Monday, July 2, 2012

അവന്‍ തീവ്രവാദി തന്നെ!

മലയാള സിനിമയയേയും, സംഗീതത്തേയും രക്ഷപ്പെടുത്താന്‍ ‌ഇതാ പൈറസി തടയാനൊരു രക്ഷകന്‍  എന്ന മട്ടിലൊരു വാര്‍ത്ത മാതൃഭൂമിയില്‍ കാണാം.
Link : http://www.mathrubhumi.com/movies/web_special/282465/#storycontent
കൊച്ചിയിലെ ജാദു ടെക് സൊലൂഷന്‍സ് വികസിപ്പിച്ച 'ഏജന്റ് ജാദു' എന്നൊരു സോഫ്‌റ്റ്‌വെയറിനെക്കുറിച്ചാണ് ‌വാര്‍ത്തയില്‍ ‌പറഞ്ഞിരിക്കുന്നത്. ഇതുവഴി റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍‌ പകര്‍പ്പാവകാശമുള്ള പ്രസ്തുത  വീഡിയോ ലോകത്തെവിടെ നിന്നെങ്കിലും അപ്‌ലോഡു ചെയ്താലോ, ഡൗണ്‍ലോഡു ചെയ്താലോ അത് തിരിച്ചറിയാനാകുമത്രേ. അതു കൂടാതെ ഇത്തരം വീഡീയോകള്‍ ഇന്റര്‍നെറ്റില്‍ കയറ്റുന്നവരേയും, അതു കാണുന്നവരേയുമെല്ലാം ഐപി വിലാസം വഴി കണ്ടെത്താമെന്നും, ഗൂഗിളിന്റെ ഭൂപട സഹായി വഴി അവരുടെ സ്ഥലവിവരങ്ങള്‍ ശേഖരിക്കാമെന്നും സോ‌ഫ്റ്റ്‌വെയര്‍ കമ്പനിക്കാര്‍ അവകാശമുന്നയിക്കുന്നു. ഐപി കബളിപ്പിക്കലുകളും, അനോണിമസ് ഇടപെടലുകളും, ഐപി2ലോക്കേഷന്‍ സാങ്കേതികതയിലെ പിഴവും  ഒക്കെ നില‌‌നില്‍ക്കേ ഇന്റര്‍നെറ്റിലെ പൈറസി തടയാന്‍ ഹോളീവുഡിലെ കൊലകൊമ്പന്‍‌ സിനിമാക്കമ്പനികള്‍ക്കു പോലും കഴിയുന്നില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോളാണ് പൊടിപ്പും തൊങ്ങലും ചേര്‍ന്ന ഈ വാര്‍ത്ത വരുന്നത്.

അതൊക്കെ  അവിടെ നില്‍ക്കട്ടേ, ഇവിടെ വീഡിയോ പൈറസിയല്ല വിഷയം. പ്രസ്തുത സോഫ്റ്റ്‌വെയറിന്റെ പരിചയപ്പെടുത്തലിനായി ചിലര്‍‌ നമ്മുടെ സിനിമാ മന്ത്രി ‌കെ.ബി. ഗണേഷ്‌കുമാറിന്റെ വീട്ടിലെത്തുന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ 'ജാദു'വിന്റെ പരീക്ഷണം നടത്തുന്നു. അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും അതിര്‍ത്തിയിലുള്ള ഒരു പട്ടണത്തിലിരുന്ന് ഒരാള്‍ പത്തനംതിട്ടയിലെ 'ഗവി' എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ 'ഓര്‍ഡിനറി' എന്ന സിനിമ കാണുന്നുവെന്ന് ‌തിരിച്ചറിഞ്ഞ മന്ത്രി ഞെട്ടുന്നു. സിനിമാ പൈറസി എന്ന വിഷയത്തിലല്ല മന്ത്രി ഞെട്ടിയത്. മതിയായ ദൃശ്യ-ശബ്ദ വ്യക്തതയില്ലാത്ത ആ സിനിമ കാണുന്നയാള്‍ "അല്‍ഖ്വെയ്ദയ്ക്ക് വേണ്ടി കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട ഒരാളാണെങ്കിലോ...'' എന്നതാകുന്നു മന്ത്രിയുടെ സംശയം. ഉടനെത്തന്നെ ഐപി വിലാസം, സ്ഥലവിവരമെന്നിവ ആന്റി പൈറസി സെല്‍ എസ്.പി രാജ്പാല്‍ മീണ വഴി രാജ്യാന്തര കുറ്റാനേഷണ ഏജന്‍സിയായ ഇന്റര്‍പോളിനു കൈമാറുന്നു. മന്ത്രിയുടെ കാര്യപ്രാപ്തിയില്‍ എല്ലാവര്‍ക്കും ‌മതിപ്പു തോന്നേണ്ട കാര്യമാണ്. എന്നാല്‍ അതിനായി കൈയ്യടിക്കുന്നതിനു മുന്നെ മറ്റു ചിലതു കൂടി അറിയേണ്ടതുണ്ട്. അഫ്ഗാനിലോ, പാക്കിസ്ഥാനിലോ ഉള്ള ഇന്ത്യന്‍/മലയാളി എന്നു കേട്ടാലേ "അവന്‍ ‌തീവ്രവാദി തന്നെ" എന്നാദ്യം സംശയിക്കുന്ന മന്ത്രിയുടെ മനോനിലയുടെ പേരു വേറെയാണ്.

ദുബായിലേക്കാണെന്നും പറഞ്ഞു പറ്റിച്ച് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പട്ടാളക്യാമ്പുകളിലെത്തിച്ച് നിര്‍ബന്ധിതമായി തൊഴിലെടുക്കുന്ന നാലായിരത്തോളം ഇന്ത്യക്കാരെപ്പറ്റി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍‌ വാര്‍ത്തകളുണ്ടായിരുന്നു. ചെന്നൈ കേന്ദ്രമായുള്ള ഒരു റിക്രൂട്ടിങ് ഏജന്‍സിയാണ് ഇവരെ കബളിപ്പിച്ച് അഫ്ഗാനിസ്ഥാനിലെത്തിച്ചത്. ഇവരില്‍ മൂവ്വായിരത്തോളം പേര്‍‌  മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ നോര്‍ക്ക വകുപ്പുമന്ത്രി കെ.സി. ജോസഫ് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് കത്തയച്ചു. തുടര്‍ന്ന് ഇ അഹമ്മദിന് പ്രസ്താവനയിറക്കേണ്ടി വന്നു. അവിടെയുള്ള മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യന്‍ എംബസിയ്ക്കോ, കോണ്‍സുലെറ്റിനോ ‌പരാതി ലഭിച്ചിട്ടില്ല. ‌വിവരങ്ങള്‍‌ അന്വേഷിച്ച ശേഷം ‌നടപടി സ്വീകരിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ അഭിപ്രായം. അതിനു ശേഷം നടപടികള്‍ സ്വീകരിച്ചതായോ, അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ പട്ടാളക്ക്യാമ്പില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ തിരിച്ചെത്തിയോ എന്നൊന്നും വാര്‍ത്തകള്‍ കണ്ടിരുന്നില്ല. ‌‌ ഓര്‍ഡിനറി എന്ന സിനിമ കാണുന്ന അഫ്‌ഗാനിസ്ഥാനിലെ ഐപി വിലാസമുള്ള ആ മലയാളി അല്‍ഖ്വെയ്ദക്കാരനാണെന്ന് സംശയിച്ച് ഇന്റര്‍പോളിന് വിവരം ‌നല്‍കുന്നതിനു മുമ്പായി അഹമ്മദ് ‌സാഹിബിനെ വിളിച്ച ശേഷം അമേരിക്കന്‍ പട്ടാളക്ക്യാമ്പില്‍ കുടുങ്ങിയ മലയാളികള്‍ നാളിതുവരെ നാട്ടില്‍ തിരിച്ചെത്തിയോ എന്ന് ‌ ഗണേഷ് ‌കുമാറിന് തിരക്കാമായിരുന്നു. ചിലപ്പോള്‍ അക്കൂട്ടത്തില്‍ ഏതെങ്കിലും പാവപ്പെട്ടന്‍ ‌ മനസു മുരടിക്കാതിരിക്കാന്‍ അല്‍പം വിനോദത്തിനായി ഒരു മലയാള സിനിമ ഡൗണ്‍ലോഡു ചെയ്തു കാണുന്നതായിരിക്കും സാര്‍!

5 comments:

ajith said...

...സ്ഥാന്‍ ആണോ എങ്കില്‍ സംഗതി തീവ്രം തന്നെയെന്ന് പറയണം സര്‍. അല്ലെങ്കില്‍ പണി പാളും

സഞ്ചാരി said...

മനോരമയും,മാത്രുഭൂമിയും മറ്റും നമ്മളൊക്കെ വിഡ്ഡികളാക്കാൺ തുടങ്ങിയിട് എത്ര നാളായി.
പിന്നെ മന്ത്രിയാവുമ്പോൾ അതിന്റെ ജാഡ്യൊക്കെ വേണ്ടെ.

സഞ്ചാരി said...

മനോരമയും,മാത്രുഭൂമിയും മറ്റും നമ്മളൊക്കെ വിഡ്ഡികളാക്കാൺ തുടങ്ങിയിട് എത്ര നാളായി.
പിന്നെ മന്ത്രിയാവുമ്പോൾ അതിന്റെ ജാഡ്യൊക്കെ വേണ്ടെ.

Unknown said...

പാക്കിസ്ഥാനിലും ഉത്തരകൊറിയയിലും ഔദ്യോഗികമായി ഇന്ത്യൻ പ്രവാസി ഇല്ല ( രേഖകളില്ലാത്ത പഴയ ആളുകൾ കണ്ടേക്കാം). ആ സ്ഥിതിക്ക് മുൻകാല അനുഭവങ്ങൾ വച്ച് അങ്ങിനെ ചിന്തിക്കുന്നതിൽ തെറ്റില്ല.

അഫ്ഗാനിസ്ഥാനിൽ കുറച്ച് പേർ കാണുമായിരിക്കും, പക്ഷേ പൈറസി എന്ത് തന്നെയായാലും തെറ്റു തെറ്റു തന്നെയാണു.

പിന്നെ സോഫ്റ്റ്‌വെയർ കണ്ട് പിടിച്ചത് തെറ്റാവനേ വഴി ഉള്ളു... അതൊക്കെ ഏതെങ്കിലും പ്രോക്സി വഴി ആക്സസ് ചെയ്തതാവാം.

Admin said...

കൊള്ളാം..

 

(c)2009 Devadas V.M [ vm.devadas@gmail.com ]