Sunday, August 24, 2014

സാമൂഹ്യസംഘർഷങ്ങളുടെ മുന്നറിയിപ്പ്

(ചിത്രത്തിന് കടപ്പാട്: www.nowrunning.com)

വ്യക്തിയും  സമൂഹവും അഥവാ പൗരനും ഭരണകൂടവും തമ്മിലുള്ള ആന്തരിക സംഘർഷത്തിന്റെ കഥയാണ് മുന്നറിയിപ്പിനും പറയാനുള്ളത്. എന്നാലത് അവതരിപ്പിക്കുന്നതാകട്ടെ പതിവ് മട്ടിലല്ല താനും. സ്വാതന്ത്യം, തടവ്, കൊലപാതകം തുടങ്ങി നിയമസംബന്ധിയായ പല വാക്കുകൾക്കും സമൂഹമോ, ഭരണകൂടമോ നിശ്ചയിച്ച നിർവ്വചനത്തെ വകവയ്ക്കാതെ തന്റേതായ വ്യാഖ്യാനങ്ങളും സംഹിതകളും ചമച്ച് ‌തടവറയ്ക്കുള്ളിലെ അവനവനിടത്തിൽ സ്വാസ്ഥ്യം കണ്ടെത്തുന്ന രാഘവനെ ആൾക്കൂട്ടത്തിന് മുന്നിൽ വെളിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നത്. നിസ്സാരനും നിഷ്ക്കളങ്കനുമെന്ന പുറം ഭാവത്തിലുപരിയായി വഴിമുടക്കികളെ ഉന്മൂലനം ചെയ്യാവുനൊരുങ്ങുന്ന ഹിംസാത്മമായൊരു ഉള്ളകം അയാൾ പേറുന്നുണ്ട്. ആ ദ്വന്ദഭാവത്തെ അനാവരണം ചെയ്യാൻ സമൂഹവും, താനതിന് നിന്ന് കൊടുക്കുകയിലെന്ന മട്ടിൽ രാഘവനും ഉടക്കിലാകുന്നു. പ്രശ്നസംബന്ധിയായ കുരുക്കഴിക്കാൻ ശ്രമിക്കുന്നവൾ ഒരേ സമയം ഇടനിലക്കാരിയും ഇരയുമാകുന്നു. ഇടയ്ക്ക് ചിലയിടത്ത് നിഴലിച്ചു കാണുന്ന ചില നാട്യഭാവങ്ങളൊഴിവാക്കിയാൽ ഒരു നല്ല സിനിമയ്ക്കുള്ള ശ്രമം, തിരക്കഥയിലും സംവിധാനത്തിലും ദൃശ്യശബ്ദവിന്യാസങ്ങളിലുമുള്ള കൈയ്യടക്കം, ആദ്യാവസാനം മുറുകി നിൽക്കുന്ന ഉദ്വേഗഭരിതമായ ‌സംഘർഷം, ചെറുതോ വലുതോ ആയി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാരും തന്നെ അഭിനയത്തിൽ മോശമായിട്ടില്ലെന്ന ഗുണം അങ്ങനെയങ്ങനെ ഒരു മികച്ച സിനിമയുടെ എല്ലാ വിധ ലക്ഷണങ്ങളും പ്രകടമാക്കുമ്പോഴും ഒരു വേതാള പ്രശ്നം ബാക്കിയാകുന്നു. ഏതിനും സ്വന്തമായി നിർവ്വചനങ്ങളും ദർശനങ്ങളും ന്യായങ്ങളും നിയമസംഹിതകളുമുള്ള രാഘവന് വഴിമുടക്കികളായവർ, അയാളുടെ ഇരകളാകുന്നവർ എന്തുകൊണ്ട് സ്ത്രീകളാകുന്നു? സ്ത്രീകൾ മാത്രമാകുന്നു? അതുവരെ അവതരിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയ ശ്രമമെല്ലാം അവിടെ വച്ച് പാടേ തകിടം മറയുന്നു. പിന്നങ്ങോട്ട് പുറകിലേയ്ക്ക് ചിന്തിക്കുമ്പോൾ വർഗ്ഗപരമായി താഴേത്തട്ടുകാരായ ആക്രമികൾ സമൂഹത്തിന് വിപത്താണെന്നും, തടവറയ്ക്കൊരിക്കലും മാനസാന്തര സാധ്യതകളില്ലെന്നും, സ്റ്റേറ്റിന്റെ നിയമങ്ങൾ തന്നെയാണ് ശരിയെന്നും, ഇവനൊന്നും ജന്മത്തേയ്ക്ക് സാമൂഹ്യജീവിയാകാൻ സാധ്യമല്ലെന്നുമൊക്കെയുള്ളൊരു ആൾക്കൂട്ട മനശാസ്ത്രത്തിന്റെ ആകുലത പേറുന്ന അദൃശ്യ മുന്നറിയിപ്പ് തിരശ്ശീലയിൽ തെളിയുന്നു. അതുവരെ കണ്ട കാഴ്ചകളിന്മേൽ അത് മങ്ങലേൽപ്പിക്കുന്നു. എന്നാൽ സമൂഹം തങ്ങളുടെ ചെയ്തികളുടെ പഴി മൊത്തത്തിലായി ആൾക്കൂട്ടത്തിൽ തനിയെയുള്ളൊരുവന് മേൽ ചാർത്തിക്കൊടുത്ത്, അവനെ തടവറയിലടച്ച്, സ്വയം ശുദ്ധീകരിച്ച് സുരക്ഷിതമാക്കുന്ന വിധമൊരു ന്യായീകരണത്തിന് തയ്യാറെടുക്കുന്നതാണോ എന്ന സന്ദേഹവും സിനിമ അവശേഷിപ്പിക്കുന്നു. അതിനാൽ തന്നെ തീർച്ചയായും കാണേണ്ട, ചർച്ച ചെയ്യപ്പെടേണ്ട, ധനാത്മക ശ്രമങ്ങളെ അനുമോദിക്കേണ്ട, രാഷ്ട്രീയമായി വിമർശിക്കപ്പെടേണ്ടൊരു സിനിമയാകുന്നു മുന്നറിയിപ്പ്. 


2 comments:

Echmukutty said...

സിനിമ കണ്ടിട്ടില്ല..ഈ കുറിപ്പ് ഫേസ് ബുക്കിലും വായിച്ചു..

ajith said...

നല്ല റിവ്യൂ ആണ് കിട്ടുന്നതെല്ലാം. കാണണം

 

(c)2009 Devadas V.M [ vm.devadas@gmail.com ]