And, strange to tell, among that Earthen Lot
Some could articulate, while others not:
And suddenly one more impatient cried –
“Who is the Potter, pray, and who the Pot?”
- from The Rubaiyat of Omar Khayyam
Some could articulate, while others not:
And suddenly one more impatient cried –
“Who is the Potter, pray, and who the Pot?”
- from The Rubaiyat of Omar Khayyam
ഞാന്‍ അവിടെയെത്തുമ്പോള്‍ കാരംസ് കളിക്കാന്‍ ആളെത്തികയാതെ ഇരിക്കുകയായിരുന്നു കണ്ണനും ആനന്ദും. ആറു പേരാണ് പതിവുകാര്‍. അതില്‍ ഗില്‍ബര്‍ട്ടും, രാജന്‍മാഷും എത്തിയിട്ടില്ല. പ്രദീപന്‍ നടുവേദന കാരണം ലോങ്ങ് ലീവെടുത്ത് നാട്ടില്‍ പോയി ആയുര്‍വേദ ചികിത്സയിലാണ്. അതു തീരുന്നതു വരെയിനി അയാളെ കളിയ്ക്കു കാക്കണ്ട. ഗില്‍ബര്‍ട്ടിന്റെ കാര്യം പോകട്ടേന്ന് വെയ്ക്കാം. ഓര്‍ഡറനുസരിച്ച് പണിതീര്‍ത്ത സ്വര്‍ണ്ണപ്പണ്ടം അതാതു ജ്വല്ലറികളില്‍ ഏല്‍പ്പിച്ച് കാശും വാങ്ങി വരുന്നതിനിടയില്‍ നേരം വൈകലൊക്കെ പതിവുള്ളതാണ്. പക്ഷേ രാജന്‍മാഷ് നേരത്തേ എത്തേണ്ടതാണല്ലോ. കഴിഞ്ഞ മാസം വരെ അങ്ങേരും, ആനന്ദും വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ വെച്ചായിരുന്നു സ്ഥിരം കളി നടന്നിരുന്നത്. തൊട്ടടുത്ത സ്കൂളിലെ മാഷുമാര്‍ക്കു മാത്രം വീടുവാടകയ്ക്കു നല്‍കുന്ന ഉടമസ്ഥന്റെ 'മൂന്നു മുറി'യിലൊന്നിലായിരുന്നു അവരുടെ താമസം. അവിടെയാകുമ്പോള്‍ ആര്‍ക്കുമൊരു ശല്യവുമില്ലാതെ കളി നടക്കും. എന്നുവെച്ച് ഞങ്ങളാരും തന്നെ കാരംസ് കളിഭ്രാന്തന്മാരൊന്നുമല്ല. തിരക്കില്ലാത്ത വൈകുന്നേരങ്ങളില്‍ ഒത്തുകൂടി സംസാരിക്കാനും അല്‍പം മദ്യപിക്കാനുമുള്ള ഒരു സാഹചര്യം ഒരുക്കലായിരുന്നു കാരംസ് കളിയുടെ ഉദ്ദേശം. തുടക്കത്തിലത് ചീട്ടുകളിയായിരുന്നു. നഗരത്തില്‍ പലയിടത്തായി പല ജോലികളും ചെയ്യുന്നവരുടെ ആറംഗ സൗഹൃദം രൂപപ്പെട്ട കാലത്ത് തുറുപ്പുകളി തുടങ്ങിയത് പ്രദീപന്റെ വീട്ടിലാണ്. സ്വര്‍ണ്ണവ്യാപാര രംഗത്തെ ഇടനിലക്കാരെപ്പറ്റി പത്രത്തിലൊരു തുടരന്‍ ലേഖനം എഴുതുന്ന കാലത്ത്, അതുമായി ബന്ധപ്പെട്ട പലരുമായും സംസാരിക്കുന്നതിനിടെ പരിചയപ്പെട്ട ഗില്‍ബര്‍ട്ടു വഴിയ്ക്കാണ് ഞാന്‍ ആ കൂട്ടത്തില്‍ ചെന്നു പെടുന്നത്. ഒരല്‍പം മദ്യം നുകര്‍ന്നുകൊണ്ട് സൂര്യനു താഴെയുള്ള സകലതിനേയും അവനവനഹങ്കാരത്തിന്റെ മൂര്‍ച്ചമുള്ളുകളാല്‍ പരസ്പരം കോറി വരഞ്ഞു ചോദ്യം ചെയ്യുകയും, തര്‍ക്കികയും ചെയ്യുന്ന ചീട്ടുകളിസംഘത്തിലേയ്ക്ക് -കൈവെള്ളയില്‍ പരത്തി വച്ച ചീട്ടുകൂട്ടത്തിനിടയിലേക്ക് പുതിയതായി ഒരെണ്ണം തിരികിക്കയറ്റുന്ന അനായാസതയോടെ- ഞാനും ചേര്‍ക്കപ്പെട്ടു. സാഹിത്യവും, സിനിമയും, സമകാലിക സാമൂഹിക വിഷയങ്ങളും, രാഷ്ട്രീയവും, സ്പോര്‍ട്സുമെല്ലാല്ലാം ചര്‍ച്ച ചെയ്യുന്ന കൂട്ടത്തിന്റെ കെട്ടും മട്ടും ആവേശവുമെല്ലാം പതിയെപ്പതിയേ ചീട്ടുകളി ഭ്രാന്തിലേയ്ക്കും, മദ്യലഹരിയിലേയ്ക്കും കൂപ്പുകുത്തി. പ്രദീപന്റെ വിവാഹം കഴിഞ്ഞതോടെയാണ് കളി രാജന്മാഷുടെ വാടക മുറിയിലേയ്ക്കു മാറ്റിയത്. അപ്പോഴേയ്‌ക്കും സിഗററ്റു കൂടില്‍ നൂലുകെട്ടി കാതുകളില്‍ ഞാത്തിയിട്ട കുണുക്കിനു പകരം കാശു വച്ചുള്ള കളി തുടങ്ങിയിരുന്നു. ആരെങ്കിലും 'ഓണേഴ്‌സ്' വിളിച്ചാല്‍ പിന്നെ ബാക്കില്ലാവരും കളിയില്‍ മാത്രം ഗൗരവത്തോടെ ശ്രദ്ധിച്ചിരുന്നതിനാല്‍ സംസാരവുമില്ല ചര്‍ച്ചയുമില്ലൊരു കുന്തവുമില്ലെന്ന നിലയിലായി കാര്യങ്ങള്‍. കളിയ്ക്കിടയിലെ ചെറിയ കശപിശകള്‍ ഊക്കന്‍ വാക്കേറ്റത്തിലേയ്‌ക്കു വഴിമാറി. ഒടുക്കമൊരു ദിവസം മദ്യലഹരിയില്‍ ഗില്‍ബര്‍ട്ടും ആനന്ദും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിന്റെ പിറ്റേന്ന് രാജന്‍മാഷ് ഒരു കാരംബോര്‍ഡു വാങ്ങിച്ചു. പതിവുപോലെ രാജന്മാഷുടെ മുറിയിലെത്തിയവരെ നിലത്തു പരന്നു കിടക്കുന്ന ചീട്ടുകള്‍ക്കു പകരം പുതുപുത്തനൊരു കാരംബോര്‍ഡാണ് സ്വാഗതം ചെയ്തത്.
"അ..ആ.ആഹ്... ഇതാപ്പോ നന്നായേ.
നാല് കാലുള്ളൊരു പലഹാ...
അയ്ന്റെ നാലു മൂലയ്ക്കലും തൊളഹ...
അയ്‌ല് ബിസ്ക്കറ്റ് പോലെയുള്ള സാദനം
എറ്റിയെറ്റി അകത്താക്കണ കളീണ്ടല്ലോ
ഹറാമാണ് മക്കളേ..."
വയളു വായിക്കുന്ന കിഴവന്‍ മൗലവിയെ മിമിക്രി കാണിച്ച് കണ്ണന്‍ ആദ്യമേ തന്നെ കളിമുടക്കം പറഞ്ഞു.
"ചീട്ടുകളി ഇനിയിവിടെ വേണ്ട. പിന്നേ.. ഫിറ്റാകുന്നതു വരെ കുടിയ്ക്കാനാണെങ്കില്‍ എല്ലാര്‍ക്കും ബാറില്‍ പോയാല്‍ പോരേ? വല്ലതുമൊക്കെ മിണ്ടിപ്പറഞ്ഞ് ഇരിക്കാനൊരു കളി. അതിന് തല്‍ക്കാലം ഇതു മതി. നമ്മുടെ കള്ളു കുടിയും ഈയിടെ അല്‍പം കൂടുതലാണ്. അതും ഇത്തിരി കുറയ്ക്കണം. ഇനി ഇതു രണ്ടും ഇല്ലാതെ പറ്റില്ലെന്നാണെങ്കില്‍ നിങ്ങള്‍ ആയിക്കോളൂ. ഞാനതില്‍ കൂടാനില്ല"
വര്‍ഷങ്ങളായുള്ള അദ്ധ്യാപകവൃത്തിയുടെ ഭാഗമായിക്കിട്ടിയ അച്ചടി ഭാഷയില്‍ രാജന്മാഷ് തന്റെ തീരുമാനം അറിയിച്ചതോടെ എല്ലാവര്‍ക്കും അതില്‍ ശരിയുണ്ടെന്ന് തോന്നി. അങ്ങനെയാണ് ചീട്ടുകളി സംഘം ഒറ്റയടിയ്ക്ക് കാരംസിലേയ്ക്ക് കളി മാറ്റിയത്. ഇക്കഴിഞ്ഞ നാലുവര്‍ഷവും കളി നടന്നിരുന്നത് ഞങ്ങള്‍ 'മൂന്നു മുറിയുടെ നടുത്തുണ്ട'മെന്ന് വിളിച്ചിരുന്ന രാജന്‍മാഷുടെ വാടക വീട്ടിലായിരുന്നു. അതിവേഗത്തില്‍ മുഖം മാറുന്ന നഗരത്തിനോട് പൊരുത്തപ്പെടാനാകാതെ ഏങ്കോണിച്ച മുഖവുമായി നില്‍ക്കുന്ന ഓടിട്ട കെട്ടിടം പോളിച്ച് അവിടെ കോണ്‍കീറ്റു ഫ്ലാറ്റു കെട്ടാന്‍ ഉടമസ്ഥന്‍ കഴിഞ്ഞ മാസം തീരുമാനിച്ചതോടെ രാജന്മാഷ്‌ക്കും ആനന്ദിനും അവിടം വിടേണ്ടി വന്നു. കണ്ണന്റെ ഭാര്യ സിതാരയ്‌ക്കു പ്രസവമടുത്തപ്പോള്‍ ഗര്‍ഭശുശ്രൂഷയ്ക്കായി അവരുടെ വീട്ടിലേക്ക് മടങ്ങിയതോടെ രാജന്മാഷുടെയും ആനന്ദിന്റേയും താല്‍ക്കാലിക താമസവും, ഞങ്ങളുടെ കാരംസു കളിയും സുപര്‍ണ്ണാ അപ്പാര്‍ട്ടുമെന്റിലെ ഫ്ലാറ്റ് നമ്പര്‍ 2Dയിലേയ്ക്കു മാറ്റി.
കാരം ബോര്‍ഡില്‍ പൗഡറിട്ട് മിനുക്കുകയായിരുന്നു കണ്ണന്‍. ഒരു കൈയ്യില്‍ മദ്യഗ്ലാസെടുത്ത് ചുണ്ടോടു ചേര്‍ത്തു നുണഞ്ഞുകൊണ്ട് ആനന്ദ് മറുകൈയ്യില്‍ സ്‌ട്രൈക്കറെടുത്ത് ബോര്‍ഡില്‍ ചിതറിക്കിടക്കുന്ന കോയിനുകളിലേയ്ക്ക് അലക്ഷ്യമായി എറ്റിയെറിഞ്ഞു. ഒരു മൂലയിലെ പോക്കറ്റില്‍ കോയിനുകള്‍ കൂമ്പാരമായിരുന്നതിനാല്‍ അതില്‍ കൊണ്ട സ്ട്രൈക്കര്‍ തിരികേ ഊഴക്കാരനടുത്തേയ്ക്കു തന്നെ നിരങ്ങി നീങ്ങിയെത്തി. അടുക്കളയില്‍ നിന്ന് മൂക്കു തുളയ്ക്കുന്ന കൊതിമണം പരക്കുന്നുണ്ട്. മീനാണെന്നു തോന്നുന്നു പൊരിക്കുന്നത്. അപ്പോള്‍ ഇന്ന് പാചകം ആനന്ദിന്റെ വകയായിരിക്കണം. കണ്ണന്‍ നോണ്‍ വെജിറ്റേറിയന്‍ പാചകം ചെയ്യാന്‍ ഒട്ടും ആത്മവിശ്വാസമില്ലാത്തയാളാണ്. എന്നെക്കണ്ടതും കണ്ണന്‍ കസേരയില്‍ നിന്നെണീറ്റ് അടുക്കളയില്‍ പോയി ഒരു ഗ്ലാസെടുത്തുകൊണ്ടു വന്നു. കൈയ്യിലിരിക്കുന്ന മദ്യം തീര്‍ത്ത ശേഷം ആനന്ദ് ക്ലാലി ഗ്ലാസ് കാരം ബോര്‍ഡിന്റെ ഫ്രെയിമില്‍ കയറ്റി വച്ചു. നിലത്തിരിക്കുന്ന കുപ്പി എനിയ്ക്കരികിലേയ്ക്ക് നിരക്കി നീക്കിയ ശേഷം കണ്ണന്‍ ആനന്ദിനോടായി പറഞ്ഞു.
"അതേയ്... മടമടാന്ന് തേവാനുള്ളതില്ലാട്ടാ"
"കുടിക്കുന്ന കാര്യത്തില് ചെറ്റത്തരം പറയാതെടോ" ഞാന്‍ കയറി ഇടപെട്ടു.
"തനിക്കതൊക്കെ പറയാം. സാധാരണ ദെവസോര്‍ന്നെങ്കിലൊരു പ്രശ്നോല്ല്യല്ലോ. ഇന്നേയ് നല്ലോരു ഒന്നാന്തി ഡ്രൈ ഡേ ആണെന്ന് ഓര്‍മ്മ വേണം. അതിരാവില്യന്നെ പോലീസ് ക്യാമ്പില് പോയിട്ടാ വിശ്വന്‍ പോലീസിന്റെ അടീംകാലും പിടിച്ചിട്ടാണ് ഒരു കുപ്പിയൊത്തത്. അതും മൂന്നിരട്ടി വെലയ്ക്ക്."
ഒരു കസേരയെടുത്ത് ബോര്‍ഡിനടുത്തേയ്ക്ക് നീക്കിയിട്ട ശേഷം ഞാനും ഒരെണ്ണം ഒഴിച്ചു. ആനന്ദ് ഒരല്‍പ്പം പിണക്കം അഭിനയിച്ചുകൊണ്ട് ഫ്രൈയിംഗ് പാനിലെ മീന്‍ മറിച്ചിടുന്നതിനയി അടുക്കളയിലേയ്ക്കു ചെന്നു.
അബദ്ധത്തില്‍ എന്തോ പറഞ്ഞതു പോയതിന്റെ വിഷമത്തിലായിരുന്നു കണ്ണന്‍. ആനന്ദിന് പിണങ്ങാനിതൊക്കെ ധാരാളമാണ്. ആ സാഹചര്യത്തിന് ഒരയവു വരുത്താന്‍ വേണ്ടി ഞാന്‍ അടുക്കളയിലേക്കൊരു മുഴം നീട്ടിയെറിഞ്ഞു.
"എന്തായീടോ താന്‍ കഴിഞ്ഞയാഴ്ച പറഞ്ഞ കല്യാണാലോചന? വല്ലോം നടക്കോ?"
"ഏയ്.. അത് തെറ്റി. എന്തോ ജാതക പ്രശ്നം"
അടുക്കളയില്‍ നിന്ന് നിരാശയില്‍ പൊതിഞ്ഞ മീന്‍മണമുള്ള മറുപടിയെത്തി.
"ആനന്ദോ, അമ്മേടെ താളത്തിനൊത്തു തുള്ളിക്കൊണ്ട് ജാതകം, തലക്കുറീന്നൊന്നെ പറഞ്ഞ് ഓരോന്നായി ഒഴിവാക്കാനാണോ പരിപാടി? താന്‍ നമ്മടെ ഒറ്റയാന്‍ രാജന്മാഷ്‌ടെ വാലാളായിക്കൂടീട്ട് ഒരു മാതിരി വേട്ടാളന്‍ പോറ്റ്യ പുഴൂനെക്കണക്ക് ആവല്ലേട്ടാ. നല്ല പ്രായത്തില് പെണ്ണ് കെട്ടിക്കോ. ഇപ്പഴാണെങ്കില് എക്കോണമി ഒക്കെ അല്‍പം ഡൗണായിട്ട് ഗവണ്‍മെന്റു ജോലിയ്ക്ക് പഴേ ഡിമാന്റൊക്കെ തിരിച്ച് വന്നേക്കണ കാലാണ്."
അടുക്കളയില്‍ നിന്ന് മറുപടിയൊന്നും കാണാഞ്ഞപ്പോള്‍ ഞാന്‍ കൈയ്യിലിരിക്കുന്ന മദ്യം ഒറ്റയടിക്കു തീര്‍ത്ത ശേഷം ഗ്ലാസ് നിലത്തു വെച്ചു. ബോര്‍ഡില്‍ പൗഡറിട്ടു മിനുസപ്പെടുത്തിയ ശേഷം കോയിനുകള്‍ എടുത്ത് വൃത്താകൃതിയില്‍ അടുക്കിവയ്ക്കുന്ന തിരക്കിലായിരുന്നു കണ്ണന്‍.
മുന്‍വശത്തെ വാതില്‍ തുറന്നാണ് കിടന്നിരുന്നെങ്കിലും കോളിംഗ് ബെല്‍ മുഴങ്ങി. ഗില്‍ബര്‍ട്ടിനതൊരു ശീലമാണ്.
”കേറിപ്പോരെടോ. ഇവിടാരൂം തുണീല്ലാണ്ട് നിക്കണൊന്നൂല്ല്യ"
അതായിരുന്നു കണ്ണന്റെ സ്വാഗത വാക്യം. ഗില്‍ബര്‍ട്ട് മാത്രമായിരുന്നില്ല; കൂടെ രാജന്മാഷും ഉണ്ടായിരുന്നു മാഷുടെ കൈയ്യിലൊരു കുഞ്ഞു ചെടിച്ചട്ടിയും , അതിലൊരു റോസാച്ചെടിയും. വന്നു കയറിയ പാടേ തന്റെ കറുത്ത ക്യാഷ് ബാഗ് സൂക്ഷ്മതയോടെ മേശപ്പുറത്തു വെച്ച ശേഷം ഗില്‍ബര്‍ട്ട് നേരെ എന്റെ മുന്നില്‍ വന്നു പുറം തിരിഞ്ഞു നിന്നു.
“എന്റെ ഷര്‍ട്ടിന്റെ പൊറകില് ചെള്യായിണ്ടോന്ന് നോക്ക്യേ. വഴീക്കണ്ടപ്പ ഇയാള്‍ക്കൊരു ലിഫ്റ്റു കൊടുക്കാന്ന് വെച്ചത് അബദ്ധായീന്ന് പറഞ്ഞാ മതീല്ലോ. ഈ മണ്ണ് പെരണ്ട ചെടിച്ചട്ടീം മുന്നോട്ടുന്തിപ്പിടിച്ചിട്ടെന്റെ പൊറകിലിരിക്ക്യാര്‍ന്നൂ.”
കളിക്കുന്നതിനിടയില്‍ തന്റെ കൈക്കുറ്റം കൊണ്ട് കൂട്ടുകാരന് മുറിവേറ്റതു കണ്ടു ഭയന്ന കുട്ടി കളിപ്പാട്ടം ഒളിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ രാജന്മാഷ് ആ പൂച്ചട്ടിയെടുത്ത് മേശപ്പുറത്തു കിടന്ന പഴയ പത്രത്താള്‍ നിവര്‍ത്തിയ ശേഷം അതിന്റെ മുകളില്‍ കയറ്റി വച്ചു.
“ആഹാ! ഇങ്ങേര് പിന്ന്യേം റോസാച്ചെടി വാങ്ങ്യോ? പഴേ സ്ഥലത്തൂന്ന് കൊണ്ടന്ന മൊത്തം ചെടിച്ചട്ടികളും വെച്ചിരിക്കണത് അപ്പാര്‍ട്ടുമെന്റിന്റെ താഴത്തെ കാര്‍പ്പാര്‍ക്കിംഗിലാണ്. ഇപ്പത്തന്നെ അവിടാകെ സ്ഥലം മൊടക്കാന്നും പറഞ്ഞ് സെക്യൂരിറ്റിക്കാരന്‍ അലമ്പാണ്. അല്ലാ... ഇതെന്തിനാണിപ്പ മോള്‌ലിയ്ക്ക് ഏറ്റിക്കൊണ്ട് പോന്നത്. അവടത്തന്നെ വെച്ചാപ്പോരാര്‍ന്നോ?"
“ചെറിയൊരു വാട്ടമുണ്ട് ചെടിയ്ക്ക്. ഇത്തിരി വെള്ളമൊഴിച്ച ശേഷം ഞാന്‍ തന്നെ താഴെക്കൊണ്ടു വെച്ചോളാം. ഇയാളെന്നെ സഹായിക്കാന്‍ വരണ്ട. കേട്ടോ?”
ആനന്ദിന്റെ പരിഹാസത്തെ അവഗണിച്ച് രാജന്‍മാഷ് വാഷ് ബേസിനടുത്തു ചെന്ന് മണ്ണു പറ്റിയ കൈ കഴുകിയ ശേഷം ഒരു കസേരയെടുത്ത് കാരംബോര്‍ഡിനടുത്തേയ്ക്കു നീക്കിയിട്ട് അതില്‍ ഇരുപ്പുറപ്പിച്ചു. ഗില്‍ബര്‍ട്ട് അപ്പോഴും തന്റെ ഷര്‍ട്ടിനു പുറകില്‍ ചെളിപറ്റിയോയെന്ന സംശയത്താല്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
“തന്റെ തൂവെള്ള ഷര്‍ട്ടില്‍ ഒരു തരി ചെളി ആയിട്ടില്ലെന്റെ ഗില്‍ബീ. താന്‍ എന്നെയൊന്ന് വിശ്വസിക്ക്. മണ്ണു പറ്റാതിരിക്കാന്‍ കൈകൊണ്ട് വാരിപ്പിടിച്ചാണ് ഞാന്‍ ഇരുന്നത്.”
മാഷു പറഞ്ഞത് ശരിയാണെന്ന് ഞാന്‍ കൂടി സമ്മതിച്ചു തലയിളക്കിയപ്പോള്‍ മാത്രമാണ് ഗില്‍ബര്‍ട്ടിനത് വിശ്വാസമായത്. പൊരിച്ച മീന്‍ പാത്രത്തിലെടുത്തുകൊണ്ട് അടുക്കളയില്‍ നിന്ന് വരുന്നേരത്ത് ആനന്ദിന്റെ കണ്ണ് ചെടിച്ചട്ടിയിലുടക്കി.
“ദേനാ ഇതിലൊരു മുട്ടന്‍ ചിന്നല് വീണിട്ട്‌ണ്ടല്ലോ. അതുങ്കുടീം നോക്കാണ്ടാണോ ഇതൊക്കെ വാങ്ങി വാരിക്കെട്ടി യിങ്ങോട്ടു പോന്നത്. കാഴ്‌ച്യൊക്കെ ഇത്രയ്ക്ക് കടുപ്പായിത്തൊടങ്ങ്യാ എന്റെ മാഷേ? ഇതിപ്പത്തന്നെ പൊട്ടി തവിടു പൊട്യാവും. ഏത് കൊശവനാണീ ചട്ടീണ്ടാക്കീത്?”
“താന്‍ അതുണ്ടാക്കിയ കൊശവന്റെ നെഞ്ചത്തോട്ട് കയറണ്ട. അത്ര വലിയ പൊട്ടലൊന്നും ഇല്ല. ഞാന്‍ നോക്കിത്തന്നെയാണ് വാങ്ങിയത്. ചട്ടിയ്ക്കൊരു ചെറിയ ചിന്നലുണ്ട്. അതു ശരിയാണ്. പക്ഷേ ഈ കുഞ്ഞു ചെടിയ്ക്ക് ഒന്നു രണ്ട് മാസം വളരാനുള്ള ഉറപ്പൊക്കെ അതിനുണ്ട്"
എല്ലാവരും നന്നായൊന്ന് പിച്ചിയതോടെ പൊരിച്ച മീന്‍ വെറും മുള്ള് മാത്രമായി പാത്രത്തില്‍ അവശേഷിച്ചു. ആനന്ദ് പാചകച്ചുമതല സ്വയം ഏറ്റെടുത്തതിനാല്‍ ഞങ്ങള്‍ നാലുപേരും കളി തുടങ്ങി. കോയിനുകള്‍ ഒരുക്കി വെച്ചതിന്റെ മേല്‍ക്കൈ മുതലാക്കി കണ്ണനാണ് ആദ്യത്തെ സ്‌ട്രൈക്ക് എടുത്തത്. ഊറ്റം കൂടിയൊരു എറ്റലില്‍ കോയിനുകള്‍ ചിതറിപ്പരന്നു. എനിക്കു നേരെ മുന്നിലിരുന്നത് രാജന്‍മാഷായതിനാല്‍ സ്വാഭാവികമായും ഞങ്ങള്‍ ഒരു ടീമായി.
തന്റെ ഊഴമെത്തിയപ്പോള്‍ സ്‌ട്രൈക്കര്‍ വരയില്‍ കൃത്യമായി മുട്ടിച്ചു വച്ച ശേഷംചൂണ്ടു വിരലില്‍ ബലം കൊടുത്ത് എറ്റാനൊരുങ്ങുന്നതിനു മുന്നെ മനസില്‍ ഉദ്ദേശിച്ച കോയിനില്‍ നിന്നും ദൃഷ്ടി മാറ്റിക്കൊണ്ട് രാജന്മാഷ് മുഖമുയര്‍ത്തി എന്നോടു ചോദിച്ചു.
"തന്റെ കഥയെഴുത്തെന്തായി?"
"ഒരെണ്ണം മനസില്‌ണ്ട്."
സ്‌ട്രൈക്ക് ലക്ഷ്യം കാണാത്തതുകൊണ്ട് രാജന്മാഷില്‍ നിന്ന് ഊഴം ഗില്‍ബര്‍ട്ടിന്റേതായി; ചോദ്യവും.
"എന്തൂട്ടാണ്ടോ തീം?"
"ജാതി രാഷ്ട്രീയം ഒക്കെ വച്ചിട്ടൊരു ഐറ്റം. ഇപ്പഴാണെങ്കില് എംഎല്‍ഏനെ പട്ടികജാതിക്കാരനെന്ന് വിളിച്ചു കളിയാക്കിയതും പിന്നെ നമ്മടെ കര്‍ണ്ണാടകേലെ മാട സ്നാനയൊക്കെ കത്തി നിക്കണ ടൈമല്ലേ. അതോണ്ട് ആ ലൈനിലൊരു പിടി പിടിയ്ക്കാന്ന് വെച്ചു."
“മാട സ്നാന്യോ? അതെന്തൂട്ട് ജ്ഞാനപ്പാന്യേണ്?”
"കര്‍ണ്ണാടകത്തിലൊക്കെ അമ്പല പരിസരത്തു വെച്ച് ബ്രാഹ്മണര് സദ്യയുണ്ട എച്ചിലിലേല് കീഴ് ജാതിക്കാര് കെടന്നുരുണ്ട് പ്രദക്ഷിണം വെയ്ക്കണ ഏര്‍പ്പാട്"
ഗില്‍ബര്‍ട്ടിന്റെ സ്‌ട്രൈക്ക് ലക്ഷ്യം കണ്ടു. ആദ്യമായി പോക്കറ്റില്‍ വീണത് വെളുത്ത കോയിന്‍. അയാള്‍ വീണ്ടും കണ്ണിറുക്കി ഉന്നം പിടിച്ചു.
"കൊള്ളാം. അപ്പോ പ്ലോട്ടൊക്കെ എങ്ങന്യേണ്?”
"പ്ളോട്ട്ന്ന് പറഞ്ഞാല്‍. നമ്മടെയീ കൂട്ടംകൂടലൊക്കെ തന്നേ."
"എന്ന്വെച്ചാ?"
"ആഴ്ചയറുതിയില്‍ കാരം ബോര്‍ഡു കളിക്കാനായി ഒത്തു കൂടുകയും, പാചകം ചെയ്യുകയും, കള്ളു കുടിക്കുകയും ഒക്കെ ചെയ്യണ നാലു കൂട്ടുകാര്‍. പലരും പല ജാതിക്കാര്‍. അവര് തമ്മിത്തമ്മില്‍ ജാതിയെപ്പറ്റി ഉള്ള ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ ഒക്കെ നടക്കണൂ. അവരടെടേല് ചെല പ്രശ്നങ്ങള്‍. ആ ഗ്രൂപ്പിലെപ്പളും കളിയാക്കല് സഹിക്കേണ്ടി വരണ ഒരു കീഴ് ജാതിക്കാരന്‍.”
“മനസ്സിലായി ഒരു സൈസ് വട്ടമേശ സമ്മേളനം. അതാവുമ്പ കാര്യങ്ങള് എളുപ്പണ്ടല്ലോല്ലേ? കടുകട്ടി സിദ്ധാന്തങ്ങളൊക്കെ വെട്ട്യാ മുറിയാത്ത നെടുനീളന്‍ ഡയലോഗ്‌സാക്കി ഓരോരുത്തരടെ വായേലക്ക്യാ തള്ളിക്കൊട്‌ത്താ മത്യാവുല്ലോ. ”
അങ്ങനെയൊരു എളുപ്പവഴി കണ്ടെത്തുന്നതിനിടയില്‍ ഗില്‍ബര്‍ട്ടിന്റെ സ്‌ട്രൈക്ക് പിന്നെയും ലക്ഷ്യം കണ്ടു. ബോര്‍ഡിന്റെ മൂലയിലെ ദ്വാരത്തിലേയ്ക്ക് ഒരു വെളുത്ത വൃത്തം നിരങ്ങി നീങ്ങി അപ്രത്യക്ഷമായി.
“സംഗതി വല്ല്യ മോശല്ല്യ. ബാക്കി പോരട്ടേ?”
“അങ്ങന്യൊരു ദെവസം അവര് മാട സ്നാന പോലത്തെ ജാതീടെ പേരിലൊള്ള അനാചാരങ്ങളെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്യുന്നു. എന്നാലതിന്റെ അവസാനം ഇതൊന്നും വല്ല്യ കനള്ള കേസല്ല. പെട്ടന്നങ്ങനെ ഇതൊന്നും നിരോധിക്കണ്ട ഒരു കാര്യോല്ല്യാന്ന് നമ്മടെ കീഴ് ജാതിക്കാരന്‍ ഒഴികെയുള്ളവര്‍ കൂടിച്ചേര്‍ന്ന് അഭിപ്രായം പറയുന്നു. അന്നത്തെ ദെവസം നമ്മടെയീ കക്ഷിയ്ക്കാണ് പാചകത്തിന്റെ ചൊമതല. സഹികെട്ട അവന്‍ കൂട്ടുകാര്‍ക്കായി വെളമ്പണ്ട സാമ്പാറില് കാര്‍ക്കിച്ചു തുപ്പിയിട്ട് എച്ചിലാക്കുന്നു.”
"അതൊക്കെ പോട്ടേ? സ്‌ട്രക്‌ചറില് എന്തെങ്കിലും കളീണ്ടാ?"
“ഇതിനതിന്റ്യൊന്നും ആവശ്യണ്ടന്ന് തോന്നീല്ല്യ . ഡയറക്ടായിട്ടാണ് കഥ പറച്ചില്"
“കഥയ്ക്ക് പേരിട്ടോ?”
“സബാള്‍ട്ടന്‍ സാമ്പാര്‍"
ഗില്‍ബര്‍ട്ടിനെ മൂന്നാം ഊഴത്തില് ഭാഗ്യം തുണച്ചു. പോക്കറ്റില്‍ വീഴാന്‍ ഒരു സാധ്യതയും ഇല്ലാത്തൊരു വെളുത്ത കോയിന്‍ എങ്ങനെയൊക്കെയോ തട്ടിത്തടഞ്ഞു നീങ്ങിച്ചെന്ന് പോക്കറ്റില്‍ വീണു കൊടുത്തു.
“സംഗതി ഡേഞ്ചറാണ് ട്ടാ..."
മുന്നറിയിപ്പോടെയാണ് കണ്ണന്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയത്.
"വിഷയം ജാത്യാണ് മോനേ. പത്താള്ണ്ടെങ്കി പതിമൂന്ന് വഴിക്കാവും വായന. ഈയൊരൊറ്റ തുപ്പിന്റെ പേരില് ആ കീഴ്‌ജാതിക്കാരന്‍ വില്ലനാവാനും മതി. മാത്രല്ല ഇത് കേസ് റിവേഴ്സ് ഡിസ്‌ക്രിമിനേഷനിലേയ്ക്ക് വരെ വലിച്ചാ നീട്ടാം. എനിക്കീ പ്ലോട്ടിനോട് വല്ല്യ യോജിപ്പില്ല.”
രാജന്മാഷുടെ അഭിപ്രായം അറിയാന്‍ ഞാന്‍ ബോര്‍ഡില്‍ നിന്നു കണ്ണെടുത്ത് മുഖമുയര്‍ത്തി നോക്കി.
“എനിക്കും"
കൈകള്‍ കെട്ടി പതിയെ മുന്നോട്ടാഞ്ഞു കണ്ണടച്ചുകൊണ്ട് രാജന്മാഷ് കണ്ണന്റെ അഭിപ്രായത്തെ പിന്തുണച്ചു. പെട്ടെന്നു ബാധിച്ച നിരാശയില്‍ ഞാന്‍ മിണ്ടാതെ ബോര്‍ഡിലെ അനക്കങ്ങളിലേയ്‌ക്കു കണ്ണു നട്ടു. കളിയിലെ കാലനായ ഗില്‍ബര്‍ട്ട് ആദ്യ ഊഴത്തില്‍ തന്നെ അഞ്ചു കോയിനാണ് ഒന്നിനു പുറകേ ഒന്നായി പോക്കറ്റിലിട്ടത്.
"ഗില്‍ബ്യേ, താനിത് ഒറ്റ കളിക്കൈയ്യോണ്ട് തീര്‍ക്കോ?”
കണ്ണന്റെ ചോദ്യത്തിലെ സന്തോഷത്തിന് ആയുസ്സുണ്ടായിരുന്നില്ല. ആറാമത്തെ സ്ട്രൈക്കില്‍ ഗില്‍ബര്‍ട്ടിനു പിഴച്ചു. സ്ട്രൈക്കര്‍ എന്റെ കൈയ്യിലെത്തി.
ഉള്ളി മൂപ്പിച്ച കൂട്ടാന്‍ ഗ്യാസ് സ്റ്റൗവ്വില്‍ നിന്ന് ഇറക്കിവെച്ച ശേഷം ആനന്ദ് തിരികെയെത്തി. അയാളില്‍ നിന്നെങ്കിലും അനുകൂലമായൊരു വാക്ക് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആനന്ദും എന്നെ കൈവിട്ടു.
"കാസ്റ്റ്, ഐഡന്റിറ്റി പൊളിറ്റിക്സ് ഒക്കെ കൈകാര്യം ചെയ്യുമ്പള്ണ്ടല്ലോ കൊറച്ചൂട്യൊക്കെ ശ്രദ്ധ്യാവാം. തൊട്ടാല്‍ പൊള്ളണ വിഷയല്ലേ? ഏങ്ങന്യൊക്കെയാണ് പൊളിറ്റിക്കലീ ഇന്‍കറക്‌റ്റാണെന്നും പറഞ്ഞ് ആരോപണം വരണതെന്ന് ദൈവത്തിന് പോലും നിശ്ചയണ്ടാവില്ല. ഇനിയിപ്പ ജാതി വിഷയത്തില് തന്നെ ഒരു കഥ എഴുതണമെങ്കില് പറ്റ്യൊരു പ്ലോട്ട് നമ്മടെ രാജന്മാഷടെ കൈയ്യിലുണ്ട്"
“എന്റടുത്തോ?”
രാജന്മാഷ് കെട്ടിയ കൈകള്‍ അയച്ചു തുടയില്‍ മലര്‍ത്തി വച്ച് അന്ധാളിച്ചു.
“അതേന്ന്. ആ പൊട്ടിയ ചെടിച്ചട്ടിയും, കൊശവന്റെ നേര്‍ക്ക് മെക്കട്ടുകയറ്റോം പറഞ്ഞപ്പളാണ് മാഷ് പണ്ടൊരിക്കലെന്നോടു പറഞ്ഞ കഥ പെട്ടെന്നോര്‍മ്മ വന്നത്. ഇവിടിപ്പ ചര്‍ച്ച ജാതിയെപ്പറ്റിയുള്ള ഒരു കഥ്യായതുകൊണ്ട് അത് സംഗതി കലക്കും.”
“ഏത് കഥയെ പറ്റിയാണ് താന്‍ പറയ്യുന്നത്?”
“കഥ്യല്ല; നടന്ന സംഭവന്നെ. മോനെ തല്ലിയത് ചോദിക്കാന്‍ പണ്ടൊരു കുംഭാരന്‍ സ്കൂളില് വന്ന് അലമ്പുണ്ടാക്കിയ കഥ മാഷ് പണ്ടൊരിക്കല് പറഞ്ഞിരുന്നില്ലേ. അതെങ്ങനെണ്ടാവും?”
രാജന്മാഷ് ചെറുതായൊന്ന് ചിരിച്ചു. അത് സമ്മത ലക്ഷണമാണ്. കഥ കേള്‍ക്കാന്‍ തയ്യാറായപ്പോള്‍ ഏവരുടേയും മുഖത്ത് ബാല്യ സഹജമായ ഉത്സാഹം പരന്നു. കളി പാതിയില്‍ നിര്‍ത്തിക്കൊണ്ട് ഞാന്‍ സ്‌ട്രൈക്കറെടുത്ത് ബോര്‍ഡിന്റെ ഫ്രെയിമില്‍ കയറ്റിവച്ചു.
“മാഷ്‌ക്കൊരു ഒന്നര ഒഴിക്കെടോ"
കുപ്പിയെടുത്ത് ആനന്ദിനു നേരേ നീട്ടുമ്പോള്‍ ഡ്രൈ ഡേയുടെ പിശുക്കത്തരമില്ലാതെ കണ്ണന്‍ ധാരാളിയായി. കഷണ്ടിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുടച്ചു നനഞ്ഞ കൈകൊണ്ട് മദ്യം നിറച്ച ഗ്ലാസ് ഏറ്റുവാങ്ങുമ്പോള്‍ രാജന്മാഷ് കൂടുതല്‍ ശ്രദ്ധ കാണിച്ചു. ഗ്ലാസ് മുകളിലേയ്ക്കുയര്‍ത്തി അന്തരീക്ഷത്തില്‍ അദൃശ്യമായൊരു ചിയേഴ്സ് മുട്ടിച്ച ശേഷം ആദ്യ കവിള്‍ ഇറക്കിയ ശേഷമാണ് കഥ തുടങ്ങിയത്.
“പത്തു പതിനെട്ടു കൊല്ലം മുന്നെയാണ് ഇപ്പറഞ്ഞ സംഭവം നടക്കുന്നത്. അന്നു ഞാന്‍ വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌ക്കൂളിലാണ് ജോലി ചെയ്യുന്നത്. അവിടെ ഇംഗ്ലീഷ് പഠിപ്പിയ്ക്കാനൊരു ശങ്കരന്‍ നമ്പീശന്‍ ഉണ്ടായിരുന്നു. വലിയൊരു ചന്ദനക്കുറിയിട്ട്, ചെവിയില്‍ നിറയെ തുളസിയിലയുമൊക്കെ വച്ച്, വെള്ളയും വെള്ളയുമുടുത്ത് മാത്രമേ കക്ഷിയെ എപ്പോഴും കാണാനാകൂ. നമ്പീശന്‍ മാഷ് ആളു പുറമേയ്ക്ക് നല്ല മനുഷ്യനായിരുന്നു. പഠിപ്പിയ്ക്കുന്ന കാര്യത്തില്‍ നല്ല മിടുക്കനും. ഒരു മാതിരി പെട്ടവര്‍ക്കൊക്കെ മാഷെ വലിയ കാര്യമാണ്. സ്കൂളിന്റെ പുരോഗതിയിലൊക്കെ നല്ല ശ്രദ്ധയുള്ള ആളുമാണ്. പക്ഷേ, മാഷെ അടുത്തു പരിചയപ്പെട്ടാലേ ഒരു കാര്യം മനസിലാകൂ. ഉള്ളിന്റെയുള്ളില്‍ ആളൊരു കടുത്ത ജാതി വാദിയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ തനി സവര്‍ണ്ണന്‍. അതിന്റെ ചില പ്രശ്നങ്ങളും മൂപ്പര്‍ക്കുണ്ട്. ഞങ്ങള്‍ മാഷുമാരുടെ അടുത്ത് അങ്ങേരുടെയീ ചപ്പടാച്ചിയൊന്നും നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് അതു മുഴുവന്‍ അനുഭവിച്ചിരുന്നത് പിള്ളേരാണ്"
“എന്ന്വെച്ചാ? താണ ജാതീലെ പിള്ളാര്‍ക്കിട്ട് ഇങ്ങേര് പണി കൊടുക്കാര്‍ന്നോ?”
“ഏയ്... അങ്ങനെ മനപ്പൂര്‍വ്വം ഓരോരുത്തരെ തിരഞ്ഞു പിടിച്ച് ദ്രോഹിക്കുന്ന പതിവൊന്നുമില്ല. പക്ഷേ പഠിപ്പിലിത്തിരി പിന്നോക്കം നില്‍ക്കുന്ന കീഴ് ജാതിക്കാരു പിള്ളേരെയൊക്കെ നന്നായി തോണ്ടാന്‍ ഇങ്ങേരു മിടുക്കനാണ്. പഠിച്ച് സമയം കളയുന്നതിന് പകരം വല്ല ജോലിയ്ക്കും പൊയ്‌കൂടേ എന്ന മട്ടില്‍ കളിയാക്കിക്കൊണ്ടാണ് ഉപദേശം.”
“അതൊക്കെ വെറും ജാതി വെറികൊണ്ടാണെന്ന് പറയാനാ പറ്റ്വോ? നിങ്ങള് മാഷമ്മാരടെ സ്ഥിരം നമ്പറല്ലേ ഇതൊക്കെ? പാടത്ത് കന്ന് പൂട്ടാന്‍ പോയ്‌ക്കൂട്രാന്ന് എന്നോടെത്തറ മാഷുമ്മാരും, ടീച്ചറുമാരും ചോദിച്ചിട്ടിണ്ടറിയോ? "
“ഇതങ്ങനെയല്ല കണ്ണാ. ക്ലാസിലെ കുട്ടികളുടെ ജാതിയും, രക്ഷിതാക്കളുടെ ജോലിയുമൊക്കെ സൂത്രത്തിലിങ്ങേര് മനസിലാക്കി വെയ്ക്കും. അതില്‍ പിടിച്ചാണ് മിക്കവാറും കളിയാക്കലുകള്‍. നിനക്കും അച്ഛനെപ്പോലെ ഇഷ്ടിക്കക്കളത്തില് കട്ട ചുടാന്‍ പോയിക്കൂടേടാ, നിന്റച്ഛന്‍ തെങ്ങു കയറുന്നത് മുകളിലേയ്ക്കാണെങ്കില്‍ നീ പഠിപ്പില്‍ ദിനം പ്രതി കീഴോട്ടാണല്ലോടാ, ഉളി പിടിക്കണ പോലെയാണോടാ പേന പിടിക്കുന്നത്, മുത്തശ്ശന്റെ പോലെ നന്തുണ്ണീം തൂക്കി പാട്ടും പാടി നടക്കണതാണ് നിനക്കൊക്കെ നല്ലത്, കുട്ട നെയ്യണ കൈയ്യോണ്ട് എങ്ങനെയാടാ ഇംഗ്ലീഷില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതാന്‍ പറ്റുന്നത്... എന്നൊക്കെയുള്ള ചില പ്രയോഗങ്ങള്‍ മൂപ്പരുടെ വകയായി ഇടയ്ക്ക് കയറി വരും.”
“ഇനിയിപ്പ പിള്ളാര് ശരിക്കും പഠിച്ച് നന്നാവാനാണെങ്കിലോ? അല്ല... ക്ലാസിലെ മറ്റു കുട്ട്യോള്‍ടടുത്ത് ആള്‍ടെ ഒരു ലൈന്‍ എങ്ങനേണ്?”
“അവിടെയല്ല്ലേ കാര്യങ്ങളുടെ തിരിമറി. പഠിപ്പില്‍ പുറകോട്ട് നില്‍ക്കുന്ന മേല്‍ ജാതിക്കാരു പിള്ളേരോട് നമ്പീശന്‍ മാഷ്‌ക്ക് വല്ലാത്ത സഹതാപമാണ്. ദേ നീയൊക്കെ ഇരട്ടിപ്പണി എടുക്കണ്ട കാലമാണ് കേട്ടോ. സംവരണം എന്നും പറഞ്ഞ് ഓരോരുത്തന്മാര് നിന്നെയൊക്കെ ഉന്തിത്തള്ളി മറിച്ചിട്ട് മുന്നോട്ടു പോണ കാലാണ്. മര്യാദയ്ക്ക് പഠിച്ചില്ലെങ്കില്‍ നീയൊക്കെയിനി അവന്മാരുടെ പണി ചെയ്യേണ്ടി വരുമെന്ന ഉപദേശമാണ് മാഷ് അവര്‍ക്കു കൊടുക്കാറുള്ളത്"
“അപ്പ സംഗതി മറ്റേതന്നേ. പക്ഷേ ഇതില് കഥേടെ പ്ലോട്ട് എവിട്യേണ്?”
ഗില്‍ബര്‍ട്ടിന് ആവേശം മൂത്തു. കൈയ്യിലുള്ള ഗ്ലാസിലേയ്ക്ക് മദ്യം പകരുന്നതിനിടയിലും ശ്രദ്ധ മുഴുവന്‍ രാജന്മാഷുടെ മുഖത്തായിരുന്നു.
“ക്ലാസ്സിലെ പഠിക്കാന്‍ മിടുക്കന്മാരില്‍ ഒന്നും, രണ്ടും സ്ഥാനത്തൊന്നുമല്ലെങ്കിലും കൊള്ളാവുന്നൊരു പയ്യനായിരുന്നു പ്രകാശന്‍. പരീക്ഷയിലൊക്കെ അത്യാവശ്യം നല്ല മാര്‍ക്കും വാങ്ങും, അസ്സലായിട്ട് പാട്ടും പാടും. ഇവനെ നമ്മുടെ നമ്പീശന്‍ മാഷ്‌ക്കത്ര പിടുത്തമില്ല.”
“എന്താണ് ഈ പയ്യന്റെയൊരു ജാതി പരിസരം?”
“പ്രകാശന്‍ കുംഭാരനായിരുന്നു. മുളം തണ്ടു കീറി വളച്ചു കെട്ടിയുണ്ടാക്കിയ വലിയ വട്ടികളില്‍ മണ്‍കലങ്ങള്‍ അടുക്കി വച്ചു തലയിലേറ്റി അവന്റെ അച്ഛനും, അമ്മയും വില്‍പ്പനയ്ക്കായി പോകുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. പീടീയേ മീറ്റിങ്ങുകളുടെ ഇടയ്ക്ക് ഒന്നുരണ്ട് തവണ ഞാന്‍ പ്രകാശന്റെ അച്ഛനുമായിട്ട് സംസാരിച്ചിട്ടുണ്ട്. നല്ല രസമാണ് അയാളുടെ സംസാരം കേള്‍ക്കാന്‍. തെലുങ്കു ചുവയുള്ള മലയാളം"
"ഇവര് ശരിക്കും തെലുങ്കന്മാരാണോ?”
"ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിയ കൂട്ടരാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. തെലുങ്കും മലയാളവും കൂടിക്കലര്‍ന്ന ഒരു ഭാഷയാണ് അവരുടേത്. അതിനാണെങ്കില്‍ ലിപിയില്ല; സംസാര ഭാഷ മാത്രം. ഇവരുടെ ആചാരങ്ങളൊക്കെ ഇത്തിരി വ്യത്യാസമാണ്. മാരിയമ്മയാണ് കുലദേവത. അത് കൂടാതെ വീരഭദ്രനും കറുപ്പുസ്വാമിയുമൊക്കെയായി ഗോത്രദൈവങ്ങള്‍ വേറെയുമുണ്ട്.”
"അല്ല മാഷേ, ഈ കുംഭാരമ്മാര് പട്ടിക ജാത്യാണോ?”
“ഓബീസിയാണെന്നു തോന്നുന്നു. അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്. ഈ കുംഭാരന്മാര്‍ക്ക് മറ്റൊരു പേരു കൂടിയുണ്ട്. കുലാല ബ്രാഹ്മണര്‍"
“ബ്രാഹ്മണമ്മാരോ?”
“അത് രസമുള്ളൊരു പഴങ്കഥയാണ്. ദേവലോകത്തെ പൂജാദികര്‍മ്മങ്ങള്‍ക്കായി പാത്രവും, കലവുമൊക്കെ ഉണ്ടാക്കാനായാണ് പരമശിവന്‍ കുലാല ബ്രാഹ്മണനെ സൃഷ്ടിക്കുന്നത്. പണിയാനുള്ള ഉപകരണങ്ങളും, മണ്ണുമൊക്കെ ദേവന്മാരു തന്നെയാണ് പങ്കിട്ടു കൊടുത്തത്. പരമശിവന്റെ ശരീരത്തിലെ ചളിയും, വിയര്‍പ്പുമാണ് കലം പണിയാനുള്ള മണ്ണും വെള്ളവുമായി തീര്‍ന്നത്. അതു വച്ചു തിരിക്കാനുള്ള കറങ്ങുന്ന ചക്രമായത് മഹാവിഷ്ണൂന്റെ സുദര്‍ശചക്രം. അതിനെ തട്ടിയും കറക്കിയും നിയന്ത്രിക്കാന്‍ സാക്ഷാല്‍ തൃശൂലം. അങ്ങനെ പണിക്കുള്ള എല്ലാ സാമഗ്രികളും ഒത്ത കുലാല ബ്രാഹ്മണന്‍ തന്റെ പണി തുടങ്ങി. ചെളിയും വിയര്‍പ്പും കൂട്ടിക്കുഴച്ച് സുദര്‍ശനത്തിന്റെ നടുക്കില്‍ വെച്ചു. തൃശൂലമെടുത്ത് സുദര്‍ശനത്തെ തട്ടിക്കൊണ്ട് വേഗത്തില്‍ കറക്കി. കുഴഞ്ഞ മണ്‍കൂനയില്‍ കൈപ്പത്തികള്‍ ചേര്‍ത്തു വെച്ച് ആകൃതി കൊടുത്തു. മിനുസം വരുത്താനായി ഇടയ്ക്കിടയ്ക്ക് നനച്ചു കൊണ്ടിരുന്നു. അങ്ങനെ ആദ്യത്തെ കുടത്തിന്റെ ആകൃതിയിലേയ്ക്ക് മണ്‍കൂന രൂപാന്തരപ്പെട്ടു. അപ്പോഴാണ് മറ്റൊരു പ്രശ്നം വരുന്നത്. സുദര്‍ശന ചക്രത്തിന്റെ മേലെ ഒട്ടി നില്‍ക്കുന്ന ഉറയ്ക്കാത്ത പശിമയുള്ള കുടത്തിനെ എങ്ങനെ വേര്‍പ്പെടുത്തും? സ്വന്തം ശരീരത്തില്‍ അധികപ്പറ്റായി കിടക്കുന്ന പൂണൂലെന്ന നൂല്‍ച്ചരടില്‍ കുലാലന്റെ കണ്ണുടക്കി. അത് ശരീരത്തില്‍ നിന്നൂരിയെടുത്ത് കുടത്തിനടിയിലൂടെ വലിച്ച് ചക്രത്തില്‍ നിന്നതിനെ വേര്‍പ്പെടുത്തി. പക്ഷേ കുടത്തിന്റെ അടിഭാഗം കൂടിയിട്ടുണ്ടായിരുന്നില്ല. വിയര്‍പ്പു തീര്‍ന്നതിനാല്‍ പരമശിവന്റെ ഉമിനീരെടുത്തു നനച്ച് അടിഭാഗവും മൂടിയതോടെ കുടത്തിന്റെ പണി പൂര്‍ത്തിയായി. പൂജയ്‌ക്ക് ഉപയോഗിക്കുന്നതിനു മുന്നെ കുടത്തിനെ അഗ്നിശുദ്ധി വരുത്താന്‍ ചൂളയ്ക്കു വെച്ചു. അങ്ങനെയാണ് കുലാല ബ്രാഹ്മണന്‍ ആദ്യത്തെ കുടമുണ്ടാക്കിയത്. പണി തീര്‍ക്കാന്‍ വേണ്ടി പൂണൂല്‍ ഊരിയതോടെ അവന് ബ്രാഹ്മണത്വം നഷ്ടമായി. അതൊന്നും കാര്യമാക്കാതെ അവന്‍ തന്റെ പണി തുടര്‍ന്നു. അവന്റെ കരവിരുതില്‍ വിവിധതരം ആകൃതിയിലും വലിപ്പത്തിലും കുടങ്ങളും, കലങ്ങളുമുണ്ടാക്കി. കുംഭങ്ങള്‍ ഉണ്ടാക്കുന്നവന്‍ കുംഭാരനായി മാറി.”
“സംഗതി പ്രാക്റ്റീസിംഗ് മതമെന്ന നെലയ്ക്ക് ലോകത്തിലും വെച്ചേറ്റം അലമ്പ് ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഒക്ക്യാണെങ്കിലും ഈ സൈസ് പണ്ടാറടക്കണ മിത്തും, ഫാന്റസികളും ഒരു സംഭവന്ന്യേണ്. പത്തൂസം കുത്തിയിരുന്ന് ഗ്രാസ്സ് വലിച്ചാലും കിട്ടാത്ത മൂഡുണ്ടാക്കിക്കളയും.”
“ഈ പുരാണാണോ കഥയ്‌ക്കുള്ള പ്ലോട്ടെന്ന് പറഞ്ഞത്?”
“അല്ല. അതിലെ കഥാപാത്രങ്ങള്‍ പ്രകാശനും അവന്റച്ഛനും പിന്നെ നമ്പീശന്‍ മാഷുമാണ്. പഠിക്കാന്‍ വലിയ തരക്കേടില്ലെങ്കിലും സ്പെല്ലിംഗ് മിസ്റ്റേക്ക് പ്രകാശനൊരു പ്രശ്നം തന്നെയായിരുന്നു. അവന്റെ ഇംഗ്ലീഷ് സബ്‌ജക്റ്റിന്റെ നോട്ടുബുക്കിലും, ഉത്തരക്കടലാസ്സിലുമൊക്കെ അക്ഷരത്തെറ്റുകള്‍ നിറഞ്ഞു. സംഭവം നടക്കുമ്പോള്‍ പ്രകാശന്‍ ഏഴാം ക്ലാസിലാണ്. റിപ്പ് വാന്‍ വിങ്കിളിന്റെ പാഠമാണ് ക്ലാസ്സിലന്ന് പഠിപ്പിക്കുന്നത്. പാഠപുസ്തകം കൈയ്യില്‍ നിവര്‍ത്തിപ്പിടിച്ച് പിള്ളേര്‍ക്കിടയിലൂടെ നടന്ന് അഭ്യാസത്തിലെ ചോദ്യോത്തരങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനിടെയാണ് പ്രകാശന്റെ നോട്ടുബുക്കിലെ അക്ഷരത്തെറ്റ് നമ്പീശന്‍ മാഷ് കാണുന്നത്. റിപ്പ് വാന്‍ വിങ്കിളെന്ന പേരിലെ വീയും ഡബ്ലിയൂവും തമ്മില്‍ മാറിയാണ് എഴുതുന്നത്. അടുത്ത ദിവസം വരുമ്പോള്‍ നൂറു വട്ടം ഇമ്പോസിഷനെഴുതാന്‍ പ്രകാശനു ശിക്ഷ കിട്ടി. അവനത് അനുസരിച്ചു. പിറ്റേന്ന് ഇമ്പോസിഷന്‍ എഴുതിയ റഫ് ബുക്ക് നമ്പീശന്‍ മാഷ്‌ക്കു കൊണ്ടു കാണിച്ചപ്പോഴാണ് അതിലും വലിയ തമാശ. ആദ്യത്തെ പത്തു നാല്‍പ്പതു വട്ടം കക്ഷി പേരു ശരിയായി എഴുതിയിട്ടുണ്ട് എന്നാല്‍ ബാക്കിയുള്ളതൊക്കെ പഴയതു പോലെ അക്ഷരങ്ങള്‍ തമ്മില്‍ മാറ്റിയെഴുതിയാണ് നൂറു തികച്ചിരിക്കുന്നത്. അക്ഷരത്തെറ്റുള്ള ഇമ്പോസിഷന്‍ കണ്ടതോടെ നമ്പീശന്‍ മാഷ്‌ക്ക് ദേഷ്യം വന്നു . സാധാരണ കക്ഷിയങ്ങനെ പിള്ളാരെ വല്ലാതെ തല്ലിയുപദ്രവിക്കുന്ന ആളല്ല. പക്ഷേ, അന്നെന്തോ മൂപ്പര്‍ക്ക് ശരിക്കും കലിയിളകി. 'ആളെപ്പറ്റിക്കാനായി ഇറങ്ങിയിരിക്കുന്നോടാ കൊശവാ'യെന്നും ചോദിച്ച് മാഷ് പ്രകാശന്റെ കൈ നിവര്‍ത്തി നീട്ടിപ്പിടിച്ച് കലി തീരുന്നതു വരെ തല്ലി. എന്തിനതികം പറയണൂ.. അറ്റം പിളര്‍ന്ന ചൂരലു വടി കൊണ്ട് ചെക്കന്റെ കൈ പൊട്ടി ചോര വന്നു. എന്നിട്ടും നമ്പീശന്റെ ദേഷ്യം തീര്‍ന്നിരുന്നില്ല. മാഷുടെ മേശയ്ക്കരികില്‍ നിന്ന് ബെഞ്ചിലെ തന്റെ സ്ഥാനത്തു ചെന്നിരിക്കുന്നതിനിടയില്‍ പ്രകാശന്റെ നേരേ പതിവു കളിയാക്കാല്‍ തുടര്‍ന്നു. 'അല്ലെങ്കിലും കൊശവനല്ലേ... തലയ്ക്കകത്തും കളിമണ്ണ്, തലയിലേറ്റണ കലവും കളിമണ്ണ്. നീയൊന്നും ഒരു കാലത്തും നേരെയാകി'ല്ലെന്ന ശാപം കൂടി പതിഞ്ഞതോടെ പ്രകാശന്‍ ഡെസ്ക്കിനു മേല്‍ കൈ പിണച്ചു വച്ച് കരച്ചിലു തുടങ്ങി. അതിനു പിറ്റേന്ന് പ്രകാശനെ തല്ലി കൈ പൊട്ടിച്ചതു ചോദിക്കാന്‍ അവന്റെയച്ഛന്‍ സ്കൂളിലെത്തി.”
മുമ്പൊഴിച്ച ഒന്നര പെഗ് തീര്‍ന്നപ്പോള്‍ കാലിയായ ഗ്ലാസിലേയ്ക്കു വിരല്‍ ചൂണ്ടിക്കൊണ്ട് ഒന്നൂടെയൊഴിക്കാന്‍ കണ്ണനെ തോണ്ടി വിളിച്ച് രാജന്മാഷ് ആംഗ്യം കാണിച്ചു.
“ഈ പ്രകാശന്റെ അച്ഛന്‍ പത്തണ്ണനെപ്പറ്റി ഇത്തിരി വര്‍ണ്ണിക്കാനുണ്ട്. നമ്മടെ നോത്രദാമിലെ കൂനനില്ലേ? അയാളുടെ രൂപം പോലെയിരിക്കും. കഷ്ടിച്ച് അഞ്ചടി ഉയരം, ചപ്രത്തലമുടി, ഉണ്ടക്കണ്ണ്, ബീഡിക്കറ പിടിച്ച ഉന്തിയ പല്ലുകള്‍, ചെറിയൊരു കൂന്, ഇടത്തേ കാലിനൊരു മുടന്തും. മുട്ടോളമെത്തുന്ന കാക്കി ട്രൗസറിനു മേലെ വളച്ചു കുത്തിയ ലുങ്കിയും, മുറിക്കൈയ്യന്‍ ബനിയനുമാണ് സ്ഥിരം വേഷം. കലം പണിയും വില്‍പ്പനയും ഇല്ലാത്തപ്പോഴൊക്കെ ചാരായം കുടിച്ച നിലയിലേ ആളെ കാണാനൊക്കൂ. എന്നാലോ ആരുടെയും മെയ്‌ക്കട്ടു കയറുകയുമില്ല. ഒരു സാധു ജീവി. അതായിരുന്നു പത്തണ്ണന്‍. അന്നും പതിവു പോലെ കലം വിറ്റു കിട്ടിയ കാശിലൊരു പങ്കെടുത്ത് ചരായം സേവിച്ച ശേഷം പത്തണ്ണന്‍ വൈകീട്ട് വീട്ടിലെത്തി. പ്രകാശന്റെ വീതമായ ഒരു പൊതി റസ്‌ക്ക് അവന്റെ കൈയ്യിലേക്കു വെച്ചു കൊടുക്കുന്നേരത്താണ് കൈവെള്ളയിലെ ചോരപ്പാട് അയാള്‍ കണ്ടത്. ഒറ്റ മകനാണ്, അതുകൊണ്ട് തന്നെ പ്രകാശനെ വലിയ സ്നേഹമാണ്. മകന്റെ കൈവെള്ളയിലെ ചോരപ്പാട് പത്തണ്ണന്റെ നെഞ്ചിലും പതിഞ്ഞു. ആരാണിതു ചെയ്തതെന്ന് അയാള്‍ കുഴഞ്ഞ ശബ്ദത്തില്‍ അലറി വിളിച്ചു ചോദിച്ചു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പത്തണ്ണന്റെ അനിയനും ഭാര്യയും ഇറങ്ങി മുറ്റത്തേയ്ക്കു വന്നു. ഏവരും ചുറ്റും കൂടി നിന്ന് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രകാശന്‍ നടന്നതെല്ലാം തുറന്നു പറഞ്ഞു. പത്തണ്ണന്റെ അനിയന്‍ പട്ടാളത്തില്‍ കുക്കായിരുന്നു. ആണ്ടിലൊരിക്കലെ ലീവിന് നാട്ടിലെത്തിയതായിരുന്നു അയാള്‍. തല്ലിയതു മാത്രമല്ല പ്രശ്നം , ഇതിപ്പോള്‍ ജാതിപ്പേരു വിളിച്ച് മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് കളിയാക്കുകയും ചെയ്തെന്നറിഞ്ഞപ്പോള്‍ അയാളും ഈ വിഷയത്തില്‍ ഇടപെട്ടു. പിറ്റേന്ന് പ്രകാശനേയും കൂട്ടി സ്കൂളില്‍ ചെന്ന് ഇതിനെപ്പറ്റി ചോദിക്കാന്‍ ചേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു ചട്ടം കെട്ടിയത് അയാളായിരുന്നു.”
രാജന്മാഷ്‌ക്കു വേണ്ടി മദ്യവും വെള്ളവും ചേര്‍ത്തു നിറച്ച ഗ്ലാസ് കണ്ണനെടുത്ത് കാരം ബോര്‍ഡിന്റെ ഫ്രെയിമില്‍ വെച്ചപ്പോള്‍ ബാലന്‍സ് തെറ്റി ബോര്‍ഡ് ഒരു വശത്തേയ്ക്കു ചെരിഞ്ഞു. കാരം ബോര്‍ഡ് മറിഞ്ഞു വീഴാതിരിക്കാനായി എല്ലാവരും ചേര്‍ന്ന് അതില്‍ കയറിപ്പിടിച്ചു. ഇനിയും അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ രാജന്മാഷ് ഒരു കവിള്‍ കുടിച്ച ശേഷം ഗ്ലാസെടുത്ത് തന്റെ കസേരക്കാലിന്റെ ഇടയിലേയ്ക്കു നിരക്കി വെച്ചു.
“പത്തണ്ണന്‍ കാലത്തു തന്നെ അല്‍പ്പം ചാരായം മോന്തിയ ശേഷം മകനേയും കൂട്ടി സ്കൂളിലെത്തുമ്പോള്‍ ഏഴ് സിയിലെ ആദ്യ പിര്യേഡില്‍ ഇംഗ്ലീഷു പാഠം പഠിപ്പിക്കുകയായിരുന്നു ശങ്കരന്‍ നമ്പീശന്‍. 'ആരാണ് എന്റെ ചെക്കനെ ഇങ്ങനെ തല്ലിയ'തെന്ന് തെലുങ്കു ചുവയുള്ള മലയാളത്തില്‍ ഉറക്കെയുള്ള ചോദ്യം കേട്ടതോടെ നമ്പീശന്‍ മാഷ് ക്ലാസ്സ് മുറിയുടെ വാതില്‍ക്കലേക്ക് തിരിഞ്ഞു നോക്കി. പത്തണ്ണന്റെ ആ നില്‍പ്പും, കൂടെ പ്രകാശനേയും കണ്ടതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് നമ്പീശനു മനസ്സിലായി. 'ഈ മാഷ് ആണോടാ'യെന്ന പത്തണ്ണന്റെ അലറി വിളിച്ചുള്ള ചോദ്യത്തിന് 'അതേ'യെന്നു പ്രകാശന്‍ തല കുലുക്കി സമ്മതിച്ചതോടെ കൈയ്യിലിരിക്കുന്ന ഡസ്റ്റര്‍ മേശപ്പുറത്തു വച്ച ശേഷം എന്തു ചെയ്യണമെന്നറിയാതെ നമ്പീശന്‍ കുഴങ്ങി നിന്നു. ക്ലാസില്‍ മാഷുമാരുടെ ചൂരല്‍ പ്രഹരം കിട്ടിയ കുട്ടികളില്‍ ചിലര്‍ നിന്ന നില്‍പ്പില്‍ മുള്ളുന്നതു പോലെ പത്തണ്ണനെ കണ്ടു പേടിച്ച നമ്പീശന്‍ മാഷ് ഉടുത്ത മുണ്ടില്‍ മൂത്രമൊഴിക്കുമോയെന്നു കുട്ടികള്‍ സംശയിച്ചു. അത്രയ്ക്കും പതുങ്ങിപ്പരുങ്ങി പേടിച്ചായിരുന്നു മാഷ് നിന്നിരുന്നത്. ഒന്നാം ബെഞ്ചിലിരിക്കുന്ന കുട്ടിയ്ക്കു നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് 'ജാതി വെച്ചു നോക്കിയാല്‍ ചെമ്പുക്കാട് ഇളയതിന്റെ മകന്‍ അജിത്തും , പിന്നെ ഞാനുമാണ് ഈ ക്ലാസില്‍ മുന്തിയ'തെന്നു കുട്ടികളോട് ഇടയ്ക്കിടെ വീമ്പു പറയാറുള്ള മാഷുടെ ധൈര്യമെല്ലാം ഒറ്റ നിമിഷം കൊണ്ട് ചോര്‍ന്നു പോയി. തൊട്ടപ്പുറത്തെ ക്ലാസില്‍ കണക്കു പഠിപ്പിക്കുകയായിരുന്നു ഞാന്‍. ബഹളം കേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ പ്രകാശന്റെ കൈയ്യിലെ പിടുത്തം വിട്ടുകൊണ്ട് ക്ലാസ് മുറിയ്ക്കകത്തേയ്ക്ക് കയറുകയായിരുന്നു പത്തണ്ണന്‍. അയാള്‍ മുന്നോട്ടു വരുന്തോറും കാലടി അളന്നു മാറി അയിത്തം പാലിക്കുന്ന ശൂദ്രനെപ്പോലെ നമ്പീശന്‍ മാഷ് ചുവടുകള്‍ പിന്നോട്ടു വച്ചു. കുലാല ബ്രാഹ്മണനു മുന്നില്‍ അമ്പലവാസിയായ മാഷ് ഓച്ഛാനിച്ച് അടക്കും പൂണ്ടു നില്‍ക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ചിരിയടക്കാന്‍ ശരിക്കും പാടു പെട്ടു. നമ്പീശനങ്ങനെ തന്നെ വേണമെന്നു മനസ്സു പറഞ്ഞെങ്കിലും സഹപ്രവര്‍ത്തകനല്ലേയെന്നു കരുതി ഞാന്‍ പ്രശ്നത്തില്‍ ഇടപെട്ടു. പ്രകാശന്റെ അച്ഛന്റെ കൈപിടിച്ചു പിന്തിരിപ്പിച്ചു. പത്തണ്ണന്‍ ദേഷ്യം കൊണ്ടെന്നോട് പൊട്ടിത്തെറിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട് സമാധാനത്തിന്റെ ഭാഷയില്‍ അയാള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. മകനെ തല്ലി കൈ പൊട്ടിച്ചതു മാത്രമല്ല അയാള്‍ക്കു പ്രശ്നം , ക്ലാസ്സില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് ജാതിപ്പേരു വിളിച്ച് അപമാനിച്ചതാണ്. അതിനി ഉണ്ടാകില്ലെന്ന് ഉറപ്പുകിട്ടണം. താന്‍ സ്കൂളില്‍ പഠിച്ചിട്ടില്ലെങ്കിലും മകനെ കഴിയാവുന്ന വിധം പഠിപ്പിക്കാന്‍ ആഗ്രഹമുണ്ട്. കുശവന്റെ മകന്റെ തലയിലും, തലയ്ക്കു മോളിലും കളിമണ്ണായിരുന്ന കാലമൊക്കെ മാറുകയാണ്. അത് പഠിപ്പും വിവരവുമുള്ള മാഷുമ്മാരും മനസ്സിലാക്കണം. അതു മാത്രമല്ല, കുട്ടികളെ അടിക്കുകയാണെങ്കില്‍ തന്നെയും ഇങ്ങനെ കണ്ണില്‍ ചോരയില്ലാത്ത വിധം ആകരുത്. ഇനിയഥവാ പഠിച്ചു നന്നായില്ലെങ്കില്‍ തന്നെയും നാളെ മേലാക്കം എന്തെങ്കിലും കൈത്തൊഴില്‍ ചെയ്തു ജീവിക്കേണ്ട ചെക്കനാണ് പ്രകാശന്‍. തല്ലി കൈ പൊട്ടിക്കുന്ന ഏര്‍പ്പാടൊക്കെ നിര്‍ത്തണം. തല്ലുന്നെങ്കില്‍ തന്നെ അത് തുടയിലേ ആകാവൂ. ഇതുവരെ നടന്നതെല്ലാം അയാള്‍ ക്ഷമിച്ചിരിക്കുന്നു. പക്ഷേ ഇപ്പോള്‍ താന്‍ ചോദ്യം ചെയ്യാന്‍ വന്നതിന്റെ പേരില്‍ ഇനി പ്രകാശന് ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാന്‍ പാടില്ല. എല്ലാം പറഞ്ഞു തീര്‍ന്നപ്പോഴേയ്ക്കും നിന്ന് കിതയ്‌ക്കുകയായിരുന്നു പത്തണ്ണന്‍.”
കസേരക്കാലിന്നിടയില്‍ നിന്ന് ഗ്ലാസെടുത്ത് ഒരു കവിള്‍ മദ്യം കൂടി ഇറക്കിയ ശേഷം രാജന്മാഷ് തുടര്‍ന്നു.
“ഇനിയൊരു വിധത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഞാന്‍ പത്തണ്ണനെ പറഞ്ഞാശ്വസിപ്പിച്ചു. അതു വിശ്വസിച്ചിട്ടെന്ന പോലെ നമ്പീശന്‍ മാഷെയൊന്ന് കടുപ്പിച്ചു നോക്കിയ ശേഷം ക്ലാസിലിരിക്കുന്ന മകനോട് യാത്ര പറഞ്ഞ് അയാള്‍ ഇറങ്ങി നടന്നു. ക്ലാസിന്റെ ഒരു മൂലയില്‍ പരുങ്ങി നിന്ന നമ്പീശന്‍ മാഷുടെ മുഖത്തേയ്ക്ക് ഞാന്‍ ഒന്നു നോക്കി. എനിക്കയാളോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും പറയാതെ തന്നെ കാര്യങ്ങളെല്ലാം മനസ്സിലായെന്ന വിധത്തിലായിരുന്നു അയാളുടെ നില്‍പ്പും ഭാവവും. എന്റെ ക്ലാസിലെ കുട്ടികള്‍ ബഹളം വച്ചു തുടങ്ങിയിരുന്നു. ഞാന്‍ ക്ലാസിലേക്കു തിരികെ ചെന്ന് ബോര്‍ഡിലൊരു കണക്കിട്ടുകൊടുത്ത ശേഷം കുറേ നേരം കസേരയിലില്‍ നിശ്ശബ്ദനായിരുന്നു.”
കഥ അവസാനിച്ചെന്ന മട്ടില്‍ ഗ്ലാസിലെ മദ്യം തീര്‍ത്തുകൊണ്ട് രാജന്മാഷ് എന്റെ മുഖത്തേയ്ക്ക് തറപ്പിച്ചു നോക്കി.
“ഇതെങ്ങനെയുണ്ട് സംഭവം?”
“കൊള്ളാം. എഴുതാന്‍ പറ്റണ ഐറ്റാണ്.”
“അത് ശരിയാണ്. പക്ഷേ ഈ കേട്ടറിവ് മാത്രം വെച്ചുകൊണ്ട് താനിതെഴുതിയാലും പ്രകാശന്റേയോ പത്തണ്ണന്റേയോ മനോവിഷമവും പ്രശ്നങ്ങളുമൊക്കെ മുഴുവനായും അതില്‍ കൊണ്ടു വരാന്‍ പറ്റുമോ എന്ന കാര്യത്തിലാണ് എനിക്ക് സംശയം. നടന്ന സംഭവം മുഴുവനും കണ്ടു പറഞ്ഞ എനിക്കു പോലും അതില്‍ പരിമിതികളുണ്ട്.”
"ഞാനിതെന്തായാലും എഴുതാന്‍ തീരുമാനിച്ചു. ഈ കഥയ്ക്കൊരു ജീവനൊക്കെയുണ്ട്.”
"കഥയല്ലെടോ ... നടന്നതാണ്"
രാജന്മാഷ് തിരുത്തി.
“അതെന്തായാലും എഴുതാന്‍ പോകുന്നത് കഥയാണല്ലോ.”
കണ്ണന്‍ തര്‍ക്കുത്തരം പറഞ്ഞു.
"ദ്വൈതവാദവിരോധിയായിരിക്കണ, മൊന്നു കേറി-
ജ്ജാതരോഷം തന്‍ വര്‍ഗ്ഗത്തില്‍ വാഗ്മിത കാട്ടി:
ഘടഘടകാരവാദകോലാഹലം കൊണ്ടു തോറ്റു,
ഘടമേതോ? ഘടകാരനേതോ? ചൊല്ലുവിന്‍!"
രാജന്മാഷ് ചൊല്ലിത്തീര്‍ത്തതും ഗില്‍ബര്‍ട്ട് സംശയം ചോദിച്ചു.
"ഇതെന്തൂട്ടാണീ സംഗതി?”
“ഒമര്‍ ഖയ്യാമിന്റെ റുബയ്യാത്തില്‍ നിന്നാണ്. നമ്മുടെ ജി ശങ്കരക്കുറുപ്പിന്റേതാണ് പരിഭാഷ"
“കഥയ്ക്കൊരു പേര് വേണ്ടേ?”
"പഴയ പേരന്നെ ആയാലോ? സബാള്‍ട്ടന്‍ സാമ്പാര്‍"
"അതിനീ കഥേലെവടേണ് സാമ്പാറ്? അക്കാലത്ത് സ്കൂളിലാകെ ഉള്ളത് കഞ്ഞീം, ചെറുപയറുപ്പേരീം അല്ലെന്റെ ഗില്‍ബ്യേ?”
"എന്നാപ്പിന്നെ രാജന്മാഷ് ചൊല്ലിയ കവിതേലെ വാക്കെടുത്താലോ? ഘടകാരന്‍”
"ബെസ്റ്റ്... അതിലും ഭേതം വല്ല കുംഭകര്‍ണ്ണന്‍ എന്നിടുന്നതാ. മാഷ് പറഞ്ഞ പുരാണ കഥേലെ പേരെടുത്ത് പൂശ്യല്ലോ? കുലാല ബ്രാഹ്മണന്‍"
"ആ പേര് കൊള്ളാട്ടാ. പക്ഷേ കഥേടെ മൊത്തം പൊളിറ്റിക്സിന്റേം കടയ്ക്കലത് കൊടുവാള് വെയ്ക്കും. സ്വന്തം ജാതി മതത്തിന്റെയൊക്കെ ഉല്‍പ്പത്തി ബ്രാഹ്മണരീന്നാക്കണ ലൊടുക്ക് എടവാടില്ലേ. ഞങ്ങളീ ക്രിസ്ത്യാനോളില് ചെരലന്നെ ബ്രാഹ്മണന്മാരാണന്ന് ഡാവലക്കണ പരിപാടി. അതേ പോലത്തെ ഏര്‍പ്പാടാവും"
"ഗില്‍ബി പറഞ്ഞതിലും കാര്യമുണ്ട്. ആ പേര് ഒരു പ്രശ്നമാകും. ഈ ജാതി യുദ്ധം മൊത്തം ഒരു ക്ലാസ്സ് റൂമിനകത്ത് വെച്ചല്ലേ നടക്കുന്നത്. അതുകൊണ്ട് ഞാനൊരു പേരു പറയാം . ക്ലാസ്സ് വാര്‍. എങ്ങനെയുണ്ട്?
രാജന്മാഷ് നിര്‍ദ്ദേശിച്ച പേര് സമ്മതമാണെന്നറിയിച്ചുകൊണ്ട് ഞാന്‍ ഗ്ലാസ് മുകളിലേയ്ക്കുയര്‍ത്തി
“ആര്‍പ്പേയ്...”
"രാജന്മാഷേ, നിങ്ങളുണ്ടല്ലോ ഒര് ഭാഷാദ്ധ്യാപകനാകേണ്ട ആളാണ്. ഈ സൈസ് അനുഭവോം കഥ പറച്ചിലൊമൊക്കെ പിള്ളാര്‍ക്ക് ഗുണമായിട്ടാ വരണം. അല്ലാണ്ട് വൃത്തസ്തംഭത്തിന്റെ വ്യാപ്തം കണ്ടു പിടിക്കണ ടൈപ്പ് കണക്കല്ല പഠിപ്പിക്കേണ്ടത്”
"ആശാരിക്കും കൊല്ലനും കുശവനുമറിയാത്ത കണക്കൊന്നും ഇക്കാലം കൊണ്ട് ഞാന്‍ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്തിട്ടില്ലെന്റെ കൂട്ടരേ"
രാജന്മാഷ് കുമ്പകുലുക്കി ചിരിച്ചു. പാതിയില്‍ നിര്‍ത്തിയ കളി തുടരാനായി ഞാന്‍ സ്ട്രൈക്കര്‍ കൈയ്യിലെടുത്തു. അടുത്ത ഊഴം എന്റേതായിരുന്നു. പത്തണ്ണനെ കണ്ടപ്പോള്‍ ക്ലാസ് മുറിയുടെ മൂലയില്‍ പരുങ്ങി നിന്ന നമ്പീശന്‍ മാഷെപ്പോലെ ബോര്‍ഡിന്റെ ഒരു മൂലയില്‍ മാറിയിരിക്കുന്ന കോയനിലേയ്ക്ക് ഞാന്‍ ലക്ഷ്യം വെച്ചു. എന്റെ ചുണ്ടു വിരല്‍ ചലിച്ചതും ഒരു കറുത്ത വൃത്തം കൂടി കളത്തില്‍ നിന്ന് അപ്രത്യക്ഷമായി. ഊഴം വീണ്ടും എന്റേതായി.
* * * * *
26 comments:
“സംഗതി പ്രാക്റ്റീസിംഗ് മതമെന്ന നെലയ്ക്ക് ലോകത്തിലും വെച്ചേറ്റം അലമ്പ് ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഒക്ക്യാണെങ്കിലും ഈ സൈസ് പണ്ടാറടക്കണ മിത്തും, ഫാന്റസികളും ഒരു സംഭവന്ന്യേണ്. പത്തൂസം കുത്തിയിരുന്ന് ഗ്രാസ്സ് വലിച്ചാലും കിട്ടാത്ത മൂഡുണ്ടാക്കിക്കളയും.”
ദേവദാസ്... മനോഹരമായി, ലളിതമായി, സരസമായി കഥ പറഞ്ഞു... കഥയിലൂടെ വലിയ കാര്യങ്ങള്‍ പറഞ്ഞു... കഥയ്ക്കുള്ളില്‍ ഒരു കഥ ജനിക്കുന്നതെങ്ങനെയെന്നു കാണിച്ചു തന്നു.. അഞ്ചു പേര്‍ ചേര്‍ന്ന് ഒരു കഥയെ കീറി മുറിച്ചു... നല്ലൊരു വായനാനുഭവം ആയി ഈ കഥ.. അഭിനന്ദനങ്ങള്‍ ...
ഇനി കഥയില്‍ തോന്നിയ ഒരു ചെറിയ സംശയം.. അതൊരു പാളിച്ചയെന്നോന്നും പറയാനാവില്ല. എങ്കിലും സൂചിപ്പിക്കുന്നു...
"രാജന്മാഷ്‌ക്കു വേണ്ടി മദ്യവും വെള്ളവും ചേര്‍ത്തു നിറച്ച ഗ്ലാസ് കണ്ണനെടുത്ത് കാരം ബോര്‍ഡിന്റെ ഫ്രെയിമില്‍ വെച്ചപ്പോള്‍ ബാലന്‍സ് തെറ്റി ബോര്‍ഡ് ഒരു വശത്തേയ്ക്കു ചെരിഞ്ഞു. കാരം ബോര്‍ഡ് മറിഞ്ഞു വീഴാതിരിക്കാനായി എല്ലാവരും ചേര്‍ന്ന് അതില്‍ കയറിപ്പിടിച്ചു. "
കാരംബോര്‍ഡ് ചെരിയുമ്പോള്‍ സാധാരണയായി കോയിനുകള്‍ സ്ഥാനചലനം സംഭവിക്കുകയും കളി മുടങ്ങുകയും ചെയ്യും എന്ന പ്രായോഗിക അനുഭവം ഉള്ളത് കൊണ്ട്, ഒടുവില്‍ പാതിയില്‍ നിര്‍ത്തിയ കളി തുടരുന്നത് അപാകതയായി തോന്നി.. കളി മുടങ്ങിയെന്നു കഥയില്‍ വന്നാലും കഥയുടെ totalityയില്‍ ഒരു വ്യത്യാസവും വരില്ലല്ലോ എന്ന് മാത്രമാണ് എന്റെ സംശയം.
കഥ ഏറെ ഇഷ്ടമായി എന്ന് ഒരിക്കല്‍ കൂടി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു...
Nice..
ഇരുത്തം വന്ന എഴുത്തുകാരന്റെ കൈത്തഴക്കത്തിന് നമോവാകം.
Nice :-)
കൈവെള്ളയില്‍ പരത്തി വച്ച ചീട്ടുകൂട്ടത്തിനിടയിലേക്ക് പുതിയതായി ഒരെണ്ണം തിരികിക്കയറ്റുന്ന അനായാസതയോടെ- ഞാനും ചേര്‍ക്കപ്പെട്ടു. - I liked this one.
There are coulpe of spell errors: ഓടിട്ട കെട്ടിടം "പോളിച്ച്" അവിടെ "കോണ്‍കീറ്റു" ഫ്ലാറ്റു കെട്ടാന്‍
(Sorry for English. No Malayalam typing now)
@Sandeep: ബോര്‍ഡിന്റെ ഇളക്കം, കാരംകരുക്കളുടെ സ്ഥാനഭ്രംശം എന്നിവവ മനപ്പൂര്‍വ്വമാണ്. അത്ര ശ്രദ്ധാപൂര്‍വ്വം കളിയെ വിവരിച്ചിട്ട് അവിടെ പാളാന്‍ പാടില്ലല്ലോ :) അറിഞ്ഞോ അറിയാതെയോ സംഭവിച്ച ചില അപഭ്രംശങ്ങളില്‍ നിന്ന് തന്നെയാണല്ലൊ ചില തരം കളികള്‍ തുടരേണ്ടതും. എല്ലാം ഒന്നില്‍ നിന്ന് പൂര്‍ണ്ണ വ്യക്തതയോടെ ആരംഭിക്കുന്നാവുന്ന അത്ര എളുപ്പമല്ല കരുക്കളുടെ സമൂഹികസ്ഥിതി. നിലവിലെ അപഭ്രംശങ്ങളെ എങ്ങനെ നേരിടാം, ഏത് വിധത്തില്‍ മറികടക്കാം എന്നതല്ലേ -വീണ്ടും സര്‍വ്വക്രമം പാലിച്ചൊരു കളി തുടക്കമെന്ന ഉട്ടോപ്പിയയേക്കാള്‍- കൂടുതല്‍ പ്രായോഗികമായ രീതിശാസ്ത്രം.
@Jijo: I am semi-dyslexic :)
കൊള്ളാം ദേവാ.. ഇതിലെ കുഭാരചരിതം കഥ എവിടെന്നു കിട്ടി? അതിനു കുറച്ചു ഉപകഥകളും ഉണ്ടെന്നു തോന്നുന്നു.
മനോഹരമായ ഒരു കഥ വായിച്ചതിന്റെ സന്തോഷം അറിയിക്കുന്നു.
അല്പം സമയം എടുത്തെങ്കിലും നല്ലൊരു കഥ വായിക്കാനായി...
nalla kadha
ദേവന്റെ മനോഹരമായ മറ്റൊരു കഥകൂടെ. കഥ വായന തുടങ്ങിയപ്പോള്‍ ഡൊറോത്തിയുടെ ചെറിയ ഛായ തോന്നിയിരുന്നു. ഒരു മുറിയും രാജന്‍ മാഷും ഒക്കെയായപ്പോള്‍ ആദ്യം ഒരു തുടര്‍ച്ച പോലെ തോന്നി. പിന്നീട് അതില്‍ നിന്നും വ്യത്യസ്തമായി തന്നെ കഥ മുന്നോട്ട് പോയി. നല്ല ആഖ്യാനം. കഥക്കിടയില്‍ വന്ന ഉപകഥകള്‍ പോലും ഒരിക്കലും വിരസതയുണ്ടാക്കിയില്ല. കഥക്കിടെ തന്നെ കളി വിവരിക്കുന്നതിലും കൃത്യമായ ശ്രദ്ധ ചെലുത്തിയിട്ടുമുണ്ട്.
സൂപ്പര്‍ ....ക്ലാസ് വാര്‍ :))
നന്നായിണ്ട്!
അഭിനന്ദനങ്ങൾ. നല്ല രചന.
കഥയെന്ന വ്യാജേന കാര്യം പറഞ്ഞു.
ഇനി ഞാൻ പ്രതീക്ഷിച്ച ക്ലൈമാക്സ് പറയാം ;)
കഥയുടെ അവസാനം ആനന്ദ് മീനുണ്ടാക്കി കൊണ്ട് വരുന്നു. എല്ലാരും മീൻ കഴിക്കണോ വേണ്ടയോ എന്നു സംശയിച്ച് ഇരിക്കുന്നു! (തലേദിവസത്തെ ഒരു ജാതി പറഞ്ഞുള്ള വഴക്കിനെ കുറിച്ച് ചെറുതായി പറഞ്ഞു പോയാൽ മതി..). കഥയെഴുതാനുണ്ട് എന്ന കാര്യം വിഷയം അവതരിപ്പിക്കാൻ കഥാകാരൻ വെറുതെ പറയുന്നു..
മനോഹരമായ കഥ. ഒഴുക്കുള്ള ഭാഷയിൽ പറഞ്ഞു.
സാബു പറഞ്ഞപോലെ,കഥാന്ത്യത്തിൽ അവിടെയും
ഒരു ജാതി പ്രശ്നം പ്രതീക്ഷിക്കാം. അതൊഴിവാക്കിയത് കഥാകാരന് കഥ പറയാനറിയാമെന്നതിന്റെ തെളിവും.
നന്നായി പറഞ്ഞിട്ടുണ്ട്...നല്ല കഥ
കഥയാണോ ? കഥയിലെ കഥയാണോ ? നന്നായത് എന്ന് ചോദിച്ചാല്‍ കഥയില്ലാ കഥ തന്നെ
"കൈവെള്ളയില്‍ പരത്തി വച്ച ചീട്ടുകൂട്ടത്തിനിടയിലേക്ക് പുതിയതായി ഒരെണ്ണം തിരികിക്കയറ്റുന്ന അനായാസതയോടെ- ഞാനും ചേര്‍ക്കപ്പെട്ടു.."
"അടുക്കളയില്‍ നിന്ന് നിരാശയില്‍ പൊതിഞ്ഞ മീന്‍മണമുള്ള മറുപടിയെത്തി. .."
ഗംഭീരം...ആശംസകള്‍..
ഇമ്മിണി ബല്ല്യൊരു കഥയും ബയറ്റിനകത്തൊരു ഫ്രീ കഥയും...
hats off .. ഒരുപാട് ഇഷ്ടായി.. സുന്ദരമായ കഥ..
that was a good concept... thanks for the reply devadas...
ക്ലാസ്സ് വാര്‍ നന്നായിരിക്കുന്നു
ആശംസകള്‍
ഇനിയും എഴുതുക
അടുത്ത കാലത്ത് വായിച്ചതില്‍ ഉഗ്രന്‍ കഥ
വായന, അഭിപ്രായം, അക്ഷരത്തെറ്റുതിരുത്തലുകള്‍ എന്നിവയ്‌ക്കു നന്ദി :)
കൊള്ളാം ദേവന്‍ . നന്നായിട്ടുണ്ട്.....
താങ്കള്‍ സ്പാര്‍ക്ക് കെടാതെ നിലനിര്‍ത്തുന്നു.....
കഥയും കഥക്കുള്ളിലെ കഥയും മനോഹരം. ഇനിയും വരട്ടെ ഇത്തരം നല്ല കഥകൾ
Post a Comment