Wednesday, May 4, 2011

ബുദ്ധനാകാൻ കഴിയാത്തവന് ഭോജരാജനാകാം.

Image (c) devdutt.com



വിക്രമാദിത്യനും, വേതാളവും രണ്ടു പേരായിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. Dissociative identity disorder അഥവാ Split personality എന്ന മാനസികപ്രശ്നമുള്ള വിക്രമന്‍ രാജാവ് തന്റെ മനസില്‍ തോന്നുന്ന Hypothetical ചോദ്യങ്ങളുടെ ഉത്തരവാദിത്വം മുഴുവനും തോളില്‍ ഇരുന്ന് ചെവി തിന്നുന്നൊരു പിശാചിന്റെ മേല്‍ അടിച്ചേല്‍‌പ്പിച്ചതാകണം. അതുമാത്രമല്ല കാടാറുമാസവും, നാടാറുമാസവും വിക്രമന്‍ രാജാവിന് രണ്ട് സ്വഭാവമാണുള്ളത്. വസ്ത്രങ്ങളും, ശീലങ്ങളും, ആഗ്രഹങ്ങളും ഒക്കെ ആറാറുമാസങ്ങളില്‍ വ്യത്യസ്തവുമാണ്. തന്റെ തന്നെ സങ്കല്‍‌പ്പിക ചോദ്യങ്ങള്‍ക്ക് താന്‍ തന്നെ ഉത്തരം പറഞ്ഞേക്കാവുന്ന സാഹചര്യത്തിലെ പിഴവ് ഒഴിവാക്കാനായിരിക്കണം ഒരു തലപ്പൊട്ടിത്തെറിക്കല്‍ സാധ്യത കഥയുടെ കൂടെ തിരുകിക്കയറ്റിയത്. മനസില്‍ ആ പൊട്ടിത്തെറി നടന്നാല്‍ പിന്നെ വിക്രമനുമില്ല, വേതാളവുമില്ല, ചോദ്യങ്ങളുമില്ല. അപ്പോള്‍ ബാക്കിയാകുന്നത് ഭോജ രാജാവാണ്. പിടിച്ചതിനേക്കാള്‍ വലിയതാണ് അളയിലെന്നതുമാതിരിയാണ് ആശാന്റെ കാര്യങ്ങള്‍. സിം‌ഹാസനത്തിനു മുകളിലും, താഴെയും സ്വഭാവം രണ്ടാണ്. മാത്രമല്ല മുന്നില്‍ കാണുന്ന കല്‍‌പ്രതിമയും, സാലഭജ്ഞികയുമെല്ലാം തന്നോട് സം‌സാരിക്കുന്നതായി തോന്നുന്നതാണ് ടിയാന്റെ പ്രശ്നം. (ആ അസുഖത്തിന് എന്താണാവോ പേര്?)

ജീവനില്ലാത്ത വസ്തുക്കള്‍ തന്നോട് സം‌സാരിക്കുന്നതായി തോന്നുന്ന ഭോജ രാജന്‌ വനത്തില്‍ വെച്ചു കിട്ടിയ സിം‌ഹാസനത്തിലെ സാലഭഞ്ജികകളില്‍ നിന്നു കേള്‍‌ക്കാന്‍ കഴിയുന്നത്  തലയിണയും, ഉത്തരീയവും, തൂണും, തുരുമ്പും, തുപ്പല്‍ കോളാമ്പിയുമൊക്കെ സം‌സാരിക്കുന്ന വിക്രമ-വേതാളക്കഥകളാണ്. ഇനി വിക്രമന്‍ തന്നെയും ഭോജരാജന്റെ ഭ്രാന്തായിരുന്നോ? ശരിക്കും ആര്‍‌ക്കായിരുന്നു പ്രശ്നം? ഇവിടെയാണ് കാര്യങ്ങളെ കൂടുതല്‍ ഗൌരവത്തോടെ സമീപിക്കേണ്ടത്. വിക്രമനും, ഭോജരാജനും ചില മാനസിക പൊതുഘടകങ്ങളുണ്ട്. ‘സിം‌ഹാസന‘മാണ് രണ്ട് പേരുടേയും പ്രശ്നം.സിം‌ഹാസനത്തിന് മുകളിലും, താഴെയും ഭോജരാജന് രണ്ട് സ്വഭാവമാണ്, ആ സിം‌ഹാസനത്തിലേറി രാജ്യം ഭരിക്കാന്‍ തുടങ്ങുമ്പോഴെല്ലാം സാലഭഞ്ജികകള്‍ തടഞ്ഞു നിര്‍‌ത്തി “താന്‍ വിക്രമനോളം നല്ല രാജാവാണോ‍ടോ കിഴങ്ങാ?”യെന്ന് കളിയാക്കിച്ചിരിച്ചു ചോദിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഭോജരാജന്റെ മനസിലെ ആദര്‍ശമാതൃകയാരിക്കണം വിക്രമരാജാവെന്ന സങ്കല്‍‌പ്പം. അതവിടെ നില്‍‌ക്കട്ടേ, ഈ വിക്രമനും തന്റെ സിം‌ഹാസനം പ്രശ്നമാണ്.
(അത് സം‌ഭവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ, ഭോജന്റെ സങ്കല്‍‌പ്പരൂപിയ്ക്ക് ഭോജന്റെ പ്രശ്നങ്ങളേയും സം‌ബോധന ചെയ്യേണ്ടി വരില്ലേ ?)‌ ദേവീപ്രസാദത്താല്‍ വരം കിട്ടിയപ്പോഴത്തെ ഒരു ചെറിയ പിഴവിന്റെ അടിസ്ഥാനത്തില്‍ തനിയ്ക്ക് അനിയനായ ഭട്ടിയേക്കാളും പാതി  ആയുസേയുള്ളൂ എന്ന കാരണത്താല്‍ വിക്രമന്‍ ആറുമാസം സിം‌ഹാസനത്തിലിരുന്ന് ഭരിക്കുകയും, ആറുമാസം ഭട്ടിയോടൊന്നിച്ച് കാടുകയറുകയും ചെയ്യുന്നു. ഈ ഭട്ടി തന്നെ വേതാളത്തെപ്പോലെ മറ്റൊരു സങ്കല്‍‌പ്പരൂപിയല്ലെന്ന്‌ ആരുകണ്ടു?തനിയ്ക്ക് ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ആയുസ്സ് ജിവിക്കാനായി വിക്രമന്‍ തിരഞ്ഞെടുത്ത മാര്‍ഗമാകാം ഭട്ടിയോടൊന്നിച്ച കാടാറുമാസം. അതായത് സിം‌ഹാസനത്തില്‍ ഇരുന്ന് രാജ്യം ഭരിച്ചാല്‍ താന്‍ എത്രയും കാലം ജീവിക്കുമോ അതിലും ഇരട്ടി ആയുസ് കാടാറുമാസത്തിലൂടെ വിക്രമന് നേടാനാകും. ചുരുക്കിപ്പറഞ്ഞാല്‍ സിം‌ഹാസനത്തിലിരുന്ന് രാജ്യം ഭരിച്ചാല്‍ എറാന്‍‌മൂളികള്‍‌ക്കുമുന്നില്‍ വെറുമൊരു കുമ്പകുലുക്കിരാജാവായി താന്‍ എത്രകാലം ജീവിക്കുമായിരുന്നൊ അതിലും ഇരട്ടി ആയുസ് ഇടയ്ക്കുള്ള ഭ്രാന്തുമൂത്ത കാടേറലിലൂടെ കൈവരിക്കാമെന്ന കണക്കുകൂട്ടല്‍. ആകയാല്‍ ഭട്ടിയും സങ്കല്‍‌പ്പരൂപിയാകാനേ തരമുള്ളൂ, കാടാറുമാസം മാനസികോല്ലാസത്തിന്റെ ആയുര്‍‌ദൈ‌ര്‍‌ഘ്യക്കൂടുതലും. അങ്ങനെയുള്ള കാടാറുമാസത്തിലാണ് പ്രേമം, കാമം, വേതാളം, കൂടുവിട്ടുകൂടുമാറ്റം, തര്‍‌ക്കം തുടങ്ങിയവയെല്ലാം‌ വിക്രമന്‍ നടത്തുന്നത്. അതായത് ഒരു രാജാവിന്റെ അമിത ബാധ്യതകള്‍ ഒന്നുമില്ലാതെ സര്‍‌വ്വസ്വതന്ത്രനായി, ആള്‍‌ക്കൂട്ടത്തില്‍ അപരിചിതനായി കഴിഞ്ഞുകൂടുന്ന അവസ്ഥയെന്നത് വിക്രമനും ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്ന് വരുന്നു.

അപ്പോള്‍ ഭോജരാജന്റെ സങ്കല്‍‌പ്പത്തിലെ പൂ‌ര്‍‌ണ്ണഗുണവാനായ രാജാവിനുപോലും മുഴുവന്‍ സമയവും രാജ്യഭരണമേല്‍‌ക്കാന്‍ കഴിയുന്നില്ല. തരത്തിനൊരു താപ്പുകിട്ടിയാല്‍ അയാള്‍ സിം‌ഹാസനവും, രാജ്യവും വിട്ട് ഭ്രാന്തുമൂത്ത് ഓടിക്കളയുന്നു. പിന്നീടെപ്പോഴോ അലഞ്ഞുതിരിഞ്ഞ് തിരികെയെത്തുന്നു. ചോദ്യം  ചോദിച്ചു തലപ്പൊട്ടിച്ചിതറിക്കുന്ന വേതാളം  മാത്രമല്ല ഈ കുണുങ്ങിക്കുലുങ്ങിച്ചിരിക്കുന്ന സാലഭഞ്ജികകളും  പ്രശ്നക്കാരാണ്. വിക്രമാദിത്യന്‍ സ്നേഹപുരസ്സരം  കീഴടക്കിയ സ്ത്രീകളാണ് സാലഭഞ്ജികകള്‍ എന്നാണു വിശ്വാസം. അതു പോലെ വിക്രമാദിത്യന്‍ കീഴടക്കിയ മണ്ണിന്റെ അധികാരരൂപകമാണ് സിംഹാസനം. എന്നാല്‍ വിക്രമാദിത്യന്റെ അധികാരസ്ഥാനമായ സിംഹാസനത്തില്‍ ഇരിക്കുന്നതില്‍ നിന്ന് ഭോജനെ പിന്തിരിപ്പിക്കുന്നത് വിക്രമന്റെ തന്നെ പഴയ കാമുകിമാരും, പ്രേയസികളും  ഒക്കെത്തന്നെയാണ്. ഉന്മാദിയായ ഭോജന്റെ സങ്കല്‍പ്പരൂപത്തിലെ ആദര്‍ശപുരുഷനാണ് വിക്രമനെന്ന് വരുകില്‍ സിംഹാസനാരോഹണത്തില്‍ നിന്ന് അയാളെ പിന്നോട്ട് വലിക്കുന്നത് നിലച്ചുനിശ്ചലമാക്കപ്പെട്ട മുന്‍കാലപ്രണയങ്ങളാണ്

ചുരുക്കിപ്പറഞ്ഞാല്‍ രാജ്യഭരണത്തിന്റെ അമിതഭാരവും, രാജാവെന്ന പ്രശസ്തിയും, സിം‌ഹാസനമെന്ന അധികാരപ്രതീകവും  എല്ലാം വിട്ടൊഴിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ തോന്നുന്ന ഒരുവന്റെ മാനസികാവസ്ഥയായിരിക്കണം സം‌സാരിക്കുന്ന സാലഭഞ്ജികമാരേയും, രാജാവായ വിക്രമനേയും, തോളില്‍ മാറാപ്പായ വേതാളത്തേയും ഒക്കെ സങ്കല്‍‌പ്പത്തില്‍ സൃഷ്ടിച്ചത്. എല്ലാം വിട്ട് ഒരു രാത്രി ഇറങ്ങിപ്പോയാല്‍ ബുദ്ധനാ‍കാം, ഇല്ലെങ്കില്‍ ഭ്രാന്തനാകാം.  ബുദ്ധനായാല്‍ അമ്രപാലിയ്ക്കും, അംഗുലീമാലനും ഉപദേശം നല്‍‌കാം.  വിക്രമനോ/ഭോജരാജനോ ആയാല്‍ സാലഭഞ്ജികകളോടും, വേതാളത്തോടും മിണ്ടിയും പറഞ്ഞും ഇരിക്കാം. ഏത് വേണമെന്നത് അവനവന്‍ തിരഞ്ഞെടുപ്പാണ്.

12 comments:

African Mallu said...

നല്ല നിരീക്ഷണങ്ങള്‍ ..

Devadas V.M. said...

അതികനേരം വെയിലത്ത് കളിച്ചാൽ മൂക്കിൽ നിന്ന് ചോരയൊഴുകുന്ന അസുഖമുള്ള ഒരു ബാല്യത്തിൽ അവധിക്കാലം ചിലവഴിക്കാൻ കൂട്ടിനുണ്ടായിരുന്നത് വില 3ക. എന്നെഴുതിയ ഒരു പഴഞ്ചൻ-തടിയൻ “വിക്രമാദിത്യകഥകൾ” പുസ്തകമാണ് -(സചിത്രകഥയല്ല)- എന്റെ ‘വിക്രമവേതാള പ്രാന്തി‘ന് എന്നിലും 7,8 വയസ് പ്രായക്കുറവേ കാണൂ. ഫാന്റസിയിലും, കഥപറച്ചിലിന്റെ സ്‌ട്രക്ചർ പരീക്ഷണത്തിലും, റികർ‌സീവ്-സൈക്ലിക് ആഖ്യാനത്തിലും ഇതിലും മികച്ച ഒന്ന് ഞാൻ ഇതുവരെ വായിച്ചിട്ടുമില്ല :)

Anonymous said...

അതൊരു നല്ല നിരീക്ഷണമെന്ന് പറയാതെ വയ്യ.എന്റേയും ചെറുപ്പകാലപ്രണയമായിരുന്നു ഇത്.ഇപ്പോള്‍ 6 വയസ്സായ മകള്‍ക്ക് നിത്യേന കിടക്കുന്നതിനു മുന്‍പു ഓരോ കഥകള്‍ വായിക്കും.സത്യത്തിലപ്പോഴാണ് ഇതിന്റെ സാദ്ധ്യതകള്‍ കാണുന്നത്.മകള്‍ കഥയിലെ സെന്‍സിബിള്‍ ചോദ്യങ്ങളേക്കാള്‍ മിക്കപ്പോഴും ചോദിക്കാറുള്ളത്:why Vikram is so particular & not leaving Vetal ?
Inside the forest,and being forsaken each time by Vetal,why Vikram still behind him ?(for this question evenif i answer on dhrama & duty and all,she never come to that.always have some doubt it's beyond that.)
And picturewise,the swirl' feel vetal makes each time giving a kinda 'feel' to her.
ഉന്മാദിയും ക്രിയേറ്റിവുമായ വിക്രം രാജ്യഭരണം ‘കടമ’ മാത്രമായി കണ്ടുകാണാം.ഇല്ലേ?

Devadas V.M. said...

@anoora:
"രാജ്യഭരണം ‘കടമ’ മാത്രമായി കണ്ടുകാണാം.ഇല്ലേ?"
സം‌ഗതി അതു തന്നെ. പക്ഷേ ഉന്മാദി ആരായിരുന്നു (വിക്രമനോ, ഭോജനോ) എന്നതിലേ തർക്കമുള്ളൂ :)

Manoraj said...

വിക്രമാദിത്യനും വേതാളവും എന്നും രസം‌പിടിപ്പിച്ച വായനയായിരുന്നു ചെറുപ്പകാലത്ത്. വലുതായ ശേഷം അതൊന്ന് ഇത് വരെ വായിച്ചില്ല. ഏതായാലും ദേവദാസ് എന്നെ കൊണ്ടതിന് പ്രേരിപ്പിച്ചു..

Devadas V.M. said...

@Manoraj: ഇത് വേണമെങ്കില്‍ “പുസ്തക വിചാര”ത്തിലേക്ക് എടുക്കാം.
BTW വലുതായ ശേഷം ഞാനും വായിച്ചിട്ടില്ല :)

mini//മിനി said...

കുട്ടിക്കാലത്ത് ഞാൻ വായിച്ച,,, അല്ല പഠിച്ച കഥയിൽ ഇങ്ങനെയൊരു നിരീക്ഷണം നന്നായി.

മഹേഷ്‌ വിജയന്‍ said...

ഈ നിരീക്ഷണങ്ങള്‍ വളരെ ഇഷ്ടമായി സുഹൃത്തേ....

Yasmin NK said...

എന്റേയും ഇഷ്ടപുസ്തകമായിരുന്നു അത്.എന്റെ ഏറ്റവും വലിയ ഫാന്റസിയാണു കൂടുവിട്ട് കൂടുമാറാന്‍ കഴിയുക.എന്തുരസമായെനെം ജീവിതം.
മഹേഷ് വിജയന്‍ മുഖേനയാണു ഇവിടെ എത്തിയത്.താങ്ക്സ് മഹേഷ്.

ചാർ‌വാകൻ‌ said...

നല്ല നിരീക്ഷണം.

വിപിൻ. എസ്സ് said...

nalla nireekhsnam, nalla vayana anubhavam nalki , thanks ,,

Unknown said...

തൃ പ്പടി ദാനം പോലെ ഒരു കണ്സെപ്റ്റ്, ല്ലേ? ഒന്നില്‍ അധികാരത്തോടുള്ള വൈരക് ത്യം, മറ്റേതു ആസക്തി എന്നൊരു വ്യത്യാസം മാത്രം. (തൃപ്പടി ദാനം ഏറ്റവും മികച്ചൊരു അടവായിരുന്നു എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാ ഞാന്‍)മറ്റെല്ലാ പൌരാണിക ഭാരതീയ കൃതികളെയും പോലെ തന്നെ വിക്രമാദിത്യ കഥകളും ഓരോ ആവര്ത്തനതിലും നമുക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച പകര്‍ന്നു തരുന്നു.

 

(c)2009 Devadas V.M [ vm.devadas@gmail.com ]