Wednesday, November 9, 2011

ശലഭജീവിതം

Bees sip honey from flowers and hum their thanks when they leave.
The gaudy butterfly is sure that the flowers owe thanks to him.

 - Rabindranath Tagore


1.a
കട്ടിലില്‍ കമിഴ്‌‌ന്നു കിടക്കുന്ന എന്റെ കൈകള്‍ സാവധാനത്തില്‍ പുറകോട്ടു വളച്ച് അതിനു മുകളില്‍ കയറിക്കിടന്നുകൊണ്ട് അവള്‍ പതിവു പോലെ ചോദിച്ചു.
"റ്റോറ്റോ?”
എന്താണീ കൈവളയ്ക്കലും, ചോദ്യവും എന്ന് ആദ്യമൊന്നും മനസിലായില്ലായിരുന്നു. അനിയത്തിയുടെ വക വിശദീകരണം വേണ്ടി വന്നു. അല്ലെങ്കിലും മൂന്നര വയസുകാരി മകളുടെ പറച്ചിലും, പ്രവര്‍ത്തികളും അവളുടെ അമ്മയേക്കാള്‍ നന്നായി ആര്‍ക്കാണ് പറഞ്ഞു തരാന്‍ കഴിയുന്നത്. സംഗതി നിസ്സാരമല്ല, അതിഗംഭീര റെസ്ലിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ടിവിയില്‍ കണ്ടു പഠിച്ചതാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ അവളുടെ രണ്ടു ചേട്ടന്മാരില്‍ നിന്നായിരിക്കും. എന്തായാലും കട്ടിലില്‍ കിടന്ന് ഉറക്കം പിടിച്ചാല്‍ അവള്‍ പതിയെ മുറിയുടെ വാതിലിനരികിലെത്തും , മെല്ലെ തള്ളിത്തുറന്ന് തല അകത്തേയ്ക്കിട്ട് ഉറക്കമാണോയെന്ന് ഉറപ്പു വരുത്തും, പതിയേ അകത്തു കയറും , എത്ര പതിയെ ചുവടുകള്‍ വെച്ചാലും പാദസരം കടങ്കഥയിലെ വായില്ലാക്കിളിയേപ്പോലെ ചിരിയ്‌‌ക്കും. അടുത്തെത്തിയാല്‍ മെല്ലെ ദേഹത്തു തടവി നോക്കും. കുഞ്ഞിക്കൈകൊണ്ടു തലോടുമ്പോള്‍ ഇക്കിളിയാകുമെങ്കിലും അത് സഹിച്ച് കിടക്കും. അനക്കമില്ലെന്ന് കണ്ടാല്‍ കക്ഷി മെല്ലെ കട്ടിലില്‍ ഏന്തി വലിഞ്ഞ് കയറും. കട്ടിലിന്റെ അരികിനോട് ചേര്‍ന്ന ജനല്‍ കമ്പികളില്‍ പൊത്തിപ്പിടിച്ച് കയറി നില്‍ക്കും. വലിച്ചു കെട്ടിയ കയറിനു മുകളില്‍ കയറി റിംഗിന്റെ മൂലയില്‍ നിന്നും പോര്‍ത്തട്ടില്‍ വീണു കിടക്കുന്ന എതിരാളിയുടെ ദേഹത്തേയ്ക്ക് ഗുസ്തിക്കാര്‍ എടുത്തു ചാടുന്നതു പോലെ ജനല്‍ കമ്പി വിട്ട് ഒറ്റച്ചാട്ടമാണ്. നടുംപുറത്താണ് വന്ന് വീഴുക, ചിലപ്പോള്‍ നല്ല വേദനയുണ്ടാകും. എങ്കിലും കളി തുടരാന്‍ വേണ്ടി വേദന കടിച്ചു പിടിച്ച് സഹിക്കും. പുറത്തു വീണ പോരാളി മെല്ലെ കൈകള്‍ പുറകിലോട്ട് വളച്ച്, അതിനു മുകളില്‍ കയറിക്കിടന്നുകൊണ്ട് ചെവിയരികില്‍ തലനീട്ടിയെത്തി "റ്റോറ്റോ?" എന്നു ചോദിക്കും. മിക്കവാറും തോല്‍വി സമ്മതിച്ച് അനങ്ങാതെ കിടക്കും. അവള്‍ സ്വയം വിജയിയായി പ്രഖ്യാപിച്ച് കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഇറങ്ങി മുറിയ്ക്ക് വെളിയില്‍ പോകും. എന്നാല്‍ ചിലപ്പോള്‍ മാത്രം തോല്‍വി സമ്മതിക്കാതെ മലക്കം മറിയും. അതോടെ കുഞ്ഞ് എതിരാളി പുറത്തു നിന്ന് തെറിച്ച് കിടക്കയില്‍ മറിഞ്ഞ് വീഴും. വേദനിപ്പിക്കാതെ, ശരീരഭാരം അമര്‍ത്താതെ അവളുടെ മുകളില്‍ കയറിക്കിടന്ന്, കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് തിരിച്ചു ചോദിക്കും
"തോറ്റോ?"
"ഇയ്യ.."
"എന്നാ നീ കൈയ്യോ‌ കാലോ അനക്ക്"
"കൈയ്‌‌മെ പിച്ചേക്കല്ലേ, എന്‌‌ച്ച് അനങ്ങാനേ പറ്റിയ്യ"
"എന്നാ നീ തോറ്റു"
"ഇയ്യ..റ്റോറ്റിയ്യ"
"തോറ്റു. നീ ശരിക്കും തോറ്റു. അയ്യേ... കിങ്ങിണി തോറ്റൂ"
അതോടെ കുഞ്ഞെതിരാളി അവസാനത്തെ അടവ് പുറത്തെടുക്കും. ചീറിയലച്ച് ഒറ്റക്കരച്ചിലാണ്.
"മമ്മാ.. സെബാച്ചനെന്നെ റ്റോറ്റണൂ..."
പിന്നെ പുകിലായി, ബഹളമായി. അടുക്കളയില്‍ നിന്ന് സെലിന്‍ കയര്‍ത്തുകയറി വരും.
"അല്ലെന്റെ സെബാനേ, നിനക്കെന്തിന്റെ ഏനക്കേടാ? നിനക്ക് കുതിര കയറാന്‍ ഈ പൊടി കൊച്ചിനേ കിട്ട്യോള്ളോ?"
"ഞങ്ങള് കളിക്ക്യാരുന്നെടീ?"
"ഓ പിന്നേയ് കളിക്കണ്ട പ്രായല്ലേ. എന്റെ ആങ്ങളേനെക്കൊണ്ട് കുടുമ്മത്തി‌‌യ്ക്ക് ഒരു ഉപകാരം ഇല്ലാത്തതോ പോട്ടേ. അടുക്കളപ്പണി എടുക്കാന്‍ കൂടി തൊ‌‌യ്‌‌ര്യം തരില്ലാന്ന് വെച്ചാലെങ്ങന്യാ? സമയാസമയത്ത് മേശപ്പൊറത്ത് വന്നിരിക്കുമ്പൊ തിന്നണ പാത്രത്തില് വെര്‍തേ ഒന്നും വന്ന് നെറയില്ല്യാ. നാണല്യല്ലോ നാല്‍പ്പത് വയസായ ആള്‍ക്ക്, നാല് വയസ് തെകയാത്ത ക്‌‌ടാവിന്റെ കൂടെ ഗുസ്തി കൂടാന്‍."

ശരിയാണ്... നാണം ഇല്ലാത്തതു തന്നെയാണ് തന്റെ പ്രശ്നം. അല്ലെങ്കില്‍ അദ്ധ്വാനിച്ച് കുടുംബത്തേയ്‌‌ക്ക് മുതലുണ്ടാക്കുന്നതിന് പകരം ഇങ്ങനെ നാടുതെണ്ടിയലഞ്ഞ് ഗതികെട്ട് ഈ വീട്ടിലെത്തില്ലല്ലോ. ഈ അധികപ്പറ്റു ജീവിതം ഇങ്ങനെ തുടരില്ലല്ലോ. കലിതുള്ളി കുറെ തെറിയും വിളിച്ച് അവള്‍ അടുക്കളയിലേക്ക് മടങ്ങും. അതിന്റെ വിഷമത്തില്‍ കട്ടിലിലങ്ങിനെ തലകുനിച്ച് ഇരിക്കുന്നേരത്ത് വീണ്ടും കുഞ്ഞു പാദസരക്കിലുക്കം കേള്‍ക്കാം . അടുത്തെത്തി താടിയ്‌‌ക്കു പിടിച്ചുയര്‍ത്തി മുഖത്തു നോക്കി കണ്ണിറുക്കും. ഉള്ളില്‍ ചിരി വരുമെങ്കിലും അതു പുറത്തു കാണിക്കാതെ പിണക്കം നടിച്ച് മുഖം കയറ്റിപ്പിടിയ്ക്കും. അതോടെ കിങ്ങിണി ഗതിയഞ്ചും മുട്ടിയതു പോലെ കള്ളക്കരച്ചില്‍ നടത്തിയതിന് ക്ഷമ ചോദിക്കും.
"ഞാനേ..വെര്തേ കരഞ്ഞതാ..സോരീ സെബാച്ചാ.."
അതോടെ എല്ലാ വിഷമവും, ദേഷ്യവും മറന്ന് അവളെ വാരിയെടുത്തു മടിയിലിരുത്തി കവിളില്‍ ഉമ്മവെയ്‌‌ക്കും. കുറ്റിത്താടി ഉരയുമ്പോള്‍ അവള്‍ ഇക്കിളി പൂണ്ട് ഉറക്കേ ചിരിക്കും. അതു കേട്ട് അടുക്കളയില്‍ നിന്ന് സെലിന്‍ വീണ്ടും ഭീഷണി മുഴക്കും.
"ആ പിന്നേം കെട്ടിമറിഞ്ഞ് കളിച്ചോ. ഇനി നീ കരഞ്ഞാ തൊട ഞാന്‍ പിച്ച്യാ പൊളിക്കും . നോക്കിക്കോ"
പറഞ്ഞാല്‍ അതു പോലെ ചെയ്യുന്നവളാണ് സെലിന്‍. അതുകൊണ്ട് ആ ഭീഷണിയില്‍ ഭയന്ന് പരസ്പരം ചുണ്ടില്‍ ചൂണ്ടുവിരല്‍ ചേര്‍ത്ത് "ശ്...ശ്ശ്..." വെയ്‌‌ക്കും. പിന്നീട് അടുക്കളപ്പുറത്ത് പൂമ്പാറ്റകളെ കാണാനിറങ്ങും.

1.b
അടുക്കളപ്പുറത്തെ പൈപ്പിന്‍ ചുവട്ടില്‍ നിന്ന് വെള്ളമൊഴുകാന്‍ ചാലു കീറിയിരിക്കുന്നത് പിന്നാമ്പുറത്തെ പറമ്പിലെ നാരകത്തിന്റെ തടത്തിലേയ്ക്കാണ്. അതിന്റെ ചുറ്റിലും കറിവേപ്പിന്റെ തൈകള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. നാരകത്തിനപ്പുറത്ത് അതിര്‍ത്തിയോടു ചേര്‍ന്നുള്ള വേലിപ്പടര്‍പ്പില്‍ കൂത്താടിച്ചിപ്പൂക്കളുണ്ട്. അവിടെയൊക്കെയാണ് പൂമ്പാറ്റകളെ കൂട്ടമായി കാണാറുള്ളത്. തൊട്ടടുത്തുള്ള ശീമക്കൊന്ന മരത്തിന്റെ ഇലകള്‍ക്കു ചുറ്റും അവ പറന്നു നടക്കും. ആ പൂമ്പാറ്റകളുടെ കൂട്ടത്തില്‍ ഒന്നെന്ന പോലെ കിങ്ങിണിയങ്ങനെ തുള്ളിക്കളിക്കും. തൊട്ടടുത്ത് പാറിവന്നിരിക്കുന്ന പൂമ്പാറ്റകളെ ചൂണ്ടിക്കാണിച്ച് സന്തോഷം കൊണ്ട് വിളിച്ചു പറയും.
"പൂത്താറ്റ..."
"പൂത്താറ്റയല്ല പൂമ്പാറ്റ"
"പൂത്താറ്റാ.."
തര്‍ക്കം നിര്‍ത്തി അവളെയും പൂമ്പാറ്റയേയും മാറിമാറി നോക്കും.
"കിങ്ങിണ്യേക്കാളും ഭംഗീണ്ട് പൂമ്പാറ്റേക്കാണാന്‍"
"ഇയ്യാ. എന്ച്ചാ പങ്ങി. പൂത്താറ്റയ്ക്ക് പാസരയ്യാത്താ, പൊറ്റിയ്യാത്താ"
"പാദസരോം, പൊട്ടും ഒന്നൂല്ലെങ്കിലെന്താ? പൂമ്പാറ്റയ്ക്ക് മേത്ത് നിറയെ കളറില്ലേ? കാണാന്‍ നല്ല രസല്ലേ?"
അതോടെ പിണങ്ങി മാറുകയായി. പിന്നെ തക്കം കിട്ടിയാല്‍ ഏത് പൂമ്പാറ്റയെ ചൂണ്ടിയാണോ കൂടുതല്‍ ഭംഗിയുണ്ടെന്ന് പറഞ്ഞത് അതിന്റെ പിന്നാലെ ഓടി പിടിക്കാന്‍ നോക്കും. മിക്കവയും പറന്നു മാറിക്കളയും. എന്നാല്‍ ചിലതൊക്കെ അവളുടെ കുഞ്ഞിക്കൈവിരലുകളില്‍ തടവുകാരാകും. ചിറകുകള്‍ കൂട്ടിയൊതുക്കിപ്പിടിച്ച് പൂമ്പാറ്റയുടെ നിറം ഊതിക്കളയാന്‍ ശ്രമം നടത്തും. അരുതെന്ന് പറഞ്ഞാലും ചിലപ്പോള്‍ വിട്ടെന്ന് വരില്ല. ഒരിക്കല്‍ കറുപ്പില്‍ മഞ്ഞപ്പുള്ളിക്കുത്തുള്ള ഒരു ചിത്രശലഭം തള്ള വിരലിനും, ചൂണ്ടു വിരലിനും ഇടയില്‍ പെട്ട് ചിറകു തകര്‍ന്നു. ചീത്ത പറഞ്ഞപ്പോള്‍ വിട്ടയച്ചെങ്കിലും പറക്കാന്‍ കഴിയാതെ അതു നിലത്തു വീണു. അടുത്തു ചെന്ന് ഒന്നും പറയാതെ കുഞ്ഞിക്കൈകള്‍ രണ്ടും ബലമായി ചേര്‍ത്തു പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ അസ്വസ്ഥയാകാന്‍ തുടങ്ങി.
"ന്റെ കൈയ്യ് വിത് സെബാച്ചാ"
"കണ്ടോ... ഇപ്പ കിങ്ങിണിയ്ക്ക് അനങ്ങാന്‍ പറ്റണൊണ്ടോ, ഇല്ലല്ലോ? അത് പോലന്ന്യല്ലേ പാവം പൂമ്പാറ്റയ്ക്കും. ഇനി അതിന്റെ ചിറകുമ്മെ പിടിക്ക്യോ? ചിറകു മുറിഞ്ഞാല് അതിന് വേദനിക്കില്ലേ? പിന്നെ പറക്കാന്‍ പറ്റ്വോ?"
കരച്ചിലിന്റെ വക്കിലാണ് കക്ഷി. ഇല്ലെന്ന് തലയിളക്കം നടത്തി.
"വെറുതേ തലയാട്ടിയാല്‍ പോരാ, ഇല്ലെന്ന് സമ്മതിക്കണം"
"ഇയ്യാ... ഇയ്യാ..."
"കിങ്ങിണി നൊണ പറയാണെങ്കിലോ?"
"നൊന്യാച്ചാ കവിത്തി കുഞ്ഞീശോ കുത്തന പാത്‌‌ ഇയ്യയ്യോ നോക്ക്യേ"
കുട്ടികള്‍ നുണ പറയുമ്പോള്‍ കുഞ്ഞീശോ മിശിഹാ കവിളില്‍ വിരലുകൊണ്ട് കുത്തുന്ന പാടാണ് നുണക്കുഴി. അതു പരിശോധിക്കാനാണ് നിര്‍ദ്ദേശം. കുഞ്ഞീശോ വിരലുകൊണ്ട് കുത്തുന്നുണ്ട്, അവള്‍ ചിരിക്കുന്നുമുണ്ട്, നുണക്കുഴി തെളിഞ്ഞ് കാണാം. അവളിനിയും ചിത്രശലഭങ്ങളെ ചിറകു ചേര്‍ത്തു പിടിച്ച് ഉപദ്രവിക്കും.

1.c
കൈ പുറകിലേയ്ക്ക് കൂടുതല്‍ ശക്തിയോടെ വളച്ചു വെച്ചുകൊണ്ട് ചോദ്യം ആവര്‍ത്തിക്കുകയാണ്
"റ്റോറ്റോ?"
കട്ടിലിന്മേല്‍ മലക്കം മറിഞ്ഞ് അവളുടെ പുറത്തു നിന്ന് കിടക്കയിലേക്കു മറിച്ചിട്ടു, മുഖമുരുമ്മി ഉമ്മ വച്ചു. കുഞ്ഞു ശരീരത്തിന് പതിവിലും കൂടുതല്‍ ചൂടുണ്ട്. ഇന്നലെ മുതലേ അവള്‍ക്കു നീരിളക്കവും പനിക്കോളുമുണ്ട്. അതുകൊണ്ട് അധികം ശരീരമനക്കാതെ കെട്ടിപ്പിടിച്ചു പറഞ്ഞു.
"ഇല്ലെടീ. നിന്നെ തോല്‍പ്പിക്കാന്‍ പോവാണ്"
"അയ്യോ...ന്നെ റ്റോറ്റന്റാ"
തോല്‍പ്പിക്കാന്‍ നിന്നില്ല. കാരണം കരഞ്ഞു ബഹളം വെച്ചാല്‍ ഇന്ന് അടുക്കളയില്‍ നിന്ന് തെറിവിളിയുമായി എത്തുന്നത് സെലിന്‍ മാത്രമായിരിക്കില്ല. അമ്പ് പെരുന്നാളായതുകൊണ്ട് ചേച്ചിമാരും, അവരുടെ കെട്ടിയവന്മാരും, പിള്ളേരും ഒക്കെ കാലത്തു തന്നെ വന്നെത്തിയുട്ടുണ്ട്. എന്തെങ്കിലും ഗൂഡാലോചനയ്ക്കുള്ള പുറപ്പാടായിരിക്കും. ബഹളമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഇന്നലെ രാത്രിയില്‍ സെലിനോട് വഴക്കിട്ട് ഭക്ഷണം കഴിക്കാതെ കിടന്നതുകൊണ്ട് നല്ല വിശപ്പുണ്ട്. കിങ്ങിണിയോട് ശബ്ദം താഴ്‌‌ത്തി ചോദിച്ചു.
നീ പാപ്പം തിന്നോ?”
ഉം.. നൂല്‌‌ പാപ്പം"
അമ്മച്ചി ഉണ്ടായിരുന്ന കാലം മുതലേ ഉള്ള ശീലമാണ്. അമ്പു പെരുന്നാളിന്റെയന്ന് കാലത്തെ ഭക്ഷണം നൂലപ്പവും, നാളികേരപ്പാലില്‍ പഞ്ചസാര ചാലിച്ചതും ആയിരിക്കും. കട്ടിലില്‍ നിന്നെണീറ്റ് കിങ്ങിണിയേയും തോളിലെടുത്ത് മുറിയ്ക്ക് പുറത്തിറങ്ങി.

2.a
കിങ്ങിണിയെ മേശപ്പുറത്ത് കയറ്റിയിരുത്തി. അവളോടൊപ്പം ഒരേ പാത്രത്തില്‍ നിന്ന് നൂലപ്പം കഴിച്ചുകൊണ്ടിരിക്കേയാണ് അളിയന്‍മാര്‍ ഓരോരുത്തരായി പ്രത്യക്ഷപ്പെട്ടത്. അവരുടെ കാപ്പി കുടിയൊക്കെ നേരത്തേ കഴിഞ്ഞതിനാല്‍ പെട്ടെന്ന് തീന്‍മേശപ്പുറത്ത് വന്നിരിക്കാനൊരു കാരണം ഇല്ലാഞ്ഞിട്ടും, ഒന്നും അറിയാത്ത ഭാവത്തില്‍ ഓരോരുത്തരായി വെള്ളം കുടിയ്ക്കാനും, സിഗരറ്റ് കത്തിയ്ക്കാനും, ഉച്ചയ്‌‌ക്കുള്ള കറി എന്താണെന്ന് അന്വേഷിക്കാനുമൊക്കെ അടുക്കളയിലെത്തി. ഊണു മുറിയുടെ മൂലയ്‌‌ക്കുള്ള ഫൈബര്‍ കസേരകള്‍ ഓരോന്നായി വലിച്ചിട്ട് തനിയ്‌‌ക്കു നേരെ തിരിഞ്ഞിരുന്നു. അപ്പോഴേക്കും സൂസന്നയും സോഫിയയും സെലിനും വന്നു നിരന്നു നിന്നു. ആളും വടിയും വെട്ടവും ഒരുമിച്ചു കണ്ട പെരുച്ചാഴി കടിച്ച കപ്പത്തുണ്ട് മണ്ണിലേക്കു തുപ്പി പകച്ചു പായാന്‍ നില്‍ക്കുന്നത് പോലെ പാതി കടിച്ച നൂലപ്പം പാത്രത്തിലേക്ക് തിരികെയിട്ട് അവരുടെ മുഖത്തേയ്യ്ക്ക് മാറിമാറി നോക്കി. മൂപ്പുമുറയനുസരിച്ച് സൂസന്നയുടെ ഭര്‍ത്താവാണ് തുടങ്ങി വെച്ചത്.
"സെബാസ്റ്റ്യാ, ഇത്തവണയെങ്കിലും കാര്യങ്ങള്‍ക്കൊരു തീരുമാനണ്ടാവണം ട്ടാ"
നീ ഒറ്റ ഒരുത്തനാണ് എടങ്കോലിട്ട് നിക്കണത്. എല്ലാര്‍ക്കും അനുഭവിക്കാന്‍ ഉള്ള മൊതലാണ്"
സോഫിയ അതില്‍ക്കയറി ഏറ്റു പിടിച്ചു.
സെബാനേ, എനിക്ക് വയസ്സ് അമ്പതാവാനാ പോണേ. പോരാത്തേന് പ്രഷറും, ഷുഗറും. തൊണ്ടേന്ന് വെള്ളറെക്കാന്‍ പറ്റാത്ത കാലത്ത് സ്വത്തും, മൊതലും കിട്ടീട്ടെണ്ട് ചെയ്യാനാ? അനുഭവിക്കേണ്ട കാലത്ത് വേണ്ടേ അതൊക്കെ ചെയ്യാന്‍. ആന്‍സി മോള്‍ക്കാച്ചാല് ചെല ആലോചനയൊക്കെ ഒത്തു വന്നിട്ട്‌‌ണ്ട്. അച്ചനാന്നും പറഞ്ഞ് നീ ഒരുത്തന്‍ ഇണ്ടായിട്ട് ഈ കുടുമ്മത്തെ ക്ടാങ്ങള്‍ക്ക് പത്തിന്റെ പൈസയ്ക്ക് ഉപകാരംന്ന് പറയണത് ഇണ്ടായിട്ടില്ല. ഫ്രാങ്ക്ലിന്‍ വേണ്ട കടലാസൊക്കെ ശര്യാക്കിക്കൊണ്ടു വന്നിട്ടുണ്ട്. നീയും കൂടെ ഒന്ന് ഒപ്പിട്രാ"
സൂസന്ന സങ്കടപ്പാതിയായി നില്‍ക്കുകയാണ്.

ചേച്ചി ആരോടാണ് ഈ തൊള്ള തൊറക്കണത്? ആയകാലത്ത് അപ്പന്റെ കൈയ്യീന്ന് മൊതലും വാങ്ങി, അതും വിറ്റ് നാടു തെണ്ടി വല്യ കലാകാരനാകാന്‍ നടന്നിട്ട് ഒടുക്കം ഗതിയില്ലാണ്ട് വീട്ടില്‍ക്കന്നെ വലിഞ്ഞ് കേറി വന്നോരോടൊക്കെ ഇനി നമ്മള് മുട്ടിപ്പായി അപേക്ഷിക്കും കൂടി വേണോ? നെറ്റീമ്മെ കുരിശ് പോറണെങ്കില് ഒരണയ്ക്ക് നാട്ടാരുടെ കൈയ്യീന്ന് എരക്കേണ്ട ഗത്യാണ്. എന്നാലും കുടുമ്മത്ത് ഒഴിമുറി വെയ്ക്കാന്‍ എടങ്കോലിട്ട് നിന്നോളും. നമ്മളൊക്കെ തുപ്പലം കുടിച്ചിറക്കി അരിഷ്ടിച്ചാണ് ജീവിക്കണത്. ചെല‌‌ര്‍ക്കൊക്കെ ഇന്നേയ്‌‌ക്കിന്നത്തെ ചത്താലും ഒരു സങ്കടോം ഉണ്ടാവില്ല. ആയ കാലത്ത് വീടു വിട്ടെറങ്ങിപ്പോയി തോന്ന്യ പെണ്ണുങ്ങളടെയൊക്കെ കൂടെ നാടു ചുറ്റിക്കറങ്ങി കുടിച്ചും, മദിച്ചും കണ്ടോണം നടന്നട്ട് ആര്‍ക്കും ഗുണല്ല്യാണ്ടായപ്പോ തിരിച്ച് വന്നേക്കണൂ."
സെലിനാണ് കൂട്ടത്തില്‍ മൂച്ച് കൂടുതല്‍. അവളാണല്ലോ തന്നെ ഈ വീട്ടില്‍ കൂടുതല്‍ നേരം കാണുന്നതും, വല്ലതുമൊക്കെ വിളമ്പിത്തരുന്നതും. ബാക്കിയുള്ളവരൊക്കെ വല്ലപ്പൊഴും വരുന്നവരല്ലേ.
"ഇവനൊറ്റയൊരുത്തനെ ഓര്‍ത്ത് വെഷമം കേറിട്ടാണ് എന്റെ അപ്പന്‍ തളര്‍ന്ന് വീണത്. ഇപ്പഴും തന്ത എടയ്ക്കൊക്കെ കരയണത് ഇവനെ മാത്രം ഓര്‍ത്താണ്. അതിന് ഇവനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യല്ല. എല്ലാ എളതരത്തിനും കൂട്ട് നിന്നത് അപ്പന്‍ തന്ന്യാണ്. ചോദിച്ചതൊക്കെ എടുത്ത് മോന് കൊടുക്കാ, തോന്ന്യോണം പോകുമ്പ മിണ്ടാതിരിക്ക്യാ. അപ്പ കൊറച്ചൊക്കെ തന്തേം അനുഭവിക്കണം"
സോഫിയ പഴങ്കഥകളുടെ കെട്ടഴിക്കാനുള്ള പുറപ്പാടായിരുന്നു. അപ്പോഴേയ്‌‌ക്കും ഇളയ അളിയന്‍ ഇടയ്‌‌ക്കു കയറി അതിന് തടയിട്ടു.
സെബാസ്റ്റ്യാ, നീ ഇത്തവണ മുങ്ങ്യാല്‍ എപ്പഴാണ് പിന്നെ പൊന്തണതെന്ന് ഞങ്ങക്കാര്‍ക്കും അറിയില്ല. ഇത്തവണെങ്കിലും ഒഴിമുറിയുടെ കാര്യങ്ങളൊക്കെ ഒരു തീരുമാനത്തിലെത്തണം"
നിനക്കുള്ളതൊക്കെ പലപ്പോഴായി നമ്മടപ്പന്‍ മുന്നേത്തന്നെ തന്നിട്ട്‌‌ണ്ട്. ഇനി ശരിക്കും പറഞ്ഞാല്‍ വയ്യാണ്ട് കെടക്കണ അപ്പനേം ചേര്‍ത്ത് ഇത് നാലായിട്ട് ഭാഗിക്കേണ്ട കാര്യേ ഉള്ളോ. വീടും പറമ്പും പാടോം ഒക്കെ ഞങ്ങള് തമ്മിത്തമ്മില് പറഞ്ഞു പങ്ക് വെച്ചിട്ടുണ്ട്. എന്നാലും ഞങ്ങടെ നല്ല മനസ്സോണ്ട് ഒരു സംഖ്യ നിനക്ക് തരാന്‍ തയ്യാറാണ്. ഇത് തന്നെ തരണത് ഔദാര്യമായിട്ട് കൂട്ട്യാ മതി. അപ്പന്‍ മുന്നെ തന്നതിനൊന്നും ഒരു രേഖേം ഇല്ലല്ലോ. നാളെ മേലാക്കത്തേയ്ക്കെങ്കിലും അതുണ്ടാവണ്ടാച്ചിട്ടാണ് ”
സങ്കടപ്പാതിയില്‍ നിന്ന് സൂസന്ന സംഹാരപ്പാതിയായി മാറിയിരിക്കുന്നു.
ഒരു ലക്ഷം രൂപ"
സോഫിയയാണ് കൃത്യം തുക പറഞ്ഞുറപ്പിച്ചത്‌.
"സാധാരണ നെലയ്ക്ക് ഒഴിമുറിയ്ക്കൊത്ത സ്ത്രീധനം തന്നിട്ടാണ് കുടുമ്മത്തെ പെമ്പിള്ളാരെ കെട്ടിച്ചയക്കണത്. എന്നാലീ വീട്ടിലെ കാര്യം അങ്ങനാര്‍ന്നോ? വല്ല്യ കമ്മൂണീസോം പ്രസംഗിച്ചോണ്ട് നക്കാപ്പിച്ച തന്നാണ് ഞങ്ങളേന്യൊക്കെ കെട്ടിച്ചയച്ചത്. ഞങ്ങടെ ഭര്‍ത്താക്കന്മാരും അവരടെ കുടുമ്മക്കാരും അതിന് സമ്മതിച്ചത് ഭാഗ്യന്നാ വെച്ചോ. പള്ളീലേക്കുള്ള ദശാംശം അടച്ചതന്നെ അമ്മച്ചി കണ്ണീരും, കൈയ്യും കാണിച്ചപ്പളാണ്. അപ്പന്‍ തന്ന്യല്ലേ ഐപ്പ് വക്കീലിനെക്കൊണ്ട് ആളാംപ്രതി വീതിയ്ക്കാന്‍ പ്രമാണം ഒണ്ടാക്കീതും?”
സോഫിയ ന്യായം നിരത്തിക്കൊണ്ട് ആവലാതി പറഞ്ഞു തീര്‍ത്തു.

അവരു പറയുന്നതു ശരിയാണ്. കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മേരി റോയി കേസിന്റെ വിധി വന്നയന്നു തന്നെ തന്റെ സ്വത്ത് നാലുമക്കള്‍ക്കും തുല്ല്യമായി വീതിയ്ക്കാന്‍ അപ്പന്‍ തീരുമാനമെടുത്തിരുന്നു. അത് എല്ലാവരോടുമായി വാക്കാല്‍ പറഞ്ഞുറപ്പിച്ചതുമാണ്. അമ്മച്ചി മരിച്ച് നാല്പ്പത്തൊന്നിന്റെ അന്ന് ആധാരങ്ങളൊക്കെയെടുത്ത് ഒല്ലൂര്‍ക്കു പോയി കണ്ണൂക്കാടന്‍ ഐപ്പ് വക്കീലിനെക്കൊണ്ട് ഭാഗപത്രം എഴുതിയുണ്ടാക്കിയത് അപ്പനൊറ്റയ്ക്കാണ്. ഐപ്പ് വക്കീല് കഴിഞ്ഞ കൊല്ലം മരിച്ചു പോയെങ്കിലും അങ്ങേരു തയ്യാറാക്കിയ കടലാസുകളും, അതിന്റെ പകര്‍പ്പുകളുമൊക്കെ എല്ലാവരുടേയും കൈയ്യില്‍ കാണും.
"എന്നാലും അപ്പനോടൊന്ന് ആലോചിക്കാതെ...”
”എന്താപ്പത്ര ആലോചിക്കാള്ളത്? അല്ലെങ്കിത്തന്നെ അനങ്ങാനും മിണ്ടാനും പറ്റാതെ കിടക്കുന്ന അപ്പനെന്തൂട്ട് വിശേഷം പറയാനാ?”
സെലിന്‍ അവസാനത്തെ സംശയത്തിനും ഓട്ടയടച്ചു.
എത്ര അനങ്ങാന്‍ വയ്യെങ്കിലും ഇഷ്ടല്ല്യാത്തൊരു കാര്യം കേട്ടാല്‍ എന്റെ അപ്പനിപ്പോഴും കണ്ണ് നിറയുമെടീ. അതു മതി അപ്പന്റെ ഇഷ്ടോം ഇഷ്ടക്കേടും എനിക്ക് മനസിലാക്കാന്‍"
ഓ പിന്നേയ്. അപ്പനോട് ഇത്ര സ്നേഹോള്ള പുത്രനാണെങ്കില് നല്ല പ്രായത്തില് അപ്പന്‍ തന്നതൊക്കെ തൊലച്ച്‌‌ ആര്‍ക്കാനും വേണ്ടാത്ത പടം വരച്ചും കണ്ണീക്കണ്ട പ്രതിമയൊക്കെ ഉണ്ടാക്കീം നാടു നിരങ്ങി കാറകളിച്ച് നടക്ക്വോ? ഇനി അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കില് ഒരു പെണ്ണിനെ കെട്ടി രണ്ടാളും കൂടെ അപ്പനെയങ്ങട് ശുശ്രൂഷിയ്ക്ക് എന്തേ? അപ്പഴറിയാം വട്ടം തിരിഞ്ഞ് തീപ്പൂട്ടി നടക്കണതിന്റെ ഒരു ദണ്ണം”

പാതി കടിച്ചു പാത്രത്തിലേക്കിട്ട നൂലപ്പം കിങ്ങിണിയെടുത്ത് തേങ്ങാപ്പാലില്‍ മുക്കി വായില്‍ വെച്ചു. അത് കഴിക്കുന്നേരം ശിരസ്സില്‍ക്കയറി ചുമയ്ക്കാന്‍ തുടങ്ങി. അവളുടെ തലയില്‍ തട്ടിക്കൊണ്ട് ഗ്ലാസിലെ വെള്ളം വായിലൊഴിച്ചു കൊടുത്തു. സെലിന്‍ അടുത്തു വന്ന് കുഞ്ഞിനെ താഴെ ഇറക്കി നിര്‍ത്തിയ ശേഷം ചുമലു കുലുക്കിക്കൊണ്ട് ചോദിച്ചു.
നിന്റെ തീറ്റ്യേം കുടീം ഒക്കെ കഴിഞ്ഞതല്ലേടീ? ഉമ്മറത്ത് പോയി ആ പിള്ളേരടൊപ്പം കളിച്ചേ”
കിങ്ങിണി ഭയപ്പാടോടെ എച്ചില്‍ കൈ ഉടുപ്പില്‍ തുടച്ച് മുഖം കുനിച്ചു. സെലിന്‍ പിന്നെയും പിടിച്ച് തള്ളിയപ്പോള്‍ പല തവണ പുറകിലേയ്ക്കു തിരിഞ്ഞു നോക്കി ചിണുങ്ങിക്കരഞ്ഞുകൊണ്ട് ഉമ്മറത്തേയ്‌‌ക്കു പോയി. എന്താണ് നടക്കുന്നതെന്ന് കൃത്യമായി തിരിച്ചറിയാനുള്ള പ്രായം അവള്‍ക്കായിട്ടില്ല. പക്ഷേ, എന്തോ കുഴപ്പം നടക്കുകയാണെന്ന് മനസിലാക്കാനുള്ളത്ര ബുദ്ധിയൊക്കെ ഉറച്ചിട്ടുണ്ട്. അതിന്റെ വിഷമമാണ് കുഞ്ഞു മുഖത്ത് വലിയ സങ്കടമായി തെളിഞ്ഞു കാണുന്നത്‌‌.

ഞാന്‍ എവടെ വേണെങ്കിലും ഒപ്പിട്ടു തരാം. കടലാസ് കൊണ്ടുവന്നിട്ടുണ്ടെങ്കില് ഇപ്പത്തന്നെ താ”
മേശപ്പുറത്തിരുന്ന്‍ മറിച്ചു നോക്കിക്കൊണ്ടിരുന്ന വാരികയ്ക്കിടയില്‍ നിന്ന് ഫ്രാങ്ക്ലിനളിയന്‍ മുദ്രപ്പത്രം എടുത്ത് നീട്ടി.
അതിലെല്ലാം വെടിപ്പായി എഴുതി വെച്ചിട്ട്ണ്ട്. നിനക്കുള്ളതൊക്കെ നേരത്തെ തന്നെ കിട്ടീന്നും, ഇനി ഒരു ലക്ഷത്തിന് ഒഴിമുറിയ്ക്ക് സമ്മതാണെന്നും. പിന്നെ അപ്പന്റെ ഓഹരി... അത് അപ്പനെ നോക്കണോര്‍ക്ക്ള്ളതാ. സെലിനതിന് സമ്മതിച്ചിട്ട്‌‌ണ്ട്. അപ്പന്റെ കാലശേഷം അതവള്‍ക്കാണ്. ഇനി നിനക്ക് അപ്പനെ നോക്കാനുദ്ദേശണ്ട്ച്ചാ ഇപ്പഴാ പറയണം. നമുക്ക് ഭാഗപത്രം മാറ്റിയെഴുതിക്കാം.”
കടലാസ് വായിച്ചു നോക്കേണ്ട ആവശ്യം ഇനിയില്ല, ഉള്ളടക്കം സോഫിയ തന്നെ അറിയിച്ചു. ഇനിയൊന്നും തന്നെ മറുത്തു പറയാനോ, മാറ്റിയെഴുതിക്കാനോ താനില്ല. ഒഴിമുറിപ്പത്രം കൈയ്യിലെടുത്ത ശേഷം അപ്പന്റെ മുറിയില്‍ കയറി വാതിലു ചാരിയിട്ടു.


2.b
മുറിയില്‍ കിടന്നിരുന്ന മരക്കസേരയെടുത്ത് കട്ടിലിന്റെ തലയ്‌‌ക്കാം ഭാഗത്തേയ്ക്കു നിരക്കിയിട്ട് അതില്‍ കയറിയിരുന്നപ്പോള്‍ അപ്പനേക്കാള്‍ തങ്ങള്‍ക്കാണു പ്രായവും അവശതയുമെന്നതുപോലെ കസേരക്കാലുകള്‍ ഞെരങ്ങിക്കരഞ്ഞു. ജീവനുള്ള എന്തിന്റേയോ പുറത്താണ് ഇരിക്കുന്നതെന്നതുപോലെ അമിതഭാരം കൊടുക്കാതെ അതിലിരുന്നുകൊണ്ട് അപ്പനെ നോക്കി. തവിട്ടു നിറമുള്ള കിടയ്ക്കവിരിയില്‍ കണ്ണടച്ച് അനക്കമറ്റു കിടക്കുന്നൊരു മെല്ലിച്ച ശരീരത്തിലെ നേര്‍ത്ത ശ്വാസം മാത്രമായി മാറിയിരിക്കുന്നു‌ നീലങ്കാവില്‍ ഫ്രാന്‍സിസ്. വെളുത്ത കിടയ്ക്കവിരികളായിരുന്നു അപ്പനിഷ്ടം; അതാകട്ടേ ഈരണ്ടു ദിവസം കൂടുമ്പോള്‍ കഴുകിയലക്കണമെന്നതും നിര്‍ബന്ധമായിരുന്നു. വല്ല്യമ്മച്ചിയ്ക്കും, അമ്മച്ചിയ്ക്കും ആവതുള്ള കാലത്ത് അവരാണ് അതൊക്കെ ചെയ്തിരുന്നത്. തിരക്കിനിടയില്‍ അവരെങ്ങാന്‍ അതു മറന്നുപോയാല്‍ ചെറിയൊരു പിണക്കത്തോടെ അപ്പന്‍ തന്നെയത് കാരവെള്ളത്തില്‍ മുക്കി അടിച്ചു നനച്ചു അലക്കിയെടുക്കും. കുസൃതിയോടെ അതു നോക്കി നില്‍ക്കുന്ന മക്കളോട് കള്ളപ്പിണക്കത്തോടെ എന്തൊക്കെയോ പിറൂപിറുക്കും. അതിനു മറുപടിയായി “കാരം പോരെങ്കില് കൊറച്ച് അഹങ്കാരം കൂടെ വെള്ളത്തിക്കലക്കാന്‍ പറ മക്കളേ. അപ്പോ തുണി നന്നായി വെളുക്കും" എന്ന് അമ്മച്ചി അടുക്കളയില്‍ നിന്ന് തറുതല പറയും. അതു കേള്‍ക്കുമ്പോള്‍ അപ്പന്‍ ചിരിയമര്‍ത്താന്‍ പാടുപെട്ട് നനവുള്ള കൈത്തണ്ടകൊണ്ട് ചുണ്ടുകള്‍ ചേര്‍ത്തുരയ്‌‌ക്കും. കിടയ്ക്കവിരി അലക്കിയുണക്കാനിട്ട ശേഷം തിരികെ വരുന്നേരം അമ്മച്ചിയുടെ കുപ്പായത്തില്‍ തന്റെ നനവുള്ള കൈ തുടയ്ക്കുന്നതോടെ തീരുന്നതായിരുന്നു അപ്പന്റെ പിണക്കം. “കെടക്കണ കെടപ്പില് തീട്ടോം, മൂത്രോം പോണ ആളടെ കെടക്കേമ്മെ തൂവെള്ള വിരിപ്പന്നെ വേണന്ന് വെച്ചാലേ കൊറച്ച് കടന്ന് പോകും. ഇതാകുമ്പ മുഷിഞ്ഞാലും, പാടു വീണാലും അത്ര പെട്ടെന്നൊന്നും അറിയില്ലെ"ന്ന സെലിന്റെ പ്രായോഗിക ബുദ്ധിയാലാണ് തളര്‍ന്നു വീണ ശേഷം അപ്പന്റെ കിടയ്ക്കവിരിയ്‌‌ക്ക് തവിട്ടു നിറമായത്. മയങ്ങിക്കിടക്കുന്ന അപ്പനു നേരെ കൈയ്യിലിരിക്കുന്ന ഒഴിമുറിപ്പത്രം നീട്ടുമ്പോള്‍ എന്താണ് പറയേണ്ടതെന്നോര്‍ത്ത് കുഴങ്ങി. വിറയ്ക്കുന്ന കൈകളില്‍ നീട്ടിപ്പിടിച്ച കടലാസ് താളില്‍ തന്റേയും അപ്പന്റേയും ജീവിതങ്ങള്‍ വായിച്ചെടുക്കാന്‍ ഒരു പാഴ്ശ്രമത്തിനൊരുങ്ങി.

ചെങ്ങാലൂരുകാരന്‍ നീലങ്കാവില്‍ ഫ്രാന്‍സിസിന്റെയും, തെരേസയുടെയും മക്കളില്‍ ജീവിച്ചിരിക്കുന്നവരില്‍ മൂന്നാമനായിരുന്നു ഗോര്‍ക്കി സെബാസ്റ്റ്യന്‍. പള്ളിയിലിട്ട പേര് സെബാസ്റ്റ്യനെന്നാണ്, അതും തെരേസയുടെ നിര്‍ബന്ധം കൊണ്ടു മാത്രം. സൂസന്നയേയും സോഫിയയേയും പെറ്റതിനു ശേഷം എട്ടു വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായി മൂന്നു ഗര്‍ഭം അലസിക്കഴിഞ്ഞ് നാലാമത്തെ തവണ വയറ്റില്‍ ജീവന്‍ കുരുത്തപ്പോള്‍ തെരേസ വേവലാതി പൂണ്ടു. "നിന്റെ കെട്ട്യോനോ തരിമ്പ് ദൈവ ഭയല്ല്യ. ഇനീണ്ടാവണ കുഞ്ഞെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിയ്ക്ക്. ആങ്കൊച്ചാണെങ്കില് സെബസ്ത്യാനോസു പുണ്യാളന്റെ പേരിട്ടോളാമെന്നു നേര്‍ച്ച നേര്" ഫ്രാന്‍സിസിന്റെ അമ്മച്ചി തെരേസയെ ഉപദേശിച്ചു. ഒരു കൈ അടിവയറ്റിലും, മറുകൈ നെഞ്ചത്തും വെച്ച് മാസങ്ങളോളം തെരേസാ മനസറിഞ്ഞു പ്രാര്‍ത്ഥിച്ചു. അതു കാണുമ്പോഴെയ്ല്ലാം ഫ്രാന്‍സിസ് ഉള്ളാലെ ചിരിച്ചു, തെരേസയെ പിണക്കാതിരിക്കാന്‍ പുറമേയ്ക്ക് ഗൗരവം നടിച്ചു. ക്രിസ്തുമസിന്റെ തലേന്നു മാത്രം പള്ളിയില്‍ പോകുന്ന സത്യ ക്രിസ്ത്യാനിയും, കറ തീര്‍ന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു നീലങ്കാവില്‍ ഫ്രാന്‍സിസ്. ക്രിസ്‌‌ത്യാനികളെല്ലാം ജന്മ‌‌നാ കോണ്‍ഗ്രസുകാരാണെന്ന് പറച്ചിലുള്ള നാടായിരുന്നു അത്. വേറൊരു പാര്‍ട്ടിയിലേയ്ക്കു ചേക്കേറാന്‍ മറ്റൊരു മാമ്മോദീസാ തന്നെ വേണമായിരുന്നു ഫ്രാന്‍സിസിന്. വിമോചന സമരക്കാലത്താണ് തെരേസയുമായുള്ള കല്യാണാലോചന ഏകദേശം ഉറപ്പിച്ചത്. "ചെറുക്കന്‍ കമ്മുവാണെന്നും പറഞ്ഞ് ആരാണ്ടൊക്കെ ഉടക്കു പറയാന്‍ വന്നെന്ന്" മൂന്നാമന്‍ അറിയിച്ചപ്പോള്‍ "എല്ലാം മൊഖത്ത് നോക്കി തൊറന്ന് പറഞ്ഞിട്ടുള്ള കല്യാണമാണെങ്കില് മാത്രം മതി. അല്ലാണ്ട് പെണ്ണു കിട്ടില്ലാച്ചാല് എനിക്കത് വേണ്ട. കെട്ടിയ പെണ്ണിനെ ഞായറാഴ്‌‌ചക്കുര്‍ബാനയ്ക്ക് കൊണ്ടോവാനും, രാത്രിയില് പ്രാര്‍ത്ഥനയ്ക്ക് കൂടാനും, വടക്കനച്ചന്റെ ഉച്ചപ്രാന്തിന് കൂട്ടു കൂടാനുമൊന്നും എന്നെക്കൊണ്ട് പറ്റില്ല. അതിന്റെ പേരില് കണ്ണീരും, കൈയ്യും, മോന്തായം വീര്‍പ്പിക്കലുമൊന്നും കാണാനും വയ്യെ"ന്ന് തുറന്നടിച്ച പ്രകൃതക്കാരനായിരുന്നു ഫ്രാന്‍സിസ്.

റഷ്യന്‍ സാഹിത്യകാരനായിരുന്ന മാര്‍ക്സിം ഗോര്‍ക്കിയോട് സഖാവ് ഫ്രാന്‍സിസിനുള്ള ആരാധന കലര്‍ന്ന ഇഷ്ടമായിരുന്നു തന്റെ മകന്റെ പേര്. അമ്മായിയമ്മയുടെ പ്രാര്‍ത്ഥന നിറഞ്ഞ ഉപദേശം കേട്ട തെരേസ ആണ്‍കുഞ്ഞെങ്കില്‍ സെബാസ്റ്റ്യനെന്ന് പേരുറപ്പിക്കുന്നതിലും മുന്നെ തന്നെ ഫ്രാന്‍സിസ് അതു തീരുമാനിച്ചിരുന്നു. പാര്‍ട്ടി സമ്മേളനത്തിന് തൃശൂരെത്തിയ ഇ.എം.എസ് തേക്കിന്‍കാട് മൈതാനിയിലെ സ്റ്റേജില്‍ നിന്ന് ഗോര്‍ക്കിയുടെ സാഹിത്യ-രാഷ്ട്രീയ ചിന്തകളെക്കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ വിക്കിവിക്കി പറഞ്ഞപ്പോള്‍ "അത് മതി, ആ പേരന്നെ മതി"യെന്ന് അയാള്‍ ആവര്‍ത്തിച്ചുറപ്പിച്ചു. സെബാസ്റ്റ്യന്‍ ജനിക്കുമ്പോള്‍ ഫ്രാന്‍സിസ് പഞ്ചായത്തു മെമ്പറാണ്. സെബാസ്റ്റ്യന് പത്തു വയസുള്ളപ്പോള്‍ തെരേസ പിന്നെയും ഗര്‍ഭം ധരിച്ച് സെലിനെ പ്രസവിച്ചു. മക്കളെല്ലാം വളര്‍ന്നു, പെണ്മക്കളെ കെട്ടിച്ചയച്ചു. മകന്‍ ജോലിയ്ക്കാണെന്നും പറഞ്ഞ് നാടുവിട്ടു, അമ്മച്ചിയും ഭാര്യയും മരിച്ചു... അങ്ങനെ ജീവിതത്തിലെ പല ദശകളിലും കാലങ്ങളിലുമായുള്ള തിരഞ്ഞെടുപ്പുകളില്‍ ജയവും, തോല്‍വിയുമെല്ലാം മാറിമാറി അറിഞ്ഞെങ്കിലും ഒരു പഞ്ചായത്തു മെമ്പറില്‍ കൂടുതലായി അയാള്‍ സ്വയം വളര്‍ന്നില്ല. തനിക്കു ചുറ്റുമുള്ളവരുടെ പരാതി കേള്‍ക്കുക, തന്നാല്‍ കഴിയുന്നത്ര സഹായം ചെയ്യുക, പാര്‍ട്ടി മീറ്റിംഗുകളിലും ജാഥകളിലും മുടങ്ങാതെ പങ്കെടുക്കുക, ഞായറാഴ്‌‌ച‌‌കളിലെ പാചകം സ്വയം എറ്റെടുക്കുക, തെരേസയുണ്ടായിരുന്ന കാലത്ത് പതിവ്‌ സ്നേഹം കൂടലിനു ശേഷം അന്നന്നത്തെ വിശേഷങ്ങള്‍ ഏറ്റു പറഞ്ഞു മയങ്ങുക, പരമ്പരാഗതമായി ഭാഗം കിട്ടിപ്പോന്ന ചെങ്ങാലൂര്‍ പാടത്തെ കൃഷി നടത്തുക, തന്റെ ചെറുപ്പത്തിലേ അപ്പന്‍ മരിച്ചിട്ടും രണ്ട് പെങ്ങന്മാരെയും മറ്റാരുടെയും സഹായം കൂടാതെ മൂന്ന് പെണ്‍മക്കളേയും അന്തസ്സായി കെട്ടിച്ചു വിട്ടെന്ന് വീമ്പു പറയുക,... അതൊക്കെ തന്നെ ധാരാളമായിരുന്നു നീലങ്കാവില്‍ ഫ്രാന്‍സിസിന്.

പെണ്മക്കള്‍ തെരേസയെപ്പോലെ ദൈവഭയമുള്ള കുട്ടികളായി വളര്‍ന്നു; ഗോര്‍ക്കി സെബാസ്റ്റ്യന്‍ പേരുഗുണം കാണിച്ചു. അമ്മയുടെ വിശ്വാസത്തിനും, അപ്പന്റെ രാഷ്ട്രീയത്തിനും ഇടയില്‍ ആകുലപ്പെട്ട് അവനതു രണ്ടും ഉപേക്ഷിച്ചു. ഇം.എം.എസിനോടും, പാര്‍ട്ടിയോടും, ഉള്ളതിനേക്കാള്‍ സ്നേഹമായിരുന്നു ഫ്രാന്‍സിസിന് തന്റെ മകനോട്. അതുകൊണ്ടു തന്നെ ആവശ്യത്തിനും, അനാവശ്യത്തിനുമുള്ള സ്വാതന്ത്ര്യം കൊടുത്താണ് അയാളവനെ വളര്‍ത്തിയത്. പഠിപ്പിലും കൂടുതല്‍ ശ്രദ്ധ ചിത്രം‌വരയില്‍ കാണിച്ചപ്പോഴോ, പാതിരാപ്പടം കണ്ട് വൈകി വീട്ടിലെത്തിയപ്പോഴോ, മുറിയില്‍ സിഗററ്റു കുറ്റികള്‍ കണ്ടപ്പോഴോ, പെട്ടെന്നു ജോലി കിട്ടാനുള്ള പഠിപ്പിന് പകരം തൃശൂര്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ഡിപ്ലോമയ്ക്ക് ചേര്‍ന്നപ്പോഴോ, കോഴ്സ് കഴിഞ്ഞതിനു ശേഷം നക്‌‌സല്‍ അനുഭാവമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചതിന്റെ പേരി‌ല്‍ പോലീസുകാര്‍ തിരഞ്ഞുവന്നപ്പോഴോ ഒന്നും തന്നെ അയാള്‍ തന്റെ മകനെ ശാസിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്തില്ല. അങ്ങനെ ചെയ്യണമെന്ന് തെരേസ കരഞ്ഞു പറയുമ്പോഴൊക്കെ "അവനെല്ലാം കണ്ടും, കൊണ്ടും പഠിക്കട്ടേടീ. പോണടത്തോളം പോട്ടേന്ന്. പോയ വഴ്യോളൊക്കെ തിരിച്ച് വരാനുങ്കൂടി ഒള്ളതല്ലേ? അവനവനെ തിരിച്ചറിഞ്ഞ് മടങ്ങി വരണ ദെവസം ഞാന്‍ അങ്ങാടീലെ ഏറ്റവും വല്ല്യ പന്നീനെ അവനു വേണ്ടി അറുത്താ കറിവെയ്ക്കും" എന്നു മറുത്തു പറഞ്ഞു. അങ്ങനെയൊക്കെ സ്നേഹിച്ചും കയര്‍ത്തും വെല്ലുവിളിച്ചുമൊക്കെ നടന്ന മനുഷ്യനാണ് തെരേസ മരിച്ചതോടെ ഒരു വശം ഇടിഞ്ഞെന്ന പോലെ മനസു കൊണ്ട് തളര്‍ന്നത്, തീര്‍ത്തും ഒറ്റയായത്, അസുഖക്കാരനായത്, ഒരു ദിവസം കുഴഞ്ഞു വീണത്. ആ വീഴ്ച‌‌യ്ക്ക ശേഷം കട്ടിലില്‍ നിന്ന് എഴുന്നേറ്റിട്ടില്ല, സംസാരിച്ചിട്ടില്ല, അനങ്ങിയിട്ടില്ല. കോരിക്കൊടുക്കുന്ന ഭക്ഷണം ആയാസപ്പെട്ട് ഇറക്കുന്നതിനപ്പുറം ആ ശരീരം ചലനമറ്റു കിടന്നു.

അമ്പ് പെരുന്നാളിന്റെ ബാന്റുസെറ്റ് മേളം വീടിനടുത്തെത്തിയതിന്റെ ശബ്ദം കേട്ടാണ് ഓര്‍മ്മകളില്‍ നിന്ന് ഞെട്ടിയെണീറ്റത്. എത്ര നേരമാണ് ഒരേയിരിപ്പ് ഇരുന്നതെന്നറിയില്ല. വിറയ്ക്കുന്ന കൈകളില്‍ നീട്ടിപ്പിടിച്ച ഒഴിമുറിപ്പത്രത്തിലേയ്ക്ക് അപ്പന്‍ കണ്ണു തുറന്നു നോക്കിയതേയില്ല. പക്ഷേ അപ്പനോടു പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ന്നിട്ടുണ്ട്, ചില ഉറച്ച തീരുമാനങ്ങളൊക്കെ താനെടുത്തും കഴിഞ്ഞു. അതിനപ്പന്റെ മറുപടി എന്തായിരിക്കുമെന്നു മാത്രം നിശ്ചയം പോരാ. വല്ലാതെ സങ്കടം തോന്നുമ്പോള്‍ കണ്ണു നിറയുമെന്നതാണ് അപ്പന്റെ ആകെയുള്ള പ്രതികരണം. ഇന്ന് കണ്ണു തുറന്നൊന്ന് നോക്കുന്നതു പോലുമില്ല. രാവിലത്തെ ഭക്ഷണവും, ഗുളികയും കഴിച്ചതിന്റെ മയക്കത്തിലാകണം. ഏതു നേരവും, പ്രാക്കും, വായിട്ടലച്ചിലുമാണെങ്കിലും അക്കാര്യത്തിലൊന്നും ഒരു മുടക്കവും സെലിന്‍ വരുത്താറില്ല. മയക്കത്തില്‍ അപ്പന്റെ വായില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ഉമിനീര്‍ ഉടുത്ത മുണ്ടിന്റെ കോന്തലകൊണ്ട് തുടയ്ക്കുന്നേരത്താണ് ചാരിയ വാതില്‍ തള്ളിത്തുറന്ന് കിങ്ങിണി മുറിയ്ക്കകത്തേയ്ക്ക് വന്നത്.
ന്തേ ചെയ്യനേ?”
ഞാനേയ് നമ്മടപ്പാപ്പന് ഉവ്വാവുണ്ടോന്ന് നോക്കീതാ"
ഇപ്പ ഉവ്വാവ്വൂന്റാ?”
ഏയ്.. അപ്പാപ്പന്‍ ഒറങ്ങാണ്"

2.c
കിങ്ങിണിയേയും വാരിയെടുത്ത് മുറിയുടെ വാതില്‍ തള്ളിത്തുറന്ന് പുറത്തിറങ്ങി. തീന്‍മേശപ്പുറത്തെ സംഘം പിരിഞ്ഞിരുന്നില്ല. കണ്ടപാടേ സോഫിയ ഓടിവന്ന് കൈയ്യില്‍ നിന്ന് മുദ്രപ്പത്രം തട്ടിപ്പറിച്ചു നിവര്‍ത്തി നോക്കി.
ഇതിലൊപ്പിട്ടട്ടില്ലാലോ. പെ‌‌യ്‌‌ന്റിംഗ് വരയ്ക്കാനൊന്നല്ലല്ലോ പറഞ്ഞത്. നിന്റെ ഒടുക്കത്തെ ഒപ്പൊന്ന് കുത്തി വരയ്ക്കാന്‍ എത്ര നേരം വേണം?”
കെടന്ന് ചെലയ്ക്കണ്ട. ഞാനൊപ്പിട്ട് തരാം. പക്ഷേ, ഇന്നുച്ചയ്ക്ക് മുന്നെ എനിക്കത്യാവശ്യായിട്ട് അയ്യായിരം രൂപ വേണം"
എന്ത് കാര്യത്തിനാണ് നിനക്കിപ്പോ അയ്യായിരത്തിന്റെ ഏനക്കേട്?”
സെലിന്‍ ഉടക്കു ചോദ്യവുമായി നേരെ മുന്നില്‍ വന്നു നിന്നു.
കാര്യം എന്തെങ്കിലുമാവട്ടേ. നിന്റേല് കാശ്ണ്ടാ? നിന്റെ കെട്ട്യോന്‍ ഗള്‍ഫീന്ന് അയച്ചു തരണത് വരുന്നത് വരെ കാക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. ബാക്കീള്ളോരൊക്കെ ഇവിടെത്തന്നീണ്ടല്ലോ. ഉച്ചയ്ക്കു മുന്നെ എനിക്ക് കാശ് കിട്ടണം. അപ്പത്തന്നെ ഒപ്പിട്ട് തരാം"
നീയിങ്ങനെ വഴക്കടിക്കാതെടാ സെബാനേ. അമ്പിന്റെയന്ന് നല്ലോരു ദിവസായിട്ട് വീട്ടിലാകെ തമ്മില്‍ തല്ലാണെന്ന് നാട്ടുകാര് വിചാരിക്കും"
സൂസന്ന വീണ്ടും സങ്കടപ്പാതിയായി.
"ഞാന്‍ വഴക്കിനോ, വക്കാണത്തിനോ ഒന്നും ഇല്ലെന്റെ ചേച്ചീ. കൊറച്ച് കാശാവശ്യണ്ട്ന്ന് പറഞ്ഞല്ലേ ഉള്ളോ. നിങ്ങളാണെങ്കില് എനിക്കൊരു ലക്ഷം രൂപ തരാന്ന് ഏറ്റതല്ലേ . ആ എടപാടീന്ന് ഈ അയ്യായിരം കൊറച്ചിട്ടാ തന്നാ മതി. എന്താ സമ്മതിച്ചോ?"
ഒരു പതിനഞ്ച് മിനിറ്റ് സമയം താ സെബാസ്റ്റ്യാ. ഞാന്‍ ടൗണിലെ ഏടീയെമ്മില് പോയിട്ട് കാശിപ്പത്തന്നെ കൊണ്ടോന്ന് തരാം"
ഫ്രാ‌‌‌ങ്ക്ലി‌‌‌‌ന്‍ കാര്യങ്ങള്‍ക്ക് പെട്ടെന്നു തന്നെ തീരുമാനമുണ്ടാക്കി.

3.a
കിങ്ങിണിയെ ഒക്കത്തെടുത്ത് ഉമ്മറത്തെത്തിയപ്പോള്‍ അമ്പും കൊണ്ട് ബാന്റ് സെറ്റുകാര്‍ മുറ്റത്തെത്തിയിരുന്നു. ബഹളവും, ആള്‍ക്കൂട്ടവും കണ്ട് കുഞ്ഞ് പേടിയ്ക്കുമെന്നാണ് കരുതിയത്. എന്നാല്‍ അകമ്പടിക്കാര്‍ നിരത്തിപ്പിടിച്ചിച്ചിരുന്ന മുത്തുക്കുടകളിലേയ്ക്കു കണ്ണുനട്ട് അവള്‍ ബാന്റുമേളത്തിന് തലയിളക്കി പുഞ്ചിരിച്ചു. സ്വര്‍ണ്ണത്തിന്റെ അമ്പ് വച്ച താലവുമായി ഒരു പയ്യന്‍ ഉമ്മറത്തേയ്ക്കു കയറി വന്നു. താലത്തില്‍ സെബസ്ത്യാനോസിന്റെ ദീനത നിറഞ്ഞ ഒരു ചിത്രമുണ്ടായിരുന്നു; ഇറ്റാലിയന്‍ നവോത്ഥാന ചിത്രകാരനായ ജിയോവന്നി അന്റോണിയോ ബാസ്സി [1]വരച്ചതിന്റെ വികലാനുകരണം. കുന്നിന്‍ പ്രദേശത്തെ ഒരു മരത്തില്‍ കൈകള്‍ പുറകിലേയ്ക്കു ബന്ധിച്ച നിലയില്‍ കഴുത്തിലും വയറ്റിലും തുടയിലുമെല്ലാം അമ്പേറ്റു പുളയുന്ന സെബസ്ത്യാനോസിന്റെ പീഡിത രൂപം. പുണ്യാളന്റെ തലയ്ക്കു മുകളില്‍, മരത്തിനോടു ചേര്‍ന്ന് ഒരു കുഞ്ഞു മാലാഖയെക്കാണാം. മാലാഖയുടെ കൈയ്യില്‍ സെബസ്ത്യാനോസിന്റെ തലയില്‍ ചാര്‍ത്താനുള്ള വിശുദ്ധ കിരീടമുണ്ട്. ആയാസപ്പെട്ടു തലയുയര്‍ത്തി മാലാഖയുടെ മുഖത്തേയ്ക്ക് ദീനതയോടെ ഉറ്റു നോക്കുന്ന സെബസ്ത്യാനോസിന്റെ ഒറിജിനല്‍ പെയിന്റിംഗ് ഫ്ലോറന്‍സിലെ പിറ്റി പാലസില്‍ വച്ചു നേരില്‍ കണ്ടിട്ടുണ്ട്. അന്നതു കാണുമ്പോള്‍ തന്റെ വലതു കൈ കൂട്ടുകാരിപ്പെണ്‍കുട്ടിയുടെ തോളിലായിരുന്നു. അരയിലൂടെ കൈയ്യിട്ട് തന്നെ സ്വന്തം ശരീരത്തോട് ചേര്‍ത്തു പിടിച്ചുകൊണ്ടാണ് അവള്‍ സെബസ്ത്യാനോസിന്റെ കഥ പറഞ്ഞത്. മതമര്‍ദ്ദനം ആരംഭിച്ച കാലമായിരുന്നെങ്കിലും റോമന്‍ പട്ടാളക്കാരനായിരുന്ന സെബസ്ത്യാനോസ് ഒരു ക്രൈസ്തവ വിശ്വാസിയാണെന്ന് ചക്രവര്‍ത്തിമാരായ ഡയോക്ലേഷ്യനും മാക്‌സിമിയനും അറിയില്ലായിരുന്നു. അവര്‍ സെബസ്ത്യാനോസിനെ ഒരു പട്ടാള വകുപ്പിന്റെ മേധാവിയാക്കി. അങ്ങനെയിരിക്കെയാണ് മാര്‍ക്കൂസ്‌, മര്‍ച്ചെല്ലിയാനൂസ്‌ സഹോദരങ്ങളെ ക്രിസ്‌ത്യാനികളാണെന്ന കാരണത്താല്‍ തുറുങ്കിലടയ്ക്കാന്‍ ചക്രവര്‍ത്തി കല്‍പ്പന പുറപ്പെടുവിച്ചത്. അവര്‍ വിശ്വാസം ത്യജിക്കുന്നതു വരെ പീഡിപ്പിക്കാനും, അതിനു തയ്യാറായില്ലെങ്കില്‍ വധിക്കാനുമായിരുന്നു ഉത്തരവ്. കൊടിയ പീഡനങ്ങള്‍ക്കിടയിലൊരു ദിവസം ക്രൈസ്തവ സഹോദരങ്ങളുടെ മാതാപിതാക്കളും ഭാര്യമാരും തടവറയില്‍ ചെന്നു കണ്ട് വിശ്വാസം വെടിയാന്‍ അവരെ പ്രേരിപ്പിച്ചു. അതിവര്‍ സമ്മതം മൂളാന്‍ തയ്യാറായ നിമിഷത്തിലാണ് 'ക്രിസ്തുവിന്റെ യോദ്ധാക്കളേ'യെന്ന സംബോധനയോടെ സെബസ്ത്യാനോസ് അവിടെയെത്തി ക്രൈസ്തവ വിശ്വാസം വെടിയുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചത്. ഭൂമിയിലെ രാജാക്കന്മാരെയല്ല, സ്വര്‍ഗ്ഗീയ ചക്രവര്‍ത്തിയോടാണ് വിധേയത്വം കാണിക്കേണ്ടതെന്നു പറഞ്ഞുകൊണ്ട് സെബസ്ത്യാനോസ് അവരെ ആശ്വസിപ്പിച്ച നിമിഷത്തില്‍ ഒരു വലിയ പ്രഭാവലയം പ്രത്യക്ഷപ്പെടുകയും വെളുത്ത വസ്ത്രം ധരിച്ച ഒരു കുട്ടി ഏഴ്‌ മാലാഖാമാരോടൊത്തു വന്ന്‌ സെബസ്‌ത്യാനോസിനെ അഭിവാദനം ചെയ്തുകൊണ്ട് വചനം ഘോഷിക്കുകയും ചെയ്തു. മതമര്‍ദ്ദനം രൂക്ഷമായ റോമില്‍ സെബസ്‌ത്യാനോസിനും രക്ഷയില്ലായിരുന്നു. കെട്ടിയിട്ട നിലയില്‍ അമ്പെയ്തു കൊല്ലാനായിരുന്നു ചക്രവര്‍ത്തി ശിക്ഷ വിധിച്ചത്. ബന്ധനസ്ഥനായ സെബസ്‌ത്യാനോസിന്റെ ശരീരമാകെ കൂരമ്പുകള്‍ തറഞ്ഞു കയറി. സെബസ്ത്യാനോസ് മരിച്ചെന്നു കരുതി പടയാളികള്‍ തിരിച്ചു പോയി. എന്നാല്‍ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്രാപിച്ച്‌ കൊട്ടാരത്തിലെത്തിയ സെബസ്‌ത്യാനോസിനെക്കണ്ട്‌ ചക്രവര്‍ത്തി ഭയന്നു. രാജകിങ്കരന്മാര്‍ സെബസ്ത്യാനോസിനെ അടിച്ചു കൊന്നു.

ഫ്ലോറന്‍സില്‍ വെച്ചു കണ്ട ഒറിജിനല്‍ പെയിന്റിംഗിലെ മാലാഖയ്ക്ക് കൂട്ടുകാരിപ്പെണ്‍കുട്ടിയുടെ മുഖമാണെന്ന് തോന്നിയിരുന്നു. എന്നാല്‍ അമ്പിന്റെ താലത്തിലിരിക്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോയിലെ മാലാഖയ്ക്ക് കിങ്ങിണിയോടാണ് കൂടുതല്‍ സാമ്യം. താലമേന്തിയ പയ്യന് കൂട്ടായി മറ്റൊരാള്‍ കൂടി ഉമ്മറത്തേയ്ക്ക് കയറി വന്നു. അരിയും, മലരും, കുരുമുളകും, കോഴി മുട്ടയും, നാണയത്തുട്ടുകളും, നോട്ടുകളും നിറഞ്ഞ താലത്തില്‍ നിന്ന് ഒരു നുള്ള് അരിയെടുത്ത് കിങ്ങിണിയുടെ വായിലേയ്ക്കിട്ടു കൊടുത്തു. പൊടുന്നനെ ബാന്റുമേളം നിലച്ചപ്പോള്‍ കുഞ്ഞു വായില്‍ അരിമണി കൊറിക്കുന്നതിന്റെ ശബ്ദം കേട്ടു. പയ്യന്റെ കൂടെ നിന്നയാള്‍ കൈപ്പുസ്തകം തുറന്ന് പുണ്യാളന്റെ നാമത്തില്‍ പാര്‍ത്ഥന തുടങ്ങി. വീട്ടുകാരെല്ലാവരും അതേറ്റു ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ്, നേര്‍ച്ച സംഭാവനയും വാങ്ങി അവര്‍ മടങ്ങിയതിനു തൊട്ടു പിന്നാലെ ഫ്രാ‌‌‌ങ്ക്ലി‌‌‌‌ന്‍ ബൈക്ക് സ്റ്റാര്‍ട്ടു ചെയ്ത് തിടുക്കത്തില്‍ പുറത്തേയ്ക്കോടിച്ചു പോയി.
പൂത്താറ്റേ കാനിച്ചരോ?”
വീടിനകത്തു കയറിയാലുണ്ടാകുന്ന ചോദ്യങ്ങളേയും, തര്‍ക്കങ്ങളെയും ഭയന്ന് കുഴങ്ങി നില്‍ക്കുന്ന നേരത്താണ് കിങ്ങിണിയുടെ ചോദ്യം. പിന്നാമ്പുറത്തെ പറമ്പില്‍ പാറി നടക്കുന്ന പൂമ്പാറ്റകളെ കാണിച്ചു കൊടുക്കാനായി അവളേയും വാരിയെടുത്ത് ഇറങ്ങി നടന്നു.

4.a
ചെറിയ തലവേദന തോന്നിയപ്പോള്‍ ഒന്നു മയങ്ങാന്‍ കിടന്നതാണ്. ഇത്രയും ബോധം കെട്ടുറങ്ങുമെന്ന് കരുതിയതല്ല. ഊണുമുറിയില്‍ നിന്ന് ബഹളങ്ങളും, മണങ്ങളും എത്തുന്നുണ്ട്. എല്ലാവരും ഉച്ചഭക്ഷണത്തിന്റെ തിരക്കിലാണെന്ന് തോന്നുന്നു. ആരും ഇതുവരെ വന്നു വിളിച്ചില്ല. സാധാരണ നേരം തെറ്റിയ നേരത്താണ് ഊണും ഉറക്കവുമെല്ലാം. എഴുന്നേറ്റ് അടുക്കളയില്‍ ചെന്ന് വല്ലതും സ്വയം എടുത്തു വിളമ്പി കഴിക്കുകയാണ് അമ്മച്ചി മരിച്ചതിനു ശേഷമുള്ള ശീലം. എന്നാല്‍ ഇതു പോലൊരു വിശേഷ ദിവസവും അത് ചെയ്യേണ്ടി വരുന്നതില്‍ എന്തോ വിഷമം തോന്നുന്നുണ്ട്. കിടക്കയില്‍ നിന്നെണീറ്റ് ഷര്‍ട്ടു മാറി പുറത്തിറങ്ങുമ്പോള്‍ ഫ്രാങ്ക്ലിന്‍ ഏല്‍പ്പിച്ച അയ്യായിരം രൂപ പോക്കറ്റില്‍ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി.

4.b
ജനുവരി മാസമായിട്ടും ഉച്ചവെയിലിന് നല്ല ചൂടുണ്ട്. ചുരുണ്ട നീളന്‍ മുടിയിഴകളില്‍ നിന്ന് കഴുത്തിലേയ്ക്ക് വിയര്‍പ്പുചാലുകളൊഴുകി. ഈ നട്ടുച്ചനേരത്ത് ഇങ്ങനെയൊരു നടത്തം പതിവില്ലാത്തതാണ്. അതിന്റെ ആയാസം ശരീരം ശരിക്കറിയിക്കുന്നുമുണ്ട്. അമ്പു പെരുന്നാളിന് വൈകീട്ട് വിരുന്നുകൂടാന്‍ അഞ്ചു കൂട്ടുകാരെ അവരുടെ വീടുകളില്‍ ചെന്ന് ക്ഷണിച്ചപ്പോഴേയ്ക്കും അവശനായി. ക്ഷണിച്ചവര്‍ക്കു വിളമ്പാനുള്ള മദ്യം വാങ്ങാന്‍ ടൗണിലേയ്ക്ക് നടന്നെത്തിയപ്പോഴേയ്ക്കും കിതച്ചു പട്ടിയായി. ബീവറേജിനു മുന്നിലെ നീണ്ട ക്യൂ കൂടെ കണ്ടതോടെ തളര്‍ന്നു വീഴുമെന്ന മട്ടായി. ഈ വെയിലത്ത് ഇത്രയും വലിയ ക്യൂവില്‍ ഒരുപാട് നേരം നില്ക്കാനുള്ള പ്രയാസം കൊണ്ടാണ് തൊട്ടപ്പുറത്തുള്ള ബാറില്‍ കയറിയത്. ചില്ലറ വില്‍പ്പനക്കൗണ്ടറിന്റെ അടുത്തും അത്യാവശ്യം തിരക്കുണ്ട്. എന്താണ് വേണ്ടതെന്നു ചോദിച്ച് ബെയറര്‍ ഒരുവന്‍ അടുത്തെത്തി. സാധാരണ ചില്ലറ വില്‍പ്പനയ്‌‌ക്കുള്ള മദ്യങ്ങള്‍ വിട്ട് മറ്റൊരു റാക്കിലേക്ക് നോട്ടമെറിഞ്ഞു. അതിലൊരു കുപ്പി ചൂണ്ടിക്കാണിച്ചപ്പോള്‍ ബെയറര്‍ പയ്യന്‍ ഒട്ടൊന്നു വിരണ്ടുകൊണ്ട് പറഞ്ഞു.
"അതേയ്... മുടിഞ്ഞ വെല്യാണതിന്. പോരാത്തേന് ഇവിടെ പെ‌‌ഗ് റേറ്റാണ്. അതു വെച്ച് കണക്കൂട്ടുമ്പോ കൊറെ കാശാവൂട്ടാ"
"ഏകദേശം ഏത്ര്യാവും?”
"രണ്ടായിര്യുര്‍പ്പ്യടെടത്ത് വരും"
"എന്നാ അതന്നെ എടുക്ക്, രണ്ട് ബോട്ടില്. മൂന്ന് ചിക്കന്‍ ഫ്രൈ പാര്‍സല്‍ ചെയ്തു വെയ്ക്. ഞാന്‍ കൗണ്ടറില് കാശടച്ചിട്ട് ഇപ്പ വരാം.”
ആയിരത്തിന്റെ അഞ്ചു നോട്ടുകള്‍ അഞ്ചു നിമിഷം കൊണ്ട് ക്യാഷ്‌‌ കൗണ്ടറില്‍ പൊടിഞ്ഞു. നാലഞ്ച് നൂറിന്റെ നോട്ടുകളും, പിന്നെ കുറച്ചു ചില്ലറയും ബാക്കി വന്നത് എണ്ണി നോക്കാതെ പോക്കറ്റിലിട്ടു. പാര്‍സല്‍ വാങ്ങാന്‍ ഇപ്പോള്‍ വരാമെന്നേറ്റ് ബാറിന് പുറത്തിറങ്ങി. കിങ്ങിണിയ്ക്കെന്തെങ്കിലും വാങ്ങണം. വല്ലപ്പോഴും നിസ്സാര വിലയുള്ള മിഠായികള്‍ വാങ്ങിക്കൊടുക്കാറുണ്ടെന്നതൊഴിച്ചാല്‍ കാര്യായിട്ടൊന്നും തന്നെ ഇതുവരെ അവള്‍ക്കു കൊടുത്തിട്ടില്ല. തൊട്ടടുത്തു കണ്ട തുണിക്കടയില്‍ കയറി കുട്ടികളുടെ വസ്ത്രങ്ങള്‍ നിരത്തിയിരിക്കുന്ന ഭാഗത്തേയ്ക്കു ചെന്നു. തൊട്ടു മുമ്പ് ആരോ വലിച്ചു നിരത്തിയിട്ട ഉടുപ്പുകള്‍ മടക്കി വെച്ചുകൊണ്ടിരിക്കുകയായിരുന്നു സെയില്‍സ് ഗേള്‍.
"മൂന്നര വയസ്സുള്ള പെങ്കുട്ടിയ്ക്കുള്ള ഒരുടുപ്പ് വേണം?”
"ഏത് ടൈപ്പാ വേണ്ടത്? കളറേതാ, ലൈറ്റോ ഡാര്‍ക്കോ?”
"ഏതായാലും കൊഴപ്പല്ല്യ. ഇട്ട് കണ്ടാ ഒരു പൂമ്പാറ്റേനെപ്പോലിരിക്കണം"
അതു പറഞ്ഞു തീര്‍ന്നതും രണ്ടുപേരും മുഖത്തോടു മുഖം നോക്കി പുഞ്ചിരിച്ചു. ശേഷം എന്തോ ഒന്ന് ആലോചിച്ചിട്ടെന്ന പോലെ അവള്‍ കടും ചുവപ്പു പൂക്കള്‍ നിറഞ്ഞ ഓറഞ്ചു ഫ്രോക്ക് ചില്ലലമാരയില്‍ നിന്നും പുറത്തെടുത്ത് നിവര്‍ത്തിക്കാണിച്ചു. അതു തന്നെ മതിയെന്ന് സമ്മതിച്ചു കൊണ്ട് ചിരിച്ചു തലയിളക്കി. കാശടച്ച ശേഷം പായ്ക്കു ചെയ്ത ഫ്രോക്കിന്റെ കവറും കൈയ്യില്‍ പിടിച്ച് തിരികേ ബാറിലേയ്‌‌ക്ക്‌‌. മദ്യവും മാംസവും പാര്‍സല്‍ തയ്യാറായിരുന്നു. അതു കൈപ്പറ്റി പുറത്തു കടന്ന ശേഷം ആദ്യം കണ്ട കാലി ഓട്ടോറിക്ഷയ്ക്കു കൈകാണിച്ച് വീട്ടിലേയ്ക്കു തിരിച്ചു.

4.c
ഒരു കാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്ന അഞ്ചു പേരെ വിരുന്നിന് വിളിച്ചിരുന്നു. പക്ഷേ, എത്തിച്ചേര്‍ന്നത് അവരില്‍ മൂന്നു പേര്‍. ചിറ്റിലപ്പിള്ളി സേവ്യര്‍, പള്ളിക്കുന്നത്തെ ഹോനായി, പാലപ്പറമ്പിലെ ഉണ്ണിച്ചെക്കന്‍. കുറച്ചു നാളായി ബന്ധം പുതുക്കലൊന്നും ഇല്ലാത്തതിനാല്‍ ആരും വരുമെന്ന് ഉറപ്പുണ്ടായിരുന്നില്ല; അവരെങ്കിലും വന്നത് നന്നായി. ടീപ്പോയില്‍ എടുത്തു വെച്ചിരുന്ന മദ്യക്കുപ്പികളില്‍ ഒന്ന് കാലിയായിരുന്നു. അടുത്തതു തുറക്കാനുള്ള തിടുക്കത്തിലായിരുന്നു ഉണ്ണിച്ചെക്കന്‍. പതിവുപോലെ രണ്ട് ലാര്‍ജ്ജോടെ ഹോനായി സംസാരം നിര്‍ത്തി എല്ലാം ചിരിയിലൊതുക്കി ഇരുപ്പുറപ്പിച്ചു. മദ്യപാനത്തിന്റേയും, സൗഹൃദ സംഭാഷണങ്ങളുടേയും ഇടയിലും തന്റെ മൊബൈലില്‍ വരുന്ന കോളുകള്‍ ഗൗനിക്കുന്ന തിരക്കിലായിരുന്നു സേവ്യര്‍. തുടരെ നാലഞ്ച് കോളുകള്‍ വന്നതോടെ ഉണ്ണിച്ചെക്കന്റെ ക്ഷമ കെട്ടു.
"നീയിങ്ങനെ ഏത് നേരോം മുള്ളിന്റെ മേലെ നിക്കാണ്ട് ഒന്ന് സമാധാനായിട്ട് ശ്വാസം വിടെന്റെ സേവ്യേ"
"നിനക്കങ്ങനെയൊക്കെ പറയാടാ. സൂപ്പര്‍മാര്‍ക്കറ്റിലിന്ന് നിനക്ക് പകരം അളിയന്‍ ഇരിക്കണോണ്ടല്ലേ ഇന്നത്തെ സമാധാനം. അല്ലെങ്കില് നീ ക്യാഷറു കൗണ്ടറീന്ന് എണീക്കാരുന്നോ പ്‌‌രാക്കേ? അതു പോട്ടേ... ഇന്നേതെങ്കിലും പണച്ചാക്ക് ഫോറിന്‍ന്ന് നാട്ടിലെത്തീണ്ടെന്ന് അറിഞ്ഞൂച്ചാ ദേനെ ഈ ഓനായി നമ്മടെ മുന്നിലിങ്ങനെ ഇരുന്ന് ചിറിക്ക്യാര്‍ന്നോ? പള്ളീം, പെരുന്നാള് വട്ടോം ഒക്കെ കളഞ്ഞിട്ട് എല്‍ഐസി പോളിസീടെ പേപ്പറും കക്ഷത്ത് വെച്ച് ആളെ ക്യാന്‍വാസ് ചെയ്യാനാ പോവില്ലാര്‍ന്നോ? എന്നിട്ടാണ് എല്ലാരും എന്നെയങ്ങട് ഉപദേശിക്കണത്. ഇതേയ് സംഗതി സ്ഥലക്കച്ചോട്ണ്. ആള്ണ്ട്റാ സ്ഥലണ്ട്ട്ടാ, സ്ഥലണ്ട്റാ ആള്ണ്ട്ട്ടാന്ന് നീയൊക്കെ കള്യാക്കണ സംഭവന്നെ. കണ്ണൊന്ന് തെറ്റ്യാമതി മ്മടെ പാര്‍ട്ടീനേം കൊത്തിക്കൊണ്ട് വേറെ മിടുക്കന്മാര് അവരാരടെ വഴിക്ക്യാ പോവും. അതോണ്ട് രാത്രി ലീനേടെ മേത്ത് കയറി കസ‌ര്‍ത്ത് കാണിക്കണ ടൈമിലായാലും മൊബൈലടിച്ചാ ഞാനെടുക്കും. ഒരു കച്ചോടം മിസ്സായാലേ എനിക്കതത്ര നിസ്സാരല്ല.”
"അയ്‌‌നൊക്കെ നീയ്യ് സെബാനെ കണ്ട് പഠി. നമ്മളെപ്പോലെ വല്ല തെരക്കും, മനപ്രയാസൂം‌‌ണ്ടാ അവന്. ഒറ്റ്യാന്‍ തടീടെ ഗുണം. ഗള്‍ഫില് പോവാനാന്നും പറഞ്ഞ് അപ്പന്‍ തന്ന കാശെടുത്ത് ഗ്രീസിലും, ഇസ്രായേലിലും, ഫ്രാന്‍സിലും, ഇറ്റലീലും ഒക്കെ കറങ്ങി നടന്നട്ടവസാനം ആ കാശൊക്കെ തീ‌‌‌‌ര്‍ന്നപ്പ കുത്തുപാള്യായി നാടെത്തിയിട്ടും ഒരു മുട്ടും ഇല്ലാണ്ടങ്ങനെ ജീവിച്ച് പോണുണ്ടല്ലോ. അതാണ്..."
സേവ്യറും ഉണ്ണിച്ചെക്കനും കൂടെയിരുന്ന് പിരികയറ്റി കളിയാക്കുകയാണ്.
"ടാ...അവനെ തോട്ടീട്ടത് മതിട്ടാ. കള്ള് വേടിച്ച് തന്നോനെ കുറ്റം പറഞ്ഞാ കര്‍ത്താവ് പൊറുക്കില്ല"
അവരുടെ മൂപ്പിക്കലൊന്ന് നിര്‍ത്താന്‍ വേണ്ടിയെങ്കിലും ഹോനായി ചിരിയവസാനിപ്പിച്ച് വാ തുറന്നു. മദ്യഗ്ലാസുകള്‍ വീണ്ടും നിറഞ്ഞും, ഒഴിഞ്ഞും സമയം കളഞ്ഞു. ഇടയ്ക്കെല്ലാം കിങ്ങിണി വാതില്‍ മറയത്ത് വന്നെത്തി നോക്കി ചിരിച്ചു. അടുത്തു വരാന്‍ കൈമാടി വിളിച്ചെങ്കിലും അപരിചിതരെ കണ്ടതിന്റെ അന്ധാളിപ്പില്‍ അവള്‍ തിരിഞ്ഞോടിയൊളിച്ചു.

"മ്മടെ പള്ളീല് സെബസ്ത്യാനോസിന്റെ പുത്യോരു തിരുരൂപം മരത്തില് ഉണ്ടാക്കാന്‍ ആലോചന്യേണ്ട്. നിന്റെ പേര് ഞാന്‍ പറഞ്ഞപ്പത്തന്നെ അച്ചനും, കൈക്കാരനും ഒടക്ക് പറഞ്ഞു. ഏല്‍പ്പിച്ച പണി പൂര്‍ത്ത്യാക്കാണ്ട് മുങ്ങി നടക്കണ പെരുന്തച്ചന്‍, ദൈവത്തില് വിശ്വാസല്ല്യാത്തോന്‍ എന്നൊക്കെയാണ് നിന്നെപ്പറ്റി അവര് പറേണത്. അതോണ്ട് തല്‍ക്കാലം വേറെ ആരെക്കൊണ്ടേങ്കിലും ചെയ്യിക്കാനാണ് തീരുമാനം”
ഹോനായി സങ്കടം പറഞ്ഞു.
"അല്ലെങ്കിലും ഇവന്‍ പണിതാല്‍ സെബസ്ത്യാനോസിന്റെ രൂപം ശര്യാവില്ലെന്റെ ഓനായീ. പഴേ തുണ്ട് സിനിമേടെ പോസ്റ്ററിലൊക്കെ കൈയ്യും മോളിലേയ്ക്കു പൊക്കിപ്പിടിച്ച് കക്ഷം കാണിച്ച് ഒരു മാതിരി ആളെ കല്ലാക്കണ ചിരീം ചിരിച്ച് നിക്കണ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? അങ്ങനെ വല്ലതും ആയിത്തീരും പുണ്യാളന്റെ രൂപം. ഇവന്റെ പെയ്‌‌ന്റിംഗ് വല്ലോം നിങ്ങള് കണ്ടിട്ടിണ്ടാ? അഞ്ചിന്റെ പൈസയ്ക്ക് വല്ലോം മനസിലാകാറ്‌‌ണ്ടാ എന്റിഷ്ടന്മാരേ? ”
സേവ്യറിന്റെ ലഹരിച്ചോദ്യത്തിന് മറുപടിയായി എല്ലാവരും ചേര്‍ന്നു ചിരിച്ചു.
"ടാ ഇങ്ങനിരിന്ന് ആളെ ആസ്സാക്കാണ്ട് ആ കണ്ണില് കരിമഷീല്ല്യാത്ത പെണ്ണിന്റെ പാട്ടൊന്നാ പാട്യേ"
ഹോനായി വക അഭ്യര്‍ത്ഥന. കസേരയില്‍ ഒന്നൂടൊന്ന് ഇളകിയിരുന്ന് ഉണ്ണിച്ചെക്കന്‍ സ്വന്തം പാട്ടിന് തുടത്താളമിട്ടു.
"കൈയ്യില്‍ കരിവള അണിയാത്തവളേ... കണ്ണില്‍ കരിമഷി പുരളാത്തവളേ..
കാത്തിരിക്കും കണ്ണാളേ, പുന്നാരപ്പെണ്ണേ... നിന്‍ കാന്തനെത്തും വൈകാതെ പുന്നാരപ്പെണ്ണേ....
മുകിലല മാറ്റിയ വാനിന്‍ കോണില്‍... പനിമതി നീന്തിയടുക്കണ ചേലില്‍...
കായലിനരികെ മീന്‍ വഞ്ചികളുടെ ചെറുകണ്ണുകളിന്‍ മീന്‍ മിന്നിമിനുങ്ങണ്..."
ഉണ്ണിച്ചെക്കന് പാടി മൂച്ചായി തുടങ്ങി. ഹോനായി കൈയ്യടിച്ച് ആവേശം പകര്‍ന്നു. ലഹരി ബഹളത്തിനിടയ്ക്ക് തന്റെ ഫോണ്‍ റിങ്ങ് ചെയ്യുന്നതെങ്ങാനും അറിയാതെ പോകുന്നുണ്ടോ എന്ന സംശയത്താല്‍ സേവ്യര്‍ പോക്കറ്റില്‍ നിന്ന് മൊബൈലെടുത്ത് പലതവണ പരിശോധിച്ചു. നിരാശാഭരിതയായ അജ്ഞാത യുവതിയെ ആശ്വസിപ്പിച്ചു കൊണ്ട് ഉണ്ണിച്ചെക്കന്‍ പാട്ടു തുടര്‍ന്നു.
"കനത്ത കൂരിരുള്‍ തിരയും മുറിച്ചുകൊണ്ട്... കറുത്ത കായലിന്‍ നോട്ടം മറച്ചുകൊണ്ട്...
നെടിയ നെടിയ നെടുവീര്‍പ്പുമുയര്‍ത്തിക്കൊണ്ട്... കരയില്‍ കാറ്റടിച്ചും കരളില്‍ വിതുമ്പിക്കൊണ്ട്...
കാത്തിരിക്കും കണ്ണാളേ, പുന്നാരപ്പെണ്ണേ... നിന്‍ കാന്തനെത്തും വൈകാതെ പുന്നാരപ്പെണ്ണേ...

5.a
എല്ലാവരും പിരിഞ്ഞപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഗ്ലാസും, പ്ലേറ്റുകളുമെല്ലാം എടുത്ത് കൊട്ടത്തളത്തിനടുത്ത് വച്ച ശേഷം മടങ്ങി വരുമ്പോള്‍ കിങ്ങിണി ഓടി വന്ന് കാലില്‍ കെട്ടിപ്പിടിച്ചു. അവളുടെ പുറകില്‍ സെലിനും ഉണ്ട്.
"ഞങ്ങളെല്ലാരും കൂടെ പള്ളീപ്പോയിട്ട് വരാം. നിനക്കാ വിചാരൊന്നും ഇല്ല്യല്ലോ. കിങ്ങിണിയ്ക്ക് മേല് ചെറ്യേ ചൂട്ണ്ട്. ഈ മഞ്ഞത്ത് കൊണ്ടോയാ ശര്യാവില്ല. അവള് നിന്റടുത്ത് നിന്നോളുംന്നാ പറയണേ"
"നിങ്ങള് പൊക്കോ. ഞാനവളെ എന്റെ കൂടെ കെടത്തി ഒറക്കിക്കോളാം"
"മേശപ്പൊറത്ത് കഞ്ഞി വെച്ചിട്ട്‌‌ണ്ട്. മൂടി വെച്ചേക്കണ തട്ടിന്റെ മീതെ ഗുളികേം . പള്ളീല് നല്ല തെരക്കായിരിക്കും. ഞങ്ങള് വരാന്‍ നേരം വൈകീച്ചാ അതൊന്നെടുത്ത് അപ്പന് കൊടുക്കണം"
സെലിന്‍ ഓര്‍മ്മിപ്പിച്ചു. ഒഴിമുറി ഒപ്പിട്ട് കൊടുത്ത ശേഷം അവളുടെ സംസാരത്തിന് ഒരു മയമൊക്കെ വന്നിട്ടുണ്ട്. എത്രയോ‌ കാലത്തിന് ശേഷമാണ് ചീത്ത വിളിയില്ലാത്ത ഒരു വാചകം അങ്ങോട്ടുമിങ്ങോട്ടും മിണ്ടുന്നത് തന്നെ. അപ്പന്‍ തളര്‍ന്നതിനു ശേഷം താന്‍ ഈ വീട്ടില്‍ മനസു തുറന്നൊന്ന് സംസാരിച്ചിട്ടൂണ്ടെങ്കില്‍ അത് കിങ്ങിണിയോടു മാത്രമാണ്. ഇപ്പോള്‍ കിങ്ങിണിയിരിക്കുന്നത് പോലെ ചെറുപ്പത്തില്‍ തന്റെ ഒക്കത്ത് സെലിനും ഇരുന്നിട്ടുണ്ട്. വീട്ടിലെ ഒടുക്കത്തെ കുഞ്ഞായതിന്റെ സകല ലാളനകളും ഏറ്റ് വാങ്ങി വഷളായ പെണ്ണെന്ന് അമ്മച്ചിയുള്ള കാലത്ത് അവളെ കുറ്റപ്പെടുത്തുമായിരുന്നു.

എല്ലാവരും പള്ളിയിലേക്കിറങ്ങിയ ശേഷം കിങ്ങിണിയേയും കൊണ്ട് മുറിയിലെത്തി. അവളുടെ ശരീരത്തിന് നല്ല പനിച്ചൂടുണ്ടായിരുന്നു. കിടക്കയില്‍ കിടത്തിയ ശേഷം പുറത്തു മെല്ലെ കൈതട്ടിക്കൊണ്ട് ഉറക്കാന്‍ ശ്രമിച്ചു. പനിയ്ക്കുള്ള മരുന്ന് കഴിച്ചതിന്റെയാകണം, കിടക്കയില്‍ കിടത്തിയ ശേഷം നേര്‍ത്തൊരു മൂളലോടെ പുറത്ത് അഞ്ചാറു കൈത്തട്ടലേറ്റതും കിങ്ങിണി തളര്‍ന്നുറങ്ങി. അല്ലെങ്കില്‍ കഥ പറച്ചിലും , പാട്ടു പാടലും, ഗുസ്തി കൂടലുമൊക്കെയായി നേരം കുറെ കഴിഞ്ഞാണ് ഉറക്കം പിടിക്കാറുള്ളത്. സെലിന്റെ പണിത്തിരക്കുകള്‍ക്കിടയില്‍ കുഞ്ഞിനെ ഉറക്കുകയെന്നതു മാത്രമാണ് ഈ വീട്ടില്‍ തന്നെക്കൊണ്ടാകെയുള്ള ഉപകാരം. കിടക്കയില്‍ നിന്നെഴുന്നേറ്റു ചെന്ന് മുറിയുടെ ചുമരിനോട് ചേര്‍ന്ന ചെറിയ മരയലമാരയില്‍ നിന്ന് ചെറിയൊരു കുപ്പിയെടുത്ത് മുണ്ടിന്റെ മടിക്കുത്തിലൊളിപ്പിച്ചു. അലമാരയുടെ വാതില്‍പ്പാളികള്‍ സാവകാശം ചേര്‍ത്തടയ്ക്കുമ്പോള്‍ ശബ്ദം കേട്ടു കിങ്ങിണി ഞെട്ടിയുണരാതിരിക്കാന്‍ ശ്രദ്ധിച്ചെങ്കിലും
"
നീ ചെയ്യാന്‍ പോകുന്നത് മഹാപാതകമാണേ”യെന്ന മട്ടില്‍ വിജാഗിരിക്കരച്ചില്‍ മുഴങ്ങി. സുഹൃത്തുക്കള്‍ക്കായി വാങ്ങിയതില്‍ അല്‍പ്പം മാത്രം ബാക്കി വന്ന മദ്യം ഒരു ഗ്ലാസ്സിലേയ്‌‌ക്കു പകര്‍ന്ന്, അതുമെടുത്ത് നേരെ ഊണു മുറിയിലെത്തി. മേശപ്പുറത്ത് അപ്പനുള്ള കഞ്ഞിയും, ഗുളികകളും ഇരിപ്പുണ്ട്. കഞ്ഞിപ്പാത്രത്തിന്റെ തട്ടിന്മേല്‍ മദ്യമൊഴിച്ച ഗ്ലാസു കയറ്റി വച്ച് അപ്പന്റെ മുറിയില്‍ ചെന്നു.

5.b
"എനിക്കു മടുത്തെന്റെപ്പാ... എന്തു കാര്യം ചെയ്യുമ്പോഴും അതിലൊരു ശ്രദ്ധയും, സന്തോഷവും വേണം അല്ലെങ്കില്‍ മടുപ്പ് വരും, മടുപ്പ് പിന്നെ മരവിപ്പാവും, ആ മരവിപ്പൊടുക്കം മനുഷ്യന്റെ മരണത്തിലെത്തൂന്ന് അപ്പന്‍ പറയാറില്ലേ? ഞാനിപ്പോള്‍ മടുപ്പും മരവിപ്പും ഒക്കെക്കഴിഞ്ഞ് മരിപ്പിലെത്തിയെന്നാ തോന്നണത്. സത്യം പറഞ്ഞാല്‍ അപ്പന്റെ വായില്‍ കോരിയൊഴിച്ചു തരണ ഈ കഞ്ഞീലൊഴിക്കാനായിട്ടാ ഞാന്‍ വെഷക്കുപ്പിയെടുത്ത് കൊണ്ടോന്നത്. അതിന്ള്ള ധൈര്യം കിട്ടാനാ കൊറേക്കാലം കൂടി ഞാനിന്ന് കള്ളുകുടിച്ചത്. അപ്പനിങ്ങനെ നരകിച്ചു കെടക്കണ കാണാന്‍ വയ്യാഞ്ഞിട്ട് ദെവസം കൊറച്ചായീ. അലഞ്ഞു തിരിഞ്ഞു കൈയ്യിലെ കാശെല്ലാം തീര്‍ന്ന് ഞാനീ വീട്ടിലെത്തുമ്പോള്‍ എന്റെ കാലി കീശേല് ഈ വെഷക്കുപ്പീം ഉണ്ടാര്‍ന്നു. പലരടേം കളിയാക്കലും, കുത്തുവാക്കും, പ്രാക്കും കേട്ട ദെവസൊക്കെ രാത്രീല് ഇതങ്ങട് കുടിച്ചു സുഖായി കെടന്ന് ഒറങ്ങ്യാലോന്ന് ഞാന്‍ പലതവണ അലോ‌‌യ്‌‌ച്ചതാണ്. പക്ഷേ... ധൈര്യം വന്നില്ല. അല്ലെങ്കില് അപ്പന്‍ പറയണപോലെ മരവിപ്പീന്ന് മുഴുവനായിട്ടും മരിപ്പിലെത്തീണ്ടാര്‍ന്നില്ല... ഇന്ന് ഇതിന്റെ പാതി അപ്പനും, ബാക്കി എനിക്കും വീതം വെച്ച് കഴിക്കാനാര്‍ന്നൂ തീരുമാനം. പക്ഷേ... ഇങ്ങനെ മുക്കാലും മരിച്ച് കെടക്കുമ്പളും, തൊണ്ട വെറച്ച് വെഷമിച്ചാണെങ്കിലും ഈ കഞ്ഞി എറക്കുമ്പോള്‍ അപ്പനതില് ശ്രദ്ധേണ്ട്. എനിക്കിനീം ജീവിക്കണടായെന്ന് പറയണ പോലെ അപ്പന്റെ മൊഖത്തൊരു പൊടിയ്ക്ക് സന്തോഷണ്ട്. അതു കാണുമ്പള് ഇതില് വെഷം കലക്കാന്‍ തോന്നണില്ലപ്പാ...

ഞാനങ്ങനെ വേണംന്ന് വെച്ച് കെട്ടു നാശായിപ്പൊയതൊന്നും അല്ലെന്ന് എന്റെ അപ്പനെങ്കിലും അറിയാല്ലോ. അലച്ചിലും, ആവലാതീം ഒഴിച്ച് ഓരോ പ്രാവശ്യോം ഇവടെ വന്നു കേറുമ്പള് എല്ലാം ആദ്യം പൂത്യം നന്നായിട്ടന്നെ തൊടങ്ങന്ന് വിചാരിക്കും. പക്ഷേ... എന്നെക്കൊണ്ട് പറ്റാഞ്ഞിട്ടാണപ്പാ. ഇങ്ങനെ വയ്യാണ്ട്‌ കെടക്കണ അപ്പന്റെ അടുത്ത് വന്ന് ഇരിക്കണന്നും, ശുശ്രൂഷിക്കണന്നും ഒക്കെ എനിക്ക് തോന്നാറ്ണ്ട് . പക്ഷേ എനിക്ക് വല്ലാണ്ട് വെഷമം തോന്നുമ്പ അത് വന്ന് എണ്ണിപ്പെറുക്കാനല്ലാതെ ഞാന്‍ അപ്പന്റെയടുത്ത് വരാറില്ലല്ലോ. ഞാനെപ്പഴെങ്കിലും അപ്പന് കഞ്ഞി കോരി തന്നിട്ട്ണ്ടാ? മരുന്നെടുത്ത് തന്നിട്ട്ണ്ടാ? അതൊക്കെ പോട്ടേന്ന് വെയ്ക്കാം. ഒറ്റക്കെടപ്പ് കെടന്ന് പൊറം ചൂട് പിടിക്കണ അപ്പനെ കമി‌‌ഴ്‌‌ത്തിക്കെടത്താന്‍ കഷ്ടപ്പെടണ സെലിനെയൊന്ന് സഹായിക്കാന്‍ പോലും ഞാന്‍ കൂടാറില്ല. ഞാനെന്തോ അങ്ങന്യൊക്കെ ആയിപ്പോയെന്റപ്പാ. പക്ഷേ... അതാരോടും ഇഷ്ടല്ല്യാഞ്ഞിട്ടൊന്നും അല്ല. സ്വത്തിന് വേണ്ടിട്ടാണോ അല്ലയോ എന്നത് വേറെ കാര്യം. എന്നാലും ഇനിയുള്ള കാലം അപ്പനെ നോക്കാന്‍ സെലിന്‍ തയ്യാറായല്ലോ. അതവളടെ നല്ല മനസ്സ്. എടുക്കാ കുടിയ്ക്കാ മരിക്ക്യാന്നൊള്ള എടുത്ത് ചാട്ടണ്ടെങ്കിലും അവളത് നന്നായി തന്നെ ചെയ്യുന്ന് എനിക്കൊറപ്പ്ണ്ട്. അപ്പന്റെ സ്വത്ത് മുഴുവന്‍ എഴുതി തന്നാലും അപ്പനെ മരിക്കും വരെ നോക്കാന്‍ എന്നെക്കൊണ്ടാവില്ല. ഞാനെന്തോ ഇങ്ങന്യൊക്കെ ആയിപ്പോയെന്റപ്പാ...”

-നിശബ്ദത-

"ഇന്നെല്ലാര്‍ക്കും ഭയങ്കര സന്തോഷള്ള ദിവസാണ്. ഒഴിമുറിയ്ക്ക് എടങ്കോലിട്ട് നിക്കാതെ ഒപ്പിട്ട് കൊടുത്തതോടെ പെങ്ങന്മാര്‍ക്കും അളിയന്മാര്‍ക്കും ഒക്കെ സന്തോഷായി. കൊറേക്കാലം കഴിഞ്ഞ് ഒന്നു കൂടി കള്ളുകുടിച്ച് വര്‍ത്താനം പറഞ്ഞപ്പോ ഓനായിക്കും, ഉണ്ണിച്ചെക്കനുമൊക്കെ സന്തോഷായി. പിന്നാമ്പൊറത്തെ പറമ്പില് കൊറേ പൂമ്പാറ്റോളെ കണ്ടപ്പോ, പിന്നെ പുത്യേ ഉടുപ്പ് കിട്ടിയപ്പോ കിങ്ങിണിയ്‌‌ക്കും സന്തോഷായി. വയറു വെശന്ന നേരത്ത് കഞ്ഞി കുടിക്കുമ്പോള്‍ അപ്പന്റെ മൊഖത്ത് വരെ ഇതാ സന്തോഷം. പെരുന്നാളിന്റെ ആഘോഷത്തില് ഇന്ന് നാട്ടാര്‍ക്കൊക്കെ സന്തോഷം. ചാകാനാണെങ്കില് എനിക്കിനി ഇതിലും നല്ലൊരു ദിവസം ഇല്ലന്റെപ്പാ. സെബസ്‌‌ത്യാനോസിന്റെ അമ്പിന്റെ അന്നന്നെ ആയ്‌‌ക്കോട്ടേ സെബാന്റെ‌‌...”
പാതിയ്ക്കു വച്ച് ശബ്ദം തൊണ്ടയില്‍ കുരുങ്ങി. അപ്പന്റെ കഞ്ഞിപ്പാത്രം താഴെയിറക്കി വച്ച ശേഷം മദ്യം നിറച്ച ഗ്ലാസ്സിലേയ്‌‌ക്ക് വിഷക്കുപ്പി തുറന്നൊഴിക്കുന്നേരത്ത് പെട്ടെന്നൊരു അത്ഭുതമെന്നൊണം അപ്പന്‍ അനക്കം വച്ചെഴുന്നേല്‍മെന്നും “വേണ്ട്രാന്റെ സെബാനേ"യെന്നു പറഞ്ഞ് കൈയ്യില്‍ കയറിപ്പിടിച്ചു തടയുമെന്നും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

5.c
തിരികേ വന്ന് കിടക്കയിലേക്ക് മലച്ചു കിടന്നതും കട്ടില്‍ ഞെരക്കം കേട്ട് കിങ്ങിണി ഞെട്ടിയെഴുന്നേറ്റു. പുറത്തു കൈ തട്ടിക്കൊണ്ട് വീണ്ടും ഉറക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ കണ്ണു മിഴിച്ചു തന്നെ കിടന്നു. നെറ്റിയിലും കഴുത്തിലുമെല്ലാം വിയര്‍പ്പ് പൊടിഞ്ഞിട്ടുണ്ട്. പനി വിട്ടെന്നു തോന്നുന്നു. അതിന്റെ ഉഷാറിലാകണം തന്റെ കൈത്തണ്ടമേല്‍ തലകയറ്റി വെച്ചുകൊണ്ട് പാട്ടു പാടാന്‍ വാശി പിടിക്കുന്നത്.
സെബാച്ചാ... രാരി തത്തമ്മേരെ പാത്ത് "
ജീവിതവും മരണവും ആവര്‍ത്തിക്കുന്ന കിളിപ്പാട്ട്. ആദ്യം കോഴി കൊത്തും, അപ്പോള്‍ മാല പൊട്ടും, മാല പൊട്ടിയാല്‍ അമ്മ തല്ലും, പിന്നെ അച്ഛന്‍ കൊന്ന് വലിച്ചെറിയും, ശേഷം ചിതലരിക്കും... ഒടുക്കം ചിതലരിക്കുന്ന ശവത്തില്‍ കോഴി കൊത്തുന്നതിന്റെ ആകുലതകള്‍ തത്തമ്മയോട് പറഞ്ഞു തീരുന്നതോടെ വീണ്ടും തുടക്കം. അതങ്ങനെ ഉറങ്ങും വരെ തുടരും. അഞ്ചാവര്‍ത്തി പാടിയപ്പോഴേയ്ക്കും തൊണ്ടകെട്ടാന്‍ തുടങ്ങി. കാല്‍ വിരലുകളില്‍ നിന്ന് പെരുപ്പു കയറി അരക്കെട്ടുവരെയെത്തി. ഇതു പോലെ വിഷം പടര്‍ന്നു കയറി ചാകാന്‍ കിടക്കുന്ന നേരത്താണ് പലരും കോഴിക്കടം ഓര്‍ക്കുന്നത്. ജീവിതകാലം മുഴുവനും തത്ത്വജ്ഞാനം പറഞ്ഞു നടന്നിട്ടും സ്വര്‍ഗ്ഗത്തില്‍ നിന്ന് തന്നെ തടയുന്ന കുക്കുടദൂരത്തെ താണ്ടുന്നതിനായി യവനദേവനു നേര്‍ച്ചക്കോഴിയെ കടം ബാക്കി വച്ചതിന്റെ ആവലാതി ഹെം‌ലോക്കിന്റെ മരണമറവിയിലും ഓര്‍ത്തെടുത്ത് സുഹൃത്തിനോടു പുലമ്പുന്ന ദാര്‍ശനികന്റെ [2]മരണചിത്രം ജാക്വെസ് ലൂയിസിന്റെ ഓയില്‍ പെയിന്റിങ്ങായി മനസ്സില്‍ തെളിഞ്ഞു. ചാകാന്‍ നേരത്ത് താനായാലും തത്തമ്മയായാലും തത്ത്വജ്ഞാനിയായാലും കോഴി കൊത്തലിനേയും, കോഴിക്കടത്തേയും ഓര്‍ത്ത് ആകുലപ്പെടുന്നതിന്റെ പരിഹാസ്യതയോര്‍ത്ത് ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതിനും എത്രയോ മുമ്പ് മുഖപേശികളുടെ ചലനനിയന്ത്രണം കൈവിട്ടിരുന്നു. ആറാമത്തെ തവണ പാടുമ്പോഴേയ്ക്കും ശബ്ദം നഷ്ടപ്പെട്ടിരുന്നു. ഏഴാമത്തെ ആവര്‍ത്തനം തീര്‍ന്നതോടെ വായില്‍ നുരയും, പതയും നിറയാന്‍ തുടങ്ങി.

5.d
കിങ്ങിണി ഉറക്കം പിടിച്ചിരുന്നു; കൂടെ സെബാസ്റ്റ്യനും...

6.a
നേരം പുലര്‍ന്നപ്പോള്‍ ആളുകള്‍ കയറി വന്ന് കൂട്ടം കൂടിയതോടെ അതൊരു മരണവീടായി മാറി. അനാവശ്യമായി ദുഖം നിറച്ച മുഖഭാവമുള്ള അപരിചിതരെ കണ്ടു പകച്ച് കിങ്ങിണി അപ്പാപ്പന്റെ മുറിയിലൊളിച്ചു. അനക്കമറ്റു കിടക്കുന്ന അപ്പാപ്പന്റെ കണ്ണുകള്‍ പതിവില്ലാതെ നിറഞ്ഞൊഴുകുന്നത് അവള്‍ തിരിച്ചറിഞ്ഞു. ആ മുറിയിലെ മടുപ്പിക്കുന്ന നിശ്ശബ്ദതയേയും നിശ്ചലതയേയും മറികടക്കാന്‍ തുള്ളിച്ചാടിക്കൊണ്ട് ഇടയ്ക്കെല്ലാം നടുത്തളത്തിലെത്തി. നാരകത്തിന്റെ ഇലയ്ക്കടിയിലെ സമാധിദശയ്ക്കുള്ളില്‍ ശലഭപ്പുഴുക്കള്‍ വിശ്രമിക്കുന്നതു പോലെ കറുത്ത ശവപ്പെട്ടിയ്‌‌ക്കുള്ളില്‍ സെബാച്ചന്‍ അനക്കമറ്റു കിടന്നുറങ്ങുന്നത് അവള്‍ കണ്ടു. ആ ശരീരത്തിനു മേല്‍ കെട്ടിമറിഞ്ഞു വീഴണമെന്നും, കൈകള്‍ സാവധാനത്തില്‍ പുറകോട്ടു വളച്ച് അതിനു മുകളില്‍ കയറിക്കിടന്ന് "റ്റോറ്റോ"യെന്നു ചോദിക്കണമെന്നുമുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കണ്ണു വെട്ടിച്ച്, ആള്‍ക്കൂട്ടത്തിന്റെ കപട സങ്കടത്തിലൂടെ നൂഴ്‌‌ന്നു കടന്ന് അവള്‍ അടുക്കളപ്പുറത്തെത്തി.

6.b
പതിവില്ലാത്തവണ്ണം ആള്‍ത്തിരക്കായതുകൊണ്ടാണെന്നു തോന്നുന്നു പിന്നാമ്പുറത്തെ പറമ്പില്‍ ശലഭങ്ങളെ കണ്ടെത്താനായില്ല. കിങ്ങിണിയുടെ പൂമ്പാറ്റക്കണ്ണുകള്‍ പൂക്കളെ തൊട്ടു പറക്കുന്ന നിറങ്ങളെ പരതി തളര്‍ന്നു. അന്നേരം ശീമക്കൊന്നയുടെ ഇലകള്‍ക്കിടയിലൂടെ ഒരപ്പൂപ്പന്‍ താടി താഴേയ്ക്കു പാറി വന്നിറങ്ങി. അതു നിലത്തെത്തും മുന്നെ കൈയ്യിലെടുത്തു. അവളാദ്യമായാണ് ഒരു അപ്പൂപ്പന്‍ താടി കാണുന്നത്. മൃദുലമായ വെളുത്ത പഞ്ഞിനാരുകളുള്ള, കനമില്ലാത്ത ഉണങ്ങിയ വിത്തുള്ള, പറക്കാന്‍ കഴിവുള്ള അതൊരു വിശേഷ ശലഭമാണെന്നാണ് കരുതിയത്. അവളതിനെ പറക്കാന്‍ വിട്ടു. ഒട്ടും കാറ്റില്ലാത്തതിനാല്‍ അപ്പൂ‌‌പ്പന്‍ താടി വീണ്ടും മണ്ണിലേ‌‌യ്ക്കു പതിച്ചു. ഇനി താനെങ്ങാനും കൈകൊണ്ടു തൊട്ടതിനാല്‍ ചിറകു മുറിഞ്ഞ് അതിന്റെ പറക്കല്‍ നിലച്ചതാണോയെന്ന് സംശയിച്ചുകൊണ്ട് അതിനെ വീണ്ടും കൈയ്യിലെടുത്തു. പൂമ്പാറ്റകളെ പിടിച്ചാല്‍ തന്നെ ശകാരിക്കുന്ന സെബാച്ചന്റെ മുഖം ഓര്‍ത്തപ്പോള്‍ അവളൊരു സങ്കടക്കുടുക്കയായി. കുഞ്ഞിക്കൈയ്യിലെടുത്ത അപ്പൂപ്പന്‍ താടിയോടു മുഖം ചേര്‍ത്തു പിടിച്ച് കരയുന്ന സ്വരത്തില്‍ പറന്നു പോകാന്‍ അപേക്ഷിച്ചു.

പൊക്കോ... പര്ന്നോ..”
അവള്‍ക്കുമാത്രം അറിയാവുന്നൊരു വിശേഷ പ്രാര്‍ത്ഥനാ വാചകം ഉരുവിടുന്നതു പോലെ കിങ്ങിണി അതിനുമേല്‍ മന്ത്രിച്ചൂതി. അവളൂടെ ഉച്ഛാസമേറ്റ നിമിഷത്തില്‍ ദൈവം ജീവശ്വാസം ഊതിക്കയറ്റിയപ്പോള്‍ ആദിമനുഷ്യന് അനുഭവപ്പെട്ട ജീവന്റെ പിടച്ചില്‍ അപ്പൂപ്പന്‍ താടി സ്വയം ഏറ്റുവാങ്ങി. അതൊന്നനങ്ങി വിറച്ചു, ശേഷം അവളുടെ കൈകളില്‍ നിന്ന് മെല്ലെ ഉയര്‍ന്നു. അതിന്റെ ആഹ്ലാദത്തില്‍ ശീമക്കൊന്നയും, നാരകവും, വേലിപ്പടര്‍പ്പിലെ പച്ചപ്പും മെല്ലെ ഇളകാന്‍ തുടങ്ങി. ഒരു കുഞ്ഞു നിശ്വാസത്തിന്റെ ശലഭപ്രഭാവം പോലെ അതൊരു കാറ്റായി മാറിക്കൊണ്ട് അപ്പൂപ്പന്‍ താടിയെ ഉയരത്തില്‍ പറത്തി.
"എടീ... ആര്ടെ മറൂട്ടി കുഴിച്ചിടാനാണ് ഈ നേരത്തിവടെ വന്ന് മിണ്ടാണ്ടിരിക്കണത്? വെറ്‌‌‌തേ മനുഷ്യനെ തീ തീറ്റിക്കാനായിട്ട് "
മരണ വീട്ടിലെ തിരക്കുകള്‍ക്കിടയില്‍ മകളെ കാണാഞ്ഞു പരിഭ്രമിച്ച സെലിന്‍ ഉമ്മറത്തും, അകത്തും, മുറ്റത്തുമെല്ലാം തിരഞ്ഞു വശംകെട്ട് അവസാനം അടുക്കളപ്പുറത്ത് ആളെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലും അവളെ ചീത്ത വിളിച്ചു
മമ്മാ... ദേ ഒര് പൂത്താറ്റ പര്ക്കനൂ...”
ശീമക്കൊന്നയ്ക്കും മേലെ ഉയര്‍ന്നു പറക്കുന്ന അപ്പൂപ്പന്‍ താടിയെ ചൂണ്ടിക്കാണിക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു പറ്റം കൂടപ്പുഴുക്കള്‍ ആവരണം പിളര്‍ന്നു സന്തോഷിച്ചു. അവള്‍ പുഞ്ചിരിച്ചപ്പോള്‍ കുഞ്ഞീശോ മിശിഹാ കവിളില്‍ കുത്തുന്ന പാടു തെളിഞ്ഞു. അപ്പൂപ്പന്‍ താടിയുടെ നേര്‍ത്ത പഞ്ഞിനാരു പോലെയുള്ള കുഞ്ഞു മുടിയിഴകള്‍ കാറ്റില്‍ പറന്നു. ഇവിടം ഞങ്ങള്‍ തീര്‍ത്തും ഉപേക്ഷിച്ചിട്ടെല്ലെന്ന മട്ടില്‍ കടുത്ത നിറമുള്ള നാലഞ്ചു ശലഭങ്ങള്‍ വേലിപ്പടര്‍പ്പിനു മേല്‍ പാറി വന്നിരുന്നു.
* * * * *

[1] : http://www.art-prints-on-demand.com/kunst/giovanni_bazzi/st_sebastian.jpg
[2] :  http://www.bc.edu/bc_org/avp/cas/his/CoreArt/art/resourcesb/dav_soc.jpg

18 comments:

AnIsH said...

liKe

asdfasdf asfdasdf said...

കലക്കീണ്ട് ട്ടാ.
(ചരിത്രോം ഭൂമിശാസ്ത്രോം അല്പം കടന്നുണ്ടോന്നു ഒരു സംശം... ചെലപ്പോ വെര്‍തെ തോന്നീതാവും )

മുസ്തഫ|musthapha said...

ശലഭജീവിതം...
നന്നായി എഴുതിയിരിക്കുന്നു... വായിക്കാൻ നല്ല രസമുണ്ടായിരുന്നു.
3a. ആദ്യ പാരഗ്രാഫൊഴികെ ബാക്കിയെല്ലാം ശരിക്കും ആസ്വദിച്ച് വായിച്ചു... ആ പാര മാത്രം ഓടിച്ച് വായിച്ചു പോയി :)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദേവദാസ്,
നന്നായി ആസ്വദിച്ചു. വ്യത്യസ്തമായ ഒരു ലോകം. പരാജിതന്റെ ജീവിതവിജയം. എല്ലാം അനുഭവിച്ചു. നന്ദി.

സാല്‍ജോҐsaljo said...

കഥാവസാനം കിങ്ങിണിയുടെ ഭാഗങ്ങൾ സുന്ദരമായി. പക്ഷേ, ആ ആത്മഹത്യ തുടക്കത്തിലേ ഊഹിക്കപ്പെട്ടുപോയി.

Sabu said...

കലക്കി...

Nimitha said...

kollam nannayittundu.

Rohit said...
This comment has been removed by the author.
Rohit said...
This comment has been removed by the author.
Rohit said...

ഉറങ്ങാന്‍ നേരം വായിക്കാനെടുത്തതാണ്‌ .. പിന്നീടുറങ്ങിയോയെന്ന് ചോദിക്കരുത്.... പക്ഷെ വീണ്ടും "പൂത്താറ്റ"കളെ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു....
marvelous DevD

ajeeshmathew karukayil said...

വളരെ മനോഹരമായിരിക്കുന്നു .ശലഭ ജീവിതം ഒരു പൂമ്പാറ്റയെ പോലെ ആകര്‍ഷകമായി.

Kattil Abdul Nissar said...

സുഹൃത്തെ,
ഒരു അപ്പൂപ്പന്‍ താടി പോലെ എനിക്കും ഭാരം നഷ്ടപ്പെടുന്നു
അതോ കൂടുതല്‍ ഭാരം വച്ച്, ഞാന്‍ ഭൂമിയും കൊത്തി പറക്കുകയാണോ ..........?

African Mallu said...

ഓഫീസിലെ ജോലിക്കിടയിലാണ് വായിച്ചു തുടങ്ങിയത് പിന്നെ നിര്‍ത്താന്‍ കഴിഞ്ഞില്ല .വളരെ വളരെ നന്നായി .

G.MANU said...

മനോഹരം മാഷേ.. ഒറ്റയിരിപ്പില്‍ വായിച്ചു. ഹൃദ്യം...

Jayesh/ജയേഷ് said...

ഒട്ടും ധൃതിയില്ലാതെ, അതിശയോക്തികളില്ലാതെ സാവധാനത്തില്‍ കഥ പറഞ്ഞു. കഥാതന്തുവില്‍ പുതുമയൊന്നും തോന്നിയില്ല, ക്രാഫ്റ്റ് ഇഷ്ടപ്പെട്ടു.

Rithwik said...

മനോഹരം... വെറും ഒരു കഥയാണെന്നു വിശ്വസിക്കാന്‍ പ്രയാസം.. വായിച്ചു തീര്‍ന്നപ്പോള്‍ എന്റെയുള്ളില്‍ ഒരു ശലഭത്തിന്റെ ചിറകനക്കം..

പ്രബി ആറ്റുപുറത്തു said...

വായിക്കാന്‍ സമയം ഉണ്ടാക്കി വായിച്ചു എന്ന് പറയാന്‍ ജോലിക്കിടെ ഒരു വായന... പിന്നെ വായിക്കാന്‍ ലിങ്ക കോപ്പി ചെയ്തു ... നന്ദി നല്ലൊരു വായന അനുഭവം തന്നു

Siji vyloppilly said...

Kure Eshtappettu.

 

(c)2009 Devadas V.M [ vm.devadas@gmail.com ]