Friday, May 31, 2013

ഇരുചക്രം


Life is like riding a bicycle. To keep your balance you must keep moving.
- Albert Einstein

ഉള്ളത് ഉള്ളതു പോലെ തന്നെ പറയണമല്ലോ. ഞാന്‍ ചവിട്ടിക്കൊണ്ടിരിക്കുന്ന ഈ സൈക്കിൾ എന്റേതല്ല, രമണന്റേതാണ്. രമണന്‍ എന്റെ ചേട്ടനാണ്. എനിക്കവനും അവനു ഞാനുമല്ലാതെ ഈ വലിയ നഗരത്തിഞങ്ങള്‍ക്കു തുണയായി മറ്റാരും തന്നെയില്ല. ഈ സൈക്കിളെനിക്കു വാങ്ങിത്തന്നെങ്കിലും ഒരു തവണ പോലും അവനിതിൽ കയറി യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. നഗരത്തിരക്കിലൂടെ ആള്‍ക്കൂട്ട സഞ്ചാരങ്ങളുടെ ഭാഗമായി ഉറച്ച കാല്‍വയ്പ്പുകളോടെ നിരത്തിന്നരികു പറ്റി നടക്കുന്നതാണ് അവനിഷ്ടം. തൊട്ടു മുമ്പ് ഈ സൈക്കി പിന്നിട്ട ഏഴാം നമ്പ തെരുവിന്റെ അറ്റത്തു കാണുന്ന തുണിക്കടയിലാണ് ഞങ്ങ ജോലി ചെയ്യുന്നത് . ഞാനവിടെ കയറിയിട്ട് നാലഞ്ചു മാസമാകുന്നതേയുള്ളൂ. പക്ഷെ രമണനവിടെ നാലോ അഞ്ചോ കൊല്ലമായിക്കാണും. എന്റെ ഈ പ്രായത്തി, പതിമൂന്നാം വയസ്സി, അവിടെ തൂപ്പു തുടപ്പുകാരനായി കയറിക്കൂടിയതാണ്. ഇപ്പോൾ അവൻ ടീഷര്‍ട്ട് വിഭാഗത്തിലെ സെയിന്‍സ് മാനാണ്. അവന്റെ പഴയ പണി ഇപ്പോ ചെയ്യുന്നതു ഞാനാണ്. ഒരു വിശേഷം കേള്‍ക്കണോ? പോപ്പ്മ്യൂസിക് സ്റ്റാറുകളുടെ ചിത്രവും, പേരും പതിച്ച ടീഷര്‍ട്ടുക അടുക്കി വച്ചിരിക്കുന്നിടത്തു ചെന്ന് നിങ്ങ ഒരാളുടെ പേരു പറഞ്ഞു നോക്കൂ.  നിമിഷ നേരം കൊണ്ട് അവന്‍ അടുക്കി വച്ചിരുന്ന ടീഷര്‍ട്ടുകളി നിന്നും നിങ്ങളാവശ്യപ്പെട്ടയാളെയോ, ബാന്റിനേയോ വലിച്ചെടുത്ത് നിവര്‍ത്തിക്കാണിക്കും. ഒരു ജിഗ്സോ പസി കഷ്ണത്തിന്റേതു പോലെ മ്യൂസിക് സ്റ്റാറുകളുടെ കണ്ണോ, മൂക്കോ, നെറ്റിയോ ഒക്കെ മാത്രമേ അടുക്കി വെച്ച ടീഷര്‍ട്ടുകളി പുറത്തു കാണാവുന്നതായി ഉണ്ടാകൂ. ചിലതി അതു പോലും ഉണ്ടാകില്ല. സംഗീതോപകരണങ്ങളുടെ ഏതെങ്കിലും ഭാഗമോ, പേരിന്റെ ഏതെങ്കിലും ഒരക്ഷരമോ ഒക്കെ മാത്രമേ പുറത്തു കാണൂ. പക്ഷെ, ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആവശ്യപ്പെടുന്ന പേരുകാരുടെ ചിത്രം പതിച്ച ടീഷര്‍ട്ട് സ്റ്റോക്കിലുണ്ടെങ്കിൽ അതവന്‍ വലിച്ചെടുത്ത് നിങ്ങള്‍ക്കു തന്നിരിക്കും.

മുന്നു മാസം മുമ്പ് ഒരു സായിപ്പ് കടയി വന്നിരുന്നു. അയാളവനെ പരീക്ഷിക്കാന്‍ തുടങ്ങി.
ബോബ് മാര്‍ളി
ട്രേസി ചാപ്മാന്‍
ജോൺ ലെനൻ
കൂളിയോ
മൈക്കേൽ ജാക്സന്‍
പിങ്ക് ഫ്ലോയിഡ്
ടിയർ ഗാര്‍ഡന്‍
റാംസ്റ്റീന്‍
ടോറി അമോസ്
പോൾ സൈമൺ
റാംസ്റ്റീന്‍ മാത്രം സ്റ്റോക്കില്ലായിരുന്നു. അതൊഴികെ അയാളാവശ്യപ്പെട്ടതെല്ലാം ഞൊടിയിടയി മുന്നി നിരത്തപ്പെട്ടു. അമ്പരന്നു പോയ സായിപ്പ് അവനു നല്‍കിയ കാശാണ് ഇപ്പോ ഞാനീ ചവിട്ടിക്കൊണ്ടിരിക്കുന്ന സൈക്കിള്‍. നിരത്തിലൂടെ മുടന്തിക്കൊണ്ട് നടന്നു പോകുമ്പോ എന്നെ നോക്കി തെരുവു പിള്ളേർ 'ഞൊണ്ടിക്കാലാ...പോളിയോക്കാലാ...ഒന്നരക്കാലാ...ചട്ടുകാലാ' എന്നൊക്കെ കളിയാക്കി വിളിക്കുമ്പോൾ അവരോടു കയര്‍ക്കാന്‍ ചെന്നു മടുത്തായിരിക്കണം അവന്‍ സായിപ്പു കൊടുത്ത കാശു കൊണ്ട് എനിക്കീ സൈക്കി വാങ്ങിത്തന്നത്. അല്ലെങ്കി അന്നു വൈകീട്ടു തന്നെ തുണിക്കടയ്ക്കു മൂന്നു കെട്ടിടം അപ്പുറത്തുള്ള പഴയ സാധനങ്ങൾ വില്‍ക്കുന്ന കടയി ചെന്ന് കുറേ ഓഡിയോ ക്യാസറ്റുകൾ വാങ്ങിയേനെ. സിഡിയും, എം.പീ.ത്രീ പ്ലെയറുമൊക്കെ വന്നിട്ടും അവന്റെ ശീലമതാണ്. കാന്തം പുരണ്ട കടും തവിട്ടു നാടച്ചുരുളുകളുടെ സംഗീതമില്ലാതെ അവനു രാത്രിയുറക്കം പതിവില്ല.

പക്ഷെ ഈയിടെയായി ക്യാസറ്റു പാട്ട് മാത്രമല്ല മദ്യവും ശീലമായി വരുന്നുണ്ട്. അതവന്റെ പെരുമാറ്റത്തെയും ബാധിച്ചിട്ടുണ്ട്. എങ്കിലും എന്നോടു സ്നേഹമൊക്കെയാണ്. ചിലപ്പോഴൊക്കെ മുടിഞ്ഞ സ്നേഹ പ്രകടനമായിരിക്കും. അപ്പോ എനിക്കവനെ രാമനെന്നു വിളിക്കാന്‍ തോന്നും. എന്നാ രാവണനെന്നു വിളിക്കാന്‍ തോന്നുന്ന സമയങ്ങളുമുണ്ട്. എന്തെങ്കിലും അബദ്ധം കാണിച്ചാലെന്റെ തലയ്ക്കു കിഴുക്കുമ്പോ... എന്നെ ചട്ടുകാലായെന്ന് വിളിക്കുമ്പോൾ... മദ്യപിച്ചു വന്ന് ബഹളമുണ്ടാക്കുമ്പോൾ... പിന്നെ ജെസ്സി, ചുരിദാറിന്റെ സെക്ഷനിലെ സെയില്‍സ് ഗേൾ, അവളു പിഴയാണെന്നു പറയുമ്പോള്‍. പക്ഷെ അവനെന്റെ ചേട്ടനല്ലേ? രാമനേയും രാവണനേയും ഉരുക്കിയൊഴിച്ച രമണനല്ലേ? ഇരുചക്രങ്ങൾ പോലെ എനിക്കവനും അവനു ഞാനുമല്ലേയുള്ളൂ. അതുകൊണ്ടല്ലേ വാടക മുറിയി പനി പിടിച്ചു വിറച്ചു കിടക്കുന്ന അവനുള്ള മരുന്നും വാങ്ങിച്ച് ഞാൻ ഈ സൈക്കി ഒന്നരക്കാലും വച്ച് മുന്നോട്ടാഞ്ഞു ചവിട്ടി കിതച്ചും കുതിച്ചും  പായുന്നത്.

* * * * * * * * *

Sunday, May 19, 2013

ദി ഗ്രേറ്റ് ഗാറ്റ്സ്ബേ

(c) www.hdwallpapers.in

കോളനിയിൽ നിന്നും സ്വതന്ത്രമായ ശേഷം, പ്രത്യേകിച്ച് ഒരു മഹത്തായ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അമേരിക്കയുടെ സാമ്പത്തികാഭിവൃദ്ധി. ഒന്നാം  ലോകമഹായുദ്ധത്തിനു ശേഷമുള്ള കുതിച്ചു പാച്ചിൽ, സമാന്തരമായി മാഫിയകളുടെ ഉയിർപ്പും സാമ്പത്തിക ഇടപെടലുകളും. മാറുന്ന സംഗീതം, വസ്ത്രധാരണം, മര്യാദകൾ... ഇതെല്ലാമുള്ള അമേരിക്കയുടെ തനി രൂപകമായ ഗാറ്റ്സ്ബേയുടെ രാവണൻ കോട്ടയ്ക്കടുത്ത് (ഡ്രാക്കുളക്കോട്ടയിലെ ജോനാഥനെപ്പോലെ) താമസക്കാരനായെത്തുന്ന  സാക്ഷീഭാവമുള്ള അയൽക്കാരന്റെ ദ്വിതീയ പുരുഷ കഥനത്തെ ദൃശ്യഭാഷയിൽ വെറുമൊരു പ്രേമകഥ മാത്രമാക്കി ചുരുക്കിയിരിക്കുന്നു. "പുളപ്പ്" തുടങ്ങുന്ന അമേരിക്കൻ കാലഘട്ടത്തെ, സാമൂഹ്യമായ മാറ്റത്തെ, സാമ്പത്തിക/സദാചാര സംഹിതകളെയാണ് നോവലിൽ കേന്ദ്രസ്ഥാനത്ത് നിർത്തുന്നതെങ്കിൽ സിനിമയിലത് കടന്നു വരുന്നത് അപൂർവ്വമാണ്. മുളാൻറൂഷ് , റോമീയോ-ജൂലിയറ്റ് എന്നിവയൊരുക്കിയയാളിൽ നിന്ന് ‌കൂടുതൽ പ്രതീക്ഷിച്ചു. ഗാറ്റ്സ്ബേയുടെ കൊട്ടാരസമാനമായ വീട്ടിലെ പാർട്ടി രംഗങ്ങളിലൊഴികെ ആ സ്പർശം കാണാനില്ലായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമ 'നിരാശപ്പെടുത്തി'. നായകനായ ലിയോനാര്‍ഡോ ഡി കാപ്രിയോ, ആഖ്യാതാവായ ടോബി മഗ്വയ്ര്‍ മുതൽ  ചെറിയ വേഷത്തിലെത്തുന്ന അമിതാഭ് ‌ബച്ചനുൾപ്പെടെയുള്ള കഥാപാത്രങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ല. ഏവരും ശരാശരിയ്ക്കു മുകളിലുള്ള അഭിനയം കാഴ്ചവച്ചിട്ടുണ്ട് താനും. ത്രിമാന ചിത്രീകരണത്തിന്റെയൊന്നും ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് കാഴ്ചാനുഭവം. ആത്മീയതയിലധിഷ്ഠിതമല്ലാത്ത ക്ഷണപ്രഭാ ചഞ്ചലമായ അമേരിക്കൻ സ്വപ്നമെന്നതിന്റെ തകർച്ചയെ വിഷയമാക്കുമ്പോൾ സെമിറ്റിക്/കുടുംബ-പശ്ചാത്തലത്തിന് കൂടുതൽ പ്രാധാന്യം ‌നൽകുന്ന സിനിമയാകട്ടെ, നോവലിലെ സാമൂഹ്യ/സാമ്പത്തിക/യുദ്ധ/ചരിത്ര-പശ്ചാത്തലങ്ങളെ ദുർബലമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് ‌സിനിമയിൽ ദ്വിതീയ പുരുഷന്റെ വാചികമായ 'കഥ പറച്ചിലും', ക്യാമറയുടെ ദൃശ്യവൽക്കൃതമായ 'കഥ പറച്ചിലും' രണ്ട് വ്യത്യസ്ത ഭാഷയാണെന്ന് പ്രകടമാകുന്നതോടെ കാഴ്ചയിൽ ചെടിപ്പുണ്ടാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഫിറ്റ്സ്‌ജെറാള്‍ഡിന്റെ നോവലുമായി മൂലകഥയിൽ അഥവാ പ്രേമകഥയിൽ മാത്രം സാമ്യമുള്ളതും അഞ്ചും, ഏഴും, പത്തും കൽപ്പനകളെ തെറ്റിച്ചവനുള്ള 'പാപത്തിന്റെ ശമ്പളം മരണമത്രേ' വിധിയിലും ഒതുങ്ങുന്നു ഗാറ്റ്സ്ബേയുടെ ചലച്ചിത്ര ഭാഷ്യം.  ‌


Thursday, May 16, 2013

ഹൗസാറ്റ്!!!

ബീലാത്തിയിലെ പ്രഭുക്കന്മാരുടെ ഒഴിവു സമയ വിനോദത്തില്‍ നിന്ന് കാലമേറെ കടന്ന്  രൂപാന്തരങ്ങള്‍ക്കു വിധേയമായി 20-20യിലെത്തി നില്‍ക്കുന്ന ക്രിക്കറ്റ് എന്ന കളി വെറും വിനോദമോ, കളിയോ അല്ലെന്ന് ഇനിയും തിരിച്ചറിവായിട്ടില്ലേ? കാശിന് ടിക്കറ്റു വാങ്ങി കളികാണുന്ന മൈതാനത്തിലൊതുങ്ങുന്നതല്ല അതിന്റെ കമ്പോള പരിസരം. ടീം-ലേലം, ചാനല്‍ റൈറ്റ്സ്, പരസ്യം, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കമ്പോളശിഖയുടെ കീഴെ വരുന്നതാണ് വാതുവയ്പ്പും ഒത്തുകളിയുമെല്ലാം. കാണുന്നവര്‍ക്ക് വേണ്ടത് ഹരംകൊള്ളിക്കുന്ന വിനോദമാണെങ്കില്‍, ആ വിനോദം പകരുന്ന പ്രക്രിയയില്‍ സ്വാഭാവികമായ പരിണാമഗുപ്തി, അസ്വഭാവികമായ പരിണാമഗുപ്തി എന്നിവ തേടുന്നതില്‍ ‌വലിയ കാര്യമൊന്നുമില്ല. നൈതികത, ധാര്‍മ്മികത... എന്നൊക്കെ പറയാമെങ്കിലും കാശ് വാരാനാകുന്ന ഈ കുളത്തില്‍ ചിലര്‍ മീന്‍ വലയെറിഞ്ഞു പിടിക്കും, ചിലര്‍ നഞ്ഞു കലക്കി പിടിക്കും, ചിലര്‍ ചാട്ടുളിയെറിഞ്ഞു പിടിക്കും. ചെന്നൈയിലിരുന്ന് ‌ഒരാള്‍ കുടിക്കുന്ന കോളയിലെ ഐപിഎല്‍ സ്റ്റിക്കറിലും, മുംബൈയിലെ ഒരു പബില്‍ ഇത്രകുപ്പി ബിയറും വലിയ സ്ക്രീനില്‍ കാഴ്ചയുമെന്ന്  വാഗ്ദാനം ചെയ്യുന്ന പാക്കേജിലും, ദില്ലിയിലെ ഒരു വ്യവസായിയുടെ ബാങ്ക് ട്രാന്‍സാക്ഷനിലെ സ്പോണ്‍സര്‍ തുകയിലും, കളിക്കാര്‍ക്കും കാണികള്‍ക്കുമായുള്ള യാത്രാസൗകര്യത്തിനൊരുങ്ങുന്ന വിമാനങ്ങളുടെ വരുമാനത്തിലും, ബോളിവുഡു താരങ്ങളുടെ കോള്‍ഷീറ്റിലും വരെ മാറ്റങ്ങളുണ്ടാക്കുന്ന കളിക്കമ്പത്തിന്റെ കമ്പോള പ്രതിനിധാനം അധോലോകത്തിനു മാത്രമെന്തിന് അന്യമാകണം?  "കമ്പോളമാണ് മാര്‍ഗം, കമ്പോളമാണ് ശരി, കമ്പോളമാണ് സര്‍വ്വം" എന്നതാകുന്നു ഇവിടെ ആപ്തവാക്യം. അതില്‍ കറുപ്പേത്, ചാരമേത്, ചുവപ്പേത്, വെളുപ്പേതെന്നൊക്കെ ചുമ്മാ തപ്പിക്കൊണ്ടിരിക്കാമെന്നു മാത്രം. നിങ്ങള്‍ക്കുള്ള വിനോദം 'പാക്കേജ്ഡ്' ആയി ടെലിവിഷന്‍ വഴിയോ, മൈതാന പരിസരത്തോ റെഡിയാണ്. അതു 'തിന്നുക, ഉറങ്ങുക, കുടിക്കുക'. നിര്‍മ്മിതമായ പാക്കേജിന്റെ പരിണാമഗുപ്തി നിശ്ചയിക്കുന്നത് ‌കമ്പോള നിറങ്ങളില്‍ ചാരമാണോ, കറുപ്പാണോ, വെളുപ്പാണോയെന്നത് തീരുമാനിക്കാനുള്ള അവകാശമൊക്കെ (പ്രത്യേകിച്ചും സ്വകാര്യ ഉടമസ്ഥതയുള്ള കളിപ്പങ്കില്‍) പണ്ടേയ്ക്കു പണ്ടെ തീറെഴുതിക്കൊടുത്തുപോയിരിക്കുന്നു
 

(c)2009 Devadas V.M [ vm.devadas@gmail.com ]