Wednesday, April 20, 2016

വെടിക്കെട്ടിന്റെ ഭീതിദാനന്ദം.
Photo (c) Abhilash Chandran / ABCD Photography 

ഭീതിദാനന്ദം വെടിക്കെട്ടിനെപ്പറ്റി കഴിഞ്ഞ ദിവസം ഒന്നുരണ്ട് സുഹൃത്തുക്കളുമായി ചർച്ച നടത്തിയപ്പോൾ ഉപയോഗിച്ച ഒരു വാക്കാണ്. വെടിക്കെട്ടിനെ, അതിന്റെ ഭയപ്പെടുത്തുന്ന പരിസരത്തെ, അതനുഭവിക്കാനായി തള്ളിച്ചെന്നു നിൽക്കുന്ന ആൾക്കൂട്ടത്തെ ഒക്കെയും ചേർത്ത് വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല. ദുരന്തമാകുന്ന വിധത്തിൽ അപകടങ്ങൾ വർഷാവർഷങ്ങളിൽ സംഭവിക്കുന്നതിനാലും, ജനസാന്ദ്രത ഏറി വരുന്നതിനാലും ഇത്തരത്തിൽ വിനാശകരമായേക്കാവുന്ന ആഘോഷഘടകങ്ങളെ നിരോധിക്കണമെന്നോ, അല്ലെങ്കിൽ ഇളവുകളൊന്നുമില്ലാതെ കർശന സുരക്ഷാ നിയന്ത്രണത്തിന് വിധേയമാക്കണമെന്നോ തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എന്നാൽ ഇതു പറയുമ്പോഴും കുറ്റബോധപരമായ ഒരു ആന്തൽ ഉള്ളാലെ ബാക്കിയുണ്ട്. അല്ലെങ്കിൽ ഇനിയുമതൊക്കെ നടന്നാൽ ചെന്നു കാണാൻ ചെന്നു നിന്നു കൊടുക്കില്ലേ എന്നൊരു കൊളുത്തിപ്പിടുത്തം. വരട്ടെ, അതിനെ ഇരട്ടാത്തെപ്പെന്ന് വിളിക്കാൻ വരട്ടെ, അതിന് കാരണമായ ചിലത് പറയാൻ കൂടിയാണ് ഈ കുറിപ്പെഴുതുന്നത്. ആനയും എഴുന്നെള്ളത്തും വെടിക്കെട്ടും പൂരവും കാണാൻ ചെന്നു നിൽക്കുന്നവരെല്ലാം അപകടം പ്രതീക്ഷിച്ചുകൊണ്ട് സർവ്വനാശം കാണാനായി ചെന്നു നിൽക്കുന്നവരാണെന്ന വിധത്തിൽ പല പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളായും കമെന്റുകളായും ട്രോളുകളായും കാണുകയുണ്ടായി. എന്നാൽ അത്തരത്തിൽ ഒരു കാണിയാനന്ദം അനുഭവിച്ച, ഏറെയൊക്കെ കുതറി മാറാൻ ശ്രമിക്കുന്ന, ഇപ്പോഴും അതിൽ നിന്ന് പൂർണ്ണമായും മുക്തനൊന്നുമല്ലാത്ത ഒരാളുടെ കുറിപ്പാണിത്. സർവ്വനാശം കാണാനായി സ്വയം കൊലക്കളത്തിലേക്കിറങ്ങുന്നവർ എന്ന് ആരോപിക്കപ്പെടുന്ന അത്തരമൊരു കാണിക്കൂട്ടം എങ്ങനെയുണ്ടാകുന്നു, അവരെങ്ങനെയിതിൽ ആനന്ദം കണ്ടെത്തുന്നു എന്നുള്ള ചില നിരീക്ഷണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

കേരളത്തിന്റെ തെക്കോട്ടുള്ള ഉത്സവവും വെടിക്കെട്ടുകളും വളരെ കുറച്ചാണ് കണ്ടിട്ടുള്ളത്. എന്നാൽ വടക്കൻ കേരളത്തിലെ ഒട്ടുമിക്ക വലിയ ഉത്സവങ്ങളും പൂരങ്ങളും വെടിക്കെട്ടുമെല്ലാം കാണാനായിട്ടുണ്ട്. മത്സരക്കമ്പം എന്ന് വിളിപ്പേരൊന്നുമില്ലെങ്കിലും 3 ദേശക്കാർ തമ്മിൽ മത്സരബുദ്ധിയോടെ ഭീകരമായ രീതിയിൽ വെടിക്കെട്ടു നടക്കുന്ന ഒരു നാട്ടിലാണ് ജനിച്ചു വളർന്നത്. ആറേഴു വയസ്സു മുതൽ വെടിക്കെട്ട് കണ്ടും കേട്ടും പരിചിതമാണ്. ആർക്കാണ് കൂടുതൽ ആനയുണ്ടായിരുന്നത്, ഏത് ദേശത്തിന്റെ വെടിക്കെട്ട് കൂടുതൽ നന്നായി, എതു ഭാഗത്തു നിന്നാണ് , എത്രയടുത്തു നിന്നാണ് വെടിക്കെട്ട് കണ്ടത് എന്നതൊക്കെ എൽ,പി.സ്കൂൾ കാലത്തെ ഇന്റർവെൽ സമയങ്ങളിലെ തല്ലിനും തർക്കത്തിനും വിഷയമായിരുന്നു. അങ്ങനെ ചെറുപ്പം മുതലേ ഇതൊക്കെ കണ്ടും കേട്ടും മുതിരുന്ന , അപകടങ്ങളൊക്കെ ഇതിന്റെ പതിവുകളായി കാണുന്ന, സ്വയം അതിൽ ഉൾപ്പെടില്ലെന്ന അമിത പ്രത്യാശ വഹിക്കുന്ന വിധത്തിലാണ് ആ കാണിയാനന്ദം വളരുന്നത്. വെടിക്കെട്ട് കാണാൻ നിൽക്കുന്ന ആൾക്കൂട്ടത്തെ പ്രധാനമായും മൂന്നായ് തിരിക്കാം. ഒന്ന്- വളരെ ദൂരെ മാറി ഇരുന്ന് വലിയ ആവേശമൊന്നുമില്ലാതെ ഇത് കണ്ട് നിൽക്കുന്നവർ, രണ്ട്- സുരക്ഷിതമായ അകലമൊക്കെ പാലിച്ച് കുറച്ചൊരു ആവേശത്തോടെ വെടിക്കെട്ട് ആസ്വദിക്കുന്നവർ. എന്നാൽ മൂന്നാമത്തേതും എണ്ണക്കൂടുതലുമുള്ള വലിയൊരു കൂട്ടമുണ്ട്. വെടിക്കെട്ട് എന്ന ആഘോഷം തുടരുന്നത് തന്നെ അത്തരക്കാരുടെ ഭീതിദാനന്ദത്തിന്റെ ആവേശപ്പുറത്താണ്.

മൂന്നാമതു പറഞ്ഞ തരക്കാർ വെടിക്കെട്ട് കാണുക എന്ന് പറഞ്ഞാൽ ഉത്സവ ദിവസം വെടിക്കെട്ട് സമയത്തെത്തി മാനത്തേയ്ക്ക് നോക്കി പൊട്ടുന്നത് കാണുന്നവരല്ല. കുഴിയെടുക്കലും, കുറ്റിയിറക്കലും, വെടിമരുന്നിന്റെ വിന്യാസവും തുടങ്ങി ആകാശക്കാഴ്ചയിലത് പൊട്ടുന്നതു വരെയുള്ള ഭീതിദാനന്ദ പ്രക്രിയയിൽ സ്വയം സമർപ്പിക്കുന്നവരാണ്. അവർ ഒരുക്കത്തിന്റെ ഭാഗമായി ഒന്നോ രണ്ടോ ദിവസം മുന്നെ കുഴിയെടുക്കുന്നതിന്റെ ആഴം നോക്കും. പുഞ്ചപ്പാടത്തും അല്ലാത്തിടത്തും എത്ര കുഴിക്കണം എന്ന് മനക്കണക്ക് കൂട്ടും, കുഴിമിന്നി പൊന്തുമ്പോൾ വെള്ളം നനയുമോ എന്ന് ഊഹിയ്ക്കാൻ ശ്രമിക്കും. കൂട്ടക്കലാശം നടത്താൻ കുഴിയെടുത്തിരിക്കുന്നിടത്ത് രണ്ടു വരിയാണോ, നാലു വരിയാണോ, എട്ടു വരിയാണോ നിരത്തി തിരിയിടാൻ പോകുന്നതെന്നറിയാൻ ഉത്സുകരാകും. കാലൈക്യത്തോടെ പൊട്ടാൻ എങ്ങനെയാണ് തിരി കൊളുത്തിയിട്ടിരിക്കുന്നതെന്ന് കൗതുകംകൊള്ളും, ഒരടിയിൽ ഏകദേശമെത്രയെന്ന് എണ്ണിയ ശേഷം മൊത്തം ദൂരത്തിന്റെ ഊഹക്കണക്കെടുത്ത് ഓലപ്പടക്കമാലയുടെ കനപ്പെത്രയെന്ന് കണക്കുകൂട്ടും. കലാശപ്പുര (അന്തിമഘട്ടത്തിൽ കത്തിയെരിയുന്ന ഫ്രേം) എത്ര ചുറ്റാണെന്നു മനസ്സിലാക്കി ഉള്ളാലെ ആനന്ദിക്കും. നിലത്തിരുന്ന് പൊട്ടിയ കുഴിമിന്നി സൃഷ്ടിച്ച കിണറുപോലെ മണ്ണിളക്കിയ ആഘാതം വെടിക്കെട്ടിന് ശേഷം അടുത്തെത്തി കാണും. അവരാണ് ഊഹക്കണക്കു വച്ച് ദൂരം മാറി നിന്ന് വെടിക്കെട്ടുകാണാൻ മുൻനിരയിൽ എത്തിപ്പെടുന്നവർ. അതിന് കാരണമുണ്ട്. കരിമരുന്ന് മൂന്നു വിധമുണ്ട്. പൊട്ടുന്നത് വെടിമരുന്ന്. കുഴിമിന്നിയേയും അമിട്ടിനേയുമൊക്കെ ഉയരത്തിലെത്തിക്കുന്നത് അടി മരുന്ന്. തിരി കൊളുത്തിയിടം മുതൽ കലാശം വരെ തീയാളിപ്പടർത്താൻ വഴിമരുന്ന്. ഏറ്റവും മുന്നിൽ നിന്ന് വെടിക്കെട്ട് കാണുന്നവർക്ക് വഴിമരുന്ന് ആളിപ്പടരുന്നത് കാണണം. അടിമരുന്ന് കത്തുമ്പോൾ കുതിരച്ചിനപ്പു പോലുള്ള ശബ്ദത്താൽ കുഴിമിന്നി നിലത്തു നിന്നുയരുന്ന ഒച്ച കേൾക്കണം. എത്രദൂരം പൊങ്ങുന്നെന്ന് ഊഹമളക്കണം. മുകളിൽ പോയത് പൊട്ടുമ്പോഴുള്ള ശബ്ദവും സ്ഫോടനത്തിന്റെ വെളിച്ചവും കാണണം, അതിന്റെ ചൂടറിയണം എന്നാലേ കാഴ്ച പൂർത്തിയാകൂ. പാടത്തിന് നടുവിലെ കാവുകളിൽ വച്ചുള്ള വെടിക്കെട്ടിലെ ഒരു പ്രശ്നമാണ് കുഴിമിന്നി പൊന്തുമ്പോൾ അടിമരുന്ന് കത്തുമ്പോഴോ, അല്ലെങ്കിൽ നിലത്തിരുന്ന് കുഴിമിന്നി പൊട്ടിയ പാടത്തെ നനഞ്ഞ മണ്ണുവീണ് വഴി മരുന്ന് കെടുകയെന്നത്. അത്തരമവസരത്തിൽ തീ കെട്ട് വെടിക്കെട്ട് താൽക്കാലികമായി നിലയ്ക്കും. ഒരു ദേശത്തെയാളുകൾ മറുദേശക്കാരെ കൂവിയാർക്കും. മാനക്കേടിന് ആക്കം കുറയ്ക്കാതിരിക്കാൻ ചാക്കിൽ വഴിമരുന്നുമായി കത്തുന്ന വെടിക്കെട്ടിന്റെ വരിയ്ക്ക് സമാന്തരമായി ഓടുന്ന വെടിക്കെട്ടുകാരുടെ സംഘത്തിലൊരുവൻ കുറച്ചു വർഷങ്ങൾ മുമ്പു വരെ സ്ഥിരം കാഴ്ചയായിരുന്നു. ചാക്കിൽ നിന്ന് കൈപ്പിടിയ്ക്ക് കരിമരുന്നെടുത്ത് വെടിക്കെട്ടു വരിയിൽ വിതറി തീയാളിക്കുമ്പോൾ അയാളൂടെ കൈ പൊള്ളുമെന്നത് ക്രൂരതയാർന്ന വാസ്തവമാണ്. ഇത്തരത്തിലെ ചില കാഴ്ചകൾ കൂടിച്ചേർന്നാണ് ഭീതിദാനന്ദം എന്ന അവസ്ഥയൊരുക്കുന്നത്.

കാഴ്ചയ്ക്ക് ആനന്ദം നൽകുന്ന ശബ്ദം കുറവായ അമിട്ടുകളാണ് സാധാരണഗതിയിൽ വലിയ വെടിക്കെട്ടിൽ അപകടസാധ്യത കൂട്ടുന്നത്. പൊട്ടിയ അമിട്ടിൽ നിന്ന് ചിതറുന്ന മരുന്നു ഗുളികകൾ താഴേയ്ക്ക് വീഴുന്നതിന് മുമ്പ് പൂർണ്ണമായും കത്തിയെരിഞ്ഞില്ലെങ്കിലോ, അല്ലെങ്കിൽ ചെരിഞ്ഞു പൊട്ടിയാലോ ആണ് മറ്റിടങ്ങളിലേയ്ക്ക് തീ പടർന്ന് അപകടങ്ങളുണ്ടാകുന്നത്. അതുകൊണ്ട് തൃശൂർ പൂരത്തിനൊഴികെ തൃശൂർ പൂരത്തിന്റേത് താരതമ്യേന ചെറിയ വെടിക്കെട്ടാണ്- തൃശൂർ, പാലക്കാട് ഭാഗങ്ങളിലെ ഗംഭീര വെടിക്കെട്ടുകൾക്ക് വർണ്ണ അമിട്ടുകൾ, കുടകൾ എന്നിവ കുറവായിരിക്കും. ഉണ്ടെങ്കിൽ തന്നെ പകൽപ്പൂരത്തിന്റെ വെടിക്കെട്ടിന് ശേഷം പ്രത്യേകമായോ, അല്ലെങ്കിൽ രാത്രിപ്പൂരത്തിന്റെ കാലാശത്തിൽ നിന്ന് കുറച്ചുമാറിയോ ഒക്കെയായിരുക്കും അതൊരുക്കിയിരിക്കുക. പകൽപ്പൂരത്തിനും രാത്രിപ്പൂരത്തിനും രണ്ട് വിധമാണ് വെടിക്കെട്ടുകൾ. മദ്ധ്യാഹ്ന വെയിലത്തു നടത്തുന്ന വെടിക്കെട്ടുകളിൽ നിറത്തിനോ കാഴ്ചയ്ക്കോ അല്ല സ്ഫോടനശേഷിയ്ക്കാണ് പ്രാധാന്യം. പലപ്പോഴും പരിശോധന കഴിഞ്ഞ ശേഷം ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം നിയന്ത്രിക്കുന്നതിലും കൂടുതൽ തൂക്കമുള്ള സാധനങ്ങൾ ഒക്കെ ഇറക്കി വച്ചു പൊട്ടിക്കുന്നത് പകലാണ്. രാത്രിപ്പൂരത്തിന്റെ കലാശമെന്നത് അത്രമേൽ ഭീകരമായ മറ്റൊരവസ്ഥയാണ്. വെടിക്കെട്ടിന്റെ കലാശം അടുത്ത് നിന്ന് കണ്ടാൽ ‌വായു തള്ളി പിന്നോട്ടായുന്നതും, മുഖത്ത് ചൂടു പതിയുന്നതും, കലാശത്തിന്റെ കൂട്ടപ്പൊരിച്ചിലിന്റെയൊടുക്കം ഹൃദയം ഏതാണ്ട് നാലഞ്ചു സെക്കന്റ് അടിക്കാതെയാകുന്നതും ഒരനുഭവമാണ്, അത്തരം ഭീതിദാനന്ദത്തിന്റെ പരിസരം നേരിലനുഭവിക്കാനാണ്‌ ഒരു വലിയ കാണിക്കൂട്ടം മുന്നിൽ വന്നു നിന്ന് വെടിക്കെട്ടു കാണുന്നത്.

വെടിക്കെട്ടിനെ പ്രാമാണീകരിക്കാൻ വേണ്ടിയല്ല ഇത്രയുമെഴുതിയത്. എങ്ങനെയാണിത് ആസ്വദിക്കാൻ കഴിയുന്നത്? എത്രമാത്രം ഭീകരമാണിത്? ആളെക്കൊല്ലികളായി സ്വയം ചെന്നു നിൽക്കുകയല്ലേ എല്ലാരും? സർവ്വനാശവും ചാവും കാണാനായി പോകുന്ന കുറ്റവാളി മനസ്സുകാരല്ലേ ഇവരെല്ലാം? പോയിച്ചെന്നു കണ്ട് ചത്തെങ്കിലത്രയും നന്നായല്ലേയുള്ളൂ? എന്നിങ്ങനെയുള്ള ചില ചോദ്യങ്ങളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ പലയിടത്തും കണ്ടതിനാൽ, അത്തരം ആനന്ദത്തിന്റെ സാഹചര്യവും പരിസരവുമെന്തെന്ന് വിശദീകരിക്കാൻ മാത്രമാണ് ശ്രമം. ദശാബ്ദങ്ങളോളം, തലമുറകളോളം സംസ്ക്കാരത്തിന്റേയും ആഘോഷത്തിന്റെയും തദ്ദേശീയ തിമിർപ്പുകളായി ഉരുവപ്പെട്ടുവന്ന ഇവയെല്ലാം കർശനമായ നിയന്ത്രണത്തിലൂടെ കൂടുതൽ സുരക്ഷിതമാക്കുകയോ, സാധ്യമെങ്കിൽ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണമെന്നാണ് ഈ കാണിക്കൂട്ടത്തിന്റെ കൂടി ഭാഗമായിട്ടുള്ള ഒരാളെന്ന നിലയിൽ എന്റെ വ്യക്തിപരമായ അഭിപ്രായം.

- ദേവദാസ് വി.എം

1 comments:

ajith said...

ഇതിനെക്കാൾ വമ്പൻ ഫയർ വർക്സ് ഒരു അപകടവുമില്ലാതെ ചെയ്യുന്നുണ്ട് മറ്റ് രാജ്യങ്ങളിൽ. നമ്മുടെ ടെക്നോളജി ഇപ്പഴും ഒരു നൂറ്റാണ്ട് പഴക്കമുള്ളതാണ്. അത് ആദ്യം നവീകരിക്കട്ടെ

 

(c)2009 Devadas V.M [ vm.devadas@gmail.com ]