Wednesday, July 25, 2012

ഇരുട്ടിന്റെ ആത്മാവ്

വേലായുധന്റെ പിടയും, പിഴയും  ഇല്ലെങ്കില്‍ മുള്ളന്‍കൊല്ലിയില്‍ അരാജകത്വം  നടമാടും. അതിനാല്‍ അടികലശലില്‍ പരിക്കേറ്റു കിടക്കുന്ന വേലായുധന്‍ ‌‌"എത്രയും  പെട്ടെന്ന് മുള്ളന്‍കൊല്ലിയുടെ പ്രഖ്യാപിത ഗുണ്ടയായി കമ്മറ്റിയാപ്പീസില്‍ ബന്ധപ്പെടേണ്ടതാണെ"ന്ന മൈക്ക് അറിയിപ്പു തന്നെയാണ് The Dark Knight Risesലൂടെ നോളനും പറഞ്ഞു വയ്ക്കുന്നത്. ജനാധിപത്യത്തിനു വേണ്ടി ബലിയാടായ ഡാര്‍ക്ക് നൈറ്റിന് വീണ്ടും ജീവബലി നല്‍കുന്ന ഹീറോ ആയി അവതരിക്കേണ്ടിയിരിക്കുന്നു. Dark Knight, ജോക്കര്‍ എന്നിവയിന്മേലുള്ള അമിത പ്രതീക്ഷയോടെ സമീപിച്ചാല്‍ ഇത്തവണ അല്‍പ്പം  നിരാശപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല കുറ്റകൃത്യത്തിന്റെ പുറകിലെ ഫിലോസഫി, ബുദ്ധി വൈഭവം, ചടുലമായ നീക്കങ്ങള്‍ എന്നിവയില്‍ ജോക്കറിനോടു താരതമ്യമില്ലാത്ത വിധം  വെറുമൊരു റിംഗ് റെസ്ലറുടെ ബുദ്ധിയും , ശരീര ചേഷ്ടകളുമൊള്ളൊരു മല്ലനെയാണ് എതിരാളിയായി ബാറ്റ്മാനു കിട്ടുന്നതും. വലിയ ശരീരമുള്ളൊരു ഫാസ്റ്റ് ബൗളര്‍ പവലിയന്‍ എന്റില്‍ നിന്ന് ആഞ്ഞു കുതിച്ചോടി വന്ന് ഒരു സ്ലോബോള്‍ എറിഞ്ഞാല്‍ , തന്ത്രപ്രധാനിയായ "ബാറ്റ്‌‌സ്‌‌മാന്‍‌‌" ആ വരവിലൊരു പത്തിരുപതു ഷോട്ടുകള്‍ പ്ലാന്‍ ചെയ്ത് ഒടുക്കം  'അയ്യേ'യെന്നു അന്തിച്ചു നില്‍ക്കുന്നതുപോലെ 'ബാറ്റ്‌‌മാനും' പെരുമാറേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എതിരാളിയുടെ നിലവാരത്തിലേയ്ക്ക് ബാറ്റ്മാനും താഴേണ്ടി വരുന്നു. എന്നാല്‍ കെട്ടുകഥകളിലെ അമാനുഷികതയോടെ താന്‍ കേട്ടറിഞ്ഞ അത്ഭുതമല്ല എതിരാളിയെന്ന് തിരിച്ചറിയുന്നിടത്ത് മാത്രമാണ് അമളി പിണഞ്ഞ ബാറ്റ്മാന്‍ പൂര്‍ണ്ണമായും ഡാര്‍ക്ക് നൈറ്റ് ആയി മാറുന്നത്. റോമന്‍ കൊളോസിയത്തിന്റെ ‌ അഡ്രിനാലിന്‍ അന്തരീക്ഷം മുതല്‍ കൃസ്തുവിന്റെ പീഡാനുഭവങ്ങള്‍ വരെയുള്ള രൂപകങ്ങള്‍ സിനിമയില്‍ ഒളിഞ്ഞും , മറിഞ്ഞും വരുന്നുണ്ട്. ബാറ്റ്മാനില്ലാത്ത , അരാജകത്വം നടമാടുന്ന ഗോഥത്തിന്റെ നഗരനിയന്ത്രണം റോബിന്‍ ‌‌ഏറ്റെടുക്കുന്നൊരു ഫാന്റസി വളരെ *വ്യക്തിപരതയിലൂന്നിയുള്ള അസ്വാദനമായതുകൊണ്ട് തന്നെ സിനിമ കണ്ടിരിക്കാന്‍ പറ്റി. അല്ലാത്തവര്‍ക്ക് ചിലപ്പോള്‍ നിരാശപ്പെടേണ്ടി വന്നേയ്ക്കാം .
After all it is a movie based on comic ; and every one is a child who adore his/her hero :)


* പന്നിവേട്ടയിൽ ബാറ്റ്മാനെ പരാമർശിക്കുന്ന ഭാഗങ്ങൾ
#1
XDIPUS ആണ് കഥ പറയുന്നതെന്നിരിക്കട്ടെ, ബാറ്റ്മാനെ നഷ്ടപ്പെട്ട ‘ഗോഥം’ നഗരത്തിന്റേതു പോലെ ഫാന്റസി നിറഞ്ഞ ഒരു നഗരവിവരണം മാത്രമായിരിക്കും ലഭിച്ചേക്കുക.
#2
ഞാൻ എല്ലായ്പ്പോഴും കഥകളിലെ വില്ലന്റേയോ, ഗുണ്ടകളുടേയോ പക്ഷത്തായിരുന്നു. അതുകൊണ്ടു തന്നെയാണ് അതിമാനുഷരായ കാർട്ടൂൺ ഹീറോകളെ ഞാൻ വെറുക്കുന്നത്. എനിക്ക് അൽപ്പമെങ്കിലും താൽപ്പര്യമുണ്ടായിരുന്നത് ബാറ്റ്മാൻ സീരീസിലായിരുന്നു. കാരണം ബാറ്റ്മാന് അതിമാനുഷ സിദ്ധികളൊന്നും തന്നെയില്ലല്ലോ. കയ്യിൽ നിന്നും പശിമയുള്ള നൂൽനൂൽത്ത് വല നെയ്യാത്ത, മുഷ്ടി ചുരുട്ടി ആകാശത്തിലൂടെ പറന്നുനടക്കാത്ത, മാന്ത്രികത്തൊപ്പിയും വടിയുമില്ലാത്ത ബാറ്റ്മാനെ എന്നെങ്കിലും ഒരിക്കൽ കീഴ്പ്പെടുത്താമെന്നും ഗോഥം നഗരം പിടിച്ചെടുക്കാമെന്നും സ്വപ്നം കണ്ടാണ് ഞാൻ ഓരോ ദിവസവും മയങ്ങാറുള്ളത്. നു
#3
അമിതവേഗതയിൽ സഞ്ചരിക്കുന്ന ബൈക്കിലിരുന്ന് അയാൾ ഏറ്റു പറയുന്ന വാക്കുകൾ കാറ്റിലും, നഗര ബഹളങ്ങളിലും മുറിയുന്നുണ്ടെങ്കിലും അതെല്ലാം കേട്ട് ഞാൻ ഉള്ളാലെ ചിരിക്കും. അത്തരം യാത്രകളിൽ ഞാൻ കൊച്ചിയെ മറ്റൊരു ഗോഥം നഗരമായും, DDIPUSനെ ബാറ്റ്മാന്റെ രൂപത്തിലും സങ്കൽപ്പിക്കും.  ഞാൻ റോബിൻ ആണെന്നും, ബാറ്റ്മാൻ അപ്രത്യക്ഷനാകുന്ന ഒരുദിവസം അനാഥമാകുന്ന ഗോഥം നഗരത്തിന്റെ രക്ഷകനായി മാറുമെന്നും കരുതിപ്പോന്നു.

0 comments:

 

(c)2009 Devadas V.M [ vm.devadas@gmail.com ]