Friday, August 3, 2012

സ്വാഭാവികമായ കാരണങ്ങളാല്‍ മരിക്കുന്നവര്‍

 കൊച്ച് മരിച്ചു; അല്ല ആത്മഹത്യ ചെയ്തു. ഇത്രയേറെ ഉത്സാഹവാനായ ചെറുപ്പക്കാരനെ കാണാന്‍ പ്രയാസം. പല തൊഴിലുകളെടുത്ത് ജീവിതം മുന്നോട്ടു നയിക്കുന്നവന്‍. ആരേയും കൂസാത്തവന്‍. മദ്യപിച്ചാല്‍ മാത്രം അല്‍പം പ്രശ്നക്കാരനാകുമെന്നതൊഴിച്ചാല്‍ (അതും വളരെ അടുപ്പമുള്ളവരൊട് മാത്രം) ഇത്രയേറെ ചുറുചുറുക്കും, ആത്മാര്‍ത്ഥതയും, നിറഞ്ഞ ചിരിയുമുള്ളവനെ കാണാന്‍ പ്രയാസം. ചെന്നൈയിലെ ഒരു മലയാളി റെസ്റ്റോറന്റില്‍ വച്ചാണ് പരിചയപ്പെടുന്നത്. തുടക്കത്തില്‍ രതീഷെന്നു വിളിച്ചപ്പോഴൊക്കെ "ദേവേട്ടനെന്നെ കൊച്ചെന്നു വിളിച്ചാല്‍ മതി"യെന്നു തിരുത്തിയത് അവന്‍ തന്നെയാണ്. സമപ്രായക്കാരനായിരുന്ന എന്നെ "ഏട്ടാ' ചേര്‍ത്തു വിളിക്കരുതെന്നു പറഞ്ഞിട്ടും ‌‌അനുസരിച്ചിരുന്നില്ല. (അതിനും കൂടെ ചേര്‍ത്ത് കള്ളു കുടിക്കുന്ന സമയത്ത് മുട്ടന്‍ തെറിയും വിളിക്കും) വയനാട്ടുകാരനായിരുന്നു. മലബാര്‍ ഏരിയായില്‍ ഒട്ടുമിക്ക സ്ഥലത്തും ജോലി ചെയ്തിട്ടുണ്ട്. ഡ്രൈവര്‍, പ്ലമ്പര്‍, കച്ചവടം,കോഴിവളര്‍ത്തല്‍, കൃഷി... തുടങ്ങി അവനില്ലാത്ത ഏര്‍പ്പാടുകളില്ലായിരുന്നു. റെസ്റ്റോറന്റിലെ സപ്ലയര്‍ വേഷത്തിലാണ് എനിക്കു പരിചയം. കള്ളുകുടിച്ചാല്‍ നിര്‍ത്താതെ പാട്ടു പാടുന്നവന്‍, എങ്ങാനും നിര്‍ത്തുമ്പോള്‍ സ്നേഹത്തോടെ തെറിവിളിക്കുന്നവന്‍. മുതലാളിയെ കൂസാത്തവന്‍. എന്തെങ്കിലും ‌‌ഉടക്കുണ്ടായാല്‍ "എനിക്കു കിളക്കാനറിയാം, നാട്ടില്‍ പറമ്പുണ്ട് ഒരു -----ന്റേയും ഔദാര്യം വേണ്ടാ"യെന്നു കയര്‍ത്തു കട്ടായം പറയുന്നവന്‍. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍പക്കക്കാരുമായി വഴക്കു മൂത്ത് തല്ലുംപിടിയുമായപ്പോള്‍ നാട്ടില്‍ നിന്ന് മാറി നില്‍ക്കാനാണ് ചെന്നൈയില്‍ വന്നത്. ഇപ്പോള്‍ കണ്ണൂര് എന്തോ കോണ്ട്റാക്റ്റ് ജോലി ചെയ്യുകയായിരുന്നു. എല്ലാ വാരാന്ത്യത്തിലും നാട്ടിലെത്തി കൂട്ടുകാരോടൊന്നിച്ചു കൂടി അല്‍പം മദ്യപിച്ചു വീട്ടിലേയ്ക്കു മടങ്ങാറുണ്ടായിരുന്ന പതിവു തെറ്റിച്ചില്ല. പക്ഷേ ഇത്തവണ കക്ഷി വീട്ടിലെത്തിയില്ലെന്നു മാത്രം. വയനാടന്‍ കാടുകളുടെ അരികു പ്രദേശത്തെവിടേയ്ക്കൊ നടന്നു ചെന്ന് ഉടുമുണ്ടില്‍ തൂങ്ങി. ചെന്നൈയിലെ കടുത്ത ചൂടിലും റൂമിനകത്ത് ഷര്‍ട്ടഴിച്ചിടാന്‍ പോലും നാണിക്കുന്നവനാണ്. മുണ്ടു മടക്കിക്കുത്തിയാല്‍ മുട്ടിനു മുകളില്‍ വരുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നാലഞ്ചു തവണ താഴേക്കു പിടിച്ചു വലിച്ചിറക്കുന്നവനാണ് അടിവസ്ത്ര പ്രദര്‍ശനം നടത്തി ഉടുമുണ്ടില്‍ തൂങ്ങിയാടിയത്. "ദേവേട്ടാ നിങ്ങളാള് ശരിയല്ല മനുഷ്യന്‍ ഇങ്ങനെ ഒറ്റയ്ക്, മുറിയില്‍ ഒരാളു പോലും ഇല്ലാതെ കുറെക്കാലം കഴിയരുത്. മനസ്സു മടുത്തു പോകു"മെന്ന് ഉപദേശിക്കാറുണ്ടായിരുന്നവനാണ്. "എനിക്കെന്തെങ്കിലും പ്രശ്നം വന്നാല്‍ ബൈക്കുമെടുത്ത് കുറേ ദൂരം സ്പീഡിലൊരു കറക്കം കറങ്ങും. 80ന് മുകളില്‍ പോകുമ്പോള്‍ ചെറിയൊരു പേടി തോന്നും. നൂറിനോടടുക്കുമ്പോള്‍ പണ്ടാരം എവിടെയെങ്കിലും ഇടിച്ച് ചത്താലോയെന്ന് പേടിച്ച് സ്പീഡു കുറയ്ക്കും. സ്വന്തം ചാവ് മുന്നില്‍ കാണുമ്പോള്‍ മറ്റുള്ള പ്രശ്നങ്ങളൊക്കെ എത്ര ചെറുതാണെന്നു തോന്നുമെ"ന്നു ലളിതവത്ക്കരണം നടത്താറുള്ളവനാണ് ഒരു രാത്രി മുഴുവന്‍ മഴ നനഞ്ഞ്, വയനാടന്‍ കാറ്റടിച്ച് ഉടുമുണ്ടില്‍ തൂങ്ങി വിറങ്ങലിച്ചു കിടന്നത്. അവന്റെ സുഹൃത്തുക്കളാണ് എന്നെ വിവരം വിളിച്ചു പറഞ്ഞത്. വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ‌‌എന്തു സഹായവും ഏതു നേരത്തും ചെയ്യാന്‍ മടിയില്ലാത്തവന്റെ മരണകാരണം അവര്‍ക്കാര്‍ക്കും അറിയില്ലെന്നതാണ് അവന്റെ മരണത്തെ തീര്‍ത്തും സ്വാഭാവികമാക്കി മാറ്റുന്നത്. അല്ലെങ്കില്‍ തന്നെ മരിക്കാന്‍ മനുഷ്യനെന്തിനാണ് ഒരു കാരണം ?
*സ്വാഭാവികമായ കാരണങ്ങളാല്‍ മരിക്കുന്നവര്‍:
യുദ്ധം, രോഗം, അപകടങ്ങള്‍... എന്തിനേറെ സഞ്ചരിച്ചിരുന്ന പ്ലെയില്‍ തകര്‍ന്നിട്ടു പോലും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട ഏണസ്റ്റ് ഹെമിംഗ്‌‌വേ സ്വയം വെടി വെച്ചു മരിച്ചപ്പോള്‍ മാര്‍ക്വേസ് എഴുതിയ പത്രക്കുറിപ്പിന്റെ തലക്കെട്ട്.

4 comments:

ajith said...

ചിലര്‍ അങ്ങനെയാണ്.
ഒരു ഊഹത്തിന് പോലും അവസരം കൊടുക്കാതെ ഒടുങ്ങിക്കളയും

Vivek said...
This comment has been removed by the author.
Vivek said...

വിവരണത്തില്‍ ഫിക്ഷന്‍ മണക്കുന്നു.അസൂയ തോന്നുന്ന മരണ കുറിപ്പ്. ഈ കാലത്ത് ഒക്കെ മരക്കൊമ്പില്‍ തൂങ്ങിയും കിണറ്റില്‍ ചാടിയും ആത്മഹത്യ ചെയ്യാന്‍ ആഗ്രഹം ഉള്ളവരെ പരിചയം ഉള്ളവരോട് പോലും ലേശം ബഹുമാനം തോന്നാറുണ്ട്. മനസ്സില്‍ നൊസ്റ്റാള്‍ജിയ സൂക്ഷിക്കുന്നവരാണ് അവര്‍ :)
തൂങ്ങി മരിക്കുന്നവര്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഭൂമിയില്‍ നിന്നും ഉയര്‍ന്നു പോങ്ങുന്നവരും, ഉയരങ്ങളില്‍ നിന്നും ചാടി മരിക്കുന്നവര്‍ ഇച്ഛഭംഗം സംഭവിച്ചവരും,
നിറയൊഴിച്ചു മരിക്കുന്നവര്‍ വിഷാദ രോഗികളും, വിഷം കഴിച്ചു മരിക്കുന്നവര്‍ ഭീരുക്കളും ആണെന്ന് ഒരു വിഡ്ഢി ചിന്ത തോന്നിയിട്ടുണ്ട് :)
സ്വാഭാവികമായി മരണത്തിലേക്ക് വളരുന്ന മനുഷ്യന് ജീവിക്കാന്‍, ഇങ്ങനെ ഓരോ ദിവസവും ജീവിച്ചു കൊണ്ടിരിക്കാന്‍, അല്ലെ കാരണം വേണ്ടത് എന്ന ചോദ്യം രസകരമാണ് .

Unknown said...
This comment has been removed by the author.
 

(c)2009 Devadas V.M [ vm.devadas@gmail.com ]