പ്രിയ
ഹോബ്സ്,
വഴിയിൽ
തങ്ങാതെ വരാനിരിക്കുന്ന ഭാവിയെക്കുറിച്ചോർക്കുമ്പോൾ താരതമ്യേന വലിയ കേടുപാടുകളില്ലാത്ത
ഒരു വർഷമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും, അവന്റെ
ബാലാരിഷ്ടതകൾ നൽകുന്ന രക്ഷാകർത്തൃ ആകുലതകളുമായി എന്റെയും ഭാര്യയുടെയും ജീവിതം കുറച്ചു
കൂടി തിരക്കുള്ളതായി മാറിയിരിക്കുന്നു. പപ്പയുടേയും അമ്മയുടേയും ആരോഗ്യം കൂടുതൽ മോശമാകുന്നു.
എങ്കിലും മരുന്നും മന്ത്രവുമൊക്കെയായി അവർ അതിജീവനം നടത്തുന്നു. പ്രശ്നഭരിതമായിരുന്നെങ്കിലും
വലിയ തരക്കേടില്ലാതെ ഈ വർഷത്തെ ഔദ്യോഗിക കാര്യങ്ങളൊക്കെ നടന്നെന്നാണ് കരുതുന്നത്. ഒരു
പുസ്തകം കൂടി പുറത്തിറങ്ങി. മുന്ന് കഥകൾ പ്രസിദ്ധീകരിച്ചു.
അവയ്ക്കെല്ലാം അത്യാവശ്യം ശ്രദ്ധയും പ്രതികരണങ്ങളും
ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരു ഹ്രസ്വചലച്ചിത്രത്തിന് തിരക്കഥയെഴുതി. പാതയിലുപേക്ഷിച്ച
നോവലെഴുത്തിന്റെ ആമയിഴച്ചിലുകൾ മുയൽ വേഗങ്ങളെ തോൽപ്പിക്കാൻ തല വെളിയിലിടുന്നുണ്ട്.
എഴുത്തിഴയുന്നുണ്ടെങ്കിലും, അത് അളവല്ലാത്ത സന്തോഷവും പ്രതീക്ഷയും ഇപ്പോഴും നൽകുന്നുണ്ട്.
വായന താരതമ്യേന കുറവായ വർഷമായിരുന്നെങ്കിലും തേടിപ്പിടിക്കേണ്ടവയെ ആവിധം തന്നെ കണ്ടെത്തുന്നുണ്ട്.
പക്ഷേ, സിനിമ കാണുന്നത് വളരെ കുറഞ്ഞു. അടുത്ത വർഷം അക്കാര്യത്തിലൊരു ശ്രദ്ധക്കൂടുതൽ
കാണിക്കണമെന്നുണ്ട്. അവനവന്റെ ഉള്ളിലേയ്ക്കുള്ള ചുരുങ്ങലിന് ഇരട്ടിവേഗം കൈവന്നിരിക്കുന്നു.
സൗഹൃദസംഭാഷണങ്ങൾ തീരെക്കുറവ്. ഫോൺ വിളികൾ വിരളം. നീക്കിവയ്ക്കാൻ സമയമില്ലാത്തതിനാൽ
പല ചർച്ചാക്കൂട്ടങ്ങളിൽ നിന്നും വിട്ടു മാറിയെങ്കിലും ഇടപെടാൻ കഴിയുന്നിടത്ത് സൗകര്യം
പോലെ അത് ചെയ്യാറുമുണ്ട്. ഒന്നും കൃത്യമായെടുക്കുന്ന തീരുമാനങ്ങളല്ല, മറിച്ച് അവനവൻ
ചുരുങ്ങലിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. എങ്കിലും ഒരു വിളിപ്പുറത്ത് അവരെല്ലാവരുമുണ്ട്,
ഞാനത്രയകലെയൊന്നുമല്ല എന്നൊരു തോന്നലുണ്ട്. ജീവിക്കുന്ന രാജ്യത്തിന്റേയും സമൂഹത്തിന്റേയും
രാഷ്ട്രീയവും മനോനിലകളും കൂടുതൽ ഭീതിതവും പ്രാകൃതവുമാകുന്ന നാളുകളിലൂടെയാണ് കടന്നു
പോകുന്നത്. അത്തരം ആകുലതകളെ തെല്ലൊന്ന് സാന്ത്വനപ്പെടുത്താനെന്നോണം
ഒറ്റയ്ക്കും തെറ്റയ്ക്കുമായി ജനം തെരുവിലിറങ്ങി പ്രതികരിക്കുന്നുണ്ട്. ദുരൂഹവും വിദൂരവുമെന്ന് ഒരിക്കൽ കരുതിയിരുന്ന ഭാവികാലം… അതിങ്ങ് തൊട്ടുമുന്നിലെ വർത്തമാന നിമിഷമാകുമ്പോൾ സംഭവിക്കുന്ന പരിഭ്രാന്തികൾക്ക്
മറു മരുന്നായി പ്രതീക്ഷയല്ലാതെ മറ്റെന്താണ് കൈമുതലായുള്ളത്. ഞാൻ മനുഷ്യരോട്, യന്ത്രങ്ങളോട്,
ഭാവിയോട് എല്ലാം കൂടുതൽ കൂടുതൽ പ്രതീക്ഷയോടെ തന്നെ പെരുമാറാൻ തന്നെ തീരുമാനിച്ചിരിക്കുന്നു.
പുതുവത്സരാശംസകൾ.
സസ്നേഹം…
ദേവദാസ് വി.എം
ദേവദാസ് വി.എം
2 comments:
കൂടുതല്‍ പ്രതീക്ഷയോടെ....!!
ആശംസകള്‍.
(ഇന്ന് ശലഭജീവിതത്തെപ്പറ്റി മാധ്യമം പത്രത്തില്‍ 2014 മലയാളപുസ്തകങ്ങളെപ്പറ്റിയുള്ള ലേഖനത്തില്‍ വായിച്ചിരുന്നു. സന്തോഷം)
ശലഭജീവിതങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു........
പുതുവത്സരാശംസകള്‍.
Post a Comment