Tuesday, February 2, 2010

പല പല ഡൊറോത്തിമാരുടെ കഥകൾ


Anyone knows the difference between “8”, “no-no” and the “family” ?
What’s the difference ?
“8” is twice four , “no-no” is twice not for
What about the “ family“ ?
They’re fine, thank you
ha..hha..haa

( From Pasolini’s movie ‘SALO, or The 120 days of Sodom’ )


I. പാപികൾക്കും, വേശ്യകൾക്കും, ചുങ്കക്കാർക്കും സ്വാഗതം.
(എഴുത്തുകാരന്റെ വാടക മുറിയിലേക്ക് രാജൻ മാഷ് എത്തിച്ചേരുന്നു)

എഴുത്തുകാരന്റെ വാടക വീടു പൂട്ടിക്കിടന്ന നമ്പർലോക്ക് തുറക്കാനുള്ള കോഡ് 786 ആണെന്ന് ഓർത്തെടുക്കാൻ രാജൻ മാഷ്ക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. കോളേജിൽ ഗണിതാ-ദ്ധ്യാപകനായതിനാൽ ജോലിയുടെ ഭാഗമായി ബ്ലാക്ക്-ബോർഡിന്റെയത്രയും വീതിയിലുള്ള വലിയ സമവാക്യങ്ങളിലെ നിരനിരയായ അക്കങ്ങളും,കൂട്ടാളികളായ അക്ഷരങ്ങളും ഒന്നു പോലും പിഴയ്ക്കാതെ താഴോട്ടു താഴേയ്ക്കെഴുതി നിർദ്ധാരണം ചെയ്യുമെന്നതൊക്കെ ശരി തന്നെ. പക്ഷേ, അക്കങ്ങൾ ഓർത്തു വെയ്ക്കുന്നതിൽ രാജൻ മാഷ് തീർത്തും പരാജിതനായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട ടെലഫോൺ നമ്പറോ, അതല്ലെങ്കിൽ അടുത്ത സുഹൃത്തിന്റെ വാഹനത്തിന്റേയോ,സ്ഥിരമായി തനിക്ക് ശമ്പളം വന്നുകൊണ്ടിരിക്കുന്ന ബാക്ക് അക്കൌണ്ടിന്റേയോ നമ്പറുകൾ പോലും ഓർമ്മയിൽ സൂക്ഷിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ 786 എന്ന നമ്പർ ഓർക്കാൻ കാരണം കള്ളുസഭയിൽ വെച്ചൊരിക്കൽ എഴുത്തുകാരൻ പറഞ്ഞ വാചകമാണ് .

“അത് ഓർത്തു വെയ്ക്കാൻ ഒരു വഴിയുണ്ട് മാഷേ. സ്വർഗത്തിൽ അല്ലാഹുവിന്റെ ടെലഫോൺ എക്സ്റ്റൻഷൻ നമ്പറാണത്...786“

ഒരു വലിയ തമാശ പറഞ്ഞു തീർത്തെന്ന ഭാവത്തിൽ അയാളുറക്കെ ചിരിച്ചു. തന്റെ അടുത്തിരുന്ന കവി ജമാലുദ്ദീൻ ദീനിയല്ലെന്നതും പോട്ടെ, തീർത്തും അരാജകവാദിയായിരുന്നിട്ട് പോലും ആ തമാശ അവഗണിച്ച് ഗ്ലാസിൽ ബാക്കിയിരുന്ന മദ്യം ഒറ്റയിറക്കിന് അകത്താക്കുമ്പോൾ മുഖം ചുളിച്ചതിന്റെ കാരണം മദ്യത്തിന്റെ അരുചി മാത്രമല്ലെന്ന് രാജൻ മാഷ്ക്കറിയാമായിരുന്നു. അന്നു നടന്ന സംഭവത്തിലെ അനിഷ്ടവും, പൊരുത്തക്കേടുമെല്ലാം മറന്നു പോയെങ്കിലും ആലിബാബാ മന്ത്രം പോലെ ആ മൂന്നക്കങ്ങൾ ഓർത്തു വെയ്ക്കാൻ അതൊരു കാരണമായി.

എഴുത്തുകാരന്റെ വാടകമുറിയ്ക്ക് ഇരട്ടത്താഴാണുള്ളത്. 786 എന്ന അക്കങ്ങളറിയാവുന്ന സുഹൃത്തുക്കൾക്ക് എപ്പോൾ വേണമെങ്കിലും പൂട്ടു തുറക്കാം. അക്കങ്ങൾ നിറഞ്ഞ മൂന്നു വളയങ്ങൾ കൂടാതെ സാധാരണ പൂട്ടുകൾക്കുള്ളതു പോലെ അതിനൊരു താക്കോൽ ദ്വാരവും, താക്കോലുമുണ്ട്. ദീർഘദൂര യാത്രകളുള്ളപ്പോഴോ, മാസത്തിലൊരിക്കൽ വീട്ടിലേക്കു പോകുമ്പോഴോ മാത്രമേ അയാൾ താക്കോലുപയോഗിച്ച് മുറി പൂട്ടുന്നത് കണ്ടിട്ടുള്ളൂ. അപ്പോഴെല്ലാം വാതിലിനു പുറത്ത് “ദൈവം ഉയർത്തെഴുന്നേറ്റിരിക്കുന്നു, കല്ലറ ശൂന്യമാണ്“ എന്ന വാചകമെഴുതിയ ചെറിയ ബോർഡ് തൂങ്ങിക്കിടപ്പുണ്ടാകും. അല്ലാത്തപ്പോഴെല്ലാം അതേ ബോർഡിനു മറുപുറത്തുള്ള “പാപികൾക്കും, വേശ്യകൾക്കും, ചുങ്കക്കാർക്കും സ്വാഗതം” എന്ന വചനമായിരിക്കും ഏവരേയും സ്വാഗതം ചെയ്യുന്നത്. ഓഫീസ് സമയത്തിനു ശേഷം ചില വൈകുന്നേരങ്ങളിൽ സാഹിത്യസംഗമമെല്ലാം കഴിഞ്ഞ് അയാൾ വരുന്നതു വരെ കാത്തിരുന്ന് മുഷിയാതെ സുഹൃത്തുക്കൾക്കെല്ലാം അകത്തു കയറി കള്ളുസഭയാരംഭിക്കാം, കവിത ചൊല്ലാം, ടിവി കാണാം, തർക്കിയ്ക്കാം. ബഹളം വെയ്ക്കാം... ഒരൊറ്റ നിർബന്ധമേയുള്ളൂ; രാത്രിയിൽ അയാൾക്ക് തനിച്ചുറങ്ങണം. അതുകൊണ്ട് തന്നെ പാതിരാത്രിയോടെയെങ്കിലും എല്ലാവരും സ്ഥലം വിട്ടു കൊള്ളണം. ആൾക്കൂട്ട ബഹളങ്ങളുള്ള ലോക്കൽ‌ ബാറുകളുടെ അരണ്ട വെളിച്ചത്തേയും, അമിതമായി തുക ചാർത്തുന്ന ശീതീകരിച്ച മദ്യശാലകളിലെ അനാവശ്യ തണുപ്പിനേയും, കൂട്ടുകാരും കള്ളുകുപ്പിയുമായി ചെന്നാൽ മുഖം വീർപ്പിക്കുന്ന ഭാര്യമാരുടെ രാത്രിയിലെ തിരിഞ്ഞു കിടപ്പിനേയും ഒഴിവാക്കാൻ നഗരത്തിനടുത്ത് ഇത്രയും സൌകര്യമുള്ള ഒരിടത്താവളം ലഭിക്കുകയെന്നത് പ്രയാസമുള്ള ഒരു കാര്യമാണ്.

എഴുത്തുകാരന്റെ മുറിയിൽ ഒത്തു ചേരുന്നവരിൽ രാജൻ മാഷൊഴികെ ബാക്കിയുള്ളവരെല്ലാം തന്നെ ഒന്നുകിൽ ചെറിയ‌വലിയ സാഹിത്യകാരന്മാരോ, അതല്ലെങ്കിൽ സാഹിത്യ തൽ‌പ്പരരായ പുസ്തകപ്രേമികളോ ആണ്. എന്നാൽ അവരാരും എഴുതിയ കൃതികൾ രാജൻ മാഷ് വായിച്ചു നോക്കുകയോ, അതെക്കുറിച്ച് അഭിപ്രായം പറയുകയോ ചെയ്യാറില്ല. അവർ കവിതകൾ ചൊല്ലുമ്പോഴോ, പ്രസിദ്ധീകരണങ്ങളിൽ വന്ന അവനവൻ കൃതികളെ കീറിമുറിച്ച് ചർച്ച ചെയ്യുമ്പോഴോ എല്ലാം രാജൻ മാഷ് തീർത്തും നിശബ്ദനായിരിക്കും. സംസാരം രാഷ്ട്രീയത്തിലേക്കോ, ആനുകാലികശ്രദ്ധ പിടിച്ചു പറ്റിയ വാർത്തകളിലേക്കോ വഴി മാറുന്ന അവസരങ്ങളിൽ മാത്രം കാര്യമാത്ര പ്രസക്തമായ വാക്കുകൾ കൊണ്ട് ആ സംഘത്തിനകത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരിക്കും. അല്ലാത്തപ്പൊഴെല്ലാം പതിഞ്ഞ ശബ്ദത്തിൽ പ്രവർത്തിക്കുന്ന ടെലിവിഷന്റെ ചാനലുകൾ തുടർച്ചയായി മാറ്റുന്നതിലോ, ഒഴിഞ്ഞ ഗ്ലാസുകളിൽ അളവൊപ്പിച്ച് മദ്യം നിറയ്ക്കുന്നതിലോ മാത്രമായിരിക്കും ശ്രദ്ധ. എന്നാൽ കള്ളുകുടിയ്കാൻ വേണ്ടിയായിരുന്നില്ല ഈ വൈകുന്നേരം രാജൻ‌ മാഷ് എഴുത്തുകാരന്റെ മുറി തേടിയെത്തിയത്, മറിച്ച് തന്റെ കല്യാണം ക്ഷണിക്കാനാണ്. ആ വാർത്ത എഴുത്തുകാരനും, കള്ളുസഭയിലെ സ്ഥിരം അംഗങ്ങൾക്കും ഒരു ഞെട്ടലുണ്ടാക്കുമെന്ന് അയാൾക്കറിയാമായിരുന്നു. കല്യാണമേ വേണ്ടായെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി നടന്നശേഷം, ഈ മുപ്പത്തെട്ടാം വയസിൽ പെണ്ണുകെട്ടാൻ പോകുന്നെന്നറിയുമ്പോൾ അവരുടെ രസകരമായ പ്രതികരണങ്ങൾ എന്തൊക്കെയായിരിക്കും?

അക്കപ്പൂട്ടു തുറക്കാനുള്ള ആലിബാബാ മന്ത്രം അറിയാമെങ്കിലും അന്നാദ്യമായാണ് രാജൻ മാഷ് അതു തുറന്നത്. ഇതിനുമുമ്പ് ഒരിക്കൽ പോലും ഇത്ര നേരത്തേ ഇവിടെയെത്തിയിട്ടില്ല. കള്ളുസഭയിലെ അംഗങ്ങളിലാരെങ്കിലുമോ, അതല്ലെങ്കിൽ എഴുത്തുകാരൻ തന്നെയൊ തുറന്നു കിടന്ന മുറിയ്ക്കകത്ത് ഉണ്ടാകുമായിരുന്നു. പാപികൾക്കും, വേശ്യകൾക്കും, ചുങ്കക്കാർക്കും സ്വാഗതമേകുന്ന ബോർഡിനോടൊപ്പം അവരുടെ തർക്കങ്ങളോ, പൊട്ടിച്ചിരികളൊ, ടെലിവിഷന്റെ പതിഞ്ഞ ശബ്ദമോ ഒക്കെ ചേർന്നായിരിക്കും അയാളെ എതിരേൽക്കാറുള്ളത്. രാജൻ മാഷ് മുറിക്കകത്തേക്ക് കയറി. ആളില്ലാത്ത അന്യന്റെ മുറി രാത്രിയിൽ നിശബ്ദമായൊരു ശത്രുപാളയം പോലെ അനുഭപ്പെട്ടു. അതിൽ നിന്നും ഒരു രക്ഷപ്പെടലെന്നോണം അയാൾ മുറിയോട് തന്റെ പതിവ് ഇടപെടലുകൾ തുടർന്നു. ലൈറ്റുകൾ തെളിയിച്ചു, ജന്നലുകൾ തുറന്നു, മൺകൂജയിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു, റിമോട്ട് തപ്പിയെടുത്ത ശേഷം ടെലിവിഷൻ ഓൺചെയ്തു. കേബിൾ തകരാറുമൂലം ദൃശ്യങ്ങൾ തെളിയാതെ ടെലിവിഷൻ പോലും – അനാവശ്യമായ ഒരു അധിനിവേശമാണ് മുറിയിലേക്ക് അയാൾ നടത്തിയതെന്ന ഭാവത്തോടെ – പിണങ്ങി നിന്നു. എഴുത്തുകാരന്റെ മേശപ്പുറത്തു കിടന്ന സാഹിത്യവാരികകൾ മറിച്ചു നോക്കിക്കൊണ്ട് രാജൻ മാഷ് ഒരു സിഗരറ്റു കത്തിച്ചു. ‌

പിടി പറിഞ്ഞു പോയ ഒരു പ്ലാസ്റ്റിക് മഗ് ആണ് മുറിയിൽ ആഷ്ട്രേയ്ക്കു പകരം ഉപയോഗിച്ചിരുന്നത്. അടുക്കും ചിട്ടയുമില്ലാതെ പത്രങ്ങളും, പുസ്തകങ്ങളും, വസ്ത്രങ്ങളും ചിതറിപ്പരന്നു കിടക്കുന്നതിനിടയിൽ അതെവിടെയെന്നു തിരയുമ്പോൾ രാജന്മാഷുടെ ശ്രദ്ധ അകാരണമായി എഴുത്തുകാരന്റെ മേശവലിപ്പിലേക്കായി. ഒരിക്കൽ പോലും അത് തുറന്നു കിടക്കുന്നത് അയാൾ കണ്ടിട്ടില്ല. പാതിയിൽ ഉപേക്ഷിച്ചതോ, പൂർണ്ണമായും തീർത്തതോ ആയ എല്ലാ എഴുത്തുകുത്തുകളും സൂക്ഷിച്ചിരുന്നത് അതിനകത്തായിരുന്നു. മുറിയിൽ സുഹൃത്തുക്കളുള്ളപ്പോൾ ഒരിക്കൽ പോലും എഴുത്തുകാരൻ ആ മേശവലിപ്പ് തുറക്കുകയോ, തന്റെ സൃഷ്ടികൾ അവർക്കായി പങ്കു വെയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് രാജൻ മാഷപ്പോൾ പ്രത്യേകം ഓർത്തു. പുസ്തകമായോ, വാരികത്താളുകളിലോ അച്ചടിച്ച രൂപത്തിൽ മാ‍ത്രമാണ് എഴുത്തുകാരന്റെ രചനകൾ മറ്റുള്ളവർ കണ്ടിരുന്നത്. കള്ളു സഭയിലെ അംഗങ്ങളിൽ ചിലർ തങ്ങളെഴുതിയ കഥയുടെയോ, കവിതയുടേയോ ആദ്യ വായന പലപ്പോഴും ആ മുറിയിൽ വെച്ച് നടത്താറുണ്ട്, അഭിപ്രായങ്ങൾ കേട്ട് ചെറിയ തിരുത്തലുകൾ ഉണ്ടാകാറുണ്ട്, തർക്കങ്ങൾക്കൊടുവിൽ സൃഷ്ടികൾ പൂർണ്ണമായും ഉപേക്ഷിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രസിദ്ധീകരിക്കുന്നതിന് മുന്നെ തന്റെ സൃഷ്ടികളിന്മേൽ അഭിപ്രായപ്രകടനം നടത്താൻ എഴുത്തുകാരൻ ആർക്കുമിതുവരെ അവസരമുണ്ടാ ക്കിയിട്ടില്ല. തന്റെ എഴുത്തിനെ അത്രമാത്രം ആത്മവിശ്വാസത്തോടെയാണ് അയാൾ സമീപിച്ചിരുന്നതെന്ന് തോന്നുന്നു.

എരിഞ്ഞുകൊണ്ടിരിക്കുന്ന സിഗററ്റ് മേശപ്പുറത്തുള്ള ഒരു തടിച്ച പുസ്തകത്തിന്റെ കട്ടിയുള്ള പുറം ചട്ടയ്ക്കുമേൽ വെച്ചു കൊണ്ട് രാജൻ മാഷ് മേശവലിപ്പു തുറന്ന് കടലാസുകെട്ട് പുറത്തെടുത്തു. വെള്ളക്കടലാസിൽ മഷിപ്പേനകൊണ്ട് മോശം കൈയ്യക്ഷരത്തിലെഴുതിയവ, സ്റ്റാപ്ലർ ‌പിൻ ചെയ്ത് തരം തിരിച്ചവ. ആദ്യത്തേത് ഒരോർമ്മക്കുറിപ്പായിരുന്നു, ചെറുപ്പത്തിൽ ബാലമാസികയിൽ വായിച്ച ഒരു നോവലിനെക്കുറിച്ച്. ഈയിടെ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തെക്കുറിച്ചുണ്ടായ വിവാദ പരാമർശങ്ങൾക്ക് മറുപടിപറഞ്ഞു കൊണ്ട് പത്രാധിപർക്ക് തയ്യാറാക്കിയ കുറിപ്പായിരുന്നു അടുത്തത്. ഓർമ്മക്കുറിപ്പിനെക്കുറിച്ച് തന്റെ സുഹൃത്തിനെഴുതിയ ഒരു കത്താണ് മൂന്നാമതായുണ്ടായിരുന്നത്. വാസ്തവങ്ങളേയും ഓർമ്മകളേയും ചരിത്രത്തേയും കുറിച്ചെഴുതിയ ഒരു ലേഖനം, വാരികയ്ക്കായി തയ്യാറാക്കിയ ഒരു കവിത , മകൾക്ക് പിറന്നാൾ സമ്മാനമായി വാങ്ങിയ പുസ്തകം, ആശംസ നേർന്നു കൊണ്ടുള്ള കത്ത് എന്നിവ കൂടി അതിലുണ്ടായിരുന്നു. സിഗററ്റെടുത്ത് വീണ്ടും ചുണ്ടിൽ ചേർത്തു വെച്ചുകൊണ്ട് രാജൻ മാഷ് കടലാസുകൾ മറിച്ചു നോക്കാൻ തുടങ്ങി...

II. ഡൊറോത്തി ഇപ്പോൾ എവിടെയായിരിക്കും?
(മാതൃഭൂമി വാരികയിലേക്കുള്ള ഓർമ്മക്കുറിപ്പ്)

ഒരിക്കലൊരിടത്തൊരു കുഞ്ഞു ഡൊറോത്തിയുണ്ടായിരുന്നു. ‘ഡൊറോത്തി ഗേൽ‘ എന്നായിരുന്നു അവളുടെ ശരിക്കുമുള്ള പേര്. അവള്‍ക്ക് ടോട്ടോയെന്നു പേരുള്ള കുസൃതിയായ ഒരു നായ്ക്കുട്ടിയുണ്ടായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ അച്ഛനും, അമ്മയും നഷ്ടപ്പെട്ട ഡോറോത്തി അവളുടെ അമ്മാവന്റെയും, അമ്മായിയുടെയും കൂടെ ഫാം ഹൗസിലാണ്‌ താമസിച്ചിരുന്നത്. ഒരു ദിവസം പെട്ടെന്നുണ്ടായ ചുഴലിക്കാറ്റില്‍ ആ വീട് പറന്നു പോകുമ്പോൾ അതിനകത്ത് ഡൊറോത്തിയും, ടോട്ടോയും ഉണ്ടായിരുന്നു. ആകാശത്തിലൂടെ കറങ്ങിപ്പറന്ന് ആ വീട് നിലം പതിച്ചതാകട്ടെ അത്ഭുത ലോകമായ ഓസിലാണ്‌. ഒരു ദുര്‍മ്മന്ത്രവാദിയുടെ ശരീരത്താണ്‌ അവരുടെ വീട് വന്നു വീണത്ത്. കിഴക്കന്‍ ദേശം ഭരിച്ചിരുന്ന ആ ദുര്‍മ്മന്ത്രവാദി അങ്ങനെ മരണപ്പെട്ടു. വടക്കൻ ദേശത്തെ നല്ല മന്ത്രവാദി ഡൊറോത്തിയെ വന്ന് കാണുകയും, മരിച്ചു പോയ ദുര്‍മ്മന്ത്രവാദിയുടെ വെള്ളി ഷൂസുകൾ സമ്മാനമായി നല്‍കുകയും ചെയ്തു. തിരികെ നാട്ടിൽ ചെല്ലുന്നതിനായി ഓസിലെ മായാവിയെ ചെന്നു കാണാൻ വടക്കൻ ദേശത്തെ മന്ത്രവാദി അവളെ ഉപദേശിച്ചു.

ഓസിലെ മായാവിയെ അന്വേഷിച്ചു പുറപ്പെട്ട ഡൊറോത്തിയ്ക്ക് യാത്രക്കിടയിൽ ചില ചങ്ങാതിമാരെ കൂടെ കിട്ടുന്നു. ഒറ്റക്കമ്പിൽ കുത്തി നിര്‍ത്തപ്പെട്ട ഒരു വൈക്കോൽ നോക്കുകുത്തി മനുഷ്യനെ അവൾ സ്വതന്ത്രനാക്കുന്നു. തുരുമ്പു പിടിച്ചു തുടങ്ങിയ യന്ത്രമനുഷ്യന്റെ സന്ധികളില്‍ എണ്ണയിറ്റിച്ചു കൊണ്ട് ചലിക്കാൻ സഹായിക്കുന്നു. പേടിച്ചുതൂറിയായ സിംഹത്തിന് ധൈര്യം പകരുന്നു. ഡൊറോത്തിയുടെ യാത്രയെക്കുറിച്ചറിഞ്ഞ ആ മൂന്ന് കൂട്ടുകാരും ഓസിലെ മായാവിയെ കാണാൻ അവളോടൊത്ത് യാത്രയായി. വൈക്കോൽ മനുഷ്യന്‌ വേണ്ടത് സ്വന്തമായി ചിന്തിക്കാൻ ഒരു തലച്ചോറാണ്‌, യന്ത്രമനുഷ്യനാകട്ടെ വികാരങ്ങൾ തിരിച്ചറിയാൻ തന്നെ സഹായിക്കുന്നൊരു ഹൃദയം, സിംഹത്തിനു വേണ്ടത് ധൈര്യം, പാവം ഡൊറോത്തിക്കാകട്ടെ അത്ഭുത ലോകമായ ഓസില്‍ നിന്ന് തിരികെ തന്റെ നാട്ടിലേക്ക് പോകാനുള്ള മാര്‍ഗമാണ്‌ അറിയേണ്ടത്.

ജീവിതത്തിലാദ്യമായി ഞാൻ വായിച്ച നോവൽ ഫ്രാങ്ക് ബോമിന്റെ 'ഓസിലെ മായാവി'യാണ്‌. യുറീക്ക എന്ന കുട്ടികൾക്കുള്ള മാസികയിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ചിരുന്നതായിരുന്നു അത്. വൈക്കോൽ-യന്ത്ര മനുഷ്യരും, പേടിച്ചുതൂറിയായ സിംഹവുമൊത്ത് നമ്മുടെ കുഞ്ഞു ഡൊറോത്തി ഓസിലെ മായാവിയുടെ അടുത്തേക്ക് യാത്ര പുറപ്പെടുന്നത് വരെ എനിക്കോര്‍മ്മയുണ്ട്. അപ്പോഴാണ്‌ എന്റെ യുറീക്ക പുസ്തകത്തിന്റെ വരിസംഖ്യ തീര്‍ന്നത്. വീട്ടിലാകട്ടെ വരിസംഖ്യ ചോദിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല അന്ന്‍. ഓട്ടോറിക്ഷാ ഡ്രൈവ‌റായിരുന്ന അച്ഛൻ‌ അപകടത്തിനു ശേഷം ചികിത്സയില്‍ കഴിയുന്ന കാലം. അതുകൊണ്ട് തന്നെ ആകാംഷാഭരിതമായ ഒരു തുടരൻ നോവലിനെ തീര്‍ത്തും അവഗണിച്ച് ആ എട്ടുവയസുകാരന്‍ പ്രായോഗികതാവാദിയായി. വരിസംഖ്യ പുതുക്കാനുള്ള തുക ഒരു പക്ഷേ വീട്ടിൽ ചോദിച്ചാല്‍ കിട്ടിയേക്കുമായിരുന്നോ? അവൻ ചോദിച്ചില്ല എന്നതാണു നേര്‌. അവന്റെ സഹപാഠികളിൽ പലരും ആ പുസ്തകം വരുത്തുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാം ഡൊറോത്തിയുടെ തുടര്‍ക്കഥ അറിയാമെങ്കിലും ഒരിക്കൽ പോലും അവനവരോട് അവളെക്കുറിച്ച് അന്വേഷിച്ചതേയില്ല. ഓരോരുത്തരും ഡൊറോത്തിയെ കണ്ടെത്തുന്നത് അവരവരുടെ അത്ഭുതലോകമായ ഓസിൽ വെച്ചാണെന്ന് അവന് നിശ്ചയമുണ്ടായിരുന്നു.

പാതി മുറിഞ്ഞ കഥയിലെ അവശേഷിപ്പുകളായ ഡൊറോത്തിക്കും, അവളുടെ ചങ്ങാതിമാര്‍ക്കും എന്തു സംഭവിച്ചെന്ന് എനിക്കറിയില്ല. ജീവിതപ്പാച്ചിലുകള്‍ക്കിടയിൽ ഡൊറോത്തിയെ ഞാന്‍ എന്നോ മറന്നിരിക്കണം. ഡൊറോത്തി ഓസിലെത്തിയത് ചുഴലിക്കാറ്റില്‍ പെട്ടായിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്റെര്‍നെറ്റിൽ വിക്കിപീഡിയ പരതുന്നതിനിടെ എങ്ങനെയോ ആണ്‌ അമേരിക്കൻ എഴുത്തുകാരനും, നാടകക്കാരനുമൊക്കെയായ ഫ്രാങ്ക് ബോമിലേക്കും അവിടെ നിന്ന് ഓസിലെ മായാവിയിലേക്കുമെല്ലാം ഞാൻ എത്തിപ്പെടുന്നത്. നോവലിന്റെ വിവരങ്ങളിൽ 'പ്ലോട്ട്' എന്ന് കണ്ടതും ആ വെബ് പേജ് അടച്ചു.

ഡൊറോത്തിയിപ്പോഴും ഓസിലാണോ?
അവൾ മായാവിയെ കണ്ടോ?
അവൾ തിരികെ നാട്ടിലെത്തിയോ?
അവൾ പ്രണയിച്ചോ, വിവാഹം കഴിച്ചോ, കുട്ടികളായോ?
കുട്ടികള്‍ക്ക് അവൾ ഓസിലെ മായാവിയുടെ കഥ പറഞ്ഞ് കൊടുത്തിരിക്കുമോ?
ടോട്ടോയ്ക്ക് എന്തു പറ്റി?
അവൻ വയസായി ചൊറി പിടിച്ച് ചത്തോ?
അതോ പേയെങ്ങാനും പിടിച്ച് നാട്ടുകാർ തല്ലിക്കൊന്നോ?
നോക്കുകുത്തിയ്ക്കും, യന്ത്രമനുഷ്യനും, സിംഹത്തിനും എന്ത് സംഭവിച്ചു?
അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടിയോ?

ചോദ്യങ്ങൾ ഒരുപാടുണ്ട്. ഉത്തരം ലഭിക്കണമെങ്കിൽ കഥ മുഴുവൻ വായിച്ചു തീര്‍ക്കുകയും വേണം. പക്ഷേ, ഒരു കാര്യം ഉറപ്പാണ്‌. എന്റെ ജീവിതത്തിൽ ഇനിയൊരിക്കലും ഞാൻ ആ നോവൽ വായിക്കാൻ പോകുന്നില്ല. വരിസംഖ്യ അടയ്ക്കാൻ കാശില്ലാതെ നിലച്ചു പോയ ആ ബുക്ക്-പോസ്റ്റിലാണ്‌ സ്വന്തം പേരിൽ ആദ്യമായി വിലാസം അച്ചടിച്ചു കണ്ടത്. ആ കടലാസു കഷ്ണം ശ്രദ്ധാപൂര്‍‌വ്വം വെട്ടിയെടുത്ത് പെൻസിൽ ബോക്സിനകത്ത് ഒളിപ്പിച്ചു വെയ്ക്കുമായിരുന്നു. ബുക്ക്-പോസ്റ്റ് നിലച്ചതോടെ കഥയുടെ രസച്ചരടു മുറിഞ്ഞെന്നു മാത്രമല്ല, വിലാസം പതിച്ച കടലാസുകളും അപൂര്‍‌വ്വ കാഴ്ചയായി. മേല്‍വിലാസം നഷ്ടപ്പെട്ട ഒരാള്‍ക്കും ഏത് മായാവിയുടേയോ, കൊടികെട്ടിയ മന്ത്രവാദിയുടേയോ സഹായമുണ്ടെങ്കിലും കാറ്റത്തലച്ചു ചെന്നു വീണ ഓസിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നോര്‍ക്കണം.

III. ഡൊറോത്തിയുടെ തലതിരിഞ്ഞ മരണം.
(ഡൊറോത്തി ഹേലിന്റെ മരണത്തെക്കുറിച്ച് കലാകൌമുദി പത്രാധിപർക്കുള്ള കത്ത്)

(ഈയിടെ പുറത്തിറങ്ങിയ എന്റെ നോവലിനെക്കുറിച്ചുള്ള നിരൂപണം നിങ്ങളുടെ സ്ഥിരം പംക്തിയുടെ ഭാഗമായി കൊടുത്തതിന്‌ ആദ്യമേ നന്ദി പറഞ്ഞു കൊള്ളുന്നു. എന്നാൽ അതേ തുടര്‍ന്നുള്ള ലക്കത്തിൽ നോവലിന്റെ അവസാന അദ്ധ്യായത്തിന്‌ ഒരു സിനിമയുമായി ബന്ധമുണ്ടെന്നും, ആ സിനിമയുടെ ശൈലിയാണ്‌ തലതിരിഞ്ഞ കഥാഖ്യാനമായി നോവലിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും വായനക്കാരുടെ കത്തുകളില്‍ ആരോപണമുയര്‍ന്നത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ? പ്രസ്തുത കത്തിനുള്ള മറുപടിയാണ്‌ താഴെ കാണുന്നത്. ദയവായി ഇത് വായനക്കാരുടെ കത്തുകളിലോ, അതല്ലെങ്കിൽ പ്രത്യേക കുറിപ്പായോ നല്‍കണമെന്ന് താൽപ്പര്യപ്പെടുന്നു)

എന്റെ നോവലിന്റെ അവസാന അദ്ധ്യായത്തിൽ ഒരു യുവതി ആത്മഹത്യ ചെയ്യുന്നത് മൂന്നു നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്കു ചാടിക്കൊണ്ടാണ്. കെട്ടിടത്തിൽ നിന്ന് എടുത്തു ചാടുന്നതു മുതൽ നിലത്തു വീണ് മരിക്കുന്നത് വരെയുള്ള സമയത്തിനുള്ളിലാണ് അവൾ തന്റെ കഥ പറഞ്ഞു പൂർത്തിയാക്കുന്നത്. മരണസംബന്ധിയായ കാരണത്തിൽ തുടങ്ങി താൻ ഭൂമിയിൽ ജനിച്ചു വീഴുന്നതു വരെയുള്ള സംഭവങ്ങളെ തല തിരിഞ്ഞ രീതിയിലാണ് അവതരിപ്പിക്കുന്നത്. ഈ ആഖ്യാനശ്രമത്തിന് അടുത്ത കാലത്തിറങ്ങിയ ഏതോ വിദേശ സിനിമയുടെ ഘടനയുമായി സാദൃശ്യമുണ്ടെന്നും, ആശയം കൈക്കൊണ്ടതാണെന്നുമുള്ള ആരോപണം ശ്രദ്ധയിൽ പെട്ടു. പ്രസ്തുത ആരോപണത്തെ പാടേ നിഷേധിച്ചുകൊണ്ട് ഞാൻ രണ്ടു കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു.

1. ആരോപണത്തിൽ സൂചിപ്പിച്ചിരിക്കുന്ന ചലച്ചിത്രം ഇറങ്ങുന്നതിന് എത്രയോ മുമ്പു തന്നെ ഈ നോവൽ പൂർത്തിയായി കഴിഞ്ഞിരുന്നു. നോവലെഴുത്തിന്റെ പല ഘട്ടത്തിലായി അദ്ധ്യായങ്ങളുടെ ഘടനയും, ഇതിവൃത്തത്തിന്റെ ചുരുക്കരൂപവുമെല്ലാം ഞാൻ സുഹൃത്തുക്കളുമായി ചർച്ച ചെയ്തിട്ടുള്ളതുമാണ്. അതിനു ശേഷം പ്രസാധനത്തിന്റേതായ പല തടസ്സങ്ങൾക്കും ശേഷമാണ് നോവൽ പുസ്തകരൂപത്തിലായത്.
2. അവസാനത്തെ അദ്ധ്യായത്തിൽ കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്കു ചാടി മരിക്കുന്ന യുവതി ‘റിവേഴ്സ് നരേഷൻ’ അന്നു വിളിക്കാവുന്ന തരത്തിൽ കഥ പറയുന്ന ഘടന വാസ്തവത്തിൽ കടം‌ കൊണ്ടതു തന്നെയാണ്. എന്നാൽ അതൊരു ചലച്ചിത്രത്തിൽ നിന്നല്ല, മറിച്ച് മെക്സിക്കൻ ചിത്രകാരി ഫ്രിഡാ കാഹ്ലോയുടെ “ഡൊറോത്തി ഹേലിന്റെ ആത്മഹത്യ” എന്ന പ്രശസ്തമായ പെയിന്റിംഗാണ് ആധാരം.
അമേരിക്കൻ നർത്തകിയും, നടിയുമായ ഡൊറോത്തി ഹേലിന്റെ ജീവിതം ഭർത്താവിന്റെ മരണശേഷം തീർത്തും അരക്ഷിതമായ അവസ്ഥയിലെത്തിച്ചേർന്നിരുന്നു. പ്രണയത്തകർച്ചകളും, സാമ്പത്തിക പരാധീനതകളും അവരുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തീർത്തു. അതിനെ തുടർന്നാണ് താമസിച്ചുകൊണ്ടിരുന്ന കെട്ടിടത്തിൽ നിന്ന് താഴേയ്ക്കു ചാടി അവർ ആത്മഹത്യ ചെയ്യുന്നത്. മരണത്തിനു തൊട്ടുമുമ്പ് ബാൽക്കണിയിൽ നിൽക്കുന്ന ഡൊറോത്തി, വായുവിൽ തലകീഴായി താഴോട്ടു പതിക്കുന്ന ഡൊറോത്തി, നിലത്തു വീണ് ചോരയൊലിച്ച് മരിച്ചു കിടക്കുന്ന ഡൊറോത്തി എന്നിങ്ങനെ മുന്ന് അവസ്ഥകൾ ആ പെയിന്റിംഗിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഒരു ദൃശ്യകാവ്യം പോലെ അനുഭവപ്പെടുന്ന ആ ആത്മഹത്യാച്ചിത്രം ആദ്യകാഴ്ചയിൽ തന്നെ എന്നെ സ്വാധീനിച്ചിരിക്കണം. നോവലിന്റെ അവസാന അദ്ധ്യായത്തിലെ ഘടനാപരമായ സാധ്യതകളെ അതൊരുപാട് സഹായിച്ചിട്ടുമുണ്ട്.

IV. ഡൊറോത്തിയെക്കുറിച്ചു തന്നെ ...
(സാഹിത്യകാരനായ സുഹൃത്തിനുള്ള കത്ത്)

പ്രിയ സുഹൃത്തേ,
ഈയിടെ ഔദ്യോഗികമായി കുറച്ചു തിരക്കുകളിൽ പെട്ടു പോയി. അതാണ് ബന്ധപ്പെടാതിരുന്നത്. മൊബൈൽ ഫോണിൽ തന്നെ കിട്ടാൻ പലതവണ ശ്രമം നടത്തി പരാജയപ്പെട്ടു. സാഹിത്യസംഗമവുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയോളം താൻ വിദേശയാത്രയിലാണെന്നറിഞ്ഞത് കഴിഞ്ഞ ദിവസമാണ്; കൃത്യമായി പറഞ്ഞാൽ ഏഷ്യാ-യൂറോപ്പ് സാഹിത്യ സംഗമത്തെക്കുറിച്ചെഴുതിയ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിച്ച അന്ന്. യാത്രയെക്കുറിച്ച് മുമ്പ് സൂചിപ്പിക്കുകയുണ്ടായെങ്കിലും ഞാനത് മറന്നു പോയിരുന്നു.

ഹന്ന മോളുടെ പിറന്നാളിന്‌ ഇത്തവണ എന്തു സമ്മാനം വാങ്ങിക്കൊടുക്കണമെന്നോര്‍ത്ത് കുഴങ്ങിയിരിക്കുകയായിരുന്നു ഞാൻ. അവള്‍ക്ക് എട്ടു വയസാകുന്നു. പതിവു മടുപ്പൻ സാഹിത്യപ്രയോഗം കടപെടുത്താൻ "എത്ര പെട്ടെന്നാണ്‌ കാലം കടന്നു പോകുന്നത് അല്ലേ?". നന്നേ ചെറുപ്പത്തിൽ പാവക്കുട്ടികളാണ്‌ ഞാനവള്‍ക്ക് സ്ഥിരമായി വാങ്ങിക്കൊടുത്തിരുന്നത്. കുറച്ചു കൂടെ മുതിര്‍ന്നപ്പോൾ അതു പിന്നെ ഉടുപ്പുകളായി മാറി. എന്നാൽ ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും ആയിരിക്കണമെന്ന് എനിക്കു തോന്നി. ഈയിടെയായി അവള്‍ക്ക് വായനയിൽ താൽപ്പര്യമുണ്ട്. പാഠപുസ്തകങ്ങളേക്കാൾ കൂടുതൽ പത്രമാസികകളിലാണ്‌ അവളുടെ ശ്രദ്ധ. പഠനത്തിൽ ഉഴപ്പുന്നെന്ന് പറഞ്ഞ് അതിനവള്‍ക്ക് അമ്മയുടെ വഴക്കു കിട്ടാറുമുണ്ട്. കുട്ടികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വിരസമായ പാഠപുസ്തകത്താളുകളേക്കാൾ എത്രയോ രസം പിടിപ്പിക്കുന്നതാണ്‌ കുറ്റകൃത്യങ്ങളും, കുംഭകോണങ്ങളും, രാഷ്ട്രീയപ്പോരുകളും, കോടതിവഴക്കങ്ങളുമെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കപ്പെടുന്ന പത്രമാസികകൾ‍.

ഇത്തവണ അവള്‍ക്കുള്ള പിറന്നാൾ സമ്മാനമായി ഫ്രാങ്ക് ബോമിന്റെ "The Wizard of Oz" എന്ന പുസ്തകമാണ്‌ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. "യാത്രയും, തിരിച്ചുവരവും" ഇതിവൃത്തമാക്കി എഴുതിയ കൃതികളെക്കുറിച്ച് നമ്മളൊരിക്കൽ ചര്‍ച്ച ചെയ്തത് ഓര്‍ക്കുന്നില്ലേ? ഗള്ളിവറുടെ യാത്രകളും, സാഹസികനായ റോബിന്‍‌സണ്‍ ക്രൂസോയെക്കുറിച്ചുമെല്ലാം സംസാരിച്ച കൂട്ടത്തിൽ ‍താനാണ്‌ ഓസിലെ മായാവിയെക്കുറിച്ചു പറഞ്ഞത്. കഥാസാരം പറഞ്ഞു കേട്ടപ്പോൽ തന്നെ എന്തെന്നില്ലാത്ത ഒരടുപ്പം എനിക്ക് ആ പുസ്തകത്തോടു തോന്നി. ഹന്ന മോള്‍ക്കായി ഒരു പുസ്തകം തിരയുന്നതിനിടെയാണ്‌ അവിചാരിതമായി ഇതു കണ്ണിൽ പെട്ടത്. പുസ്തകം വായിച്ചു തീര്‍ത്തപ്പോൾ ഹന്നയോളം ചെറിയ ഒരു കുട്ടിയായി ഞാൻ മാറിയതു പോലെ തോന്നി. ഡൊറോത്തിയെന്ന പേര്‌ മറന്നുവെന്ന് കരുതിയ പല ഓര്‍മ്മകളിലേക്കും, ഒളിത്തുരുത്തുകളിലേക്കും നൂൽലം തീര്‍ത്തു. പുസ്തകം എന്നെ പലരീതിയിലും, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ ആ പുസ്തകത്തെക്കുറിച്ചു പറഞ്ഞ തന്നോട് ഒരു നന്ദി പറയാമെന്നു കരുതിയത്.

സ്വീഡനിലെ കാലാവസ്ഥ എങ്ങനെയുണ്ട്? സാഹിത്യസംഗമം തനിക്കൊരുപാട് ഊര്‍ജ്ജം പകരുന്നുവെന്നു കരുതട്ടെ. വാരികയില്‍ വന്ന ലേഖനത്തിൽ നിന്നു തന്നെ അതു തിരിച്ചറിയാൻ കഴിയുന്നു. ഭാഗ്യവാനേ! അവിടെ രുചിച്ചറിഞ്ഞ വിവിധയിനം മദ്യങ്ങളേയും, സുന്ദരികളായ സ്ത്രീകളേയും കുറിച്ച് നമുക്ക് വിശദമായി സംസാരിക്കേണ്ടതുണ്ട്. നാട്ടില്‍ തിരിച്ചെത്തിയാല്‍ വിളിക്കുക.
സസ്നേഹം...

V. ഡൊറോത്തിയെന്ന പെൺകുട്ടി
(മാധ്യമത്തിലേക്കുള്ള കവിത)
---------------------------------------------------------------------------------------

ദൈവം വിശ്രമിക്കുന്നഏഴാമത്തെ ദിവസം സുന്ദരമാണ്!
ആറു പകലുകളുടെ ഉടയോനായ മാനേജരെ
തെറിവിളിച്ചുകൊണ്ട് ഉച്ച തീരും വരെ മയങ്ങാം.
ഞെട്ടിയുണർന്ന്, ചേരികളെ വേർത്തിരിക്കുന്ന
അഴുക്കുചാലുകൾ ചാടിക്കടന്നുകൊണ്ട്
കുറഞ്ഞ വിലയ്ക്ക് മാസഭക്ഷണം ലഭിക്കുന്ന
ഏതെങ്കിലും ഹോട്ടലിലെത്താം.
അന്തിവെയിലിലെ ഏത് നടത്തവും ചെന്നെത്തിക്കുന്നത്
എച്ചിൽ പറ്റിയ തീന്മേശകളുള്ള മദ്യശാലകളിലേക്കാണ്.
നേർത്ത ബോധത്തിലൊരു തേവിടിച്ചിപ്പാച്ചിൽ നടത്താം.
ബോംബെ നഗരം ഉരുണ്ടതാണെന്ന പരീക്ഷണം
ഒരിക്കൽ കൂടെ ശരിയാണെന്ന് തെളിയിച്ചുകൊണ്ട്
മയക്കബാക്കിയിലെപ്പോഴോ മുറിയിലെത്തി തളർന്നുറങ്ങാം.
ദൈവം വിശ്രമിക്കുന്നഏഴാമത്തെ ദിവസം തീർത്തും സുന്ദരമാണ്!

അത്തരമൊരു സുന്ദരദിനത്തിലാണ്
കുറഞ്ഞ വിലയ്ക്ക് മാംസഭക്ഷണം ലഭിക്കുന്ന
ഹോട്ടലിനു മുന്നിലായി ഞാനവളെ ആദ്യമായി കാണുന്നത്.
പാണ്ടു പിടിച്ചൊരു പിച്ചക്കാരി പെൺകുട്ടിയെന്ന്
ഒറ്റനോട്ടത്തിൽ തോന്നി.
ഹോട്ടലിന്നരികെയെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്
കഷ്ടിച്ച് ഒരെട്ടു വയസ്സുള്ള മദാമ്മക്കുട്ടി.
ജടപിപിരിഞ്ഞ ചെമ്പൻ മുടിയിഴകൾ
പാതി മറച്ച കവിൾത്തടങ്ങളിൽ
അഴുക്ക് ഭൂപടങ്ങൾ തീർത്തിരിക്കുന്നു.
തുറമുഖത്തിനടുത്തുള്ള തെരുവുകളിൽ
പണ്ടേതോ വിദേശിനാവികൻ നങ്കൂരമിട്ടതിന്റെ
ജീവിക്കുന്ന തെളിവാകണം.
ആഴം കുറവായ കടൽ‌പ്പരപ്പിൽ
തീരത്തെത്താനാകാതെ വിശ്രമിക്കുന്ന
അമ്മക്കപ്പലിനെ വെടിഞ്ഞ് ഒരു കൊച്ചുവള്ളം
ചരക്കും പേറി ഇളകിയൊഴുകുന്നതു പോലെ
പിച്ചപ്പാത്രവും, നാണയക്കിലുക്കങ്ങളുമായി
കഷ്ടിച്ച് ഒരെട്ടു വയസ്സുള്ള ഒരു പിച്ചക്കാരി.
‘ഡൊറോത്തി’യെന്നാണവൾ പേരു പറഞ്ഞത്
‘ദോ റൊട്ടി’യെന്നാണ് ഞാൻ കേട്ടത്.
ഹോട്ടലിനകത്തേക്ക് അവളെയും വിളിച്ചു കയറ്റി.
വിശപ്പുമാറി നിറഞ്ഞ വയറും, പുഞ്ചിരിയുമായി
അവളാണാദ്യം പുറത്തിറങ്ങിയത്, പുറകേ ഞാനും.

ശേഷിച്ച ദിവസം ഒടുക്കാനായി കരുതിവെച്ച
നോട്ടുകളത്രയും അവളുടെ പിച്ചപ്പാത്രം നിറച്ചു.
എച്ചിലും, ഛർദ്ദിലും പുരണ്ട പുകമണമുള്ള
മദ്യശാലകളെയും മറന്ന്
മുഖമോർക്കാൻ കഴിയാത്ത വിലപേശലുകളുടെ
തേവിടിച്ചിപ്പാച്ചിലുകളില്ലാത്ത ആ രാത്രിയിൽ
ഞാൻ ഉറങ്ങുന്നേരം...
പ്രിയപ്പെട്ട ഡൊറോത്തീ,
ദൈവം വിശ്രമിക്കുന്നഈ ഏഴാമത്തെ ദിവസം എത്ര സുന്ദരമാണ്!
---------------------------------------------------------------------------------------

VI. പഴയ കഥയിലെ പഴയ ഡൊറോത്തി...
(എഴുത്തുകാരന് ആദ്യമായി അവാർഡ് ലഭിച്ച കഥയെക്കുറിച്ച് രാജൻ മാഷ് ഓർക്കുന്നു)

ഡൊറോത്തിയെന്ന പേര് രാജൻ മാഷ് ആദ്യമായി കേൾക്കുന്നതു തന്നെ എഴുത്തുകാരൻ പറഞ്ഞ ഒരു കഥയിൽ നിന്നാണ്. ആ കഥ പ്രത്യേകമായി ഓർക്കാൻ കാരണവുമുണ്ട്. യുവസാഹിത്യ കാരന്മാർക്കേപ്പെടുത്തിയ അവാർഡുകളിലൊന്നിൽ അയാൾക്കു ലഭിച്ചത് ആ കഥയ്ക്കായിരുന്നു. അക്കാലത്ത് അയാൾ ബോംബെയിൽ പത്രപ്രവർത്തകനായിരുന്നു. രാജൻ മാഷ് ആ കഥ വായിച്ചിരുന്നില്ല. ഒരിക്കൽ ഒരു വയനാടൻ യാത്രക്കിടയിലാണ് അയാൾ രാജൻ മാഷെ കഥ പറഞ്ഞു കേൾപ്പിക്കുന്നത്.

കഥയുടെ ഏകദേശരൂപം ഇപ്രകാരമായിരുന്നു. പത്രപ്രവർത്തകനും, എഴുത്തുകാരനുമായ ഒരു യുവാവ് ബോംബെയിലെ ചേരിപ്രദേശത്താണ് താമസിക്കുന്നത്. ഒരിക്കൽ തന്റെ കാമുകിയുമായി സ്വകാര്യ നിമിഷങ്ങൾ ചിലവഴിക്കനായി അയാൾ അവളെ തന്റെ മുറിയിലേക്ക് ക്ഷണിക്കുന്നു. കാമുകി പൂർണ്ണ സമ്മതത്തോടെ അതിനു സമ്മതിച്ചു. പക്ഷെ കാമുകന്റെ മുറിയിലെത്തിയ യുവതിയാകട്ടെ ചേരിയോടു ചേർന്നുള്ള കെട്ടിടത്തിൽ വൃത്തിഹീനമായ ജീവിതം നയിക്കുന്ന അയാളെ കുറ്റപ്പെടുത്തുകയും, അലങ്കോലമായി കിടക്കുന്ന മുറിയെക്കുറിച്ചു പറഞ്ഞ് കളിയാക്കുകയും ചെയ്യുന്നു. അതെ തുടർന്ന് അവർ തർക്കിക്കുന്നു, കാമുകി പിണങ്ങിപ്പോകുന്നു. അരാജകജീവിതം നയിച്ചു പോന്ന ചെറുപ്പക്കാരൻ ആ പ്രണയ തകർച്ചയെ തുടർന്ന് ലോകത്തോട് മുഴുവൻ പ്രതികാരം തോന്നി ആത്മഹത്യയിലേക്ക് വഴുതി വീഴേയ്ക്കാവുന്ന തരത്തിലുള്ള ഒരവസ്ഥയിലാകുകയും ചെയ്യുന്നു. അത്തരം ഒരു ദിവസത്തിലാണ് അനാഥാലത്തിലേക്ക് വസ്ത്രങ്ങളും, പണവും ശേഖരിക്കാനായി ഒരു പെൺ‌കുട്ടി അയാളുടെ മുറിയിലെത്തുന്നത്. ചെറുപ്പക്കാരനാകട്ടെ മുറിയിൽ മദ്യപിച്ച് ബോധം നശിച്ച അവസ്ഥയിലായിരുന്നു. തന്റെ കഥകിൽ മുട്ടിയ പെൺകുട്ടിയെ അയാൾ മുറിയിലേക്ക് ക്ഷണിക്കുകയും, അർദ്ധബോധത്തിൽ ബലാൽക്കാരമായി പ്രാപിക്കുകയും ചെയ്തു. ചെറുപ്പക്കാരന്റെ മുറിക്കു പുറത്തിറങ്ങിയ പെൺകുട്ടി മൂന്നു നിലയുള്ള ആ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്കു ചാടി ആത്മഹത്യ ചെയ്യുന്നു. കുറ്റബോധത്താൽ മാനസിക സംഘർഷമനുഭവിക്കുന്ന ആ ചെറുപ്പക്കാരൻ നഗരമുപേക്ഷിക്കുന്നതോടെ കഥ പൂർത്തിയാകുന്നു.

കഥ പറയുമ്പോൾ എഴുത്തുകാരന്റെ മുഖത്തു കണ്ട ഭാവവ്യത്യാസങ്ങൾ രാജൻ മാഷുടെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്. ആ കഥയാകട്ടെ രാജൻ മാഷ്ക്ക് ഒരുപാടിഷ്ടപ്പെടുകയും ചെയ്തു. കഥാസമാഹാരം പുറത്തിറങ്ങിയപ്പോൾ ഈ കഥ മാത്രം ഒരിക്കൽ കൂടെ വായിച്ചു നോക്കാൻ രാജൻ മാഷ് ശ്രമം നടത്തി. എന്നാൽ എഴുത്തുകാ‍രൻ തന്നോട് നേരിട്ടു പറഞ്ഞ കഥയുടെ തീവ്രത അപ്പോൾ അനുഭവപ്പെട്ടില്ല. ആദ്യ ഖണ്ഡികയിൽ വെച്ചു തന്നെ വായന തടസ്സപ്പെട്ടു. എന്നാൽ എഴുത്തുകാരൻ നേരിട്ടു കഥ പറഞ്ഞതിനേക്കാൾ തീവ്രതയുണ്ടായിരുന്നു ഇപ്പോൾ വായിച്ചു തീർത്ത ‘ഡൊറോത്തിയെന്ന പെൺകുട്ടി‘ എന്ന കവിതയ്ക്ക്.

VII. വാസ്തവം-ഓർമ്മ-ചരിത്രം എന്നിവയ്ക്കൊരു അപനിർമ്മാണ ശ്രമം.
(ഭാഷാപോഷിണിയിലേക്കുള്ള ലേഖനം)
........................... .......................... ........................... ..........................
........................... .......................... ........................... ..........................
........................... .......................... ........................... ..........................

സത്യം/വാസ്തവം, അസത്യം/വാസ്തവവിരുദ്ധം എന്നീ അവസ്ഥകൾ മാത്രം ഉണ്ടായിരുന്നെന്നത് ചരിത്രം മാത്രമാണ്. ആധുനീക കാലത്ത് കറുപ്പും, വെളുപ്പും മാത്രമായി അത്തരമൊരു വേർതിരിവോ, വർഗീകരണമോ സാധ്യമല്ല. Reality എന്ന പദത്തിൽ നിന്നും വേർപെട്ട് ഹൈപ്പർ റിയൽ, മാജിക്കൽ റിയൽ, വെർച്വലി റിയൽ എന്നിങ്ങനെ അവസ്ഥകളും, അവസ്ഥാന്തരങ്ങളും ഉണ്ടാകുന്നു. നേര്-നുണ, ഉണ്ട്-ഇല്ല എന്നീ വിരുദ്ധ ധ്രുവങ്ങളിൽ മാത്രം കേന്ദ്രീകൃതമാകാതെ വസ്തുതകൾ(Facts) വിഘടനത്തിനു വിധേയമാകുന്നു.

ഉദാ. “അശ്വാഥാമാവ് മരിച്ചു” എന്ന പ്രസ്ഥാവന ഒരു നാൽക്കവലയിൽ എല്ലാ വഴികളിലേക്കും ഒരേ പേരെഴുതി വെച്ചിരിക്കുന്ന ചൂണ്ടുപലക പോലെയാണ്. യുധിഷ്ഠിരന്റെ സംബന്ധിച്ചിടത്തോളം അതൊരു നുണ പറച്ചിലല്ല(മറിച്ച് പൂർണ്ണ സത്യവുമല്ല). ആ പേരിലുള്ള ആന ചെരിയുന്നത് അയാൾ കണ്ടതാണ്. ദ്രോണരെ സംബന്ധിച്ചിടത്തോളം ആ പ്രസ്ഥാവനയോടെ മകൻ മരിച്ചിരിക്കുന്നു. പ്രസ്ഥാവനയുടെ തുടർ ഫലമായി എന്നോ മരിക്കേണ്ടിയിരുന്ന അശ്വഥാമായ്ക്ക് മരണത്തിനു പകരം വ്രണിത ഹൃദയ-ശരീരാധികളോടെ അമരത്വം ലഭിക്കുന്നു. .

........................... .......................... ........................... ..........................

(ഒറ്റനോട്ടത്തിൽ തന്നെ സാഹിത്യ സിദ്ധാന്തങ്ങളും, സങ്കീർണ്ണ നിർവ്വചനങ്ങളും കൂടിക്കലർന്ന ആ ലേഖനം തന്റെ വായനാ പരിധിക്കുള്ളിലല്ലെന്ന് തിരിച്ചറിഞ്ഞ രാജൻ മാഷ് താളുകൾ പെട്ടെന്നു മറിയ്ക്കുകയും,  ഇടയ്ക്ക് ചില വരികളിലൂടെ മാത്രം കണ്ണോടിയ്ക്കുകയും ചെയ്യുന്നു). .
........................... .......................... ........................... ..........................

അമേരിക്കയിലെ ഡിസ്‌നിലാന്റിലുള്ള കെട്ടിടങ്ങളാകട്ടെ യഥാർത്ഥത്തിലുള്ള കൊട്ടാര-കോട്ട-കൊത്തളങ്ങളേക്കാൾ കൂടുതലായി മുത്തശ്ശിക്കഥകളിലെ രൂപഘടനയോട് അടുത്തു നിൽക്കുന്നതാണ്. അത്തരത്തിലുള്ള കെട്ടും, മട്ടുമൊരുക്കുന്ന യന്ത്ര-സാങ്കേതിക സംവിധാനങ്ങൾ കുഞ്ഞു കണ്ണുകളിൽ നിന്നും ഒളിച്ചു വെച്ചാണ് അവരുടെ സ്വപ്നത്തിലുള്ള ബിംബങ്ങളെ കാഴ്ചയിൽ യഥാർത്ഥമാക്കുന്നത്. ഡിസ്‌നിലാന്റ് എന്ന ഫാന്റസി പാർക്കിനെ ‘സിമുലേഷൻ’ എന്നാണ് ബോദ്രിയാർദ്ദ് വിളിക്കുന്നത്.

“ യാഥാർത്ഥത്തിൽ ഉള്ള ഒരിടത്താണ് ഡിസ്‌നിലാന്റ് സ്ഥാപിച്ചിരിക്കുന്നത്. അതിന്റെ കെട്ടു കാഴ്ചകൾ മറയ്ക്കാൻ ശ്രമിക്കുന്ന വസ്തുതയും അതു തന്നെയാണ്. ലോസാ‌ഞ്ച‌ല‌സും, അമേരിക്കയും എല്ലാം തന്നെ ഒരു ഭ്രാമാത്മകമായ മാതൃക മാത്രമാണെന്ന വിശ്വാസം പരത്താൻ അതിനാകുന്നുണ്ട് ” .  എന്ന പ്രസ്ഥാവനയിലൂടെ കുറച്ചുകൂടെ സങ്കീർണ്ണമായ ഒരെത്തി നോട്ടം അദ്ദേഹം നടത്തുന്നു. ടെലിവിഷനിൽ ഒരു യുദ്ധത്തിന്റെ കാഴ്ച സം‌പ്രേക്ഷണം ചെയ്യുമ്പോൾ വിനോദോപാധിയായ ചലച്ചിത്രത്തിലെ യുദ്ധരംഗം കാണുന്നതു പോലെ തന്നെയാകാം ജനങ്ങൾ അതു സ്വീകരിക്കുന്നത്. ചിലപ്പോൾ ആ യുദ്ധം തന്നെ നിലവിലെ ആയുധങ്ങൾ പരീക്ഷിച്ച് ഉറപ്പു വരുത്തുന്നതിനും, അധികാരം സ്വയം ബോധ്യപ്പെടാനുമുള്ള മാതൃകാ പരീക്ഷണങ്ങൾ അഥവാ സിമുലേഷൻ തന്നെ ആയിരിക്കാം. ഒരു പക്ഷേ യഥാർത്ഥത്തിലുള്ള(?) ഒരാക്രമണം ഇനിയും വരാനിരിക്കുന്നതേ ഉണ്ടാകൂ.
........................... .......................... ........................... ..........................
........................... .......................... ........................... ..........................

VIII. പിറന്നാൾ സമ്മാനം ...
(മകൾക്ക് പിറന്നാൾ സമ്മാനത്തോടൊപ്പമുള്ള കത്ത്)
                                                                        *പിറന്നാൾ ആശംസകൾ*
പ്രിയപ്പെട്ട ഹന്ന,
പിറന്നാൾ സമ്മാനം നിനക്ക് ഇഷ്ടപ്പെട്ടോ? പുസ്തകങ്ങൾ നിനക്ക് ഇഷ്ടപ്പെടാതിരിക്കില്ലെന്ന് എനിക്കറിയാം. ഇതു നിന്നെപ്പോലെ തന്നെയുള്ള ഒരു കൊച്ചു പെൺ‌കുട്ടിയുടെ യാത്രയുടെ കഥയാണ്. കൊടുങ്കാറ്റിൽ പെട്ട് വീടിനോടൊപ്പം പറന്ന് പറന്ന് മാന്ത്രികരുടെ രാജ്യമായ ഓസിൽ ചെന്നെത്തിയ ഡോറോത്തിയുടെ കഥ... അവളുടെ ചങ്ങാതിമാരുടെ കഥ... സാഹസിക യാത്രകളുടെ കഥ...

പപ്പയ്ക്ക് നിന്റെ പ്രായമുണ്ടായിരുന്ന കാലത്താണ് ഈ നോവൽ ആദ്യമായി വായിക്കുന്നത്. ഒരുപാട് ഇഷ്ടപ്പെട്ട കഥയായിരുന്നു അത്. മുതിർന്നപ്പോഴും ഈ കഥ പപ്പയുടെ മനസിലുണ്ടായിരുന്നു. നീ ജനിച്ചപ്പോൾ ‘ഡോറോത്തി’യെന്ന് പേരിടണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കാരണം ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു, ഡൊറോത്തിയോളം...അല്ല ഡൊറോത്തിയേക്കാൾ ഇഷ്ടപ്പെടുന്നു. പക്ഷേ, നിന്റെ മമ്മയ്ക്ക് ആ പേര് ഒട്ടും ഇഷ്ടമായില്ല. അങ്ങനെയാണ് ഒരൊത്തുതീർപ്പു പേര് കണ്ടു പിടിച്ചത്. ഹന്നയെന്ന പേര് അത്ര മോശമൊന്നുമല്ല, പക്ഷേ നിന്റെ പേര് ഡൊറോത്തിയെന്നായിരുന്നെങ്കിൽ കൂടുതൽ നന്നാകുമെന്ന് എനിക്കിപ്പോൾ തോന്നുന്നു. കൂടുതൽ ഇഷ്ടം തോന്നുമ്പോഴെല്ലാം ഞാൻ നിന്നെ ഡൊറോത്തിയെന്ന് വിളിച്ചോട്ടേ?
സസ്നേഹം

IX. കല്ലറ ശൂന്യമാക്കുന്നു.
(രാജൻ മാഷ് എഴുത്തുകരന്റെ മുറി വിട്ടിറങ്ങുന്നു)

കെട്ടിടത്തോടൊപ്പം പറന്നു പോയ ഡൊറോത്തി...
കെട്ടിടത്തിൽ നിന്നെടുത്തു ചാടിയ ഡൊറോത്തി....
കവിതയിലെ കുഞ്ഞു ഡൊറോത്തി...
കഥയിലെ വലിയ ഡൊറോത്തി...
ഇവരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി തന്റെ പിറന്നാളാഘോഷത്തിനു തയ്യാറെടുക്കുന്ന ഹന്ന...
എഴുത്തുകാരൻ തന്റെ മേശവലിപ്പികത്ത് എത്രമേൽ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതും, ചിരപരിചിതമായിരുന്ന വാടകമുറി ഒരധോതല സങ്കേതമെന്നോണം തന്നോട് പെറുമാറുന്നതായി രാജൻ മാഷ്ക്കു തോന്നി. പല പല ഡൊറോത്തിമാരുമായി എഴുത്തുകാരൻ ഏതെല്ലാം രീതിയിൽ ഇടപെട്ടിരിക്കാം എന്നാലോചിക്കുമ്പോഴെല്ലാം തന്നെ പല മുഖഭാവത്തിലും, വലുപ്പത്തിലും, ഉടൽ രൂപത്തിലുമുള്ള ഡൊറോത്തിമാരുടെ പ്രായത്തിലുള്ള ഗണിതപ്പിശക് രാജൻ മാഷെ പാടെ കുഴക്കി. എഴുത്തുകാരന്റെ ഓര്‍മ്മച്ചിത്രങ്ങൾ നേരും, നുണയുമായി തര്‍ക്കിച്ച് പരസ്പരം വലിച്ചു കീറിയെറിഞ്ഞ കടലാസു ജിഗ്സോ കഷ്ണങ്ങളെപ്പോലെ രാജൻ മാഷുടെ മുന്നിൽ മുന്നിൽ ചിതറി. അതടുക്കി വെയ്ക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ ബോം‌ബെ ചേരികളിലെ ഒരു ചെറിയ ഹോട്ടലിനു മുന്നിൽ പിച്ച തെണ്ടുന്ന വെളുത്തു വിദേശീരൂപമുള്ള കൊച്ചു പെണ്‍കുട്ടിയ്ക്ക് ഒരു ചെറുപ്പക്കാരൻ ഭക്ഷണം വാങ്ങിക്കൊടുക്കുകയും, അതിനു ശേഷം അവളുടെ കൈ പിടിച്ച് സ്നേഹത്തോടെ നടക്കുകയും, അഴുക്കു ചാലുകൾ ചാടിക്കടന്ന് ഒളിത്തുരുത്തു പോലെയുള്ള തന്റെ മുറിയിലെത്തുകയും, ഉപേക്ഷിച്ചു പോയ കാമുകിയോടുള്ള പ്രതികാരമെന്ന പോലെ മുഷിഞ്ഞ പഞ്ഞിക്കിടക്കയിലേക്ക് പെൺ‌കുട്ടിയെ തള്ളിയിടുന്നതും, ഒരു കരച്ചിലിന്നുള്ള ഇടവേള പോലും അവശേഷിപ്പിക്കാതെ അവള്‍ക്കു മുകളില്‍ ആ ചെറുപ്പക്കാരന്റെ ശരീരം അമർന്നു ചലിക്കുന്നതും, ആ പെൺകുട്ടി “അരുതേ..അരുതേ” എന്നു ഞെരങ്ങുന്നതും, ചെറുപ്പക്കാരൻ തളര്‍ന്നു പിന്‍‌വാങ്ങുന്നേരം ഒരു സിഗററ്റു പുകയ്ക്കുന്നതും, വസ്ത്രങ്ങൾ നേരേയാക്കി പുറത്തിറങ്ങിയ ആ പെണ്‍കുട്ടി ചെറുപ്പക്കാരൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് എടുത്തു ചാടുന്നതുമെല്ലാം ഒരു കഥാവൃത്തം പൂര്‍ണ്ണമാകുന്നതു പോലെ രാജൻ മാഷ് തിരിച്ചറിഞ്ഞു.

സിഗററ്റ് കുത്തിക്കെടുത്തിയ ശേഷം, കടലാസുകൾ അടുക്കി മേശ വലിപ്പിലിട്ടു കൊണ്ട് രാജൻ മാഷ് എഴുന്നേറ്റു. മുറിയിൽ മുഖക്കണ്ണാടി തൂക്കിയിട്ട ആണിയ്ക്കു മുകളിൽ മുറിയുടെ താക്കോൽ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അക്കങ്ങൾ കൊണ്ട് താഴു പൂട്ടി, താക്കോൽ കൊണ്ട് ഇരട്ടബന്ധനം തീർത്ത് പുറത്തി. വാതിലിനു പുറത്ത് സ്വാഗതമോതുന്ന ബോർഡ് തിരിച്ചു വെച്ചു. തിടുക്കപ്പെട്ട് നടക്കുന്നതിനിടയിൽ നഗത്തിലെ അഴുക്കു ചാലുകളിലെവിടെയോ മുറിയുടെ താക്കോൽ വലിച്ചെറിയുമ്പോഴും അനന്തമായ ഒരു സമവാക്യനിർദ്ധാരണം പോലെ രാജന്മാഷുടെ തലയിൽ കൂട്ടിയും, ഗുണിച്ചും, വർഗ്ഗമൂലം കണ്ടും മറ്റുമെല്ലാം സ്വന്തം മൂല്യം കണ്ടെത്താനാകാതെ വിഷമിക്കുന്ന ഒരു കുഞ്ഞു ചരത്തേപ്പോലെ ഡൊറോത്തിമാർ പരസ്പരം തങ്ങളുടെ പ്രായത്തെക്കുറിച്ച് തർക്കിച്ചു നിന്നു.

* * * * * * * * *







6 comments:

Nisha/ നിഷ said...

നന്നായിരിക്കുന്നു...മനസില്‍ ഒരുപാടു ഡൊറോത്തിമാര്‍ കലപിലക്കൂട്ടി ബഹളം വെയ്ക്കുന്നു....

...sijEEsh... said...

നന്നായിട്ടുണ്ട്... "ഡൊറോത്തിയെന്ന പെൺകുട്ടി" (കവിത) തകര്‍ത്തു.
പഴയ കഥയിലെ പഴയ ഡൊറോത്തി മനസ്സില്‍ അസ്വസ്ഥ്തകള്‍, ബഹളങ്ങള്‍ ബാക്കിയാക്കി...

Rajeeve Chelanat said...

പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതകള്‍ ബാക്കിവെയ്ക്കുന്ന ഒരു കഥ..
അഭിവാദ്യങ്ങളോടെ

ഗുപ്തന്‍ said...

അസൂയപ്പെടുത്തുന്ന ദേവൂസ്‌സ്പെഷ്യല്‍ ആര്‍ക്കിടെക്‌ചര്‍ :)

off Why did you blog it now? :(

santhoshhrishikesh said...

അനന്തരം സിനിമയിലെ അവസാനഫ്രെയിമില്‍ നിന്ന് ഇറങ്ങിപ്പോയ കൊച്ചന്‍ രാജന്‍ ആയിരുന്നോ?എണ്ണം പിഴച്ച് അവന്‍ ഇപ്പോള്‍ താഴേക്ക് കൂപ്പു കുത്തി വീണത് ഏത് നരകവാതിലിനു മുന്‍പിലേക്കാണ്‌?

അനൂപ് ചന്ദ്രന്‍ said...

സിനിമയുള്ളിലുള്ളവന്റെ കഥപറച്ചില്‍
ഏറെ നന്നായി. ഭാവുകങ്ങള്‍
തലകുത്തിവീഴുന്നതിനിടയിലുള്ള സിനിമയെക്കുറിച്ചുള്ള
ആലോചനയിലേക്ക് തള്ളിയിട്ടതിനു നന്ദി.

 

(c)2009 Devadas V.M [ vm.devadas@gmail.com ]