Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Monday, September 22, 2014

സ്വയം തീറ്റയാകുന്ന മണ്ടൻ പുലിയുടെ കഥ

പരുന്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താനായി പ്രാവിന്റെ തൂക്കത്തോളം മാസം സ്വന്തം തുടയിൽ നിന്ന് അറുത്ത് നൽകിയ ശിബി ചക്രവർത്തിയുടെ സോദ്ദേശ ഗുണപാഠ കഥ കേൾക്കുന്നതിനൊക്കെ വളരെ മുമ്പ് ഞാൻ കേട്ട മറ്റൊരു കഥ സ്വന്തം ഇറച്ചി തിന്നുന്നൊരുങ്ങിയ മണ്ടച്ചാരായൊരു പുലിയുടേതായിരുന്നു.  ഒരു പക്ഷെ എനിക്കോർത്തെടുക്കാൻ പറ്റുന്ന, ഞാനാദ്യം കേട്ട കഥ അതായിരിക്കണം. ആ കഥ പറയുന്നത് മറ്റാരുമല്ല, എന്റെ അച്ഛാച്ചനായിരുന്നു. മെലിഞ്ഞു നീണ്ട ശരീരവും, കാൽ മുട്ടോളമെത്തുന്ന കൈകളും, പ്രായമായിട്ടും ഉപേക്ഷിക്കാത്ത പുകവലിയുടെ ആയാസത്താലുള്ള കിതപ്പും, കഫം കുറുകുന്ന ശബ്ദവുമായിരുന്നു ആ കഥയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ. കഥ പറയുന്നതിനനുസരിച്ച് ശബ്ദം പല ആവൃത്തികളിൽ കയറിമറിയും, കൈകൾ വിടർന്നു കാഴ്ചയുടെ ക്യാൻവാസൊരുക്കും. ആംഗ്യചലനവിക്ഷേപങ്ങളോടെ കഥ പറയുന്നവർക്ക് നീളമുള്ള കൈകൾ അനുഗ്രഹമാണ്. ശരീരഭാഷയിൽ അത് വിവരണത്തിനുള്ള സാധ്യത പതിന്മടങ്ങാക്കുന്നു. അത്ഭുതം കൂറുന്നൊരു ശബ്ദത്തോടെ അവർ ഇരു കൈകളും നീട്ടി വിടർത്തുമ്പോൾ കാഴ്ച പൊടുന്നനെ പതിനാറിൽ നിന്ന് എഴുപത് എം.എം തിരശ്ശീലയിലേയ്ക്ക് ദൃഷ്ടികേന്ദ്രമുറപ്പിക്കുന്നു.  ആ തിരശ്ശീലയിൽ  കഥ പറച്ചിലുകാരനായ എന്റെ അച്ഛാച്ചൻ ഒരു കാടിന്റെ ദൃശ്യമൊരുക്കുന്നു. അവിടെ സുത്രശാലിയായൊരു കുറുക്കനും മണ്ടച്ചാരാമൊരു പുലിയും പാർക്കുന്നു. കോഴിയെ മോഷ്ടിക്കാൻ വേണ്ടി കാടിറങ്ങി നാട്ടിലെത്തുന്ന ഒരു കുറുക്കനെ കാണുന്നില്ലേ? രാത്രിയിൽ ആ കുറുക്കൻ പാത്തു പതുങ്ങിച്ചെന്നെത്തുന്ന വീട്ടിലെ കാലിയായ കൂട്ടിലെ കോഴികളെല്ലാം വിരുന്നുകാർക്കുള്ള വിഭവമായി അടുക്കളയിലെ കറിച്ചട്ടിയിലിരിക്കുന്നതിന്റെ മണമടിക്കുന്നില്ലേ? ഗത്യന്തരമില്ലാതെ കുറുക്കൻ കോഴിക്കറിയുള്ള ചട്ടിയുമെടുത്ത് കാട്ടിലേയ്ക്ക് മണ്ടുന്ന കാഴ്ചയിൽ ചിരി പൊട്ടുന്നില്ലേ? പറച്ചിലിനനുസൃതമായി വിടർന്നു വിന്യസിക്കുന്ന കൈകകളെ ഇടയ്ക്കെല്ലാം മടക്കി വിളിച്ച് മുഴുവനും നരച്ച മുടിയിൽ വിരൽ കോതിക്കൊണ്ടും, ഇടമുറിയാതെ വിവരണം നടത്തുന്നതിന്റെ ആയാസത്താൽ കിതച്ചും, ഇടയ്ക്ക് ചുമച്ചും, ഇടവേളകളില്ലാതെ കഥയങ്ങനെ തുടരുകയാണ്. ആരുടേയും കണ്ണിൽ പെടാതെ തഞ്ചത്തിലൊരു പാറപ്പുറത്തിരുന്ന് ചട്ടിയിൽ നിന്ന് ഇറച്ചി തിന്നവേ, തന്റെയരികിലെത്തുന്നൊരു മണ്ടൻ പുലി തീറ്റയുടേ പാതി ചോദിച്ചപ്പോൾ “അയ്യോ! ഇത് തരാൻ നിവൃത്തിയില്ലല്ലോ. വിശന്നു വലഞ്ഞ് ഗത്യന്ത്യരമില്ലാതെ ഞാൻ എന്റെ ചന്തി നുള്ളി തിന്നുകയാണ്. വേണമെങ്കിൽ ഒരു കഷ്ണം മാത്രം തരാം” എന്ന് സൂത്രശാലിയായ കുറുക്കൻ പറയുന്നിടത്ത് കഥ പറച്ചിലുകാരൻ ഇരിക്കുന്നത് കറിച്ചട്ടിയുടെ പുറത്താണോയെന്ന് സംശയം തോന്നാം. കുറുക്കന്റെ ഉപദേശം കേട്ടതു പ്രകാരം  മുളകും മസാലയുമരച്ച് ചന്തിയിൽ പുരട്ടി നട്ടുച്ച വെയിലത്ത് പൊള്ളുന്ന പാറപ്പുറത്തിരുന്ന്  വേവുന്ന, സ്വന്തം ശരീരത്തിലെ മാസം നുള്ളിത്തിന്നുന്ന, ആ കൊതിയനും മണ്ടനുമായ പുലിയുടെ കഥ തീരുന്നത് ഒരുവിധ ഗുണപാഠങ്ങളുമില്ലാതെയായിരുന്നു. എത്ര ആവർത്തിച്ചാലും ആ കഥയുടെ അവസാനം “പുലിയച്ചൻ ഇങ്ങനെയിങ്ങനെ നുള്ളിത്തിന്നു...” എന്നൊരു വാചകവും, അധികച്ചേർപ്പായൊരു ചുമലു കുലുക്കിച്ചിരിയുമല്ലാതെ മറ്റൊന്നും ബാക്കിയാകില്ല.  അത്രയ്ക്ക് കണിശം!


ഡാനിയേൽ വല്ലേസിന്റെ നോവൽ ആധാരമാക്കി ടിം ബർട്ടൻ  ഒരുക്കിയ "ബിഗ് ഫിഷ്" എന്ന സിനിമ കാണാനൊത്തത് അതിറങ്ങി മൂന്ന് വർഷങ്ങൾക്കു ശേഷമാണ്. അപ്പോഴേയ്ക്കും എന്റെ  അച്ഛാച്ചൻ മരിച്ച് ആദ്യത്തെ ആണ്ട് കഴിഞ്ഞിരുന്നു.  സ്വന്തം ജീവിതാനുഭവങ്ങളെ അവിശ്വസനീയമായ രീതിയിൽ കെട്ടുകഥയുടെ മട്ടിൽ അവതരിപ്പിക്കുന്ന അച്ഛനോട് വിദ്വേഷം കൊണ്ട് നടക്കുന്ന ഒരു മകന്റെ തിരിഞ്ഞു നടത്തവും, പതിയെയുള്ള പൊരുത്തപ്പെടലുകളുമായിരുന്നു ബിഗ് ഫിഷിന്റെ ഇതിവൃത്തം.  അച്ഛൻ പറയുന്ന ജീവിത കഥയിൽ അസത്യത്തോളം കൗതുകങ്ങളായ അകസ്മിതകൾ നിറയുന്നു. മോതിരം ചൂണ്ടക്കുരുക്കാക്കി ഒരു വമ്പൻ മീനിനെ പിടിക്കുന്നത്, മന്ത്രവാദിനിയിൽ നിന്ന് ഭാവി അറിയുന്നത്, അമിതമായ ശരീര വളർച്ച നിമിത്തം നാടു വിടുന്നത്, പന്ത്രട് അടി ഉയരമുള്ള  രാക്ഷസ മനുഷ്യനുമായി ചങ്ങാത്തം കൂടുന്നത്, ചെന്നായ് മനുഷ്യനെ കാണുന്നത്,  സൈനികനായി പാരച്ചൂട്ടിൽ ശത്രുക്കളുടെ ഇടയിലിറങ്ങുന്നത്, കൊറിയൻ യുദ്ധകാലത്ത് സമയത്ത് സയാമീസ് ഇരട്ടകളെ പരിചയപ്പെടുന്നത്,  കൂട്ടാളിയുമായി ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയൊരുക്കുന്നത്, തീവ്രമായ പ്രണയത്തിലകപ്പെടുന്നത്… എല്ലാമെല്ലാം അയാൾ മകനോട് പറയുന്നത് കെട്ടുകഥയുടെ മട്ടിലായിരുന്നു. സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന മകൻ ഭാവനാ സമ്പന്നനായ അച്ഛനുമായി അകൽച്ചയിലാകുന്നു. ആ സിനിമ കാണുന്നേരം എന്നെ അലട്ടിയിരുന്ന പ്രശ്നം മകന്റെ പിണക്കത്തിന്  ശരിയായ കാരണമെന്തെന്നതായിരുന്നു. സ്വന്തം ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായവയെ കെട്ടുകഥയുടെ നിറത്തിളക്കത്തോടെ, അതിനിണങ്ങുന്ന ശരീര ഭാഷയോടെ  വിവരിച്ചു തന്നിരുന്ന അച്ഛാച്ചനെ ഞാൻ വെറുക്കുന്നില്ലല്ലോ എന്നതായിരുന്നു പ്രധാന പ്രശ്നഹേതു.
(c) http://thekingofisabelleavenue.wordpress.com

ചില സ്കൂൾ അവധി ദിവസങ്ങളിൽ  അടുക്കളയിലെ സ്ഥിരം പങ്കുപേക്ഷിച്ച്  കാലത്തു ഞങ്ങൾ ചെന്നെത്താറുള്ള ചായക്കടയുടെ നടത്തിപ്പുകാരൻ നരച്ച കൊമ്പൻ മീശയുള്ള രാഘവനായിരുന്നു. ആവി പറക്കുന്ന പുട്ടിന് മുകളിൽ ഞാൻ ചൂടു ചായ  ഒഴിച്ചു കുതിർത്ത്  ആറാൻ വയ്ക്കുന്ന നേരത്ത്  എനിക്കു മാത്രം കേൽക്കാവുന്ന വിധം പതിഞ്ഞ ഒച്ചയിൽ പതിവായി പറയുന്നതാകട്ടെ, തന്റെ തരാതര പ്രായക്കാരനും  ചെറുപ്പകാലത്തൊരു റൗഡിയുമായ രാഘവനെ ഇടംകൈയ്യനായ അച്ഛാച്ചൻ ഒറ്റയടിയ്ക്ക് നിലം പരിശാക്കിയതിന്റെ വിവരണമായിരുന്നു. അതോടെ മര്യാദക്കാരനായി നാട്ടിൽ ഒതുങ്ങിക്കൂടിയ രാഘവനാണ് ഇപ്പോൾ ഒരു മൂലയിൽ നിന്ന് ചായയടിക്കുന്നത്, ഗ്ലാസ്സ് കഴുകുന്നത്, അടുപ്പൂതുന്നത്. തന്നെ തല്ലി വീഴ്ത്തിയ ഒരാൾക്ക് കുടിക്കാനായി ചായ കൂട്ടുന്ന രാഘവന്റെ ചെയ്തികളുടെ അസംബന്ധതയെക്കുറിച്ച് ആറു വയസ്സുകാരൻ ആകുലപ്പെടുന്ന നേരമൊക്കെ മതിയായിരുന്നു ആവിയാറിയ പുട്ടിന് വയറ്റിലെത്താൻ.  ചായക്കടയിൽ നിന്ന് ഇറങ്ങിയുള്ള നടത്തം ചിലപ്പോൾ  ചെന്നെത്തറുള്ളത് ഈഞ്ചലോടി പാടത്ത് പകിടകളി നടക്കുന്നിടത്തായിരിക്കും. ഇടത് കൈപ്പത്തിയ്ക്കുള്ളിൽ പകിടയൊതുക്കി, അത് വലം ചുമലിൽ മുട്ടിച്ച ശേഷം ആഞ്ഞെറിയുന്നതിനിടയിൽ എന്നെയൊരു നോട്ടം നോക്കും. അതൊരു സൂചകമാണ്. "ഓങ്ങിയൊരു അടിയ്ക്ക് രാഘകൻ പകിട തിരിയുന്നത് പോലെ കറങ്ങി നിലത്തുരുണ്ട് വീണു"  എന്ന് ചായക്കടയിൽ വച്ചു നടത്തിയ വിവരണത്തിന്റെ ആലങ്കാരിക ദൃശ്യമാണ് ഇപ്പോൾ മുന്നിൽ കാണുന്നത്.  പകിടകൾ രാഘവനെപ്പോലെ തല കറങ്ങി താഴെ വീണ് അക്കം വെളിപ്പെടുത്തും, അടുത്ത കരുനീക്കത്തിന് ആക്കം കൂട്ടും.  അച്ഛാച്ചന്റെ ജീവിതകഥാ വിവരണങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. എന്തോ നിസ്സാര കുറ്റം ചെയ്തതിന്  കൈവെള്ള പൊട്ടി ചോര ചീറ്റുന്നതു വരെ നിർത്താതെ തല്ലിയ അദ്ധ്യാപികയുടെ തലയ്ക്കെറിഞ്ഞ് പ്രതികാരം തീർത്തതോടെ നാലാം തരത്തിൽ വച്ച് മുടങ്ങിയ പഠനം,   പന്തയം വച്ച് പുളിമരത്തിന്റെ  തുഞ്ചത്തെ കൊമ്പ് തൊടാനായി ഉയർന്നു പൊങ്ങിയ ഊഞ്ഞാലിൽ നിന്ന് താഴേയ്ക് നെഞ്ചു തല്ലി വീണത്, അന്നു മുതൽ വിടാതെ പിന്തുടരുന്ന വായുമുട്ടിന്റെ വലച്ചിൽ, നാടുവിട്ട് മദിരാശിയിലുള്ള  ബന്ധുവിന്റെ അടുത്തേയ്ക്കുള്ള ഒളിച്ചോട്ടം,  പണം കുറവുള്ള പണി മടുത്തപ്പോൾ അവിടെ നിന്ന് ബോംബേയിലേയ്ക്കുള്ള പലായനം, ചെരുപ്പില്ലാതെ നടന്നപ്പോൾ പോക്കറ്റടിക്കാരനെന്ന് സംശയിച്ച് മറാത്താ പോലീസ് പിടിച്ചു ചോദ്യം ചെയ്തത്, അമ്മ മരിച്ചത് ഉത്രാടം ദിവസമായതിനാൽ താനിന്നും ആഘോഷ ദിവസമായിരുന്നിട്ടും രാത്രി ഭക്ഷണമുപേക്ഷിക്കുന്നത്, വാവയെന്ന് വിളിപ്പേരുള്ള അസുഖക്കുട്ടിയായിരുന്ന മകൾ നാല് വയസ്സ് തികയുന്നതിന് മുന്നെ മരണമടങ്ങപ്പോൾ ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്ത് കഴുത്തിലണിഞ്ഞിരുന്ന മാല പൊട്ടിച്ചു പുഴയിലെറിഞ്ഞ് കർമ്മം ചെയ്തത്, നാലോണത്തിന് തൃശ്ശൂർ റൗണ്ടിലിറങ്ങുന്ന പുലിക്കളിയിൽ തന്റെ സംഘത്തിലുള്ളവരുടെ ഒരുക്കാനായി വാഴത്തോപ്പിൽ കൂടുന്നേരത്ത് കളിക്കാരുടെ മുലക്കണ്ണ് പുലിക്കണ്ണാകുന്ന പൊക്കിൾ ചുഴി കോമ്പല്ലുകളുള്ള പുലിവായാകുന്ന വിധത്തിൽ ചിത്രം വരയ്ക്കുന്നത്, പാടത്തിനങ്ങേയറ്റം കാണുന്ന മലയുടെ തുഞ്ചത്തെ വെള്ളപ്പാറയും കടന്ന് കാടലയുന്ന മാക്കുണ്ണി  എന്ന നായാട്ടുകാരൻ ചങ്ങാതി കൊണ്ട് വരുന്ന വെടിയിറച്ചി ചവച്ചരയ്ക്കുന്നതിന്റെ വർണ്ണനയിൽ വായിൽ നിറയുന്ന തുപ്പലാലുള്ള കപ്പലോട്ടം... പത്തു പതിമൂന്ന് വയസ്സാകുന്നത് വരെ അങ്ങനെയുള്ള കഥക്കൂട്ടുകളും വിവരണങ്ങളും മതിയായിരുന്നു എനിക്ക് തൃപ്തിയടയാൻ. വിവരണം നടത്തുന്ന നേരത്ത് വായുവിൽ നടത്തുന്ന കരചലനങ്ങളാൽ പൊട്ടിയ മാലയോ, എറിയുന്ന കല്ലോ വീഴുന്നത്  എന്റെ മുഖത്തായിരുന്നു. മറാത്താ പോലീസ് കോളറിന് കുത്തിപ്പിടിക്കുന്നതെന്റെ ബട്ടൻസു പൊട്ടിയ ഷർട്ടിലായിരിക്കും. പകിട തിരിയുന്നതു പോലെ എനിക്കു തല കറങ്ങും. പുളിമരക്കൊമ്പിലെ ഊഞ്ഞാലിന്റെ കുട്ടിപ്പൊക്കത്തിൽ ഞാൻ തുഞ്ചം കുത്തിപ്പായും, എന്റെ വയറിന്മേൽ അദൃശ്യനായൊരു വരയൻ പുലിയുടെ മുഖം പതിയും. വേട്ടയിറച്ചി ചവച്ച് എന്റെ കവിൾ പേശികൾ തളരും. 

ഞാൻ കൗമാരത്തിലേയ്ക്ക് കടന്നതോടെ അച്ഛാച്ചന്റെ കഥകളും പരിണാമ വിധേയമായി.  പറച്ചിലിടങ്ങളിൽ കൂടുതൽ രാഷ്ട്രീയം നിറഞ്ഞു.   ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോൺഗ്രസ്സിന്റെ പിളർപ്പിൽ കൂടെയുള്ളവർ മറുകണ്ടം ചാടിയിട്ടും താൻ അടിയുറച്ച് നിന്നതിന്റെ  സ്ഥൈര്യ വിവരണം. അടിയന്തിരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട സംഘടനയിൽ പെട്ട ശങ്കുണ്ണിയെന്ന ചങ്ങാതിയെ തന്റെ അയൽപക്കക്കാരനായ പോലീസുകാരന്റെ  വീട്ടിൽ  പതിനാല് ദിവസത്തോളം ഒളിച്ചു പാർപ്പിക്കാൻ ഒത്താശ ചെയ്തത കാര്യം  വിവരിക്കുന്നേരത്ത്  ആ വീടിന്റെ മച്ചിൻ പുറത്ത് ഭയപ്പാടോടെ ശങ്കുണ്ണി കൂനിക്കൂടിയിരുന്നത് പോലെ അച്ഛാച്ചന്റെ ശരീരവും വളയുമായിരുന്നു.  വൈകുന്നേരമായാൽ വടക്കനച്ചൻ സൈക്കിളെടുത്തിറങ്ങവേ വഴിയരികിലും കനാലിന്റെ വക്കത്തുമെല്ലാം കൂട്ടംകൂടി ബഹളം വയ്ക്കുന്ന സത്യക്രിസ്ത്യാനികളെ പേടിപ്പിച്ചോടിയ്ക്കാനായി ക്യാരിയറിൽ കൊണ്ട് നടക്കാറുള്ള ചൂരൽ വടിയുടെ നീളവും വണ്ണവും വിവരിക്കാൻ തന്നെ നേരം കുറേയെടുക്കും. കൈപ്പിടിയിൽ ഇല്ലാത്തൊരു ചൂരൽ വായുവിൽ പുളഞ്ഞ് ശബ്ദമുണ്ടാക്കും.  അവിണിശേരിക്കാരനും അയൽവാസിയുമായ കൃഷ്ണനെഴുത്തച്ഛൻ നയിച്ച ജാഥയിൽ ബലനായിരിക്കേ പങ്കെടുത്തതിന്റെ ഓർമ്മയിൽ കണ്ണൂകൾ നനയും. കുറൂർ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയെ  ജവഹർലാൽ നെഹ്രുവിനെ കാണാൻ ചെന്ന കഥ ഓരോ തവണ ആവർത്തിക്കുമ്പോഴും "ഇത്രയടുത്ത്...ഇത്രയടുത്ത് വച്ചു കണ്ടു" എന്ന് ദൂരം കുറഞ്ഞു കുറഞ്ഞില്ലാതാകും. കൈ നീട്ടിയാൽ തൊടാമെന്ന് പ്രതിപദമപി തോന്നുമാറ് മന്ദം നടന്ന് നെഹ്രു നളചരിതത്തിലെ ഹംസത്തെപ്പോലെ തെന്നി മാറും. തേക്കിൻകാട്ടിലെ അന്നത്തെ പ്രസംഗം കാതിൽ മുഴങ്ങും. കണ്ണു ഡോക്ടറെ തേടി തൃശ്ശൂരിലെത്തിയ കരുണാകരന്റെ  രാഷ്ട്രീയക്കാഴ്ചയാൽ സംഘടനയുടെ വളർച്ച മേൽഗതി പ്രാപിച്ചതിന്റെ ചരിത്രം ചുരുളഴിയും. അഴീക്കോടൻ രാഘവനെ കുത്തിയവർ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലേയ്ക്ക് ഓടിക്കയറി അതിന്റെ അടുക്കള വാതിൽ വഴി രക്ഷപ്പെടുന്നത് വിവരിക്കുന്നേരത്ത് അമ്പരന്ന് നിൽക്കുന്ന ചെട്ടിയങ്ങാടിയുടെ ദൃശ്യം തെളിയും. എന്റെ രാഷ്ട്രീയം  മാറിയതോടെ, അച്ഛാച്ചന്റെ അഭിപ്രായങ്ങൾക്ക് മറുവാദം പറയാൻ തുടങ്ങിയതോടെ, അത്തരം ആവർത്തന വിവരണങ്ങളും പതിയേ ഇല്ലാതായി. ബിഗ് ഫിഷ് എന്ന സിനിമയിലെ ഭാവനാ സമ്പന്നനായ അച്ഛന്റെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുത്തവരെ കാണുന്നതോടെ മകൻ തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്. അച്ഛൻ പറഞ്ഞ കഥകളെല്ലാം തന്നെ നുണകളായിരുന്നില്ല; പൂർണ്ണമായ അർത്ഥത്തിൽ അവയൊന്നും സത്യവുമായിരുന്നില്ല. പന്ത്രണ്ട് അടി ഉയരമുള്ള രാക്ഷസനൊന്നുമല്ലെങ്കിലും, ഏഴടിയ്ക്ക് മുകളിൽ ഉയരമുള്ള ചങ്ങാതി ഉണ്ടായിരുന്നു. സയാമീസ് ഇരട്ടകളെന്ന് പറഞ്ഞവർ സമരൂപ ഇരട്ടകളായിരുന്നു. ഉയരം കുറഞ്ഞു തടിച്ചൊരു നീളൻമുടിക്കാരനെയാണ്  ചെന്നായ് മനുഷ്യനാക്കി അവതരിപ്പിച്ചത്. മോതിരക്കുരുക്കിൽ കുടുങ്ങിയതൊരു സാധാരണ മത്സ്യം മാത്രമായിരുന്നു. 

എഴുത്തിനെ ഗൗരവമുള്ള പ്രവർത്തിയായി കാണാൻ തുടങ്ങിയതു മുതൽ അച്ഛാച്ചന്റെ പൊടിപ്പും തൊങ്ങലും നിറഞ്ഞ ജീവിതകഥകൾ, കേൾവിക്കാരെ ഭ്രമിപ്പിച്ച് പിടിച്ചിരുത്തുന്ന വിധമുള്ള അതിന്റെ വിവരണങ്ങൾ ബോധത്തിലും അബോധത്തിലും  നിറയുന്ന നിരീക്ഷണ സാധ്യതയായി മാറുകയായിരുന്നു. ഫിക്ഷനെഴുത്തുകാർ പഴങ്കഥയിലെ സൂത്രശാലിയായ കുറുക്കനാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അവർ അന്യരുടെ അടുക്കളയിൽ നിന്ന് മസാല ചേർന്നു വെന്ത ഇറച്ചി നിറച്ച ചട്ടിയുമായി കാട് കയറുന്നു.  അപരന്റെ അനുഭവങ്ങൾ ഇറച്ചിപ്പരുവത്തിൽ നുറുക്കിയതിന്റെ കൂടെ താന്താങ്ങളുടെ ഭാവനയാകുന്ന മസാലയും ചേർത്തൊരുക്കുന്ന വിഭവം നിറഞ്ഞ കറിച്ചട്ടിയ്ക്കു മുകളിൽ അടയിരിക്കുന്നു. കൊതികൊണ്ട്  പങ്ക് ചോദിക്കുന്നവർക്കെല്ലാം അത് തന്റെ തന്നെ ഇറച്ചി പകുത്ത് നൽകുകയാണെന്ന ഭാവേന  ഓരോ കഷ്ണം മാത്രം നൽകി മിതവ്യയം പാലിക്കുന്നു.  വാങ്ങുന്നവരതു കഴിച്ച് കുറുക്കന്റെ ഇറച്ചി തന്നെയെന്നും, അതീവ സ്വാദിഷ്ഠമെന്നും തലയിളക്കി സമ്മതിച്ച് കടന്നു പോകുന്നു.  എന്നാൽ സ്വന്തം അനുഭവത്തെ തനിക്കിഷ്ടമുള്ള രുചിക്കൂട്ടു ചേർത്ത് വേവിച്ചുകൊണ്ട് ഉറ്റവർക്കു മുന്നിൽ മാത്രം വിളമ്പുന്നവരോ? അവർ കഥയിലെ മണ്ടച്ചാരായ പുലിയാകുന്നു. ശരിരത്തിൽ മുളകും മസാലയുമരച്ച്  പുരട്ടി ചുട്ടു പൊള്ളുന്ന  പാറപ്പുറത്തിരുന്ന് സ്വയം തീറ്റയാകുന്ന വിധത്തിൽ കഥകളും വിവരണങ്ങളും ഉണ്ടാകുന്നത് അപ്രകാരമാണ്. മരണത്തിന് ആറുമാസം മുന്നെ ആശുപത്രി കിടക്കയിൽ വേദനകൊണ്ട് വില്ല് പോലെ വളയുന്ന അച്ഛാച്ചന്റെ രൂപം ഓർമ്മയിലുണ്ട്. ബയോപ്സി ചെയ്യാനായി അടിവയറിൽ തുളയിട്ട് ആന്തരാവയവത്തിൽ നിന്നൊരു ചെറിയ കഷ്ണം ചുരണ്ടിയെടുത്തത്തിനെ തുടർന്നുള്ള വേദനയാൽ പുളയുന്നതിനെപ്പറ്റിയും പിന്നീട് വിവരണം കേൾക്കേണ്ടി വന്നു.   അതെല്ലാം നേരിട്ടു കണ്ട, ആശുപത്രിയിലെ കൂട്ടിരിപ്പുകാരനായ ഞാൻ തന്നെ അവയ്ക്ക് കേൾവിക്കാരനാകേണ്ടി വന്നു.  പലപ്പോഴും എന്റെ ഓർമ്മകളെപ്പോലും റദ്ദ് ചെയ്യുന്ന വിധത്തിൽ അച്ഛാച്ചന്റെ വർണ്ണനകളും വിവരണങ്ങളും ആ ദൃശ്യങ്ങൾക്കു മേൽ ഉപശീർഷകങ്ങളായി മാറുകയായിരുന്നു. അല്ലെങ്കിൽ തന്നെ  അവനവന്റെ ഇറച്ചി വെന്തു തിന്നുന്നതിതിന്റെ വിവരണ സാധ്യതകൾ, ആ രുചിക്കൂട്ടിനെ തോൽപ്പിക്കാൻ കഴിയുന്ന മറ്റെന്തുണ്ട്?

* മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയ ഓർമ്മക്കുറിപ്പ്.

Monday, July 22, 2013

ചന്ദ്രലേഖ എന്ന ഓർമ്മയും അപകടങ്ങളും.

ചന്ദ്രലേഖ എന്ന സിനിമ ഇറങ്ങുമ്പോള്‍ പ്രീഡിഗ്രി ഫസ്റ്റ് ‌ഞാന്‍ ഇയറിനു പഠിക്കുകയാണ്. സിനിമയുടെ ഫൈനല്‍ എഡിറ്റിങ്ങ് സമയത്താണ് അവശ്യം വേണ്ട ചില ഷോട്ടുകള്‍ എടുക്കാന്‍ വിട്ടു പോയതായോ, അല്ലെങ്കില്‍ എടുത്തവയ്ക്കു തന്നെ സാങ്കേതിക മികവില്ലെന്നോ പ്രിയദര്‍ശന്‍ തിരിച്ചറിയുന്നത്. ആറാം തമ്പുരാന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളിനിടെ അല്‍പം സമയമുണ്ടാക്കി സംവിധാന സഹായികളെ വച്ച് അതൊക്കെയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നു. ചന്ദ്രയ്ക്ക്(സുകന്യ) അപകടം പറ്റിക്കിടക്കുന്നിടത്തൂടെ പോകുന്ന ഓട്ടോറിക്ഷാ യാത്രക്കാരായ അപ്പുക്കുട്ടനും(മോഹന്‍ലാല്‍) , നൂറും (ശ്രീനിവാസന്‍) ആള്‍ക്കൂട്ടത്താല്‍ തടയപ്പെടുന്നു. പരിക്കേറ്റ ചന്ദ്രയെ അവരുടെ വണ്ടിയില്‍ കയറ്റി ആ‌ശുപത്രിയിലെത്തിക്കുന്നു. കഥ നടക്കുന്നത് തെക്കേ ഇന്ത്യയിലല്ല; പക്ഷെ യുക്തിപരമായി ഒരു അബദ്ധമെന്ന മട്ടില്‍ ഓട്ടോറിക്ഷയുടെ ‌മുന്‍ വശത്തെ ചില്ലിലൂടെ ഷൊര്‍ണ്ണൂരിനടുത്തുള്ള പച്ചപ്പു വിരിച്ചപാടവും, ചെമ്മണ്‍ പാതയും തെങ്ങുമൊക്കെ കാണാം. 

പറഞ്ഞു വന്നതതല്ല... ‌മോഹന്‍ലാലും, ശ്രീനിവാസനും കയറിയ (കാലി ഓട്ടോ വച്ചാണ് ഷൊര്‍ണ്ണൂരില്‍ ചിത്രീകരണം) ഓട്ടോറിക്ഷ തടയുന്ന ആള്‍ക്കൂട്ടത്തില്‍ രണ്ട് പ്രീഡിക്കാരുണ്ടായിരുന്നു. അതിലൊരുവന്റെ അമ്മാവന്റെ സുഹൃത്തിന് സിനിമയിലേയ്ക്ക് എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ ഏര്‍പ്പാടാക്കുന്ന തൊഴിലായിരുന്നു. പെട്ടെന്ന് ആളെ വേണമെന്നു പറഞ്ഞപ്പോള്‍ ലാലിനെ അടുത്തു കാണാമെന്നൊരു കൗതുകത്തില്‍ ഒരു ജീപ്പില്‍ കയറി പോയതാണ് രണ്ടു പേരും. സിനിമയില്‍, ആ രംഗത്ത് മുഖമൊന്നും വ്യക്തമായി കാണില്ലെങ്കിലും ഇരുവര്‍ക്കും, അവരവരെ തിരിച്ചറിയാമായിരുന്നു. ആദ്യമായി അഭിനയിച്ച സിനിമയെന്നു പറഞ്ഞ് പരസ്പരം കളിയാക്കുമായിരുന്നു. പറഞ്ഞു വരുന്നത് ജീവിതത്തിന്റെ തിരക്കഥയിലെ മറ്റൊരപകടത്തിന്റെ കാര്യമാണ്. രണ്ടു പ്രീഡിഗ്രിക്കാരില്‍ ഒരുവന് മിനിഞ്ഞാന്ന് കനത്ത മഴയത്ത് ബൈക്കപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് അവന്റെ ഭാര്യയുടെ വക SMS. ജീവന് അപകടമില്ലെങ്കിലും സാരമായ പരിക്കുണ്ട്. ആശുപത്രിയിലെത്തിക്കാന്‍ സമയമെടുത്തതുകൊണ്ട് രക്തം കുറേ നഷ്ടമായത്രേ. ഈയടുത്ത് മറ്റൊരു സുഹൃത്തിന്റെ മരുമകനും ബൈക്കപകടത്തില്‍ കാലിന് ഗുരുതരമായ പരിക്കേറ്റ് വഴിയരികില്‍ കിടന്നപ്പോള്‍ അവശ്യ സമയത്ത് ‌സഹായം ലഭിച്ചില്ലെന്ന് അറിയാന്‍ കഴിഞ്ഞു. മിനിഞ്ഞാന്നത്തെ വാര്‍ത്ത കേട്ട പാടെ ആദ്യമോര്‍ത്തത് ‌ഷൂട്ടിംഗ് രംഗത്ത് ഓട്ടോറിക്ഷ തടഞ്ഞ രണ്ട് പ്രീഡിഗ്രിക്കാരെയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും തിരശ്ശീലാക്കാഴ്ചകളല്ല തന്നേ :((

Friday, April 19, 2013

നിങ്ങളീ ഭൂമിയിൽ...

ആഗ്രഹത്തിന്റെയോ, ലക്ഷ്യത്തിന്റെയോ അംശമില്ലാത്ത സ്വപ്നങ്ങളുണ്ടല്ലോ. ഉറക്കത്തിലോ മയക്കത്തിലോ  ഒക്കെയായി കാണുന്ന 'വെറും' കിനാവുകൾ. അവ യാഥാർത്ഥ്യമാകുന്നത് അപൂർവ്വവും, ഇനി നടന്നാൽ തന്നെ സ്വപ്നത്തിനോട് പശ്ചാത്തല നീതി പുലർത്താതെയോ ഒക്കെയായിരിക്കും. എന്നാൽ ഇന്നു സംഭവിച്ചതങ്ങനെയല്ല. വർഷങ്ങൾക്കു മുമ്പ് ഡാൻബ്രൗണിന്റെ ഡാവിഞ്ചി കോഡും വായിച്ച് കൊച്ചിയിൽ പുല്ലേപ്പടി ജംഗ്ഷനടുത്തൊരു വാടകമുറിയിൽ കിടന്നുറങ്ങിയ ഒരു രാത്രിയിൽ കണ്ട സ്വപ്നം ആ നോവലിൽ പരാമർശിച്ചിരുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയറുമായി ബന്ധപ്പെട്ടായിരുന്നു. ‌ഞാനൊരു ക്വിസ്സ് ‌കോമ്പറ്റീഷനിൽ കാണികളുടെ കൂട്ടത്തിൽ (ശ്രദ്ധിക്കുക, മത്സരാർത്ഥിയല്ല വെറും കാണി മാത്രം) ഇരിക്കുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയർ രൂപകൽപ്പനയുമായി ബന്ധപ്പെട്ട് മത്സരാർത്ഥികൾക്ക് ഉത്തരം പറയാനാകാത്ത ഒരു ചോദ്യം പാസ് ചെയ്തു കാണികളിലേയ്ക്കു വരുന്നു. ഞാൻ ചാടിയലറിക്കൊണ്ട് 'ജോവാനി ലൊറെന്‍സൊ ബെര്‍ണീനി' എന്നുത്തരം പറയുന്നു. തുടർന്ന് കരഘോഷം മുഴങ്ങുന്നു. പതിവുമ്പോലെ ഒരു 'ഹമ്പട ഞാനേ' സ്വപ്നം മാത്രമായിരുന്നു അത്; ഇന്നു വരെ. എന്നാൽ ഇന്ന്, ഓഫീസിൽ നടക്കുന്ന ഒരു ക്വിസ് കോമ്പറ്റീഷന്റെ ഫൈനലിൽ ചെന്നു കാണിയായിരിക്കുകയും, റാപ്പിഡ് ഫയർ റൗണ്ടിൽ ‌മത്സരാർത്ഥികൾ ഉത്തരം പറയാനാകാതെ പ്രസ്തുത ചോദ്യം കാണികളിലേയ്ക്ക് ‌നീളുകയും, ഞാൻ ‌ചാടിക്കയറി ഉത്തരം പറയുകയും ചെയ്യുന്നു. കരഘോഷം നിസ്സാരമായിരുന്നു എന്നതൊഴിച്ചാൽ നടന്നത് 'സ്വപ്നസാഫല്യം'. മറ്റൊരു സ്വപ്നവും ഈയടുത്ത് ഏതാണ്ട് സഫലമായിരുന്നു. അവനവന്റെ താക്കോലുപയോഗിച്ച് ‌മറ്റൊരാളുടെ മുറി/വാഹനം/അലമാര തുറക്കുകയെന്നത്. ഒന്നു രണ്ട് മാസങ്ങൾക്കു മുമ്പാണ് സംഭവം. ഓഫീസിൽ ‌വാഹനങ്ങൾ പാർക്കു ചെയ്യുന്നിടത്ത് എന്റെ സൈക്കിളിന്റെ അടുത്ത് തന്നെ അതേ മോഡലിലുള്ള , ഒരേ നിറമുള്ള മറ്റൊന്നുണ്ടായിരുന്നു. ഞാന്‍ അതു ശ്രദ്ധിക്കാതെ മനസ്സില്‍ മറ്റെന്തോ ആലോചിച്ച് എന്റെ താക്കോലെടുത്ത് അതു തുറക്കാന്‍ ശ്രമിച്ചു .അതു തുറക്കുകയും ചെയ്തു. ക്യാരിയറില്‍ ബാഗു വയ്ക്കാന്‍ നേരത്താണ് ‌ബാറിലെ സ്റ്റിക്കറു കണ്ട് അതെന്റെയല്ലല്ലോ എന്ന് ‌തിരിച്ചറിഞ്ഞത്. വേഗം അത് പൂട്ടി വച്ചു. ബാഗെടുത്ത് എന്റെ  സൈക്കിളിന്റെ ക്യാരിയറില്‍ വച്ച ശേഷം കൗതുകത്തിനായി വീണ്ടും മറ്റെ സൈക്കിള്‍ തുറക്കാന്‍ നോക്കി. ഇല്ല നടക്കുന്നില്ല. അത് തുറക്കുന്നില്ല. ശ്രദ്ധാപൂര്‍വ്വം ഒന്നോ രണ്ടോ തവണ ശ്രമിച്ചു പരാജയപ്പെട്ടു. അശ്രദ്ധമായ ഒരു അവസ്ഥയിൽ ചെന്നു സ്വാഭാവികമായി ശ്രമിച്ചപ്പോൾ (ചോരശാസ്ത്രത്തിലൊക്കെ പറയുന്ന പൂട്ടുതുറക്കുന്ന മന്ത്രവും മനസ്സാന്നിദ്ധ്യവുമൊന്നുമില്ലാതെ തന്നെ) അത് ഒരു തവണ തുറന്നു എന്നത് സത്യമാണ് അഥവാ അത്ഭുതമാണ്. പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ ചില സ്വപ്നങ്ങൾ , ഒരല്പം പശ്ചാത്തല വൈജാത്യത്തോടെ,  ‌യാഥാർത്ഥ്യമാകുന്നതിൽ അല്ലറ ചില്ലറ അത്ഭുതങ്ങളും, രസങ്ങളുമൊക്കെയുണ്ട്.

Wednesday, December 19, 2012

പ്രണയത്തെക്കുറിച്ചല്ല തന്നേ...

മുമ്പൊരിക്കൽ ഒരു പാടു കാലം താമസിച്ച ശേഷം ഉപേക്ഷിച്ച മുറിയോ വീടോ ഉള്ള തെരുവിലൂടെ പിന്നീട് സഞ്ചരിച്ചിട്ടുണ്ടോ? അവിടേയ്ക്ക് ഒന്നെത്തിയോ കയറിയോ നോക്കാൻ തോന്നാറില്ലേ? ആരായിരിക്കും ഇപ്പോൾ താമസക്കാർ? അതോ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുകയായിരിക്കുമോ? പുതിയ താമസക്കാർ അവിടം നല്ല വെടിപ്പായി സൂക്ഷിക്കുന്നുണ്ടാകുമോ? അതോ പഴയതിലും വൃത്തികേടായിരിക്കുമോ? കരകരാ കരയുന്ന ഫാൻ ,  അങ്ങിങ്ങ് പെയിന്റിളകിയ ജന്നൽക്കമ്പികൾ, മങ്ങിയ ടൈലുകളുള്ള കുളിമുറി, മഴക്കാലത്ത് ചെറുതായി ഷോക്കടിക്കുന്ന ഒരു സ്വിച്ച്, ചാരിയിരുന്നുണ്ടായ മുഷിപ്പൻ ചുമർ ചിത്രങ്ങൾ, പുകയില മണം... അതൊക്കെ അങ്ങനെ തന്നെയുണ്ടാകുമോ? പുതിയ താമസക്കാർ പുത്തൻ പെയിന്റടിച്ചിരിക്കുമോ? മുമ്പ് പുസ്തകങ്ങൾ അടുക്കി വച്ചിരുന്നിടത്ത് അവരെന്തായിരിക്കും സൂക്ഷിക്കുക? തുണി, കളിപ്പാട്ടം, പലചരക്ക്... അതോ പുസ്തകങ്ങൾ തന്നെയോ? അവിടെ കുട്ടികളുണ്ടാകുമോ? അവർ ചായപ്പെൻസിൽ കൊണ്ട് അട്ടിമറികൾ നടത്തിയിരിക്കുമോ? ഇത്തരം ആശങ്കകളും ആകുലതകളും മറി കടന്നുകൊണ്ട് അവിടേയ്ക്കൊന്നു കയറി നോക്കാനുള്ള ത്വരയെ അവഗണിച്ചോ അതിജീവിച്ചോ നിങ്ങൾ പുത്തൻ മുറിയിൽ/വീട്ടിൽഎത്തിയെന്നു തന്നെ കരുതുക. നീക്കിയിരിപ്പെന്തായിരിക്കും? അടുക്കളയിലെന്തോ പുകയുന്നില്ലേ? മസാലക്കൂട്ടിന്റെ മണം മൂക്കു തുളച്ചു കയറി തുമ്മിക്കുന്നില്ലേ? ഇല്ലെങ്കിൽ ശൂന്യത മണക്കുന്നില്ലേ? അത് ശ്വാസം മുട്ടിക്കുന്നില്ലേ? എന്താണ് തലയിളക്കലിന്റെ അർത്ഥം/ ഉവ്വെന്നോ ഇല്ലെന്നോ? ഒന്നു തെളിയിച്ചു പറയിൻ.

Wednesday, September 5, 2012

മരിച്ചവർക്കയച്ച പുസ്തകങ്ങൾ.


ഞാൻ എഴുതിയ പുസ്തകങ്ങൾ കൊറിയർ ചെയ്യുമ്പോഴും, 30-Jan-2011ന് ഗൂഗിൾ ബസ്സിൽ താഴെ കാണുന്ന ‌കുറിപ്പെഴുതുമ്പോഴും ഗീത ടീച്ചർ മരിച്ച വിവരം എനിക്കറിയില്ലായിരുന്നു. കോളേജിലെന്റെ സീനിയർ ആയിരുന്ന, കാർട്ടൂണിസ്റ്റ് സുജിത്തിന്റെ കമെന്റിലൂടെയാണ് മരിച്ചവർക്കു പുസ്തകം കൊറിയർ അയച്ചവന്റെ ഗതികേട് സ്വയം തിരിച്ചറിഞ്ഞത്. ആ പുസ്തകം വായിച്ച ശേഷം‌ മലയാളം വിഭാഗത്തിൽ പകരക്കാരനായെത്തിയ പുതിയ അദ്ധ്യാപകനും, എഴുത്തുകാരനുമായ ഗണേഷ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഒരു മെസേജ്‌ അയച്ചിരുന്നു. എങ്ങുമെത്തില്ലെന്നു വിചാരിച്ചതെല്ലാം ‌എങ്ങോ ചെന്നെത്തുന്നുണ്ട്. അതിനാൽ തന്നെ അദ്ധ്യാപക ദിനത്തിൽ ഇതൊന്നു റീ-ഷെയർ ചെയ്യണമെന്നു തോന്നി.



  Buzz  -  Jan 30, 2011  -   -  Public

എന്നെങ്കിലും ഒരു നോവല്‍ എഴുതണം എന്ന ആഗ്രഹം ആദ്യമായി തോന്നിയത് പ്രീ-ഡിഗ്രി കാലത്താവണം. അതുവരെ സാഹിത്യം അത്ര സീരിയസ് അല്ലായിരുന്നു. 'ക്ലാസിക്കല്‍ ഡാന്‍സ് ' വീട്ടില്‍ തന്നെ ഉണ്ടായിരുന്നതു കൊണ്ട്‌ അതിനോടായിരുന്നു കമ്പം. കാണുക, പഠിക്കുക, പെര്‍ഫോം ചെയ്യുക ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ സാഹിത്യത്തില്‍ ആദ്യമായി ഗൗരവമായ താല്‍പ്പര്യം തോന്നിയത് പ്രീഡിഗ്രിക്കാലത്താണ്. അതിന് കാരണക്കാര്‍ പ്രധാനമായും താഴെ കാണുന്നവരാണ്.
1)സരസ്വതി ടീച്ചര്‍, 2) ഗീത ടീച്ചര്‍ 3)നന്ദകുമാര്‍ സാര്‍ 4)കവിത ടീച്ചര്‍ ...

ഫസ്റ്റ് ഗ്രൂപ്പ് ആയിരുന്നു. അതുകൊണ്ട്‌ തന്നെ ലാബും, സബ്‌‌ജക്റ്റ് വിഷയങ്ങളും കട്ട് ചെയ്യാന്‍ പറ്റാത്തതിനാല്‍ ക്ലാസ് കട്ടിന് സൗകര്യം ലാന്‍ഗ്വേജ് ക്ലാസുകളായിരുന്നു. 60+ ആളുകളുള്ള ക്ലാസ് റൂം ഭാഷാവിഷയങ്ങളില്‍ കൂടിവന്നാല്‍ 30+ പേരിലൊതുങ്ങുമായിരുന്നു. അതുകൊണ്ട് തന്നെ അതൊരു പരിധി വരെ കൂട്ടും, കൂട്ടവും ആയി മാറും ഹൈസ്കൂള്‍ കാലം മുതലേ വായനക്കുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സരസ്വതി ടീച്ചറും, ഗീത ടീച്ചറുമാണ് മലയാള സാഹിത്യത്തിലേക്ക് ആദ്യത്തെ പാലമിട്ടത്. ആത്മബന്ധം കൂടുതലുണ്ടായിരുന്നത് ഗീത ടീച്ചറോടാണ്. പരീക്ഷാ പേപ്പറുകള്‍/അസൈന്‍മെന്റുകള്‍ നോക്കുമ്പോള്‍ "നിന്റെ ഹാന്‍ഡ്‌‌റൈറ്റിംഗ് വായിക്കാന്‍ ഭയങ്കര കഷ്ടപ്പാടാണെടാ. സാധാരണ ഈ കോലത്തിലെ കുത്തി വരയ്ക്ക് ഞാന്‍ ഒരു മിനിമം മാര്‍ക്കിട്ട് തള്ളേണ്ടതാണ്. എന്നാലും നിന്റെ ആയതുകൊണ്ട്‌ വായിക്കാന്‍ എന്തെങ്കിലും രസം കാണും എന്നതുകൊണ്ട്‌ കഷ്ടപ്പെട്ട് വായിച്ചതാ. ആ കഷ്ടപ്പാടിന് മാത്രം ഞാന്‍ 5 മാര്‍ക്ക് കുറച്ചിട്ടുണ്ട് കേട്ടോടാ" എന്ന് തമാശ പറഞ്ഞിരുന്ന ഗീത ടീച്ചറായിരുന്നു എഴുത്തിലെ ആദ്യപ്രചോദനം. അന്ന് പച്ചമലയാളപ്രസ്ഥാനത്തില്‍ റീസര്‍ച്ച് ചെയ്യുകയായിരുന്നു ടീച്ചര്‍. സരസ്വതി ടീ‌‌ച്ചറാകട്ടേ ബഹുമാനത്തിന്റെ ഒരകലത്തിലേ എക്കാലവും നിന്നിരുന്നുള്ളൂ. പക്ഷേ നിരൂപണം/ആസ്വാദനം എന്നാല്‍ എന്താണെന്ന് മനസിലായത് ടീച്ചറില്‍ നിന്നാണ്. ഉറൂബിന്റെ 'കുഞ്ഞമ്മയും കൂട്ടുകാരും' എന്ന പാഠ്യവിഷയ നോവലിന് എഴുതിയ ആസ്വാദനം വായിച്ച് "ഇത് കൊള്ളാമല്ലോടോ, ഉറൂബിന്റെ മുഴുവന്‍ കൃതികളും വായിക്ക് ഒഴിവുള്ളപ്പോള്‍" എന്നൊരു അര നല്ലവാക്ക് മാത്രമേ കിട്ടിയിരുന്നുള്ളൂ എങ്കിലും അത് മനസില്‍ പതിഞ്ഞ് കിടന്നിരുന്നു.

നന്ദകുമാര്‍ സാറും, കവിത ടീച്ചറും ഇംഗ്ലീഷാണ് പഠിപ്പിച്ചത്. നന്ദകുമാര്‍ സാറിന്റെ ത്രീ‌‌ മസ്കിറ്റേര്‍സ്, ഡെത്ത് ട്രാപ്പ് ക്ലാസുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. സാറിന്റെ ക്ലാസുകള്‍ വെറും ലെ‌‌ക്ചര്‍ അല്ല ഒറ്റയാള്‍ പെര്‍ഫോമന്‍സ്സുകള്‍ ആയിരുന്നു. ആഥോസും, ഡാര്‍ട്ട‌‌ഗ്‌‌നനും അങ്കം വെട്ടുന്നത് ഞാന്‍ ക്ലാസില്‍ വെച്ച് കണ്ടിട്ടുണ്ട്. കവിത ടീച്ചര്‍ 'കുഞ്ഞ് ടീച്ചറാ'യിരുന്നു. പ്രായം കൊണ്ടും ഉയരം കൊണ്ടും. ഇംഗ്ലീഷ് ഭാഷ ആസ്വദിക്കാന്‍ പ്രേരകമായത് ടീച്ചറുടെ ക്ലാസുകള്‍ ആയിരിക്കണം. ടീച്ചറുടെ ഭര്‍ത്താവ് സെന്റ്റല്‍ ഇന്റലിജെന്‍സില്‍ ആയിരുന്നു എന്ന് തോന്നുന്നു. അക്കാലത്ത് വാജ്‌‌പേയി ആണ് പ്രധാനമന്ത്രി. ടീവിയില്‍ വാജ്‌‌പേയിയെ കാണിക്കുമ്പോള്‍ ഇടയ്ക്ക് സഫാരി സ്യൂട്ടുമിട്ട് പുറകില്‍ ടീച്ചറുടെ ഭര്‍ത്താവിനെയും കാണാം. "ഇന്നലെ കക്ഷി കംപ്ലീറ്റ് എയറും പിടിച്ചോണ്ട് വാജ്പേയീടെ പുറകില്‍ നില്‍ക്കുന്നത് കണ്ടായിരുന്നല്ലോ" എന്നും പറഞ്ഞ് ഇടയ്ക്ക് ടീച്ചറെ കളിയാക്കാറും ഉണ്ടായിരുന്നു...

എന്നെങ്കിലും ഒരു എഴുത്തുകാരനായി ഇവരുടെ ഒക്കെ മുന്നില്‍ ചെന്ന് നില്‍ക്കും എന്നൊരു 'വലിയ ആഗ്രഹം/അഹങ്കാരം' അന്നുണ്ടായിരുന്നു. 'ദേ ഇവനെ ഞാന്‍ പഠിപ്പിച്ചതാണെ'ന്ന് അവര്‍ ഒരു കുഞ്ഞ് അഹങ്കാരത്തോടെ പറയുന്നത് കേള്‍ക്കാന്‍ ഒരു വലിയ ആഗ്രഹം. മാര്‍ക്ക് വലിയ കുഴപ്പമില്ലാതെ ഉണ്ടായിരുന്നതിനാല്‍ പ്രീഡിഗ്രിയ്ക്ക് ശേഷം ലിറ്ററേച്ചറിനും, സൈക്കോളജിക്കും ബിരുദത്തിന് അഡ്‌‌മിഷന്‍ കിട്ടി. എന്നാല്‍ വീട്ടിലെ പ്രശ്നങ്ങള്‍, പ്രാരാബ്ദങ്ങള്‍... മാസ്‌‌റ്റേഴ്സ് ഒക്കെ എടുത്ത് ജോലി തേടുക എന്നതൊന്നും അന്നത്തെ സാഹചര്യം വെച്ച് പ്രാക്റ്റിക്കല്‍ അല്ലെന്ന് കൗമാര ബുദ്ധിയില്‍ തെളിഞ്ഞു. എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തുക, കാശുണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് അതെല്ലാം ഉപേക്ഷിച്ച് 'ടെക്കി' ആകാന്‍ തീരുമാനിച്ചത്, അതാകുകയും ചെയ്തു. പക്ഷേ ഒരുതരം വൈരാഗ്യബുദ്ധിയോടെ ആയിരുന്നു ശേഷമുള്ള പഠനം. എനിക്ക് താല്‍പ്പര്യം ഇല്ലാത്ത എന്തോ ആണ് നിവൃത്തികേടു കൊണ്ട് ചെയ്യുന്നതെന്ന ബോധ്യം. അതില്‍ ഒട്ടും കുറ്റബോധവും ഉണ്ടായിരുന്നില്ല, ഒട്ടൊക്കെ ആസ്വദിക്കുകയും ചെയ്തു. കുടുംബം പുലര്‍ത്താനായത്, സമ്പാദ്യം ഒന്നും ഇതുവരെയില്ലെങ്കിലും പ്രശ്നങ്ങളും പ്രരാബ്ദങ്ങളും ഒക്കെ ആമ്പലും-വെള്ളവും സമവാക്യത്തില്‍ നിവൃത്തിക്കാനായത് ഗ്ലോബലൈസേഷനും, ഐടിക്കൂലിപ്പണിയും കൊണ്ട്‌ തന്നെ ആണ്. അതാണ് സത്യവും. പക്ഷേ... ഒരിക്കല്‍ കൂടെ ചെന്ന് മുകളില്‍ പറഞ്ഞവരുടെ മുന്നില്‍ നില്‍ക്കാന്‍ മടിയായിരുന്നു. കൂട്ടുകാര്‍ പലരും പിന്നീട് കോളേജില്‍ പോകുമായിരുന്നു. ഞാന്‍ പോയതേയില്ല. പലരും ചെല്ലുമ്പോള്‍ ഇവരില്‍ ചിലരൊക്കെ എന്നെ അന്വേഷിച്ചിരുന്നു എന്നും അറിഞ്ഞു. എന്നാല്‍ അക്കാലത്ത് ആഗ്രഹിച്ചതു പോലെ എന്തെങ്കിലും ഒന്നാകാതെ ഇവരെയൊക്കെ സമീപിക്കാന്‍ നല്ല ജാള്യതയായിരുന്നു...

ഈ പഴങ്കഥയൊക്കെ ഇപ്പോള്‍ എന്തിനാണ് പറഞ്ഞതെന്ന് ചോദിച്ചാല്‍... ഇന്ന് രണ്ട് കോപ്പി 'പന്നിവേട്ട' ഓണ്‍ലൈനായി puzha.com വഴി ശ്രീവ്യാസാ NSS കോളേജിലെ മലയാളം , ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് അയച്ചു കൊടുത്തു. നൂറുകണക്കിന് പിള്ളേര്‍ കയറിയിറങ്ങിപ്പോയ ക്ലാസ് മുറികളില്‍ ഒരു 'ദേവദാസി'നെ ഇവരാരും ഓര്‍ക്കുമെന്ന് കരുതിയിട്ടൊന്നും അല്ല. പക്ഷേ ഇനി എന്നെങ്കിലും മുന്നില്‍ ചെന്നു നില്‍ക്കാന്‍ , ഒന്ന് പുഞ്ചിരിക്കാന്‍ ഉള്ള ഒരു ധൈര്യത്തിന്. നിങ്ങളു പറഞ്ഞതും, പഠിപ്പിച്ചതും ഒന്നും ഞാന്‍ വെറുതെയാക്കിയില്ല എന്ന് ബോധ്യപ്പെടുത്താന്‍, പിന്നെ ഇത്രയും കാലം ലജ്ജയോടെ അകന്നു നിന്നതിന്റെ വിഷമം ഇല്ലാതാക്കാന്‍...

Tuesday, April 26, 2011

ഒരു റെയില്‍വേ സ്റ്റേഷന്‍ അനുഭവം

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, ഏപ്രിൽ 23, രാവിലെ പത്തരമണി. ചന്ദ്രിക അവാര്‍ഡ് വാങ്ങാനായി കോഴിക്കോട്ടേയ്‌‌ക്കു പോകുന്നതിനാണ് അവിടെയെത്തിയത്ത്. ഏറനാട് എക്പ്രസ് കാത്ത് ഏകദേശം  നൂറോളം ആളുകള്‍ ആ പ്ലാറ്റ്ഫോമിലുണ്ട്. ഒരു കുപ്പി വെള്ളം  വാങ്ങിയതിനു ശേഷം  പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ ഉദ്ദേശം  35-40 വയസുള്ള ഒരു മനുഷ്യന്‍ പ്ലാറ്റ്‌‌ഫോമില്‍ കിടന്ന് പിടയുന്നു. അടുത്തു ചെന്ന് നോക്കിയപ്പോള്‍ വായില്‍ നിന്ന് നുരയും, പതയും  ഒഴുകുന്നു. അയാള്‍ അപസ്‌‌മാര വിറയലില്‍ ആണ്. കയ്യും, കാലും, തലയും  നിലത്തിട്ട് അടിക്കുന്ന ആളെ നോക്കി നില്‍ക്കുന്നതല്ലാതെ അവിടെ കൂടിനിന്നവരില്‍ ആരും അടുത്തു ചെല്ലുകയോ, സഹായിക്കുകയോ ചെയ്യുന്നില്ല. യാത്രക്കാരായ സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും  ഒക്കെയായി ഒരുപാടു പേരുണ്ട് അവിടെ, അതിനു പുറമേ കച്ചവടക്കാരും  മറ്റും. പക്ഷേ, ഒരാളും അയാളെ ശ്രദ്ധിക്കുന്നില്ല. ഞാനും, ഏതാണ്ട് അതേ‌സമയത്ത് തന്നെ അവിടെവന്നെത്തിയ -കണ്ണൂരിലേയ്‌‌ക്ക് യാത്ര ചെയ്യേണ്ട- ഒരാളും അടുത്തു ചെന്നു. അയാളുടെ കൈയ്യും, കാലും  തറയില്‍ ഇട്ടുരച്ച് മുറിവേല്‍ക്കാതിരിക്കാന്‍ കൂട്ടിപ്പിടിച്ചു. കൂടെ നിന്നവരോട് സഹായത്തിന് കൂടാന്‍ ഞാനും  ആ ചെറുപ്പക്കാരനും വിളിച്ചു പറഞ്ഞിട്ടും ആരും ഇരിക്കുന്നിടത്തു നിന്നോ, നില്‍ക്കുന്നിടത്തു നിന്നോ അനങ്ങിയില്ല.

ഇതിനിടയില്‍ ഏതോ ഒരാള്‍ നിലത്തു വീണു കിടന്ന ഒരു മെറ്റല്‍പേപ്പര്‍ക്ലിപ്പ് കൊണ്ട് വന്നു അതു കൈയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. അതുവരെ അനങ്ങാതെ നിന്നിരുന്ന ഒരു പോര്‍ട്ടര്‍ അപ്പോള്‍ ആരുടെയെങ്കിലും  കൈയ്യില്‍ ചാവിയുണ്ടോ എന്നൊക്കെ അന്വേഷിക്കാന്‍ തുടങ്ങി. അതൊന്നും  വേണ്ടാ, ഉടനേ‌ തന്നെ ചികിത്സാസഹായം  ലഭിക്കാന്‍ സൗകര്യം  ഒരുക്കുന്നതിന് സ്റ്റേഷന്‍ മാസ്റ്ററെ വിവരം  അറിയിച്ചാല്‍ മതിയെന്ന് അവരൊടു പറഞ്ഞു. പോര്‍ട്ടര്‍ പാളം  ക്രോസ് ചെയ്ത് സ്റ്റേഷന്‍മാസ്റ്ററുടെ റൂമിലേയ്ക്കോടി. മറ്റൊരാള്‍ ഓവര്‍ബ്രിഡ്ജിന് മുകളില്‍ നിന്നിരുന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ അടുത്തേയ്‌‌ക്കും. ഇതിനിടെ നിലത്ത് പിടയുന്ന ആള്‍ അവശനായി കഴിഞ്ഞിരുന്നു. അയാളെ ഒന്നു പിടിച്ചുയര്‍ത്തി സിമെന്റു ബെഞ്ചില്‍ കിടത്താന്‍ അവിടെ കൂടി നിന്നവരോട് വീണ്ടും  ഞാനും, ആ കണ്ണൂരുകാരന്‍ ചെറുപ്പക്കാരനും  സഹായം  അന്വേഷിച്ചു. "ആരോ വെള്ളമടിച്ച് കിടന്ന് ബഹളം  കൂട്ടുകയാണെ"ന്നായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ നിലത്തു കിടന്നിരുന്ന ആ മനുഷ്യന്‍ വെള്ളമടിച്ചിട്ടില്ലെന്ന് ഉറപ്പാണ്. മദ്യത്തിന്റെ മണം  അയാളിലുണ്ടായിരുന്നില്ല, മാത്രമല്ല ഒരു അപസ്മാര രോഗിയുടെ ചേഷ്ടകളാണ്‌ അയാള്‍ പ്രകടിപ്പിച്ചിരുന്നത്. "ഇയാളു മദ്യപിച്ചിട്ടൊന്നും  ഇല്ല" എന്നു ഞങ്ങള്‍ പറഞ്ഞിട്ടും അവിടെ കൂടിനിന്നവര്‍ക്ക് ഒരു കുലുക്കവും  ഇല്ല.

ഇതിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ അടുത്തെത്തി. "ഏതോ‌ കുടിയനായിരിക്കും " എന്ന് തന്നെയായിരുന്നു കോണ്‍സ്റ്റബിളിന്റേയും  ആദ്യപ്രതികരണം. (അയാള്‍ ഉടുത്തിരുന്നത് ഒരു പച്ച ലുങ്കിയും, നിറം  മങ്ങിയ ടി-ഷര്‍ട്ടും  ആയിരുന്നത് ആകാം  സംശയത്തിന് കാരണം. 'മാന്യമായ വസ്ത്രമല്ല' എന്ന് പോലീസുകാരന് തോന്നിയിരിക്കണം. അതുകൊണ്ട്  തന്നെയാകാണം  മറ്റു യാത്രകാരും  പ്രതികരിക്കാതിരുന്നത്‌‌)
"എന്ത് അടിസ്ഥാനത്തിലാണ് കുടിച്ചിട്ടാണിതെന്ന് സാറ് പറയുന്നത് ?" എന്ന് കൂടെയുള്ള ചെറുപ്പക്കാരന്‍ കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി.
"ഇനി ഇയാള്‍ മദ്യപിച്ചു എന്ന് തന്നെ കരുതുക. മദ്യപിച്ച ഒരാള്‍ക്ക് പെട്ടെന്ന് അപസ്‌‌മാരമിളകിയാല്‍ അയാളെ സഹായിക്കരുത്, ചികിത്സ കൊടുക്കരുത് എന്ന് നിയമമുണ്ടോ?" എന്ന് ഞാന്‍ പോലീസുകാരനോട് തര്‍ക്കിച്ചു. ഇക്കാര്യത്തില്‍ പോലീസിനൊന്നും  ചെയ്യാനില്ല, റെയില്‍വേയാണ് മുന്‍കൈ എടുക്കേണ്ടത്, സ്റ്റേഷന്‍മാസ്റ്ററെ വിവരം  അറിയിക്കാന്‍ പോലീസുകാരന്റെ മറുപടി. പോര്‍ട്ടര്‍ വിവരം അറിയിച്ചപ്പോള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ സ്റ്റേ.മാസ്റ്റര്‍ പാളത്തിന് അപ്പുറത്തെ പ്ലാറ്റ്‌‌ഫോമില്‍ എളിയില്‍ കൈയ്യും കുത്തി നിന്ന് ഈ തമാശയൊക്കെ ആസ്വദിക്കുകയാണ്. പോലീസുകാരന്‍ കൈകാണിച്ചു വിളിച്ചപ്പോല്‍ സ്റ്റേ.മാസ്റ്റര്‍ മെല്ലെ ഇളകി നടക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ സിമന്റു തറയില്‍ കിടന്ന അയാള്‍ എന്തോ എഴുതാന്‍ വേണ്ടി പേന ചോദിച്ചു. അയാള്‍ക്ക് സംസാരിക്കാവുന്ന അവസ്ഥയായിരുന്നില്ല. വെട്ടിപ്പൊളിയുന്ന തലവേദന ഉണ്ടായിരുന്നതു കൊണ്ടാകണം  അയാള്‍ തലമുടി പിടിച്ച് വലിക്കുകയും, നെറ്റിയില്‍ അമര്‍ത്തുകയും  ചെയ്യുന്നുണ്ടായിരുന്നു. വായില്‍ നിന്ന് നുരയും, പതയും ഒഴുകുന്നത്‌‌ അവസാനിച്ചിരുന്നില്ല. സ്വന്തം  നെഞ്ചത്തു തട്ടിയശേഷം  അയാള്‍ കീറക്കടലാസില്‍  പേനകൊണ്ട് B എന്ന് വികലമായ അക്ഷരത്തില്‍ എഴുതി അപ്പോഴേയ്‌‌ക്കും  ബോധം  മറിഞ്ഞു. പേര് എഴുതാന്‍ ഉള്ള ശ്രമം ആയിരിക്കണം. ഞാനും,  ആ ചെറുപ്പകാരനും കൂടെ അയാളെ പൊക്കിയെടുത്ത് സ്റ്റേഷനു വെളിയില്‍ കൊണ്ടു പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നാല്‍ അത്യാവശ്യം  നല്ല ശരീരഭാരം  ഉള്ള അയാളെയും  പൊക്കിക്കൊണ്ട് ഓവര്‍ബ്രിഡ്ജുകടക്കാനോ, പാളം  മുറിച്ചു കടക്കാനോ ഞങ്ങള്‍ രണ്ടു പേരും മാത്രം വിചാരിച്ചാല്‍ കഴിയുകയില്ലെന്ന് തിരിച്ചറിവുണ്ടായി. അപ്പോഴും  അവിടെ കൂടിനിന്ന യാത്രക്കാരില്‍ ഒരാളുപോലും  അനങ്ങുന്നില്ല.

സ്റ്റേ.മാസ്റ്റര്‍ അടുത്തെത്തി. നടന്ന കാര്യമെല്ലാം  അയാളോട് ഞങ്ങളും , പോലീസുകാരനും  പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍ മറുവശത്തേയ്‌‌ക്ക് കൈ ഉയര്‍ത്തിക്കാണിച്ച് അവിടെ കാക്കിയൂണിഫോമില്‍ നിന്നിരുന്ന ഒരു റെയില്‍വേ ജീവനക്കാരോട് സ്ട്രെച്ചര്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശം  നല്‍കി. ഇത് വിവരം  അറിഞ്ഞ പാടേ ചെയ്യേണ്ടതല്ലേ എന്ന ചോദ്യത്തിന് അവജ്ഞ നിറഞ്ഞ ഒരു ചിരിയായിരുന്നു മറുപടി.  ഞാനും, കൂടെയുള്ള ചെറുപ്പക്കാരനും, പോലീസും  കൂടെ അയാളെ പിടിച്ചിരുത്തി മുഖത്ത് വെള്ളം  തളിച്ചു. അയാള്‍ മെല്ലെ കണ്ണുതുറന്നു. ശേഷം  കഠിനമായ വേദന കടിച്ചമര്‍ത്തുന്ന ഭാവത്തോടെ "You Know...Manappuram financiers.. Mohanlal.. advertisement...My Wife... Deepthi.. Auditor.. please call... we stay lodge.. she went work... come evening...bored..  came station.." എന്നൊക്കെ വികലമായ വ്യാകരണത്തോടെ തപ്പിയും  തടഞ്ഞും  പറഞ്ഞു കിതച്ചു. അയാള്‍ മലയാളി ആയിരുന്നില്ല. എന്നാല്‍ . മണപ്പുറം  ഫിനാന്‍സിയേഴ്സിന്റെ ഓഡിറ്റിംഗിന് വന്നകൂട്ടത്തില്‍ ഉള്ള ആളാണ് ഭാര്യ , അവര്‍ മലയാളിയാണ്. ഇവരുടേ വീട് കുറേ അകലെയാണ്‌. ഇയാള്‍ ഭാര്യയ്ക്ക് കൂട്ടുവന്നതാണ്. റെയില്‍വേ സ്റ്റേഷനടുത്ത ലോ‌‌ഡ്ജിലാണ് മുറിയെടുത്തിരുന്നത്. ഭാര്യ ജോലി‍യ്‍ക്കു പോയപ്പോള്‍ മുറിയിലെ ഒറ്റയ്ക്കിരിക്കും, മടുപ്പുംതാങ്ങാന്‍ വയ്യാതെ, മലയാളം  അറിയാത്തതിനാല്‍ ആളുകളോട് സംസാരിക്കാനാകാത്തതിനാല്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ നേരമ്പോക്കിന്‌ വന്നിരുന്നതാണ്. അതിനിടെ പെട്ടെന്ന് അപസ്മാരം  ഇളകി. ലോഡ്‌‌ജ് മുറിയില്‍ ഉടുത്തിരുന്ന ലുങ്കിയും, ടി-ഷര്‍ട്ടും  ആണ് വേഷം  എന്നതുകൊണ്ട് അയാളുടെ 'മാന്യത'യില്‍ സംശയം  തോന്നിയ എല്ലാവരും  കൂടെ അയാളെ കുടിയനാക്കി അവഗണിച്ചു.(ഇനി മദ്യപിച്ച ആളു തന്നെയെന്ന് കരുതുക, ഒരു മനുഷ്യജീവിയെന്ന പരിഗണന ഇല്ലേ?)

കാക്കി യൂണിഫോമിട്ട റെയില്‍വേ ജീവനക്കാരന്‍ സ്ട്രെച്ചര്‍ കൊണ്ടു വന്നു. ഞങ്ങളെല്ലാം  കൂടെ അയാളെ അതില്‍ കിടത്തി. ജീവനക്കാര്‍ അയാളെ സ്റ്റേഷനു വെളിയിലേ‌‌ക്കു കൊണ്ട് പോകുന്നതിനിടെ ഏറനാട് എക്പ്രസിന്റെ വരവറിയിച്ച് അറിയിപ്പ് മുഴങ്ങുകയും  , വണ്ടി പ്ലാറ്റ്‌‌ഫോമിലെത്തുകയും  ചെയ്തു. കൈയ്യില്‍ പറ്റിപ്പിടിച്ചിരുന്ന നുരയും  പതയും  തൊട്ടടുത്തുള്ള പൈപ്പില്‍ തിടുക്കത്തില്‍ കഴുകിക്കളഞ്ഞ് ഞാനും, കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനും  സീറ്റു പിടിക്കാന്‍ വേണ്ടി ഓടി മറഞ്ഞു. പരസ്പരം  പേരു ചോദിക്കാന്‍ പോലും  ആ തിരക്കിനിടയില്‍ കഴിഞ്ഞില്ല. എന്തായാലും  അവിടെ കൂടിനിന്ന നൂറോളം  ആളുകള്‍ക്കിടയില്‍ നിന്ന് സഹായത്തിനു കൂടിയ അയാളോടും, മറ്റുചിലരോടും മനസുകൊണ്ട് നന്ദി പറയുന്നു. ബാക്കി അവിടെ കൂടിനിന്നവരോട് സഹതാപം  പോലും  തോന്നുന്നില്ല. എന്നെങ്കിലുമൊരിക്കല്‍ അവരിലാരെങ്കിലും ഭാഷയും, നാടും  പരിചയമില്ലാത്ത ഒരിടത്തു വീണു കിടന്ന് ഒരിറ്റു വെള്ളത്തിനായി അപേക്ഷിക്കുന്ന അവസ്ഥ വരുമ്പോള്‍, ഒരു നിമിഷമെങ്കിലും  ആ മനസ്സ് ഈ റെയില്‍‍വേ സ്റ്റേഷനിലെത്തണം. എന്നാലേ പഠിയ്ക്കൂ :((

Saturday, October 23, 2010

An അയ്യപ്പന്‍ : കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്നൊരു സ്വരാക്ഷരം

'A അയ്യപ്പന്‍ അല്ല... An അയ്യപ്പന്‍' എന്നതൊരു ഒരു തിരുത്താണ്.  കാരണം  മണ്ണില്‍ മലര്‍ന്നു കിടന്ന് മേല്‍ക്കൂര നോക്കുന്ന വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ അയാളുണ്ടാകില്ല, മറിച്ച് 'തള്ള പറഞ്ഞാല്‍ കേള്‍ക്കാ തലതെറിച്ച പിള്ള' വവ്വാലായി മറുജന്മമെടുത്തവയുടെ കൂട്ടത്തില്‍ ഏതെങ്കിലും  അരയാല്‍ കൊകൊമ്പില്‍ കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്നൊരു ഒരു സ്വരാക്ഷരം  പോലെയേ അയ്യപ്പനെ കാണാനൊക്കൂ. മയക്കുബാക്കിയിലെങ്ങാനും കൊമ്പിലെ അള്ളിപ്പിടുത്തം വിട്ട് നിലത്തു വീണാല്‍ ചില്ലുടയും  പോലെ ലഘുവാകും, വേണമെങ്കില്‍  മാത്രം പാടി നീട്ടി ഗുരുവാക്കാം...

'ഇത്തവണ ശരിക്കും  മരിച്ചോ?'
അയ്യപ്പന്‍ മരിച്ചെന്ന വാര്‍ത്ത sms ആയി ലഭിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു സുഹൃത്തിന് മറുപടി അയച്ചത്. കാരണം  അയ്യപ്പന്റെ മരണ വാര്‍ത്ത ഇതിനകം രണ്ടുമൂന്നു തവണയെങ്കിലും  നമ്മളെല്ലാം  കേട്ടതാണല്ലോ. കാലിക്കറ്റ് യൂണി‌‌വേഴ്സിറ്റിയുടെ ഏതോ പഠനക്കുറിപ്പില്‍ '...പാതയോരത്ത് അനാഥനായി കിടന്നു മരിച്ചു' എന്ന മട്ടില്‍ അച്ചടിച്ചു വന്നതുമാണ്. അക്കാഡമിസ്റ്റുകളോട് കലഹിക്കേണ്ട എന്ന് കരുതിയാകും അയ്യപ്പന്‍ സ്വന്തം  മരണം പോലും അതിനനുസാരിയായി ചിട്ടപ്പെടുത്തിയത്. പി കുഞ്ഞിരാമന്‍ നായരേക്കാളും  കൂടുതല്‍ ബിംബങ്ങള്‍ മലയാളത്തില്‍ താനുണ്ടാക്കിയിട്ടുണ്ടെന്ന് -പാതി കളിയായും, പാതി കാര്യമായും- അഹങ്കരിക്കുന്ന അയ്യപ്പന് അത്രയെങ്കിലും  ചെയ്യേണ്ടതുണ്ട്. കാരണം  എഴുതിയ വരികളിലെ ബിംബങ്ങളും, രൂപകങ്ങളുമെല്ലാം  ജീവിതത്തില്‍ സ്വയം  ഏറ്റെടുക്കുന്ന പതിവാണല്ലോ കൂടുതല്‍ കണ്ടിട്ടുള്ളത്. വെറുതേയല്ലല്ലോ മാളമില്ലാത്തെ പാമ്പെന്നും, സമയം തെറ്റിയോടുന്ന സെക്കന്റ് സൂചിയെന്നും, കരളു മുറിച്ചു കൊടുത്ത വാന്‍ഗോക്കെന്നും  ഒക്കെ അമിതകാല്‍പ്പനികതയുടെ ഉമിനീര്‍ നനവോടെ മലയാളി അയ്യപ്പനെ സ്നേഹിച്ചു വിളിച്ചത്.

‘അമ്പതു രൂപ പോക്കായി’ എന്നും  പറഞ്ഞ് സ്വന്തം  പോക്കറ്റു പൊത്തിപ്പിടിക്കുന്ന ഒരു കാലത്താണ് തെരുവലയലുകലുടെ പതിവു ഒറ്റയാന്‍ നടത്തങ്ങള്‍ക്കിടെ തൃശൂരില്‍ വെച്ച്‌‌  ആദ്യമായി അയ്യപ്പനെ കാണുന്നത്.  ലോകത്തിന്റെ ഏതു തെരുവിലും  വെച്ച് നമുക്കു കണ്ടുമുട്ടാവുന്ന ഒരു കുറിയ പരിചിതരൂപത്തെ ഒരിക്കലെങ്കിലും  പരിചയപ്പെട്ട എല്ലാ‌‌വര്‍ക്കും  പറയാനുള്ളതു തന്നെ. മദ്യത്തിന്റെ മണം, കാശിനായുള്ള സ്നേഹ നിര്‍ബന്ധം, വിളറിയ ചിരി, കുഴഞ്ഞു ചിതറിയതെങ്കിലും തീയുള്ള വരികള്‍, ഇടയ്‌‌ക്കിടെ മുടി കോതലുകള്‍, കൂവലുകള്‍, തോള്‍ സ്പര്‍ശനങ്ങള്‍... പിന്നീട് കണ്ടുമുട്ടാറുള്ള എല്ലാ അവസരങ്ങളിലും അതിന്റെയൊക്കെ തന്നെ ആവര്‍ത്തനങ്ങള്‍. കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റ്റിനിടയിലാണ് അവസാനമായി അയ്യപ്പനെ കണ്ടത്.  പി.ടി. കുഞ്ഞുമുഹമ്മദിനെ 'പിടി കൂടിയ' അവസ്ഥയിലായിരുന്നു അപ്പോള്‍. സിനിമ കഴിഞ്ഞിറങ്ങി വരുന്ന തിരക്കിനിടയില്‍ ഒരു നോട്ടം, ഒരൊഴിഞ്ഞുമാറല്‍... അത്ര മാത്രം.

ജോണിനോടും, സുരാസുവിനോടും ഒക്കെ താരതമ്യപ്പെടുത്തിയുള്ള അരാജക ജീവിത കെട്ടുകാഴ്ചയുടെ ആഘോഷങ്ങള്‍ക്കപ്പുറത്ത് അയ്യപ്പന്റെ കവിതകളെ ഇനിയെങ്കിലും ശ്രദ്ധയോടെ വായിച്ചു തുടങ്ങേണ്ടതുണ്ട്. സൂക്ഷ്മതലത്തില്‍ സമീപിച്ചാല്‍ പിയേക്കാള്‍ കൂടുതല്‍ ബിംബങ്ങള്‍ സൃഷ്ടിച്ച, കടമ്മനിട്ടയേക്കാള്‍ കൂടുതല്‍ ദ്രാവിഡത്വം വിളംബരം ചെയ്‌‌ത, അയ്യപ്പപ്പണിക്കരേക്കാള്‍ കൂടുതല്‍ ദാര്‍ശനികത്വം എഴുതിയ, മധുസൂദനന്‍ നായരേക്കാള്‍ ജനപ്രിയനായ, സച്ചിദാനന്ദനേക്കാള്‍  കൂടുതല്‍ സ്വയം  നവീകരിക്കുന്ന ഒരു കവിയുടെ തീയുള്ള കവിതകള്‍ ചിലപ്പോള്‍ കണ്ടെത്താനായേക്കും..

* ബൂലോകകവിതയ്‌‌ക്കായി എഴുതിയ കുറിപ്പ് 

Thursday, July 29, 2010

എങ്ങനെ കഴിയുന്നെടാ...?


ഇടതുവശത്ത് ഡെന്‍‌സന്‍, ബോധമില്ലാതെ നിലത്തിരിക്കുന്നത് വികാസ് (ഗുട്ടു), വലതുവശത്ത് ഞാന്‍ (അതേ ഞാന്‍ തന്നെ സം‌ശയം വേണ്ട)

1996 - പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ തുടങ്ങിയിട്ട് 2,3 മാസമേ ആയുള്ളൂ എന്ന് തോന്നുന്നു. ശ്രീവ്യാസാ എന്‍.എസ്.എസ് കോളേജിലേക്കുള്ള മലകയറ്റത്തിനിടെ ഇടത്താവളമായ പെട്ടിക്കട. അതിന്റെ മുന്നിലെ വിശ്രമം. വായ്നോട്ടം... കുലുക്കിക്കുത്ത്, പന്നിമലത്ത്, നാടകുത്ത്... വെയ്‌രാജാവെയ്... സകല അഭ്യാസങ്ങളും...

*ഡെന്‍സനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ആറുവര്‍ഷം മുന്നെ ഒരു തിരുവോണത്തിന്റെ അന്ന് കൂട്ടുകാരോടൊത്ത് യാത്ര പോയതാണവന്‍. വാടാനപ്പിള്ളി ബീച്ചിലെ വേലിയേറ്റം ചതിച്ചു. ശ്വാസകോശത്തില്‍ പൂഴിമണല്‍ കയറിയതായിരുന്നു മരണകാരണം. ഓണത്തിന് പിറ്റേന്ന് , പോസ്റ്റുമോര്‍‌ട്ടം കഴിഞ്ഞ അവസ്ഥയില്‍ ആണ് കണ്ടത്.വീടിന്റെ നടുത്തളത്തില്‍ അവന്‍ നീലച്ച് കിടപ്പുണ്ടായിരുന്നു. വെള്ളധരിച്ച് , ഷൂവൊക്കെ ഇട്ട്, പൌഡറിന്റെ മണത്തോടെ... തീരൂര്‍ പള്ളിശ്മശാനത്തില്‍ ആയിരുന്നു അടക്കം ചെയ്തത്. ഇപ്പോഴും വടക്കാഞ്ചേരിയില്‍ നിന്ന് തൃശൂര്‍‌ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ തിരൂര്‍ പള്ളികാണുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കും, നെടുവീര്‍പ്പിടും...സിഗററ്റു വലിക്കാതെ, കള്ളുകുടിക്കാതെ, ആരോടും മിണ്ടാതെ, ഇടതുകൈകൊണ്ട് ബോള്‍ ചെയ്യാതെ... എങ്ങനെ നിനക്ക് ആ കുഴിയില്‍ ഇത്രകാലം കിടക്കാന്‍ പറ്റുമെടാ @$%^@$%$@ ? .. എന്ന് സ്നേഹത്തോടെ തെറിവിളിക്കും :(((


*ചേർ‌ത്തു വായിക്കാവുന്ന മറ്റൊന്ന്
 

(c)2009 Devadas V.M [ vm.devadas@gmail.com ]