Monday, January 28, 2013

വിശ്വരൂപം - മൗലികവാദവും, വർഗീയവത്ക്കരണവും.

കമലിന്റെ വിശ്വരൂപം ഞാനിതുവരെ കണ്ടിട്ടില്ല. തമിഴ്നാട്ടില്‍ സിനിമ റിലീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഹൈക്കോടതി കണ്ട ശേഷമേ പ്രദര്‍ശനാനുമതിയുള്ളൂ എന്നാണറിയുന്നത്. കമലിന്റെ ബ്രഹ്മാണ്ഡ സിനിമകളില്‍ അമിത പ്രതീക്ഷ വയ്ക്കുന്ന ഒരാളല്ല ഞാന്‍. എങ്കിലും ഒട്ടുമിക്കവയും കാണാറുണ്ട്, കൊമേഴ്സ്യൽ ത മിഴ് സിനിമയെന്ന രീതിയില്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ ഈയിടെ ഉയര്‍ന്നു വന്ന വിവാദം ഇരുതല വാളാകുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള വര്‍ഗീയതയുടെ ധാര്‍ഷ്ട്യം അനുവദിച്ചാല്‍ നാടിന്റെ മതനിരപേക്ഷത തകരുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ നയം എല്ലാക്കാര്യത്തിലും ബാധകമാണോ എന്നതാണ് വിഷയം. ഇന്നസെന്‍സ് ഓഫ് മുസ്ലിം എന്ന സിനിമ/വീഡീയോ പ്രചരിക്കുകയും, അതിനെ ഇസ്ലാം സംഘടനകള്‍ എതിര്‍ക്കുകയും ചെയ്തപ്പോള്‍ പ്രസ്തുത വീഡീയോ യൂട്യൂബില്‍ നിന്ന് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടത് മാറ്റാരുമല്ല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാക്ഷാല്‍ പ്രകാശ്‌ കാരാട്ടാണ്. വിശ്വരൂപം ഇസ്ലാം വിരുദ്ധമല്ലെന്നും, ഇ.ഓ.മുസ്ലിം ഇസ്ലാം വിരുദ്ധമാണെന്നും എങ്ങനെയാണ് തീര്‍പ്പുകല്‍പ്പിക്കാന്‍ പറ്റുന്നത്? അത് തീര്‍ത്തും സബ്ജകീവ് ആയ കാഴ്ചപ്പാടാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവും, പാഷന്‍ ഓഫ് ക്രൈസ്റ്റും , ഡാവിഞ്ചി കോഡുമെല്ലാം എതിര്‍ത്ത ക്രിസ്ത്യന്‍ സംഘടനകളുണ്ട്. ഇന്ത്യയില്‍ തന്നെ എത്രയോ സിനിമകള്‍ക്ക് ഹിന്ദു സംഘടനകള്‍ വിലക്കും, പ്രതിഷേധവും , അക്രമവുമെല്ലാം അഴിച്ചു വിട്ടിരിക്കുന്നു. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച സിനിമയ്ക്കെതിരെ പ്രതികരിച്ചവരില്‍ സിപിഎം നേതാവ് ശ്രീമതി ടീച്ചറുമുണ്ടായിരുന്നു എന്നാണോര്‍മ്മ. അപ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു പൊതുനയം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് വ്യക്തം.

വിശ്വരൂപത്തെ എതിർക്കുന്ന സംഘടകളെ എല്ലാം താലിബാൻ അനുകൂലികളാണെന്നു പ്രത്യക്ഷമോ പരോക്ഷമോ ആയി സൂചിപ്പിക്കുന്ന പ്രതികരണങ്ങൾ സൈബറിടത്തിലും, മറ്റിടങ്ങളിലും കണ്ടു.
# ഇടതുവലതു സംഘടകൾ പത്ര-ചാനൽ ഓഫീസുകൾക്കു നേരെ കല്ലെറിഞ്ഞാൽ അത് അക്രമം.
# വിശ്വരൂപത്തെ എതിർക്കുന്ന സംഘടകൾ തീയേറ്ററിനു നേരെ കല്ലെറിഞ്ഞാലതു താലിബാനിസം.
# ഇടതുവലതു സംഘടനകൾ ബന്ദിന്റെയന്നു ബസ്സിന്നു കല്ലെറിഞ്ഞാലോ , വാഹനങ്ങൾക്കു തീവച്ചാലോ അത് അക്രമം.
# പ്രസ്തുത നടപടി മദനിയിലോട്ടോ, സൂഫിയാ മദനിയിലോട്ടോ ആരോപിച്ചാലുടനെയത് തീവ്രവാദം.
എന്ന കുയുക്തി അത്ര പെട്ടന്ന് വിഴുങ്ങാവുന്നതല്ല. മതചിഹ്നങ്ങളെ, ആശയങ്ങളെ, സൂറത്തുകളെ , അറബിക് ലിപികളെ വരെ പശ്ചാത്തലമാക്കി ഇസ്ലാമോഫോബിയക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ പക്ഷ സിനിമയാണിതെന്നാണ് സിനിമ കണ്ടോ, കാണാതെയോ ഇതിനെയെതിർക്കുന്ന സംഘടനകൾ പറയുന്നത്. അത് ഫണ്ടമെന്റലിസമാണ് ; തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ സിനിമയിൽ താലിബാനോ, ഉസാമയോ, മുല്ലാ ഉമറോ ഒക്കെ പ്രമേയമാണെന്നു കരുതി സിനിമയെ എതിർക്കുന്ന സംഘടനകൾ താലിബാനെ പിന്തുണയ്ക്കുന്നു എന്ന് അടച്ചൊരാരോപണമുന്നയിക്കുന്നതിലും പർവ്വതീകരണത്തിന്റെ വലിയ അപകടമുണ്ട്. ബിൻലാദൻ മരിച്ചപ്പോൾ രക്തസാക്ഷിയെന്നു ലേബലൊട്ടിച്ച് വാരികയിറക്കിയതിനും, അതതു കാലങ്ങളിൽ തങ്ങളെടുത്ത മൗലികവാദ സമീപനങ്ങളുടേയുയും, അക്രമങ്ങളുടേയുമൊക്കെ ആകെത്തുകയാണ് ഈ പർവ്വതീകരണത്തിനു സാധ്യതയൊരുക്കിയതെന്ന് പ്രസ്തുത സംഘടനകളും ചിന്തിക്കുന്നത് നന്നായിരിക്കും.

തീയേറ്ററിൽ പ്രദർശിപ്പിക്കാനനുവദിക്കാതെ ഈ സിനിമയെ എതിർക്കുന്ന മൗലികവാദ സംഘടകളോട് ഒരു തരിമ്പും യോജിപ്പില്ല. എന്നാൽ സിനിമ എന്ന കലാരൂപത്തിന്റെ ആസ്വാദനം തന്നെ സബ്ജക്റ്റീവ് ആയതിനാൽ ഇത് മതവിരുദ്ധമാണോ, അല്ലയോയെന്ന്  തീർപ്പുകൽപ്പിക്കാൻ ഉപകരണങ്ങളില്ല. ഇനി ആണെങ്കിൽ തന്നെയും സിനിമ കണ്ട ശേഷം ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധമോ, വിമർശനമോ, പ്രതികരണമോ ആകുന്നതാണുചിതം. പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇമ്പീരിയലിസ്റ്റ് സിനിമ ഇസ്ലാമോഫോബിയയെ അനുകൂലിക്കുന്നുവെങ്കിൽ തന്നെ അതിനെതിരെ പ്രതിഷേധിക്കാൻ ഇതിലും മികച്ച ഒരുപാട് മാർഗങ്ങളുണ്ട്; പ്രദർശനം അനുവദിച്ചുകൊണ്ട് തന്നെ തീയേറ്ററിനു വെളിയിൽ പ്രതിഷേധം നടത്തുന്നതുൾപ്പെടെ. മൗലികവാദ സമീപനമല്ല; മറിച്ച് ജനാധിപത്യ രീതികളാണ് മറുപടിയായുണ്ടാകേണ്ടത്. എന്നാൽ മൗലികവാദത്തോളമെത്തുന്ന സംഘടനകളുടെ എതിർപ്പിനെ താലിബാനിലോട്ടു കെട്ടാൻ കയറും കുറ്റിയുമെടുക്കുന്ന ഉടന്തടി പ്രതികരണങ്ങളുടെ ബ്ലാക്ക്&വൈറ്റ് തീർപ്പിനോടും ഒട്ടും യോജിപ്പില്ലെന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.

Friday, January 25, 2013

Insomnia മൂന്നാംപക്കം അഥവാ (അ)രാഷ്ട്രീയം

അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ പിന്നെ വയറു നിറയെ തിന്ന് അൽപം മദ്യപിച്ച് ചുരുണ്ടു കൂടി കിടന്നുറങ്ങുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു. ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അസുരനിഗ്രഹവും, വിവാഹവും, വനവാസവുമൊക്കെയായി ജേഷ്ഠനെ അനുഗമിച്ച ലക്ഷ്മണൻ ബലാതിബല മന്ത്രങ്ങളാൽ വിശപ്പും, ദാഹവും ഒഴിവാക്കി. വനവാസകാലത്ത് ജേഷ്ഠനേയും, ജേഷ്ഠപത്നിയേയും സംരക്ഷിക്കുന്ന ദൗത്യമേറ്റതിനാൽ 14 വർഷത്തേയ്ക്ക് നിദ്രാദേവിയുമായി ഉടമ്പടി വച്ചത്രേ! 14 വർഷം ഉറക്കമില്ലാതെ കാവലു നിന്നു, യാത്ര ചെയ്തു, ‌മര്യാദ വെടിഞ്ഞു സ്ത്രീയെ ആക്രമിച്ചു , തെറ്റും ശരിയും നോക്കാതെ ജേഷ്ഠകൽപ്പനകൾ ശിരസ്സാ വഹിച്ചു, യുദ്ധം ചെയ്തു. എന്നിട്ടോ ജീവിതത്തിലേറ്റവും കൂടുതലായി താൻ ആഗ്രഹിച്ച നിമിഷമായ ശ്രീരാമ പട്ടാഭിഷേകം നടക്കുന്നയന്ന് ഉടമ്പടി തീർന്നതിനാൽ ചിരിച്ചുകൊണ്ട് മയക്കത്തിലാണ്ടു. രാമൻ കിരീടം ധരിക്കുമ്പോൾ ലക്ഷ്മണൻ മയക്കത്തിലേയ്ക്ക് ‌വഴുതി വീഴുകയായിരുന്നത്രേ! കുംഭകർണ്ണനങ്ങനെയായിരുന്നില്ല വേദശാസ്ത്രശസ്ത്ര വിദ്യകൾ ഗ്രഹിച്ചു അറിവുള്ളവനായി, മന്ത്രം ജപിച്ചു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, വികടസരസ്വതീ കടാക്ഷം വാങ്ങി. ലങ്കയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ മൂക്കുമുട്ടെ തിന്നു, ബോധം മറയുന്നതു വരെ മദ്യപിച്ചു, പിന്നെ കൂർക്കം വലിച്ചു കിടന്നുറങ്ങി. രാവണൻ സീതയെ അപഹരിച്ചപ്പോഴും, ഹനുമാൻ ലങ്ക കത്തിച്ചപ്പോഴുമെല്ലാം ഉറങ്ങിക്കൊണ്ടേയിരുന്നു. ഉറക്കം മുറിച്ചെഴുന്നേറ്റപ്പോൾ തെറ്റു ചെയ്ത ജേഷ്ഠനോട് തർക്കിച്ചു. തിരുത്താനാവില്ലെന്നു കണ്ട് ‌ആക്കറ്റം മദ്യപിച്ച് തന്നാൽ കഴിയാവുന്ന വിധം‌ യുദ്ധം ചെയ്തു മരിച്ചു. ജീവിത വിജയം അളക്കുകയെന്നത് മാപിനികളുടെ പരാജയമാണ്. ആയതിനാൽ തന്നെ ‌ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ, 'വല്ല്യേട്ടൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു'വെങ്കിൽ  വിശേഷിച്ചും...

Saturday, January 5, 2013

പാണ്ഡവപുരം.

പക്ഷേ, ഇവിടെ ഇങ്ങനെ ഞാൻ ആണിയടിച്ചുറപ്പിക്കട്ടെ. വടിവ് നഷ്ടപ്പെടുന്ന സങ്കൽപങ്ങൾ അലയുന്ന ഓർമ്മകളെ എങ്ങും കൊണ്ടെത്തിക്കുന്നില്ല. അതുകൊണ്ട് ഏറെ പണിപ്പെട്ടു ഞാനെന്റെ സങ്കൽപ്പങ്ങൾക്ക് വടിവുണ്ടാക്കട്ടെ. അവയിലേയ്ക്ക് നിറങ്ങളും ഗന്ധങ്ങളും കയറട്ടെ.
- പാണ്ഡവപുരം / സേതു.

Tuesday, January 1, 2013

Perez എന്ന വാസ്തുഹാരാ

1947-1971 കാലഘട്ടത്തില്‍ പാക്ക്-ബംഗ്ലാ പ്രവിശ്യകളില്‍ നിന്നുണ്ടായ അഭയാര്‍ഥി പ്രാവഹം വിഷയമാക്കി ശ്രീരാമനെഴുതിയ കഥയ്ക്ക് അരവിന്ദന്‍ ചലച്ചിത്രഭാഷ്യമൊരുക്കിയത് 1991ലാണ്. വിഭജനം, അഭയാര്‍ത്ഥിത്വം, പകർച്ച വ്യാധികൾ, കെട്ടുപിണയുന്ന ബന്ധങ്ങളുടെ ഭിന്നാവസ്ഥകള്‍ എന്നിവ പ്രമേയമാക്കിയ വാസ്തുഹാരക്കഥയ്ക്ക് ഒരു തുടര്‍ച്ചയെന്നോണം മറ്റൊരു കഥ കൂടി എഴുതിയിരുന്നു ശ്രീരാമന്‍. കിഴക്കന്‍ ബംഗാള്‍ അഭയാര്‍ത്ഥികളെ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേയ്ക്ക്  കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പിലെ രേഖാപരിശോധകനായി കുറെക്കാലം ജോലി ചെയ്തതിന്റെ അനുഭവം പേറുന്ന കഥ. ഭൂമി പതിച്ചു കിട്ടിയ ഒരു കുടുംബത്തിലെ സ്ത്രീ രോഗം വന്ന് മരിച്ചു കഴിഞ്ഞു. കുടുംബനാഥനും കുട്ടിയുമാണ് ദ്വീപിലേക്കു പോകേണ്ടത്. ഭർത്താവു മരിച്ചൊരു സ്ത്രീ  ഒരു കുഞ്ഞിനോടൊപ്പം മതിയായ രേഖകളില്ലാതെ ഉദ്യോഗസ്ഥനു മുന്നിൽ ‌യാചിക്കുന്നു. കൊടിയ ദുരിതപീഢകളുടെ വലിയ ലോകത്ത് മനുഷ്യന്റെ ജാതി,ബന്ധങ്ങൾ, കുടുംബം എന്നിവയ്ക്കൊക്കെ കടലാസ്സു രേഖകളുടെ വിലയേ ഉള്ളൂ എന്ന് തിരിച്ചറിയുന്ന ഉദ്യോഗസ്ഥൻ അവരെ ഒറ്റ കുടുംബമാക്കുന്ന രേഖയുണ്ടാക്കി ദ്വീപിലേയ്ക്കയക്കുന്നു. വർഷങ്ങൾക്കു ശേഷം താൻ ഒട്ടിച്ചു ചേർത്ത ആ കുടുംബത്തെക്കാണാൻ ഉദ്യോഗസ്ഥൻ ‌ചെല്ലുന്നതും, ആ‌ കുടുംബം അല്ലലില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോയതു കണ്ട് സന്തോഷിക്കുന്നതുമാണ് കഥാ പ്രമേയം.

മീരാ നായരുടെ സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു 1995ല്‍ പുറത്തിറങ്ങിയ The Perez Family.  ക്യൂബയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആഭയാർത്ഥിത്വം പ്രമേയമാക്കി ഒരുപാട് സിനിമകൾ (ഗ്യാങ്ങ്സ്റ്റർ മൂവികളിലെ കൾട്ട് ആയ സ്കാർ ഫേസ് ഉൾപ്പെടെ) ഇറങ്ങിയിട്ടുള്ളതിനാൽ, അതിലൊരുപാടെണ്ണം കണ്ടിട്ടുള്ളതിനാൽ പലതവണ ഒഴിവാക്കിയ (Christine Bellന്റെ നോവലിന്റെ ചലച്ചിത്ര ഭാഷ്യം) The Perez Family ഇന്നാണ് കണ്ടു തീർത്തത്. സർനെയിമിൽ Perez എന്നുള്ളതല്ലാതെ മറ്റൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയത്തടവുകാരൻ, കരിമ്പു വെട്ടുകാരി എന്നിവർ ഉടയവരെ അന്വേഷിച്ചും, അമേരിക്കൻ ജീവിതത്തിന് സ്പോൺ‌സറെ അന്വേഷിച്ചും, ഔദ്യോഗിക കടമ്പകൾ എളുപ്പത്തിൽ കടക്കാൻ സർനെയിം ഒന്നായതിനാൽ വ്യാജ-കുടുംബ-രേഖ ചമച്ചുമെല്ലാം കൊടിയ ദുരിതങ്ങളുടെ വലിയ ലോകത്ത് മുൻബന്ധങ്ങളും, കുടുംബവുമെല്ലാം എത്ര നിസ്സാരമാണെന്ന് തിരിച്ചറിയുന്ന സിനിമ ഈ പുതുവര്‍ഷ ദിനത്തില്‍ കാണുമ്പോള്‍ മനസ്സു മുഴുവന്‍ ബംഗാളും, വാസ്തുഹാരകളും, സി.വി ശ്രീരാമനുമായിരുന്നു. സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ബംഗാളികളായ മരീസയും, ആൽഫ്രഡ് മൊലീനയും :))) ചിലതങ്ങനെയിങ്ങനെയൊക്കെയാണ്... അല്ലേ?
 

(c)2009 Devadas V.M [ vm.devadas@gmail.com ]