*conditions apply
"പ്രായം / ലിംഗം / സ്ഥലം" ; റെയിൽവേ ടിക്കറ്റ് കൗണ്ടറിൽ നിന്നെടുക്കുന്ന ടിക്കറ്റു മുതൽ ഇന്റർനെറ്റിൽ അപരിചിതരുമായുള്ള സംഭാഷണത്തുടക്കം വരെ വ്യക്തിയെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്ന മൂന്ന് സ്വത്വ ഘടകങ്ങളാണ് ഇവ. ഇതിൽ പ്രായം , സ്ഥലം എന്നിവ എപ്പോൾ വേണമെങ്കിലും മാറാവുന്ന ഘടകങ്ങളും, ലിംഗം എന്നത് ജീവിതാന്ത്യം വരെ പേറേണ്ടി വരുന്ന അടയാളവുമായിരുന്നു. എന്നാൽ വൈദ്യശാസ്ത്രം കൈവരിച്ച പുരോഗതിയും, ലിംഗ സമവാക്യങ്ങളിൽ വന്ന മാറ്റങ്ങളും അടിസ്ഥാനപ്പെടുത്തി ഇപ്പോൾ ലിംഗം എന്ന സ്വത്വഘടകം പോലും ചരാവസ്ഥയിലെത്തിയ സാഹചര്യമാണുള്ളത്. ഈ സിനിമയുടെ പ്രചരണത്തിനായി സംവിധായകൻ സ്വീകരിച്ച പരസ്യ രീതികൾ മുഴുവൻ ഇതൊരു സ്ത്രീപക്ഷ സിനിമയാണ് എന്ന തരത്തിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു എന്നാൽ അത്തരം പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്നതായിരുന്നു ദൃശ്യാനുഭവം. സിനിമയുടെ തലക്കെട്ടായ 22 Female Kottayam എന്നു കേട്ടാൽ അപരിചിതയായ ഒരു പെൺകുട്ടി അവളെ സ്വയം പ്രതിനിധാനം ചെയ്തുകൊണ്ട് നമ്മളോട് സംസാരിക്കാൻ തിരശീലയിലെത്തിയിരിക്കുന്നു എന്നൊരു ബോധ്യമാണ് സ്വാഭാവികമായും ഉണ്ടാകുക. എന്നാൽ കഥാപരിസരം വിവരണം ചെയ്തുകൊണ്ട് കേൾക്കാനാകുന്നത് ആൺ ശബ്ദമാണ്. സ്ത്രീപക്ഷ പരികൽപ്പനകളോടെ അവതരിപ്പിക്കപ്പെട്ട സിനിമ അവിടം മുതൽക്കു തന്നെ ചെറുതായി ചെടിയ്ക്കാൻ തുടങ്ങുന്നു. തുടർന്നങ്ങോട്ട് അതിന്റെ അനുരണങ്ങളും , ആവർത്തനങ്ങളും സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. കഥയിലോ സങ്കേതത്തിലോ പുതുമയൊന്നുമില്ലാത്ത ഒരു പ്രമേയമാണ് ഇരുപത്തിരണ്ടു വയസുള്ള കോട്ടയത്തുകാരിയും മുന്നോട്ടുവയ്ക്കുന്നത്. കപട പ്രണയത്തിലകപ്പെട്ട് ക്രൂരമായ വിധം ബലാത്ക്കാര രതിയ്ക്കു വിധേയമായ ഒരു പെൺകുട്ടി പ്രതികാരത്തിനൊരുങ്ങുന്നു. അതിനായി അവൾ തന്റെ അറിവും, സൗഹൃദങ്ങളും, ശരീരവും ആയുധങ്ങളാക്കുന്നു. തന്നെ ക്രൂരമായി പ്രാപിച്ചയാളെ അവൾ കൊലപ്പെടുത്തുന്നു. പ്രണയം നടിച്ചു വഞ്ചിക്കുകയും ബലാത്ക്കാരരതിയ്ക്ക് പരിസരമൊരുക്കുകയും ചെയ്ത പൂർവ്വകാല കാമുകന്റെ ലിംഗം ഛേദിക്കുന്നു. എന്നാൽ കാര്യങ്ങൾ അവിടംകൊണ്ടും തീരുന്നില്ല; അഥവാ കാര്യങ്ങൾ ഇങ്ങനെ മാത്രമല്ല എന്നിടത്താണ് ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണിൽ സ്ത്രീ പക്ഷത്തു നിന്ന് ചിന്തിക്കുമ്പോൾ ഇടയിളക്കങ്ങൾ ഉണ്ടാകുന്നത്.
ടെസ്സ(റീമാ കല്ലിങ്കൽ) എന്ന ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണ് ബാങ്ക്ലൂരിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. മാതാപിതാക്കളില്ലാത്ത, അടുത്ത ബന്ധുക്കളുമായി ഇടപെടലുകളൊന്നുമില്ലാത്ത, ടെസ്സയ്ക്ക് കൊച്ചിയിൽ താമസിക്കുന്ന ഒരനിയത്തിയുമായാണ് ആത്മബന്ധമുള്ളത്. നഴ്സിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രധാന സ്വപ്നമായ വിദേശത്തെ ജോലി എന്ന സാധ്യത തേടുന്നതിനിടയിലാണ് ടെസ്സ ചതിയിൽ അകപ്പെടുന്നത്. "ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണ്" എന്ന പരിചയപ്പെടുത്തലിനപ്പുറം ടെസ്സയുടെ സ്വത്വഘടകങ്ങളിൽ ചില പ്രശ്നങ്ങളുണ്ട്. അത് സ്വന്തം പേരിന്റെ വിപുലീകരണത്തിൽ തുടങ്ങുന്നു. "ടെസ്സ കുരിശിങ്കൽ എബ്രഹാം" എന്ന പേര് പല ഔദ്യോഗിക രേഖകളിലും പലതായാണ് കാണപ്പെടുന്നത്. കുരിശിങ്കൽ എന്ന തറവാട് പലയിടത്തും K എന്ന അക്ഷരത്തിലോ, എബ്രഹാം എന്ന പിതാവ് A എന്ന അക്ഷരത്തിലോ ചുരുങ്ങിയിരിക്കുന്നു എന്നതാണ് ടെസ്സയുടെ വിദേശ ജോലിയ്ക്കുള്ള വിസയെന്ന സ്വപ്നത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നത്. അത്തരം വലിയ പിഴകൾ തിരുത്തിക്കൊണ്ട് വിസ ശരിയാക്കാനുള്ള എജൻസിയിൽ എത്തുന്ന ടെസ്സ അവിടെ വച്ച് സിറിൾ(ഫഹദ് ഫാസിൽ) എന്ന യുവാവിനെ പരിചയപ്പെടുന്നു.ആ ബന്ധം ക്രമേണ പ്രണയത്തിനു വഴിമാറുന്നു. എന്നാൽ ഒറ്റയക്ഷരങ്ങളിൽ ചുരുങ്ങിയിരിക്കുന്ന തറവാട്ടു മഹിമയും പിതൃസംരക്ഷണത്തിന്റെ അഭാവമുമുള്ള പെൺകുട്ടി തന്റെ മുന്നിലെത്തുമ്പോൾ, അവളാണ് തന്റെ അടുത്ത ഇരയെന്ന് സിറിൾ തിരിച്ചറിയുന്നു. അയാൾ ടെസ്സയോട് സൗഹൃദമാരംഭിക്കുന്നു. ഒരു രാത്രി ബൈക്ക് റൈഡിനു ശേഷം മേഘങ്ങളെ തൊട്ടുരുമ്മുന്നൊരു കുന്നിൽ മുകളിൽ വച്ച് പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ടെസ്സയോടുള്ള പ്രണയം വെളിപ്പെടുത്തുന്ന സമയത്താണ് താൻ കന്യകയല്ലെന്നും, കൗമാരപ്രായത്തിൽ പ്രണയം തോന്നിയ കാമുകനുമായി ശാരീരികബന്ധം പുലർത്തിയിരുന്നു എന്നും ടെസ്സ തുറന്നു പറയുന്നത്. 'ഭ' എന്ന അക്ഷരം കോട്ടയംകാരുടെ ഉച്ചാരണത്തിൽ 'ഫ' ആയി മാറുന്ന പ്രവണതയിലെ നർമ്മം അതിനു മുന്നെയും ടെസ്സയിലൂടെ പലതവണ പ്രകടമായിട്ടുള്ളതാണെങ്കിലും കാൽപ്പനികമായൊരു അന്തരീക്ഷത്തിലെ പ്രണയ സംഭാഷണത്തിൽ അവളുടെ 'ഫാവി' ഒരു കല്ലുകടിയായി മാറുന്നു. ടെസ്സയുടെ കോട്ടയം ഉച്ചാരണത്തിൽ കടന്നു വരുന്ന 'ഫ'കളെ അവഗണിച്ചിരുന്ന സിറിൾ 'ഭാ/ഫാ-വി'യെ മാത്രം തിരഞ്ഞെടുത്ത് തിരുത്താൻ ശ്രമിക്കുന്നിടം മുതലാണ് അപകടങ്ങൾ ആരംഭികുന്നത്. ടെസ്സയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ 'ഹൈസ്കൂളിൽ പഠിക്കുമ്പോഴേ വേലി ചാടിയ' തന്റെ തന്റെ ഭൂതകാലത്തെക്കുറിച്ച് ആകുലതയോടെ തുറന്നു പറയുമ്പോൾ അതിനെ നർമ്മത്തോടെ സമീപിക്കുന്ന വിശാലമനസ്ക്കനായ കാമുകനെ ടെസ്സ മനസ്സാലേ സ്വീകരിക്കുന്നു. എന്നാൽ അത്തരമൊരു പെണ്ണിന്റെ ഭാവി സുരക്ഷിതമല്ലെന്നും , അത് അപകടകരമാം വിധം അപരർക്ക് തിരുത്താനുള്ളതുമാണെന്ന സൂചനകൾ ഉച്ചാരണപ്പിശകു തിരുത്തലിലൂടെ സൂചിതമാകുന്നുണ്ട്. സിറിൾ ടെസ്സയോട് പ്രണയം നടിയ്ക്കുകയും, സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നു. വിദേശത്തെ ജോലി ഏകദേശം ശരിയായിരിക്കുന്ന സമയത്താണ് ടെസ്സ സിറിളുമായി ഒരുമിച്ചു താമസം തുടങ്ങുന്നത്. ടെസ്സയെ സംബന്ധിച്ചിടത്തോളം അത് സുരക്ഷിതമായ പ്രണയബദ്ധമായ ഒരിടമാണ്. എന്നാൽ വിദേശത്തു ജോലിയ്ക്കു പോകുന്നതിനിടയിൽ കുറച്ചു ദിവസം ടെസ്സയുമായി ശാരീരികബന്ധം പുലർത്താനുള്ള സാധ്യതമാത്രമാണ് സിറിൾ കണ്ടെത്തുന്നത്. കാര്യങ്ങളങ്ങനെ മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് ടെസ്സയുടെ ജീവിതം തന്നെ വഴിമാറുന്ന ചില സംഭവങ്ങൾ ഉണ്ടാകുന്നത്. ഒരു പബിൽ വച്ച് ടെസ്സയോട് മോശമായി പെരുമാറുന്നൊരു കന്നഡക്കാരൻ യുവാവിനെ ടോയ്‌ലറ്റിൽ വച്ച് സിറിൾ മർദ്ദിച്ചവശനാക്കുന്നു. മർദ്ദിക്കപ്പെട്ട ചെറുപ്പക്കാരന്റെ പിതാവ് രാഷ്ട്രീയ സ്വാധീനമുള്ളയാളായതിനാൽ മറുത്തൊരു ആക്രമണത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സിറിൾ തന്റെ മുതലാളിയായ ഹെഗ്‌ഡേയുടെ (പ്രതാപ് പോത്തൻ) ഫാംഹൗസിൽ ഒളിവിൽ പോകുന്നു. മുമ്പൊരിക്കൽ എട്ടു വയസ്സുകാരിയെ ബലാത്‌സംഗം ചെയ്ത കേസിൽ നിന്ന് ഊരിപ്പോന്ന ഹെഗ്‌ഡേ എന്ന സമ്പന്നൻ പല പെൺകുട്ടികളേയും തന്റെ രതിവൈകൃതങ്ങൾക്ക് ഇരയാക്കുന്നവനും, പണവും സ്വാധീനവും ഉപയോഗിച്ച് അതിൽ നിന്നെല്ലാം രക്ഷപ്പെടുന്നവനുമാണ്. സിറിൾ വീട്ടിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യം മുതലെടുത്ത് അയാൾ ടെസ്സയെ ക്രൂരമായി മുറിവേൽപ്പിച്ചുകൊണ്ട് ബലാത്ക്കാരമായി പ്രാപിക്കുന്നു. ഹെഗ്‌ഡേയുടെ സംരക്ഷണത്തിൽ അപകടം തരണം ചെയ്ത സിറിൾ അയാളുമായി ഉടമ്പടിയിലെത്തുന്നു. ബലാത്ക്കാരത്തിനിരയായി ശാരീരികമായും മാനസികമായും ആഘാതമനുഭവിക്കുന്ന കാമുകിയെ സ്വസ്ഥമായ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ഉത്തമനായ കാമുകന്റെ വ്യാജവേഷം അണിഞ്ഞുകൊണ്ട് തന്നെ സിറിൾ സാമ്പത്തികമായ ലാഭത്തിനുവേണ്ടി ടെസ്സയെ വീണ്ടും ഹെഗ്ഡേയുടെ ഇരയാക്കിമാറ്റാൻ സമാന്തരമായി ശ്രമിക്കുന്നു. സിറിൾ ഇല്ലാത്ത സമയത്ത് ടെസ്സ വീണ്ടും ഹെഗ്ഡേയാൽ ബലാത്‌സംഗത്തിന് വിധേയയാകുന്നു.
തിരിച്ചു വരവിന് സാധ്യമല്ലാത്ത വിധം ടെസ്സ തകർന്ന ടെസ്സ വിദേശ ജോലി എന്ന തന്റെ സ്വപ്നസാക്ഷാത്ക്കാരത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ജോലി ലഭിച്ച് ടെസ്സ പോയിക്കഴിഞ്ഞാൽ തന്റെ തലയിലെ ഉത്തരവാദിത്വം ഒഴിഞ്ഞു എന്നു കരുതുന്ന സിറിളും, തന്റെ കൺമുന്നിൽ തന്നെ ഇര ഭീഷണിയായി ബാക്കി നിൽക്കുന്ന ഹെഗ്‌ഡേയും അസ്വസ്ഥരാകുന്നു. വാദപ്രതിവാദങ്ങൾക്കൊടുവിൽ ടെസ്സയെ കൊലപ്പെടുത്താൻ ഹെഗ്ഡേ സിറിളിനോട് ആവശ്യപ്പെടുന്നു. എന്നാൽ ടെസ്സയെ കൊലപ്പെടുത്തുന്നതിനു പകരം മയക്കുമരുന്നു കടത്തു കേസ്സിൽ പ്രതിയാക്കി ജയിലിലടച്ചുകൊണ്ട് സിറിൾ അവളെ ചതിയിൽ ഒഴിവാക്കുകയാണ് ചെയ്യുന്നത്. കോടതിയിൽ നിശബ്ദയാകുന്ന ടെസ്സ സ്വാഭാവികമായും ജയിലിലെത്തുന്നു. സ്ത്രീ ജയിലുകളെന്നാൽ സ്ത്രീ വിരുദ്ധമായ എന്തോ ആണെന്ന ധാരണ പൊതു ബോധത്തിലേയ്ക്ക് ചെലുത്തുന്ന തിരശീലാ ദൃശ്യങ്ങളാണ് മലയാളം സിനിമകളിൽ പരക്കെ കാണപ്പെടാറുള്ളത്. കുറ്റം ചെയ്യാതെ ജയിലിൽ എത്തുന്ന പുത്തൻ തടവുകാരിയെ മുടിയ്ക്കു കുത്തിപ്പിടിച്ച് ചുമരിലിടിക്കുന്ന, ക്രൂരമായ വിധത്തിൽ സ്വവർഗ രതിയ്ക്ക് പ്രേരിപ്പിക്കുന്ന, ഏതു നേരവും പരദൂഷണം പറഞ്ഞിരിക്കുന്ന സഹതടവുകാരികൾ. പെൺ തടവുകാരെ ആൺ പോലീസുകാർക്ക് കൂട്ടിക്കൊടുക്കുന്ന, അവരെ ക്രൂരമായി മർദ്ധിക്കുന്ന സ്ത്രീ വാർഡന്മാർ എന്നീ പതിവു കാഴ്ചകളിൽ നിന്നും ആഷിക് അബുവിന്റെ പെൺ ജയിൽ പരിസരം വ്യത്യാസപ്പെടുന്നു. ആൺ ക്രൂരതകളുടെ ഫലമായി സഹനത്തിന്റേതായ എല്ലാ സാധ്യതകളും നഷ്ടമായ സാഹചര്യത്തിൾ പൊട്ടിത്തെറിച്ചതിന്റെ ഫലമായി ജയിലിലെത്തിയ സ്ത്രീകളെയാണ് ടെസ്സയ്ക്കവിടെ കാണാനാകുന്നത്. അതു നൽകുന്ന ഉൾക്കരുത്തിൽ അവൾ സാവധാനത്തിൽ മാറ്റങ്ങൾക്ക് വിധേയപ്പെടുന്നു. തടവുമുറിയിൽ ടെസ്സയ്ക്ക് കൂട്ടിനായി കിട്ടുന്നത് സുബൈദ എന്ന ഗർഭിണിയെയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള, സ്വാധീനമുള്ള കുടുംബാംഗങ്ങളുള്ള, തമിഴത്തിയായ സുബൈദ ജയിലിനെ താൽക്കാലികമായ സുരക്ഷാ ഇടമായാണ് കാണുന്നത്. താൻ ചെയ്ത കൊലപാതകത്തിനുള്ള തിരിച്ചടിയായി തന്നെ കൊല്ലാൻ നടക്കുന്നവരിൽ നിന്ന് രക്ഷപ്പെടാനും, എങ്ങനെയെങ്കിലും തന്റെ കുഞ്ഞിന് ജന്മം നൽകാനുമാണ് സുബൈദ ജയിലിനെ ഉപയോഗപ്പെടുത്തുന്നത്. ഇതിനിടെ ആശുപത്രിയിലെ പരിചരണത്തിനിടെ ആത്മബന്ധം പുലർത്തിയിരുന്ന രോഗിയുടെ(ടി.ജി രവി) വിൽപ്പത്രപ്രകാരം പാതി സ്വത്തിന് ഉടമയാകുന്ന ടെസ്സ സാമ്പത്തികമായി സുരക്ഷിതയാകുന്നു. അപരിചിതമായ ജയിൽ സാഹചര്യത്തിലെത്തുന്ന ടെസ്സയ്ക്ക് സുബൈദ ഉപാസനാ മൂർത്തിയാകുന്നു. കരുണാമയിയായ അമലോത്ഭവ മാതാവിനെ മാത്രം പരിചയമുള്ള കോട്ടയം ക്രിസ്ത്യാനിപ്പെണ്ണിനുമേൽ ദ്രാവിഡമായ സ്വത്വമുള്ള അമ്മ ദൈവങ്ങളേയും, സംഹാര മൂർത്തിയായ കാളിയേയും ഓർമ്മപ്പെടുത്തുന്ന വിധത്തിൽ സുബൈദ ഇടപെടുന്നു. ഗർഭകാല സങ്കീർണ്ണതയിലും, പ്രസവത്തിലും തന്നെ പരിചരിച്ച ടെസ്സയ്ക്ക് പകരമായി സുബൈദ വാഗ്ദാനം ചെയ്യുന്നത് ജയിലിൽ നിന്നുള്ള മോചണവും, പ്രതികാരം ചെയ്യാനുള്ള സഹായവുമാണ്. അതിനായി തന്റെ പഴയൊരു സുഹൃത്തിനെ സുബൈദ ടെസ്സയ്ക്കു പരിചയപ്പെടുത്തുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ടെസ്സയ്ക്ക് പിന്നീടുള്ള സഹായങ്ങൾ ലഭിക്കുന്നത് ഡി.കെ(സത്താർ) എന്നറിയപ്പെടുന്നയാളിൽ നിന്നാണ്. ഡി.കെയാകട്ടേ തന്റെ സ്വാധീനവും, സമ്പത്തുമുപയോഗിച്ച് സ്ത്രീകളെ ഉപയോഗിക്കുന്നയാളാണ്. പക്ഷേ തന്റെ സഹായങ്ങൾക്കു പകരമായി സ്വയം വഴങ്ങിത്തരുന്ന പെൺകുട്ടികളെ മാത്രമേ അയാൾ ശശീരപങ്കാളിയാക്കാറുള്ളൂ. സഹജീവനക്കാരിയും, റൂം മേറ്റുമായ പെൺകുട്ടിയുടെ കാമുക വേഷത്തിൽ ടെസ്സയ്ക്കയാളെ മുൻപരിചയമുണ്ട്. തന്റെ ശരീരത്തിലും അയാൾക്ക് താൽപ്പര്യമുണ്ടെന്നറിഞ്ഞിട്ടും അന്നയാളെ അവഗണിച്ച ടെസ്സ പ്രതികാര പൂർത്തീകരണത്തിനായി ഡി.കെയുടെ സഹായം തേടുന്നു; അതിനായി അയാൾ ആവശ്യപ്പെടുന്നത് അവളുടെ ശരീരമാണെങ്കിൽ പോലും. ഡി.കെയുടെ സഹായത്താൽ ടെസ്സ തന്റെ പ്രതികാരനടപടികൾ ആരംഭിക്കുന്നു. ക്രൂരമായ പീഡനത്തിന് തന്നെ വിധേയമാക്കിയ ഹെഗ്ഡേയെ മൂർഖനെക്കൊണ്ടു തീണ്ടിച്ച് കൊലപ്പെടുത്തുകയും, ആ കാഴ്ച ആസ്വദിക്കുകയും ചെയ്യുന്നു. തുടർന്ന് തന്റെ രൂപത്തിനു തന്നെ മാറ്റം വരുത്തിയ നിലയിൽ ടെസ്സ ചെല്ലുന്നത് സിറിളിന്റെയടുത്തേയ്ക്കാണ്. ആ സമാഗമം ഒരുക്കുന്നതിനായി കൗമാരകാലത്ത് തന്നെ പറഞ്ഞു പറ്റിച്ച് കന്യകാത്വം കവർന്ന കാമുകനെത്തന്നെ അവൾ ഉപയോഗപ്പെടുത്തുന്നു. ജയിൽ മോചിതയായി തന്നെത്തേടിയെത്തിയ ടെസ്സയെ കണ്ട് പകയ്ക്കുന്നതിനു പകരം അവളെ മർദ്ദിക്കുകയും, തെറി വിളിക്കുകയും, ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ചെയ്യുന്ന സിറിളിന് മദ്യത്തിലൂടെ അനസ്ത്യേഷ്യ നൽകിക്കൊണ്ട് അയാളുടെ ലിംഗം ശസ്ത്രക്രിയാ വൈദഗ്ദ്യത്തോടെ ടെസ്സ മുറിച്ചു നീക്കുന്നു. തുടർന്നങ്ങോട്ട് അനസ്ത്യേഷ്യയുടെ പാതിബോധത്തിലും, ഇടയ്ക്കെല്ലാം സുബോധത്തിലുമുള്ള ലിംഗരഹിതനായ ആണുമായി തർക്കിക്കുകയും, പരിഹസിക്കുകയും, ഇടയ്ക്കെല്ലാം പ്രണയച്ചുവയുള്ള സംഭാഷണം നടത്തുകയും ചെയ്യുന്ന ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണിനെയാണ് കാണുന്നത്. തന്റെ 'ഫാവി' തിരുത്താൻ ശ്രമിച്ച മുൻകാല കാമുകന്റെ "നീ വെറും പെണ്ണാണ്" എന്ന നിലപാടു തിരുത്തി "നീയാണ് പെണ്ണ്" എന്നു പറയിപ്പിക്കുന്നിടത്ത് താൻ വിജയിച്ചതായി അവൾ കരുതുന്നു. കാനഡയിലേയ്ക്ക് ജോലി തേടിപ്പോകുന ടെസ്സ സിറിളിന് പരോക്ഷമായ ക്ഷണവും, ഡി.കെയ്ക്ക് നന്ദിയും രേഖപ്പെടുത്തുന്നിടത്ത് സിനിമ തീരുകയാണ്.
സ്ത്രീപക്ഷ സിനിമ എന്ന നിലയിൽ മുദ്രചാർത്തി ഇറക്കപ്പെട്ട സിനിമയായിരുന്നു 22 Female Kottayam. തെരുവിൽ തട്ടിപറിക്കാൻ ശ്രമിക്കുന്നവനോടും, ബസ്സിൽ തോണ്ടുന്നവനോടുമെല്ലാം സ്ത്രീകൾ ധീരമായി ഇടപെടുന്ന പരസ്യങ്ങളാണ് സിനിമയ്ക്കായി ഒരുക്കിയിരുന്നത്. എന്നാൽ ആ പരസ്യങ്ങളിൽ നിന്നും വിരുദ്ധമായി ഫെമിനിസം എന്ന പുരോഗമനാശയത്തേയും കമ്പോളവ്യവഹാരത്തിന് അനുയോജ്യമായ വിധം 'ചരക്കാ'ക്കിക്കൊടുത്തു എന്നിടത്താണ് കൊട്ടിഘോഷിക്കപ്പെട്ട് എത്തിയെങ്കിലും ആശയപരമായി ഈ സിനിമ പരാജയപ്പെടുന്നത്. കലാസ്വാദനം നടത്തുമ്പോൾ നമ്മുടെ ആശയ സങ്കൽപ്പത്തിലെ 'മാതൃകാ ലോകത്തെ' കലയിൽ തിരയരുത്, മറിച്ച് കല പ്രകടമാക്കുന്നതെന്താണോ അതിലെ ആയശത്തെ/പ്രമേയപരിസരത്തെ/രാഷ്ട്രീയത്തെ തിരിച്ചറിയുന്നതാണ് കൂടുതൽ മെച്ചപ്പെട്ട നിരൂപണ രീതിശാസ്ത്രമെന്നതിനെ അംഗീകരിക്കുകയാണെങ്കിൽ തന്നെയും 22 Female Kottayam നടത്തുന്ന ഇടയിളക്കങ്ങൾ അത്ര ആശാവഹമല്ല. പുരുഷകേന്ദ്രീകൃതമായ അധികാര ഘടനയുടേയും, ആൺപന്നിക്കൂട്ടത്തിന്റേയും, പീഡകരുടേയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഇരകളായ സ്ത്രീകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സ്വാഭാവികമായും ചിന്തിക്കേണ്ട പലഘടകങ്ങളേയും ഈ സിനിമ ഒഴിവാക്കുന്നുണ്ട്. Discipline and Punish: The Birth of the Prison എന്ന ഗ്രന്ഥത്തിൽ ഫൂക്കോ അധികാരത്തെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്. Power is not an institution, and not a structure; neither is it a certain strength we are endowed with; it is the name that one attributes to a complex strategical situation in a particular society. In its function, the power to punish is not essentially different from that of curing or educating. ടെസ്സയെ സംബന്ധിച്ചിടത്തോളം ആക്രമണം, ചതി, സംരക്ഷണം, സഹായം എന്നിവയെല്ലാം അനുഭവിക്കേണ്ടി വരുന്നത് ആണുങ്ങളിൽ നിന്നാണ്. തടവറയിൽ വച്ച് സുബൈദയുമായുള്ള സൗഹൃദമൊഴിച്ചു നിർത്തിയാൽ ടെസ്സയുടെ ജീവിതം അടയാളപ്പെടുത്തുന്നതും ആണുങ്ങളാണ്. അതുകൊണ്ട് തന്നെയാകണം ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണിനെ പരിചയപ്പെടുത്താൻ സംവിധായകൻ ആൺ ശബ്ദത്തെ ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ടെസ്സ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ, അധികാര ഘടനയുടെ ഇരയും തടവുകാരിയുമാണ്. തന്റെ ഔദ്യോഗിക രേഖകൾ തിരുത്താൻ, വിദേശ വിസയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ, ചതിയിലകപ്പെട്ടപ്പോൾ പ്രതികാരം ചെയ്യാൻ എല്ലാം അവൾക്ക് ആശ്രയിക്കേണ്ടി വരുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ തന്നെ ചൂഷണം ചെയ്യുന്ന ആണുങ്ങളെയാണെന്നത് കേവലം യാദൃശ്ചികതയല്ല. അതുകൊണ്ട് തന്നെ ചുഴിഞ്ഞു നോക്കിയാൽ ബലാത്‌സംഗം നടത്തിയ ഹെഗ്ഡേയോ, പ്രതികാര സഹായം നൽകുന്ന ഡി.കെയോ ഒരേ തരം അധികാരമാണ് ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണിനു മേൽ പ്രയോഗിക്കുന്നത്. "Can I have sex with you?" എന്നൊരു ചോദ്യത്തോടെ കടന്നു പിടിക്കുന്ന ഹെഗ്ഡേ പ്രാകൃതനായ വേട്ടക്കാരനാണെങ്കിൽ , "ഒന്നും വെറുതേ കിട്ടില്ലെ"ന്നു പറഞ്ഞ് ടെസ്സയുടെ ശരീരത്തിനുമേൽ ഉടമ്പടി വയ്ക്കുന്ന ഡി.കെ സമർത്ഥനായ മുക്കുവനാണെന്ന വ്യത്യാസമേയുള്ളൂ. ക്രൗഞ്ചപക്ഷിയായി മുറിവേറ്റു മരിക്കണോ, സുവർണ്ണ മത്സ്യമായി ശ്വാസംമുട്ടി മരിക്കണോ എന്നൊരു തിരഞ്ഞെടുപ്പ് മാത്രമാണ് അവിടെ സാധ്യമാകുന്നത്. പെണ്ണിനെ ചൂതിലെ ഉടമ്പടിയിൽ പണയം വയ്ക്കുന്ന പാണ്ഡവർ നായകരും; പണയ വസ്തുവായ പെണ്ണിന്റെ തുണിയഴിച്ച, തുടയിലിരിക്കാൻ ക്ഷണിച്ച കൗരവർ വില്ലന്മാരുമാകുന്ന വിധം ഇതിഹാസ വ്യാഖ്യാനം നടന്ന നാടാണിത്. അതുകൊണ്ട് തന്നെ പരസ്പരം വച്ചു മാറാവുന്ന വേഷങ്ങൾ മാത്രമേ ഹെഗ്‌ഡെയും, ഡി.കെയും അണിയുന്നുള്ളൂ.
നിയമം എന്ന വ്യവസ്ഥാപിതമായ സാമൂഹ്യ സുരക്ഷയെ പാടേ തള്ളിക്കളയുന്ന കാഴ്ചയാണ് സിനിമയിൽ ഉടനീളം കാണാനാകുന്നത്. "കൊച്ചി പഴയ കൊച്ചിയല്ലെ"ന്നു പറയുന്ന, ആണുങ്ങളുടെ ചന്തിയെക്കുറിച്ച് കമെന്റടിക്കുന്ന അനിയത്തിക്കു പോലും ടെസ്സയെ കാണാൻ ജയിലിൽ വരുന്നതിനും , നിയമോപദേശം തേടുന്നതിനുമെല്ലാം ഒരു പുരുഷ സുഹൃത്തിന്റെ/കാമുകന്റെ സഹായം ആവശ്യമുണ്ട്. ബലാത്‌സംഗത്തിന് രണ്ടു തവണ വിധേയമായ ശേഷവും നിയമപരമായി കാര്യങ്ങളെ സമീപിക്കാൻ ടെസ്സയെ സംവിധായകൻ അനുവദിക്കുന്നില്ല. അതിനു പകരം തന്റെ ഹിതമല്ല, ദൈവഹിതമാണ് നടക്കുന്നതെന്ന സുവിശേഷ വാചകം ഇടവേള സമയത്ത് എഴുതിക്കാണിക്കുന്നതോടെ പ്രത്യക്ഷമായ അശ്ലീല പ്രഖ്യാപനത്തിലേയ്ക്ക് സിനിമ കൂപ്പുകുത്തുന്നു. മയക്കുമരുന്നു കടത്തിന് പിടിക്കപ്പെടുന്ന നിമിഷത്തിൽ തന്നെ ചതിച്ചത് കാമുകനാണെന്ന് തിരിച്ചറിവുണ്ടായിട്ടും കേസിൽ തുറന്നു പറച്ചിലുകളില്ലാതെ നിയമത്തെ പരിഹസിച്ചുകൊണ്ട് ടെസ്സ കീഴടങ്ങുന്നു. മറ്റൊരാളുടെ വിൽപത്ര പ്രകാരം സമ്പത്ത് കൈയ്യിലെത്തിയിട്ടും, തടവറയ്ക്കു പുറത്ത് സഹായിക്കാൻ അനിയത്തിയുണ്ടായിട്ടും അതിനെയൊന്നും കാര്യമായി ആശ്രയിക്കാൻ അവൾ തയ്യാറാകുന്നില്ല. സ്ത്രീ വിരുദ്ധമായ നടപടികളിൽ നിന്ന് നമ്മുടെ കോടതികളും വിമുക്തമല്ല എന്നു തെളിയിക്കുന്നതാണ് സമകാലികമായ പല പീഡനക്കേസുകളുടേയും നടത്തിപ്പ് തെളിയിച്ചിട്ടുള്ളത്. ക്രൂരമായവിധം ബലാത്‌ക്കാരമായി സംഘരതിയ്ക്ക് വിധേയയായ പെൺകുട്ടിയോട് പോലും "തക്കം കിട്ടിയാൽ എഴുന്നേറ്റ് ഓടിരക്ഷപ്പെടാമായിരുന്നില്ലേ?" എന്നു ചോദിക്കുന്ന ന്യായാധിപരാണ് ഇവിടെയുള്ളത്. എങ്കിലും നിയമപരമായ സാധ്യതയെ പരിഗണിച്ചു പരാജയപ്പെടുന്നതും, പരിഹസിച്ചു പരാജയപ്പെടുന്നതും രണ്ട് മാനസികാവസ്ഥയെയാണ് വെളിപ്പെടുത്തുന്നത്. മലേഷ്യയിൽ ആയിരുന്നെങ്കിൽ ശരിക്കും കുടുങ്ങിയേനെ , ഇൻക്രെഡിബിൾ ഇന്ത്യയിലായതുകൊണ്ട് രക്ഷപ്പെടാൻ സാധ്യതകളേറെയെന്നാണ് മയക്കുമരുന്നുകേസിൽ പിടിക്കപ്പെടുന്ന മറ്റൊരു പെൺകുട്ടി ടെസ്സയ്ക്കു മുന്നിൽ നിയമത്തെ പരിഹസിക്കുന്നത്. അതുകൊണ്ടു തന്നെ ഭക്ഷണ പ്രിയനായ തടിമാടൻ, ആസ്തമയാൽ കഷ്ടപ്പെടുന്ന വൃദ്ധൻ എന്നീ രൂപങ്ങളിൽ നിയമോപദേശകർ തിരശീലയിൽ പ്രത്യക്ഷപ്പെടുന്നതും യാദൃശ്ചികതയല്ല. ക്രൂരമായ പീഡനവാർത്തകൾ കേട്ടമാത്രയിൽ വികാരഭരിതരായി "ഇതൊക്കെ ഇന്ത്യയിലായതുകൊണ്ടാണ്. സൗദി അറേബ്യയിലെയൊക്കെ പോലുള്ള നിയമം വരണം. ഇവന്റെയൊക്കെ സാധനം ചെത്തിക്കളയണം" എന്നു പ്രതികരിക്കുന്ന നാടാണ് നമ്മുടേത്. വാസ്തവത്തിൽ അതേ നീതിശാസ്ത്രം തന്നെയാണ് ടെസ്സ പ്രത്യക്ഷത്തിൽ നടപ്പിലാക്കുന്നതും.
സ്ത്രീയ്ക്കു നേരെയുള്ള ലൈംഗികാക്രമണങ്ങളുടെ മൂലകാരണം ആൺ അവയവത്തിന്റെ ഉദ്ദാരണമാണെന്ന തെറ്റിധാരണയുടെ ഇരയാണ് ടെസ്സയും. അപകടകരമായ കോശവളർച്ചയുള്ള അർബുദം ബാധിച്ച അവയവത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതു പോലെയാണ് സിറിൾ എന്ന ചതിയൻ കാമുകന്റെ ലിംഗം നഴ്സ് ആയ ടെസ്സ മുറിച്ചു മാറ്റുന്നത്. ഒറ്റമൂലി പരിഹാരത്തിനപ്പുറം പ്രശ്ന കാരണമായുള്ളത് അവയവമല്ല മറിച്ച് അധികാരമാണ്, അതുപേറുന്ന ബോധമാണ് എന്ന നിലയിലേക്ക് കാര്യങ്ങളെ ചിന്തിപ്പിക്കുന്നതിൽ സിനിമ പരാജയമാണ്. ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണിന്റെ കേവലമൊരു പ്രതികാരത്തിനപ്പുറത്തേയ്ക്ക് കടന്നു ചിന്തിച്ച് സൂക്ഷ്മമായ രീതിയിലോ വിശാലമായൊരു തലത്തിലോ നിന്ന് പ്രശ്നത്തെ നോക്കിക്കാണാനുള്ള ശ്രമങ്ങൾ സംഭവിക്കുന്നില്ല. ഹെഗ്ഡേയെ കൊന്നതുകൊണ്ടും, സിറിളിന്റെ ലിംഗം ഛേദിച്ചതുകൊണ്ടും പ്രശ്നത്തിന് പരിഹാരമായി എന്നു കരുതുന്ന ടെസ്സയാകട്ടേ "എത്ര പേരെ പ്രേമിക്കാമോ അത്രയും പേരെ പ്രേമിക്കണ"മെന്നു പറയുന്ന -തന്റെ സ്വാധീനത്തിലൂടെ സ്ത്രീകളെ ശാരീരികമായി ഉപയോഗിക്കുന്നതിനെ പ്രേമത്തിന്റെ നിർവ്വചനമായി കാണുന്ന- ഡി.കെയെ നന്ദിപ്പൂർവ്വം അനുസ്മരിക്കുന്നു. വിദേശത്ത് ജോലി ലഭിക്കാനായി ഡി.കെയ്ക്ക് വഴങ്ങിക്കൊടുക്കുന്ന ടെസ്സയുടെ കൂട്ടുകാരിയായ നഴ്സ് ആശുപത്രിയിൽ വച്ച് ആൺനോട്ടത്തിന് വിധേയമാകുമ്പോൾ സ്വന്തം അച്ഛൻ കിടക്കുന്നേരമാണോ വായ്‌നോട്ടം നടത്തുന്നതെന്ന് രോഗിയുടെ കൂട്ടിരുപ്പുകാരനെ പരിഹസിക്കുന്നുണ്ട്. അച്ഛൻ മരിക്കാൻ നേരത്ത് ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന്റെ കുറ്റബോധം ജീവിതത്തിലുടനീളം പേറിയ ഗാന്ധീയൻ ബ്രഹ്മചര്യത്തിന്റെ പരിസരത്തു നിന്നുള്ള പരിഹാസമല്ലാതെ, താൻ അകപ്പെട്ടിരിക്കുന്ന ആണധികാരത്തിന്റെ അവസ്ഥയെക്കുറിച് ചിന്തിക്കാൻ അവൾ തയ്യാറാകുന്നില്ല. ജോലി ലഭിക്കാനും, നാടു കടക്കാനുമായി ഡി.കെയെ ഉപയോഗപ്പെടുത്തിയ ശേഷവും അവൾ അയാളുമായി ഫോൺവഴി ബന്ധപ്പെടാറുണ്ട് എന്ന സൂചന തന്നെ അതിന് സാധൂകരണമാണ്. സിറിളിന്റെ ലിംഗം മുറിച്ചുമാറ്റിയ ശേഷം അയാളുമായി ദീർഘ സംഭാഷണത്തിലേർപ്പെടുന്ന ടെസ്സയുടെ സംഭാഷണങ്ങളിൽ പലതും -സ്ത്രീ പക്ഷാശയങ്ങളുടെ പങ്കുപറ്റി ചിന്തിക്കുമ്പോൾ- അശ്ലീലമോ, ഒരു പക്ഷേ അതിനപ്പുറമോ ആണ്. ടെസ്സയെ കൊല്ലാൻ ഹെഗ്ഡേ ആവശ്യപ്പെട്ടിട്ടും സിറിൾ അതു ചെയ്യാതെ ചതിച്ചു ജയിലിലാക്കിയത് മനസിനകത്തുള്ള പ്രണയം കൊണ്ടാണെന്നും, പബിൽ വച്ച് ടെസ്സയോട് മോശമായി പെരുമാറിയവനെ മർദ്ധിക്കുന്ന സിറിൾ പ്രണയബദ്ധമായ ആണാകുലതയുടെ വൈകാരിക പ്രതികരണമാണ് നടത്തിയതെന്നുമുള്ള സൂചനകൾ സിനിമയിലുണ്ട്. പ്രണയം നടിച്ചുകൊണ്ട് തന്നെ പല തവണ ക്രൂരമായി ചതിച്ച ലിംഗരഹിതനായ ആണിനോടൊപ്പം താൻ ഇനിയും ജീവിക്കാൻ തയ്യാറാണെന്ന സൂചന നൽകിക്കൊണ്ട് പ്രതികാര ദുർഗയുടെ വേഷം അഴിച്ചുവച്ച് പൈങ്കിളി കാമുകിയാകുന്ന ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണാണ് കഥാന്ത്യത്തിൽ ബാക്കിയാകുന്നത്. ആ ക്ഷണം സ്വീകരിച്ചുകൊണ്ട് "നീയാണ് പെണ്ണെ"ന്ന് ലിംഗരഹിതനായ കാമുകൻ സെർട്ടിഫിക്കറ്റു നൽകുന്നതോടെ പൊതുബോധത്തെ പരോക്ഷമായി തൃപ്തിപ്പെടുത്തുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് സ്ത്രീപക്ഷ സിനിമയെന്ന പേരിൽ മുദ്രകുത്തപ്പെട്ട് ഇറക്കിയ ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണ് ആ രീതിയിൽ പരാജയമാണെന്ന് പറയേണ്ടി വരുന്നത്.
രാഷ്ട്രീയമായ വിയോജിപ്പുകൾക്കപ്പുറം സിനിമാ വ്യവസായത്തിന്റെ കമ്പോള പരിസരത്തു നിന്ന് ചിന്തിക്കുമ്പോൾ സംവിധായകൻ അഭിനന്ദനമർഹിക്കുന്നു. പേശി മുഴുപ്പും, മീശ പിരിപ്പും, വായിട്ടലപ്പും, ഗോഷ്ടി കാണിപ്പും നടത്തുന്ന 'ആണു'ങ്ങളെക്കൊണ്ട് കാണികൾ മടുത്തെന്ന് തിരിച്ചറിഞ്ഞ ചുരുക്കം ചില മലയാളം സംവിധായകരിൽ ഒരാളാണ് ആഷിക് അബു. അതുകൊണ്ട് തന്നെ സൂപ്പർ-ഡ്യൂപ്പർ താരങ്ങളില്ലാതെ , കഥാപാത്രങ്ങൾക്കിണങ്ങിയ നടീനടന്മാരെ, പ്രത്യേകിച്ചും ഒരുപാട് പുതുമുഖങ്ങളെ സഹകരിപ്പിച്ചുകൊണ്ട് ചുരുങ്ങിയ ബഡ്ജറ്റിൽ സിനിമയെടുത്ത് വിജയിപ്പിക്കുകയെന്ന വ്യാവസായിക ദൗത്യം അയാൾ നിറവേറ്റുന്നുണ്ട്. ദൃശ്യ-ശബ്ദ കൂട്ടുകളിൽ ശരാശരിയ്ക്കോ, അതിനു തൊട്ടു മുകളിലോ സാങ്കേതികമായി സിനിമ എത്തി നിൽക്കുന്നു. പ്രമേയത്തിനിണങ്ങിയ കാഴ്ച, സംഗീതം എന്നിവയിലും മികവു പുലർത്തുന്നു. പക്ഷേ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ഉൽപ്പന്നമല്ല കാഴ്ചാനുഭവമെന്ന കമ്പോളത്തിന്റെ ചതി ഇവിടെ പതിയിരുപ്പുണ്ട്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങൾ ഉൽപ്പന്നവുമായി ബന്ധപ്പെട്ട വ്യവഹാരത്തിന്റെ പരോക്ഷ കടമ്പകളെ സൂചിപ്പിക്കാനായി *conditions apply എന്ന് വൈശ്യനീതിയുടെ ഭാഷയിൽ മുന്നറിയിപ്പു നൽകാറുണ്ട്. എന്നാൽ അത്തരമൊരു മുന്നറിയിപ്പ് പോലും നൽകാതെയുള്ള കബളിപ്പിക്കലാണ് ഈ സിനിമ ചെയ്യുന്നതെന്ന് പരാതിയുണ്ട്. ആണിന്റെ ചന്തിയെ നോക്കി കമെന്റടിക്കുന്ന പെണ്ണിനെ പരസ്യത്തിൽ ഉൾക്കൊള്ളിക്കുകയും , ആ പരിഹാസത്തിനോടുള്ള ആൺ പ്രതികരണത്തിനു മുന്നിൽ ചൂളിപ്പോകുന്ന പെണ്ണിനെ ബോധപൂർവ്വം ഒഴിവാക്കുകയും ചെയ്യുന്ന കമ്പോളകൗശലം സിനിമയിലാകമാനം പതിയിരിപ്പുണ്ട്.

20 comments:
കാര്യം ശരി തന്നെ. പക്ഷെ ‘ഡേർടി പിക്ചർ’ സ്ത്രീപക്ഷസിനിമയാണെന്ന കള്ളം ഉളുപ്പില്ലാതെ അടിച്ചു വിടുന്ന സിനിമാ ബുദ്ധിജീവികളുടെ ഇടയ്ക്ക് ഇത്രയും ആഷിക് അബു ചെയ്തല്ലൊ എന്ന് ആശ്വസിക്കേണ്ടിയിരിക്കുന്നു.
well written.....
spot on dev d
പബ്ബിൽ വച്ച് ചിലരെ സിറിൽ തല്ലുന്നത് വെറും നാടകമായിരുന്നു. സിറിലിന് ആ വീട്ടിൽ നിന്ന് രണ്ട് ദിവസം മാറി നിൽക്കാൻ ഒരു കാരണം മാത്രം. ബാത്ത് റൂമിൽ നടന്നതായി സിറിൽ പറയുന്ന ആ വഴക്ക് ടെസ്സ കണ്ടിട്ടുപോലുമില്ല എന്നും ശ്രദ്ധിക്കുക.
2) ലിംഗം മാറ്റിയ അവസ്ഥയിലും യാതൊരു കുറ്റബോധമോ നഷ്ടബോധമോ തോന്നാതെ വീണ്ടും തന്റെ ഫ എന്ന ഉച്ഛാരണത്തെ പരിഹസിക്കുമ്പോഴാണ് ടിസ്സയ്ക്ക് ഇവൻ പഠിച്ച കള്ളനെന്ന് മനസ്സിലാവുന്നത്. സിറിലിന്റെ അമ്മ നർസ് ആണെന്ന് അവൻ ആവർത്തിച്ച് പറഞ്ഞിട്ടും ടെസ്സയ്ക്ക് അത് നുണയാണെന്നും അതേ ഘട്ടത്തിൽ മനസ്സിലാവുന്നതും അങ്ങിനെത്തന്നെ.
3) ടെസ്സ അവസാനം കാനഡയിലേയ്ക്ക് ക്ഷണിക്കുന്നതും, എന്നെക്കൊണ്ടാകുമ്പോൾ ഞാൻ വരും എന്ന് സിറിൽ പറയുന്നതും പ്രണയം കൊണ്ടാണെന്ന് ആളുകൾ ധരിക്കുന്നത് എന്തിനെന്നും മനസ്സിലാവുന്നില്ല. അവനിപ്പോഴും അവളോട് പുശ്ചം മാത്രമാണെന്ന് അവൾക്ക് മനസ്സിലായപ്പോൾ "പകരം വീട്ടണമെന്ന് നിനക്ക് തോന്നുന്നെങ്കിൽ ഞാൻ ക്യാനഡയിൽ ഉണ്ടാകും" എന്ന് മാത്രമേ അവൾ പറയുന്നുള്ളൂ. സിറിലിന്റെ ആ ഘട്ടത്തിലെ ചിരിയ്ക്ക് ഇര എവിടെയെന്ന് അറിഞ്ഞതിനാൽ ഇനി വേട്ട എളുപ്പമായി എന്ന ഭാവമായിരുന്നു.
ടെസ്സ ചെയ്തതിനും സൂക്ഷമായി ശസ്ത്രക്രിയകൾ സിനിമ കണ്ടവർക്ക് ചെയ്യാൻ കഴിയുമെന്ന് പല നിരൂപണങ്ങൾ കണ്ടപ്പോഴും തോന്നിയിരുന്നു. ഈ നിരൂപണവും അതേ പാത തന്നെ. :)
@ശ്രീജിത്ത് കെ
1) << പബ്ബിൽ വച്ച് ചിലരെ സിറിൽ തല്ലുന്നത് വെറും നാടകമായിരുന്നു >>
എന്നു ഞാൻ കരുതുന്നില്ല. അതൊരു നാടകമായിരുന്നെങ്കിൽ സിറിൾ എന്തുകൊണ്ട് ടോയ്‌ലറ്റിൽ വച്ച് രഹസ്യമായി ആ യുവാവിനെ ഇടിയ്ക്കണം? നേരത്തേ ഏർപ്പാടാക്കിയ സംഘവുമായി ഒരേറ്റുമുട്ടൽ ആണ് പ്ലാൻ ചെയ്തിരുന്നതെങ്കിൽ അത് ടെസ്സയുടെ മുന്നിൽ വച്ചല്ലേ നടത്തേണ്ടിയിരുന്നത്? അല്ലാതെ ടോയ്ലറ്റിൽ പോയി തന്നെക്കാൾ ഇരട്ടിയോളം ശരീരവലിപ്പമുള്ള ഒരാളുമായി മൽപ്പിടുത്തം നടത്തേണ്ടതുണ്ടോ? അയാളുടെ സുഹൃത്തുക്കൾ പിന്തുടർന്ന് വരുന്നതോ, താൻ അകപ്പെട്ടതോ ആയി അയാൾ ടെസ്സയ്ക്കു മുന്നിൽ ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങളൊന്നും സിനിമയിൽ കാണുന്നില്ല. (ആകപ്പാടെ ഒരു പകപ്പിൽ പബിൽ നിന്ന് പുറത്തു കടക്കുന്നതൊഴിച്ചാൽ). ടെസ്സയെ കണ്ട നിമിഷം മുതലേ ഹെഗ്ഡേയ്ക്ക് റേപ്പു ചെയ്യാൻ ഇവളെ ഒപ്പിക്കണം എന്നു ചിന്തിക്കുന്ന ആളാണ് സിറീളെന്ന് എനിക്കു തോന്നുന്നില്ല. തന്റെ സഹായം കൊണ്ട് വിസ ശരിയായ ഒരു പെൺകുട്ടി, അവൾ വിദേശത്തു പോകും മുന്നെ അവളെ പ്രണയം നടിച്ച് ശാരീരികമായി ഉപയോഗിക്കണം എന്നയൾ കരുതാനേ വഴിയുള്ളൂ. (ഇടയ്ക്കെപ്പോഴോ അയാൾക്ക് ഉള്ളിൽ അല്പം പ്രണയം തോന്നാനും മതി). എന്നാൽ ഹെഗ്ഡേയുടെ റേപ്പിന് ശേഷമാണ് വീണതു വിദ്യയെന്നും, അതുവഴി ഹെഗ്ഡേ എന്ന ബാങ്കളൂരുകാരൻ ലാന്റ്‌ലോർഡിനെ തന്റെ വരുതിയിലാക്കാമെന്നും സിറിൾ കരുതുന്നതെന്നാണ് എന്റെ കാഴ്ചാനുഭവം. അതുമാത്രമല്ല നെറിയില്ലാത്ത ബിസിനസ് തന്ത്രങ്ങൾ കൈമുതലായുള്ള സിറീളിന്റെ നീണ്ട ലിസ്റ്റിലെ ഒരാൾ മാത്രമാണ് ഹെഗ്‌ഡേ. അതുകൊണ്ടാണ് വിസ ഏജൻസി സ്ഥാപനം വെടിഞ്ഞ് അടുത്ത കളമായ മോഡലിംഗ് വ്യവസായവുമായി അയാൾ കൊച്ചിയിലേയ്ക്ക് ചേക്കേറുന്നത്. അല്ലാതെ ഹെഗ്‌ഡേയുമായി അയാൾ ഇപ്പോഴും ഉടമ്പടി ബന്ധത്തിലാണെന്നോ, ടെസ്സയുടെ ബലാത്സംഗത്തെ കാരണമാക്കി ഹെഗ്‌ഡേയുടെ ഏജൻസി സ്ഥാപനത്തിൽ ഉയർന്ന സ്ഥാനം കൈപ്പറ്റിയിരിക്കുന്ന ആളാണെന്നോ ഉള്ള സൂചനകൾ സിനിമയിൽ ഇല്ല.
2) ടെസ്സയുടെ 'ഫാവി' സിനിമയിൽ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെയാണ് സിറിൾ അതിൽ കയറിപ്പിടിക്കുന്നതും. അതല്ലാതെയുള്ള 'ഫ'കളെയെല്ലാം തിരുത്തലുകളില്ലാത്ത വിധം ഒഴിവാക്കുന്നുമുണ്ട്.
3) "പ്രതികാരത്തിനായി നീ ക്യാനഡയിലേക്കങ്ങു വാ" എന്ന് വെല്ലുവിളിച്ച് പോകുകയൊന്നുമല്ല ടെസ്സ ചെയ്യുന്നത്. പ്രതികാരശേഷമുള്ള സംഭാഷണങ്ങൾകൊണ്ട് ഉള്ളിന്റെയുള്ളിൽ സിറിളിന് തന്നോട് യഥാർത്ഥ പ്രണയം ഉണ്ടായിരുന്നെന്ന് അവനേയും, അവനവനേയും വിശ്വസിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. പുച്ഛം, പ്രതികാരം എന്നീ അവശിഷ്ട ഘടകങ്ങളുടെ സ്വാധീനമുണ്ടെങ്കിലും പ്രണയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ക്ലൈമാക്സിൽ തെളിയുന്നത്. ഇനി ടെസ്സ സ്വീകരിച്ച പ്രാകൃതനീതിയുടെ പരിസരത്തു നിന്ന് ചിന്തിച്ചാൽ തന്നെയും -എന്റെ അഭിപ്രായത്തിൽ- ലിംഗഛേദം നടത്തേണ്ടത് ഹെഗ്ഡേയേയും, കൊല്ലേണ്ടത് സിറിളിനെയുമായിരുന്നു. കാരണം ഇനിയുമൊരുപാട് ഹെഗ്‌ഡേമാർക്കു വേണ്ടി താൻ ബാക്കിയുണ്ടെന്നു പരോക്ഷ സൂചന നൽകിക്കൊണ്ട് അറുത്തു മാറ്റിയ മാംസക്കഷ്ണമല്ല ആണത്തമെന്നൊക്കെ ലിംഗരഹിതമായ അവസ്ഥയിലും അയാൾ അലറി വിളിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഹെഗ്‌ഡേ കൊല്ലാൻ പറഞ്ഞിട്ടും സിറിൾ ടെസ്സയെ കൊല്ലുന്നതിന് പകരം മയക്കുമരുന്നു കടത്തിന് ജയിലിലാക്കുന്നത് പ്രണയം കൊണ്ടാണെന്നും, ആ പ്രണയം ബാക്കി നിൽക്കുന്നതുകൊണ്ടാണ്/തിരിച്ചറിഞ്ഞതുകൊണ്ടാണ് ഹെഗ്‌ഡേയെ കൊലപ്പെടുത്തിയിട്ടും സിറിളിന്റെ ലിംഗം മുറിച്ചു മാറ്റിയ ശേഷമൊരു ക്ഷണത്തിന്റെ സാധ്യതയിൽ ജീവൻ ബാക്കി നിർത്തുന്നത്.
ആർക്കും അപരന്റെ കണ്ണുകൊണ്ട് കാണാൻ കഴിയില്ലല്ലോ. അതുകൊണ്ട് എന്റെ കാഴ്ചയാകണം ശ്രീജിത്തിന്റേതെന്ന് വാശി പിടിക്കുന്നില്ല. എന്റെ വിയോജിപ്പ് ഈ സിനിമയുടെ പ്രമേയത്തോടല്ല. അത് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഫെമിനിസ്റ്റ് സിനിമയാണെന്ന നാട്യത്തിൽ പരസ്യപ്രചരണം നടത്തി ആളുകളെ കബളിപ്പിക്കുന്നതിനോടും, ഫെമിനിസമെന്ന പുരോഗമനാശയത്തെ പോലും കമ്പോളത്തിൽ ചരക്കാക്കുന്നതിനോടുമാണ് വിയോജിപ്പുള്ളത്. അതുകൊണ്ടാണ് *conditions apply എന്നെങ്കിലും ഒരു കുറിപ്പു വേണമെന്ന് ഉൽപ്പന്നത്തിന്റെ ഉപഭോക്താവ് എന്ന നിലയിൽ ആവശ്യപ്പെടുന്നതും.
ഹെഗ്ഡെ എന്ന മനുഷ്യൻ 8 വയസ്സായ പെൺകുട്ടിയെ വരെ ബലാത്സംഘം ചെയ്ത വ്യക്തിയാണെന്ന് ടെസ്സയുടെ സഹതടവുകാരി പറയുന്നുണ്ട്. കൂടാതെ സിറിലിന്റെ ഒരു ഡയലോഗ് ശ്രദ്ധിക്കുമ. "കഴിഞ്ഞ പെൺകുട്ടികളെപ്പോലെയല്ല ഇവൾ, ഇവൾ കാനഡയിൽ പോകുന്നില്ല എന്നാണ് ഇപ്പോൾ പറയുന്നത്". സിറിൽ അപ്പോൾ ഇതിനു മുൻപും ഇതുപോലെ പ്രേമിച്ച് വളച്ച് പെൺകുട്ടികളെ ഹെഗ്ഡെയ്ക്ക് കൊടുത്തിട്ടുണ്ട്. ഇതവരുടെ സ്ഥിരം ബിസിനസ്സ് ആണെന്ന് മനസ്സിലാക്കാൻ ഇതൊക്കെ ധാരാളം. സിറിൽ അറിയാതെ പോലും ടെസ്സയെ പ്രേമിച്ചിട്ടില്ല. അത് ടെസ്സയ്ക്ക് അവസാന സീനിൽ മനസ്സിലാകുന്നുമുണ്ട്.
സിറിൽ അങ്ങിനെ ഒരു യുവാവിനെ ടോയിലറ്റിൽ വച്ച് തല്ലിയിട്ടേ ഇല്ല. ടെസ്സയോട് അങ്ങിനെ സംഭവിച്ചു എന്ന് പറഞ്ഞ് അവിടെ നിന്ന് മുങ്ങി, അത്രയേ ഉള്ളൂ.
ഹെഗ്ഡെയുടെ സ്ഥാപനത്തിൽ ഈ പെണ്ണിനെ വളയ്ക്കാനായിട്ടാണ് സിറിൽ ചേർന്നത്. അതുപോലെ മറ്റൊരു ക്ലയന്റിനുവേണ്ടി പരസ്യസ്ഥാപനത്തിൽ അടുത്ത ജോലി ചെയ്യാൻ ആരംഭിച്ചു. അവിടേയും ഒരു പെൺകുട്ടിയോട് ഫോണിൽ കൊഞ്ചുന്നതായി കാണിക്കുന്നുണ്ട്.
ഇതൊക്കെ അംഗീകരിക്കാൻ ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ ഈ ചോദ്യത്തിനു ഉത്തരം തരാമോ?
എങ്ങിനെ ടെസ്സയ്ക്ക് സിറിലിന്റെ അമ്മ നഴ്സല്ലെന്ന് മനസ്സിലായി.?
സിറിൾ ഹെഗ്ഡേയ്ക്കായി കാഴ്ച വയ്ക്കുന്ന ആദ്യത്തെ പെൺകുട്ടിയായിരുന്നു ടെസ്സ എന്നൊരുവാദം ഞാൻ ഉയർത്തിയിട്ടില്ല. ടെസ്സയേയും അതിനായി സജ്ജമാക്കുകയായിരിക്കാം. എന്നാൽ ആദ്യത്തെ റേപ്പ് നടന്നത് സിറിളിന്റെ പൂർണ്ണ അറിവോടെയല്ല എന്നൊരു കൗശലസാധ്യത സംവിധായകൻ ബാക്കി നിർത്തുന്നുണ്ട്. അതാകട്ടെ ആ പബിൽ വച്ചു നടന്ന സംഭവമാണ്.
-- സിറിൽ അങ്ങിനെ ഒരു യുവാവിനെ ടോയിലറ്റിൽ വച്ച് തല്ലിയിട്ടേ ഇല്ല. ടെസ്സയോട് അങ്ങിനെ സംഭവിച്ചു എന്ന് പറഞ്ഞ് അവിടെ നിന്ന് മുങ്ങി, അത്രയേ ഉള്ളൂ.--
കാര്യങ്ങൾ അങ്ങനെയല്ല. അത് മനസിലാകണമെങ്കിൽ ഏത് Person-ലാണ് കഥപറയൂന്നതെന്ന് മനസിലാക്കണം. ടെസ്സയാണ് കഥ പറയുന്നതെങ്കിൽ ശ്രീജിത് പറയുന്നതിന് സാധ്യതയെങ്കിലുമുണ്ടായിരുന്നു. എന്നാൽ തുടക്കം മുതലേ അപരിചിതമായ ഒരു ആൺശബ്ദത്തിൽ Third Person ആണ് കഥ പറയുന്നത്. ആഖ്യാന സാധ്യതയിൽ First-Second Person ആണ് വരുന്നതെങ്കിൽ ഭാഗികമായ കഥയേ നമുക്ക് ലഭിക്കുകയുള്ളു. എന്നാൽ Third Person എന്നാൽ എല്ലാം കാണുന്ന, എല്ലായിടത്തും കടന്നു ചെല്ലുന്നയാളാണെന്നാണ് സാഹിത്യരീതിശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. മാത്രമല്ല സിറിൾ അത് പറയുന്നതല്ല, മറിച്ച് മർദ്ദിക്കുന്നതാണ് (അതും ടെസ്സയുടെ അഭാവത്തിൽ) തിരശീലയിൽ തെളിയുന്നത്.
സിറിളിന്റെ അമ്മ നഴ്സ് ആയിരുന്നോ എന്ന ചോദ്യത്തിന് മുകളിൽ പറഞ്ഞ കാര്യമായി ബന്ധമൊന്നുമില്ല. പക്ഷേ തന്നെ പലതും പറഞ്ഞു വഞ്ചിച്ച സിറിൾ സ്വന്തം അമ്മ എന്ന സ്ത്രീത്വത്തെ പോലും തന്നെ വളയ്ക്കാനുള്ള ഒരു ഉപാധിയായി (അമ്മയുടെയും, ടെസ്സയുടേയും തൊഴിൽ നഴ്സിംഗ് എന്ന കാരണത്താൽ) ഉപയോഗിക്കുകയായിരുന്നോ എന്ന സാധ്യത തേടുകയാണ് ചെയ്യുന്നത്. പ്രതികാരം ചെയ്യുന്നതിനു മുമ്പ് സിറീളിന്റെ അമ്മയുടെ പക്ഷത്തു നിന്നുപോലും ചിന്തിച്ചു എന്നവൾ വെളിപ്പെടുത്തുന്നുണ്ട്.
എന്തൊക്കെ പറഞ്ഞാലും, എനിക്ക് സിനിമ വളരെ ഇഷ്ടമായി, മാത്രവുമല്ല, ലേഖകന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ബദലായി ശ്രീജിത്ത് പറഞ്ഞ കാര്യങ്ങളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.
ഈ ചിത്രം ടെസ്സ എന്ന ഒറ്റ പെണ്‍കുട്ടിയുടെ പ്രതികാരകഥ മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരത്തില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന അനേകം പെണ്‍കുട്ടികളുടെ ഒരു പ്രതിരൂപം ആണ് ടെസ്സ.
ചിത്രം ഒരു "ഫെമിനിസ്റ്റ്" ചിത്രം ആണെന്നും ഞാന്‍ കരുതുന്നില്ല.
ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന, പത്രം വായിക്കുന്ന, ഒരു സാധാരണ മലയാളി എന്ന നിലയില്‍ , ഇത്രയും ആഴത്തില്‍ ഒന്നും ചിന്തിച്ചുകൂട്ടാതെ തന്നെ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ആഗ്രഹിച്ചത് മനസിലാക്കാന്‍ കഴിഞ്ഞു.
എനിക്ക് മനസിലാകാന്‍ കഴിഞ്ഞത് വളരെ സിമ്പിള്‍ ആയി ഇവിടെ ഞാന്‍ പറഞ്ഞിട്ടുണ്ട് - http://vishnulokam.com/?p=436
ഓക്കേ, എന്തൊക്കെ പറഞ്ഞു തര്‍ക്കിചാലും, മലയാള സിനിമ മാറ്റത്തിന്റെ പാതയില്‍ ആണെന്നും, ഇനിമേല്‍ തല്ലിപ്പൊളി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ വിലപ്പോവിലെന്നും ഉള്ളത് പ്രതീക്ഷ നല്‍കുന്നു. :-)
ഈ പോസ്റ്റിൽ കമെന്റായി
ചിത്രം ഒരു "ഫെമിനിസ്റ്റ്" ചിത്രം ആണെന്നും ഞാന്‍ കരുതുന്നില്ല.
എന്നെഴുതിയ വിഷ്ണു തന്നെയാണോ
ഒരു സ്ത്രീ പക്ഷ ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു റോള്‍ ചെയ്യാന്‍ ഫഹദ് തയ്യാറായി എന്നത് നല്ലൊരു കാര്യമാണ്.
എന്ന് സ്വന്തം പോസ്റ്റിൽ എഴുതിയത്?
"പ്രണയം നടിച്ചുകൊണ്ട് തന്നെ പല തവണ ക്രൂരമായി ചതിച്ച ലിംഗരഹിതനായ ആണിനോടൊപ്പം താന്‍ ഇനിയും ജീവിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കിക്കൊണ്ട് പ്രതികാര ദുര്‍ഗയുടെ വേഷം അഴിച്ചുവച്ച് പൈങ്കിളി കാമുകിയാകുന്ന ഇരുപത്തിരണ്ടുകാരി കോട്ടയം പെണ്ണാണ് കഥാന്ത്യത്തില്‍ ബാക്കിയാകുന്നത്"
പ്രതികാരം ചെയ്തശേഷം പ്രതികാരദുര്‍ഗ സ്വയം മയപ്പെട്ട് പുരുഷവിദ്വേഷിയും മരവിപ്പു ബാധിച്ചവളുമായി മാറുകയാണെങ്കില്‍ അതല്ലേ അല്‍പംകൂടി മുഴുത്ത പൈങ്കിളി. ജയില്‍ അനുഭവത്താല്‍ കരുത്തയായി ദുഷ്ടനിഗ്രഹം ചെയ്‌തെങ്കിലും ഒരിക്കല്‍ ഭര്‍ത്താവായിക്കണ്ടവനെ വകവരുത്താന്‍ പോയിട്ട് വെറുക്കാന്‍കൂടി കഴിയാത്തവളാണ് ടെസ. നിന്നെ എന്തു ചെയ്യണമെന്ന് നിന്റെ അമ്മയുടെ സ്ഥാനത്തുനിന്നുപോലും ഞാന്‍ ആലോചിച്ചു എന്ന് ടെസ സിറിളിനോട് പറയുന്നുണ്ട്. അത്രയ്ക്ക് ആര്‍ദ്രയായവളുമാണ്. സ്ത്രീവാദ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ടെസയുടെ ഈ സ്വഭാവം തെറ്റാണെങ്കിലും അത് ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്, വിശാലമാനവികത ഉള്‍ക്കൊള്ളുന്നതുമാണ്.
വായിക്കണ്ടായിരുന്നു സിനിമ കാണും മുന്‍പ്! ദു‘ഫാ‘യിലെന്ന് വരും ആവോ?
സിറിൽ ഒരു യുവാവിനെ ടോയിലറ്റിൽ വച്ച് തല്ലിയിട്ടേ ഇല്ല എന്ന് പറഞ്ഞാൽ സത്യസന്ധമായി തല്ലിയിട്ടില്ല എന്ന മാത്രം വായിക്കുക. ഒരു പക്ഷെ വിശ്വസനീയത തോന്നിക്കുവാൻ തല്ലിയതുപോലെ അവർ ഒത്തുകളിച്ച് അഭിനയിച്ചിട്ടുണ്ടാകാം. എന്തായാലും ഇത്ര അടിസ്ഥാനപരമായ കാര്യത്തിൽ തന്നെ നമ്മൾ വിയോജിക്കുന്ന സ്ഥിതിക്ക് മറ്റ് കാര്യങ്ങളിലേയ്ക്ക് ഇനി കടക്കുന്നില്ല.
ഈ സിനിമയിൽ കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല. സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്, അവസാനം കൊണ്ടുപോയി റേപ്പ് ചെയ്യാനായിരുന്നെങ്കിൽ എന്തിനാണ് ഇത്ര പണം മുടക്കി സിറിലിനെപ്പോലെ ഒരു വാടക പിമ്പിനെ കൊണ്ട് വന്ന് അവളെ സ്നേഹിപ്പിച്ചത്. ചുമ്മാ നാലു ഗുണ്ടകളെക്കൊണ്ട് തട്ടിക്കൊണ്ടുപോയി മൊബൈലിന് റേഞ്ച് പോലും കിട്ടാത്ത ഇടത്തുള്ള തന്റെ നിഗൂഡ ഫാം ഹൗസിൽ കൊണ്ട് പോയാൽ പോരേ എന്ന്. പക്ഷെ അങ്ങിനെ വന്നാൽ സിറിൽ സിനിമയിൽ ഉണ്ടാകില്ല എന്ന് മാത്രമല്ല, സിനിമ തന്നെ ഉണ്ടാകില്ലായിരുന്നു. അപ്പോൾ സിനിമയ്ക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യേണ്ടി വരും. നടന്ന സംഭവം എന്നപോലെ സിനിമയെ സമീപിച്ച് ഇഴകീറി പരിശോധിക്കുന്നത് ശരിയായ ഒരു രീതിയല്ല.
കേരളം കണ്ട പ്രമാദമായ പെൺവാണിഭ കേസുകളിലൊക്കെ പ്രതികൾ സുഖമായി പുറത്തിറങ്ങുന്നതും ഇരകൾ വീണ്ടും വീണ്ടും പീഡിക്കപ്പെടുന്നതും നമ്മൾ കാണുന്നുണ്ട് ഇപ്പോൾ. ഇതൊക്കെ കാണുമ്പോൾ ആ പ്രതികളുടെ ഒക്കെ ചുക്കാമണി (അല്ലെങ്കിൽ അതിനടുത്തുതന്നെയുള്ള മറ്റൊരു അവയവം) മുറിച്ച് കളയണം എന്ന് അമർഷത്തോടെ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങിനെ പലർക്കും തോന്നിയിട്ടുണ്ടാകാം. ആ വികാരം സ്കീനിൽ കാണിക്കുക മാത്രമാണ് ആഷിഖ് അബു ചെയ്തത്. സ്വന്തം അഭിപ്രായം പറയുന്ന രീതിയിൽ തന്നെ ആകുന്നതിനുവേണ്ടി ആവണം ആഷിഖ് തന്നെ സ്വന്തം ശബ്ദത്തിൽ കഥ അവതരിപ്പിക്കുന്നതും. ആവസാനം ആഷിഖ് പറഞ്ഞ വാചകം ശ്രദ്ധിക്കുക. "ഇതൊരു കഥയല്ല, ഒരു ഓർമ്മപ്പെടുത്തൽ ആണ്". ഇതേ വികാരം മനസ്സിൽ ഉള്ളതുകൊണ്ടാകണം ജനങ്ങൾ ഈ സിനിമയെ നെഞ്ചിലേറ്റിയതും.
--സിറിൽ ഒരു യുവാവിനെ ടോയിലറ്റിൽ വച്ച് തല്ലിയിട്ടേ ഇല്ല എന്ന് പറഞ്ഞാൽ സത്യസന്ധമായി തല്ലിയിട്ടില്ല എന്ന മാത്രം വായിക്കുക. ഒരു പക്ഷെ വിശ്വസനീയത തോന്നിക്കുവാൻ തല്ലിയതുപോലെ അവർ ഒത്തുകളിച്ച് അഭിനയിച്ചിട്ടുണ്ടാകാം. എന്തായാലും ഇത്ര അടിസ്ഥാനപരമായ കാര്യത്തിൽ തന്നെ നമ്മൾ വിയോജിക്കുന്ന സ്ഥിതിക്ക് മറ്റ് കാര്യങ്ങളിലേയ്ക്ക് ഇനി കടക്കുന്നില്ല.--
ശ്രീജിത്തിന് ഇക്കാര്യമിനിയും മനസിലായിട്ടില്ല. ഒത്തു കളിക്കുകയാണെങ്കിൽ അത് നടക്കേണ്ടത് ടെസ്സയുടെ മുന്നിൽ വച്ചായിരുന്നു. എന്നാലതങ്ങനെയല്ല സംഭവിക്കുന്നത്. നേരത്തേ പറഞ്ഞ കാര്യം ശ്രദ്ധിക്കുക. കഥ പറയുന്നത് ടെസ്സയല്ല, സിറിളല്ല, മറിച്ച് തൃതീയപുരുഷൻ(Third Person) ആണ് . തൃതീയപുരുഷന്റെ ആഖ്യാനം എന്താണെന്ന് മനസിലാക്കാൻ ആഖ്യാന രീതി ശാസ്ത്രം മനസിലാക്കേണ്ടതുണ്ട്. "Third-person view, a point of view shot in film, television and video games by having the viewpoint outside any of the actors " . ഇത്രയും മനസിലാക്കാമെങ്കിൽ ഞാൻ പറഞ്ഞതും മനസിലാകും. കഥ പറയുന്നത് എല്ലാത്തിനും സാക്ഷീഭാവത്തിലുള്ള അപരിചതനായ തൃതീയപുരുഷൻ ആണെന്നതു മനസിലാക്കിയില്ലെങ്കിൽ പിന്നെ ഇപ്പറഞ്ഞതും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
സിറിൾ ടെസ്സയെ ചതിക്കുകയായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ സിറിളിന്റെ ഉള്ളിലെവിടെയോ പ്രണയം ഉണ്ടായിരുന്നു എന്ന സാധ്യതയെ യാദൃശ്ചികവൽക്കരിക്കുന്നതിലുള്ള സംവിധായകന്റെ കൗശലത്തെ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.
ഇഴകീറി പരിശോദിക്കുന്നത് സിനിമയെ അല്ല, സിനിമയിലെ രാഷ്ട്രീയത്തെയാണ്, അഥവാ ഏത് രാഷ്ട്രീയ പ്രചരണത്താലാണോ സിനിമ രേഖപ്പെടുത്തുന്നത് അതിലെ പ്രതിലോമതയോടുയുള്ള വിയോജിപ്പാണ്. വിദ്വേഷം തോന്നുന്നയാളെ കൊല്ലണം, ലൈംഗികമായി താൽപ്പര്യം തോന്നുന്നയാളെ കടന്നു പിടിക്കണം എന്നൊക്കെയുള്ള മൃഗസഹജമായ വാസനകളിൽ നിന്ന് മുക്തനൊന്നുമല്ല മനുഷ്യനെന്ന ജീവി. പക്ഷേ രാഷ്ട്രീയ-സാംസ്ക്കാരിക-നിയമങ്ങളുടെ തിരിച്ചറിവിലാണ്തിൽ നിന്നെല്ലാം വിട്ടു നിൽക്കുന്നതും.
1993ൽ ഇറങ്ങിയ ഗാന്ധാരി എന്ന ചിത്രം http://msidb.org/m.php?4501 ശ്രീജിത്ത് കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. സമാനമായ കഥാപരിസരവും, പ്രതികാരവുമൊക്കെയായിരുന്നു അതിലുമുണ്ടായിരുന്നത്. ആ സിനിമയൊക്കെ ആസ്വദിച്ചതുപോലെ ഒരു മലയാള-വാണിജ്യ-സിനിമ എന്ന രീതിയിൽ ഞാൻ 22FKയെ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾളിറങ്ങുന്ന പല സൂപ്പർസ്റ്റാർ സിനിമകളിലും മെച്ചമാണിത് അക്കാര്യം ഞാൻ പോസ്റ്റിലും സൂചിപ്പിച്ചിട്ടുണ്ട്. ശ്രീജിത് നെഞ്ചോടു ചേർത്തു എന്ന് കരുതി ആ സിനിമയുടെ രാഷ്ട്രീയത്തെ, പ്രചരണത്തിലെ കബളിപ്പിക്കലിലെ, പ്രതിലോമകരമായ നിലപാടുകളെ വിമർശിക്കരുതെന്നില്ലല്ലോ :)
@ശ്രീകുമാർ: ടെസ്സ ആ മരവിപ്പിൽ തന്നെയാണെന്നാണ് സൂചനകൾ. പ്രതികാര ചെയ്തികൾ പോലും ആ മരവിപ്പിന്റെ ഉപോൽപ്പന്നങ്ങളാണെന്നും, അതിൽ നിന്നു രക്ഷപ്പെടണമെങ്കിൽ പഴയ പ്രണയം വീണ്ടും സാധ്യമാകണമെന്നുള്ള സൂചനകൾ സിനിമ നൽകുന്നുണ്ട്.
അണ്ണാ........തറപ്പടങ്ങള്‍ എന്ന് നിങ്ങള്‍ ബുദ്ധിജീവികള്‍ വിളിക്കുന്ന പടങ്ങള്‍ മാത്രം കണ്ട് നടക്കുന്ന ഒരു ഏഴയാണ് ഞാന്‍.........പണ്ട് ക്ലാസ്സ് കട്ട് ചെയ്ത് ഒരു എ പടത്തിന് പോയി...ചിത്രം “മിസ് പമീല” കെ.എസ്.ഗോപാലകൃഷ്ണന്‍ ആയിരുന്നോ സംവിധായകന്‍ എന്ന് അറിയില്ല. സില്‍ക്ക് സ്മിത എന്തൊക്കയോ കാട്ടിത്തരും എന്ന തെറ്റിദ്ധാരണയില്‍ കയറിയതാണ്. സംഭവം കാമുകനെ കൊന്ന് തന്നെ ബലാത്സംഗം ചെയ്യുന്ന ഭീകരന്മാരെ ഓരോരുത്തരെ പ്രണയം നടിച്ചും അല്ലാതെയുമൊക്കെ സ്മിത കൊല്ലുന്നതാണ്. റീമയെ പോലെ വലിയ ഡയലോഗൊന്നും സ്മിത പറയുന്നില്ല.....പെണ്ണീന്റെ പ്രതികാരം എന്നൊക്കെയായിരുന്നു പോസ്റ്ററിലെ പേര്. തലയില്‍ മുണ്ടിട്ടാണ് കയറിയത്. സംഭവം ആളുകള്‍ കണ്ടാല്‍ നമ്മള്‍ തറയാണ് എന്ന് അറിയില്ലേ....ആ കെഴങ്ങന്‍ സംവിധായകന്‍ 33 സ്മിത മലപ്പുറം എന്നങ്ങാനും പേരിട്ടിരുന്നെങ്കില്‍ അന്തസ്സോടെ സിനിമ കാണാമായിരുന്നു. ( ബാത്ത് റൂമില്‍ അടിനടന്നോ എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യണോ....പകരം യഥാര്‍ത്ഥത്തില്‍ സാധനം കട്ട് ചെയ്തുവോ എന്ന് ചര്‍ച്ച ചെയ്തുകൂടെ....കിടക്കടിയിലൂടെ ഒരു ട്യൂബല്ലാതെ നമ്മളൊന്നും കാണുന്നില്ല , ഇനി അറ്റം മാത്രമേ മുറിച്ചുള്ളൂ എങ്കിലോ , വെറുതേ പേടിപ്പിക്കാന്‍ പറഞ്ഞതാണെങ്കിലോ...ബാക്കി ക്യാനഡയില്‍ ഒരുമിച്ച് ജീവിക്കാന്‍ വച്ചിരിക്കുകയാണങ്കിലോ....നമ്മുക്ക് അത് ചര്‍ച്ച ചെയ്യാം.....)
njanum blogil ithu pole ezhuthiyirunnu.... NEW GENERATION CINEMA ENNAAL..... enna thalkkettil , nammal randu perum oru poleyanu chinthichathu.... nannayi. blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.......
Great read Devoo.. had a good time on it!
ആദ്യമായാണ് ദേവദാസിന്‍റെ ബ്ലോഗില്‍ വരുന്നത്.വന്നു.പലതും വായിച്ചു.വളരെ സന്തോഷം.
ചലച്ചിത്ര ചര്‍ച്ചകള്‍ തുടരുക.ഗുണകരമാണ് കാണികള്‍ക്ക്.ചലച്ചിത്രസാക്ഷരത കൈവരിക്കാനും.
really indepth review. Great!
really indepth review. Great!
Post a Comment