Monday, October 18, 2010

തിബത്ത്.



Therefore, be ye lamps unto yourselves, be a refuge to yourselves. Hold fast to Truth as a lamp; hold fast to the truth as a refuge. Look not for a refuge in anyone beside yourselves. And those, who shall be a lamp unto themselves, shall betake themselves to no external refuge,  but holding fast to the Truth as their lamp, and holding fast to the Truth as their refuge, they shall reach the topmost height.
- Buddha


കത്തിരി വെയിലിന്റെ ചൂടൊഴിഞ്ഞ് ചെന്നൈ നഗരം തണുത്തു തുടങ്ങിയിരുന്നു. വാരാന്ത്യത്തിലെ വൈകുന്നേരത്തില്‍ സുഹൃത്തിനോടൊന്നിച്ചുള്ള പതിവു മദ്യപാനത്തിനായി, നുങ്കമ്പാക്കത്തിനടുത്തുള്ള ഷേണോയ് നഗറിലെത്തുമ്പോള്‍ മഴ ചെറുതായി ചാറാന്‍ തുടങ്ങി. നീട്ടിവെച്ച കാലടികളോടെ, എളുപ്പത്തില്‍ ദൂരം താണ്ടി അവര്‍ താമസിക്കുന്ന കെട്ടിടത്തിനടുത്തെത്തുമ്പോഴേയ്ക്കും വ്യായാമം അന്യമായിത്തീര്‍‌ന്ന ശരീരം ക്ഷീണിച്ചിരുന്നു. ആയാസപ്പെട്ടു കിതച്ചാണ് രണ്ടു നില പടിക്കെട്ടുകള്‍ കയറിയത്. അനുവാദം ചോദിക്കാതെ, കതകു കുറ്റിയിടാത്ത മുറിയ്ക്കകത്തേക്ക് കടന്നു ചെന്നു. മാലിനി അവിടെയുണ്ടായിരുന്നില്ല, പകരം  ആ ഒറ്റമുറിയുടെ  മൂലയിലുള്ള തന്റെ കിടക്കയില്‍ ഉറങ്ങുകയായിരുന്നു ടെന്‍‌സിന്‍ സാംറ്റന്‍. മുറിക്കൈയ്യന്‍ പച്ച ബനിയനും, ഇളംപച്ചയില്‍ നിറയെ പൂക്കളുള്ള സ്കര്‍ട്ടുമണിഞ്ഞ്, ഒരു ശലഭപ്പുഴുവിനേപ്പോലെ ചുരുണ്ടു കിടക്കുകയായിരുന്നു അവള്‍. പോക്കറ്റില്‍ നിന്നു തൂവാലയെടുത്ത്, ചാറ്റല്‍ മഴയില്‍ നനഞ്ഞ തല തുവര്‍‌ത്തിക്കൊണ്ട് ശബ്ദമുണ്ടാക്കാതെ അവളുടെ അടുത്തു ചെന്നിരുന്നു. കിടക്കയുടെ അരികത്തു കിടന്നിരുന്ന തലയിണയെടുത്ത് ചുമരില്‍ ചാരി, അതിലേയ്ക്കു നടു ചായ്ച്ചു വെച്ച്, ഞാനൊരു സിഗററ്റു കത്തിച്ചു.


ചെമ്പിച്ച  നേര്‍‌ത്ത നീളന്‍ മുടി, മഞ്ഞ കലര്‍‌ന്ന വിളറിയ വെളുപ്പുള്ള തൊലിപ്പുറം, അലസതയാര്‍ന്ന ഉറക്കം പേറുന്ന മുഖം, മുറിക്കൈയ്യന്‍ ബനിയനു മറയ്ക്കാനാകാത്ത ഉടല്‍‌ഭാഗങ്ങള്‍… പക്ഷേ, ആ ഉച്ചമയക്കത്തിന്റെ മുഴുവന്‍ സൌന്ദര്യം ഒളിച്ചിരുന്നത് അവളുടെ അടഞ്ഞ കണ്ണിമകളിലായിരുന്നു. ഞാന്‍ ആദ്യമായാണ് ടെന്‍‌സിന്റെ ഇമകള്‍ കാണുന്നത്. നേര്‍‌ത്ത പുരികവും, പതിഞ്ഞ മൂക്കും, ഇറുകിയിടുങ്ങിയ കണ്ണുകളുമുള്ള ആ തിബത്തന്‍ പെണ്‍‌കുട്ടിയുടെ മുഖത്ത് അങ്ങനെയൊരവയവമുണ്ടെന്ന് എനിക്കിതുവരെ അറിയില്ലായിരുന്നു. ഉറക്കത്തിലും ടെന്‍‌സിന്‍ ഇടയ്ക്കെല്ലാം പുഞ്ചിരിക്കുകയും, ചുണ്ടു കൂര്‍‌പ്പിക്കുകയും ചെയ്യുന്നുണ്ട്. തീര്‍‌ച്ചയായും അവളൊരു സ്വപ്നത്തിലാണ്, ഒട്ടും മധുരമല്ലാത്ത ഒരു സ്വപ്നം. ഒന്നുകില്‍ ബാല്യത്തിലെ ഓര്‍‌മ്മകള്‍ http://upload.wikimedia.org/wikipedia/commons/6/6b/Tibet-claims.jpgമാത്രമുള്ള തന്റെ രാജ്യത്തിനു മുകളിലൂടെ ഒരു മാന്ത്രികപ്പരവതാനി യാത്ര; അല്ലെങ്കില്‍ പതിവു പോലെ *ദലൈലാമയോടോ, *ടെന്‍‌സിന്‍ സ്യുണ്ടുവിനൊടൊ തര്‍‌ക്കിച്ചുകൊണ്ടിരിക്കുകയാകാം. അപൂര്‍‌വ്വമായാണ് അവള്‍ സ്വപ്നം കാണാറുള്ളത്, ഞാനായിട്ടതിന് തടസം നിന്നുകൂടാ. കത്തിച്ച സിഗററ്റുമായി മുറിയ്ക്കു വെളിയിലിറങ്ങിയ ശേഷം, മൂന്നാം നിലയുടെ വരാന്തയില്‍ നിന്നു താഴേയ്ക്കു തെരുവു നോക്കിക്കൊണ്ട് ,ഞാന്‍ സുഹൃത്തിന്റെ വരവും കാത്തു നിന്നു.

ഈ തെരുവിന് രണ്ടു രൂപമുണ്ട്. പകല്‍ നേരങ്ങളില്‍ ഇതു പോലെ കാണുന്ന തനിത്തമിഴ് തെരുവല്ല രാത്രിയിലേത്. നനവു പടര്‍ന്ന ചുമരിടുക്കിലെ ചെറിയ ദ്വാരത്തില്‍ നിന്നും ഉറുമ്പുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി ഒരു മുറിയാകെ പരക്കുന്നതു പോലെ ഇവിടമാകെ തിബത്തുകാര്‍ നിറയും. ഇതൊരു കൊച്ചു തിബത്ത് ആയി മാറും. കോളേജ്‌‌ വിദ്യാര്‍ത്ഥികള്‍, പാചകക്കാര്‍‌, കച്ചവടക്കാര്‍, മറ്റു ജോലിക്കാര്‍‌... പച്ചക്കറിയും, പലചരക്കും  വാങ്ങാനും , മൊബൈല്‍‌ ഫോണ്‍ റീ-ചാര്‍ജ്ജു ചെയ്യാനും, ഭക്ഷണം  കഴിക്കാനും, പ്രേമിച്ചു കൈകോര്‍ത്തു നടക്കാനും  ഒക്കെയായി അവര്‍ ഇരുട്ടു പരന്നു തുടങ്ങിയ തെരുവിലിറങ്ങും.

അവരുടെ കഥ തുടങ്ങുന്നത് മഹാഭാരതയുദ്ധത്തില്‍ നിന്ന് ഒളിച്ചോടിയ രൂപതി രാജകുമാരന്‍ തിബത്തെന്ന രാജ്യം സ്ഥാപിച്ച പുരാണത്തില്‍ നിന്നാകാം. ചിലപ്പോളത് കോസലരാജ്യം വാണ പ്രസേനജിത്തിന്റെ മകന്‍ തിബത്തിലെത്തിയ കഥയുമാകാം. അല്ലെങ്കില്‍ പിന്നെയത് ഷിപ്പുയെ രാജാവില്‍ നിന്നോ, പുഗ്യെ രാജാക്കന്മാരില്‍ നിന്നോ തുടങ്ങുമായിരിക്കും. എന്തായാലും കെട്ടുകഥകളുടെ കെട്ടഴിഞ്ഞു തീര്‍‌ന്നാല്‍ പിന്നീടുള്ള ചരിത്രം തുടങ്ങുന്നത് സോങ്ത്സെന്‍ ഗമ്പോ എന്ന ചക്രവര്‍ത്തിയില്‍ നിന്നാണ്. മുത്തശിക്കഥകളിലെ രാജകുമാരനെപ്പോലെ തന്നെ സോങ്ത്സെന്‍ അയല്‍ രാജ്യങ്ങളായ നേപ്പാളിലേയും, ചൈനയിലേയും രാജകുമാരിമാരെ വിവാഹം കഴിച്ചു. നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന തിബത്തിന്റെ ആദ്യമായി കൂട്ടിയോജിപ്പിച്ചത് സോങ്ത്സെനായിരുന്നു. പടയോട്ടങ്ങള്‍ക്കിടെ സോങ്ത്സെന്‍ ബുദ്ധമതം സ്വീകരിച്ചു. ചക്രവര്‍‌ത്തിയുടെ മതം രാജകീയമതമായി.നാടിന്റെ മതമായി മാറി. വായ്മൊഴി വഴക്കം മാത്രമുള്ള തിബത്തന്‍ ഭാഷയ്ക്ക് അക്ഷരങ്ങളുണ്ടായി. ത്രിസോങ് രാജാവിന്റെ കാലത്ത് ചൈനയും, തിബത്തും മല്‍‌സരിച്ച് അതിരു കയറാന്‍ തുടങ്ങി, പിന്നീട് തര്‍‌ക്കമൊഴിവാക്കാന്‍ ഉടമ്പടികളുണ്ടാക്കി. ശേഷം വന്ന ചക്രവര്‍‌ത്തിമാരുടെ കാലയലവില്‍  മതപരമായും രാഷ്ട്രീയപരമായും കൊണ്ടും, കൊടുത്തും, വിസ്തൃതമായും, ക്ഷയിച്ചും, നേടിയും, കീഴടങ്ങിയും ഒക്കെ തിബത്ത് നിലകൊണ്ടു. ജെങ്കിസ് ഖാന്റെ പടയോട്ടക്കാലത്ത് തിബത്ത് മം‌ഗോളുകള്‍ക്ക് കീഴടങ്ങിയതോടെ ശാക്യമഠാധിപതികളായ ലാമമാര്‍ സാമന്തന്മാരായി ഉയര്‍‌ത്തപ്പെട്ടു;  ഖാന്‍ ചക്രവര്‍‌ത്തിമാര്‍ക്കു വേണ്ടി ലാമമാര്‍ രാജ്യം ഭരിച്ചു. മംഗോളിയന്‍ ചക്രവര്‍‌ത്തിയായ കുബ്ലൈഖാന്‍ ബുദ്ധമതം സ്വീകരിച്ചതോടെ ലാമമാര്‍ തിബത്തിന്റെ രാഷ്ട്രീയാധികാരികളായി മാറി. കുബ്ലൈഖാന്റെ മരണത്തോടെ മം‌ഗോള്‍ സാമ്രജ്യം ചിതറിപ്പിരിഞ്ഞു, അതോടെ ശാക്യമഠാധിപതികളുടെ ഭരണത്തിനും നിയന്ത്രണം വന്നു. തുടര്‍ന്ന് തിബത്ത്, യുവാന്‍ രാജവം‌ശം ഭരിക്കുന്ന ഭരിക്കുന്ന ചൈനയ്ക്ക് കീഴിലായി. യുവാനു ശേഷം മിങ്ങുകള്‍ വന്നു, അപ്പോഴും തിബത്ത് അവര്‍ക്ക് കീഴിലായിരുന്നു. മിങ്ങുകളെ തുടര്‍ന്നു വന്ന ക്യുങ്ങ് ചകവര്‍‌ത്തിമാര്‍ തിബത്തിനു മേല്‍ ലാമമാര്‍ക്കുള്ള രാഷ്ട്രീയാധികാരം പുനസ്ഥാപിച്ചു. കോളോണിയല്‍ വിടുതലുകളുടെ കാലത്ത് ചൈനയില്‍ നിന്നും പിന്‍‌വാങ്ങുന്ന ബ്രിട്ടന്‍ അതിനോടൊപ്പം തിബത്തിനെ സ്വതന്ത്രപ്രവിശ്യയാക്കാന്‍ ശ്രമം തുടങ്ങി. ഇന്നു കാണുന്ന കലാപങ്ങളുടെ തുടക്കമായിരുന്നു അത്. തൊള്ളായിരത്തി അമ്പതുകളോടെ ചൈനീസ് ഗവണ്മെന്റ് അധിനിവേശമാരംഭിച്ചപ്പോള്‍ തിബത്തിനു മേലുള്ള അധികാരം വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. സാം‌സ്ക്കാരിക വിപ്ലവത്തോടെ അത് മൂര്‍ദ്ധന്യത്തിലെത്തി. തിബത്തുകാരുടെ പലായന ചരിത്രം അവിടെ തുടങ്ങുകയായിരുന്നു.

നേരം ഇരുണ്ടു തുടങ്ങി. സുഹൃത്ത് ഇതുവരെ മടങ്ങിയെത്തിയില്ല. മഴ കനത്തു വരികയാണ്. തൂവാനമടിച്ച് വരാന്തയിലും നനവ് പടര്‍ന്നിരിക്കുന്നു. മൂന്നാമത്തെ സിഗററ്റും എരിഞ്ഞു തീര്‍തോടെ മുറിയിലേയ്ക്കു തിരിച്ചെത്തി, വീണ്ടും ചുമരു ചാരിയിരുന്നു. ടെ‌ന്‍സിന്‍ സാംറ്റന്‍ ഇപ്പോഴും സ്വപ്നം കാണുകയാണ്; ഇടയ്ക്കെല്ലാം പുഞ്ചിരിക്കുകയും, ചുണ്ടു കൂര്‍‌പ്പിക്കുകയും ചെയ്യുന്നുണ്ട്. ദലൈലാമയെക്കുറിച്ച് അവള്‍ സം‌സാരിക്കുമ്പൊഴും ഇതേ ഭാവമാണ് മുഖത്തു കാണാറുള്ളത്. എന്നാല്‍ ടെന്‍‌സിന്‍ സ്യുണ്ടുവിനെക്കുറിച്ച് പറയുമ്പോഴോ, സ്വപ്നം കാണുമ്പോഴോ കവിളുകള്‍ വലിഞ്ഞുമുറുകിയ ഭാവമായിരിക്കും അവള്‍ക്ക്. തീര്‍ച്ചയായും അവളിപ്പോള്‍ സ്വപ്നം കാണുന്നത് ലാമയെ ആയിരിക്കണം. കാരുണ്യബുദ്ധനായ, കാവല്‍ദേവതയായ ചെന്റെസിയുടെ എട്ട് അടയാളങ്ങളുമൊത്ത അവതാരരൂപമായ ദലൈലാമ ഇപ്പോള്‍ ലാസയിലെ പുരാതനമായ ജോഘാങ്ങ് ക്ഷേത്രത്തിനു മുന്നിലെ തെരുവിലൂടെ അവളോടൊത്ത് നടക്കുകയായിരിക്കും. ഇരുണ്ട ബ്രൌണ്‍ നിറമുള്ള അങ്കിയും, അംഗവസ്ത്രവുമായിരിക്കും അയാളുടെ വേഷം; പ്രാര്‍‌ത്ഥനയ്ക്കുള്ള വെളുത്ത തൂവാല ഒരുകൈയ്യില്‍ മുറുക്കെ പിടിച്ചിരിക്കും‌. തന്റെ കൂടെ നടക്കുന്നൊരു കിഴവന്‍ *കിയാങ്ങിന്റെ കുഞ്ചിരോമങ്ങളില്‍ തഴുകിക്കൊണ്ടാണ് ലാമ അവളോട് സ്വപ്നത്തില്‍ സം‌സാരിക്കാറുള്ളത്. അവര്‍ അവരുടേതായ ചരിത്രം  പറച്ചിലും, പതിവു തര്‍‌ക്കങ്ങളും തുടരുകയായിരിക്കും.

“സാംറ്റന്‍,
പൂര്‍‌ണ്ണമായും പ്രകൃതിയെ അനുസരിച്ച്, സഹജീവികളോട് കരുണ പങ്കുവെച്ച് ജീവിക്കേണ്ടവരാണ് നാം. പിന്നെന്തിനാണ് നമ്മളിപ്പോള്‍ സമരം ചെയ്യുന്നത്? സര്‍‌വ്വവും സൃഷ്ടിയ്‌ക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവരല്ല നമ്മളെന്ന്  നിനക്കറിയാമല്ലോ, അല്ലേ? സൃഷ്ടി നടക്കുന്നത് ഒരുവന്റെ ബോധത്തില്‍ മാത്രമാണെന്ന ബുദ്ധവചനം നീ കേട്ടിട്ടില്ലേ? തിബത്ത് പുതിയതായി സൃഷ്ടിച്ചെടുക്കേണ്ട ഒരു രാജ്യമല്ല. എന്റെയും നിന്റെയും ബോധത്തിലും, അബോധത്തിലും എല്ലാം തിബത്തുണ്ട്. അതുകൊണ്ടു തന്നെ നമ്മള്‍ എക്കാലത്തും തിബത്തുകാരാണ്. കൌമാരകാലത്ത് വാച്ചുകളും, സംഗീതോപകരണങ്ങളും, മോട്ടോര്‍‌ എഞ്ചിനുകളുമെല്ലാം അഴിച്ചു റിപ്പയര്‍ ചെയ്യുമായിരുന്നു എന്നു ഞാന്‍  നിന്നോടു മുന്നെ പറഞ്ഞിട്ടില്ലേ? ഉപകരണം എത്ര സങ്കീര്‍‌ണ്ണമായാലും അതഴിച്ചു വേര്‍‌പെടുത്തുവാനും, ശേഷം കൂട്ടിയോജിപ്പിക്കാനും എനിക്കു കഴിയുമായിരുന്നു.  അതുകൊണ്ട് തന്നെ എത്ര വേര്‍പ്പെട്ടു പിരിഞ്ഞു കിടന്നാലും, പഴയൊരു ബ്രിട്ടീഷ് ആസ്റ്റിന്‍‌ വാഹനത്തിന്റെ എഞ്ചിന്‍ അഴിച്ചു പണിയുന്ന മികവോടെ, തളര്‍ന്നുകിടക്കുന്ന ഈ  തിബത്തിനെ ഞാന്‍ ഓടാന്‍ പരുവത്തിലാക്കും. അക്കാര്യത്തില്‍ നിനക്ക് സംശയമുണ്ടോ? സ്വപ്നത്തിലെങ്കിലും പേടിയ്ക്കാതെ 'ഇല്ലെ'ന്നു തലയിളക്കിക്കൂടേ സാംറ്റന്‍?

നിന്റെ മനസാകെ ആശങ്കപ്പെട്ടിരിക്കുകയാണെന്ന് എനിയ്ക്കറിയാം. കലാപം തുടങ്ങിയപ്പോള്‍ ചൈനീസ് പട്ടാളക്കാരില്‍ നിന്നു രക്ഷപ്പെട്ട്, ഒരു തണുത്ത ഡിസം‌ബറില്‍ ഹിമാലയം മുറിച്ചു കടന്ന് ഇന്ത്യയിലെത്തുമ്പോള്‍ ടെന്‍‌സിന്‍ ഗ്യാസ്റ്റോ എന്ന പതിനഞ്ചു വയസുകാരന്‍ ഇതിലേറെ ഭയപ്പെട്ടിരുന്നു. അവനു ചുറ്റിലും ഉണ്ടായിരുന്നത് മഞ്ഞുറയുന്ന മലകള്‍ മാത്രം‌. എങ്ങോട്ടാണ് ഓടി രക്ഷപ്പെടേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടത്,  എവിടെ നിന്നാണ് സഹായം ചോദിക്കേണ്ടത് .. എനിക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. പിന്നെന്തിനു തിരിച്ചു പോയി എന്നല്ലേ നീ മുന്നേ എന്നൊടു ചോദിച്ച ചോദ്യം? പറയാം.  ഞാന്‍ നില്‍‌ക്കുന്നിടം പോലും സുരക്ഷിതമായിരുന്നില്ല; ഉരുകിയ മെഴുക് ഉറഞ്ഞു കട്ടിയാകാന്‍ തുടങ്ങുന്നതു പോലെ അക്കാലത്തെ ഇന്ത്യ ഒരു രാജ്യമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നാടുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു വന്നെങ്കിലും, എത്രയും  പെട്ടെന്ന് അവിടേയ്ക്ക് തിരികേ പോകുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്നില്‍ പ്രതീക്ഷയര്‍‌പ്പിച്ചിരിക്കുന്ന ഒരു വലിയ കൂട്ടം ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടാണ് മതസ്വാതന്ത്ര്യവും, രാഷ്ട്രീയ നിയന്ത്രണവും തിരികെത്തരാമെന്ന ചൈനക്കാരുടെ ഉടമ്പടി വിശ്വസിച്ച് ഞാന്‍ മടങ്ങിച്ചെന്നത്. നിനക്കറിയാമോ സാംറ്റന്‍... നമുക്കു നല്‍‌കിയ ഉറപ്പുകള്‍ അവരോരോന്നായി തെറ്റിയ്ക്കാന്‍ തുടങ്ങി. അങ്ങനെയാണ് കിഴക്കന്‍ മേഖലയില്‍ വീണ്ടും കപാലം പൊട്ടിപ്പുറപ്പെട്ടത്. ക്രൂരമായ നരഹത്യയായിരുന്നു പിന്നീട്... മാവോ ഭരണം കൊന്നു കളഞ്ഞ ആറുകോടിയോളം വരുന്ന ആത്മാക്കളില്‍ പന്ത്രണ്ടുലക്ഷത്തിലധികം തിബത്തുകാരുണ്ടായിരുന്നു. നാല്‍‌പ്പതു വയസിനു മുകളില്‍ പ്രായമുള്ള ആണുങ്ങളില്ലാത്ത പ്രദേശങ്ങള്‍ തിബത്തില്‍ നിനക്കിപ്പൊഴും കാണാം സാംറ്റന്‍. എന്നെ നീ വിശ്വസിക്ക്.”

“എനിക്കു വിശ്വാസം പോരാ... സ്വന്തം രാജ്യം വിട്ട് ഭയന്നോടിയ നിങ്ങളെ ഞാനെങ്ങനെ വിശ്വസിക്കും? പതിനഞ്ചാം വയസില്‍ ലാസയില്‍ നിന്ന് ഹിമാലയം മുറിച്ച് ഇന്ത്യയിലേക്ക് കടക്കുമ്പോള്‍ ഓരോ കാല്‍വെയ്പ്പിലും നിങ്ങള്‍ എന്തുകൊണ്ട് മരവിച്ചില്ല? വെള്ളത്തിനു മീതെ നടക്കുന്നവന്റെ ഓരോ കാല്‍വെയ്പ്പിലുംഅത്ഭുതത്താമര വിരിയിച്ച ബുദ്ധന്റെ കഥ ഞാനും കേട്ടിട്ടുണ്ട്. പക്ഷേ, നിങ്ങളുടെ ഒളിച്ചോട്ടത്തിന്റെ കാലടികളില്‍  എന്ത് അത്ഭുതമാണ് അതേ ബുദ്ധന്‍ ഒരുക്കിയിരുന്നത്?“

“ഓടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു സാംറ്റന്‍… രക്ഷകര്‍ത്താക്കള്‍ ആരുമില്ലാത്ത നേരത്ത്, സ്വന്തം വീടിന്റെ മേല്‍ക്കൂരയ്ക്കു തീപിടിച്ചാല്‍ ഒരു ബാലന്‍ പിന്നെന്താണ് ചെയ്യേണ്ടിയിരുന്നത്? കിണറ്റിന്‍ കരയിലോ, കുളപ്പടവുകളിലോ ചെന്ന് അവന്റെ ദുര്‍ബലമായ കൈകളില്‍ പേറുവാന്‍ മാത്രം അളവു വെള്ളം കൊണ്ടുവന്ന് അതണയ്ക്കുകയാണോ വേണ്ടത്? ഞാന്‍ അത്രയ്ക്കും വിഢിയായിരുന്നില്ല; ‘അയ്യോ തീ...‘ എന്നലറി വിളിച്ചുകൊണ്ട് ഞാന്‍‌ വീടിനു പുറത്തേയ്ക്കോടി. അയല്‍ക്കാര്‍ എന്റെ ശബ്ദം കേട്ടു. അവര്‍ ആ തീയണയ്ക്കുമോ, ഇല്ലയോ എന്നൊന്നും എനിക്കുറപ്പില്ലായിരുന്നു. പക്ഷെ, ഒന്നെനിക്കറിയാം എന്റെ വീടിന്.. ലോകത്തിന്റെ മേല്‍ക്കൂരയായ തിബത്തിന്... തീ പിടിച്ചിരിക്കുന്നു എന്ന് അവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ വീടുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. അയല്‍ക്കാരനായ നെഹ്രു എനിക്കഭയം തന്നു. ഇനി പറയൂ, ഞാന്‍ ചെയ്തത് തെറ്റായിരുന്നോ? വീട് കത്തുകയാണെങ്കില്‍ ഓടിയെങ്കിലും രക്ഷപെടാം സാംറ്റന്‍. എന്നാല്‍ വീടിനു നേരെ പീരങ്കികൊണ്ട് വെടിയുതിര്‍ത്താലോ? ഒമ്പതു‌‌വര്‍ഷങ്ങ‌‌ള്‍ക്കു ശേഷം അക്ഷരാര്‍ത്ഥത്തില്‍ അതാണ് സംഭവിച്ചത്. ഞാന്‍ കൂടെയുള്ളവരേയും കൂട്ടി വീണ്ടും ഓടിമറഞ്ഞു. പിന്നീട് ഞാന്‍ അവിടേ‌‌യ്ക്ക് തിരികെ പോയിട്ടില്ല.“

ടെന്‍സിന് സങ്കടം വന്നുകാണണം. തര്‍ക്കിക്കാറുണ്ടെങ്കിലും അവള്‍ക്ക് ഉള്ളിന്റെയുള്ളില്‍ ദലൈലാമയോട് സ്നേഹമുണ്ട്. അതുകൊണ്ടാണ് അവളിപ്പോള്‍ സങ്കടം കൊണ്ട് ചുണ്ടു കൂര്‍പ്പിക്കുന്നത്. വിതുമ്പല്‍ അടക്കാനായി തലയിണ കൂടുതല്‍ മുറുക്കിപ്പിടിച്ച് മുഖത്തോടമര്‍ത്തുന്നത്. എന്തിനാണ് ടെന്‍സിന്‍ നീ സ്വയം അടക്കി നിര്‍ത്തുന്നത്? സ്വപ്നത്തിലെ സങ്കടത്തിലെങ്കിലും നിനക്കൊന്ന് അലറിക്കരഞ്ഞുകൂടേ? അതോ ഉറക്കെ ഒച്ചവെച്ചു കരഞ്ഞാല്‍ നിന്റെ സ്വപ്നം മുറിയുമെന്നും, മടുപ്പും ആശങ്കയും മാത്രം ബാക്കിയായ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് തിരികെ വരേണ്ടി വരുമെന്നും നീ ഭയപ്പെടുന്നുണ്ടോ? ഇല്ല... നിന്റെ തലയില്‍ സ്വപ്നത്തിലെ ലാമ കാരുണ്യപൂര്‍വ്വം തഴുകുന്നുണ്ട്. എനിക്കറിയാം… നീ വീണ്ടും ശാന്തമായി അയാള്‍‌‌ക്കു കാതോര്‍ക്കുന്നുണ്ട്. പക്ഷേ, ഞാന്‍ മുന്നറിയിപ്പു തരുന്നു. സാം‌സണ്‍ ദലൈലയാല്‍ വഞ്ചിക്കപ്പെട്ടതു പോലെ സാംറ്റന്‍.. നീ ദലൈലാമയാല്‍ വഞ്ചിക്കപ്പെടും. അയാള്‍‌ ഇനിയും നിന്നെ കൂടുതല്‍‌ കൂടുതല്‍ സങ്കടപ്പെടുത്തിയേക്കും.

“നിന്റെ സങ്കടത്തെ നീ തന്നെ തിരിച്ചറിയേണ്ടതുണ്ട് സാംറ്റന്‍. അത് അവനവന്റെ ബുദ്ധനെ കണ്ടെത്തുന്നതു പോലെയുള്ള ഒരു ശ്രമമാണ്. നമ്മുടെയെല്ലാം മനസ്താപത്തിനു കാരണം പുറത്തല്ല, മറിച്ച് നമുക്കകത്തു തന്നെയാണ്. ഏത് അവസ്ഥയിലും നീ മനസിനെ പാകപ്പെടുത്തുക, കോപത്തെ അടക്കി നിര്‍ത്തുക. ഇപ്പോള്‍ തന്നെ നോക്ക്... രാത്രിയില്‍ നീ ഉറങ്ങുമ്പോള്‍ പോലും ആരോടൊക്കെയാണ് ദേഷ്യപ്പെടാറുള്ളത്, മുറുമുറുക്കാറുള്ളത്... നിന്റെ മുറിയില്‍ കൂടെ താമസിക്കുന്ന പെണ്‍കുട്ടി ഇടയ്ക്കൊന്ന് ലൈറ്റ് ഓണ്‍ ചെയ്താല്‍, അല്ലെങ്കില്‍ അവളുടെ മൊബൈല്‍ റിംഗ് ചെയ്താല്‍, കറണ്ടു പോയതുകൊണ്ട് കറങ്ങുന്ന ഫാന്‍ നിശ്ചലമായാല്‍,  കൊതുകുകള്‍ മുറിയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍, അതുമല്ലെങ്കില്‍ തെരുവിന്നറ്റത്തെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചത്തില്‍ പാട്ടു മുഴങ്ങിയാല്‍... അപ്പോഴെല്ലാം നീ ഉറക്കം മുറിച്ചെഴുന്നേറ്റ് ആരോടെന്നില്ലാതെ ദേഷ്യപ്പെടാറില്ലേ? നമ്മുടെ കോപം ഇത്തരത്തിലല്ല പ്രകടിപ്പിക്കേണ്ടത്. സാംറ്റന്‍. ഇവിടെ നാം ഒരേ സമയം അതിഥികളും, അഭയാര്‍‌ത്ഥികളുമാണ്. അതുകൊണ്ടു തന്നെ ആദ്യം പഠിക്കേണ്ട പാഠം സഹവര്‍ത്തിത്വത്തിന്റേതാണ്. നിനക്കു മനസിലാകുന്നുണ്ടോ? “

മനസിലായിരിക്കണം... പക്ഷേ, 'ഉവ്വെ'ന്ന് തലയിളക്കുമ്പോഴും അസ്വസ്ഥതയാല്‍ അവള്‍ കണ്ണുകള്‍ കൂടുതല്‍ ഇറുക്കിയടയ്ക്കുന്നുണ്ട്. തലയിണയെ കെട്ടിപ്പിടിച്ച കൈവിരലുകളിലെ പേശികളും, ഞരമ്പുകളും ഒരു ബലപ്രയോഗത്തിനെന്നോണം വലിഞ്ഞു മുറുകുന്നുണ്ട്. തീര്‍ച്ചയായും ദലൈലാമയോടെതിര്‍ത്ത് അവള്‍ക്കെന്തോ പറയാനുണ്ടെന്നെനിക്കറിയാം. ഇതിനു മുന്നെ പലതവണ അവള്‍ അതെന്നോടു പറഞ്ഞതുമാണ്. സഹിഷ്ണുത, സഹവര്‍ത്തിത്വം, ക്ഷമ എന്നീ ഉച്ചരിച്ചു തേഞ്ഞ പഴകിയ വാക്കുകള്‍ കൊണ്ട് സ്വന്തം ശീലങ്ങളേയും, വിശ്വാസങ്ങളെയും ചങ്ങലയ്‌‌ക്കിട്ടാല്‍ പിന്നെ എങ്ങനെയാണ് അവനവന്‍ ആയിരിക്കാന്‍ കഴിയുക? എങ്ങനെയാണ് വിശ്വാസങ്ങള്‍ക്കു വേണ്ടി പോരടിക്കാന്‍ കഴിയുക? എങ്ങനെയാണ് തിബത്തിനെ വീണ്ടെടുക്കാന്‍ കഴിയുക? സ്വയം മറന്നിങ്ങനെ ഒതുങ്ങി ജീവിച്ചാല്‍ തിബത്തും മറ്റൊരു *ഷംബാലയാകില്ലേ?

ആ ചോദ്യം പ്രതീക്ഷിച്ചിട്ടെന്നോണം ലാമ കണ്ണിറുക്കിച്ചിരിച്ചു. തന്റെ   കണ്ണടയൂരിയെടുത്ത്, അംഗവസ്ത്രത്തിന്റെ തലപ്പുകൊണ്ട് ചില്ലു തുടച്ച ശേഷം  തിരികെ വെച്ചു. ശേഷം കണ്ണുകളടച്ച് അല്‍പ്പനേരം  മൗനത്തിലാണ്ടു. മുണ്ഡനം ചെയ്ത തല ഉച്ച വെയിലില്‍ തിളങ്ങി. വിദൂരാകാശത്ത് പറക്കുന്ന പരുന്തിന്റെ നിഴല്‍‌ രൂപത്തില്‍‌ ലാമയുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. കൗതുകത്തോടെ അതു നോക്കി നില്‍ക്കുന്ന ടെന്‍സിന്‍ സാംറ്റന്റെ ചോദ്യത്തിന് ലാമ മറുപടി നല്‍കുകയായി.

“നമ്മളിപ്പോള്‍ ഒരു ഇല്ലാനഗരത്തില്‍ ചത്തു ജീവിക്കുകയാണെന്ന് നീ കരുതരുത്; മറിച്ച് ഇതിനെയൊരു ധ്യാനമായി സങ്കല്‍പ്പിച്ചു നോക്കൂ. കുട്ടിയായിരിക്കുമ്പോള്‍ ധര്‍മ്മശാലയില്‍ വെച്ച് നീ എന്റെ പ്രഭാഷണങ്ങള്‍ കേട്ടിട്ടില്ലേ? തുംമോ യോഗയെക്കുറിച്ചും , താന്ത്രികധ്യാനത്തെക്കുറിച്ചുമെല്ലാം  എത്രയോ തവണ ഞാന്‍ നിന്നോട് സംസാരിച്ചിട്ടുണ്ട്.  അതു സിദ്ധിച്ചവര്‍ക്ക് ഏതു തണുപ്പിലും സ്വന്തം  ശരീരത്തിന്റെ ചൂട് ഉയര്‍ത്താനാകും, ശ്വസനത്തിന്റെ എണ്ണം കുറയ്‌‌ക്കാനാകും. അതു പോലെ ഒരവസ്ഥയിലാണ് ഇതെന്നു കരുതിയാല്‍ മതി. നാം മരിച്ചിട്ടില്ല; ഇതു നമ്മുടെ ധ്യാനമാണ്. ശരീരത്തിലും,മനസിലും  പൂര്‍ണ്ണമായും ഊര്‍ജ്ജം നിറഞ്ഞുവെന്ന് ബോധ്യപ്പെട്ടാല്‍ സാവധാനത്തില്‍  നമുക്കിതില്‍ നിന്നും പുറത്തു കടക്കേണ്ടതുണ്ട്. ആ ധ്യാനാവസ്ഥയ്ക്കു ശേഷം നമുക്ക് ചെയ്യേണ്ടത് ഒരു പക്ഷേ *നെചുംങ്ങ് ക്യൂട്ടന്റെ വാള്‍  നൃത്തമായിരിക്കും. നീ അതു കണ്ടിട്ടുണ്ടോ? ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ്. കടുത്ത നിറങ്ങളുള്ള വസ്ത്രത്തില്‍ സ്വര്‍ണ്ണ പട്ടിനാല്‍ ബുദ്ധമുദ്രകളും, പൂക്കളും തുന്നിപ്പിടിപ്പിച്ച പരമ്പരാഗതമായ അലങ്കാര വേഷമാണ് പ്രവാചകഭാവം കൈക്കൊള്ളുന്ന സന്ദര്‍ഭങ്ങളില്‍ നെചുംങ്ങ് ധരിക്കാറുള്ളത്. പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ആലേഖനം ചെയ്ത ലോഹമുദ്രയും, പ്രപഞ്ചസത്യരൂ‌‌പമാര്‍ന്ന കണ്ണാടിയും കഴുത്തിലണിഞ്ഞിരിക്കും. കൊടിക്കൂറകളും , തോരണങ്ങളും കൂടാതെ മയില്‍പ്പീലിയാല്‍ അലംകൃതമായ പതിനഞ്ചു കിലോയോളം ഭാരമുള്ള വലിയ ശിരോകവചവും ധരിച്ചിരിക്കും. അങ്ങനെ ഏകദേശം പത്തുമുപ്പത്തഞ്ചു കിലോയോളം ഭാരം വരുന്ന അലങ്കാരക്കോപ്പുകളോടെയായിരിക്കും നെചുംങ്ങ് പ്രവചനത്തിനൊരുങ്ങി വരുന്നത്. മന്ത്രവാദ്യങ്ങളോടെ പാര്‍ത്ഥനാചക്രം ആവര്‍ത്തിക്കുന്നതിനിടയില്‍ നെചുംങ്ങില്‍ ഭാവമാറ്റമുണ്ടാകും. കണ്ണുകള്‍ തുറിച്ച്, പേശികള്‍ വലിഞ്ഞു മുറുകി വന്യമായ ഒരു അവസ്ഥയിലേക്ക് നെചുംങ്ങ് പതിയേ പ്രവേശിക്കും. ആദ്യമായാണ് ഇതു കാണുന്നതെങ്കില്‍ ഉടുത്തുകെട്ടുകളും, ശിരോകവചവുമെല്ലാം ചേര്‍ന്ന് നെചും‌ങ്ങിനെ വരിഞ്ഞുമുറുക്കി കൊല്ലുമോ എന്നു പോലും നിനക്കു സംശയം തോന്നാം. പൂര്‍ണ്ണമായും ഭാവമാറ്റം വന്നാല്‍, അദ്ദേഹം തന്റെ സഹായികളില്‍ നിന്ന് വാള്‍ ഏറ്റു വാങ്ങിക്കൊണ്ട് നൃത്തം ചെയ്തു തുടങ്ങും. നൃത്തത്തിനിടെ കഴുത്തൊടിഞ്ഞു പോകുമെന്നു തോന്നും വിധം ചടുലമായി തലയിളക്കി വണങ്ങുകയും, ഒറ്റക്കുതിപ്പില്‍‌    സാ‌‌ഷ്ടാംഗം    നമസ്ക്കരിക്കുകയും   ചെയ്യും.   തീര്‍ത്തും   അമാനുഷികമായ   അത്തരം അവസ്ഥകളിലാണ് നെചുംങ്ങ് തന്റെ വെളിപാടുകള്‍ ഉണര്‍ത്തിക്കാറുള്ളത്. വെളിപ്പെടലിനു ശേഷം ഉടവാള്‍ ഉയര്‍ത്തി, സ്വയം തലയില്‍‌ വെട്ടിക്കൊണ്ട്, കല്‍പ്പനകള്‍ പുറപ്പെടുവിച്ച ശേഷം  നെ‌‌ചുംങ്ങ് ബോധമറ്റ് മറിഞ്ഞു വീഴും; വിശ്രാന്തിയുടെ നിമിഷങ്ങളിലേയ്‌‌ക്ക്. ഓരോ തിബത്തനും അങ്കിയും, വാളും, കിരീടവുമണിഞ്ഞ നെചുംങ്ങ് ആയി മാറാന്‍ ആവശ്യപ്പെടുന്ന കാലമാണിത്. അനാഥത്വവും, അഭയാര്‍ത്ഥിത്വവുമാണ് നമ്മുടെ അങ്കിയും, ശിരോകവചവും; ആശയങ്ങളെയാണ് ഉടവാളായി ഉയര്‍ത്തേണ്ടത്. തിബത്തിനു വേണ്ടിയുള്ള സ്വയം സമര്‍പ്പണമാണ് നമ്മുടെ വെളിപാടു നൃത്തം; തിബത്തിന്റെ സ്വാതന്ത്ര്യമാണ് നമ്മുടെ വിശ്രാന്തി നിമിഷം. അതിനു ശേഷം പുനര്‍ജന്മത്തിലേതു പോലെ നമ്മള്‍‌ ഉയിര്‍ത്തെഴുന്നേല്‍ക്കും.”

പു‌നര്‍‌ജന്മം... ആ വാക്കിന്മേല്‍ ഞാനും, സാം‌റ്റനും ഒരുപാട് തര്‍‌ക്കിച്ചിട്ടുള്ളതാണ്. സാധാരണ മനുഷര്‍ക്കു ലഭിക്കാതെ, ലാമമാര്‍ക്കു മാത്രം സാധ്യമാകുന്ന ആ വിശിഷ്ടാവസ്ഥയെ എനിക്കു പുച്ഛമായിരുന്നു. സ്വന്തം  ജനതയ്ക്കുമേല്‍ അപ്രമാദിത്വം  സ്ഥാപിക്കാനായി സൃഷ്ടിച്ച കപടമായ ഒരു കീഴ്വഴക്കമാണതെന്നു പറഞ്ഞപ്പോള്‍ തകര്‍ന്നടിഞ്ഞത് അവളുടെ വിശ്വാസ‌‌സംഹിതകളായിരുന്നു. പുനര്‍ജന്മത്തെ ചോദ്യം  ചെയ്യുകയെന്നാല്‍ വാസ്തവത്തിലത് ലാമയെ ചോദ്യം  ചെയ്യുകയാണ്, ലാമയെ ചോദ്യം  ചെയ്യുകയെന്നാല്‍ ഒരു തരത്തില്‍ തിബത്തിന്റെ പ്രതീക്ഷകളെ ചോദ്യം  ചെയ്യുകയാണ്. അതുകൊണ്ടു തന്നെ, പുനര്‍ജ്ജന്മമെന്നത് ഒന്നാന്തരം ഒഴിവു കഴിവാണെന്നു പറഞ്ഞ് തര്‍‌ക്കിച്ചപ്പോള്‍, മറുത്തൊന്നും പറയാനില്ലാതെ ആദ്യമാദ്യം അവള്‍ സങ്കടപ്പെട്ടിരുന്നു. എന്നോടുള്ള ദേഷ്യം  അടക്കാനായി പലപ്പൊഴും വിരലുകള്‍ കൂട്ടിത്തിരുമ്മുമായിരുന്നു.  എന്നാലിപ്പോള്‍ അവളുടെ ലാമ സ്വപ്നത്തില്‍ ഉപദേശിച്ച യുക്തിയുടെ പിന്‍‌ബലമുണ്ടവള്‍ക്ക്.

 “സാംറ്റന്‍, പുനര്‍ജന്മത്തെക്കുറിച്ച് ബുദ്ധന്‍ പറഞ്ഞിരിക്കുന്നതെന്തിനാണെന്ന് നിനക്കറീയാമോ സാംറ്റന്‍? ഒരു പക്ഷേ, നമ്മള്‍ കൂടുതല്‍ സ്വാര്‍ത്ഥരായി തീരാതിരിക്കാന്‍ ബുദ്ധന്‍ കണ്ടെത്തിയ രസകരമായ ഒരു ഉപദേശതന്ത്രമാണതെന്നാണ് എനിക്കു തോന്നുന്നത്. നമ്മള്‍ കാണുന്നതോ, ഉപയോഗിക്കുന്നതോ‌, അറിയുന്നതോ‌ ആയ എല്ലാം അടുത്ത ജന്മത്തിലും നമുക്കു തന്നെ അനുഭവിക്കാനുള്ളതാണെന്നും; അതുകൊണ്ട്‌ മനുഷ്യഗുണപ്രദാനമായ ഏതൊന്നും എക്കാലത്തേയ്ക്കുമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധമാണ് വാസ്തവത്തില്‍ പുനര്‍ജന്മം. പ്രകൃതിയെ സ്നേഹിക്കാനും, വരും കാലത്തേയ്ക്കായി പരിപാലിക്കാനും ഉള്ള അനുശീലനരീതിയാണത്. ഇന്നത്തെ തലമുറയ്ക്കു വേണ്ടി മാത്രമല്ല , ഇനിയും വരാനിരിക്കുന്ന പല തലമുറയെ മുന്നില്‍ കണ്ടു വേണം നാം പെരുമാറേണ്ടതെന്നു പഠിപ്പിക്കുന്ന വിശ്വാസസംഹിത. അതുകൊണ്ടു തന്നെ തിബത്തിനെ വീണ്ടെടുക്കേണ്ടത് നമ്മുടെ രാഷ്ട്രീയപരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല. തിബത്ത് നമ്മുടേതാണ്, നമ്മള്‍ തന്നെയായ വരും തലമുറയുടേതും. തിബത്തിന്റെ സ്വാതന്ത്ര്യം;  ഈ ജന്മത്തില്‍  തന്നെ എനിക്കതു സാധിക്കണം. അഥവാ അതു നടന്നില്ലെങ്കില്‍, തിബത്തിനു പുറത്ത് പുല്ലായോ, പുഴുവായോ, പ്രാണിയായോ ഞാന്‍ പുനര്‍ജനിച്ചേയ്ക്കാം."

കിടയ്ക്കയുടെ അരികത്തായി ടെന്‍‌സിന്റെ മൊബൈലില്‍ അലാം മുഴങ്ങുന്നു. അതിന്റെ അലോസരത്തില്‍ അവള്‍ മുഖം ചുളിക്കുന്നുണ്ട്. ഇനിയൊരു മൂന്നോ, നാലോ തവണകൂടെ അതു മുഴങ്ങിയാല്‍ അവള്‍ സ്വപ്നം മുറിച്ച് ഉറക്കമെഴുന്നേല്‍‌ക്കും. അതോടെ പാതിയില്‍ തീ‍ര്‍ന്ന തര്‍‌ക്കത്തില്‍ അവളുടെ ലാമ വീണ്ടും വിജയിക്കും. അതു പാടില്ല, ഇനിയും ചില കാര്യങ്ങള്‍ ടെന്‍സിനു പറയാനുണ്ട്. അതാണ്  തലയിണയില്‍ മുഖമുരുമ്മി അവള്‍ തന്റെ സ്വപ്നത്തെ കൈവിടാതെ കെട്ടിപ്പിടിക്കുന്നത്. ടെന്‍സിന്റെ ചുമലിനു മുകളിലൂടെ കൈ നീട്ടിയെത്തിച്ച് ഞാന്‍ മൊബൈലിലെ അലാം നിശബ്ദമാക്കി. അതിനു നന്ദിയെന്നോണം ഒരിക്കല്‍ കൂടി ചുണ്ടുകൂര്‍‌പ്പിച്ചു ചിരിച്ച് അവള്‍ തന്റെ സ്വപ്നത്തെ കൂടുതല്‍ മുറുക്കത്തോടെ കെട്ടിപ്പിടിച്ചു. എങ്ങനെയെങ്കിലും  ടെന്‍സിന്റെ സ്വപ്നത്തില്‍ കയറിക്കൂടാന്‍ പറ്റിയിരുന്നെങ്കില്‍ എനിക്ക് ദലൈലാമയോടോ, സ്യുണ്ടുവിനോടോ തര്‍ക്കിക്കാമായിരുന്നു. ഒരഭയാര്‍ത്ഥിയല്ലാത്തതിനാല്‍ ഒട്ടും  വൈകാരിതയില്ലാതെ ഇടപെടാന്‍ എനിക്കു കഴിയും. കുറെ സം‌ഭവങ്ങളും, വര്‍‌ഷക്കണക്കുകളും രാജവംശപ്പേരുകളുമൊക്കെ നിരത്തിക്കൊണ്ട് അതില്‍ ചരിത്രവും, രാഷ്ട്രീയവുമൊക്കെ കലര്‍ത്തി അവരുടെ വാദങ്ങളെയൊക്കെ എതിര്‍‌ത്തു തോല്‍പ്പിക്കാന്‍ എനിക്കു കഴിഞ്ഞേക്കും. പക്ഷെ, അവരൊക്കെ തോറ്റാല്‍ പിന്നെ ടെന്‍സിന്‍ സാംറ്റന്‍? കണ്ണാടിച്ചില്ലു പോലെ അവള്‍ നിലത്തു വീണു ചിതറിയില്ലാതാകും. ചില്ലിന്‍ ചീളുകള്‍ പെറുക്കിയെടുക്കുമ്പോള്‍ മുറിയുന്നത് എന്റെ വിരലാണെങ്കിലും  പൊടിയുന്നത് അവളുടെ ചോരയായിരിക്കും. എന്റെ മുറിവിലെ നീറ്റലിന് അവളുടെ വേദനയായിരിക്കും, എന്റെ കരച്ചിലിന് അവളുടെ ശബ്ദമായിരിക്കും, എന്റെ കവിളുകളിലൂടൊഴുകുന്നത് അവളുടെ കണ്ണീരായിരിക്കും.  ടെന്‍‌സിന്‍, ഞാന്‍ നിന്നെ ഒരിക്കലും ഒരു വിദേശിയായി കണ്ടിട്ടില്ല. വിളറിയ മഞ്ഞ നിറവും, ചെമ്പന്‍ മുടിയും, ഇടുങ്ങിയ കണ്ണുകളും, പതിഞ്ഞ മൂക്കുമുള്ള ഒരുപാട്‌ ഇന്ത്യക്കാരെ ഇവിടെത്തന്നെ നീ കണ്ടിട്ടില്ലേ? നോക്ക്... തെരുവിനു പുറത്തുള്ള ഈ രാത്രി നഗരത്തിലേക്കിറങ്ങി നോക്ക്. അണ്ണാ നഗറിലെ പാര്‍ക്കില്‍ കുട്ടികളോടോത്ത് കളിക്കുന്ന ഉയരം കുറഞ്ഞ ആയമാരെ കണ്ടോ? മൌണ്ട് റോഡിലെ ചൈനീസ് റെസ്റ്റോറന്റുകളിലെ പാചകക്കാരെ കണ്ടോ?  തീന്‍‌മേശയില്‍ തളിക നിരത്തുന്ന സുന്ദരിമാരെ കണ്ടോ? ഷോപ്പിം‌ഗ് മാളുകളുടേയും, എടി‌എം കൌണ്ടറുകളുടേയും മുന്നില്‍ തോക്കും വടിയുമായി നില്‍ക്കുന്ന കാവല്‍‌ക്കാരെ കണ്ടോ? അവരുടെയൊന്നും കണ്ണില്‍ പെടാതെ ഇരുണ്ട തെരുവിന്റെ ഇടുക്കുകളില്‍ മറഞ്ഞു നിന്ന് മണിക്കൂറിന് വിലപറയുന്ന ‘ചിങ്കീസ്‘ വേശ്യകളെ കണ്ടോ? ഇന്ത്യക്കാരാണെങ്കിലും അവര്‍‌ക്കെല്ലാവര്‍ക്കും നിന്റെ ഛായയില്ലേ? ഒരു നിമിഷം ടെന്‍‌സിന്‍ പകച്ചു കാണണം. ഉത്തരം തേടുന്നതുപോലെ അവള്‍ അസ്വസ്ഥമായി കിടക്കയില്‍ കൈകൊണ്ടു പരതുന്നുണ്ട്. അവളുടെ കൈവിരലുകള്‍ എന്റെ കാല്‍മുട്ടിനടുത്തേയ്ക്കു നീണ്ടു വന്നപ്പോള്‍ ശത്രുവിനെ ഭയന്ന ഒച്ചിന്‍ കൊമ്പുപോലെ ഞാന്‍ കാലുകള്‍ ചുരുക്കി വലിച്ചു. ടെന്‍‌സിനെ സമാധാനിപ്പിക്കാന്‍ വീണ്ടും സ്വപ്നത്തിലെ ലാമയെത്തി.

“ഇന്ത്യ നമ്മുടെ പോറ്റമ്മയാണ്‌ സാംറ്റന്‍. ഞാനും, നീയുമെല്ലാം ഉള്‍പ്പെട്ട അഭയാര്‍ത്ഥിക്കൂട്ടത്തെ സ്വീകരിക്കുകയും, വളര്‍ത്തുകയും ചെയ്യുന്ന പോറ്റമ്മ. അതുകൊണ്ടു തന്നെ ഇന്ത്യയോട്‌ നമുക്ക്‌ തീരാത്ത സ്നേഹവും, കടപ്പാടുമുണ്ട്‌. നിനക്കറിയാമോ ഇന്ത്യയില്‍ നിന്ന്‌ ബുദ്ധമതം തിബത്തിലെത്തുന്ന കാലത്ത്‌ നമ്മുടെ ഭാഷയ്ക്ക്‌ ലിപിയുണ്ടായിരുന്നില്ല. ഇവിടെ നിന്നാണ്‌ നമുക്ക്‌ ലിപികളുണ്ടായത്‌. കൈലാസവും, മാനസരോവറുമെല്ലാം ഇരുകൂട്ടരുടേയും വിശ്വാസത്തില്‍ ഇടം പങ്കിടുന്നു, ഉരുവിടുന്ന മന്ത്രങ്ങള്‍ക്കു പോലും സാമ്യമുണ്ട്‌. എന്നാല്‍ ഇന്ത്യ നമ്മുടെ പോറ്റമ്മ മാത്രമാണു സാംറ്റന്‍. ഇന്ത്യയുമായി മാത്രമല്ല മാത്രമല്ല മംഗോളിയയോടും, ചൈനയോടുമെല്ലാം സാം‌സ്ക്കാരികമായി നമുക്ക് അടുത്ത ബന്ധമുണ്ട്‌. എന്നാല്‍ ഈ കൊടുക്കല്‍, വാങ്ങലുകള്‍ക്കപ്പുറത്ത്‌ നാം എന്നും വ്യത്യസ്തമായ വംശമായിരുന്നു. തനതു ഭാഷയും, വേറിട്ട സം‌സ്ക്കാരവുമുള്ള ഒരു ജനത. മഞ്ഞുമലനിരകൊണ്ട്‌ കോട്ടകെട്ടി പ്രകൃതി തന്നെ നമ്മളെ വേര്‍‌തിരിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ക്കില്ലാത്ത പല സവിശേഷതകളും തിബത്തിനുണ്ട്‌. രാഷ്ട്രീയത്തിനൊപ്പം ആത്മീയതയും ഘോഷിക്കുന്ന ഒന്നാണ്‌ നമ്മുടെ രാജ്യം. എന്നാല്‍ ഇപ്പോള്‍ എന്താണവസ്ഥ? ധര്‍മ്മശാലയിലെ സ്കൂള്‍ പഠനത്തിനു ശേഷം അവിടം വിട്ട നീ ഇപ്പോള്‍ ദിവസത്തില്‍ എത്ര സമയം പ്രാര്‍‌ത്ഥനയ്ക്കായി ചിലവിടുന്നുണ്ട്‌? പ്രാര്‍‌ത്ഥന നല്‍കുന്ന ആശ്വാസം അത്ര ചെറുതല്ല സാംറ്റന്‍. പലപ്പോഴും നമുക്ക്‌ സ്വയം പിടിച്ചു നില്‍‌ക്കാനായത്‌ പ്രാര്‍‌ത്ഥനകള്‍ കൊണ്ടു മാത്രമാണ്‌. തിബത്തിനെ നാം തിരിച്ചു പിടിക്കേണ്ടതും പ്രാര്‍‌ത്ഥനകളിലൂടെയാണ്. സകലചരാചരങ്ങളും പ്രകൃതിയെ അനുസരിച്ചു ജീവിക്കുന്ന തിബത്ത്‌, വിദ്വേഷം വെടിഞ്ഞ്‌ മനുഷ്യര്‍ സഹജീവികളെ ആദരവോടെ കാണുന്ന തിബത്ത്‌, ലോകത്തിന്റെ നെറുകയില്‍,  മന്ത്രമുഖരിതമായൊരു ആത്മീയ പീഠഭൂമി... അതായിരിക്കണം സ്വതന്ത്രമായ തിബത്ത്‌. അങ്ങനെയൊരവസ്ഥ നീയും സ്വപ്നം കാണാറില്ലേ സാംറ്റന്‍?“

ടെന്‍സിന്‍ വീണ്ടും അസ്വസ്ഥതയാല്‍ മുഖം ‌‌കൂര്‍‌പ്പിക്കുന്നു. തിബത്തെന്നാല്‍ ലാമ പറയുന്നതു പോലെ സ്വപ്നസുന്ദരമായ, കരുണ മാത്രം നിറഞ്ഞ ഒരു ആത്മീയ ഇടമൊന്നുമല്ലെന്ന്‌  അവള്‍ക്കറിയാം. കഴിഞ്ഞ തവണ കണ്ടപ്പോള്‍ ഞാനും ടെന്‍സിനുമായുള്ള പ്രധാന തര്‍‌ക്കവും അതു തന്നെയായിരുന്നു. അവസാനം ഒരു കോഫീഷോപ്പിലെ ചെറിയ മേശക്കരികെ മുഖാമുഖമിരുന്ന് ഞങ്ങള്‍ ഒത്തു തീര്‍‌പ്പിലെത്തി. ലോകത്തിലെ മറ്റെവിടേയുമെന്നതു പോലെ പാപികളും, കൊള്ളരുതാത്തവരും, വിശ്വസിക്കാവുന്നവരും, നന്മയുള്ളവരും, സ്വാര്‍ത്ഥരും , ദയാശീലരും  എല്ലാം ഉള്‍‌‌പ്പെട്ട ഒരു സമൂഹം തന്നെയാണ്‌ തിബത്തും. ബുദ്ധന്റെ ദയയും, പ്രാര്‍ത്ഥനാ മണികളുടെ മുഴക്കവും മാത്രമല്ല വാള്‍മുനയുടെ മൂര്‍ച്ചയും, ആയുധളേറ്റുമുട്ടുന്ന ലോഹക്കരച്ചിലും കേട്ടു പരിചയിച്ചവരാണ്‌ തിബത്തുകാര്‍. അവിടെ യോദ്ധാക്കളും, സൈന്യവുമുണ്ട്‌. സന്യാസിമഠങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഭ്യാസികളുണ്ട്‌. എതിരാളികളുമായി അവര്‍ പോരാടാറുണ്ട്‌. സന്യാസി മഠങ്ങള്‍ക്കു് പുറത്ത്‌, സമൂഹത്തില്‍ മാടമ്പിത്തമുണ്ട്‌. കൃഷിക്കാരുടേയും, മറ്റു സാധാരണക്കാരുടെയും ദരിദ്രമായ ജീവിതങ്ങള്‍ക്കു മീതെ മഠങ്ങളുടെ അധികാരങ്ങളുണ്ട്‌. അതിനും മീതെ അധിനിവേശ സേനയുടെ കര്‍ശനമായ നിരീക്ഷണങ്ങളുണ്ട്‌.

“...സമ്മതിക്കുന്നു. തിബത്ത്‌ ഒരു മധുരമനോജ്ഞ ഭൂമിയല്ല. ആയിരുന്നില്ലെന്ന്‌ എല്ലാവര്‍‌ക്കും അറിയാവുന്ന കാര്യമാണ്‌. പക്ഷെ അവിടെ നടന്നതും, നടക്കുന്നതുമായ കലാപങ്ങള്‍? അതിനെക്കുറിച്ച്‌ നിങ്ങളെന്തുകൊണ്ട്‌ ആകുലപ്പെടുന്നില്ല? പരിപൂര്‍‌ണ്ണ സ്വാതന്ത്യം എന്ന മിഥ്യയുപേക്ഷിച്ച്‌ ചൈനയ്ക്കു കീഴില്‍ സ്വയംഭരണമെങ്കിലും മതിയെന്ന നിലയിലേക്കു ഞാന്‍ തരംതാഴ്‌ന്നു ചെന്നു. നാട്ടുകാരില്‍ ചിലരെന്നെ ഒറ്റുകാരനെന്നും, വഞ്ചകനെന്നും വിളിച്ചു. പിന്നെ ഞാനെന്താണ്‌ ചെയ്യേണ്ടിയിരുന്നത്‌. ഒരു ജനതയെ മുഴുവന്‍ തുറുങ്കിലടയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്ന വലിയൊരു രാജ്യം. തിബത്തന്‍ പ്രവിശ്യയില്‍ ഫാക്ടറികള്‍ സ്ഥാപിക്കുകയും, തുച്ഛമായ കൂലിയ്ക്ക്‌ ആളുകളവിടെ പണിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഉല്‍‌പ്പന്നങ്ങള്‍ മുഴുക്കെ അവര്‍ ചൈനയിലേയ്ക്ക് കടത്തുന്നു. മണ്ണിനും, കാലാവസ്ഥയ്ക്കും അനുസരിച്ച്‌  തങ്ങള്‍ക്കിഷ്ടമുള്ള കൃഷിയിറക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത കര്‍ഷകര്‍, നിര്‍‌ബന്ധിത വന്ധ്യംകരണത്തിനു വിധേയരാകുന്ന ആളുകള്‍, ദിനം‌‌പ്രതി തകര്‍ക്കപ്പെടുന്ന സന്യാസിമഠങ്ങളും ആരാധനാലയങ്ങളും,  പച്ചപ്പു മുഴുക്കെ വെട്ടിമാറ്റി അവിടങ്ങളില്‍ ആണവമാലിന്യം നിക്ഷേപിക്കുന്ന ചൈനീസ്‌ ബുദ്ധി. അവസ്ഥയും, ആരോഗ്യവും ക്ഷയിച്ച ജനത, അതോടൊപ്പം  ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഭാഷ. ഇനി പറയൂ സാംറ്റന്‍... നാം എങ്ങനെ പൊരുതണം?“

മുഷ്ടിചുരുട്ടി  തലയിണയില്‍ ആഞ്ഞിടിച്ചുകൊണ്ടാണ് ടെന്‍‌സിന്‍ സാംറ്റന്‍ സ്വപ്നംമുറിച്ച് ഉറക്കമുണര്‍‌ന്നത്. മുറിയില്‍ എന്നെ കണ്ടതും ആദ്യത്തെ അമ്പരപ്പു നിറഞ്ഞ പുഞ്ചിരിക്കു ശേഷം അവളാദ്യം സ്വന്തം ശരീരത്തെക്കുറിച്ച് ബോധമുള്ളവളായി. ഒരു നീണ്ട ഉറക്കത്തിന്റെ മുഴുവന്‍ ചുളിവുകളുള്ള മുറിക്കൈയ്യന്‍ ബനിയന്‍ വലിച്ചു നിവര്‍‌ത്തി, സ്കര്‍‌ട്ട് താഴേക്കിറക്കിയിട്ടു കാല്‍മുട്ടുകളെ മറച്ച ശേഷം എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇതെപ്പോള്‍ വന്നു?“
“കുറച്ചു നേരമായി. നീ ഉറങ്ങുന്നതും നോക്കിക്കൊണ്ട് മാലിനിയെ കാത്തിരിക്കുകയായിരുന്നു ഞാന്‍“
“കതകെങ്ങനെ തുറന്നു? മാലിനി വന്നിരുന്നോ?“
“അതിനു കതക് അടച്ചിരുന്നില്ലല്ലോ.“
“ഓഹ്... എന്റെയൊരു മറവി. ഒരു മണിക്കൂര്‍ മയങ്ങാമെന്നു കരുതി കിടന്നതാണ്. ശരിക്കും ഉറക്കത്തില്‍ പെട്ടുപോയി. മൊബൈലില്‍ അലാം വെച്ചിരുന്നു. നാശം, അത് അടിച്ചുമില്ല.“
“അതിനെ ചീത്ത വിളിക്കണ്ട, അതു പാവമാണ്. കൃത്യസമയത്തു തന്നെ അലാം അടിച്ചിരുന്നു. നീ ഉറങ്ങിക്കോട്ടേയെന്നു കരുതി ഞാന്‍ ഓഫ് ചെയ്തതാണ്. ക്ഷമിക്കണം. “
“ഉം... സാരമില്ല അത്ര വൈകിയിട്ടൊന്നും ഇല്ല, ഏഴരയാകുന്നതല്ലേ ഉള്ളൂ“
“കോളേജെല്ലാം കാലത്തു കഴിഞ്ഞില്ലേ, പിന്നെന്താണ് രാത്രിയിലെ പരിപാടി?”
“ഇന്നെന്റെ അനിയത്തി വരുന്നു, മാംഗ്ലൂരില്‍ നിന്ന്.“
“നിനക്ക് അനിയത്തിയുണ്ടോ? ഇതുവരെ നീയും, മാലിനിയുമൊന്നും അവളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലല്ലോ.“
“അതിനെന്താ ഇന്ന് വിശദമായി തന്നെ പറഞ്ഞു കളയാം. അവളെ പരിചയപ്പെടുകയുമാകാം. വരുന്നോ?“
“എവിടേയ്ക്ക്?“
“ഉച്ചയ്ക്കൊന്നും കഴിച്ചില്ല, എനിക്കു നന്നായി വിശക്കുന്നു. ആദ്യം ഒരു റെസ്റ്റോറന്റിലേയ്ക്ക്. അവിടെ നിന്ന് സെ‌ന്റ്‌റല്‍ റെയില്‍‌വേ സ്റ്റേഷനിലേയ്ക്ക്“
“അപ്പോള്‍ മാലിനി? ഞാന്‍ അവളെക്കാണാന്‍ വന്നതാണ് . മൊബൈലില്‍ വിളിച്ചിട്ടു കിട്ടുന്നുമില്ല.“
“ഏതോ സുഹൃത്തിന്റെ സിനിമാ സ്ക്രീനിംഗാണെന്നും പറഞ്ഞ് ഉച്ചയ്ക്കിറങ്ങിയതാണ്. തിരിച്ചെത്തുമ്പോള്‍ വൈകുമെന്നു പറഞ്ഞിരുന്നു.“
“അത് ചതിവായിപ്പോയല്ലോ. ഇനിയിപ്പോള്‍...?“
“ഇന്നെന്താണ് പ്രത്യേകിച്ചു പരിപാടി?“
“അങ്ങനെയൊന്നും ഇല്ല. പതിവുപോലെ തന്നെ.. കള്ളുകുടി, കറക്കം.. ചിലപ്പോള്‍ ഒരു സിനിമ... “
 “എന്തായാലും ഇന്നത്തെ വൈകുന്നേരം തുലഞ്ഞു. എന്നാല്‍ പിന്നെ എന്റെ കൂടെ വരികയല്ലേ?“
“എവിടേയ്ക്ക്?“
“നേരത്തേ പറഞ്ഞില്ലേ. ആദ്യം റെസ്റ്റോറന്റ്, പിന്നെ അനിയത്തിയെ കൂട്ടിക്കൊണ്ടുവരാന്‍ സ്റ്റേഷനിലേയ്ക്ക്. പെട്ടെന്നു തീരുമാനിക്കണം. “
“എന്നാലങ്ങനെ തന്നെ... തീരുമാനിച്ചിരിക്കുന്നു.“
“എങ്കില്‍ ശരി. എനിക്കൊന്നു വസ്ത്രം മാറണമായിരുന്നു”
ആ ഒറ്റമുറി വിട്ടു പുറത്തിറങ്ങാന്‍ എനിക്കുള്ള നിര്‍‌ദ്ദേശമാണത്. നിലത്തു നിന്ന് സിഗററ്റ് പായ്ക്കറ്റും, തീപ്പെട്ടിയും കൈയ്യിലെടുത്ത ശേഷം ഞാന്‍ കതകുചാരി മുറിക്കു പുറത്തിറങ്ങി. വരാന്തയില്‍ നിന്നുകൊണ്ട് മഴതോര്‍ന്ന തെരുവിലേയ്ക്കു നോക്കി ഞാനൊരു സിഗററ്റു കത്തിച്ചു.

സിഗററ്റു പാതിയായപ്പോഴേയ്ക്കും വസ്ത്രം മാറി ടെന്‍സിന്‍ മുറിയ്ക്കു പുറത്തു വന്നു. മങ്ങിയ തവിട്ടു നിറമുള്ള ചുരിദാറായിരുന്നു വേഷം. അതില്‍ കറുത്തു കുറിയ വരകളാള്‍ താന്ത്രിക മുദ്രകള്‍ കാണാം, അവയ്ക്കിടെ കാവി നിറത്തില്‍ ‘ഓം‘ എന്ന് വലിയ അക്ഷരത്തില്‍ എഴുത്തുകള്‍. ചുരിദാറിനു പുറത്ത് കറുപ്പും, ഓറഞ്ചും നിറങ്ങള്‍ കലര്‍ന്ന ഒരു ഷോള്‍. “ഫ്രീ തിബത്ത്” എന്ന മുദ്രവാക്യമുള്ള നീലനിറമുള്ള തോള്‍ സഞ്ചിയുമുണ്ട് കൂടെ. മുറിപൂട്ടുന്നതിനു മുന്നെ അവള്‍ വരാന്തയിലേക്കു തിരിഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു
“അകത്തു നിന്ന് എന്തെങ്കിലും എടുക്കാനുണ്ടോ?“
സിഗററ്റ് പുകയൂതിക്കൊണ്ട് ‘ഇല്ലെ’ന്നു തലയിളക്കിയപ്പോള്‍ ‘ശരി’യെന്നു പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് അവള്‍ വാതില്‍ പൂട്ടി, താക്കോല്‍ തോള്‍ സഞ്ചിയിലിട്ടു. പടിക്കെട്ടുകളിറങ്ങി താഴെയെത്തിയ ഞങ്ങള്‍ തെരുവിലൂടെ നടന്നു. തനിത്തമിഴ് തെരുവിന്റെ രൂപം വിട്ട്  -എന്നെ മുറിയ്ക്കു പുറത്താക്കിയ ശേഷം വളരെ പെട്ടെന്നു തന്നെ വസ്ത്രം മാറിയ പെണ്‍‌കുട്ടിയേപ്പോലെ- ആ തെരുവ് ഒരു കൊച്ചു തിബത്തായി മാറിയിരുന്നു. നീളന്‍ മുടിക്കാര്‍, വിളറിയ മഞ്ഞ നിറമുള്ളവര്‍, ഉയരം കുറഞ്ഞവര്‍, തുടുത്ത കാ‌ല്‍‌വണ്ണയുള്ളവര്‍,  പതിഞ്ഞ കുഞ്ഞു മൂക്കുള്ളവര്‍, ചിലമ്പിച്ചു സംസാരിക്കുന്നവര്‍... അവരങ്ങനെ തെരുവു നിറഞ്ഞു നടക്കുകയാണ്.

തെരുവിനു പുറത്തു കടന്ന് തിരക്കേറിയ റോഡിലെത്തിയപ്പോള്‍ വീണ്ടും ചാറ്റല്‍ മഴ തുടങ്ങി. മഴയില്‍ നിന്ന് രക്ഷപ്പെടാനെന്നോണം തൊട്ടടുത്തുള്ള തിബത്തന്‍ റെസ്റ്റോറന്റിലേക്ക് ഓടുന്നതിനിടയില്‍ ടെന്‍സിന്‍‌ സാംറ്റന്‍ പലതവണ എന്റെ മുഖത്തേയ്ക്ക് കുറ്റബോധത്തോടെ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. കൊഴുത്ത സൂപ്പും, സ്വന്തം രുചിയളവിന് പാകമല്ലാത്ത മസാലക്കൂട്ടുമുള്ള തിബത്തന്‍ ഭക്ഷണം പൊതുവേ എനിക്ക് ഇഷ്ടമല്ലെന്ന് അവള്‍ക്കറിയാമായിരുന്നു. ‘മഴയായതു കൊണ്ടാണിവിടെ’ എന്നൊരു ഒഴിവുകഴിവു ഭാവമായിരുന്നു അവള്‍ക്കപ്പോള്‍. റെസ്റ്റോറന്റിനകത്തു കയറിയശേഷം അവളുടെ മുഖത്തു നോക്കി കണ്ണിറുക്കി പുഞ്ചിരിച്ച് ‘കുഴപ്പമില്ലെ‘ന്നു കാണിച്ചപ്പോഴാണ് അവള്‍ക്കു സമാധാനമായത്. ഭക്ഷണത്തിനുള്ള ഓര്‍‌ഡര്‍ എടുക്കാനെത്തിയ തിബത്തന്‍ പയ്യന്‍ മെനുകാര്‍‌ഡെടുത്ത് മേശപ്പുറത്തു വെച്ചു. അതു മറിച്ചു നോക്കാതെ തന്നെ ടെന്‍‌സിന്‍ ഒരു പ്ലേറ്റ് തെന്‍‌തുക്കിന് ഓര്‍ഡര്‍ ചെയ്തു. മെനുകാര്‍‌ഡിലെ ചിത്രങ്ങള്‍ മറിച്ചുനോക്കി, കൂട്ടത്തില്‍ സൂപ്പിന്റെ ചേരുവകളില്ലാത്തതു തിരഞ്ഞു കണ്ടെത്തിയ ഞാന്‍ ചിക്കന്‍ മോമോയാണ് പറഞ്ഞത്.

മുളകള്‍ കൊണ്ടാണ് ആ റെസ്റ്റോറന്റിന്റെ ചുമരുകള്‍ തീര്‍‌ത്തിരുന്നത്. അതാകട്ടെ താന്ത്രിക മുദ്രകളാല്‍ അലങ്കരിച്ചിരിക്കുന്നു. കറുപ്പില്‍ വെളുത്ത എഴുത്തുകളാല്‍ ‘ഓം മണി പത്മേഹം’ എന്ന ബുദ്ധമന്ത്രത്തിലെ ഓരോ അക്ഷരവും വേറിട്ടു നില്‍ക്കുന്ന തോരണങ്ങള്‍ റെസ്റ്റോറന്റിനകം മുഴുവനായും തൂക്കിയിട്ടിട്ടുണ്ട്. ക്യാഷ്‌കൌണ്ടറിന്റെ മൂലയിലായി എല്‍.ഇ.ഡി വെളിച്ചത്തില്‍ തിളങ്ങുന്ന ദലൈലാമയുടെ ഫോട്ടോ. അല്‍പ്പനേരം അതില്‍ നോക്കിയിരുന്ന ശേഷം , മേശപ്പുറത്തു തലകീഴായി വെച്ചിരുന്ന ഗ്ലാസ് എടുത്തു നിവര്‍ത്തി വെച്ചുകൊണ്ട് അതില്‍ വെള്ളം പകരുന്നേരം ഞാന്‍ ടെന്‍‌സിനോട് ചോദിച്ചു.
“ഇന്നാരായിരുന്നു സ്വപ്നത്തില്‍? ലാമ... അതോ സ്യുണ്ടുവോ?”
“ആദ്യം സ്യുണ്ടുവായിരുന്നു വന്നത്. പിന്നെയാണ് ലാമ.”
“എന്നിട്ട്... സ്യുണ്ടു എന്തു പറഞ്ഞു? അയാളിപ്പോഴും കാല്‍‌പ്പനിക വിപ്ലവത്തിന്റെ മുദ്രവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണോ?”
“അങ്ങനെ ഒഴുക്കില്‍ കളിയാക്കിപ്പറഞ്ഞുകൊണ്ട് ഒറ്റയടിയ്ക്ക് അയാളെ തള്ളിക്കളയാനാകില്ല”
“പിന്നല്ലാതെ.. അതില്‍ കൂടുതല്‍ എന്താണ് അയാള്‍ക്കു ചെയ്യാന്‍ കഴിയുന്നത്? കൂട്ടത്തില്‍ കുറച്ച്  കവിതയും ചൊല്ലിക്കാണും. പ്രതീകാത്മക വിപ്ലവങ്ങള്‍ മാത്രം ജയിക്കുന്ന ഒരു കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നതെന്ന് സ്യുണ്ടുവിനറിയാം”

ടെന്‍സിന്‍ പെട്ടെന്ന് മുഖം കുനിച്ചു. അവള്‍ പിണങ്ങിക്കാണണം. മാലിനി പറയാറുള്ളത് സത്യമാണ്; അത്രയെളുപ്പത്തില്‍ ഭാവമോ, വികാരമോ ഊഹിച്ചെടുക്കാന്‍ കഴിയാത്ത ഒരു മുഖമാണ് ടെന്‍‌സിന്‍ സാംറ്റനുള്ളത്. അതുകൊണ്ടു തന്നെ നമ്മുടെ വാക്കോ, പ്രവര്‍‌ത്തിയോ അവളിലെന്തു പ്രതികരണമാണ് ഉണ്ടാക്കിയതെന്ന് തിരിച്ചറിയാന്‍ നന്നേ പ്രയാസമാണ്. ദലൈലാമയേപ്പോലെ തന്നെ ടെന്‍‌സിന്‍ സ്യുണ്ടുവിനേയും അവള്‍ക്കൊരുപാട് ഇഷ്ടമാണെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ അയാളുടെ വിപ്ലവത്തെ കാല്‍‌പ്പനികമെന്നു വിശേഷിപ്പിച്ചു ചെറുതാക്കിപ്പറഞ്ഞത് തീര്‍‌ച്ചയായും അവളെ വിഷമിപ്പിച്ചു കാണും.

കഴുത്തു പൂര്‍‌ണ്ണമായും മറയ്ക്കുന്ന വിധത്തില്‍ കോളറുള്ള ഒരു കറുത്ത ടീഷര്‍ട്ട്, നെറ്റിയില്‍ വരിഞ്ഞു കെട്ടിയിരിക്കുന്ന ചുവന്ന തുണിക്കഷ്ണം, അതിനു മുകളില്‍ വീണു പാറുന്ന നീളന്‍ മുടിയിഴകള്‍, വട്ടക്കണ്ണട, ഷേവ് ചെയ്യാത്ത മുഖത്ത് അങ്ങിങ്ങായി ചെമ്പന്‍ കുറ്റിരോമങ്ങള്‍, ചെറുതെങ്കിലും തീഷ്ണമായ കണ്ണുകള്‍... സാം‌റ്റന്റെ സ്വപ്നത്തില്‍ വരുന്ന ടെന്‍‌സിന്‍ സ്യുണ്ടുവിന്റെ രൂപം അതായിരുന്നു. വിപ്ലവം നിറയുന്ന ശബ്ദത്തില്‍ അയാള്‍ സാം‌റ്റനോടു സം‌സാരിക്കും.

“ടെന്‍‌സിന്‍ സാംറ്റന്‍,
ഞാന്‍ ലാമയല്ല. നിന്നെപ്പോലെ തന്നെ ഒരു സാധാരണ മനുഷ്യന്‍, വെറുമൊരു തിബത്തന്‍ മാത്രം. ചൈനീസ് സൈനികരുടെ അക്രമം  സഹിക്കവയ്യാതെ എന്റെ അച്ഛനുമമ്മയും ദലൈലാമയ്ക്കൊപ്പം  ഇന്ത്യയിലേക്കു രക്ഷപ്പെട്ടു വന്നു. തിബത്തന്‍ ഉള്‍ഗ്രാമത്തിലെവിടെയോ ഉള്ള കര്‍‌ഷകരായ നിന്റെ അച്ഛനുമമ്മയും  അതു ചെയ്തില്ല എന്നതു മാത്രമാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസം. നമുക്കെല്ലാം  തന്നെ നഷ്ടപ്പെട്ടു; നാട്, വീട്, സംസ്ക്കാരം, ഭാഷ, വിശ്വാസം. നിന്റെ ലാമ ഇവിടെ കെട്ടിപ്പടുത്തത് ഒരു സമാന്തര ഗവണ്മെന്റിനെ മാത്രമല്ല, ഒരിക്കലും  കൂട്ടിമുട്ടാത്ത കുറേ സമാന്തര ജീവിതങ്ങള്‍ കൂടെയാണ്. ഇന്ത്യയില്‍ നമുക്ക് ഒന്നരലക്ഷത്തോളം  അഭയാര്‍‌ത്ഥി സഹോദരങ്ങളുണ്ട്. അവരുടെ സങ്കല്‍‌പ്പ ഭരണകൂടമുണ്ട്; സ്കൂളുകളും, സന്യാസി മഠങ്ങളുമുണ്ട്. സിയാച്ചിനില്‍ അതിരുകാക്കുന്ന പട്ടാളക്കാരില്‍ അയ്യായിരത്തോളം  തിബത്തുകാരുണ്ട്. പക്ഷേ, ഇവിടത്തെ ഭരണകൂടത്തിന്റെ  രേഖകളില്‍ ഞാനും,  നീയുമൊക്കെ ആരാണ്? നമ്മളെല്ലാം തന്നെ  വിദേശിയാണ്. പ്രവാസവും, അഭയാര്‍‌ത്തിത്വവുമാണ് ഒരുമിച്ചനുഭവിക്കേണ്ടത്.  തിബത്തുപേക്ഷിച്ച് രായ്‌‌ക്കുരാമാനം ഇവിടേയ്ക്ക് ഓടി വരുമ്പോള്‍ എന്തൊക്കെയായിരുന്നു നിന്റെ ദലൈലാമ വാഗ്ദാനം ചെയ്തത്? നമ്മുടെ ശുദ്ധഗതിയ്ക്ക് അതെല്ലാം  വിശ്വസിക്കുകയും  ചെയ്തു. ഉടനെ തന്നെ എല്ലാം  നേരയാകുമെന്നും, നാമെല്ലാം  തിരിച്ചു തിബത്തിലേയ്ക്കു പോകുമെന്നും  കരുതി. അതുകൊണ്ട് എളുപ്പം  വിളയുന്ന പച്ചക്കറികളും, പപ്പായയും  മാത്രമാണ് നമ്മള്‍ കൃഷി ചെയ്തത്. എന്നാലിപ്പോള്‍ നോക്ക്... അഭയാര്‍‌ത്ഥി ക്യാമ്പുകളില്‍ നട്ടു വളര്‍‌ത്തിയ മാവും, പേരയുമെല്ലാം  മൂത്തു വളര്‍ന്നു കായ്ക്കാന്‍ തുടങ്ങി. ആ മരങ്ങള്‍ എത്രത്തോളം  വളര്‍‌ന്നുവോ, അത്രത്തോളം  നമ്മുടെ പ്രതീക്ഷകള്‍ തളര്‍ന്നു. അതിന്റെ വേരുകള്‍ എത്രത്തോളം  മണ്ണിലേ‌യ്ക്ക് ആഴ്ന്നിറങ്ങിയോ, അത്രത്തോളം നമ്മളും  ഇവിടെ അനക്കമറ്റു വേരുറപ്പിച്ചു. ഇപ്പോള്‍ കിട്ടുന്ന ഈ വെള്ളവും, വെളിച്ചവും ഒന്നും  ശാശ്വതമല്ല. നല്ലൊരു കാറ്റു വീശിയാല്‍ മറിഞ്ഞു വീഴാവുന്ന ഉറപ്പേ ഈ മരങ്ങള്‍ക്കും, നമ്മളെപ്പോലുള്ള മനുഷര്‍‌ക്കുമെല്ലാം ഉള്ളൂ എന്നതാണ് വാസ്തവം. വീണിടത്തു കിടന്നളിഞ്ഞ്, അതില്‍ നിന്നും പുനര്‍‌ജനിച്ച്,  വീണ്ടും മുളപൊട്ടി വസന്തം  വിരിയിക്കാന്‍ നമ്മളെല്ലാവരും  തന്നെ *റിംപോച്ചെകളല്ലല്ലോ.

നിന്റെ ദലൈലാമയിപ്പോള്‍ സ്വാതന്ത്യത്തിനു പകരം  സ്വയംഭരണം  മതിയെന്നു പറഞ്ഞ് കീഴടങ്ങുന്നു. അത് ചൈനക്കാരന്റെ  ചതിയാണ്.  സമര്‍‌ത്ഥനായ ഒരു കള്ളന്‍, വീട്ടില്‍ കയറി മോഷ്ടിക്കും മുമ്പ് കാവല്‍ നായക്കെറിഞ്ഞു കൊടുക്കുന്ന മയക്കുമരുന്നു പുരട്ടിയ ഇറച്ചി തുണ്ടാണത്.  ഭക്ഷണമെന്നു കരുതി അതിന്റെ രുചി നോക്കിയാല്‍ പിന്നെയെല്ലാം‌ തീര്‍‌ന്നു. അതൊന്നും തിരിച്ചറിയാത്തതു പോലെ ലാമയിപ്പോള്‍ സമാധാനം  പ്രസംഗിക്കുന്നു. ശത്രുവിനോടൊപ്പം സമാധാനത്തില്‍ കഴിയുന്നതിനെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? ദലൈലാമയുടെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ അത്രയെളുപ്പം  നമുക്കു കഴിയുമോ? ഒരു രാജ്യത്തു തന്നെ ചൈനാക്കാരനൊന്ന്, നമുക്കു മറ്റൊന്ന് എന്നിങ്ങനെ രണ്ട് വ്യവസ്ഥകളുമായി പൊരുത്തപ്പെട്ടു ജീവിക്കാനാകുമോ? അങ്ങനെയെങ്കില്‍ തിബത്തിനു വേണ്ടി പോരാടി മരിച്ചവരോട്  നാം  ചെയ്യുന്ന വഞ്ചനയായിരിക്കുമത്. ഓം  മണി പത്മേഹമെന്ന ആവര്‍‌ത്തന മന്ത്രം  ഉച്ചരിച്ചു കുഴഞ്ഞ നാവുകളില്‍ നിന്നും  ഇനി ഉയരേണ്ടത് *റംഗ്‌സെന്‍‌ മുദ്രാവാക്യങ്ങളാകണം‌‌. മഞ്ഞ നിറവും, ചപ്പിയ മൂക്കും, ഇടുങ്ങിയ കണ്ണുകളുമുള്ള നമ്മളെ നോക്കി നീ ആരാണ്,  നാഗനോ, ചൈനക്കാരനോ, നേപ്പാളിയോ, ജപ്പാന്‍‌കാരനോ? എന്നു  ചോദിക്കുന്നവരുടെ മുഖത്തു നോക്കി ‘ഞാനൊരു തിബത്തുകാരനാണ്‘ എന്നു മറുപടി പറയാനുള്ള തന്റേടമാണ് ഇനി നമ്മളുണ്ടാക്കേണ്ടത്. അലങ്കാര മേശപ്പുറത്ത് ധ്യാനത്തിലിരിക്കുന്ന ഗൗതമബുദ്ധന്റെ രൂപത്തില്‍ മാത്രമേ ഇവരെല്ലാം തന്നെ നമ്മളെ കണ്ടിട്ടുള്ളൂ. എന്നാല്‍ അഗ്നിമുടിയഴിച്ച്, ആയുധമേന്തി നൃത്തം ചെയ്യുന്ന വജ്രപാണിയെന്ന ബോധിസത്വവും നാം  തന്നെയാണ് എന്നു തെളിയിക്കേണ്ട കാലമാണിത്.

സാംറ്റന്‍, നിനക്ക് തിബത്ത് ഓര്‍‌മ്മയുണ്ടോ? നമ്മുടെ കാലടികളേല്‍ക്കേണ്ട മണ്ണ്, നമ്മള്‍ കൃഷിയിറക്കേണ്ട പുരയിടങ്ങള്‍, നമുക്കായി പൂത്തും  കായ്ച്ചും  നില്‍ക്കുന്ന മരങ്ങള്‍, നമുക്കായി ഒഴുകുന്ന കാട്ടരുവികള്‍. ആ രാജ്യം ഇപ്പോള്‍ എങ്ങനെയിരിക്കും എന്ന് നീ സ്വപ്നത്തിലെങ്കിലും കാണാറെങ്കിലുമുണ്ടോ? സ്വപ്നത്തില്‍ പോലും തിബത്തു  കാണാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍‌ക്കു  വേണ്ടിയാണ് ഞാന്‍ കവിതയെഴുതി തുടങ്ങിയത്.
ലഡാക്കില്‍ നിന്ന് തിബത്തിലേയ്ക്ക്
കണ്ണെത്തും  ദൂരമേയുള്ളൂ.
അവര്‍‌ പറഞ്ഞു; ദുംതെസെയിലെ
കറുത്ത കുന്നിനപ്പുറം  തിബത്താണ്.
ഞാനെന്റെ രാജ്യം... തിബത്ത്...
ആദ്യമായി കണ്ടു...


നാലുവയസുള്ളപ്പോള്‍ അവിടം  വിട്ട് ഓടിപ്പോന്നതല്ലേ നീ? അച്ഛനമമ്മാരെ നിനക്കിപ്പോള്‍ ഓര്‍മ്മയുണ്ടോ? എന്നെങ്കിലുമൊരിക്കല്‍ അവര്‍‌ മരിച്ചെന്നോ, അല്ലെങ്കില്‍ അസുഖം  കൂടുതലാണെന്നോ അറിയിച്ചുകൊണ്ട് ഒരു കത്ത് പ്രതീക്ഷിക്കാം. നിനക്കപ്പോള്‍ എന്തു തോന്നും? എനിക്കറിയാം...  നിനക്കു പ്രത്യേകിച്ച് ഒന്നും തോന്നുകയില്ല. എന്തൊക്കെ സംഭവിച്ചാലും  അത്രയെളുപ്പത്തില്‍ അവിടേയ്ക്കു തിരികേ പോകാനാകില്ലെന്നും, അവരെയൊന്നും കാണാനാകില്ലെന്നും നിനക്കു തിരിച്ചറിവുണ്ട്.  ഒരിക്കല്‍ ഞാന്‍ അവിടേയ്ക്കു പോകാന്‍ ശ്രമിച്ച കഥ നിന്നോടു പറഞ്ഞിട്ടില്ലേ? കോളേജില്‍ പഠിക്കുമ്പോഴായിരുന്നു അത്. എനിക്കന്ന് ഇരുപത്തിരണ്ട് വയസ് പ്രായം. അകമ്പടിയും , പരിവാരങ്ങളുമായാണ് ദലൈലാമ ഹിമാലയം  മുറിച്ചു കടന്ന് ഇന്ത്യയിലെത്തിയതെങ്കില്‍,  തിബത്തിലേക്കൂള്ള യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു‌‌. കൈയ്യില്‍ കരുതിയ ഭക്ഷണം തീര്‍‌ന്നപ്പോള്‍ നാലു ദിവസത്തോളം  മഞ്ഞുകട്ടകള്‍ മാത്രം  തിന്ന് ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. നമ്മുടെ സങ്കല്‍‌പ്പങ്ങളിന്‍ മാത്രം നിലനില്‍‌ക്കുന്ന ഒരു രാജ്യത്തെ നേരില്‍ കാണുകയെന്ന ലക്ഷ്യം  മാത്രമായിരുന്നു എനിക്കപ്പോളുണ്ടായിരുന്നത്‌‌. പക്ഷേ... ഞാന്‍ പിടിക്കപ്പെട്ടു. ലാസയിലെ തടവറയില്‍ മൂന്നു മാസക്കാലത്തെ പീഡനമായിരുന്നു എനിക്കുള്ള ശിക്ഷ. അതെല്ലാം  ഞാന്‍ സഹിച്ചു. എന്നാല്‍ വിദേശിയെന്നു വിളിച്ച് ചൈനക്കാര്‍ എന്റെ മുഖത്തു തുപ്പിയപ്പോള്‍ ഞാന്‍ ശരിക്കും  തകര്‍‌ന്നു പോയി. അത്രയൊക്കെ കണ്ടും, കേട്ടും, അനുഭവിച്ചും  സഹികെട്ടു  തലപെരുത്തപ്പോഴാണ് ഈ ചുവന്ന നീളന്‍ തുണികൊണ്ട് തലയില്‍ വരിഞ്ഞു കെട്ടിയത്. നമ്മുടെയെല്ലാം  നെറ്റിത്തടത്തില്‍ തെളിഞ്ഞു കാണുന്ന അഭയാര്‍‌ത്ഥി മുദ്രമേല്‍ അതൊരു കണ്‍കെട്ടു മറയാണ്; സ്വതന്ത്ര തിബത്തിനു വേണ്ടിയുള്ള എന്റെ ശപഥമാണത്.

നിനക്കോര്‍‌മ്മയില്ലേ സാംറ്റന്‍, ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയപ്പോള്‍ കെട്ടിടം പണിക്കായുള്ള തട്ടിലേന്തി വലിഞ്ഞു കയറിയാണ് അയാള്‍ പ്രസംഗിക്കുന്ന പതിനാലു നില കെട്ടിടത്തിനു മുകളില്‍ ഞാനെത്തിയത്. അവിടെ നിന്നുകൊണ്ട് ഞാന്‍ തിബത്തിന്റെ പതാക വീശി. എനിക്കപ്പോള്‍ വല്ലാതെ ഭയം തോന്നിയിരുന്നില്ലേയെന്ന് ഒരിക്കല്‍ സ്വപ്നത്തില്‍ വെച്ച് നീ എന്നോടു ചോദിച്ചിരുന്നു. ഞാനെന്തിനു ഭയക്കണം? ഒരു പഹാഡി മലമുകളില്‍ കയറി മേഘങ്ങളെ തൊട്ട് ആനന്ദിക്കുന്നതു പോലെയാണ് ഞാനതു ചെയ്തത്‌‌. നമ്മള്‍ പ്രാകൃതരും, ദുരാചാരങ്ങള്‍ തുടരുന്നവരും, നാടുവാഴിത്തത്തിന്റെ അടിമകളുമാണെന്ന് ലോകത്തോടു മുഴുവന്‍ കള്ളം പറഞ്ഞാണ് ചൈനീസ് ചെമ്പട തിബത്തിലേയ്ക്ക് ഇരച്ചു കയറിയത്. തിബത്തിനെ മോചിപ്പിച്ച് മാതൃരാജ്യത്തേയ്ക്കു കൂട്ടിച്ചേര്‍ക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.  എന്നാല്‍ മോചിപ്പിക്കാന്‍ വന്നവര്‍ നമ്മുടെ നെഞ്ചിനു നേരെ വെടിയുതിര്‍‌ത്തു. നമ്മുടെ ആരാധനാ വിഹാരങ്ങളേയും, വിഗ്രഹങ്ങളേയും അവരുടെ പീരങ്കിയുണ്ടകള്‍ തകര്‍‌ത്തു. നമ്മുടെ വയലുകളില്‍ അവര്‍ പറഞ്ഞ വിത്തു വിതയ്ക്കേണ്ടി വന്നു. ഒട്ടുമിക്ക ഉന്നത പദവികളിലും ഇപ്പോള്‍ ചൈനീസ് വം‌ശജരെ മാത്രമാണ് കാണാന്‍ കഴിയുക. ദിവസേന കൂടുതല്‍ ചൈനക്കാര്‍ തിബത്തിലേക്കു കുടിയേറുന്നു, സഹിക്കവയ്യാതെ തിബത്തന്‍ ജനത പലായനം ചെയ്യുന്നു, സ്വന്തം രാജ്യത്ത് നാം ന്യൂനപക്ഷമാകുന്നു“

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മേശപ്പുറത്തു നിരത്തുന്നതോടെ ടെന്‍സിന്‍ സാംറ്റന്‍ സ്വപ്നങ്ങളെ അയവിറക്കുന്നതു നിര്‍‌ത്തി. കൈയ്യില്‍ സ്പൂണ്‍ എടുത്തു പിടിച്ച് അവള്‍ പച്ചക്കറി സൂപ്പും, ന്യൂഡില്‍‌സും കലര്‍ത്തിയ ഭക്ഷണം ചികഞ്ഞു. എന്റെ പ്ലേറ്റില്‍ നിരന്നിരുന്ന ചിക്കന്‍ മോമോകളെ ഞാന്‍ വൃത്താകൃതിയില്‍ അടുക്കി വെച്ചുകൊണ്ട് അതിനു നടുക്ക് ചില്ലി സോസ് ഒഴിച്ചു. അതു ശ്രദ്ധിച്ച സാംറ്റന്‍ ചിരിയടക്കുന്നുണ്ടായിരുന്നു. അവള്‍ ചിരിക്കുന്നതിനൊരു കാരണമുണ്ട്. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ഞാന്‍, ആദ്യമായി ഈ റെസ്റ്റോറന്റില്‍ വരുന്നത്. അവിടെ എന്നെക്കാത്തിരിക്കുന്ന മാലിനിയ്ക്കു കൂട്ടിന് അവളുമുണ്ടായിരുന്നു. മാലിനിയാണ് കോളേജില്‍ തന്നോടൊപ്പം പഠിക്കുന്ന ടെന്‍‌സിനെ പരിചയപ്പെടുത്തിയത്. അവളെ ‘ടെന്‍‌സിന്‍‘ എന്നു വിളിച്ചപ്പോള്‍, ടെന്‍‌സിന്‍ എന്നത് ദലൈലാമയുള്‍പ്പെടെ ഒട്ടുമിക്ക ലാമികബുദ്ധമതക്കാരുടേയും പേരിന്റെ ആദ്യ ഭാഗമാണെന്നും അതുകൊണ്ട് തന്നെ ‘സാംറ്റന്‍‘ എന്നു വിളിച്ചാല്‍ മതിയെന്നും തിരുത്തി. ഒരുപാടു തിബത്തുകാരെ കണ്ടിരുന്നെങ്കിലും ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന, നേരിട്ടു സം‌സാരിക്കുന്ന, ആദ്യത്തെ തിബത്തന്‍ പെണ്‍‌കുട്ടി സാംറ്റനായിരുന്നു. നിറഞ്ഞ തീന്‍‌മേശപ്പുറത്ത് ഞങ്ങള്‍ തിബത്തിനെക്കുറിച്ചു സം‌സാരിച്ചു തുടങ്ങി. സാം‌റ്റനു മുന്നില്‍ നിരന്ന പ്ലേറ്റുകളിലൊന്നില്‍ ചിക്കന്‍ മോമോ ഉണ്ടായിരുന്നു. വൃത്താകൃതിയില്‍ മോമോകള്‍ അടുക്കി വെച്ചുകൊണ്ട് ഭക്ഷണപ്പാത്രത്തിനു നടുവില്‍ ഒഴിവുണ്ടാക്കി, ആ ശൂന്യതയില്‍ വിരല്‍ കുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.
“ഇവിടെയൊന്നുമില്ലെന്ന് നിങ്ങള്‍ക്കു തോന്നും. എന്നാല്‍ ഇവിടെ തിബത്തുണ്ട്.“
തീന്‍‌മേശയുടെ ഒരു വശത്തു നിന്നും പെന്‍‌ഗ്വിന്‍ ആകൃതിയുള്ള ചില്ലിസോസ് കുപ്പിയെടുത്ത ശേഷം അവള്‍ പാത്രത്തിന്റെ നടുവിലേയ്ക്കു ചെരിച്ചു. കുപ്പിയില്‍ നിന്നിറ്റു വീണ് സാവധാനത്തില്‍ പരക്കുന്ന ഇളംപച്ച നിറമുള്ള ചില്ലിസോസിലേയ്ക്കു നോക്കി അവള്‍ പറഞ്ഞു.
“ഇതാ നോക്കൂ... ഇതാണ് തിബത്ത്.“
വിരലില്‍ പറ്റിയ സോസ് നക്കിയെടുത്ത ശേഷം പാത്രത്തിലിരിക്കുന്ന ചിക്കന്‍ മോമോകളില്‍ ഓരോന്നായി വിരല്‍ കുത്തിയാഴ്ത്തിക്കൊണ്ട് അവള്‍ പരിചയപ്പെടുത്തി.
“തിബത്തിന് ഒരുപാട് അയല്‍‌വാസികളുണ്ട്. ചെന, ബൂട്ടാന്‍, ബര്‍മ്മ, നേപ്പാള്‍, ഇന്ത്യ, സിക്കിം...“
“സിക്കിം?“
എന്റെ ആശ്ചര്യം ഉച്ചത്തില്‍ തന്നെ പുറത്തു വന്നു. അതു കേട്ട ടെന്‍സിന്‍ ചെറുതായി പരിഭ്രമിച്ചുകൊണ്ട് ഇന്ത്യയെന്നും , സിക്കിമെന്നും വേര്‍തിരിച്ച മോമോകളെ കൂട്ടിച്ചേ‌‌ര്‍ത്തു വെച്ചു.
“അയ്യോ! അറിയാതെ പറഞ്ഞതാണ്. ഇതാ ഇന്ത്യ... പോരേ?“
മുന്നിലിരിക്കുന്ന സൂപ്പിനേക്കാള്‍ കൊഴുത്ത എന്തോ ഒന്ന് തൊണ്ടയില്‍ ഊറിക്കൂടുന്നതു പോലെ. എനിക്കൊന്നു കാര്‍ക്കിച്ചു തുപ്പണമെന്ന് തോന്നി. ദേഷ്യം സഹിക്കവയ്യാതെ ഞാന്‍ മേശമേല്‍ കൈചുരുട്ടിയിടിച്ചു. ഭൂപ്പരപ്പില്‍ നിന്നും തിബത്ത് തെറിച്ചു പോകുന്നതു പോലെ ചില്ലി സോസ് മേലോട്ടു തെറിച്ചു; അതിലൊരല്‍‌പ്പം എന്റെ വലതു കണ്ണിലും... കാഴ്ച മറച്ച നീറ്റലൊടുങ്ങാതെ തപ്പിത്തടഞ്ഞെഴുന്നേറ്റ് ഞാന്‍ വാഷ്‌ ബേസിനടുത്തേയ്ക്കോടി. ടാപ്പു തുറന്ന് കൈക്കുടന്നയില്‍ വെള്ളം നിറച്ചു പിടിച്ച് അതില്‍ പലവട്ടം ഇമവെട്ടിത്തുറന്നു. അല്‍‌പ്പം ആശ്വാസം തോന്നിയപ്പോള്‍ വീണ്ടും തീന്മേശപ്പുറത്തു മടങ്ങിയെത്തി. എന്റെ പരാക്രമം കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു മാലിനി. എന്നാല്‍ സാംറ്റന്‍ അപ്പൊഴും... ഇതാ ഇതുപോലെ തന്നെ ചിരിയടക്കാന്‍ പാടുപെട്ടു തലകുനിച്ചിരിക്കുകയായിരുന്നു.

ഫോണ്‍‌ റിം‌ഗ് ചെയ്യുന്നു, മാലിനിയാണ്. നേരം വൈകിയതിന്റെ കാരണങ്ങള്‍, ഇത്ര സമയം കാത്തിരുത്തിയതിന് ക്ഷമാപണം, ഇപ്പോളെവിടെ കാണുമെന്ന് അന്വേഷണം, തണുത്ത ബിയറു കുടിക്കേണ്ടേയെന്ന് കുസൃതിചോദ്യം. ടെന്‍‌സിനോടൊപ്പം റെസ്റ്റോറന്റില്‍ കാണുമെന്നു പറഞ്ഞ് കോള്‍ അവസാനിപ്പിച്ചു. ഒരു സെന്‍ ‌സന്യാസിയുടെ ചായധ്യാനം പോലെ ടെന്‍‌സിന്റെ ശ്രദ്ധ ഇപ്പോള്‍ പൂര്‍ണ്ണമായും കോരിക്കുടിക്കുന്ന സൂപ്പിലാണ്.

“അനിയത്തിയെക്കുറിച്ച് ഒന്നും ടെന്‍‌സിന്‍ ഇതുവരെ പറഞ്ഞില്ല...”
“എന്തു പറയാന്‍? അങ്ങനെ പ്രത്യേകിച്ചു പറയാന്‍ മാത്രമൊന്നും ഇല്ല. തിബത്തുപേക്ഷിച്ച് ഇന്ത്യയിലെത്തുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. എന്റെ അച്ഛനുമമ്മയുടേയും ഏക മകളായിരുന്നു ഞാന്‍. ധരം‌ശാലയിലാണ് ഞാന്‍ വളര്‍ന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും അവിടെ വന്നിട്ടുണ്ടോ?”
“ഇല്ല. ധൌലധാറിലെ മലയോര പട്ടണത്തെക്കുറിച്ച്  കേട്ടുകേള്‍‌വി മാത്രമാണെനിക്കുള്ളത്”
“ദലൈലാമ താമസിക്കുന്നതും, തിബത്തന്‍ പ്രവാസി സര്‍ക്കാര്‍ പ്രവര്‍‌ത്തിക്കുന്നതുമെല്ലാം അവിടെയാണ്. നാലു വയസുള്ളപ്പോഴാണ് ഞാന്‍ ധരം‌ശാലയിലെത്തുന്നത്. അച്ഛനമ്മമാരെക്കുറിച്ചും, തിബത്തിനെക്കുറിച്ചും ഉള്ള എന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ഒരു നാലുവയസുകാരിയുടേതാണ്; ബാക്കിയുള്ളതെല്ലാം വെറും സ്വപ്നങ്ങളാണ്. എന്റെ സ്കൂള്‍ വിദ്യഭ്യാസം അവിടെയായിരുന്നു. അവിടെ ഒരുപാട് അനാഥക്കുട്ടികളും, പ്രവാസികളും ഉണ്ടായിരുന്നു. പലപ്പോഴായി കൂടുതല്‍ പേര്‍ അവിടേയ്ക്ക് എത്തിക്കൊണ്ടിരുന്നു. ഞാന്‍ അവിടെയെത്തി ഏതാണ്ട് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍, തിബത്തില്‍ നിന്ന് പുതിയൊരു സംഘം വന്നെത്തിയ ഒരു ദിവസം... ആ കൂട്ടത്തിലെ ഒരു കൊച്ചുപെണ്‍‌കുട്ടിയെ ചൂണ്ടിക്കാണിച്ച് അവരെന്നോടു പറഞ്ഞു ‘ഇത് നിന്റെ അനിയത്തിയാണ്, പേര് മേഘ്‌മര്‍. നിന്നെപ്പോലെത്തന്നെ അവളും ഇവിടെയെത്തി‘. അങ്ങനെയാണ് എനിക്കൊരു കുഞ്ഞനിയത്തിയെ കിട്ടിയത്. സഹോദരിയോടുള്ള ഒരു സ്നേഹവും എനിക്കപ്പോള്‍ അവളോട് തോന്നിയിരുന്നില്ല. അവളെ ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ കണ്ടിരുന്നില്ല; ഞങ്ങള്‍ ഒരുമിച്ചു കളിച്ചിരുന്നില്ല; അമ്മയുടെ സ്നേഹത്തിന്റെ പങ്കിനോ, കളിക്കോപ്പുകള്‍ക്കോ, മധുരപലഹാരങ്ങള്‍ക്കോ വേണ്ടി വഴക്കടിച്ചിരുന്നില്ല; കിടക്കയില്‍ അച്ചനമ്മമാരുടെ നടുവില്‍ കിടന്ന് കെട്ടിപ്പിടിച്ചുറങ്ങിയിരുന്നില്ല; ഒരിക്കല്‍ പോലും ഉമ്മവെച്ചിരുന്നില്ല... പിന്നെങ്ങനെയാണ് ഒരു ഒമ്പതു വയസുകാരിയ്ക്ക് തന്റെ കുഞ്ഞനിയത്തിയെ സ്നേഹിക്കാന്‍ കഴിയുക?“
“ഇപ്പോഴും അങ്ങനെ തന്നെയാണോ?”
“ഒരിക്കലുമല്ല, ഇപ്പോള്‍ ഞങ്ങള്‍ വളര്‍‌ന്നില്ലേ? മാത്രമല്ല.. ഇന്ത്യയില്‍ എനിക്കാകെയുള്ള ഒരേയൊരു ബന്ധു മേഘ്‌മര്‍ ആണ്. സ്കൂള്‍ കഴിയുന്നതു വരെ ഞങ്ങള്‍ ഒരുമിച്ചു ധരം‌ശാലയിലുണ്ടായിരുന്നു. പിന്നീട് ഞാന്‍ ചെന്നൈയിലെത്തി, അവള്‍ മാം‌ഗളൂരും. ഇപ്പോള്‍ ഇങ്ങനെ...ഇടയ്ക്കൊക്കെ കാണും. അവള്‍ക്ക് ഒരാഴ്ച കോളേജ് അവധിയാണ് നാലഞ്ചു ദിവസം ഇവിടെയുണ്ടാകും“
ടെന്‍‌സിന്റെ ശ്രദ്ധവീണ്ടും ഭക്ഷണത്തിലേയ്ക്കായി. വിശപ്പില്ലെങ്കിലും ഞാന്‍ പ്ലേറ്റിലിരിക്കുന്ന ചിക്കന്‍‌മോമോകളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമം തുടങ്ങി.

*‘താഷി ദെലക്ക്’ പറഞ്ഞുകൊണ്ടാണ് മാലിനി റെസ്റ്റോറന്റിനകത്തേയ്ക്കു കടന്നു വന്നത്. ചാരനിറമുള്ള ടി-ഷര്‍ട്ടും, ബ്രൌണ്‍ നിറത്തില്‍ അയഞ്ഞ പൈജാമയുമാണ് വേഷം. കഷ്ടിച്ച് അഞ്ചടി ഉയരക്കാരിയുടെ ശരീരത്തില്‍ ആ പൈജാമ കൂടുതല്‍ അയഞ്ഞുലഞ്ഞു കിടന്നു. വലതു കൈയ്യില്‍ പല നിറങ്ങളിലുള്ള വളകളും, ഇടതുകൈയ്യില്‍ -ഞാന്‍ ഘടികാരമെന്ന് കളിയാക്കി വിളിക്കുന്ന- വലിയ കൈവാച്ചും ഉണ്ടായിരുന്നു. ചുമലിനു തൊട്ടു താഴെ വരെ നീണ്ടു കിടക്കുന്ന ഒട്ടും ചുരുളാത്ത മുടിയിഴകള്‍ അല്‍പം ഇരുണ്ട നിറമുള്ള കവിളുകളെ പാതി മറച്ചിട്ടുണ്ട്.  പതിവു പോലെത്തന്നെ തിളങ്ങുന്ന വലിയ കണ്ണുകളില്‍ നിറയെ കുസൃതിയും, മുഖം നിറയെ സന്തോഷവും, നീളന്‍ ചുണ്ടുകള്‍ വിടര്‍ത്തി മുന്‍വരിപ്പല്ലുകള്‍ പുറത്തുകാണിച്ചൊരു അണ്ണാന്‍ ചിരിയും, ശരീരം നിറയെ ചുറുചുറുക്കുമായാണ് വരവ്. ഇത്രനേരം കാത്തിരുത്തിയതിന് പകരമായി ചെറുതായൊന്നു മുഖം കയറ്റിപ്പിടിക്കാന്‍ പോലും കഴിഞ്ഞില്ലല്ലോയെന്നോര്‍ത്തത് മറുത്തു പുഞ്ചിരിച്ചതിനു ശേഷമാണ്. തെന്‍തുക്കു കഴിച്ചു തീര്‍ത്ത് ടെന്‍സിന്‍ സാംറ്റന്‍ ഇരിപ്പിടം വിട്ടെഴുന്നേറ്റു. എന്റെ പാത്രത്തില്‍ അവശേഷിച്ചിരുന്ന മോമോ എടുത്തുകൊണ്ട് മാലിനി ഓര്‍മ്മിപ്പിച്ചു. “ബിയറു കുടിക്കാനുള്ളതാണ്, ഇപ്പോഴേ വയറു നിറയ്ക്കണ്ടാ..” ബില്ലടച്ചു റെസ്റ്റോറന്റിനു പുറത്തിറങ്ങിയതും ഞങ്ങള്‍ പിരിഞ്ഞു. ഒരു ബിയര്‍ വൈകുന്നേരത്തിനായി ഞാനും, മാലിനിയും ഓട്ടോയില്‍ കയറി മറഞ്ഞു. അനിയത്തിയെ സ്വീകരിക്കാന്‍  ടെന്‍സിന്‍ സാംറ്റന്‍ തനിയെയാണ് പോയത്.

നന്നായി തണുത്ത രണ്ട് ബിയര്‍, അതിനു മീതേ ഒരു പെഗ് വോഡ്ക; അതാണ് ഈ പബിലെത്തുമ്പോള്‍ പതിവായി കഴിക്കാറുള്ളത്. രണ്ടാമത്തെ ബിയറും തീര്‍ത്ത്, വോഡ്കയും ഓര്‍ഡര്‍ ചെയ്ത ശേഷം പുകവലി അനുവദിച്ചിരിക്കുന്ന ഗോവണിച്ചുവട്ടിലെത്തി. തലപ്പെരുപ്പുകാരണം സിഗററ്റു കൊള്ളി ഉരച്ചുകത്തിക്കാനാകാതെ പലതവണ പരാജയപ്പെട്ടതിന്റെ ജാള്യതയിലായിരുന്നു മാലിനി. എന്റെ ചുണ്ടിലെരിയുന്ന സിഗററ്റില്‍ നിന്ന് തീപ്പൊരി പറ്റിച്ച ശേഷം സിഗററ്റു തിരികെ ഏല്‍പ്പിക്കുന്നേരത്താണ് മാലിനിയുടെ ചോദ്യം.

“ഇന്നും പതിവു പോലെ തിബത്ത് ആയിരുന്നോ ടെന്‍സിനുമായി ചര്‍ച്ച?”
“എനിക്കും ടെന്‍സിനുമിടയില്‍ ആകെയുള്ളത് തിബത്ത് മാത്രമാണ്”
“ആദ്യമൊക്കെ എനിക്കും ഇതൊക്കെ വട്ടായിരുന്നു. എന്നാല്‍ ഇവരു നമ്മള്‍ വിചാരിക്കുന്നതു പോലെ ഒന്നും അല്ലന്നേ. പലപ്പോഴും ഈ കാണിച്ചുകൂട്ടുന്നതൊക്കെ ചുമ്മാതാണ്”
“എന്നുവെച്ചാല്‍ ?”
“ഇവരാരെങ്കിലും തിബത്തിലേയ്ക്കു പോകുമെന്ന് നീ കരുതുന്നുണ്ടോ?“
“എന്നു ചോദിച്ചാല്‍...?“
“എനിക്കു തോന്നുന്നില്ല. ഇവിടേയും അവര്‍ തിബത്തുകാരാണെന്ന് സ്വയം തെളിയിക്കാന്‍ വേണ്ടി നടത്തുന്ന ചില പ്രകടനങ്ങള്‍ക്കപ്പുറം കൂടുതലായി എന്തെങ്കിലും ശരിക്കും അവര്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യം എനിക്കു സംശയമാണ്. തിബത്ത് അവരുടെ സ്വപ്നമാണ്; സ്വന്തം സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാകുന്നതു പോലെയുള്ള നശിച്ച അവസ്ഥ ആരെങ്കിലും ആഗ്രഹിക്കുമോ?“
“ഇതൊക്കെ വെറും പ്രകടനമാണെന്നാണോ ?”
“എന്നു ഞാന്‍ പറഞ്ഞില്ല; പക്ഷേ ചിലപ്പോഴൊക്കെ എനിക്കങ്ങനെ തോന്നാറുണ്ട്. അവര്‍ എല്ലായ്പ്പോഴും അവരവരുടെ തുരുത്തുകളിലാണ്. ഒരു തിബത്തനും ഒരിന്ത്യാക്കാരനെ പ്രണയിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇനി അഥവാ അപൂര്‍വ്വമായി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് അവരുടെ രൂപത്തോട് അടുത്തെങ്കിലും സാമ്യമുള്ള ഏതെങ്കിലും നോര്‍ത്തീസ്റ്റുകാര്‍ ആയിരിക്കും. പലപ്പോഴും ‘ഒരു വിദേശിയുടെ പാകമാകാത്ത ഷൂ‘ അവര്‍ കാലിലിട്ട് നടക്കുന്നതുപോലെ തോന്നിപ്പോകും. ഈ സേവ് തിബത്തന്‍ ബാനറുകളും, ബാഡ്ജുകളും , ബാഗുകളും ഒക്കെ ധരിച്ച് ഒരുതരം പ്രദര്‍ശനം; അപ്പോഴും തെളിഞ്ഞു കാണാവുന്ന വിധം തെന്നി നടത്തുവുമായി പാകമാകാത്ത ഒരു ജോഡി വിദേശി നൈക്കി ഷൂ“

സിഗററ്റു തീര്‍ന്നതും ഞങ്ങള്‍ ഗോവണിച്ചുവടുപേക്ഷിച്ച് പബിനകത്തെത്തി. കൂടോത്രക്കാരിയുടെ തിളങ്ങുന്ന ചില്ലുഗോളത്തില്‍ ആളുതെളിയുന്നതു പോലെ നുരയുന്ന നാരങ്ങാപ്പതപ്പില്‍ വോഡ്കാ മിക്സ് ചെയ്യുന്നതിനിടയില്‍  ടെന്‍സിനും, അനിയത്തി മേഘ്മറും ചില്ലുഗ്ലാസില്‍ തെളിഞ്ഞു മറഞ്ഞു. മാലിനി പറഞ്ഞതൊക്കെ കളവായിരിക്കാനേ തരമുള്ളൂ. അവരിപ്പോള്‍ മുറിയിലെത്തിക്കാണും. പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് ‘ഓം മണി പത്മേഹം’ മന്ത്രിച്ചുമൂളുകയായിരിക്കും. അവരുടേതു മാത്രമായ ഷംബാലകളില്‍ പലപല ബോധിസത്വ രൂപങ്ങളായി മാറിയിരിക്കും. സമന്തഭദ്രയും, മഞ്ജുശ്രീയും, വജ്രധരയും, സീതാതപത്രയും ഒക്കെയായി സ്വയമാടി ക്ഷീണിച്ചു കിടക്കുകയായിരിക്കും. തളര്‍ന്നു കിടന്നു മയങ്ങുന്ന അവരുടെ തിബത്തന്‍ സ്വപ്നങ്ങളിലേയ്ക്ക് ലാമയും, സ്യുണ്ടുവും, കിഴവന്‍ കിയാങ്ങുമെല്ലാം ഏന്തി വലിഞ്ഞു നടക്കുന്നുണ്ടായിരിക്കും. പരാതി പറഞ്ഞും, തര്‍ക്കിച്ചും ടെന്‍സിന്‍ സാംറ്റന്‍ അപ്പോഴും ചുണ്ടുകൂര്‍പ്പിക്കുന്നുണ്ടായിരിക്കും...

* * * * * * * * *

* ദലൈലാമ : തിബത്തന്‍ ബുദ്ധമത ആത്മീയാചാര്യന്‍, തിബത്ത് പ്രവാസി ഗവണ്മെന്റിന്റെ രാഷ്ട്രീയാധികാരി.
* ടെന്‍സിന്‍ സ്യുണ്ടു : ഇന്ത്യയില്‍ ജീവിക്കുന്ന തിബത്തന്‍ പ്രവാസി, തിബത്ത് വിമോചന പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍.
* കിയാങ്ങ് : തിബത്തന്‍ കാട്ടു കഴുത
* ഷംബാല : തിബത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളിലെവിടെയോ മറഞ്ഞു കിടക്കുകയാണെന്ന് വിശ്വസിക്കുന്ന സാങ്കല്‍പ്പിക-ഇതിഹാസ-താന്ത്രിക നഗരം
* നെചുംങ്ങ് : ദലൈലാമയുടെ സംരക്ഷകനായും, ഉപദേശകനായും  ആത്മീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നയാള്‍
* റിംപോച്ചെ: ലാമമാരുടെ പുനരവതാരം‌
* റംഗ്സെന്‍ : സ്വാതന്ത്ര്യം 
* താഷി ദെലക് : തിബത്തന്‍ അഭിവാദ്യം‌


കുറിപ്പ് : കഥയില്‍ ദലൈലാമ, ടെന്‍സിന്‍ സ്യുണ്ടു എന്നിവരുടെ ഇടപെടലുകള്‍ക്ക് യഥാക്രമം My Tibet, Kora എന്നീ  പുസ്തകങ്ങളിലെ ആശയങ്ങള്‍ക്ക് കടപ്പാട്.

15 comments:

Devadas V.M. said...

നന്ദി...
മാലുവിന്, സാം‌റ്റന് (കഥയിൽ സ്വയം കഥാപാത്രങ്ങൾ ആയതിന്..)
ബിജുരാജിന്, പീറ്ററിന് (ഇതെഴുതി തീർക്കാൻ സഹായിച്ചതിന്...)
ഹാരിബ്രദറിന് (നിർദ്ദേശങ്ങൾക്ക്..)

കാളിയമ്പി said...

നന്ദി

Unknown said...

ഇരുത്തി വായിക്കണം, ഓഫീസില്‍ പറ്റില്ല. പ്രിന്റ്‌ എടുക്കുന്നു. ആശംസകള്‍!!

mini//മിനി said...

വായിച്ചു, ഇനിയും വായിച്ച് പഠിക്കാൻ സെയ്‌വ് ചെയ്യുന്നു. മേശയുടെ സമീപം ഇനിയും കാണും.

കുറുമാന്‍ said...

മുഴുവനും വായിച്ചിട്ടില്ല..........

Rajeeve Chelanat said...

ഒരു തിബത്തനും ഒരു ഇന്ത്യക്കാരനേയും പ്രണയിക്കുന്നില്ലെന്ന അഭിപ്രായത്തിന്‌ മാലിനി നല്‍കുന്ന യുക്തികള്‍ വിചിത്രം തന്നെ.

രാഷ്ട്രീയ പ്രവാസികള്‍ക്ക്‌, പ്രത്യേകിച്ചും അഭയാര്‍ത്ഥികള്‍ക്ക് ബന്ധങ്ങളുടെ രസതന്ത്രം സ്വന്തം ദേശത്തിന്റെ ആ ഇത്തിരി 'ഠ' വട്ടങ്ങളില്‍ മാത്രം കറങ്ങികൊണ്ടേയിരിക്കും. അത് സ്വാര്‍ത്ഥതയല്ല. ഉള്‍വലിയലല്ല. അഫിനിറ്റികളെ കണ്ടെത്തലാണ് (സിക്കിമിനേയും ഇന്ത്യയെയും സാംട്ടന്‍ കണ്ടെത്തുന്നതുപോലെ)

കഥ ഇഷ്ടപ്പെട്ടു. എങ്കിലും ദൈര്‍ഘ്യത്തില്‍ അല്‍പ്പം കൂടി കൈയ്യടക്കം കാണിച്ചിരുന്നെങ്കില്‍ പ്രമേയത്തിന്റെ ഭംഗി കൂടുമായിരുന്നില്ലേ എന്ന് പഴമനസ്സിലൊരു 'തംശം'.

അഭിവാദ്യങ്ങളോടെ

Devadas V.M. said...

@All : thanks

@രാജീവ് ചേലനാട്ട്: വലുപ്പം ഒരു പ്രശ്നം തന്നെ ആണ്. വലുപ്പം കൂടുതലാണെന്നു പറഞ്ഞാണ് കേരളത്തില്‍ സര്‍ക്കുലേഷനില്‍ രണ്ടാമത് നില്‍ക്കുന്ന സാഹിത്യവാരിക അത് തിരസ്കരിച്ചതും :) പക്ഷേ‌ഇത്രയുമൊക്കെ പറയാന്‍ ഈ വലുപ്പം വേണമെന്ന് തോന്നി.

പയ്യന്‍ / Payyan said...

നന്നായിരിക്കുന്നു...

പയ്യന്‍ / Payyan said...

നന്നായിരിക്കുന്നു...

മത്താപ്പ് said...

കഥയുടെ നീളം ഒട്ടും ബോറടിപ്പിച്ചില്ല
പറഞ്ഞു ഒപ്പിക്കാന്‍ കഴിയാതെ പോയ എന്തൊക്കെയോ മനസ്സില്‍ ഉണ്ടെന്നു ഒരു ഫീലിംഗ് ഇത് വായിച്ചപ്പോ
മഴയത്ത്,
മുഖം കുനിച്ചു,
ആ ടിബറ്റന്‍ പെണ്‍കുട്ടി
തിരിഞ്ഞു നടന്ന പോലെ.....

ചേച്ചിപ്പെണ്ണ്‍ said...

ആ ടിബറ്റന്‍ പെണ്‍കുട്ടി കണ്മുന്നില്‍ എന്ന പോലെ ..

Devadas V.M. said...

ചന്ദ്രിക പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച കഥാ മത്സരത്തിൽ എം. മുകുന്ദന്‍ ചെയര്‍മാനും ഡോ. എം.എം ബഷീര്‍, പ്രൊഫ. പി.കെ ദയാനന്ദന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റി ‘തിബത്ത്’ മികച്ച കഥയായി തിരഞ്ഞെടുത്തിരിക്കുന്നു‌.

വാർത്ത : http://www.mechandrikaonline.com/viewnews.asp?mcat=keralanews&mitem=KR201114321747

I dedicate this award to Tenzin Samten and her Refugee status

‍ശരീഫ് സാഗര്‍ said...

തിബത്ത്‌ വായിച്ചു, ചന്ദ്രികയുടെ കഥാ സമ്മാനം ലഭിച്ചതിന്‌ അഭിനന്ദനങ്ങള്‍...

കാട്ടിപ്പരുത്തി said...

ചരിത്രത്തെ കഥയിലേക്ക് കൊണ്ട് വരുമ്പോൾ വല്ല്ലാതെ പരാചയപ്പെടുന്നത് കഥാപാത്ര ഘടനയിലും കഥയുടെ ഒഴുക്കിലുമാണു. പലപ്പോഴും നെടുങ്കൻ പ്രസംഗമായി മാറാറുണ്ട്. ഇവിടെ ദേവ് കഥാപാത്രങ്ങളുടെ കയ്യടക്കത്തിൽ വിജയിച്ചിരിക്കുന്നു.

സ്വപ്നത്തെയും യാഥാർത്ഥ്യത്തെയും ശരിയായ അനുപാതത്തിൽ കോർത്തിണക്കിയതിനു അഭിനന്ദനങ്ങൾ.

ഇതേ പ്രശ്നമാണു പലസ്തീനികളും ആഫ്രിക്കൻ വംശജരും നേരിടുന്നത്. തിരിച്ചു പോകാൻ ഒരു പ്രതീക്ഷയുള്ള പ്രവാസിയുടെ മാനസികാവസ്ഥ അനുഭവിക്കുന്നവർ അത് പോലുമില്ലാത്ത ഈ മനുഷ്യരെ അതിന്റെ തീവൃതയിൽ ഉൾകൊള്ളാൻ ശ്രമിക്കുന്നത് ഈ കഥയുടെ വായനക്കൊരു മുതൽ കൂട്ടായിരിക്കും.

അഭിനന്ദനങ്ങൾ-

Devadas V.M. said...

തിബത്തിലെ കഥാപാത്രം ടെന്‍സിന്‍ സാംറ്റന്‍ എഴുതുന്നു.
http://www.tibettelegraph.com/2012/06/is-it-really-necessary.html

 

(c)2009 Devadas V.M [ vm.devadas@gmail.com ]