Saturday, December 26, 2015

ചെപ്പും പന്തും - എഴുത്തിനെക്കുറിച്ച്.


അങ്ങനെയത് സംഭവിച്ചിരിക്കുന്നു. മൂന്നാമത്തെ നോവലും എഴുതിത്തീർന്നു. രണ്ട് ഭാഗങ്ങളുള്ള നോവലിന് 'ചെപ്പും പന്തും' എന്നാണ് തലകെട്ട് ഇട്ടിരിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ മദ്രാസ്സിൽ താമസിച്ചിരുന്ന ഉബൈദിന്റെയും, രണ്ടായിരത്തി പത്തുകളിലെ ചെന്നെയിൽ താമസിക്കുന്ന മുകുന്ദന്റെയും ‌ജീവിതമാണ് ചെപ്പും പന്തുമെന്ന് ചുരുക്കി പറയാം. അചേതനമായ പരസ്പര ബന്ധമില്ലാത്ത രണ്ട് വസ്തുക്കളാണ് ചെപ്പും പന്തും. എന്നാൽ അവ കൂടിച്ചേരുമ്പോൾ, ചരിത്രത്തിലെ തന്നെ ഏറ്റവും പഴയതും എന്നാൽ ഇപ്പോഴും ഏവരെയും ആകർഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. അതു പോലെയാണ് പല കാലങ്ങളിലായി ഒരു വാടകത്താമസ മുറിയിൽ കഴിഞ്ഞിരുന്നു എന്നതൊഴിച്ചാൽ പരസ്പരം മറ്റു ബന്ധങ്ങളൊന്നും തന്നെയില്ലാത്ത ഉബൈദിന്റെയും മുകുന്ദന്റെയും കഥകൾ.
അദ്യ നോവലായ ഡിൽഡോ 2009-ലാണ് പുറത്തിറങ്ങിയത്, തൊട്ടടുത്ത വർഷം പന്നിവേട്ടയും. വിമർശനങ്ങളും അഭിനന്ദനങ്ങളും ചില അംഗീകാരങ്ങളുമെല്ലാം ആ നോവലുകൾക്ക് ലഭിച്ചു. തുടർന്നുള്ള 5 വർഷം നോവലുകളൊന്നും സംഭവിച്ചില്ല. കുറച്ച് കഥകളെഴുതി. രണ്ട് സമാഹാരങ്ങൾ പുറത്തിറങ്ങി. മൂന്നാമത്തേതിനുള്ള കാര്യങ്ങൾ ഇപ്പോൾ ആലോചിക്കുന്നു. അപ്പോഴും എഴുത്തുകാരനെന്ന നിലയിൽ ഉള്ളാലെ ആഗ്രഹിച്ചത് എത്രയും പെട്ടെന്നൊരു നോവലെഴുതുക എന്നതായിരുന്നു. അതിന്റെ കാലദൈർഘ്യവും മാനസികാവസ്ഥയും സന്തോഷവും അസ്വസ്ഥതകളും എഴുത്തു സങ്കേതകളുമൊക്കെ നൽകുന്ന ലഹരി തിരിച്ചു പിടിയ്ക്കുകയെന്നത് അത്രയെളുപ്പമായിരുന്നില്ല. ഇടയ്ക്ക് ‌ ‌ രണ്ടോ, മൂന്നോ , അഞ്ചോ ഒക്കെ അദ്ധ്യായങ്ങൾ എഴുതി ഉപേക്ഷിക്കപ്പെട്ടു. മുമ്പ് ആലോചിച്ച വിഷയങ്ങളിൽ പലതും ഈ അഞ്ച് വർഷങ്ങൾ കൊണ്ട് ഞാൻ തന്നെ മറന്നു പോകുന്ന അവസ്ഥയുമുണ്ടായി. ‌ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായ വർഷങ്ങളായിരുന്നു കടന്ന് പോയത്. ‌ഇടം മാറ്റം, ജോലി മാറ്റം, ചില ബന്ധച്ഛിദ്രങ്ങൾ, ജോലി സ്ഥലത്തെ അന്തച്ഛിദ്രങ്ങൾ, മാറിമറിയുന്ന മാനസികാവസ്ഥ, ഉലയുന്ന സാമ്പത്തികാവസ്ഥ, പുതിയ സാങ്കേതികതകൾ, ജോലിയിലെ ഉയർച്ച, യാത്രകൾ, തുടർച്ചയായ ആരോഗ്യ പ്രശ്നങ്ങൾ, വിവാഹം, കുഞ്ഞ്... അങ്ങനെയങ്ങനെ... അതുകൊണ്ട് തന്നെ നോവലിന് വേണ്ടി ഇടവിടാതെ പുലർത്തേണ്ട ഒരു മാനസിക നിലയും ഏകാഗ്രതയുമെല്ലാം പലപ്പോഴും കൈമോശം വന്നു പോയി. പക്ഷെ അപ്പാടെയതെല്ലാം ഉപേക്ഷിയ്‌ക്കാനും ഒരുക്കമായിരുന്നില്ല. എഴുത്ത് എന്ന പ്രക്രിയയിൽ നിന്ന് വിട്ടു പോകാതിരിക്കാൻ കഥകളെഴുതി. കഥകളെ താഴ്ത്തിക്കെട്ടുകയല്ല; പാലിയ്ക്കേണ്ട ഏകാഗ്രതയുടെയും തുടരേണ്ട മാനസികാവസ്ഥയുടെയും കഥാപാത്ര നിലകളുടെയും കാലദൈർഘ്യവും ആഴവുമാണ് ‌ സൂചന. അങ്ങനെയൊടുക്കം പലപ്പോഴായി എഴുതിയതും കുറിച്ചു വച്ചതും ഉപേക്ഷിക്കപ്പെട്ടതും ആയവയിൽ നിന്ന് ‌ ചെപ്പും പന്തും ‌തനിയെ ഉയർന്നു വന്നു. എഴുത്ത് വീണ്ടും ആരംഭിച്ചു. ആ ശ്രമം വിഫലമായില്ല. ഇത്തവണയത് പൂർണ്ണരൂപത്തിൽ ഒരുക്കപ്പെട്ടു. ‌ കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിൽ ഞാനത് എഴുതി തീർത്തു.
മനസ്സിപ്പോൾ ശൂന്യമാണ്. നാലഞ്ചു വർഷത്തിനിടെ പലപ്പോഴും തെളിഞ്ഞും മറഞ്ഞും കൂടെയുണ്ടായിരുന്ന ആളുകളും ഇടങ്ങളുമൊക്കെ ഒരു ജാലവിദ്യയാലെന്ന പോലെ അപ്രത്യക്ഷമായതിന്റെ അമ്പരപ്പ്. പക്ഷെ ഇതിന്റെ ബാധ തീരാൻ കുറച്ചു കാലമെടുക്കും. പതിയെ വേണം അടുത്തതിലേയ്ക്ക് കടക്കാൻ. അതിനായി വിശ്രമവും ഇടവേളയും അനിവാര്യമാണ് താനും. ഇതും ഉപേക്ഷിക്കപ്പെടുമോ എന്ന എഴുത്തു ഭയത്തിന്റെ, മാനസിക തളർച്ചയുടെ സമയങ്ങളിലെല്ലാം കൂടെ നിന്നവർക്കും, ആശയവും കഥാഗതിയും പങ്ക് വയ്ക്കുമ്പോൾ നൽകിയ പിന്തുണകൾക്കും അകമറിഞ്ഞ നന്ദി അറിയിക്കുന്നു. എഴുത്തുകാലത്തെ ആമയോട്ടത്തിന്റെ മന്ദവേഗത്തിലും, മുയലുറക്കത്തിന്റെ അലസതയിലും ഒരു പോലെ കൂടെ നിന്ന ‌സകലർക്കും സകലതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. ചെപ്പും പന്തും വൈകാതെ ഖണ്ഡശ പ്രസിദ്ധീകരിച്ച് തുടങ്ങുമെന്നും, ശേഷം പുസ്തക രൂപത്തിലാകുമെന്നും പ്രതീക്ഷിയ്ക്കാം. ബാക്കിയെല്ലാം വായനകൾക്കായി വിട്ടുകൊടുക്കുന്നു.
ഏവർക്കും പുതുവത്സരാംശംസകൾ.
സസ്നേഹം..

1 comments:

Vaisakh Narayanan said...

പുതുവത്സരാശംസകൾ...

 

(c)2009 Devadas V.M [ vm.devadas@gmail.com ]