Monday, June 28, 2010

രാവണൻ ഒരു രാഷ്ട്രീയ സിനിമ.


(C)  http://3.bp.blogspot.com

മണിരത്നം വളരെ ബുദ്ധിമാനാണ് എന്നു വേണം കരുതാന്‍. മാഫിയാ സംഘങ്ങളുടെ വളര്‍ച്ച , കശ്മീര്‍ തീവ്രവാദം, ബാബറിമസ്ജിദ് തകര്‍ന്നതിനു ശേഷമുള്ള വര്‍ഗീയഭീകരത,  ശ്രീലങ്കന്‍ തമിഴ്പുലി തീവ്രവാദം എന്നിങ്ങനെ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ല്ലാ സായുധ-ഹിംസാത്മക പ്രതീകങ്ങളേയും തന്റെ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ്. എന്നാല്‍ ഇക്കാലത്ത് ഒരു ആന്റിസ്റ്റേറ്റ് അഥവാ പ്രോ-മാവോയിസ്റ്റ് കഥ സിനിമയിലൂടെ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് സംവിധായകന്‍ ബോധവാനായിരിക്കണം. അതുകൊണ്ടാണ് ഒരു ആന്റിസ്റ്റേറ്റ് അഥവാ പ്രോ-മാവോയിസ്റ്റ് കഥ പറയാന്‍ “രാമായണ കഥയുടെ സ്വതന്ത്രപുനരാഖ്യാനം” എന്നൊരു മുങ്കൂര്‍ ലേബലിംഗ് അതിന്മേല്‍ സ്വയം സ്വീകരിച്ചത്.

കഥയുടെ മൂലരൂപം രാമായണവുമായി ബന്ധപ്പെട്ടതാണ്. സ്വന്തം സഹോദരിയെ അപമാനിച്ചതില്‍ കുപിതനാകുന്ന രാവണന്‍ പ്രതികാര നടപടിയായി രാമന്റെ സീതയെ തട്ടിക്കൊണ്ട് ലങ്കയില്‍ സുരക്ഷിതയായി പാര്‍പ്പിക്കുന്നു, രാമനെ വെടിഞ്ഞ് തന്റെ പത്നീപദം അലങ്കരിക്കാന്‍ ആവശ്യപ്പെടുന്നു, ഹനുമാന്റെ സഹായത്താല്‍ ലങ്കയിലേക്ക് (സീതയേയും) രാവണനേയും തേടി രാമന്‍ വരുന്നു. രാമ-രാവണയുദ്ധം എന്നിവയൊക്കെ തന്നെയാണ് ഇടവും, കാലവും അല്‍‌പ്പമൊക്കെ വ്യത്യാസപ്പെടുത്തി മണിരത്നം അവതരിപ്പിച്ചിരിക്കുന്നത്. രാവണന്‍ തമിഴ് വേര്‍ഷനില്‍ രാമനായി പൃഥ്വീരാജ്, രാവണനായി വിക്രം, സീതയായി ഐശ്വര്യ, ശൂര്‍പ്പണഖയായി പ്രിയാമണി, കുംഭകര്‍ണ്ണനായി പ്രഭു, ഹനുമാനായി കാര്‍ത്തിക് എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു. മര്യാദാപുരുഷോത്തമനായ രാമന്റെ ഭാര്യയായ തന്നെ തട്ടിക്കൊണ്ടു പോകുന്ന രാവണനോട് സീതയ്ക്കു തോന്നുന്ന വെറുപ്പ് സ്റ്റോക്ഹോം സിന്‍ഡ്രോം കലര്‍ന്ന പ്രണയമായി രൂപാന്തരപ്പെടുന്നതാണ് സിനിമയുടെ കഥയെന്ന് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ അത് കേവലം ഒരു കണ്ണിറുക്കി കാഴ്ച മാത്രമേ ആകുന്നുള്ളു കാരണം മണിരത്നത്തിന് –അതെത്ര കാല്‍‌പ്പനികമോ, രാഷ്ട്രീയപരമോ ആയാലും- എക്കാലവും പറയാനുള്ളത് സ്റ്റേറ്റ്-സ്റ്റേറ്റിനെതിരായുള്ള കലാപങ്ങള്‍ എന്ന വിഷയമാണ്.

രാമന്റെ ലക്ഷ്യം രാവണനില്‍ നിന്ന് തന്നെ രക്ഷിക്കുക എന്നതു മാത്രമല്ല എന്ന് സീത തിരിച്ചറിയുന്നിടത്താണ് കഥയിലെ ട്വിസ്റ്റ്. രാവണനുമായുള്ള സഹവാസത്തില്‍  താന്‍ കളങ്കിതയാണോ എന്ന രാമസംശയത്തേക്കാള്‍ ഏറെ അവളെ കുഴക്കുന്നതും അതു തന്നെ.

രാമന്‍= സ്റ്റേറ്റ് അഥവാ സ്റ്റേറ്റിന്റെ ആയുധം;
സീത = പരിപാലിക്ക/സംരക്ഷിക്ക/ഭരിക്ക/നിയന്ത്രിക്കപ്പെടേണ്ട ജനത;
രാവണന്‍ = സ്റ്റേറ്റിനെതിരേ കലഹിക്കുന്നവന്‍ (ചുരുക്കത്തില്‍ ഒരു മാവോയിസ്റ്റ്)

എന്ന ലളിത സമവാക്യഘടനകൊണ്ടാണ് മണിരത്നം രാവണനിലെ കണക്കുകൂട്ടലുകള്‍ നടത്തുന്നത്. ജനം അഥവാ ജനത എക്കാലവും സ്റ്റേറ്റിനു വിധേയമായി പുലരേണ്ട ഒന്നാകുന്നു. ജനതയുടെ ഏത് വിധത്തിലുമുള്ള ചാഞ്ചല്യവും അവരെ/യെ സ്റ്റേറ്റ് സംശയയിക്കപ്പെടാന്‍ കാരണമാകും. അതിനാല്‍ പുര്‍ണ്ണമായും വിധേയപ്പെട്ട് കഴിയുക. ഏതെങ്കിലും വിധത്തില്‍ സ്റ്റേറ്റ് വിരുദ്ധ കലാപങ്ങള്‍ ജനതയ്ക്കു മേല്‍ ആധിപത്യം സ്ഥാപിക്കുകയെങ്കില്‍ കൂടി, അവിടെ തങ്ങളുടെ നിലപാടുകള്‍  അഗ്നിശുദ്ധി വരുത്തി തെളിയിക്കേണ്ടത് ജനതയാണ്. അത്തരത്തിലുള്ള  ജനതയെ(സീതയെ) രക്ഷിക്കാന്‍ ആണ് സ്റ്റേറ്റ്(രാമന്‍), ജനതയെ തന്നെ ഭിന്നിപ്പിച്ച് സാല്‍‌വാജൂഡം പോരാളികളുടെ/ഒറ്റുകാരുടെ സഹായത്താല്‍(ഹനുമാന്‍) വിപ്ലവകാരികളെ(രാവണനെ) എതിര്‍ക്കുന്നത് എന്ന സങ്കല്‍‌പ്പം വ്യാജമാണ്. സീതയെ പൂര്‍ണ്ണമായും തിരിച്ചു കിട്ടിയാലും, തുടര്‍ സംരക്ഷണമല്ല മറിച്ച് രാവണനിലേക്ക് എത്താനുള്ള ശൃംഘലയിലെ കേവലം ഒരു കൊളുത്താണ് ആ തിരിച്ചു കിട്ടല്‍ പോലും എന്നതാണ് രാവണനെ ഒരു ആന്റി സ്റ്റേറ്റ് മൂവിയാക്കി മാറ്റുന്നത്;  അത്തരത്തില്‍ ഉള്ള ഒരു ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിതരണം  ചെയ്യുന്നത് റിലയന്‍സും (ബലേ ഭേഷ്‌ !!)

ചിത്രത്തില്‍ എടുത്ത് പറയേണ്ട ഒന്ന് റഹ്മാന്റെ സംഗീതവും , സന്തോഷ് ശിവന്റെ ക്യാമറയും ആണ്. എന്നാല്‍ സന്തോഷ് ശിവന്റെ അനന്തഭദ്രം എന്ന സിനിമ കണ്ടവര്‍ക്ക് പുതുമയുണ്ടാക്കുന്ന ലൊക്കെഷനോ, ക്യാമറാസീക്വന്‍സുകളോ ഒന്നും തന്നെ രാവണനില്‍ ഇല്ല. അനന്ദഭദ്രത്തിലെ മാന്ത്രികപ്പുരയും, വെള്ളച്ചാട്ടവും, ശിലാരൂപങ്ങളും ഒക്കെ തന്നെ തേ പോലെ –എന്നാല്‍ വിരസമല്ലാതെ-  രാവണനിലും ആവര്‍ത്തിച്ചിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാല്‍ രാവണനിലെ വീരയ്യയുടെ ശരീരചലനങ്ങളും, മുഖച്ചായവും  വരെ അനന്തഭദ്രത്തിലെ ദിഗംബരനോട് സാമ്യമുള്ളതാണെന്നു കാണാം. പാട്ടുകള്‍ തനിയേ കേട്ടാല്‍ റഹ്മാന്‍-മണിരത്നം കോമ്പിനേഷന്‍ മാജിക് ഒന്നും തോന്നിന്നില്ലെങ്കില്‍ പോലും സിനിമയുമായി അവ ഇഴചേര്‍ന്നു നില്‍ക്കുന്നു.

ചുരുക്കത്തില്‍ പറഞ്ഞാല്‍... രാമായണത്തിലെ ആലവാരങ്ങള്‍ ഒഴിവാക്കിയാല്‍ രാവണന്‍ ഒരു സമകാലിക രാഷ്ട്രീയ സിനിമയാണ്. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരേ പോരാടിയ ജാര്‍ഖണ്ഡിലെ  ഗോത്രത്തലവന്‍ ബിര്‍സാ മുണ്ടയാണ് രാവണനിലെ വീരയ്യയുടെ  മൂലമാതൃകയെന്ന് തിരിച്ചറിയുമ്പോള്‍ പ്രത്യേകിച്ചും...


16 comments:

b Studio said...

സമ്മതിച്ചിരിക്കുന്നു. ഈ നിരീക്ഷണം great devdas

Devadas V.M. said...

ഈ വിഷയത്തിൽ സമാനമായ ഒരു പോസ്റ്റ് (സുദീപിന്റെ) http://sudeepsdiary.blogspot.com/2010/06/raavan-in-times-of-chidambaramayan.html

ഹരിശങ്കരനശോകൻ said...

റിലയൻസിന്റെ ലക്ഷ്യം പടമാണോ ബ്ലാക്ക് മണിയുടെ ധവളവൽക്കരണമാണോ....

റഹ്മാൻ ശരിക്കും മടുപ്പിച്ചൂ‍...

നല്ല ഇന്റർപ്രട്ടേഷൻ...ഞങ്ങൾ ഇതിലെ രാഷ്ട്രീയമില്ലായ്മയെ ഓർത്ത് വിസ്മയിച്ചിരുന്നു...നന്ദി

കലകൌമുദിയിലെ ചാരു വരികൾ വായിച്ചോ...അതു നിറയെ കള്ളങ്ങൾ ആണ്

Rajeeve Chelanat said...

ഇന്റര്‍പ്രട്ടേഷന്‍ നന്നായി ദേവ്...മണിരത്നത്തില്‍ നിന്ന് ഇത്രയൊക്കെയല്ലേ പ്രതീക്ഷിച്ചുകൂടൂ..അഭിവാദ്യങ്ങളോടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ദേവദാസിന്റെ വ്യത്യസ്ത വീക്ഷണം ഇഷ്ടമായി..സിനിമ കണ്ടു കഴിഞ്ഞ് മാത്രമേ അതുമായി യോജിക്കുന്നോ എന്ന് പറയാനാവൂ

നന്ദി ആശംസകള്‍

ചിത്രഭാനു Chithrabhanu said...

ശരി തന്നെ. സിനിമ ബാക്കിയാക്കുന്ന ഒരു ചോദ്യവും പ്രസക്തമാകുന്നു. “അവസാന വിജയി എപ്പോഴും ദൈവം തന്നെ. പക്ഷെ ശരി ആരുടെ ഭാഗത്താണ് ?”
യാഥാർഥ്യത്തിൽ ദേവിന്റെ മുകം പലതാകാം. അത് ചിദംബരവുമാകാം അമേരിക്കയുമാകാം സ്റ്റേറ്റുമാകാം...!

Anonymous said...

വ്യത്യസ്തമായ നിരീക്ഷണം...

"അത്തരത്തില്‍ ഉള്ള ഒരു ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റിലയന്‍സും… (ബലേ ഭേഷ്‌ !!)"

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റിലയന്‍സ് അല്ലല്ലോ ? മണിരത്നത്തിന്റെ മഡ്രാസ് ടാക്കീസ് അല്ലേ ? റിലയന്‍സ് ബിഗ് പിക്ക്ചെര്‍സ് വിതരണം മാത്രമേ ഉള്ളൂ എന്ന് തോനുന്നു..

vrinda said...

oru rakshayum illa...thakarthu ketto...kidilan review

സേതുലക്ഷ്മി said...

ദേവദാസിന്റെ ഈ പോസ്റ്റ് വായിക്കാന്‍ പല തവണ മാറ്റി വച്ചതാണ്, എങ്കിലും ഇപ്പോഴാണ് മുഴുവനായി വായിക്കാനായത്. രാവണന്‍ റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ കാണാന്‍ സാധിച്ച ഒരു പ്രേക്ഷകനെന്ന നിലയില്‍, ദേവദാസിന്റെ “വ്യക്തിപരമായ രാഷ്ട്രീയ വ്യാഖ്യാനം” വായിച്ചപ്പോള്‍ കല്ലുകടിക്കുന്നതുപോലെ. സംവിധായകന്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിച്ചുനോക്കാത്ത കൃത്രിമത്തങ്ങളിലേക്ക് അയാളുടെ സിനിമയെ വ്യാഖ്യാനിച്ച് വികൃതമാക്കാന്‍ ശ്രമിക്കുന്ന സിനിമാവിമര്‍ശകരെ കാണുമ്പോള്‍ വിഷമം തോന്നുന്നു. :(

Devadas V.M. said...

@വിനുടക്സ് : തിരുത്തിയിട്ടുണ്ട്

@സേതുലക്ഷ്മി: ഓരോരുത്തരുടേയും അവനവൻ കാഴ്ചകളല്ലേ, സേതു ലക്ഷ്മി കാണുന്ന പോലെ എനിക്കു കാണാനാകില്ലല്ലോ (തിരിച്ചും). പിന്നെ സം‌വിധായകൻ ഇതൊന്നും ഉദ്ദേശിച്ചില്ലെമ്ം ആധികാരികമായി പറായാൻ മാത്രം മണിരത്നമായി അടുപ്പമുള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ല :) മിയാ കുൽ‌പ്പ :)

സേതുലക്ഷ്മി said...
This comment has been removed by the author.
സേതുലക്ഷ്മി said...

സംവിധായകനുമായൊരു ഭൌതിക അടുപ്പമുണ്ടെങ്കില്‍ മാത്രമേ അയാളുടെ ഉദ്ദ്യേശങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ എന്നുണ്ടോ? ആധികാരികമായി പറയാന്‍ കഴിയില്ലെങ്കിലും, ദേവദാസ് പറയുന്നതുപോലുള്ള കുനഷ്ട് “രാഷ്ട്രീയ സമാനതകളൊന്നും” രാവണനില്‍ ഇല്ലെന്നത് തീര്‍ച്ചയാണ്, കാരണം രാമായണം ഒരിക്കല്‍ പോലും സൂചിപ്പിക്കാത്ത രാവണ-സീതാ അനുരാഗത്തിന്റെ സാധ്യതകളെ കുറിച്ചുള്ള അന്വേഷണമാണ് രാവണന്‍. അല്ലാതെ ഒരു രാഷ്ട്രീയ നാടകമോ തത്വചിന്തയോ അല്ല. ഏതായാലും, ചിത്രത്തിനുള്ളില്‍ ചിത്രവും, കഥയ്ക്കുള്ളില്‍ മറ്റൊരു കഥയും സൃഷ്ടിക്കാന്‍ ദേവദാസിനുള്ള കഴിവിനെ അംഗീകരിക്കുന്നു.

Devadas V.M. said...

ഞാൻ കണ്ട കാഴ്ച അതിലില്ലെന്ന് ഉറപ്പിച്ചു പറയാൻ സേതുലക്ഷ്മിക്കെങ്ങനെ കഴിയും. എന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ എന്റെ കാഴ്ചയെ നിഷേധിക്കുന്നത് ഒരുമാതിരി പരിപാടിയല്ലേ? രാമായണത്തിലെ തൊലിപ്പുറം കാഴ്ചകളും, സീതയുടെ സ്റ്റോൿഹോം സിൻഡ്രോം പ്രണയവും (മാത്രം) കാണേണ്ടവർക്ക് ഉള്ള കൂട്ട് മണിരത്നം അതിൽ ഒരുക്കി വെച്ചിട്ടുണ്ട്. അത് മാത്രമേ കാണാവൂ എന്ന് ശാഠ്യം പിടിക്കുന്നത് മൌഠ്യമാണ്. എന്തിന്റെ പശ്ചാത്തലത്തിലാണ് മണിരത്നം രാമായണം അവതരിപ്പിക്കുന്നതെന്ന് കൂടെ -മണിരത്നം സിനിമകളുടെ പൊതു രാഷ്ട്രീയം- ആലോചിച്ചാൽ കൊള്ളാം.
നായകൻ വെറുമൊരു തെരുവുതെമ്മാടിയുടെ കഥയായോ, റോജയെന്നത് ഒരു കിഡ്നാപ്പിംഗ് കഥയായോ, കന്നത്തിൽ മുത്തമിട്ടാൽ അമ്മയെപിരിഞ്ഞ ഒരു കുഞ്ഞിന്റെ കഥയായോ (മാത്രം) കാണുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് പറയാൻ ഞാൻ ആളല്ല; പക്ഷേ അങ്ങനെയേ ആ ചിത്രങ്ങളെ കാണാവൂ എന്ന് പറയുന്നത് മൌഠ്യമാണ്... ഇനി ഇതിന്റെ വാലേൽ തൂങ്ങാനില്ല... സിനിമയിലെ രാഷ്ട്രീയത്തെക്കുറിച്ച് തർക്കിക്കാം; അല്ലാതെ സിനിമയിൽ രാഷ്ട്രീയം ഉണ്ടോ ഇല്ലയോ എന്ന് തർക്കിച്ച് കളയാൻ തൽക്കാലം സമയം കൈയ്യിലില്ല.


ഓഫ്.ടോ
*പഴയ “കാളിയൻ ബൈജു“ തന്നെ ആണോ ഈ സേതു ലക്ഷ്മി?

സേതുലക്ഷ്മി said...

അതെ. :)

ഉപാസന || Upasana said...

ബീര്‍സാ മുണ്ടയെപ്പറ്റി ഏതോ ലേഖനം അടുത്തിടെ വായിച്ചതായി ഓര്‍ക്കുന്നു.

സിനിമ കാണണം.
:-)
ഉപാസന

Faisal Alimuth said...

വ്യത്യസ്തമായ നിരീക്ഷണം.

 

(c)2009 Devadas V.M [ vm.devadas@gmail.com ]