Sunday, May 19, 2013

ദി ഗ്രേറ്റ് ഗാറ്റ്സ്ബേ

(c) www.hdwallpapers.in

കോളനിയിൽ നിന്നും സ്വതന്ത്രമായ ശേഷം, പ്രത്യേകിച്ച് ഒരു മഹത്തായ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അമേരിക്കയുടെ സാമ്പത്തികാഭിവൃദ്ധി. ഒന്നാം  ലോകമഹായുദ്ധത്തിനു ശേഷമുള്ള കുതിച്ചു പാച്ചിൽ, സമാന്തരമായി മാഫിയകളുടെ ഉയിർപ്പും സാമ്പത്തിക ഇടപെടലുകളും. മാറുന്ന സംഗീതം, വസ്ത്രധാരണം, മര്യാദകൾ... ഇതെല്ലാമുള്ള അമേരിക്കയുടെ തനി രൂപകമായ ഗാറ്റ്സ്ബേയുടെ രാവണൻ കോട്ടയ്ക്കടുത്ത് (ഡ്രാക്കുളക്കോട്ടയിലെ ജോനാഥനെപ്പോലെ) താമസക്കാരനായെത്തുന്ന  സാക്ഷീഭാവമുള്ള അയൽക്കാരന്റെ ദ്വിതീയ പുരുഷ കഥനത്തെ ദൃശ്യഭാഷയിൽ വെറുമൊരു പ്രേമകഥ മാത്രമാക്കി ചുരുക്കിയിരിക്കുന്നു. "പുളപ്പ്" തുടങ്ങുന്ന അമേരിക്കൻ കാലഘട്ടത്തെ, സാമൂഹ്യമായ മാറ്റത്തെ, സാമ്പത്തിക/സദാചാര സംഹിതകളെയാണ് നോവലിൽ കേന്ദ്രസ്ഥാനത്ത് നിർത്തുന്നതെങ്കിൽ സിനിമയിലത് കടന്നു വരുന്നത് അപൂർവ്വമാണ്. മുളാൻറൂഷ് , റോമീയോ-ജൂലിയറ്റ് എന്നിവയൊരുക്കിയയാളിൽ നിന്ന് ‌കൂടുതൽ പ്രതീക്ഷിച്ചു. ഗാറ്റ്സ്ബേയുടെ കൊട്ടാരസമാനമായ വീട്ടിലെ പാർട്ടി രംഗങ്ങളിലൊഴികെ ആ സ്പർശം കാണാനില്ലായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമ 'നിരാശപ്പെടുത്തി'. നായകനായ ലിയോനാര്‍ഡോ ഡി കാപ്രിയോ, ആഖ്യാതാവായ ടോബി മഗ്വയ്ര്‍ മുതൽ  ചെറിയ വേഷത്തിലെത്തുന്ന അമിതാഭ് ‌ബച്ചനുൾപ്പെടെയുള്ള കഥാപാത്രങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ല. ഏവരും ശരാശരിയ്ക്കു മുകളിലുള്ള അഭിനയം കാഴ്ചവച്ചിട്ടുണ്ട് താനും. ത്രിമാന ചിത്രീകരണത്തിന്റെയൊന്നും ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് കാഴ്ചാനുഭവം. ആത്മീയതയിലധിഷ്ഠിതമല്ലാത്ത ക്ഷണപ്രഭാ ചഞ്ചലമായ അമേരിക്കൻ സ്വപ്നമെന്നതിന്റെ തകർച്ചയെ വിഷയമാക്കുമ്പോൾ സെമിറ്റിക്/കുടുംബ-പശ്ചാത്തലത്തിന് കൂടുതൽ പ്രാധാന്യം ‌നൽകുന്ന സിനിമയാകട്ടെ, നോവലിലെ സാമൂഹ്യ/സാമ്പത്തിക/യുദ്ധ/ചരിത്ര-പശ്ചാത്തലങ്ങളെ ദുർബലമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് ‌സിനിമയിൽ ദ്വിതീയ പുരുഷന്റെ വാചികമായ 'കഥ പറച്ചിലും', ക്യാമറയുടെ ദൃശ്യവൽക്കൃതമായ 'കഥ പറച്ചിലും' രണ്ട് വ്യത്യസ്ത ഭാഷയാണെന്ന് പ്രകടമാകുന്നതോടെ കാഴ്ചയിൽ ചെടിപ്പുണ്ടാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഫിറ്റ്സ്‌ജെറാള്‍ഡിന്റെ നോവലുമായി മൂലകഥയിൽ അഥവാ പ്രേമകഥയിൽ മാത്രം സാമ്യമുള്ളതും അഞ്ചും, ഏഴും, പത്തും കൽപ്പനകളെ തെറ്റിച്ചവനുള്ള 'പാപത്തിന്റെ ശമ്പളം മരണമത്രേ' വിധിയിലും ഒതുങ്ങുന്നു ഗാറ്റ്സ്ബേയുടെ ചലച്ചിത്ര ഭാഷ്യം.  ‌


0 comments:

 

(c)2009 Devadas V.M [ vm.devadas@gmail.com ]