Tuesday, October 30, 2012

കടലുറക്കം

1)
കപ്പല്‍ച്ഛേദിയായ ക‌‌ടലിളക്കമോ
കപ്പിത്താനെ ചതിക്കുന്ന കൊടുങ്കാറ്റോ
കണ്ണൊന്നില്ലാത്ത കൊള്ളക്കാരനോ
അങ്ങനെയൊന്നും വേണമെന്നില്ല
അവസാനത്തെ ‌‌ആശയില്‍ പോലും
തിരകളോ തീരങ്ങളോ നിഷേധിക്കപ്പെട്ട
കിഴവന്‍ നാവികനു വേണ്ടത്
തളര്‍ന്നു കിടന്നുറങ്ങാനായി
ഒരു തുടം ഛര്‍ദ്ദിലിന്റെ
കല്‍ച്ചൊരുക്കു മാത്രം.
2)
കവര്‍ച്ചക്കപ്പല്‍ മാത്രം കൈമുതലായവള്‍
കടല്‍കാക്കകളുടെ കരച്ചിനോളം  കരകരപ്പില്‍
ജീവനേ,
ജീവനേ,
മരണമേ
എന്ന ഹൈകു തെറ്റിച്ചു പാടിക്കൊണ്ട്
മൂന്നാമത്തെ വരിയില്‍ ‌‌ഉറക്കം തൂങ്ങുന്നതു കണ്ട്
ചിരിയടക്കാനാകാത്ത കൊടിയടയാളത്തിലെ
തലയോട്ടി നെറ്റിയ്ക്കു നടുവിലായി
ഒരു വെടിയുണ്ട പതിയുന്നതോടെ
കവര്‍ച്ചക്കപ്പല്‍ മാത്രം കൈമുതലായവള്‍
കടല്‍പ്പായലുകളുടെ വഴുവഴുപ്പുള്ള ‌‌അരക്കെട്ടില്‍ ‌‌
അവസാനത്തെ ആയുധം പരതുന്നു.
3)
കാറ്റിന് കച്ചവടമെന്നും
ചക്രവാളത്തിന് അപകടമെന്നും
നങ്കൂരത്തിന് ഭ്രാന്തെന്നും
തിമിംഗിലത്തിന് നഖമെന്നുമൊക്കെ
അര്‍ത്ഥമുള്ള വിധം
അത്രമേല്‍ അന്യമായൊരു
വന്‍കരയിലേക്ക്
ദിക്കറിയാ നാവികനെത്തുന്നതോടെ
ഉറക്കത്തിന് ഉപ്പെന്നും, ഉമിനീരെന്നും
ദ്വയാര്‍ത്ഥമുണ്ടാകുന്നു.
4)
സാഹസം മാത്രമല്ല കാര്യമെന്നും
സഹനവും  കടലിന്റെ ശീലമെന്നും
തിരിച്ചറിയുന്ന യാത്രയില്‍
കത്തിയാല്‍ നെടും കയററുത്ത
കപ്പിത്താന്റെ നിഷേധിയായ മകന്
കപ്പല്‍ പായ‌‌യില്‍ കടലുറക്കം.

5 comments:

ഇട്ടിമാളു അഗ്നിമിത്ര said...

സാഹസം മാത്രമല്ല കാര്യമെന്നും
സഹനവും കടലിന്റെ ശീലമെന്നും
തിരിച്ചറിയുന്ന യാത്രയില്‍

കല്ല്യാണക്കുറിയില്‍ ഇത്രയും തിരിച്ചറിവ് പ്രതീക്ഷിച്ചില്ല :)

notowords said...

അങ്ങനെ കവിതയിലും ഉറങ്ങി എണീറ്റു:)
കരുണാകരന്‍

ajith said...

ഉറങ്ങട്ടെ

pravaahiny said...

കൊള്ളാം . നല്ല വരികള്‍ . ആശംസകള്‍ @PRAVAAHINY

Mahi said...

mm...

 

(c)2009 Devadas V.M [ vm.devadas@gmail.com ]