Tuesday, October 19, 2010

പുല്ലാണേയ്... പുല്ലാണേയ്.. | ഭാഗം:1

അരാഷ്ട്രീയ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍ 

Power is not an institution, and not a structure; neither is it a certain strength we are endowed with;  it is the name that one attributes to a complex strategical situation in a particular society... In its function, the power to punish is not essentially different from that of curing or educating...
- Michel Foucault

 



ആഹരിയെന്ന അന്നം മുടക്കി

xx/xx/1996
ഒരു ഉത്രാട ദിവസമായിരുന്നു അത്. മോഹിനിയാട്ടത്തിന് ഉപയോഗിക്കുന്ന പദങ്ങളും, വര്‍ണ്ണങ്ങളുമടങ്ങുന്ന ക്യാസറ്റിന്റെ റെക്കോര്‍ഡിങ്ങിന് മുമ്പായുള്ള ഫൈനല്‍ റിഹേഴ്സലിന് വേണ്ടി ഒരു ഹോട്ടലില്‍ കൂടിയതായിരുന്നു ക്ലാസിക്കല്‍ സിംഗര്‍ ജനാര്‍ദ്ദനനും,  കൂട്ടരും. റിഹേഴ്സല്‍ തുടങ്ങുന്നേരത്താണ് തന്റെ ശ്രുതിപ്പെട്ടി നേരാം‌വണ്ണം മൂളുന്നില്ലെന്ന് ജനാര്‍ദ്ദനന്‍ മാഷ് തിരിച്ചറിഞ്ഞത്. ഫൈനല്‍ റിഹേഷ്സല്‍ ആയതിനാല്‍ എല്ലാം തന്നെ പെര്‍ഫക്റ്റ് ആയിരിക്കണമെന്ന് മാഷ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ 2 വര്‍ഷത്തോളം മാഷുടെ കീഴില്‍ ക്ലാസിക്കല്‍ മ്യൂസിക് പഠിച്ചിട്ടുണ്ട്. ആ നഗരത്തില്‍ തന്നെയാണ് ഞാന്‍ താമസിക്കുന്നതെന്ന് അറിയാമായിരുന്ന മാഷ് എന്റെ വീട്ടിലെ ടെലഫോണ്‍ നമ്പറില്‍ വിളിച്ചു. അമ്മയാണ് ഫോണെടുത്തത്. ശ്രുതിപ്പെട്ടിയുണ്ടെങ്കില്‍ അതെടുത്ത് പെട്ടെന്നു തന്നെ അവര്‍ താമസിക്കുന്ന ലോഡ്ജിലെത്താന്‍ അറിയിച്ചു.

നേരം ഒരു ഒമ്പതുമണിയായിക്കാണും. അനിയത്തിമാരുടെ പൂക്കളമിടലും, കുരവയിടലുമെല്ലാം ചേര്‍ന്ന് വെളുപ്പാന്‍ കാലത്തേ ഉറക്കം മുറിച്ചതിനാല്‍ ഞാന്‍ നേരം വെളുത്തിട്ടും നല്ല ഉറക്കത്തിലായിരുന്നു. കാര്യം പറഞ്ഞുകൊണ്ട് അമ്മയെന്നെ കുലുക്കി വിളിച്ചുണര്‍ത്തി. പെട്ടെന്നു തന്നെ ഒരുങ്ങിയ ശേഷം ഞാന്‍ ശ്രുതിപ്പെട്ടിയുമായി പുറത്തിറങ്ങി. ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിയാല്‍ മതിയെന്ന് അമ്മ നിര്‍ബന്ധിച്ചെങ്കിലും “ഇത് കൊടുത്തിട്ട് ഇപ്പോള്‍ തന്നെ മടങ്ങിവരാം” എന്നു പറഞ്ഞ് ബൈക്കെടുത്ത് ലോഡ്ജിലേക്കു തിരിച്ചു. അവിടെ ചെന്നപ്പോളാണ് കാര്യങ്ങള്‍ അറിഞ്ഞത്. ക്യാസറ്റിലെ സ്ത്രീ ശബ്ദത്തിനായി മാഷ് തിരഞ്ഞെടുത്ത ഗായിക ടൈഫോയ്ഡ് പിടിച്ച് ആശുപത്രിയിലാണ്. റിലീസിംഗ് തിയതി നിശ്ചയിച്ച് റെക്കോര്‍ഡിംഗിന് വേണ്ടി സ്റ്റുഡിയോ മുന്‍‌കൂര്‍ ബുക്കിംഗ് ചെയ്തു കഴിഞ്ഞിരുന്നു. നിശ്ചയിച്ച അന്ന് അതു നടന്നില്ലെങ്കില്‍ കാശൊരുപാട് നഷ്ടമാകും. അതുകൊണ്ട് മാഷ് തന്നെ ശിഷ്യകളില്‍ നന്നായി പാടുന്ന ഒരു പെണ്‍‌കുട്ടിയെയാണ് പാടാന്‍ തിരഞ്ഞെടുത്തത്.

കാഴ്ചയില്‍ ഇരുപത് വയസുള്ള സുന്ദരിയായ ആ പെണ്‍കുട്ടി പരിഭ്രമിച്ചുകൊണ്ടും, ശ്രുതി തെറ്റിച്ചു കൊണ്ടും പദങ്ങള്‍ പാടുന്നത് കേള്‍ക്കുന്നതു പോലും ആസ്വാദ്യകരമായിരുന്നു. പ്രഭാത ഭക്ഷണത്തെ മറന്നുകൊണ്ട് ഞാന്‍ റിഹേഴ്സലിനൊപ്പം കൂടി. ചൊല്‍ക്കെട്ടും, സുമസായകയും, ജലജനാഭയുമെല്ലാം പാടിയുറപ്പിച്ച ശേഷമാണ് ലാസ്യരസപ്രദാനമായ പനിമതി മുഖിബാലേ.. എന്ന സ്വാതി തിരുന്നാള്‍ പദം പാടാന്‍ തുടങ്ങിയത്. ആഹരി രാഗം, മിശ്രചാപ്പ് താളം.
“ആഹരിയാണ് രാഗം കാലത്തു പാടിയാല്‍ അന്ന് അന്നം കിട്ടില്ലെന്നാണ് പ്രമാണം. നീയിതു ശരിക്കു പാടുവാണേല്‍ ഇന്നിവിടെ കൂടിയിരിക്കുന്ന ആര്‍ക്കും അന്നം കിട്ടില്ല“
ജനാര്‍ദ്ദനന്‍ മാഷ് കളി പറഞ്ഞു കൊണ്ട് ശുതിപ്പെട്ടിയുടെ ശബ്ദം അല്‍‌പ്പം കൂടെ കൂട്ടിയശേഷം തുടത്താളം പിടിച്ചു. അതുവരെ പാടിയ പാട്ടുകളേക്കാള്‍ ഇമ്പത്തോടെ, അത്രമേല്‍ ആത്മവിശ്വാസത്തോടെ ആ പെണ്‍കുട്ടി പദം പാടാന്‍ തുടങ്ങി. മാരകേളികളും, മദിരാക്ഷീ പരിഭവങ്ങളുമായി ആ പദം പാടിത്തീരുമ്പോള്‍ മാത്രമാണ് ഞാനും ആ പെണ്‍കുട്ടിയോടൊപ്പം പാട്ടു മൂളുന്നുണ്ടായിരുവെന്ന തിരിച്ചറിവുണ്ടായത്.

ഉച്ചയോടെ റിഹേഴ്സല്‍ തീര്‍ന്നു. റൂമില്‍ നിന്ന് ഞങ്ങള്‍ പുറത്തിറങ്ങി. റിസപ്ഷന്‍ കൌണ്ടറിനടുത്തെത്തിയപ്പോള്‍ മാനേജര്‍ ഞങ്ങള്‍ക്കരികിലേക്ക് വന്നു പറഞ്ഞു.
“പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. ഹര്‍ത്താലാണ്“
“കാലത്ത് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലൊ. എന്തു പറ്റി പെട്ടെന്ന്?”
“എതോ ആര്‍.എസ്.എസുകാരന്‍ വെട്ടേറ്റു മരിച്ചു. കടകളെല്ലാം അടയ്ക്കാന്‍ പറഞ്ഞ് ആളുവന്നിരുന്നു. വാഹനങ്ങളും തടയുന്നുണ്ട്. അതിനിടയില്‍ ഇവിടെ അടുത്തുള്ള സി.പി.എം പാര്‍ട്ടി ഓഫീസിന് നേരെ ആരോ പന്നിപ്പടക്കം എറിഞ്ഞെന്നും കേള്‍ക്കുന്നു. അത്ര പേടിക്കാനൊന്നും ഇല്ല റോഡില്‍ നിറയെ പോലീസുകാര്‍ ഇറങ്ങിയിട്ടുണ്ട്“
മാഷോട് യാത്ര പറഞ്ഞ് ശ്രുതിപ്പെട്ടിയുമെടുത്ത് ഞാന്‍  വീട്ടിലേക്കു തിരിച്ചു. പാട്ടുകാരിയായ പെണ്‍‌കുട്ടിയുടെ മുഖവും, ശബ്ദവും ഓര്‍ത്തുകൊണ്ട് വളരെ സാവധാനത്തിലാണ് ബൈക്ക് ഓടിച്ചിരുന്നത്.  കഷ്ടിച്ച് മൂന്ന്  കിലോമീറ്റര്‍ ചെന്നപ്പോഴേക്കും രണ്ട് പോലീസുകാര്‍ ചേര്‍ന്ന് വഴി തടഞ്ഞു.

“എവ്‌ട്ന്നാടാ?”
ഞാന്‍ ലോഡ്ജിന്റെ പേരു പറഞ്ഞു.
“അവിടെ എന്തായിരുന്നു കച്ചോടം?”
“ഒരു പാട്ട് റിഹേഴ്സല്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി...”
“ഇതെന്താടാ മടിയില്‍ വെച്ചേക്കണത്, റേഡിയോ ആണോ?”
ചോദ്യം തീര്‍ന്നതും അയാള്‍ എന്റെ മടിയില്‍ നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് തിരിച്ചും മറിച്ചും നോക്കി.
“കണ്ടിട്ട് റേഡിയോ പോലൊന്നും അല്ലല്ലോ. സത്യം പറയെടാ ബോംബ് വല്ലതും ആണോ?”
“അല്ല സാര്‍. അത് ശ്രുതിപ്പെട്ടിയാണ്?”
“എന്ത് പെട്ടി?”
“സാര്‍, അത് പാട്ടുപാടുമ്പോള്‍ കൂടെ മൂളുന്ന ഒരു സാദനമാണ്... ശ്രുതിപ്പെട്ടി“
“എന്ത് ശവപ്പെട്ടിയായാലും കൊള്ളാം നേരംകെട്ട സമയത്ത് ഇമ്മാതിരിയോരോ ഉരുപ്പടികളുമായി ഇറങ്ങിക്കോളും. സ്റ്റേഷനിലേക്ക് വാ.“
“എന്തിനാണ് സാര്‍?“
“അതൊക്കെ അവിടെ ചെന്നിട്ട് പറയാമെടാ”
അതും പറഞ്ഞ് ശ്രുതിപ്പെട്ടിയുമായി ആ കോണ്‍സ്റ്റബിള്‍ അല്‍‌പ്പം മാറി നിന്നു. അതുവരെ നിശബ്ദനായിരുന്ന രണ്ടാമത്തെ കോണ്‍സ്റ്റബിള്‍ എന്റെ അടുത്തേക്ക് വന്നു.
“ഓണമൊക്കെയല്ലേ... കയ്യിലുള്ളത് വല്ലതും തന്ന് വേഗം വീടു പിടിക്കാന്‍ നോക്ക്. അങ്ങേരാകെ ദേഷ്യത്തിലാണ്”
“സാര്‍, എന്റെ കയ്യില്‍ കാശൊന്നുമില്ല. ഒരു മ്യൂസിക് ക്യാസറ്റിന്റെ റിഹേഴ്സല്‍ കഴിഞ്ഞ് വരുന്ന വഴിയാണ്”
“രക്ഷയില്ല... ഇവനെ സ്റ്റേഷനില്‍ കയറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്. ആള് പിച്ചയാണ്”
ഒന്നാമത്തെ പോലീസ് കോണ്‍സ്റ്റബിളിനോട് അത്രയും പറഞ്ഞുകൊണ്ട് അയാള്‍ തന്റെ ജോലി പൂര്‍ത്തിയാക്കിയ ശേഷം അയാള്‍ നടന്നു നീങ്ങി. ഞാന്‍ ബൈക്കില്‍ നിന്ന് ഇറങ്ങി അവരുടെ അടുത്തു ചെന്നു.
“സത്യമായിട്ടും കൈയ്യില്‍ കാശില്ലാത്തതുകൊണ്ടാണ് സാര്‍.“
“ആ എന്തായാലും സാറ് സ്റ്റേഷന്‍ വരെ ഒന്ന് വാ”
ഒന്നാമത്തെ കോണ്‍സ്റ്റബിളാണ് അതു പറഞ്ഞത്. അയാളുടെ നെയിം പ്ലേറ്റില്‍ ‘ടി. വാസുദേവന്‍‘ എന്ന് തെളിഞ്ഞു കാണാമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ബൈക്കിനടുത്തേക്കു ചെന്നു. ശ്രുതിപ്പെട്ടിയുമായി അയാള്‍ എന്റെ പുറകില്‍ കയറി.  സ്റ്റേഷനില്‍ എത്തുന്നതു വരെ ഞങ്ങള്‍ സംസാരിച്ചതേയില്ല.

ആദ്യമായാണ് ഞാന്‍ ഒരു പോലീസ് സ്റ്റേഷനില്‍ കയറുന്നത്. അത്ഭുതത്തോടെയും, പരിഭ്രമത്തോടെയും ചുറ്റിലും നോക്കി. ബൈക്കിന്റെ കീ എന്റെ കൈയ്യില്‍ നിന്ന് പിടിച്ച് വാങ്ങിയ ശേഷം സ്റ്റേഷന്റെ പ്രധാനവാതിലിന് പുറത്തുള്ള ബെഞ്ചില്‍ ഇരിക്കാന്‍ കോണ്‍സ്റ്റബിള്‍ എന്നോട് ആവശ്യപ്പെട്ടു. “സാറ് വരുന്നത് വരെ ഇവനിവിടെ ഇരിക്കട്ടെ, ഒന്ന് നോക്കിക്കൊള്ളണം” എന്ന് പാറാവുകാരന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് അയാള്‍ അകത്തേക്കു പോയി. ഞാന്‍ അനുസരണയൊടെ കാലുകള്‍ ഇളകിയ ആ ബെഞ്ചില്‍ ചെന്നിരുന്നു. തൊട്ടടുത്തുള്ള ജനലിലൂടെ സ്റ്റേഷനകത്തേക്ക് എത്തി നോക്കി. റൈട്ടറുടെ മേശപ്പുറത്ത് ഒരപരിചിത വസ്തുവിനെപ്പോലെ എന്റെ ശുതിപ്പെട്ടി നിശബ്ദമായിരിക്കുന്നു. അതിന് തൊട്ടടുത്തു തന്നെ ഒരു ലാത്തിയും. റൈട്ടറുടെ മേശയ്ക്ക് എതിര്‍ വശത്താണ് ലോക്കപ്പ്. നീണ്ടു ചുരുണ്ട മുടിയും, കുറ്റിത്താടിയുമുള്ള വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ അതിനകത്തുണ്ടായിരുന്നു. മുഷിഞ്ഞ ഒരു മുണ്ടും, ബനിയനും ആണ് വേഷം. ലോക്കപ്പിന്റെ ഒരു മൂലയില്‍ കൂനിക്കൂടി ഇരിക്കുകയായിരുന്നു അയാള്‍. കാഴ്ച മറച്ചുകൊണ്ട് എന്നെ പിടിച്ചുകൊണ്ട് വന്ന കോണ്‍സ്റ്റബിളിന്റെ കാക്കി വസ്ത്രം തെളിഞ്ഞു. ജന്നല്‍ക്കമ്പികളില്‍ പിടിച്ചുകൊണ്ട് അയാള്‍ “എന്തേ?”യെന്ന് പുരികവും, തലയും ഉയര്‍ത്തി ആഗ്യം കാണിച്ചു. “ഒന്നുമില്ലെന്ന്” കണ്ണടച്ച്, ചുമലുകുലുക്കി ഞാന്‍ അനുസരണയൊടെ തിരിഞ്ഞിരുന്നു. 
എന്നെക്കൂടാതെ മറ്റു മൂന്നു പേര്‍ കൂടി ആ ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ കയ്യില്‍ ചില പേപ്പറുകളും ഉണ്ട്.എന്ത് കുറ്റത്തിനാണ് അവരെ അവിടെ പിടിച്ചിരുത്തിയിരിക്കുന്നത്?
ഇവരും എന്നെപ്പോലെ തന്നെ നിരപരാധികളാണോ?
അതോ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയവരാണോ?
ഇനി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗം?
വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലീസുകാര്‍ അനുവദിക്കുമൊ?

എന്നെല്ലാം അവരോട് ചോദിച്ചറിയണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാല്‍ പാറാവുകാരന്റെ നിശബ്ദതയ്ക്കും, നിശ്ചലതയ്ക്കും മുന്നില്‍ ഭയത്തോടെ കീഴടങ്ങി. മണിക്കൂറുകളോളം അനക്കമറ്റിരുന്നു.

നേരം നട്ടുച്ചയായിരുന്നു. സ്റ്റേഷന് നേരെ മുന്നിലുള്ള ഹോട്ടലില്‍ നിന്ന് പോലീസുകാര്‍ക്കുള്ള പാര്‍സല്‍ ഭക്ഷണമെത്തി. ഭക്ഷണം കൊണ്ട് വന്ന പയ്യന്റെ കയ്യില്‍ നിന്ന് അതു വാങ്ങിയ മേശപ്പുറത്ത് വെച്ചശേഷം കോണ്‍സ്റ്റബിള്‍ പുറത്തിറങ്ങി ഞങ്ങളിരിക്കുന്ന ബെഞ്ചിനരികിലേക്കു വന്നു. അയാളെ കണ്ടതും ഞാനൊഴികെ ബെഞ്ചില്‍ ഇരിപ്പുണ്ടായിരുന്ന മൂന്ന് പേരും ബഹുമാനത്തോടെ ചാടിയെഴുന്നേറ്റു. ബെഞ്ചിന്റെ ഒരു വശം വായുവില്‍ ഉയര്‍ന്നു. മറുവശത്ത് അരികിലിരുന്ന ഞാന്‍ നിയന്ത്രണം തെറ്റി താഴെ വീണു. നിലത്തു നിന്ന് എഴുന്നേറ്റ് ഞാന്‍ ഏവരേയും മാറിമാറി നോക്കി. ആരുടേയും മുഖത്ത് ഒരു പുഞ്ചിരി പോലും ഇല്ലായിരുന്നു.
“ഇന്നാകെ കൊഴപ്പം പിടിച്ച ഒരു ദിവസാണ്. പാസ്പോര്‍ട്ട് വെരിഫിക്കേഷനൊന്നും നടക്കുംന്ന് തോന്നണില്ല. നിങ്ങള് പോയി മറ്റന്നാള്‍ വാ”
കയ്യിലുള്ള പേപ്പറുകള്‍ മടക്കിക്കൊണ്ട് ആ മൂന്നുപേരും സ്റ്റേഷനു പുറത്തേക്ക് നടന്നു മറഞ്ഞു. വീണ്ടും ഒരു വീഴ്ച ഒഴിവാക്കാന്‍ ഞാന്‍ കാലിളകുന്ന ബെഞ്ചിന്റെ നടുക്കായിരുന്നു.റൈട്ടറും, കോണ്‍സ്റ്റബിളും ചേര്‍ന്ന് മേശപ്പുറത്തിരിക്കുന്ന ഭക്ഷണപ്പൊതി തുറന്നു. വാട്ടിയ ഇലയിലെ പൊതിച്ചോറിന്റെയും, കറികളുടെയും മണം അവിടമാകെ പരന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഞാന്‍ വീണ്ടും ജനലഴികളിലൂടെ അകത്തേക്കു നൊക്കി. അശ്ലീലകരമാം വിധം ആര്‍ത്തിയോടെ  പീച്ചിക്കുഴച്ചാണ് കോണ്‍സ്റ്റബിള്‍ ഭക്ഷണം കഴിച്ചിരുന്നത്. അയാളുടെ കൈവിരലുകള്‍ക്കിടയിലൂടെ ചോറിന്‍ വറ്റുകള്‍ പലപ്പോഴും പുറത്തേക്ക് തെറിച്ചു. ഭക്ഷണപ്പൊതിക്ക് അരികിലായി വെച്ചിരുന്ന എന്റെ ശ്രുതിപ്പെട്ടിയില്‍ എച്ചില്‍ പുരണ്ടു. ഓരോ ഉരുളകളുടെയും രുചി ആസ്വദിച്ചു കൊണ്ട്, വളരെ സാവധാനത്തിലാണ് റൈട്ടര്‍ ഭക്ഷണം കഴിച്ചിരുന്നത്. ഒരുവറ്റു പോലും അയാള്‍ മേശപ്പുറത്തേക്ക് കളഞ്ഞിരുന്നില്ല. കോണ്‍സ്റ്റബിള്‍ തിടുക്കത്തില്‍ ഭക്ഷണം കഴിച്ച ശേഷം അടുത്തു തന്നെയുള്ള മണ്‍കൂജയില്‍ നിന്ന് വെള്ളം വായിലേക്കു കമിഴ്ത്തി. അതിനു ശേഷം ഒരു പ്ലാസിക് ഗ്ലാസില്‍ വെള്ളമെടുത്ത ശേഷം അയാള്‍ പുറത്തു വന്നു. കൈ കഴുകിയ ശേഷം ഗ്ലാസില്‍ ബാക്കിയായ വെള്ളം വായിലൊഴിച്ചു കവിള്‍ വീര്‍പ്പിച്ചുകൊണ്ട് അയാള്‍ എന്റെ നേരെ നോക്കി. ഞാന്‍ തല താഴ്ത്തിയിരിന്നു. വായ് കഴുകിയ വെള്ളം മുറ്റത്തേക്ക് നീട്ടിത്തുപ്പിയ ശേഷം ഒരേമ്പക്കത്തോടെ അയാള്‍ വീണ്ടും സ്റ്റേഷനകത്തു കയറി.
“ഓണം ഉത്രാടമായിട്ടും ഹോട്ടലിലെ ചവറ് ഭക്ഷണം കഴിക്കാനാണ് നമ്മടെയൊക്കെ വിധി” എന്നു നെടുവീര്‍പ്പിട്ടുകൊണ്ട് അയാള്‍ ഒരു ബീഡിയ്ക്ക് തീ കൊളുത്തി. ബീഡി വലിച്ച ശേഷം കസേരയില്‍ കണ്ണടച്ചിരുന്നു.

ലോക്കപ്പിന്റെ മൂലയ്ക്കിരുന്ന ചെറുപ്പക്കാരന്‍ എഴുന്നേറ്റു. അയാള്‍ അഴികളില്‍ പിടിച്ച് പുറത്തേക്കു നോക്കി. ജനലഴികളില്‍ മുഖം ചേര്‍ത്ത് ഞാന്‍ അയാളെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ലോക്കപ്പില്‍ കിടക്കുന്ന അയാളേക്കാള്‍ അസ്വതന്ത്രനും, തടവിലാക്കപ്പെട്ടവനും ആണോ ഞാനെന്ന് സ്വയം പരിഭവിച്ചു. കമ്പിയഴികളില്‍ ചേര്‍ത്തുവെച്ച മുഖങ്ങളിലേക്ക് ഞങ്ങള്‍ പരസ്പരം നോക്കി. ഞങ്ങള്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു.  റെട്ടര്‍ മേശപ്പുറത്തുള്ള എതോ കടലാസുകെട്ടുകള്‍ മറിച്ചു നോക്കുകയും, ഇടയ്ക്ക് എന്തെല്ലാമോ കുത്തിക്കുറിക്കുകയും ചെയ്തു. മേശപ്പുറത്തിരിക്കുന്ന എന്റെ ശ്രുതിപ്പെട്ടിയ്ക്കരികില്‍ തലചായ്ച്ചു വെച്ചു കിടന്ന കോണ്‍സ്റ്റബിള്‍ കൂര്‍ക്കം വലിച്ചു തുടങ്ങിയിരുന്നു. ഞങ്ങള്‍ അയാളെ തന്നെ സൂക്ഷിച്ചു നോക്കി. ഉറക്കത്തിനിടയില്‍ കോണ്‍സ്റ്റബിളിന്റെ കൈ തട്ടിയപ്പോള്‍ ലാത്തി ഉരുണ്ടു നീങ്ങി മേശപ്പുറത്ത് നിന്ന് താഴേക്കു വീണു. അതിന്റെ ശബ്ദത്തില്‍ അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് അറ്റന്‍ഷനായി നിന്നു. ആ കാഴ്ച കണ്ട് ഞങ്ങള്‍ ശബ്ദമില്ലാതെ ചിരിച്ചു.

ലോക്കപ്പിലെ ചെറുപ്പക്കാരന്‍ നിര്‍ഭാഗ്യവാനായിരുന്നു. അയാള്‍ ചിരിച്ചത് കോണ്‍സ്റ്റബിള്‍ കണ്ടു. നിലത്തു കുനിഞ്ഞ് ലാത്തിയെടുത്ത ശേഷം അയാള്‍ തിരികെ മേശപ്പുറത്ത് ശ്രുതിപ്പെട്ടിക്കു മേല്‍ ചാരി നിര്‍ത്തി. ലോക്കപ്പില്‍ കിടക്കുന്നവന്റെ പേരിലുള്ള പരാതിയെന്തെന്ന് റൈട്ടറോട് ചോദിച്ചു. റൈട്ടര്‍ പരാതിക്കടലാസ് അയാളെ ഏല്‍‌പ്പിച്ചു. പരാതി ഓടിച്ചു വായിച്ച ശേഷം അയാള്‍ റെട്ടറുടെ കസേരയ്ക്ക് മുകളില്‍ തൂക്കിയ കൊളുത്തുകളിനൊന്നില്‍ നിന്ന് ലോക്കപ്പിന്റെ ചാവിയെടുത്തു. വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരന്‍ ലോക്കപ്പിന് പുറത്തിറങ്ങി. ശ്രുതിപ്പെട്ടിക്കു മേല്‍ ചാരി വെച്ച ലാത്തിയെ പാടെ അവഗണിച്ചുകൊണ്ട് കോണ്‍സ്റ്റബിള്‍ സ്റ്റേഷനില്‍ തോക്കുകള്‍ വെച്ചിരുന്ന സ്റ്റാന്റിനടുത്തേക്ക് നടന്നു നീങ്ങി. ലാത്തിയേക്കാള്‍ നീളം കൂടിയ ഒരു വടിയെടുത്ത് മടങ്ങി വന്നു. അയാളത് വായുവില്‍ വീശുമ്പോള്‍ മാത്രമാണ്  പുളയുന്ന ശബ്ദത്തില്‍ നിന്ന് അതൊരു ചൂരല്‍ വടിയാണെന്ന് എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞത്.

വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരന്‍ പേടിച്ചു വിറച്ചു കൊണ്ട് സ്വയം ചുരുങ്ങി നിന്നു. ആദ്യത്തെ അടി അയാളുടെ ഇടതു കയ്യിലാണ് വീണത്. അയാള്‍ അലറിക്കരയാന്‍ തുടങ്ങി. അടുത്തത് കാലില്‍. വേദനയാല്‍ ആ  ചെറുപ്പക്കാരന്‍ കുനിഞ്ഞ് കാല്‍ തടവുന്നതിനിടയില്‍ മുതുകിലായ് ചൂരല്‍ പതിഞ്ഞു. തെറിവിളികള്‍ക്കിടയില്‍ കോണ്‍സ്റ്റബിള്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചെറുപ്പക്കാരന്റെ ഉച്ചത്തിലുള്ള നിലവിളിയാല്‍ എനിക്കതൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചെറുപ്പക്കാരന്‍ നിലത്ത് കൂനിക്കൂടിയിരുന്നു. കരച്ചില്‍ ഒരു ഞെരക്കത്തിലേക്കു മാത്രമായൊതുങ്ങി.  അയാളുടെ ചുമലിലും, തലയിലും, പുറത്തുമെല്ലാം ചൂരല്‍ വടി പുളഞ്ഞു. ആ ചെറുപ്പക്കാരനെ നോക്കി കിതച്ചുകൊണ്ട് ഓങ്ങിയടിക്കുന്നതിനിടയില്‍ കോണ്‍സ്റ്റബിളിന്റെ കയ്യിലെ ചൂരല്‍ വടി ചുമരിലെ റ്റ്യൂബ് ലൈറ്റില്‍ തട്ടി. റ്റ്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. വെളുത്ത പാടയുള്ള ചില്ലിന്‍ കഷ്ണങ്ങള്‍ നിലത്തു വീണു പരന്നു. കോണ്‍സ്റ്റബിള്‍ അടി നിര്‍ത്തി. മേശപ്പുറത്തിരിക്കുന്ന പത്രക്കടലാസില്‍ നിന്ന് ഒരു ഷീറ്റ് എടുത്ത് അയാള്‍ ചെറുപ്പക്കാരന് നേരെ നീട്ടി. “ഒരു തരി ചില്ല് പോലും നിലത്ത് കാണരുതെന്ന്” ആജ്ഞാപിച്ചു. കണ്ണീരു തുടച്ചുകൊണ്ട് ആ ചെറുപ്പക്കാരന്‍ പത്രക്കടലാസ് വാങ്ങി. നിലത്തു നിന്ന് ചില്ലിന്‍ കഷ്ണങ്ങള്‍ പെറുക്കിയെടുത്ത് കടലാസില്‍ വെച്ചു. ചെറിയ ചില്ലിന്‍ കഷ്ണങ്ങള്‍ ചേര്‍ത്തു കൂട്ടിയെടുക്കുമ്പോള്‍ പലപ്പോഴും അയാളുടെ വിരലുകള്‍ക്ക് മുറിവേറ്റു. നിലത്ത് രക്തത്തുള്ളികള്‍ ഇറ്റിറ്റു വീണു. പത്രക്കടലാസില്‍ നിന്ന് ഒരു കഷ്ണം കീറിയെടുത്ത് അയാള്‍ ചില്ലിന്‍ പൊടികളും, ചോരത്തുള്ളികളും തുടച്ചു കൂട്ടിയെടുത്തു. ചില്ലിന്‍ കഷ്ണങ്ങള്‍ നിറഞ്ഞ കടലാസു പൊതി അയാള്‍ കോണ്‍സ്റ്റബിളിനെ ഏല്‍‌പ്പിച്ചു.

കളിക്കുന്നതിനിടയില്‍ മൂര്‍ച്ചയുള്ള എന്തോ കൊണ്ട് കൈ മുറിഞ്ഞ കുട്ടി കുഞ്ഞുടുപ്പിനുള്ളില്‍ കൈകള്‍ മറച്ചു പിടിച്ചുകൊണ്ട് അമ്മയില്‍ നിന്ന് ആ കാഴ്ച മറയ്ക്കുന്നതു പോലെയാണ് ചെറുപ്പക്കാരന്‍ നിന്നിരുന്നത്. അയാളുടെ മുഷിഞ്ഞ മുണ്ടില്‍ ചോരനനവ് പടര്‍ന്നു. പോലീസുകാരോട് ഒന്നും തന്നെ ചോദിക്കുകയോ, പറയുകയോ ചെയ്യാതെ അയാള്‍ ലോക്കപ്പിനകത്തു ചെന്ന് ഒരു മൂലയില്‍ ഇരുന്നു. ചില്ലിന്‍ കഷ്ണങ്ങള്‍ നിറഞ്ഞ കടലാസുപൊതി വലിച്ചെറിഞ്ഞ ശേഷം കോണ്‍സ്റ്റബിള്‍ തിരികെ വന്നു. ലോക്കപ്പ് പൂട്ടി, കീ റൈട്ടറെ ഏല്‍‌പ്പിച്ച ശേഷം അയാള്‍വീണ്ടും കസേരയിലിരുന്ന് ഉറക്കം തൂങ്ങാന്‍ തുടങ്ങി. ലോക്കപ്പിനുള്ളിലെ ചെറുപ്പക്കാരനെപ്പോലെയോ, ഉറക്കം തൂങ്ങുന്ന കോണ്‍സ്റ്റബിളിനെപ്പോലെയോ, അലസമായി കടലാസുകെട്ടുകള്‍ മറിച്ചു നോക്കുന്ന റൈട്ടറെപ്പോലെയോ  അനുകരിച്ച് നിശ്ചലമായും, ഇടയ്ക്കെല്ലാം ഇഴഞ്ഞുമാണ് സമയം കടന്നു പോയിരുന്നത്. 
റൈട്ടറുടെ മേശപ്പുറത്തെ കറുത്ത ടെലഫോണ്‍ ശബ്ദിച്ചു. റീസീവര്‍ എടുത്ത ശേഷം അയാള്‍ എല്ലാം മൂളിക്കേള്‍ക്കുകയും, ഇടക്കെല്ലാം “ഉവ്വ് സാര്‍” എന്ന് തല കുലുക്കയും ചെയ്തു. ലാത്തി കയ്യിലെടുത്ത് മേശയുടെ മറുവശത്തിരിക്കുന്ന കോണ്‍സ്റ്റബിളിന്റെ ചുമലില്‍ തട്ടി. . കോണ്‍സ്റ്റബിള്‍ കണ്ണുതിരുമ്മി എഴുന്നേറ്റ് റൈട്ടറുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
“കുറച്ച് കഴിഞ്ഞാല്‍ സാറ് ഇവിടെ എത്തും”
“എന്തായി? പ്രശ്നങ്ങളൊന്നും ഇല്ലല്ലോ?”
“ഏയ്.. അത്ര വലിയ കുഴപ്പം ഒന്നും ഇല്ലെന്നാണ് അങ്ങേര് പറയുന്നത്”
എന്നു പറഞ്ഞ ശേഷം റൈട്ടര്‍ ലാത്തി തിരികേ ശ്രുതിപ്പെട്ടിയുടെ മുകളിലായ് ചാരി നിര്‍ത്തി. ഉറക്കം ഒഴിവാക്കാന്‍ കനത്ത കാല്‍ വെയ്പ്പുകളോടെ കോണ്‍സ്റ്റബിള്‍ സ്റ്റേഷനകത്തു നടക്കാന്‍ തുടങ്ങി. ഇടയ്ക്കെല്ലാം കസേരയില്‍ ചെന്നിരുന്ന് ശ്രുതിപ്പെട്ടിയുടെ നോബ് തിരിച്ചു, അതു മൂളുമ്പോഴെല്ലാം ജനലഴികളിലൂടെ എന്നെ തുറിച്ചു നോക്കി. അപ്പോഴെല്ലാം ഞാന്‍ ഭയത്തോടെ മുഖം വെട്ടിച്ചു. മേലുദ്യോഗസ്ഥന്റെ വരവു പ്രതീക്ഷിച്ച് അയാള്‍ ഇടയ്ക്കെല്ലാം പുറത്തേക്ക് എത്തി നോക്കി.
ഉച്ചഭക്ഷണം കൊണ്ട് വന്ന പയ്യന്‍ ഇത്തവണ വരുമ്പോള്‍ ഒരു കൈയ്യില്‍ ചായ ഗ്ലാസുകളും, മറുകയ്യില്‍ എണ്ണ പുരണ്ട കടലാസു പൊതിയും ഉണ്ടായിരുന്നു. ചായ നിറച്ച ഗ്ലാസുകളും, ചൂടുള്ള പഴം പൊരികളും  മേശപ്പുറത്ത് നിരത്തപ്പെട്ടു. പാറാവുകാരന്‍ അകത്തു ചെന്ന് തന്റെ പങ്ക് പെട്ടെന്നു തീര്‍ത്ത ശേഷം പുറത്തേക്കു വന്നു. ഭക്ഷണം കൊണ്ട് വന്ന പയ്യന്റെ ചുമലില്‍ തോണ്ടിയ ശേഷം കോണ്‍സ്റ്റബിള്‍  ലോക്കപ്പിലേക്കു നോക്കിക്കൊണ്ട്, പുരികമുയര്‍ത്തി “അവിടെയും“ എന്ന് ആംഗ്യം കാണിച്ചു. പയ്യന്‍ ഒരു പഴം പൊരിയെടുത്ത് ലോക്കപ്പിനടുത്തേക്ക് ചെന്നു, അഴികള്‍ക്കിടയിലൂടെ കൈ നീട്ടി. ലോക്കപ്പിന്റെ മൂലയിലിരുന്ന ചെറുപ്പക്കാരന്‍ സാവധാനത്തില്‍ എഴുന്നേറ്റു ചെന്ന് അതു വാങ്ങി. പയ്യന്‍ കൈയ്യില്‍ പുരണ്ട എണ്ണ അഴികളില്‍ തുടച്ചു. അവന്‍ ഒരിക്കല്‍ പോലും ലോക്കപ്പിനകത്തെ ചെറുപ്പക്കാരന്റെ മുണ്ടില്‍ പറ്റിയ ചോരക്കറയിലേക്ക് ഉറ്റു നോക്കുകയോ, ആശ്ചര്യപ്പെടുകയൊ ചെയ്തില്ല. തിരികെ വന്ന് കാലിഗ്ലാസുകള്‍ പെറുക്കിയെടുത്ത് സ്റ്റേഷനു പുറത്തു കടന്നു. ചെറുപ്പക്കാരന്‍ വീണ്ടും ലോക്കപ്പിന്റെ മൂലയില്‍ ചെന്നിരുന്നു. അയാള്‍ സാവധാനത്തില്‍ പഴംപൊരി ചവയ്ക്കാന്‍ തുടങ്ങി.

പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് എസ്.ഐ സ്റ്റേഷനിലേക്ക് വന്നത്. ജീപ്പ് സ്റ്റേഷന്‍ മുറ്റത്തെത്തിയതും പാറാവുകാരന്‍ അറ്റന്‍ഷനായി. ആറടിയിലതികം ഉയരത്തില്‍, ഇരുനിറത്തിലുള്ള ചെറുപ്പക്കാരനായിരുന്നു എസ്.ഐ. ജീപ്പില്‍ നിന്നിറങ്ങി അയാള്‍ സ്റ്റേഷന്റെ പടികള്‍ കയറുമ്പോള്‍ അവിടെയുള്ള പൂക്കളത്തില്‍ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ചു. അങ്ങനെയൊരു പൂക്കളം അവിടെയുണ്ടായിരുന്നുവെന്ന് അപ്പോള്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്. എസ്.ഐ അടുത്തെത്തിയതും ഞാന്‍ ബെഞ്ചില്‍ നിന്ന് ചാടിയെണീറ്റു നിന്നു. ഇടതു വശത്തേക്ക് തല ചെരിച്ച് എന്നെയൊന്നു നോക്കിയ ശേഷം അയാള്‍ അകത്തേക്കു കയറി. റൈട്ടറും, കോണ്‍സ്റ്റബിളും കസേരകളില്‍ നിന്നെഴുന്നേറ്റ് സല്യൂട്ട് ചെയ്തു. പ്രത്യഭിവാദ്യം ചെയ്ത ശേഷം ഹാഫ് ഡോര്‍ തള്ളിത്തുറന്നുകൊണ്ട്  അയാള്‍ തന്റെ മുറിയിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ കോണ്‍സ്റ്റബിളിനെ അകത്തേക്ക് വിളിച്ചു. എസ്.ഐ വന്നത് ലോക്കപ്പിന്റെ മൂലയിരുന്ന് ഉറങ്ങുന്ന ചെറുപ്പക്കാരന്‍ അറിഞ്ഞില്ലെന്ന് തൊന്നുന്നു. അയാള്‍ എപ്പോഴാണ് ഉറങ്ങാന്‍ തുടങ്ങിയതെന്ന് ഞാന്‍ ശ്രദ്ധിച്ചതുമില്ല. എസ്.ഐയുടെ മുറിയില്‍ നിന്ന് കോണ്‍സ്റ്റബിള്‍ പുറത്തിടങ്ങി. ജനലഴികള്‍ക്കടുത്ത് വന്ന ശേഷം വിരല്‍ ചൂണ്ടിക്കൊണ്ട് “അകത്തു ചെല്ലാന്‍” അയാള്‍ ആംഗ്യം കാണിച്ചു. ഞാന്‍ ബെഞ്ചില്‍ നിന്നെഴുന്നേറ്റ് സ്റ്റേഷനകത്തേക്കു കടന്നു. ഹാഫ് ഡോര്‍ തുറന്നു പിടിച്ചു.
“സാര്‍..“
“ആ... അകത്തേക്കു വാടോ”
“എന്താ സംഗതി? എന്താണ് തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞത്?”
“സാര്‍.. അതൊരു ശ്രുതിപ്പെട്ടിയാണ്. ഈ പാട്ടുപാടുമ്പോള്‍ ഒക്കെ കൂടെ മൂളാന്‍ ഉപയോഗിക്കുന്നത്. കാലത്ത് ഒരു മ്യൂസിക് ക്യാസറ്റിന് വേണ്ടിയുള്ള റിഹേഴ്സല്‍ കഴിഞ്ഞ് വരുന്ന വഴിയാണ് എന്നെ പിടിച്ചത്.”
“അതെടുത്തോണ്ട് വാ”
ഞാന്‍ മുറിയ്ക്കു പുറത്തു കടന്നു. കോണ്‍സ്റ്റബിള്‍ മേശപ്പുറത്ത് നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് എനിക്ക് നേരേ നീട്ടി. അയാളുടെ മുഖത്തു നോക്കാതെ അതു വാങ്ങിക്കൊണ്ട് വീണ്ടും എസ്.ഐയുടെ അടുത്തേക്ക്.
“ഇതാണ് സാര്‍”
“ഓണ്‍ ചെയ്യ്...”
നോബ് തിരിച്ചു ഓണ്‍ ചെയ്ത ശേഷം എസ്.ഐയുടെ മേശപ്പുരത്തു വെച്ചു, അതു മൂളാന്‍ തുടങ്ങി. എസ്.ഐ പുഞ്ചിരിച്ചു.
“പെട്ടെന്ന് ഇതെന്ത് കുന്തമാണെന്ന് അയാള്‍ക്ക് മനസിലായി കാണില്ല. അതാവും തന്നെ പിടിച്ച് കൊണ്ട് വന്നത്. ഇന്ന് ആകെ പ്രശ്നമുള്ള ഒരു ദിവസാണ്. സംശയം തോന്നിയാല്‍ ആരെയും അറസ്റ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. അതാണ്ടാവും...”
“അതല്ല സാര്‍. ഇതെന്ത് ഉപകരണമാണെന്ന് ഞാന്‍ ആ സാറിനോട് പറഞ്ഞിരുന്നു. എന്നിട്ടും എന്നെ വെറുതെ വിട്ടില്ല. അതു മാത്രമല്ല കാശും ചോദിച്ചു. കാശുണ്ടായിരുന്നില്ല സാര്‍... അതു കൊണ്ടാണ് എന്നെ പിടിച്ചു കൊണ്ടു പോന്നത്. അതും ഈ ശ്രുതിപ്പെട്ടീടെ പേരും പറഞ്ഞ്. സത്യം പറഞ്ഞാല്‍ വീട്ടീന്ന് കാലത്ത് തിരക്കിട്ടിറങ്ങിയതു കൊണ്ട് ഞാന്‍ ബൈക്കിന്റെ ബുക്കും, പേപ്പറും, ലൈസന്‍സും ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അതു കൊണ്ടൊന്നും അല്ല എന്നെ പിടിച്ചോണ്ട് പോന്നത്...”

ഞാന്‍ കരഞ്ഞു തുടങ്ങിയിരുന്നു.  എസ്.ഐ. പുഞ്ചിരിയൊടെ എന്റെ മുഖത്തേക്ക് നോക്കി.
“തനിക്കെത്ര വയസായി?”
“പത്തൊമ്പത്”
“എന്നിട്ടാണോ ഇള്ളപ്പിള്ളാരെപ്പോലെ കരയുന്നത്?”
“വെഷമം കൊണ്ടാണ് സാര്‍...”
എസ്.ഐ കസേരയില്‍ നിന്നെണീറ്റു. മേശപ്പുറത്തു നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് എനിക്കരികിലെത്തി. അതപ്പൊഴും മൂളുന്നുണ്ടായിരുന്നു.
“ഇതെങ്ങനെയാണ് ഓഫാക്കുന്നത്?”
ഞാന്‍ നോബിലേക്ക് ചൂണ്ടിക്കാണിച്ചു. മൂളല്‍ ശബ്ദം നിലച്ചു. ശ്രുതിപ്പെട്ടി തിരികെ ഏല്‍‌പ്പിച്ച ശേഷം എന്റെ ചുമലില്‍ കൈയ്യിട്ടുകൊണ്ട് എസ്.ഐ. മുറിയ്ക്കു പുറത്തിറങ്ങി.  കോണ്‍സ്റ്റബിളിനെ നോക്കി “എന്താണെടോ വാസുദേവാ ഇതൊക്കെ”യെന്ന് കപടമായി ശാസിച്ചു. വീണ്ടും എന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി. ഭയമൊഴിഞ്ഞിരുന്നതിനാല്‍ ഞാന്‍ പുഞ്ചിരിച്ചു.
“ആ..എന്നാല്‍ താന്‍ പൊയ്ക്കോ”
ഞാന്‍ എസ്.ഐയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
“പൊയ്ക്കോടോ”

കോണ്‍സ്റ്റബിള്‍ ബൈക്കിന്റെ കീയെടുത്തു നീട്ടി. അതു വാങ്ങിയ ശേഷം നന്ദി പോലും പറയാതെ ഞാന്‍ തിരിഞ്ഞു നടന്നു. സ്റ്റേഷനില്‍ നിന്ന് ആശ്വാസത്തോടെ പുറത്തിറങ്ങി. ബൈക്ക് സ്റ്റാര്‍ട്ടു ചെയ്ത് വാഹനത്തിരക്കൊഴിഞ്ഞ റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ആഹരി രാഗം പാടി എന്റെ അന്നം മുടക്കിയ സുന്ദരിയായ ആ പെണ്‍കുട്ടിയുടെ മുഖമോ, ശബ്ദമൊ ഒരു നേര്‍ത്ത ഓര്‍മ്മയായി പോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല. ചോരക്കറ പുരണ്ട മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ചെറുപ്പക്കാരനെക്കുറിച്ചു മാത്രമാണ് ഞാനപ്പോള്‍ ഓര്‍ത്തത്. അയാളിപ്പോഴും ലോക്കപ്പിന്റെ മൂലയിലിരുന്ന് ഉറങ്ങുന്നുണ്ടാകുമോ?

*****
പഴയ എഴുത്തുകള്‍ @ ബൂലോക കവിത ഓണപ്പതിപ്പ്

4 comments:

നല്ലി . . . . . said...

ലോക്കപ്പിലെ ചെറുപ്പക്കാരന്‍ നിര്‍ഭാഗ്യവാനായിരുന്നു.

ശരിക്കും ചിലപ്പോള്‍ അയാള്‍ ഒരു നിര്‍ഭാഗ്യവാനായിരുന്നിരിക്കാം അല്ലേ

Unknown said...

ഇത് മുന്‍പ് എവിടെയെങ്കിലും പോസ്റ്റ്‌ ചെയ്തിരുന്നോ? വായിച്ച ഒരു ഓര്മ. നന്നായിട്ടുണ്ട്. ആശംസകള്‍

മത്താപ്പ് said...

well said.
it was a nice experience reading it......
wishes.
-dileep nair

A Cunning Linguist said...

ഗൂഗിള്‍ റീഡര്‍ ഒന്നും ഉപയോഗിക്കാത്തോണ്ടാണ്, ഇതിപ്പോഴാ വായിച്ചത്... :)

 

(c)2009 Devadas V.M [ vm.devadas@gmail.com ]