Tuesday, August 9, 2011

പാഠഭേദം

കോടതിയുടെ പടിക്കെട്ടിറങ്ങി പോലീസ് വാഹനത്തിനടുത്തേയ്ക്ക് നടക്കുമ്പോഴും അവന്‍ തലയുയര്‍ത്തിയതേയില്ല. കോടതി വളപ്പില്‍ കൂടിനിന്ന ആളുകള്‍ കൂവി വിളിക്കുന്നതും, തെറിയഭിഷേകം  നടത്തുന്നതും കേട്ടു മുന്നോട്ടു നടക്കുമ്പോഴും  ചെയ്തു പോയ വലിയ തെറ്റിന്റെ അമിതഭാരം  ഏറ്റിയതു പോലെ തല കുനിഞ്ഞ് നോട്ടം അവനവന്‍ കാലടികളിലേയ്ക്ക് മാത്രം പതിച്ചു. വണ്ടിയില്‍ കയറിക്കഴിഞ്ഞതിനു ശേഷവും ആള്‍ക്കൂട്ടം
"അവനെ ഇങ്ങ് വിട്ടു താ സാറേ... ഇവിടെയിട്ട് തീര്‍ക്കണം പന്നനെ... മൊട്ടേന്ന് വിരിഞ്ഞില്ല അതിനു മുന്നെ നായിന്റെമോന്‍...ഇവനെയൊന്നും  ഇനി പുറത്തിറക്കിയേക്കരുത്... ചെത്തിക്കളയണം ഇവന്റെയൊക്കെ..."
എന്നിങ്ങനെ  ബഹളം  വെച്ചുകൊണ്ടിരുന്നു. വാഹനത്തിനടുത്തേയ്‌‌ക്ക് അവര്‍ തിരക്കിക്കയറി വന്നപ്പോള്‍ പോലീസുകാര്‍ക്ക് ബലം  പ്രയോഗിച്ച് തള്ളിമാറ്റേണ്ടി വന്നു. അകമ്പടിക്കാരന്‍ പോലീസ് കോണ്‍സ്റ്റബിള്‍ കയറി ഡോറടച്ചതും ഡ്രൈവര്‍ പെട്ടെന്നു തന്നെ വാഹനം  മുന്നോട്ടെടുത്തു. വാഹനം കോടതി വളപ്പില്‍ നിന്ന് മെയിന്‍ റോഡീലെത്തിയപ്പോള്‍  പുറകോട്ട് തിരിഞ്ഞ് അയാള്‍ കോണ്‍സ്റ്റബിളിനോടായി പറഞ്ഞു.
"ഒരു രണ്ട് മിനിറ്റുകൂടി അവിടെ നിന്നിരുന്നെങ്കില്‍ ആളുകള് ശരിക്കും  അലമ്പാക്കിയേനെ അല്ലേ സാറേ?"
"പിന്നല്ലാണ്ട്... അല്ല, അവരെ കുറ്റം  പറഞ്ഞിട്ടും  കാര്യമില്ല. അമ്മാതിരി ചെയ്ത്തല്ലേ ഈ കഴുവേറീടെ മോന്‍ ചെയ്തു വെച്ചിരിക്കുന്നത്."
"ഇവന്റെ ഉച്ചാണ്ടി ചെത്തി ഉപ്പിലിട്ടേനെ അവര് "
"കണ്ടംതുണ്ടമായി വെട്ടി പട്ടിയ്ക്കിട്ട് കൊടുക്കുകയാണ് വേണ്ടത്. പക്ഷേ എന്ത് ചെയ്യാനാ?  ഇവനെയൊക്കെ മുഴുവനോടെ ജുവനൈല്‍ ഹോമിലെത്തിച്ചില്ലെങ്കില്‍ നമ്മടെയൊക്കെ പണി തെറിക്കുമല്ലോ എന്നോര്‍ത്തിട്ടാണ്. അല്ലെങ്കിലുണ്ടല്ലോ..."
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നെ കോണ്‍സ്റ്റബിള്‍ അവന്റെ തലയ്‌‌ക്കിട്ട് കിഴുക്കി. കമഴ്ത്തിവെച്ച ചെമ്പുകലത്തിന്റെ പുറത്തടിച്ചതു പോലെ തലയ്ക്കകത്ത് എന്തോ മുഴങ്ങി. അപ്പോഴും  അവന്റെ തല താഴ്‌‌ന്നു തന്നെയിരുന്നു.

ഒറ്റക്കൈകൊണ്ടു ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഡാഷ്ബോ‌‌ര്‍ഡില്‍ കിടന്ന സിഗററ്റ് പായ്ക്കറ്റും ലൈറ്ററുമെടുത്ത്, ഒരു സിഗററ്റെടുത്ത് ചുണ്ടില്‍ വെച്ചു കത്തിച്ച ശേഷം പായ്‌‌ക്കറ്റ് പുറകിലേയ്ക്ക് നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു.

"സാറെങ്ങിനെ, ഇപ്പോള്‍ വലിയൊക്കെ ഉണ്ടോ?"
"പ്രായമൊക്കെ ആയില്ലേടോ. എണ്ണം  കുറച്ചു, എന്നാലും  നിര്‍ത്തിയിട്ടില്ല"
സിഗററ്റിന് തീ കൊളുത്തി ഒരു പുകയെടുത്ത ശേഷം  അത് അവനു നേരെ നീട്ടിക്കൊണ്ട് പോലീസുകാരന്‍ ചോദിച്ചു.
"എന്താടാ... ഒരെണ്ണം  വലിക്കണോ? ഇത്രയേ ഒള്ളെങ്കിലും  കള്ളും, കഞ്ചാവും, പെണ്ണും  ഒന്നും  നിനക്ക് പുത്തരിയല്ലല്ലോ"
അവനൊരെണ്ണം  വലിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇവിടെയെന്താണ് പ്രതികരണമെന്ന് ഉറപ്പുള്ളതിനാല്‍ വേണ്ടെന്ന് തലയിളക്കി. ഡ്രൈവര്‍ പിന്നെയും  തല പുറകിലേയ്ക്കു തിരിച്ച് രംഗം മൂപ്പിക്കാന്‍ തുടങ്ങി.
"ഹോ എന്തൊരു പാവമാണെന്ന് നോക്ക്യേ എന്റെ സാറെ. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ഇവനാണ് ഈ സംഗതി ചെയ്തതെന്ന് പറഞ്ഞാല്‍ ആരെങ്കിലും  വിശ്വസിക്കുമോ?"
സിഗററ്റു പിടിച്ച വലതു കൈകൊണ്ടു തന്നെ കോണ്‍സ്റ്റബിള്‍ വീണ്ടും  അവന്റെ തലയ്ക്കൊരു തട്ട് കൊടുത്തു. താന്‍ ഉദ്ദേശിച്ച കാര്യം  നടന്നതിന്റെ സന്തോഷത്തില്‍ ഡ്രൈവര്‍ പുഞ്ചിരിച്ചു. ഉച്ചതിരിഞ്ഞതിനാല്‍ ഹൈവേയില്‍ വാഹനങ്ങളുടെ തിരക്കേറിവന്നുകൊണ്ടിരുന്നു.  അതുകൊണ്ടു തന്നെ ഡ്രൈവര്‍ സംസാരം  നിര്‍ത്തിക്കൊണ്ട് വണ്ടിയോടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചു. അപ്പാടെ അസ്വസ്ഥനായിക്കൊണ്ട് ഇടയ്ക്കെല്ലാം ഒറ്റക്കൈകൊണ്ട് സിഗററ്റു കത്തിച്ചു വലിച്ചും, അനാവശ്യമായി ഹോണ്‍ മുഴക്കിയും, ട്രാഫിക് കുരുക്കുകളില്‍ പെടുമ്പോള്‍ തെറിവിളിച്ചുമാണ് അയാള്‍ വാഹനമോടിച്ചിരുന്നത്‌‌. വണ്ടി ഒരു വളവു തിരിഞ്ഞപ്പോള്‍ യാത്രയുടെ ദിശ മാറിയതിനാല്‍ പടിഞ്ഞാറന്‍ വെയില്‍ അവന്റെ മുഖത്തു പതിഞ്ഞു. കണ്ണടച്ചു തല ഒന്നുകൂടെ കുനിച്ച് കൈ നെറ്റിയ്ക്കു താങ്ങിയിരുന്നതോടെ യാത്രാകാഴ്ചകള്‍ അവനില്‍ നിന്നും പൂര്‍ണ്ണമായി മറഞ്ഞു.

വൈകുന്നേരത്തോടെയാണ് ജുവനൈല്‍ ഹോമിലെത്തിയത്. ഇതിനകത്തും  നിറയെ കാക്കി യൂണിഫോമിട്ട പോലീസുകാര്‍ ആയിരിക്കും  എന്നാണവന്‍ കരുതിയത്. എന്നാല്‍ പുറത്തെ വലിയ ഗേറ്റില്‍ കാവല്‍ നില്‍ക്കുന്നയാളൊഴിച്ച് ബാക്കിയാര്‍ക്കും  കാക്കി വസ്ത്രം ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ചുറ്റിലും  കാക്കിധാരികളും, അവരുടെ ചോദ്യം  ചെയ്യലും, വിരട്ടലും, തെളിവെടുപ്പും ഒക്കെയായതിനാല്‍ ആ വേഷം  കാണുമ്പോഴേ അവനു ശ്വാസം മുട്ടാന്‍ തുടങ്ങും. ഇതിപ്പോള്‍ ഒരല്‍പം  ആശ്വാസമുണ്ട്. അതിന്റെ തെളിച്ചം  മുഖത്തു കണ്ടതുകൊണ്ടാകണം അകമ്പടിപ്പോലീസുകാരന്‍ ഭീഷണിപ്പെടുത്തിയത്

"ദേ... വല്ലാണ്ടങ്ങ് സന്തോഷിക്കണ്ടാ. ഇതും ഒരുതരം  ജയിലുതന്നെയാണ്. കാക്കി യൂണീഫോം ഇല്ലെന്നേയുള്ളൂ; അകത്തുള്ളവര് പോലീസുകാര് തന്നേ. അതുകൊണ്ട് നിന്റെ വെളച്ചിലൊന്നും  ഇവിടെ വേണ്ടെന്ന് ആദ്യം  തന്നെ പറഞ്ഞേക്കാം"
ഇതങ്ങെനെയാണ് ഇയാള്‍ മനസ്സ് വായിക്കുന്നത് എന്നോര്‍ത്ത് അവന്‍ അത്ഭുതപ്പെട്ടു തീരും മുന്നെ സൂപ്രണ്ടിന്റെ മുറിയ്‌‌ക്കു മുന്നിലെത്തി. പോലീസുകാരന്‍ അതിന്റെ വാതില്‍ മുട്ടാന്‍ കൈയോങ്ങുമ്പോള്‍ പുറകില്‍ നിന്ന് വിളി വന്നു.
"എന്താ കാര്യം?"
"ഈ മൊതലിനെ ഒന്ന് എല്‍പ്പിച്ച് ഇവിടെ റെജിസ്റ്റര്‍ ചെയ്ത കടലാസു കടലാസ് വേണമായിരുന്നു"
"അതേയ് സൂപ്രണ്ട് ലീവിലാ, നാളെയേ വരൂ. പിന്നെ ഉള്ള ഒരോഫീസറ് സ്ഥലം  മാറിപ്പോയിട്ട് പകരം  ആളെത്തിയതുമില്ല. തല്‍ക്കാലം ചാര്‍ജ്ജ് എനിക്കാണ്. ഓഫീസിലേയ്ക്ക് വാ പേപ്പറൊക്കെ ഞാന്‍ ശരിയാക്കി തരാം. ഇതെന്താ വകുപ്പ് ?"
"പതിനാല് ദിവസത്തേയ്‌‌ക്ക് റിമാന്റ്"
"പഴയ കാലമൊന്നുമല്ല, റിമാന്റ് എന്നൊന്നും  പറയരുത്. മാറ്റി പാര്‍പ്പിക്കല്‍ എന്നൊക്കെയേ പറയാവൂ. അല്ലെങ്കില്‍ ഈ സൈസ് കിളുന്ത് പനിനീര്‍ മൊട്ടുകള്‍ക്ക് അതൊക്കെ മാനസിക സംഘര്‍ഷം ഉണ്ടാക്കുമെന്നാണ് കോടതി പറയുന്നത്. പെറ്റി ഓഫീസറും, സൂപ്പര്‍വൈസറുമൊകെ മാറി ഇപ്പോള്‍ പകരം  പേര്  കെയര്‍ടേക്കറും, കൊടച്ചക്രോമെന്നൊക്കെയാണ്."
രണ്ടുപേരും പരിഹരിച്ചു ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു.
"എന്താ ഇവന്റെ കേസ്?"
"ആളെ നേരിട്ടു പരിചയം  ഇല്ലെങ്കിലും  ഇവനെപ്പറ്റി കേട്ടുകാണും. കുമളിയ്‌‌ക്കടുത്ത് ഒരു എസ്റ്റേറ്റില്‍ വെച്ച് നാലര വയസുള്ള പൊടിക്കൊച്ചിനെ ബലാല്‍സംഗം ചെയ്തു കൊന്ന് മരപ്പൊത്തിലൊളിപ്പിച്ച കേസില്ലേ. ഈ തന്തയ്ക്കു പിറക്കാത്തവനാണ് അതു ചെയ്തത്"
അയാള്‍ നടത്തം നിര്‍ത്തി പുറകോട്ടു തിരിഞ്ഞു നോക്കി. കണ്ണുകള്‍ തമ്മിലിടഞ്ഞതും, തല വീണ്ടും  താഴ്ന്നു.
"ഉവ്വ്. കഴിഞ്ഞ കുറേ ദിവസമായി പത്രത്തിലും, ടിവിയിലുമൊക്കെ ഇവന്റെ വാര്‍ത്തകളായിരുന്നല്ലോ"
"ഈ നാട്ടിലെ പെണ്ണിനെ പെറ്റ തള്ളമാരെല്ലാം  തലയറഞ്ഞ് പ്രാകിയിട്ടുണ്ടാകും. എന്നിട്ടും ഇവന്റെയൊക്കെ തല പൊട്ടിത്തെറിക്കാതെ ബാക്കിയുണ്ടല്ലോന്നാ"
"ഇതില് ശാപത്തിനും, ദൈവത്തിനും  ഒന്നും  വലിയ റോളില്ല. ഇവനൊക്കെ വേണ്ട മരുന്ന് ഇവിടെത്തന്നെയുണ്ട്.”

ഓഫീസ് മുറിയിലേയ്ക്കു നടക്കുന്നതിനിടയില്‍ പോലീസുകാരന്‍ പലതവണ അവന്റെ തോളിനു പുറകില്‍ കൈവെച്ചു മുന്നോട്ടു തള്ളുന്നുണ്ടായിരുന്നു. ചിലപ്പോഴോക്കെ വേച്ചു വീഴാന്‍ പോയി. ഓഫീസ് മേശപ്പുറത്ത് ഫയലുകള്‍ നിരന്നു. കോടതിയേല്‍പ്പിച്ച കടലാസുകള്‍ അകമ്പടിപ്പോലീസുകാരന്‍ കൈമാറി. അതു കൈപ്പറ്റിയ ശേഷം, ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ ഒത്തു നോക്കി പരിശോധിക്കുന്നതിനിടയില്‍ ഓഫീസ് മുറിയിലേക്ക് ഒരു പയ്യന്‍ കടന്നു വന്നു. അമിതവണ്ണമുള്ള അവന്റെ ശരീരത്തിനു പാകമാകാത്ത വിധം  ഇറുകിയ മുഷിഞ്ഞ വെള്ള ഷര്‍ട്ടും, കാക്കി നിക്കറുമായിരുന്നു വേഷം. റെജിസ്റ്ററില്‍ പേരു ചേര്‍ത്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥനരികിലെത്തി അവന്‍ തല ചൊറിഞ്ഞു നിന്നു.

"എന്തിനാണ് സാറേ വിളിപ്പിച്ചത്?"
"നിന്നെയൊന്ന് ഉമ്മവെയ്ക്കാന്‍. എന്താ ഒരെണ്ണം  തരട്ടേ? എടാ നിങ്ങളോട് രാവിലേ പറഞ്ഞതല്ലേ ആ സൂപ്രണ്ട് സാറിന്റെ മുറിയൊക്കെ ഒന്ന് തൂത്തുതുടച്ച് വൃത്തിയാക്കി വെയ്ക്കാന്‍. രണ്ടാഴ്ചത്തെ ലീവു കഴിഞ്ഞ് അങ്ങേര് നാളെ ജോയിന്‍ ചെയ്യുന്നുണ്ട്. അലമ്പ് അവസ്ഥ കണ്ടാല്‍ പിന്നെ നിന്റെയൊക്കെ കല്യാണമായിരിക്കും  എന്നറിയാമല്ലോ. വേഗം ചെന്നത് വേണ്ട പോലെ ചെയ്യ് "
മുഖം ചുളിച്ച് അനിഷ്ടം  പ്രകടിപ്പിച്ചുകൊണ്ട് തടിയന്‍ അവിടെ നിന്നു പുറത്തു പോയി.
"എങ്ങനെയുണ്ട് ഇവറ്റകളോടൊത്തുള്ള സഹവാസം ?"
"തള്ളയെ കൂട്ടിക്കൊടുക്കുന്ന തങ്കക്കുടങ്ങളാണ്. വിരട്ടിയൊരു മയത്തിലൊക്കെ നിര്‍ത്തിയില്ലെങ്കില്‍ തലയില്‍ കയറിയിരുന്ന് തൂറും. അതുകൊണ്ട് ഇവന്മാര്‍ക്ക് വേണ്ടതൊക്കെ പായസപ്പരുവത്തില്‍ അപ്പപ്പോള്‍ കൊടുക്കാറുണ്ട്. പക്ഷേ പുറത്തറിഞ്ഞാല്‍ മിനക്കേടാണ്. കൗണ്‍സിലര്‍, മെഡിക്കല്‍ ഓഫീസര്‍ അങ്ങനെ കുറെ വയ്യാവേലി ആളുകളുണ്ട്. ഇവന്മാരുടെയൊക്കെ തനിക്കൊണം  അറിയാവുന്നതുകൊണ്ട് അവരും  അങ്ങ് കണ്ണടയ്‌‌‌‌ക്കും. എന്നാലും  ചില വകയ്ക്കു കൊള്ളാത്ത സംഘടനകളും, പത്രക്കാരുമൊക്കെ എന്തെങ്കിലും  തുമ്പോ, തുരുമ്പോ ഒക്കെ തപ്പിത്തേടി വരും. അവരെ മാത്രം  ഒന്ന് സൂക്ഷിച്ചാല്‍ മതി."
അകമ്പടിപ്പോലീസുകാരന്‍ ശരിവെച്ചു തലകുലുക്കി. ഫയലുകളില്‍ നിന്ന് മുഖമുയര്‍ത്തിയ ശേഷം സൂപ്പര്‍വൈസര്‍ അവനെ കൈമാടിവിളിച്ചു.
"വാടാ... പൊന്നുതമ്പുരാന്‍ ഇവിടെയൊന്ന് തൃക്കൈവിളയാടിക്ക്"
മേശപ്പുറത്തിരുന്ന ഒരു തടിച്ച പുസ്തകത്തില്‍ പേരിനു നേരെ വിരലടയാളം പതിപ്പിച്ചു. പോലീസുകാര്‍ എന്തൊക്കെയോ കടലാസുകളില്‍ ഒപ്പിട്ട് പരസ്പരം  കൈമാറി.
"ഇനിയെനിക്ക് പോകാമല്ലോ അല്ലേ?"
"ഉവ്വ്. നിങ്ങടെ ചുമതല കഴിഞ്ഞു. ഇനിയിവനെ പതിനാലു ദിവസം നിധി കാക്കുന്ന പോലെ ഞങ്ങള് നോക്കിക്കോളാം"
സൂപ്പര്‍വൈസര്‍ ചിരിച്ചു, ഭൂതത്താന്റെ ചിരി. പോലീസുകാരന്‍ ഓഫീസ് മുറി വിട്ട് പുറത്തിറങ്ങി. അവന്റെ കഴുത്തിനു പുറകില്‍ കൈകൊണ്ടു പിടിച്ചുന്തിക്കൊണ്ട് സൂപ്പര്‍വൈസര്‍ മുന്നോട്ടു നടന്നു. ഓഫീസ് മുറിയും, നടുമുറ്റവും, പടിക്കെട്ടുകളും, നീളന്‍ വരാന്തയും  താണ്ടി സെല്ലിനടുത്തെത്തി. കുറച്ചു കുട്ടികള്‍ സെല്ലിനു പുറത്ത് ചെറിയ ജോലികള്‍ ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവര്‍ സെല്ലിനോടു ചേര്‍ന്ന വരാന്തയില്‍ ചുമരിനോടു ചേര്‍ന്നിരുന്ന് വിശ്രമത്തിലും. ഓഫീസറെ കണ്ടതോടെ പണികള്‍ ചെയ്തിരുന്നവര്‍ അതു നിര്‍ത്തി, നിലത്തിരുന്നവര്‍ എഴുന്നേറ്റു നിന്നു. എല്ലാവരോടുമായി അയാള്‍ പറഞ്ഞു.
“ഇന്നാ ശരിക്കു കണ്ടോ. നിന്റെയൊക്കെ പുതിയ കൂട്ടുകാരന്‍. ഇവന്റെ കേസൊക്കെ ഭയങ്കര മുറ്റാണ്. തല്‍ക്കാലം  ഇവിടെ ഒരു പതിനാലു ദിവസം ഉണ്ടാകും. പിന്നെയൊക്കെ ഇവന്റെ ഭാഗ്യം പോലിരിക്കും. കേസ് വിധിയായാല് ഇവടെത്തന്നെ കുറച്ച് വര്‍ഷം കിടക്കാനും മതി.”
എല്ലാവരും  കേട്ടു എന്ന് ബോധ്യപ്പെട്ട ശേഷം  അയാള്‍ തുടര്‍ന്നു.
“ആ ഇന്നത്തെ പണിയൊക്കെ നി‌‌ത്തിയേക്ക്. എന്നിട്ടെല്ലാവരും  സെല്ലിനകത്ത് കയറ്. ഇനി രാത്രിയിലെ തീറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ മതി.”
പുറംപണി ചെയ്തുകൊണ്ടിരുന്നവര്‍ അതു നിര്‍ത്തിവെച്ച് ചൂലും  മറ്റ് ആയുധങ്ങളും മുറ്റത്തെ ഒരു മൂലയ്ക്ക് ഒതുക്കി വെച്ച ശേഷം അടുത്തു തന്നെയുള്ള പൈപ്പിന് മുന്നില്‍ വരി നിന്ന് കൈയ്യും, കാലും  വൃത്തിയാക്കിയ ശേഷം സെല്ലിനകത്തു കയറി. വരാന്തയില്‍ കുത്തിയിരുന്നവര്‍ നേരത്തേ തന്നെ അതിനകത്തു കടന്നിരുന്നു. ഇരുമ്പഴികളുള്ള വാതിലിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ ഓര്‍ക്കപ്പുറത്ത് അവന്റെ കഴുത്തിനു പുറകില്‍ ഒരു തള്ളു കിട്ടി.
“സ്റ്റോറ് ഇന്ന് നേരത്തേ‌ പൂട്ടിപ്പോയീ. നിനക്കുള്ള യൂണീഫോമും , പായും, പുതപ്പുമൊക്കെ നാളെയേ കിട്ടൂ. തല്‍ക്കാലം  ഇന്നത്തേയ്‌‌ക്ക് അവിടെയെവിടെയെങ്കിലും  ചുരുണ്ടു കൂടാന്‍ നോക്ക്. അല്ലെങ്കിലും  നിന്റെ കുമളിയിലെ എസ്റ്റേറ്റിലെയത്ര തണുപ്പും, കൊതുകു കടിയൊന്നും  ഈ സുഖവാസ കേന്ദ്രത്തിലുണ്ടാകില്ല"
പരിഹാസം  തീര്‍ന്നതും  അയാള്‍ തിരിച്ചു പോയി. അയാളുടെ കാലടി ശബ്ദം അകന്നില്ലാതായതും സെല്ലിനകത്ത് ഒതുങ്ങിയിരുന്നവര്‍ കൂട്ടമായി അവന്റെ അടുത്തേയ്ക്കു വന്നു.

ഒരോരുത്തരും വന്നെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എന്താണ് പേര്? എവിടെയാണ് സ്ഥലം? എന്താണ് ചെയ്ത കുറ്റം? പോലീസുകാരെന്തൊക്കെ ചെയ്തു? കോടതിയെന്തു പറഞ്ഞു? രക്ഷപ്പെടുത്താന്‍ ആളും സ്വാധീനവുമൊക്കെയുണ്ടോ? വീട്ടിലാരൊക്കെയുണ്ട്?അവരുടെ ചോദ്യങ്ങള്‍ക്കു മുന്നിലും തലകുനിച്ചു. കൂട്ടത്തില്‍ ഒരു പൂച്ചക്കണ്ണന്‍, അവനായിരുന്നു ആവേശം  കൂടുതല്‍. മറ്റെല്ലാവരും  പിന്‍വാങ്ങിയിട്ടും തല താഴ്ത്തിയിരിക്കുന്നവന്റെ താടിയെല്ലു പിടിച്ചുയര്‍ത്തി പൂച്ചക്കണ്ണന്‍ ചോദ്യങ്ങള്‍ തുടര്‍ന്നു. ആരോ ഓടിവരുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരും  അവരവരുടെ ഇടങ്ങളിലേയ്ക്ക് പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ പതുങ്ങി വലിഞ്ഞു. ഓടിക്കിതച്ച്  ആളിങ്ങെത്തിക്കഴിഞ്ഞു. നേരത്തേ ഓഫീസു മുറിയില്‍ വെച്ചു കണ്ട തടിയനാണ്.

"എടാ നിന്നെ സ്റ്റീഫന്‍ സാറ് വിളിക്കുന്നുണ്ട്. വേഗം ചെന്നു സമ്മാനം  വാങ്ങിക്കോ"
തടിയന് ചിരിയടക്കാനാകുന്നില്ല. ആരാണ് ഈ സ്റ്റീഫന്‍ എന്ന സംശയഭാവത്തോടെ അവന്‍ മുഖമുയര്‍ത്തി തടിയനു നേരെ നോക്കി.
"നിന്റെ പേരൊക്കെ ചേര്‍ത്ത് ഇങ്ങോട്ട് കൊണ്ട് വിട്ടില്ലേ... അയാള് തന്നെ"

തുടര്‍ന്ന് മറ്റുള്ളവരോടായി

"എടാ മക്കളേ. ഈ പഹയന്‍ ആരാണെന്നറിയോ?"
ആരെന്ന ഭാവത്തില്‍ എല്ലാവരും തടിയനെത്തന്നെ സൂക്ഷിച്ചു നോക്കി.
“ഇന്നാളൊരു കുഞ്ഞിപ്പെങ്കൊച്ചിനെ പൂശി കൊന്ന് മരത്തിന്റെ പൊത്തിലിട്ട കേസ് പത്രത്തില് കണ്ടില്ലേ.”
"അവനാണോ ഈ പന്നി. വെറുതെയല്ല സ്റ്റീഫന്‍ സാറ് സല്‍ക്കരിക്കാന്‍ വിളിപ്പിച്ചത്. ചെല്ല്... ചെന്നു വാങ്ങിക്കോ”
പൂച്ചക്കണ്ണന്റെ വക ഭീഷണി. എല്ലാവരുടേയും  നോട്ടവും, ശ്രദ്ധയും  വീണ്ടും പതിച്ചപ്പോള്‍ അവന്‍ തല താഴ്ത്തി സെല്ലിനു വെളിയിലിറങ്ങി. നാട്ടുവെളിച്ചവും  മറഞ്ഞ് നേരം  ഇരുട്ടിത്തുടങ്ങിയിരുന്നു. വരാന്തയിലൂടെ നടക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉയരുന്നതിന്റെ പ്രയാസമറിഞ്ഞു. പടിക്കെട്ടുകളും, നടുമുറ്റവും താണ്ടി ഓഫീസിനടുത്ത് എത്തിയപ്പോള്‍ -ശ്രദ്ധിച്ചു നിരീക്ഷിച്ചാല്‍ തൊട്ടടുത്ത് നില്‍ക്കുന്നൊരാള്‍ക്ക് കേള്‍ക്കാവുന്ന വിധം- നെഞ്ചിടിയ്ക്കാന്‍ തുടങ്ങി.

അയാള്‍ ആ മേശയ്കരികില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു. വാതില്‍ക്കലില്‍ അവന്റെ തലവട്ടം  കണ്ടതും  കൈമാടി  വിളിച്ചു. അടുത്തെത്തിയപ്പോള്‍ അയാള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. തോളില്‍ കൈയ്യിട്ടുകൊണ്ടായിരുന്നു ചോദ്യം.

“നീ തന്നെ ആണോടാ അത് ചെയ്തത്? അതോ ചെയ്തവനെ കിട്ടാഞ്ഞിട്ട് പോലീസുകാര് എല്ലാം  കൂടെ നിന്റെ തലയില്‍ വെച്ച് തന്നതാണോ?”
അവന്‍ ഉത്തരം  പറയാതെ തലതാഴ്ത്തി നിന്നു.
“ചോദിച്ചത് കേട്ടില്ലേടാ കള്ളക്കഴുവേറീ. നീ തന്നെയാണോ ആ കുഞ്ഞു പെങ്കൊച്ചിനെ..?”
'അതേ'യെന്ന് തലയിളക്കിയതും തോളിലിരുന്ന കൈ ഉയര്‍ന്ന് ചെവിയില്‍ പിടുത്തമിട്ടു. വലത് ചെവി കൈവെള്ളയ്ക്കുള്ളില്‍ കിടന്നു ഞെരിഞ്ഞമര്‍ന്നു.  ഉച്ചത്തിലൊന്നു കരയാന്‍ പോലും തൊണ്ടയില്‍ നിന്ന് ശബ്ദം  ഉയര്‍ന്നില്ല. ഉടല്‍ മൊത്തത്തില്‍ മരവിച്ചു പോയിരിക്കണം.
"നാലര വയസ്സ്... വെറും  നാലരവയസ്സല്ലേടാ ആ കൊച്ചിനുണ്ടായിരുന്നത്. എന്നിട്ടും നിനക്കെങ്ങനെ തോന്നിയെടാ പുലയാടി മോനേ ?"
ഒരു കൈകൊണ്ട് ചെവിയിലെ പിടുത്തം  മുറുകുമ്പോള്‍ തന്നെ മറുകൈകൊണ്ട് അവന്റെ ട്രൗസറിന്റെ മുന്‍വശം  ചേര്‍ത്തു പിടിച്ചു ഞെരിച്ചു. വസ്ത്രം  കൂട്ടിയുള്ള പിടി മുറുകിയപ്പോള്‍ അയാളുടെ ഉള്ളം കൈയ്ക്കുള്ളില്‍ പെട്ട് ആണവയവം ചതഞ്ഞു. ഇത്തവണ നിലവിളി അവന്റെ തൊണ്ടയെ തോല്‍പ്പിച്ചു പുറത്തു വന്നു. നടുവളഞ്ഞു നിന്ന് അവന്‍ അലറിക്കരയുമ്പോഴും അയാള്‍ പിടി അയച്ചിരുന്നില്ല. സഹിക്കാനാകാത്ത വേദന ശരീരത്തിലെ സകല ഞരമ്പുകളിലൂടെയും ഓടിയെത്തി അടിവയറ്റില്‍ കനം വെച്ചുകൂടി. കരച്ചിലിന്നറ്റം  അവന്‍ ശ്വാസം  മുട്ടി പ്രാണന്‍ പിടഞ്ഞ നേരത്ത് ഓഫീസ് മുറിയിലേക്ക് മറ്റൊരു ഉദ്യോഗസ്ഥന്‍ ഓടിക്കിതച്ചു കടന്നു വന്നു.
"ഭ്രാന്ത് കാണിക്കാതെ സ്റ്റീഫന്‍ സാറേ. ചെക്കനെന്തെങ്കിലും പറ്റിയാല് പിന്നെ നമ്മള് തൂങ്ങും. വിട്ടുകളയെന്റെ സാറേ.."
"ഇവനെന്ത് ചെയ്താണ് ഇവിടെയെത്തിയതെന്ന് തനിക്കറീയാമോടോ?"
"ഉവ്വെന്നേയ്... കേസ്സൊക്കെ ഞാനും അറിഞ്ഞു. പക്ഷേ ചത്ത് തൊലഞ്ഞാല്‍ പണിയാകും. കോടതിയിലെത്തുമ്പോള്‍ എന്തെങ്കിലും  ഏനക്കേടുണ്ടെങ്കില്‍ പിന്നെ ഇണ്ടാസ് കിട്ടാനതു മതി. വിട്ടേയ്ക്ക് സാറേ"

ട്രൗസറില്‍ നിന്ന് പിടിയയഞ്ഞു. തൊണ്ടയില്‍ കുരുങ്ങിയ ശ്വാസം നേരെ വീണുവെങ്കിലും അടിവയറ്റിലെ പിടച്ചില്‍ നിലച്ചിരുന്നില്ല. നടുനിവര്‍ത്താന്‍ ആയാസപ്പെട്ടെങ്കിലും പരാജയപ്പെട്ടു. രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥന്‍ അവന്റെ കൈയ്യില്‍ പിടുത്തമിട്ടു. ബലമായി വലിച്ചിഴയ്ക്കപ്പെട്ട്  തിരികേ സെല്ലിലേയ്‌‌ക്കു മടങ്ങുമ്പോഴും  പുറകില്‍ അയാളുടെ ഭീഷണി നിലച്ചിരുന്നില്ല.

"കോടതിയും, ദൈവവുമൊന്നും  നിന്നെ ഒരു രോമവും ചെയ്തില്ലെങ്കിലും നിനക്കുള്ള ശിക്ഷ ഈ സ്റ്റീഫന്‍ തരും. പതിനാല് ദിവസം നീ ഇവിടെത്തന്നെയില്ലേ. അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളെടാ"
സെല്ലിനടുത്തെത്തിയതും ഇരുമ്പഴിയുള്ള വാതില്‍ തുറന്ന് അവനെ അതിനകത്തേയ്ക്ക് തള്ളിയിട്ടു. അടിവയറു താങ്ങിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ നോക്കിയെങ്കിലും വീണ്ടും പുറകോട്ടു മലച്ചു വീണു. സെല്ലിനകത്ത് ചുമരു ചാരിയിരുന്ന തടിയന്‍ എഴുന്നേറ്റ് അവന്റെ അരികിലെത്തി. കൈ പിടിച്ചെഴുന്നേല്‍പ്പിച്ച് മൂലയില്‍ നിവര്‍ത്തിയിട്ട പായയില്‍ സാവകാശം ഇരുത്തി.
"തല്‍ക്കാലം രക്ഷപ്പെട്ടെന്ന് കരുതിയാ മതി. ഇനിയെങ്കിലും അയാക്കടെ കണ്ണീപ്പെടാണ്ടെ നോക്കിക്കോ. അങ്ങനെയിങ്ങനെയൊന്നും  പിള്ളാരെ  ഉപദ്രവിക്കാത്തയാളാണ്. പക്ഷേ ഇക്കാര്യത്തില്  സ്റ്റീഫന്‍ സാറിനെ കുറ്റം പറയാന്‍ പറ്റില്ല. കഴിഞ്ഞ കൊല്ലാണ് അയാക്കടെ കൊച്ച് സ്കൂള്‍ വാന്‍ മറിഞ്ഞു ചത്തത്. ഒന്നാം  ക്ലാസില് പഠിക്കണ പെങ്കൊച്ചായിരുന്നു. നീ കഴപ്പു കയറി കൊന്നത് അതിനെക്കാളും കിളുന്തായ ഒന്നിനെയല്ലേ. സാറിന് കലിപ്പ് കയറില്ലെങ്കിലാണ് അത്ഭുതം. അതോണ്ട് മിണ്ടാതെ കെടന്നോ"
ഉപദേശത്തിനു ശേഷം തടിയന്‍ തിരിച്ചു പോയി. അടിവയറു പൊത്തിപ്പിടിച്ച് കുറെ നേരം അങ്ങനെത്തന്നെ ചുമരു ചാരിയിരുന്നു. കണ്ണുകളടഞ്ഞു തുടങ്ങിയപ്പോള്‍ പായയില്‍ വശം  ചെരിഞ്ഞു കിടന്നു. ക്ഷീണവും, മയക്കവും സാവധാനത്തില്‍ വേദനയെ മറികടന്നു.

മയക്കത്തില്‍ ആദ്യം തെളിഞ്ഞത് സെന്തിരായന്റെ മുഖമാണ്. കാക്കിക്കുപ്പാമയമിട്ട് നാടന്‍ തോക്കുമായി സെന്തിരായന്‍ നടക്കുമ്പോള്‍ അയാളുടെ കാക്കി ട്രൗസറിനു മുന്‍വശം മുഴച്ചു നില്‍ക്കുന്നുണ്ടോ എന്നാണ് എല്ലാവരും നോക്കാറുള്ളത്. എസ്റ്റേറ്റില്‍ പണിയെടുക്കുന്നവര്‍ വല്ലതും കടത്തിക്കൊണ്ടു പോകുന്നുണ്ടോ എന്ന് പരിശോദിക്കുന്നത് വാച്ചറുമാരായ സെന്തിയാരനും, മുരുകേശനും  കൂടിയാണ്. മുരുകേശന്‍ മടിയനാണ്, ഉറക്കം തൂങ്ങിയും. എന്നാല്‍ സെന്തിരായന്റെ കണ്ണുകളെ വെട്ടിക്കാന്‍ എളുപ്പമല്ല. അതുകൊണ്ടാണ് പെണ്ണുങ്ങളുടെ വരെ തുണിയഴിച്ച് പരിശോദിക്കാനുള്ള അനുവാദം എസ്റ്റേറ്റ് മാനേജര്‍ അയാള്‍ക്കു  കൊടുത്തിരുന്നത്. ഏലമോ, ജാതിപത്രിപ്പൂവോ തുണിക്കടിയില്‍ തിരുകി കടത്തുന്നവരുടെ മുഖം  കണ്ടാല്‍ സെന്തിരായനറിയാം. "തിരുട്ടു വേലയൊന്നുമേ എങ്കിട്ടെ വേണ്ടാം. പൊരുളെ വെളിയെയെട്" എന്നയാള്‍ അലടുന്ന നിമിഷം ജാക്കറ്റിനുള്ളിലും, ലുങ്കിമുണ്ടിന്റെ കോന്തലയ്ക്കലും, കുട്ടിട്രൗസറിന്റെ പോകറ്റിലുമെല്ലാം  ഒളിപ്പിച്ചതൊക്കെ അറിയാതെ പൊങ്ങി പുറത്തു വരും. എന്നിട്ടും  തപ്പണമെന്ന് തോന്നുന്നവരെ സെന്തിരായന്‍ തപ്പും. അത് പൊരുളു തപ്പുന്നതൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എസ്റ്റേറ്റ് പരിസരത്തുള്ള അത്യാവശ്യം  കാണാന്‍ കൊള്ളാവുന്ന ഏതെങ്കിലും ഒരുത്തി സെന്തിരായന്റെ തപ്പലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളതായി അറിവില്ല. സെന്തിരായനു തപ്പലിന്റെ രസം മൂത്താല്‍ പിന്നെ അതവിടെയും  നില്‍ക്കില്ല. അയാള്‍ക്കു വഴങ്ങിയില്ലെങ്കില്‍ ജോലി പോകാന്‍ വലിയ താമസമില്ല. കളവിന്റെ പേരില്‍ മാനേജരുടെ അടുത്ത് കള്ളപ്പരാതിയെത്തും, പിറ്റേന്ന് മുതല്‍ എസ്റ്റേറ്റിന്റെ ഏഴയലത്ത് വന്നു പോകരുതെന്ന വിലക്കും. അതിലും  ഭേതം  സെന്തിരായന്റെ ദേഹപരിശോദനയ്ക്കും, അതിഷ്ടപ്പെട്ടാല്‍ അയാളുടെ വാച്ചറുപുരയിലേക്കുള്ള ക്ഷണത്തിനും സമ്മതിച്ചു കൊടുക്കുന്നതാണ്. സ്ഥിരമായി ആരെയും  അങ്ങനെ സെന്തിരായന്‍ വെച്ചു പൊറുപ്പിക്കാറുമില്ല, അവര്‍ക്കു പ്രത്യേക പരിഗണയുമില്ല, മോഷണം ആരു നടത്തിയാലും പിടിയ്ക്കും. 'കാവലു വേറേ, കള്ളക്കാതലു വേറെ' എന്നതാണ് മൂപ്പരുടെ നയം. അവന്റെ അണ്ണന്റെ കൈവശമുള്ള കെട്ടുകണക്കിന് സിഡികളിലൊന്നില്‍ കണ്ട, ഏതു തരം പെണ്ണുമായും  എത്ര നേരം  വേണമെങ്കിലും ഇണ ചേരുന്ന, നീണ്ട മുടിയുള്ള, അല്‍പം  പ്രായമായ, തടിച്ച കൊമ്പന്‍ മീശക്കാരന് ശെന്തിരായന്റെ മുഖച്ഛായയുണ്ടായിരുന്നു. ഒരിക്കയ്ക്കല്‍ അണ്ണന്‍ വീട്ടിലില്ലാത്ത നേരത്താണ് അതെടുത്ത് കണ്ടത്. അണ്ണനെന്നാല്‍ തള്ള ഒന്ന്, തന്ത വേറെയും. അമ്മയുടെ ആദ്യത്തെ ഭര്‍ത്താവിലുള്ളതാണ് അണ്ണന്‍. എന്നാല്‍ അവരു രണ്ടു പേരുടേയും  തന്തമാരുടെ കൂടയല്ല, മൂന്നാമതൊരാളുടെ കൂടയാണ് ഇപ്പോള്‍ അമ്മയുടെ പൊറുതി. അയാളെ ശരിക്കും  കല്യാണം  കഴിച്ചിട്ടുണ്ടോ എന്ന് പോലും  സംശയമാണ്, അതവരുടെ പെരുമാറ്റത്തില്‍ നിന്നു തന്നെ വ്യക്തവുമാണ്. പെറ്റ തള്ളയുടെ സ്നേഹം  എന്നൊക്കെ പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം വെറുതെയാണ്. കുറ്റം തെളിഞ്ഞപ്പോള്‍ സ്വന്തം  മകനെ പോലീസ് പിടിച്ചുകൊണ്ടു പോകുമ്പോഴും അവര്‍ അടുക്കളയില്‍ പണിയെടുക്കുകയായിരുന്നു. അതുകൂടി കണ്ടപ്പൊഴാണ് നാട്ടുകാര്‍ക്കു ശരിക്കും ദേഷ്യം മൂത്തുകയറിയത്. കത്തിയും, വടിയുമൊക്കെയായി അവരു വീടു വളഞ്ഞപ്പോള്‍ രക്ഷയ്ക്കെത്തിയത് പോലീസുകാരായിരുന്നു. എന്നാല്‍ പോലീസുകാരു പറയുന്നതൊന്നും  അനുസരിക്കാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. 'ഈ വീടും, അതിലുള്ളവരും  ഇനിയിവിടെ വേണ്ടാ'യെന്ന് അവര്‍ കട്ടായം പറഞ്ഞതോടെ പോലീസിനും ഗതിമുട്ടി. പിന്നെ ചില നേതാക്കന്മാരും, വാര്‍ഡു മെമ്പറും ഒക്കെ കൂടിയാണ് വീട്ടിലുള്ളവരെയെല്ലാം വണ്ടിയില്‍ കയറ്റി ആകാശപ്പറവക്കാരുടെ അനാഥമന്ദിരത്തിലെത്തിച്ചത്.


“എഴുന്നേറ്റ് വാടാ. വല്ലതും  തിന്നണ്ടേ? മണിയടിച്ചത് കേട്ടില്ലേ? ഇവിടെ നിന്റെ വീട്ടിലെപ്പോലെ തോന്നുമ്പം  അടുക്കളയില്‍ ചെന്ന് ചോറെടുത്ത് തിന്നാനൊന്നും  പറ്റത്തില്ല"

കാലുകൊണ്ട് ശരീരത്തില്‍ തട്ടി പൂച്ചക്കണ്ണന്റെ വക ക്ഷണം. കൂട്ടമായി പുറത്തിറങ്ങുന്നവരോടൊപ്പം  ചെന്ന് ഭക്ഷണത്തിന്നിരുന്നു. ആരെങ്കിലും ബഹളം  കൂട്ടുന്നുണ്ടോയെന്ന് മേല്‍നോട്ടത്തിന് അയാളുമുണ്ടായിരുന്നു...സ്റ്റീഫന്‍. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും അയാളെക്കണ്ടതോടെ ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങാതെയായി. തീറ്റ നിര്‍ത്തി പാത്രത്തില്‍ വെറുതേ കൈയ്യിട്ടു പരതുമ്പോള്‍ അയാളുടെ ശബ്ദം ഉയര്‍ന്നു.
“വേഗം വല്ലതും വലിച്ചുവാരിത്തിന്ന് പോയി കിടന്ന് ഉറങ്ങിനെടാ എല്ലാം. ഇല്ലെങ്കില്‍ തന്നെ തിന്ന് എല്ലിന്റേടേല്‍ കുത്തിയിട്ടാണ്..."
പാതിയില്‍ നിര്‍ത്തിയ താക്കീത് എല്ലാവരോടുമായാണ് പറഞ്ഞതെങ്കിലും  അയാളുടെ നോട്ടമത്രയും  അവന്റെ മേല്‍ മാത്രമായിരുന്നു. അതോടെ വിശപ്പു ചത്തു. കൂട്ടത്തിലുള്ള ചിലര്‍ ഭക്ഷണം  കഴിഞ്ഞെഴുന്നേറ്റതോടെ എച്ചില്‍ പാത്രമെടുത്ത് കഴുകി തിരികേയേല്‍പ്പിച്ച ശേഷം തിരികേ സെല്ലിനടുത്ത് ചെന്നു വരി നിന്നു. ഓരോരുത്തരെയായി സെല്ലിനകത്തേയ്യ്ക്ക് ഉന്തിക്കയറ്റിക്കൊണ്ടു തലയെണ്ണി പരിശോദന പൂര്‍ത്തിയാക്കിയ ശേഷം സെല്ലുപൂട്ടി  ഉദ്യോഗസ്ഥന്‍ മടങ്ങി. സെല്ലിനു മൂലയിലുള്ള പായയില്‍ വീണ്ടും  ചെന്നു കിടന്നു. തൊട്ടടുത്ത് കിടന്ന തടിയന്‍  പെട്ടെന്നു തന്നെ ഉറക്കമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ലൈറ്റണഞ്ഞു. ഒരു പേയ് നായയുടെ മുരള്‍ച്ച പോലെ ഉരുട്ടില്‍ തടിയന്റെ കൂര്‍ക്കം വലി മുഴങ്ങി. പേടിയേയും, വേദനയേയും, ശബ്ദങ്ങളേയും, പരിചയക്കേടിനേയും മറികടന്ന് പതിയെ ഉറക്കം പിടിച്ചെങ്കിലും നായ്‌‌ മുരള്‍ച്ച പോലൊരു പേടിസ്വപ്നം  അവനെ പൊതിഞ്ഞു.

പെണ്‍കുട്ടി മരിച്ചു കിടക്കുന്ന മരപ്പൊത്തിന്റെ പരിസരങ്ങളില്‍ മണം  പിടിച്ച ശേഷം പോലീസ് നായ ഓട്ടം  തുടങ്ങി; പുറകില്‍ പോലീസുകാരും. വായ് പൊളിച്ചു നാക്കു പുറത്തേയ്ക്കിട്ട് ഓടുന്ന നായയേക്കാള്‍ കിതപ്പായിരുന്നു അപ്പോള്‍ അവന്റെ നെഞ്ചിനകത്ത്. അതു കണ്ടു നിന്ന ആള്‍ക്കൂട്ടത്തില്‍ അവന്‍ കൂട്ടുകാരെ തിരഞ്ഞു. അവരെല്ലാം  തന്നെ നായയെത്തന്നെ ഉറ്റുനോക്കി നില്‍ക്കുകയായിരുന്നു. ഏതു നിമിഷവും തന്റെ മേല്‍ചാടിവീഴും  എന്നുറപ്പിച്ചു നില്‍ക്കുമ്പോഴാണ് നായ അവനേയും  മറികടന്ന് ഓടാന്‍ തുടങ്ങിയത്. എസ്റ്റേറ്റിന്റെ ഗേറ്റ് എത്തിയതും  നായ ഓട്ടം  നിര്‍ത്തി. പുറത്തേയ്ക്കുള്ള വഴിയില്‍ കുറച്ചു നേരം കൂടി മണപ്പിച്ചു നടന്ന ശേഷം  അത് പരിശീലകന്റെ അടുത്തെത്തി തോല്‍വി സമ്മതിച്ചു. അപ്പോഴാണ് ശ്വാസം നേരെ വീണത്. ഇനിയും  അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയപ്പോള്‍ വീട്ടിലേയ്ക്കു മടങ്ങി. അമ്മയും, രണ്ടാനച്ഛനും  പണിയ്ക്കു പോയിരിക്കുകയായിരുന്നു. അണ്ണന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാല്‍പ്പെരുമാറ്റം കേട്ടതും അണ്ണന്‍ ടിവി ഓഫ് ചെയ്തു. ഏതെങ്കിലും  തുണ്ടുപടം  കാണുകയായിരിക്കണം. അയലുത്തുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ ശബ്ദം തീരെ കുറച്ചു വെച്ചാണ് അണ്ണന്‍ അതു കാണാറുള്ളത്. ആദ്യമായി അണ്ണനറിയാതെ ഒളിച്ചു നിന്നു കണ്ടപ്പോള്‍ ടിവിയില്‍ കാണാറുള്ള ഗുസ്തി മല്‍സരമാണെന്നാണ് കരുതിയത്. ഒന്നില്‍ ആണും,ആണും  മറ്റേതില്‍ ആണും,പെണ്ണും അല്ലെങ്കില്‍ പെണ്ണും, പെണ്ണും എന്നേയുള്ളൂ വ്യത്യാസം. മുഖഭാവങ്ങളും, ആക്രോശങ്ങളും, ശീല്‍ക്കാരങ്ങളും, കെട്ടിമറിയലുകളും  ഒക്കേ എതാണ്ട് ഒരു പോലെയാണ്. എന്നാല്‍ ഒളിച്ചു നിന്ന് കണ്ടത് ഗുസ്തിമല്‍സരമല്ലെന്ന് കൂട്ടുകാര്‍ വഴി തിരിച്ചറിഞ്ഞതു മുതലാണ് മാറ്റങ്ങള്‍ സംഭവിച്ചതും. സ്കൂളിലൊന്നും  പോകാതെ ജാതിപത്രി പറിയ്ക്കാനും, ഏലം പുതയിടാനുമൊക്കെ പോകുന്ന പിള്ളേരാണ്. അവരുടെ കൂടെ അവനും പണിയ്ക്കു  കൂടാറുണ്ട്. മിക്കവന്മാരും കൂലിക്കാശുകൂട്ടി വെച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയിട്ടുണ്ട്. പണിയൊഴിവുള്ള സമയങ്ങളില്‍ കൂട്ടംകൂടി ബീഡി വലിക്കുന്നതിനിടെ അതിലവന്മാര്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന കാഴ്ചകള്‍ കാണും. ഹോ! ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയുണ്ടോയെന്ന് തോന്നിപ്പിക്കുന്ന കാഴ്ചകള്‍. മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ഷോപ്പിലെ ജോലിക്കാരന്, കൂള്‍ബാറില്‍ കയറി ജ്യൂസു കുടിക്കുന്നതിനിടയില്‍ കൂടെയിരിക്കുന്നവന്, കാറോടിക്കുന്ന കാമുകന്, തുണിക്കടയുടെ ഗോഡൗണില്‍ കൂടെ പണിയെടുക്കുന്നവന്, കോളേജില്‍ കൂടെ പഠിക്കുന്നവന്, കൂടെ ജോലി ചെയ്യുന്നവന് ഒക്കെ എല്ലാം സമ്മതിച്ചു കൊടുക്കുന്ന പെണ്ണുങ്ങളാണ് അതില്‍ നിറയേ. സെന്തിരായനും, മാനേജരുസാറിനും  മാത്രമൊന്നുമല്ല; വിചാരിച്ചാല്‍ ആര്‍ക്കും  ഇവര്‍ സമ്മതിച്ചു കൊടുക്കുമായിരിക്കും. കൂടെയുള്ളവന്മാരു പറയുന്ന കഥകളു കേട്ടപ്പോള്‍ തല പെരുത്തു കയറി. അണ്ണന്റെ സിഡികളിലും, മൊബൈലിലും  അല്ലാതെ നേരിട്ട് ഇതുവരെ ഒരുത്തിയെപ്പോലും അവന്‍ അങ്ങനെ മുഴുവനോടെ കണ്ടിട്ടില്ല. കണ്ടിട്ടില്ലേ എന്ന് ചോദിച്ചാല്‍ ഒരിക്കല്‍ വാച്ചറുപുരയില്‍ സെന്തിരായന്റെ കൂടെ കെട്ടിമറിയുന്ന ഒരുത്തിയെ കണ്ടിട്ടുണ്ട്. അവര്‍ അവനെ കണ്ടാലോയെന്ന് പേടിച്ച് ഒളിച്ചു നിന്ന് കണ്ടതിനാല്‍ മുഖം  കാണാനൊത്തില്ല. എല്ലാം  കഴിഞ്ഞ് സെന്തിരായന്‍ എഴുന്നേറ്റ നിമിഷം അവിടെ നിന്ന് ഓടി മറഞ്ഞു. പിന്നെ തുണിയില്ലാതെ കണ്ടിട്ടുള്ളത് എസ്റ്റേറ്റിലെ പൊടിപ്പിള്ളാരെയാണ്. മിക്കതും കുപ്പായമിട്ട് നടക്കില്ല. ഇനി ഇട്ടാല്‍ തന്നെ തൂറാനും, മുള്ളാനും ഒക്കെയായി ഊരിക്കളഞ്ഞാല്‍ പിന്നെ അതൊട്ട് ഇടുകയുമില്ല. എങ്ങനെയെങ്കിലും  ഒന്നിനെ ഒപ്പിക്കണം. എന്താണ് ഇതെന്തെന്ന് ഒന്നറിഞ്ഞിട്ട് തന്നെ കാര്യം. വല്ല്യ പെണ്ണുങ്ങളായാല്‍ മെനക്കേടാണ്. അവനെപ്പോലെ ഒരു കുഞ്ഞനെ അവര്‍ക്ക് പിടിക്കില്ല, അതുമല്ല, ഇനി സമ്മതിക്കാതെയെങ്ങാനും  വന്നാല്‍ നേരെ പരാതി ചെല്ലുന്നത് വീട്ടിലേയ്ക്കായിരിക്കും‌. തള്ളയും, പുതിയ തന്തയും  കൂടെ മരക്കൊമ്പൊടിച്ച് തല്ലിയിറക്കും വീട്ടീന്ന്.  അവന്മാരു പറയുന്നതു പോലെ എന്താണിതെന്ന് ഒന്നറിയേണ്ട കാര്യമല്ലേ ഉള്ളൂ. അതിനിപ്പ പൊടിപ്പിള്ളേരായാലും  മതി. ചെറുപ്പത്തില്‍  തന്റെ ട്രൗസറിന്റെ കീറപ്പോക്കറ്റിനുള്ളില്‍ സെന്തിരായന്‍ കൈയ്യിട്ട് തപ്പുമ്പോള്‍ അവന്‍ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നോ? ഇല്ലല്ലോ... പിള്ളാരാണ് നല്ലത്, അവരാകുമ്പോള്‍ ഇതെന്താണെന്നൊന്നും  അറീയില്ല. വല്ല കളിയുമാണെന്ന് കരുതിക്കോളും. എന്നാലും ആദ്യായിട്ടാകുമ്പോള്‍ അത്യാവശ്യം വേദനയൊക്കെ കാണുമെന്നാണ് അവന്മാരു പറയുന്നത്. അതു സാരമില്ല. വാശിയുള്ള കളിക്കിടയില്‍ അടിപിടിയും, വീഴ്ചയും, ചോരപൊട്ടലും  ഒക്കെ സാധാരണയാണ്. അങ്ങനെയാണെന്ന് കരുതിക്കോളും...


കാലത്ത് എഴുന്നേല്‍ക്കാനുള്ള മണിമുഴങ്ങിയെങ്കിലും, തൊട്ടടുത്ത് കിടന്ന തടിയന്‍ തട്ടിവിളിച്ചപ്പൊഴാണ് അവന്‍ ഉറക്കമെണീറ്റത്. സെല്ലിനു പുറത്തിറങ്ങി കക്കൂസിന് മുന്നില്‍ വരി നിന്നു. മൂത്രമൊഴിക്കുമ്പോള്‍ അടിയവറു വേദന കനത്തു; സ്റ്റീഫന്‍ സാറിന്റെ ശിക്ഷയുടെ അവശേഷിപ്പ്. പ്രാണന്‍ പിടയുന്ന വേദനയോടെയാണ് മൂത്രം  ഇറ്റു വീണത്. മുടിവെട്ടാന്‍ ബാര്‍ബര്‍ വരുന്ന ദിവസമായതു കൊണ്ട് അതിനു ശേഷം മതി അന്നത്തെ കുളിയെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. വായും മുഖവും കഴുകി  ഭക്ഷണം വിളമ്പുന്നിടത്ത് ചെന്നിരുന്നു. ഇത്തവണ മേല്‍നോട്ടത്തിന് സ്റ്റീഫന്‍ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ഡ്യൂട്ടി സമയം  കഴിഞ്ഞു പോയിക്കാണും, അത്രയെങ്കിലും  ആശ്വാസം. ഭക്ഷണം  തീര്‍ത്ത്, പാത്രം  തിരികേയേല്‍പ്പിച്ച ശേഷം  ‌‌മുടി വെട്ടാനുള്ളവരുടെ കൂട്ടത്തില്‍ അവന്‍ ഊഴം കാത്തിരുന്നു. ബാര്‍ബറുടെ പേര് വിനായകനെന്നാണെന്ന് തടിയന്‍ പറഞ്ഞറിഞ്ഞു. മുടിവെട്ടുന്നതിനിടയില്‍ അയാള്‍ ഓരോരുത്തരോടും സംസാരിച്ചുകൊണ്ടിരുന്നു. മുടിമുറിയ്ക്കുന്നതിനിടയില്‍ അയാള്‍ തിരിച്ചു വച്ചിരിക്കുന്നിടത്തു നിന്ന് തലയിളക്കിയവരെ തെറിവിളിച്ചുകൊണ്ട് തലയ്ക്കു കിഴുക്കി. കുറേകാലമായി അവിടെ കഴിയുന്നവരോട് അയാള്‍ വിശേഷങ്ങള്‍ തിരക്കി. പുതിയതായി എത്തിയവരോട് ചെയ്ത കുറ്റത്തെക്കുറിച്ചു ചോദിച്ചു. ഊഴമെത്തിയപ്പോള്‍ അവന്‍ അയാള്‍ക്കു മുന്നില്‍ ചെന്നിരുന്ന് തല കുനിച്ചു. തലയില്‍ വെള്ളമിറ്റിച്ച് മുടി പറ്റേ വെട്ടുന്നതിനിടയില്‍ അയാള്‍ പതിവു ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.

“എന്താടാ പേര്?”
മറുപടിയൊന്നും  പറഞ്ഞില്ല.
“എന്തൊപ്പിച്ചിട്ടാ മക്കള് ഇവിടെ വന്നു കൂടിയത്?”
വീണ്ടും  മറുപടിയില്ലാഞ്ഞപ്പോള്‍ അയാള്‍ക്കു ദേഷ്യം  മുത്തു.
“നീയെന്താ പൊട്ടനാണോടാ ശവമേ?”
ഊഴം  കാത്തിരിക്കുന്ന പൂച്ചക്കണ്ണനാണ് വിനായകനുള്ള മറുപടി കൊടുത്തത്.
"നാലര വയസുള്ള ഒരു കൊച്ചിനെ കയറിപ്പിടിച്ചു കൊന്ന് മരപ്പൊത്തിലിട്ടില്ലേ? അതിവനാണ്..."

ബാര്‍ബര്‍ വിനായകന്‍ നിശബ്ദനായി. മുടി വെട്ടിത്തീരുന്നത് വരെ പിന്നീടയാള്‍ ഒരക്ഷം  പോലും  സംസാരിച്ചില്ല. വെട്ടിത്തീര്‍ന്നു കഴിഞ്ഞപ്പോള്‍ കത്രിക മാറ്റി വെച്ച ശേഷം  ക്ഷൗരക്കത്തിയെടുത്ത് ചെവിയ്ക്കു പുറകില്‍ വടിയ്ക്കാന്‍ തുടങ്ങി. ഇടയ്ക്കെപ്പോഴോ ക്ഷൗരക്കത്തി ചെവിയില്‍ മുട്ടിയതും അയാള്‍ ചേര്‍ത്തു വെച്ച് കൈ വലിച്ചു. ഒരു ചെറിയ നീറ്റല്‍ മാത്രമാണ് ആദ്യം  തോന്നിയത്. കൈ തൊട്ടു നോക്കിയപ്പോള്‍ ചോരയൊഴുകുന്നു. വെള്ളത്തില്‍ കൈമുക്കി ചെവി തുടച്ച ശേഷം അയാള്‍ ഷേ‌‌വിംഗ് ആലത്തിന്റെ ഒരു കഷ്ണമെടുത്ത് ചെവിയോടു ചേര്‍ത്തു വെച്ചു. അസഹ്യമായ നീറ്റലും കടിച്ചു പിടിച്ച് കുറച്ചു നേരം  ഇരുന്നതോടെ ചോരയൊഴുക്ക് നിലച്ചു.  അവിടെ നിന്നെഴുന്നേറ്റ് കുളിയ്ക്കാനായി നടക്കുമ്പോള്‍ തടിയന്‍ കൂട്ടു വന്നു.

“സാരല്ല്യ . അതാ അമ്പട്ടന്റെ സ്ഥിരം പണിയാണ്. വല്ലാത്ത പണിയൊപ്പിച്ച് ഇവിടെ വരുന്നോര്‍ക്കൊക്കെ അയാള് ഇങ്ങനെയൊരു പണി തരും. ഒന്നും  മിണ്ടണ്ടാ, മിണ്ടിയാല്‍  ഇതോണ്ടും  തീരില്ല. അടുത്ത തവണത്തെ വരവിനും  കിട്ടും  ചെവിയിലൊരു വര."
തോളില്‍ കൈയ്യിട്ട് നടക്കുന്നതിനിടയില്‍ തടിയന്‍ അവനെ ആശ്വസിപ്പിച്ചു. കുളി കഴിഞ്ഞ് എല്ലാവരും സെല്ലില്‍ തിരികെയെത്തി. കുറച്ചു പേര്‍ ക്ലാസ് മുറികളിലേയ്ക്കും, മറ്റുചിലര്‍ പണികള്‍ ചെയ്യുന്നിടത്തേയ്ക്കുമായി പിരിഞ്ഞു. ബാക്കിയുള്ളവര്‍ സെല്ലിനകത്ത് കൂട്ടംകൂടി തമാശകള്‍ പറഞ്ഞു. ഭക്ഷണത്തിന് മണി മുഴങ്ങുന്നതു വരെ തടിയന്റെ ആവലാതി നിറഞ്ഞ പിറുപിറുക്കലുകള്‍ക്ക് ചെവികൊടുത്തിരിന്നു.

ഉച്ചഭക്ഷണ ശേഷം സെല്ലിനകത്ത് വിശ്രമിക്കുമ്പോഴാണ് കെയര്‍ടേക്കര്‍ വന്നു വിളിച്ചത്. സൂപ്രണ്ട് അന്വേഷിച്ചതായിരുന്നു കാരണം. അയാളുടെ പുറകില്‍ നടന്നുകൊണ്ട് നടുമുറ്റവും, പടിക്കെട്ടുകളും, ഓഫീസ് മുറിയും  താണ്ടി സൂപ്രണ്ടിന്റെ മുറിയിലെത്തി. തലേന്ന് വരുമ്പോള്‍ അടഞ്ഞു കിടന്നിരുന്ന അതേ മുറി. സൂപ്രണ്ടിനോടൊപ്പം മറ്റൊരാളും അവിടെയുണ്ടായിരുന്നു. അവനെ അവരുടെ മുന്നിലെത്തിച്ച ശേഷം കെയര്‍ടേക്കര്‍ മുറിവിട്ട് പുറത്തിറങ്ങി.

“ആ വന്നല്ലോ... അപ്പോള്‍ നീയാണ് ആ മഹാന്‍ അല്ലേ? ലീവായതുകൊണ്ട് സാറിനെ ഇന്നലെ കാണാനൊത്തില്ല. അതു സാരമില്ല സാറ് കുറച്ച് ദിവസം ഇവിടെത്തന്നെ കാണുമല്ലോ അല്ലേ? അപ്പോള്‍ നമുക്ക് വിശദമായിത്തന്നെ പരിചയപ്പെടാം.”
കളിയാക്കല്‍ തുടരുന്നതിനിടെ സൂപ്രണ്ട്‌ കൂടെയിരിക്കുന്നയാള്‍ക്കു നേരെ കൈ ചൂണ്ടി.
“ഈ സാറ് ആരാണെന്ന് അറിയോ? ഇങ്ങേരാണ് നിനക്കെതിരെ കോടതിയില് വാദിക്കാന്‍ പോണത്. കേസിനെക്കുറിച്ച് ഏതാണ്ടൊക്കെ ചോദിക്കാന്‍ വേണ്ടി കോടതീന്ന് പ്രത്യേകം  കടലാസും വാങ്ങി നിന്നെ കാണാന്‍ വന്നതാണ്.”
ഒറ്റത്തവണ അയാളുടെ മുഖത്തു നോക്കിയ ശേഷം  അവന്‍ വീണ്ടൂം  തലകുനിച്ചു നിന്നു.
“റോഡരുകത്ത് തെണ്ടി നടക്കണ പിള്ളേരൊക്കെയാണ് ഇത് ചെയ്തതെന്ന് പറഞ്ഞാല്‍ പിന്നെയും ഒരു ന്യായമുണ്ട്. ഇതിപ്പോള്‍ തന്തേം, തള്ളേം, സ്കൂളില്‍ പോക്കുമൊക്കെയുള്ള ഇവന്മാരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ എന്താണ് സ്ഥിതി?”
സൂപ്രണ്ടിന് കലിയടങ്ങുന്നില്ല.
“ഓ... സ്കൂളില്‍ പോക്കൊക്കെ കണക്ക് തന്നേ. എസ്റ്റേറ്റില് ജാതിപത്രി പറിയ്ക്കാനും, ഏലത്തിന്റെ കൊമ്പു കോതാനുമൊക്കെ പോയാല്‍ ഡെയിലി മുന്നൂറൂ രൂപ കിട്ടുമ്പോള്‍ ഇവന്മാരാരെങ്കിലും സ്കൂളില്‍ പോകുമോ? കിട്ടുന്നതിങ്ങു പോരട്ടേയെന്നും വിചാരിച്ച് തന്തതള്ളമാരും മിണ്ടാതിരിക്കും. കേസ്സന്വേഷിക്കുന്ന പോലീസുകാര് പറഞ്ഞ വിവരം  വെച്ച് കള്ളും, കഞ്ചാവും, മൊബൈലിലെ കളികളുമൊക്കെയായി ഇവന്മാരുടെ കൈയ്യിലില്ലാത്ത ഒരേ‌‌ര്‍പ്പാടും ബാക്കിയില്ല. അതല്ല ഇനി സ്കൂളില്‍ പോയാല്‍ തന്നെ വല്ല്യ വിശേഷമായി. പുംബീജവും, അണ്ഡവും  കൂടിച്ചേര്‍ന്ന് സിക്താണ്ഡം ഉണ്ടാകുന്നു, സിക്താണ്ഡം  വിഘടിച്ചു വളര്‍ന്ന് സന്താനമായിത്തീരുന്നു എന്ന് പഠിപ്പിക്കുന്നിടത്ത് തീരുന്നതാണ് നമ്മുടെ ലൈംഗിക വിദ്യാഭ്യാസം. അതു തന്നെ പിള്ളേരോടു തനിയേ വായിക്കാന്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ബയോളജി അദ്ധ്യാപകരാണുള്ളത്. എന്നിട്ടോ? ചെവിയുടെയും,  ചെമ്പരത്തിയുടേയും  പടം  വരച്ച് പഠിപ്പിക്കും. പിള്ളേരു വേറെ വഴി തേടും"
പ്രോസിക്യൂട്ടര്‍ കുലുങ്ങിച്ചിരിച്ചു.
"അതു ശരിയാ.. അല്ലെങ്കിലും  നമ്മക്കിപ്പോഴും  ഈ പഠിപ്പൊക്കെ സ്കൂളിന് പുറത്തൂന്ന് തന്നെ, അല്ല്യോ?”
സൂപ്രണ്ട് സ്വന്തം ചോദ്യത്തിന് തലയിളക്കി ശരിവെച്ചു.
"ആ പഠിപ്പ് വല്ലാണ്ട് കൂടിപ്പോയതിന്റെയാണ് ഈ കാണുന്നത്."
പ്രോസിക്യൂട്ടര്‍ അവനു നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് തുടര്‍ന്നു.
“ഇവനത്ര കുറഞ്ഞ പുള്ളിയൊന്നും  അല്ല സാറേ. പക്കാ ക്രിമിനലാണ്. ഇന്‍വെസ്റ്റിഗേഷന്റെ ചുരുക്കം  കേള്‍ക്കണോ? സ്കൂള്‍ തുറന്ന ദിവസം പിള്ളേരൊക്കെ സ്കൂളിലേയ്ക്കും, ബാക്കിയുള്ളവരൊക്കെ മുതി‌‌ന്നര്‍ന്നവരൊടൊപ്പം എസ്റ്റേറ്റിലെ ജോലിയ്ക്കും പോയ സമയത്താണ് ഇവന്റെ അഭ്യാസം. എല്ലാം  കണക്കുകൂട്ടിത്തന്നെയാകും, അല്ലേടാ? ഇവന്റെ വീടിന്റെയടുത്തു തന്നെയാണ് ആ ചത്ത കൊച്ചിന്റെ വീടും. ആ പ്രദേശത്ത് നടന്ന ഒന്നുരണ്ട് മോഷണക്കേസിലും ഇവനെ സംശയമുണ്ട്. ആരും  ഇല്ലാത്ത നേരത്ത് പഴവും, മിഠായിയുമൊക്കെ കാണിച്ച് ആ പൊങ്കൊച്ചിനെ വശത്താക്കിയാണ് ഇവന്‍ പണിയൊപ്പിച്ചത്. പെങ്കൊച്ചു കരഞ്ഞു വിളിച്ചപ്പോള്‍ മരക്കൊമ്പെടുത്ത് മര്‍മ്മത്തു കുത്തിയിറക്കി. സിഗററ്റ് ലൈറ്ററു വെച്ച് പൊള്ളിച്ച പാടും ശവശരീരത്തിലുണ്ടായിരുന്നു. കൊച്ചിനെ കൊന്നു മരപ്പൊത്തിലൊളിപ്പിച്ച് കുറെ മണ്ണും വാരിയിട്ട് ഒന്നും  അറിയാത്തതു പോലെ ജാതിപത്രിപ്പൂവെടുക്കാനെത്തിയ കൂട്ടുകാരുടെ കൂടെക്കൂടി. എന്നിട്ട് അവരെയും കൂട്ടി സംഗതി നടക്കുന്നിടത്തേയ്ക്കു ചെന്ന് ശവം  കാണിച്ചു കൊടുത്തു. പോലീസ് പാവം നാട്ടുകാരെ ചോദ്യം  ചെയ്ത് വട്ടം  കറക്കുമ്പോഴും  ഒന്നുമറിയാത്തതു പോലെ നടക്കുകയായിരുന്നു ഇവന്‍. അവസാനം ഇവന്റെ ചേട്ടന്‍ തന്നെ വേണ്ടിവന്നു പോലീസിനെ സഹായിക്കാന്‍. പോലീസു വീടു കയറി പരിശോദിച്ചപ്പോള്‍ ചേട്ടന്റേയും, അനിയന്റേയും  കളക്ഷനില്‍ നിന്ന് കിട്ടിയത് കെട്ടുകണക്കിന് പോണ്‍സിഡികള്‍. തള്ളയ്ക്കും, ചേട്ടനും സംശയമുണ്ടെന്ന് തോന്നിയപ്പോള്‍ അവരെക്കൊല്ലാന്‍ വേണ്ടി ചോറില് വിഷം കലര്‍ത്തി. എന്തോ ഭാഗ്യത്തിന് അവരു രക്ഷപ്പെട്ടു. അല്ലെങ്കില്‍ അവരെയും  തീര്‍ത്തേനെ ഇവന്‍."

കൂടെയുള്ളവന്മാരു പറഞ്ഞു മൂച്ചു കയറ്റിയാണ് ഇതൊക്കെ ഒപ്പിച്ചത്. എന്നാല്‍ അപകടം  മണത്തതും  മൂന്നെണ്ണവും  ഒരുമിച്ചു വലിഞ്ഞു. അതൊന്നും  പുറത്തു പറയരുത്, പറഞ്ഞാല്‍ കേസില്‍ കുടുങ്ങുമെന്ന് അവന്മാരുടെ വീട്ടുകാര്‍ പറഞ്ഞു കാണും. അവരെയൊക്കെ ഉപദേശിക്കാന്‍ ആളുണ്ട്. എന്നാല്‍ അവന്മാരൊന്നുമല്ല, ഒറ്റിയത് സ്വന്തം അണ്ണനാണ്. തന്തമാര്‍ വേറെയായതിന്റെ ചൊരുക്ക് തമ്മില്‍തമ്മിലുണ്ടായിരുന്നു. എങ്ങനെയെങ്കിലും വീട്ടീന്ന് ശല്യം ഒഴിവാക്കാന്‍ കൂടിയായിരിക്കണം അണ്ണന്‍ ഒറ്റിയത്. എല്ലാം കുത്തിക്കുത്തി ചോദിച്ചറിഞ്ഞ് പോലീസുകാരെക്കൊണ്ടു പിടിപ്പിച്ചതവനാണ്. നടന്നതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അണ്ണന്റെ വിധം മാറി. കൂടെ നില്‍ക്കുമെന്നു കരുതിയാണ് എല്ലാം  തുറന്നു പറഞ്ഞത്. പക്ഷേ, ഒറ്റിക്കൊടുക്കാനാണെന്ന് മനസിലായപ്പോഴാണ് അണ്ണനേയും,  തള്ളയേയും  തീര്‍ത്ത് താനും  കൂടെച്ചാകാനുള്ള തീരുമാനം എടുത്തത്. ആരുമറിയാതെ അടുക്കളയില്‍ക്കയറി രാത്രിയിലെ ചോറില്‍ വിഷം  കലര്‍ത്തിയെങ്കിലും രുചി വ്യത്യാസം തിരിച്ചറിഞ്ഞ് അവന്റെ അണ്ണന്‍ ആദ്യമേ അതു തുപ്പിക്കളഞ്ഞു. ഉണ്ണാനിരുന്നവനെ ചുമരിനോടു ചേര്‍ത്തിടിച്ച് അണ്ണന്‍ സത്യം  പറയിപ്പിച്ചു. അരുചിയുടെ കാരണമറിഞ്ഞപ്പോള്‍ അമ്മയെഴുന്നേറ്റു വന്ന് അവന്റെ കരണത്തടിച്ചു.
"കുടിച്ചുകൂത്താടി നിന്റെയൊക്കെ തന്തമാര് രാത്രീലു വന്ന് എന്റെ മേലുകയറിക്കിടന്ന് നീയൊക്കെ ഉണ്ടായി എന്നുവെച്ച് നിനക്കൊക്കെ വേണ്ടി ഞാന്‍ ചാവണോടാ?”
അതും  ചോദിച്ച തീര്‍ന്നതും  തള്ളയ്ക്ക്  കലികയറി. മുടിക്കു കുത്തിപ്പിടിച്ച് തല ചുമരില്‍ ചേര്‍ത്ത് ഒറ്റയിടിയായിരുന്നു. തലപെരുത്ത് അവിടത്തെന്നെ കുഴഞ്ഞു വീണു.
"രാത്രി മുഴുവന്‍ കാവലിരുന്നോ. ഇല്ലെങ്കില്‍ നാളെ പോലീസു വരുമ്പം മോനെ കണ്ടില്ലെങ്കില്‍ തള്ളേനെ പൊക്കും.”
താക്കീതു ചെയ്തലറിവിളിച്ച്  അണ്ണന്‍ വീട്ടിന്നിറങ്ങിപ്പോയത് ഓര്‍മ്മയുണ്ട്. അപ്പോഴേയ്ക്കും  തലയ്ക്കു പെരുപ്പുകയറി ബോധം  മറഞ്ഞു.


കൈയ്യിലിരുന്ന ഫയല്‍ മേശപ്പുറത്തു വെച്ച് തുറന്ന ശേഷം പ്രോസിക്യൂട്ടര്‍ എന്തൊക്കെയോ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങി. അതില്‍ നിന്ന് ചില കടലാസുകളെടുത്ത് സൂപ്രണ്ടിന് നേരെ നീട്ടിവെച്ചു. അതില്‍ കണ്ണോടിച്ച ശേഷം  സൂപ്രണ്ട് നെടുവീര്‍പ്പിട്ടു.

"എന്തൊക്കെ പറഞ്ഞിട്ടെന്താ കാര്യം? പ്രായം പരിഗണിച്ച് ഇവനെയൊക്കെ ചുമ്മാ ഊരിപ്പോരുമെന്നേയ്. ഇനി കിട്ടിയാല്‍ തന്നെ വല്ല നിസ്സാര ശിക്ഷയുമാകും.”
"അങ്ങനെ പറയാന്‍ വയ്യ. ഇവനു നല്ല ഭാഗ്യം ഉണ്ടെങ്കില്‍ നമ്മുടെ ഉണ്ണിത്താന്‍ സാറിന്റെയടുത്താണ് കേസെത്തന്‍ പോകുന്നത്. ഈ സൈസ് കേസാണെങ്കില്‍ വിധിയെഴുതാന്‍ അങ്ങേരെക്കഴിഞ്ഞേ ആളുള്ളൂ.  മൂപ്പര് ശരിക്കും  പണിയും. ആ വിധിപ്പകര്‍ക്കും  കൊണ്ട്‌ പോയാല്‍ പിന്നെയേത് കൊമ്പത്തെ ക്രിമിനല്‍ വക്കീലായാലും, ഇനിയിപ്പോള്‍ സുപ്രീം കോടതു വരെ പോയാലും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. അത്രയും  പഴുതടച്ചാണ് അങ്ങേരു വിധി പറയുന്നത്. വയസ്സു വെറും  പതിമൂന്നായതുകൊണ്ടാണ്; ഇല്ലെങ്കില് ഉണ്ണിത്താന്‍ സാറിന്റെ ഒറ്റ വിധി മതി ഇവനൊക്കെ തൂക്കാന്‍ വെണ്ണകൂട്ടി കയറു പിരിച്ച് വെയ്ക്കായിരുന്നു. എന്നാലും ഇവന്റെ പ്രായത്തിന് കിട്ടാവുന്ന മാക്സിമം ശിക്ഷയ്ക്കുള്ളത് അങ്ങേര് ചീട്ടെഴുതും. അതുറപ്പാ. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും  ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ഞാന്‍ ശ്രമിയ്ക്കും. ബലാല്‍സംഗം, ഒരു കൊല, രണ്ട് കൊലപാതക ശ്രമങ്ങള്‍ഇതൊക്കെയാണ് ഇവന്റെ മേല് ചാര്‍ത്താന്‍ പോകുന്നത്. ”
“ഒന്നും  പറയാന്‍ പറ്റില്ലെന്നേ. ഒരു പെങ്കൊച്ചിനെ ട്രെയിനീന്നു തള്ളിതാഴെയിട്ട ശേഷം പീഡിപ്പിച്ചു കൊന്നവനെ രക്ഷിക്കാന്‍ പേരുകേട്ട അഞ്ച് ക്രിമിനല്‍ വക്കീലന്മാരുടെ സംഘം  തന്നെ വന്നിറങ്ങിയ നാടും, കാലവുമാണിത്. എന്തായാലും നിങ്ങള്‍ക്ക് ചോദിക്കാനും, പറയാനും ഉള്ളതൊക്കെ നടക്കട്ടേ. ഞാനൊന്ന് പുറത്തിറങ്ങി വരാം”
മേശവലിപ്പില്‍ നിന്ന് ഒരു സിഗററ്റെടുത്തു കത്തിച്ച ശേഷം  സൂപ്രണ്ട് മുറിവിട്ടിറങ്ങി. നീണ്ട ചോദ്യം  ചെയ്യലുകള്‍ക്കൊടുവില്‍ ചില കുറിപ്പുകളൊക്കെയെഴുതി പ്രോസിക്യൂട്ടര്‍ മടങ്ങുമ്പേഴെയ്ക്കും  വൈകുന്നേരമായിരുന്നു. സൂപ്രണ്ട് മുറിയില്‍ മടങ്ങിയെത്തി. പ്രോസിക്യൂട്ടര്‍ ഇറങ്ങിയതിന് തൊട്ടു പിന്നാലെയാണ് കെയര്‍ടേക്കര്‍ സൂപ്രണ്ടിനെക്കാണാനെത്തിയത്. തലേന്ന് സ്റ്റീഫന്‍ സാറിന്റെ പിടിമുറുക്കത്തില്‍ നിന്നവനെ രക്ഷിച്ചെടുത്തത് അയാളായിരുന്നു. സൂപ്രണ്ടിന്റെ സംസാരം  പിന്നെ അയാളോടായി.
“എടോ, ഇവനീ കൊച്ചുകഴുവേറി ആളു മോശമല്ല കേട്ടോ. ആ വക്കീല് പറഞ്ഞപ്പോഴാണ് ഞാന്‍ കേസിന്റെ മുഴുവന്‍ സംഗതികളും  അറിഞ്ഞത്. മരക്കൊമ്പിടിച്ചു കുത്തിക്കയറ്റിയാണ് ഇവന്‍ ആ കൊച്ചിനെ തീര്‍ത്തത്. പോരാത്തതിന് സിഗററ്റ് ലൈറ്റര്‍ വെച്ച് പൊള്ളിച്ചെന്ന്...”
“ഓ... അത് പറഞ്ഞപ്പ അയാളങ്ങ് മാന്യനായിപ്പോയി. കൊച്ചിയിലൊരു വക്കീലിന്റെ വീട്ടില്‍ ജോലിയ്ക്കു നിന്നിരുന്ന തമിഴത്തി കൊച്ചിനെ പട്ടിണിക്കിട്ടും, തല്ലിയും  പീഡിപ്പിച്ചിട്ടൊടുക്കം  അതിന്റെ മേല് തിളച്ച വെള്ളം കോരിയൊഴിച്ചു കൊന്ന വാര്‍ത്ത സാറും അറിഞ്ഞതല്ലേ? ആ കേസില് വക്കീലിനേം, ഭാര്യയേയും രക്ഷിച്ചെടുക്കാന്‍ വേണ്ടി നിയമോപദേശം  കൊടുക്കണതും ഇപ്പോളിവിടെ നിന്ന് ഈ ഗീര്‍വാണം  മുഴുവന്‍ പ്രസംഗിച്ചോണ്ട് ഇറങ്ങിപ്പോയ സാറ് തന്നെയാണെന്നാണ്  കോടതി വരാന്തയിലെ മുറുമുറുപ്പ്. ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തിലും. ഇക്കാര്യത്തില് അത്രയേ വ്യത്യാസമുള്ളൂ എന്റെ സാറേ"”
“അതു ശരി. അക്കഥയെനിക്കറിയാന്‍ പാടില്ലായിരുന്നു. താനെന്തായാലും ഈ നശിച്ചതിനെ സെല്ലില്‍ കൊണ്ടുവിട് ”

സെല്ലില്‍ തിരികെയെത്തുമ്പോള്‍ പഠനവും, പണികളും  ഒക്കെ തീര്‍ത്ത് എല്ലാവരും മടങ്ങിയെത്തിയുട്ടുണ്ട്. ഇന്നലെ ഇതേ സമയത്താണ് അകമ്പടിപ്പോലീസുകാരന്റെ കൂടെ ഈ ജുവനൈല്‍ ഹോമിലെത്തിയത്; ഇപ്പോള്‍  നേരത്തോടു നേരമാകുന്നു. സെല്ലിന്റെ മൂലയിലെത്തി ചുമരു ചാരിയിരിക്കുന്നേരത്ത് പൂച്ചക്കണ്ണനും, മറ്റു ചിലരും  അരികത്തു വന്നിരുന്നു.

“കാര്യങ്ങളൊക്കെ ഒന്ന് പറയെടാ. എങ്ങനായിരുന്നു സംഗതി?”
പൂച്ചക്കണ്ണന്റെ വകയാണ് ചോദ്യം.
“നീ വേണമെന്ന് കരുതിത്തന്നെ കൊന്നതാണോ, അതോ അബദ്ധത്തില്‍ കൈയ്യില്‍ പെട്ടതോ?”
കൂടെയുള്ളവന്റെ സംശയം.
"എങ്ങനെ ഉണ്ടായിരുന്നെടാ ആ കിളുന്തു കൊച്ച് ? നാലു വയസ്സു കഴിഞ്ഞതേ ഒള്ളെങ്കിലും പെണ്ണല്ലേ? നീയാള് മിടുക്കന്‍ തന്നേ”
പൂച്ചക്കണ്ണന്‍ വക അഭിനന്ദനം.
"ആ കൊച്ച് വല്ലാണ്ട് കരഞ്ഞോടാ?”
കൂടെയുള്ളവന് സംശയം  തീരുന്നില്ല.
അവള്‍ കരഞ്ഞിരുന്നു; പക്ഷേ താന്‍ കണ്ട ആണ്‍കാഴ്ചകളിലെ സ്ത്രീകള്‍ അതിനേക്കാള്‍ ഉച്ചത്തില്‍ കരയുകയും, കൂവി വിളിക്കുകയും  ഒക്കെ ചെയ്യാറുണ്ട്. അതുപോലെയായിരിക്കും  അതെന്നാണ് കരുതിയത്. അനക്കം തീര്‍ത്തും ഇല്ലാതായപ്പോഴാണ് ചത്തുപോയെന്ന്  മനസ്സിലായത്.
"ഒന്നു പറയെടാ ഞങ്ങളും  കൂടൊന്ന് കേള്‍ക്കട്ടേ"
പൂച്ചക്കണ്ണന്‍ പല്ലിളിച്ചുകൊണ്ട് ആവേശം  കൂട്ടുകയാണ്. എത്ര പ്രകോപിപ്പിച്ചിട്ടും തലകുനിച്ചു മിണ്ടാതിരിക്കുന്നവനില്‍ നിന്ന് ഒന്നും  കിട്ടാനില്ലെന്ന് മനസിലായപ്പോള്‍ അവര്‍ തിരികേ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ തടിയന്‍ അടുത്തു വന്ന് കൂട്ടിരുന്നു.
“അവന്മാര് മൂപ്പിയ്ക്കാന്‍ വേണ്ടി പലതും  പറയും. കാര്യാക്കണ്ടാ. തല്ലും, പിടീം ഉണ്ടായാല് നിനക്കാണ് കൊഴപ്പം. പതിനാലീസം മിണ്ടാണ്ടിരിക്കണതാ ബുദ്ധി".

വഴക്കടിച്ചാലുണ്ടാകുന്ന ശിക്ഷകളെപ്പറ്റിയായി തുടര്‍ന്നങ്ങോട്ട് തടിയന്റെ വര്‍ത്തമാനം. അതു കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത മട്ടില്‍ അവന്‍ ചുമരു ചാരിക്കൊണ്ടു തന്നെ നിരങ്ങിയൂ‌‌ര്‍ന്ന് നിലംപറ്റി കിടന്നു. തടിയന്റെ നിലയ്ക്കാത്ത സംസാരത്തില്‍ നിന്ന് രക്ഷപ്പെടാനെന്നോണം കമിഴ്ന്നു കിടക്കാന്‍ ശ്രമിച്ചു. തറയില്‍ ഭാരം അമര്‍ന്നതും  പിടഞ്ഞു പുളയുന്നൊരു നോവ് അവനെ മറിച്ചിട്ടു; തലേന്ന് സൂപ്പര്‍വൈസറുടെ കൈയ്യിലമര്‍ന്ന അവയവത്തിന്റെ വേദനബാക്കി. ചെരിഞ്ഞു കിടക്കാമെന്നു വെച്ചാല്‍ ചെവിയില്‍ ബാര്‍ബര്‍ വിനായകന്റെ വക ക്ഷൗരമുറിവുമുദ്ര. നിവൃത്തികേടുകൊണ്ട് തടിയന്റെ മുഖത്തേയ്‌‌ക്കു വീണ്ടും കണ്ണു നട്ടു, ആധി കയറ്റുന്ന സംഭാഷണത്തിന് ചെവിയോര്‍ത്തു. ആണ്‍ ആകുലതകളുടെ ആകെത്തുക പോലെ അവനങ്ങനെ അസ്വസ്ഥനായി മലര്‍ന്നു കിടന്നു.

13 comments:

സാല്‍ജോҐsaljo said...

തിരിഞ്ഞാലും മറിഞ്ഞാലും നേരെകിടന്നാലും...
മറക്കാൻ പറ്റാത്തതും, പഠിച്ചു തീരാത്തതുമായ പാഠഭേദങ്ങൾ.

നല്ല കഥ.

ഇട്ടിമാളു അഗ്നിമിത്ര said...

നാണയങ്ങൾ മറിഞ്ഞു വീഴുമ്പോഴാവും പാഠഭേദങ്ങൾ ഉണ്ടാവുന്നതല്ലെ..

mini//മിനി said...

വല്ലാത്തൊരു പാഠം തന്നെ, പഠിച്ചിട്ടും പഠിപ്പിച്ചിട്ടും തീരാത്ത പാഠം.

അനൂപ്‌ കിളിമാനൂര്‍ said...

ഉള്ളു പൊള്ളുന്നു......

ഗൗരിനന്ദന said...

ആണ്‍ ആകുലതകള്‍...മ്.....ദേവ്,അങ്ങനെയും ചിലതുണ്ടെന്നു ചിലപ്പോഴെങ്കിലും ഓര്‍ക്കണമല്ലോ, അല്ലേ? ആണ്‍ കാഴ്ചകളില്‍ ചിലപ്പോഴെങ്കിലും പെണ്ണ് വെറും സാധനം മാത്രമായി ഒതുങ്ങിപ്പോകുന്നതിന്റെയും കാരണം പെണ്ണ് തന്നെയാവാം...ആര്‍ക്കറിയാം???

Kalesh Kumar said...

teeshnam....
superb!!!

Manoraj said...

സമകാലീക സംഭവങ്ങള്‍ എല്ലാം കോര്‍ത്തിണക്കി നന്നായി തന്നെ പറഞ്ഞു.

African Mallu said...

കഥ നല്ലത്. ഈയിടേ വായിച്ച മിക്കവാറും കഥകളൊക്കെ കുറേ സോഷ്യല്‍ ഇഷ്യൂസും പത്രകുറിപ്പും ഒക്കെ ബെയിസ് ചെയ്തുള്ളവ....

Sangeetha Sumith said...

പാഠഭേതം............പഠിക്കേണ്ട പഠിപ്പിക്കേണ്ട ഒന്ന്...പുസ്തകതാളുകള്‍ക്കിടയില്‍ മയില്‍ പീലി ഒളിപ്പിക്കേണ്ട ബാല്യത്തില്‍ മനസ്സില്‍ പതിഞ്ഞു പോകുന്ന അപക്വ കാമത്തിന്റെ ചിത്രങ്ങള്‍ ...ജീവിതമെന്ന സുന്ദര പുഷ്പത്തെ അറിവില്ലായ്മയുടെ കാലടികളില്‍ പെട്ട് ചതഞ്ഞരയുന്നതും നോക്കി അമ്പരന്നു നിന്ന് പോകുന്ന ഈ കുട്ടിയെ നിയമ പാലനത്തിലൂടെ സമൂഹം രക്ഷിക്കുകയാണോ ?...ശിക്ഷിക്കുകയാണോ ?.... ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ .....

രാജീവ് സാക്ഷി | Rajeev Sakshi said...

എന്തിനാ ദേവായിത് തല്ലിപ്പഴുപ്പിച്ചത്?

ajeeshmathew karukayil said...

ദേവന്‍ താങ്കള്‍ സ്പാര്‍ക്കുള്ള ഒരു കഥാകാരനാണ് .പാഠ ഭേഭത്തില്‍ ഒരു കഥയുടെ ആത്മാവ് സന്നിവേശിപ്പിക്കാന്‍ താങ്കള്‍ക്ക് സാധിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

Unknown said...

ആണ്‍ആകുലതകള്‍ എന്ന ടേം ഒരു ചര്‍ച്ചയ്ക്കുള്ള സകല സാധ്യതയും ഉള്ള ഒന്നാണെന്ന് തോന്നുന്നു. തലക്കെട്ട്‌ വേറെ വല്ലതും ആക്കിയിരുന്നെങ്കില്‍ കൊറെക്കൂടി ഒരു ഇത് വന്നേനെ, യേത്. കഥ വളരെ നന്നായി. കേറിയങ്ങട്ടു സര്ട്ടിഫൈ ചെ യ്യ്വൊന്നും അല്ല, ങ്ങള് നല്ല കാമ്പുള്ള കഥാകാരന്‍ തന്നെ

Unknown said...

വായിച്ചു ദേവദാസ്.

 

(c)2009 Devadas V.M [ vm.devadas@gmail.com ]