I confused things with their names: that is belief.
- Jean Paul Sartre
- Jean Paul Sartre
അയാളെന്നെ വിളിച്ച പേര് ആംബ്രോസ് എന്നായിരുന്നു. അതെന്റെ പേരല്ലായിരുന്നിട്ടും ഞാൻ തിരിഞ്ഞു നോക്കി. കാരണം ആംബ്രോസ് എന്ന പേരെനിക്കിഷ്ടമായിരുന്നു. അതെന്റെ പേരാകാനും ആഗ്രഹിച്ചിരുന്നു. ആരെങ്കിലും എന്നെ ആംബ്രോസ് എന്ന് വിളിക്കണമെന്നും കൊതിയുണ്ടായിരുന്നു. പക്ഷെ അങ്ങനെ എന്നെ വിളിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നവരുടെ കൂട്ടത്തിൽ അയാളുണ്ടോ എന്നെനിക്കുറപ്പില്ല. പക്ഷേ എന്നിട്ടുമെന്തേ അയാളെന്നെ ആംബ്രോസ് എന്ന് വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞ് നോക്കിയത്? ഇനി അയാളെന്നെ ആംബ്രോസ് എന്ന് തന്നെയാണോ വിളിച്ചത്? സംശയം കൂടുന്നുണ്ട്. ചെടിപ്പിക്കുന്ന സോദര ഭാവേന ബ്രദർ എന്നെങ്ങാനുമാണോ? ഇനി വല്ല ബെർണാഡ് എന്നോ റോസ് എന്നോ മറ്റോ ആണോ? വലഞ്ഞല്ലോ! തിരിഞ്ഞു നോക്കിയതിന്റെ അർത്ഥം അയാളുടെ വിളിക്ക് പ്രതികരണമുണ്ടായി എന്നാണ്. അതിന് തുടർച്ചയായി എന്റെയടുത്തേയ്ക്ക് വേഗത്തിൽ നടന്നു വരുന്ന അയാൾക്കായി ഞാൻ നിന്നു കൊടുക്കേണ്ടതുണ്ട്. ഓഹ്! അതെന്തിനാണ്? അയാളൊരു പേരു വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി. അത്രയല്ലേ സംഭവിച്ചുള്ളൂ. ആംബ്രോസ് എന്ന പേരുവിളിക്ക്, ഇനി വിളിച്ചത് ആംബ്രോസ് എന്നല്ലെങ്കിൽ അയാൾ വിളിച്ച മറ്റേതെങ്കിലും പേരിന്, അതുമല്ലെങ്കിൽ സോദര ഭാവേനയുള്ള സംബോധനയ്ക്ക്, മറ്റൊന്നുമല്ലെങ്കിൽ അയാളുണ്ടാക്കിയ ഒരു ഒച്ചയനക്കത്തിന് പ്രതികരണമായി ഞാൻ തിരിഞ്ഞു നോക്കിപ്പോയി എന്നല്ലേയുള്ളൂ. പിന്നെന്തിനാണ് എന്റെയടുത്തേയ്ക്ക് വേഗത്തിൽ നടന്നു വരുന്ന അയാൾക്കായി ഞാൻ നിന്നു കൊടുക്കേണ്ടത്. കഴുത്ത് മുന്നോട്ടു തന്നെ തിരിച്ച് നടന്നു പോയാൽ തീരാവുന്ന പ്രശ്നമല്ലേ ഇതുള്ളൂ. പക്ഷേ അങ്ങനെ ചെയ്താൽ അയാൾ ഒരിക്കൽ കൂടെ ആ പേരോ സംബോധനയോ ഒച്ചയോ ആവർത്തിക്കും. അതോടെ ഒരു പക്ഷേ എന്റെ അവ്യക്തത പൂർണ്ണമായും നീങ്ങും. ചിലപ്പോൾ ആംബ്രോസ് എന്ന എനിക്കിഷ്ടമുള്ള പേരു തന്നെയാകാം അയാൾ ആവർത്തിക്കുന്നത്. എങ്കിലതെത്ര രസകരമായ നിമിഷമായിരിക്കും. എന്ത് മനോഹരമായിരിക്കും. വരട്ടേ വരട്ടേ... അങ്ങനെയല്ല സംഭവിക്കുന്നതെങ്കിലോ? അയാൾ ബെർണാഡ് എന്നൊ റോസ് എന്നോ ആണ്‌എന്നെ വിളിക്കുന്നതെങ്കിലോ? ആംബ്രോസ് എന്നതെന്റെ പേരല്ല ശരിതന്നെ. പക്ഷേ ബെർണാഡ് , റോസ് എന്നിവയെന്റെ പേരല്ലെന്ന് ഞാൻ നിഷേധിച്ചിട്ടില്ലല്ലോ. അപ്പോൾ എന്നെ വ്യക്തമായും തിരിച്ചറിയാവുന്ന ആരോ ആണ് എന്റെയടുത്തേയ്ക്ക് വേഗത്തിൽ നടന്നു വരുന്നതെന്നല്ലേ? തീർച്ചപ്പെടുത്താൻ വരട്ടേ ആംബ്രോസ് എന്ന് ആവർത്തിച്ച് വിളിച്ച ശേഷവും, അതിന്റെ ആനന്ദത്തിൽ ഞാൻ മുഴുകി നിൽക്കേ 'അയ്യോ! ആളുമാറിപ്പോയി' എന്ന് അയാൾ പറയുകയാണെങ്കിലോ? അപ്പോൾ എന്താണ് ചെയ്യേണ്ടത്? അവ്യക്തതയുടെ നിമിഷ നേരമെങ്കിലും അബദ്ധത്തിൽ ആംബ്രോസ് ആകാൻ കഴിഞ്ഞതിൽ സന്തോഷിക്കണോ? അതോ അയാൾക്ക് ശരിക്കുമൊരു പരിചയക്കാരനോ സുഹൃത്തോ ആംബ്രോസ് എന്ന പേരിലുണ്ടെന്ന കാരണത്താൽ, ആബ്രോസ് എന്ന എനിക്കേറ്റവുമിഷ്ടമുള്ള പേരിന് എനിക്കല്ല മറിച്ച് അയാളുടെ സുഹൃത്തിനോ പരിചയക്കാരനോ ആണ് അവകാശമെന്നതിനാൽ എനിക്ക് അസൂയ തോന്നാനിടയില്ലേ? അതും തീർച്ചയാക്കാൻ വരട്ടേ. ഒരു പക്ഷെ അയാളെന്നെ തെറ്റിധരിച്ച് ബ്രദർ എന്നാണ് വിളിച്ചതെങ്കിലോ? എന്റെയടുത്തേയ്ക്ക് വേഗത്തിൽ നടന്നു വന്ന ശേഷം 'അയ്യോ! ആളുമാറിപ്പോയി' എന്ന് പറഞ്ഞാലോ? ആംബ്രോസ് എന്നതെന്റെ പേരല്ല ശരിതന്നെ. പക്ഷേ ഞാൻ ആണാണോ, പെണ്ണാണോ, മറ്റു വല്ലതുമാണോ എന്നൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലല്ലോ അതുകൊണ്ട് അകലക്കാഴ്ചയിൽ നിന്നുള്ള ലിംഗപരമായ സംബോധനയിൽ അയാൾക്ക് പിഴവ് പറ്റിയതാണെങ്കിലോ? ഇനി ബെർണാഡ് എന്നോ റോസ് എന്നോ വീണ്ടും വിളിച്ചു കൊണ്ട് അയാളെന്റെ അരികിലെത്തിയ ശേഷം 'അയ്യോ! ആളുമാറിപ്പോയി' എന്ന് പറയാൻ സാധ്യതയില്ലേ? ഉവ്വെന്ന് തീർച്ചയാക്കാൻ വരട്ടേ. ആംബ്രോസ് എന്നതെന്റെ പേരല്ല ശരിതന്നെ. പക്ഷേ ബെർണാഡ് , റോസ് എന്നിവയെന്റെ പേരല്ലെന്ന് ഞാൻ നിഷേധിച്ചിട്ടില്ല എന്നേ പറഞ്ഞിട്ടുള്ളൂ. അതെന്റെ പേരാകാനും സാധ്യതയുണ്ട്. പക്ഷെ എന്നിട്ടും 'അയ്യോ! ആളുമാറിപ്പോയി' എന്ന് അയാൾ പറയണമെങ്കിൽ എന്റെ പേരതല്ലായിരിക്കാം, എന്റെ പേരതായിരിക്കാം. എന്റെ പേര് അതാണെങ്കിൽ, അയാളുദ്ദേശിച്ചത് മറ്റൊരു ബെർണാഡിനേയോ റോസിനേയോ ആണ്.ആങ്ങനെ തീർച്ചയാക്കാമോ? ആംബ്രോസ് എന്നതെന്റെ പേരല്ലെന്നത് ശരി തന്നേ. പക്ഷേ അയാളുദ്ദേശിച്ച ബെർണാഡോ, റോസോ ഞാൻ തന്നെയാകാം. വേഗത്തിൽ നടന്നു വന്ന ശേഷം അരികിലെത്തിയിട്ടും അയാൾക്കെന്നെ മനസിലാകാഞ്ഞതാണെങ്കിലോ? അങ്ങനെയും സംഭവിക്കാമല്ലോ? എത്രയോ തവണ സംഭവിച്ചിട്ടുണ്ട്. വളരെ പരിചയമുള്ള ആളുകൾ നമ്മുടെ തൊട്ടുമുന്നിലെത്തിയിട്ടും നമ്മെ തിരിച്ചറിയാത്തതു പോലെ കടന്നു പോകുന്നു. അതിനർത്ഥം എല്ലാക്കാലവും അവർ നമ്മെ തിരിച്ചറിയാതെ പോകുന്നു എന്നല്ല. മറ്റൊരവസരത്തിൽ അവർ നമ്മെ തിരിച്ചറിഞ്ഞേക്കാം. പക്ഷേ ചില അവസരങ്ങളിൽ അവർ നമ്മെ തിരിച്ചറിയാതെ കടന്നു പോകുന്നു. അത് പല കാരണങ്ങൾ കൊണ്ടാകാം. ചെറിയ നീരസം, ശ്രദ്ധക്കുറവ്, ഭിന്നമായ മാനസിക നില, കഠിനമായ ഉത്ക്കണ്ഠ, കാഴ്കക്കുറവ്, ഓർമ്മക്കുറവ്.... തീർന്നോ? ഇല്ലില്ല.. ഒരു പക്ഷേ നമ്മുടെ കൂടെയുള്ള ആളുടെ സാന്നിദ്ധ്യവും കാരണമായേക്കാം? ഇവിടെ അങ്ങനെയാണെന്ന് വരുമോ? ആംബ്രോസ് എന്ന പേര്, അതെനിക്കേറേ ഇഷ്ടമാണെങ്കിലും, അതെന്റെ പേരല്ല എന്ന് മാത്രമേ ഞാൻ സമ്മതിച്ചിട്ടുള്ളൂ. എന്റെ കൂടെ ആരെങ്കിലുമൊണ്ടോയെന്ന് ഞാനിതുവരെ പറഞ്ഞിട്ടില്ലല്ലോ. അപ്പോൾ സാധ്യതകൾ ഇനിയും പലതായി പിരിയുന്നു. ആംബ്രോസ് എന്ന പേര് അയാൾ വിളിച്ചത് എന്നെയാകണമെന്നില്ല. ആ പേരിനോടുള്ള കൊതികൊണ്ട് ഞാനൊരു പക്ഷേ തിരിഞ്ഞു നോക്കിപ്പോയതാകാം. എന്റെ കൂടെയുള്ള ആളോ , ആളുകളോ തിരിഞ്ഞു നോക്കിയെന്നു വരാം. അവരിലാരെങ്കിലും ആംബ്രോസ് ആണെന്നു വരാം. അങ്ങനെയെങ്കിൽ അയാൾക്ക് ആംബ്രോസ് എന്ന് പേരുള്ള സുഹൃത്തോ പരിചയക്കാരനോ ഉണ്ടെന്ന കാരണത്താൽ എനിക്ക് വല്ലാതെ അസൂയ തോന്നേണ്ട കാര്യമില്ല. കാരണം ആംബ്രോസ് എന്ന് പേരുള്ള ഒരു കക്ഷി എന്റെ കൂടെയുമുണ്ട്. അതുകൊണ്ട് അയാളോട് അസൂയ തോന്നേണ്ട ഒരു കാര്യവുമില്ല. പക്ഷെ എന്റെ കൂടെയുള്ള ആംബ്രോസിനോട് എനിക്ക് അസൂയ തോന്നുമോ? എന്റെ കൂടെയുള്ളത് ബെർണാഡോ റോസോ ആണെങ്കിലോ? ബെർണാഡിനേയോ റോസിനേയോ ആണ് ആയാൾ ആംബ്രോസ് എന്ന് വിളിച്ചതെങ്കിലും എനിക്ക് അസൂയ തോന്നാൻ സാധ്യതയുണ്ട് കാരണം. അയാൾക്ക് ആംബ്രോസ് എന്ന, എനിക്കേറെ ഇഷ്ടമുള്ള പേരിൽ, ഒരു സുഹൃത്തോ പരിചയക്കാരനോ ഉണ്ട്. എന്നാൽ എന്റെ കൂടെയുള്ള കക്ഷി ബെർണാഡോ റോസോ ആണ്. നിൽക്കട്ടേ നിൽക്കട്ടേ... എന്റെ കൂടെ അളുണ്ടെന്നോ ഇല്ലെന്നോ ഞാൻ തീർച്ച പറഞ്ഞിട്ടില്ലെന്ന കാര്യം മറക്കരുത്, അയാൾ റോസ് എന്നോ ബെർണാഡ് എന്നോ തന്നെയാണ് വിളിക്കുന്നതെന്നിരിക്കട്ടെ. അവർ റോസോ ബെർണാഡൊ തന്നെയാകട്ടേ. അപ്പോഴും അതയാൾ ഉദ്ദേശിച്ച ബെർണാഡോ റോസോ ആകണമെന്നില്ലല്ലോ. അടുത്തെത്തിയ ശേഷം 'അയ്യോ! ആളുമാറിപ്പോയി' എന്നയാൾ പറയാൻ സാധ്യതയില്ലേ? ഇനി റോസിനേയോ ബെർണാഡിനേയോ ആണ് അയാൾ തെറ്റിവിളിച്ചതെങ്കിൽ തന്നെയും, നിമിഷ നേരമെങ്കിലും ആബ്രോസ് ആയി മാറാൻ കഴിഞ്ഞ റോസിനൊടോ ബെർണാഡീനൊടോ എനിക്ക് അസൂയ തോന്നാൻ സാധ്യതയില്ലേ? തിരിച്ചറിയലുകളും, സംബോധനയുമെല്ലാം അവിടെ നിൽക്കട്ടേ. അയാൾ വിളിച്ചത് ആംബ്രോസ് എന്നു കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയതെന്നത് ശരി തന്നേ. പക്ഷേ എന്റെ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അവരും അത് ആംബ്രോസ് എന്ന് തന്നെ കേൾക്കണമെന്നില്ലല്ലോ. ഞാൻ തെറ്റി ധരിച്ചതാണെങ്കിൽ അവർ ഒരു പക്ഷേ ബ്രദർ, ബെർണാഡ്, റോസ് ഇതൊന്നുമല്ലെങ്കിൽ മറ്റെന്തെങ്കിലുമാണ് കേട്ടതെങ്കിലോ? ഇനി അയാളുടെ വിളി തന്നെ അവർ ശ്രദ്ധിക്കാതിരിക്കാനും സാധ്യതയുണ്ട്. ഏറ്റവും കൂടിയ അപകടം ഇനി വാരാനിരിക്കുന്ന സാധ്യതയാണ്. അയാൾ എന്തു തന്നെ വിളിച്ചോട്ടേ. പക്ഷേ ഞാൻ കേട്ടത് ആംബ്രോസ് എന്നാണ്. എന്റെ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അവരും ഒരു പക്ഷേ ആംബ്രോസ് എന്ന് കേട്ടിരിക്കാൻ സാധ്യതയുണ്ട്. ഇല്ലേ? അവരുടെ പേര് ആംബ്രോസല്ലായെന്നിരുന്നിട്ടും അവർ തിരിഞ്ഞ് നോക്കിയെങ്കിൽ അവർക്കും ആബ്രോസ് എന്ന പേരിനോട് എന്തോ താൽപ്പര്യമുണ്ടെന്ന് വരുമോ? ആംബ്രോസ് എന്ന പേരുകാരല്ലെങ്കിലും ആ പേരു വിളികേൾക്കാൻ കൊതിക്കുന്നവർ കൂടെയുണ്ടെങ്കിലോ? ആംബ്രോസ് എന്ന പേരെനിക്കില്ല എന്നതു ശരി തന്നേ. പക്ഷെ ആംബ്രോസ് എന്ന പേരിനെ അകമഴിഞ്ഞ് സ്നേഹിക്കാനും, തരപ്പെടുത്താനുമുള്ള കൊതി കൂടെ എനിക്ക് പങ്കിടേണ്ടി വരുമോ? കൗതുകങ്ങളായ കൊതികളെപ്പോലും പങ്കിടേണ്ടുന്ന അവസ്ഥ! എന്തൊരു ദുരവസ്ഥയാകുമത്? എന്തായാലും പേര് വിളിച്ചയാൾ വേഗത്തിൽ നടന്നു വരുന്നുണ്ട്. അടുത്തെത്താറായിരിക്കുന്നു. അയാൾ വായ തുറക്കുന്നുണ്ട്. അടുത്ത തവണ ഒരു പേരോ സംബോധനയോ ആവർത്തിക്കുന്നതോടെ എല്ലാം പരിഹരിക്കപ്പെടാനുള്ള സാധ്യതയേക്കാൾ എല്ലാം കുഴപ്പിക്കാനുള്ള സാധ്യതയാണ് കൂടുതൽ. ഇനി അടുത്തെത്തിയ ശേഷവും അയാൾ ആ പേര് വിളിക്കുന്നില്ലെങ്കിലോ? കണ്ട് മടുത്ത പല നർമ്മ രംഗങ്ങളിലും വലിയ രഹസ്യം വെളിപ്പെടേണ്ടുന്ന സമയത്ത് അത് പറയുന്നയാൾ കുഴഞ്ഞ് വീഴുന്ന ദൃശ്യം കണ്ടിട്ടില്ലേ? അയാൾ അടുത്തെത്തി ആംബ്രോസ് എന്ന എനിക്കേറ്റവും ഇഷ്ടമായ പേരോ, അതല്ലെങ്കിൽ മറ്റേതെങ്കിലും പേരോ സംബോധനയോ വിളിക്കാതെ തന്നെ കുഴഞ്ഞ് വീഴുന്നെങ്കിലോ? അയാളെന്റെ പരിചയക്കാരനല്ലെന്നത് ശരി തന്നേ. പക്ഷേ കുഴഞ്ഞ് വീഴുന്നതിന് മുന്നെ അയാളെന്നെയാണ് അവസാനമായി ഒച്ചയുണ്ടാക്കി വിളിച്ചതെന്ന ഒറ്റക്കാരണത്താൽ എനിക്കയാളുമായി വൈകാരിക ബന്ധമുണ്ടാകില്ലേ? ആംബ്രോസ് എന്നാണ് അയാൾ തൊട്ടു മുന്നെ വിളിച്ചതെങ്കിൽ എനിക്കേറെ ഇഷ്ടമായ പേര്, അതെന്റേതല്ലായിരുന്നിട്ടും, എന്നെ വിളിച്ച ശേഷമാണ് അയാൾ കുഴഞ്ഞ് വീഴുന്നതെന്നതിനാൽ അതിവൈകാരികമായ ഒരു ബന്ധം ഉണ്ടാകില്ലേ? എന്തൊക്കെയാണ് ചിന്തിക്കുന്നത്? അയാളെന്നെ ആംബ്രോസെന്നോ, റോസെന്നോ, ബെർണാഡെന്നോ വിളിച്ചോട്ടേ. കുഴഞ്ഞ് വീണു കിടക്കുന്ന ഒരാളെ സഹായിക്കാൻ അയാൾ വിളിച്ച പേരിന്റെയടിസ്ഥാനത്തിൽ ഒരു വൈകാരിക ബന്ധം വേണമെന്നില്ലല്ലോ? അത് മനുഷ്യത്വത്തിന്റെയും, സഹവർത്തിത്വത്തിന്റേയും വിഷയമല്ലേ? പക്ഷേ അതിനയാൾ കുഴഞ്ഞ് വീണിട്ടില്ലല്ലോ. അയാൾ, ആംബ്രോസ് എന്ന് എനികേറെ ഇഷ്ടമുള്ള പേരാണ് വിളിച്ചതെന്ന തോന്നലുണ്ടാക്കി, അടുത്തേയ്ക്ക് നടന്നടുക്കയല്ലേ? അയാൾ അടുത്തെത്താൻ ഇനിയും സമയമുണ്ടല്ലോ. ആമയും മുയലും ഓട്ടത്തിൽ ആമ ഇഴഞ്ഞിട്ടും, മുയൽ ഓടിയിട്ടും അവർ രണ്ട് പേരും അനിശ്ചിതങ്ങളായ മത്സരം നടത്തുന്ന ഒരു കൗതുക പ്രശ്നമില്ലേ? അങ്ങനെയെങ്കിൽ അയാൾ വേഗത്തിൽ നടക്കുന്നു; എന്റെ ചിന്തയിൽ സാധ്യതകൾ മിന്നി മറയുന്നു. മധ്യരേഖയെ അനിശ്ചിതമായി കുരുക്കിയിടുന്നൊരു ഗണിതവിരോധാഭാസം പോലെ അയാൾ എന്റെ അടുത്ത് എത്തില്ലെന്ന് വരുമോ? അങ്ങനെയെങ്കിൽ ഞാൻ ഇനിയും ഒരു പേര് വിളിയുടെ സാധ്യതകളെ ചികയേണ്ടതില്ലേ? ഇനി സാധ്യതകൾ ബാക്കിയുണ്ടോ? എന്റെ തലയിൽ തോന്നിയില്ലെങ്കിലും എന്റെ കൂടെയുള്ളവർക്ക്, അങ്ങനെ ഒന്നുണ്ടെന്ന് ഞാൻ ഇപ്പോഴും സമ്മതിച്ചിട്ടില്ല, ഇനിയും ചിന്തകളാകാമല്ലോ? എനിക്കേറെയിഷ്ടമായ ആംബ്രോസ് എന്ന പേരാണ് വിളിച്ചതെന്ന തോന്നലുണ്ടാക്കി അയാൾ എന്റെയടുത്തേയ്‌ക്ക് വേഗത്തിൽ നടന്നു വരാൻ അനിശ്ചിതമായ സമയമെടുക്കുമെങ്കിൽ, അത്രയും സമയം പേരുവിളിയുടെ സാധ്യതകളെപ്പറ്റി ചിന്തിക്കാനുമെടുക്കും. ആകെ കുഴങ്ങുന്നല്ലോ! ആംബ്രോസ് എന്ന പേര് എനിക്കേറെ ഇഷ്ടമാണെങ്കിലും, അതെന്റെ പേരല്ലെങ്കിലും, അടുത്തെത്തിയാൽ അയാളെന്നെ വീണ്ടും ആംബ്രോസ് എന്ന് തന്നെ വിളിക്കുകയും, എന്നെ അയാളുടെ പരിചയക്കാരനോ സുഹൃത്തോ ആയ ആംബ്രോസ് ആയി തിരിച്ചറിയുകയും ചെയ്താലോ? ഉറപ്പ് പറയാൻ വരട്ടേ. ആംബ്രോസ് എന്ന പേര് തന്നെയാണോ എനിക്കേറെയിഷ്ടം? മറ്റെന്തോ പേരു കൂടിയുണ്ടായിരുന്നല്ലോ. അതെന്താണത്? എന്റെയടുത്തേക്ക് വേഗത്തിൽ നടന്നു വരാൻ, ആംബ്രോസ് എന്ന് ഞാൻ കേട്ട പേരുവിളിച്ചയാൾക്ക്, ഇനിയും അനിശ്ചിത സമയമുണ്ട്; അതു പോലെത്തന്നെ ആബ്രോസ് എന്ന പേരിനോടൊപ്പം എനിക്കേറെ ഇഷ്ടമായ മറ്റൊരു പേരു കണ്ടെത്താനും. ഇനി രണ്ടാമത്തെ തവണ അയാൾ വിളിക്കുന്നത്, ആ വിളിക്കാനെടുത്ത സമയത്തിനകത്ത് ഞാൻ ചിന്തിച്ചു കണ്ടെത്തിയ ആംബ്രോസ് എന്ന എനിക്കേറെ ഇഷ്ടമായ പേരിനോളം തന്നെ താൽപ്പര്യമുള്ള മറ്റൊരു പേരാണെങ്കിലോ?
ലേബൽ : പഴയ എഴുത്തുകൾ.
ലേബൽ : പഴയ എഴുത്തുകൾ.
4 comments:
ആംബ്രോസ്
ഒരു പേര്‍
ഒരുവിളി
അതെന്നെത്തന്നെയായിരുന്നു
Sebastian, is it my name? Did you call me like that. I like that name, and few usually call me like that!!!
അയാള് ഒന്നും വിളിച്ചില്ല.. വെറുതെ തോന്നിയതാ.. :)
ഒരു നിമിഷത്തിന്റെ കഥ
Post a Comment