ തോന്നുന്നുവോ?"
അനാമിക-ലവിങ്ങ്‌-യു-ഓള്‍ എന്ന ഐഡിയില്‍നിന്ന്‌ ഇന്നലെ ചാറ്റ്‌ സ്ക്രാപ്പ്‌ പാഡില്‍ പതിഞ്ഞ വാചകങ്ങള്‍.
"വേണ്ട അനാമികാ, ഞാന്‍ തൊട്ടാല്‍ ഒരു പക്ഷേ നീ ഉരുകും... അല്ലെങ്കില്‍ ചിലപ്പോള്‍ വിയര്‍ത്തു നനഞ്ഞൊഴുകും"
"ആയിക്കൊള്ളട്ടെ, എന്നെ ഇക്കിളിയാക്കാതിരുന്നാല്‍ മാത്രം മതി.. :-) "

വിറയ്ക്കുന്ന കയ്യില്‍ നിന്നു താഴെ വീണ പുസ്തകം കുനിഞ്ഞെടുത്ത്‌ ക്ലാസ്സ്‌ തുടര്‍ന്നു. പുസ്തകത്തില്‍ നോക്കി ഓരോ തവണ കുക്കും‌ബര്‍ എന്ന്‌ പറയുമ്പൊഴും അവള്‍ കൂടുതല്‍ കൂടുതല്‍ ചിരിക്കുന്നുണ്ടായിരുന്നു, ഇക്കിളിയിട്ടാലെന്നപോലെ.
"അലീന ഒന്ന്‌ പുറത്ത്‌ വരൂ"
തന്റെ സമയം കഴിഞ്ഞെന്നോര്‍മ്മിപ്പിച്ച മണിയടിച്ചപ്പോള്‍ നല്‍കിയ ഉപദേശം.
"ഇന്നലെ പറഞ്ഞതു പോലെ, ഇക്കിളിയാക്കാതെ ഈ കുക്കുംബര്‍ പാതി മുറികളില്‍ ഞാന്‍ തൊട്ടോട്ടേ? ഒരു വറ്റല്‍മുളകുപോലെ എരിവാര്‍ന്ന നിന്റെ ശരീരം മുഴുവനും..."
"വാട്ട്‌ ദി ഹെല്‍ യു ആര്‍ സ്പീക്കിംഗ്‌ സര്‍. ഐ വില്‍ മേക്ക്‌ കം‌പ്ലൈന്റ് ഓണ്‍ ദിസ്‌. ഐ നെവര്‍ എക്സ്പെക്റ്റഡ്‌ സച്ച്‌ എ ഡേര്‍ട്ടി ബിഹേവിയര്‍ ഫ്രം യൂ."

*
തോക്കിന്‍ തുമ്പിലൂടെ അങ്ങകലെയായി താന്‍ കാണുന്ന അങ്കത്തട്ടില്‍
ഒതേനനാര്‌... ഗുരുക്കളാര്‌...
ചാരനാര്‌... ചാമരം വീശുന്നവനാര്‌...
മന്നനാര്... മാറ്റാനാര്‌...
എന്ന്‌ തിരിച്ചറിയാനാകാതെ കുഴങ്ങിയ മായിന്‍ കാഞ്ചിയില്‍ വിരലിനെയും, കണ്ഠത്തില്‍ ശ്വാസത്തെയും അടക്കി നിര്‍ത്തി. ചലനമറ്റ ആ തോക്കിന്‍ കുഴലില്‍ ഒരു തുമ്പി പാറി വന്നിരുന്നു.

*
വേദിയില്‍ നടക്കുന്ന ചടങ്ങിന്റെ മുഷിച്ചിലൊഴിവാക്കാന്‍ കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷങ്ങളായി താന്‍ കൊണ്ട്‌ നടക്കുന്ന മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കാവുന്ന വെള്ളി ലൈറ്റര്‍, ഒരതിസങ്കീര്‍ണ്ണ ശാസ്ത്രോപകരണത്തെ ഒരു ഗവേഷണ വിദ്യാര്‍ത്ഥി എന്നപോലെ തിരിച്ചും മറിച്ചും നോക്കിയിരുന്നു മായിന്‍.
"സാര്‍ അദ്ധ്യാപകനാണോ?"
"അതേ, എന്താണ്‌?"

"അല്ല, വെറുതെ ചോദിച്ചതാണ്‌. പ്രസംഗം കേട്ടുകൊണ്ടിരിക്കുന്ന സദസ്സില്‍ ഏറ്റവും അസഹിഷ്‌ണുത കാണിക്കുന്നത്‌ അദ്ധ്യാപകര്‍, അതിനുശേഷം മാര്‍ക്കറ്റിംഗ്‌ എക്സിക്യൂട്ടീവുകള്‍, അതിനുശേഷം എല്‍..സി ഏജന്റുമാര്‍ എന്നൊരു കളിയാക്കിപ്പറച്ചിലുണ്ട്‌ സാര്‍."
"താന്‍ 'സിന്ധബാദ്‌' അല്ലേ? ഇതുതന്നെയല്ലേ ഒരാഴ്ച മുന്‍പ്‌ എന്നോട്‌ ചാറ്റില്‍ പറഞ്ഞത്‌?"
എന്ത്? എന്താണ് സാര്‍?”
സിന്ധബാദ് എന്ന ഐഡി തന്റേതല്ലേ? ഞാന്‍ തിരിച്ചറിയില്ലെന്ന് കരുതിയോ മിടുക്കാ?”
"സാര്‍.. എന്ത്‌ ഭ്രാന്താണീ പറയുന്നത്‌?"
*

(മായിന്റെ 'രാമാനുജന്‍' ഐഡിയില്‍ അന്നു തടഞ്ഞത്‌ 'ഗ്ലൗസിന്റെ വിരലുറ' എന്ന കഥയിലെ മാത്തമാറ്റീഷ്യനായ ഗ്ലൗസ്‌ ആയിരുന്നു.)

രാമാനുജന്‍-ലെജന്‍ഡ്‌
(പ്രോഫെയിലില്‍ നീട്ടിവരച്ച ഗോപിയുടെ ചിഹ്നം) : " ഹെലോ ഗ്ലൗസ്‌ :) "

ഗ്ലൗസ്‌-മാത്തമാറ്റിക്ക :" ഹെലോ റാം, വേദിക്‌ മാത്തമാറ്റിക്സില്‍
താല്‍‌പ്പര്യമുണ്ടോ?"

രാമാനുജന്‍-ലെജന്‍ഡ്‌(നീട്ടിവരച്ച ഗോപി) : "സംസ്കൃതം അധികം വശമില്ല. അതിനാല്‍
രക്ഷയില്ല. :( താങ്കള്‍ മാത്‌സ് സ്റ്റുഡന്റ്‌ ആണോ?"

ഗ്ലൗസ്‌-മാത്തമാറ്റിക്ക : "അതേ"

രാമാനുജന്‍-ലെജന്‍ഡ്‌(നീട്ടിവരച്ച ഗോപി) : "എത്ര വയസ്സായി?"

ഗ്ലൗസ്‌-മാത്തമാറ്റിക്ക :"അതൊരു കണക്കല്ലേ സാര്‍, കണക്കുകള്‍
കൂട്ടിത്തന്നെ പറയണം. ഒരു മിനിട്ട്‌..."

(ഗ്ലൗസ്‌-മാത്തമാറ്റിക്ക ലോഗ്ഡ്‌ ഔട്ട്‌)

*

"പുറത്ത്‌ പാല്‍ക്കാരന്‍ പയ്യന്‍ കാത്തു നില്‍ക്കുന്നു. ഇന്ന്‌ തിയ്യതി പന്ത്രണ്ടായി. അയാളുടെ കണക്ക്‌ ഇതുവരെ തീര്‍ത്തിട്ടില്ല."
മറുപടിയൊന്നും പറഞ്ഞില്ല. വാതില്‍ തുറന്നപ്പോള്‍ പാല്‍ക്കുപ്പിയുമായി പയ്യന്‍ വെളിയില്‍.
"കഴിഞ്ഞമാസത്തെ കണക്ക്‌ എത്രയായീന്ന്‌ പറയെടോ. ഞങ്ങള്‍ ഇവിടെ ഇല്ലാത്ത ദിവസങ്ങളൊക്കെ താന്‍ കുറിച്ച്‌ വച്ചിട്ടുണ്ടല്ലോ അല്ലേ. കള്ളക്കണക്കൊന്നുമില്ലല്ലോ, എത്രയായീ?"
"കണക്കല്ലേ സാര്‍, കണക്കുകള്‍ കൂട്ടിത്തന്നെ പറയണം. ഒരു മിനിട്ട്‌..."
"ഹേയ്‌ ഗ്ലൗസ്‌! നീയാണത്‌. യൂ മില്‍ക്ക്‌ മാന്‍?"
"ഗ്ലൗസോ, സാറിനിതെന്ത്‌ പറ്റി?"
"അപ്പോള്‍ നീയല്ലേ എന്നോട്‌ വേദിക്‌ മാത്തമാറ്റിക്സിനെക്കുറിച്ച്‌ ചോദിച്ചതു? ഞാന്‍ രാമാനുജനാണ്‌."
"എന്ത്? രാമാനുജനോ? സാര്‍ മായാശങ്കറല്ലേ? എന്താണ്‌ സാറേ ഇതെല്ലാം? 420 രൂപയായിട്ടുണ്ട്‌. അത് കിട്ടിയാല്‍ ഞാന്‍ പോയേക്കാം."

വേദഗണിത ശ്ലോകങ്ങള്‍...
സൂല്യസൂത്രങ്ങള്‍...
മൂല്യരഹിത ചരങ്ങള്‍...
ഊരാക്കുടുക്കിന്‍ കണക്കിലെ കാണാച്ചരടുകള്‍ !!!

*
അങ്കത്തട്ടിലാരോ വീണിരിക്കുന്നു. ആരവങ്ങളും, വാഴ്ത്തുപാട്ടുകളും മുഴങ്ങുന്നുണ്ട്. വീണവനാര്‌? എമ്മന്‍ പണിക്കരോടുള്ള തന്റെ വാക്ക്‌... കാത്തിരുന്ന്‌ മായിനും, തിരയും ഒരുപോലെ നെടുവീര്‍പ്പിട്ടു. അത്‌ തോക്കിന്‍ കുഴലിലിരുന്ന തുമ്പിയെ പറപ്പിച്ചു കളഞ്ഞു.
*

ഹാഫ്‌ ഡോര്‍ തള്ളിത്തുറന്ന്‌ പ്രിന്‍സിപ്പാളിന്റെ ക്യാബിനിലേക്ക്‌. എപ്പോളും സ്വാഗതമേകാറുള്ള ബഹുമാനം കലര്‍ന്ന പുഞ്ചിരിക്ക്‌ പകരം നെറ്റിചുളിച്ച് അല്‍‌പ്പം കെറുവിച്ച മുഖത്തോടെയിരിക്കുന്നു പ്രിന്‍സിപ്പാള്‍.

"വിളിച്ചത്?"
"മായാശങ്കര്‍, എന്താണിതെല്ലാം? തനിക്കെതിരേ ഇങ്ങനെയൊരു പരാതി?"
"മനസ്സിലായില്ല"
"ഇതൊന്ന് വായിച്ചു നോക്കൂ. താന്‍ അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞ്‌ ഫസ്റ്റ്‌ ബി..യിലെ അലീന തന്നതാണ്‌. ഇതാ...."

പ്രിന്‍സിപ്പാള്‍ നീട്ടിയ കടലാസു നിവര്‍ത്തി നോക്കി. അതില്‍ അക്ഷരങ്ങളുണ്ടായിരുന്നില്ല; പകരം നിറയെ കുത്തുകള്‍, ചിഹ്നങ്ങള്‍.. വാതിലുകള്‍ അടയ്ക്കാനും-തുറക്കാനും-കിളിവാതിലുകളാക്കാനും ഉള്ള മുദ്രകള്‍. പെട്ടെന്ന്‌ അതില്‍ നിറയെ പോപ്‌-അപ്പ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെടുന്നു.
"ഇതില്‍ നിറയെ ചിഹ്നങ്ങള്‍ മാത്രമല്ലേയുള്ളൂ. ഇതാണോ കംപ്ലൈന്റ്‌ ലെറ്റര്‍ എന്ന്‌ സാര്‍ പറഞ്ഞത്‌? മാത്രമല്ല, ആ കുട്ടിയാണെന്നോട്‌ സ്വന്തം ശരീരവര്‍ണ്ണന നടത്തിയത്. ഞാനപ്പോള്‍..."
"വാട്ട്‌ ഹാപെന്‍ഡ്‌ ടു യൂ? താന്‍ നല്ലൊരദ്ധ്യാപകനായതു കൊണ്ടും, ഇതാദ്യത്തെ സംഭവമായതുകൊണ്ടും ഇത്തവണ ഞാന്‍ വെറുതേ വിടുന്നു. ഇനിയുമാവര്‍ത്തിച്ചാല്‍ എനിക്ക്‌ നടപടിയെടുക്കാതിരിക്കാനാവില്ല. അല്ലെങ്കില്‍ത്തന്നെ എന്തെങ്കിലും കുനിപ്പോ, കരടോ കിട്ടാന്‍ വേണ്ടി പരതി നടക്കുകയാണ്‌ പത്രങ്ങളും, ചാനലുകളും. കോളേജിന്‌ ചീത്തപ്പേരുണ്ടാക്കരുത്‌. മനസിലാകുന്നുണ്ടല്ലോ?"

*

ദാലി-123(കൊമ്പന്‍ മീശ) : "എനിക്കൊന്നും മനസിലാകുന്നില്ല. എന്താണിപ്പോള്‍
ഇങ്ങനെ പറയാന്‍?"

ഫ്രിദാകാലോ(വെള്ളത്തൂവാല) : "നിങ്ങള്‍ സര്‍റിയലിസ്റ്റാണെന്ന്‌ പറയാന്‍ എനിക്ക്‌
നാണമാവുന്നതുകൊണ്ട്‌ തന്നെ"

ദാലി-123(കൊമ്പന്‍ മീശ) : "എന്റെ ഫാന്റംകാര്‍ട്ട്‌ പെയിന്റിംഗ് നോക്ക്‌.
ഏകമാന-ദ്വിമാന- ത്രിമാന തലങ്ങളുടെ
എല്ലാ അതിര്‍ വരമ്പുകളും ഞാനതിലൂടെ
തകര്‍ത്തിരിക്കുന്നു. അത്‌ ചതുര്‍മാനത്തിലുള്ളതാണ്‌."

ഫ്രിദാകാലോ(വെള്ളത്തൂവാല) : "ചതുര്‍മാനമല്ല, ചവറാണത്‌ :p "

ദാലി-123(കൊമ്പന്‍ മീശ) : "ആ തടിയന്‍ മത്തങ്ങ, കിഴവന്‍ റെവേരയുടെ കുടവയറില്‍
കിടന്നുറങ്ങുന്ന നിനക്ക്‌ അങ്ങനെ തോന്നിയാല്‍ അദ്ഭുതമില്ല പെണ്ണേ."

(പോപ്‌-അപ്പ്, മണിമുഴക്കം)

റെവേര-ബോണ്‍ ഏഗയിന്‍ :"ദാലീ നാവടക്ക്‌"

(പോപ്‌-അപ്പ്, മണിമുഴക്കം)

ദാലി-ദാലി007 : "അത്‌ തന്നെ റെവേരാ, അവന്‌ ഈയിടെയായി
കൂടുതലാണ്‌"

ദാലി-123(കൊമ്പന്‍ മീശ) : "നീ ഹരകിരി ചെയ്യുന്നുവോ? നമ്മള്‍ രണ്ടും ഒന്നാണ്‌"

ദാലി-ദാലി007 : "തീര്‍ച്ചയായും അല്ല. ഞാന്‍ അപരനാകുന്നു;
അതിനാല്‍ തന്നെ ശത്രുവാകുന്നു."

(പോപ്‌-അപ്പ്, മണിമുഴക്കം)

വാന്‍ഗോക്ക്‌-ബ്ലീഡിംഗ്‌-ഇയര്‍ : "നിര്‍ത്തുന്നുണ്ടോ? പന്നികളേ, തേവിടിശ്ശികളേ... എന്റെ ചെവി
മുറിഞ്ഞ്‌ ചോരയൊലിക്കുന്നത്‌ കണ്ടില്ലേ? പാതി മുറിഞ്ഞ
ചെവി ആരെങ്കിലും കണ്ടുവോ?"

ഫ്രിദകാലോ(വെള്ളത്തൂവാല) : "അതല്ലേ കിഴവാ താന്‍ പ്രണയിനിക്ക്‌ അറുത്തു കൊടുത്തത്?"

(പോപ്‌-അപ്പ്, മണിമുഴക്കം)

-ഹേറ്റ്‌-ഫ്രിദ : "അല്ല! അതല്ലേ ഫ്രിദ ഒരു ഓര്‍ഗാസത്തില്‍ നീ കടിച്ചടുത്തത്‌?
അത്‌ തുപ്പിക്കളഞ്ഞതെവിടെയെന്നു പറയ്‌. കിഴവന്‍
കണ്ടെടുത്തോട്ടെ :D "

ഫ്രിദകാലോ(വെള്ളത്തൂവാല) : "അയാളുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ല. ചരിത്രം
നോക്ക്‌."

ദാലി-123(കൊമ്പന്‍ മീശ) : “എന്റെ കുതിരവണ്ടി, അത്‌ ചതുര്‍മാനത്തിലുള്ളതാണ്‌"

വാന്‍ഗോക്ക്‌-ബ്ലീശിംഗ്‌-ഇയര്‍ : "നാശം, ആ വണ്ടി അവിടെനിന്ന്‌ മാറ്റിയിട്‌. ഞാനതിനടിയില്‍
ഒന്ന്‌ തപ്പിക്കോട്ടെ. എവിടെയാണാവോ ഈ തേവിടിശ്ശികള്‍
എന്റെ ചെവി തുപ്പിക്കളഞ്ഞത്‌ :( "

റെവേര-ബോണ്‍-ഏഗയിന്‍ : "അവളെ തെറി വിളിക്കരുത്‌"ഥ

വാന്‍ഗോക്ക്‌-ബ്ലീശിംഗ്‌-ഇയര്‍ : "ഞാന്‍ വിളിക്കുമെടാ തടിയാ, നീയെന്തു ചെയ്യും?"

ദാലി-123(കൊമ്പന്‍ മീശ) : "അവനെ കൊല്ല്‌ വാന്‍ഗോക്ക്‌"

ദാലി-ദാലി007 : "ഫ്രിദാ, നീ വരുന്നോ? ഞാന്‍ *ഫാന്റം കാര്‍ട്ടില്‍ യാത്ര
തിരിക്കുന്നു. വര്‍ണ്ണങ്ങളുടെ താഴ്‌വരകളില്‍ നമുക്ക്‌
വസന്തങ്ങളെ വരച്ചു വിരിയിക്കേണ്ടതുണ്ട്‌."

ഫ്രിദകാലോ(വെള്ളത്തൂവാല) : "അതാണ്‌ നല്ലതെന്ന്‌ തോന്നുന്നു. ഈ തെണ്ടികള്‍
വഴക്കിടട്ടെ"



*ഫാന്റം കാര്‍ട്ട് – സാല്‍‌വദോര്‍ ദാലിയുടെ പ്രശസ്തമായ പെയിന്റിംഗ്
-ഹേറ്റ്‌-ഫ്രിദ : "തെരുവു പെണ്ണേ, ആ മുറിച്ചെവിയെങ്കിലും അയാള്‍ക്ക്‌
തിരിച്ചു കൊടുക്ക്‌"

ഫ്രിദകാലോ(വെള്ളത്തൂവാല) : "വായില്‍ നിന്ന്‌ ചോര വരുന്നത്‌ ആരുടേതാണെന്ന്‌ നോക്ക്‌.
ഇനി പറ, വാന്‍ഗോക്കിന്റെ ചെവി മുറിച്ചതു ഞാനോ നീയോ?"

-ഹേറ്റ്‌-ഫ്രിദ : "അത്‌ നിന്റെ തടിയന്‍ റെവേര ഞാനുറങ്ങുമ്പോള്‍ വരച്ച ചുവന്ന
ചായമാണ്‌"

ഫ്രിദകാലോ(വെള്ളത്തൂവാല) : "റെവരോ, ചതിയാ.. നീ അവളുടെ കൂടെയും
കൂത്താടിക്കിടന്നുറങ്ങി അല്ലേ?"

റെവേരെ-ബോണ്‍-ഏഗയിന്‍ : "എനിക്കെങ്ങിനെ നിങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയും?
അവളുടെ മുടിക്കെട്ടില്‍ നിന്ന്‌ വന്നതും കാട്ടുപൂച്ചയുടെ
മണമായിരുന്നു :(( "

(പോപ്‌-അപ്പ്, മണിമുഴക്കം)

ബഷീര്‍-സുല്‍ത്താന്‍ (ലംബകമീശ) : "എന്റെ പേനാക്കത്തിയെടുക്കണോ ബഡുക്കൂസുകളേ? മീശകള്‍
വടിച്ച്‌ വിടും, തൂവാലകള്‍ അറുത്ത്‌ വിടും, പഞ്ഞിക്കെട്ടുകള്‍
കുത്തിക്കീറും."

ദാലി-ദാലി007 : "ഫ്രിദാ, നീ കയറിയല്ലോ അല്ലേ? ഞാനിതാ കുതിരകളെ
തെളിക്കുന്നു. നമ്മള്‍ പുറപ്പെടുന്നു. പാവം വാന്‍ഗോക്ക്‌,
അവനറിയുന്നില്ല നഷ്ടപ്പെട്ട എന്റെ ഒരച്ചാണിക്ക്‌ പകരം
ഞാനിട്ടിരിക്കുന്നത്‌ അവന്റെ മരവിച്ച മുറിച്ചെവിയാണെന്ന്‌.
ചെകുത്താന്റേതുപോലെ കൂര്‍ത്ത ചെവി. അത്‌ അച്ചാണിക്ക്‌
നന്നായി യോജിക്കുന്നുണ്ട്, അല്ലേ?"

ബഷീര്‍-സുല്‍ത്താന്‍ (ലംബകമീശ) : "ഓടിനെടാ എല്ലാം... വേഗം."

(പോപ്‌-അപ്പ്, മണിമുഴക്കം)

മായിന്‍(ആശ്ചര്യചിഹ്നം) : "ബഷീര്‍, നീ എങ്ങിനെ ഇവിടെ വന്നു. എന്റെ കഥയില്‍
നീ ഇല്ലല്ലോ?"

ബഷീര്‍-സുല്‍ത്താന്‍ (ലംബകമീശ) : "അതു ചോദിക്കാന്‍ നീയാര്‌? നിനക്കാണെങ്കില്‍ വടിച്ചു വിടാന്‍
ഒരു മീശ പോലും ഇല്ലല്ലോഡേയ്‌,, നിന്നെ ഞാന്‍ എന്തു
ചെയ്യും?"

മായിന്‍(ആശ്ചര്യചിഹ്നം) : "എന്നെ... ബിസ്മി ചൊല്ലി അറുത്തേക്കുക"

'ഒരു സര്‍റിയലിസ്റ്റ് കൊലപാതകം' എന്ന തന്റെ ചെറുകഥയിലെ കഥാപാത്രങ്ങള്‍ നടത്തിയ അസംബന്ധ നാടകത്തിന്റെ ചിത്രം ജാലികാ ക്യാന്‍വാസില്‍ കണ്ടു പകച്ചുപോയ മായിന്‌ അത്രയേ പറയാനായുള്ളൂ.

*

മറവികള്‍ മനുഷ്യരെ മരണത്തിലേയ്ക്കു നയിക്കാറുണ്ട്‌. ജയിച്ചു മടങ്ങവേ, ആയുധം മറന്ന ഒതേനന്‍. ആളൊഴിഞ്ഞ അങ്കത്തട്ടിലേക്ക്‌ ആയുധമെടുക്കാന്‍ മടങ്ങിയെത്തുന്ന പോരാളി. പാടത്തിനടുത്തായി തോക്കിന്‍ പാത്തിയില്‍ താടിയമര്‍ത്തി നെടുവീര്‍പ്പിടുന്ന മായിന്‍ ഒരു വേട്ടക്കാരന്റെ കൌശലത്താല്‍ ആള്‍പ്പെരുമാറ്റം തിരിച്ചറിഞ്ഞു.

ഒതേനന്‍...
തഞ്ചത്തിന്‌ ഓരത്തിന്‌...
തോക്കിന് ഏനത്തിന്‌...
ഉന്നത്തിന് പാകത്തിന്...

കൂര്‍ത്ത മുറിക്കറ്റകളില്‍ നെഞ്ചമര്‍ത്തിക്കിടന്നു. പാടവരമ്പില്‍ തോക്കിന്‍ കുഴല്‍ ചേര്‍ത്തു വെച്ച്‌ പാത്തി തോളില്‍ മുട്ടിച്ചു കൊണ്ട് ഒരു കണ്ണടച്ചു. അകലെ നിന്ന് വാഴ്ത്തിപ്പാടലിന്റെ പാണശീലുകളും, ഉടുക്കിന്റെ ധ്വനികളും കേള്‍ക്കാം. ചൂണ്ടു വിരലില്‍ ചോണനുറുമ്പ്‌ അരിക്കുന്നതു പോലുള്ള തരിപ്പ്‌...
കാഞ്ചിയില്‍ വിരല്‍ മുട്ടിച്ചു ചേര്‍ത്തു...
ഒരമര്‍ത്തിത്തലോടല്‍...
ആല്‍മരത്തിനടുത്ത കുളത്തിലെ അരണ്ടകള്‍ വെടിയൊച്ച കേട്ട്‌ ചിതറിത്തെറിച്ചു...

*
ബഷീര്‍-സുല്‍ത്താന്‍ (ലംബകമീശ) : "ബിസ്മില്ലാഹി റഹ്മാനി..."

മായിന്‍(ആശ്ചര്യചിഹ്നം) : "... ആഹ്‌......"

ആര്‍ത്ത നാദത്തില്‍ ഓടിമറയുന്ന ചാറ്റ്‌ ഐഡികള്‍... സംഭാഷണക്കളങ്ങള്‍ ഓന്നൊന്നായി അപ്രത്യക്ഷ മാകുന്നു. സ്ക്രീനില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്‌ ഗ്രാസിയ ദലൈതയുടെ പ്രണയകഥ മാത്രം. വിഷാദരോഗിയായ ആ പട്ടാളക്കാരന്‍ പാട്ടുപാടി നടന്ന്‌ നീങ്ങുകയാണ്‌.
"അവര്‍ മയങ്ങുന്നു സൗഹൃദത്തിന്റെ കൈ-
ത്തഴുകലേറ്റു ഞാന്‍ വേപഥു കൊള്ളവേ
ഈയിരവിലീയെനിക്കാണെങ്കിലില്ല താന്‍
മരണമല്ലാതൊരാനന്ദദായകന്‍"

തറയില്‍ വീണ പിച്ചളക്കുഴലിന്റെ ശബ്ദം... കാറ്റില്‍ ലക്ഷ്യം തെറ്റുന്ന അസ്ത്രത്തിന്റെ ഹൂങ്കാരം... തറയില്‍ വീണു സ്ഫടികം ചിന്നിയ ഒറ്റക്കുഴല്‍ ദൂരദര്‍ശിനിയിലൂടെ ബാക്കിയുള്ള നേര്‍ക്കാഴ്ചകള്‍ കാണേണ്ടതുണ്ട്‌. പുറത്ത്‌ നല്ല മഴയാണ്. ഇടി മിന്നലുകളും, പൊട്ടിയ ചില്ലിന്‍ കഷണങ്ങളും, തുറന്നിട്ട ജനലിലൂടെ വന്നു പതിക്കുന്ന നേര്‍ത്ത മഴത്തുള്ളികളും ചേര്‍ന്ന് ദൂരദര്‍ശിനിയുടെ കാഴ്ചയെ ചതുര്‍മാനത്തിലുള്ളതാക്കി തീര്‍ത്തു. ശ്രദ്ധിച്ചു നോക്കുക... മായിന്റെ മുറിയില്‍ വൈദ്യുതി നിലച്ചിരിക്കുന്നു. കമ്പ്യൂട്ടറിന് തൊട്ടടുത്തിരിക്കുന്ന വൈദ്യുത സംഭരണിയില്‍ വറുതിയുടെ അപകടമണി ചുവപ്പില്‍ തെളിഞ്ഞു മുഴങ്ങുന്നുണ്ട്‌.

* * * * *

(2006)
*പഴയ എഴുത്തുകള്‍ 
 

(c)2009 Devadas V.M [ vm.devadas@gmail.com ]