Thursday, March 25, 2010

മരണ സഹായി

He is a real nowhere man. Sitting in his nowhere land
Making all his nowhere plans for nobody...
- The Beatles's song “Nowhere Man”

“ഹെലോ, ജാസ്മിന്‍?”
“യെസ്. ആരാണ്?”
“ആളെ തിരിച്ചറിഞ്ഞില്ലേ?”
“ഞാന്‍ ഓഫീസിലാണ്. ഒരു കൌണ്‍സിലിംഗിന്റെ ഇടയിലാണ് ഈ കോള്‍ അറ്റന്റു ചെയ്യുന്നത്. അതുകൊണ്ട് തമാശയ്ക്ക് നേരമില്ല. ആരാണെന്ന് വേഗം പറയൂ?”
“ഏയ്..ഏയ്.. ചൂടാകാതെ പെങ്ങളേ”
“ബാലൂ...നീ?”
“ആഹാ! കണ്ടുപിടിച്ചു കളഞ്ഞല്ലോ. കൊള്ളാം. മിടുക്കി”
“ഓ..പിന്നേ, സകല പെണ്‍ സുഹൃത്തുക്കളേയും കയറി പെങ്ങളെന്നു വിളിക്കുന്ന ഒരുത്തനെയേ എനിക്കറിയൂ. അതു പോട്ടെ ഇപ്പോള്‍ എവിടെയാണ്? കുറെക്കാലമായി ഒരു വിവരവും ഇല്ലല്ലോ മാഷേ. എന്റെ ഓഫീസ് നമ്പറെങ്ങനെ കിട്ടി? എന്താണ് പ്രത്യേകിച്ച്? വല്ല മദ്ധ്യവയസ്ക്കന്‍ കല്യാണവും ഒത്തോ? ആരാണ് കക്ഷി?”
“എന്റമ്മോ! ഒറ്റയടിക്ക് എത്ര ചോദ്യങ്ങള്‍? എല്ലാത്തിനും മറുപടി പറയാം. നീ ഇപ്പോള്‍ കൌണ്‍സിലിംഗിന്റെ ഇടയിലാണെന്നല്ലേ പറഞ്ഞത്. ആദ്യം ആ തിരക്കൊക്കെ തീരട്ടേ. എപ്പോള്‍ ഫ്രീ ആകുമെന്നു പറ. നമുക്ക് കാണാം“
“ദൈവമേ! അപ്പോള്‍ നീ ടൌണിലുണ്ടോ?“
“യെസ്”
“നാലു മണിയ്ക്ക് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങും. മോളെ സ്കൂളീന്ന് പിക്ക് ചെയ്തു വീട്ടില്‍ കൊണ്ട് വിടണം. അതിനു ശേഷം ഫ്രീ. നീ നേരെ വീട്ടിലേയ്ക്കു വരൂ. പ്രമോദേട്ടന് ഹോളിഡെയാണിന്ന്. നമുക്കു കൂടാം. അതു മാത്രമല്ല, കല്യാണ ക്ഷണം വല്ലതുമാണെങ്കില്‍ നീ എന്നെ മാത്രം വിളിച്ചെന്നും പറഞ്ഞ് മുഖം കയറ്റിപ്പിടിക്കാനും മതി.”
“എനിക്കു നിന്നെ തനിച്ചൊന്നു കണ്ട് സംസാരിക്കാനായിരുന്നു. ഞാന്‍ ഇവിടെ എത്തിയ കാര്യം തല്‍ക്കാലം ആരോടും പറയണ്ട”
“എന്താണ് അത്ര സീരിയസ്?”
“പറയാം... ഞാന്‍ വടക്കേ ബസ്റ്റാന്റിനടുത്തുള്ള മിഥില റെസ്റ്റോറന്റില്‍ കാണും, അല്ലെങ്കില്‍ തൊട്ടടുത്തുള്ള പാര്‍ക്കില്‍“
“നീ ഇപ്പോള്‍ എവിടെയാണ്?”
“മിഥിലയുടെ അടുത്തുള്ള ടെലഫോണ്‍ ബൂത്തില്‍. ഒരു മൂന്നരയാകുമ്പോള്‍ ഞാന്‍ ഒന്നൂടെ വിളിക്കാം”
“എങ്കില്‍ ശരി“
“ബൈ”
 *
ആകാശത്ത് മേഘപടലങ്ങള്‍ അവദൂതരുടെ പോര്‍ട്രേറ്റ് ചിത്രങ്ങള്‍ വരക്കുകയും, മായ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. വിശാലമായ ആ കാന്‍വാസിനു മിനുക്കു പണിയെന്നോണം ഒരു പകലിന്റെ കൂടി വേര്‍പാടില്‍ ചക്രവാള ഗദ്ഗദം മുഴക്കിക്കൊണ്ട് പക്ഷികള്‍ കൂട്ടമായി ചേക്കേറാന്‍ തുടങ്ങി. പാര്‍ക്കില്‍ നല്ല തിരക്കുള്ള വൈകുന്നേരമായിരുന്നു അത്. പൂമ്പാറ്റച്ചിറകുള്ള കുഞ്ഞുങ്ങള്‍ പാര്‍ക്കിലെ സീസോയിലും, ഊഞ്ഞാലുകളിലും തങ്ങളുടെ ഊഴം കാത്ത് ബഹളംകൂട്ടി. ഗാര്‍ഡനില്‍ ഓടിക്കളിക്കുയാണ് മറ്റു ചിലര്‍...

“കൂയ്... ഹെല്ലോ... തുമേ കേമോന്‍ ആച്ചോ?“
“ആമി ബാലോ ആച്ചി. പിന്നെ... ഹൌ ആര്‍ യൂ ആണ് നീ ഉദ്ദേശിച്ചതെങ്കില്‍ തുമീ കമോന്‍ ആച്ചോ എന്നാണ് ചോദിക്കേണ്ടത്“
“ഓഹ്! ഞാന്‍ വംഗസുന്ദരിയൊന്നും അല്ലല്ലോ എന്റെ ബാ‍ലൂസേ. അതോണ്ട് എന്റെ ബംഗാളി ഭാഷാജ്ഞാനം ഇത്രയൊക്കെ മതി“
“എന്നിട്ട്.... എന്തൊക്കെയാണ് വിശേഷം? ഇപ്പോളെന്താണ് മെയിന്‍ പരിപാടി?”
“പഴയ സ്ഥലത്തെ ജോലി ഞാന്‍ വിട്ടു. ഇപ്പോള്‍ ഒരു എന്‍.ജി.ഒ.യിലാണുള്ളത്. നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുറേ ഫെമിനിസ്റ്റ് കൂശ്മാണ്ഡങ്ങള്‍ നടത്തുന്ന സ്ഥാപനം. ഒട്ടുമിക്ക കേസുകളിലും കൌണ്‍‌സിലിംഗ് ആവശ്യമായിരിക്കും. ആദ്യം പാര്‍ട്ട് ടൈം ആയിരുന്നു. പിന്നെ മുഴുവന്‍ സമയക്കാരിയായി. വലിയ കുഴപ്പം ഇല്ലാതെ പോകുന്നു“
“വളരെ നല്ലത്. ആദ്യമായിട്ടാണ് ജോലിസ്ഥാപനത്തെക്കുറിച്ച് നീ അപ്രിയം പറയാതെ കേള്‍ക്കുന്നത്”
“അതു പിന്നെ നീ ഒരു സ്ഥാപനത്തില്‍ കുത്തിയിരുന്ന് ജോലി ചെയ്യാത്തതോണ്ടാണ്. തോന്നുമ്പോള്‍ പെയിന്റു ചെയ്തും, വിറ്റും; കാടും മലയും കയറി പടമെടുത്ത് ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിച്ചും; ക്ലാസെടുക്കാത്ത ഇന്‍‌വൈറ്റഡ് ഗസ്റ്റ് ലക്ചറായും ഒക്കെ ആണല്ലൊ നിന്റെ അഴകൊഴമ്പന്‍ ജീവിതം. അതു പോട്ടെ, നീയെന്താണ് കുറേക്കാലമായി മുങ്ങിയത്? ഒരു വിവരോം, വിദ്യഭ്യാസോം ഇല്ലായിരുന്നല്ലോ? നമ്മുടെ കൊള്ളസംഘക്കാരോടൊക്കെ ഞാന്‍ അന്വേഷിച്ചു. ആര്‍ക്കും ഒരു അറിവും ഇല്ല. കള്ളു കുടിച്ച് കരളുരുകി ചത്തു പോയിക്കാണും എന്ന് ഞാന്‍ പ്രമോദേട്ടനോട് ഇന്നാള് കളി പറയുകയും ചെയ്തു. അങ്ങയെങ്കില്‍ ടിവിയിലോ, പത്രത്തിലോ ഒരു കഷ്ണം വാര്‍ത്തയെങ്കിലും കണ്ടേനെ എന്നായിരുന്നു മൂപ്പരുടെ കമെന്റ്“
“ആളെ പറഞ്ഞു കൊല്ലിക്കും. ദുഷ്ടക്കൂട്ടം... രണ്ടും കണക്കാ. മരത്തോക്കിന് ചേര്‍ന്ന മണ്ണുണ്ട. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ നീ എന്തോ മുടിഞ്ഞ കൌണ്‍സിലിംഗ് തിരക്കിലാണെന്നാണല്ലോ പറഞ്ഞത്. ആരായിരുന്നു ആ പാവം ഇര?“
“ഹാ! അത് പറഞ്ഞാല്‍ നല്ല തമാശയാ‍ണ്. ഈയടുത്ത് കന്യാസ്ത്രീ പട്ടം ഉപേക്ഷിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഇന്നത്തെ ഇര“
“എന്തു പറ്റി പട്ടം ഉപേക്ഷിക്കാന്‍? ലൈംഗിക സ്വാതന്ത്യം അല്ലെങ്കില്‍ സഭയുടെ പീഡിപ്പിക്കുന്ന ചട്ടക്കൂട്?“
“ഏത് അതൊന്നുമല്ലന്നേ, ഇതു ഭയങ്കര രസമുള്ള സംഗതിയാണ്. കുരിശിലെ പീഡിത രൂപത്തിലേക്കു നോക്കുമ്പോള്‍, ക്രിസ്തു അവളുടെ മുഖത്തു നോക്കി കണ്ണിറുക്കുന്നതായും, പ്രാര്‍ത്ഥനകളുടെ ബഹളത്തില്‍ നിന്നും രക്ഷപ്പെടാനായി അങ്ങേര് ചുയിംഗം ചവയ്ക്കുന്നതായും അവള്‍ക്കു തോന്നുന്നു. അതു കണ്ട് പ്രാര്‍ത്ഥ നിര്‍ത്തി പലവട്ടം അവള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. മഠത്തിലെ അമ്മമാര്‍ ചേര്‍ന്ന് ഏതെങ്കിലും അസൈലത്തിലാക്കുമെന്ന് സൂചന കിട്ടിയ നിമിഷം സഭയ്ക്കു കത്തെഴുതി എല്ലാം ഉപേക്ഷിച്ച് വീട്ടിലേക്കു പോന്നു“
“കൊള്ളാം, എന്നിട്ട് നീയെന്ത് ഉപദേശിച്ചു?”
“ഓ.. എന്തു പറയാന്‍. ക്രിസ്തു ഒരു കണ്ണിറുക്കി കാണിച്ചാല്‍, തിരിച്ച് രണ്ടു കണ്ണും മാറിമാറി ഇറുക്കിക്കാണിക്കാന്‍ പറഞ്ഞു. ചുമ്മാ കുരിശില്‍ കിടന്നു ചുയിംഗം ചവയ്ക്കാതെ, ഇടയ്ക്ക് ഊതി ബബിള്‍സ് ഉണ്ടാക്കി പൊട്ടിക്കാനും ഉപദേശിച്ചിട്ടുണ്ട്. എന്താ പോരേ?”
“ധാരാളം...“
“അതു പോട്ടെ, എന്താണ് നിന്റെ വരവിന്റെ ഉദ്ദേശം? ഇവിടെ എത്തിയത് ആരോടും പറയരുത്, തനിച്ചു കാണണം എന്നൊക്കെ ഭയങ്കര ഗൌരവം. കല്‍ക്കട്ടേല് വെച്ച് നീ ആരെയെങ്കിലും കുത്തിക്കൊന്നിട്ടാണ് ഇങ്ങോട്ടു വന്നതെന്നു പറഞ്ഞാലും ഞാന്‍ ഞെട്ടില്ല മകനേ. എന്നാല്‍ കല്യാണ ക്ഷണം വല്ലതുമാണെങ്കില്‍ ഞെട്ടാന്‍ ഞാന്‍ തയ്യാറാണ്. അതോണ്ട് വേഗം പറ”
“എയ് അതൊന്നുമല്ല. നിന്നെ ഞെട്ടിക്കാന്‍ മാത്രമുള്ള വാര്‍ത്തകളൊന്നും ഇല്ല. ഞാന്‍ ഇപ്പോഴും ഒറ്റത്തടിയാണ്“
“ഇത് ഒറ്റത്തടിയൊന്നും അല്ല, ഒന്നൊന്നരത്തടിയാണ്. നീ ആകെ തടിച്ചു ചീര്‍ത്തിരിക്കുന്നു കാലമാടാ...“
“ശരിയാണ് പെങ്ങളേ, ഭക്ഷണം കഴിക്കലാണ് ഇപ്പോള്‍ പേടിമാറ്റാന്‍ ആകെയുള്ള മാര്‍ഗം. ഒറ്റയ്ക്കിരിക്കാന്‍ പേടിച്ച് ഞാനിപ്പോള്‍ ആള്‍ത്തിരക്കുള്ള പലപല റെസ്റ്റോറന്റുകളില്‍ പോകുന്നു. മടുപ്പൊഴിവാക്കാന്‍ ആവശ്യമില്ലെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നു, ചവയ്ക്കുന്നു, വാരിത്തിന്നുന്നു...“

“സത്യം പറ നിനക്കിതെന്ത് പറ്റി?“
“എനിക്ക് നിന്റെ സഹായം വേണം“
“നിന്റെ പത്ത് പെയിന്റിംഗ് വിറ്റു കിട്ടുന്ന കിട്ടുന്ന കാശുകൊണ്ട് ഈ ടൌണില്‍ ചെറിയൊരു വീട് വെയ്ക്കാം. എന്നിട്ടാണ് എന്റെയടുത്തൂന്ന് സഹായം. ഒന്ന് പോവപ്പാ...”
“പ്രശ്നം സാമ്പത്തികമല്ല, മാനസികമാണെങ്കിലോ... സഹായിക്കാമോ?”
“യു മീന്‍ എ കൌണ്‍സിലിംഗ്?“
“അതൊന്നും എനിക്കറിയില്ല. ചിലപ്പോള്‍ അങ്ങനെയൊന്ന് തന്നെ...”
“എന്തു പറ്റി ഉണ്ണ്യേയ്? വീണ്ടും വല്ല പ്രണയ പരാജയം സംഭവിച്ചോ?“
“ഏയ്... ഇത് സംഗതി അതൊന്നുമല്ല“
“കെടന്ന് ചുറ്റിത്തിരിയാതെ വേഗം പറയെടാ. എനിക്ക് ഇരുട്ടുന്നതിന് മുന്നേ വീട്ടില്‍ പോകേണ്ടതാ. രാത്രീലേക്ക് ഒന്നും വെച്ചുണ്ടാക്കിയിട്ടും കൂടെയില്ല.”
“കോളേജില്‍ വെച്ച് ഞാന്‍ വരച്ച ഒരു പെയിന്റിംഗ് നീ ഓര്‍ക്കുന്നുണ്ടോ? ഫൈനല്‍ ഇയറിനു പഠിക്കുമ്പോള്‍ ഡി-സോണിന് സമ്മാനം കിട്ടിയ ഒന്ന്...”
“ഉവ്വ്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു ജഡം.. അങ്ങനെയെന്തോ ആയിരുന്നില്ലേ? വായില്‍ക്കൊള്ളാത്ത ഒരു പേരും നീയതിന് ഇട്ടിരുന്നല്ലോ, എന്തായിരുന്നു?”
“കൈഷാകു”
“യെസ്...അതന്നെ. ആ പെയിന്റിംഗ് അല്ലേ നീ അമലയ്ക്ക് സമ്മാനമായി കൊടുത്തത്? എന്തോ ചെറിയ പിണക്കത്തിന്റെ പേരില്‍ അവളത് കീറി നശിപ്പിച്ചെന്നോ, അതറിഞ്ഞ നീ അവളെ കുറെ തല്ലിയെന്നൊ, അങ്ങനെയാണ് നിങ്ങള്‍ പിരിഞ്ഞതെന്നൊ ഒക്കെയല്ലേ നീ പണ്ടു പറഞ്ഞിരുന്നത്. ആ പെയിന്റിംഗിനെക്കുറിച്ച് ഇപ്പോള്‍ ചോദിക്കാന്‍ കാരണം?”

“ഉം.. ജീവിതത്തില്‍ ഏറ്റവും വേദനയോടെ ഞാന്‍ വരച്ച പെയിന്റിംഗ് ആയിരുന്നു അത്. എനിക്കേറ്റവും പ്രിയപ്പെട്ടത്. അതവള്‍ നശിപ്പിച്ചെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വയലന്റായി. എന്തൊക്കെ കാണിച്ചു കൂട്ടിയെന്ന് എനിക്കു തന്നെ അറിയില്ല“
“അമലയാണോ പ്രശ്നം? നീയവളെ അടുത്തെങ്ങാനും കണ്ടിരുന്നോ?”
“ഇല്ല. പതിനൊന്നു കൊല്ലമായി ഒരു തരത്തിലും കോണ്ടാക്റ്റ് ഇല്ലായിരുന്നു. എന്നാല്‍ അഞ്ച് മാസം മുന്നെ അവളെന്നെ വിളിച്ചു. ബാങ്ക്ലൂരിലെ ഏതോ ആര്‍ട്ട് ഗ്യാലറിയില്‍ പോയപ്പോള്‍ അവിടെക്കണ്ട പഴയൊരു എക്സിബിഷന്‍ ബ്രോഷറില്‍ നിന്നാണ് നമ്പര്‍ കിട്ടിയതെന്നു പറഞ്ഞു”
“എന്നിട്ട്?”
“എന്നിട്ടെന്താ... എല്ലായിടത്തും സംഭവിക്കുന്നതു പോലെ തന്നെ. കുറേ ഏറ്റു പറച്ചിലും, മാപ്പു പറച്ചിലും, കരച്ചിലും...”
“ഹൌ ഈസ് ഷി നൌ?”
“നോ മോര്‍... അവള്‍ ആത്മഹത്യ ചെയ്തു. കൃത്യമായി പറഞ്ഞാല്‍ എനിയ്ക്ക് ഫോണ്‍ ചെയ്തതിന്റെ പിറ്റേന്ന്”
“വാട്ട്?”
“സ്ലീപ്പിംഗ് പില്‍‌‌സ് ആയിരുന്നത്രേ...”
“നീ പോയില്ലേ... കാണാന്‍?”
“ഇല്ല. ഞാന്‍ അവളെ അവസാനമായി കാണുന്നത് അന്നു ഞങ്ങള്‍ തല്ലിപ്പിരിഞ്ഞതിന്റെ അന്നാണ്”
“അവളുടെ ഫാമിലി?“
“ഭര്‍ത്താവുണ്ട്. രണ്ട് കുട്ടികളും...”

- നിശബ്ദത -

“കഷ്ടമായിപ്പോയി. അതിന്റെ ഡിപ്രഷനിലാണോ നീ കൂട്ടം തെറ്റി മുങ്ങിയത്? സാരമില്ലെടാ... എനിക്കറിയാം നിനക്കത് ശരിക്കും ഷോക്ക് ആയിട്ടുണ്ടാകുമെന്ന്. പക്ഷേ എന്തു ചെയ്യാന്‍? അവള്‍ക്കത്രയേ...”
“അവളൊന്നുമല്ല ഇപ്പോള്‍ എന്റെ പ്രശ്നം”
“പിന്നെ?”
“അതു ഞാന്‍ പറയാം. അതിനു മുന്നെ ആ പെയിന്റിംഗിനെക്കുറിച്ച് നീ ചിലത് അറിയാനുണ്ട്. അതൊരു കഥയാണ്. മാടമ്പിത്തറവാടുകളിലെ മച്ചും, തട്ടിന്‍പുറങ്ങളും എല്ലാക്കാലങ്ങളുടേയും മിത്ത് ആയിരുന്നു. കുടും‌ബത്തിലെ ഭരദേവത, രഹസ്യങ്ങളുടെ വാറോലകള്‍, താവഴി സമ്പത്ത്, എന്തിനേറെ... ഭൂതപ്രേതങ്ങളേയും, ഭ്രാന്തിനേയും വരെ അവര്‍ മച്ചിലൊളിപ്പിച്ചു. അങ്ങനെയുള്ള ഒന്നായിരുന്നു എന്റെ അമ്മയുടെ തറവാട്. ഞങ്ങള്‍ കുട്ടികള്‍ക്കന്ന് നിഷേധിക്കപ്പെട്ട ഇടമായിരുന്നു മച്ചിന്‍ പുറം. എന്റെ കുട്ടിക്കാലത്ത് മച്ചിന്‍ മുകളില്‍ നിന്ന് ചിലമ്പൊച്ചകള്‍ മുഴങ്ങി; കൂടെ പൊട്ടിച്ചിരികളും, ചങ്ങല കിലുക്കങ്ങളും. ചിലമ്പൊച്ചകള്‍ ഭഗവതിമാരുടേതായിരുന്നു. ചങ്ങല കിലുക്കങ്ങളുടേയും, പൊട്ടിച്ചിരികളുടേയും അവകാശി വല്ല്യമ്മാവനും“
“അമ്മാവന്‍?“
“വല്ല്യമ്മാവന്‍... എന്നു വെച്ചാല്‍ എന്റെ അമ്മയുടെ അമ്മാവന്‍. കൊച്ചുരാമന്‍ തമ്പി“
“വാസ് ഹീ...?”
“യെസ്... ഭ്രാന്തായിരുന്നു. ഒരുപാടു രാത്രികളില്‍ എന്റെ – എന്റേതു മാത്രമല്ല ഞങ്ങളുടെയൊക്കെ - ഉറക്കം കെടുത്തിയിരുന്നു ആ ചങ്ങലകിലുക്കങ്ങളും, പൊട്ടിച്ചിരികളും, തേങ്ങിക്കരച്ചിലുകളും. ഞങ്ങള്‍ കുട്ടികള്‍ക്കു കാണാന്‍ കഴിയാത്ത ഏതോ അജ്ഞാത രൂപിയുടെ അശരീരികളായി ആ ശബ്ദങ്ങള്‍. എനിക്കോര്‍മ്മ വെയ്ക്കുമ്പോള്‍ അമ്മാവന് ഏകദേശം എണ്‍പതിനടുത്ത് വയസുണ്ട്. എന്നാല്‍ ആ പ്രായത്തിലും ആരോഗ്യവാനായിരുന്നു അമ്മാവന്‍.”

ഒരു യക്ഷിക്കഥ കേള്‍ക്കുമ്പോള്‍ കുട്ടികളുടെ കണ്ണിലുണ്ടാകുന്ന തിളക്കം ജാസ്മിനില്‍ ആവര്‍ത്തിച്ചു. കൈപ്പത്തികള്‍ വിരലിണ ചേര്‍ത്ത് താടിയ്ക്കു താങ്ങായി വച്ചിരുന്നു. വിരലുകളില്‍ കടും നിറത്തിലുള്ള നെയില്‍ പോളിഷിന്റെ തിളക്കം. മുടി മുറിച്ച് നീളം കുറച്ചിരിക്കുന്നു, അങ്ങിങ്ങായി നരച്ച ചില മുടിയിഴകളെ ചെമ്പിപ്പിച്ചിരിക്കുന്നു, വെയിലത്ത് അലയുന്നതിന്റെയാകണം നിറം അല്‍‌പ്പം കുറഞ്ഞിട്ടുണ്ട്. പക്ഷേ പഴയ രൂപത്തില്‍ നിന്ന് വലിയമാറ്റമൊന്നും അവള്‍ക്കുണ്ടായിരുന്നില്ല.

“എന്നിട്ട് അമ്മാവനെന്തു പറ്റി?”
“ഞാന്‍ കുറച്ചു കൂടി മുതിര്‍ന്നു. ഇപ്പോഴെനിക്ക് മച്ചിന്‍ മുകളില്‍ മുകളില്‍ കയറാം, വല്ല്യമ്മാവനെ കാണാം, ഭക്ഷണം കൊടുക്കാം, തോര്‍ത്തു മുക്കിപ്പിഴിഞ്ഞ് തുടയ്ക്കാം, കുളിപ്പിയ്ക്കാം അതിനൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു. അല്ലെങ്കില്‍ സാവകാശം അതൊക്കെ എന്റെ ഉത്തരവാദിത്വമായി മാറി“
“ആളെങ്ങനെ... വയലന്റ് ആയിരുന്നോ?“
“ഏയ്... പുള്ളിക്കാരന്‍ ഒരിക്കലും ഉപദ്രവകാരിയായിരുന്നില്ല. രാത്രികളില്‍ മാത്രം ഒച്ച വെച്ച് അലറിവിളിക്കാറുള്ള അമ്മാവന്‍, പകല്‍ നേരങ്ങളില്‍ ഒരു കുഞ്ഞിനെപ്പോലെ എനിക്കു വഴങ്ങി. ഒഴിവു കിട്ടുമ്പോഴൊക്കെ ഞാന്‍ അമ്മാവനോട് സംസാരിച്ചുകൊണ്ടേയിരിക്കും. തിരിച്ചൊരക്ഷരം മിണ്ടാറില്ല. ഇടയ്ക്ക് രണ്ടോ, നാലോ വരി കവിത ചൊല്ലും. എനിയ്ക്ക് എത്ര ആലോചിച്ചാലും അര്‍ത്ഥം പിടികിട്ടാത്ത വിധം അപൂര്‍ണ്ണങ്ങളായ ചില കവിതാ ശകലങ്ങള്‍“
“അപ്പോള്‍ നിനക്കു കൂട്ടിന് പറ്റിയ കക്ഷി തന്നെ. നിന്റെ പെയിന്റിംഗ് കണ്ടാലും എനിക്കൊന്നും മനസിലാകാറില്ല. അതു പോട്ടെ, ബാക്കി പറ”
“തറവാട്ടിലെ ഇളയ കുട്ടികള്‍ വലിച്ചിഴച്ചു കളിക്കുന്നതിനിടെയാണ് ആ തകരപ്പെട്ടി ഞാന്‍ ശ്രദ്ധിച്ചത്. അതായിരുന്നു തുടക്കം. അമ്മാവന്റെ പഴയ പെട്ടിയാണതെന്ന് അമ്മ പറഞ്ഞു. താഴിട്ടു പൂട്ടിയിരുന്നു. ഞാനത്
തല്ലിത്തുറന്നു“
“നിധി കിട്ടിയോ?”

“ഒരു ജോഡി കാക്കി യൂണിഫോം
നാലഞ്ച് വെള്ളിമെഡലുകള്‍
ഒരു വേള്‍ഡ് മാപ്പ്
ഒരു വെങ്കല സ്വസ്തിക മുദ്ര
അഗ്രം ചളുങ്ങിയ ഒരു ബുള്ളറ്റ്, ഒരുപക്ഷേ ഉപയോഗിച്ചത്
ഒരു മഷിപ്പേന
വര്‍ഷങ്ങളോ, മാസങ്ങളോ, തിയ്യതികളോ രേഖപ്പെടുത്താതെ ഡയറിക്കുറിപ്പുകള്‍ പോലെ എന്തൊക്കെയോ എഴുതിയ ഒരു പുസ്തകം. അതില്‍ ജീവിതത്തിന്റെ ചെറിയ ഏടുകള്‍, ചരിത്രത്തിന്റെ കുറിപ്പുകള്‍, കുറേ കവിതാ ശകലങ്ങള്‍...“
“ഇതിപ്പോള്‍ അലാവുദീന് ജിന്നിനെ കിട്ടിയതുപോലെ ആയല്ലോ”
“തീര്‍ച്ചയായും. എന്നെ സംബന്ധിച്ചിടത്തോളം, അത് മറ്റൊരു കാലത്തിലേക്കുള്ള താക്കോലായിരുന്നു. ഒരു പറക്കും പരവതാനി. തറവാട്ടില്‍ ആര്‍ക്കും തന്നെ വല്ല്യമ്മാ‍വന്റെ ചെറുപ്പ കാലത്തെക്കുറിച്ച് വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. നാടു വിട്ട് എവിടൊക്കെയോ അലഞ്ഞു തിരിഞ്ഞ് അവസാനം ഭ്രാന്തായി തിരിച്ചു വന്നു എന്നു മാത്രമാണ് അവര്‍ക്ക് അറിയാമായിരുന്നത്. പെട്ടിയില്‍ നിന്നു കിട്ടിയ അവശിഷ്ടങ്ങളുമായി ഞാന്‍ അന്വേഷണം ആരംഭിച്ചു“
“എന്നിട്ടു വല്ല തുമ്പോ, തുരുമ്പോ കിട്ട്യോ?”

“പിന്നല്ലാതെ. കിട്ടിയ വിവരങ്ങള്‍ ഇത്ര മാത്രം.
അമ്മാവന്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി വളണ്ടിയറായിരുന്നു
മെഡലുകള്‍ സൈനിക സേവന പ്രതിഫലങ്ങള്‍
വെങ്കല സ്വസ്തികം, രണ്ടാം ലോകമഹായുദ്ധ നാസിമുദ്ര
ഉപയോഗിച്ചതെന്ന് കരുതാവുന്ന ഈയബുള്ളറ്റ് *ഗെസ്റ്റപ്പോകളുടേത്

മാന്ത്രിക പരവതാനി വായുവിലൂടെ അതിവേഗത്തില്‍ സഞ്ചാരമാരംഭിച്ചു. നല്ലൊരു കവിയായിരുന്നു അമ്മാവന്‍. ഡയറിയിലെ ജീവിതത്തിന്റെ ഏടുകളില്‍ ഒരു പാടു പരത്തി പറയേണ്ട കാര്യങ്ങള്‍ മൂന്നോ, നാലോ വരികളില്‍ കവിതയായി അടക്കം ചെയ്തിരുന്നു. ആ പുസ്തകത്തില്‍ നിന്ന് അങ്ങേരുടെ ജീവിതച്ചുരുക്കം തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞു. നിനക്ക് എത്രത്തോളം ചരിത്രബോധം ഉണ്ടെന്ന് എനിക്കറിയില്ല. ചെമ്പകരാമന്‍ പിള്ള എന്നൊരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വിപ്ലവകാരിയായ ചെമ്പകരാമന്‍. സായിപ്പിന്റെ പേടിസ്വപ്നമായ എംഡന്‍ എന്ന മുങ്ങിക്കപ്പലിലെ സമര്‍ത്ഥനായ പോരാളി”
“അത് നിന്റെ വല്ല്യമ്മാവനായിരുന്നോ?“
“അല്ല. അത് ചെമ്പകരാമനായിരുന്നു, ചെമ്പകരാമന്‍ പിള്ള. എന്റെ അമ്മാവന്‍ അങ്ങേരുടെ സഹായിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ആയിരുന്ന പാവം കൊച്ചുരാമന്‍ തമ്പി. വല്ല്യമ്മാവന്റെ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് ഞാന്‍ ചെമ്പകരാമനെ മനസിലാക്കിയത്. ചെറുപ്പത്തിലേ നാടുവിട്ട ചെമ്പകരാമന്‍ ആസ്ട്രിയയിലും, ജെര്‍മ്മനിയിലും ഒക്കെയാണ് പഠിപ്പ് പൂര്‍ത്തിയാക്കിയത്. ചെമ്പകരാമനും, സരോജിനി നായിഡുവിന്റെ ജേഷ്ഠന്‍ വീരേന്ദ്രനാഥ് ചതോപാദ്യായയും , സ്വാമി വിവേകാനന്ദന്റെ സഹോദരന്‍ ഭൂപേന്ദ്രനാഥ് ദത്തയും ഒക്കെ ചേര്‍ന്നാണ് ബെര്‍ളിനില്‍ വെച്ച് ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് കമ്മിറ്റി ഉണ്ടാക്കുന്നത്. കാബൂളില്‍ സ്ഥാപിച്ച സ്വതന്ത്രഭാരത സര്‍ക്കാര്‍ എന്ന സമാന്തര ഗവണ്മെന്റിലെ മന്ത്രിയായിരുന്നു ചെമ്പകരാമന്‍. ഒന്നാം ലോകമഹായുദ്ധത്തില്‍ ജെര്‍മ്മനി തോറ്റപ്പോള്‍ ഒരു ഫാക്ടറി തൊഴിലാളിയായി സ്വയം ഒതുങ്ങിക്കൂടി. ആ കാലത്താണ് നേതാജി സുബാഷ് ചന്ദ്രബോസിനോടൊപ്പം എന്റെ വല്യമ്മാവന്‍ ജെര്‍മ്മനിയിലെത്തുന്നത്. ആസാദ് ഹിന്ദു ഗവണ്മെന്റിന്റെ തുടക്കം അങ്ങനെയായിരുന്നു. അന്നു മുതല്‍ അമ്മാവന്‍ ചെമ്പകരാമന്റെ കൂട്ടാളിയായി, മനസാക്ഷി സൂക്ഷിപ്പുകാരനായി. അവരുടെ യാത്രകളും, പ്രവര്‍ത്തനങ്ങളുമെല്ലാം ഒരുമിച്ചായിരുന്നു. ജപ്പാന്റേയും, ജെര്‍മ്മനിയുടേയും സഹായത്താല്‍ ഒരുനാള്‍ അറബിക്കടലിന്റെ തീരത്തേയ്ക്ക് തങ്ങള്‍ നാവികവ്യൂഹം ഒരുക്കുമെന്നും, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കാവല്‍ ഭടന്മാരെ എതിര്‍ക്കുമെന്നും നീലക്കടല്‍ നോക്കി സ്വപ്നം കാണുകയും, ചക്രവാളം സാക്ഷിയാക്കി പ്രതിജ്ഞയെടുക്കുകയും ചെയ്തവര്‍...

രണ്ടാം ലോകമഹായുദ്ധത്തില്‍ അവര്‍ ജെര്‍മ്മനിയോടൊപ്പം ചേര്‍ന്ന് ബ്രിട്ടനെതിരെ യുദ്ധം ചെയ്തു. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഇന്ത്യാ വിമോചന പ്രസ്ഥാനത്തെ വെറും രണ്ടാം തരക്കാരായാണ് ജെര്‍മ്മന്‍ സേന കണ്ടിരുന്നത്. യുദ്ധത്തില്‍ തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയതോടെ ഇരുകൂട്ടരും തമ്മിലുള്ള ഉരസലുകള്‍ ശക്തമാകാന്‍ തുടങ്ങി. ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും സ്വയം ഭരിക്കാന്‍ പക്വതയായിട്ടില്ലെന്ന ഹിറ്റ്ലറുടെ പ്രസ്ഥാവനയ്ക്കെതിരെ ചെമ്പകരാമന്‍ ശബ്ദമുയര്‍ത്തി. ഹിറ്റ്ലറുടെ എല്ലാതരം ആശയങ്ങളുമായും യോജിക്കാന്‍ അവര്‍ക്കായില്ല. രണ്ടാം ലോകമഹായുദ്ധമെന്നത് ജപ്പാന്റെ അഹന്തയും, ഇറ്റലിയുടെ യുദ്ധക്കിറുക്കും, ജെര്‍മ്മനിയുടെ ആര്യന്‍ മേധാവിത്വവും സ്ഥാപിക്കാനുള്ള വേദിയല്ലെന്നും; ലോകത്തെ ചൂഷണം ചെയ്യുന്ന ചാലകശക്തികളൂടെ ശാക്തീകരണത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന തരത്തിലുള്ളതാകണമെന്നും; കോളനിവല്‍ക്കരണത്തിന് എതിരാനെതിരാകണമെന്നും അദ്ദേഹം വാദിച്ചു. ഹിറ്റ്ലര്‍ മാപ്പു പറയുന്നതു വരെ ശക്തമായ പ്രചാരണങ്ങള്‍ നടത്തി. സ്വാഭാവികമായും നാസികള്‍ ചെമ്പകരാമനെതിരായി, അതും യുദ്ധകാലത്ത് ഒരു വിദേശരാജ്യത്ത്. ..

ചെമ്പകരാമന്‍ ഗെസ്റ്റപ്പോകളുടെ നോട്ടപ്പുള്ളിയായി ജെര്‍മ്മന്‍ തെരുവുകളിലലഞ്ഞു. അദ്ദേഹം എല്ലാം തുറന്നു പറഞ്ഞിരുന്നത് വല്ല്യമ്മാവനോട് മാത്രമായിരുന്നു. ഒരിക്കല്‍ ബെര്‍‌ളിനിലെ ഏതോ തെരുവില്‍ വെച്ച് പഴക്കൂടകള്‍ക്കിടയില്‍ നിന്ന് ആരോ ചെമ്പകരാമനെ വെടിവച്ചു. ഉന്നം തെറ്റി ഒരു കല്‍ത്തറയിലിടിച്ചുനിന്ന അഗ്രം ചളുങ്ങിയ ആ ഈയ ബുള്ളറ്റിലുണ്ടായിരുന്ന സ്വസ്തികചിഹ്നം അതിനെ ഉറവിടത്തെ ഒറ്റിക്കൊടുത്തു. അത് നാസി ഗെസ്റ്റപ്പോകളുടെ ബുള്ളറ്റായിരുന്നു. അമ്മാവനത് സൂക്ഷിച്ചുവച്ചു. രണ്ടുപേരും


ഈ വിവരങ്ങളൊന്നും തന്നെ മറ്റാരോടും പറഞ്ഞിരുന്നില്ല. ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് തങ്ങള്‍ മൂലം ഉടച്ചിലുകളുണ്ടാകരുതെന്ന് അവര്‍ ആഗ്രഹിച്ചിരിക്കണം. തങ്ങള്‍ക്കു നിരക്കാത്ത ആശയങ്ങളും, കോണ്‍‌സെണ്ട്രേഷന്‍ ക്യാമ്പുകളിലെ രോദനങ്ങളും ചേര്‍ന്നു മനം മടുപ്പിച്ച ജര്‍‌മ്മന്‍ ദിനങ്ങളില് അമ്മാവനെഴുതി
ഞാന്‍ അശാന്തന്‍...
മരണ ഫാക്ടിറികളില്‍
നിസ്സം‌ഗതയാം പാപം ഗ്രഹിച്ച്
ജൂതപ്പുക ശ്വസിച്ച്
കാസരോഗിയായി മരിച്ചുതീരുന്നവനാം
ധീരാദര്‍ശ വികടന്‍...

ഹിറ്റ്ലറുടെ പകയും, നാസികളുടെ ബുദ്ധിയും ചെമ്പകരാമനെതിരെയായി. ഗെസ്റ്റപ്പോകള്‍ മിടുക്കരായിരുന്നു. അവര്‍ ചെമ്പകരാമനില്‍ അരിച്ചരിച്ചു വരുന്ന മരണത്തിനായി ഭക്ഷണത്തില്‍ ആഴ്സനിക് പോയ്സനിംഗ് നടത്തി. ചെമ്പരാമന്‍ അസുഖക്കാരനായി. പ്രഷ്യയിലെ ഒരു ഹോസ്പിറ്ററ്റിലായിരുന്നു അവസാനകാലം; കൂട്ടിന് അമ്മാവനുമുണ്ടായിരുന്നു. ആഴ്സനിക് പോയ്സനിംഗ് ചെമ്പകരാമനെ സാവധാനത്തില്‍ കൊന്നു എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. മരിക്കുന്നതിന് മുന്നെ ഇന്ത്യയിലെത്തണം എന്ന ചെമ്പകരാമന്റെ ആഗ്രഹം സാധിച്ചില്ല. പക്ഷെ ചെമ്പകരാമന്റെ ചിതാഭസ്മവും കൊണ്ട് അമ്മാവന്‍ നാട്ടിലെത്തി.“


“അതിന് ശേഷം അമ്മാവന്‍?”
“ആ പഴഞ്ചന്‍ പുസ്തകത്തിലെ കുറിപ്പുകളും, കവിതകളും എക്സ്പ്ലോര്‍ ചെയ്ത് അങ്ങേരുടെ ജീവിതത്തിന്റെ ചിതറിക്കിടക്കുന്ന ജിഗ്‌സോ-പസില്‍ കഷ്ണങ്ങള്‍ നേരെയാക്കാനുള്ള ശ്രമം തുടങ്ങി ഞാനെന്ന ടീനേജ് ഡിറ്റക്റ്റീവ്. പുസ്തകത്തില്‍ നിന്നും ഞാന്‍ വായിച്ച കാര്യങ്ങള്‍, എന്റെ ഭാവനയും ചേര്‍ത്ത് ഓരോ ദിവസവും അമ്മാവനോട് പറയും. ഒരക്ഷരം പോലും മറുത്തു പറയാതെ അമ്മാവന്‍ അതുമുഴുവന്‍ കേള്‍ക്കും. ഞാന്‍ ഗോവണിപ്പടികള്‍ ഇറങ്ങി താഴേയ്ക്കു വരുമ്പോള്‍ അന്നു സംസാരിച്ച കാര്യങ്ങളുമായി ബന്ധമുള്ള ഒന്നോ,രണ്ടോ വരികള്‍ അങ്ങേര് പാടുമായിരുന്നു. അങ്ങനെയാണ് അമ്മാവന്റെ പഴയ പ്രണയം ഞാന്‍ കണ്ടുപിടിച്ചത്“
“ഹോ ഇതിനിടയില്‍ അതും ഉണ്ടോ? വല്ല ജെര്‍മ്മന്‍ സുന്ദരിമാരുമാണോ?”
“ഏയ്...അല്ല പെങ്ങളേ.. ഇത് അമ്മാവന്‍ ഐ.എന്‍.എയില്‍ ചേരുന്നതിനും, നാടും വിടുന്നതിനും ഒക്കെ മുന്നെയാണ്. തറവാട്ടില്‍ പുറം പണിയ്ക്കോ മറ്റോ വന്നിരുന്ന ഒരു താഴ്ന്ന ജാതിക്കാരി പെണ്ണുമായി അങ്ങേര്‍ക്ക് അടുപ്പം ഉണ്ടായിരുന്നു. വിവരം അറിഞ്ഞ കാരണവന്‍‌മാര്‍ അവരുടെ കുടിയ്ക്ക് തീവച്ച് നാട്ടില്‍ നിന്നു തന്നെ ഓടിച്ചു.. ഈ കഥ അമ്മാവനോട് വിവരിച്ച് മച്ചില്‍ നിന്നിറങ്ങുമ്പോള് അങ്ങര് പാടി.
ഞാന്‍ അശാന്തന്‍...
പറയച്ചെണ്ടയുടെ ചാപ്പും പൊത്തും കേട്ട്
അദിമദ്ധ്യാന്തങ്ങളുടെ
ആണിക്കല്ലിളകിയവനെന്ന
ആഭാസപ്പേരു കേട്ടവന്‍...

ആ സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി കലഹിച്ചാണ് അമ്മാവന്‍ നാടുവിടുന്നത്. ചുറ്റിത്തിരിയുന്നതിനിടയില്‍ ചെമ്പകരാമനെ കണ്ടുമുട്ടുന്നു. പിന്നീട് അവരെപ്പോഴും ഒരുമിച്ചായിരുന്നു. മുങ്ങിക്കപ്പലുകളില്‍ മുങ്ങാംകുഴിയിട്ട കടല്‍ ജീവിതത്തിന്റെ നാളുകള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു.
ഞാന്‍ അശാന്തന്‍...
കരയുന്ന കടലിന്നുപ്പറിയാതെ
കടല്‍ക്കൊട്ടാരത്തിലേയ്ക്കൂളിയെട്ടവനെന്ന
ആഭാസപ്പേരു കേട്ടവന്‍...

ചെമ്പകരാമനുമായുള്ള തീവ്ര സൌഹൃദബന്ധത്തിന്റെ കഥകളും, ജെര്‍മ്മന്‍ യാത്രയും, ചെമ്പകരാമന്റെ മരണവുമെല്ലാം സംസാരിച്ച ദിവസം അമ്മാവനില്‍ ചെറിയ ഭാവമാറ്റങ്ങള്‍ ഉണ്ടാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഗോവണിയിറങ്ങി വരുമ്പോള്‍ കേട്ടത്
ഞാന്‍ അശാന്തന്‍...
വയറു പിളര്‍ന്നലറുന്ന
ധീരനാം പോരാളിയ്ക്ക്
കൈഷാകുവായവനെന്ന
ആഭാസപ്പേരു കേട്ടവന്‍..“

“കൈഷാകു... അത് തന്നെ അല്ലേ നിന്റെ പെയിന്റിംഗിന്റെ പേര്?”
“അതേ... കൈഷാകു. അതൊരു ജര്‍മ്മന്‍ പദമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ഞാനറിഞ്ഞു അതൊരു ജാപ്പനീസ് വാക്കാണ്. നീ ഹരകിരിയെക്കുറിച്ച് കേട്ടിട്ടില്ലേ?”
“പഴയ ജാപ്പനീസ് സാമുറായി പോരാളികള്‍ കത്തികൊണ്ടോ മറ്റോ വയറു കുത്തിക്കീറി ആത്മഹത്യ ചെയ്യുന്നതല്ലേ അത്?”
“യെസ്... പക്ഷേ വയറില്‍ കുത്തിയാല്‍ പെട്ടെന്ന് മരണം സംഭവിക്കില്ല. കുടല്‍ പുറത്തു ചാടി, ചോര പരന്ന നിലത്തു പിടയുന്ന വീരനായ സാമുറായ് പോരാളിയ്ക്ക് പെട്ടെന്നു തന്നെ മരണം കൊടുക്കാനായി, അയാളുടെ തല വെട്ടാനായി കൂടെ നില്ക്കുന്ന മരണസഹായിയാണ് കൈഷാകു“
“മെഴ്സി കില്ലര്‍?”
“ഉം... ഏകദേശം അതുതന്നെ. പുസ്തകത്തില്‍ അമ്മാവന്‍ എഴുതാത്ത കഥകള്‍ ഞാന്‍ മെനയാന്‍ തുടങ്ങി. കൈഷാകു എന്ന് അമ്മാവന്‍ സ്വയം വിശേഷിപ്പിക്കണമെങ്കില് ഒരു ദയാവധം നടക്കേണ്ടതുണ്ട്. വയറു പിളര്‍ന്നലറുന്ന ധീരനായ ആ പോരാളി ആരായിരിക്കും? ആഴ്സനിക് പോയ്സനിംഗിന്റെ അവസാന ഘട്ടത്തില്‍ ആശുപത്രി കിടക്കയില്‍ കിടന്നു പുളയുന്ന ചെമ്പകരാമന്റെ രൂപം എന്റെ മനസ്സില്‍ തെളിയാന് തുടങ്ങി. അങ്ങനെയെങ്കില്‍ അത് അമ്മാവന്‍ തന്നെയായിരിക്കണം... കൈഷാകു”
“ഒരുമാതിരി ചത്തത് കീചകനെങ്കില്‍ ലോജിക്ക്...”

“സാധാരണയായി രാത്രികളില്‍ ആരും തന്നെ വല്ല്യമ്മാവന്റെ അടുത്തു പോകാറില്ല. കാരണം അങ്ങേരു കൂടുതല്‍ പ്രശ്നം കാണിക്കാറുള്ളത് രാത്രികളിലാണ്. പക്ഷേ, അന്നു രാത്രിയില്‍ ഗോവണിപ്പടികള്‍ ചാടിക്കയറി ഞാന്‍ അമ്മാവനടുത്തെത്തി.
ചെമ്പകരാമന് എങ്ങിനെ മരിച്ചു? കൊന്നത് അമ്മാവനായിരുന്നോ? എങ്ങിനെയാണ് കൊന്നത്?
എന്റെ ചോദ്യം കേട്ടപ്പോള്‍ -അലക്ഷ്യമായി എവിടെയോ പതിച്ചിരുന്ന ആ കണ്ണുകളില്‍- പൊടുന്നനെയുണ്ടായ ചലനം എന്റെ ധാരണയെ ഉറപ്പിക്കുന്നതായിരുന്നു. കീറപ്പായയില്‍ നിന്ന് അമ്മാവന്‍ തന്റെ പിഞ്ഞിത്തുടങ്ങിയ മുഷിഞ്ഞ പരുത്തി തലയിണയെടുത്ത് എന്റെയടുത്തേയ്ക്കു വന്നു. എന്റെ മുഖത്ത് തലയിണ ചേര്‍ത്തു വെച്ചു. സാവധാനത്തില്‍ ബലം പ്രയോഗിക്കാന്‍ തുടങ്ങി. എനിയ്ക്ക് ശ്വാസം കിട്ടാതെയായി. ഞാന്‍ അമ്മാവനെ ഒരുവിധത്തില്‍ തള്ളിമാറ്റി. പിടിയ്ക്കപ്പെട്ട ഒരു കുറ്റവാളിയുടെ മുഖഭാവം അങ്ങേരുടെ മുഖത്ത് കാണാമായിരുന്നു. ചങ്ങലയുമിഴച്ചുകൊണ്ട് മച്ചിലെ ഇരുണ്ട ഒരു കോണില്‍ കൂനിക്കൂടിയിരുന്ന് ഒച്ചയില്ലാതെ കരയാന്‍ തുടങ്ങി. എനിയ്ക്ക് തീര്‍ച്ചയായി. നടന്നത് കൊലപാതകം തന്നെ, ഒരുതരത്തില്‍ ദയാവധം. ഒരു പക്ഷേ ആ സംഭവമായിരിക്കണം അമ്മാവന്റെ മനസ്സിന്റെ സമനില തെറ്റിച്ചത്. പുസ്തകത്തിന്റെ അവസാന താളിലും , അന്നു രാത്രി മച്ചിലും മുഴങ്ങിയത് ഒരേ കവിതാ ശകലങ്ങള്‍
ഞാല്‍ അശാന്തന്‍...
ഒരു നീളന്‍ തുടലിന്റെ
കരച്ചിലിന്നറ്റത്തു നിന്ന്
പെരുവിരലിലൂടരിച്ചെത്തും
തണുപ്പാകുന്നു ഭ്രാന്ത്...“

“താന്‍ പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ എന്തായിരുന്നു അങ്കിളിന്റെ പിന്നീടുള്ള റിയാക്ഷന്‍?
“അത് അപ്രതീക്ഷിതമായ ഒന്നായിരുന്നു. കൈത്തണ്ടയിലെ ഞരമ്പുകള്‍ കടിച്ചു മുറിച്ച്, മച്ചാകെ ചോരക്കളമാക്കി, അതില്‍ മരിച്ചു മരവിച്ച് കിടക്കുന്ന ഒരു പോരാളിയെയാണ് പിറ്റേന്ന് എനിക്കു കാണാന്‍ കഴിഞ്ഞത്. കൈഷാകുവില്‍ നിന്ന് സാമുറായിയിലേക്കുള്ള മാറ്റം.“
“അപ്പോള്‍ ആ സീന്‍ ആയിരുന്നു നിന്റെ പെയിന്റിംഗ്, അല്ലേ? “
“അതേ...“
“എന്നിട്ട്?”
“സാവധാനത്തില്‍ എല്ലാവരും അമ്മാവനെ മറന്നു. തറവാട് ഭാഗം ചെയ്തു. ഞാന്‍ ഈ നഗരത്തിലെത്തി. പിന്നെ...പഠനം...പ്രണയം... ഒരു പെയിന്റിംഗില്‍ മാത്രമായി എന്റെ ഓര്‍മ്മകളും ഒതുങ്ങി. അന്ന് അമല ആ പെയിന്റിംഗ് നശിപ്പിച്ചെന്നറിഞ്ഞപ്പോള്‍ കാലില്‍ ചങ്ങലയില്ലെങ്കിലും, എനിക്ക് മുഴുത്ത ഭ്രാന്തായിരുന്നു. അത്ര വൈ‌ല്‍ഡ് ആയാണ് ഞാന്‍ അവളോട് പെരുമാറിയത്... തല്ലിച്ചതച്ചത്.”
“അതൊക്കെ എന്നേ കഴിഞ്ഞ കാര്യങ്ങളാണ്. ഇപ്പോള്‍ എന്തിനാണതൊക്കെ....”
“മൂന്നു മരണങ്ങളുടെ രഹസ്യവും പേറിയാണ് ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത്. അതെല്ലാം കൂടി എന്നെ ഭ്രാന്തനാക്കുന്നുണ്ട് ”
“അതെങ്ങനെ?”
“ചെമ്പകരാമനെ കൊന്നത് അമ്മാവനാണ്. അമ്മാവന്റെ മരണത്തിന് പരോക്ഷമായ ഉത്തരവാദി ഞാനാണ്“
“മൂന്നാമത്തേത്?”
“വര്‍ഷങ്ങള്‍ക്ക് ശേഷം അമല വിളിച്ചയന്ന് ഈ കഥകളെല്ലാം ഞാന്‍ അവളൊടു പറഞ്ഞു. അത്രമാത്രം അറ്റാച്ച്മെന്റ് ആ പെയിന്റിംഗിനോട് ഉണ്ടായിരുന്നതു കൊണ്ടാണ് അന്ന് അവളോട് അങ്ങനെയൊക്കെ പെരുമാറിയതെന്ന് ഏറ്റു പറഞ്ഞു. അതിന്റെ പിറ്റേന്നാണ്...”
“ഓക്കേ..ഓക്കേ.. മനസിലാകുന്നുണ്ട്. പക്ഷേ ബാലൂ, ഇതിനൊക്കെ നീ മാത്രമാണ് ഉത്തരവാദിയെന്ന് എങ്ങനെ പറയാനാകും? ചെമ്പകരാമന്റെ കൊലപാതകമെന്നത് നിന്റെ വെറും ഊഹം മാത്രമാണ്. ഭ്രാന്തു മൂത്ത് വല്ല്യമ്മാവന്‍ സൂയിസൈഡ് ചെയ്തതിന് നീ എങ്ങനെ ഉത്തരവാദിയാകും? പിന്നെ അമല... അവളുടെ ഫാമിലിയില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ, എന്തുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ നിന്റെ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചത് എന്നൊന്നും നമുക്കറിയില്ലല്ലോ“
“ഭൂതകാലത്തെ ഒരു ചെറിയ ചെപ്പിലൊളിപ്പിച്ചു കടലിലെറിഞ്ഞ്, ഭ്രാന്തിന്റെ പ്യൂപ്പയില്‍ സുരക്ഷിതമായി ഉറങ്ങുന്ന അമ്മാവനെ ഒരു പുഴുവിനെപ്പോലെ ചവിട്ടിയരച്ചു കൊന്നത് ഞാനാണ്. എന്നോടുള്ള വെറുപ്പു കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്ന അമലയോട് എല്ലാം ഏറ്റു പറഞ്ഞതും എന്റെ തെറ്റ്. നീ പറഞ്ഞതു പോലെ അവള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ, പെട്ടെന്നുള്ള ഒരു മരണത്തിനായി അവള്‍ എന്റെ സഹായം തേടിയതാണെങ്കിലോ? വര്‍ഷങ്ങള്‍ക്കു ശേഷം, എനിക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ഒരു മരണസയാഹം...”

- നിശബ്ദത -

“ഒരു രഹസ്യത്തിനും അതിക നാള്‍ മറഞ്ഞിരിക്കനാവില്ല ജാസ്മിന്‍... മാത്രമല്ല, ഗെസ്റ്റപ്പോകള്‍ സമര്‍ത്ഥരാണ്. സ്ലോ പോയ്സനിംഗിലൂടെ ചെമ്പകരാമനെ കൊന്നത് അവരാണെന്നും, കൊച്ചുരാമന് തമ്പി ഏതോ കോണ്‍സണ്ട്രേഷന്‍ ക്യാമ്പില്‍ കിടന്നു മരിച്ചെന്നുമാണ് അവര്‍ ധരിച്ചിരുന്നത്. അതൊന്നും സത്യമല്ലെന്ന് അറിയാവുന്ന ഏകവ്യക്തി ഞാന്‍ മാത്രം. അവര്‍ എന്നെ വിടുമോ? ഇല്ല...പിന്തുടരുക തന്നെ ചെയ്യും. അതു തുടങ്ങിക്കഴിഞ്ഞു. രാത്രികളില്‍... ഉറക്കത്തില്‍ ഇടയ്ക്കെല്ലാം ആരൊക്കെയൊ ചേര്‍ന്ന് എന്റെ മുഖത്ത് തലയിണയമര്‍ത്തുന്നു. ശ്വാസം കിട്ടാതെ ഞാന്‍ നിലനിളിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഓടിയൊളിക്കുന്നു. നിനക്കറിയാമോ, ഇപ്പോള്‍ ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിലും, കുടിയ്ക്കുന്ന വെള്ളത്തിലുമെല്ലാം ആഴ്സനിക്ക് ചുവയ്ക്കുന്നുണ്ട്. ചിലപ്പോള്‍ എന്റെ തടി കൂടാനും അതായിരിക്കും കാരണാം, അല്ലേ? അമ്മാവന്റെ ഭാഷയില്‍ പറഞ്ഞാല്‍
ഞാന്‍ അശാന്തന്‍...
ആഭാസപ്പേരു കേട്ടവന്‍...“

“ബാലൂസേ... നീ അല്‍‌പ്പം സ്കീസോഫ്രീനിക്കാണെന്ന് പണ്ടേ എനിയ്ക്കു തോന്നിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇത്രത്തോളമായത് ഞാനറിഞ്ഞില്ല മകനേ. യൂ നീഡ് സം ട്രീറ്റ്മെന്റ് മാന്‍. നീ ടൌണില്‍ തന്നെ കാണുമല്ലോ. ഒരു കാര്യം ചെയ്യ് നാളെ നമുക്ക് വീണ്ടും കാണാം. കൂടുതല്‍ സംസാരിക്കാം. വേണമെങ്കില്‍ എന്റെ ഒരു സുഹൃത്തിനെ കാണാം; ഒരു ഡോക്ടര്‍ കുര്യാക്കോസ്. എന്തു പറയുന്നു?”
“എന്നെ പിടിച്ച് ഏതെങ്കിലും അസൈലത്തിലിടാന്‍ ആണോ നിന്റെ ഉദ്ദേശം? ഇനി അതിന്റെ കൂടെ ഒരു കുറവേ ഉള്ളൂ”
“എടാ, ചെറിയ ലെവല്‍ കൌണ്‍സിലിംഗുകള്‍ മാത്രമേ ഞാന്‍ നടത്താറുള്ളൂ. പല കേസുകളും ഡോക്ടേഴ്സിന് റെഫര്‍ ചെയ്യാറും ഉണ്ട്. അതിലെന്താണിത്ര തെറ്റ്?”
“ഇതില്‍ തെറ്റിന്റേയും ശരിയുടേയും പ്രശ്നമൊന്നും അല്ല. എനിക്കെന്തോ....“
“എടാ, നിനക്കെന്നെക്കാളും ബുദ്ധിയുണ്ടെന്നാണല്ലോ വെയ്പ്പ്. ഇതെല്ലാം നിന്റെ തോന്നലുകള് മാത്രമാണെന്ന് ഞാന്‍ പറഞ്ഞിട്ട് വേണോ നീ തിരിച്ചറിയാന്‍. എന്നിട്ടും നിനക്കതീന്ന് രക്ഷപ്പെടാന്‍ പറ്റുന്നില്ലെങ്കില്‍, ചെറിയ രീതിയില്‍ ട്രീറ്റ്മെന്റ് വേണ്ടി വന്നേയ്ക്കും എന്നേ ഉദ്ദേശിച്ചുള്ളു. അല്ലാതെ നീയൊരു...”
“...ഭ്രാന്തനല്ല എന്നല്ലേ? അത്രയും ദയ കാണിച്ചതിന് നന്ദി”
“എടാ പറയുന്നത് അതിന്റെ സെന്‍സില്‍ എടുത്ത് മനസിലാക്ക്. അല്ലാതെ വെറുതേ കയറിയങ്ങ് ബോറാക്കല്ലേ...”
“കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ നിംഹാന്‍സില്‍ ചികിത്സയിലാണ് പെങ്ങളേ. അതോണ്ടൊന്നും വലിയ കാര്യമില്ല...”

- നിശബ്ദത -

“ഭക്ഷണത്തിലെ അരുചിയെ പേടിച്ച് ഒരു ഹോട്ടലില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. പലയിടത്തു നിന്നായി പലതും വാരിത്തിന്നുന്നു. ട്രാങ്കുലൈസെര്‍ ടാബ്ലറ്റുകള്‍ കഴിക്കുന്നു ണ്ടെങ്കിലും രാത്രിയില്‍ ശരിക്കൊന്നുറങ്ങാന്‍ കഴിയുന്നില്ല. മുഖത്ത് ആരെങ്കിലും തലയിണയമര്‍ത്തി ശ്വാസം മുട്ടിച്ചാലോ എന്ന ഭയം. എങ്ങാനും ഒന്നുറങ്ങിപ്പോയാല്‍ സ്വപ്നം കണ്ട് ഞെട്ടിയുണരുകയും ചെയ്യും. ഒരേ സ്വപ്നം ആവര്‍ത്തിച്ചാവര്‍ത്തിച്ച്...”
“അതെന്ത്?”
“ആളൊഴിഞ്ഞ ഒരു കടല്‍ത്തീരമാണ് ഇപ്പോള്‍ സ്ഥിരമായി സ്വപ്നം കാണുന്നത്. കടല്‍ തല തല്ലിക്കരയുന്ന തീരത്ത് ഞാന്‍ ഒറ്റയ്ക്കിരിക്കുകയാണ്. ആഴക്കടലിന്നറ്റത്ത് അസ്തമയ സൂര്യന്‍. അപ്പോള്‍ എനിയ്ക്കു കേള്‍ക്കാം കൊച്ചുരാമന്‍ തമ്പിയുടെ ശബ്ദം.
ഞാന്‍ അശാന്തന്‍...
അവശേഷിപ്പ് നഷ്ടപ്പെട്ട്
ഉയര്‍ത്തെഴുന്നേറ്റവനെന്ന
ആഭാസപ്പേരു കേട്ടവന്‍...
കടല്‍ത്തീരത്തെ പാറക്കൂട്ടങ്ങള്‍ക്കപ്പുറത്തു നിന്നാണ് ശബ്‌ദം. വഴുക്കുന്ന പാറക്കെട്ടുകള്‍ ഓടിക്കയറി നോക്കിയാല്‍ അവിടം ശൂന്യം. തിരികെ കടല്‍ത്തീരത്തേയ്ക്കു വരുമ്പോള്‍ മണലില്‍ സ്വസ്തിക മുദ്രയുള്ള ബൂട്ട്സ് കാലടിപ്പാടുകള്‍, അതിനു തൊട്ടടുത്തായി ചങ്ങലയിഴഞ്ഞ പാട്, അതിനടുത്ത് നഗ്നപാദമുദ്ര. എല്ലാം കടലിലേയ്ക്കു നീണ്ടു ചെല്ലുന്നു. കാലടിപ്പാടുകള്‍ വീണ്ടും മുന്നോട്ട്...
കാലടികളുടെ എണ്ണം നാലില്‍ നിന്ന് രണ്ടിലേയ്ക്ക്.
ഒന്ന് ബൂട്ട്‌സിന്റേത്, അടുത്തത് നഗ്നപാദമുദ്ര...
രണ്ടില്‍ നിന്ന് ഒന്നിലേയ്ക്ക്...
നഗ്നപാദമുദ്രയ്ക്കു മുകളില്‍ സ്വസ്തികചിഹ്നം...
വീണ്ടും മുന്നോട്ട്...
പിന്നെ കാലടിപ്പാടുകള്‍ കാണുന്നേയില്ല. തിരകള്‍ എല്ലാം മായ്ച്ചു കളഞ്ഞിരിക്കണം. എന്നാല്‍ തീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ചങ്ങല മാത്രം ബാക്കിയായുണ്ട്.
ഞാന്‍ അശാന്തന്‍...
ആത്മാവ് നഷ്ടപ്പെട്ട്
ആത്മസ്വരൂപനെന്ന
ആഭാസപ്പേരു കേട്ടവന്‍...
എന്തൊക്കെ മറഞ്ഞാലും, കൊച്ചുരാമന്‍ രാമന്‍ തമ്പി നിര്‍ത്താതെ ചൊല്ലുകയാണ്... അപ്പോഴേയ്ക്കും ഞാന്‍ ഞെട്ടിയുണരും”

- നിശബ്ദത -

“മരിക്കുന്നതിന്റെ തലേന്ന് അമല വിളിച്ചപ്പോള്‍, നിന്നെക്കുറിച്ചും കുറെ സംസാരിച്ചിരുന്നു. നമ്മുടെ സൌഹൃദത്തിലും, പിന്നെ നിന്റെ മുടിഞ്ഞ സൌന്ദര്യത്തിലും അവള്‍ക്കുണ്ടായിരുന്ന അസൂയക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നിപ്പോയി. കാലം കുറെ കഴിഞ്ഞെങ്കിലും ആരും കാര്യമായി മാറിയിട്ടൊന്നും ഇല്ല. അവളും, ഞാനും, നീയും ഒന്നും.... അല്ലേ?”
“ഉം... ദേ നേരം ഇരുട്ടിത്തുടങ്ങി. എന്താ നിന്റെ പരിപാടി? വീട്ടിലേക്ക് വരുന്നുണ്ടോ, അതോ?”
“ഇല്ല. ഞാന്‍ ഹോട്ടല്‍ റൂമിലേയ്ക്കു പോകുന്നു. ഇന്നലെ തിരുവനന്തപുരത്തു വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്തുണ്ട് കൂടെ“
“അതു ശരി. അപ്പോള്‍ ഇന്നലെ മുഴുവന്‍ പപ്പനാവന്റെ മണ്ണില്‍ കെടന്നു അവളോടൊപ്പം പാപം ചെയ്യുകയായിരുന്നല്ലേ?”
“അയ്യോ! അവളല്ല അവനാണ്, പോരേ? ഒരു ആര്‍ട്ട് കണ്‍സള്‍ട്ടന്റ്. ചെറിയൊരു ഡീല്‍ ഉറപ്പിക്കാന്‍ വേണ്ടിയാണ്. അപ്പോള്‍ ശരി ബൈ...”
“ശരി..ശരി.. ഞാന്‍ എല്ലാം വിശ്വസിച്ചിരിക്കുന്നു. പിന്നേയ്, നിന്റെ കറക്കവും, തിരക്കും ഒക്കെ തീര്‍ന്നു ഇങ്ങ് വന്നേക്കണം. പഴയതു പോലെ കാടാറുമാസം മുങ്ങിക്കളയരുത്. ബൈ..“
“ഇല്ല.. ബൈ..”

ഇരുവശത്തും വലിയ മരങ്ങള്‍ നിരന്ന വഴിയിലൂടെ നടന്നു മറയുന്നതിടെ അവള്‍ പലതവണ തിരിഞ്ഞു നോക്കിയെങ്കിലും മുഖത്തുണ്ടായിരുന്ന ഭാവം തിരിച്ചറിയാന്‍ കഴിഞ്ഞില്ല; ഇരുട്ട് മറ വീഴ്ത്തിയിരുന്നു. പാര്‍ക്കിലെ ബെഞ്ചില്‍ നിന്നെഴുന്നേറ്റു നടന്നു. നടപ്പാത കടന്ന് മെയിന്‍ റോഡിലെത്തി. അല്‍‌പ്പം അകലെയായി പാര്‍ക്കു ചെയ്തിരുന്ന കാലി ഓട്ടോറിക്ഷയ്ക്കടുത്തേക്കു നടന്നു.
“പോകാം”
“എങ്ങോട്ടാ?”
“ഹോട്ടല്‍ സിദ്ധാര്‍ത്ഥ”
 *
നാലുവഴികളുള്ള ജങ്ഷനിലെ ട്രാഫിക് സിഗ്നലില്‍ പെട്ടു കിടക്കുകയായിരുന്നു ജാസ്മിന്‍. പാര്‍ക്കില്‍ വെച്ച് ബാലുവിനെ പിരിഞ്ഞ ശേഷം സ്കൂട്ടറില്‍ വീട്ടിലേയ്ക്കു തിരിക്കുമ്പോള്‍ ആകസ്മികമായ ചില ഓര്‍മ്മകളുടെ ഇടപെടലുകളാല്‍ അസ്വസ്ഥയായിരുന്നു അവള്‍. ചുവപ്പില്‍ മിന്നുന്ന ട്രാഫിക് സിഗ്നലിലേയ്ക്കു നോക്കിക്കൊണ്ട് -തീരത്തു ചത്തു കിടക്കുന്ന കടലാമയുടെ അരികെയിരുന്ന് കരയുന്ന ഒരു പെണ്‍കുട്ടിയെ താന്‍ സ്ഥിരമായി സ്വപ്നം കാണാറുണ്ടായിരുന്ന- ഒരു കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ ആയാസപ്പെട്ടു ശ്രമിച്ചു. വായില്‍ നിന്ന് കൊഴുത്ത ദ്രാവകം ഒലിപ്പിച്ച് ചത്തു കിടക്കുന്ന കടലാമ, കലങ്ങിമറിഞ്ഞ കണ്ണുകള്ള പെണ്‍കുട്ടി, ഉപ്പുകാറ്റടിച്ച് പാറുന്ന നീളന്‍ മുടിയിഴകള്‍.. അങ്ങനെ ചിതറിത്തെറിച്ച ചില അവശേഷിപ്പുകള്‍ മാത്രമാണ് ഓര്‍മ്മയിലുണ്ടായിരുന്നത്.

എന്നാല്‍ കടല്‍ത്തീരത്തേയ്ക്കു ചെന്ന് അപ്രത്യക്ഷമാകുന്ന കാലടികളെക്കുറിച്ചുള്ള ബാലുവിന്റെ സ്വപ്നത്തെക്കുറിച്ചാലോചിക്കുമ്പോള്‍ രാസലീലയുടെ കഥയാണ് ഓര്‍മ്മ വന്നത്. നിലാവുള്ള രാത്രിയില്‍ യമുനാ തീരത്തിരുന്ന് ആരോ ഓടക്കുഴല്‍ വായിക്കുന്നു. അതു കേള്‍ക്കുമ്പോള്‍ ആ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കെല്ലാം ഒരുപോലെ ഭ്രാന്തു പിടിയ്ക്കുന്നു. അവര്‍ ഉന്മാദനൃത്തം ചെയ്യാനായി സ്വയം അണിഞ്ഞൊരുങ്ങുകയാണ്. രാവിരുളിലും, തിരക്കിലും പെട്ട് അരഞ്ഞാണം മാലയായിടുന്നു, മാലയെടുത്ത് കാലില്‍ പാദസരമണിയുന്നു, പാദസരമെടുത്ത് വങ്കി കെട്ടുന്നു, പുല്ലാക്കെടുത്ത് കാതിലിടുന്നു. ഓടക്കുഴലിന്റെ ശബ്ദത്താല്‍ അടുക്കളയിലെ വിറകുചുള്ളികള്‍ വരെ ആര്‍ദ്രമായതു കാരണം പുകഞ്ഞു കത്തുന്ന അടുപ്പിലേയ്ക്ക് ഊതിക്കൊണ്ട് പെണ്‍കുട്ടികളുടെ അമ്മമാര്‍ തലയിലടിച്ചു പ്രാകുന്നു. പുകയടിച്ചു കലങ്ങിയ അവരുടെ കണ്ണുകള്‍ വെട്ടിച്ച് കാമുകിമാര്‍ നദീതീരത്തേയ്ക്ക് ഓടുകയാണ്. അവിടെ അവര്‍ക്ക് ഓരോരുത്തര്‍ക്കും നൃത്തം ചെയ്യാനായി ഓടക്കുഴലൂതുന്നവന്റെ പല പതിപ്പുകള്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരിക്കും. മറ്റുള്ളവര്‍ നൃത്തം തുടങ്ങിക്കഴിഞ്ഞാലും തന്റെ കാമുകി എത്തുന്നതുവരെ അവന്‍ ഓടക്കുഴല്‍ വായിച്ചു കൊണ്ടേയിരിക്കും. അവളെത്തിക്കഴിഞ്ഞാല്‍ നൃത്തം ചെയ്യുന്നവരുടെ നടുക്കു ചെന്ന് അവര്‍ ഇടം പിടിയ്ക്കും. ഭ്രാന്തു പിടിച്ച് ചുവടുകള്‍ വെയ്ക്കും. ഏവരും ക്ഷീണിച്ചു നിലത്തു വീണുറങ്ങുന്നതു വരെ നൃത്തം തുടരും. പാതിരാത്രിയിലെപ്പോഴോ ഉറക്കം മുറിഞ്ഞ് പെണ്‍കുട്ടികള്‍ ഒരുമിച്ച് ഞെട്ടിയുണരും. ഓടക്കുഴല്‍ വായിക്കുന്നവനും, കാമുകിയും കൂട്ടത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കും. അതുവരെയുള്ള ഭ്രാന്തന്‍ ഓര്‍മ്മകളുടെ അവശേഷിപ്പായി പെണ്‍കുട്ടികള്‍ക്കു മുന്നില്‍ ബാക്കിയാകുന്നത് യമുനാതീരത്തേയ്ക്കു ചെല്ലുന്ന കാലടികളാണ്. അതില്‍ രണ്ടെണ്ണം ഓടക്കുഴലൂതുന്നവന്റെയാണെന്ന് അവര്‍ക്കു തിരിച്ചറിയാം, മറ്റേത് അവന്റെ കാമുകിയുടെതായിരിക്കണം. എന്നാല്‍ നദീതീരത്തിനടുത്തു വെച്ച് അവളുടെ കാലടികള്‍ മാത്രം അപ്രത്യക്ഷമായതു കാണാം. നൃത്തം ചെയ്തു തളര്‍ന്നതിനാല്‍ നടക്കാനാകാതെ അവള്‍ അവന്റെ ചുമലില്‍ കയറിയതായിരിക്കാം, അതല്ല അവനവളെ നദിയില്‍ മുക്കി കൊന്നിരിക്കാം എന്നെല്ലാം പറഞ്ഞു തര്‍ക്കിച്ച് പെണ്‍കുട്ടികള്‍ അവരവരുടെ വീടുകളിലേയ്ക്കു മടങ്ങും...

എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം തിരികെ വീട്ടിലേയ്ക്കു പോകാതെ കാലടികളെ പിന്തുടര്‍ന്ന് നദീതീരത്തു തനിച്ചാകുന്ന പെണ്‍കുട്ടിയെപ്പോലെ ട്രാഫിക് കുരുക്കില്‍ പെട്ട് ജാസ്മിന്‍ പകച്ചു നിന്നു. അവള്‍ക്കു പോകേണ്ട വഴിയില്‍ അപ്പോഴും ചുവപ്പു സിഗ്നല്‍ കത്തുന്നുണ്ടായിരുന്നു. അജ്ഞാതനായ ഏതോ മരണസഹായിയുടെ നിര്‍ദ്ദേശം അനുസരിക്കുന്നതു പോലെ സിഗ്നല്‍ ചുവപ്പിന്റെ അപകടത്തേയും, മുന്നില്‍ ചീറിപ്പായുന്ന വാഹനങ്ങളേയും അവഗണിച്ചുകൊണ്ട് ജാസ്മിന്‍ വണ്ടി മുന്നോട്ടെടുത്തു...

*

*ജെര്‍‌മ്മന്‍ രഹസ്യപ്പോലീസ്

15 comments:

Nachiketh said...

നല്ലൊരു വർക്ക് ദേവദാസ്...

ക്രിസ്തുവിന്റെ കണ്ണിറുക്കൽ ഡിൽഡോയെ ഓർമ്മിപ്പിച്ചു

Manoraj said...

ദേവദാസ്,
നല്ല ഫ്രെയിം.. അല്പം നീളക്കൂടുതൽ തോന്നിച്ചു.അതുകൊണ്ട് തന്നെ ചില വലിച്ച് നീട്ടപെടലും. എങ്കിലും മനോഹരമായിരിക്കുന്നു

Sanal Kumar Sasidharan said...

അടുത്ത നോവലിന്റെ വിത്താകുമോ ഈ കഥ!
(ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചുകഴിഞ്ഞതേയുള്ളു അതിന്റെ ഒരു രുചിയും മണവും എവിടെയൊക്കെയോ കിട്ടിയത് അതുകൊണ്ടാവും)

കഥാപാത്രങ്ങളുടെ സംഭാഷണം കഥ പറയാൻ ഉപയോഗിക്കുമ്പോൾ ഒരു കുഴപ്പമുണ്ട്.കഥാപാത്രങ്ങൾ വായനക്കാരനു കഥ മനസിലാകണമല്ലോ എന്നുകരുതി വലിച്ചുവാരി സംസാരിക്കേണ്ടിവരും. അങ്ങനെ സംസാരിപ്പിക്കുമ്പോൾ കഥാകൃത്ത് നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കൃത്രിമത്വം തോന്നും.ഇവിടെയും അത്തരം ഒരു കൃത്രിമത്വം ഉണ്ട്...
“യെസ്...അതന്നെ. ആ പെയിന്റിംഗ് അല്ലേ നീ അമലയ്ക്ക് സമ്മാനമായി കൊടുത്തത്? എന്തോ ചെറിയ പിണക്കത്തിന്റെ പേരിൽ അവളത് കീറി നശിപ്പിച്ചെന്നോ, അതറിഞ്ഞ നീ അവളെ കുറെ തല്ലിയെന്നൊ, അങ്ങനെയാണ് നിങ്ങൾ പിരിഞ്ഞതെന്നൊ ഒക്കെയല്ലേ നീ പണ്ടു പറഞ്ഞിരുന്നത്. ആ പെയിന്റിംഗിനെക്കുറിച്ച് ഇപ്പോൾ ചോദിക്കാൻ കാരണം?”
“ഉം.. ജീവിതത്തിൽ ഏറ്റവും വേദനയോടെ ഞാൻ വരച്ച പെയിന്റിംഗ് ആയിരുന്നു അത്. എനിക്കേറ്റവും പ്രിയപ്പെട്ടത്. അതവൾ നശിപ്പിച്ചെന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും വയലന്റായി. എന്തൊക്കെ കാണിച്ചു കൂട്ടിയെന്ന് എനിക്കു തന്നെ അറിയില്ല“

ഇവിടെയൊക്കെ പ്രൊഫഷണൽ നാടകങ്ങളിലെ അഭിനേതാക്കൾ സംസാരിക്കുമ്പോലെ മൈക്കിനുമുന്നിൽ വന്ന് കാണികൾക്കുവേണ്ടി സംസാരിക്കുകയാണ് കഥാപാത്രങ്ങൾ...

Calvin H said...

എല്ലാവരിലും ഒരു കൈഷാകു ഉണ്ടല്ലേ...

Anoop Narayanan said...

ദേവദാസ് കഥ വായിച്ചു. കൊച്ചുരാമൻ തമ്പിയുടെ തകരപ്പെട്ടിക്കുള്ളിലെ ഒരു ജോടി കാക്കി യൂനിഫോം, നാലഞ്ച് വെള്ളി മെഡലുകൾ, ഒരു വേൾഡ് മാപ്പ്, ഒരു വെങ്കല സ്വസ്തിക മുദ്ര, അഗ്രം ചുളുങ്ങിയ ഒരു ബുള്ളറ്റ്, ഒരു മഷിപ്പേന എന്നിവ രാവിലെ ബി.എം.ടി.സി ബസ്സിനുള്ളിലെ എ.സിക്കുള്ളിൽ നിന്നു തന്നെ ബാലു കണ്ടെടുത്തിരുന്നു.ചെമ്പകരാമൻപിള്ളയും, സരോജനി നായിഡുവിന്റെ ജ്യേഷ്ഠൻ വീരേന്ദ്രനാഥ ചതോപാധ്യായയും, സ്വാമി വിവേകാനന്ദന്റെ സഹോദരൻ ഭൂപേന്ദ്രനാഥ ദത്തയും ഒക്കെ ചേർന്ന് ബർലിനിൽ വെച്ച് ഇൻഡ്യൻ കമ്മറ്റി ഉണ്ടാക്കിയിരുന്നു.

ഞാൻ അശാന്തൻ
ഒരു നീളൻ തുടലിന്റെ
കരച്ചിലിന്നറ്റത്തുനിന്ന്
പെരുവിരലിലൂടരിച്ചെത്തും
തണുപ്പാകുന്നു ഭ്രാന്ത്
എന്ന കവിതാശകലം മച്ചിൻപുറത്തുനിന്നും, പുസ്തകത്തിന്റെ അവസാനതാളിൽ നിന്നും മുഴങ്ങികേട്ടിരുന്നു.അവസാനം ചെമ്പകരാമൻ പിള്ളയെ കൊന്നത് കൊച്ചുരാമൻ തമ്പിയാണെന്ന് കണ്ടുപിടിച്ച രാത്രിയിൽ കൈത്തണ്ടയിലെ ഞരമ്പുകൾ കടിച്ചു മുറിച്ച്, മച്ചാകെ ചോരക്കളമാക്കി, അതിൽ മരവിച്ചു കിടക്കുന്ന ഒരു പോരാളിയെപ്പോലെ അമ്മാവനെ കണ്ടിരുന്നു.

രാസലീലകളിലേർപ്പെട്ടിരുന്ന കാമുകീകാമുകന്മാരെയും അവരുടെ അപ്രത്യക്ഷമാകുന്ന കാലടികളെയും വായിച്ചു തീർത്തത് ഇപ്പോഴാണ്.

മാധ്യമത്തിലെ ഈ കഥക്കു തൊട്ടു മുൻപിലെ താളിൽ രൂപേഷ് പോളിന്റെ മേതിൽ രാധാകൃഷ്ണനെക്കുറിച്ചുള്ള ഡൊക്യുമെന്ററിയുടെ വിവരണമായത് യാദൃച്ഛികം മാത്രമായിരിക്കാം.

ഒരു സംശയം മാത്രം ബാക്കി. ഈ കഥക്ക് കൈഷാകു എന്നു പേരിടാതിരുന്നത് എന്തു കൊണ്ടാണ്?

പാമരന്‍ said...

wow! superb!

sree said...

ചരിത്രം ചികഞ്ഞു പോവാന്‍മാത്രം വെള്ളെഴുത്തില്ലാത്തോണ്ട് .. ;) കഥയുടെ ചരിത്രവായനയാണ് ഏറ്റവും ഇഷ്ടായത്. (അ)ചരിത്രം പറഞ്ഞാലും കഥ പരിക്കുകളോടെയാണേലും രക്ഷപ്പെടും എന്നും മനസ്സിലായി. ചരിത്രത്തിലെ വലിയ പൊരാളികള്‍ക്ക് മരണസഹായം നല്‍കി അവര്‍ക്ക് ഉയിര്‍പ്പ് കൊടുത്തിരുന്നത് അല്ലെങ്കിലും സാഹിത്യഭാവനയാണല്ലൊ..ല്ലെ?

Rare Rose said...

ഒരു കഥയിങ്ങനെ ചരിത്രത്തിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്നത് കണ്ടിട്ടാണു അത്ഭുതം.ഇഷ്ടപ്പെട്ടു..

Anonymous said...

valare nannayi... congrats!

Unknown said...

Great writing.

A perfect blend of history and fiction! Spellbound.

എനിക്കറിയാവുന്ന കലയില്‍ ചില സൃഷ്ടിക്കുള്ള വിത്തുകള്‍ എന്നില്‍ വിതറിയ ഈ കഥക്കും കഥാകാരനും കോടി നമസ്കാരം!!

mini//മിനി said...

ചരിത്രത്തിൽ മുക്കിയെടുത്ത നല്ലൊരു കഥ. നീളം കൂടിപ്പോയെങ്കിലും ഒറ്റയിരുപ്പിന് വായിച്ചു.

Devadas V.M. said...

അഞ്ചു വർഷം മുന്നെ എഴുതിയ ചെറിയ ഒരു കഥ ഒന്നൂടെ വലിച്ചു നീട്ടിയതായിരുന്നു :)

വായനകൾക്ക്, അഭിപ്രായങ്ങൾക്ക് നന്ദി....

DenZZZZ said...

എവിടെപ്പോയി നിന്റെ ഭ്രാന്തന് ക്രാഫ്റ്റുകള്?മൂന്നാം നിലയില് തുടങ്ങി ഗ്രൌണ്ട് ഫ്ലോറില് അവസാനിക്കുന്ന തലതിരിഞ്ഞ കഥ പറച്ചില്.

വിഷയം പുതുമയുണ്ടായിട്ടും..വീ മിസ്ഡ് ഇറ്റ്

Jayesh/ജയേഷ് said...

ഇടയ്ക്ക് ചരിത്രം കയറി വന്നിട്ടും ഒട്ടും മുഷിപ്പിച്ചില്ല കഥ..നന്നായിരിക്കുന്നു.

ബാര്‍കോഡകന്‍ said...

good craft dev, keep this

 

(c)2009 Devadas V.M [ vm.devadas@gmail.com ]