Thursday, October 25, 2012

ബാബേൽIf it had been possible to build the Tower of Babel without climbing it,
it would have been permitted.
- Franz Kafka

"പോളിയച്ചോ, എത്ര തിരക്കുണ്ടെങ്കിലും പെട്ടന്നു തന്നെ മിഷനാശുപത്രി വരെയൊന്ന് വരണം. പണിക്കാരിലൊരാൾക്ക് ഹാർട്ടറ്റാക്കാണ്. ഓഫീസിൽ നല്ല അലമ്പുണ്ടാക്കിയിട്ടാണ് ഞാനിങ്ങോട്ട് കൊണ്ടു വന്നത്. ഇവിടെ കുറച്ച് നൂലാമാലകളും പിന്നെ കാശിന്റെ ചില പ്രശ്നങ്ങളുമുണ്ട്. കാഷ്വാലിറ്റീടെ മുന്നിലെത്തിയിട്ട് എന്നെ വിളിച്ചാൽ മതി"
മറുത്തൊന്നും പറയാൻ അനുവദിക്കാതെ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞുകൊണ്ട് ഗൗരീദാസ് ഫോൺ കട്ടു ചെയ്തു. വെപ്രാളപ്പെട്ടുള്ള കോൾ തീർന്നതിന്റെ വിവരങ്ങൾ മൊബൈലിൽ തെല്ലിട തിളങ്ങി മാഞ്ഞപ്പോഴാണ് കാലത്തെ കുളി കഴിഞ്ഞു മുറിയിൽ മടങ്ങിയെത്തുന്നതിനിടയിൽ അയാളുടെ തന്നെ മൂന്ന് മിസ്ഡ് കോളുകളും, തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെസേജും പോളിയച്ചൻ കാണുന്നത്. എടുത്തപാടേ നേരം വൈകിയെഴുന്നേറ്റതിനെ മനസ്സിൽ പഴിച്ച ശേഷം വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ തയ്യാറായി. തിടുക്കത്തിനിടയിൽ ധരിക്കാൻ മറന്ന കൊന്തയും, ബൈക്കിന്റെ ചാവിയും, അതിരൂപതയുടെ ട്രസ്റ്റ് അക്കൗണ്ടന്റിന്റെ കൈവശം ആഴ്ച തോറും ഏൽപ്പിക്കേണ്ട കണക്കെഴുതിയ കുറിപ്പും മേശപ്പുറത്തു നിന്നെടുത്ത് പോക്കറ്റിലിട്ടു. വാതിൽ തഴുതിട്ട് പുറത്തിറങ്ങുന്നതിനിടയിൽ നനഞ്ഞ മുടി കോതിയൊതുക്കി. നാലഞ്ചു ദിവസമായി അനക്കാതിരുന്നതിനാൽ ബൈക്കു സ്റ്റാർട്ട് ചെയ്യാൻ പല തവണ കിക്കറിൽ കാലമർത്തേണ്ടി വന്നു. എഞ്ചിനിയറിംഗ് കോളേജിന്റെ ക്യാമ്പസു വിട്ട് വണ്ടി മെയിൻ റോഡിലെത്തുമ്പോഴും എന്താണ് ഗൗരീദാസ് പറഞ്ഞ ഓഫീസിലെ അലമ്പും, ആശുപത്രി നൂലാമാലകളുമെന്ന് ആലോചിക്കുകയായിരുന്നു പോളിയച്ചൻ.

അതിരൂപതയുടെ എഞ്ചിനിയറിംഗ് കോളേജിൽ പുതിയതായി നിർമ്മിക്കുന്ന വിശാലമായ ലൈബ്രറി കെട്ടിടത്തിന്റെ പണിക്കിടയിലാണ് ഗൗരി പോളിയച്ചനുമായി പരിചയപ്പെടുന്നത്. എഐസിടിഇ പരിശോധനയ്ക്കു ശേഷമുള്ള അനുശാസന പ്രകാരം ലൈബ്രറിയ്ക്ക് നിലവിലുള്ള സ്ഥലം പരിമിതമാണെന്നു വന്നപ്പോഴാണ് എല്ലാ വിധ സൗകര്യങ്ങളുമുള്ളൊരു പുതിയ ലൈബ്രറി കെട്ടിടം നിർമ്മിക്കിക്കാൻ സഭയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുത്തത്. കൺസ്ട്രക്ഷൻ കമ്പനി ഏർപ്പാടാക്കിയ സൈറ്റ് സൂപ്പർ വൈസറായിരുന്നു ഗൗരി. പണികളുടെ മേൽവിചാരകനായി സഭ ഏർപ്പാടാക്കിയതാണ് പോളിയച്ചനെ. സാധാരണ ഗതിയിൽ ഇരുവരും തമ്മിൽ വാക്കു തർക്കങ്ങളും, വഴക്കുമെല്ലാം ഉണ്ടാകേണ്ടതാണ്. എന്നാൽ പണി തുടങ്ങിയിട്ട് മൂന്നു  മാസത്തോളമായി. ഏതാണ്ടെല്ലാം തീരാറുമായി. പക്ഷേ പരസ്പരമുള്ള ചില സംശയം തീർക്കലുകളല്ലാതെ നാളിതുവരെ കടുപ്പിച്ചൊരു വാക്ക് പറയേണ്ടി വന്നിട്ടില്ല. കൺസ്ട്രക്ഷൻ കമ്പനിയിൽ ഗൗരി താരതമ്യേന ജൂനിയർ ആണ്. ജോലിക്കു കയറിയിട്ട് മൂന്നു വർഷമാകുന്നതേയുള്ളൂ. കോളേജിലെ മറ്റു കെട്ടിടങ്ങൾ അതേ കമ്പനി തന്നെ പണിയുന്ന കാലത്ത് അയാൾ ട്രെയിനിംഗ് പിര്യേഡിലായിരുന്നു. ആയിടയ്ക്ക്  നാലഞ്ചു തവണ സൈറ്റിൽ വന്നിരുന്നെങ്കിലും പോളിയച്ചനെ കണ്ടതായി ഗൗരി ഓർക്കുന്നില്ല. കോളേജു ക്യാമ്പസിൽ നിന്ന് പത്തു പന്ത്രണ്ടു കിലോമീറ്റർ അകലെ നഗരമധ്യത്തിലായി പണിതുകൊണ്ടിരിക്കുന്ന ഷോപ്പിംഗ് മാളിന്റെ മേൽനോട്ടക്കൂട്ടത്തിലായിരിക്കുമ്പോഴാണ് ഗൗരിയ്ക്ക് ലൈബ്രറി കെട്ടിടത്തിന്റെ സൈറ്റ് സൂപ്പർവൈസറായി മാറ്റം കിട്ടുന്നത്. അത്രയും വലിയൊരു പ്രൊജക്റ്റ് ഒഴിവാക്കി മറ്റൊരു സൈറ്റിലേയ്ക്കു പോകുന്നതിൽ ചെറുപ്പക്കാരനായൊരു സൂപ്പർവൈസർക്ക് മനപ്രയാസം തോന്നേണ്ടതാണ്. എന്നാൽ മാനേജുമെന്റ് നിർദ്ദേശം കിട്ടിയപാടേ ഗൗരിയതിന് സമ്മതം മൂളി. കരാർ സമയത്തിനുള്ളിൽ ജോലി തീർക്കുന്നതിനായി അമ്മയ്ക്കും പെങ്ങൾക്കും ചേർത്തു തെറി വിളിച്ചും, ചിലപ്പോൾ തല്ലിയും സൂപ്പർവൈസർമാർ തൊഴിലാളികളെ ഓടിച്ചു പണിയെടുപ്പിക്കുന്ന സൈറ്റിൽ നിന്ന് എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലായിരുന്നു അയാൾ. സിമന്റുകൂട്ട് വീണ് തൊഴിലാളികളായ ബീഹാറിയുടേയും, ബംഗാളിയുടേയും, രാജസ്ഥാനിയുടേയും, ഒറീസ്സക്കാരന്റേയുമെല്ലാം തൊലി പരുപരുക്കുന്നതിനേക്കാൾ വേഗത്തിൽ ഗൗരിയുടെ മനസു മടുത്തു തുടങ്ങിയിരുന്നു. സൈറ്റിൽ നിന്ന് മാറിയതേതായാലും നന്നായിയെന്ന് ഗൗരീദാസിനുറപ്പിക്കാൻ കഴിഞ്ഞത് പോളിയച്ചനെ അടുത്തു പരിചയപ്പെട്ടതോടെയാണ്. കമ്പനിയുടെ ആളായി വെറുതേ നിന്നു കൊടുക്കേണ്ട ചുമതലയേ അയാൾക്കുണ്ടായിരുന്നുള്ളൂ. പണികളെല്ലാം പ്രധാനമായും നിയന്ത്രിച്ചിരുന്നത് പോളിയച്ചനാണ്വലിയ ഒച്ചപ്പാടുകളും, കയർക്കലുകളും ഇല്ലാതെ തന്നെ തൊഴിലാളികളെ നിയന്ത്രിക്കാനും, ഉദ്ദേശിച്ച സമയക്രമത്തിനുള്ളിൽ പണി മുന്നോട്ടു കൊണ്ടു പോകാനും പോളിയച്ചനൊരു പ്രത്യേക തഞ്ചമുണ്ട്. ഗൗരിയെ സംബന്ധിച്ചിടത്തോളം മിടുക്ക് ഒട്ടൊരത്ഭുതമായിരുന്നു.

മാത്തച്ചൻ, പോത്തച്ചൻ, വർക്കിച്ചൻ, കുഞ്ഞച്ചൻ എന്നതു പോലൊരു പേരായി മാത്രമേ പോളിയച്ചന്റെ പേരിനേയും ഗൗരി കണക്കാക്കിയിരുന്നുള്ളൂ. എന്നാൽ കോളേജിലെ ഏതോ വിശേഷ ചടങ്ങിൽ പങ്കെടുക്കാൻ മെത്രാനെത്തിയ ദിവസം ളോഹയും ധരിച്ച് പുരോഹിതന്റെ രൂപത്തിൽ പോളിയച്ചനെ കണ്ടപ്പോൾ ഗൗരിക്കാദ്യം ചിരിയാണു വന്നത്. ഒന്നു രണ്ട് മിനിറ്റോളം നിർത്താതെ ചിരിക്കുകയും ചെയ്തു. ട്രസ്റ്റിന്റെ മീറ്റിങ്ങുകളിലോ, പണിക്കിടയിലോ ഒരിക്കൽ പോലും അങ്ങനെയൊരു വേഷത്തിൽ ഫാദർ പോളിയെ ഗൗരീദാസ് കണ്ടിരുന്നേയില്ല. കറുത്ത പാന്റുംവെളുപ്പോ ഇളം മഞ്ഞയോ ഷർട്ടുമാണ് സ്ഥിരം വേഷം. വല്ലപ്പൊഴുമൊക്കെ അതേ നിറങ്ങളിലുള്ള ജുബ്ബയിട്ടും ആൾ പ്രത്യക്ഷപ്പെടാറുണ്ട്. ചുരുക്കും ചില നാട്ടുകാരൊഴികെയുള്ള ബാക്കി പണിക്കാരും വേഷത്തിൽ പോളിയച്ചനെ കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്നേരം തടുത്തു നിർത്താനാകാത്ത വിധമൊരു ചോദ്യം ഗൗരിയുടെ തൊണ്ടയിൽ തെളിഞ്ഞു.
അപ്പോൾ പോളിയച്ചൻ ശരിക്കും പള്ളീലച്ചനാണോ?”
അല്ലേയ്. ഞാൻ വ്യാജനാണ്. എന്താ വല്ല കുഴപ്പവുമുണ്ടോ?”
അയ്യോ! കളിയാക്കാൻ പറഞ്ഞതല്ല. വേഷത്തിൽ അച്ചനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഞാനും പണിക്കാരും.
എടോ, നമ്മടെ അങ്ങാടിയിൽ നിന്ന് താഴേയ്ക്കുള്ള വഴി കുറച്ചങ്ങോട്ടു ചെന്നാൽ ഞായറാഴ്ച്ച മാത്രം കുർബാനയുള്ളൊരു ചെറിയ പള്ളിയുണ്ട്. മേൽനോട്ടപ്പണി കൂടാതെ ആഴ്ചയിലൊരിക്കവിടെ വികാരിയുടെ പണി ചെയ്യുന്നതും ഞാനാണ്അതല്ലേ ഞായറാഴ്ച നിങ്ങൾക്ക് അവധി തരാൻ പ്രധാന കാരണം. ഇപ്പോളെല്ലാം മനസിലായോ?”
എന്നാലുമെന്റച്ചോ...
എന്തേയ് ?”
ഒന്നൂല്ല. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേന്ന്
സ്തുതിയായിരിക്കട്ടേ. ബാക്കി കിന്നാരം പിന്നെയാകാം. താൻ പണിസ്ഥലത്തേയ്ക്കു ചെല്ല്. ബിഷപ്പ് പങ്കെടുക്കുന്ന ചടങ്ങിലൊന്ന് തല കാണിച്ച് ഞാനും പെട്ടെന്നു വരാം

അതും പറഞ്ഞ് അച്ചനങ്ങു പോയെങ്കിലും ചുണ്ടിലെ ചിരി മാഞ്ഞതോടെ ഗൗരിയാകെ കുഴപ്പത്തിലായി. ഒരു കത്തനാരോട് ഇടപെടുന്ന പോലൊന്നുമല്ല കഴിഞ്ഞ ഒന്നര മാസത്തോളമായി പോളിയച്ചനോട് പെരുമാറിയിരുന്നത്. അങ്ങനെ ബഹുമാനത്തോടെ ഒരകലം സൂക്ഷിച്ചിട്ടേയില്ലായിരുന്നു. മാസങ്ങളായി നാടും കുടുംബവുമുപേക്ഷിച്ച് കൺസ്ട്രക്ഷൻ സൈറ്റുകളിലെ ഊഴപ്പണിയിൽ ജീവിതം അകപ്പെട്ടു പോയ തൊഴിലാളികൾ ഭക്ഷണ ശേഷമുള്ള ചെറിയ ഇടവേളയ്ക്കിടയിൽ പണി തീരാത്ത കെട്ടിടങ്ങളുടെ മൂലയിലും, സിമന്റു ചാക്കുകളുടെ മറവിലും, വലിയ യന്ത്രഭാഗങ്ങളുടെ നിഴലിലുമെല്ലാം തിടുക്കത്തിൽ ഇണചേരുന്നതിനെക്കുറിച്ചുള്ള ആൺ തമാശകൾ വരെ പങ്കു വച്ചിട്ടുണ്ട്. അതെല്ലാം നിശബ്ദം കേട്ടു പുഞ്ചിരിച്ചു തലയിളക്കുമായിരുന്ന ഒരാളെ പുരോഹിതന്റെ വേഷത്തിൽ കണ്ടതിന്റെ അങ്കലാപ്പും, ചമ്മലും മാറാൻ ഏതാണ്ട് നാലഞ്ചു ദിവസം വേണ്ടി വന്നു ഗൗരിയ്ക്ക്. അതിനു ശേഷമാണ് ഗൗരി പോളിയച്ചനെ സൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങിയത്. പണിസ്ഥലങ്ങളിൽ പല തരക്കാരുമായി സംസാരിക്കാറുണ്ടെങ്കിലും അവർക്കൊന്നുമില്ലാത്ത ചില പ്രത്യേകതകൾ അച്ചനുണ്ടെന്നത് ഗൗരിയുടെ ശ്രദ്ധയിൽ പെട്ടു. സാധാരണ ഗതിയിൽ പണി ഏൽപ്പിക്കുന്നവരാരും തിരക്കാറില്ലാത്ത ചില ചോദ്യങ്ങളായിരുന്നു അതിൽ പ്രധാനം. അന്യ സംസ്ഥാനക്കാരായ കെട്ടിടം പണിക്കാരുടെ കഷ്ട ജീവിതത്തെക്കുറിച്ച് അച്ചൻ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. അവരുടെ ശമ്പളമെത്ര, തനിച്ചാണോ കുടുംബമായാണോ വരുന്നത്, എത്ര നാൾകൂടുമ്പോഴാണ് നാട്ടിൽ പോകാറുള്ളത്, താമസവും ഭക്ഷണവുമെല്ലാം എങ്ങനെയൊക്കെയാണ്, തൊഴിൽ നിയമങ്ങളൊക്കെ ഇവരുടെ കാര്യത്തിൽ പാലിക്കാറുണ്ടോ, സംഘടനകൾ ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടാറുണ്ടോ, ഗ്രാമങ്ങളിൽ ചെന്നു തലയെണ്ണിപ്പണം കൊടുത്തു കൊണ്ടുവരുന്ന കരാറുകാർ കൊടുക്കുന്നതല്ലാതെ കമ്പനി വക ആനുകൂല്യങ്ങൾ വല്ലതും ഇവർക്കുണ്ടോ, അപകടം പറ്റിയാൽ ചികിത്സയൊക്കെ കമ്പനി ഏറ്റെടുക്കാറുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പണിത്തിരക്കിനിടയിൽ അച്ചൻ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടേയിരിക്കും. കമ്പനിയുടെ താൽപ്പര്യങ്ങൾക്കു മറ പിടിച്ചു കൊണ്ട് ആദ്യമൊന്നും വിട്ടു പറഞ്ഞിരുന്നില്ലെങ്കിലും അച്ചനുമായുള്ള അടുപ്പം കൂടിയതോടെ ഗൗരി കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു തുടങ്ങി. സ്വന്തം നാട്ടിലെ മോശപ്പെട്ട അവസ്ഥയെ മറികടക്കാൻ സമയത്തു ഭക്ഷണവും, സ്ഥിര ജോലിയും, തരക്കേടില്ലാത്ത ശമ്പളും സ്വപ്നം കണ്ടു കേരളത്തിലെത്തുന്ന നിരവധി ജീവിതങ്ങളുടെ ആകെത്തുകകൾ അത്ര മെച്ചമല്ലെന്ന തിരിച്ചറിവ് ഗൗരിയ്ക്കു പങ്കു വയ്ക്കേണ്ടതായി വന്നു. കമ്പനികളുടെ ആവശ്യങ്ങൾക്കായി കുഗ്രാമങ്ങളെമ്പാടും വലയെറിഞ്ഞ്  കരാറു പണിക്കാരെ പിടിച്ചെത്തിച്ചു കൊടുക്കുന്ന തൊഴിൽ മാഫിയകൾഎഴുത്തും വായനയും പോയിട്ട്  അസുഖം വന്നാൽ കൂടിയും അതു പറഞ്ഞു ഫലിപ്പിക്കാനുള്ള സംസാര ഭാഷയറിയാത്തവരുടെ ദേശാന്തരം, കൃത്യമായ കൂലിക്കണക്കും ജോലി സമയവും ഉമ്പടികളും പാലിക്കാത്ത കമ്പനികളുടെ മുഷ്ക്കും ഒഴിവുകഴിവുകളും അനുഭവിച്ചുകൊണ്ട് സമരങ്ങളും തൊഴിൽതർക്കങ്ങളുമില്ലാതെ തെറിയും തല്ലുമേറ്റുള്ള ശിഷ്ട ജീവിതം. പാട്ടത്തകരവും ടാർപോളിൻ ഷീറ്റും ഉപയോഗിച്ചു മറച്ച ലേബർ ക്യാമ്പുകളുടെ അകത്തു പുകയുന്നതെന്താണെന്ന് പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ അച്ചൻ ഇടയിൽ കയറി ചോദിച്ചു.
ഒന്നിനും ഇപ്പോഴുമൊരു മാറ്റവുമില്ലല്ലേ?”
എന്തിനാണ് അച്ചനങ്ങനെ ചോദിച്ചതെന്ന് എത്രയാലോചിച്ചിട്ടും ഗൗരിയ്ക്കു മനസിലായില്ല. അല്ലെങ്കിലും പോളിയച്ചന്റെ ചില നേരത്തെ സ്വഭാവം അങ്ങനെയാണ്. മറുപടി പ്രതീക്ഷിക്കാത്ത സംശയങ്ങളുണ്ടാകും. തിരിച്ചെന്തെങ്കിലും ചോദിച്ചാൽ അസ്സലൊരു കുസൃതിപ്പുഞ്ചിരിയുമായി ഒഴിഞ്ഞു മാറിക്കളയും. സംസാരിക്കുന്നതിടെ പലപ്പോഴും പാതിയിൽ നിർത്തിയ ശേഷം ഒരു കൈകൊണ്ട് നര കലർന്ന താടിയുഴിഞ്ഞും, മറുകൈയ്യിൽ ബൈക്കിന്റേയും സ്റ്റോർ മുറിയുടേയും താക്കോൽ കൂട്ടം തുടരെ എറിഞ്ഞു പിടിച്ചും മെൻസ് ഹോസ്റ്റലേയ്ക്കുള്ള വഴിയിലൂടെ ധൃതിയിൽ നടന്നു മറയാറുള്ള പോളിയച്ചനെ നോക്കി കള്ളക്കത്തനാരേയെന്നു ഗൗരി മനസിൽ വിളിക്കുന്നത് അത്തരം ചില സന്ദർഭങ്ങളിലാണ്.

തിരക്കില്ലാത്തിടത്ത് ബൈക്ക് ഒതുക്കി നിർത്തിയ ശേഷം ആശുപത്രിക്കെട്ടിടത്തിന്റെ കാഷ്വാലിറ്റിയ്ക്കു മുന്നിൽ ചെന്നു ഗൗരീദാസിനെ കാണുമ്പോഴും താടിയുഴിഞ്ഞും താക്കോൽ കൂട്ടമെറിഞ്ഞു പിടിച്ചു കിലുക്കിയും ഒരു കുസൃതിപ്പുഞ്ചിരിയുടെ അഭാവത്തിൽ പോളിയച്ചൻ ചേഷ്ടയാൽ സ്വയം അനുകരിച്ചു. അച്ചനെ കണ്ടതും ആശുപത്രി വരാന്തയുടെ നിശബ്ദതയെ മുറിച്ച് കനത്ത കാലൊച്ചകളോടെ ഗൗരി ഓടിയടുത്തു. എന്തു പറ്റിയെന്ന് അച്ചൻ ചോദിച്ചു മുഴുവനാക്കും മുമ്പെത്തന്നെ നടന്നതെല്ലാം അങ്ങോട്ടു കയറി പറയാൻ തുടങ്ങി.
അച്ചോ, രാവിലെ കോളേജിലോട്ട് ഇറങ്ങാൻ നേരത്താണ് ഞങ്ങടെ കമ്പനിയിലെ അഡ്മിൻ ഡിപ്പാർട്ടുമെന്റിലെ പെങ്കൊച്ചു വിളിക്കുന്നത്. ഷോപ്പിംഗ് മാളു പണിയുന്നിടത്ത് ജോലി ചെയ്യുന്നൊരാൾക്ക് നെഞ്ചു വേദനയാണെന്നു പറഞ്ഞു. അതെന്റെ സൈറ്റല്ലല്ലോ, അവിടെ വേറെ സൂപ്പർവൈസർമാരില്ലേയെന്ന് ചോദിച്ചപ്പോൾ അവരാരും വേണ്ടത് ചെയ്യുമെന്ന് തോന്നുന്നില്ല തനിക്കു പറ്റുമെങ്കിൽ ഒന്നവിടം വരെ ചെല്ലണമെന്നു പറഞ്ഞ് ഫോൺ കട്ടു ചെയ്തു കളഞ്ഞു. ഞാൻ വർക്ക് സൈറ്റിലെത്തുമ്പോഴേയ്ക്കും കാര്യങ്ങളാകെ കുഴപ്പത്തിലായിരുന്നു. നെഞ്ചു വേദന വന്നയാളെ സൂപ്പർവൈസർമാരാരും ശ്രദ്ധിച്ചില്ല. ആശുപത്രിയിലെത്തിക്കാൻ വണ്ടി വിട്ടു കൊടുത്തതുമില്ല. വയ്യാത്തയാളുടെ നാട്ടുകാരായ രണ്ട് ബീഹാറി പണിക്കാരു തന്നെ ഓട്ടോറിക്ഷ പിടിച്ച് അങ്ങേരെ തൊട്ടടുത്തുള്ള ക്ലിനിക്കിലെത്തിച്ചു. സൈറ്റിലെത്തി ഇതൊക്കെയറിഞ്ഞപ്പോൾ ഞാൻ ബൈക്കെടുത്ത് നേരെ ക്ലിനിക്കിലോട്ടു വിട്ടു. അവിടെയെത്തിയപ്പോഴാണ് അതു വെറും നെഞ്ചു വേദനയല്ലെന്നും അറ്റാക്കാണെന്നും അറിയുന്നത്. കൈയ്യിൽ പൈസയില്ലാതെ, കാര്യങ്ങളൊന്നും മനസിലാകാതെ പരിഭ്രമിച്ചു നിൽക്കുന്ന ഇവരെ കണ്ടപ്പോൾ എന്റച്ചോ സത്യം പറയാമല്ലോ ആദ്യത്തെ അറ്റാക്കിൽ തന്നെ മരിച്ചു പോയ എന്റെ അമ്മയെയാണ് എനിക്കോർമ്മ വന്നത്.
ഇവരെന്നു പറഞ്ഞ് ഗൗരി കൈ ചൂണ്ടിയയിടത്തേയ്ക്കു നോക്കിയപ്പോഴാണ് വരാന്തയുടെ അങ്ങേത്തലയ്ക്കലായി മുഷിഞ്ഞ പണി വേഷത്തിൽ തല കുനിച്ചു നിൽക്കുന്ന രണ്ടു പേരെ പോളിയച്ചൻ ശ്രദ്ധിച്ചത്.

പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല. സൈറ്റ് സൂപ്പർവൈസറിലൊരുത്തനെ ഫോൺ ചെയ്ത് വണ്ടി വിട്ടു തരാൻ പറഞ്ഞു. ആദ്യം കുറെ ഉടക്കു വർത്തമാനം പറഞ്ഞെങ്കിലും പച്ചത്തെറി വിളിച്ചതോടെ അയാള് കാര്യം നടത്തിത്തന്നു. ക്ലിനിക്കിലെ ഡോക്ടറു തന്ന ഗുളികയും നാക്കിന്റടിയിൽ വച്ചോണ്ടാണ് ഇവിടെവരെയെത്തിയത്. അതിന്റെയിടയിൽ സൈറ്റിലോട്ടു വിളിച്ച് ഇവരു കുറച്ച് കാശു ചോദിച്ചുസൂപ്പർവൈസറ് ഓഫീസിലേയ്ക്കു വിളിച്ചു പറഞ്ഞിട്ടും ഇതുവരെ കാശൊന്നും കിട്ടിയില്ല. ഒരാളും തിരിഞ്ഞു നോക്കിയതു പോലുമില്ല. അഡ്മിനിലെ പെങ്കൊച്ചു വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ ക്ലിനിക്കിൽ വച്ചു തന്നെ എല്ലാം തീർന്നേനെ
എന്നിട്ടിപ്പോൾ ആളെവിടെയാണ്?”
അച്ചനെ വിളിക്കുന്നേരത്ത് കാഷ്വാലിറ്റീലായിരുന്നു. ഇവിടെയും കാര്യായിട്ടങ്ങനെ ശ്രദ്ധയൊന്നുമില്ലായിരുന്നു. ഞാൻ കുറെ ബഹളം വച്ചപ്പോൾ എന്തോ ടെസ്റ്റൊക്കെ പെട്ടെന്നു നടത്തി ഐസീയൂവിലോട്ട് മാറ്റിയിട്ടുണ്ട്. ഉടനെയൊരു ഓപ്പറേഷൻ വേണ്ടി വരുമെന്നും, അതിനുള്ള കാശ് മുൻകൂറായി അടയ്ക്കണമെന്നുമാണ് ഇവരു പറയുന്നത്. ഇത് നമ്മടെ കോളേജു നടത്തുന്ന സഭയുടെ തന്നെ ആശുപത്രിയാണന്നറിഞ്ഞപ്പോൾ അച്ചനെയൊന്ന് വിളിക്കാമെന്നു തോന്നി. ബുദ്ധിമുട്ടാണെന്നറിയാം. പക്ഷേ സഹായിക്കണം
പള്ളിയും പട്ടക്കാരനും വേറെ വേറേയാണെന്നുള്ള നാട്ടു ചൊല്ലിലെ തമാശയാണ് ആശുപത്രി അവസ്ഥയുടെ അസ്വസ്ഥതയിലും പോളിയച്ചനപ്പോൾ ഓർത്തത്.
ഓഫീസിൽ വിളിച്ചു പറഞ്ഞ് അവിടന്നു കിട്ടാനുള്ള കാശിന്റെ കാര്യത്തിൽ ഞാനെന്തെങ്കിലും വഴിയുണ്ടാക്കാം. ഒന്നും തരില്ലെന്നാണ് ഇനിയവരു പറയുന്നതെങ്കിൽ വേറെ വഴി കണ്ടിട്ടുണ്ട്. ഇവരുടെ ലേബർ കോണ്ട്രാക്ടറേയും ഒന്ന് വിരട്ടി നോക്കാം. എന്തെങ്കിലും കിട്ടിയാലായി. ബാക്കി പോരാത്തതുണ്ടെങ്കിൽ തൽക്കാലം ഞാൻ കൈയ്യീന്നിടാം. ആശുപത്രീടെ വക ഔദാര്യമൊന്നും വേണ്ട. പക്ഷേ എല്ലാത്തിനും എനിക്കിത്തിരി സാവകാശം കിട്ടണം. മുഴുവൻ കാശും ഇപ്പത്തന്നെ അഡ്വാൻസ് അടയ്ക്കണമെന്നു പറഞ്ഞാൽ കൊറച്ച് കഷ്ടാണ്. അക്കാര്യത്തില് അച്ചനെന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരണം

ഗൗരിയുടെ തോളിൽ തട്ടി സമാധാനമായിരിക്കാൻ ആശ്വസിപ്പിച്ച ശേഷം ഓഫീസ് ബ്ലോക്കിലേക്കെന്ന് അസ്ത്ര ചിഹ്നമിട്ടു സൂചിപ്പിച്ച വഴിയിലൂടെ പോളിയച്ചൻ നടന്നു. തല കുനിച്ച് കൈകൾ തുടയ്ക്കു ചേർത്തു പിണച്ച് വരാന്തച്ചുമരും ചാരി നിന്നിരുന്ന രണ്ടു പേരെ അച്ചൻ മറികടന്നു പോയെങ്കിലും  അവർ നിന്നിടത്തു നിന്നൊന്ന് അനങ്ങിയതു പോലുമില്ല. ആശുപത്രിയുടെ ഡയറക്ടറച്ചനെ കണ്ട് കാര്യങ്ങളൊരു വിധത്തിൽ പറഞ്ഞു ബോധിപ്പിച്ച് പോളിയച്ചൻ  തിരിച്ചു വരുമ്പോഴുംആ രണ്ടു ബീഹാറികൾ അതേ നിൽപ്പ് തുടരുകയായിരുന്നു. ഗൗരീദാസിനെ അവിടെ കാണാനുണ്ടായിരുന്നില്ല. അയാൾ എവിടെയെന്ന് അച്ചൻ അവരോട് ആംഗ്യം കാണിച്ചു ചോദിച്ചു. കുറച്ചകലെയായി ഐസിസിയു എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതി വച്ചിടത്തേയ്ക്ക്  അവരിലൊരാൾ വിരൽ ചൂണ്ടി. പോളിയച്ചനവിടേയ്ക്ക് നടത്തെത്തുമ്പോൾ കെട്ടിടം പണിക്കാരെ അനുകരിച്ച് ചുമരു ചാരി നിൽക്കുകയായിരുന്നു ഗൗരീദാസ്.
എന്തായീ അച്ചോ? വല്ലതും നടക്കുമോ?”
കാര്യങ്ങളൊക്കെ ഞാൻ സംസാരിച്ചിട്ടുണ്ട്. നാലഞ്ചു ദിവസത്തിനുള്ളിൽ മുഴുവൻ കാശും അടച്ചാൽ മതി. എന്നാലും പകുതിയെങ്കിലും ഇന്നുച്ചയ്ക്കു മുന്നെ അടയ്ക്കണമെന്നാണ് പറയുന്നത്.
അത് സാരമില്ല. ലേബർ ക്യാമ്പില് ഇവർക്ക് ആഴ്ചക്കുറിയെന്തോ ഉണ്ടത്രേ. വയ്യാതെ കിടക്കുന്നയാളും അതിലുണ്ടെന്നാണ് പറയുന്നത്. ഞാൻ ഇവരെക്കൊണ്ടു തന്നെ വിളിപ്പിച്ചു. ഇങ്ങനെയൊരു അത്യാവശ്യമായതോണ്ട് കുറിക്കാശ് മറിക്കാമെന്ന് സമ്മതിപ്പിച്ചുഅതും പിന്നെ കൊറച്ച് കാശ് പിരിവെടുത്തും എത്തിക്കാമെന്ന് ഇവരേറ്റിട്ടുണ്ട്.
ഇനിയെന്താ പരിപാടി?”
ഞാൻ ഇവിടെത്തന്നെ കാണും. ഇന്നെന്തായാലും കോളേജിലേയ്ക്കില്ല. ഇത് കാരണം അവിടത്തെ പണി മുടങ്ങുമെന്ന് അച്ചൻ പേടിക്കണ്ട. ഞാനിപ്പോൾ ഓഫീസിലേയ്ക്ക് വിളിച്ചിരുന്നു. ശെന്തിൽ എന്നൊരുത്തനെ അങ്ങോട്ടു പറഞ്ഞു വിട്ടു കഴിഞ്ഞു. കക്ഷി ഒന്നു രണ്ട് തവണ നമ്മടെ സൈറ്റിൽ വന്നിട്ടുണ്ട്.
അതൊന്നും വേണ്ടായിരുന്നു. ഒറ്റ ദിവസത്തെ കാര്യമല്ലേ.
അങ്ങനെയല്ലച്ചോ. മേൽനോട്ടത്തിനാരുമില്ലാതെ ജോലിക്കാരെ വച്ചു മാത്രം പണി നടത്താൻ ഓഫീസീന്ന് സമ്മതിക്കില്ല. അതോണ്ടാണ്.
എന്നാപ്പിന്നെ അങ്ങനെ നടക്കട്ടെ
അച്ചൻ ഇറങ്ങുകയാണോ?”
ഇവിടെയിനി എന്നെക്കൊണ്ട് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ല്ലെങ്കിൽ
ഇത്രയൊക്കെ ചെയ്തതു തന്നെ വലിയ സഹായം. ഒരുപാട് നന്ദിയുണ്ടച്ചോ.
നന്ദിയൊക്കെ കൈയ്യിലിരിക്കട്ടേ. ഞാനിതുവരെ ഒന്നും കഴിച്ചില്ല. കാലത്ത് ബിപിയ്ക്കു കഴിക്കാറുള്ള മരുന്നും മുടങ്ങി. വയറിലാകെ ഗ്യാസ് നിറയുന്നു. ഒരു കാലിച്ചായയെങ്കിലും കുടിച്ചാലോ?”
ക്യാന്റീൻ നിൽക്കുന്ന ഭാഗത്തേയ്ക്ക് ഗൗരിയേയും കൂട്ടി നടക്കുന്നതിനിടയിൽ ആശുപത്രി ഇടനാഴിയുടെ ചുറ്റു വഴികളിൽ നിശബ്ദതാ നിയമങ്ങളെ ലംഘിച്ചുകൊണ്ട് പോളിയച്ചന്റെ താക്കോൽ കൂട്ടം കിലുങ്ങി.

കടുപ്പത്തിൽ രണ്ടു ചായയ്ക്കു പറഞ്ഞ ശേഷം ഇരുവരും ലഘുഭക്ഷണ ശാലയുടെ തിരക്കു കുറഞ്ഞ ടേബിളിൽ ഇടം പിടിച്ചു.
താൻ ദൈവവിശ്വാസിയല്ല എന്നല്ലേ മുമ്പൊരിക്കൽ പറഞ്ഞത്
അതേ. എന്താ അച്ചനു സംശയമുണ്ടോ?”
ഏയ് സംശയമൊന്നുമില്ല. വിശ്വസിച്ചാൽ കൊള്ളാമായിരുന്നു എന്നെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?”
അതിന് പ്രത്യേക കാരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ദൈവം ഇല്ലെന്നു തോന്നുന്ന അനുഭവങ്ങളാണല്ലോ ചുറ്റിലും നടക്കുന്നത്.
ശരിയായിരിക്കാം. പക്ഷേ അതേ അനുഭവങ്ങൾ തന്നെയാണ് ഉണ്ടെന്നു വിശ്വസിക്കാനും ചിലർക്കു കാരണമായിത്തീരുന്നത്. അതാണ് വിചിത്രം
സംസാരത്തിനിടെ അസ്ഥാനത്തു കയറി ഒരു ബന്ധവുമില്ലാത്ത ചില ചോദ്യങ്ങൾ ചോദിക്കുകയും, ഇടയ്ക്കു വച്ച്  ഒഴിഞ്ഞു മാറിപ്പോകുകയും ചെയ്യുന്ന പതിവു നടപടിയായേ ഗൗരിയ്ക്കതു തോന്നിയുള്ളൂ. എന്നാൽ  താൻ പറഞ്ഞു വന്നത് അവിടം കൊണ്ടവസാനിപ്പിക്കാതെ പോളിയച്ചൻ തുടർന്നു.
എന്റെ പഴയൊരു സുഹൃത്ത് സുഹൃത്തെന്നു പറഞ്ഞാൽ വളരെ വേണ്ടപ്പെട്ടൊരു സുഹൃത്ത് കക്ഷി തന്നെപ്പോലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ജോലിക്കാരനായിരുന്നു. അയാൾ പറഞ്ഞു കേട്ട ഒരനുഭവമാണ്. ഇരുപത് കൊല്ലം മുന്നെയാണ് സംഭവം നടക്കുന്നത്. അന്നയാൾക്ക് പത്തിരുപത്തിരണ്ട് വയസ്സു കാണും. ഇന്ത്യ മുഴുവൻ കറങ്ങാൻ ആഗ്രഹമൊക്കെയുള്ള കാലം. അങ്ങനെ നാടുവിട്ട് ജോലി തേടി തീവണ്ടി കയറി. അക്കാലത്ത് നോർത്തിന്ത്യയിലൊക്കെ വലിയ കെട്ടിടങ്ങൾ പണിതു തുടങ്ങുന്ന സമയമാണ്. വടക്കൊക്ക കുറച്ചു കാലം ജോലി ചെയ്ത ശേഷം അയാൾക്ക് മഹാരാഷ്ട്രയിലെ ഒരു സൈറ്റിലേയ്ക്ക് മാറ്റം കിട്ടി. ബോംബേയിൽ നിന്ന് കുറച്ചകലെ മാറി ആൾപ്പാർപ്പു കുറഞ്ഞൊരിടത്താണ് പണി നടക്കുന്നത്. ഇവിടേയ്ക്കിപ്പോൾ പല നാട്ടിലെ പണിക്കാരെത്തുന്നതു പോലെ അന്നവിടെ അതൊക്കെ പതിവായിരുന്നു.
കഥയൊക്കെ ഒന്നു ചുരുക്കിപ്പറയച്ചോ. ചായകുടി കഴിഞ്ഞാലൊരു സിഗററ്റും വലിച്ച് എനിക്കു ഐസിയുവിന്റവിടേയ്ക്ക് പെട്ടെന്നു തിരികേ പോകാനുള്ളതാണ്.
കഥയത്ര നീണ്ടതൊന്നുമല്ലന്നേ. ഒരു വലിയ കെട്ടിടത്തിന്റെ പൈലിങ്ങ് നടക്കുന്ന സമയമാണ്. അതിന്റെയിടയിൽ എക്സ്കവേറ്റർ ഓപ്പറേറ്റു ചെയ്യുന്നയാളുടെ അശ്രദ്ധ കാരണം അതിന്റെ വലിയ ബൂം പണിക്കാരിലൊരുത്തന്റെ  തലയ്ക്കു തട്ടി. തല പൊട്ടി ചോര ചീറ്റിയൊഴുകി അയാൾ വീണിടത്തു കിടന്ന് പിടയാൻ തുടങ്ങി. നിലവിളിയും ബഹളവും കേട്ട് പണിക്കാരും സൂപ്പർവൈസർമാരുമെല്ലാം ഓടിയെത്തി. പക്ഷേ പെട്ടെന്നൊരു രക്ഷയ്ക്കും വഴിയുണ്ടായിരുന്നില്ല. ആശുപത്രിയൊക്കെ അങ്ങ് ദൂരെയാണ്. പണിസ്ഥലത്തെ മെഡിക്കൽ സൗകര്യമൊക്കെ കടലാസ്സിൽ മാത്രമേയുള്ളൂ. എന്തു പറയാൻ കൂട്ടംകൂടിയവർ മാനേജരെ ചെന്നു കണ്ട്  കാര്യങ്ങളൊക്കെ അറിയിച്ചെങ്കിലും എന്തെങ്കിലും നടപടിയുണ്ടാകുന്നതിനു മുന്നെ അപകടം പറ്റിയയാൾ മരിച്ചു.

ചായ നിറച്ച ഗ്ലാസ്സുകൾ മേശപ്പുറത്ത് ശബ്ദത്തോടെ ആഞ്ഞു വച്ച ശേഷം അതു കൊണ്ടുവന്നയാൾ തിരികെ പോയി. ചൂടുള്ള ചായ ഊതിയാറ്റിക്കുടിച്ചും താടിയുഴിഞ്ഞും സംസാരിക്കുന്ന കഥ പറച്ചിലുകാരന്റെ മുഖത്തേയ്ക്ക് തന്റെ മുഴുവൻ ശ്രദ്ധയും കൊടുത്തിരിക്കുന്ന ഗൗരിയെക്കണ്ടാൽ പെട്ടെന്നു കഥ കേട്ടു തീരാനുള്ള തീരുമാനം മാറ്റിയതായി തോന്നും.
എന്നിട്ട്? കേസും പുക്കാറുമൊന്നും ഉണ്ടായില്ലേ?”
എവിടന്ന്? ഒന്നും സംഭവിച്ചില്ല. മരിച്ചവന്റെ പേരും നാടുമല്ലാതെ മറ്റൊരു വിവരവും ആർക്കും അറിയില്ലായിരുന്നു. സൈറ്റിനു പുറത്തേയ്ക്ക് ശവം ഇറക്കിയാൽ കമ്പനിക്കത് പൊല്ലാപ്പാകും. പോസ്റ്റ്മോർട്ടം റിപ്പോർട്ടോ, ഡോക്ടറുടെ സെർട്ടിഫിക്കറ്റോ ഒന്നുമില്ലാതെ വെറുതേയങ്ങനെ കൊണ്ടു പോകാനൊക്കില്ലല്ലോ. ഇനി അയാളുടെ വീടൊക്കെ അന്വേഷിച്ചു കണ്ടു പിടിച്ച് എത്തിക്കാമെന്നു വച്ചാൽ തന്നെ രണ്ട് മൂന്ന് ദിവസമെങ്കിലും എടുക്കും. ശവം നാട്ടിലെത്തിക്കാമെന്നു പറഞ്ഞ ചില പണിക്കാരെ സൈറ്റ് മാനേജർ ചീത്ത വിളിച്ചു. സ്വന്തം ഉത്തരവാദിത്തത്തിൽ കൊണ്ടു പോകണം, അത്രയും ദിവസത്തെ കൂലി നഷ്ടം സഹിക്കണം, തിരിച്ചു വന്നാൽ പണിയുണ്ടാകുമോ എന്നുറപ്പില്ല എന്നൊക്കെ കേട്ടതോടെ അവരും പിൻമാറി. പിന്നത്തെ നടപടികൾ വളരെ എളുപ്പത്തിലായിരുന്നു. പൈലിങ്ങ് നടക്കുന്ന വലിയ കുഴിയിലേക്ക് ശവം വലിച്ചിട്ട് ഒതുക്കത്തിലൊരു അടക്കം നടത്തി.
സൈറ്റിലുള്ള ഒറ്റയൊരുത്തനും എതിർപ്പ് പറഞ്ഞില്ലേ?”
അന്നത്തെ ദിവസം പണിക്കാർക്കെല്ലാം ഇരട്ടി ശമ്പളവും സൂപ്പർവൈസർമാർക്ക് സ്പെഷൽ അലവൻസും വച്ചു നീട്ടി. പിന്നെയും തർക്കിച്ചവരെ ഭീഷണിപ്പെടുത്തി. അതോടെ എല്ലാം തീർന്നു.
അച്ചന്റെ കൂട്ടുകാരൻ അയാള്?”
അലവൻസും വാങ്ങി കക്ഷി സൈറ്റിൽ നിന്നും മുങ്ങി നാട്ടിലെത്തി. തല പിളർന്നു ചോരയൊലിപ്പിച്ചു പിടയുന്ന ശരീരം തുടരെത്തുടരേ സ്വപ്നം കണ്ട് പതിവായി ഉറക്കം മുറിഞ്ഞു. മരിച്ച മനുഷ്യനെ മണ്ണിലേയ്ക്കു മടങ്ങാനായി പാതാളക്കുഴിയിലേയ്ക്കുപേക്ഷിച്ച കാഴ്ചയോർത്ത് ഉറക്കം പോയിട്ട് കണ്ണടയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ആദ്യം പതുക്കേ, പിന്നെപ്പിന്നെ ഉച്ചത്തിലുച്ചത്തിൽ പിച്ചും പേയും പറയാൻ തുടങ്ങി. ചുരുക്കം പറഞ്ഞാൽ ഭ്രാന്തായി. ദൈവത്തിൽ വലിയ വിശ്വാസമൊന്നും ഇല്ലാതിരുന്നയാൾ അതോടെ സ്വബോധമുള്ള സമയം മുഴുവൻ പ്രാർത്ഥനയിലായി. അയൽപക്കക്കാരൊക്കെ അറിയുന്നതിന് മുന്നെ വീട്ടുകാർ അയാളെ നാട്ടിൽ നിന്നു ദൂരെയായി സഭ നടത്തുന്നൊരു ചെറിയ  റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിച്ചു. അവിടെ വച്ചാണ് എനിക്കു പരിചയം.

ഇനിയെന്തെങ്കിലും വേണോയെന്ന് ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നയാൾ ചോദിച്ചെങ്കിലും, ഭക്ഷണം കഴിക്കാൻ ഇരിപ്പിടം കിട്ടാതെ കാത്തു നിൽക്കുന്നവർക്കായി സ്ഥലം ഒഴിഞ്ഞു കൊടുക്കാനുള്ള നിർദ്ദേശമാണതെന്ന് തിരിച്ചറിഞ്ഞതോടെ ബില്ലടച്ച ശേഷം പോളിയച്ചനും ഗൗരിയും ഭക്ഷണശാലയ്ക്കു പുറത്തു കടന്നു.
പിന്നീട് അയാളെ അച്ചൻ കണ്ടിട്ടില്ലേ?”
ഇടയ്ക്കെല്ലാം കാണാറുണ്ട്. കക്ഷിയിപ്പോൾ ഒരു വിധം നോർമലാണ്. എങ്കിലും ചിലപ്പോഴെല്ലാം പ്രശ്നത്തിലാകും. വിശ്വാസവും പ്രാർത്ഥനയും പ്രാന്തുമൊക്കെയായി അങ്ങനെ ജീവിക്കുന്നു. കുടുംബമൊന്നും ആയിട്ടില്ലെന്നാണ് തോന്നുന്നത്

-നിശബ്ദത-

പക്ഷേ ഞാൻ കഥയെല്ലാം പറഞ്ഞത് മറ്റൊരു കാര്യം സൂചിപ്പിക്കാനാണ്. അയാളുടെ കൈയ്യിൽ പേപ്പർ കട്ടിങ്ങുകളുടെ ഒരു കളക്ഷനുണ്ട്. കെട്ടിടം പണിക്കാരുടെ ദുരിതങ്ങളും, അപകടങ്ങളുമെല്ലാം വരുന്ന വാർത്തകൾ മുറിച്ചെടുത്തു സൂക്ഷിക്കുന്ന ഒരു ഫയൽ
ഇവരെക്കുറിച്ച് യഥാർത്ഥ വാർത്തകളൊന്നും അങ്ങനെ വരാറില്ലച്ചോ. വരുന്നതിൽ  തന്നെ പാതി സത്യം മാത്രമേ ഉണ്ടാകാറുള്ളൂ.
ആയിരിക്കാം. എന്നാലും അയാളുടെ ഫയലിൽ കുറെ വിവരങ്ങളുണ്ട്. പണി നടക്കുന്നതിനിടെ അപകടം പറ്റി ചത്തു ജീവിക്കുന്നവർ, മേൽനോട്ടക്കാരുടെ ക്രൂരത സഹിക്കാൻ വയ്യാതെ തിരിച്ചു നാട്ടിലേക്കു പോകാനും നിവൃത്തിയില്ലാത്തതുകൊണ്ട് കെട്ടിത്തൂങ്ങി ചാകുന്നവർ, അറപ്പും സംശയവും കാരണം നാട്ടുകാരു ചേർന്ന് തല്ലിക്കൊല്ലുന്നവർ, ഉള്ളതും ഇല്ലാത്തതുമായ രോഗങ്ങൾകൊണ്ട് ഒരാശ്രയവുമില്ലാതെ അലയുന്നവർ അങ്ങനെ കുറെയുണ്ട് ഒറ്റ കോളം വാർത്തകൾ

ഭക്ഷണശാലയ്ക്കു തൊട്ടടുത്തുള്ള ഗേറ്റിനരികിലേയ്ക്ക് ബൈക്കെടുത്തെത്തി, അതിൽ ഗൗരിയേയും കയറ്റി പുറത്തിറങ്ങിയ ശേഷം ആശുപത്രി മതിലിനോടു ചേർന്നുള്ള പെട്ടിക്കടയ്ക്കു മുന്നിൽ അയാളെ ഇറക്കി വിടുമ്പോൾ സിഗററ്റു വലി നിർത്താനുള്ള പതിവു പാഴുപദേശം നൽകാൻ പോളിയച്ചൻ മറന്നില്ല. റോഡിൽ തിരക്കേറെയുള്ള സമയമായതിനാൽ കൂടുതൽ ശ്രദ്ധയോടെയും, സാവധാനത്തിലുമാണ് വണ്ടിയോടിച്ച് ട്രസ്റ്റ് ഓഫീസിലെത്തിയത്. അക്കൗണ്ടന്റുമായുള്ള പതിവു കുശലങ്ങളും കണക്കു പരിശോധനയുമെല്ലാം കഴിഞ്ഞ ശേഷം പുറത്തിറങ്ങുമ്പോൾ വെയിൽ മൂത്തു തുടങ്ങിയിരുന്നു. വാഹനമോടിക്കുന്നതിനിടെ  ഹെൽമെറ്റിനകത്ത് വിയർപ്പു ചാലുകളൊഴുകിത്തുടങ്ങിയപ്പോൾ ഇടയ്ക്കെല്ലാം തലയിളക്കി പോളിയച്ചൻ അസ്വസ്ഥത പ്രകടിപ്പിച്ചു. കോളേജിലെത്തുമ്പോഴേയ്ക്കും സമയമേതാണ്ട് ഉച്ചയോടടുത്തിരുന്നു. കെട്ടിടം പണിക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനിടയിലും കമ്പ്യൂട്ടർ ലാബിൽ നിന്ന് ക്ലാസ്സിലേയ്ക്കു മടങ്ങുന്ന കൂട്ടത്തിലെ സുന്ദരിമാരെ ഏറു കണ്ണിട്ട് നോക്കുന്നുണ്ടായിരുന്ന പുതിയ സൂപ്പർവൈസർ ശെന്തിൽ പോളിയച്ചനെ കണ്ടതോടെ സ്വയം അടക്കം പാലിച്ചു. നടപ്പാതയോരത്ത്  ബൈക്ക് ഒതുക്കി നിർത്തി, ഹെൽമറ്റൂരി കൈപ്പിടിയിൽ തൂക്കിയിട്ട ശേഷം പോളിയച്ചൻ ഇറങ്ങി നടന്നു. കാലത്തുള്ള ഭക്ഷണവും മരുന്നും മുടക്കി യാത്ര ചെയ്തു വന്നതിന്റെ ക്ഷീണത്താൽ നെറും തലയിൽ  ഉച്ച വെയിലടിച്ചപ്പോൾ പോളിയച്ചന് തല ചുറ്റുന്നതുപോലെ തോന്നി. ചെറുതായി തെന്നുന്നുവോ എന്ന് സംശയം തോന്നുന്ന കാൽവയ്പ്പുകളോടെ അച്ചൻ പണിസ്ഥലത്തേയ്ക്കു നടന്നു.

നാഗർകോവിലുകാരൻ ശെന്തിൽ  താഴെ നിന്ന് തല മുകളിലേക്കുയർത്തി കൈയ്യും കലാശവും കാണിച്ച് പല നിലകളിലായി തട്ടടിച്ചതിന്മേൽ കാലുറപ്പിച്ചു പണിയെടുക്കുന്നവരോട് തമിഴും മലയാളവും ഹിന്ദിയും കലർത്തി ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്നു. കെട്ടിടത്തിന്റെ പല നിലകളിലേയ്ക്ക് സങ്കരഭാഷ നിർദ്ദേശങ്ങളായി എത്തി. മലയാളിയും, തമിഴനും, ബീഹാറിയും, ബംഗാളിയും, ഒറീസ്സക്കാരനുമെല്ലാം അവനവൻ ഭാഷകളിൽ അതു മനസിലാക്കി പണി തുടരുകയാണ്. ഏറ്റവും മുകളിലെ നിലയിലുള്ളവർ കെട്ടിടത്തിന്റെ മുഖവശത്തായി സിമന്റു മിശ്രിതം കൊണ്ട് പൊന്തി നിൽക്കുന്ന അക്ഷര രൂപങ്ങൾ നിർമ്മിച്ച് പേരെഴുതാനുള്ള ശ്രമത്തിലാണ്. കണ്ണിൽ മഞ്ഞപ്പാട വീണതു പോലൊരു മായക്കാഴ്ചയിൽ ബിബ്ലിയൊത്തെക്ക്എന്നുള്ള നീളൻ പേര് ബാബേൽഎന്നു തിളങ്ങിച്ചുരുങ്ങിയതും ലൈബ്രറിക്കെട്ടിടം ഭീമാകാരമായൊരു ആൾക്കൂനയായി മാറുന്നതും പോളിയച്ചൻ കണ്ടു. കൈകൾ കോർത്തു വട്ടത്തിൽ കൂടി നിൽക്കുന്നവരുടെ ചുമലിൽ ചവിട്ടിക്കയറിയവർക്കു മുകളിൽ മറ്റു ചിലർ തോളേറി. പിന്നെയും പിന്നെയും ആളുകൾ തോളിൽ കാലൂന്നി കൂമ്പാരം കൂടി നിന്നങ്ങനെയത് പല നിലകളായി മുകളിലേയ്ക്കു വളരുകയാണ്. ഇനിയുമിനിയും മുകളിലെത്താനുള്ള ആവേശത്താൽ ആൾക്കൂനയിൽ നിന്ന് ആർപ്പു വിളികളുയരുന്നു. അസാധ്യമെന്നു കരുതിയ ഒരു ഉയരത്തിൽ അതിന്റെ തുഞ്ചത്തേയ്ക്ക് ഒരാൾ വലിഞ്ഞു കയറിയതും സൂര്യനെ മറച്ചുകൊണ്ടൊരു പടുകൂറ്റൻ മണ്ണുമാന്തിക്കൈ മുരണ്ടു വന്ന് അയാളുടെ മൂർദ്ധാവിൽ തട്ടി. തല പിളരുന്ന ഒലർച്ചയിൽ മനുഷ്യ ഗോപുരം ചിതറി. ഭയന്നകന്നു മാറിയവരുടെ കൃത്യം നടുക്കായി ഒരു ശരീരം അത്യുന്നതങ്ങളിൽ നിന്ന് നിലം പതിച്ചു.

ഇരു കൈകളും തലയ്ക്കു ചേർത്തു പിടിച്ച് ശരീരം കുഴഞ്ഞു നിൽക്കുന്നതു കണ്ട്  ശെന്തിൽ ഓടിയെത്തുമ്പോഴേയ്ക്കും പോളിയച്ചൻ വീണു കഴിഞ്ഞിരുന്നു. ഓടിക്കൂടിയ ചിലർ ബഹളംവച്ചുകൊണ്ട് ശരീരം ചുമലിലേറ്റി ഓഫീസ് കെട്ടിടത്തിനടുത്തേയ്ക്ക് നടക്കുന്നേരം മിശിഹാ പ്രേഷിതന്റെ ആശ്രയമായ വിശുദ്ധ കുരിശിൽ നിന്നും കെട്ടിടം വരപ്പുകാരന്റെ ഉപകരണമായ തലയില്ലാക്കുരിശു മട്ടത്തിലേക്കുള്ള എതിർ രൂപാന്തരം അവനവനെ ഒറ്റിക്കൊടുക്കുന്ന മങ്ങിയ ഓർമ്മകളാ താണ്ടുകയായിരുന്നു പോളിയച്ചൻ. അത്തരം അവസരങ്ങളിൽ തുടർച്ചയായി കിലുങ്ങാറുണ്ടായിരുന്ന താക്കോൽക്കൂട്ടം അച്ചന്റെ അയഞ്ഞ കൈപ്പിടിയിൽ നിന്നും ഊർന്നു താഴെ വീണു

* * * * *

20 comments:

Devadas V.M. said...

വാസ്തവത്തില്‍ എന്താണ് ബാബേലിന്റെ 'തീം' എന്നത് എനിക്കു തന്നെ അവ്യക്തമാണ്. വ്യക്തമാക്കണമെന്ന് തോന്നിയപ്പോഴൊക്കെ അതു വേണ്ടെന്ന ഉള്‍വാശിയുണ്ടായിരുന്നു. അങ്ങനെയാണ് കെട്ടിട നിര്‍മ്മാണത്തൊഴിലാളികളുടെ പ്രശ്നങ്ങളും, പോളിയച്ചന്റെ വൈയക്തികാകുലതകളും, സെമിറ്റിക്‌ പാപബോധവും, അധികാരത്തിന്റെ ശൈലീ വര്‍ത്തനങ്ങളും, ഭാഷാ സംബന്ധിയായ സൂചനകളുമൊക്കെയായി അതു സഹജമായി *കലങ്ങിയത്. കഥയില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില സൂചനകള്‍, സംഭവങ്ങള്‍ എന്നിവയ്ക്ക് ‌സ്വാനുഭവത്തില്‍ നിന്ന് സാധൂകരണം കണ്ടെത്തി സഹായിച്ചത് ഗൗരിയും, പ്രശാന്തുമാണ്. മുഖ്യ കഥാപാത്രമായി പോളിയച്ചനെ നേരത്തേ ഉറപ്പിച്ചതായിരുന്നു. അതിരൂപതയുടെ ഒരു എഞ്ചി.കോളേജില്‍ ജോലി ചെയ്തിരുന്ന ചുരുങ്ങിയ കാലത്തെ പരിചയം മാത്രമേയുള്ളൂ. എങ്കിലും ‌കെട്ടിട നിര്‍മ്മാണത്തിന്റെ മേല്‍വിചാരകനായി ഒരു കഥാപാത്രത്തെ ആലോചിച്ചപ്പോള്‍ പോളിയച്ചന്റെ സ്വഭാവ/ചേഷ്ട/പെരുമാറ്റ-മല്ലാതെ മറ്റൊന്നും ‌മനസ്സില്‍ തെളിഞ്ഞില്ല. എഴുതി തുടങ്ങി പല ഘട്ടത്തില്‍ ഉപേക്ഷിക്കണമെന്നു കരുതിയെങ്ങിലും ഒരു വിധത്തില്‍ അതങ്ങ് കലങ്ങിത്തെളിഞ്ഞു. അതിനു സഹായകമായത് കാഫ്‌കയുടെ പ്രസിദ്ധമായ ബാബേല്‍ ഉദ്ധരണിയാണ്. അത് ലഭിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇതെഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ല. ബാബേല്‍ എന്ന നിര്‍മ്മിതി/രൂപകം പ്രമേയമായി ഒട്ടനവധി ‌സാഹിത്യശ്രമങ്ങളുണ്ടായിട്ടുണ്ട്. കാഫ്ക മുതല്‍ കാക്കനാടന്‍ വരെ അതെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. കഥാപ്രമേയം സംസാരിക്കുന്നതിനിടെ ബാബേല്‍ വിഷയമാക്കി മലയാളത്തില്‍ തന്നെ ഒരു കഥാസമാഹാരമോ മറ്റോ ഇറങ്ങിയിട്ടുണ്ടെന്ന് സുഹൃത്തൊരാള്‍ പറഞ്ഞു. ഇതുവരെ അങ്ങനെയൊന്ന് ‌വായിക്കാന്‍ തരപ്പെട്ടിട്ടില്ല. ആകെ വായിച്ചത് കാക്കനാടന്റെ ബാബേല്‍ ആണ്. അതുകൊണ്ട് തന്നെ തലക്കെട്ടു മാറ്റിയാലോ എന്ന് പല തവണ ചിന്തിച്ചു. പക്ഷെ... പ്രകടവും സ്പഷ്ടവും ബൈബിളികവുമായ ആ ഒറ്റവാക്കിന് പകരമായില്ല മനസ്സില്‍ തെളിഞ്ഞ മറ്റൊന്നും...

*ശബ്‌ദോല്‍പത്തി ശാസ്‌ത്രപ്രകാരം ബാബേൽ എന്നാൽ ' കലങ്ങി/കുഴങ്ങി-മറിഞ്ഞത് ' എന്നാണർത്ഥം.

asdfasdf asfdasdf said...

വായിച്ചു. നല്ല കഥ.

വല്യമ്മായി said...

നല്ല കഥ

ഇട്ടിമാളു അഗ്നിമിത്ര said...

past is past എന്നത് വെറും പറച്ചിലാണല്ലെ.. ചിലപ്പോഴത് വര്‍ത്തമാനവും കടന്ന് ഭാവിയെ വേട്ടയാടുന്നു..

Unknown said...

അവസാനം കലക്കി :)

ajith said...

മനോഹരകഥാകഥനം
ഇത് കൂടുതല്‍ വായിക്കപ്പേടേണ്ടതാണെന്ന ബോദ്ധ്യത്താല്‍ ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഒരു ലിങ്ക് കൊടുക്കുന്നു

Unknown said...

അപ്പോൾ പോളിയച്ചൻ ശരിക്കും പള്ളീലച്ചനാണോ?”
“അല്ലേയ്. ഞാൻ വ്യാജനാണ്. എന്താ വല്ല കുഴപ്പവുമുണ്ടോ?”


ആദ്യമൊക്കെ സന്തോഷത്തോടെ വായിച്ചു. അവസാനം സങ്കടമായി..

viddiman said...

ഇഷ്ടപ്പെട്ടു..ചിലയിടങ്ങളിൽ വല്ലാതെ നീണ്ടുപോയതു പോലെ തോന്നി

shameerasi.blogspot.com said...

വായിച്ചപ്പോള്‍ സത്യത്തില്‍ ബാബേല്‍ എന്ന വാക്കിന്റെ അര്‍ത്ഥമാരിയാതതിനാല്‍ ഒരു ഒഴുക്ക് അനുഭവ പ്പെട്ടു ,ആതിരകള്‍ പതിയെ ഒഴുകി എത്തിച്ചേര്‍ന്നത് അനന്ത മായ സഗരത്തിലെക്കും .,.വളരെ ഹൃദയ സ്പര്‍ശിയായി ,.,.അഭിനന്ദനങ്ങള്‍ .

Unknown said...

പോളിയച്ചന്റെ വീഴ്ച കഥയിൽ ആവശ്യമുണ്ടോ ?

പക്ഷേ മികച്ച രചന. ആശംസകൾ

Unknown said...

നന്നായി എഴുതിയിട്ടുണ്ട്

ലംബൻ said...

ഒരല്‍പം നീണ്ടു പോയതൊഴിച്ചാല്‍ നല്ല വായന സമ്മാനിച്ചു.
വീണ്ടും വരാം. ആശംസകള്‍.

ലംബൻ said...

ഒരല്‍പം നീണ്ടു പോയതൊഴിച്ചാല്‍ നല്ല വായന സമ്മാനിച്ചു.
വീണ്ടും വരാം. ആശംസകള്‍.

ഭ്രാന്തന്‍ ( അംജത് ) said...

ദേവദാസ്‌. ബാബേല്‍.... കഥയിലെ കടഞ്ഞെടുത്ത രൂപം ,നിശിതമായ ക്രാഫ്റ്റ്‌. അതിനുള്ളില്‍ വാര്‍ത്തെടുത്ത കഥയുടെ ഭംഗി .വളരെ വളരെ നന്നായിട്ടുണ്ട്. ഇടയ്ക്കു കൈവിട്ടു പോകുമെന്ന് തോന്നിയ കഥയുടെ അവസാനം വളരെ നന്നായിരുന്നു. ആ കയ്യടക്കത്തിനു വണക്കം സഖേ.

Manoraj said...

ബാബേല്‍ എന്നത് എന്തെന്ന് അറിയില്ലായിരുന്നു. ഒരു പക്ഷെ, അവസാനത്തെ ദേവദാസിന്റെ കുറിപ്പില്ലെങ്കില്‍ കഥയ്ക്ക് എന്തുകൊണ്ട് ഇങ്ങിനെ ഒരു പേരെന്ന് ഞാന്‍ ഇപ്പോഴും ശങ്കിച്ചേനേ.. കഥ ഇഷ്ടമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒട്ടേറെ പ്രസക്തമായ ഒരു പ്രമേയം. നല്ല ക്രാഫ്റ്റുമുണ്ട്. പേരിലേക്ക് എത്തുവാന്‍ കഴിഞ്ഞില്ല എന്നത് എന്റെ പരാജയമായിരുന്നു എന്ന് ഒടുവില്‍ മനസ്സിലാവുന്നു.

നിസാരന്‍ .. said...

മികച്ച കഥ. നല്ല ക്രാഫ്റ്റ്. ബാബേല്‍ എന്ന പദാര്‍ത്ഥം അവസാനം കമന്റ് ആയി നല്‍കിയത് നന്നായി. അറിയില്ലായിരുന്നു

ഷബീര്‍ - തിരിച്ചിലാന്‍ said...

മികച്ച കഥ...

ഒരു സ്റ്റീല്‍ കമ്പനി അവരുടെ അന്യസംസ്ഥാനതൊഴിലാളിക്ക് അപകടം പറ്റിയപ്പോള്‍ തീചൂളയിലേക്കിട്ട്, സഹപ്രവൃത്തകനെ 25000 രൂപയുമായി മരിച്ചയാളുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു എന്ന് കേട്ടിട്ടുണ്ട്. സത്യമാണോ എന്ന് അറിയില്ല.

പ്രസീദ് (കണ്ണൂസ്) said...

പല ഭാഷയും പല ദേശക്കാരുമായിട്ടുള്ളവര്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യാതെ പോലും ഗോപുരങ്ങള്‍ കെട്ടിപ്പടുക്കുന്നയിടം. അധികാരത്തെ എത്തിപ്പിടിക്കും എന്ന് തോന്നുമ്പോള്‍ ദൈവം നേരിട്ട് ഇടപെട്ട്, ഐക്യത്തെ ചിതറിക്കുന്നയിടം. അതിന്‌ ബാബേല്‍ എന്ന പേരെ ചേരുള്ളൂ. :)

ദേവദാസിന്റെ മികച്ച കഥയല്ല. എന്നാലും വ്യത്യസ്തം.

Devadas V.M. said...

*ബാബേൽ @ മലയാളം വാരിക.*

http://www.malayalamvarikha.com/2013/January/25/story.pdf

Unknown said...

നല്ല ഒരു വായനാനുഭവം കിട്ടി.

 

(c)2009 Devadas V.M [ vm.devadas@gmail.com ]