Tuesday, April 13, 2010

ബെൻഹർ അലിയുടെ തെരുവ്




(c) http://www.dovka.com
...പാതകത്തിന്റെ പെരും പള്ളിയിൽ നിന്റെ
പാപസങ്കീർത്തനം പൊങ്ങുന്ന രാത്രിയിൽ
ബാധ പൊറഞ്ഞു തിമിരലായത്തിലെ
മൂകമൃഗത്തെ പുണർന്നു പിളർന്നു ഞാൻ...
- ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഡ്രാക്കുള‘

ഈ തെരുവിൽ എത്രയും പെട്ടെന്ന് എനിക്കൊരു ബെൻഹർ അലിയെ കണ്ടെത്തേണ്ടതുണ്ട്. ഒട്ടുമിക്ക നഗരങ്ങളിലും അത്തരം ഒരു തെരുവ് കാണാമെന്നതിനാൽ അതിന്റെ പേരിനെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കാവുന്നതാണ്. അവ്യക്തത സഹജസ്വഭാവമായ ആ തെരുവിലേയ്ക്ക് നിശ്ചലമായൊരു മനസുമായാണ് ഞാൻ പ്രവേശിക്കുന്നത്. പ്രത്യേകിച്ചൊരു പ്രവേശനകവാടം പോലുമില്ലാതിരുന്നിട്ടും അവിടേയ്ക്ക് ഞാൻ എത്തുകയായിരുന്നു. തെരുവില ഇരയ്ക്കുന്ന ഈ ജനത്തിരക്കിൽ എങ്ങനെയാണ് ഞാൻ ഒരു ബെൻഹർ അലിയെ തിരിച്ചറിയുന്നത്?

വാഹനം ഇറങ്ങി ഈ തെരുവില് എത്തുന്നത് വരെ പലരും ‘താമസ സൌകര്യം ആവശ്യമാണോ?’ എന്ന ചോദ്യവുമായി സമീപിച്ചിരുന്നു. ഒരു വിസമ്മത തലയാട്ടലിലൂടെ അവരെയെല്ലാം അകറ്റി നിർത്താൻ കഴിഞ്ഞു. നേരം സന്ധ്യയോടടുക്കുന്നത് ഭയം ജനിപ്പിച്ചു. നേരമല്ലാത്ത നേരം.. നപുംസക വർഗം. അത് പകലേ അല്ല; രാത്രിയും.. വിഷമയം...
അപ്പോൾ പ്രഭാതമോ?
എന്ന് ബെൻഹർ അലി ചോദിക്കുമായിരിക്കും.
പ്രഭാതം ഒരു കുഞ്ഞാണ്; ലിംഗഭേതമില്ലാത്ത ഒരു മാലാഖ...
പറഞ്ഞുറപ്പിച്ച ഒരു മറുപടി മനസില് കരുതേണ്ടതുണ്ട്.

ഈ സമയത്ത് ലോകത്തെവിടെയായാലും എനിക്കൊരു ബെൻഹർ അലിയെയെങ്കിലും കണ്ടെത്തേണ്ടതുണ്ട്. സ്ത്രൈണത നിറഞ്ഞ ചലനങ്ങളോട് കൂടിയ അയാളുടെ നടത്തം തന്നെയാകണം എന്റെ ആദ്യ ശ്രദ്ധയാകർഷിച്ചത്. (പക്ഷേ അതിനും മുന്നേ ഞാൻ ബെൻഹർ അലിയെ അന്വേഷിച്ച് നടക്കുകയായിരുന്നല്ലോ! ഞാനയാളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നല്ലോ!) തിരക്കേറിയ നഗരത്തെരുവിൽ ചിലയിടങ്ങളിൽ വെച്ച് എന്റെ നാസാരന്ധ്രങ്ങൾ ഉത്തേജിതമായത് അയാളുടെ മണം പിടിക്കാനായിരിക്കണം. ഒരു ചോണനുറുമ്പിനെ പോലെ തന്നിലേയ്ക്ക് എത്താനുള്ള വഴി അദൃശ്യധൂളികളായി അന്തരീക്ഷത്തിൽ എവിടെയൊക്കെയോ വിതറിയിട്ട് പ്രവാചകതുല്യഭാവത്തോടെ അയാൾ ആ തെരുവിൾ അലഞ്ഞിരിക്കും. തെരുവിൽ ഞാൻ അലയുന്നതാകട്ടെ ഒരിക്കൽ പോലും കണ്ടും, കേട്ടും പരിചയമില്ലാത്ത ഒരു ബെൻഹർ അലിയെ തേടിയാണ്. എനിയ്ക്ക് തെറ്റില്ലായിരുന്നു. ഞാൻ അയാളെ കണ്ടെത്തുകയാണ്. അഥവാ കണ്ടെത്തിക്കഴിഞ്ഞു...

ബെൻഹർ അലി അയാളാണെന്ന് ഉറപ്പിക്കാനായി മറ്റൊരുവനെ തേടുകയാണ് അടുത്ത നടപടി. തെരുവിൽ എവിടെയോ വെച്ച് അയാൾ കൈ വീശിക്കാണിച്ചപ്പോള് പ്രത്യഭിവാദ്യം ചെയ്ത് പുഞ്ചിരിച്ച കൌമാര പ്രായക്കാരനാണ് പറഞ്ഞത്.
അയാൾ ബെൻഹർ അലി; തെരുവില് നിന്ന് കുറച്ചകലെയായി താമസിക്കുന്ന ഒരു എഴുത്തുകാരൻ.
അയാളെ പിന്തുടരേണ്ടിയിരിക്കുന്നു. ചാൾട്ടൻ ഹെസ്റ്റന്റെ തലയെടുപ്പോ , പേശീ സമൃദ്ധതയോ ഇല്ലാതെയും, ആ പേരുമായി ഒരു തരത്തിലും യോജിക്കാനാവാത്ത ലാസ്യ ചലനങ്ങളോടെയും ബെൻഹർ അലി നടന്നു... പിന്തുടർന്ന് ഞാനും...

ഇവിടെ താമസിക്കാന് എവിടെയാണ് സൌകര്യം ലഭിക്കുക?”
പുറകില് നിന്ന് ശ്രവിച്ച ചോദ്യത്തിന്റെ കർത്താവിനെ ആരാഞ്ഞ് ബെൻഹർ അലി എന്റെ നേർക്ക് തല തിരിച്ചു.
എന്റെ കൂടെ വരാം, സൌകര്യങ്ങൾ ഒന്നും തന്നെ കാണില്ല”
തലയാട്ടി സമ്മതം മൂളിക്കൊണ്ട് പിന്തുടർന്നു. ഇവിടെ ശ്രദ്ധിക്കപ്പേടേണ്ട ചിലതുണ്ട്. ഞാൻ ആരെന്നോ, ആഗമനോദ്ദേശം എന്തെന്നൊ, എത്രദിവസം അവിടെ കാണുമെന്നോ ബെൻഹർ അലി ചോദിക്കുന്നില്ല. അദൃശ്യധൂളികളെ മാത്രമല്ല ദുരൂഹതകളേയും മണത്തറിയാം. ശ്രദ്ധേയമായ മറ്റൊരുകാര്യം ശരീരഭാഷയിലെ സ്ത്രൈണത അയാളുടെ സംഭാഷണത്തില് ഒട്ടും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ്. വെള്ളം നിറച്ച ഒരു കുപ്പി അയാളുടെ കൈവശം ഉണ്ടായിരുന്നു. പണ്ട് ഇതുപോലൊരു തെരുവില് കുടം വെള്ളവുമായി സഞ്ചരിക്കുന്നവനെ ശകുനമാക്കി നീങ്ങിയവർക്ക് കിട്ടിയ അത്താഴവും, ശാബത്തും എനിക്കായും ഒരുങ്ങിയിരുപ്പുണ്ടാകണം.

ഏകദേശം ഒരു മണിക്കൂറോളമായി നടപ്പു തുടങ്ങിയിട്ട്. ആദ്യം അയാളിൽ നിന്ന് അകലം പാലിച്ച് പുറകിലാണ് നടന്നിരുന്നത്. നേരം സന്ധ്യയാകുന്നതും, പാതയിൽ ആൾ സഞ്ചാരം ഇല്ലാതായതും ഞങ്ങൾ തമ്മിലുള്ള അകലം കുറച്ചു. ഇപ്പോൾ ബെൻഹർ അലിയെ തൊട്ടുരുമ്മിയാണ് ഞാൻ നടക്കുന്നത്. മരങ്ങൾ വെട്ടിയിടുമ്പോൾ തടിയിൽ നിന്ന് കിനിഞ്ഞൂറുന്ന ഒരു തരം നീരിന്റെ മണം ആയിരുന്നു ബെൻഹർ അലിയുടെ വിയർപ്പിന്റേത്. ഇത് തന്നെയാകണം അദൃശ്യധൂളികളായി തെരുവോരങ്ങളിൽ അയാൾ തൂവിയത്. ആകാശത്ത് ചെഞ്ചായച്ചുവപ്പ് മാറി ഇരുൾ പരന്നതോടെ അസ്വസ്ഥകൾക്ക് അല്പ്പം ആശ്വാസമായി. വഴിവിളക്കുകൾ അങ്ങിങ്ങായി തെളിഞ്ഞിരുന്നു. തിരക്കേറിയ ആ തെരുവിൽ നിന്ന് നടന്ന് തുടങ്ങിയ ഞങ്ങൾ ഇതിനകം മൂന്ന് ചന്തകളും, രണ്ട് ചേരിയും താണ്ടിയിരുന്നു. ഇരുവശത്തുമായി പരന്നകല്ലുകളും ആലേഖനങ്ങളും നിറഞ്ഞ വിജനപ്രദേശത്തിലൂടെയുള്ള യാത്ര, അതൊരു ശ്മശാനം ആണെന്ന തിരിച്ചറിവുണ്ടാക്കി. ഒട്ടും തന്നെ ഭീതി ജനിപ്പിക്കാത്ത ഒരിടം. മുന്നോട്ട് പോകുന്നതിനിടെ ഒരു നേർത്ത കരച്ചിൽ കൂടുതൽ വ്യക്തമാകപ്പെട്ടുകൊണ്ടിരുനു. മൂക്കു തുളയ്ക്കുന്ന വിധം മരനീരിന്റെ മണം സഹിച്ചും ഞാൻ ബെൻഹർ അലിയുടെ തോളിൽ കൈയ്യിട്ടു.

ഈ സമയത്ത് ആരും ഈ വഴി നടക്കാറില്ല. ആ കരയുന്നത് ആടിന്റെ പ്രേതമാണെന്നാണ് ഇവിടെയുള്ളവരുടെ ധാരണ. ആട്ടിൻപ്രേതം കരഞ്ഞാല് മനുഷ്യരുടെ പ്രേതങ്ങൾ ഉണരുമത്രേ.”
നിങ്ങൾ കണ്ടിട്ടുണ്ടോ ആട്ടിൻ പ്രേതത്തെ?”
ഉവ്വല്ലോ സുഹൃത്തേ. അത് ആട്ടിൻപ്രേതം ഒന്നുമല്ല. ആ വേലോഗൻ അയാളുടെ ആടുകളിലൊന്നിനെ ഭോഗിക്കുകയായിരിക്കും. വേലോഗന്റെ സ്‌ഖലനദൈർഘ്യവും, നിങ്ങളുടെ ഭാഗ്യവും ഒത്തു ചേരുകയാണെങ്കിൽ ഒരുപക്ഷേ നിങ്ങൾക്കിന്ന് ആട്ടിൻ പ്രേതത്തെ കാണാൻ സാധിച്ചേക്കും. ”
എന്റെ മുഖത്തൊരു ജാള്യത പടർന്നത് ബെൻഹർ അലിയിൽ നിന്നു തന്നെ അനുഭവപ്പെട്ടു. അയാൾ നീളൻ കുർത്തയുടെ പോക്കറ്റിൽ നിന്നും ഏലയ്ക്കാ എടുത്ത് ചവയ്ക്കുകയും, കുപ്പിയിലെ വെള്ളം കുടിയ്ക്കുകയും ചെയ്തു കൊണ്ടേയിരുന്നു. നടത്തത്തിൽ അയാൾക്കൊപ്പമെത്താൻ ശ്രമിച്ച ഞാൻ കിതച്ചു തുടങ്ങി.

അകലെ ഒരു ചെറിയ തീക്കുണ്ടം എരിയുന്നത് കാണാമായിരുന്നു. വേലോഗന്റെ നേരിയ ഭോഗമുരൾച്ചയ്ക്കൊപ്പം ആടിന്റെ വികാരമൂർച്ചയോടെയുള്ള കരച്ചിൽ ഇപ്പോൾ വ്യക്തമായി കേൾക്കാം . തീനാളങ്ങൾ ചമച്ച നേരിന്റെയും, നിഴലിന്റേയും ഇളകിമറിച്ചിലുകൾക്കിടയിൽ ഒരു വലിയ പെണ്ണാടിന്റെ അകിടിലും, ചെവിയിലും അള്ളിപ്പിടിച്ച് അതിനെ പുറകിൽ നിന്ന് ഭോഗിക്കുന്നത് ഒരു കോലാടാണോ അതോ ബെൻഹർ അലി പറഞ്ഞ വേലോഗനാണോ എന്ന് തിരിച്ചറിയാനായി അൽപ്പനേരം എടുക്കേണ്ടി വന്നു. വേലോഗന്റെ ഭോഗദൈർ‌ഘ്യവും, ഭാഗ്യവും എന്നെ തുണച്ചു. ഞങ്ങൾ തീക്കുണ്ടത്തിന് അടുത്തെത്തിയപ്പോഴേക്കും വേലോഗനും, ആടും ഒരു പോലെ തളർന്ന് കഴിഞ്ഞിരുന്നു.

വേലോഗാ...... പോ.....”
ഒരു ഗംഭീരാജ്ഞ സ്‌ത്രൈണത നിറഞ്ഞ ആ കുറിയ ശരീരത്തിൽ നിന്ന് പ്രതീക്ഷിച്ചതേയില്ല. ആ ഞെട്ടലിലായിരിക്കണം ബെൻഹർ അലിയുടെ തോളിൽ നിന്ന് കൈ അടർന്ന് വീണ് താഴേയ്ക്ക് തുങ്ങിയത്. ഒരു നഗനശരീരവും നാലഞ്ച് ആടുകളും ഇരുളിൽ ഓടി മറയപ്പെട്ടു.
വേലോഗന്റെ പ്രേതം ഈ ശ്‌മശാനത്തിൽ അലയും വരെ ആട്ടിന് പ്രേതങ്ങൾ നമ്മെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും”
എന്തുകൊണ്ട് നിങ്ങളിതു മറച്ചു വെച്ച് ഒരു നഗരത്തെ ഭീതിയിലാഴ്ത്തുന്നു. ആട്ടിൻ പ്രേതത്തിന്റെ നർമ്മം കലർന്ന, ഭീതിയാർന്ന സത്യം എന്ത് കാരണങ്ങളാൽ വെളിപ്പെടുത്തിക്കൂടാ?”
ഒരുവനെ തടയാൻ അപരനാര്? ഇപ്പോൾ കണ്ടത് ആട്ടിന് പ്രേതം അല്ലെന്ന് നിങ്ങൾക്കെങ്ങനെ പറയാനാകും? നിങ്ങൾ ആട്ടിൻ പ്രേതത്തെ ഇതിന് മുമ്പ് കണ്ടിട്ടേയില്ലല്ലോ? വേലോഗന്റെ വഴി തടയാ‍നായി എനിക്ക് മുന്നിൽ മറ്റൊരു വഴിയും ശേഷിച്ചിട്ടില്ല എന്നതാണ് സത്യം. നിയമങ്ങൾ വിചിത്രങ്ങളാണ്, ഈ വെളിച്ചമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.”

കുപ്പിയിലെ അവശേഷിച്ച വെള്ളം കൊണ്ട് ആ തീക്കുണ്ടം അണച്ചതിന് ശേഷം ബെൻഹർ അലി മുന്നോട്ട് നടന്നു. വെള്ളം ചുമന്ന് നടക്കുന്നവനാണ് ശകുനം. അവനെ പിന്തുടരാനായിരുന്നു നിർ‌ദ്ദേശം. കാലിക്കുപ്പിയുമായി ശകുനം മറഞ്ഞ ബെൻഹർ അലിയെ ഇനിയും പിന്തുടരേണ്ടതുണ്ടോ? സംശയം ആവർത്തിച്ച് ഉറപ്പിക്കുമ്പോഴേക്കും ഞങ്ങൾ ഒരു ചെറിയ വീടിന് മുന്നിലെത്തിയിരുന്നു.
വാതിലുകളോ, ജനലുകളൊ തുറന്നിടരുത്. ഞാൻ ഇതിനകത്തെ പഴകിയ, കട്ടികൂടിയ വായു ശ്വസിക്കാൻ ഇഷ്ടപ്പെടുന്നു. ഉച്ചത്തിൽ സംസാരിക്കരുത്, ഇതിനകത്ത് പുകവലിക്കരുത്”
വ്യാഴവട്ടത്തോളം പഴക്കമുള്ള വായു നിറഞ്ഞ അന്തരീക്ഷം ഒരു മാംസാഹാരി ജീവിയുടെ ഗുഹാമുഖത്തെത്തിയ പ്രതീതി ജനിപ്പിച്ചു. അടഞ്ഞ് കിടക്കുന്ന ജനലുകളും, വാതിലുകളും ചേർന്ന് അതൊരു വാല്‍‌വാണെന്ന ധാരണയുണ്ടാക്കുന്നു... ആ വീട്ടിലേയ്ക്കു കടന്നാൽ ഇനിയൊരിക്കലും പുറത്തു കടക്കാൻ കഴിയില്ല എന്നവണ്ണം ഞാൻ ഭയപ്പെട്ടു, അഴുക്കും പൊടിയും നിറഞ്ഞ ഒരു വലിയ മുറി, കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഒരടുക്കള, അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി തികച്ചും വെടിപ്പായി സൂക്ഷിച്ചിരുന്ന ഒരു കൊച്ച് മുറി. അതിനകത്ത് കെട്ടിടം പണിക്കുപയോഗിച്ചിരുന്ന ഉപകരണങ്ങൾ അടുക്കി വെച്ചിരുന്നു. ഒരു ആരാധനാലയത്തിന്റെ വിശുദ്ധി ആ മുറിയിലുണ്ടായിരുന്നു. പഴകിയ വായുവിന്റെ മണം അവിടെ മാത്രം അന്യമായിരുന്നു.

ഞാൻ ഈ മുറിയിൽ തങ്ങിക്കൊള്ളട്ടെ?“
നമുക്ക് ഈ വലിയ മുറി ഉപയോഗിക്കാം. ഇത് ബെൻഹർ അലിയുടെ താവളമാണ്.“
ആ വാക്കുകൾ വൈരുദ്ധ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു. അതിൽ ഞാൻ വിവശനായത് കണ്ടായിരിക്കണം ബെൻഹർ അലി വിശദീകരിച്ചത്
സുഹൃത്തേ, നമ്മൾ ആ വലിയ മുറിയിൽ. ഇവിടം മറ്റൊരു ബെൻഹർ അലിയുടേതാണ്. ഒരു കെട്ടിടം പണിക്കാരൻ. ഇന്നത്തെ ജോലി കഴിഞ്ഞ് അയാൾ തിരികേ വരേണ്ട സമയമായിരിക്കുന്നു. ഈ വീട് രണ്ട് ബെൻഹർ അലിയുടേതാ‍ണ്.“

അയാൾ ബഹുവചനം ഉപയോഗിച്ചതേയില്ല. ബെൻഹർ അലിയുടെ സ്ത്രൈണത നിറഞ്ഞ ശരീരഭാഷയുണ്ടാക്കുന്ന അറപ്പോ, ഭയമോ തന്നെയാകണം അയാളോടൊത്ത് ആ വലിയമുറിയിൽ തങ്ങാൻ എന്നെ വിസമ്മതിപ്പിക്കുന്നത്.
എങ്കിൽ ഞാൻ അടുക്കളയിൽ കഴിഞ്ഞോളാം. അവിടെ പാചകം ചെയ്യാറില്ലെന്ന് അവസ്ഥ കണ്ടാലറിയാം“
സുഹൃത്തേ, നമ്മൾ ഈ വലിയമുറിയിൽ; അടുക്കള മറ്റൊരു ബെൻഹർ അലിയുടേതാണ്; ഒരു മരം വെട്ടുകാരൻ. അയാൾ ഇന്നത്തെ ജോലി കഴിഞ്ഞ് തിരികേ വരേണ്ട സമയമായിരിക്കുന്നു. ഈ വീട് മൂന്ന് ബെൻഹർ അലിയുടേതാണ്.“
ഇത്തവണയും അയാൾ ബഹുവചനരൂപമായ “അലിമാരുടേതാണ്” എന്ന് ഉപയോഗിച്ചില്ല. മുറി ലഭിക്കാതിരുന്നതിനേക്കാൾ ഈർഷ്യ തോന്നിയത് അയാൾ വ്യാകരണം തെറ്റിച്ചപ്പോളായിരുന്നു. ഇനി വരാന്തയോ, മുറ്റമോ കൂടി ചോദിച്ച് ആ വീട്ടിൽ ബെൻഹർ അലിമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഓരോയിടത്തും അയാൾ ഏകവചന രൂപികളായ ബെൻഹർ അലിമാരെ നിറയ്ച്ചേക്കാം.
നീണ്ട നേരത്തേ നടത്തം മൂലം ക്ഷീണവും, വിശപ്പും ഉണ്ടായിരുന്നു.

എവിടെ നിന്നാണ് ഭക്ഷണം ലഭിക്കുക?“
നിങ്ങൾ താമസം മാത്രമാണ് എന്നോടാവശ്യപ്പെട്ടത്“
അത്രയും പറഞ്ഞ ശേഷം ബെൻഹർ അലി ഔദാര്യമെന്നോണം ഒരു പിടി ഏലയ്ക്ക നീട്ടുകയും, വെള്ളം നിറഞ്ഞ മൺ‌കൂജ കാലുകൊണ്ട് നിരക്കി എന്റെ അടുത്ത് വെയ്ക്കുകയും ചെയ്തു. ചിത്രപ്പണികൾ നിറഞ്ഞ മുഷിഞ്ഞ ഒരു പുതപ്പ് ബെൻഹർ അലി എനിക്കായി വിരിച്ചു. ഞാനതിൽ മയങ്ങാൻ തുടങ്ങി. അടക്കിപ്പിടിച്ച സംഭാഷണങ്ങൾ കേട്ടാണ് കണ്ണ് തുറന്നത്. അതിൽ പരിചിതമായ ഒന്നും, അപരിചിതങ്ങളായ രണ്ടും ശബ്ദങ്ങൾ ഉണ്ടായിരുന്നു. വൃത്തിയോടെ കാണപ്പെട്ട ആ ചെറിയ മുറിയിലേയ്ക്ക് അനുവാദം കൂടാതെ കടന്നു ചെന്നു. പൂർണ്ണ നഗ്നരായ മൂന്ന് ബെൻഹർ അലിമാരെയാണ് അവിടെ കാണാൻ കഴിഞ്ഞത്. അവർ പരസ്പരം ചുംബിക്കുകയും, അടക്കിപ്പിടിച്ച് സംസാരിക്കുകയും, രഹസ്യശരീര ഭാഗങ്ങളിൽൽ മൃദുവായി തഴുകുകയും ചെയ്തിരുന്നു. അരുതാത്ത കാഴ്ചയുടെ ആ നിമിഷത്തിൽ നിന്ന് പുറത്തു കടന്ന് വീണ്ടും ശയനം. പുതപ്പിനപ്പോൾ മുറിച്ചിട്ട മരത്തിൽ നിന്ന് കിനിയുന്ന നീരിന്റെ ഗന്ധം ആയിരുന്നു. അതിന്റെ മടുപ്പിക്കുന്ന മണത്താൽ ഓക്കാനിച്ച് വന്നപ്പോൾ പുതപ്പെടുത്തു ചുരുട്ടി ഒരു മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു.

ഇളം തണുപ്പുള്ള തറയിൽ കണ്ണീരൊഴുക്കി കണ്ണുകൾ ഇറുക്കിയടച്ചു. അത് മറവിയിലേയ്‌ക്കുള്ള ചവിട്ടു പടിയാണ്; ബാല്യത്തിൽ ശീലിച്ചത്. വാതിലുകളില്ലാത്ത വീട്ടിൽ, അടുത്തമുറിയിൽ അമ്മ ജാരനോടൊപ്പമാണ് ശയിക്കുന്നതെന്നറിയാം. ശീൽക്കാര സ്വരങ്ങൾ കാതടപ്പിക്കും. കണ്ണൊന്ന് തുറന്നാൽ ഇരുളിൽ കെട്ടിപ്പുണർന്നു പുളയുന്ന നിഴൽ രൂപങ്ങളെ കാണാനായേക്കും. എന്നാൽ കണ്ണു തുറക്കാറേയില്ല.... രാത്രികളിലെങ്ങാനും കണ്ണ് തുറന്നിരുന്നെങ്കിൽ, ഒരിക്കൽ പോലും പകൽ വെളിച്ചത്തിൽ അമ്മയുടെ മുഖത്തേയ്ക്ക് നോക്കാനാകുമായിരുന്നില്ല. ഇരുളിലാഴ്ത്തപ്പെട്ട ഓരോ കണ്ണിറുക്കൽ നിമിഷങ്ങളും ജീവിതത്തിൽ നിന്ന് അവയുടെ മായ്ച്ചെഴുത്താണ്. ഒരിക്കൽ ചെവി തുളയ്ക്കുന്ന നിമ്‌നാവൃത്തിയുള്ള ശീല്ക്കാര സ്വരത്താൽ സഹികെട്ട് കണ്ണുകൾ തുറന്ന ശപിക്കപ്പെട്ട ഏതോ നിമിഷത്തിന്റെ ആവർത്തനമെന്നോണം എന്റെ തേങ്ങലുകൾ ഉച്ചത്തിലാവുകയും, ആ ചെറിയ മുറിയിൽ നിന്നും ഞാൻ തെരുവിൽ വെച്ച് പരിചയപ്പെട്ട ബെൻഹർ അലി (നോക്കു, ഇപ്പോൾ ബെൻഹർ അലിമാരിൽ തന്നെ ഒരു തരംതിരിവ് വേണ്ടി വന്നിരിക്കുന്നു) പുറത്തിറങ്ങി അടുത്തേയ്ക്കു വരുകയും ചെയ്തു. ബെൻഹർ അലി സഹശയനം നടത്തുകയും , കൈകളാൽ എന്റെ ശരീരത്തിൽ തഴുകുകയും, ചുണ്ടുകൾ എന്റെ തലയ്ക്ക് പുറകിലായി ഉരുമ്മുകയും ചെയ്ത് കൊണ്ടിരുന്നു. ഒരു തവണ പോലും എനിക്ക് എതിർക്കാനായില്ല. ഞങ്ങൾ രണ്ട് പേരല്ല, മറിച്ച് മൂന്നാണെന്ന് തോന്നിപ്പോയി. ഒരു ശരീരം; അതിനെ ഭോഗിക്കുന്ന സ്വവർഗ്ഗാനുരാഗിയായൊരു ബെൻഹർ അലി; ഇതെല്ലാം കണ്ട് കണ്ണിറുക്കി തറയിൽ കിടന്ന് കരയുന്ന ഞാൻ. വ്യാകരണങ്ങൾ തെറ്റുകയാണ്; എനിക്കും ബെൻഹർ അലിയ്ക്കും. എരിയുന്ന തീക്കുണ്ഠങ്ങൾ ഇനിയും അണയ്ക്കേണ്ടതായുണ്ട്. രതിനിഴലുകളില്ലാത്ത തരം ഇരുട്ടാണ് ഇപ്പോൾ ആവശ്യം.

തെല്ലൊരു ക്ഷീണത്തോടെ കണ്ണുകൾ തുറന്നപ്പോഴേയ്ക്കും നേരം നന്നേ വെളുത്തിരുന്നു. എല്ലാ ബെൻഹർ അലിമാരും അവിടെ നിന്ന് പൊയ്ക്കഴിഞ്ഞിരുന്നു. ആ പ്രദേശത്ത് നിന്ന് എങ്ങിനെയാണ് പുറത്ത് കടക്കുകയെന്ന് ഒരു നിശ്ചയവും ഇല്ല. എങ്കിലും ഒരൂഹം വെച്ച് നടന്നു തുടങ്ങി. ശ്മശാനത്തിൽ ആടുകളെ തീറ്റുന്ന വേലോഗനേയും, മൂന്ന് ചന്തകളും, രണ്ട് ചേരികളും പിന്നിട്ട യാത്ര വീണ്ടും ആ നശിച്ച തെരുവിൽ ചെന്നവസാനിച്ചു. തലേന്ന് തെരുവിൽ കണ്ട കൌമാരപ്രായക്കാരനോട് പുറത്ത് കടക്കാനുള്ള വഴിയാരാഞ്ഞു. ബെൻഹർ അലിയ്ക്കേ അതറിയൂ എന്നാണ് മറുപടി പറഞ്ഞത്. അവൻ ചൂണ്ടിക്കാണിച്ച ദിശയിലൂടെ സഞ്ചരിച്ചപ്പോൾ എത്തിച്ചേർന്നത് മരംവെട്ടുകാരനായ ബെൻഹർ അലിയിലായിരുന്നു. അയാൾ മരം വെട്ടുകയും, ഏലയ്ക്കാ ചവയ്ക്കുകയും, വെള്ളം കുടിയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. തെരുവിന് പുറത്തേയ്ക്കെന്ന് പറഞ്ഞ് അയാൾ കൊണ്ട് പോയത് വീണ്ടും ആ പഴയ വീട്ടിലേയ്ക്കായിരുന്നു. അയാളുടെ വിയർപ്പിന് കുമ്മായക്കൂട്ടിന്റെ ഗന്ധം. വലിയ മുറിയിൽ കിടന്നുറങ്ങാൻ തുടങ്ങിയ എന്നെ അയാൾ വിലക്കി. വലിയ മുറി എഴുത്തുകാരനായ ബെൻഹർ അലിയുടേതായിരുന്നു. ചൂളയിൽ വേവുന്ന ചുടുകട്ടകളുടെയും, വെള്ളത്തിൽ കുതിർന്ന കുമ്മായക്കൂട്ടിന്റേയും മണമുള്ള പുതപ്പിൽ ഞങ്ങൾ (മൂന്നു പേരും) കിടന്നു. വലിയ മുറിയിൽ നിന്ന് എഴുത്തുകാരനായ ബെൻഹർ അലിയോ, ചെറിയ മുറിയിൽ നിന്ന് കെട്ടിടം പണിക്കാരനായ ബെൻഹർ അലിയോ അവിടേയ്ക്ക് വരികയുണ്ടായില്ല. ജീർണ്ണിച്ച ആ അടുക്കളയിൽ ഭോഗിക്കപ്പെട്ട് തളർന്നുറങ്ങി. ഊഴമനുസരിച്ച് അടുത്ത ദിവസം എനിക്ക് മഷി വീണുണങ്ങിയ പുതപ്പിൽ കിടന്ന് പുത്തൻ കടലാസിന്റെയും, വരണ്ട മഷിയുടേയും മണമുള്ള കെട്ടിടം പണിക്കാരനായ ബെൻഹർ അലിയുടെ ഇ()ണയായി ഉടലുരുമ്മലുകൾ തീർത്ത വിയർപ്പു ചാലുകളിൽ (മൂന്ന് പേരായി) ഉറങ്ങേണ്ടതുണ്ട്.

ഇനിയൊരിക്കലും ഈ തെരുവിൽ ബെൻഹർ അലിയെ അന്വേഷിക്കില്ല എന്ന ഉറച്ച തീരുമാനവുമായാണ് നാലാം ദിവസത്തിലേയ്ക്ക് പ്രവേശിച്ചത്. മൂന്ന് ദിവസം കൊണ്ട് സഹചാരിയായി തീർന്ന ഏലയ്ക്കായും, വെള്ളവും ആസ്വദിച്ച് കൊണ്ട് നടന്നു. ബെൻഹർ അലിയെ തിരക്കുകയോ, തെരുവിൽ നിന്ന് കടക്കാൻ ശ്രമം നടത്താതിരിക്കുകയോ ചെയ്യാതിരുന്നതിനാലാകണം അന്നേ ദിവസം ഇറാനയെ കാണാനായത്. ദുർഗന്ധം ഒട്ടും തന്നെയില്ലാത്ത, തിരേക്കേറിയ മത്സ്യവിൽ‌പ്പനശാലകളിൽ ഒന്നിന്റെ ഉടമയായിരുന്നു അവൾ. ആ തെരുവിനോ, പ്രദേശത്തിനോ അടുത്തായി ഒരു കടലോ, കായലോ,പുഴയോ... എന്തിന് മത്സ്യം ഉള്ള ഒരു കുളമെങ്കിലും ആരുടെയും ഓർമ്മകളിൽ പോലും ഇല്ലായിരുന്നു. എങ്കിലും എല്ലാ ദിവസവും മത്സ്യശാലയിലെ കൂടകൾ നിറയുകയും, ഒഴിയുകയും ചെയ്തു കൊണ്ടിരുന്നു. ഏലക്കായും വെള്ളവും ഒഴികെ മറ്റൊന്നും ആരും തന്നെ ഭക്ഷിച്ചിരുന്നില്ല എന്നതും ഇപ്പോൾ വിചിത്രമല്ലാതായിരിക്കുന്നു. മത്സ്യങ്ങൾ എവിടെ നിന്ന് വരുന്നുവെന്ന് ബെൻഹർ അലിയ്ക്കോ, ഇറാനയ്ക്കോ അറിയാമായിരുന്നില്ല. എങ്ങനെയാണ് തെരുവിൽ നിന്ന് പുറത്ത് കടക്കാനാകുകയെന്ന ചോദ്യം പോലും ഇറാനയുടെ മുഖത്ത് ഭയം നിറച്ചു, അവൾ അസ്വസ്ഥയായി. അളവ് തൂക്കങ്ങളിൽ ശ്രദ്ധയില്ലാതെ വിൽ‌പ്പന നടത്തിയതിന് പഴി കേൾക്കേണ്ടതായും വന്നു. കടൽത്തീരത്തെ മത്സ്യഗന്ധികളും, തോണിയിൽ കൂമ്പാരം കൂടുന്ന മത്സ്യങ്ങളും, ശീതീകരണത്താൽ വിറങ്ങലിച്ച അവയുടെ ചെകിളച്ചുവപ്പ് നിറവും നിറഞ്ഞ് നിന്ന എന്റെ വർണ്ണനകൾ അവളിലപ്പോൾ സ്വപ്നങ്ങൾ ആയെങ്കിലും പ്രവർത്തിച്ചിരിക്കണം. മൂന്ന് ബെൻഹർ അലിമാരിലേയ്ക്കും ഒരു ദിശാഫലകമായി മാറിയ കൌമാരപ്രായക്കാരൻ അന്ന് മത്സ്യശാലയിലെത്തിയിരുന്നു. ഇവിടെ നിന്ന് പുറത്തു കടാക്കാനുള്ള ഏക ആശ്രയവും, തടസ്സവും അവൻ മാത്രമാകുന്നു. ദിശമാറി സ്ഥാപിക്കപ്പെട്ട - ഒരേ സമയം കുഴയ്ക്കുകയും, സഹായിക്കുകയും ചെയ്യുന്ന - ഒരു ചൂണ്ടുപലക. ചെറിയൊരു മത്സ്യക്കൂടും വാങ്ങി നടന്നകലുന്ന അവനെ പിന്തുടർന്നു .

ഈ മത്സ്യങ്ങൾ എന്തിനാണ്? നീ ഭക്ഷിക്കുന്നത് ഏലയ്ക്കായും വെള്ളവും മാത്രമല്ലെ?“
മത്സ്യങ്ങൾ ആര് ഭക്ഷിക്കാന്? ഇത് ആടുകൾക്കുള്ള തീറ്റയാണ്.“
അപ്പോൾ ആട്ടിൻ പാൽ?“
ആട്ടിൻ പാൽ ആരു കുടിയ്ക്കാൻ? അത് പുല്ലുകൾക്കുള്ള വളമാണ്.“
നിന്റെ പേരെന്താണ്?“
ഞാൻ ബെൻഹർ അലി“
ദിക്കുകളും, വഴികളുമെല്ലാം ചുരുങ്ങിക്കൂടി ഇല്ലാതാകുന്നതു പോലെ തോന്നി. അല്ലെങ്കിൽ തന്നെ ഈ തെരുവിൽ അകപ്പെട്ടതിനു ശേഷം വൈകൃതങ്ങളും, മതിഭ്രമങ്ങളും, വിസ്മയങ്ങളും അല്ലാതെ മറ്റെന്താണ് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്?
ബെൻഹർ അലി, എങ്ങനെയാണ് ഈ തെരുവിൽ നിന്ന് പുറത്തു കടക്കാൻ കഴിയുക?“
നിങ്ങൾ ബെൻഹർ അലിയെ കാണുക“

അവൻ പറയുന്നത് നുണയാണെന്ന് പൂർണ്ണ ബോധ്യമുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ഇതേ ചോദ്യവും ഉത്തരവും എന്നെ വഴി തെറ്റിയ്ക്കുകയും വൈകൃത രതിയ്ക്ക് ഇരയും, ഇണയും ആക്കി തീർത്തതുമായിരുന്നു. തിരികേ ഇറാനയുടെ മത്സ്യശാലയിലെത്തി. അവിടെ ഒരു വൃദ്ധയാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. വാങ്ങേണ്ട മത്സ്യത്തിന്റെ അളവ് ചോദിച്ചപ്പോൾ
എനിക്ക് ഇറാനെയേയാണ് കാണേണ്ടത്“
ഞാനാണ് ഈ മത്സ്യവില്പ്പാനശാലയുടെ ഉടമയായ ഇറാന. പറയൂ എന്താണ് നിങ്ങളുടെ ആവശ്യം?“
അതൊരു തീർച്ചപ്പെപ്പെടുത്തലായിരുന്നു. ആ തെരുവ്.... ഉള്ളിലേയ്ക്ക് കടക്കുന്ന വായു കണികയ്ക്കു പോലും ഒരിക്കലും പുറത്തു കടക്കാനാകാത്ത വിധം മർദ്ധം ക്രമീകരിച്ച ഒരു ഏകദിശാസഞ്ചാരപാത. നടത്തമോ, ഓട്ടമോ എന്ന് വേർത്തിരിക്കാനാവാത്ത പദചലനങ്ങൾ കൊണ്ട് ആ തെരുവും, ചേരികളും താണ്ടി. വിശ്വാസ്യയോഗ്യമായി അവിടങ്ങളിലൊന്നും തന്നെയില്ലായിരുന്നു. നിറങ്ങളോ, മണങ്ങളോ പോലും. കബളിപ്പിക്കലുകളുടെ ബഹുമുഖപ്പതിപ്പുകൾ. പക്ഷേ, ഒന്നുണ്ട് വേലോഗൻ. അയാൾ ഇവിടെ ഒറ്റയാനാണ്, വേലോഗനുമാത്രം ഇരട്ടപ്പതിപ്പില്ല!

വേലോഗാ.....
അലറിവിളിച്ചു കൊണ്ട് ഓടിയെത്തുന്നേരം ശ്മശാനത്തിൽ തീക്കുണ്ടം എരിയുന്നുണ്ടായിരുന്നു. വേലോഗന്റെ ഭോഗമുരൾച്ചയോ, ആടുകളുടെ കരച്ചിലോ കേൾക്കാനായില്ല. താൻ ഒരു വിചിത്ര ഭൂപ്രദേശത്ത് തന്നെയെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് അരയ്ക്കു താഴെ കത്തിയെരിഞ്ഞ് വേലോഗന്റെ ജഡം...
കൊമ്പിലും,നെറ്റിയിലും ചോരയൊലിപ്പിച്ച് കാവുതീണ്ടിയുറഞ്ഞു തുള്ളുന്ന കോമരം പോലൊരു പെണ്ണാട്....
ഉറഞ്ഞാടുന്ന അകിടുമായി, മതി കാണിച്ചു സ്രവം കിനിയുന്നൊരു പെണ്ണാട്...

പുളച്ചു മറിയുന്ന ആടിന്റെ അകിടിലും ചെവിയിലും അള്ളിപ്പിടിച്ചു കിടന്നു. ബെൻഹർ അലിമാരിലും, ഇറാനകളിലും ഭയം ജനിപ്പിക്കുന്ന ആട്ടിൻ പ്രേതത്തിന്റെ കരച്ചിലുയർന്നു. അതേ സമയം ഒരു ഭോഗമുരൾച്ചയുടെ അകമ്പടിയോടെയുള്ള രതിമൂർച്ഛയിൽ ഒരു പുത്തൻ വേലോഗൻ ആ നശിച്ച തെരുവിൽ നിന്ന് പുറത്ത് കടക്കുകയായിരുന്നു...
ബെൻഹർ അലിയുടെ തെരുവിൽ നിന്ന്

* * * * *

0 comments:

 

(c)2009 Devadas V.M [ vm.devadas@gmail.com ]