Friday, January 25, 2013

Insomnia മൂന്നാംപക്കം അഥവാ (അ)രാഷ്ട്രീയം

അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ പിന്നെ വയറു നിറയെ തിന്ന് അൽപം മദ്യപിച്ച് ചുരുണ്ടു കൂടി കിടന്നുറങ്ങുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു. ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അസുരനിഗ്രഹവും, വിവാഹവും, വനവാസവുമൊക്കെയായി ജേഷ്ഠനെ അനുഗമിച്ച ലക്ഷ്മണൻ ബലാതിബല മന്ത്രങ്ങളാൽ വിശപ്പും, ദാഹവും ഒഴിവാക്കി. വനവാസകാലത്ത് ജേഷ്ഠനേയും, ജേഷ്ഠപത്നിയേയും സംരക്ഷിക്കുന്ന ദൗത്യമേറ്റതിനാൽ 14 വർഷത്തേയ്ക്ക് നിദ്രാദേവിയുമായി ഉടമ്പടി വച്ചത്രേ! 14 വർഷം ഉറക്കമില്ലാതെ കാവലു നിന്നു, യാത്ര ചെയ്തു, ‌മര്യാദ വെടിഞ്ഞു സ്ത്രീയെ ആക്രമിച്ചു , തെറ്റും ശരിയും നോക്കാതെ ജേഷ്ഠകൽപ്പനകൾ ശിരസ്സാ വഹിച്ചു, യുദ്ധം ചെയ്തു. എന്നിട്ടോ ജീവിതത്തിലേറ്റവും കൂടുതലായി താൻ ആഗ്രഹിച്ച നിമിഷമായ ശ്രീരാമ പട്ടാഭിഷേകം നടക്കുന്നയന്ന് ഉടമ്പടി തീർന്നതിനാൽ ചിരിച്ചുകൊണ്ട് മയക്കത്തിലാണ്ടു. രാമൻ കിരീടം ധരിക്കുമ്പോൾ ലക്ഷ്മണൻ മയക്കത്തിലേയ്ക്ക് ‌വഴുതി വീഴുകയായിരുന്നത്രേ! കുംഭകർണ്ണനങ്ങനെയായിരുന്നില്ല വേദശാസ്ത്രശസ്ത്ര വിദ്യകൾ ഗ്രഹിച്ചു അറിവുള്ളവനായി, മന്ത്രം ജപിച്ചു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, വികടസരസ്വതീ കടാക്ഷം വാങ്ങി. ലങ്കയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ മൂക്കുമുട്ടെ തിന്നു, ബോധം മറയുന്നതു വരെ മദ്യപിച്ചു, പിന്നെ കൂർക്കം വലിച്ചു കിടന്നുറങ്ങി. രാവണൻ സീതയെ അപഹരിച്ചപ്പോഴും, ഹനുമാൻ ലങ്ക കത്തിച്ചപ്പോഴുമെല്ലാം ഉറങ്ങിക്കൊണ്ടേയിരുന്നു. ഉറക്കം മുറിച്ചെഴുന്നേറ്റപ്പോൾ തെറ്റു ചെയ്ത ജേഷ്ഠനോട് തർക്കിച്ചു. തിരുത്താനാവില്ലെന്നു കണ്ട് ‌ആക്കറ്റം മദ്യപിച്ച് തന്നാൽ കഴിയാവുന്ന വിധം‌ യുദ്ധം ചെയ്തു മരിച്ചു. ജീവിത വിജയം അളക്കുകയെന്നത് മാപിനികളുടെ പരാജയമാണ്. ആയതിനാൽ തന്നെ ‌ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ, 'വല്ല്യേട്ടൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു'വെങ്കിൽ  വിശേഷിച്ചും...

2 comments:

മാധവൻ said...

ഒരുകണക്കിനതും ശരിയാ..കണ്ണ്തുറന്നുറങ്ങുതിനേക്കാള്‍ ശ്രേഷ്ടമാണത്..

Jayesh/ജയേഷ് said...

athu kalakki :)

 

(c)2009 Devadas V.M [ vm.devadas@gmail.com ]