Monday, September 12, 2011

കഥ, ജീവിതം, എഴുത്ത്, വായന, കാലം, കാലക്കേട്

സമകാലിക സാഹിത്യ വിപണിയില്‍ അനുഭക്കുറിപ്പുകളുടെ തള്ളിച്ച സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയെന്ത്? ശുദ്ധ സാഹിത്യത്തിനും, ഭാവനാ സൃഷ്ടികള്‍ക്കും അതുമൂലം വായനാക്കുറവ് ഉണ്ടാകുന്നുണ്ടോ? കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ മലയാളസാഹിത്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇതിനെക്കുറിച്ച് എഴുത്തുകാരന്‍+വായനക്കാരന്‍ എന്ന നിലയ്ക്കുള്ള അഭിപ്രായമാണ് ഇന്ത്യാടുഡേയുടെ ഓണം സ്പെഷല്‍ പതിപ്പിലെ 'കഥയല്ല, ജീവിതം' എന്ന ലേഖനത്തിലേയ്ക്കായി  ചോദിച്ചിരുന്നത്. എഴുതി തയ്യാറാക്കിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ


ഭാഷയിലും, സാഹിത്യത്തിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുകയെന്ന‌ത് അനിവാര്യതയാണ്. അത് നടന്നില്ലെങ്കിലാണ് ആകുലപ്പെടേണ്ടത്. എന്നാല്‍ തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധയോടെ ചിന്തിക്കേണ്ട, നിരീക്ഷണങ്ങള്‍ നടത്തേണ്ട ചില കാര്യങ്ങളുണ്ട്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളില്‍ ഒന്നാമത്തേത് "സരളാഖ്യാനമുള്ള ജീവിത കഥനങ്ങള്‍ക്ക് വായനക്കാര്‍ കൂടുന്നതി"നെപ്പറ്റിയാല്ലോ. അതൊരു മോശം കാര്യമെന്ന് ഒരിക്കലും തീര്‍ച്ചപ്പെടുത്താനാകില്ല. വായനയുടെ/വായനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കലുകള്‍ നടത്താന്‍ ഒരിക്കലും സാധ്യമല്ല. അതിനു തുനിഞ്ഞാല്‍ വര്യേണ്യമായ അല്ലെങ്കില്‍ ശുദ്ധസൈദ്ധാന്തികമായ പ്രാബല്യത്തിന് വഴിയൊരുക്കലായിരിക്കും. നളിനി ജമീലലേയോ, സിസ്റ്റര്‍ ജെസ്മിയേയോ, ദേവകി നിലയങ്ങോടിനേയോ, മണിയന്‍ പിള്ളയേയോ ഒക്കെ ആളുകള്‍ കൂടുതലായി വായിക്കുന്നു എന്നത് ഇതര വായനകളെ ഏതെങ്കിലും വിധത്തില്‍ ദു‌ര്‍ബലപ്പെടുത്തുന്നുണ്ടോ എന്നുള്ളതിന് കൃത്യമായ ഒരുത്തരം സാധ്യമല്ല. സമകാലിക സമൂഹത്തില്‍ മനുഷ്യന്‍ തന്റെ എല്ലാ ചെയ്തികളിലും സ്വീകരിച്ചിരിക്കുന്ന വര്‍ഗീകരണം എന്ന പ്രക്രിയയെ വായനയിലും സ്വാംശീകരിച്ചിരിക്കണം. പരന്ന വായന എന്ന ആശയം ഇന്ന് ഒട്ടൊക്കെ പഴഞ്ചനാണ്; മറിച്ച് അഭിരുചി, വിഷയം, രാഷ്ട്രീയം, ഇതിവൃത്തം എന്നിവയിലൂന്നിയ വേര്‍തിരിവുകളും, വര്‍ഗീകരണവും വായനയ്ക്കു മേലെയും ഉപയോഗപ്പെടുത്തുന്നു. ജീവിത കഥനങ്ങളുടെ പുസ്തകങ്ങള്‍ പലപതിപ്പ് വിറ്റു പോകുമ്പോള്‍ തന്നെയാണ് ഇവിടെ ഫിക്ഷനിലും ഹിറ്റുകള്‍ ഉണ്ടാകുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയും, ആടുജീവിതവും, പാലേരി മാണിക്യവും, എന്‍മകജെയും, ബര്‍സയുമെല്ലാം പൊതുവായനാസമൂഹം ഉള്‍പ്പെടെ ഏറ്റെടുത്ത് ഹിറ്റാക്കിയ പുസ്തകങ്ങളാണ്. ഒരു പുസ്തകത്തിന്റെ കമ്പോള വിജയത്തിനു പുറകില്‍ പല കാരണങ്ങളും ഉണ്ടായേക്കാം. എന്നാല്‍ ഏതെങ്കിലും ഒരു/പ്രത്യേക സര്‍ക്കിളിനെ സംബോധന ചെയ്യുന്ന പുസ്തകങ്ങളെ അക്കൂട്ടം ഏറ്റെടുക്കുകയും, ആശയപ്രചരണത്തിന്റെ ഭാഗമായി കൂടെക്കൂട്ടുകയും ചെയ്യുന്നു എന്നതാണ് പുതിയ പ്രവണത. (ഇത് ഒരു മോശം കാര്യമാണെന്ന അഭിപ്രായം തീര്‍ത്തും ഇല്ലെന്ന് ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞുകൊള്ളട്ടേ) ഈ പ്രവണത മുന്‍കാലങ്ങളിലും നിലനിന്നിരുന്ന സാധ്യതയാകാം; എന്നാല്‍ ഇക്കാലത്ത് കൂടുതല്‍ പ്രകടമാണ്. പരിസ്ഥിതി സംരക്ഷണം, പ്രവാസം, ഇടതുപക്ഷ രാഷ്ട്രീയത്തോട് അല്ലെങ്കില്‍ സംഘടനകളോട് അനുകൂലം/പ്രതികൂലം, ഇസ്ലാം ആശയങ്ങളോട് അനുകൂലം/പ്രതികൂലം, സ്ത്രീ സ്വാതന്ത്ര്യം, ദളിത് പക്ഷം എന്നിങ്ങനെയുള്ള പലവിധ ലേബലുകളോടെയാണ് ഇന്ന് കൃതികള്‍ പുറത്തിറങ്ങുന്നത്. ഒരുപക്ഷേ, നേരത്തേ സൂചിപ്പിച്ച 'വായനയിലെ വര്‍ഗീകരണ'ത്തിന്റെ അനുശീലന മാതൃകകളാകാം ഇത്തരം ലേബലുകളും.

എന്നാല്‍ സാഹിത്യത്തിലെ കൂടപ്പുഴുക്കളില്‍ ചിലതെങ്കിലും ഗൃഹാതുരത്വത്തിന്റെയും, ഗ്രാമനന്മയുടേയും, അമിത പ്രതീക്ഷയുടേയും, സോദ്ദേശ-സന്ദേശങ്ങളുടേയും, സംഘടിത രാഷ്ട്രീയത്തിന്റേയും ആവരണങ്ങള്‍ പിളര്‍ന്ന് നഗര സംബന്ധിയായ അസ്വാരസ്യങ്ങള്‍, സാമ്പത്തിക വിനിമയ ശൃംഘലകള്‍‌, കമ്പോള വ്യവഹാരങ്ങള്‍‌, അധോലോക ആകുലതകള്‍‌, വിപണിയിലെ കിടമല്‍സരങ്ങള്‍, വൈയ്യക്തിക രാഷ്ട്രീയത്തിന്റെ തനിയായ നിലനില്‍പ്പ്... തുടങ്ങി ആഗോളവല്‍ക്കരണാനന്തരമുള്ള പുതു സാധ്യതകളിലേയ്ക്ക് തങ്ങളുടെ എഴുത്തിന്റെ വിഷയങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ട്. അത് പ്രതീക്ഷ നല്‍കുന്ന ശ്രമങ്ങളാണ്. അവയില്‍ എത്രയെണ്ണം ശ്രദ്ധേയമാകുന്നു, കമ്പോള വിജയമാകുന്നു എന്നൊക്കെയുളത് മറ്റൊരു വിഷയമാണ്. പക്ഷേ, അത്തരം സമാന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഒരു വലിയ വായനക്കൂട്ടം പുതു തലമുറയിലെ എഴുത്തുകളെ (ശ്രദ്ധയോടെ)കാത്തിരിക്കുന്നു എന്ന മിഥ്യാബോധം എനിക്കില്ല; അങ്ങനെ സംഭവിച്ചെങ്കില്‍ എന്ന് ആഗ്രഹമുണ്ടെങ്കിലും. മറ്റൊരു സുപ്രധാന ഘടകം സൈബര്‍ സ്പേസ് ആണ്. അതിന്റെ സാമൂഹികപ്രഭാവം അത്രമേല്‍ വിസ്‌തൃതവും, സങ്കീര്‍ണ്ണവുമാകയാല്‍ പുസ്തക വായനയ്ക്കു മേല്‍ അതു ചെലുത്തുന്ന സ്വാധീനത്തെ ചെറുതായിക്കാണാന്‍ വയ്യ. പോപ്പുലാര്‍ ഇന്റര്‍നെറ്റ് എഴുത്തിന്റേയും, വായനയുടെയും പുത്തന്‍ വ്യവഹാര രംഗമാണ്. അവിടെ വായനക്കാരന്‍ വെറും വായനക്കാരന്‍ മാത്രമല്ല. മറിച്ച് എഴുത്തിനോട് പ്രതികരിക്കുന്ന, ചോദ്യം ചെയ്യലുകള്‍ നടത്തുന്ന, വിശകലന സാധ്യതകള്‍ തേടുന്ന, തുടരെഴുത്തുകള്‍ നടത്തുന്ന അസ്‌തിത്വമാണ്. ചുരുക്കിപ്പറഞ്ഞാല്‍ അവിടെ വായനക്കാരനും, എഴുത്തുകാരനും തമ്മിലുള്ള വേര്‍ത്തിരിവ് താരതമ്യേന ദുര്‍ബലമാണ് അഥവാ വായനക്കാരന്‍ തന്നെ എഴുത്തുകാരനുമാണ്. തങ്ങള്‍ക്ക് അഭിരുചികള്‍ക്കും, താല്‍പ്പര്യങ്ങളും അനുകൂലമായ ഒരു ഭാഷയേയോ, ഇടത്തേയോ കണ്ടെത്താനുള്ള ശ്രമമാണ് അക്കൂട്ടത്തില്‍ നടക്കുന്നത്. കാരണം അക്ഷരക്കൂട്ടങ്ങളെ മാത്രം പരിഗണിക്കാതെ ശബ്ദസങ്കേതങ്ങളുടെയും, ദൃശ്യപരതയുടേയും അനുകൂല ഘടകങ്ങളെക്കൂടി ആഖ്യാനത്തില്‍ ഉള്‍പ്പെടുത്തി നിശ്ചിത-നിയമ-ക്രമ-വിന്യാസങ്ങള്‍ ഇല്ലാതെ ഒരു കൂട്ടം വികസിപ്പെടുക്കുന്ന ഒരു ഘടന/ഭാഷ എന്നത് ചിലപ്പോള്‍ നിലവിലുള്ള വായനയുടെ അനുശീലനങ്ങള്‍, കമ്പോള താല്‍പ്പര്യങ്ങള്‍ എന്നിവയെപ്പോലും അട്ടിമറിച്ചേയ്ക്കാം.

3 comments:

Devadas V.M. said...

സമകാലിക സാഹിത്യ വിപണിയില്‍ അനുഭക്കുറിപ്പുകളുടെ തള്ളിച്ച സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയെന്ത്? ശുദ്ധ സാഹിത്യത്തിനും, ഭാവനാ സൃഷ്ടികള്‍ക്കും അതുമൂലം വായനാക്കുറവ് ഉണ്ടാകുന്നുണ്ടോ? കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ മലയാളസാഹിത്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇതിനെക്കുറിച്ച് എഴുത്തുകാരന്‍+വായനക്കാരന്‍ എന്ന നിലയ്ക്കുള്ള അഭിപ്രായമാണ് ഇന്ത്യാടുഡേയുടെ ഓണം സ്പെഷല്‍ പതിപ്പിലെ 'കഥയല്ല, ജീവിതം' എന്ന ലേഖനത്തിലേയ്ക്കായി ചോദിച്ചിരുന്നത്. എഴുതി തയ്യാറാക്കിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

Kalavallabhan said...

“വായനക്കാരന്‍ തന്നെ എഴുത്തുകാരനുമാണ്.“

Kattil Abdul Nissar said...

ചുരുക്കിപ്പറഞ്ഞാല്‍ അവിടെ വായനക്കാരനും, എഴുത്തുകാരനും തമ്മിലുള്ള വേര്‍ത്തിരിവ് താരതമ്യേന ദുര്‍ബലമാണ് അഥവാ വായനക്കാരന്‍ തന്നെ എഴുത്തുകാരനുമാണ്.
മുമ്പ്, ഒരു കൃതി - യോട് വായനക്കാരന്റെ പ്രതികരണം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരു കഥ മോശമാണെന്ന് തോന്നിയാല്‍ അതിനു എം. കൃഷ്ണന്‍ നായര്‍ രണ്ടു അസഭ്യം പറയുമ്പോള്‍ മാത്രമാണ് മനസ്സിന് ഇത്തിരി സുഖം കിട്ടിയിരുന്നത്. ഇപ്പോള്‍ അതല്ല,മുഖാമുഖം എഴുത്തുകാരനും, വായനക്കാരനും തമ്മില്‍ സംവാദിക്കുന്നു .ഇത് എഴുത്ത് കാരനെ കൂടുതല്‍ സൂക്ഷ്മത ഉള്ളവന്‍ ആക്കുന്നു.

 

(c)2009 Devadas V.M [ vm.devadas@gmail.com ]