Monday, January 18, 2010

ഇവാന്‍ ഇല്ലീച്ചിന്റെ കത്ത്

അച്ചോ, വാതില്‍ തുറക്കച്ചോ

ആരാണീ പാതിരാത്രിയില്‍ വാതിലില്‍ തട്ടുന്നത്. ഉറക്കം പിടിച്ച് വരുന്നതേ ഉണ്ടാ‍യിരുന്നുള്ളൂ. ഇയര്‍ എന്‍ഡിം‌ഗും, അനാഥലയത്തിലെ വരവുചിലവുകണക്കുക്കളും പിന്നെ ക്രിക്കറ്റ്കളിയുടെ റീ-പ്ലേയും കഴിഞ്ഞപ്പോള്‍ നേരമേറെയായി.

ഫിലിപ്പോസച്ചോ, എണീക്കച്ചോ..

കര്‍ത്താവേ! ശീമോന്‍ ചെമ്മാച്ചനാണല്ലോ. ഈ പാതിരാത്രിയില്‍. വാതില്‍ തുറന്നപ്പോള്‍ ശീമോന്റെ പരിഭ്രമിച്ച മുഖം.

എന്നാ ശീമോനേ നീ വിറളിപിടിച്ച്

പോപ്പ് പോയച്ചോ... ഇപ്പോള്‍ ഫോണ്‍ വന്നിരുന്നു, മെത്രാന്റങ്ങൂന്ന്

മാര്‍പാപ്പ....?

അതെ

ജീസസ്...

എന്താണ് വേണ്ടതച്ചോ?

നീ പോയുറങ്ങ് ശീമോനേ, നാളെ കാണാം.

അച്ചനെന്നതായീ പറയുന്നത്. അറിയിപ്പുമണിയടിക്കണ്ടേ?

ശീമോനേ, മണി ഒന്നരയാകാറായി. ഇവിടെ തീപിടുത്തോം, വെള്ളപ്പോക്കോം ഒന്നുമുണ്ടായില്ലല്ലോ...കരക്കാരെ വിളിച്ചുകൂട്ടാന്‍

അരമനേന്ന് പറഞ്ഞിരുന്നു. അറിയിപ്പുമണിയടിക്കാന്‍....കപ്യാര്?

അയാളിപ്പോള്‍ ഭാര്യേം കെട്ടിപ്പിടിച്ചുറങ്ങുന്നുണ്ടാകും. അയാടെ ഉറക്കം കൂടി കളയണ്ടാ. നീ തന്നെ പോയി അടിയ്ക്ക്. നല്ല ഒച്ചേ തന്നെയടി. ഈ ഇടവകയിലൊരുത്തനും ചെവിതല കേള്‍ക്കരുത്. ആള്‍ക്കാര്‍ കൂടിയാല്‍ കാര്യം പറ... എനിക്ക് തീരെ മേലാ... ഉറക്കമാണെന്ന് പറഞ്ഞോ...

എന്നാലുമച്ചോ, അച്ചന്‍ വന്ന് ഒരനുശോചനോം ഘോഷിച്ച്...

പാപ്പയാരാ ശീമോനേ... കര്‍ത്താവോ?

അച്ചനെന്നായീ പറയുന്നത്?

ഞാന്‍ പറഞ്ഞതു തന്നെ. നീ പോയി മണിയടിക്കുകയോ, മെത്രാനെ വിളിക്കുകയോ അനിശോചനം പറയുകയോ എന്നാ വേണേലും ചെയ്യ്...ആ ..പിന്നെ ഞാന്‍ ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. നാളെ നീ ഓര്‍ഫനേജിലേക്കുള്ള പലചരക്കു വാങ്ങണം. എനിക്കു പുറത്തിറങ്ങാന്‍ മേലാ... നല്ല ശരീരവേദന...

ശരിയച്ചോ..

എന്നാ അങ്ങിനെയാട്ടേ ശീമോനേ...ഞാനുറങ്ങട്ടേ..


* * * * *

ഓരൊ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സില്‍ പതിയുന്നു. അല്ലേലും ഈ മണിയൊച്ചകള്‍ എന്നും അലോസരമുണ്ടാക്കാറുണ്ട്. എട്ട് വയസുള്ളപ്പോഴാണ് രാത്രി പള്ളിയില്‍ നിന്ന് നിര്‍ത്താതെയുള്ള മണിയിച്ച കേല്‍ക്കുന്നത്. ഞെട്ടിയുണര്‍ന്നെഴുന്നേറ്റ തന്നെ ബ്രിയാറിസ് വല്ല്യമ്മച്ചി നെഞ്ചോടുചേര്‍ത്തു പിടിച്ചു.

വല്ല്യ നാശക്കോളാന്നാ തോന്നുന്നേ...പള്ളീന്നാ... നീ ഒറങ്ങിക്കോ കുഞ്ചെക്കാ‍..

മിഴികളടച്ചെങ്കിലും ഉറക്കം വന്നില്ല. ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിനും പള്ളിമണിയ്ക്കും ഒരേ താളം... പിന്നീട് ആ മണിയൊച്ചകള്‍ പലതവണ. രായപ്പന്‍ നായരുടെ വീടിന് തീപീടിച്ചപ്പോള്‍, കോവുപാടത്ത് ബണ്ട് പൊട്ടിയപ്പോള്‍, ഏല്ല്യാമേം പിള്ളേരും വിഷം കുടിച്ചപ്പോള്‍... എന്നാല്‍ ഈ മണിയൊച്ചയ്ക്ക് ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിന്റെ താളമില്ല. പക്ഷേ നേര്‍ത്തകാറ്റില്‍ വല്ല്യമ്മച്ചിയുടെ വായില്‍ നിന്ന് വരാറുണ്ടായിരുന്ന പുകയിലയുടെ മണം പടര്‍ന്നു.

നാളത്തെ പത്രങ്ങള്‍ നിറയെ ഈ വാര്‍ത്തയായിരിക്കും. വലിയ തലക്കെട്ടുകള്‍
"മാര്‍പാപ്പ ദിവംഗതനായി"
"ലോകത്തിന്റെ ഇടയന്‍ യാത്രയായി"
"പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു"

പിന്നെ ചാഞ്ഞും, ചെരിഞ്ഞുമുള്ള കുറേ ചിത്രങ്ങള്‍. ലേഖകന്റെ കഴിവു തെളിയിക്കും വിധം അടിക്കുറിപ്പുകള്‍. സാംസ്ക്കാരിക-മത-രാഷ്ട്രീയ നേതാക്കളുടെ അനുശോചനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഗദ്ഗതങ്ങള്‍. ലേഖകര്‍ നന്നായി പൊലിപ്പിച്ചെഴുതും. (മരിച്ചാലും വിടില്ലല്ലോ...മേയ്ക്കപ് ചെയ്യും...മോടിയായി വസ്ത്രം ധരിപ്പിക്കും...പോളിഷ് ചെയ്ത ഷൂവിടീയ്ക്കും...) ഈശോയെ! ഈ ബഹളത്തിനിടയ്ക്ക് ക്രിക്കറ്റ് കളിയുടെ വാര്‍ത്ത തീരെ ചെറുതായിപ്പോകുമല്ലോ? അതും പിള്ളേരീ പൊരിവെയിലത്ത് അന്യനാട്ടില്‍ ചെന്ന് കളിച്ച് ജയിച്ചിട്ട്.

ഇല്ലീച്ച്...ഹേ..ഇവാന്‍ ഇല്ലീച്ച്... നീ അറിയുന്നുവോ ഈ വാര്‍ത്ത. പോപ്പ് കാലം ചെയ്തിരിക്കുന്നു. ഗലീലിയൊയൊട് ഈ പോപ്പ് മാപ്പു പറഞ്ഞത് പോലെ നിന്നോട് മാപ്പു പറയാനുള്ള പോപ്പ് എന്നു വരും. നിന്റെ നേര്‍ത്ത നീളം കൂടിയ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുവോ?...കണ്ണുകള്‍ കൂടുതല്‍ തിളങ്ങുന്നുവോ...?


* * * * *

ഗ്രിഗേറിയന്‍ യൂണിവേഴ്സിറ്റി, റോം ... 1944

ഇവിടെ വച്ചാണ് ആദ്യമായി ഇല്ലീച്ചിനെ കാണുന്നത്; തന്റെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായി. ഒരു വിപ്ലവകാരിക്കും പാതിരിയാകാം എന്നറിഞ്ഞത് അവനില്‍ നിന്നായിരുന്നു. കാരുണ്യം കണ്ണുകളില്‍ മാത്രം നിഴലിച്ചു. അവിടെ നിന്ന് പിരിഞ്ഞതില്‍ പിന്നെ കണ്ടിട്ടെയില്ല... വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം വന്ന ഒരു കത്താണ് ആ ബന്ധം പുന:സ്ഥാപിച്ചത്.

പ്രിയപ്പെട്ട ഫിലിപ്പ്,
ഞാനിപ്പോള്‍ വാഷിം‌ഗ്ടണ്‍ പേറ്റ്സിലെ പാതിരിയാണ്. ആത്മഹത്യയല്ലാതെ വേറെ വഴിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നിനക്കൊരു കത്തെഴുതണം എന്ന ചിന്തയുദിച്ചത്. പഴയകാല ഡയറികളില്‍ നിന്ന് നിന്റെ വിലാ‍സം തപ്പിയെടുക്കുക, അതില്‍ നിന്ന് സഞ്ചരിച്ച് ഇപ്പോഴുള്ള വിലാസം കണ്ടെത്തുക എന്നതെല്ലാം ചെങ്കടല്‍ പിളര്‍ത്തുന്നതിനെക്കാള്‍ കഠിനമായിരുന്നു.
ഞാന്‍ ഏകനാണ് ഫിലിപ്പ്. ആദര്‍ശങ്ങളോ, ദൈവശാസ്ത്രങ്ങളോ എന്നെ തുണയ്ക്കുന്നില്ല. എന്റെ കൈകള്‍ ശൂന്യമാണ്. അതില്‍ അഴുക്കോ, ആണി തറച്ച് മുറിഞ്ഞ പാടുകളോ ഇല്ല. തീര്‍ത്തും ശൂന്യം.

നിനക്കറിയാമോ ഫിലിപ്പ്, കാത്തലിക് യൂണിവേഴ്സിറ്റി റെക്ടര്‍ പദവി ഞാന്‍ ഉപേക്ഷിച്ചു. ഇവിടെ കൂടുതലും അയര്‍ലണ്ടുകാരും, പ്യൂര്‍ട്ടോറിക്കാക്കരുമാണുള്ളത്. ജനങ്ങള്‍ വളരെ ദരിദ്രരാണ്. മെച്ചപ്പെട്ട തൊഴില്‍ മേഖലകളെകുറിച്ചും, സന്താന നിയന്ത്രണത്തെക്കുറിച്ചും അവരെ ബോധവാല്‍ക്കരിക്കനുള്ള ഒരു ശ്രമം ഞാന്‍ തുടങ്ങിയിരുന്നു. പോണ്‍സിലെ ബിഷപ്പ് എന്നെ വിലക്കി. എന്റെ പാത തന്നെയാണ് ശരിയെന്ന് ഞാനും ഉറച്ചു. ഇന്നലെ പോപ്പിന്റെ ശാസന വന്നിരുന്നു. എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിക്കഴിഞ്ഞ തിരു വസ്ത്രം തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. പാനപാത്രം എന്നില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു.
ദൈവം (ഉണ്ടെങ്കില്‍) നിന്നെ അനുഗ്രഹിക്കട്ടെ.


സ്നേഹത്തോടെ, ഇല്ലീച്ച്

അതൊരാത്മഹത്യാ കുറിപ്പാണെന്നാണ് കരുതിയത്. പക്ഷേ നീ തുടര്‍ന്നും എഴുതി. നിന്റെ സമാന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച്. നീയെന്നും ശക്തനായ പോരാളിയായിരുന്നു ഇല്ലീച്ച്, പത്രോശ്ലീഹായെപ്പോലെ. എത്ര പെട്ടെന്നാണ് നിന്റെ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചത്.
കുര്‍ബ്ബാന പോലും യാന്തികമായ ദിനങ്ങള്‍......
കുമ്പസാരക്കൂട്ടില്‍ ബധിരനായ നിമിഷങ്ങള്‍......
ചില വിശ്വാസപ്രമാണങ്ങളെയും, തേങ്ങലുകളെയും മാത്രമോര്‍ത്ത് ഞാന്‍ മുന്നോട്ട് പോയി. ദൈവം (അഥവാ പ്രതിപുരുഷര്‍) നിന്നോട് ക്രൂരത കാണിച്ചു. എന്നിട്ടും നീ പാറ പോലെ ഉറച്ചു നിന്നു... ഓ..നാശം പിടിച്ച ഈ മണിയൊച്ച. തല പിളരുന്നു...ഞരമ്പുകള്‍ തിണര്‍ക്കുന്നു....


* * * * *

ഫിലിപ്പോസച്ചോ...എണീക്കച്ചോ, എന്തൊരു ഒറക്കാണിത്?

ജന്നല്‍ കമ്പികളില്‍ കയ്യൂന്നി ഹന്നയും, രോഹനും വിളിച്ചു.
'പോയി പഠിയ്ക്ക് കുഞ്ഞോളൂ' എന്ന് ഹന്നയോടോ, 'വികൃതി കാട്ടാതെടാ മാക്രീ' എന്ന് രോഹനോടോ അച്ചന്‍ പറഞ്ഞില്ല. എന്താണ് അച്ചനങ്ങിനെ പറയാഞ്ഞത് . ഹന്ന അത്ഭുതംകൂറി.


* * * * *


അന്ത്യ ശുശ്രൂഷകള്‍ക്കായി കിടത്തിയിരിക്കുന്ന ഫിലിപ്പോസച്ചന്റെ വലതു കൈയ്യില്‍ നിന്ന് രണ്ട് കടലാസ്സുതുണ്ടുകള്‍ ശീമോന്‍ വലിച്ചെടുത്തു. ആദ്യത്തേത് ഒരു എഴുത്താണ്. മോശമായ കയ്യക്ഷരത്തില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ചിലയിടത്ത് വെള്ളം വീണ് നനഞ്ഞിട്ടുണ്ട്. താഴെ പേരുണ്ട്... ഇവാന്‍ ഇല്ലീച്ച്...കൂടെ ഒപ്പും,
രണ്ടാമത്തെ കടലാസ് ശീമോന്‍ തുറന്ന് നോക്കി
അരി - 10 കി. (കിലോയ്ക്ക് 13രൂപയില്‍ താഴെയുള്ളത്)
ഓയില്‍ - 1/2 ലീ.
സവാള - 2 കി.
കായം - 100 ഗ്രാം (എല്‍.ജി)
ഉപ്പ് - 1 (പൊടി)
തേയില - 250 (ലൂസ്)
പഞ്ചസാര - 2 കി.
(പറ്റ് 136 രൂപാ അങ്ങോട്ട് നില്‍ക്കുന്നു)

* * * * *

സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ആര്‍ത്ത നാദം ടി.വി.യില്‍ നിന്നും ശീമോന്റെ കാതില്‍ പതിഞ്ഞു. അതിനൊരു ശ്രുതിഭംഗമായി ഹന്നമോളുടെ തേങ്ങലും... ഒരു ചോദ്യം ശീമോനെ ശരിക്കും കുഴപ്പിച്ചു.

"ആരാണ് നല്ല ഇടയന്‍ ?"


* * * * *
( പഴയ എഴുത്ത്  @  http://cherukathakal.blogspot.com ) 

6 comments:

simy nazareth said...

“ഇവാന്‍ ഇല്ലീച്ചിന്റെ ഡെത്ത്“ എന്നല്ലേ ടോള്‍സ്റ്റോയിയുടെ കഥ.

കൊള്ളാമെടാ, സ്നേഹമുള്ള കഥ.

karimeen/കരിമീന്‍ said...

ഇഷ്ടപ്പെട്ടു. ഒരു വിദേശ കഥ വായിച്ച പോലെ

താരകൻ said...

there is a novelty in the story ..eventhough same cant be said about the title

ആഗ്നേയ said...

nice one :)

ചിത്രഭാനു Chithrabhanu said...

സത്യത്തില്‍ ഞാന്‍ ബ്ളൊഗ് കഥകള്‍ വായിക്കല്‍ കുറവാണു. പക്ഷെ ഇത്..വായിപ്പിച്ചുകളഞ്ഞു. എന്‍റെ പിതാവിന്‍റെ ആലയം ഒരു കച്ചവടസ്ഥലമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞ് ചാട്ടവാറെടുത്ത ആ ഇടയനെ ഓര്‍ത്തു പോകുന്നു. ആരാണു നല്ല ഇടയന്‍... മതത്തിനും മനുഷ്യനും വ്യത്യസ്ത അഭിപ്രായമാവും. തീര്‍ച്ച

പട്ടേപ്പാടം റാംജി said...

വേറിട്ട ഒരു കഥ വായിച്ച പ്രതീതി.
കൊള്ളാം.
ആശംസകള്‍.

 

(c)2009 Devadas V.M [ vm.devadas@gmail.com ]