Thursday, July 29, 2010

എങ്ങനെ കഴിയുന്നെടാ...?


ഇടതുവശത്ത് ഡെന്‍‌സന്‍, ബോധമില്ലാതെ നിലത്തിരിക്കുന്നത് വികാസ് (ഗുട്ടു), വലതുവശത്ത് ഞാന്‍ (അതേ ഞാന്‍ തന്നെ സം‌ശയം വേണ്ട)

1996 - പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ തുടങ്ങിയിട്ട് 2,3 മാസമേ ആയുള്ളൂ എന്ന് തോന്നുന്നു. ശ്രീവ്യാസാ എന്‍.എസ്.എസ് കോളേജിലേക്കുള്ള മലകയറ്റത്തിനിടെ ഇടത്താവളമായ പെട്ടിക്കട. അതിന്റെ മുന്നിലെ വിശ്രമം. വായ്നോട്ടം... കുലുക്കിക്കുത്ത്, പന്നിമലത്ത്, നാടകുത്ത്... വെയ്‌രാജാവെയ്... സകല അഭ്യാസങ്ങളും...

*ഡെന്‍സനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ആറുവര്‍ഷം മുന്നെ ഒരു തിരുവോണത്തിന്റെ അന്ന് കൂട്ടുകാരോടൊത്ത് യാത്ര പോയതാണവന്‍. വാടാനപ്പിള്ളി ബീച്ചിലെ വേലിയേറ്റം ചതിച്ചു. ശ്വാസകോശത്തില്‍ പൂഴിമണല്‍ കയറിയതായിരുന്നു മരണകാരണം. ഓണത്തിന് പിറ്റേന്ന് , പോസ്റ്റുമോര്‍‌ട്ടം കഴിഞ്ഞ അവസ്ഥയില്‍ ആണ് കണ്ടത്.വീടിന്റെ നടുത്തളത്തില്‍ അവന്‍ നീലച്ച് കിടപ്പുണ്ടായിരുന്നു. വെള്ളധരിച്ച് , ഷൂവൊക്കെ ഇട്ട്, പൌഡറിന്റെ മണത്തോടെ... തീരൂര്‍ പള്ളിശ്മശാനത്തില്‍ ആയിരുന്നു അടക്കം ചെയ്തത്. ഇപ്പോഴും വടക്കാഞ്ചേരിയില്‍ നിന്ന് തൃശൂര്‍‌ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ തിരൂര്‍ പള്ളികാണുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കും, നെടുവീര്‍പ്പിടും...സിഗററ്റു വലിക്കാതെ, കള്ളുകുടിക്കാതെ, ആരോടും മിണ്ടാതെ, ഇടതുകൈകൊണ്ട് ബോള്‍ ചെയ്യാതെ... എങ്ങനെ നിനക്ക് ആ കുഴിയില്‍ ഇത്രകാലം കിടക്കാന്‍ പറ്റുമെടാ @$%^@$%$@ ? .. എന്ന് സ്നേഹത്തോടെ തെറിവിളിക്കും :(((


*ചേർ‌ത്തു വായിക്കാവുന്ന മറ്റൊന്ന്
 

(c)2009 Devadas V.M [ vm.devadas@gmail.com ]