Saturday, November 5, 2011

അഡിഗയും , ചേതനും

അരവിന്ദ് അഡിഗ : "അഡിഗയാകാനുള്ള ആഗ്രഹം  അടക്കിപ്പിടിച്ചുകൊണ്ടാണ് താങ്കള്‍ ചേതന്‍  ആകുന്നത് "
ചേതന്‍ ഭഗത് : " ചേതന്‍ ആകാനുള്ള ആഗ്രഹം  അടക്കി വച്ചുകൊണ്ടാണ് നിങ്ങള്‍ അഡിഗയാകുന്നത് "

( Revolution 2020 , Last man in tower എന്നിവ വായിച്ചതിനോടുള്ള പ്രതികരണമാണ് മുകളില്‍. ഉപയോഗിച്ചിരിക്കുന്ന ഭാഷ, തിരഞ്ഞെടുത്ത പ്രമേയം  എന്നിവ പരിഗണിച്ചാല്‍ അഡിഗയും, ചേതനും  തമ്മില്‍ വലിയ അകലമില്ല. പക്ഷേ എഴുത്തിലെ രീതിശാസ്ത്രത്തിലെ ചെറിയ വ്യത്യാസമാണ് ഇരുവരുടേയും ഇടങ്ങളെ അടയാളപ്പെടുത്തുന്നത്. ചെറിയ ശ്രമത്തില്‍ പരസ്പരം  മറികടക്കാമെന്നു തോന്നുന്ന ആ നേരിയ അകലം  മനപ്പൂര്‍വ്വം  പാലിക്കുന്നതിലെ ജാഗ്രതയാണ് അഡിഗയെ അഡിഗയും , ചേതനെ ചേതനുമാക്കി നിര്‍ത്തുന്നത്. )

------------
മൂലകഥ
------------
അമ്രപാലി  : "നൃത്തം ചെയ്യാനുള്ള ആഗ്രഹം  അടക്കിപ്പിടിച്ചുകൊണ്ടാണ് താങ്കള്‍ ഭിക്ഷുവായത് "
ബുദ്ധ ഭിക്ഷു : "സന്യസിക്കാനുള്ള ആഗ്രഹം ആഗ്രഹം  അടക്കി വച്ചുകൊണ്ടാണ് നിങ്ങള്‍ നഗരവധുവായത് "

Friday, October 14, 2011

* സ്വാഭാവികമായ കാരണങ്ങളാല്‍ മരിച്ച ഒരാള്‍.

ആത്മഹത്യയെക്കുറിച്ച് ഒരു കഥ ഏകദേശം എഴുതി പൂര്‍ത്തിയക്കിയതേ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് 3 ദിവസം മുന്നെ ആത്മഹത്യ ചെയ്ത ബല്‍ദേവ് സിംഗിനെക്കുറിച്ചുള്ള വാര്‍ത്ത വൈകിയാണെങ്കിലും ഒരു സുഹൃത്തു വഴി അറിഞ്ഞത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ ഒരു വിഭാഗത്തിന്റെ ഡയറക്‌‌ടറായിരുന്നു കക്ഷി. കൂടാതെ ഇന്ത്യയിലെ എണ്ണം പറഞ്ഞ ടെസ്റ്റ് പൈലറ്റുമാരില്‍ ഒരാളും. അതായത് പുതിയതായി ഡിസൈന്‍ ചെയ്ത വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുന്ന അപകടകരമായ ജോലി മുന്‍കാലങ്ങളില്‍ കൈകാര്യം ചെയ്തയാള്‍. അങ്ങേരാണ് തനിയേ കാറോടിച്ചു പോയി വഴിയരികിലെ ഒരു മരക്കൊമ്പില്‍ സ്വന്തം തലപ്പാവ് അഴിച്ചു കുരുക്കിട്ട് തൂങ്ങിയത്.


* ആഫ്രിക്കയില്‍ വെച്ച് താന്‍ സഞ്ചരിച്ചിരുന്ന പ്ലെയിന്‍ തകര്‍ന്നെങ്കിലും  തീവ്രമായ പൊള്ളലും, മുറിവുകളുമായി രക്ഷപ്പെട്ട ഏണസ്റ്റ് ഹെമിംഗ്‌‌വേ സ്വയം വെടി വെച്ചു മരിച്ചപ്പോള്‍ മാര്‍ക്വേസ് എഴുതിയ കുറിപ്പിന്റെ തലക്കെട്ട് .



മാർക്വേസിന്റെ കുറിപ്പ് ഇവിടെ --> http://bit.ly/geU6zL

ബല്‍ദേവ് സിംഗിന്റെ മരണ വാര്‍ത്തകള്‍.

#  http://www.hindustantimes.com/HAL-director-Baldev-Singh-commits-suicide/Article1-756144.aspx

# indianmilitarynews.wordpress.com/2011/10/12/to-hal-official-commits-suicide/

Monday, September 19, 2011

മാറേണ്ട സമരമുറകൾ അഥവാ കൂടുന്ന ഉത്തരവാദിത്വം.

തെരുവിലെ സമരമെന്നാല്‍ അത് ആകസ്മിതകളും, അപ്രതീക്ഷിതങ്ങളും കൂടിച്ചേർന്നതാണ്. തെരുവിലിറങ്ങി സമരം ചെയ്തു തന്നെയാണ് നാം പലതും നേടിയതും, നേടുന്നതും. അതൊരു രാഷ്ട്രീയ പ്രക്രിയ തന്നെയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ കൊണ്ട് അതിനെ പാടേ ഇല്ലാതാക്കാന്‍ കഴിയുകയില്ല താനും. പക്ഷേ ആഹ്വാനം ചെയ്യുമ്പോള്‍/ചെയ്യുന്നവർ അത് നടപ്പിലാക്കുന്ന രീതിശാസ്ത്രത്തോട് കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനയ്ക്കു വേണ്ടിയാണ് ഈ കുറിപ്പ്. പൊതുമുതല്‍ നശിപ്പിക്കാന്‍ ഏതെങ്കിലും പാർട്ടി നേതൃത്വം നേരിട്ട് ആഹ്വാനം  നല്‍കുമെന്നും കരുതുന്നില്ല. സമരക്കാരെല്ലാം ശല്യക്കാര്‍ എന്ന വാദം ഉന്നയിക്കാനല്ല ഈ പറയുന്നതെന്നന്നും; തെരുവിലെ സമരത്തെ നിഷേധിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, നിഷേധിക്കുകയുമില്ലെന്ന മുഖവുരയോടെ തുടങ്ങട്ടേ...

സമ്മേളന മൈതാനത്ത് ബഹളം കൂട്ടിയ അണികളോട് "ഉഷാ ഉതുപ്പിന്റെ ഗാനമേള കാണാന്‍ വന്ന ആള്‍ക്കൂട്ടമല്ല ഇതെന്ന് ഓര്‍മ്മിക്കണം. കള്ളുകുടിയന്റെയല്ല കമ്യൂണിസ്റ്റുകാരന്റെ ആവേശമാണ് കാണിക്കേണ്ടത്" എന്ന് പിണറായി പറഞ്ഞതിന്റെ ഓര്‍മ്മകളെങ്കിലും ഉണ്ടായിരിക്കണം. ഇത് കാലം മാറി. നാല് ബസ്സിന് കല്ലെറിഞ്ഞു എന്ന് പത്രത്തില്‍ വാര്‍ത്ത വരുന്ന കാലമല്ലിത്, കല്ലേറുകൊണ്ട് തകര്‍ന്ന ബസ്സിന്റെ പടം കാണിക്കുന്ന കാലവും മാറി. സമരക്കാരന്‍ കല്ലെടുക്കാന്‍ കുനിയുന്നത് മുതല്‍ എറിയുന്നത് വരെയുള്ള ന്യൂസ് ലൈവ് വീഡീയോകളുടെ കാലമാണ്. അത് സമൂഹമനസില്‍ ഉണ്ടാക്കുന്ന ഇഫക്റ്റും, ഇംപാക്റ്റും വേറെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ശരിയാണ് സമരമെന്നാല്‍ അതില്‍ എല്ലായ്പ്പോഴും ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തോടെ ആയിരിക്കില്ല തെരുവില്‍ സംഭവിക്കുന്നത്. അത് ഭാഗികമായി ഞാനും അംഗീകരിക്കുന്നു. തെറ്റലും, തെന്നലുകളും, അഡ്രിനാലിന്‍ ആവേശത്തള്ളലുകളും ഉണ്ടായേക്കാം. പക്ഷേ അതിനെ അഡ്രസ് ചെയ്യേണ്ട ബാധ്യതയും, സമരക്കാര്‍ക്ക് ബോധവല്‍ക്കരനം നല്‍കേണ്ട ബാധ്യതയും പാര്‍ട്ടികള്‍ക്കുണ്ട് എന്ന് വിശ്വസിക്കുന്നു. ഇനിയഥവാ ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദികളായവരോട് വിശദീകരണം തേടാനോ, ആഹ്വാനത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെ കാരണം ആരായാനോ പാര്‍ട്ടി(കള്‍‌) തയ്യാറാകണം എന്ന പക്ഷക്കാരനാണ് ഞാന്‍. അണികള്‍‌/ആള്‍ക്കൂട്ടം എന്നാല്‍ റീമോട്ടുകൊണ്ട് നിയന്ത്രിക്കേണ്ട കളിപ്പാവകളല്ല എന്നറിയാം . പക്ഷേ ഒരു രാഷ്ട്രീയപ്പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മിനിമം ചില ഉത്തരവാദിത്വങ്ങളുണ്ട്. ആവേശം കാണിക്കാന്‍ വേണ്ടി മാത്രമല്ലല്ലൊ ഒരു ആശയ പ്രതിനിധാനത്തിനും, ആവശ്യത്തിനും വേണ്ടിയല്ലേ തെരുവിലിറങ്ങുന്നത്?

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിന്റെ പേരിലുള്ള സമരത്തിന് തി.പുരത്ത് പോലീസ് ഇടപെടലും, മര്‍ദ്ദനവും ഉണ്ടായതിന് ആ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദിവസം കൊല്ലത്തെ ബി.എസ്.എന്‍.എഒ ഓഫീസിലേയ്ക്ക് മാര്‍ച്ചു ചെയ്ത് ചില്ലുടച്ച് കസേരയും, മേശയും, ക്യാബിനുകളും തല്ലി തകര്‍ക്കുന്നതിന്റെ രാഷ്ട്രീയമെന്ത്? നഷ്ടത്തില്‍ മുങ്ങിയും, പൊങ്ങിയും ആമ്പലും, വെള്ളവും കളിക്കുന്ന കെ.എസ്.‌‌ആര്‍,.സി ബസ്സുകളെ വീണ്ടും കല്ലെറിഞ്ഞും , ടയറുകുത്തിക്കീറിയും കട്ടപ്പുറത്ത് കേറ്റിയാല്‍ എന്ത് രാഷ്‌‌ട്രീയ ദൗത്യമാണ് നിറവേറപ്പെടുന്നത്? സമരത്തെ തല്ലിയമര്‍ത്തുന്ന പോലീസ് എന്ന സര്‍ക്കാര്‍ സേനയെ കായികമായോ, അല്ലാതെയോ നേരിടുന്നതിനെ തെരുവിന്റെ നീതിവെച്ച് ന്യായീകരിക്കാം. എന്നാല്‍ മറ്റുള്ളതിനെ അങ്ങനെ ഒതുക്കത്തില്‍ സാധിക്കുമോ? കാലം മാറുകയാണ്, അതിനനുസരിച്ച് സമരമുറകള്‍ കൂടുതല്‍ ശ്രദ്ധയോടെ ആവിഷ്ക്കരിക്കേണ്ടതും, നിയന്ത്രികേണ്ടതുമാണ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടായാല്‍ തന്നെ അത് ശ്രദ്ധിക്കാനും ശാസിക്കാനും കൂടെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ബാധ്യതയില്ലേ? അതൊന്നും ഇല്ലാത്ത ഒഴുക്കന്‍ മട്ടാകരുതല്ലോ കേഡര്‍ പാര്‍ട്ടികളുടെയെങ്കിലും നയവും, ന്യായവും. അല്ലേ?

സമരമുറകളെ ഏത് വിധേനയും അടിച്ചമര്‍ത്തിയിരുന്ന (കരുണാകരന്റെയൊക്കെ കാലത്തെ) 'പോലീസ് രാജി'നോടുള്ള പ്രതികരണമായി എങ്ങനെയെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ പ്രതികരിക്കുകയെന്ന പ്രകിയയുടെ ഭാഗമായി തുടങ്ങിവെച്ച ഈ ബസ്സിനു കല്ലേറ്, സ്ഥാപനം കയറി തല്ലിപ്പൊളിക്കല്‍ തുടങ്ങിയ സമരമുറകള്‍ ഇനിയും (അശ്രദ്ധമായി) തുടരാന്‍ തന്നെയാണോ ഭാവം? 20 വര്‍ഷം മുന്നത്തേതു പോലാണോ ഇപ്പോള്‍ സമരമുറകള്‍? അല്ലെന്നാണ് കരുതുന്നത്. ആക്രമണ സംഭവങ്ങളില്‍ കുറവുണ്ടായിട്ടുണ്ട് എന്നാണ് തോന്നല്‍. പക്ഷേ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ കൊണ്ട് സമരത്തിന്റെ വിഷയം ഇല്ലായ്മ ചെയ്യപ്പെടരുത്. അതുകൊണ്ട് സമരത്തിനിറങ്ങുന്ന അണികളും, ആഹ്വാനം ചെയ്യുന്ന രാഷ്റ്റ്രീയ പാര്‍ട്ടികളും കൂടുതല്‍ ഉത്തരവാദിത്വവും, ശ്രദ്ധയും പുലര്‍ത്തണമെന്നാണ് ആഗ്രഹം‌. ആ അല്ലാതെ

വാദത്തിനുയുള്ള സമര്‍ത്ഥനങ്ങളല്ലാതെ ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രമാത്രം  ബോധവല്‍ക്കരണം  നടത്തുന്നുണ്ട്. സമരമുറകളില്‍ സ്വീകരിക്കേണ്ട നയങ്ങളേയും, (രാഷ്ട്രീയ)ബാധ്യതകളേയും  കുറിച്ച്  അണികള്‍ക്ക്, പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ബോധനം  നല്‍കുന്ന എന്തെങ്കിലും  ഒരു കാര്യപരിപാടിയോ, നിര്‍ദ്ദേശക്കുറിപ്പുകളോ ഈയടുത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ? ദ്വന്ദയുദ്ധത്തില്‍ സാഞ്ചോ പാന്‍സയെ മുന്നോട്ടിറക്കുന്ന ക്വിക്സോട്ടീയന്‍ കൈകഴുകല്‍ നീതിയല്ല അണികളും, പാര്‍ട്ടികളും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളാകിലും ഇതു മൂലം ഏത് രാഷ്ട്രീയ വിഷയത്തിന്മേലാണോ സമരം നടക്കുന്നത് അതിന്റെ കാതലായ വശത്തില്‍ നിന്ന് അതിനെ അടര്‍ത്തിയെടുക്കാനും, അവനവനാഖ്യാനങ്ങള്‍ ചമയ്ക്കാനുമുള്ള ചില മാധ്യമ കഴുകന്‍ കൂട്ടം വട്ടമിട്ടു പറക്കുന്ന ഇക്കാലത്ത് തെരുവില്‍ സമരത്തിനിറങ്ങുന്നവരുടെ മേല്‍ ശ്രദ്ധയുടെ, ഉത്തരവാദിത്വത്തിന്റെ, ഉയര്‍ന്ന രാഷ്ട്രീയ ബോധത്തിന്റെ അമിതബാധ്യതയുണ്ടാകണം. ആ രീതിയിലേക്ക് അവരെ ബോധവല്‍ക്കരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തുനിയുകയും വേണം.
 

(c)2009 Devadas V.M [ vm.devadas@gmail.com ]