Sunday, December 9, 2012

മഹായാനം വെടിഞ്ഞ് പൈയ്യുടെ ‌ഹീനയാനം.

(c) ndtv.com

2001ൽ യാൻ ‌മാർട്ടലിന് ബുക്കർ പുരസ്ക്കാരം ലഭിച്ച Life of Pi എന്ന നോവൽ ഞാൻ ‌വായിക്കുന്നത് മൂന്നോ നാലോ വർഷം മുന്നെയാണ്. ‌വായിച്ച നോവലുകൾ സിനിമയായി കാണുമ്പോൾ സാധാരണ ഗതിയിൽ ഉണ്ടാകാറുള്ള ‌പ്രശ്നങ്ങളെ ‌മുൻവിധിയായി വച്ചുകൊണ്ടായിരുന്നു ആങ്ങ്‌ ലീ  ഒരുക്കിയ ചലച്ചിത്രഭാഷ്യം കാണാൻ ‌ചെന്നത്. എന്നാൽ ആങ്ങ് ‌ലീ നിരാശപ്പെടുത്തിയില്ല. നോവലിനോട് മുക്കാലേ മുഴുവനും ചേർന്നു പോകുന്നൊരു ദൃശ്യാവിഷ്ക്കാരമാണ് നടത്തിയിരിക്കുന്നതെന്നാണ് കാഴ്ചാനുഭവം. ‌കഥ പറച്ചിലിന്റെ ശൈലിയിൽ തന്നെ ആഖ്യാനം നടത്തുന്ന ഈ സിനിമയെക്കുറിച്ച് പറയുന്നതെല്ലാം വാസ്തവത്തിൽ ആ നോവലിനെക്കുറിച്ചുമാണ്. പൈയ്യുടെ ജീവിത കഥ ഒറ്റവരിയിൽ പറഞ്ഞാൽ അത് ഒരു Self Help + Existential ഫിലോസഫിയിൽ‌ ഒട്ടും കൂടുതലോ, കുറവോ ആകില്ല.‌ എന്നാൽ അതേ ജനുസിൽ പെടുന്ന ആൽക്കെമിസ്റ്റ്, ദി മങ്ക് ‌ഹൂ ‌സോൾഡ് ‌ഹിസ് ഫെരാരി, കൈറ്റ് റണ്ണർ തുടങ്ങിയ ഒരുപാട്  അതിജീവന കഥകളിൽ നിന്ന് അതിനെ വ്യത്യസ്ഥമാക്കുന്നത് കഥനശൈലിയും, ഭിന്നവ്യാഖ്യാന സാധ്യതകളുമാണ്. അതുകൊണ്ട് തന്നെയാണ് ലൈഫ് ഓഫ് ‌പൈ എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു പോപ്പുലാർ നോവൽ അല്ലാതായിത്തീരുന്നത്; സിനിമയും. തീർച്ചയായും ‌ഭാവുകത്വത്തിൽ ‌ലൈഫ് ഓഫ് പൈ പട്ടേൽ  ഇതുവരെ ‌വായിക്കാത്തതോ കാഴ്ചവയ്ക്കാത്തതോ ആയ ഒരിടത്തെയൊന്നുമല്ല അവതരിപ്പിക്കുന്നത്. ജംഗിൾ ബുക്ക്, ഈച്ചകളുടെ തമ്പുരാൻ, റോബിൻസൺ ക്രൂസോ, ഗ്രേവ്‌യാർഡ്‌ ബുക്ക്, ഓൾഡ്‌മാൻ&സീ, ലോസ്റ്റ്, മൊബിഡിക് തുടങ്ങി  ഒരുപാട് മുൻകാല  സങ്കേതങ്ങൾ ഉപയോഗിച്ചു  തന്നെയാണ് പൈയ്യുടെ കഥ പറയുന്നത്. പക്ഷേ അതിനെയെല്ലാം ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി കഥ പറച്ചിലിനെ, അതിന്റെ കാഴ്ചയെ മറ്റൊരു മാനത്തിലേയ്ക്ക് ഉയർത്താനായി എന്നിടത്താണ് പൈ പട്ടേലിന്റെ കഥയെ ജനകീയ വായനയിലും, പുരസ്ക്കാരത്തിലും ഒരുപോലെ മികച്ചതാക്കുന്നത്.

നാസ്തികനായ അച്ഛന്റേയും വിശ്വാസിയായ അമ്മയുടേയും ഇളയ മകനായ പട്ടേൽ ‌തനിക്കിഷ്ടമില്ലാത്ത പേരിനു പകരം മറ്റൊന്ന് കണ്ടെത്തുന്നതു മുതലിങ്ങോട്ട് ‌ബാല്യം മുതലേ അവനവനൻ കടമ്പകൾ ചാടി മുന്നേറുന്നവനാണ്. ‌ജന്മനാ ഹിന്ദു മതവും, അമ്മയിൽ നിന്ന് ഹൈന്ദവ വിശ്വാസവും സ്വീകരിക്കുന്ന പൈ തുടർന്നങ്ങോട്ട് പല മതങ്ങളെ സ്വീകരിച്ചും പരീക്ഷിച്ചും മുന്നേറുകയാണ്. വിഷ്ണുവിന്റേയും വിഘ്നേശ്വരന്റേയും പുരാണങ്ങളിൽ നിന്ന്  ദൈവ പുത്രന്റെ കരുണയിലൂടെ ക്രൈസ്തവ മതവും, ‌നിരാകാരനായ അല്ലാഹുവിനെ നമസ്ക്കരിച്ച് ഇസ്ലാം മതവും പരീക്ഷിക്കുന്ന പൈയുടെ കൗമാരകാല ദൈവ-മത-ജീവിത-സന്നിഗ്ദതയാണ് നോവലിലും, സിനിമയിലും ഇതിവൃത്തമാക്കുന്നത്. ‌പോണ്ടിച്ചേരിയിൽ നിന്ന് കാനഡയിലേയ്ക്കുള്ള പറിച്ചു നടലിന്റെ ഭാഗമായി  നോഹയുടെ പെട്ടകത്തെ അനുസ്മരിപ്പിക്കുന്ന സന്നാഹത്തോടെ ഒരു വലിയ കപ്പലിൽ യാത്ര തിരിക്കുന്ന ‌പൈ ബുദ്ധമതത്തെ  പരിചയപ്പെടുന്നത് കപ്പലിലെ ഒരു യാത്രക്കാരനിലൂടെയാണ്. യാത്രാമദ്ധ്യേ മോശം കാലാവസ്ഥയിൽ കപ്പൽ തകരുന്നു. പട്ടേലാകട്ടേ ഒരു ലൈഫ് ബോട്ടിൽ വരയൻകുതിര, കുരങ്ങ്, കഴുതപ്പുലി, കടുവ എന്നിവരുമൊത്ത് യാത്ര തുടങ്ങുന്നു. അതിജീവനത്തിനായി ‌മൃഗചോദനകൾ ശക്തമാകുന്നതോടെ ‌പ്രകൃതിയും ‌പോരാട്ടവുമായി ‌പൈയ്യുടെ കൊച്ചുവള്ളം യാത്രയാകുന്നു.  കുറുക്കൻ, കോഴി, ധാന്യവിത്ത്, മനുഷ്യൻ, തോണി എന്നിവർ 'നദിയുടെ അക്കരെ കടത്തൽ' എന്ന കൗശലപ്രശ്നത്തിൽ അകപ്പെടുന്നതുപോലുള്ളൊരു സാഹചര്യത്തിൽ ദൈവം, വിശ്വാസം, ഭൂതദയ, പ്രകൃതി, ഭക്ഷണം, സഹവാസം എന്നിവയെക്കുറിച്ചുള്ള പൈയ്യുടെ ധാരണകൾ തിരുത്തപ്പെടുന്നു. വിശ്വാസത്തിന്റെ മഹായാനം തകർന്നെങ്കിലും പൈ തന്റെ ഹീനയാന യാത്രയെ ഒരു തീരത്തടുപ്പിക്കുന്നതോടെ ജീവിതത്തെ, മൃഗചോദനകളെ, പ്രകൃതിയെ, ബന്ധങ്ങളെ എല്ലാം ഒരേ സമയം അതിവികാരപരമായും അതേ സമയം നിർവ്വികാരമായും കാണുന്ന ‌സങ്കൽപ്പത്തിലേയ്ക്ക് ‌രൂപാന്തരം പ്രാപിക്കുന്നു. താൻ പല മതങ്ങൾ സ്വീകരിച്ചതു പോലെ തന്നെ ‌തന്റെ അതിജീവനത്തിന്റെ കഥയ്ക്കും പൈ ഭിന്ന ഭാഷ്യങ്ങൾ ചമയ്ക്കുന്നു. ഒടുക്കം തന്റെ വിശ്വാസത്തിനും, ദർശനത്തിനും നന്ദി പറയുന്നത് നാസ്തികനായ അച്ഛനോടാണ്.

നോവലിൽ നിന്ന് ‌സിനിമയിലേക്കുള്ള ആഖ്യാനാന്തരത്തെ ‌മനോഹരമായ രീതിയിൽ രേഖപ്പെടുത്തുന്നതിൽ ആങ്ങ് ‌ലീ നൂറു ശതമാനവും വിജയമാണെന്നാണ് വൈയക്തികമായ വിലയിരുത്തൽ. കഥാപാത്രങ്ങൾ, സാഹചര്യങ്ങൾ, അവസ്ഥകൾ, നിറങ്ങൾ, ഘടന എന്നിവയുടെ തിരഞ്ഞെടുപ്പിൽ പുലർത്തിയിരിക്കുന്ന ശ്രദ്ധയാണ് അതിനു കാരണമെന്നത് പ്രത്യക്ഷത്തിൽ തന്നെ അനുഭവിക്കാനാകും. ദൈവാന്വേഷണത്തിന്റേയും ദൈവനിരാസത്തിന്റേയും മാനങ്ങൾക്കപ്പുറത്തേയ്ക്ക് ‌പൈയ്യുടെ ജീവിതകഥയെ വ്യാപിപ്പിക്കാനാകുന്നത് ‌യാൻ മാർട്ടലിന്റേയും, ആങ്ങ്‌ ലീയുടെയും മികവുകൊണ്ട് മാത്രമാണ്. അതേ സമയം ത്രീഡി ആവിഷ്ക്കാരംകൊണ്ട് ഈ ചിത്രത്തിന് പ്രത്യേകിച്ചൊരു ‌ഗുണമുണ്ടോ എന്ന് സംശയമുണ്ട് താനും.  ‌

3 comments:

എതിരന്‍ കതിരവന്‍ said...

അവസാനം “എന്റെ കഥ കേട്ടാൽ നിങ്ങളും ദൈവത്തിൽ വിശ്വസിക്കും” എന്ന് പൈ പറയുന്നത് ഏതു ദൈവത്തിലാണെന്ന് തെളിയ്ക്കുന്നില്ല എന്നതു തന്നെ രസകരം.പരിണാമ്ത്തേയും ഉപോദ്ബലമായ ചോദനകളേയും പരിപാലിയ്ക്കുന്ന ദൈവത്തേയോ?Intelligent design ചെയ്തു വയ്ക്കുന്ന ദൈവത്തേയോ? തന്റെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയ, തന്നെ അശരണനാക്കിയ ദൈവത്തെപ്പറ്റി പൈയ്ക്ക് എന്തു പറയാൻ കാണും? ‘വിധി’ എന്നത് വിവക്ഷിയ്ക്കാത്തിടത്തോളം?

(ഒരു ലോങ് ഷോടിൽ അവ്സാനം വരുന്ന പൈയുടെ ഭാര്യ പ്രസിദ്ധ ഭരതനാട്യം നർത്തകി മൈഥിലി പ്രകാശ് ആണ്. കാലിഫോർണിയയിൽ readily available ആയ ഇൻഡ്യൻ സ്ത്രീ എന്ന നില്യ്ക്ക് അവരെ കൊണ്ടുവന്നതായിരിക്കണം)

Devadas V.M. said...

പൈയുടെ ഭാര്യ പ്രസിദ്ധ ഭരതനാട്യം നര്‍ത്തകി മൈഥിലി പ്രകാശ്
കൗമാരകാല 'ഭരതനാട്യ പ്രേമ'ത്തെ താന്‍‌ ഇപ്പോഴും ഉള്ളാലെ കൊണ്ട് നടക്കുന്നുവെന്ന് പൈയ്യാല്‍ ആങ്ങ്‌ലീ നല്‍കുന്ന സൂചനയാകാനും മതിയില്ലേ അത്. $120 മില്ല്യന്‍ ‌ചിലവിട്ട് 3 വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ ഒരു സിനിമയില്‍ കാലിഫോര്‍ണിയയില്‍ readily available ആയ ഇന്‍ഡ്യന്‍ സ്ത്രീ എന്ന നില്യ്ക്ക് മൈഥിലി പ്രകാശിനെ കൊണ്ട് വരുമോ എന്നത് സംശയമാണ്.

Devadas V.M. said...

pantheistic benevolence എന്ന സങ്കൽപ്പത്തിലാണ് ‌യുവാവായ പൈ ‌വിശ്വസിക്കുന്നതെന്നാണ് തോന്നിയത്. അതും ബുദ്ധ സങ്കൽപ്പങ്ങളോടടുക്കുന്ന ഹീനയാനം.

 

(c)2009 Devadas V.M [ vm.devadas@gmail.com ]