Thursday, July 12, 2012

ജ്യോനവന്റെ പൊട്ടക്കലം പുസ്തകമാകുന്നു.


ഒന്നു രണ്ടു തവണ ചാറ്റു ചെയ്തിട്ടുണ്ട്. കവിതയുടെ ലിങ്കുകള്‍ ‌‌പങ്കു വച്ചുകൊണ്ട് നാലഞ്ച് മെയിലുകള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പൊട്ടക്കലത്തില്‍ പോസ്റ്റു ചെയ്യുന്ന കവിതകള്‍ എത്തി നോക്കാറുണ്ട്. ചിലപ്പോഴൊക്കെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ടിപി വിനോദിന്റെ പുസ്തക പ്രകാശനത്തിനു വച്ച് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും നേരിട്ടൊരിക്കലും കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പിന്നീടൊരു വാഹനാപകടത്തിന്റെ കടുത്ത സാധ്യതയില്‍ കവിതയും ജീവിതയും പാതിയില്‍ നിര്‍ത്തി ജ്യോനവന്‍ കടന്നു കളഞ്ഞു. ജ്യോനവനുമായി എനിക്കിത്രയേ പരിചയവും, സമ്പര്‍ക്കവുമുണ്ടായിരുന്നുള്ളൂ. അപകടം സംഭവിച്ച് കോമയിലായ ശേഷമാണ് ജ്യോനവന്റെ  ശരിയായ പേര് നവീന്‍ ജോര്‍ജ്ജ് എന്നാണെന്നു പോലും അറിയാന്‍ കഴിഞ്ഞത്. അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ അത് സംഭവിക്കുക തന്നെ ചെയ്തു. പൊട്ടക്കലം എന്ന പേരില്‍ ജ്യോനവന്റെ കവിതാ സമാഹാരം ഇറക്കുന്നതിന്റെ ഭാഗമായി കവിതകളുടെ തിരഞ്ഞെടുപ്പ് നടത്താന്‍ കവിക്കൂട്ടത്തിന് കവിതകള്‍ അയച്ചു കൊടുക്കുക, തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ച കവിതകള്‍ വീണ്ടും വായിക്കുക, വിശാഖ് ശങ്കര്‍ എഴുതിയ പഠനം, പി‌‌എന്‍ ഗോപീകൃഷ്ണന്റെ അവതാരിക എന്നിവയിലൂടെ ലഭിച്ച പുതിയ അറിവുകളുടെ തെളിച്ചത്തില്‍ വീണ്ടും ജ്യോനവനെ അടുത്തറിയുക, പുസ്തക സാക്ഷാത്ക്കാരത്തിനുള്ള ശ്രമങ്ങളില്‍ ചെറിയതായെങ്കിലുമുള്ള പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവ വഴി ജ്യോനവന്റെ മരണ ശേഷമാണ് കവിയിലേ‌‌യ്ക്ക്,  കവിതകളിലേയ്ക്ക് കൂടുതല്‍ ‌‌അടുത്തത്. ജ്യോനവന്റെ പുസ്തകം ഇറക്കുകയെന്നത് ബുക്ക് റിപ്പബ്ലിക് വളരെ നേരത്തേ‌ എടുത്ത ഒരു തീരുമാനമായിരുന്നു. എന്നാല്‍ മറ്റു ചില പ്രസാധകര്‍ വഴി പുസ്തകമിറങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം, വികേന്ദ്രീകൃതമായ സമാന്തര സംഘടനയുടെ പരിമിതികള്‍, അംഗങ്ങളുടെ തിരക്കുകള്‍, മറ്റു സാങ്കേതിക തടസ്സങ്ങള്‍ അങ്ങനെയങ്ങനെ ഒരുപാടു കാരണങ്ങളാല്‍ അതങ്ങ് നീണ്ടു പോയി. എന്നാല്‍ സഹൃദയരായ ഒരു കൂട്ടത്തിന്റെ ശ്രമഫലമായി ഇപ്പോള്‍ അത് സാധ്യമാവുകയാണ്. 21/ജൂലൈ/2012 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് കോഴിക്കോടുവച്ച് മാനാഞ്ചിറയ്ക്കടുത്തുള്ള സ്പോര്‍ട്ട്സ് കൗണ്‍സില്‍ ഹാളിലാണ് പ്രകാശനം. ജ്യോനവനെ ഓര്‍മ്മിക്കുന്ന, പൊട്ടക്കലത്തിലെ കവിതകളെ  സ്നേഹിക്കുന്ന ഒരുപാടുപേര്‍ അന്നവിടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

സസ്നേഹം...

3 comments:

Devadas V.M. said...

പൊട്ടക്കലം - 21/ജൂലൈ/2012 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് കോഴിക്കോടുവച്ച് മാനാഞ്ചിറയ്ക്കടുത്തുള്ള സ്പോര്‍ട്ട്സ് കൗണ്‍സില്‍ ഹാളിലാണ് പ്രകാശനം. ജ്യോനവനെ സ്നേഹിക്കുന്ന, പൊട്ടക്കലത്തിലെ കവിതകളെ ഓര്‍മ്മിക്കുന്ന ഒരുപാടുപേര്‍ അന്നവിടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

Rajesh Karakodan said...

നല്ല ഉദ്യമം ....എല്ലാ ആശംസകളും ...വരാന്‍ സാധിക്കില്ല ..:(

Unknown said...

ജ്യോനവനെ എത്രയോ പേര്‍ സ്നേഹിച്ചിരുന്നു എന്നത് സ്വന്തം മരണത്തിലൂടെ കാണിച്ചു കൊടുക്കുന്നു

 

(c)2009 Devadas V.M [ vm.devadas@gmail.com ]