Wednesday, June 2, 2010

പകിട കളി.


"ചതികൊണ്ടെന്തൊരു ഫലമീ ചൂതിൽ
ചപലതയിങ്ങിനെ ചൊല്ലീടരുതേ
ക്ഷിതിവര ദൈവവിലാസം പോലെ
ക്ഷതിയും ജയവും വന്നീടുമല്ലോ"
- ദുര്യോധനവധം ആട്ടക്കഥ

1.a
മരണവിവരം അറിഞ്ഞപ്പോഴല്ല, ഇനിയെന്തൊക്കെയാണ് തിടുക്കത്തില്‍ താന്‍ ചെയ്തു തീര്‍ക്കേണ്ടത് എന്നാലോചിച്ചാണ് ദേവി കൂടുതല്‍ പ്രയാസത്തിലായത്. സ്കൂളി‌ല്‍ നിന്ന് കുട്ടികളെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണം. അതിനായി ഓട്ടോറിക്ഷാ ഡ്രൈവര്‍ ശരവണനെ വിളിക്കണം. അടുത്തുള്ള സ്റ്റാന്റില്‍ ആളെക്കിട്ടാഞ്ഞ് കിടക്കുകയാണെങ്കിലും കുറെ അകലെയെങ്ങാണ്ട് ഓട്ടം പോയിരിക്കുകയാണെന്നേ പറയൂ. പക്ഷേ, കാശ് കൂടുതല്‍ തരാം പെട്ടെന്നൊന്നു വരാന്‍ പറഞ്ഞാല്‍ വിളിപ്പുറത്ത് ഹോണ്‍ മുഴക്കിയെത്തും. പിള്ളേരു വരും മുന്നെ എല്ലാവരുടേയും വസ്ത്രങ്ങള്‍ അടുക്കി ബാഗുകളില്‍ നിറയ്ക്കണം. എത്ര ദിവസത്തേക്കുള്ളതു വേണം? അതെങ്ങനെ ഇപ്പോള്‍ പറയാന്‍ പറ്റും? അയ്യോ! ഏതെങ്കിലും ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ച് പോകാനുള്ള ട്രൈയിനോ, ബസോ പെട്ടെന്ന് തന്നെ ബുക്ക് ചെയ്യണം. റിട്ടേണ്‍ ടിക്കറ്റ് ഇപ്പോൾ തന്നെ പറയണോ? തിരിച്ചു വരവെന്നാണെന്ന് ഉറപ്പില്ലല്ലോ. ഫ്രിഡ്ജിലിരിക്കുന്ന മാവും, ഭക്ഷണവും, പച്ചക്കറികളുമെല്ലാം ലക്ഷ്മിയ്ക്ക് കൊടുത്ത് അതോഫ് ചെയ്യണം. അല്ലെങ്കിലും അത്യാവശ്യത്തിന് ഒന്നു വിളിച്ചാ “എന്നാ അക്കാ”യെന്നു ചോദിച്ച് ഒടി വരാൻ അവളേ ഉള്ളൂ. പക്ഷേ... പക്ഷേ... അതിനൊക്കെ മുന്നെ രവിയേട്ടനെ ഫോണില്‍ വിളിച്ച് വിവരം പറയേണ്ടേ? എന്താണ് പറയേണ്ടത്?
രവിയേട്ടാ, എന്റെ അച്ഛന്‍ മരിച്ചു. നമുക്ക് നാട്ടിലേക്ക് പോകണം
രവിയേട്ടാ, എന്റെ അച്ഛന്‍ മരിച്ചു. നമുക്ക് നാട്ടിലേക്ക് പോകണ്ടേ?
രവിയേട്ടാ, എന്റെ അച്ഛന്‍ മരിച്ചു. നമുക്ക് നാട്ടിലേക്ക് പോകണോ?
രവിയേട്ടാ, എന്റെ അച്ഛന്‍ മരിച്ചു. നമുക്ക് നാട്ടിലേക്ക് പോയാലോ?
രവിയേട്ടാ, എന്റെ... എന്റെ... നമുക്ക്..നമുക്ക്...
ചങ്കു പറിയുന്ന വേദനയിൽ താനെങ്ങനെയൊക്കെ പറഞ്ഞാലും അപ്പുറത്ത് കേൾകുന്നത് ഇങ്ങനെയായിരിക്കും എന്ന് ദേവി‌‌യ്‌‌ക്കക്കറിയാം.
രവിയേട്ടാ, നിങ്ങളുടെ അച്ഛനെ കൊന്നവൻ മരിച്ചു. നമുക്ക് നാട്ടിലേക്ക് പോകാം.
അവിടെയാണ് ദേവി ആക്കറ്റു പ്രയാസപ്പെട്ടത്; ചോദ്യത്തിലെ വ്യാകരണങ്ങളിൽ അകപ്പെട്ടു കുഴങ്ങിയത്. പക്ഷേ, കലങ്ങി മറിയലുകൾക്കൊടുവിൽ വ്യക്തമായ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഭർത്താവിനു ഫോൺ ചെയ്യും മുന്നെ  യെല്ലോ-പേജസ് ഡയറക്ടറിയിൽ നിന്നും ട്രാവൽ ഏജൻസികളുടെ നമ്പർ തപ്പിയെടുക്കാൻ തുടങ്ങിയത്. അവധി ദിവസമോ, വാരാന്ത്യമോ അല്ലാത്തതിനാൽ ടിക്കറ്റ് എങ്ങനെയെങ്കിലും കിട്ടുമെന്ന് ദേവിയ്ക്ക് ഉറപ്പുണ്ടായിരുന്നു. ടിക്കറ്റ് ബുക്കു ചെയ്തതിനു ശേഷമാണ് ഭർത്താവിന്റെ മൊബൈലിലേക്ക് വിളിച്ചത്.

1.b
മരണവിവരം അറിഞ്ഞപ്പോഴല്ല, ഇനിയെന്തൊക്കെയാണ് തിടുക്കത്തിൽ താൻ ചെയ്തു കൂട്ടുകയെന്ന് ആലോചിച്ചാണ് രവി കുമാർ കൂടുതൽ പ്രയാസത്തിലായത്. മരണവാർത്ത അറിയിച്ച് എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു പറഞ്ഞ് ദേവി ഫോൺ കട്ട് ചെയ്തപ്പോൾ അയാൾ ശരിക്കും കുഴങ്ങി. നാട്ടിലേക്കു പോകണമെന്ന ദേവിയുടെ ആവശ്യം  അവഗണിച്ചുകൊണ്ട് അന്നേ ദിവസം ഷൂട്ടിംഗ് ലോക്കേഷനില്‍  പതിവില്‍ കൂടുതല്‍ നേരം  ചിലവഴിക്കുക, പരിചയക്കാരായ ലൈറ്റ്‌‌ബോയ്സിനൊപ്പം  പുറത്തു പോയി മദ്യപിക്കുക, സന്തോഷമുള്ള ദിവസമായതിനാല്‍ ബില്ല് സ്വയം  പേ ചെയ്യുക, ആടിയുലഞ്ഞ് ബോധം  നശിച്ച് വീട്ടിലെത്തുമ്പോള്‍ കതകു തുറക്കുന്ന ദേവിയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക... അങ്ങനെയൊക്കെയാണ് ആദ്യം  ചിന്തിച്ചത്. ഉറങ്ങിക്കിടക്കുന്ന മക്കളെ വിളിച്ചുണര്‍ത്തി മദ്യത്തിന്റെ മണമുള്ള ഏമ്പക്കത്തോടെ പഴങ്കഥകള്‍ പറയണം 
മക്കളേ, അറിഞ്ഞോഅച്ഛാച്ചനെ കൊന്ന മുത്തച്ഛന്‍ മരിച്ചത്രേ...
മക്കളേ, അറിഞ്ഞോ? എന്റെ അച്ഛനെ കൊന്ന നിങ്ങളുടെ മുത്തച്ഛന്‍ മരിച്ചത്രേ...
മക്കളേ, അറിഞ്ഞോ? നിങ്ങളുടെ അച്ഛാച്ചനെ കൊന്ന നിങ്ങളുടെ മുത്തച്ഛന്‍ മരിച്ചത്രേ...
അപ്പോള്‍  ദേവി കരയുമായിരിക്കും; തനിക്ക് കുറ്റബോധം  തോന്നുമായിരിക്കും ; ചിലപ്പോള്‍ താനും  കൂടെ ചേര്‍ന്ന് വിതുമ്പുമായിരിക്കും. ഒരുപക്ഷേ താൻ മാറ്റിപ്പറഞ്ഞേയ്ക്കും..
മക്കളേ, അറിഞ്ഞോ? നിങ്ങളുടെ മുത്തച്ഛന്‍ മരിച്ചത്രേ...
അവിടെയാണ് അയാള്‍ ആക്കറ്റു പ്രയാസപ്പെട്ടത്; കഥ പറച്ചിലിലെ വ്യാകരണങ്ങളിൽ പെട്ട് കുഴങ്ങിയത്. പക്ഷേ കലങ്ങി മറിയലുകൾക്കൊടുവിൽ വ്യക്തമായ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ദേവിയ്ക്കു തിരികെ വിളിക്കുന്നതിലും  മുന്നെ ഒരു ചുംബന രംഗത്തിന്റെ കൂടെ ക്ലോസ്-അപ്പ് സ്റ്റില്‍ എടുത്ത ശേഷം  ഡയറക്‌‌ടറോട് ഒഴിവു പറഞ്ഞത്. അസിസ്റ്ററ്റിന്റെ വിളിച്ച് എത്രയും  പെട്ടെന്ന് ഷൂട്ടിംഗ് ലൊക്കേഷനിലെത്താന്‍ പറഞ്ഞത്. അയാളെത്തി ക്യാമറ കൈമാറിയതിനു ശേഷമാണ് ദേവിയെ വിളിച്ചത്.

1.c
പുറപ്പെടേണ്ട സമയമായിട്ടും  ട്രൈയിന്‍ ചലനമറ്റ് കിടന്നു. തിടുക്കത്തിലുള്ള യാത്രയായതുകൊണ്ട് ടിക്കറ്റ് കണ്‍ഫേം  ആയിരുന്നില്ല. പ്ലാറ്റ് ഫോമില്‍ ടിടി‌‌ഇയുടെ അടുത്തായി തിക്കുംതിരക്കും  കൂട്ടുന്നവരില്‍ രവികുമാറുമുണ്ട്. കൈയ്യിലുള്ള ആര്‍..സി ടിക്കറ്റും  പിടിച്ച് അയാള്‍ ഉന്തും, തള്ളും  നടത്തുകയാണ്ട്. ദേവി അതും  നോക്കിക്കൊണ്ട് സീറ്റിലിരുന്നു. മക്കള്‍ മടിയില്‍ കിടന്നു മയങ്ങിത്തുടങ്ങിയിരുന്നു. വൈകുന്നേരത്തെ ഭക്ഷണം  ഒഴിവാക്കിയതിനാലാകണം  ട്രെയിനില്‍ കയറി ഭക്ഷണം  കഴിച്ചതും ആദ്യ കുറച്ച് നിമിഷങ്ങളിലെ ട്രെയിന്‍ കമ്പം  തീര്‍ന്നതോടെ- രണ്ടുപേരും  ദേവിയുടെ മടിയില്‍  കിടന്ന് ഉറക്കമായി. സ്വയം  ആശ്വസിപ്പിക്കാന്‍ എന്നോണം  ദേവി അവരുടെ തലയില്‍ കൈ വെച്ചു തലോടിക്കൊണ്ടേയിരുന്നു. എന്തിനു വേണ്ടിയാണ് രവിയേട്ടന്‍ പുറത്ത് ബഹളം  കൂട്ടുന്നത്. ഇനി അഥവാ ബെ‌‌ര്‍ത്തു കിട്ടിയാല്‍ തന്നെ ഇന്ന് താന്‍ ഉറങ്ങുമോ? രവിയേട്ടന് ഉറങ്ങാന്‍ കഴിയുമോ? പതിനൊന്നു വർ‌ഷത്തിനു ശേഷം നാട്ടിലേക്കുള്ള യാത്രയാണ്. ഇല്ല... രണ്ടു പേരും ഇന്നുറങ്ങില്ല. ഓരോന്നാലോചിച്ചാലോചിച്ച് ഇരുന്ന് നേരം  വെളുപ്പിക്കും. ഉറങ്ങേണ്ട രണ്ടു പേരും ഇതാ മടിയില്‍ കിടന്ന് ഉറക്കവുമായി.

ട്രെയിന്‍ പുറപ്പെട്ടാനുള്ള സൈറണ്‍ മുഴങ്ങി. തനിക്കു ചുറ്റിലും  നിന്നവരോട് കയ‌‌ര്‍ത്തു സംസാരിച്ച് , കൂട്ടം  പിരിച്ചു വിട്ട് ടിടി‌‌ഇ ട്രെയിനില്‍ കയറിയതോടെ ട്രെയിന്‍ നീങ്ങിത്തുടങ്ങി. നിരാശയോടെ പിറുപിറുത്തു കൊണ്ട് അയാള്‍ സീറ്റിനടുത്തേ‌‌യ്‌‌ക്കു വന്നു. ചേ‌‌ര്‍ത്തു വെച്ച സീറ്റില്‍  അയാള്‍ക്കിരിക്കാന്‍ ഇടം  ഒഴിവാക്കിക്കൊണ്ട് ദേവി കാലുകള്‍ പുറകോട്ടു വലിച്ചു. മകളെയെടുത്ത് മടിയില്‍ കിടത്തി. അയാള്‍ ഇരുന്ന ശേഷം  മകനെ അരികു ചേ‌‌ര്‍ത്ത് കിടത്തി തലയെടുത്ത് മടിയില്‍വെച്ചു. കുട്ടികള്‍ താഴെ വീഴാതിരിക്കാനും, ആയാസപ്പെടാതെ ഇരിക്കാനുമായി രണ്ട് പേരും  കാലുകള്‍ നി‌‌വ‌‌ര്‍ത്തി വെച്ചു. കാലുകള്‍ തൊട്ട് അടുത്തിരിക്കുമ്പോഴും , പരസ്പരം  മുഖം  കൊടുക്കാതെ  ഒഴിഞ്ഞു മാറുന്നെന്നോണം പായുന്ന പുറംകാഴ്ചകളിലേ‌‌‌‌യ്‌‌ക്ക് തങ്ങളെ ഒതുക്കി. ദേവി‌‌‌‌യ്‌‌ക്ക് അയാളുടെ മുഖത്തു നോക്കണം  എന്നുണ്ടായിരുന്നു; അയാള്‍ക്കും അതു പോലെ തോന്നിയിരിക്കണം. എമ‌‌ര്‍ജന്‍സി എക്സിറ്റ് വിന്‍ഡോയുടെ ചുവന്ന പെയിന്റിളകിയ കമ്പികളില്‍ മുഖം  ചേര്‍ത്തു വെച്ചിരിക്കുകയായിരുന്നു ദേവി. തണുത്ത കാറ്റടിച്ച് മൂക്കിന്‍ തുമ്പ് മരവിക്കുന്നതു പോലെ തോന്നി.

2.a
ചുണ്ണാമ്പുകൊണ്ട് വരച്ച പകിടക്കളം, അതിന്റെ മൂലയിലെ കള്ളികളില്‍ കരിക്കട്ടകൊണ്ട് അമ്പലവെട്ട്. അതില്‍ കണ്ണും  നട്ടിരിപ്പാണ് കറുപ്പന്‍. ആര്‍പ്പു വിളിച്ച്  ഓരോരുത്തരും  എറിയുന്ന പകിടകള്‍ ഉറച്ച മണ്ണില്‍ വീണ് നട്ടം  തിരിയുന്നതിന്റെ കാഴ്ചയില്‍ എണ്ണം  പിടിച്ചിരിക്കുന്ന വിരലുകള്‍. കുഴഞ്ഞു വീഴുന്ന പകിടകളുടെ എണ്ണത്തെ കണ്ണില്‍ കൊത്തിയെടുത്ത് മനക്കണക്ക് കൂട്ടി. അതാണ് കറുപ്പന്റെ ശീലം. പണ്ടൊക്കെ പൂരക്കാലത്ത് വ്രതമിരുന്ന് ഭഗവതിയുടെ തിറകെട്ടി ദേശം  മുഴുക്കെ ചുവടു വെ‌‌യ്‌‌ക്കുന്നതിനിടയില്‍ കൗശലക്കാരായ ചില കാണികൾ  നിലത്തു കാണിക്കയിടുന്ന ഒറ്റനോട്ടുകൾ കണ്ണിമകൊണ്ട് എടുക്കുന്ന വിദ്യയിലാണ് കറുപ്പന്റെ മികവ്തലയിലേറ്റിയ ഭാരമേറിയ തിറ കടുകിട അനങ്ങാ വണ്ണം  കൊളുത്തിലെ തോര്‍ത്തു മുണ്ടൂ കൈത്തലത്തില്‍ ചുറ്റി മുറുക്കി, വീക്കന്‍ ചെണ്ടയുടെ താളത്തിനൊത്ത് ചുവടു വെച്ചു കുനിഞ്ഞ്, പതിയെപ്പതിയേ മഞ്ഞള്‍ വാരിപ്പൂശിയ നെഞ്ച് മണ്ണോടു ചേര്‍ത്ത് , തിറഭാരം  താങ്ങുന്ന കൈമുട്ടുകള്‍ നിലത്തു കുത്തി ചോര പൊടിച്ച് , മണ്ണുപറ്റി കിടക്കുന്ന നോട്ടിന്‍മേല്‍ മുഖം  പതിയ്‌‌ക്കും. ചെണ്ടത്താളത്തിനനുസരിച്ച് ചുവടുവെച്ച്, ശരീരം  വിറച്ച് എഴുന്നേല്‍ക്കുമ്പോള്‍ കറുപ്പന്റെ കണ്ണിമകള്‍ക്കിടയില്‍ ആ ഒറ്റനോട്ടുണ്ടായിരിക്കും. അതിന്റെ പ്രയാസത്താല്‍ പുരികം  വെട്ടിവിറപ്പിച്ചുകൊണ്ട്  ചിലമ്പിട്ട കാലടികള്‍ ഇടഞ്ഞു ചവിട്ടിത്തുള്ളിക്കൊണ്ട് അയാള്‍ ചെണ്ടക്കാരനരികില്‍ നില്‍ക്കുന്ന ആണ്‍കുട്ടിയുടെ അടുത്തെത്തും. ഭഗവതിയ്‌‌ക്കായി മണ്ണാന്‍ കെട്ടിയാടുന്ന തിറയ്‌‌ക്ക് ദേശത്തെ അവകാശമായി കിട്ടുന്ന നാഴി അരിയോ, ഇടങ്ങഴി നെല്ലോ ഒക്കെ ശേഖരിക്കാന്‍ കൂടെ കൊണ്ടു നടക്കുന്ന സഞ്ചിയും, ചാക്കും  എല്ലാം  നിവര്‍ത്തിപ്പിടിച്ച് ആ ആണ്‍കുട്ടി നില്‍പ്പുണ്ടായിരിക്കും. കണ്ണിമയാല്‍ ഇറുക്കി പിടിച്ച നോട്ട് സഞ്ചിയിലേക്കിടുന്ന നേരത്ത്  വാല്‍സല്യത്തോടെ അയാള്‍ അവന്റെ മുഖത്തേ‌‌യ്‌‌ക്കു നോക്കും. മീനച്ചൂടില്‍ വിയ‌‌ര്‍ത്തു തളര്‍ന്നു നില്‍ക്കുന്ന അവന്റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തിറക്കൊളുത്തില്‍ കെട്ടി വരിഞ്ഞു കൈയ്യില്‍ ചുറ്റിയ തോര്‍ത്തിന്‍ തലപ്പുകൊണ്ട് ഒപ്പി മാറ്റും. അച്ഛനെക്കുറിച്ച്  ചിന്തിച്ചാല്‍  രവിയ്‌‌ക്ക് ആദ്യം  മനസില്‍ വരുന്ന ഓര്‍മ്മച്ചിത്രം  അതായിരുന്നു. എത്ര നിറഞ്ഞിരുന്നാലും  വയറപ്പോള്‍ പട്ടിണിയുടെ എരിച്ചില്‍ ഓര്‍ത്തെടുക്കും. കത്തുന്ന മീനച്ചൂടില്‍ മഞ്ഞളുപൂശി തിറയേന്തി അച്ഛന്‍ ഉരുകിയൊലിക്കുന്ന മീനമാസം, കോരിച്ചൊരിയുന്ന മഴയത്തും  നന്തുണ്ണിയുമായി പാടിക്കൊണ്ട് അച്ചാച്ചന്‍ നാടൊട്ടുക്ക് അലയുന്ന ചിങ്ങമാസം എന്നിവയൊഴിച്ചാല്‍ ബാക്കിയുള്ള കാലത്ത് അടുപ്പു പുകഞ്ഞിരുന്നത് ചിറയിലെ വെള്ളത്തില്‍ നാട്ടുകാരുടെ വിഴുപ്പലക്കി സ്വയം  നനഞ്ഞു മുഷിഞ്ഞ അമ്മയുടെ അദ്ധ്വാനം  കൊണ്ടായിരുന്നു. ദേശത്തെ അവകാശം  കൊണ്ട് ഇനിയുള്ള കാലം  കുടുംബം  പുലര്‍ത്താനാവില്ലെന്ന് കറുപ്പനറിയാമായിരുന്നു. അതുകൊണ്ടാണ് പീടികക്കാരന്‍ രാവുണ്ണി മരിച്ചപ്പോള്‍ നോക്കി നടത്താന്‍ ആളില്ലാതായ പലചരക്കു കട അയാള്‍ നടത്തിപ്പിന് ഏറ്റടുത്തത്. രണ്ട് വര്‍ഷത്തെ കച്ചവടലാഭവും, ഭാര്യയുടെ ഭാഗവിഹിതം  വിറ്റ് കിട്ടിയ കാശും, പിന്നെക്കുറച്ചു കടം വാങ്ങിയതും  ചേര്‍ത്ത് മാസത്തുകയ്‌‌ക്ക് ഏറ്റെടുത്ത് നടത്തിയിരുന്ന കട കറുപ്പന്‍ ന്യായവില‌‌യ്‌‌ക്ക്  സ്വന്തമാക്കി. അങ്ങനെയാണ് തിറകെട്ടിയാടുന്ന മണ്ണാന്‍ കറുപ്പന്‍ 'പീടികക്കാരന്‍ കറുപ്പനാ'യത്. നിലത്തു പതിഞ്ഞ ഒറ്റ നോട്ട് കണ്ണിമയാലെടുക്കുന്നതു വിദ്യ വിട്ട് ഒറ്റയുംപത്തും, നൂറുമെല്ലാം കണ്ണടച്ചു തുറക്കുന്ന നേരം  കൊണ്ട് മുറുക്കാന്‍ തുപ്പല്‍ പറ്റിച്ച വിരലുകൊണ്ട് എണ്ണിത്തീര്‍ത്തത്, വയലു വാങ്ങി വിതച്ചും, കൊ‌‌യ്‌‌തും, പതമളന്നും അദ്ധ്വാനിച്ചത്, നാട്ടുകാരുടെ ഇടയില്‍ നിലയും, വിലയുമുണ്ടാക്കിയത്. കച്ചവടത്തിരക്കേറിയപ്പോള്‍  താന്‍ ഇനിമുതല്‍ വ്രതമിരുന്ന് തിറകെട്ടി ആടുന്നില്ലെന്ന് പറഞ്ഞപ്പോള്‍ "കളിക്കണ്ടെടാ, ചുട്ട കോഴിയെ പറപ്പിക്കുന്നവനാണ് ഞാന്‍" എന്ന് ഭീഷണിപ്പെടുത്തിയ മൂസതിനോട് "എന്നാ ഞാനാദ്യം  കൂവിപ്പറന്നു തൂറണത് തമ്പ്രാന്റെ പെട്ടത്തലയിലായിരിക്കും " എന്ന് മറുത്തോതിയവനാണ് കറുപ്പന്‍...

ആ കറുപ്പനാണ്‌ ഈ പകിടപ്പന്തിയിലെ തലമൂത്ത കാര്‍ന്നോര്‌. വയസായതു കൊണ്ട് പകിട ആഞ്ഞെറിയുമ്പോള്‍  നെഞ്ചു കൊത‌‌‌‌‌‌യ്‌‌ക്കുന്നുണ്ടെങ്കിലും  സ്വന്തം വയലില്‍ വരമ്പ് കോരിയ കൈത്തഴമ്പിന്റെ ഊക്കും, ചൂടും പിന്നെ  കളിയുടെ നേരും ഭയന്നാകണം മൊത്തത്തിലൊരു അച്ചടക്കം. അല്ലെങ്കിലില്‍ ഈ പന്തലില്‍ ഇന്നിങ്ങനാണോ കളി? ഈഞ്ചലോടി പാടത്താണ് പകിടകളി ടൂര്‍ണ്ണമെന്റിന്റെ പന്തല്‍. മൊത്തം  പതിനാറു കൂട്ടര്‍ പങ്കെടുത്തിരുന്നു, അതില്‍ പതിനാലും  പുറത്തായി. പട്ടാമ്പിയുമായാണ് കലാശക്കളി. കറുപ്പന്റെ പങ്കാളിയായി ഇരിക്കുന്നത് പ്രഭാകരന്‍ നായർകറുപ്പനേക്കാള്‍ ഒരു പത്ത് വയസെങ്കിലും  കുറയും മൂപ്പര്‍ക്ക്. ഇടവങ്കൈയ്യനാണ് പ്രഭാകകരന്‍ നായർ. കൈകളില്‍ കശക്കി പകിട നീട്ടിയെറിയും  മുന്നെ നെഞ്ചോടു ചേര്‍ത്തു വെച്ച് ഒരു മന്ത്രിക്കലുണ്ട്. ഭുവനേശ്വരിയാണ് അയാളുടെ ഭരദേവത. മൂലമന്ത്രം  പിടിപിറുത്തോണ്ട് നെഞ്ചോടു ചേര്‍ത്ത ഓട്ടു പകിടകള്‍ അയാളുടെ നീണ്ട വിരലുകളുള്ള കൈയ്യില്‍ കിടന്ന് 'കിടുകിടാ..കിടുകിടാ..' എന്ന് ലോഹശബ്ദമുണ്ടാക്കി വിറയ്‌‌ക്കും. ശേഷം  ഒരു ദീ‌ര്‍ഘനിശ്വസം  , തുടര്‍ന്നൊരു അട്ടഹാസം... അതു തീരുമ്പോഴാണ് പകിടയെറിയുന്നത്. എറിയുന്നതിനു മുന്നെ  രണ്ട് പകിടകളും  ഇടങ്കൈയ്യിലൊതുക്കി വലതു തോളില്‍ ചേര്‍ത്തു വെയ്‌‌ക്കും. എറിയുന്ന ഊക്കില്‍  '..ശ്...' എന്നു വിളിച്ചൊരു ഒറ്റത്തിരിപ്പുണ്ട്. അതാണ് മിടുക്ക്, അതിലാണ് പകിടപോലും  പകയ്‌‌ക്കുന്നത്അമ്മ വയറ്റീന്ന് അപ്പോള്‍ പെറ്റു വീണു കരഞ്ഞ് കൈകാല്‍  കുടയുന്ന ഇരട്ടക്കുട്ടികളേപ്പോലെ പ്രഭാകരന്‍ നായരുടെ കൈകളില്‍ നിന്ന് ഊര്‍ന്നു വീഴുന്ന പകിടകള്‍ കറങ്ങിത്തിരിയും. ഈറ്റുനോവിന്റെ വേദന കഴിഞ്ഞ് കുഞ്ഞിനെ തേടുന്ന അമ്മയെപ്പോലെ അയാള്‍ അക്കം  തിരയും. കരു നീക്കാന്‍ ഉദ്ദേശിച്ച എണ്ണം  വീണാല്‍ വിരലു കൊണ്ട് നെറ്റിയിലെ വിയര്‍പ്പു മാടി പുഞ്ചിരിക്കും, കൂട്ടിരിപ്പുകാരനോട് കണ്ണിറുക്കും. അക്കം  പിഴച്ചാലോ വയറ്റാട്ടിയുടെ കൈയ്യില്‍ പൊക്കിള്‍ക്കൊടി മുറിയാത്ത ചാപിള്ളയെക്കണ്ട തള്ളയെപ്പോലെ പകച്ച്,   വിരലലഞ്ചും  ചേര്‍ത്ത് നെഞ്ചത്താഞ്ഞടിച്ച് 'നീയ്യ് ചതിച്ചല്ലോ ഭഗോതീ...' എന്നൊരു വാവിട്ടു വിളിയാണ്. എതിരാളിയുടെ മനസു പോലും  സഹതാപത്താല്‍ പകയ്‌‌ക്കുന്ന ഒരു നിലവിളി.

2.b
പകിടയെറിഞ്ഞ പ്രഭാകരന്‍ നായര്‍ക്ക്  അക്കം  വീണത് മൂന്നുമൊന്നും നാല്. കൂട്ടാളിയുടെ പകിടയില്‍ കറുപ്പന്റെ മനം  തെളിഞ്ഞു. നാലിനൊരു  അമ്പലം  പൂട്ടുണ്ട്. നീരറ്റ് വാടി നില്‍ക്കുന്ന വാഴക്കരുവിനെ വെട്ടാനായി പട്ടാമ്പിക്കാരുടെ കരു തൊട്ടു പിന്നിലുണ്ടായിരുന്നു. അതീന്ന് ചാടി വെട്ടൊഴിവാക്കി അമ്പലം  കൂടാം. പകിടയെറിഞ്ഞത് പ്രഭാകരന്‍ നായര്; കരുവെയ്‌‌പ്പിനുള്ള ഊഴവും  അയാളുടെ ആയിരുന്നു. അയാളാദ്യം  നോക്കിയത് കറുപ്പന്റെ കണ്ണുകളിലേയ്‌‌ക്കാണ്ആ കൂ‌‌ര്‍ത്ത നോട്ടം പിന്നെ പകിടക്കളത്തിലേക്കാക്കി. ആക്കറ്റു തടയില്ലാതെ നില്‍ക്കുന്ന കരുവിനെ അമ്പലം  പൂട്ടാതെ ഒരുതരം  മാറ്റി വെ‌‌യ്‌‌പ്പു വെച്ചു. കളിയില്‍ ആശയറ്റിരുന്ന പട്ടാമ്പിക്കാരുടെ കണ്ണുകള്‍ ചേര്‍ന്നു തിളങ്ങി. കറപ്പന്റെ കണ്ണിടിഞ്ഞു ; കളി കണ്ടു നിന്ന നാട്ടുകാരുടേയും... നല്ലൊരു കൈയ്യും, അക്കവും ഏറ്റു വന്നപ്പോഴാണ് പ്രഭാകരന്‍ നായര് ചൂതില്‍ ചതിച്ചത്. കുന്തുകാലേലിരുന്ന കറുപ്പന്‍ പുറകോട്ടു മറിഞ്ഞ് ഊരകുത്തി മണ്ണു പറ്റിയിരുന്നു. കളിയില്‍  മുന്നം  നിന്ന് ആവേശം  പൂണ്ട നാട്ടുകാരുടെ മനസു ചത്തു. പട്ടാമ്പിക്കാര്‍ മോശക്കാരല്ല; കഴിഞ്ഞ കളിയില്‍ അവരതറിഞ്ഞതുമാണ്. ചങ്കരംകുളത്തുകാരുമായായിരുന്നു കളി. ഇതേ പോലെ പിന്നിട്ടു നിന്നതാണ് പട്ടാമ്പിക്കാര്‍. എതിരാളിയുടെ ഒറ്റ പകിടപ്പിഴവിന്മേലാണ് കളി തിരിഞ്ഞത്. പിന്നെയവര്‍ക്ക് പകിടയില്‍ ഗുളികനായിരുന്നു. നാക്കിൽ പറഞ്ഞ അക്കം, മനസിൽ വിചാരിച്ച നീക്കം. ചങ്കരംകുളത്തുകാര്‍ കളി  ഹയ്യേന്നു തോറ്റു തുന്നം  പാടി. അതേക്കൂട്ടൊരു പിഴവാണ് ഇപ്പോള്‍ നടന്നത്; എന്നാല്‍ ചതിച്ചത് പകിടയോ, കരുവോ അല്ല; മറിച്ച് പ്രഭാകരന്‍ നായരാണ്. എറിഞ്ഞാല്‍ പറഞ്ഞയക്കം  വീഴുന്ന ഇടവങ്കൈയ്യാണ്, ഒരു പിഴവും പറ്റാതെ അക്കപ്പൊരുത്തം  മനക്കണക്കുകൂട്ടി കരു നീക്കുന്നവനാണ്. പക്ഷേ ഇത്തവണ നടന്നത് ചതി. പട്ടാമ്പിക്കാർ രണ്ടുപേരടക്കം കറുപ്പനിനി കളിച്ചു ജയിക്കേണ്ടത് മൊത്തം മൂന്നു പേരോടാണ്. കരുവെ‌‌‌യ്‌‌പ്പു തീര്‍ന്ന പ്രഭാകരന്‍ നായര്‍ പകിട കൂട്ടി ഊഴക്കാരനു കൈമാറി. മലച്ചിലില്‍ ചന്തിയ്‌‌ക്കു പറ്റിയ മണ്ണു തട്ടിക്കൊണ്ട് കറുപ്പന്‍ വീണ്ടും  കുന്തുകാലേലിരുന്ന് ചുണ്ണാമ്പും, കരിയും  വരച്ച കളത്തിലേയ്‌‌ക്ക് ചത്ത നോട്ടം  പതിഞ്ഞു നോക്കി.
  
കറുപ്പനും, പ്രഭാകരനും, കുഞ്ഞുപോക്കറും, ശങ്കുണ്ണിയുമൊക്കെയാണ് കുമരനെല്ലൂരിന്റെ പകിടസംഘത്തിലെ പ്രധാന കളിക്കാര്‍. അതില്‍ തന്നെ  പകിടകളിൽ കൈരാശിയും, കരുവിൽ നീക്കക്കണക്കും  വെച്ച് മുന്നില്‍ നില്‍ക്കുന്നവരാണ് കറുപ്പനും, പ്രഭാകരനും. ഈ ടൂര്‍ണ്ണമെന്റില്‍ ഒറ്റക്കളിയൊഴികെ ബാക്കിയെല്ലാം  ജയിച്ചാണ് കുമരനെല്ലൂരിതുവരെ എത്തിയത്. ജയിച്ച ആറുകളിയില്‍ അഞ്ചിലും  കൂട്ടിരുന്നത് അവര്‍ രണ്ടുപേരുമാണ്. നേര്‍ക്കു നേരായി, കണ്ണില്‍ കണ്ണു കോര്‍ത്ത്, അവര്‍ ഇരുന്നാല്‍ പിന്നെ വെള്ളം  തോരില്ല എന്നാണ് നാട്ടുകാരുടെ അഭിപ്രായം. പകിടക്കളത്തിനു മുന്നിലെ ഒരുമിച്ചിരുപ്പ് അവരിന്നും ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല; വര്‍ഷം   ഇരുപത്തഞ്ചെങ്കിലും  ആയിക്കാണണം. തിറകെട്ടുപേക്ഷിച്ച് പലചരക്കു പീടികയിടാന്‍ കറുപ്പനെ സഹായിച്ചത് പ്രഭാകരനാണ്. കടയിലേക്ക് തേങ്ങയും , വെളിച്ചെണ്ണയും, നെല്ലുമൊക്കെ മുന്‍കൂര്‍ നല്കിയുള്ള പതിവുകച്ചവട ബന്ധം കൂടിയുണ്ട്. പാടത്തെയും പറമ്പിലേയും  പണി, ക്ഷേത്രകാര്യങ്ങളിലെ ഉത്തരവാദിത്വം  എന്നിവയൊഴിഞ്ഞ് പ്രഭാകരന്‍ നായരെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും  കിട്ടുന്ന  നേരം  പോക്കാന്‍ ആകെയുള്ള വിദ്യ പകിട കളിയാണ്. കറുപ്പനെ പകിടകളി പഠിപ്പിച്ചത് പ്രഭാകരനാണ്. ആദ്യമൊക്കെ കളിയും, കരുവും, കളവുമായൊന്നും  പൊരുത്തപ്പെടാനായില്ലെങ്കിലും  പിന്നെപ്പിന്നെ കറുപ്പന്‍ ആയ അക്കമൊക്കെ എറിഞ്ഞു വീഴ്ത്തി കരു നീക്കിത്തുടങ്ങി. പ്രഭാകരന്‍ നായരോളം  വലിയ പകിട കളിക്കാരനായി; ഒരു പടി മുന്നിലാണോ എന്ന കാര്യത്തില്‍ മാത്രമേയുള്ളൂ സംശയം. അത് പ്രഭാകരനും മനസറിഞ്ഞ് അംഗീകരിക്കുന്ന സത്യമാണ്. പത്തു വര്‍ഷം  മുന്നെ കറുപ്പനും, പ്രഭാകരൻ നായരും കൂടിയാണ് നാട്ടിലാദ്യമായി പകിടകളി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. അതിന്റെ ചിലവില്‍ മുക്കാലും  വഹിച്ചത് അവരു തന്നെ ആയിരുന്നു. ചുറ്റുവട്ടത്തിലുള്ള ചിലരുമായായിരുന്നു അന്നൊക്കെ മല്‍സരം.

എന്നാല്‍  നാലഞ്ച് കൊല്ലത്തിനുള്ളില്‍ കളിയങ്ങ് കയറി കൊഴുത്തു. ചേലക്കര, മായന്നൂർ, ആര്യങ്കാവ്, പുലാമന്തോൾ, പട്ടാമ്പി, അവിണിശേരി, ചേര്‍പ്പ്, കോലഴി, കേച്ചേരി, കുന്ദംകുളം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ എണ്ണം പറഞ്ഞ കളിക്കാരു കൂട്ടമായി വന്ന് നിരക്കാന്‍ തുടങ്ങി. ഈഞ്ചലോടി പാടത്തെ പ്രഭാകരന്‍ നായരുടെ കൊയ്ത്തു കഴിഞ്ഞ കണ്ടത്തിലാണ് കളിസ്ഥലം; പന്തലിന്റെ ചിലവ് കറുപ്പനും. കവുങ്ങിന്‍ തൂണു കെട്ടി ഓലമെടഞ്ഞു മേഞ്ഞ പന്തലില്‍ പനമ്പുകെട്ടി മറച്ചതിന്മേല്‍ കളിനിയമങ്ങള്‍ വ്യക്തമായി എഴുതി ഒട്ടിച്ചിരുന്നു. നാടു മാറുന്നതിനനുസരിച്ച് കളിയിലുണ്ടാകുന്ന ചില ചെറിയ നിയമവ്യത്യാസങ്ങള്‍ കൈയ്യാങ്കളിയിലേക്ക്  മാറിയപ്പോഴാണ്  പൊതുവായ നിയമം  ഉണ്ടാക്കി എഴുതിപ്പതിച്ചത്. എന്നിട്ടും  ചിലപ്പോഴൊക്കെ തല്ലു നടക്കാറുണ്ട്. കുത്തിയെറിഞ്ഞ പകിട കറങ്ങി നിലയ്‌‌ക്കുന്നതിനു മുന്നെ അറിയാത്ത മട്ടില്‍ കൈകൊണ്ട് തൊട്ടു നിര്‍ത്തുന്ന വിരുതന്‍മാരുണ്ട്. കരു വെയ്‌‌ക്കുമ്പോള്‍, രണ്ടു കള്ളികളെ വേര്‍ത്തിരിക്കുന്ന നടുവരയുടെ മേല്‍ കയറ്റി വെച്ച് എതിരാളിയെ കുഴപ്പിക്കുന്ന വിദ്വാന്‍മാരുണ്ട്.   തൊട്ടും, തൊഴുതും, മന്ത്രിച്ചും  ഒക്കെ കറക്കിക്കൂട്ടിയ പകിട എതിരാളി എറിയാന്‍ നേരത്ത്  തൊട്ടു,തൊട്ടില്ല എന്ന മട്ടില്‍ മുട്ടുകൈകൊണ്ട് അവരുടെ കയ്യേല്‍ മുട്ടിക്കുന്ന കൂട്ടരുമുണ്ട്. എറിയാനുള്ള ഇടം  വിട്ട് കരുവിരിക്കുന്ന കളത്തിലേക്ക് പകിട തിരിക്കുന്നവരുണ്ട്അപ്പോഴൊക്കെ നല്ല തല്ലും ഉണ്ടാകുംഅവരുടെ കാല്‍ച്ചുവടില്‍ പകിടക്കളം മായും, ദാഹമകറ്റാന്‍ പന്തലിന്റെ വശത്തു വെള്ളം നിറച്ചു വെച്ച മണ്‍കുടം  ഉടയും, സംഭാരം  നിറച്ച അലുമിനിയം  കലം പാടത്തേയ്ക്കുരുളും. അത്തരം അവസരങ്ങളിൽ അവരെ ശാസിച്ചും, നിയന്ത്രിച്ചും കളിയിലെ നിയമം  പറഞ്ഞു ശാന്തരാക്കുന്നത്  കറുപ്പനും, പ്രഭാകരനും  കൂടിയാണ്. എന്നിട്ടും  ഇന്നെന്തേ ഇങ്ങനെയൊരു ചതി നടക്കാന്‍ എന്ന് നാട്ടുകാര്‍ക്കാര്‍ക്കാര്‍ക്കും  തന്നെ സംശയമുണ്ടായില്ല. കാരണമൊക്കെ  എല്ലാവര്‍ക്കും നന്നായറിയാം. പ്രഭാകരന്‍ നായര്‍ കരുവില്‍ ചതിച്ചത് നാട്ടുകാരെയല്ല; മറിച്ച് കറുപ്പനെയാണ്. കറുപ്പന്റെ മകന്‍ ഫോട്ടോഗ്രാഫര്‍ രവിയോടൊപ്പം  പ്രഭാകരന്‍ നായരുടെ മകള്‍ ശ്രീദേവി ഒളിച്ചോടിയത് തൊട്ടു തലേന്നായിരുന്നു.

3.a
ദേവി പഠിക്കുന്ന പാരലെല് കോളേജിനു മുകളിലാണ്  രവികുമാര് നടത്തുന്ന 'ശ്രീ ദുർഗാ സ്റ്റുഡിയോ'. ദേശീയ ഹിന്ദി പ്രചാരണ മിഷന്റെ ഒരു സ്റ്റഡി സെന്റർ കൂടിയായിരുന്നു അത്.
ഇതെന്താണിവിടെ?”
ഹിന്ദി വിദ്വാൻ കോഴ്സ് പഠിക്കാമെന്ന് വെച്ചു”
പെൺകുട്ടികൾ വിദ്വാനല്ലല്ലോ, വിദുഷിയ്ക്കല്ലേ പഠിക്കേണ്ടത്?”
ദേവി പതിഞ്ഞ മട്ടിലൊന്നു ചിരിച്ചു. അതായിരുന്നു തുടക്കം. തിറയും, പൂതനും വീട്ടു പടിയ്ക്കലെത്തുമ്പോഴേ പേടിച്ചോടിയൊളിച്ച് ജന്നൽ പഴുതിലൂടെ മറഞ്ഞു നോക്കുന്ന പെൺകുട്ടി കറുപ്പനോടൊപ്പം ചാക്കും ചുമന്നു വന്ന് അകമ്പടി നടക്കുന്ന പയ്യനെ ഓർ‌ത്തെടുത്തു. ഇപ്പോൾ അവന്റെ തോളിൽ ചാക്കിനു പകരം സ്റ്റിൽ ക്യാമറയുടെ ബാഗ് ആണ്. കോഴ്സിന് ചേരാനുള്ള അപേക്ഷാഫോറത്തിലേക്കു വേണ്ട പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ വേണ്ടിയാണ് ദേവി ആദ്യമായി സ്റ്റുഡിയോയിലെക്ക് കയറാനുള്ള ഗോവണിപ്പടികൾ ചവിട്ടുന്നത്. പിന്നെപ്പിന്നെ അതൊരു ശീലമായി മാറി. ക്ലാസ് തുടങ്ങും മുന്നെ, കഴിഞ്ഞ ശേഷം, ചിലപ്പോൾ അതിനിടയ്ക്ക്. പുഞ്ചിരിക്കുന്ന ഒരുപാട് ദേവീമുഖചിത്രങ്ങൾ ശ്രീദുർഗയുടെ അകം ചുമരിൽ പതിഞ്ഞു…


3.b
തൃശൂരിലെ ഒരു സിനിമാ തീയേറ്ററിൽ വെച്ച് രവിയോടൊപ്പം ദേവിയെ കണ്ട കാര്യം പ്രഭാകരൻ നായരോട് പറഞ്ഞത് ഭാസ്ക്കരനാണ്; പ്രഭാകരൻ നായരുടെ ഇളയ അനിയത്തിയുടെ മകൻ. സ്കൂളിൽ സമരം ചെയ്ത് നേതാവുകളിച്ച് എസ്.എസ്.എൽ.സിയ്ക്ക് തോറ്റു തുന്നം പാടി നിന്ന ഭാസ്ക്കരനെ ദേശമം‌ഗലത്തുള്ള അളിയന്റെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ട് വന്നതും, പേരവടി വെട്ടി തല്ലിപ്പഠിപ്പിച്ചതും, പരീക്ഷ പാസാക്കിയതുമെല്ലാം ‘പ്രഭാകരമാമ‘യാണ്. ആ പേടിയും, ബഹുമാനവുമെല്ലാം ഭാസ്ക്കരനുണ്ട്. അതു കൊണ്ടാണ് കോളേജ് പഠിപ്പ് കഴിഞ്ഞിട്ടും, തൃശൂരിൽ ചെറിയൊരു ജോലി ശരിയായിട്ടും, ഭാസ്ക്കരൻ അമ്മാവന്റെ വീട്ടിൽ താമസിച്ചത്. അല്ലാതെ അത് ദേവിയൊടുള്ള ഇഷ്ടം കൊണ്ടു മാത്രമൊന്നുമല്ല. ഈഞ്ചലോടി പാടത്തെ പകിടപ്പന്തലിൽ താനും, കറുപ്പനും കൂട്ടിരുന്ന് പുലാമന്തോളുകാരെ തോൽപ്പിച്ചതിന്റെ ആവേശത്തിലായിരുന്നു അന്ന് പ്രഭാകരൻ നായര്.പക്ഷേ, ഭാസ്ക്കരൻ പറഞ്ഞ കാര്യം കേട്ട് മനസു ചത്തു.
ആര്ടെ കൂടെ“
“നമ്മടെ പീടികക്കാരൻ കറുപ്പന്റെ മകനില്ലേ , ആ സ്റ്റുഡിയോ നടത്തണ ചെക്കൻ.. രവി”
പ്രഭാകരൻ നായർ ദേഷ്യം കൊണ്ട് നിന്ന് നീലച്ചു വിറയ്ക്കുകയാണ്. രവിയുടെ വിശേഷണം അത്ര രസിച്ച മട്ടില്ല.
മണ്ണാ‍ൻ കറുപ്പന്റെ മോനെന്ന് പറയെടാ.. മേലേമ്പാട്ട് പ്രഭാകരന്റെ ഒറ്റ മോൾക്ക് ഇഷ്ടം കൂടാൻ കണ്ടൊരു തെണ്ടി... ലാളിച്ച് വഷളാക്കിയതിന്റെ കൊഴപ്പാ. ഇന്നിങ്ങട് വരട്ടെ അവള്, തല്ലിത്തമ്പോറാക്കുന്നുണ്ട്…”
ഏറുതെറ്റി കറങ്ങാനാകാതെ അപ്പാടെ നിലത്തു വീണ് വേണ്ടാത്ത അക്കം തെളിഞ്ഞ പകിട പോലെ പ്രഭാകരൻ നായര് ചാരു കസേരയിലമർന്നു. ദേഷ്യം സഹിക്കവയ്യാതെ നെഞ്ചിലെ രോമം തടവിയും, പിഴുതും പിറുപിറുത്തു. വളർ‌ത്തുദോഷത്തിന് ഭാര്യയെ തെറിവിളിച്ചു. ‘ഞാനെന്തറിഞ്ഞിട്ടാ? അറിഞ്ഞോണ്ട് അഴിഞ്ഞാടാൻ വിട്ടതാണോ“യെന്ന് സൌദാമിനിയമ്മ പതം പറഞ്ഞു കരഞ്ഞു.

3.c
ഉച്ചയ്‌ക്ക് വന്നു കയറിയ പാടെ ഇടവൻ കൈകൊണ്ട് മുഖമടച്ചൊരടി കൊടുത്ത ശേഷമായിരുന്നു ചോദ്യവും, പറച്ചിലുമെല്ലാം. ദേവി അപ്പാടെ പകച്ചു. അമ്മയിൽ നിന്ന് നുള്ളും, തല്ലും, വഴക്കുമെല്ലാം ശീലമായിരുന്നെങ്കിലും അച്ഛൻ കടുപ്പിച്ചൊരു വാക്കു പോലും പറഞ്ഞത് ദേവിയുടെ ഓർമ്മയിലില്ല. അടി കിട്ടിയ ദേവി നിലതെറ്റിയപ്പോൾ ചുമരിൽ കൈ കുത്തി നിന്നു. മുടിക്കുത്തിനു പിടിച്ച് പ്രഭാകരൻ നായരു കയർ‌ത്തു.
“ഇതെന്തിനാണെന്ന് മനസിലായോ?“
ദേവി ‘ഇല്ലെ‘ന്ന് തലയിളക്കി. പ്രഭാകരൻ നായര് ദേവിയെ ഭാസ്ക്കരനു മുന്നിലേക്ക് ഉന്തിയെറിഞ്ഞു.
പറഞ്ഞ് കൊടുക്കെടാ നീ കണ്ട കാഴ്ച. അവളൊന്നും ഒന്നും അറിഞ്ഞിട്ടില്ലെന്ന്…”
ദേവിയുടെ മുഖത്തു നോക്കാൻ ത്രാണിയില്ലാതെ ഭാസ്ക്കരൻ തലകുനിച്ചു. പിന്നെ.. താൻ കണ്ട കാര്യം പറഞ്ഞു.
ഇപ്പ മനസിലായാ അച്ഛന്റെ പൊന്നുമോൾക്ക്?”
ദേവി ‘ഉവ്വെ’ന്ന് തലയിളക്കി.
എന്നാ പറ, എന്താ നിന്റെ തീരുമാനം?”
എനിക്കിഷ്ടാണ്”
പിന്നെ നടന്നതെല്ലാം ദേവിയ്ക്ക് അവ്യക്തമായ ഓർമ്മകളായിരുന്നു. തല്ലുന്നതു തടയാൻ ചെന്ന ഭാസ്ക്കരനെ അച്ഛൻ  മുറ്റത്തേയ്ക്കു തള്ളിയിട്ടതും, അടിയ്ക്കു മറ നിന്ന അമ്മ ഉമ്മറപ്പടിയിൽ തലയിടിച്ചു വീണതും, തന്റെ കീഴ്ച്ചുണ്ടു പൊട്ടി ചോരതെറിച്ചതും എല്ലാം… പക്ഷേ ബോധം മറയുന്നതു വരെ താൻ അച്ഛന്റെ കണ്ണിലേക്കു കെറുവിച്ച് നോക്കി ‘ഇഷ്ടമാണെ‘ന്ന് ആവർ‌ത്തിച്ചു പറഞ്ഞതു മാത്രം ഓർമ്മയുണ്ട്.

3.d
വീട്ടിൽ നിന്നിറങ്ങിയ പ്രഭാകരൻ നായര് പാഞ്ഞു ചെന്നത് കറുപ്പന്റെ പലചരക്കു കടയിലേക്കാണ്. കച്ചവടത്തിരക്കൊഴിഞ്ഞ നട്ടുച്ചയായതിനാൽ പീടികയ്ക്കു മുന്നിൽ കല്ലുപ്പ് നിറച്ച പെട്ടിയുടെ പലകപ്പാളിയിന്മേലിരുന്ന് വെറ്റില ചവയ്‌ക്കുകയായിരുന്നു കറുപ്പൻ. ആളകലെ നിന്ന് കാലുനീട്ടി നടവെച്ച്, വിയർ‌ത്തു കുളിച്ചു വരുന്നത് കറുപ്പൻ കണ്ടു. അതൊരു പന്തിയില്ലാത്ത വരവാണെന്ന് ഉറപ്പിച്ചു. പകിടപ്പന്തലിൽ തല്ലുണ്ടായിക്കാണുമെന്നാണ് കരുതിയത്. എന്നാൽ ദേഷ്യം വന്ന് കിതച്ചു കൊണ്ട് പ്രഭാകരൻ നായര് പറഞ്ഞ കാര്യം കേട്ടപ്പോൾ കറുപ്പന് എന്തെന്നില്ലാത്ത പോലെ തോന്നി.
ഞാൻ അവനെ കാര്യം പറഞ്ഞ് മനസിലാക്കിക്കോളാം.”
തന്ത പറഞ്ഞിട്ടും അവന് തിരിഞ്ഞില്ലെങ്കിലോ?”
ഇത് പഴേ കാലം അല്ലെന്ന് ഞാൻ പറയാതന്നെ അറിയാലോ.. പിള്ളാരൊകെ പുത്യേ പഠിപ്പും, ശീലോം ആണ്“
പിള്ളേര് പുതിയതായിരിക്കും. പക്ഷെ പ്രഭാകരൻ പഴയതാ, നീയും അതെ…  മറക്കണ്ടാ കറുപ്പാ..”
ഞാവനനെ പറഞ്ഞ് മനസിലാക്കാം…”
നീയെന്താ ചെയ്യാൻ പോണേന്ന് എന്നെ ബോധ്യപ്പെട്‌ത്തണ്ട. നിന്നോടുള്ള ഇരിപ്പു വശം വെച്ച് ഞാനിത് ആദ്യേ പറഞ്ഞൂന്ന് മാത്രം. ചെയ്യണ്ടതെന്തെന്നാണെന്ന് എനിക്കറിയാം. എന്റെ മോള് മുഷിഞ്ഞാൽ, അതലക്കി വെളുപ്പിക്കാൻ എനിക്ക് മണ്ണാൻ കറുപ്പന്റെയും, മോന്റെയും ഒത്താശ വേണ്ട”
കറുപ്പന് മനസു പിടഞ്ഞു. വായിലെ മുറുക്കാൻ പ്രഭാകരൻ നായരുടെ കാലിനടുത്തേയ്ക്ക് കാർക്കിച്ചു തുപ്പിയ ശേഷം പറഞ്ഞു.
എന്നാ പിന്നെ നിങ്ങള് നിങ്ങടെ വഴി നോക്ക്. എന്റെ ചെക്കനെ തൊട്ടാണ് കളിയെങ്കില്‍, പിന്നത്തെ കഥ വേറെയാണ്”
പ്രഭാകരൻ നായര് വെട്ടിത്തിരിഞ്ഞു നടന്നു. അയാളോടങ്ങനെ മറുത്തു പറഞ്ഞെങ്കിലും ഉള്ളിൽ ആധിപിടിച്ച കറുപ്പൻ ഉപ്പുപെട്ടിയുടെ മുകളിലിരുന്ന് താടിയ്ക്കു കൈകൊടുത്തു. നിരപ്പലകയിട്ടു കടപൂട്ടിയ ശേഷം നേരത്തേ വീട്ടിലേക്കു തിരിച്ചു.

4.a
പഴയ മൺ‌വഴി ടാറിട്ടതൊഴിച്ചാൽ കഴിഞ്ഞ പത്തു വർ‌ഷത്തിനിടെ വീടും, പരിസരവും കാര്യമായിട്ടൊന്നും മാറിയിട്ടില്ലെന്ന് ദേവിയ്ക്കു തോന്നി. മതിൽക്കെട്ടു കടന്ന് , മുറ്റം മുറിച്ച് വീട്ടിലേയ്ക്കു നടക്കുമ്പോൾ മരണവീട്ടിലെ ആൾത്തിരക്കിലും ഒറ്റപ്പെടുന്നതിന്റെ അന്താളിപ്പ്. വെയിലുദിച്ച് തുടങ്ങിയിരുന്നു മതിലിനോട് ചേർന്ന് ഒരു നീണ്ട മുള കുഴിച്ചു പൊന്തിച്ചതിന്റെ മേൽ ടാർ‌പോളിൻ  ഷീറ്റ് വലിച്ചു കെട്ടുന്ന തിരക്കിലാണ് ഭാസ്ക്കരേട്ടൻ. പായൽ പിടിച്ച കരിങ്കല്ലു മതിലിൽ നിന്ന് ഇറങ്ങുമ്പോൾ തെന്നി വിഴാതിരിക്കാൻ അയാൾ ശ്രദ്ധ കാണിച്ചു. അടുത്തെത്തിയതും കുട്ടികളെ ചേർ‌ത്തു പിടിച്ചു. ദേവിയുടേയും, രവിയുടേയും മുഖത്തു നോക്കി വിളറിയമട്ടിൽ ചിരിച്ചു. ഉമ്മറത്തേയ്ക്കുള്ള പടിക്കെട്ടുകൾ ചവിട്ടിക്കയറുമ്പോൾ ആൾക്കൂട്ടത്തിന്റെ പതിഞ്ഞ ചില മുറുമുറുക്കലുകളല്ലാതെ ഒരു കരച്ചിലിന്റേയോതേങ്ങലിന്റേയോ ശബ്ദം പോലും ദേവി കേട്ടില്ല. മരിച്ചിരിക്കുന്നത് തന്റെ അച്ഛനാണ്, തലയ്ക്കാം ഭാഗത്തിരുന്ന് നെഞ്ചത്തടിച്ച് കരയേണ്ടത് താനാണ്. ആ താനിപ്പോൾ ശവം കാണാനായി ഉമ്മറപ്പടി കടക്കുന്നതേ ഉള്ളൂ. ദേവിയും, മക്കളും കോലായിലേക്കു കടന്നു ചെന്നു. അകത്തേക്കുള്ള വാതിൽ വരെ അവരോടൊപ്പം കൂടിയെങ്കിലും രവി അതിനപ്പുറം കടന്നില്ല. അവിടെ നിന്നു കൊണ്ട് അയാൾ അകത്തേയ്ക്കെത്തി നോക്കി.

കറുത്ത ചാന്തു തേച്ച തണുത്ത നിലത്താണ് ശവം ഇറക്കി കിടത്തിയിരുന്നത്. വെള്ള പുതച്ച്, പെരുവിരലുകൾ കൂട്ടിക്കെട്ടിയ അവസ്ഥയിൽ നീണ്ട് നിവർ‌ന്നു കിടക്കുകയായിരുന്നു പ്രഭാകരൻ നായർ. തലയ്ക്കൽ കത്തിയ്ച്ചു വെച്ച ചെറിയ നിലവിളക്കിനടുത്ത് പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരിയുടെ മടിയിൽ, കരയാൻ പോലും ആവതില്ലാതെ തളർന്നു കിടക്കുകയായിരുന്നു സൌദാമിനിയമ്മ. നിറഞ്ഞു നനഞ്ഞ കണ്ണുകൾ കൊണ്ട് മകളെ തിരിച്ചറിഞ്ഞപ്പോൾ അടുത്തു വരാൻ അവർ കൈ മാടി വിളിച്ചു. ദേവി അമ്മയ്ക്കരിൽ ചെന്നിരുന്നു. കൈകൾ കൂട്ടിപ്പിടിച്ച് മുഖത്തോടു ചേർ‌ത്ത് ചും‌ബിച്ചു. കരഞ്ഞു തൊണ്ടകെട്ടിയ ശബ്ദത്തിൽ അമ്മ എന്തൊക്കെയോ എണ്ണിപ്പറയുന്നുണ്ട്. ദേവി അച്ഛന്റെ മുഖത്തേയ്ക്കു നോക്കി. അവിടെ പഴയ ഗർ‌വ്വില്ല, തിളക്കമില്ല കവിളുകൾ തൂങ്ങി കരിനീലച്ച് തുടങ്ങിയിരുന്നു, ഇങ്ങനെ താടിരോമങ്ങളോടെ അച്ഛന്റെ മുഖം ഒരിക്കൽ പോലും കണ്ടിട്ടില്ല, തലമുടിയാകട്ടെ മുഴുക്കേ നരച്ചിരിക്കുന്നു. നെറ്റിയുടെ ഇടതു വശത്ത് വലിയൊരു മുറിവുണ്ട്, താടിയെല്ലും തലയും ചേർത്തു കെട്ടിയ ശീലമുറിയിൽ ചോര ചെറുതായി കിനിഞ്ഞു കട്ടപിടിച്ചിരിക്കുന്നു. ദേവി പതുക്കെ ആച്ഛന്റെ മേലേക്കു ചാഞ്ഞു കിടന്ന് കവിളിൽ ചും‌ബിച്ചു. അച്ഛന് അപ്പോഴും അച്ഛന്റെ മണമുണ്ടായിരുന്നു. വെയിലത്തു വിയർത്ത് വീട്ടിലേക്കു കയറി വരുന്ന അച്ഛന് കൊറ്റനാടിന്റെ മണമാണെന്ന് പറഞ്ഞാണ് അമ്മ കളിയാക്കാറുള്ളത്. എന്നാൽ തന്റെ ഓർ‌മ്മയിൽ അത് അച്ഛന്റെ മണമാണ്. എന്നാൽ അച്ഛന്റെ ശരീരത്തു നിന്നല്ലാതെയും ആ മണം കിട്ടിയിട്ടുണ്ട്. വേലിപ്പടർപ്പിൽ നിന്നിരുന്ന തുപ്പലം‌പൊട്ടിയെന്നു പേരുള്ള വെള്ളം തട്ടിയാൽ പൊട്ടുന്ന ഉണങ്ങിയ ചെറിയ കായ പൊട്ടിയ്ക്കാൻ കൈവിരലിൽ തുപ്പലു പറ്റിച്ച് അതിന്മേൽ തൊടുമ്പോൾ നേർ‌ത്തൊരു ശബ്ദത്തോടെ അതു പൊട്ടി വിത്തുകൾ ചിതറും. വിരലുകളിൽ പറ്റിയ ഉമിനീർ കൈത്തണ്ടയിൽ തുടച്ചു തിരുമ്മുമ്പോൾ ആണ് അച്ഛന്റെ വിയർ‌പ്പിന്റേതു പോലുള്ള രൂക്ഷഗന്ധം തൊലിപ്പുറത്തുണ്ടാകാറുള്ളത്. “ദേ എന്റെ കൈയ്യുമ്മേ അച്ചന്റെ മണം” എന്നു പറഞ്ഞ് താൻ അച്ഛനരികിൽ ഓടിയെത്താറുണ്ട്. അച്ഛൻ തന്നെ തൂക്കിയെടുക്കാറുണ്ട്. “നോക്കട്ടേ..”യെന്നു പറഞ്ഞ് തന്റെ കുഞ്ഞു കൈത്തണ്ടയിൽ മൂക്കു മുട്ടിച്ചു മണക്കാറുണ്ട്. കൈത്തണ്ടയിൽ കട്ടിയുള്ള മീശയുരഞ്ഞ് തനിക്ക് അരിച്ചു കയറാറുണ്ട് പക്ഷെ മരിച്ചവർ വിയർക്കാറുണ്ടോ? എന്തായാലും അച്ഛനിപ്പോഴും വിയർപ്പു മണമുണ്ട്

4.b
തന്റെ വീട്ടിലേക്കൊന്ന് പോകണം. ചടങ്ങുകൾ ആരംഭിച്ചതോടെ രവി കുട്ടികളേയും കൂട്ടി മുറ്റത്തേയ്ക്കിറങ്ങി. അല്ലെങ്കിൽ തന്നെ എത്ര നേരമാണ് നാട്ടുകാരുടെ തുറിച്ചു നോട്ടവും, ദേവിയുടെ ബന്ധുക്കളുടെ പിറുപിറുക്കലും സഹിച്ച് ഇവിടെ വീർ‌പ്പുമുട്ടി കഴിയുന്നത്. വീട്ടിലിപ്പോൾ ആരുണ്ടായിരിക്കും, അമ്മയും, അനിയനും? മതിൽ കെട്ടിനു പുറത്തു കടന്നപ്പോഴേയ്ക്കും ഭാസ്ക്കരൻ ഓടിയെത്തി.
രവിയെങ്ങട്ടാ വീട്ടിലേക്കാണോ?“                           .
അതേ, എന്താ?”                              .
അല്ല മോനേ ഇവിടെ നിർ‌ത്താമോ? കർമ്മം ചെയ്യാൻ ആളായി ഞാൻ മതി. എന്നാലും ദേവിയുടെ മകനും അതിന് അവകാശണ്ടല്ലോ. വിരോധല്ലെങ്കില്..”                                 .
മക്കൾ രണ്ടു പേരുടേയും കൈകൾ പിടിച്ചാണ് നടന്നു തുടങ്ങിയത്. ഇടത്തേ കൈ പിടിവിട്ടു. മകളോടൊത്ത് വീട്ടിലേക്കു നടന്നു.

4.c
പടി കടന്ന് വീട്ടിലേക്കു കയറുമ്പോൾ ഉമ്മറത്തിണ്ണയിൽ കാലുനീട്ടി മുടികോതി ഇരിക്കുകയായിരുന്നു അമ്മ. ആളെ പിടികിട്ടാഞ്ഞിട്ടാണെന്നു തോന്നുന്നു പുരികത്തിനു കൈമറ പിടിച്ച് തന്നെ സൂക്ഷിച്ചു നോക്കിയത്ത്. തിരിച്ചറിഞ്ഞപ്പോൾ തിണ്ണയിൽ നിന്നെണീറ്റ്, മുടി മാടിക്കെട്ടി, ആയാസപ്പെട്ട് വേച്ചു വെച്ചു മുന്നോട്ടു നടന്നു വന്നത്. പതിനൊന്നു വർ‌ഷത്തിന്റെ അകലമാണ് പരസ്പരം എതിരേ നടന്നടുത്ത് ഇല്ലാതാക്കിയത്. ഒരുപാട് ചോദ്യവും, ഉത്തരവും, പഴി പറച്ചിലുമെല്ലാം പ്രതീക്ഷിച്ചാണ് രവി അമ്മയുടെ ചുമലിൽ ഇരു കൈകളും ചേർ‌ത്തു പിടിച്ചു നിന്നത്. അതൊന്നും ഉണ്ടായില്ല. മരിച്ചയിടത്തു പോയല്ലേ വന്നതെന്ന ചോദ്യം. ഉവ്വെന്നു പറഞ്ഞപ്പോൾ കിണറ്റുകരയിൽ നിന്ന് വെള്ളം തളിച്ച് തല ശുദ്ധമാക്കി അകത്തേയ്യ്ക്കു കയറാൻ സ്നേഹത്തോടെയുള്ള ശാസന. മോളുടെ കൈ പിടിച്ച് വീടിനകത്തേയ്ക്കു നടക്കുമ്പോൾ കാൽ മുട്ടിന്മേൽ കൈകുത്തി ബലം കൊടുക്കുന്നുണ്ടായിരുന്നു. അമ്മ  ക്ഷീണിച്ചു നരച്ചു കിളവിയായിരിക്കുന്നു. വീട് പുതിക്കിപ്പണിതിട്ടുണ്ട്. ഉമ്മറത്തു തന്നെ ചുമരിൽ അച്ഛന്റെ ഫോട്ടോ ഫ്രെയിം ചെയ്തി  തൂക്കിയിരിക്കുന്നു. സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയ ദിവസം ഉൽഘാടന ചിത്രമായി താൻ എടുത്തതാണത്. അമ്മയോടൊത്ത് അടുക്കളയിൽ കണ്ട അപരിചിതയായ യുവതി അനിയന്റെ ഭാര്യയായിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം പഠിപ്പു പാതിയിൽ നിർ‌ത്തി, കടയുടെ നടത്തിപ്പ് അവനാണത്രേ ഏറ്റെടുത്തത്.
4.d
ചടങ്ങുകൾ കഴിഞ്ഞ് ഭാസ്ക്കരേട്ടനോടൊപ്പം മകൻ മടങ്ങി വന്നു. പരിചയമില്ലാത്ത ആളുകളും, ചുറ്റുപാടുകളും, ചടങ്ങുകളും കണ്ട് അവനാകെ പരിഭ്രമിച്ച മട്ടുണ്ട്. ചടങ്ങുകൾക്കായി രണ്ട് മൂന്ന്  തവണ വെള്ളംമാറി കുളിച്ചതിന്റെയാകണം തുമ്മലും തുടങ്ങിയിട്ടുണ്ട്. ഐവർ മഠത്തിലായിരുന്നു അച്ഛനെ ദഹിപ്പിച്ചത്. അതുകാണാൻ താൻ പോയില്ല, അമ്മയ്ക്കു വീട്ടിൽ കൂട്ടിരുന്നു. തെക്കോറത്തെ വരിക്കപ്ലാവ് നിൽക്കുന്നതിനടുത്ത് തന്റെ അച്ഛനേയും, അമ്മയേയും അടക്കിയ മണ്ണിൽ തന്നെയും അടക്കണം എന്നായിരുന്നു അച്ഛൻ മുന്നെ പറയാറുള്ളത്. എന്നാൽ ചത്തു കഴിഞ്ഞാൽ ഒരെല്ലെൻ കഷ്ണം പോലും ഈ വീട്ടിൽ ബാക്കിയാവരുതെന്ന് അവസാനകാലത്ത് അമ്മയോടു പറഞ്ഞിരുന്നുവത്രേ. അച്ഛൻ ഒരുപാട് മാറിയിരിക്കണം. ഒരു പരിധിവരെ താനാണ് അതിനു കാരണവും...
5.a
കൂർ‌ക്കഞ്ചേരിയിലെ എസ്.എൻ.ഡി.പി ദേവസ്വം വക അമ്പലത്തിൽ വെച്ചായിരുന്നു കല്യാണം. ലളിതമായ ചടങ്ങുകൾ. തുളസിമാലകൾ പരസ്പരം അണിയിച്ചു, നെറ്റിയിൽ സിന്ദൂരം ചാർ‌ത്തി. റജിസ്റ്ററിൽ ഒപ്പുവെച്ചു. രവിയുടെ ഏതോ സുഹൃത്തിന്റെ അമ്മാവനാണ് കാരണവരായി നിന്ന് കന്യാദാനം നടത്തിയത്. വിവാഹത്തിന് പങ്കെടുത്തവൻ ആകെ ആറുപേർ. കല്യാണം കഴിഞ്ഞയുടനേ നേരേ റെയിൽ‌വേ സ്റ്റേഷനിലെത്തി മദ്രാസിന് തിരിക്കാനായിരുന്നു രവിയുടെ പ്ലാൻ. “അങ്ങനെയായാലെങ്ങെനെ ശര്യാവും. ഇത് നടത്തിത്തന്ന ഞങ്ങക്ക് ചില ഉത്തരവാദിത്വങ്ങളൊക്കെ ഇല്ലേ? വല്ല്യ ആർ‌ഭാടോം, പന്തിയിട്ടു സദ്യയും ഒന്നൂല്ലെങ്കിലും ഒരൂണെങ്കിലും കഴിച്ച് പിരിയാം” എന്നു പറഞ്ഞത് സുഹൃത്തിന്റെ അമ്മാവനായിരുന്നു. തൃശൂർ റൌണ്ടിലെ പത്തൻസ് ഹോട്ടലിലേയ്ക്കാണ് നേരേ പോയത്. ഊണിനു ശേഷം ഓട്ടോ പിടിച്ച് റെയിൽ‌വേ സ്റ്റേഷനിലേയ്ക്ക്. ആദ്യം വന്ന മദ്രാസ് വണ്ടിയുടെ ജനറൽ കമ്പാർട്ടുമെന്റിൽ കയറി. ഇരിക്കാൻ ഒഴിവുണ്ടായിരുന്നുല്ല. രണ്ടുപേരും തിരക്കിൽ തൂങ്ങിപ്പിടിച്ച് നിന്നു. അന്ന് ഉപേക്ഷിച്ചതാണ് ഈ നാടും, വീടും…
5.b
"അവള്‌ ചത്തു, ഉണ്ടാക്കിയ ഞാന്‍ തന്നെ മനസുകൊണ്ട് പിണ്ഡവും വെച്ചു. ഇനിയിപ്പ ആര്‍ക്കാ എന്താ അറിണ്ടത്?" ദേവി വീട്ടിൽ നിന്നിറങ്ങിപ്പോയ ദിവസം വൈകീട്ട് വീട്ടിലെത്തിയ പ്രഭാകരൻ നായർ ആ ചോദ്യമല്ലാതെ വീട്ടുകാരോട് പിന്നെ ഒരക്ഷരം മിണ്ടിയില്ല. മൂക്കറ്റം ചാരായം കുടിച്ചാണ് അന്നു വന്നത്. അങ്ങനെ പതിവില്ലാത്ത ശീലമാണ്. അന്ന് രാത്രി മുഴുവൻ മച്ചിലെ ഭഗവതിയോടായിരുന്നു കലി തീർ‌ത്തത്. തൂങ്ങിക്കിടന്ന ചങ്ങല വിളക്കഴിച്ചെടുത്ത്  മരത്തി കൊത്തിയ ഭുവനേശ്വരീയുടെ തലയ്ക്കടിച്ചു. വിഗ്രഹം പീഠത്തിൽ നിന്നിളകി കാല്‍ച്ചോട്ടി വീണു. "ഇതിനായിരുന്നോ അറുവാണിച്ച്യേ നിനക്ക് എന്നും അന്തിക്ക് മൊടങ്ങാതെ വെളക്കും, തീരീം വെച്ചത്? രക്ഷിക്കാനല്ലേ നിന്നെ ഭഗോതിയെന്ന് വിളിച്ച് കുടിയിരിത്തിയിരിക്കണേ? എന്നിട്ട് വെതയ്ക്ക്റായ എന്റെ  മുളവിത്ത് കണ്ട ചാഴിയും,പ്രാണിയും ഒക്കെ പാലൂറ്റുമ്പൊ കണ്ണടച്ച് ചതിയ്ക്ക് കൂട്ട് നിന്ന നീയാ ഇപ്പ എന്റെ ഭഗോതി. കുരുട്ട് കൂളീ കൂത്തിച്ചീ..." എന്ന് തെറിവിളിച്ചു കയര്‍ത്തു. കുളിച്ച ഈറനോടെ ഓച്ഛാനിച്ചു വണങ്ങിയല്ലാതെ ആ വിഗ്രഹത്തിന്‌ മുന്നില്‍ നില്‍ക്കാത്ത ആളാണ് ചങ്ങല വിളക്കിന്റെ അടിയേറ്റ് നിലത്തു വീണ വിഗ്രഹത്തെ പുറം കാലോണ്ട് തൊഴിച്ചത്. മച്ചിൽ പിന്ന് പുറത്തിറങ്ങുമ്പോൾ  വിയര്‍പ്പ് നനഞ്ഞ തോര്‍ത്തില്‍ കൂട്ടിപ്പിടിച്ച വിഗ്രഹം കൈയ്യിലുണ്ടായിരുന്നു. ആക്കറ്റു നെഞ്ചത്തടിച്ച് കരഞ്ഞു വിളിച്ച് ആ രാത്രിയ്ക്ക് രാത്രി തന്നെ പുറത്ത് പോയി ഭുവനേശ്വരീ ദേവിയെ എടുത്ത് വെട്ടോഴിച്ചാലി എറിഞ്ഞു. തിരിച്ചു വീട്ടിൽ വന്ന ശേഷം വീണ്ടും ചാരായക്കുപ്പി തുറന്നു. ഉച്ചത്തിൽ പുലഭ്യം പറഞ്ഞു. എതിർ‌ക്കാനോ, മറുത്തു പറയാനോ ആർ‌ക്കും ധൈര്യം വന്നില്ല.
6.
ഉച്ചവെയില് മൂപ്പെത്തി നിൽ‌ക്കുകയാണ്. പട്ടാമ്പിക്കാർ എറിഞ്ഞ്, കരുവെച്ചു തീർന്നതോടെ ഇരിപ്പനുസരിച്ച് ഊഴം മറിഞ്ഞ് പകിട വീണ്ടും പ്രഭാകരൻ നായരുടെ കൈയ്യിലെത്തി. ആർ‌പ്പുവിളികൾക്കിടയിലും പകിടപ്പന്തിയാകെ പകച്ച് നിൽക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും തിരിയാവുന്ന മട്ടിലാണ് ഇപ്പോൾ കളിനല്ലൊരു അക്കം വീണ് കരുനീക്കിയാൽ കുമരനെല്ലൂരിന് ഇപ്പൊഴും കളി വരുതിയിലാക്കാവുന്നതേയുള്ളൂ. കറുപ്പനും, പ്രഭാകരൻ നായരും എറുകണ്ണിട്ട് പരസ്പരം പകയോടെ നോക്കി. പ്രഭാകരൻ പകിട കൈയ്യിലെടുത്ത് ചേർത്തു കറക്കി. ആവേശവും, ദേഷ്യവും സഹിക്കവയ്യാഞ്ഞ് അതേ ഊക്കിൽ കറുപ്പനും കൈകൾ കൂട്ടിത്തിരുമ്മി. ‘..ശ്..‘ എന്ന ഇടങ്കൈത്തിരിപ്പിൽ ആദ്യം വീണത് ആറുമൊന്നും ഏഴ്. അടുത്തയേറിൽ പകിടയിൽ തെളിഞ്ഞത് ഭാഗ്യം; നാലും‌മൂന്നും ഏഴ്. പെരിപ്പം വീണതിനാൽ ഒരു തവണ കൂടെ എറിയാനുള്ള കൈ വേറെയും. എന്നിട്ടും പ്രഭാകരൻ നായര് വിചാരിക്കാത്ത കരുനീക്കം വീണ്ടും നടത്തി. ഹയ്യത്തട്യേയ് എന്ന് കറുപ്പൻ തലയിൽ കൈവെച്ചു പ്രാകി; നാട്ടുകാര് തെറിവിളിച്ചും, പിറുപിറുത്തും കലമ്പി നിന്നു…
പെരിപ്പം വീണതുകൊണ്ട് പ്രഭാകരൻ നായർക്ക് ഒരുതവണകൂടെ  പകിടയെറിയാം. പകിട കൈയ്യിലെടുത്ത് കൂട്ടിത്തിരുമ്മുമ്പൊള്‍ അയാള്‍ കറുപ്പന്റെ കണ്ണില്‍ നോക്കി. കളത്തില്‍ വരച്ച ചുണ്ണാമ്പു ശകലം  കണ്ണില്‍ പോയെന്ന പോലെ കറുപ്പന്റെ കണ്ണുകള്‍ ചുവന്നു കലങ്ങുന്നത് കണ്ടു പുഞ്ചിരിച്ചു. പകിടക്കളത്തില്‍ പരന്നിരിക്കുന്ന കരുക്കളില്‍ ശ്രദ്ധിക്കാതെ കറുപ്പന്റെ കണ്ണില്‍ മാത്രം  നോക്കി പകിടയെറിഞ്ഞു; അക്കം  വീണത് മൂന്നുമൂന്നാറ്. വീണ്ടും  ഒരു പാഴ്ക്കരു വെയ്ക്കാനായി കൈ നീട്ടിയതും  കറുപ്പന്‍ ആ കൈയ്യില്‍ കടന്നു പിടിച്ചു.
അഹമ്മതിയ്ക്കും  ഒരു പരിധിയൊക്കെ ഉണ്ട്; ഇനിയിത് സമ്മതിക്കില്ല"
പ്രഭാകരന്‍ നായര് കറുപ്പന്റെ കൈ തട്ടിമാറ്റി ആ കരുവിലേക്കു തന്നെ കൈ നീട്ടി. കറുപ്പന്‍ വീണ്ടും  കൈയ്യില്‍ കയറിപ്പിടിച്ചു തടഞ്ഞു. പട്ടാമ്പിക്കാര്‍ കറുപ്പനെതിരെ കയര്‍ത്തു.
അതെന്താ മൂപ്പരേ ഇപ്പളീ കൂത്ത്? കരുവെയ്പ്പിന്റെ അവകാശം  പകിട എറിയുന്ന ആൾക്കല്ലേ? നിങ്ങടെ ഊഴം  വരുമ്പള് നിങ്ങള് വെയ്ക്ക്. അല്ലാതെ കൈയ്ക്ക് കയറി പിടിച്ചാലെങ്ങന്യാ? നിങ്ങടെ നാട്ടിലാണ് കളിയെന്ന് വെച്ച് നിയമം  ഉണ്ടക്കുന്നതും, അത് തെറ്റിക്കുന്നതും  ഒക്കെ നിങ്ങളാണെന്നാണോ?”
പിന്നേ... നല്ല കരുവെയ്ക്കാനുള്ളപ്പോള് തോന്ന്യോണം  പെറുക്കി വെയ്ക്കണമെന്നാണോ?”
"നല്ലതും  ചീത്തയും  തിരിച്ചറിയാന്‍ ഉള്ള വിവരമൊക്കെ എനിക്കുണ്ട്”
പ്രഭാകരന്‍ നായരാണ് മറുപടി പറഞ്ഞത്.
ഉണ്ടാര്‍ന്നെങ്കില് ഇങ്ങനെ ബോധക്കേട് കാണിക്കില്ലല്ലോ? കരു വെയ്‌‌ക്കാൻ അറിയാത്ത ആളൊന്നും  അല്ലല്ലോ. നമ്മള് തമ്മിലിള്ള കുടുംബപ്രശ്നം  ഈ കളിയിലല്ല കാണിക്കേണ്ടത്"
ആര്‍ക്കാണ് ബോധം  ഇല്ലാത്തത്? മഹാലക്ഷ്മിയേയും, നിന്റെ ഭാര്യ മണ്ണാത്തി ലക്ഷ്മിയേയും  തമ്മാത്തമ്മില് തിരിച്ചറിയാനുള്ളാ ബോധമൊക്കെ എനിക്കിപ്പളുമുണ്ട്"

മുഖമടച്ച് അടികിട്ടിയതു പോലെയായി കറുപ്പന്. തലയുയർ‌ പ്രഭാകരന്‍ നായരുടെ കണ്ണില്‍ നോക്കി സംസാരിച്ചിരുന്ന കറപ്പന്റെ നോട്ടം കീഴെ നിലത്ത് പകിടക്കളത്തിലേക്കായി. ചുണ്ണാമ്പ് വരകളുടെ കള്ളികളിവെട്ടൊഴിവാക്കി അമ്പലം കൂടാപാടുപെടുന്ന വാഴക്കരു പടയാളിയെപ്പോലെ ചങ്കു വലിഞ്ഞ് കിതച്ചു. കറുപ്പൻ വിറച്ചെണീറ്റ ശേഷം   തോളിനു കുറുകേയിട്ടിരുന്ന തോ‌‌ര്‍ത്തു കൂട്ടി കുത്തിന് പിടിച്ച് പ്രഭാകര നായരെ എഴുന്നേല്‍പ്പിച്ചു. പ്രഭാകരന്‍ നായരുടെ ഒറ്റത്തള്ളിന് കറുപ്പന്‍ നിലതെറ്റി താഴെ വീണു. മണ്ണുപറ്റിയ കൈയ്യ് തട്ടിക്കുടഞ്ഞെണീറ്റ് അയാള്‍ ആവേശത്തോടെ മുന്നോട്ടു കുതിച്ചു. പ്രഭാകരന്‍ നായര്‍ തന്റെ കൈയ്യിലിരുന്ന ഭാരമേറിയ ഓട്ടുപകിടകള്‍ കറുപ്പനു നേരെ ആഞ്ഞ ഊക്കിലൊറ്റയേറാണ്. ഒന്നു മൂക്കത്തും, മറ്റേതു തലയിലും. മൂക്കില്‍ നിന്ന് നൂലുപോലെ ചോര ചീറ്റി. നെറ്റി ചതഞ്ഞ് നീലച്ചു വീര്‍ത്തു. മുഖം  പൊത്തിപ്പിടിച്ച് കറുപ്പന്‍ കുറച്ചു നേരം  നിന്നു. പിന്നെ... കാവിലെ വേലയ്ക്ക് ഭഗവതിയുടെ മുന്നില്‍ സാഷ്ടാംഗം നമസ്ക്കരിച്ചു വീഴുന്ന തിറയേറ്റുകാരനെപ്പോലെ ബോധം  മറിഞ്ഞ് കളത്തിലേക്കു മലച്ചു വീണു. കള്ളികൾ മാഞ്ഞു, കരുക്കൾ ചിതറി
പകിടക്കളത്തിലേയ്ക്കു വീണ കിടന്ന കറുപ്പൻ പാഴ്ക്കരു പോലെ പിടഞ്ഞു തീർന്നു

7.
“നീ പോയതിന്റെ അന്ന് രാത്രി മുഴുവൻ ശരിക്കും മൂത്ത പ്രാന്തായിരുന്നു നിന്റച്ഛന്‌. ചാരായ ലഹരിയില് മച്ചിലെ ഭഗവതിയെ എടുത്ത് വെളിയിൽ കളഞ്ഞു. ആ രാത്രി അങ്ങേര് ഉറങ്ങിയെന്ന് തോന്നണില്ല. ഞാന്‍ രാവിലെ എണീറ്റ് നോക്കുമ്പോ കണ്ണൊക്കെ ചുവന്ന് പഴുത്തിരിക്കുന്നത് പോലെ തോന്നി. അപ്പോഴും തലേന്ന് കുടിച്ചതിന്റെ കെട്ടൊന്നും മുഴുവൻ വിട്ടിട്ടുണ്ടായിരുന്നില്ല. കിണറ്റും കരയില്‍ ചെന്ന് നാല്‌ പാള വെള്ളം കോരി തലയിലൊഴിച്ച് മുണ്ട് മാറ്റിയ ശേഷം ഇറങ്ങുന്നേരത്ത് അമ്പലത്തിലേയ്ക്കാണൊയെന്ന് അമ്മായി ചോദിച്ചു. കാലത്ത് അതാണല്ലോ മൂപ്പരുടെ പതിവ്. നമ്മടെ മോള്‌ ചത്ത പെലയുള്ള വീടല്ലേ ഇത്? അപ്പളെങ്ങനാ സൗദേ അമ്പലത്തില്‍ പോകാൻ പറ്റണത്? ഓടിപ്പോവണ്ടോര്‍ക്ക് ഒക്കെ പോവാം, നിനക്കും വേണെങ്കില് പോവാം. ഞാന്‍ ഈഞ്ചലോടി പാടത്ത് പോണു. ഇന്നാണ്‌ കലാശക്കളി. എനിക്ക് കളി ഒഴിയാൻ വയ്യ എന്നും പറഞ്ഞ് കൈയ്യിലിരുന്ന പകിട ഉയര്‍ത്തിക്കാണിച്ചു

-നിശബ്ദത-

“ഭാസ്ക്കരേട്ടന് എന്നോട് ഇപ്പോഴും വിരോധം തോന്നണുണ്ടോ?”
“എനിക്കാരോടും വിരോധോം തോന്നീട്ടില്ല. അല്ലെങ്കില് അന്ന് അച്ഛൻ നിന്നെ പൂട്ടിയിട്ട മുറി ഞാൻ തുറന്ന് തരില്ലല്ലോ. നിനക്ക് ശരിയെന്ന് തോന്നിയത് നീ ചെയ്തു, അമ്മാവന് ശരിയെന്ന് തോന്നിയത് അമ്മാവനും ഞാൻ അത്രയേ കരുതിയിട്ടുള്ളൂ“
“അച്ഛന് ശരിക്കും എന്തായിരുന്നു അസുഖം?”
“ജീവപര്യന്തം ആയിരുന്നൂല്ലോ ശിക്ഷ. പതിനൊന്ന് കൊല്ലം ജയിലിൽ കിടന്നു. ഇടയ്ക്ക് പരോളിന് പോലും പുറത്തിറങ്ങിയില്ല. അമ്മായിയോട് ജയിലിലൊന്നും പോയി കാണണ്ടായെന്ന് തീർ‌ത്തു പറഞ്ഞിരുന്നു മൂപ്പര്. വല്ലപ്പോഴും ഒക്കെ ഞാൻ പോകും. ചിലപ്പോ കാണാൻ കൂട്ടാക്കും, ഇല്ലെങ്കില് ഞാൻ മടങ്ങിപ്പോരും. എട്ട് മാസം മുന്നെയാണ് ക്യാൻസറാണെന്ന് അറിഞ്ഞത്. ജയിലിന്റെ ഉള്ളിലെ ചികിത്സയും, കാര്യൊക്കെ നമുക്ക് ഊഹിക്കാലോ. സംഗതി സീരിയസ്സായപ്പോളാണ് നമ്മളൊക്കെ അറിഞ്ഞത്. അസുഖത്തിന്റെ കാര്യവും, നല്ലനടപ്പും ഒക്കെ കാണിച്ച് ഒരു അപേക്ഷ എഴുതാൻ പറഞ്ഞിട്ടും നിന്റച്ഛൻ ജന്മം ഉണ്ടെങ്കിലത് കൂട്ടാക്കിയില്ല. പിന്നെ ജയിലർ തന്നെ മോളിലേക്ക് കടലാസുകളൊക്കെ അയച്ചു കൊടുത്തു“
“എന്നാ ജയിലിൽ നിന്ന് ഇറങ്ങിയത്?”
“രണ്ട് മാസം മുന്നെയാണ് പുറത്തു വിട്ടത്. വീട്ടിലെത്തിയ ശേഷം മുറിയിൽ തന്നെ ചടഞ്ഞു കൂടി. ആരോടും അധികം മിണ്ടാട്ടമില്ല. വേദന കൂടുമ്പോൾ മാത്രം ഒന്നോ, രണ്ടോ ദിവസം ആശുപത്രീല് പോകും. ബാക്കിയൊക്കെ മുറിയ്ക്കുള്ളിൽ തന്നെ. ആശുപത്രിയിലേക്കല്ലാതെ പുറത്തിറങ്ങാറില്ല. കാണാൻ വന്ന പഴയ ചില പരിചയക്കാരെയൊക്കെ വയ്യെന്നു പറഞ്ഞ് ഒഴിവാക്കി. ഈഞ്ചലോടി പാടത്ത് മുടങ്ങിക്കിടന്ന പകിടകളി വീണ്ടും തുടങ്ങിയെന്ന് മൂപ്പരോട് പറഞ്ഞത് ഞാനാണ്. പോണില്ലേ എന്ന് ചോദിച്ചപ്പോൾ ഉവ്വെന്ന് തലയാട്ടി. മേലുവേദനയുണ്ട്, പേരയിലയിട്ട് വെള്ളം തിളപ്പിച്ചൊന്ന് കുളിക്കണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയതാ. പേരവേര് കാലിൽ തട്ടിയാണെന്നു തോന്നുന്നു വീണത്. കഴിഞ്ഞ വേനലില് കിണറ്‌ വറ്റിയപ്പോൾ കാളക്കണ്ണൻ പാറ പൊട്ടിച്ചത് കൂട്ടിയിട്ടിരുന്നതിന്റെ മേലേയ്ക്കാണ് വീണത്. തല കല്ലിൽ അടിച്ചിട്ടുണ്ടാകണം. ചീള് ഒന്ന് ചെന്നിയിൽ തറയ്ക്കുകയും ചെയ്തു. നിലവിളി കേട്ട് ഞാൻ ചെന്ന് നോക്കുമ്പോൾ ചോരേടെ അഭിഷേകം.  വേഗം തന്നെ ജീപ്പ് വിളിച്ചു വരുത്തി നേരെ മെഡിക്കൽ കോളേജിലോട്ട് വിട്ടു. ബോധം മറഞ്ഞെങ്കിലും അപ്പോഴും ജീവനുണ്ടായിരുന്നു. കഷ്ടകാലത്തിന് പോകുന്ന വഴിയ്ക്കുള്ള റെയിൽവേ ഗേറ്റ് രണ്ട് വണ്ടിയ്ക്ക് അടവ്. ഗേറ്റ്മാനോട് എത്ര പറഞ്ഞിട്ടും അയാള് തുറന്നില്ല. അതാണ് ചതിയായത്. ആശുപത്രിയെത്തുമ്പഴേക്കും എല്ലാം കഴിഞ്ഞിരുന്നു
“അച്ചന്റെ പകിടകൾ അതിവിടെ ഇപ്പൊഴും ഉണ്ടോ ഭാസ്ക്കരേട്ടാ?”
“ഏയ്.. അതൊക്കെ കേസിലെ തൊണ്ടി മുതലായി പോലീസ് കൊണ്ടു പോയില്ലേ. അല്ല, നീയെന്നാ മദ്രാസിന് തിരിക്കണത്? സഞ്ചയനം, അടിയന്തിരം ഒക്കെ തീരാൻ കാക്കണുണ്ടോ? അതോ..”
“അറിയില്ല... രവിയേട്ടനോട് ചോദിക്കണം”

8.
ട്രെയിൻ പുറപ്പെടാറായിരുന്നു. രവിയേട്ടൻ ആരോടൊക്കെയോ വിളിച്ചു പറഞ്ഞാണ് എമർ‌ജൻസി ക്വാട്ടയിൽ ടിക്കറ്റ് ശരിയാത്. കഴിഞ്ഞ കുറച്ചു ദിവസമായി പരസ്പരം തുറന്നു സംസാരിക്കാൻ കൂടി പറ്റാറില്ല. മരണച്ചടങ്ങുകളും, ഇടയ്ക്ക് വീട്ടിൽ വന്ന് പോകുന്ന ബന്ധുക്കളുടെ തിരക്കും, രണ്ടു വീട്ടിലായുള്ള അന്തിയുറക്കവും എല്ലാം ചേർന്ന് തങ്ങൾക്കിടയിൽ ഒരു മറയുണ്ടാക്കിയിരിക്കുന്നു. രവി ലഗേജെടുത്ത് സീറ്റിനു കീഴെ ഒതുക്കി വെച്ചു. ലോവർ ബെർ‌ത്തിലെ സീറ്റുകൾ കൂട്ടിവെച്ച് മക്കളെ കയറ്റിയിരുത്തി.  ദേവിയുടെ മടിയിൽ കിടന്ന് മകൾ ചോദിച്ചു.
“ഈ പകിടകളിയെന്ന് വെച്ചാല് എന്താണമ്മേ?“
“നിന്റെ മാജിക് പോട്ട് പുസ്തകത്തിന്റെ കൂടെ സമ്മാനമായി കിട്ടിയ പാമ്പും,കോണീം കളിക്കാന്‍ നീ കട്ടയെറിയാറില്ലേ? അത് പോലെ ഒരു കളി“
“ആ കട്ടയിലെ പോലെ ഒന്ന് തൊട്ട് ആറു വരെ കുത്തുകള് ഉണ്ടാവോ?”
മകന്റെ വക സംശയം.
“അല്ല, വ്യത്യാസമുണ്ട്. രണ്ടും
, അഞ്ചും ഉണ്ടാകില്ല...“
“അതെന്താ”
ഇത്തവണ വീണ്ടും മകളാണ്...
“ചില കളികളിൽ ചിലയക്കങ്ങൾ ഇല്ല മോളേ.. അല്ല നീയെന്താ ഇപ്പോള് പകിടയെപ്പറ്റി ചോദിക്കാൻ കാരണം?”
“അല്ല്ല ഇന്നലെ രാത്രി കിടക്കാൻ നേരത്ത് അച്ഛൻ ഒരു കഥ പറഞ്ഞു തന്നുഒരു രാജാവും, പിന്നെ രാജാവിന്റെ വേലക്കാരനും കൂടെ അത് കളിക്കുന്ന. കഥ കളിയിൽ തോറ്റ രാജാവ്‌ വേലക്കാരന്റെ മുഖത്തെയ്ക്ക് പകിട എറിഞ്ഞ കഥ. വേലക്കാരന്റെ മൂക്ക് പൊട്ടി ചോര വന്ന കഥ.

ദേവി രവിയുടെ മുഖത്തേക്ക് കൂർ‌ത്ത നോട്ടം നോക്കി. അയാൾ അതു ശ്രദ്ധിക്കാതെ ട്രാക്കിനു പുറത്തെ കാഴ്ചകളിലേയ്ക്ക് അലസമായി  കണ്ണുനട്ടിരിക്കുകയായിരുന്നു. പകിടക്കളത്തിന്റെ രണ്ടു വാലിലൂടെ പകിടയെറിഞ്ഞു അക്കമനുസരിച്ച് കരുകയറുന്ന എതിരാളികളെപ്പോലെയാണ് തങ്ങൾ ഇരിക്കുന്നതെന്ന് ദേവിയ്ക്കു തോന്നി. അമ്പലം പൂട്ടുപോലെയുള്ള സുരക്ഷിത സന്ദർഭങ്ങളിലൊഴികെ മുന്നിട്ടും, പിന്നിട്ടും, വെട്ടിയും, വെട്ടേറ്റും മുന്നേറുന്ന ഒരു കളി. രണ്ടു പേരുടേയും മടിയിൽ കിടക്കുന്ന മക്കൾ കരുക്കളാണ്. പഴയ കഥകളൊന്നും ഒരിക്കൽ പോലും മക്കളെ അറിയിച്ചിട്ടില്ല. വഴക്കടിയ്ക്കുമ്പോൾ സ്വയം മറന്നു പലതും വിളിച്ചു കൂവാറുണ്ടെങ്കിലും അക്കാര്യം മാത്രം മറച്ചു വെയ്ക്കുമായിരുന്നു. പറഞ്ഞുവെച്ചിട്ടില്ലെങ്കിലും അങ്ങനെയൊരു അദൃശ്യ ഉടമ്പടി തങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ പഴങ്കഥ പറഞ്ഞു കൊടുത്ത് തെറ്റിച്ചിരിക്കുന്നത്. പുറം കാഴ്ചകളിൽ നിന്നു കണ്ണെടുത്ത് രവി തനിക്കു നേരെ തിരിഞ്ഞിരുന്നതോടെ ദേവി അയാളുടെ കണ്ണിലേക്ക് കൂടുതൽ പകയോടെ നോക്കി. ആ മുഖത്തു നിന്ന് കണ്ണെടുക്കാതെ മകളോടു ചോദിച്ചു.
“നിന്റച്ഛന്റെ കഥയിലെ രാജാവിന്റെ പേര് പ്രഭാകരൻ എന്നായിരുന്നോ?“
“അല്ല വിരാടൻ.. സുന്ദരിയായ മകളുടെ പേര്‌ ഉത്തര... മൂക്കു മുറിഞ്ഞ് ചോര വന്ന വേലക്കാരന്റെ പേര് യുധിഷ്ഠിരൻ.“
കത്തുന്ന നോട്ടം നോക്കുന്ന ദേവിയുടെ മുഖത്തു നോക്കി രവി പുഞ്ചിരിച്ചു. തേങ്ങൽ അടക്കാൻ വയ്യാതെ ദേവി സീറ്റിൽ നിന്നെഴുന്നേറ്റ് നടന്നു. തനിച്ചാകണമെന്ന് തോന്നിയപ്പോൾ ടോയ്ലറ്റിൽ കയറി കതകടച്ചു

*****


 

26 comments:

Devadas V.M. said...

ചതികൊണ്ടെന്തൊരു ഫലമീ ചൂതിൽ
ചപലതയിങ്ങിനെ ചൊല്ലീടരുതേ
ക്ഷിതിവര ദൈവവിലാസം പോലെ
ക്ഷതിയും ജയവും വന്നീടുമല്ലോ

AnIsH said...

എന്‍റെ വക

സുധി said...

കൊള്ളാം സഖാവെ... ഇനിയും കുറച്ചു കൂടെ പൊലിപ്പിക്കാം...

Devadas V.M. said...

ഒരു ‘സുബ്രമണ്യപുരം‘ ശ്രമമാണെഡെയ് :)

Nileenam said...

വളരെ നന്നായി സുഹൃത്തേ, ഓരോ വ്യക്തികളുടേയും മനസികവ്യാപാരങ്ങള്‍ അസ്സലായി

Kaithamullu said...

ഇനി കാണുമ്പോള്‍ തരാന്‍ ‘ഒരുമ്മ!’ കരുതിവച്ചിരിക്കുന്നു.

ഉപാസന || Upasana said...

പ്രമേയം പഴയതുതന്നെ. പക്ഷേ പകിടകളി അതിനു വല്ലാത്തൊരു മാനം നല്‍കുന്നു. എഴുത്തിന്റെ ഘടനയാണ് മറ്റൊരു ആകര്‍ഷണീയത. നല്ല കഥ.
:-)
ഉപാസന

ഓഫ്: പണ്ടൊരിക്കല്‍ വായിച്ചതാണ്. ഏതോ അഭിമുഖത്തിലോ ലേഖനത്തിലോ കുഞ്ഞബ്ദുള്ള എം.ടി ചോര ഛര്‍ദ്ദിച്ചതും മറ്റും സൂചിപ്പിച്ചിരുന്നു. ‘നിര്‍മാല്യത്തില്‍’ ശ്രീകോവിലിലെ വിഗ്രഹത്തില്‍ തുപ്പിച്ചതൊക്കെ അപ്പോ പരാമര്‍ശിച്ചിരുന്നു. ദേവദാസിന്റെ പോസ്റ്റിലെ ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ എന്തോ എന്റെ മനസ്സിലൊരു പേടി. അതിനെ ദൈവവിശ്വാസവുമായി കൂട്ടിക്കെട്ടേണ്ടതില്ല. താങ്കള്‍ക്കു നല്ലതു വരാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാകാം. :-)

Devadas V.M. said...

"ചോരതുപ്പിച്ചാകു”മെന്ന ദൈവഭയം ഇല്ല സുനിലേ... ആരാധനാലയങ്ങൾ, വിശ്വാസങ്ങൾ, മിത്തുകൾ, പുരാണങ്ങൾ, വിഗ്രഹങ്ങൾ-കല-സൌന്ദര്യാത്മകത, സം‌ബന്ധിയായ സാഹിത്യങ്ങൾ-ചരിത്രം എന്നിവയിൽ ഉള്ള താൽ‌പ്പര്യം കൊണ്ട് ഒരു പാതി-പേഗനെന്ന് വിളിക്കാമെങ്കിലും “വിശ്വാസം” ഇല്ല :)

* ശുദ്ധം‌ മാറിയ നായികാ-എക്റ്റ്രാനടിമാരടക്കമുള്ള പെണ്ണുങ്ങളും, ഹിന്ദുക്കളാത്ത/ബ്രാഹ്മണരല്ലാത്ത പരികർമ്മികളും/നടന്മാരും ഒക്കെ ഉണ്ടായിട്ടും ആ വിശുദ്ധ ‘നിർമ്മാല്യ വിഗ്രഹം‘ എംടിയെ ചോരതുപ്പിച്ചെങ്കിൽ ഇനി ‘ആന്റണി’മാരെ തന്നെ നമുക്ക് എന്ത് കൊണ്ട് വെളിച്ചപ്പാടായി വെച്ചു കൂടാ? ഇതുപോലെ ‘വൈശാലി‘ സിനിമയിലെ യാഗം കഴിഞ്ഞപ്പോൾ ശരിക്കും മഴ പെയ്തെന്ന് ഒക്കെ പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ പിന്നെ ബാബു ആന്റണിയു, നെടുമുടിയും ഒക്കെ പോരേ യാഗത്തിന് . ‘ചോമാതിരി’മാർ വേണോ നമുക്ക്? :))

**നടപ്പു ദുശീലങ്ങൾ കൊണ്ട് ‘ചോരതുപ്പി‘ച്ചാകാൻ സാധ്യതയില്ലാതെയില്ല. പക്ഷെ അങ്ങനെയൊരു സാഹചര്യത്തിലും ഈ ആരോപണം വരരുതെന്ന് ആഗ്രഹം :)

Jayesh/ജയേഷ് said...

പകിടകളിയുടെ വിവരണമൊഴിച്ചാൽ കഥയിൽ പുതുമയൊന്നും കണ്ടില്ല.

Devadas V.M. said...

ഇതില്‍ പുതുമ ഒട്ടും ഇല്ല ജയേഷേ... പരമാവധി പഴമ/പഴഞ്ചന്‍ ആക്കാനല്ലേ ശ്രമിച്ചിട്ടുള്ളത്. രവി/ദേവി എന്നീ മലയാളിപ്പഴമ ഉപയോഗിച്ചു മടുത്ത പേരുകളില്‍ നിന്ന് തുടങ്ങി, കഥയിലോ, സന്ദര്‍ഭങ്ങളിലോ ഒന്നും തന്നെ പുതുമയില്ലാത്ത ഒന്ന്. (അഥവാ പുതുമ ഒഴിവാക്കുകയായിരുന്നു ഇതിലെ ഏറ്റവും വലിയ പരീക്ഷണം) പകിട കളിയുടെ വിവരണത്തില്‍ ആവേശവും, ഉദ്വേഗവും നില‌‌നിര്‍ത്താന്‍ ഗ്രാമ്യഭാഷയുടെ ശൈലി (പ്രീ എംറ്റീയന്‍) ഉപയോഗിച്ചതൊഴിച്ചാല്‍ അതിലും പുതിയതായി ഒന്നുമില്ലെന്നേ...

ചുരുക്കിപ്പറഞ്ഞാല്‍ പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെ.
മലയാള ചെറുകഥാ സാഹിത്യത്തില്‍ ഇടയ്ക്കൊരു 'നീലത്താമര' ഒക്കെ ആകാം :)

പാമരന്‍ said...

ഇതു ഗ്രാന്റാണ്‌ മാഷെ. എഴുത്തിന്‍റെ ആ തരിപ്പിങ്ങട്ട്‌ കിട്ടണ്‌ണ്ട്‌..

എതിരന്‍ കതിരവന്‍ said...

പണ്ടും പെണ്ണിനെ വരുതിയിലാക്കുന്നതിലാണു പകിടകളിയുടെ വിജയം എന്നല്ലേ. ജയിച്ചാൽ വിവസ്ത്രയാക്കി പൊതുപ്രദർശനത്തിനു വരെ വയ്ക്കാം.
അച്ഛൻമാർക്ക് ഈ കളിയിൽ ജയിക്കണം. മറ്റേ വല്യപെണ്ണും (ഭഗവതി) ഈ ആൺകളിക്കു കൂട്ടില്ല.
രവിയുടേയും ദേവിയുടേയും “അച്ഛത്വം” ആ മകളെ കരുവാക്കുകയില്ല എന്ന് വിശ്വസിക്കാം.രവി തോൽക്കുകയേ ഉള്ളു താനും.

സംഭാവ്യത (probability) എന്നതാണോ ദൈവം?

Devadas V.M. said...

Q: സംഭാവ്യത (probability) എന്നതാണോ ദൈവം?
A: probably :)

Off.To
Q:പാണ്ഡവർ ചൂതുകളിയിൽ തോറ്റ് , പാഞ്ചാലിയെ വരെ പണയം വെച്ച് തുന്നം പാടിയപ്പോൾ.. പാഞ്ചാലിയുടെ ചേലയഴിക്കാൻ ദുശാസനൻ തുടങ്ങിയപ്പോഴാണ് കൃഷ്ണൻ രക്ഷയ്ക്ക് വന്നത്. എന്തുകൊണ്ട് കൃഷ്ണൻ ചൂതുകളിക്കുന്ന സമയത്ത് പണ്ഡവരുടെ രക്ഷയ്ക്കെത്തിയില്ല.?
A:'coz.... "God does not play dice"

Pramod.KM said...

നന്നായിട്ടുണ്ട് കഥ.:)
കൂട്ടത്തില്‍ പരിചിതമല്ലാത്ത ഒരു വാക്ക് മൂന്നാലു തവണ കേട്ടു. ‘ആക്കറ്റ്’. എന്താണതിന്റെ അര്‍ത്ഥം?

Devadas V.M. said...

ആക്കറ്റ് = അങ്ങേയറ്റം, വലിയ അളവില്‍, പരമാവധി...എന്നൊക്കെയാണ് പ്രാദേശിക പ്രയോഗാര്‍ത്ഥം.

എതിരന്‍ കതിരവന്‍ said...

ചൂതു കളിയ്ക്കുകയില്ലെന്നോ? ആരു പറഞ്ഞു? ചൂതുകളിയുടെ ആശാനായിരുന്നു അദ്ദേഹം.
ഇതു നോക്കുക:
ദ്യൂതം ഛലയതാമസ്മി
തേജസ് തേജസ്വിനാമഹം
ജയോസ്മി വ്യവസായോസ്മി
സത്വം സത്താവതാമഹം
ഭഗവദ് ഗീത-വിഭൂതിയോഗം. ശ്ലോകം 36
“ചതിയന്മാരുടെ ചൂത് ഞാനാണ്.തേജസ്വികളുടെ തേജസ് ഞാനാണ്.
ജയം ഞാനാണ്. അദ്ധ്വാനശീലം ഞാനാണ്.സജ്ജനങ്ങളുടെ സത്വഗുണവും ഞാൻ തന്നെ”.

Devadas V.M. said...

ശേടാ ഒരു തമാശ പറഞ്ഞാലപ്പോൾ ശ്ലൊകം റെഫറൻസിടും എന്ന് വെച്ചാലിത്തിരി കഷ്ടാണേ :)))

എതിരന്‍ കതിരവന്‍ said...

തമാശല്ല. ഗീതയിലെ വിഭൂതിയോഗഥ്റ്റിൽ പ്രപഞ്ചത്തിലെ സകല സുന്ദര-പ്രൌഢ വസ്തുക്കളും മഹാന്മാരും താനാണ് എന്ന് കൃഷ്ണൻ പറയുന്നു. കളികളൊ വിനോദങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പകിടകളി മാത്രം പ്രത്യേകം പറയുന്നു.

പകിടകളിയ്ക്ക് ദാർശനിക മാനം കൊടുത്തിരിക്കയാണ്.

(ഇത് സെക്രട്ടറിയെറ്റിലെ ഒരു ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞതാണ്)

Devadas V.M. said...

ഇയാളെ(കൃഷ്ണനെ) കുടിക്കണ വെള്ളത്തിൽ നമ്പാൻ കൊള്ളില്ല എന്ന് പറയുന്നത് വെറുതേയല്ല...

What Krishna said at Vana Parva is , “I would have prevented the game from taking place, by showing its many evils. And if those who wait at his court, professing to be his friends but in reality his foes, had supported him, then I would have slain them all, along with those gamblers"

Devadas V.M. said...

ചൂതിലെ മറ്റൊരു ഹരം ‘ചാൻസ്’ ആണ്..
കട്. കാൽ‌വിൻ


:)

എതിരന്‍ കതിരവന്‍ said...

ഗീതയിലെ കൃഷ്ണനും മഹാഭാ‍ാരതത്തിലെ കൃഷ്ണനും രണ്ടാണ്. ആദ്യത്തേത് ഒരു കൾട് ലീഡറും രണ്ടാമത്തേത് നയതന്ത്രജ്ഞനും.

asdfasdf asfdasdf said...

പ്പോ നീയ്യും കഥയെഴുതിത്തുടങ്ങീ ല്ലേ ! :)

Devadas V.M. said...

ച്ചാൽ ഇതുവരെ എഴുതിയതൊന്നും കഥായായിരുന്നില്ല എന്നല്ലേ വ്യംഗ്യം? :)

മലമൂട്ടില്‍ മത്തായി said...

Nalla katha. My father studied at the Kumaranellur High School a long time back.

Rajeeve Chelanat said...

1എ, 1 ബി.കളിലെ കഥയുടെ സ്ട്രക്ച്ചര്‍ അത്ഭുതപ്പെടുത്തി ദേവ്..പിന്നെ, ആ കുട്ടി രവിയുടെ ക്യാരക്ടറൈസേഷനും, കഥ പറച്ചിലിലെ ആ അസാമാന്യമായ അനായാസതയും...അതില്‍ക്കൂടുതല്‍ എന്തെങ്കിലും ഉണ്ടെന്നു തോന്നിയോ..ഇല്ലെന്നു തോന്നുന്നു..

Unknown said...

ഒരു തനി നാട്ടിന്‍ പുറത്തിന്റെ കഥ അതിമനോഹരമായി പറഞ്ഞിരിക്കുന്നു, അതും പകിടകളിയുടെ വിശദീകരണവും!! ഇപ്പൊ ആര്‍ക്കറിയാം പകിട കളി എന്ന് പറഞ്ഞാല്‍ തന്നെ.. ഞാന്‍ വായിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു. ബസ്സില്‍ നിന്നാണ് ഇവിടെ എത്തിയത്..എല്ലാം ഒന്ന് തീര്‍ത്തു വരട്ടെ.. ആശംസകള്‍..

 

(c)2009 Devadas V.M [ vm.devadas@gmail.com ]