Tuesday, January 19, 2010

Che Vuoi? സംശയക്കാരനായ ദൈവം/വിശ്വാസി


(c) http://www.womenpriests.org

ദൈവപുത്രനെ ചുമക്കാൻ തന്നെ എന്തിനാണ് തിരഞ്ഞെടുത്തതെന്ന് മരിയക്ക് അറിയില്ലായിരുന്നു. മാലാഖയുടെ അരുളപ്പാടുകൾ കേൾക്കുന്നേരം ദൈവം തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ചിന്തിക്കുന്നതിനു പകരം കന്യകയായ തനിയ്ക്ക് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാന ഭയത്തിൽ ചൂഴ്ന്ന് നിൽക്കുകയായിരുന്നു അവൾ. തന്നോട് മുൻകൂട്ടി ഒരു വാക്കു ചോദിക്കുക പോലും ചെയ്യാതെയാണ് ദൈവം തന്റെ ഉദരത്തിൽ ബീജമെറിഞ്ഞിരിക്കുന്നതെന്ന് ഓർക്കുന്തോറും അവൾക്കു സങ്കടവും, കരച്ചിലും വന്നു.
ജോസഫ് എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്..?
ദൈവം എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്…..?

അവൾ പിറുപിറുത്തുകൊണ്ടേയിരുന്നു. മരിയയുടെ മുഴുവൻ സംശയങ്ങളും തന്റെ ശരീരത്തിന്റെ ഉടയോന്മാരുടെ നിലപാടുകളെക്കുറിച്ചായിരുന്നു.എന്നാൽ അവളുടെ ആശങ്കകളിൽ ഒട്ടും തന്നെ ഇടപെടാതെ പിറക്കാൻ പോകുന്ന മകന് പേരു നിർദ്ദേശിച്ച് ഗബ്രിയേൽ എന്ന മാലാഖ ഒരു ജാരനെപ്പോലെ ഇരുളിലൊളിച്ചു. ഗബ്രിയേൽ മറഞ്ഞ ശേഷമാണ്. ‘എന്തുകൊണ്ട് ദൈവം എനിക്കൊരു മകളെ തന്നില്ല?’ എന്ന് ചോദിക്കാൻ താൻ മറന്നതായി അവൾ ഓർത്തെടുത്തത്.

അവൾക്ക് പെൺകുട്ടികളെയായിരുന്നു കൂടുതലിഷ്ടം. മകൾക്കിടാനുള്ള പേരും, അവളെ പാടിയുറക്കേണ്ട പാട്ടുകളുടെ ഈണവും, തുന്നിക്കൊടുക്കേണ്ട കുഞ്ഞുടുപ്പുകളുടെ നിറവും വരെ മരിയ കരുതി വെച്ചിരുന്നു.  കളവ് നടത്തി രക്ഷപ്പെടുന്നതിനിടയിൽ തന്നെ പിന്തുടരുന്ന കാവൽക്കാരിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഒരു മോഷ്ടാവ് വഴിയരികിൽ കണ്ട ഒരുവളുടെ കൈയ്യിലേക്ക് പണക്കിഴി ബലമായി വെച്ചു കൊടുത്ത് ഓടിമറയുന്നതു പോലെയുള്ള ഒരു നീക്കം ദൈവത്തിൽ നിന്ന് അവൾ പ്രതീക്ഷിച്ചതേയില്ല. ആ വഴിയാത്രക്കാരി ആകാംഷയോടെ പണക്കിഴിയിൽ വിരലോടിക്കുന്നതു പോലെ പോലെ മരിയ തന്റെ ഉടുപ്പു പൊക്കി ഉദരത്തിൽ തലോടി. അവൾക്ക് തന്നോടു തന്നെ ഭയം തോന്നി. മരിയയുടെ വയറ്റിൽ അവൻ വളരാൻ തുടങ്ങി; മരിയയാകട്ടെ തളരാനും. കന്യകയായിരുന്നതിനാൽ തന്നെ മരിയക്ക് ആർത്തവം നിലച്ചിരുന്നില്ല. അപ്രതീക്ഷിതമായി പണക്കിഴി കിട്ടിയ വഴിയാത്രക്കാരി - തന്റെ കൊടിയ ദാരിദ്രത്തിലും അതിൽ നിന്ന് ഒറ്റനാണയം പോലും ചിലവാക്കാതെ – അതിന്റെ ഉടമയായ കള്ളനെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെ അവളുടെ ശരീരം വിശുദ്ധമാംവണ്ണം പ്രവർത്തിച്ചു. ഓരോ ചന്ദ്രമാസത്തിലും തന്റെ തുടയിലൂടൊലിച്ചിറങ്ങുന്ന രക്തത്തിൽ അവൾ കൂടുതൽ സംശയാലുവായി. അതൊരു ഗർഭഛിദ്രമാണോ, ആർത്തവമാണോ എന്ന് പകച്ചു. അതൊരു ഗർഭഛിദ്രമാകണേയെന്ന് അവളെ ചതിച്ച ദൈവത്തോടു തന്നെ പ്രാർത്ഥിച്ചു. എന്നാൽ വിരൽമുക്കി മണക്കുന്ന വേളയിൽ ആർത്തവരക്തത്തിന്റെ പതിവു രൂക്ഷഗന്ധം തിരിച്ചറിയുന്നതോടെ അവൾ അതേ ദൈവത്തെ കരഞ്ഞുകൊണ്ട് പുലഭ്യം പറഞ്ഞു, കരഞ്ഞു തളർന്ന് തറയിൽ കിടക്കുമ്പോൾ തന്നെ കളിയാക്കിക്കൊണ്ട് ഉദരത്തിൽ ഇളകിമറിയുന്ന ദൈവപുത്രനെ ശാസിച്ചുകൊണ്ട് അവൾ ചോദിച്ചു.
“എന്താണ് നിനക്കു വേണ്ടത്?“
അവൻ അമ്മയുടെ ഉദരഭിത്തിയിൽ കൂടുതൽ ശക്തിയോടെ തൊഴിച്ചു.
“നീയും നിന്റെ അപ്പനെപ്പോലെ തന്നെ. എന്തിനെന്നെ ഇങ്ങനെ കഠിനമായി ദ്രോഹിക്കുന്നു. നിന്നെ പ്രസവിക്കുന്നതോടെ എന്റെ ഉത്തരവാദിത്വം തീർന്നെങ്കിൽ, ശേഷം ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നീ നിന്റെ അപ്പനോട് പറയാമോ?”
“അപ്പോൾ എനിക്കാരു മുലപ്പാൽ തരും? ആരു താരാട്ടു പാടും? ആരെന്റെ വിസർജ്ജ്യങ്ങൾ കഴുകിമാറ്റും?”
“നിന്റെ അപ്പനില്ലേ? അയാൾക്ക് ആകാശത്തു നിന്ന് മന്ന പൊഴിക്കാൻ കഴിവില്ലേ? അവനു മാലാഖമാരില്ലേ?"

ചോദ്യങ്ങളും മറുചോദ്യങ്ങളുമായി മരിയയും, ഇമ്മാനുവേലും തർക്കം തുടർന്നു.

* * * * *

(c) http://www.jssgallery.org

കുരിശിൽ നിന്നിറക്കിയ തന്റെ മകന്റെ ചോര വാർന്നു വിളറിയ ശരീരത്തെ കെട്ടിപ്പിടിച്ച് മരിയ ആർത്തലച്ചു കരഞ്ഞു. അവന്റെ പാതിയടഞ്ഞ കണ്ണുകളിൽ നോക്കി അവൾ തുടർച്ചയായി ചോദ്യങ്ങളുയര്‍ത്തി.
“ഇതിനാണോ നിന്റെ അപ്പൻ നിന്നെ ചുമക്കാൻ എന്നെയേൽപ്പിച്ചത്? നിന്റെ ജനനവും, മരണവുമെല്ലാം അയാൾ തനിയെ നിശ്ചയിക്കുന്നു. എനിക്കു നിന്നിൽ ഒരവകാശവും ഇല്ലേ മകനേ? അപ്പനു വേണ്ടി നമ്മളെന്തിനിങ്ങനെ കഷ്ടപ്പെടുന്നു. അയാൾക്കു വാഴ്ത്തുപാടാൻ വണം നമ്മളെന്തിന് നരകിക്കുന്നു. നോഹയ്ക്കു പെട്ടകവും, ദാവീദിനു സംഗീതവും, മോശയ്ക്കു നേതൃത്വവും നൽകിയ ദൈവം നിന്നെയെന്തിനിങ്ങനെ ശിക്ഷിച്ചു? നിനക്കു രക്ഷപ്പെടാമായിരുന്നില്ലേ? നീ ദൈവപുത്രനാണോ, യഹൂദരാജാവാണോ എന്നൊക്കെ പീലാത്തോസ് ചോദിച്ചപ്പോൾ അതൊന്നുമല്ല ഞാൻ മരിയയുടെ മകനാണെന്ന് നീ എന്തുകൊണ്ടു പറഞ്ഞില്ല? നിന്നെ പെറ്റതും, പോറ്റിയതും ഞാനല്ലേ? ശിഷ്യന്മാർക്കും, വേശ്യകൾക്കും, ചുങ്കക്കാർക്കും, രോഗികൾക്കും, പാപികൾക്കുമായി രക്തവും, മാംസവും, വാക്കും, ശ്വാസവും,ജീവനും പങ്കുവെച്ച ഈ ശരീരത്തിൽ എനിക്കായി ഇനി എന്തുണ്ട് ബാക്കി?“


പണക്കിഴി തന്റെയല്ലെന്നറിഞ്ഞിട്ടും, അപ്രതീക്ഷിതമായി കയറി വന്ന മോഷ്ടാവ് അതു തിരികെ വങ്ങുമ്പോൾ പണത്തോട് ഒട്ടും തന്നെ ആർത്തിയില്ലെങ്കിലും , അതു കെട്ടിവെച്ച തുണിക്കിഴിയിലെ ചിത്രത്തുന്നൽ ഒരുപാടിഷ്ടപ്പെട്ട വഴിയാത്രക്കാരിയുടെ നഷ്ടബോധത്താൽ മരിയ ഏങ്ങലടിച്ചു കരഞ്ഞു.

* * * * *

(c) http://www.bbc.co.uk

Che Vuoi (What Do You Want From Me?)
"Che Vuoi" ജൂതന്റെ ഒരു ആശയക്കുഴപ്പമാണ്. ദൈവം തങ്ങളിൽ നിന്ന് എന്താണ്പ്രതീക്ഷിക്കുന്നതെന്ന കാര്യത്തിൽ അവർക്ക് വ്യക്തമായ അവ്യക്തതയുണ്ട്. അതുകൊണ്ടു തന്നെ തങ്ങൾ എങ്ങനെയാണ് പ്രവര്ത്തി്ക്കേണ്ടത്/പ്രതികരിക്കേണ്ടത് എന്ന ആശയക്കുഴപ്പം അവശേഷിക്കുന്നു. എന്നാൽ തങ്ങളുടേത് ദൈവം വിശേഷാൽ തിരഞ്ഞെടുക്കപ്പെട്ട വംശമായി അവർ കരുതുന്നു. ആ ധാരണയിലാണ്അവർ സ്വന്തം പ്രവർത്തികളെ ന്യായീകരിക്കുന്നത്. ഒരു ജൂതനെ കാണുന്ന ജൂതനല്ലാത്തവനും മനസിൽ അതേ ആശങ്കതന്നെയായിരിക്കും "Che Vuoi?". അവർ ജൂതരെക്കുറിച്ച് കഥകൾ മെനയും, നാണയക്കിലുക്കങ്ങൾ മാത്രം കേൾക്കുന്ന ബധിരനായ ഷെല്ലോക്ക് ആയി അവതരിപ്പിക്കും. ജൂതരുടെ ദൈവത്തിനും, ജൂതർക്കും ഇടയിലും ഇതേ ആശങ്ക നിലനിൽക്കുന്നതു കാണാം... Che Vuoi?

തന്റെ ഇസഹാക്കിനെ ബലികൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അതെന്തിനാണെന്ന് -എബ്രഹാമിനെപ്പോലെ തന്നെ- ദൈവത്തിനും അറിയില്ലായിരുന്നു. എന്നാൽ താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായതുകൊണ്ട് മാത്രം എബ്രഹാം ആ നടപടിയെ ന്യായീകരിച്ചു/അനുസരിച്ചു. എബ്രഹാം തന്റെ മകന്റെ കഴുത്തിൽ കത്തിമുട്ടിച്ച നേരത്താണ്ദൈവത്തിന്വീണ്ടും സംശയമുണ്ടായത് Che Vuoi? മാറിവന്ന ദൈവകൽപ്പനയാൽ ഇസഹാക്ക് രക്ഷപ്പെട്ടു. രൂപരഹിതനായ (അതല്ലെങ്കിൽ മനുഷ്യരൂപത്തിലുള്ള) ദൈവത്തിന്അത്രയും തന്നെ സങ്കീർണ്ണമായ ആശങ്കകൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ ജൂതദൈവം കാലക്രമത്തിൽ ക്രിസ്ത്യൻ ദൈവമായി മാറി. പശ്ചാത്താപത്തിലും, പരിഹാരക്രിയകളിലുമായിരുന്നു ദൈവം അപ്പോൾ വിശ്വസിച്ചിരുന്നത്. എബ്രഹാമിന്റെ മകനെ ബലിനൽകാൻ താൻ കൽപ്പന നൽകിയ നിമിഷത്തെയോർത്ത് ദൈവം പശ്ചാത്തപിച്ചു. ആ കുറ്റബോധത്തിൽ നിന്നും രക്ഷപ്പെടാനായി ദൈവം തന്റെ പുത്രനെ - ഏകജാതനെ – ജൂതർക്ക് വധിക്കാനായി വിട്ടുകൊടുത്തു. അന്ത്യനിമിഷത്തിലെ ഒരു കൽപ്പനയാൽ താൻ ‘ഇസഹാക്കി‘നെ രക്ഷിച്ചതു പോലെ സംഘർഭരിതമായ മുഹൂർങ്ങൾക്കു ശേഷം അവർ ‘ഇമ്മാനുവേലി‘നെ തിരികെ നൽമെന്ന് ദൈവം കണക്കുകൂട്ടി.

‘Che Vuoi....‘ തങ്ങളിൽ നിന്ന് ദൈവം എന്താണ്പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിവില്ലാതെ ആശങ്കാകുലരായ ജനക്കൂട്ടം കുറ്റവാളിയെ വെറുതെവിടുകയും, ദൈവപുത്രനെ വധിക്കുകയും ചെയ്തു. പിതാവിന്റെ നിസ്സഹായാവസ്ഥയെ ദൈവപുത്രൻ വേദന നിറഞ്ഞ ചോദ്യത്തോടെ നേരിട്ടു.
"ദൈവമേ(പിതാവേ)...ദൈവമേ(പിതാവേ)...എന്നെ നീ കൈവിട്ടതെന്ത്?"

കുരിശിൽ മരിച്ച തന്റെ മകന്റെ അവസാനത്തെ ചോദ്യത്തിൽ നിന്നു രക്ഷനേടാൻ ദൈവം അലറിക്കരഞ്ഞുകൊണ്ട് ഒരു മറുചോദ്യം എബ്രഹാമീയരോട് ചോദിച്ചു
‘Che Volete.... എന്നിൽ നിന്ന് എന്താണ്നിങ്ങൾ പ്രതീക്ഷിക്കുന്നത്?‘
 ജനക്കൂട്ടം പരിഭ്രാന്തരായി...കുറ്റബോധത്താൽ അവർ ചിതറിത്തെറിച്ചു.

* * * * *

4 comments:

വായന said...

യുക്തിവാദത്തിണ്റ്റെ ഓടയിലിരുന്നുകൊണ്ട്‌ ദേവദാസ്‌ തണ്റ്റെ മലം (തീട്ടം എന്നു സാപ്പി പറയും) യേശൂണ്റ്റേയും മരിയയുടെയും പേരു പറഞ്ഞ്‌ ബ്ളോഗിണ്റ്റെ അഗ്രിഗേറ്ററിലേക്ക്‌ നീട്ടിയെറിഞ്ഞു......
പെട്ടെന്ന് ഇത്‌ കണ്ട സാപ്പി ഒരു വേള പകച്ച്‌ നിന്നു...
പിന്നെ മൂക്ക്‌ പൊത്തി സാപ്പി പതുക്കെ ചിരിച്ചു....
സാപ്പിക്ക്‌ അതേ അറിഞ്ഞുകൂടായിരുന്നുള്ളൂ.....

നന്ദന said...

ഒരു കുരിശുമരണം??? ഇങ്ങനേയും
എന്തിനായിരുന്നു ദൈവം ഇങ്ങനേയുരു ക്രൂരതയുടെ അരങ്ങേറ്റം നടത്തിയത്
അചെന്നാരെന്ന് അറിയാത്തപോലെ അമ്മയേയും അറിയാതിരുന്നാൽ പോരായിരുന്നോ??

നിര്‍മ്മല said...

Very good story. Of all your stories this stand out. Expecting more from you.

Nirmala

Firoz Khan said...

Patriarchal എന്ന് മിഡില്‍ ഈസ്റ്റ് മതങ്ങളെ വിളിക്കുന്നത്‌ പിന്നെ വെറുതെയാണോ. പെണ്ണിന്റെ/അമ്മയുടെ വിഹ്വലതകള്‍ കറുത്ത കരിമ്പടത്തിനുള്ളില്‍ ഒളിപ്പിച്ച ആ കാലത്തില്‍ നിന്ന് എങ്ങനെയാണ് മേരിയുടെ ഹൃദയം കണ്ടെടുത്തത് മനോഹരമായി.

 

(c)2009 Devadas V.M [ vm.devadas@gmail.com ]