Thursday, October 8, 2015

നഖശിഖാന്തം


Maybe this world is another planet’s hell.”
- Aldous Leonard Huxley (English writer, philosopher)

ഭാഗം : 1   നഖം

നറുക്കിട്ടവയിൽ നിന്ന് രണ്ട് ചുരുളുകൾ യമൻ ഇരു മുഷ്ടികളിലുമായി ഒളിപ്പിച്ചു. ആദ്യം തുറന്നത് വലതു കൈയ്യാണ്. അതിൽ കണ്ട പേരു വിളിച്ചപ്പോൾ അസിപത്ര നരകത്തിൽ നിന്ന് ഒരു പെൺകുഞ്ഞ് പുറത്തു വന്നു. കിങ്കരന്മാരിലൊരുവൻ അവളുടെ കൈയ്ക്കു പിടിച്ച് വലിച്ചിഴച്ചു കൊണ്ടു വന്ന് യമന്റെ കാൽച്ചുവട്ടിലിട്ടു. ആ ചെയ്തിയിൽ ക്രുദ്ധനായെന്നോണം യമൻ വലം കൈ ഉയർത്തി വിലക്കി, ഇടം കണ്ണാൽ ചിത്രഗുപ്തനെ നോക്കി. അതിന്റെയർത്ഥം തിരിച്ചറിഞ്ഞ ചിത്രഗുപ്തൻ കിങ്കരനെ അരികിൽ വിളിച്ചു ശാസിച്ചു.
"ശിക്ഷയും പീഡനങ്ങളുമെല്ലാം നരകങ്ങൾക്കകത്തു മതി. ഇത് സഭയാണ്. അതോർമ്മ വേണം"
ഇതെന്തു കൂത്തെന്ന് തെല്ലൊന്നമ്പരന്നു നിന്നെങ്കിലും നരകവാസിയായൊരു പെൺകിടാവിനോട് ഇടപഴകേണ്ട പെരുമാറ്റച്ചട്ടമൊക്കെ തനിക്കറിയാമെന്ന ഗർവ്വ് യമകിങ്കങ്കരന്റെ മുഖത്തു നിന്ന് അപ്പോഴും മാഞ്ഞിരുന്നില്ല. ഇതൊന്നും സാരമാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ചിത്രഗുപ്തൻ കണ്ണുകളടച്ചു. നടക്കുന്നതെല്ലാം താൽക്കാലിക നടപടിക്രമങ്ങൾ മാത്രമാണെന്നും, അനന്തരം കാര്യങ്ങളെല്ലാം അതാതിന്റെ മുറയ്ക്ക് തന്നെ നടക്കുമെന്നും അവർക്കുറപ്പുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ ഇങ്ങനെയൊരു നടപടിയിൽ ചിത്രഗുപ്തന് അത്ര താൽപ്പര്യം പോരാ. തന്റെ പ്രമാണപുസ്തകത്തിൽ രേഖപ്പെടുത്തിയതനുസരിച്ച് പരേതരുടെ ശിക്ഷയും കാലവുമെല്ലാം നേരത്തേ ചിട്ടപ്പെടുത്തിയതാണ്. അതിനിടയിൽ പിന്നെന്തിനാണ് ഈ നറുക്കെടുപ്പ്?  ഭാഗ്യം തുണയ്ക്കുന്നൊരു ആൺകുട്ടിയേയും പെൺകുട്ടിയേയും സഭയിലെത്തിച്ച് ചോദ്യം ചെയ്യേണ്ട കാര്യമെന്ത്? അവരുടെ ജീവിതകഥ കേൾക്കുന്നതെന്തിന്? അതു കേട്ട് ബോധിച്ചാൽ തന്നെ, അവർക്ക് മോക്ഷം നൽകേണ്ട ആവശ്യമുണ്ടോ? ചിത്രഗുപ്തന് നീരസ്സമേറി. യമന്റെ സംബന്ധിച്ചിടത്തോളം അത് പത്നിയ്ക്ക് നൽകിയൊരു വാഗ്ദാനമാണ്. മരിക്കാതെ യമലോകത്തെത്തി മൂന്നു ദിവസം മുഴുപ്പട്ടിണി കിടന്ന ബാലൻ തന്നോട് മൃത്യൂവിന്റെ രഹസ്യം വെളിപ്പെടുത്താമോയെന്നൊരു വരം ചോദിക്കുമെന്ന് കരുതിയില്ലെന്ന കാര്യം അത്ഭുതത്തോടെ ധൂമോർണ്ണയോട് വെളിപ്പെടുത്തിയ നിമിഷം മാതൃവാത്സല്ല്യം നിറഞ്ഞ ആ മുഖത്തു നിന്ന് പുറപ്പെട്ടത് അതിലും കുഴപ്പിക്കുന്നൊരു പ്രശ്നമായിരുന്നു.
“പലവിധ നരകങ്ങളിലായി എത്ര ബാലികാബാലന്മാരുണ്ട്?”
“അറിയില്ല. കൃത്യമെണ്ണം ചിത്രഗുപ്തന്റെ പ്രമാണപുസ്തകത്തിലുണ്ടാകും.”
“ഞാൻ ആവശ്യപ്പെട്ടാൽ ഒരു കാര്യം നിവൃത്തിച്ചു തരാമോ?”
“സാധ്യമെങ്കിൽ... തീർച്ചയായും.”
“അങ്ങേയ്ക്ക് മാത്രം സാധ്യമാകുന്ന കാര്യമാണത്.”
“എന്താണത്?”
“നരകിക്കുന്ന ബാലികാബാലന്മാരിൽ നചികേതസ്സിനോളം ദൃഢചിത്തതയും, ബുദ്ധിത്തെളിച്ചവും ഉള്ളവരില്ലെന്നാരു കണ്ടു?”
“ഉണ്ടാകാം..”
“അത്തരക്കാരെ മുഴുവനും വിടുതൽ ചെയ്യാനാകില്ലെന്നറിയാം. എങ്കിലും...”
“മടിയ്ക്കണ്ടാ... പൂർത്തിയാക്കൂ”
“മന്വന്തരത്തിലൊരിക്കലെങ്കിലും ഓരോ നരകത്തിൽ നിന്നും ഒരു ബാലനേയും, ബാലികയേയും തിരഞ്ഞെടുക്കൂ. അവരുടെ കഥ കേൾക്കൂ. ചോദ്യങ്ങളുന്നയിക്കൂ. ഉത്തരങ്ങൾ ശ്രവിക്കൂ. സംവാദം ബോധിച്ചുവെങ്കിൽ മാത്രം അവർക്ക് മോക്ഷം നൽകൂ.”
“അതിനെനിക്ക്... ഞാൻ മാത്രം വിചാരിച്ചാൽ..”
“കഴിയും. എനിക്കുറപ്പുണ്ട്.”
ധൂമോർണ്ണയ്ക്ക് നൽകിയ ആ ഉറപ്പാണിപ്പോൾ യമസഭയുടെ നടുത്തളത്തിലായി കിങ്കരൻ വലിച്ചിഴച്ച്  കൊണ്ടുവന്നിട്ടിരിക്കുന്നത്. ഉയർത്തി വിലക്കിയ വലം കൈക്കുള്ളിലെ ചെറിയ ചുരുൾ ഒരിക്കൽ കൂടെ തുറന്ന് ആളിതു തന്നെയല്ലേയെന്നുറപ്പിക്കാൻ യമൻ ആ പേര് ഉറക്കെയുച്ഛരിച്ചു. 
“അകല്യ...”
ആ വിളികേട്ട് അവൾ തലയുയർത്തിയെങ്കിലും അത്രമേൽ ഉൽക്കടമായൊരു വിഷാദത്തുടിപ്പിനെ തനിയ്ക്ക് താങ്ങാനാകാത്തതു പോലെ യമൻ മുഖം തിരിച്ചു. ആറു വർഷങ്ങളെന്നത് നരകവാസത്തെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ കാലമാണ്. പക്ഷെ ഗർഭത്തിലേ കനത്തു പിറന്നൊരു വിഷാദക്കട്ടപോലെ അവളൊന്നനങ്ങി. പരധർമ്മം പുലർത്തുന്ന പാഷണ്ഡ മതക്കാർക്കുള്ള നരകമാണ് അസിപത്രം. ഉറുമിത്തലയുടെ മൂർച്ചയുള്ള നീളൻ ഇലകളുള്ള മരങ്ങളാൽ സമൃദ്ധമാണ് അവിടം. അതു പറിച്ച് കെട്ടിയുണ്ടാക്കുന്ന ചമ്മട്ടിയടിയാണ് ശിക്ഷ. അടിയേറ്റു ചെന്നു വീഴുന്നത് മൂർത്ത മുള്ളുകളിലോ, കൂർത്ത കല്ലുകളിലോ ആയിരിക്കും. മേലാകെയുള്ള വടുക്കളുടെ നീറ്റൽ വലിവിൽ നിന്ന് ഈച്ചകളെ ആട്ടിയകറ്റിയ ശേഷം ശോഷിച്ച കൈകൾ നിലത്തൂന്നി അവൾ എഴുന്നേറ്റു നിന്നു. ആ കണ്ണുകളിലേയ്ക്ക് ഇനിയൊരിക്കൽ കൂടെ നോക്കാൻ ത്രാണിയുണ്ടാകണേയെന്ന യാചനാഭാവത്തോടെ യമൻ ഒരിക്കൽ കൂടെ മുഖം കൊടുത്തു. കിങ്കരൻ കൊണ്ടു വന്ന് തള്ളിയിട്ടു പോയ വിഷാദക്കട്ടയല്ല ഇപ്പോൾ മുന്നിൽ നിൽക്കുന്നതെന്ന് തിരിച്ചറിവുണ്ടായി. സ്വയം മറന്നുള്ള നൃത്തവേളകളിൽ സ്വർലോക സുന്ദരിമാരുടെ കൈയ്യിൽ പ്രത്യക്ഷപ്പെടാറുള്ള, ചെറുതുളകളിലൂടെ ചെഞ്ചായം ചീറ്റുന്ന പീച്ചാംകുഴൽ. അതിനിപ്പോൾ ഒരു ബാലികയുടെ രൂപം; ഇറ്റു വീഴുന്നത് ചോരത്തുള്ളികൾ. വർഷങ്ങൾ നീണ്ട ചമ്മട്ടിയടിയ്ക്ക് തെല്ലൊരാശ്വാസം കൊണ്ട നിമിഷത്തിലും നരകനാഥനോടുള്ള അപേക്ഷാഭാവമല്ല, മറിച്ച് ഒരു ദ്രോഹിയ്ക്ക് നേരെയുള്ള പകനോട്ടമാണ് ആ കണ്ണുകളിലെന്ന് തിരിച്ചറിഞ്ഞതും യമൻ വീണ്ടും നോട്ടം മറച്ചു. 

തന്റെ പ്രമാണപുസ്തകത്തിലെ വിവരങ്ങളുമായി ഒത്തു നോക്കിക്കൊണ്ടു തന്നെ പൂരണത്താൽ നിറയുന്ന സമസ്യയെന്നോണം ചിത്രഗുപ്തൻ ചോദ്യാവലിയുടെ കെട്ടഴിച്ചു.
“നീ ആരാണ് പെൺകുട്ടീ?”
“അകല്യ”
“ആരുടെ മകളാണ്?”
“ഇശൈപ്രിയയുടെ മകൾ”
“നിന്റെ കൈയ്യിലെന്താണ്?”
“തെറ്റിധരിക്കണ്ട. ഇത് താളിയോലയൊന്നുമല്ല; എന്റെ കളിപ്പാട്ടത്തിന്റെ തുണ്ടാണ്. “
“നീ എങ്ങനെ മരണമടഞ്ഞു?”
“മരിച്ചതല്ല, കൊന്നതാണ്. “
“എവിടെ വച്ച്?”
“ലങ്കയിൽ വച്ച്.”
“അതെങ്ങനെ സംഭവിച്ചു?”
“തലയ്ക്കു മുകളിലൂടെ പറന്നു പോയൊരു വിമാനം താഴേയ്ക്ക് അഗ്നിഗോളം വർഷിച്ചപ്പോൾ ചിതറിയതാണ് കൈയ്യിലെ കളിപ്പാട്ടവും ഞാനും. “
“ആരുടേതായിരുന്നു അത്?”
“സിംഹളസേനയുടെ വിമാനം”
“പിതാവിന്റെ വിവരങ്ങൾ?”
“ശ്രീരാമനെന്നായിരുന്നു പേര്. ലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടു. “
“മാതാവിന്റെ വിവരങ്ങൾ?”
“പറഞ്ഞില്ലേ.. ഞാൻ ഇശൈപ്രിയയുടെ മകൾ. അമ്മയേയും കൊന്ന് കളഞ്ഞു. പലർ ചേർന്ന് ബലാത്ക്കാരം ചെയ്ത ശേഷം കെട്ടിയിട്ട് വെടി വച്ചു കൊന്നു കളഞ്ഞു.”
“നീ പറയുന്ന കാര്യങ്ങളിൽ പാതി മാത്രമാണ് സത്യം. വെറുതെയെന്തിന് നുണ കലർത്തുന്നു?”
“ഞാനങ്ങനെ ചെയ്തിട്ടില്ല”
“അപ്പോൾ എന്റെ കൈയ്യിലിരിക്കുന്ന പ്രമാണപുസ്തകത്തിൽ രേഖപ്പെടുത്തിയതെല്ലാം കളവാണെന്നാണോ?”
“ആയിരിക്കണം. എന്തെന്നാൽ ഞാൻ പറഞ്ഞതും, പറയാൻ പോകുന്നതും സത്യം.“
നടുത്തളം നടുങ്ങും വിധം ഒച്ചയോടെ പ്രമാണപുസ്തകം അടച്ച ശേഷം പുച്ഛവും ക്രോധവും കലർന്ന കണ്ണാലെ ചിത്രഗുപ്തൻ സഭാനാഥനെ നോക്കി.
“യമരാജൻ, ഈ പെൺകുട്ടി പറയുന്നതെല്ലാം പൂർണ്ണമായും വാസ്തവമല്ല; എന്നാൽ മുഴുവൻ അസത്യവുമല്ല. ഈ വിധമെങ്ങനെയാണ് നടപടികൾ മുന്നോട്ട് നീക്കുന്നത്?”
അതൊരു ആശങ്കയല്ല, മറിച്ച് നടപടികൾ തൽക്ഷണം തന്നെ നിർത്തി വയ്ക്കാൻ തക്കൊരു ഒഴിവു കഴിവാണെന്ന് യമൻ തിരിച്ചറിഞ്ഞു. 
“ചിത്രഗുപ്താ, ഇവൾ ഇതു വരെ പറഞ്ഞതിൽ നേരെന്ത്, നുണയെന്ത്?”
“ഇവളുടെ അമ്മ തമിഴ്പുലി സംഘത്തിലൊരുവൾ. കൈയ്യിൽ ആയുധമേന്തി പോരാടിയ തീവ്രവാദി. യുദ്ധഭൂമിയിൽ മരിച്ചു വീണവൾ.”
ആ വിശദീകരണം തീർന്നതും സഭാനാഥൻ തന്നെ ആ പെൺകുട്ടിയെ കൈമാടി വിളിച്ചു.അവളുടെ കണ്ണിലേയ്ക്ക് നോക്കാൻ ഭയപ്പെട്ടുകൊണ്ടു തന്നെ വാസ്തവമാരാഞ്ഞു.
“കുഞ്ഞേ നീയെന്തിന് വെറുതേ നുണ പറയുന്നു? സകലരുടേയും ജീവചരിത്രം രേഖപ്പെടുത്തിയ പുസ്തമാണ് ചിത്രഗുപ്തൻ പറയുന്നതിന് ആധാരം. അസത്യം പറയുന്നവർക്കുള്ള നരകം വേറേയുണ്ടെന്നത് മറക്കരുത്.”
“ഞാൻ പറഞ്ഞതൊന്നും തന്നെ,  ഒരു വാക്കിൽ പോലും നുണയില്ല. ആരാന്റെ പുസ്തകത്തിൽ  കുറിച്ചു വച്ചിരിക്കുന്നത് മാത്രമല്ല വാസ്തവം; അതൊരു വശം മാത്രമാണ്. നരകവിധിയിലെനിയ്ക്ക് ഭയമില്ല താനും. ഈ വേദനയെല്ലാം പോകെപ്പോകെയെല്ലാം ശീലമായി വരുന്നു. “
“ഇനിയഥവാ ചിത്രഗുപ്തന്റെ പ്രമാണപുസ്തകത്തിൽ പിഴവിനുള്ള നേരിയ സാധ്യതയുണ്ടെന്ന് തന്നെ വയ്ക്കുക. അത് തിരുത്താനായി നിനക്കെന്താണ് പറയാനുള്ളത്? നിന്റെയമ്മ ആയുധം പേറിയ പോരാളിയായിരുന്നില്ലേ? ധർമ്മയുദ്ധമാണെങ്കിൽ ഏറ്റുമുട്ടലിൽ മരിച്ചവർക്ക് വീരസ്വർഗമാണ് ഫലം. ഇശൈപ്രിയ അവിടെയുണ്ടാകും. “
“കൊടും നുണയാണത്. അരുംകൊല ചെയ്യപ്പെട്ടവർക്ക് വല്ലയിടവുമുണ്ടോ? അവരെ ചാവു കൂമ്പാരം കൂട്ടിയിടാറുണ്ടോ? എങ്കിൽ അതിനിടയിൽ തിരയണം. ചിലപ്പോൾ കണ്ടേയ്ക്കും.”
“ഞാനാരാണെന്നും, നീ നിൽക്കുന്നതെവിടെയെന്നും വല്ല ധാരണയുമുണ്ടോ? അറിയാമായിരുന്നെങ്കിൽ നീയിങ്ങനെ തർക്കിക്കില്ലായിരുന്നു.”
“കൊടും നാശമുണ്ടാക്കി കടന്നു പോകുന്ന പട്ടാളത്തിന് പുറകെയായി  ഭക്ഷണം വലിച്ചെറിഞ്ഞ് വിതരണം ചെയ്യുന്ന വിമാനങ്ങൾ വരാറുണ്ട്. ആവരണക്കുരുക്കഴിച്ച് പുറത്തെടുക്കുന്ന അച്ചുറൊട്ടിയ്ക്ക് ധ്യാനബുദ്ധന്റെ അപക്വരൂപമായിരിക്കും. സിംഹളരായ കൂട്ടുകാർ പറഞ്ഞ് എനിക്കറിയാം. നീ ബുദ്ധന്റെ ഉഗ്രകോപിയായ ധർമ്മപാലരിലൊരുവൻ. മൃതുവിന്റെ നാഥൻ. “
“എന്നിട്ടും ഭയമേതുമില്ലെന്നോ?”
“ഭൂഷാലംകൃതനായ സഭാനാഥന്റെ രൂപത്തിൽ ഇങ്ങനെ കണ്ടിട്ടില്ലെന്നേയുള്ളൂ. കീർത്തിമുദ്രകളണിഞ്ഞ സേനാനായകരുടെ വേഷത്തിലെത്തി മരണം വിതയ്ക്കുന്നത് പല തവണ കണ്ടിരിക്കുന്നു. പിന്നെന്തിന് ഭയക്കണം?”
എതിർത്തെന്തോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും മരണ ദേവന് തൊണ്ടകെട്ടി. ഇരുനൂറ് യോജന വിസ്താരമുള്ള ആ മന്ദിരത്തെ താങ്ങുന്ന ആയിരക്കണക്കിന് സ്തംഭങ്ങളിൽ ഒന്നായി മാറിയെങ്കിലെന്ന് ആശിച്ചുകൊണ്ട് ഒരു മാത്ര ഒച്ചയടഞ്ഞ് തരിച്ചിരുന്നു പോയി.  ആ വിചിത്ര നിമിഷത്തെ തിരിച്ചറിഞ്ഞ ചിത്രഗുപ്തൻ  നോട്ടമെറിഞ്ഞതും കിങ്കരന്മാർ ബാലികയ്ക്ക് നേരെ പാഞ്ഞടുത്തു. അവരെ തടയാനായി അവളുടെ പേര് ചുരുട്ടിപ്പിടിച്ച വലം മുഷ്ടി വീണ്ടും വായുവിലുയർന്ന് സ്തംഭിച്ചു. ചിത്രത്തൂണിനോളം മരവിച്ച നെഞ്ചകത്ത് ഒരൽപ്പം അലിവ് കിനിഞ്ഞു. 
“ഇശൈപ്രിയ മരിച്ചത് പോരിലല്ലെന്നോ പൈതലേ? അമ്മയുടെ കൈയ്യിൽ ആയുധമില്ലായിരുന്നെന്നോ?”
“സിംഹളസേന തുടരെ തുരത്തിയോടിച്ചു കൊല്ലുന്ന കൂട്ടത്തിലൊരു പെൺകുട്ടി അവർക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ. ശരിയാണ്... എന്റെയമ്മയ്ക്ക് ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്നത് നേരാണ്. എന്നാൽ ജന്മനാ ഹൃദയകവാടത്തിൽ ദ്വാരമുള്ളതിനാൽ മുന്നണിപ്പടപ്പന്തിയിൽ ചേരാൻ അനുയോജ്യയായിരുന്നില്ല. അമ്മയുടെ പ്രധാന ദൗത്യം സേനയിലായിരുന്നില്ല. പാട്ടിലും നൃത്തത്തിലും പാടവമുള്ളതിനാൽ പുലിസേന വച്ചു നൽകിയത് തോക്കിന് പകരം ഒലിപ്പെരുക്കി. എങ്കിൽ പിന്നെ അതു തന്നെ മാർഗ്ഗമെന്നു കരുതി ആടിയും പാടിയും വീണവായിച്ചും പുലി സേനയുടെ കൂടെക്കൂടി. വാനൊലി നിലയത്തിലും, തൊലൈകാറ്റ്ച്ചി സങ്കേതത്തിലുമൊക്കെയായിരുന്നു കൂടുതൽ സമയവും ജോലി ചെയ്തിരുന്നത്. വെമ്പാടി പെൺപള്ളിക്കൂടത്തിലെ അന്തർമുഖിയായ പെൺകുട്ടി അങ്ങനെയാണ് ഉലകമറിയുന്ന അവതാരിക ഇശൈപ്രിയയായി മാറിയത്. ഉയിരറ്റു പോയെന്റെ അമ്മയാണേ സത്യം. അവർ..  ആയുധമെടുത്തല്ല... പോരാടിയല്ല... മരിച്ചത്....”
കിതപ്പിനിടയിൽ വാക്കുകൾ മുറിയുന്നവളുടെ കണ്ണുകളിൽ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന്റെ ദൈന്യത നിഴലിക്കുന്നത് തിരിച്ചറിഞ്ഞതും,  അയ്യോ! അതുവേണ്ടായിരുന്നു, അതുവരെ തന്നോട് തർക്കിച്ചുകൊണ്ടിരുന്നവൾ പൊടുന്നനൈ കൈ വെടിഞ്ഞ വെറിയും വീര്യവും ആ മുഖത്ത് തിരികെ വന്നിരുന്നെങ്കിലെന്ന് യമരാജൻ ഉള്ളാലെ ആഗ്രഹിച്ചു.

“അമ്മയ്ക്ക് ദൂഷണം സംഭവിച്ചെന്നോ മറ്റോ നീ ഇടയ്ക്ക് പറഞ്ഞിരുന്നല്ലോ കുഞ്ഞേ?”
“സിംഹളസേനയുടെ പിടിയിലായതു മുതൽ തുടങ്ങിയതായിരുന്നു ബലാത്ക്കാരങ്ങൾ. കൈയ്യിലും അരയിലും ഉദ്ധൃതമായ ആയുധവുമായി വന്നവർ. ഒരേ വേഷം ധരിച്ചവർ, ഒരേ മുഖക്കാർ. ഇപ്പോൾ ഞാനിറങ്ങി വന്നില്ലേ, ആ അസിപത്രമൊന്നുമല്ല നരകമെന്ന് തിരിച്ചറിയണമെങ്കിൽ ഭൂലോകത്തിലേയ്ക്ക് ചെല്ലൂ. എണ്ണമെടുക്കാൻ കഴിയാത്തയത്രയും പേർ ഊഴം പേറി പാമ്പിൻകൂട്ടമെന്നതു പോലെ പലയാവർത്തി അമ്മയുടെ മേലിഴഞ്ഞു പോയി. നീണ്ടു കൂർത്ത നഖത്താൽ അമ്മ അവരുടെ മുഖത്തും മുതുകത്തുമെല്ലാം മാന്തിപ്പൊളിച്ചു. പലരുടേതായി പലയടര് തൊലിപ്പാടയാൽ നഖക്കുഴി നിറഞ്ഞു. അക്രമികളുടെയെണ്ണം അങ്കനം ചെയ്വതു പോലെ അമ്മയുടെ മേലെല്ലാം മുറിപ്പാടുകൾ നിറഞ്ഞു. കാമശമനം കൊണ്ട് മാത്രം വെറിയടങ്ങാത്ത സൈനികർ അമ്മയുടെ അടിവയറ്റിൽ തൊഴിച്ചു. തോക്കിൻ തുമ്പത്തെ കുത്തുവാളുകൊണ്ട് മേലാകെ പോറി. മരക്കമ്പുകൊണ്ട് മുലയിൽ കുത്തി വരഞ്ഞു. അരപ്പട്ടക്കൊളുത്തുകൊണ്ട് മുഖത്തിനിടിച്ചു. ശേഷമവർ നഗ്നമായ ഉടൽ മറയ്ക്കാൻ ഔദാര്യമെന്നോണം ഒരു വെള്ളത്തുണിക്കീറ് എറിഞ്ഞതു കൊടുത്തു. അതും കൊണ്ട് കഷ്ടിച്ച് ഉടൽ മറച്ചുകൊണ്ട് ചാവുകളത്തിലേയ്ക്ക് വലിച്ചു കൊണ്ടുമ്പോൾ അവർ തുടർച്ചയായി ചോദിച്ചത് നീ വേലുപ്പിള്ള പ്രഭാകരന്റെ മകളല്ലേ? എന്നായിരുന്നു. മേലാകെ മുറിവും ചതവുമാണെങ്കിലും, ഉടൽ മൊത്തം കാമവെറിയന്മാർ ഇഴഞ്ഞ വഴുവഴുപ്പായിരുന്നെങ്കിലും, നേരെ ചെല്ലുന്നത് തോക്കിൻ മുമ്പിലേയ്ക്കാണെങ്കിലും, ആ ചോദ്യം കേട്ട് തെല്ലൊന്നു പകച്ച ശേഷം നിങ്ങൾ കരുതുന്നയാൾ ഞാനല്ലായെന്ന് മറുപടി നൽകുന്നേരം എന്റെയമ്മ പുച്ഛം നിറഞ്ഞൊന്നു പുഞ്ചിരിച്ചു. ആ നെറിയില്ലാ നായ്ക്കളുടെ തോക്കുകളും പീരങ്കികളുമെല്ലാം അതേ നിമിഷത്തിൽ ഒരുമിച്ചു വെടിക്കാതിരുന്നത് നിന്നെപ്പോലുള്ള ധർമ്മപാലരുടെ പക്ഷപാതം നിറഞ്ഞ കൃപയാൽ മാത്രം.”
സഭാനാഥന് നേരെയുള്ള ശാപഭർത്സനങ്ങൾ സഹിക്കവയ്യാതെ ചിത്രഗുപ്തൻ നടുത്തളത്തിലേയ്ക്കിറങ്ങി യമന് മുന്നിൽ ബാലികയെ കാഴ്ച മറച്ചു നിന്നു. 
“യമരാജൻ, ഇവൾ പറയുന്നതെല്ലാം അസത്യങ്ങളാണ്. അതുകൊണ്ട് തന്നെ ഈ നടപടിക്രമം ഇവിടംകൊണ്ട് തന്നെ പരിസമാപ്തമാകേണ്ടിയിരിക്കുന്നു. ഇനിയും മുന്നോട്ട് പോകുന്നത് അപകടമാണ്. ധർമ്മയുദ്ധങ്ങളിൽ പോലും ചെറിയ നീതികേടുകളുണ്ടാകാറുണ്ട്. പുരാണേതിഹാസങ്ങൾ തന്നെയതിന് സാക്ഷ്യം പറയുന്നുണ്ടെന്ന കാര്യം അങ്ങേയ്ക്കും അറിയാവുന്നതല്ലേ? പരസ്പരം കൊലവെറി പൂണ്ട് പാഞ്ഞു നടക്കുന്ന യുദ്ധമുഖത്തു വച്ച് പിടിക്കുന്നൊരു പോരാളിയോട് ധർമ്മം പുലർത്താൻ ഏല്ലായ്പ്പോഴും എതിരാളിയ്ക്ക് കഴിയണമെന്നില്ല.”
ചിത്രഗുപ്തനെ താണ്ടി യമന് തൊട്ടു മുന്നിലെത്തിയ ബാലിക അന്തിമ വെളിപ്പെടുത്തലും നടത്തി.
“എന്റെയമ്മയെ ചതിയിൽ കീഴ്പ്പെടുത്തുകയായിരുന്നു. ശത്രുവിന് കീഴടങ്ങും മുന്നെ തന്നെ മരിക്കാൻ അമ്മയ്ക്കാകുമായിരുന്നു. പുലിസേനയിലെ പോരാളിയായ എന്റെയച്ഛൻ കെട്ടിക്കൊടുത്ത താലിതന്നെ സ്വച്ഛന്ദമൃത്യുമാല്യമായിരുന്നു. അതിന്റെ പതക്കത്തിന്മേൽ അമർത്തിയൊന്നു കടിച്ചാൽ മതിയായിരുന്നു.  പാഷാണക്കൂട്ട് ഉമിനീരിൽ കലർന്ന് നിമിഷാർദ്ധ നേരം കൊണ്ട് ഇയിരു വിട്ടേനെ.”
പ്രത്യുത്തരമേതുമില്ലാതെ ചിത്രഗുപ്തൻ പകച്ചു നിന്നു. ആജ്ഞയൊന്നും ലഭിക്കാത്തതിനാൽ കിങ്കരന്മാർ അടിയനങ്ങാതെ സ്വയം നിയന്ത്രിച്ചു. പക്ഷെ, ആ നിമിഷത്തിന്റെ മുഴുവൻ നാടകീയതയ്ക്കും മേലെയായിരുന്നു യമന്റെ പ്രവൃത്തി. അതുവരെ ചുരുട്ടിപ്പിടിച്ചിരുന്ന ഇടം കൈ പതിയെ അയച്ചു. നറുക്ക് വീണതിലെ രണ്ടാമത്തെ ചുരുൾ പതിയെ നിവർത്തി നോക്കി. നിന്ന നിൽപ്പിൽ അപ്രത്യക്ഷനാകുള്ള മന്ത്രം ജപിക്കുന്ന കൗശലത്തോടെ ആ പേര് ഉറക്കെയുച്ഛരിച്ചു.
“ശംഭുകുമാരൻ...”


ഭാഗം : 2   ശിഖ

ആദ്യ നറുക്കുകാരിയ്ക്ക് ആറു വർഷത്തിന് ശേഷമാണ് അസിപത്രത്തിൽ നിന്ന് പുറത്തിറങ്ങാനായതെങ്കിൽ ശംഭുകുമാരന് തന്റെ ഊഴത്തിനായി കിടക്കേണ്ടി വന്നത് പന്തീരായിരം ലക്ഷത്തിൽ പരം വർഷങ്ങൾ. ത്രൈലോകത്തിന് തെക്ക്, സമുദ്രത്തിന് മേലെയും ഭൂമിയ്ക്ക് താഴെയുമായി വിധാനപ്പെട്ടു കിടന്നിരുന്ന നരകങ്ങളിലൊന്നിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യമസഭയെ ലക്ഷ്യം വച്ച് നടക്കുന്നേരം വഴിയ്ക്കിരുവശത്തുമായുള്ള കൽപവൃക്ഷങ്ങളെ തഴുകി വരുന്ന കാറ്റ് മേലേറ്റപ്പോൾ കടന്നൽക്കൂടിളകി വന്ന് കുത്തുന്നതിന്റെ നീറ്റലായിരുന്നു മാംസം വിണ്ടു കീറിയ  തൊലിപ്പുറത്തെ അനുഭവം. പടുകൂറ്റൻ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ കാടലഞ്ഞു നടന്നവന്, മരണ നേരത്ത് സ്വയം മരമായി മാറിയവന്, ആ കൽപശാഖികളോട് തിരാത്ത വെറുപ്പ് തോന്നി. കിങ്കരൻ കൈയ്ക്കു പിടിച്ചു വലിച്ച് നടുത്തളത്തിലേയ്ക്ക് കൊണ്ടു വരുന്നേരം ഇപ്പോൾ കരയുമെന്ന മട്ടിൽ സഭയ്ക്കരികെ മാറി നിൽക്കുന്ന പെൺകുട്ടിയിലായിരുന്നു അവന്റെ ശ്രദ്ധ. ബാല്യം വെടിഞ്ഞ് കൗമാരത്തിലേയ്ക്ക് കാലം കാലു കുത്തി നിൽക്കുന്നവന്റെ മുഖത്തേയ്ക്ക് നോക്കുന്നേരത്ത് നരകത്തിൽ വച്ചു കണ്ടതിന്റെ മുൻപരിചയം അവളുടെ ചുണ്ടിൻ കോണിലെവിടെയോ പേശി വലിവുണ്ടാക്കി. നേരത്തേ കണ്ടിരുന്നെങ്കിലും അന്യോന്യം അറിയാനുള്ള വ്യവസ്ഥ അവിടെയുണ്ടായിരുന്നില്ല. വായുവിൽ പുളയുന്ന ചമ്മട്ടികൾ, തോലുരിയിക്കും വിധം ആഞ്ഞ് മേലേൽക്കുന്ന പ്രഹരങ്ങൾ, കിങ്കരരുടെ ആക്രോശങ്ങൾ, നരകവാസികളുടെ രോദനങ്ങൾ... വേദനയേറ്റുന്ന ആ ശബ്ദഘോഷങ്ങൾക്കിടയിൽ ആരാണെന്നോ, പേരെന്തെന്നോ, എത്തിയെത്രകാലമായെന്നോ ഒക്കെ തിരക്കാൻ ആർക്ക് സാധിക്കും? ഒട്ടനേകം താളുകളുള്ള പ്രമാണപുസ്തകത്തിൽ ഏറെ നേരം പരിശോധിച്ചാണെങ്കിലും ശംഭുകുമാരന്റെ താൾ  തിരഞ്ഞു കണ്ടെത്താനായതിന്റെ ആശ്വാസത്തിലായിരുന്നു ചിത്രഗുപ്തൻ. 

“നീ ആരാണ് ?”
“ശംഭുകുമാരൻ”
“ആരുടെ മകൻ?”
“ശൂർപ്പണഖയുടെ മകൻ”
“നീ എങ്ങനെ മരണമടഞ്ഞു?”
“മരിച്ചതല്ല, കൊന്നതാണ്. “
“എവിടെ വച്ച്?”
“ദണ്ഡകവനത്തിൽ വച്ച്”
“അതെങ്ങനെ സംഭവിച്ചു?”
“അക്കഥയെല്ലാമെന്തിന് ഇവിടെയാവർത്തിക്കണം? എനിക്കുള്ള വിധിയൊക്കെ നിങ്ങൾ കാലേകൂട്ടി ഗണിച്ചു കഴിഞ്ഞതല്ലേ?”
“ശംഭുകുമാരാ... നിൽക്കുന്നിടവും നിലയും മറക്കരുത് നീ”
“എനിക്കെല്ലാം നല്ല ബോധ്യമുണ്ട്. ഇത് അഗ്നിഷത്തന്മാരുൾപ്പെടുന്ന പിതൃക്കൾ സ്വന്തം വംശങ്ങളിലെ തലമുറകൾക്ക് മാത്രം അനുഗ്രഹങ്ങളേകിയിരിക്കുന്നയിടം. ഞാനെന്തിനിവിടെ? എന്റെ കുലം മുടിച്ച ഇക്ഷാകു വംശത്തിന്റെ പിതാവ് ഈയിരിക്കുന്ന സഭാനാഥന്റെ സഹോദരനാണ്. ശ്രാദ്ധദേവനായ ഈ വൈവസ്വതന്റെ സഭയിൽ അസുരനായ എനിക്കെന്ത് കാര്യം?”
പ്രമാണപുസ്തകത്തിന്റെ താളുകളിൽ താൻ പോലും കുറിച്ചിടാൻ മറന്നു പോകാറുള്ള കുലപരമ്പരപ്പൊരുത്തം മുന്നൊരുക്കമേതുമില്ലാതെ ഒരു ചെറുപയ്യന്റെ വായിൽ നിന്നു കേട്ടതിന്റെ അമ്പരപ്പിൽ സഭാനടപടികളെ അവഹേളിച്ചവനെതിരെ ശബ്ദമുയർത്താൻ നിമിഷങ്ങൾ പലത് കാത്തിരിക്കേണ്ടി വന്നു ചിത്രഗുപ്തന്.  ധർമ്മപാല യമനെ മറ്റൊരു വിധത്തിൽ സംബോധന ചെയ്ത ശംഭുകുമാരനെ നോക്കി കുഴങ്ങി നിൽക്കുകയായിരുന്നു അകല്യ. ആഗതന്റെ ഈർഷ്യ പ്രധാനമായും തനിയ്ക്ക് നേരെയാണെന്ന് തിരിച്ചറിഞ്ഞതും ചോദ്യാവലിയുടെ കർത്തൃത്വം സഭാനാഥൻ സ്വയം ഏറ്റെടുത്തു.

“ദണ്ഡകവനത്തിലെന്താണുണ്ടായത് ബാലകാ? “
“ഹാ! ഇരുയുഗങ്ങൾപ്പുറം നടന്നതെന്താണെന്ന് അറിയില്ലെന്നോ? കാലപ്പഴക്കത്താൽ കാലനും മറവിയോ? അതോ ഒന്നുമറിഞ്ഞില്ലെന്ന നടിപ്പോ?”
“എന്റെ കാര്യം വിട്ടേയ്ക്കൂ. ഇതിനെ സഭാനടപടികളുടെ ഭാഗമായി കണ്ടാൽ മതി. ആവശ്യമായ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടി, അത് നൽകിയേ മതിയാകൂ. “
“എങ്കിൽ കേട്ടുകൊള്ളൂ. ഞാൻ രാവണനുമായേറ്റു മുട്ടി മരിച്ച വിദ്യുജ്ജിഹ്വന്റെ പുത്രൻ. ശൂർപ്പണകയുടെ മകൻ.”
“എന്റെ കുഞ്ഞേ... സ്വന്തം പിതാവിനെ വധിച്ച രാവണനോടില്ലാത്ത വൈരം നീയെന്തിന് ഇക്ഷാകു വംശജരോട് പുലർത്തുന്നു ?”
“കാലകേയന്മാർ കൊല്ലപ്പെട്ടതറിഞ്ഞ നേരത്ത് പക കൊണ്ട് കണ്ണു മറഞ്ഞ എന്റെ അച്ഛൻ ആയുധമേന്തി പോർ വിളിച്ചുകൊണ്ട് സ്വന്തം സ്യാലന് മുന്നിലെത്തിയതിന്റെ പിഴ. പക്ഷെ അവർ നേർക്കുനേർ നിന്നു യുദ്ധം ചെയ്തു, അതിലൊരാൾ കൊല്ലപ്പെടുകയും ചെയ്തു. അത് യുദ്ധനീതിയാണ്. എന്നാൽ അങ്ങനെയാണോ ഇക്ഷാകു വംശജരുടെ ചെയ്തികൾ? ദ്വന്ദയുദ്ധം ചെയ്യുന്നവരെ ഒളിയമ്പെയ്യുന്നതും, മരം പോലെ മരവിച്ചു നിൽക്കുന്നവന്റെ ചങ്കിൽ ആയുധത്തിന്റെ മൂർച്ച പരിശോധിക്കുന്നതും, തപസ്സു ചെയ്യുന്ന ശൂദ്രന്റെ തലയറുക്കുന്നതും, സോദരരെ ഭിന്നിപ്പിച്ച് ഒറ്റുകാരാക്കി മാറ്റി യുദ്ധം ജയിക്കുന്നതും,  പെണ്ണിനെ പച്ചയ്ക്ക് ചുടുന്നതും, വൃക്ഷലതകളേയും പക്ഷിമൃഗാദികളേയും മുറിപ്പെടുത്തി കാടിനെ  ദ്രോഹിക്കുന്നവർക്ക് നേരെ ചോദ്യവുമായെത്തുന്ന പെണ്ണുങ്ങളുടെ മാറിനെ ലക്ഷ്യമാക്കി കൂരമ്പുകളെയ്യുന്നതും, അവരുടെ മൂക്കും ചെവിയുമെല്ലാം അറുത്തിടുന്നതുമാണല്ലോ ഇക്ഷാകു വംശജരുടെ നേരും നെറിയും.”
താൻ പറയാൻ വിട്ടു പോയ ചിലതെല്ലാം പൂരിപ്പിച്ചുകൊണ്ട് സഭാനാഥനോടും കായസ്തനോടും തർക്കിക്കുന്ന ബാലകന്റെ മുഖത്തായിരുന്നു പെൺകുട്ടിയുടെ  നോട്ടം. അവളുടെ ശ്രദ്ധ തെറ്റിച്ചുകൊണ്ട് പ്രമാണപുസ്തകത്തിന്റെ താളിലെ വരികൾക്കുമേൽ ഒരിക്കൽകൂടെ വിരലോടിച്ച് കാര്യനിശ്ചയം വരുത്തിയ ശേഷം ചിത്രഗുപ്തൻ അവർക്കിടയിൽ കയറി നിന്നു.
“ഇക്ഷാകു വംശജരെ വിമർശിക്കാൻ മാത്രം എന്ത് യോഗ്യതയാണ് ഇവനും, ഇവന്റെ കുലത്തിനുമുള്ളത്? അപ്സര സ്ത്രീകളെ കടന്നു പിടിക്കുന്ന,  അന്യന്റെ ഭാര്യയെ അപകരിച്ചു കൊണ്ടുപോയ മാതുലനും, അജ്ഞാത യുവാവിന്റെ സൗന്ദര്യം കണ്ടു കാമിച്ചു ചെന്നപ്പോൾ അംഗഭഗം ഭവിച്ച അമ്മയുമുള്ളവൻ കുലമഹിമയെക്കുറിച്ച് സംസാരിക്കുന്നു.”
“ഞാൻ രാവണന് ഭാഗിനേയൻ തന്നെ. പക്ഷെ ലങ്കാപതിയായിരുന്ന അമ്മാവനെ വാഴ്ത്തിപ്പാടാൻ എനിക്കുദ്ദേശമില്ല. അന്യഥാ എന്റെ കുലത്തിന് പ്രത്യേകമായൊരു മഹിമയുണ്ടെന്ന് ഞാൻ കരുതുന്നുമില്ല. പതിനാലുലകവും വാഴ്ത്തുന്ന ഇക്ഷാകുകളുടെ ദുഷ്ച്ചെയ്തികളെക്കുറിച്ച് ഓർമ്മിപ്പിച്ചെന്നു മാത്രം. ഇനിയെന്റെ കുലത്തെക്കുറിച്ചാണെങ്കിൽ രാവണനിൽ നിന്നല്ല, മുതുമുത്തശ്ശിയായ താടകയിൽ നിന്നാണ് തുടങ്ങേണ്ടത്.”
“രാമബാണമേറ്റു മരിച്ച ആ കാട്ടുകിളവിയ്ക്കെന്ത് മഹിമ?”
“എന്തായിരുന്നു ആ കാട്ടുകിളവിയ്ക്കൊരു കുറവ്? ആയിരം ആനകളുടെ കരുത്തും, വിരൽ ഞൊടിയിൽ തെളിയുന്ന മായാവിദ്യകളും കൈവശമുള്ളവൾ. വേട്ടക്കാരും വണിക്കുകളും ചേർക്ക് കരൂഷവനത്തെ നാനാവിധമാക്കിയപ്പോൾ രാവണന്റെ നിർദ്ദേശത്താൽ ആ കാടിന് കാവലാളായവൾ. തന്റെ അനുവാദമില്ലാതെ കാടേറിയവരെ ചോദ്യം ചെയ്യാൻ ആയുധമേതുമില്ലാതെ അലറിക്കൊണ്ട് ചെന്ന നേരത്താണ് പെണ്ണാണെന്നോ, പടക്കോപ്പില്ലെന്നോ പരിഗണിക്കാതെ പാഞ്ഞു വന്നൊരു കൂരമ്പ് മാറിൽ തറച്ചു മറിഞ്ഞു വീണത്. ആ താടകയ്ക്ക് മകളെപ്പോലെയായിരുന്നു കൈകസി. കൈകസിയുടെ മകളാകുന്നു എന്റെയമ്മ ശൂർപ്പണഖ. “
“സ്ത്രീകളെക്കുറിച്ച് വലിയ വാക്കുകൾ പറയാൻ നിനക്കെന്തവകാശം? ദണ്ഡകവനത്തിൽ വച്ച് സീതയെ മോഹിച്ചു പുറകേ കൂടിയവനല്ലേ നീ.”
“നിഷേധിക്കുന്നില്ല. വനത്തിനകത്ത് തപസ്സനുഷ്ഠിക്കുകയായിരുന്നു ഞാൻ. അതുവരെ കാണാത്ത വേഷഭൂഷകളണിഞ്ഞ  ഒരു സ്ത്രീയെ ഞാൻ കണ്ടുവെന്നതും അവരുടെ സൗന്ദര്യത്താൽ സ്വയം മറന്നു പുറകേ ചെന്നു എന്നതും നേരാണ്. പക്ഷെ ഞാനെന്തിങ്കിലും ഉപദ്രവം ചെയ്തുവോ? ഇല്ലല്ലോ. പിന്നെ…  തപസ്സനുഷ്ഠിക്കന്നവരുടെ മനമിളക്കാൻ പെണ്ണുങ്ങളെ അയക്കുന്ന പതിവ് ആർക്കാണുള്ളതെന്ന് ഏവർക്കുമറിയാം.”
“സീതയെ ആരും അയച്ചതായിരുന്നില്ല. അവൾ കാട്ടിൽ നടക്കുകയായിരുന്നു.”
“ശരിയായിരിക്കാം. ഒരു മാത്ര ആ സ്ത്രീയുടെ ഭൂഷകളും സൗന്ദര്യവും എന്റെ മനസ്സിളക്കിയിരിക്കാം. പക്ഷെ പഞ്ചവടിയിലെത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച കഠോരമായിരുന്നു.”
“അത്ര ഭയങ്കരമായ എന്താണ് അവിടെ നടന്നത്?”
“അതെത്ര ഭയാനകമെന്ന് ജരാനരകളും പൈദാഹങ്ങളും അന്യമായ യമസഭയിൽ നിന്നുകൊണ്ട് വെളിപ്പെടുത്തുന്നതെളുപ്പമല്ല. അതിന് കാടറിയണം. കനികൾ തിന്നണം. കാനനച്ചോലയിൽ മുങ്ങി നിവരണം. പെരുപ്പ് മുറിയുമ്പോഴുള്ള പെടപ്പറിയണം. കന്യാവനങ്ങൾക്കും കാട്ടുമൃഗങ്ങളും മുറിവേൽക്കുന്നതിന്റെ വേദനയറിയണം. പരമോപരി പഞ്ചവടിയിലെ പർണ്ണശാല  പടുത്തുയർത്തിയതെങ്ങനെയെന്നറിയണം.”
“വനവാസത്തിന് പുറപ്പെട്ട ജേഷ്ഠനും പത്നിയ്ക്കും വേണ്ടി ലക്ഷ്മണൻ ഒരു പർണ്ണശാല കെട്ടിയതാണോ ഇത്ര വലിയ തെറ്റ്?”
“ഹാ! പറഞ്ഞു കളയുമ്പോൾ വെറുമൊരു പർണ്ണശാല. കാടലയുമ്പോൾ മാമുനിമാരുടെ പർണ്ണശാലകളിൽ ചിലതൊക്കെ ഞാനും കണ്ടിട്ടുണ്ട്. എന്നാൽ ഇക്ഷാകു വംശജൻ ലക്ഷ്മണൻ കെട്ടിയ പർണ്ണശാല അതെങ്ങനെയിരുന്നുവെന്ന് വല്ല ധാരണയുമുണ്ടോ? “
മറുത്തെന്തോ പറയാനൊരുങ്ങിയ ചിത്രഗുപ്തനെ സഭാനാഥൻ ഇടം കൈയ്യുയർത്തി വിലക്കി. കൊട്ടാരമുപേക്ഷിച്ച് കാനനം പൂകിയവരുടെ ആവാസമെങ്ങനെയെന്നറിയാൻ യമൻ കൗതുകം പൂണ്ടു. 

“പറയൂ ബാലകാ. എങ്ങനെയാണ് ദാശരഥികൾ പർണ്ണശാല പടുത്തത്?”
“തപസ്സിളക്കിയ സുന്ദരിയായൊരു സ്ത്രീയെ പിന്തുടർന്നാണ് ഞാൻ പഞ്ചവടിയിലെത്തിയത്. എന്നാൽ പക്ഷികളും മൃഗങ്ങളുമെല്ലാം ഓടി മറയുന്ന കാഴ്ചയാണ് എനിക്കവിടെ കാണാനായത്. ജേഷ്ഠനും പത്നിയ്ക്കും സുരക്ഷയൊരുക്കാൻ സമീപത്തുള്ള സകല ജീവജാലങ്ങളേയും തുരത്തുകയായിരുന്നു അവൻ. ബ്രഹ്മചാരിയുടെ വേഷം,  ഉയർത്തിക്കെട്ടിയ കുടുമി, കാടിളക്കുന്ന നോട്ടം, കൈയ്യിലാകട്ടെ കൊടിയ ആയുധങ്ങളും. ഞാണൊലി മുഴക്കത്താൽ ഭയന്ന് ഒരു വേള ഞാൻ പോലും ചെവികൾ പൊത്തി. അരികെയുള്ള ജീവികളെയെല്ലാം ഓടിച്ചു വിട്ടെന്നുറപ്പായപ്പോൾ അവന്റെ നോട്ടംചുറ്റിലുമുള്ള മരങ്ങളിലേയ്ക്കായി. പർണ്ണശാലയ്ക്ക് തൂണുകളാകാൻ ഒത്ത മരങ്ങൾക്ക് തിരഞ്ഞ് അവന്റെ കണ്ണുകൾ പിടച്ചു.  ആവനാഴിയൊഴിയും മുന്നെ മരങ്ങളെമ്പാടും മുറിഞ്ഞു വീണു.  കാടു മുറിയുന്നതു കണ്ടെന്റെ കണ്ണു നനഞ്ഞു. സുമിത്രാനന്ദനു മുന്നിൽ ഞാൻ, ശൂപ്പണഖയുടെ മകൻ മായാവിദ്യയാലൊരു വൻമരമായി ഉറച്ചു നിന്നു. അടുത്ത അമ്പെന്റെ വയറിനെ.. അല്ല.. തായ്ത്തടിയെ ഉന്നം വച്ചായിരുന്നു. മരം മുറിഞ്ഞ നിമിഷത്തിൽ വാർഷിക വലയങ്ങളെ വെളിപ്പെടുത്തിക്കൊണ്ടെന്റെ കുടൽമാല പുറത്തു ചാടി. ഉയിരിന്റെ അവസാന അംശവും മെയ്യൊഴിയും മുമ്പ് മാരീചൻ മുത്തച്ഛൻ പകർന്നു തന്ന മായാവിദ്യയാൽ എത്രയകലെയുള്ളവരായാലും ഉറ്റവർക്ക് കേൾക്കാവുന്ന വിധം ഞാൻ നിലവിളിച്ചു. ആ മരണക്കരച്ചിൽ കേട്ടെന്റെയമ്മ  ഗോദാവരിയുടെ തീരത്തെത്തി.”

“അമ്പേറ്റു പിടയുന്ന നിന്നെ ശൂർപ്പണഖ കണ്ടില്ലേ?”
“മരം പോലെ മുറിഞ്ഞ് മകൻ മരിച്ചു കിടക്കുന്ന കാഴ്ചയേയും ഞെട്ടിക്കുന്ന പലതും കണ്ടുകൊണ്ടാണമ്മ പർണ്ണശാലയുടെ അരികെയെത്തിയത്.”
“അത്രമാത്രം നടുങ്ങാനായി എന്താണവിടെയുണ്ടായിരുന്നത്?”
“കാടൊഴിയുന്ന മൃഗങ്ങൾ. ചുറ്റിലും മുറിഞ്ഞു കിടക്കുന്ന വൃക്ഷങ്ങൾ. അതിൽ നിന്ന് തായ്ത്തടിയും ചില്ലകളും മുറിച്ചെടുത്തതിന്മേൽ വള്ളികൾ കൊരുത്തു കെട്ടിക്കൊണ്ട് ലക്ഷ്മണൻ പർണ്ണശാലയ്ക്ക് ആകാരമുണ്ടാക്കി. വലിയ ഇലകളും പുല്ലുമെല്ലാം അരിഞ്ഞെടുത്ത് മേൽക്കൂരയൊരുക്കി. മിച്ചമുള്ള കമ്പുകൾ കൂട്ടിക്കെട്ടി ഇരിപ്പിടമുണ്ടാക്കി. മൃദുവായ ഇലകളും പൂക്കളുമിറുത്ത് മെത്തയുണ്ടാക്കി. അതിൽ കിടന്ന് ജേഷ്ഠനും പത്നിയും  രമിക്കുന്നേരത്ത് സുഗന്ധം പരക്കാനായി പതിനായിരക്കണക്കിന് പൂക്കളുടെ പരാഗണം വിലക്കിക്കൊണ്ട് ഒരുക്കൂട്ടിയ പൂമ്പൊടി വിതറി.  ശേഷം പർണ്ണശാലയുടെ മുന്നിൽ ചെന്നു നിന്ന് സ്വന്തം നിർമ്മിതിയുടെ അഴകാസ്വദിച്ച് നിൽക്കുന്നേരമാണ് ശൂർപ്പണഖ അരികിലെത്തിയത്. കാടിനോടത്രയും ക്രൂതര കാണിച്ചവന് തൻ മുന്നിൽ വന്നു പെട്ടൊരു പെണ്ണൊരുത്തിയ്ക്ക് നേരെ വാളോങ്ങാൻ മറുത്തൊന്നാലോചിക്കേണ്ടതില്ലല്ലോ.”
“വെറുതെ ഉപദ്രവിച്ചതല്ലല്ലോ കുഞ്ഞേ... വിവാഹാഭ്യർത്ഥന നിരസ്സിച്ചതിനെ തുടർന്ന് ഉപദ്രവിക്കാനടുത്തപ്പോഴല്ലേ രാമാനുജൻ ആയുധം പ്രയോഗിച്ചത് ?”
“പിന്നെയെന്റെയമ്മ എന്തു ചെയ്യണമായിരുന്നു? ഇണയും തുണയുമായൊരുവൻ കൂടെ വേണം. മുലയൂട്ടാനും പോറ്റാനും  ഒരു കുഞ്ഞ് വേണം. അത്രയൊക്കെ തന്നെയേ അവരുമാഗ്രഹിച്ചുള്ളൂ. വിദ്യുജ്ജിഹ്വൻ കൊല്ലപ്പെട്ടതറിഞ്ഞ് ലങ്കേശന്റെ മുന്നിലെത്തിയപ്പോൾ അമ്മയാവശ്യപ്പെട്ടത് മരിച്ചവന് പകരം തനിക്കൊരു ഇണയെയാണ്. ത്രിലോകങ്ങളിലെമ്പാടുമുള്ളവരിൽ ഇഷ്ടമുള്ളവനെ തിരഞ്ഞെടത്തു കൂടെപ്പൊറുപ്പിച്ചുകൊള്ളാൻ രാവണന് സമ്മതം മൂളേണ്ടി വന്നു. അല്ലാതെ വില്ലു കുലച്ചവനും, ഉന്നത്തിലേയ്ക്ക് എയ്തവനും, മദയാനയെ മെരുക്കിയവനുമൊക്കെ പെൺമക്കളെ കൈ പിടിച്ചു കൊടുക്കുന്നതിന്റെ പേരല്ല സ്വയംവരം. മകനെ കൊന്നത് ലക്ഷ്മണനാകയാൽ അയാൾ തന്നെ പ്രശ്നത്തിന് പരിഹാരവുമാകണം. അത് പകയാർന്നൊരു തീരുമാനം മാത്രമായിരുന്നില്ല. തനിയ്ക്കു ചുറ്റിലുമുള്ള കാടരിഞ്ഞിട്ടവനെ കൂടെക്കൂട്ടി കാടറിയുന്നവനായി മാറ്റാനുള്ള ശ്രമം.  ഉടലഴകുള്ളവനെ കണ്ട് താനൊന്ന് ഭ്രമിച്ചെങ്കിൽ തന്നെയെന്ത്?  അവൻ തനിയ്ക്ക് ഇണയായി മാറണം. അതായിരുന്നു ശൂർപ്പണഖയുടെ തീർപ്പ്. കൺമുന്നിൽ വന്നു നിന്ന് തന്നിഷ്ടം പറയുന്ന പെണ്ണിനെ കണ്ടപ്പോൾ ക്ഷാത്രവീര്യം മൂർച്ചിച്ച് മുഖപേശികൾ മുറുകി വലിഞ്ഞ് ലക്ഷ്മണന്റെ ശിഖ വിറച്ചു. അമർഷം താങ്ങാനാകാതെ അവൻ ഉച്ചിക്കുടുമ പിടിച്ചു വലിച്ചു. എന്നിട്ടുമരിശം തീരാഞ്ഞ് എന്റെയമ്മയുടെ മൂക്കും കാതും അരിഞ്ഞിട്ടു.“
“മൂക്കും കാതും മാത്രമല്ലല്ലോ...”
പ്രമാണപുസ്തകത്തിലെ വസ്തുതകളിൽ ചിലത് ബാലകന്റെ വിവരണത്തിൽ വിട്ടു പോകുന്നതിന്റെ പകപ്പായിരുന്നു ചിത്രഗുപ്തന്. ലേഖ്യത്തിന് പൊരുത്തമൊപ്പിക്കാൻ ഇടയിൽ കയറി പറയേണ്ടി വന്നു.
“മൂക്കും കാതും മാത്രമല്ലല്ലോ... കാമാർത്തിയായി വന്ന കാട്ടുപെണ്ണിന്റെ മുലയും അരിഞ്ഞിട്ടിരുന്നു.”
“പെരും നുണ! ഇക്ഷാകു വംശജരതിന് ഇരുമുലകളുടെ മുഴുപ്പുള്ള ക്ഷത്രിയ സ്ത്രീകളെ  മാത്രമല്ലേ കണ്ടിട്ടുള്ളൂ. ആണെയ്യുന്ന അസ്ത്രമെത്തുന്ന ദൂരം താണ്ടുന്നതിനായി... കുലച്ച വില്ലിന്റെ  ഞാൺ വലിക്കുമ്പോൾ കൈ തടഞ്ഞ് അമ്പിന്റെ ആയം മുറിയാതിരിക്കാൻ ഒരു മുല ചെത്തിക്കളഞ്ഞവരെ കണ്ടിട്ടുണ്ടോ? തന്നിൽ നിന്നുണ്ടാകുന്ന തലമുറയ്ക്ക് നാവു നനയ്ക്കാനായി ഒരു മുല മാത്രം മിച്ചം വയ്ക്കുന്ന  പൊയ്ത്തുകാരി പെണ്ണുങ്ങളെ അവർക്ക് പരിചയമില്ലല്ലോ. മുന്നിൽ വന്നു നിന്നു കലമ്പുന്നവളെയൊന്ന് നാണം കെടുത്തി വിടാമെന്നു കരുതിയാണ് ലക്ഷ്മണൻ വാൾത്തലപ്പാൽ അമ്മയുടെ മേൽമുണ്ട് തൂക്കിയെറിഞ്ഞത്. എന്നാൽ ഒറ്റമുലച്ചിയായ പൊയ്ത്തുകാരിയെ കണ്ടതും ഞെട്ടി വിറച്ച് പുറകോട്ടാഞ്ഞു പോയത് അവൻ തന്നെയാണ്. കൊടിയ അശ്ലീലക്കാഴ്ചയിൽ നിന്നെന്ന പോലെ കണ്ണു വലിച്ചു മുഖം കുനിച്ചു. അതു കണ്ടെന്റയമ്മ പുച്ഛം നിറഞ്ഞൊന്നു പുഞ്ചിരിച്ചു. ആ പരിഹാസം താങ്ങാനാകാതെ അവൻ വാളെടുത്ത് മുന്നോട്ടു കുതിച്ചു. നിങ്ങൾക്കു കേൾക്കണോ? വാൾത്തലകൊണ്ട് കീറി വരഞ്ഞത് മുലയിലല്ല; മാംസ മുഴുപ്പൊഴിഞ്ഞ മാർഭാഗത്താണ്. അതിന്റെ വേദനയാൽ അലറിക്കൊണ്ടടുത്തു വന്നവളുടെ മൂക്കും കാതും അരിഞ്ഞു തള്ളി.”

നിഷ്ഠൂരമായ ആ കാഴ്ച നേരിട്ടു കണ്ടെന്നോണം അകല്യ  മിഴികൾ മൂടി. നടപടിക്രമങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ചിത്രഗുപ്തൻ നടുത്തളത്തിലേയ്ക്കിറങ്ങി സഭാനാഥന് അഭിമുഖമായി നിന്നു. കൈത്തലത്തിലമർത്തിപ്പിടിച്ച ചുരുളുകളെ എന്തു ചെയ്യുമെന്നുള്ള ആശങ്കയിലായിരുന്നു ശ്രാദ്ധദേവൻ. ഇരുമുഷ്ടികളിലുമായി  മറഞ്ഞിരിക്കുന്ന പേരുകാരാകട്ടെ, ഇനിയെന്താണെന്ന ആകുലതയിലായിരുന്നു. തെല്ലിട നേരത്തെ നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ചിത്രഗുപ്തൻ തന്റെ ന്യായം വെളിപ്പെടുത്തി. 
“യമരാജൻ, ഇതിലെന്തോ ഗൂഢാലോചനയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മുമ്പു വന്ന പെൺകുട്ടിയ്ക്കു പുറമെയെത്തിയ ഈ ബാലകനും തുടർച്ചയായി അസത്യപ്രസ്ഥാവനകളാണ് നടത്തുന്നത്. സകലതുമുൾക്കൊള്ളുന്ന ഈ ഭവിതവ്യതാ പുസ്തകത്തിന് എതിരായാണ് ഇവർ നിലകൊള്ളുന്നത്. “
“പുസ്തകത്തിനോട് പൊരുത്തമില്ലെങ്കിൽ തന്നെയും ഇവർ വെളിപ്പെടുത്തിയതപ്പാടെ തള്ളേണ്ടതുണ്ടോ?”
“കളവു പറയുന്ന ഇവർക്ക് ഇളവനുദിക്കാൻ നിശ്ചയമായും സാധ്യമല്ല.”
“കുഞ്ഞുങ്ങളേ... നിങ്ങളുടെ വായ്മൊഴിക്കെന്തെങ്കിലും പ്രമാണമുണ്ടോ? ദൃഷ്ടാന്തമുണ്ടോ? സാക്ഷ്യമുണ്ടോ?”
ആശയറ്റവനെപ്പോലെ ശംഭുകുമാരൻ പകച്ചു നിന്നു. അതുവരെ നിശ്ചലമായിടത്തുനിന്ന് നിന്ന് അകല്യയ്ക്ക് അനക്കം വച്ചു. ശംഭുകുമാരന്റെ കൈ പിടിച്ച ശേഷം അവൾ മുന്നോട്ട് ചുവടു വച്ചു. സഭാനാഥന്റെ ഇരിപ്പിടത്തിന് തൊട്ടുമുന്നിലായി വിശ്വകർമ്മാവിന്റെ കരവിരുതിൽ വിരിഞ്ഞൊരു താമരക്കളത്തിലേയ്ക്ക് ഇരുവരും കൈകൾ കോർത്ത് കയറി നിന്നു. 
“ഇവൻ പറഞ്ഞതിനെല്ലാം ഞാൻ സാക്ഷി. അത് മതിയാകുമോ?”
പന്തീരായിരം ലക്ഷം വർഷങ്ങളുടെ അകലം മറന്നുകൊണ്ടൊരു പാരസ്പര്യം.  സഭാനാഥൻ തന്റെ തലയിൽ കൈ വച്ച് തകർന്നിരുന്നു പോയി. 
“എന്നെയിങ്ങനെ ധർമ്മ സങ്കടത്തിലാക്കരുത് പൈതങ്ങളേ.“
“കാരുണ്യം മൂത്ത് പുതിയൊരു കീഴ്വഴക്കം അങ്ങായിട്ട് തുടങ്ങി വയ്ക്കരുത് യമരാജൻ. “
“എങ്കിൽ ശരി. പൊരുളും പ്രമാണങ്ങളും മൊഴികളാൽ തെറ്റിച്ച ഇവരെ അസിപത്രത്തിലേയ്ക്ക് മടക്കി അയച്ചേയ്ക്കൂ ചിത്രഗുപ്താ.”
“അതെങ്ങനെ ശരിയാകും രാജൻ?  അസത്യം പ്രസ്താവിച്ചവർക്കും കള്ളസാക്ഷി പറഞ്ഞവർക്കുള്ള ശിക്ഷ... അത് അസിപത്രമല്ലല്ലോ, അവീചിയല്ലേ? പാറക്കെട്ടിലേയ്ക്ക് എടുത്തെറിഞ്ഞ് ശരീരം ചിതറുമ്പോഴെങ്കിലും ഇവരിൽ ധർമ്മ ചിന്തകളുണരട്ടേ.”
“കിങ്കരരേ.. ഇവർക്ക് വിധി അവീചിയാകുന്നു. ഉടൻ തന്നെ കൊണ്ടു പൊയ്ക്കൊള്ളുക.“

അന്തിമ വിധി മുഴുമിക്കും മുമ്പെ രണ്ടു പേർ മുന്നോട്ടു വന്നു. കരുവില്ലാത്ത അഷ്ടപദ കണക്കേ ആളൊഴിഞ്ഞ താമരക്കളത്തിലേയ്ക്ക് യമൻ തന്റെ കൈവശമുള്ള ചുരുളുകൾ ആഞ്ഞു വലിച്ചെറിഞ്ഞു. അകല്യയേയും ശംഭുകുമാരനേയും വലിച്ചിഴച്ചുകൊണ്ട് യമകിങ്കരർ അവീചി നരകത്തെ ലക്ഷ്യമാക്കി ഗമിച്ചു. തങ്ങൾക്കുമേൽ കിങ്കരരുടെ നോട്ടമെത്താ നിമിഷത്തിൽ അവരുടെ കണ്ണുകൾ കൊരുത്തു. കാലപ്പഴക്കമേറിയ നരകയാതകളുടെ കൊടിയ പീഡയിലും അവരുടെ കണ്ണുകളിൽ കുട്ടിത്തത്തിന്റെ തിളക്കം നിറഞ്ഞു. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ നിഷ്ക്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് സമ്മതഭാവേന പരസ്പരം തലയിളക്കി. അവീചിയിലെത്തും മുമ്പെ തങ്ങൾ ഈ നരകലോകങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും, എന്നാലതിന് പേർ മോക്ഷമെന്നായിരിക്കില്ലെന്നും അവർക്ക് തീർച്ചയുണ്ടായിരുന്നു.

* * * * *

* 2015ലെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.
 

(c)2009 Devadas V.M [ vm.devadas@gmail.com ]