പ്രധാന അഭിനേതാക്കള്‍ : ഹ്യുന്‍-ക്യോന്‍ ലീ , സെയുങ്-യോന്‍ ലീ
സംവിധാനം : കിംകിഡുക്
സംവിധാനം : കിംകിഡുക്
ദൈര്‍ഘ്യം : 90 മിനിറ്റ്
തെക്കന്‍ കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റെ 2004ല്‍ ഇറങ്ങിയതും പ്രശംസ നേടിയതുമായ ഒരു ചിത്രമാണ് 3-Iron അഥവാ Bin-jip. ആംഗലേയനാമമായ 3-Iron എന്നത് ഗോള്‍ഫ് കളിയില്‍ സ്റ്റിക്കിന്റെ അഗ്രഭാഗത്ത് ഉറപ്പിക്കുന്ന ലോഹഭാഗത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ “ഒഴിഞ്ഞ വീട്” എന്നാണ് Bin-jip എന്ന കൊറിയന്‍ പദത്തിന്റെ അര്‍ത്ഥം.ഈ രണ്ട് സങ്കേതങ്ങള്‍ക്കും കഥയില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ട് എന്നിരിക്കേ ഈ ഇരട്ടനാമധേയത്തെ സ്വീകരിക്കാവുന്നതാണ്. San Sebastián International Film Festival, Valladolid International Film Festival, Venice Film Festival എന്നീ ഫിലിം ഫെസ്റ്റുകളില്‍ പുരസ്ക്കാരം നേടിയതാണ് ഈ ചിത്രം.
ഒറ്റപ്പെട്ടവനായി ജീവിക്കുന്ന തേസൂക്കിന് തന്റെ മോട്ടോള്‍ സൈക്കിളില്‍ സഞ്ചരിച്ച് വീടുകള്‍ തോറും പരസ്യപ്രചാരണാര്‍ത്ഥം പാംലെറ്റുകളും, നോട്ടിസുകളും പതിക്കലാണ് ജോലി. ഈ ജോലിയുമായ്യി ബന്ധപ്പെട്ട് തേസൂക്ക് രസകരമായ മറ്റൊരു കാര്യം കൂടെ ചെയ്യുന്നുണ്ട്. വീടുകളുടെ വാതിലുകളില്‍ പരസ്യം പതിക്കുന്ന തേസൂക്ക് അവിടങ്ങളിലേക്ക് തിരികെ വരുകയും സ്ഥാനചലനം സംഭവിക്കാത്ത പരസ്യ ലീഫ്ലെറ്റുകളെ അനുമാനിച്ച് ആ വീട്ടില്‍ ആള്‍ താമസം ഉണ്ടൊ ഇല്ലയോ എന്ന് ഗണിക്കുക്കയും ചെയ്യുന്നു. ആള്‍താമസമില്ലെന്ന് ഉറപ്പ് വരുത്തിയ വീടുകളുടെ വാതില്‍ കള്ളത്താക്കോലിട്ട് തുറക്കുകയും അവിടെ താമസിക്കുകയും ചെയ്യുക എന്നതാണ് അയാളുടെ രീതി. ഭവനഭേദനം നടത്തുന്നുണ്ടെങ്കിലും തേസുക്ക് ഒരിക്കലും ഒരു മോഷ്ടാവല്ല. ആളൊഴിഞ്ഞ വീടുകളിലെ ക്ഷണിക്കപ്പെടാത്ത അഥിതിയായി സ്വയം മാറുന്ന അയാള്‍ അവിടെ ഉള്ള ചെറിയ ജോലികള്‍ ചെയ്യുകയും, ഭക്ഷണം പാകം ചെയ്യുകയും, വസ്ത്രങ്ങള്‍ ധരിക്കുകയും , വിശ്രമിക്കുകയും ചെയ്യുന്നു. ടെലഫോണില്‍ രേഖപ്പെടുത്തിയ ശബ്ദസന്ദേശത്തില്‍ നിന്ന് വീട്ടുടമസ്ഥരുടെ യാത്രയും ഒഴിവുസമയവും ഗണിക്കുന്ന അയാള്‍ അവര്‍ മടങ്ങി വരുന്നതിന് മുന്നേ സ്ഥലം കാലിയാക്കുകയും, മറ്റൊരു വാസസ്ഥലം അന്വേഷിച്ച് യാത്രയാകുകയും ചെയ്യുന്നു.
ചിത്രം ആരംഭിക്കുന്നത് തന്നെ തേസൂക്കിന്റെ ഒരു ഭവനഭേതനത്തോടെയാണ്. ഒരു കുടുംബം വെക്കേഷനില്‍ പോകുന്ന സമയത്ത് അവിടെ അതിക്രമിച്ച് കയറുന്ന തേസുക്ക് കേടുപാടുകള്‍ സംഭവിച്ച കളിക്കോപ്പുകള്‍,മ്യൂസിക് സിസ്റ്റം എന്നിവ നന്നാക്കുകയും വീട്ടുകാരുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ അലക്കുകയൂം ചെയ്യുന്നു. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും, അവിടെ കാണുന്ന ഫാമിലി ഫോട്ടോസിനോടൊപ്പം ചേര്‍ന്ന് നിന്ന് തന്റെ ചിത്രം സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നു. വീട്ടുകാര്‍ തിരികെ വരുന്നതിന് തൊട്ട് മുന്നേ തന്റെ മോട്ടോര്‍ ബൈക്കില്‍ അയാള്‍ രക്ഷപ്പെടുന്നു. അടച്ചിട്ട മറ്റൊരു രമ്യഹര്‍മ്മത്തിലാണ് അയാള്‍ പിന്നീട് എത്തുന്നത്. ആ വീട്ടിലെ അന്തേവാസിയായി മാറുന്ന തേസൂക്കിന്റെ ശ്രദ്ധയില്‍ പെടുന്ന വസ്തുക്കളില്‍ ഒന്ന് കയറിനിന്ന് ഭാരം നോക്കുന്ന ഉപകരണത്തിലെ പാകപ്പിഴയാണ്. തെറ്റായി തന്റെ ഭാരം രേഖപ്പെടുത്തുന്ന ഉപകരണത്തിലെ പാകപ്പിഴകള്‍ തീര്‍ക്കുന്നു. ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം അവിടെ അയാള്‍ കാണുന്നു. ആല്‍ബത്തിലെ പെണ്‍കുട്ടിയില്‍ അനുരക്തനാകുന്ന തേസൂക് ഏകനായി ആല്‍ബവുമൊത്ത് സ്വന്തം മനോവ്യാപാരങ്ങളില്‍ അഭിരമിക്കുകയാണ്. എന്നാല്‍ അതേ വീട്ടില്‍ താന്‍ അല്‍ബത്തില്‍ കണ്ടപെണ്‍കുട്ടി ഉണ്ടെന്നതോ, ധനികനും ക്രൂരനുമായ ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ കഴിയുന്ന അവള്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതോ അവന്‍ അറിയുന്നില്ല. പുതിയവാസ സ്ഥലത്തെ ബെഡ്രൂമില്‍ നഗ്നത നിറഞ്ഞ ആല്‍ബവുമായി തന്റെ സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കവേയാണ് അതിനെ ഭംഗപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ സ്വാധീനം അവന്‍ തിരിച്ചറിയുന്നത്. കിംകിഡുക്കിന്റെ സ്ഥിരം ശൈലിയില്‍ ഇതിലേയും നായകനായ തേസൂക്കും, നായിക സ്വന്‍ഹായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നില്ല. നിശബ്തതയിലൂടെയാണ് ചിത്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കടന്ന് പോകുന്നത്. ധനികനായ ഭര്‍ത്താവിന്റെ പീഡനമേറ്റാണ് അവള്‍ അവിടെ വസിക്കുന്നതെന്ന് തേസൂക്ക് മനസിലാക്കുന്നു. ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവിടെ നിന്നും പുറത്ത് കടക്കുന്ന തേസൂക് പതിവിന് വിപരീതമായി ഇത്തവണ ആ വീട്ടിലേക്ക് തിരികെ വരുന്നു. തന്റെ ഭാര്യയെ നിര്‍ബ്ബന്ധരതിക്കും മര്‍ദ്ധനങ്ങള്‍ക്കും ഇരയാക്കുന്ന ഭര്‍ത്താവിന്റെ ചെയ്തികളില്‍ കുപിതനാകുന്ന തേസൂക്ക് ഗോള്‍ഫ് ബോളുകള്‍ ശരീരത്തിലേക്ക് അടിച്ച് തെറിപ്പിച്ചുകൊണ്ട് അയാളെ ശിക്ഷിച്ചതിന് ശേഷം, പെണ്‍കുട്ടിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയാണ്.
സ്വന്‍ഹാ തേസൂക്കിന്റെ സഹചാരിയാകുന്നതോടെ തെസൂക്കിന്റെ ജിവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നു. അവര്‍ ഇരുവരും ചേര്‍ന്ന് ഫ്ലാറ്റുകളിലും, തെരുവീഥികളിലും വാതിലുകളില്‍ പരസ്യങ്ങള്‍ പതിക്കുകയും ഒഴിഞ്ഞവീടുകളില്‍ ജീവിക്കുകയും, ചെറിയജോലികള്‍ ചെയ്യൂകയും ചെയ്യുന്നു. ഒരിക്കല്‍ ഫോട്ടോഗ്രാഫറുടെ വീട്ടില്‍ , മറ്റൊരിക്കല്‍ ബോക്‍സറുടെ വീട്ടില്‍....ഉറങ്ങുന്നവീടുകളില്‍ അവര്‍ അഥിതികളാകുന്നു. ഒരിക്കല്‍ ബോക്സറുടെ വീട്ടില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട് സ്വന്‍ഹായോടോപ്പം ഉറങ്ങുന്ന തേസൂക്കിന് മടങ്ങിയെത്തുന്ന ബോക്സറുടെ മര്‍ദ്ധനമേല്‍ക്കുന്നു. എന്നാല്‍ ജീവിതത്തിലെ ഇത്തരം സങ്കീര്‍ണ്ണതകളൊന്നും അവരെ ബാധിക്കുന്നതേയില്ല. വീടുകള്‍ ഒഴിവില്ലാത്തപ്പോള്‍ പാര്‍ക്കിലോ, പുന്തോട്ടത്തിലോ ഇലക്ക്ട്രിക്ക് വയര്‍ ഉപയോഗിച്ച് മരത്തില്‍കെട്ടിയിട്ട ഗോള്‍ഫ് ബോള്‍ അടിച്ച് കളിക്കുയും, വീണ്ടും വാസസ്ഥലങ്ങള്‍ മാറുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു ഫ്ലാറ്റില്‍ അതിക്രമിച്ച് കയറുന്ന ഇരുവരും കാണുന്നത് രക്തം ഛര്‍ദ്ദിച്ഛ് മരിച്ച ഒരു വൃദ്ധനെയാണ്. ടെലഫോണിലെ റെക്കോഡഡ് മെസെജില്‍ നിന്ന് അയാളുടെ മകനും, ഭാര്യയും യാത്രയിലെന്ന് അറിയുന്നു. ആരേയും അറിയ്ക്കാതെ ഇരുവരും ആ ശവശരീരം മറവ് ചെയ്തതിന് ശേഷം സ്വാഭാവികമായ പതിവ് രീതികള്‍ ആ വീട്ടിലും അനുവര്‍ത്തിക്കുകയാണ് എന്നാല്‍ അപ്രതീക്ഷിതമായി വീട്ടില്‍ തിരികെ വരുന്ന മകന്‍ തന്റെ പിതാവിനെ തിരയുകയും, അതിക്രമിച്ച് കയറിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. കൊലപാതക്കുറ്റം ആരോപിച്ച് തന്നെ മര്‍ദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥനോട് പോലും പുഞ്ചിരിയാലാണ് തേസൂക്ക് പ്രതികരിക്കുന്നത്. മറവ് ചെയ്യപ്പെട്ട മൃതദേഹം തിരികെ കിട്ടുന്നുവെങ്കിലും ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ ശ്വാസകോശാര്‍ബുദം ആയാണ് വൃദ്ധന്‍ മരിക്കുന്നതെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥനെ അമ്പരപ്പിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അതിസങ്കീര്‍ണ്ണമായ വിവരങ്ങളാണ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ഒരു ബാച്ചിലര്‍ ബിരുദം ഉണ്ടെങ്കിലും ഇതേ രീതിയില്‍ ജീവിക്കുന്ന തേസൂക്കിന്റെ ജീവിതം, ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭിച്ച വിവരപ്രകാരം അന്വേഷിച്ച വീടുകളിലൊന്നും മോഷണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട്, തേസൂക്കിന്റെ കൂടെയുള്ള പെണ്‍കുട്ടി നഗരത്തിലെ ധനികനായ ബിസിനസുകാരന്റെ കാണാതായ ഭാര്യയാണെന്ന അറിവ് ഇതെല്ലാം അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. സ്വാന്‍ഹോയുടെ ഭര്‍ത്താവ് അവളെ തിരിര്‍കേ വീട്ടിലേക്ക് കൊണ്ട് പോകുകയും, അന്വേഷണ ഉദ്യൊഗസ്ഥന് കൈക്കൂലികൊടുത്ത് ഗോള്‍ഫ് ബോളുകള്‍ ഉപയോഗിച്ച് തേസൂക്കിന്റെ അപായപ്പെടുത്തുകയും ചെയ്യുന്നു. തന്നെ ചതിച്ച ഉദ്യോഗസ്ഥനെ മര്‍ദ്ധിക്കുന്ന തേസൂക്ക് ജയിലിലാകുന്നു.
തേസൂക്കിന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് ജയിലിലാണ്. ജയിലില്‍ ഇല്ലാത്ത ഗോള്‍ഫ് ബോളും അയേണും വെച്ച് അയാള്‍ കളിതുടരുകയും, തന്നെ ശല്യപ്പെടുത്തുന്ന സഹതടവുകാരെ മര്‍ദ്ധിക്കുക്കയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് അയാള്‍ക്ക് ഏകാന്തത്തടവ് ലഭിക്കുക്കയാണ്. ഏകാന്ത തടവറയില്‍ മുലയ്ക്ക് ഒളിച്ചിരുന്നും, ചുമരില്‍ അള്ളിപ്പിടിച്ചും തടവറയില്‍ താന്‍ അപ്രത്യക്ഷനാണ് എന്ന് ധരിപ്പിച്ച് കാവല്‍ക്കാരെ ശുണ്ഠിപിടിപ്പിക്കുന്ന തേസൂക്ക് നിരന്തര മര്‍ദ്ധനം ഏറ്റ് വാങ്ങുന്നു. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ അത് ഒരു ശ്രമമായി തേസൂക്ക് മാറ്റുകയാണ്. തടവറയില്‍ മാര്‍ജ്ജാര പാദചലനങ്ങള്‍ അനൂകരിച്ച് ശബ്ദമില്ലാതെ നടക്കുകയും, തടവറയില്‍ പ്രവേശിക്കുന്ന കാവല്‍ക്കാരുടെ പുറകില്‍ മറഞ്ഞുനിന്ന് അപ്രത്യക്ഷനാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനും അയാള്‍ ശ്രമിക്കുന്നു. ആദ്യം തന്റെ നിഴല്‍ ഒറ്റിക്കൊടുക്കുന്നുണ്ടെങ്കിലും നിരന്തരപരിശീലനത്താല്‍ ഒരാളുടെ പുറകില്‍ ഒളിക്കാനും അയാളുടെ തന്നെ ചലനങ്ങള്‍ അനുകരിച്ച് ഒരു നിഴലെന്നോണം മറഞ്ഞിരിക്കാനും തേസൂക്ക് അഭ്യസിക്കുന്നു. മറുവശത്ത് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുകയാണ്. പെണ്‍കുട്ടി ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ താനും തേസൂക്കും പണ്ട് ഒളിച്ചുതാമസിച്ച വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ്. ജയില്‍ മോചിതനാകുന്ന തേസൂക്ക് താന്‍ മുമ്പ് താമസിച്ച ഭവനങ്ങളില്‍ ഒരു അദൃശ്യനെപ്പോലെ പ്രത്യക്ഷപ്പെടുകയും, തന്നെ ഒറ്റിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനോട് ഗോള്‍ഫ് ബോളും അയേണും വെച്ചു തന്നെ പ്രതികാരം ചെയ്യുന്നു. ശേഷം പെണ്‍കുട്ടിയും ഭര്‍ത്താവും തമസിക്കുന്ന വീട്ടില്‍ എത്തുന്ന തേസൂക്കിന്റെ സാന്നിദ്ധ്യം അവള്‍ തിരിച്ചറിയുന്നു. ഭര്‍ത്താവിന്റെ പുറകില്‍ തേസൂക്ക് ഒളിവിലാണ് തന്റെ ചലനങ്ങള്‍ അനുകരിച്ച് അപ്രത്യനാകുന്ന തേസൂക്കിനെ ഭര്‍ത്താവിന് കാണാനാകുന്നില്ലെങ്കിലും സ്വാന്‍ഹായ്ക്ക് അയാളുടെ സാന്നിദ്ധ്യം പുതിയ ഉണര്‍വാകുന്നു. അതിനാല്‍ തന്നെയാകണം “ഞാന്‍ നിന്നെ സ്ണേഹിക്കുന്നു” എന്ന് ഭര്‍ത്താവിനോട് (ഭര്‍ത്താവിന് പുറകിലെ തേസൂക്കിനോട്) അവള്‍ പറയുന്നത്. ചിത്രത്തില്‍ ഈയൊരിടത്ത് മാത്രമാണ് സ്വന്‍ഹാ സംസാരിക്കുന്നത്. ഒരിക്കല്‍ തേസൂക്ക് പ്രവര്‍ത്തനസജ്ജമാക്കിയ ഭാരം നോക്കുന്ന യന്ത്രം അവള്‍ അഴിച്ചുകേടാക്കിയതാണ് . ആശ്ലേഷിതരായ അവര്‍ ഇരുവരും അതില്‍ കയറി നിന്ന് ഭാരം നോക്കുമ്പോള്‍ പൂജ്യത്തില്‍ രേഖപ്പെടുത്തുന്ന മാപനത്തോടെ ചിത്രം അവസാനിക്കുന്നു.
സ്വന്തമായി ആരും തന്നെ ഇല്ലാത്തതിനാല്‍ ഒരു കുടുംബാംഗമായി ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന തേസൂക്കിന്റെ ചെയ്തികളെ സൂക്ഷ്മമായി കിംകിഡുക്ക് ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ അന്തേവാസിയാകുന്ന അയാള്‍ വീട്ടുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടന്നുന്നതും, വസ്ത്രം അലക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും,അവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും അതിന്റെ ഭാഗമായിരിക്കണം. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. എന്ത് കൊണ്ട് അയാള്‍ ഒരു വീട് സ്വന്തമായെടുത്ത് താമസിക്കുന്നില്ല എന്നതാണ് അത്. തനിക്ക് സ്വന്‍ഹായെ പങ്കാളി ആയി ലഭിച്ചിട്ടും അയാള്‍ ഒരു വീട് എന്ന സങ്കല്‍പ്പത്തിലേക്ക് മാറുന്നില്ല. മറ്റുപലരുമായി ജിവിക്കാനുള്ള മനുഷ്യസഹജമായ വാസനയിലാണ് തേസൂക്കിന്റെ ജീവിതം നീങ്ങുന്നത്. കൃത്യമായി ചിട്ടപ്പെടുത്തിയ ജോലിയോ ജീവിതക്രമങ്ങളോ അയാള്‍ അനുവര്‍ത്തിക്കുന്നില്ല. ഒരു ശലഭം ഏത് വിധത്തിലാണോ പൂവുകള്‍ പറന്നുമാറി സഞ്ചരിച്ച് തേനുണ്ണുന്നത് , ഒരു ഭിക്ഷു ഏത് രീതിയിലാണോ വ്യത്യസ്ഥഭവനങ്ങളില്‍ നിന്ന് ഭിക്ഷതേടുന്നത് അതേ നിയമത്തിന്റെ പാതയിലാണ് തേസുക്ക്... പലനാളുകളില്‍ പലയിടത്ത് അനേകം പേരായി...
അപരത്വം എന്ന സങ്കല്‍പ്പത്തിന്റെ അനന്യസൌന്ദര്യം വെളിവാക്കുന്ന ചില മുഹൂര്‍ത്തങ്ങളിലൂടെ കിംകിഡുക് നമ്മെ കൈ പിടിച്ച് നടത്തുന്നുണ്ട്. ജയില്‍ മോചിതനായി തേസൂക്ക് തിരികെ വരുന്നുണ്ടോ എന്നത് ഫാന്റസി പരിവേഷം കലര്‍ന്ന ഒരു തിരിഞ്ഞ് നോട്ടമാണ്. തേസൂക്കിന്റെ സാമീപ്യവും കണ്ണാടിയിലെ പ്രതിബിംബവും സ്വാന്‍ഹായ്ക്ക് അനുഭവിക്കാനാകുന്നെങ്കിലും ഭര്‍ത്താവിന് അത് കാണാന്‍ സാധിക്കുന്നില്ല. ഒരുപക്ഷെ അവള്‍ തേസൂക്കിനെ ഭര്‍ത്താവില്‍ തന്നെ അപരസങ്കല്‍പ്പം നടത്തുന്നതാകാം. പത്മരാജന്റെ അപരനിലും, ഈയിടെ ഗോവെന്‍ ഫെസ്റ്റില്‍ സുവര്‍ണ്ണചകോരം നേടിയ “ദി വോള്‍ [The Wall]“ എന്ന ചിത്രത്തിലും മറ്റും അപരത്വം എന്ന ആശയം ഗോചരവും, സങ്കീര്‍ണ്ണമാവുമായി ദൃശ്യവല്‍ക്കരിക്കുമ്പോള്‍ കാല്‍പ്പനിക സൌന്ദര്യത്തിന്റെ മറവിലാണ് കിംകിഡുക് ഈ ചിത്രത്തില്‍ അപരസങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നത്.
ഒരുപക്ഷേ തേസൂക്ക് ജയിലില്‍ നിന്ന് മടങ്ങി വന്നിട്ടില്ലായിരിക്കാം... തങ്ങളുടെ ചെയ്തികളുടെ തിരിച്ചടികളായിരിക്കാം ഉദ്യോഗസ്ഥനിലും, ക്രൂരനായ ഭര്‍ത്താവിലും ഭയം നിറയ്ക്കുന്നത്... ഒരുപക്ഷേ ഭര്‍ത്താവില്‍ തേസൂക്കിനെ പ്രതിഷ്ഠിച്ച് സ്വന്‍ഹാ ഒരു നല്ലവീട്ടമ്മയായി സ്വയം മാറുകയായിരിക്കാം...
കെട്ടിയിട്ടതും ചലനാത്മകവുമായ ഗോള്‍ഫ് ബോള്‍ ഉപയോഗിച്ചുള്ള കളികള്‍, അടഞ്ഞ വാതിലുകള്‍, ഒഴിഞ്ഞവീട്, ശരീരം,നിഴല്‍ , ജലം ദാഹിക്കുന്ന ചെടികള്‍ എന്നിങ്ങനെയുള്ള ഒട്ടനവധി രൂപകങ്ങളിലൂടെയാണ് കിംകിഡുക്ക് എന്ന സംവിധായകന്‍ കഥപറയാന്‍ ശ്രമീക്കുന്നത്. ചിലയിടത്തെങ്കിലും കണ്ട് മടുത്ത കിംകിഡുക്ക് രൂപങ്ങള്‍ നമ്മെ അലോസര പ്പെടുത്തുന്നുണ്ടെങ്കിലും. സ്ത്രീപുരുഷ പരിപൂര്‍ണ്ണതയൂടെ ഒരു യിംഗ്-യാംഗ് സങ്കല്‍പ്പം അനുസ്മരിപ്പിക്കുന്ന , അഹംബോധത്തിനെ ഒഴിവില്‍(Ego) പൂജ്യത്തില്‍ ഭാരം രേഖപ്പെടുത്തുന്ന ആ ഭാരമാപിനി കുടുംബസങ്കപ്പങ്ങളിലേക്കുള്ള വ്യക്തമായ കടന്നുക്കയറ്റമാണ്. തേസൂക്ക് ആയി ഹ്യുന്‍-ക്യോന്‍ ലീയും സ്വന്‍ഹായായി സെയുങ്-യോന്‍ ലീയും മികച്ചപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സംഭാഷണങ്ങളില്ലാതെ ശരീരഭാഷകൊണ്ടും, ഭാവപ്രകടനങ്ങള്‍കൊണ്ടും ഉള്‍ക്കൊള്ളേണ്ട കിംകിഡുക്ക് കഥാപാത്രങ്ങളായി സ്വയം സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.
( പഴയ എഴുത്ത് @ http://cinemaniroopanam.blogspot.com )
( പഴയ എഴുത്ത് @ http://cinemaniroopanam.blogspot.com )
3 comments:
3 iron പൂര്‍ണമായി കാണാന്‍ കഴിഞ്ഞില്ല ഇത് വരെ. കുറെ ഭാഗങ്ങള്‍ കണ്ടിരുന്നു. കിമ്മിന്റെ പതിവ് ശൈലി അനുവര്‍ത്തിക്കുന്ന ചിത്രമാണെന്ന് തോന്നി. എന്തായാലും അടുത്ത ഡൌണ്‍ലോഡ് ഇത് തന്നെയാകട്ടെ. :)
i got this sometime back reading ur old post. Yes..it is a nice movie. liked it.
കിം കി ദുക്കിന്റെ നല്ല സിനിമകളിലൊന്നാണിത്, ബോ എന്ന സിനിമയിലും നല്ലത് http://cinemajalakam.blogspot.com/
Post a Comment