മുമ്പൊരിക്കൽ ഒരു പാടു കാലം താമസിച്ച ശേഷം ഉപേക്ഷിച്ച മുറിയോ വീടോ ഉള്ള തെരുവിലൂടെ പിന്നീട് സഞ്ചരിച്ചിട്ടുണ്ടോ? അവിടേയ്ക്ക് ഒന്നെത്തിയോ കയറിയോ നോക്കാൻ തോന്നാറില്ലേ? ആരായിരിക്കും ഇപ്പോൾ താമസക്കാർ? അതോ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുകയായിരിക്കുമോ? പുതിയ താമസക്കാർ അവിടം നല്ല വെടിപ്പായി സൂക്ഷിക്കുന്നുണ്ടാകുമോ? അതോ പഴയതിലും വൃത്തികേടായിരിക്കുമോ? കരകരാ കരയുന്ന ഫാൻ , അങ്ങിങ്ങ് പെയിന്റിളകിയ ജന്നൽക്കമ്പികൾ, മങ്ങിയ ടൈലുകളുള്ള കുളിമുറി, മഴക്കാലത്ത് ചെറുതായി ഷോക്കടിക്കുന്ന ഒരു സ്വിച്ച്, ചാരിയിരുന്നുണ്ടായ മുഷിപ്പൻ ചുമർ ചിത്രങ്ങൾ, പുകയില മണം... അതൊക്കെ അങ്ങനെ തന്നെയുണ്ടാകുമോ? പുതിയ താമസക്കാർ പുത്തൻ പെയിന്റടിച്ചിരിക്കുമോ? മുമ്പ് പുസ്തകങ്ങൾ അടുക്കി വച്ചിരുന്നിടത്ത് അവരെന്തായിരിക്കും സൂക്ഷിക്കുക? തുണി, കളിപ്പാട്ടം, പലചരക്ക്... അതോ പുസ്തകങ്ങൾ തന്നെയോ? അവിടെ കുട്ടികളുണ്ടാകുമോ? അവർ ചായപ്പെൻസിൽ കൊണ്ട് അട്ടിമറികൾ നടത്തിയിരിക്കുമോ? ഇത്തരം ആശങ്കകളും ആകുലതകളും മറി കടന്നുകൊണ്ട് അവിടേയ്ക്കൊന്നു കയറി നോക്കാനുള്ള ത്വരയെ അവഗണിച്ചോ അതിജീവിച്ചോ നിങ്ങൾ പുത്തൻ മുറിയിൽ/വീട്ടിൽഎത്തിയെന്നു തന്നെ കരുതുക. നീക്കിയിരിപ്പെന്തായിരിക്കും? അടുക്കളയിലെന്തോ പുകയുന്നില്ലേ? മസാലക്കൂട്ടിന്റെ മണം മൂക്കു തുളച്ചു കയറി തുമ്മിക്കുന്നില്ലേ? ഇല്ലെങ്കിൽ ശൂന്യത മണക്കുന്നില്ലേ? അത് ശ്വാസം മുട്ടിക്കുന്നില്ലേ? എന്താണ് തലയിളക്കലിന്റെ അർത്ഥം/ ഉവ്വെന്നോ ഇല്ലെന്നോ? ഒന്നു തെളിയിച്ചു പറയിൻ.
3 comments:
വളരെ സത്യം തന്നെ.....
വളരെ ശരിയാണ്.
മുന്‍പ് താമസിച്ചിരുന്ന വീടുകളുടെ അടുത്തു കൂടെ പോകുമ്പോഴും അതിനടുത്ത സ്ഥലങ്ങളിലും മറ്റും ചുറ്റുമ്പോഴും എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു തോന്നലുണ്ടാകാറുണ്ട്.
ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍ !
മുമ്പു താമസിച്ച വീടുകളുടെ അടുത്തു കൂടെ പോകുമ്പോള്‍ വല്ലാത്ത ഒരു ആകര്‍ഷണം തോന്നാറുണ്ട്. നമ്മുടെ ഇന്നലെകളുടെ ആത്മാവുകള്‍ ആ ചുമരുകളുടെ മണത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ളതു പോലെ.
Post a Comment