Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, February 12, 2017

സോഷ്യൽ മീഡിയ - സ്വയം വിമർശനത്തിന്റെ സാധ്യതകൾ

ബ്ലോഗോസ്ഫിയർ മുതൽ ഫേസ്ബുക്ക്/വാട്ട്സാപ് കാലം വരെയുള്ള പരിണാമത്തിൽ സോഷ്യൽ മീഡിയയിലും പ്രിന്റ് മാധ്യമത്തിലും എഴുതുന്ന ഒരാളെന്ന നിലയിൽ സോഷ്യൽ മീഡിയാ പരിസരം മോശമായ ഒരിടമെന്നോ, ഇവിടെയുള്ള എഴുത്തെല്ലാം അധമമെന്നോ ഒരഭിപ്രായം എനിയ്ക്കില്ല. സോഷ്യൽ മീഡിയയെ സമൂഹത്തിന്റെ തന്നെ ഒരു പരിച്ഛേദം എന്ന നിലയിലാണ് മനസ്സിലാക്കുന്നതും കൈകാര്യം ചെയ്യുന്നതും. എന്നാൽ സ്വയം വിമർശനകരമായ ചില ആലോചനകൾ സോഷ്യൽ മീഡിയ കൈയ്യാളുന്ന ഏവരും നടത്തേണ്ടതല്ലേ എന്ന സംശയവുമുണ്ട്. അത്തരത്തിൽ ചിലതാണ് താഴെ പങ്കു വയ്ക്കുന്നത്. (ഇന്റർനെറ്റ് എന്നാൽ മുഴുവനായും സോഷ്യൽ മീഡിയ അല്ലാത്തതിനാൽ താഴെ കാണുന്ന അഭിപ്രായങ്ങളെല്ലാം വെബ്സൈറ്റുകൾ, പോർട്ടലുകൾ എന്നിവയെ ഒഴിവാക്കിക്കൊണ്ടാണ് പരാമർശിക്കുന്നത്)

സോഷ്യൽ മീഡിയയ്ക്കെതിരെ ഏതെങ്കിലും പ്രശസ്ത വ്യക്തിയുടെ പരാമർശങ്ങൾ ഉണ്ടായാലുടനെ അയ്യോ! ഇതെല്ലാം തങ്ങളെക്കുറിച്ചാണല്ലോ, എന്നാൽ കൂട്ടമായി എതിർക്കുക തന്നെ ഒരു സൈബർ പൊതുബോധം ചിലപ്പോഴെങ്കിലും അതിരു കടക്കാറുണ്ട്. എന്നാൽ ഇതിനൊരു മറുവശമുണ്ട്. നമ്മുടെ സോഷ്യൽ മീഡിയാ പരിസരം നാം ഉണ്ടാക്കിയെടുത്ത ഒരു ലോകമാണ്. അതായത് അതിൽ ഉൾപ്പെടേണ്ട സുഹൃത്തുക്കൾ, വ്യക്തി-സംഘടന-കൂട്ടങ്ങളുടെ പേജുകൾ, പരസ്യങ്ങൾ എല്ലാം തിരഞ്ഞെടുപ്പുകൾക്ക്‌ വിധേയമാണ്. മറ്റുള്ളവർ പങ്കു വച്ച വിവരങ്ങളിൽ നിന്ന് അവരുടെ വാസസ്ഥലം, ജോലി, രാഷ്ട്രീയം, കലാ-സാഹിത്യ-സിനിമാ സംബന്ധിയായ താൽപ്പര്യങ്ങൾ, സന്നദ്ധപ്രവർത്തങ്ങൾ, പൊതുസുഹൃത്തുക്കൾ എന്നിവയുടെ പുറത്തായിരിക്കും നാം അരിപ്പ വച്ചളന്ന് ഒരാളെ നമ്മുടെ ഒരു ലോകത്തേയ്ക്ക് ആനയിക്കുന്നതും പുറത്താക്കുന്നതും. എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസ് കൈയ്യാളുന്ന പലരും പബ്ലിക് ആക്സെസ് ഉള്ള പേജുകളായിരിക്കും കൈയ്യാളുന്നത്. അതിൽ തിരഞ്ഞെടുപ്പുകൾക്കും മറുപ്രതികരണങ്ങൾക്കുമുള്ള സാധ്യതയും സമയവുമെല്ലാം തുലോം കുറവായിരിക്കും. അറിഞ്ഞോ അറിയാതെയോ പുറപ്പെടുവിക്കുന്ന ചില അഭിപ്രായങ്ങളുടെ പേരിൽ സൈബർ വർഗ്ഗപൊതുബോധം ഉണർന്ന് പ്രവർത്തിക്കുന്നതാണ് ‘പൊങ്കാല’ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നത്. ഇതിന്റെ ഏറ്റും മോശമായ അവസ്ഥ തിരിച്ചറിയണമെങ്കിൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പേജുകളിൽ ‘എതിർ ആരാധക വൃന്ദം’ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധിച്ചാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാൽ നാം കാണുന്ന സോഷ്യൽ മീഡിയാ പരിസരമെന്നത് നമ്മൾ ഉണ്ടാക്കിയെടുത്ത മൂർത്തമായ ഒരു രൂപമാണ്. എന്നാൽ അതിന് അമൂർത്തവും അജ്ഞാതവുമായൊരു സാന്നിദ്ധ്യവും പ്രവർത്തനങ്ങളുമുണ്ട്. ശാസ്ത്രഭാഷയിൽ പറഞ്ഞാൽ സോഷ്യൽ മീഡിയ ഒരു ഗണമാണെങ്കിൽ, നാമേവരും അതിലെ [1]ഉപഗണങ്ങളിലൊന്നിലെ ഇടംകൈയ്യാളുന്നവർ മാത്രമാണ്. ആ കൽപ്പിത സമൂഹത്തിന് അകത്തും പുറത്തുമായി ഇതിന് ഉടലും ഉരുവവുമുണ്ട്.

സോഷ്യൽ മീഡിയ കൂടുതലായും പ്രകടിപ്പിക്കുന്നത് ഒരു തരത്തിൽ പരാദസ്വഭാവമാണ്. അതായത് സമകാലിക സമൂഹത്തിലെ രാഷ്ട്രീയം, സാഹിത്യം, കലകൾ, വിനോദങ്ങൾ, വിവാദങ്ങൾ എന്നിവയാണ് പലപ്പോഴും നാമേവരും സൈബർ പരിസരത്ത് കൈയ്യാളുന്നത്. അതായത് ഉള്ളടക്കം(content) ഉത്പ്പാദിപ്പിക്കുന്നതിന് പകരം മറ്റിടങ്ങളിലെ ഉള്ളടക്കത്തിന്മേലുള്ള തർക്കങ്ങളും പ്രതികരണങ്ങളും മാത്രമായി പലപ്പോഴും ഇത് ഒതുങ്ങുന്നു. ഇതരയിടങ്ങളിൽ ഉള്ളതിനേക്കാൾ മെച്ചമായ ഉള്ളടക്കമോ ചിന്താധാരകളോ ഇവിടെ തീർത്തും ഉണ്ടാകുന്നേയില്ല എന്നോ, അതിന്മേലുള്ള ചർച്ചകൾ മോശമെന്നോ അല്ല വിവക്ഷ. സൂചനകളെല്ലാം പൊതുസ്വഭാവത്തിന്മേൽ ഊന്നിയുള്ളതാണ്. പക്ഷെ പതിയെ പരാദ സ്വഭാവം കൈവെടിഞ്ഞ് കാമ്പുള്ള ഉള്ളടക്കങ്ങൾ ഇവിടെ നിന്ന് ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളും തർക്കവിതർക്കങ്ങളും നിലവിൽ പ്രധാനമായും ഏറ്റെടുക്കുന്നത് ഓൺലൈൻ ന്യൂസ് പോർട്ടലുകളാണ്. എന്നാൽ അച്ചടി മാധ്യമങ്ങളും അതേറ്റെടുക്കുന്ന കാലം അത്ര വിദൂരമല്ലെന്ന് കരുതുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ സിസ്റ്റിസൺ ജേർണലിസത്തിന്റെ കൂടി ഉത്തരവാദിത്തം കൈയ്യാളുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാഷ്ട്രീയ ചായ്‌വിന്റെ, പരസ്യ വരുമാനത്തിന്റെ, ഭരണകൂട ഭീകരതയുടെ ഫലമായി അച്ചടി മഷി പുരളാത്ത പല വാർത്തകളും വിവാദങ്ങളും ജനങ്ങളിലേയ്ക്കെത്തിച്ചതിന് സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട് താനും. അതിനെയൊന്നും പാടെ മറന്നുകൊണ്ടല്ല പരാദസ്വഭാവം കൈവെടിയണമെന്ന് പറയുന്നതും, ഉള്ളടക്കത്തിന്റെ ഉത്പ്പാദനം കൂടുതലാകണമെന്ന് ആഗ്രഹിക്കുന്നതും.

ഇടപെടുന്നവരുടെ ശരാശരി പ്രായം, സാങ്കേതിക ജ്ഞാനം, ഉടന്തടി പ്രതികരണങ്ങളിലെ ഭാഷ എന്നിവയെല്ലാം സോഷ്യൽ മീഡിയയുടെ പരിസരം നിർണ്ണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ കൗതുകകരമായ ഒരു കാര്യം ശ്രദ്ധിച്ചിട്ടുള്ളത് രണ്ടോ മൂന്നോ മാസത്തെ ചുരുങ്ങിയ ഇടവേളയ്ക്ക് ശേഷം പോലും ഇതിലേയ്ക്ക് മടങ്ങി വന്നാൽ തോന്നുന്ന അന്യഥാത്വമാണ്. ഏറെ നാളത്തെ അന്യദേശവാസത്തിന് ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയാൽ പഴയകാല സുഹൃത്തുക്കളുടെ തമാശയോ, പ്രയോഗങ്ങളോ, ബഹളങ്ങളോ, ആംഗ്യങ്ങളോ ഒന്നും തിരിച്ചറിയാതെ ആൾക്കൂട്ടത്തിൽ ഉള്ളാലെ ഒറ്റപ്പെട്ട് വെറുതെ ചിരിച്ചു കാണിക്കേണ്ട അവസ്ഥ പലപ്പോഴുമുണ്ടായിട്ടുണ്ട്. അതിന് സമാനമായ വിധത്തിൽ ഇടവേളയ്ക്കു ശേഷമുള്ള സോഷ്യൽ മീഡിയാ പ്രവേശനത്തിൽ കാണാനാകുന്നത് പുതിയ ആളുകൾ, കൂട്ടങ്ങൾ, പരിസരങ്ങൾ… പുത്തൻ ഭാഷ, പ്രയോഗങ്ങൾ, ചിഹ്നങ്ങൾ… എന്തെന്നുമേതെന്നും മനസ്സിലാക്കണമെങ്കിൽ വിട്ടൊഴിഞ്ഞു നിന്ന ആ കാലഘട്ടത്തിലേയ്ക്ക് പിന്തിരിഞ്ഞു നടക്കാതെ വയ്യെന്ന അവസ്ഥയാകും. അതുകൊണ്ട് തന്നെ അതിവേഗത്തിലുള്ള ഇതിന്റെ ഒഴുക്കിന് കൂടെച്ചേരാത്തവർക്ക് പലപ്പോഴും സഹവർത്തിത്വത്തിന്റെ സാധ്യതയാണ് നഷ്ടപ്പെടുന്നത്.

സമകാലത്തെ രാഷ്ട്രീയത്തെ സംബന്ധിച്ച് ശക്തമായ വിമർശനങ്ങളും പ്രതികരണങ്ങളും ഉണ്ടാകുന്ന ഒരിടമാണ് സോഷ്യൽ മീഡിയ എന്നാൽ സാഹിത്യത്തിന്റെ കാര്യത്തിൽ നിലവിൽ അതുണ്ടോയെന്ന് സംശയമുണ്ട്. കവിതകൾ മാത്രമാണ് ഇതിനൊരപവാദം. മറ്റൊരു തരത്തിലെ ഭാവുകത്വ വിച്ഛേദങ്ങൾക്ക് ഇടമൊരുക്കിയതും മികച്ച കവിതകളുണ്ടായതും സോഷ്യൽ മീഡിയയിലാണ്. അതൊരു തരത്തിൽ കൂട്ടായ ഒരു പ്രതിപ്രവർത്തനത്തിന്റെ ഫലമായിരുന്നു താനും. സമകാലിക യുവകവികളിൽ പലരും അവരുടെ ആദ്യവായനാക്കൂട്ടത്തെ കണ്ടെത്തിയതും, സ്വയം നവീകരിച്ചതുമെല്ലാം ഈ മീഡിയയുടെ പരിസരത്താണ്. എന്നാൽ പല കാരണങ്ങളാലും മുഖ്യധാര ഒഴിവാക്കുന്നവയെ പ്രസിദ്ധപ്പെടുത്തുവാനും, ഉടനടി പ്രതികരണങ്ങൾ ലഭിക്കുവാനുമുള്ള സൗകര്യങ്ങൾ ഉണ്ടായതും ഒഴിച്ചു നിർത്തിയാൽ ചെറുകഥ, നോവൽ എന്നിവയ്ക്ക് സ്വയം മെച്ചപ്പെടുത്തുവാനുള്ള ഒരു സാധ്യതയും ഇടവും നിലവിൽ ഇവിടെയുണ്ടെന്ന് കരുതുന്നില്ല. ചില പരീക്ഷണ ശ്രമങ്ങൾ ഉണ്ടായി എന്നതൊഴിച്ചാൽ ഒരു പക്ഷെ സോഷ്യൽ മീഡിയയ്ക്ക് എറ്റവും അനുഗണമെന്ന് കരുതാവുന്ന സാഹിത്യ വിഭാഗമായ ഗ്രാഫിക് നോവലുകൾ പോലും ഇവിടെ കാര്യമായി സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. കൂടുതൽ സമയം ചിലഴിക്കേണ്ടി വരുന്ന വായന, സൃഷ്ടിയുടെ ശ്രമത്തിന് അനുപാതത്തിലുള്ള പ്രതിഫലം എന്നിവയെല്ലാം ഇതിനൊരു കാരണമാകാമെന്ന് കരുതുന്നു.

കുട്ടിക്കാലത്ത് ചിത്രകഥകൾ വായിക്കുമ്പോൾ വരകൾക്കിടയിൽ അക്ഷരങ്ങളെ വേർത്തിരിച്ചു നിർത്തുന്ന കളങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു. സംഭവ വിവരണങ്ങൾക്കായി ദീർഘചതുരം, സംഭാഷണങ്ങൾക്ക് വേണ്ടി കഥാപാത്രത്തിന് നേരെ കൂർത്ത കുനിപ്പോടെയുള്ള ദീർഘവൃത്തം എന്നിവയായിരുന്നു അതിൽ പ്രധാനമായി കാണാറുണ്ടായിരുന്നത്. എന്നാൽ ഇതു രണ്ടുമല്ലാതെ മറ്റൊന്നു കൂടിയുണ്ടാകും. പ്രത്യേക ആകൃതിയില്ലാതെ മേഘസമാനമായ കളത്തിൽ നിന്ന് ചെറുകുമിളകൾ നിര നീളുന്ന ഒന്ന്. അത് കഥാപാത്രങ്ങളുടെ ചിന്തകളുടെ പ്രതിഫലനമായിരുന്നു. അത്തരത്തിലുള്ള ചിന്തകളെയാണ് സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ ഞാൻ തിരയുന്നത്. സൈബർ സ്പേസിലെ ജനപ്രിയ ഇടമായ സോഷ്യൽ മീഡിയാ പരിസരം ഇന്ന് ആഖ്യാനത്തിന്റെ കൂടി ഇടമാണ്. കാലം, അവസ്ഥ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ഭാവനകളെയും അനുഭവങ്ങളെയും അറിവുകളെയും എഴുതിയിടാൻ അവ അവസരമൊരുക്കുന്നു. കഥാമുഹൂർത്തങ്ങളോ, പാത്രനിർമ്മിതികളോ ഇല്ലാതെ തന്നെ ഒരു ആശയസ്ഫുരണം മറ്റുള്ളവരിലേയ്ക്ക് സന്നിവേശിപ്പിക്കാൻ തക്ക പ്രാപ്തിയുള്ളതായി അവിടം മാറുന്നു. ഇതുകൊണ്ട് സമകാലത്തെ കഥയെഴുത്തിന് ഒരു വിധത്തിലുള്ള ഹാനിയും സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, സൂക്ഷ്മമായ അരിപ്പകളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും കടന്നു പോകേണ്ടുന്നതിനാൽ അവ കൂടുതൽ മെച്ചപ്പെട്ടൊരു നില കൈവരിയ്ക്കാൻ പ്രാപ്തമാകുന്നു. ഒരു സോഷ്യൽ മീഡിയാ കുറിപ്പിലോ, പ്രതികരണത്തിലോ ഒതുങ്ങേണ്ടവയെ (അവ നിസ്സാരമാണെന്നല്ല വിവക്ഷ) അതാതിടങ്ങളിൽ രേഖപ്പെടുത്തുകയും, അവയ്ക്കുമപ്പുറം സന്ദർഭങ്ങളും സാരസ്യങ്ങളും ദർശനങ്ങളും പാത്രനിർമ്മിതിയും ആവിഷ്ക്കരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ മാത്രം കഥയെഴുത്തിന്റെ സങ്കേതം സ്വീകരിക്കേണ്ടി വരുന്ന വിചാരനില എഴുത്തുകാരന് സ്വയം കൈവരിക്കാനാകുന്നു. അതുകൊണ്ട് തന്നെ സമകാലത്തെ സംഭവങ്ങളിലും വിഷയങ്ങളിലും തന്റെ ചിന്തകളാൽ ഇടപെടാനുള്ള അവസരവും, അതേ സമയം ഭാവനാപരമായ വ്യവഹാരത്തിൽ സ്വയം മുഴുകി സൃഷ്ടി നടത്താനും സാധ്യതയൊരുങ്ങുന്നു. സോഷ്യൽ മീഡിയ പാടെ അധമമെന്ന് അന്യവത്ക്കരിക്കാതെ, അതിന്റെ സാധ്യതകളെ സാഹിത്യ സംബന്ധിയായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് എഴുത്തുകാരനെന്ന നിലയിൽ ആലോചിക്കാറുള്ളത്. സോഷ്യൽ മീഡിയയുടെ ഘടനയും സാധ്യതയും സ്വഭാവമുമെല്ലാം എഴുത്തിലേയ്ക്കും സന്നിവേശിപ്പിക്കാറുണ്ട്. അത്തരത്തിൽ നിത്യജീവിത വ്യവഹാരത്തിൽ സോഷ്യൽ മീഡിയയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്താനുള്ള ഒന്നായിരുന്നു [2]സമയരേഖയിൽ ചിലത് എന്ന ശ്രമം.

Mentioned Links:

Wednesday, April 20, 2016

വെടിക്കെട്ടിന്റെ ഭീതിദാനന്ദം.




Photo (c) Abhilash Chandran / ABCD Photography 

ഭീതിദാനന്ദം വെടിക്കെട്ടിനെപ്പറ്റി കഴിഞ്ഞ ദിവസം ഒന്നുരണ്ട് സുഹൃത്തുക്കളുമായി ചർച്ച നടത്തിയപ്പോൾ ഉപയോഗിച്ച ഒരു വാക്കാണ്. വെടിക്കെട്ടിനെ, അതിന്റെ ഭയപ്പെടുത്തുന്ന പരിസരത്തെ, അതനുഭവിക്കാനായി തള്ളിച്ചെന്നു നിൽക്കുന്ന ആൾക്കൂട്ടത്തെ ഒക്കെയും ചേർത്ത് വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല. ദുരന്തമാകുന്ന വിധത്തിൽ അപകടങ്ങൾ വർഷാവർഷങ്ങളിൽ സംഭവിക്കുന്നതിനാലും, ജനസാന്ദ്രത ഏറി വരുന്നതിനാലും ഇത്തരത്തിൽ വിനാശകരമായേക്കാവുന്ന ആഘോഷഘടകങ്ങളെ നിരോധിക്കണമെന്നോ, അല്ലെങ്കിൽ ഇളവുകളൊന്നുമില്ലാതെ കർശന സുരക്ഷാ നിയന്ത്രണത്തിന് വിധേയമാക്കണമെന്നോ തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എന്നാൽ ഇതു പറയുമ്പോഴും കുറ്റബോധപരമായ ഒരു ആന്തൽ ഉള്ളാലെ ബാക്കിയുണ്ട്. അല്ലെങ്കിൽ ഇനിയുമതൊക്കെ നടന്നാൽ ചെന്നു കാണാൻ ചെന്നു നിന്നു കൊടുക്കില്ലേ എന്നൊരു കൊളുത്തിപ്പിടുത്തം. വരട്ടെ, അതിനെ ഇരട്ടാത്തെപ്പെന്ന് വിളിക്കാൻ വരട്ടെ, അതിന് കാരണമായ ചിലത് പറയാൻ കൂടിയാണ് ഈ കുറിപ്പെഴുതുന്നത്. ആനയും എഴുന്നെള്ളത്തും വെടിക്കെട്ടും പൂരവും കാണാൻ ചെന്നു നിൽക്കുന്നവരെല്ലാം അപകടം പ്രതീക്ഷിച്ചുകൊണ്ട് സർവ്വനാശം കാണാനായി ചെന്നു നിൽക്കുന്നവരാണെന്ന വിധത്തിൽ പല പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളായും കമെന്റുകളായും ട്രോളുകളായും കാണുകയുണ്ടായി. എന്നാൽ അത്തരത്തിൽ ഒരു കാണിയാനന്ദം അനുഭവിച്ച, ഏറെയൊക്കെ കുതറി മാറാൻ ശ്രമിക്കുന്ന, ഇപ്പോഴും അതിൽ നിന്ന് പൂർണ്ണമായും മുക്തനൊന്നുമല്ലാത്ത ഒരാളുടെ കുറിപ്പാണിത്. സർവ്വനാശം കാണാനായി സ്വയം കൊലക്കളത്തിലേക്കിറങ്ങുന്നവർ എന്ന് ആരോപിക്കപ്പെടുന്ന അത്തരമൊരു കാണിക്കൂട്ടം എങ്ങനെയുണ്ടാകുന്നു, അവരെങ്ങനെയിതിൽ ആനന്ദം കണ്ടെത്തുന്നു എന്നുള്ള ചില നിരീക്ഷണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

കേരളത്തിന്റെ തെക്കോട്ടുള്ള ഉത്സവവും വെടിക്കെട്ടുകളും വളരെ കുറച്ചാണ് കണ്ടിട്ടുള്ളത്. എന്നാൽ വടക്കൻ കേരളത്തിലെ ഒട്ടുമിക്ക വലിയ ഉത്സവങ്ങളും പൂരങ്ങളും വെടിക്കെട്ടുമെല്ലാം കാണാനായിട്ടുണ്ട്. മത്സരക്കമ്പം എന്ന് വിളിപ്പേരൊന്നുമില്ലെങ്കിലും 3 ദേശക്കാർ തമ്മിൽ മത്സരബുദ്ധിയോടെ ഭീകരമായ രീതിയിൽ വെടിക്കെട്ടു നടക്കുന്ന ഒരു നാട്ടിലാണ് ജനിച്ചു വളർന്നത്. ആറേഴു വയസ്സു മുതൽ വെടിക്കെട്ട് കണ്ടും കേട്ടും പരിചിതമാണ്. ആർക്കാണ് കൂടുതൽ ആനയുണ്ടായിരുന്നത്, ഏത് ദേശത്തിന്റെ വെടിക്കെട്ട് കൂടുതൽ നന്നായി, എതു ഭാഗത്തു നിന്നാണ് , എത്രയടുത്തു നിന്നാണ് വെടിക്കെട്ട് കണ്ടത് എന്നതൊക്കെ എൽ,പി.സ്കൂൾ കാലത്തെ ഇന്റർവെൽ സമയങ്ങളിലെ തല്ലിനും തർക്കത്തിനും വിഷയമായിരുന്നു. അങ്ങനെ ചെറുപ്പം മുതലേ ഇതൊക്കെ കണ്ടും കേട്ടും മുതിരുന്ന , അപകടങ്ങളൊക്കെ ഇതിന്റെ പതിവുകളായി കാണുന്ന, സ്വയം അതിൽ ഉൾപ്പെടില്ലെന്ന അമിത പ്രത്യാശ വഹിക്കുന്ന വിധത്തിലാണ് ആ കാണിയാനന്ദം വളരുന്നത്. വെടിക്കെട്ട് കാണാൻ നിൽക്കുന്ന ആൾക്കൂട്ടത്തെ പ്രധാനമായും മൂന്നായ് തിരിക്കാം. ഒന്ന്- വളരെ ദൂരെ മാറി ഇരുന്ന് വലിയ ആവേശമൊന്നുമില്ലാതെ ഇത് കണ്ട് നിൽക്കുന്നവർ, രണ്ട്- സുരക്ഷിതമായ അകലമൊക്കെ പാലിച്ച് കുറച്ചൊരു ആവേശത്തോടെ വെടിക്കെട്ട് ആസ്വദിക്കുന്നവർ. എന്നാൽ മൂന്നാമത്തേതും എണ്ണക്കൂടുതലുമുള്ള വലിയൊരു കൂട്ടമുണ്ട്. വെടിക്കെട്ട് എന്ന ആഘോഷം തുടരുന്നത് തന്നെ അത്തരക്കാരുടെ ഭീതിദാനന്ദത്തിന്റെ ആവേശപ്പുറത്താണ്.

മൂന്നാമതു പറഞ്ഞ തരക്കാർ വെടിക്കെട്ട് കാണുക എന്ന് പറഞ്ഞാൽ ഉത്സവ ദിവസം വെടിക്കെട്ട് സമയത്തെത്തി മാനത്തേയ്ക്ക് നോക്കി പൊട്ടുന്നത് കാണുന്നവരല്ല. കുഴിയെടുക്കലും, കുറ്റിയിറക്കലും, വെടിമരുന്നിന്റെ വിന്യാസവും തുടങ്ങി ആകാശക്കാഴ്ചയിലത് പൊട്ടുന്നതു വരെയുള്ള ഭീതിദാനന്ദ പ്രക്രിയയിൽ സ്വയം സമർപ്പിക്കുന്നവരാണ്. അവർ ഒരുക്കത്തിന്റെ ഭാഗമായി ഒന്നോ രണ്ടോ ദിവസം മുന്നെ കുഴിയെടുക്കുന്നതിന്റെ ആഴം നോക്കും. പുഞ്ചപ്പാടത്തും അല്ലാത്തിടത്തും എത്ര കുഴിക്കണം എന്ന് മനക്കണക്ക് കൂട്ടും, കുഴിമിന്നി പൊന്തുമ്പോൾ വെള്ളം നനയുമോ എന്ന് ഊഹിയ്ക്കാൻ ശ്രമിക്കും. കൂട്ടക്കലാശം നടത്താൻ കുഴിയെടുത്തിരിക്കുന്നിടത്ത് രണ്ടു വരിയാണോ, നാലു വരിയാണോ, എട്ടു വരിയാണോ നിരത്തി തിരിയിടാൻ പോകുന്നതെന്നറിയാൻ ഉത്സുകരാകും. കാലൈക്യത്തോടെ പൊട്ടാൻ എങ്ങനെയാണ് തിരി കൊളുത്തിയിട്ടിരിക്കുന്നതെന്ന് കൗതുകംകൊള്ളും, ഒരടിയിൽ ഏകദേശമെത്രയെന്ന് എണ്ണിയ ശേഷം മൊത്തം ദൂരത്തിന്റെ ഊഹക്കണക്കെടുത്ത് ഓലപ്പടക്കമാലയുടെ കനപ്പെത്രയെന്ന് കണക്കുകൂട്ടും. കലാശപ്പുര (അന്തിമഘട്ടത്തിൽ കത്തിയെരിയുന്ന ഫ്രേം) എത്ര ചുറ്റാണെന്നു മനസ്സിലാക്കി ഉള്ളാലെ ആനന്ദിക്കും. നിലത്തിരുന്ന് പൊട്ടിയ കുഴിമിന്നി സൃഷ്ടിച്ച കിണറുപോലെ മണ്ണിളക്കിയ ആഘാതം വെടിക്കെട്ടിന് ശേഷം അടുത്തെത്തി കാണും. അവരാണ് ഊഹക്കണക്കു വച്ച് ദൂരം മാറി നിന്ന് വെടിക്കെട്ടുകാണാൻ മുൻനിരയിൽ എത്തിപ്പെടുന്നവർ. അതിന് കാരണമുണ്ട്. കരിമരുന്ന് മൂന്നു വിധമുണ്ട്. പൊട്ടുന്നത് വെടിമരുന്ന്. കുഴിമിന്നിയേയും അമിട്ടിനേയുമൊക്കെ ഉയരത്തിലെത്തിക്കുന്നത് അടി മരുന്ന്. തിരി കൊളുത്തിയിടം മുതൽ കലാശം വരെ തീയാളിപ്പടർത്താൻ വഴിമരുന്ന്. ഏറ്റവും മുന്നിൽ നിന്ന് വെടിക്കെട്ട് കാണുന്നവർക്ക് വഴിമരുന്ന് ആളിപ്പടരുന്നത് കാണണം. അടിമരുന്ന് കത്തുമ്പോൾ കുതിരച്ചിനപ്പു പോലുള്ള ശബ്ദത്താൽ കുഴിമിന്നി നിലത്തു നിന്നുയരുന്ന ഒച്ച കേൾക്കണം. എത്രദൂരം പൊങ്ങുന്നെന്ന് ഊഹമളക്കണം. മുകളിൽ പോയത് പൊട്ടുമ്പോഴുള്ള ശബ്ദവും സ്ഫോടനത്തിന്റെ വെളിച്ചവും കാണണം, അതിന്റെ ചൂടറിയണം എന്നാലേ കാഴ്ച പൂർത്തിയാകൂ. പാടത്തിന് നടുവിലെ കാവുകളിൽ വച്ചുള്ള വെടിക്കെട്ടിലെ ഒരു പ്രശ്നമാണ് കുഴിമിന്നി പൊന്തുമ്പോൾ അടിമരുന്ന് കത്തുമ്പോഴോ, അല്ലെങ്കിൽ നിലത്തിരുന്ന് കുഴിമിന്നി പൊട്ടിയ പാടത്തെ നനഞ്ഞ മണ്ണുവീണ് വഴി മരുന്ന് കെടുകയെന്നത്. അത്തരമവസരത്തിൽ തീ കെട്ട് വെടിക്കെട്ട് താൽക്കാലികമായി നിലയ്ക്കും. ഒരു ദേശത്തെയാളുകൾ മറുദേശക്കാരെ കൂവിയാർക്കും. മാനക്കേടിന് ആക്കം കുറയ്ക്കാതിരിക്കാൻ ചാക്കിൽ വഴിമരുന്നുമായി കത്തുന്ന വെടിക്കെട്ടിന്റെ വരിയ്ക്ക് സമാന്തരമായി ഓടുന്ന വെടിക്കെട്ടുകാരുടെ സംഘത്തിലൊരുവൻ കുറച്ചു വർഷങ്ങൾ മുമ്പു വരെ സ്ഥിരം കാഴ്ചയായിരുന്നു. ചാക്കിൽ നിന്ന് കൈപ്പിടിയ്ക്ക് കരിമരുന്നെടുത്ത് വെടിക്കെട്ടു വരിയിൽ വിതറി തീയാളിക്കുമ്പോൾ അയാളൂടെ കൈ പൊള്ളുമെന്നത് ക്രൂരതയാർന്ന വാസ്തവമാണ്. ഇത്തരത്തിലെ ചില കാഴ്ചകൾ കൂടിച്ചേർന്നാണ് ഭീതിദാനന്ദം എന്ന അവസ്ഥയൊരുക്കുന്നത്.

കാഴ്ചയ്ക്ക് ആനന്ദം നൽകുന്ന ശബ്ദം കുറവായ അമിട്ടുകളാണ് സാധാരണഗതിയിൽ വലിയ വെടിക്കെട്ടിൽ അപകടസാധ്യത കൂട്ടുന്നത്. പൊട്ടിയ അമിട്ടിൽ നിന്ന് ചിതറുന്ന മരുന്നു ഗുളികകൾ താഴേയ്ക്ക് വീഴുന്നതിന് മുമ്പ് പൂർണ്ണമായും കത്തിയെരിഞ്ഞില്ലെങ്കിലോ, അല്ലെങ്കിൽ ചെരിഞ്ഞു പൊട്ടിയാലോ ആണ് മറ്റിടങ്ങളിലേയ്ക്ക് തീ പടർന്ന് അപകടങ്ങളുണ്ടാകുന്നത്. അതുകൊണ്ട് തൃശൂർ പൂരത്തിനൊഴികെ തൃശൂർ പൂരത്തിന്റേത് താരതമ്യേന ചെറിയ വെടിക്കെട്ടാണ്- തൃശൂർ, പാലക്കാട് ഭാഗങ്ങളിലെ ഗംഭീര വെടിക്കെട്ടുകൾക്ക് വർണ്ണ അമിട്ടുകൾ, കുടകൾ എന്നിവ കുറവായിരിക്കും. ഉണ്ടെങ്കിൽ തന്നെ പകൽപ്പൂരത്തിന്റെ വെടിക്കെട്ടിന് ശേഷം പ്രത്യേകമായോ, അല്ലെങ്കിൽ രാത്രിപ്പൂരത്തിന്റെ കാലാശത്തിൽ നിന്ന് കുറച്ചുമാറിയോ ഒക്കെയായിരുക്കും അതൊരുക്കിയിരിക്കുക. പകൽപ്പൂരത്തിനും രാത്രിപ്പൂരത്തിനും രണ്ട് വിധമാണ് വെടിക്കെട്ടുകൾ. മദ്ധ്യാഹ്ന വെയിലത്തു നടത്തുന്ന വെടിക്കെട്ടുകളിൽ നിറത്തിനോ കാഴ്ചയ്ക്കോ അല്ല സ്ഫോടനശേഷിയ്ക്കാണ് പ്രാധാന്യം. പലപ്പോഴും പരിശോധന കഴിഞ്ഞ ശേഷം ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം നിയന്ത്രിക്കുന്നതിലും കൂടുതൽ തൂക്കമുള്ള സാധനങ്ങൾ ഒക്കെ ഇറക്കി വച്ചു പൊട്ടിക്കുന്നത് പകലാണ്. രാത്രിപ്പൂരത്തിന്റെ കലാശമെന്നത് അത്രമേൽ ഭീകരമായ മറ്റൊരവസ്ഥയാണ്. വെടിക്കെട്ടിന്റെ കലാശം അടുത്ത് നിന്ന് കണ്ടാൽ ‌വായു തള്ളി പിന്നോട്ടായുന്നതും, മുഖത്ത് ചൂടു പതിയുന്നതും, കലാശത്തിന്റെ കൂട്ടപ്പൊരിച്ചിലിന്റെയൊടുക്കം ഹൃദയം ഏതാണ്ട് നാലഞ്ചു സെക്കന്റ് അടിക്കാതെയാകുന്നതും ഒരനുഭവമാണ്, അത്തരം ഭീതിദാനന്ദത്തിന്റെ പരിസരം നേരിലനുഭവിക്കാനാണ്‌ ഒരു വലിയ കാണിക്കൂട്ടം മുന്നിൽ വന്നു നിന്ന് വെടിക്കെട്ടു കാണുന്നത്.

വെടിക്കെട്ടിനെ പ്രാമാണീകരിക്കാൻ വേണ്ടിയല്ല ഇത്രയുമെഴുതിയത്. എങ്ങനെയാണിത് ആസ്വദിക്കാൻ കഴിയുന്നത്? എത്രമാത്രം ഭീകരമാണിത്? ആളെക്കൊല്ലികളായി സ്വയം ചെന്നു നിൽക്കുകയല്ലേ എല്ലാരും? സർവ്വനാശവും ചാവും കാണാനായി പോകുന്ന കുറ്റവാളി മനസ്സുകാരല്ലേ ഇവരെല്ലാം? പോയിച്ചെന്നു കണ്ട് ചത്തെങ്കിലത്രയും നന്നായല്ലേയുള്ളൂ? എന്നിങ്ങനെയുള്ള ചില ചോദ്യങ്ങളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ പലയിടത്തും കണ്ടതിനാൽ, അത്തരം ആനന്ദത്തിന്റെ സാഹചര്യവും പരിസരവുമെന്തെന്ന് വിശദീകരിക്കാൻ മാത്രമാണ് ശ്രമം. ദശാബ്ദങ്ങളോളം, തലമുറകളോളം സംസ്ക്കാരത്തിന്റേയും ആഘോഷത്തിന്റെയും തദ്ദേശീയ തിമിർപ്പുകളായി ഉരുവപ്പെട്ടുവന്ന ഇവയെല്ലാം കർശനമായ നിയന്ത്രണത്തിലൂടെ കൂടുതൽ സുരക്ഷിതമാക്കുകയോ, സാധ്യമെങ്കിൽ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണമെന്നാണ് ഈ കാണിക്കൂട്ടത്തിന്റെ കൂടി ഭാഗമായിട്ടുള്ള ഒരാളെന്ന നിലയിൽ എന്റെ വ്യക്തിപരമായ അഭിപ്രായം.

- ദേവദാസ് വി.എം

Monday, February 8, 2016

സോഷ്യൽ മീഡിയാക്കാലത്തെ കഥയെഴുത്ത്


കുട്ടിക്കാലത്ത് ചിത്രകഥകൾ വായിക്കുമ്പോൾ വരകൾക്കിടയിൽ  അക്ഷരങ്ങളെ വേർത്തിരിച്ചു നിർത്തുന്ന കളങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു. സംഭവ വിവരണങ്ങൾക്കായി ദീർഘചതുരം, സംഭാഷണങ്ങൾക്ക് വേണ്ടി കഥാപാത്രത്തിന് നേരെ കൂർത്ത കുനിപ്പോടെയുള്ള ദീർഘവൃത്തം എന്നിവയായിരുന്നു അതിൽ പ്രധാനമായി കാണാറുണ്ടായിരുന്നത്. എന്നാൽ ഇതു രണ്ടുമല്ലാതെ മറ്റൊന്നു കൂടിയുണ്ടാകും. പ്രത്യേക ആകൃതിയില്ലാതെ മേഘസമാനമായ കളത്തിൽ നിന്ന്  ‌ചെറുകുമിളകൾ നിര നീളുന്ന ഒന്ന്. അത് കഥാപാത്രങ്ങളുടെ ചിന്തകളുടെ പ്രതിഫലനമായിരുന്നു. അദൃശ്യനായ ആഖ്യാതാവിനും, സംസാരിക്കുന്ന കഥാപാത്രങ്ങൾക്കുമപ്പുറത്ത് ‌ചിന്തകളെ, ആലോചനകളെ, വിചാരങ്ങളെ രേഖപ്പെടുത്താനുള്ള ചിത്രകാരന്റെ കൗശലമായിരുന്നു ആ മേഘക്കീറും കുമിളകളും. ചിത്രകഥ തീരുന്നതോടെ പുസ്തകമടച്ചു വച്ച ശേഷം ആരൊക്കെയെന്തൊക്കെയാണിപ്പോൾ ചിന്തിക്കുന്നത് എന്നോർത്ത് ചുറ്റിലും കണ്ണോടിക്കുമായിരുന്നു. പിന്നീട്, സ്കിസോഫ്രീനിയയുടെ സൂചനകളോളം കാഴ്ചകൾ ഉന്മാദം പ്രാപിക്കുന്ന അവസ്ഥയിൽ ചുറ്റിലുമുള്ളവർ ഇപ്പോൾ ഇങ്ങനെയൊക്കെയായിരിക്കുമോ ചിന്തിക്കുകയെന്ന് ഓർക്കുന്ന നിമിഷത്തിൽ, ദൈവങ്ങളുടെ ചിത്രങ്ങളിലെ പ്രകാശ വലയങ്ങളെപ്പോലെ, ആളുകളുടെ തലയ്ക്ക് മുകളിലായി ആ മേഘക്കീറും ചെറുകുമിളകളും പ്രത്യക്ഷപ്പെടാറുണ്ട്. ഒന്നോർത്തു നോക്കൂ, നിങ്ങൾ തിരക്കേറിയ ഒരു കച്ചവടത്തെരുവിലൂടെ നടക്കുകയാണ്. ചുറ്റിലുമുള്ളവരുടെ തലയ്ക്ക് മുകളിൽ ചിന്താവലയങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഭോജനശാലകൾ തേടുന്നവർ രുചിയാർന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നു. വസ്ത്രം വാങ്ങാൻ പോകുന്നവർ തടികൂടുന്ന ശരീരത്തെയും നഷ്ടമാകുന്ന ഉടലഴകിനെയും കുറിച്ചോർത്ത് അസ്വസ്ഥരാകുന്നു. കമിതാവിന് സമ്മാനം വാങ്ങാനിറങ്ങിയവർ ഉള്ളാലെ പ്രണയലേഖനമെഴുതുന്നു. ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടാതെ കുഞ്ഞുങ്ങൾ മനസ്സു നൊന്ത് പരിഭവിക്കുന്നു. കറിയ്ക്കരിയാനും  ആളെക്കൊല്ലാനും കത്തി വാങ്ങാനിറങ്ങിയവർ വെവ്വേറെ രീതിയിൽ ആലോചനകളിലേർപ്പെടുന്നു. മരുന്നു വാങ്ങാനിറങ്ങിയവർ ‌രോഗത്തെക്കുറിച്ച് ആകുലരാകുന്നു. അങ്ങനെയങ്ങനെ... ഒരു ജാഥയുടെ ഭാഗമായി മുദ്രാവാക്യമെഴുതിയ പലക ഉയർത്തിപ്പിടിച്ചിരിക്കുന്നത് പോലെ ആളുകൾ  അവരവരുടെ ആലോചനകളുടെ ആലേഖനങ്ങളുമായി ഒരു ഘോഷയാത്രയിലെന്നോണം നീങ്ങുന്നത് സങ്കൽപ്പിക്കാനാകുമോ? കാലങ്ങൾക്കു ശേഷം സോഷ്യൽ മീഡിയ പരിപക്വമായതോടെ ഉന്മാദാവസ്ഥയിൽ മാത്രം അനുഭവ സാധ്യമായ ചിന്താവലയങ്ങളെ ‌യാഥാർത്ഥ്യരൂപത്തിൽ അക്ഷര രൂപത്തിൽ കാണാനായി. അവനവൻ ചിന്തകളുടെ ആലേഖനങ്ങൾ താന്താങ്ങളുടെ ഇടത്തിൽ അക്ഷരങ്ങളായി പതിയുകയുണ്ടായി. അത് വായിക്കുന്ന ചിലരത് തങ്ങളുടെ ഇടത്തിലേയ്ക്ക് പങ്കു വച്ചു. മറ്റു ചിലർ മറുചിന്തകളാൽ പ്രതികരണം നടത്തി. സങ്കൽപ്പങ്ങളായി സംഭാഷണങ്ങളായി സംവാദങ്ങളായി അവ രൂപാന്തരപ്പെട്ടു.

എന്തിന് വേണ്ടി എഴുതുന്നു എന്ന ചോദ്യം ഏതൊരെഴുത്തുകാരനും ഒരിക്കലെങ്കിലും സ്വയമോ, അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നോ ‌നേരിടേണ്ടി വരുന്ന ഒന്നാണ്. അതിനെ സംബോധന ചെയ്യാതെ എഴുത്ത് സ്വാഭാവികമായി മുന്നോട്ട് പോവുകയില്ല താനും. എന്നെ സംബന്ധിച്ചിടത്തോളം ‌സകലതിൽ നിന്നും സകലരിൽ നിന്നും ഒഴിഞ്ഞു മാറി ഒരാൾ എഴുതുന്നത് അയാൾക്കു വേണ്ടി മാത്രമാണ്. എന്നാൽ തിരുത്തുകളും മിനുക്കുകളും നടത്തിയ ശേഷം അവനവൻ എന്ന ആദ്യവായനക്കാരന് തൃപ്തിയായാൽ എഴുത്തിനെ പ്രസിദ്ധീകരണത്തിന് വിട്ടുകൊടുക്കുന്നത് ‌തീർച്ചയായും വായനക്കാരന് വേണ്ടിയും. ഒരു കഥയുടെ ബീജാവാപം തീർത്തും ആകസ്മികമായും വളരെ സ്വാഭാവികമായും നടക്കുന്നത് ‌പലതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടായിരിക്കാം. ഒരു തോന്നൽ,  അല്ലെങ്കിൽ ഒരു സംഭാഷണം, അതല്ലെങ്കിൽ ഒരനുഭവം, ചിലപ്പോൾ വായനയിലുടക്കുന്ന ചില വരികൾ, മറ്റു ചിലപ്പോൾ ഒരു ദൃശ്യം, അതുമല്ലെങ്കിൽ ഒരു സ്വപ്നം... സോഷ്യൽ മീഡിയാക്കാലത്തെ ഒരു ഗുണമെന്നത് അത്തരം അസംസ്‌കൃതപദാര്‍ത്ഥ രൂപത്തിലുള്ളവയെ എല്ലാം കഥയാക്കി മാറ്റേണ്ടതില്ല എന്നതാണ്. കനപ്പെട്ടൊരു തോന്നൽ, വിക്ഷുബ്ദമായൊരു ഭാവം, ഉറച്ചൊരു പ്രഖ്യാപനം, രൂക്ഷമായ പരിഹാസം, തീവ്രമായ പ്രതിഷേധം,  ശക്തമായ രാഷ്ട്രീയ നിലപാട് എന്നിവ രേഖപ്പെടുത്താൻ ഫിക്ഷൻ എന്ന സങ്കേതത്തെ മാത്രം  എഴുത്തുകാരനോ എഴുത്തുകാരിയ്ക്കോ ആശ്രയിക്കേണ്ടി വരുന്നില്ല. അവയെ സോഷ്യൽ മീഡിയ തരുന്നയിടങ്ങളിൽ സ്റ്റാറ്റസുകളോ, മെസേജുകളോ, കുറിപ്പുകളോ  ഒക്കെയായി യഥാതഥമായി  തന്നെ രേഖപ്പെടുത്താവുന്നതാണ്. 'എന്താണ് നിങ്ങളുടെ മനസ്സിൽ?' എന്ന് ഫേസ് ബുക്ക് ചോദിക്കുന്നു. 'എന്തെങ്കിലും എഴുതൂ' എന്ന് ‌ഗൂഗിൾ പ്ലസ് അഭ്യർത്ഥിക്കുന്നു. 'എന്താണ് സംഭവിക്കുന്നത്?' എന്ന് ട്വിറ്റർ ആരായുന്നു. 'ഒരു സന്ദേശം കുറിയ്ക്കൂ' എന്ന് വാട്ട്‌സാപ്പ് ‌ആവശ്യപ്പെടുന്നു. ഇവയിലൂടെ കടന്നു പോകുന്ന, ചിന്താശേഷിയും ഭാവനയും പ്രതികരണ മനോഭാവങ്ങളുമുള്ള ഒരാൾക്ക് എന്തെങ്കിലും എഴുതാതെ വയ്യെന്നാകുന്നു. സ്വാഭാവികമായും അയാൾ ആ നിമിഷത്തിലെ തന്റെ മനോനിലയെ സോഷ്യൽ മീഡിയയിലേയ്ക്ക് ‌പകർത്തി വയ്ക്കുന്നു. 

സൈബർ സ്പേസിലെ ജനപ്രിയ ഇടമായ ‌സോഷ്യൽ മീഡിയാ പരിസരം ഇന്ന് ആഖ്യാനത്തിന്റെ കൂടി ഇടമാണ്. കാലം, അവസ്ഥ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ഭാവനകളെയും അനുഭവങ്ങളെയും  അറിവുകളെയും എഴുതിയിടാൻ അവ അവസരമൊരുക്കുന്നു. കഥാമുഹൂർത്തങ്ങളോ, പാത്രനിർമ്മിതികളോ ഇല്ലാതെ തന്നെ ഒരു ആശയസ്ഫുരണം മറ്റുള്ളവരിലേയ്ക്ക് സന്നിവേശിപ്പിക്കാൻ തക്ക പ്രാപ്തിയുള്ളതായി അവിടം മാറുന്നു. ഇതുകൊണ്ട് സമകാലത്തെ കഥയെഴുത്തിന് ഒരു വിധത്തിലുള്ള ഹാനിയും സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, സൂക്ഷ്മമായ അരിപ്പകളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും കടന്നു പോകേണ്ടുന്നതിനാൽ അവ കൂടുതൽ മെച്ചപ്പെട്ടൊരു നില കൈവരിയ്ക്കാൻ പ്രാപ്തമാകുന്നു. ഒരു സോഷ്യൽ മീഡിയാ കുറിപ്പിലോ, പ്രതികരണത്തിലോ ഒതുങ്ങേണ്ടവയെ (അവ നിസ്സാരമാണെന്നല്ല വിവക്ഷ) അതാതിടങ്ങളിൽ രേഖപ്പെടുത്തുകയും, അവയ്ക്കുമപ്പുറം സന്ദർഭങ്ങളും സാരസ്യങ്ങളും ദർശനങ്ങളും പാത്രനിർമ്മിതിയും ആവിഷ്ക്കരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ മാത്രം കഥയെഴുത്തിന്റെ സങ്കേതം  സ്വീകരിക്കേണ്ടി വരുന്ന വിചാരനില എഴുത്തുകാരന് സ്വയം കൈവരിക്കാനാകുന്നു. അതുകൊണ്ട് തന്നെ സമകാലത്തെ സംഭവങ്ങളിലും വിഷയങ്ങളിലും തന്റെ ചിന്തകളാൽ ഇടപെടാനുള്ള അവസരവും, അതേ സമയം ഭാവനാപരമായ വ്യവഹാരത്തിൽ സ്വയം മുഴുകി സൃഷ്ടി നടത്താനും സാധ്യതയൊരുങ്ങുന്നു.

🌑

Saturday, November 8, 2014

അനങ്ങൻ മലയിലെ പാറമടയും പരിസ്ഥിതി പ്രശ്നങ്ങളും.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്താണ് അനങ്ങൻ മല സ്ഥിതി ചെയ്യുന്നത്. ‌പലപ്പോഴും ആ വഴി കടന്നു പോകുമ്പോൾ ഒരുവശത്ത് പച്ചപ്പും മറ്റൊരു വശത്ത് നിരനീളുന്ന പാറക്കെട്ടുകളുമുള്ള ഈ മലയൊരു കൗതുകമായിരുന്നു. മൃതസഞ്ജീവിനി തേടിയിറങ്ങിയ ഹനുമാന്റെ കായിക ബലത്തിന് മുന്നിൽ പോലും അനങ്ങാതെ കിടന്നതിനാലാണ് അനങ്ങൻ മലയെന്ന് പേരു വീണതെന്നാണ് ഐതീഹ്യം.
അനങ്ങൻ മലയുടെ ഒരു വശം
അനങ്ങനടി എന്നറിയപ്പെടുന്ന മറുവശം
 നേരിയ സാഹസം നിറഞ്ഞ കൗതുകത്തിന്റെ പുറത്ത് എക്കോ‌ടൂറിസം അനുവദിക്കുന്ന പ്രകാരം ഒന്നു രണ്ട് തവണ ഇതിന് മുകളിൽ കയറുകയും, പച്ചപ്പ് ‌നിറഞ്ഞു നിൽ‌ക്കുന്നത് കാണാനായി മാത്രം മുമ്പ് പലതവണ ‌താഴ്‌പ്രദേശത്തെ പാടശേഖരങ്ങളിൽ ചെന്ന് നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത് വരെ കാണാത്ത ഒരു വശം കൂടെ ഈ മലയ്ക്കുണ്ടെന്നും അവിടെ മല തുരപ്പന്മാർ വലിയ രീതിയിൽ മടയിടിക്കുകയും, വ്യവസായം നടത്തുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞത് താഴെ കാണുന്ന പ്രതികരണ ഫലകം കണ്ണിൽ പെടുമ്പോൾ മാത്രമാണ്. 

  
നാട്ടുകാരുടെ പ്രതിഷേധ ഫലകം.
അങ്ങനെയാണ് അനങ്ങൻ മലയിലെ പാറമടയെക്കുറിച്ചും, അനുബന്ധ വ്യവസായത്തെക്കുറിച്ചും, നാട്ടുകാരുടെ പ്രതിഷേധത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കുന്നത്. പ്രതിഷേധം സംഘടിപ്പിക്കുന്ന നാട്ടുകാരോടും, RTI ഫയൽ ചെയ്ത വ്യക്തികളോടുമെല്ലാം വൈരാഗ്യം പുലർത്തുന്ന സമീപനമാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നും, പാറപൊട്ടിക്കുന്നതിന് സമീപമുള്ള വീടുകൾ വിള്ളുന്നതോ ‌താമസക്കാർക്ക് അസുഖങ്ങൾ തുടർച്ചയാകുന്നതോ ഒന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടാണ് ‌പഞ്ചായത്തിന് എന്നുമാണ് അറിയാൻ കഴിഞ്ഞത്. ആരായുന്നതിനെല്ലാം കൂടി "എല്ലാം നിയമ വിധേയമാണ്" എന്നൊരു മറുപടി മാത്രമാണത്രേ ലഭിക്കുന്നത്. എന്നാൽ അനധികൃതമായും അളവിൽ കൂടുതലും പാറപൊട്ടിക്കൽ നടക്കുന്നുണ്ട് എന്നായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം. പ്രതിഷേധക്കമ്മറ്റിയിലൊരാളുടെ അനുജൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തിരിച്ചടയ്ക്കേണ്ടാത്ത ഭവനനിർമ്മാണ സഹായത്തിന് അപേക്ഷിച്ചിരുന്നുവെന്നും, അതേകദേശം ശരിയായിരുന്നുവെന്നും, ശേഷം അത് വൈകിയപ്പോൾ പാറമട വിഷയത്തിൽ ജേഷ്ഠന്റെ ഇടപെടലുകളെ തടഞ്ഞാൽ മാത്രം ധനസഹായം അനുവദിക്കാമെന്ന് താക്കീതു ലഭിച്ചുവെന്നും പ്രതിഷേധക്കാരിൽ ചിലർ വെളിപ്പെടുത്തുന്നു. അധികൃതരുടെ ശ്രദ്ധ ക്ഷണിയ്ക്കാൻ പല രീതിയിലുള്ള സമര മാർഗങ്ങൾ സ്വീകരിച്ചിട്ടും ഫലമൊന്നുമില്ലെന്ന നിരാശയിലായിരുന്നു ചിലർ. ‌മനുഷ്യാവകാശക്കമ്മീഷനിലാണ് മറ്റു ചിലരുടെ അന്തിമ പ്രതീക്ഷ.

 RTI  പ്രകാരം ചോദിച്ച സുപ്രധാന ചോദ്യത്തിൽ നിന്ന് പഞ്ചായത്ത്‌ അധികൃതർ ഒഴിവ്‌ പറഞ്ഞ്‌ കൈകഴുകിയിരിക്കുന്നു എന്നും അവർ അഭിപ്രായപ്പെട്ടു. പഞ്ചായത്തിൽ ‌പ്രസ്തുത രേഖകളില്ല, ‌മറ്റ് ‌വകുപ്പുകളുടെ(ജിയോളജി, പൊലൂഷൻ) സമ്മതമാണ് പ്രധാനം എന്ന മട്ടിലുള്ള മറുപടികളാണത്രേ ലഭിച്ചത്. മലയിടിച്ചിലിനെ തുടർന്ന് ‌മൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. അനങ്ങൻ മലവാസികളായ കുരങ്ങുകളിപ്പോൾ ‌ജനവാസയിടങ്ങളിലേയ്ക്കിറങ്ങി ശല്ല്യമായി മാറിയിരിക്കുകയാണ്. കാട്ടുനായ്ക്കളും വിഷപ്പാമ്പുകളും മലയിറങ്ങി തുടങ്ങിയിരിക്കുന്നു. മണ്ണിടിച്ചിലും വെള്ളംകയറലുമെല്ലാം പലയിടത്തും ‌വിനാശമുണ്ടാക്കുന്നു. ഇതൊക്കെയാണ് പ്രതിഷേധ സമരക്കാരുടെ പരാതികൾ.
 വിവരാവകാശ പ്രകാരമുള്ള മറുപടിൽ നിന്ന് ‌പകർത്തിയ ചിലത്. 
മൊബൈൽ ക്യാമറയായിരുന്നതിനാൽ ചിത്രങ്ങൾ വ്യക്തമല്ല.
 രേഖകൾ എന്തു വേണമെങ്കിലും പറയട്ടെ, അവിടെ നടക്കുന്നതെന്താണെന്നറിയാൻ താൽപ്പര്യമുണർന്നു. അങ്ങനെയാണ് അതുവരെ കാണാത്ത മലയിടുക്കിലേയ്ക്ക് ‌ചെന്നെത്തിയത്. അവിടെ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു എന്ന് തന്നെ വേണം പറയാൻ.
അഞ്ചാൾ പൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ചല്ലിക്കുന്നുകൾ
നിരവധി യന്ത്രങ്ങളുടെ സഹായത്താലുള്ള പാറമടയിടിക്കൽ
പ്രകൃതിസുന്ദരമായ അനങ്ങൻ മലനിരകളുടെ മറുവശക്കാഴ്ച
യന്ത്രങ്ങളും വാഹങ്ങളും കടന്നു വരുന്നതിനായി ഒരുക്കിയിരിക്കുന്ന പാത.
അനങ്ങൻ മലയിലെ പാറമടയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും,  അതോടൊപ്പം ഈ വിഷയത്തിൽ  ബന്ധപ്പെട്ട ‌വകുപ്പുകളും, അധികൃതരും അടിയന്തിരമായ ശ്രദ്ധ ചെലുത്തട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. 

- ദേവദാസ് വി.എം



Monday, September 22, 2014

സ്വയം തീറ്റയാകുന്ന മണ്ടൻ പുലിയുടെ കഥ

പരുന്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താനായി പ്രാവിന്റെ തൂക്കത്തോളം മാസം സ്വന്തം തുടയിൽ നിന്ന് അറുത്ത് നൽകിയ ശിബി ചക്രവർത്തിയുടെ സോദ്ദേശ ഗുണപാഠ കഥ കേൾക്കുന്നതിനൊക്കെ വളരെ മുമ്പ് ഞാൻ കേട്ട മറ്റൊരു കഥ സ്വന്തം ഇറച്ചി തിന്നുന്നൊരുങ്ങിയ മണ്ടച്ചാരായൊരു പുലിയുടേതായിരുന്നു.  ഒരു പക്ഷെ എനിക്കോർത്തെടുക്കാൻ പറ്റുന്ന, ഞാനാദ്യം കേട്ട കഥ അതായിരിക്കണം. ആ കഥ പറയുന്നത് മറ്റാരുമല്ല, എന്റെ അച്ഛാച്ചനായിരുന്നു. മെലിഞ്ഞു നീണ്ട ശരീരവും, കാൽ മുട്ടോളമെത്തുന്ന കൈകളും, പ്രായമായിട്ടും ഉപേക്ഷിക്കാത്ത പുകവലിയുടെ ആയാസത്താലുള്ള കിതപ്പും, കഫം കുറുകുന്ന ശബ്ദവുമായിരുന്നു ആ കഥയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ. കഥ പറയുന്നതിനനുസരിച്ച് ശബ്ദം പല ആവൃത്തികളിൽ കയറിമറിയും, കൈകൾ വിടർന്നു കാഴ്ചയുടെ ക്യാൻവാസൊരുക്കും. ആംഗ്യചലനവിക്ഷേപങ്ങളോടെ കഥ പറയുന്നവർക്ക് നീളമുള്ള കൈകൾ അനുഗ്രഹമാണ്. ശരീരഭാഷയിൽ അത് വിവരണത്തിനുള്ള സാധ്യത പതിന്മടങ്ങാക്കുന്നു. അത്ഭുതം കൂറുന്നൊരു ശബ്ദത്തോടെ അവർ ഇരു കൈകളും നീട്ടി വിടർത്തുമ്പോൾ കാഴ്ച പൊടുന്നനെ പതിനാറിൽ നിന്ന് എഴുപത് എം.എം തിരശ്ശീലയിലേയ്ക്ക് ദൃഷ്ടികേന്ദ്രമുറപ്പിക്കുന്നു.  ആ തിരശ്ശീലയിൽ  കഥ പറച്ചിലുകാരനായ എന്റെ അച്ഛാച്ചൻ ഒരു കാടിന്റെ ദൃശ്യമൊരുക്കുന്നു. അവിടെ സുത്രശാലിയായൊരു കുറുക്കനും മണ്ടച്ചാരാമൊരു പുലിയും പാർക്കുന്നു. കോഴിയെ മോഷ്ടിക്കാൻ വേണ്ടി കാടിറങ്ങി നാട്ടിലെത്തുന്ന ഒരു കുറുക്കനെ കാണുന്നില്ലേ? രാത്രിയിൽ ആ കുറുക്കൻ പാത്തു പതുങ്ങിച്ചെന്നെത്തുന്ന വീട്ടിലെ കാലിയായ കൂട്ടിലെ കോഴികളെല്ലാം വിരുന്നുകാർക്കുള്ള വിഭവമായി അടുക്കളയിലെ കറിച്ചട്ടിയിലിരിക്കുന്നതിന്റെ മണമടിക്കുന്നില്ലേ? ഗത്യന്തരമില്ലാതെ കുറുക്കൻ കോഴിക്കറിയുള്ള ചട്ടിയുമെടുത്ത് കാട്ടിലേയ്ക്ക് മണ്ടുന്ന കാഴ്ചയിൽ ചിരി പൊട്ടുന്നില്ലേ? പറച്ചിലിനനുസൃതമായി വിടർന്നു വിന്യസിക്കുന്ന കൈകകളെ ഇടയ്ക്കെല്ലാം മടക്കി വിളിച്ച് മുഴുവനും നരച്ച മുടിയിൽ വിരൽ കോതിക്കൊണ്ടും, ഇടമുറിയാതെ വിവരണം നടത്തുന്നതിന്റെ ആയാസത്താൽ കിതച്ചും, ഇടയ്ക്ക് ചുമച്ചും, ഇടവേളകളില്ലാതെ കഥയങ്ങനെ തുടരുകയാണ്. ആരുടേയും കണ്ണിൽ പെടാതെ തഞ്ചത്തിലൊരു പാറപ്പുറത്തിരുന്ന് ചട്ടിയിൽ നിന്ന് ഇറച്ചി തിന്നവേ, തന്റെയരികിലെത്തുന്നൊരു മണ്ടൻ പുലി തീറ്റയുടേ പാതി ചോദിച്ചപ്പോൾ “അയ്യോ! ഇത് തരാൻ നിവൃത്തിയില്ലല്ലോ. വിശന്നു വലഞ്ഞ് ഗത്യന്ത്യരമില്ലാതെ ഞാൻ എന്റെ ചന്തി നുള്ളി തിന്നുകയാണ്. വേണമെങ്കിൽ ഒരു കഷ്ണം മാത്രം തരാം” എന്ന് സൂത്രശാലിയായ കുറുക്കൻ പറയുന്നിടത്ത് കഥ പറച്ചിലുകാരൻ ഇരിക്കുന്നത് കറിച്ചട്ടിയുടെ പുറത്താണോയെന്ന് സംശയം തോന്നാം. കുറുക്കന്റെ ഉപദേശം കേട്ടതു പ്രകാരം  മുളകും മസാലയുമരച്ച് ചന്തിയിൽ പുരട്ടി നട്ടുച്ച വെയിലത്ത് പൊള്ളുന്ന പാറപ്പുറത്തിരുന്ന്  വേവുന്ന, സ്വന്തം ശരീരത്തിലെ മാസം നുള്ളിത്തിന്നുന്ന, ആ കൊതിയനും മണ്ടനുമായ പുലിയുടെ കഥ തീരുന്നത് ഒരുവിധ ഗുണപാഠങ്ങളുമില്ലാതെയായിരുന്നു. എത്ര ആവർത്തിച്ചാലും ആ കഥയുടെ അവസാനം “പുലിയച്ചൻ ഇങ്ങനെയിങ്ങനെ നുള്ളിത്തിന്നു...” എന്നൊരു വാചകവും, അധികച്ചേർപ്പായൊരു ചുമലു കുലുക്കിച്ചിരിയുമല്ലാതെ മറ്റൊന്നും ബാക്കിയാകില്ല.  അത്രയ്ക്ക് കണിശം!


ഡാനിയേൽ വല്ലേസിന്റെ നോവൽ ആധാരമാക്കി ടിം ബർട്ടൻ  ഒരുക്കിയ "ബിഗ് ഫിഷ്" എന്ന സിനിമ കാണാനൊത്തത് അതിറങ്ങി മൂന്ന് വർഷങ്ങൾക്കു ശേഷമാണ്. അപ്പോഴേയ്ക്കും എന്റെ  അച്ഛാച്ചൻ മരിച്ച് ആദ്യത്തെ ആണ്ട് കഴിഞ്ഞിരുന്നു.  സ്വന്തം ജീവിതാനുഭവങ്ങളെ അവിശ്വസനീയമായ രീതിയിൽ കെട്ടുകഥയുടെ മട്ടിൽ അവതരിപ്പിക്കുന്ന അച്ഛനോട് വിദ്വേഷം കൊണ്ട് നടക്കുന്ന ഒരു മകന്റെ തിരിഞ്ഞു നടത്തവും, പതിയെയുള്ള പൊരുത്തപ്പെടലുകളുമായിരുന്നു ബിഗ് ഫിഷിന്റെ ഇതിവൃത്തം.  അച്ഛൻ പറയുന്ന ജീവിത കഥയിൽ അസത്യത്തോളം കൗതുകങ്ങളായ അകസ്മിതകൾ നിറയുന്നു. മോതിരം ചൂണ്ടക്കുരുക്കാക്കി ഒരു വമ്പൻ മീനിനെ പിടിക്കുന്നത്, മന്ത്രവാദിനിയിൽ നിന്ന് ഭാവി അറിയുന്നത്, അമിതമായ ശരീര വളർച്ച നിമിത്തം നാടു വിടുന്നത്, പന്ത്രട് അടി ഉയരമുള്ള  രാക്ഷസ മനുഷ്യനുമായി ചങ്ങാത്തം കൂടുന്നത്, ചെന്നായ് മനുഷ്യനെ കാണുന്നത്,  സൈനികനായി പാരച്ചൂട്ടിൽ ശത്രുക്കളുടെ ഇടയിലിറങ്ങുന്നത്, കൊറിയൻ യുദ്ധകാലത്ത് സമയത്ത് സയാമീസ് ഇരട്ടകളെ പരിചയപ്പെടുന്നത്,  കൂട്ടാളിയുമായി ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയൊരുക്കുന്നത്, തീവ്രമായ പ്രണയത്തിലകപ്പെടുന്നത്… എല്ലാമെല്ലാം അയാൾ മകനോട് പറയുന്നത് കെട്ടുകഥയുടെ മട്ടിലായിരുന്നു. സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന മകൻ ഭാവനാ സമ്പന്നനായ അച്ഛനുമായി അകൽച്ചയിലാകുന്നു. ആ സിനിമ കാണുന്നേരം എന്നെ അലട്ടിയിരുന്ന പ്രശ്നം മകന്റെ പിണക്കത്തിന്  ശരിയായ കാരണമെന്തെന്നതായിരുന്നു. സ്വന്തം ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായവയെ കെട്ടുകഥയുടെ നിറത്തിളക്കത്തോടെ, അതിനിണങ്ങുന്ന ശരീര ഭാഷയോടെ  വിവരിച്ചു തന്നിരുന്ന അച്ഛാച്ചനെ ഞാൻ വെറുക്കുന്നില്ലല്ലോ എന്നതായിരുന്നു പ്രധാന പ്രശ്നഹേതു.
(c) http://thekingofisabelleavenue.wordpress.com

ചില സ്കൂൾ അവധി ദിവസങ്ങളിൽ  അടുക്കളയിലെ സ്ഥിരം പങ്കുപേക്ഷിച്ച്  കാലത്തു ഞങ്ങൾ ചെന്നെത്താറുള്ള ചായക്കടയുടെ നടത്തിപ്പുകാരൻ നരച്ച കൊമ്പൻ മീശയുള്ള രാഘവനായിരുന്നു. ആവി പറക്കുന്ന പുട്ടിന് മുകളിൽ ഞാൻ ചൂടു ചായ  ഒഴിച്ചു കുതിർത്ത്  ആറാൻ വയ്ക്കുന്ന നേരത്ത്  എനിക്കു മാത്രം കേൽക്കാവുന്ന വിധം പതിഞ്ഞ ഒച്ചയിൽ പതിവായി പറയുന്നതാകട്ടെ, തന്റെ തരാതര പ്രായക്കാരനും  ചെറുപ്പകാലത്തൊരു റൗഡിയുമായ രാഘവനെ ഇടംകൈയ്യനായ അച്ഛാച്ചൻ ഒറ്റയടിയ്ക്ക് നിലം പരിശാക്കിയതിന്റെ വിവരണമായിരുന്നു. അതോടെ മര്യാദക്കാരനായി നാട്ടിൽ ഒതുങ്ങിക്കൂടിയ രാഘവനാണ് ഇപ്പോൾ ഒരു മൂലയിൽ നിന്ന് ചായയടിക്കുന്നത്, ഗ്ലാസ്സ് കഴുകുന്നത്, അടുപ്പൂതുന്നത്. തന്നെ തല്ലി വീഴ്ത്തിയ ഒരാൾക്ക് കുടിക്കാനായി ചായ കൂട്ടുന്ന രാഘവന്റെ ചെയ്തികളുടെ അസംബന്ധതയെക്കുറിച്ച് ആറു വയസ്സുകാരൻ ആകുലപ്പെടുന്ന നേരമൊക്കെ മതിയായിരുന്നു ആവിയാറിയ പുട്ടിന് വയറ്റിലെത്താൻ.  ചായക്കടയിൽ നിന്ന് ഇറങ്ങിയുള്ള നടത്തം ചിലപ്പോൾ  ചെന്നെത്തറുള്ളത് ഈഞ്ചലോടി പാടത്ത് പകിടകളി നടക്കുന്നിടത്തായിരിക്കും. ഇടത് കൈപ്പത്തിയ്ക്കുള്ളിൽ പകിടയൊതുക്കി, അത് വലം ചുമലിൽ മുട്ടിച്ച ശേഷം ആഞ്ഞെറിയുന്നതിനിടയിൽ എന്നെയൊരു നോട്ടം നോക്കും. അതൊരു സൂചകമാണ്. "ഓങ്ങിയൊരു അടിയ്ക്ക് രാഘകൻ പകിട തിരിയുന്നത് പോലെ കറങ്ങി നിലത്തുരുണ്ട് വീണു"  എന്ന് ചായക്കടയിൽ വച്ചു നടത്തിയ വിവരണത്തിന്റെ ആലങ്കാരിക ദൃശ്യമാണ് ഇപ്പോൾ മുന്നിൽ കാണുന്നത്.  പകിടകൾ രാഘവനെപ്പോലെ തല കറങ്ങി താഴെ വീണ് അക്കം വെളിപ്പെടുത്തും, അടുത്ത കരുനീക്കത്തിന് ആക്കം കൂട്ടും.  അച്ഛാച്ചന്റെ ജീവിതകഥാ വിവരണങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. എന്തോ നിസ്സാര കുറ്റം ചെയ്തതിന്  കൈവെള്ള പൊട്ടി ചോര ചീറ്റുന്നതു വരെ നിർത്താതെ തല്ലിയ അദ്ധ്യാപികയുടെ തലയ്ക്കെറിഞ്ഞ് പ്രതികാരം തീർത്തതോടെ നാലാം തരത്തിൽ വച്ച് മുടങ്ങിയ പഠനം,   പന്തയം വച്ച് പുളിമരത്തിന്റെ  തുഞ്ചത്തെ കൊമ്പ് തൊടാനായി ഉയർന്നു പൊങ്ങിയ ഊഞ്ഞാലിൽ നിന്ന് താഴേയ്ക് നെഞ്ചു തല്ലി വീണത്, അന്നു മുതൽ വിടാതെ പിന്തുടരുന്ന വായുമുട്ടിന്റെ വലച്ചിൽ, നാടുവിട്ട് മദിരാശിയിലുള്ള  ബന്ധുവിന്റെ അടുത്തേയ്ക്കുള്ള ഒളിച്ചോട്ടം,  പണം കുറവുള്ള പണി മടുത്തപ്പോൾ അവിടെ നിന്ന് ബോംബേയിലേയ്ക്കുള്ള പലായനം, ചെരുപ്പില്ലാതെ നടന്നപ്പോൾ പോക്കറ്റടിക്കാരനെന്ന് സംശയിച്ച് മറാത്താ പോലീസ് പിടിച്ചു ചോദ്യം ചെയ്തത്, അമ്മ മരിച്ചത് ഉത്രാടം ദിവസമായതിനാൽ താനിന്നും ആഘോഷ ദിവസമായിരുന്നിട്ടും രാത്രി ഭക്ഷണമുപേക്ഷിക്കുന്നത്, വാവയെന്ന് വിളിപ്പേരുള്ള അസുഖക്കുട്ടിയായിരുന്ന മകൾ നാല് വയസ്സ് തികയുന്നതിന് മുന്നെ മരണമടങ്ങപ്പോൾ ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്ത് കഴുത്തിലണിഞ്ഞിരുന്ന മാല പൊട്ടിച്ചു പുഴയിലെറിഞ്ഞ് കർമ്മം ചെയ്തത്, നാലോണത്തിന് തൃശ്ശൂർ റൗണ്ടിലിറങ്ങുന്ന പുലിക്കളിയിൽ തന്റെ സംഘത്തിലുള്ളവരുടെ ഒരുക്കാനായി വാഴത്തോപ്പിൽ കൂടുന്നേരത്ത് കളിക്കാരുടെ മുലക്കണ്ണ് പുലിക്കണ്ണാകുന്ന പൊക്കിൾ ചുഴി കോമ്പല്ലുകളുള്ള പുലിവായാകുന്ന വിധത്തിൽ ചിത്രം വരയ്ക്കുന്നത്, പാടത്തിനങ്ങേയറ്റം കാണുന്ന മലയുടെ തുഞ്ചത്തെ വെള്ളപ്പാറയും കടന്ന് കാടലയുന്ന മാക്കുണ്ണി  എന്ന നായാട്ടുകാരൻ ചങ്ങാതി കൊണ്ട് വരുന്ന വെടിയിറച്ചി ചവച്ചരയ്ക്കുന്നതിന്റെ വർണ്ണനയിൽ വായിൽ നിറയുന്ന തുപ്പലാലുള്ള കപ്പലോട്ടം... പത്തു പതിമൂന്ന് വയസ്സാകുന്നത് വരെ അങ്ങനെയുള്ള കഥക്കൂട്ടുകളും വിവരണങ്ങളും മതിയായിരുന്നു എനിക്ക് തൃപ്തിയടയാൻ. വിവരണം നടത്തുന്ന നേരത്ത് വായുവിൽ നടത്തുന്ന കരചലനങ്ങളാൽ പൊട്ടിയ മാലയോ, എറിയുന്ന കല്ലോ വീഴുന്നത്  എന്റെ മുഖത്തായിരുന്നു. മറാത്താ പോലീസ് കോളറിന് കുത്തിപ്പിടിക്കുന്നതെന്റെ ബട്ടൻസു പൊട്ടിയ ഷർട്ടിലായിരിക്കും. പകിട തിരിയുന്നതു പോലെ എനിക്കു തല കറങ്ങും. പുളിമരക്കൊമ്പിലെ ഊഞ്ഞാലിന്റെ കുട്ടിപ്പൊക്കത്തിൽ ഞാൻ തുഞ്ചം കുത്തിപ്പായും, എന്റെ വയറിന്മേൽ അദൃശ്യനായൊരു വരയൻ പുലിയുടെ മുഖം പതിയും. വേട്ടയിറച്ചി ചവച്ച് എന്റെ കവിൾ പേശികൾ തളരും. 

ഞാൻ കൗമാരത്തിലേയ്ക്ക് കടന്നതോടെ അച്ഛാച്ചന്റെ കഥകളും പരിണാമ വിധേയമായി.  പറച്ചിലിടങ്ങളിൽ കൂടുതൽ രാഷ്ട്രീയം നിറഞ്ഞു.   ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോൺഗ്രസ്സിന്റെ പിളർപ്പിൽ കൂടെയുള്ളവർ മറുകണ്ടം ചാടിയിട്ടും താൻ അടിയുറച്ച് നിന്നതിന്റെ  സ്ഥൈര്യ വിവരണം. അടിയന്തിരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട സംഘടനയിൽ പെട്ട ശങ്കുണ്ണിയെന്ന ചങ്ങാതിയെ തന്റെ അയൽപക്കക്കാരനായ പോലീസുകാരന്റെ  വീട്ടിൽ  പതിനാല് ദിവസത്തോളം ഒളിച്ചു പാർപ്പിക്കാൻ ഒത്താശ ചെയ്തത കാര്യം  വിവരിക്കുന്നേരത്ത്  ആ വീടിന്റെ മച്ചിൻ പുറത്ത് ഭയപ്പാടോടെ ശങ്കുണ്ണി കൂനിക്കൂടിയിരുന്നത് പോലെ അച്ഛാച്ചന്റെ ശരീരവും വളയുമായിരുന്നു.  വൈകുന്നേരമായാൽ വടക്കനച്ചൻ സൈക്കിളെടുത്തിറങ്ങവേ വഴിയരികിലും കനാലിന്റെ വക്കത്തുമെല്ലാം കൂട്ടംകൂടി ബഹളം വയ്ക്കുന്ന സത്യക്രിസ്ത്യാനികളെ പേടിപ്പിച്ചോടിയ്ക്കാനായി ക്യാരിയറിൽ കൊണ്ട് നടക്കാറുള്ള ചൂരൽ വടിയുടെ നീളവും വണ്ണവും വിവരിക്കാൻ തന്നെ നേരം കുറേയെടുക്കും. കൈപ്പിടിയിൽ ഇല്ലാത്തൊരു ചൂരൽ വായുവിൽ പുളഞ്ഞ് ശബ്ദമുണ്ടാക്കും.  അവിണിശേരിക്കാരനും അയൽവാസിയുമായ കൃഷ്ണനെഴുത്തച്ഛൻ നയിച്ച ജാഥയിൽ ബലനായിരിക്കേ പങ്കെടുത്തതിന്റെ ഓർമ്മയിൽ കണ്ണൂകൾ നനയും. കുറൂർ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയെ  ജവഹർലാൽ നെഹ്രുവിനെ കാണാൻ ചെന്ന കഥ ഓരോ തവണ ആവർത്തിക്കുമ്പോഴും "ഇത്രയടുത്ത്...ഇത്രയടുത്ത് വച്ചു കണ്ടു" എന്ന് ദൂരം കുറഞ്ഞു കുറഞ്ഞില്ലാതാകും. കൈ നീട്ടിയാൽ തൊടാമെന്ന് പ്രതിപദമപി തോന്നുമാറ് മന്ദം നടന്ന് നെഹ്രു നളചരിതത്തിലെ ഹംസത്തെപ്പോലെ തെന്നി മാറും. തേക്കിൻകാട്ടിലെ അന്നത്തെ പ്രസംഗം കാതിൽ മുഴങ്ങും. കണ്ണു ഡോക്ടറെ തേടി തൃശ്ശൂരിലെത്തിയ കരുണാകരന്റെ  രാഷ്ട്രീയക്കാഴ്ചയാൽ സംഘടനയുടെ വളർച്ച മേൽഗതി പ്രാപിച്ചതിന്റെ ചരിത്രം ചുരുളഴിയും. അഴീക്കോടൻ രാഘവനെ കുത്തിയവർ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലേയ്ക്ക് ഓടിക്കയറി അതിന്റെ അടുക്കള വാതിൽ വഴി രക്ഷപ്പെടുന്നത് വിവരിക്കുന്നേരത്ത് അമ്പരന്ന് നിൽക്കുന്ന ചെട്ടിയങ്ങാടിയുടെ ദൃശ്യം തെളിയും. എന്റെ രാഷ്ട്രീയം  മാറിയതോടെ, അച്ഛാച്ചന്റെ അഭിപ്രായങ്ങൾക്ക് മറുവാദം പറയാൻ തുടങ്ങിയതോടെ, അത്തരം ആവർത്തന വിവരണങ്ങളും പതിയേ ഇല്ലാതായി. ബിഗ് ഫിഷ് എന്ന സിനിമയിലെ ഭാവനാ സമ്പന്നനായ അച്ഛന്റെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുത്തവരെ കാണുന്നതോടെ മകൻ തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്. അച്ഛൻ പറഞ്ഞ കഥകളെല്ലാം തന്നെ നുണകളായിരുന്നില്ല; പൂർണ്ണമായ അർത്ഥത്തിൽ അവയൊന്നും സത്യവുമായിരുന്നില്ല. പന്ത്രണ്ട് അടി ഉയരമുള്ള രാക്ഷസനൊന്നുമല്ലെങ്കിലും, ഏഴടിയ്ക്ക് മുകളിൽ ഉയരമുള്ള ചങ്ങാതി ഉണ്ടായിരുന്നു. സയാമീസ് ഇരട്ടകളെന്ന് പറഞ്ഞവർ സമരൂപ ഇരട്ടകളായിരുന്നു. ഉയരം കുറഞ്ഞു തടിച്ചൊരു നീളൻമുടിക്കാരനെയാണ്  ചെന്നായ് മനുഷ്യനാക്കി അവതരിപ്പിച്ചത്. മോതിരക്കുരുക്കിൽ കുടുങ്ങിയതൊരു സാധാരണ മത്സ്യം മാത്രമായിരുന്നു. 

എഴുത്തിനെ ഗൗരവമുള്ള പ്രവർത്തിയായി കാണാൻ തുടങ്ങിയതു മുതൽ അച്ഛാച്ചന്റെ പൊടിപ്പും തൊങ്ങലും നിറഞ്ഞ ജീവിതകഥകൾ, കേൾവിക്കാരെ ഭ്രമിപ്പിച്ച് പിടിച്ചിരുത്തുന്ന വിധമുള്ള അതിന്റെ വിവരണങ്ങൾ ബോധത്തിലും അബോധത്തിലും  നിറയുന്ന നിരീക്ഷണ സാധ്യതയായി മാറുകയായിരുന്നു. ഫിക്ഷനെഴുത്തുകാർ പഴങ്കഥയിലെ സൂത്രശാലിയായ കുറുക്കനാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അവർ അന്യരുടെ അടുക്കളയിൽ നിന്ന് മസാല ചേർന്നു വെന്ത ഇറച്ചി നിറച്ച ചട്ടിയുമായി കാട് കയറുന്നു.  അപരന്റെ അനുഭവങ്ങൾ ഇറച്ചിപ്പരുവത്തിൽ നുറുക്കിയതിന്റെ കൂടെ താന്താങ്ങളുടെ ഭാവനയാകുന്ന മസാലയും ചേർത്തൊരുക്കുന്ന വിഭവം നിറഞ്ഞ കറിച്ചട്ടിയ്ക്കു മുകളിൽ അടയിരിക്കുന്നു. കൊതികൊണ്ട്  പങ്ക് ചോദിക്കുന്നവർക്കെല്ലാം അത് തന്റെ തന്നെ ഇറച്ചി പകുത്ത് നൽകുകയാണെന്ന ഭാവേന  ഓരോ കഷ്ണം മാത്രം നൽകി മിതവ്യയം പാലിക്കുന്നു.  വാങ്ങുന്നവരതു കഴിച്ച് കുറുക്കന്റെ ഇറച്ചി തന്നെയെന്നും, അതീവ സ്വാദിഷ്ഠമെന്നും തലയിളക്കി സമ്മതിച്ച് കടന്നു പോകുന്നു.  എന്നാൽ സ്വന്തം അനുഭവത്തെ തനിക്കിഷ്ടമുള്ള രുചിക്കൂട്ടു ചേർത്ത് വേവിച്ചുകൊണ്ട് ഉറ്റവർക്കു മുന്നിൽ മാത്രം വിളമ്പുന്നവരോ? അവർ കഥയിലെ മണ്ടച്ചാരായ പുലിയാകുന്നു. ശരിരത്തിൽ മുളകും മസാലയുമരച്ച്  പുരട്ടി ചുട്ടു പൊള്ളുന്ന  പാറപ്പുറത്തിരുന്ന് സ്വയം തീറ്റയാകുന്ന വിധത്തിൽ കഥകളും വിവരണങ്ങളും ഉണ്ടാകുന്നത് അപ്രകാരമാണ്. മരണത്തിന് ആറുമാസം മുന്നെ ആശുപത്രി കിടക്കയിൽ വേദനകൊണ്ട് വില്ല് പോലെ വളയുന്ന അച്ഛാച്ചന്റെ രൂപം ഓർമ്മയിലുണ്ട്. ബയോപ്സി ചെയ്യാനായി അടിവയറിൽ തുളയിട്ട് ആന്തരാവയവത്തിൽ നിന്നൊരു ചെറിയ കഷ്ണം ചുരണ്ടിയെടുത്തത്തിനെ തുടർന്നുള്ള വേദനയാൽ പുളയുന്നതിനെപ്പറ്റിയും പിന്നീട് വിവരണം കേൾക്കേണ്ടി വന്നു.   അതെല്ലാം നേരിട്ടു കണ്ട, ആശുപത്രിയിലെ കൂട്ടിരിപ്പുകാരനായ ഞാൻ തന്നെ അവയ്ക്ക് കേൾവിക്കാരനാകേണ്ടി വന്നു.  പലപ്പോഴും എന്റെ ഓർമ്മകളെപ്പോലും റദ്ദ് ചെയ്യുന്ന വിധത്തിൽ അച്ഛാച്ചന്റെ വർണ്ണനകളും വിവരണങ്ങളും ആ ദൃശ്യങ്ങൾക്കു മേൽ ഉപശീർഷകങ്ങളായി മാറുകയായിരുന്നു. അല്ലെങ്കിൽ തന്നെ  അവനവന്റെ ഇറച്ചി വെന്തു തിന്നുന്നതിതിന്റെ വിവരണ സാധ്യതകൾ, ആ രുചിക്കൂട്ടിനെ തോൽപ്പിക്കാൻ കഴിയുന്ന മറ്റെന്തുണ്ട്?

* മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയ ഓർമ്മക്കുറിപ്പ്.

Tuesday, November 12, 2013

എഴുത്തുകാരുടെ ശ്രദ്ധേയത: വിക്കിയും വിവാദങ്ങളും.


വിക്കിപീഡിയയിൽ നിലവല്ലുള്ള ഈ ശ്രദ്ധേയതാ നയത്തോട് ‌വിയോജിപ്പുണ്ട്. സാഹിത്യകാരന്മാരായ മൂന്ന് സുഹൃത്തുക്കളെ വച്ചു തന്നെ ഉദാഹരണം പറയാം. പി.വി. ഷാജികുമാറിന് ‌വിക്കിയിൽ ‌പേരുണ്ട്. അൻവർ അബുള്ളയ്ക്കോ,  സുരേഷ് പി തോമസിനോ ‌പേജില്ല. അൻവറിന് ‌പേജ് ഉണ്ടായിരുന്നോ, ഉണ്ടാക്കിയിരുന്നോ എന്നറിയില്ല. പക്ഷേ സുഹൃത്തും മാധ്യമ പ്രവർത്തകനുമായ ബിജുരാജ് ഒരിക്കൽ സുരേഷിന് പേജുണ്ടാക്കിയതായി അറിയിച്ചിരുന്നു. എന്നാൽ ശ്രദ്ധേയതയില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു അതിപ്പോൾ കാണുന്നില്ല. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് ‌വിവാദമുണ്ടാക്കാതെ വിക്കിയിൽ മാത്രം ഇടപെടുകയോ, എഴുതുകയോ ആണ് ചെയ്യേണ്ടതെന്ന അഭിപ്രായം കൊണ്ട് മാത്രംമിവിടെ കാര്യമില്ല. ഇടപെടുകയും, എഴുതുകയും ഒക്കെ ചെയ്ത പല പേജുകളും നയങ്ങൾ കാരണം ഇല്ലാതായിട്ടുണ്ട്. അത് പൂർണ്ണമായും പരിഗണിക്കാതെ വിമർശനങ്ങളെ അവഗണിക്കുന്നത് ‌വിക്കിയുടെ പുരോഗതിയ്ക്ക് ‌നല്ലതല്ലെന്ന് കരുതുന്നു.  എന്നാൽ വിക്കിയിൽ നയങ്ങളോ, നിയന്ത്രണങ്ങളോ ‌പൂർണ്ണമായും ഒഴിവാക്കണമെന്ന് ‌പറയുന്നതിനെയും ‌മുഴുവനായി അംഗീകരിക്കുക വയ്യ. ആർക്കും എന്തും, ഏതും ചേർക്കാവുന്ന ഒരു പൊതു സഞ്ചയികയിൽ, അതിന്റെ ആധികാരികതയിൽ ചില നിയന്ത്രണങ്ങളൊക്കെ ‌വേണ്ടത് തന്നെയാണ്. അല്ലെങ്കിൽ വിധ്വംസക പ്രവർത്തനങ്ങളും, പക്ഷപാതങ്ങളും, വ്യാജ നിർമ്മിതികളുമെല്ലാം കൂടുതലായി കടന്നു കയറാൻ സാധ്യതയുണ്ട്. അതു മാത്രമല്ല ‌വിക്കിയിലെ പല സ്ഥാനങ്ങളും വോട്ടിങ്ങിലൂടെയാണ് ‌തീരുമാനിക്കുന്നത്. അതിൽ ‌പങ്കെടുക്കണമെങ്കിൽ നിശ്ചിത എണ്ണം തിരുത്തലുകൾ നടത്തിയ ആളാകണമെന്നേ ‌നിബന്ധനയുള്ളൂ. ആ എണ്ണമാകട്ടെ താരതമ്യേന നിസ്സാരവുമാണ്. ഒരു വ്യവസ്ഥയെ, അല്ലെങ്കിൽ സംഘടനയെ അതിന് പുറത്തു നിന്ന് വിമർശിച്ചതുകൊണ്ട് മാത്രം അത് നന്നാകണമെന്നില്ല. എന്നു കരുതി‌ വിക്കിയിൽ ഇടപെടാത്തവർക്ക് ഒന്നും മിണ്ടിക്കൂടെന്നല്ല പറഞ്ഞത്. ശ്രദ്ധേയതാ നയങ്ങൾ തിരുത്തണമെങ്കിൽ മെയിൽ ഗ്രൂപ്പിലോ, പഞ്ചായത്തിലോ, പ്രത്യേക സംവാദത്താളുകളിലോ ഒക്കെയായി ‌കാര്യമായ തർക്കവും ചർച്ചയും ഒക്കെ വേണ്ടി വരും. അതിന് അംഗബലവും, നയങ്ങളെക്കുറിച്ചുള്ള ബോധവും, വിക്കിയിലെ മുൻഇടപെടലുകളുമൊക്കെ ഘടകങ്ങളായി വരും. ഇടപെട്ട് ‌നവീകരിക്കുകയാണ് വിക്കിയ്ക്കും അനുയോജ്യം. അതിന്റെ നയമാറ്റങ്ങൾക്ക് ‌‌സോഷ്യൽ മീഡിയകളിലെ ‌ചർച്ചകളും, വിവാദങ്ങളും ഒക്കെ ഭാഗികമായി ‌സ്വാധീനം ചെലുത്താനായേക്കും. അത്തരം കാര്യങ്ങളെ വിക്കിയിൽ സജീവമായി ഇടപെടുന്നവർ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതാണ് താനും. 

എന്നാൽ സംഭാവനകളില്ലാതെ, നയരൂപീകരണ ചർച്ചകളിലോ, പഞ്ചായത്തിലോ ഒന്നും ഇടപെടാതെ, തിരഞ്ഞെടുപ്പുകളിൽ പങ്കാളിയാകാതെ,  പുറത്തു നിന്നുണ്ടാക്കുന്ന വിവാദങ്ങൾ, അഭിപ്രായങ്ങൾ.. അവയ്ക്ക്  ‌വിക്കിക്കകത്ത് മാറ്റമുണ്ടാക്കാനാകുമോ എന്ന് ആശങ്കയുണ്ട്. ഒരു തിരുത്തോ, സംഭാവനയോ ചെയ്യാത്ത ഒരാൾക്ക് അഭിപ്രായപ്രകടനത്തിന് സാധ്യത അരുതെന്നോ, ആയതുകളെ പരിഗണിക്കരുതെന്നൊ അല്ല ഉദ്ദേശിച്ചത്. സക്രിയമായ, മുന്നൊട്ടു പോക്കിനെ നവീകരിക്കുന്ന ഏതൊരഭിപ്രായത്തെയും  പരിഗണിക്കാൻ വിക്കിയിലിടപെടുന്നവരും ശ്രദ്ധപുലർത്തുന്ന നിലയിലേക്ക് ‌കാര്യങ്ങൾ മാറുന്നത് ഉപയോക്താക്കൾക്കും, ഉപഭോക്താക്കൾക്കുമെല്ലാം ഗുണകരമായ കാര്യമാണ്.ലോകത്തിന് കീഴെയുള്ള സകലതും സകലരും ‌മലയാളം വിക്കിയിൽ ‌വരേണ്ടതുണ്ടോ എന്നതാണ് ‌വിക്കി ചർച്ചകളിലുയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.  'വസ്‌തുനിഷ്‌ഠമായ' (objective) എന്തും വരണമെന്നാണ് അഭിപ്രായം. എന്നാൽ സകലരും സകലതുമിങ്ങോട്ട് കെട്ടിയെടുക്കേണ്ടതുണ്ടോ എന്നമട്ടിലുള്ള നിരാസമുയർത്തുന്ന അഭിപ്രായങ്ങളുടെ ആന്തരിക ധ്വനിയും എണ്ണവും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റൊന്ന് ശ്രദ്ധേയതയേയും ആധികാരികതയേയും തമ്മിൽ കൂട്ടിക്കലർത്തി നടത്തുന്ന അനുഗുണമല്ലാത്ത സില്ലോഗിസങ്ങളാണ്. ശ്രദ്ധേയത എന്നത് ‌നിലവിൽ എണ്ണമോ, അളവോ ആയി ബന്ധപ്പെടുന്നതാണ് (ഉദാ. എത്ര കൃതികൾ, എത്ര പുരസ്ക്കാരങ്ങൾ ‌മറ്റുംമറ്റും... )  എന്നാൽ ആധികാരികതയെന്നത് അതിന് പുറത്ത് ‌വരുന്നതാണ്. ചുരുക്കത്തിൽ ആധികാരികതയെ സമഗ്രമാക്കുന്നതിൽ ശ്രദ്ധേയതയ്ക്ക് ‌പങ്കുണ്ടെന്നതല്ലാതെ ‌ശ്രദ്ധേയതയാണോ ആധികാരികതയെ നിർണ്ണയിക്കേണ്ടത് എന്ന ചോദ്യം തുടരനായി അവശേഷിക്കുന്നു.എന്തായാലും നിലവിലെ നയത്തിൽ മാറ്റം വേണമെന്നു തന്നെയാണ് അഭിപ്രായം. പക്ഷേ അതിനായുള്ള ചർച്ചകളും അഭിപ്രായങ്ങളും
"നീ നാലു പുസ്തകമെന്ന് പറഞ്ഞോ? എന്നാൽ ഞാൻ ആറെണ്ണമെന്ന് പറയും."
"ആ അവാർഡൊക്കെ ഒരവാർഡാണോ, മറ്റേതല്ലേ അവാർഡ്"
"അയാളെക്കാൾ ശ്രദ്ധേയതയില്ലേ പോക്കറ്റടിക്കാരൻ ‌വാസുവിന്?"
"ആ സൈറ്റിന് ആധികാരികതയോ? കൊള്ളാം. ഞാൻ അത് വെട്ടും"
"ആഹാ! നീ വെട്ടിയോ? എങ്കിൽ ഞാൻ പിന്നെയും ‌കയറ്റും"
"നീ കയറ്റിയാൽ ഞാൻ ഫലകമിടും"

എന്ന മട്ടിൽ നിർഗുണമായും, തുടർന്ന് വ്യക്തിപരമായ അധിക്ഷേപങ്ങളിലേയ്ക്കും കടക്കുന്നത്  ധനാത്മകമായ ‌തീരുമാനമുണ്ടാക്കലിനെ സഹായിക്കുമെന്ന് ‌കരുതുന്നില്ല. എന്നാൽ പഞ്ചായത്തിലെ ചർച്ചകളാണ് ‌നയരൂപീകരണത്തെ ബാധിക്കുന്നതെന്നതിനാൽ കൂടുതൽ അഭിപ്രായങ്ങളും, ഗൗരവമായ വിമർശനങ്ങളുമെല്ലാം അവിടെയുണ്ടാകണമെന്ന് ‌താൽപ്പര്യപ്പെടുന്നു. ‌ഏവരും അവിടെ വന്ന് ~~~~ ചാർത്തി അഭിപ്രായം പറയുമെന്നത് പ്രായോഗികമല്ലാത്തതിനാൽ പലയിടത്തായി കണ്ടവയെ ഒതുക്കിച്ചേർത്ത് അവതരിപ്പിച്ചാലും മതിയാകും.
Link : ശ്രദ്ധേയത: എഴുത്തുകാർ /പുനർവിചിന്തനം - http://goo.gl/IyZUWb

മലയാളം വിക്കിയിൽ "എഴുത്തുകാരുടെ ശ്രദ്ധേയത" വിഷയത്തിൽ നിലവിലെ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. കൂടുതൽ പേരും വിക്കി പരതുന്നത്  ഒന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണ്. അല്ലാതെ ഒരു ഉരകല്ലായല്ല ‌പരിഗണിക്കുന്നത് ഉദാ. ഒരു എഴുത്തുകാരന്റെ വിവരങ്ങൾ ആധികാരികതയോടെയും സമഗ്രതയോടെയും എളുപ്പത്തിൽ ‌ലഭിക്കാവുന്ന ഒരു വിവരസ്രോതസ്സ് എന്ന നിലയിലായിരിക്കണം വിക്കി വർത്തിക്കേണ്ടത്.  അല്ലാതെ "കഖഘ‌ഗങ്ങ" എന്നൊരു അവാർഡ് കിട്ടിയതുകൊണ്ട് മാത്രം എഴുത്തുകാരൻ  ‌വിക്കിയിൽ വരാൻ യോഗ്യനാണോ, "യരലവശഷസഹ" എന്നൊരു കൃതി എഴുതിയതിനാൽ മാത്രം  എഴുത്തുകാരൻ  ‌വിക്കിയിൽ വരാൻ യോഗ്യനാണോ എന്നതല്ല വിക്കിയിൽ പരിഗണിക്കേണ്ട പ്രധാന വിഷയം. അത്തരത്തിലെ നിരാസം അനുഗുണമല്ല. പ്രസ്തുതങ്ങളായ  "കഖഘ‌ഗങ്ങ" എന്ന അവാർഡ്,  "യരലവശഷസഹ" എന്ന കൃതി എന്നിവ  താക്കോൽ വാക്കുകളായി ‌കൊടുത്താൽ സെർച്ച് എഞ്ചിനുകളിൽ ‌വിക്കി പേജ് ‌വരുന്നുണ്ടോ, അതിൽ അവാർഡ്/കൃതി വിവരങ്ങൾ (തിയ്യതി, ഇടം, തുക തുടങ്ങിയവ) അവലംബമായി ആധികാരിക സ്രോതസ്സുകളിൽ നിന്ന് ചേർക്കപ്പെട്ടിട്ടുണ്ടോ എന്നതാകണം പ്രാഥമിക ലക്ഷ്യം. ഇതു കൂടാതെ ‌മുൻ നയങ്ങളിൽ പറഞ്ഞവവും, ‌പഞ്ചായത്തിലെ മറ്റ് അഭിപ്രായങ്ങളും കൂടെ പരിഗണിച്ച് ‌സമഗ്രവും, വിശാലവുമായൊരു നയം പുനർനിണ്ണയിക്കണമെന്നാണ് ആഗ്രഹം.

Thursday, November 7, 2013

ശരീരങ്ങൾ വെളിമ്പറമ്പുകളല്ല

(c) leonardodavinci.stanford.edu

അഭിനേത്രിയായ ശ്വേതാ മേനോന് പൊതു ചടങ്ങില്‍ വച്ച് ‌‌ഒരു ജനപ്രതിനിധിയില്‍ നിന്ന് നേരിടേണ്ടി വന്നുവെന്ന് പറയപ്പെടുന്ന ‌‌അപമാനത്തിന്റെ പൊതുബോധ കല്‍പ്പനകളെ, നിയമ നടപടികള്‍ക്ക് ‌‌സമാന്തരമായി തന്നെ, അല്‍പം കൂടെ സൂക്ഷ്മമായി കാണേണ്ടതുണ്ട്. ബാച്ചിലറേറ്റ് ഇന്ത്യ എന്ന ഷോയുടെ അതിഥിയായെത്തിയ മഹേഷ് ഭട്ടിന്റെ സാന്നിദ്ധ്യത്തിൽ മല്ലികാ ശെരാവത്തിനെ വേശ്യ എന്നു വിളിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും, അത് ഷോയുടെ ഷൂട്ടിങ്ങ് താൽക്കാലികമായി നിർത്തി വയ്ക്കുന്നതിലേക്ക് നീണ്ടതുമെല്ലാം ‌‌‌‌ഈ അടുത്ത കാലത്ത് തന്നെയുണ്ടായ സംഭവമാണ്. മറഡോണയ്ക്കൊപ്പം നൃത്തം വയ്ക്കാന്‍ അവതാരികയായ രഞ്ജിനി ഹരിദാസ് ‌‌ഒരുക്കമാണെങ്കില്‍ ‌‌ആ ശരീരത്ത് സ്പര്‍ശിക്കാന്‍ ‌‌തങ്ങള്‍ക്കധികാരമുണ്ടെന്നും, വേണമെങ്കില്‍ ‌‌തെറി വിളിക്കാമെന്നും ‌‌ആള്‍ക്കൂട്ടം ‌‌ഈയടുത്ത് രണ്ട് ‌‌സംഭവങ്ങളിലായി തെളിയിച്ചു കഴിഞ്ഞു. സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട മറ്റൊന്നുണ്ട്. ഇത്തവണത്തെ ‌മാതൃഭൂമി ഓണപ്പതിപ്പിൽ സുഭാഷ് ‌ചന്ദ്രന്റെ ‘വിഹിതം’ എന്ന കഥയാണ്.

ആ കഥയില്‍ സ്വാഭാവികമായ ‌ലൈംഗിക വാഞ്ജകളെ എങ്ങനെ ഒതുക്കിയും അടക്കിയും മനുഷ്യന്റെ അന്തസ്സ് ‌കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് വിവരിക്കുന്നു. രണ്ട് വർഷത്തോളമായി ‌വിവാഹമോചിതയായിട്ടും, ഭർത്താവും മകളുമായുള്ള ഫോട്ടോയും അതിന്റെ (വ്യാജ)സുരക്ഷിതത്വവും അനുഭവിച്ചുകൊണ്ട് ഫ്ലാറ്റിൽ തനിയെ താമസിയെക്കുന്ന സ്ത്രീയും ‌വിവാഹേതര ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ഫീച്ചറെഴുതുന്ന പത്രക്കാരനും തമ്മിലുള്ള പരിചയവും, അവരുടെ ‘അന്തസ്സാർന്ന’ ലൈംഗിക അച്ചടക്കടക്കങ്ങളും, അത് ‌മലയാളിയുടെ പൊതുബോധത്തിൽ സദാചാരത്തെ ഏതുവിധം പിന്തുണയ്ക്കുന്നു എന്നും ‌പ്രസ്തുത കഥ സൂചിപ്പിക്കുന്നു. കഥ നല്ലതോ ചീത്തയോ, ഇഷ്ടമായോ അല്ലയോ എന്നതൊക്കെ വേറൊരു വിഷയമാണ്. ‌സൂചിപ്പിക്കേണ്ടത് ‌മറ്റൊരു കാര്യമാണ്. പ്രസ്തുത കഥയിൽ മുൻകാല Porn അഭിനേത്രിയും, നടിയും, മോഡലും, വ്യാപാരിയുമൊക്കെയായ സണ്ണി ലിയോണിയെ സൂചിപ്പിക്കത് ‘അന്താരാഷ്ട്ര വേശ്യ’ എന്നാണ്. Porn എന്നതിന് ‌കൃത്യമായ മലയാളം പദമില്ല എന്നത് നേരാണെങ്കിലും നടപ്പു പരിഭാഷയിലെ പ്രയോഗസാധ്യതയായ ‌’അശ്ലീല നടി’ എന്നു പോലുമല്ല അന്താരാഷ്ട്ര വേശ്യ ‌‌എന്നാണ് ‌കഥയിലെ സം‌ബോധന. അത് മാത്രമല്ല, ‌പെൺ‌മക്കളെ ലൈംഗികമായി ഉപയോഗിക്കുകയും, വാണിഭം നടത്തുകയും ചെയ്യുന്ന സമകാലിക വാര്‍ത്തകളിലെ ‌മലയാളി ‌പിതാക്കന്മാരുടെ ‌മറുവശത്ത് മഹേഷ് ‌ഭട്ടിനെ ഇരുത്തുകയും, ‌താരതമ്യ വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ‌പെണ്മക്കളായ പുജാ-ആലിയാ ഭട്ടുമാരെ സിനിമ വഴി നഗ്നത പ്രദർശിപ്പിക്കാനാണ് ഭട്ട് ഉപയോഗപ്പെടുത്തുന്നതെന്ന് ‌കഥ സൂചിതമാക്കുന്നു. Student Of The Year എന്ന ബോളീവുഡ് സിനിമയുടെ ലക്ഷ്യം തന്നെ മഷേഷ് ‌ഭട്ടിന്റെ ഇളയ പെൺകുട്ടിയുടെ നഗ്നതാ പ്രദർശനമാണെന്നും സൂചകമാകുന്നു.

കഥയില്‍ ‌‌പരാമര്‍ശിച്ചിരിക്കുന്ന തരത്തിലുള്ള പൊതുബോധം നിലനിൽക്കുന്നുണ്ട് എന്നത് ‌വാസ്തവമാണെന്ന് നാം ‌കേൾക്കുന്ന വാര്‍ത്തകള്‍ തന്നെ സാക്ഷ്യം പറന്നു. ‌കഥാപാത്രത്തിന്റെ പറച്ചിലുകളിൽ കഥാകാരന്റെ പക്ഷമെന്തെന്നുള്ള വേതാള പ്രശ്നവും, തുടർ‌രാഷ്ട്രീയവുമൊക്കെ ഏത് വിധമാണെന്ന ചികയലുകൾ മറ്റൊരു വഴിയ്ക്ക് ‌നടക്കട്ടേ. പക്ഷേ ‌പൊതുബോധത്തിന്റെ ഹീനകൽപ്പനകളിൽ ഇതേതു വിധം ഇടപെടുന്നു എന്നതാണ് ‌വിഷയം.മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യാസമായി മല്ലികാ ശെരാവത്തും, സണ്ണി ലിയോണിയും, ആലിയാ ഭട്ടും, ശ്വേതാ മേനോനും, രഞ്ജിനി ഹരിദാസുമെല്ലാം പ്രദര്‍ശന പരിസരങ്ങളില്‍ ഒരുക്കുന്ന കാഴ്ചകൾ ഏതു വിധത്തില്‍ വേശ്യയെന്ന് ‌സംബോധനയിലേക്കെത്തിക്കുന്നു, അനാവശ്യ സ്പർശനങ്ങളിലേയ്ക്ക് നീളുന്നു ‌തുടങ്ങിയ ‌ഹീനമായ പൊതുബോധ ‌കൽപ്പനകളെ, മനോ വിചാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടട്ടുതുണ്ട്. ആ വിധം സംബോധനകൾ പ്രക്ഷേപണം ചെയ്യുന്ന, അത്തരത്തിൽ കൈകൾക്ക് നീളം വയ്ക്കുന്ന പൊതുബോധ കൽപ്പനകളെ നിരാകരിക്കേണ്ടുന്ന തിരിച്ചറിവ് നേടേണ്ടതുണ്ട്. ശ്വേതയെന്നോ മല്ലികയെന്നോ സണ്ണിയെന്നോ ആലിയയെന്നോ പേരുകൾ മാറുന്നു എന്ന വ്യത്യാസമേയുള്ളൂ. തിരശീലക്കാഴ്ചയിലെ ശരീരങ്ങള്‍ വെളിമ്പറമ്പുകളാണെന്നും, വേണ്ടിവന്നാല്‍ അവിടെ താന്താങ്ങൾക്ക് തണ്ടപ്പേരുണ്ടാക്കാമെന്നുമുള്ള ‌‌അഹിത ബോധ്യത്തിന് വലിയ വ്യത്യാസമൊന്നുമില്ല. ലൈംഗികത്തൊഴിലാളിയുടെ ശരീരം പോലും അവരുടെ സമ്മതമില്ലാതെ സ്പർശിക്കുന്നത് ശിക്ഷയേൽക്കാവുന്ന തെറ്റാണെന്ന മാനസിക വളർച്ചയിലേക്ക് ‌ പൊതുബോധം ഉയരേണ്ടതായുണ്ട്. തിരുത്തലുകളുണ്ടാകേണ്ടത് അവിടെ നിന്നാണ്.

Tuesday, October 1, 2013

കബനി : അലക്കി മടക്കിയതിൽ നിന്നും അയയിൽ ചുളിഞ്ഞതിലേയ്ക്കുള്ള മാറ്റം.

അടിയന്തിരാവസ്ഥക്കാലത്ത് ചിത്രീകരിക്കുകയും പുറത്തിറങ്ങുകയും ചെയ്ത രാഷ്ട്രീയ ചിത്രമെന്ന നിലയിലാണ് കബനീ നദി ചുവന്നപ്പോൾ എന്ന സിനിമ പ്രാഥമികമായി മലയാള സിനിമാ ചരിത്രത്തിൽ സ്വയം രേഖപ്പെടുത്തുന്നത്. പവിത്രൻ ‌നിർമ്മിക്കുകയും പി.എ.ബക്കർ സംവിധാനം ചെയ്യുകയും ടി.വി ചന്ദ്രൻ പ്രധാന വേഷങ്ങളിലൊന്ന് അഭിനയിക്കുകയും കെ. രവീന്ദ്രന്‍(ചിന്ത) സലാം കാരശ്ശേരി എന്നിവർ സഹകരിക്കുകയും, വിപിൻദാസ് ഛായാഗ്രഹണം  നിർവ്വഹിക്കുകയും ചെയ്ത ഈ സംരംഭം പിന്നീട് മലയാളത്തിലെ സമാന്തര-ആർട്ട്‌ഹൗസ് സിനിമകളുടെ പ്രതിനിധികളായിത്തീർന്നവരുടെ ആദ്യ സമാഗമമായിരുന്നുവെന്ന് ഒരു തരത്തിൽ ‌പറയാം. ഭാഷാശാസ്ത്രത്തിൽ വര്‍ണ്ണവിപര്യാസം(Metathesis) എന്നൊരു പ്രയോഗമുണ്ട്. ഉച്ചരിക്കാൻ എളുപ്പമാകുന്ന വാമൊഴി വഴക്കത്തിലെ അക്ഷരമാറ്റങ്ങൾ പിന്നീട് എഴുത്തിലേയ്ക്കും ബാധിക്കുന്നതിനെയാണ് അത് സൂചിപ്പിക്കുന്നത്.  കാവൽരി എന്ന കുന്ന് കാൽവരിയാകുന്നതും  മുച്ചിറ്റൂരെന്ന സ്ഥലം മുറ്റിച്ചൂരാകുന്നതും ഇതേ കാരണത്താലാണ്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് കിഴക്കോട്ടൊഴുകി കർണ്ണാടകത്തിൽ ചേരുന്ന പുഴയ്ക്ക് വയനാട്ടിലെത്തുമ്പോൾ ലഭിക്കുന്ന പേരാണ് 'കബിനി'. വർണ്ണവിപര്യാസത്തിനു സമാനമായ ഭാഷാസാധ്യതയാൽ നദി 'കബനി'യായും തീരുന്നു. മാനന്തവാടി-പനമരം പുഴകളുടെ കൂട്ടിയൊഴുക്കിലാണ് കബനി എന്ന പേര് ജലസാധ്യമാകുന്നത്; കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തീവ്രവിപ്ലവത്തിന്റെ നാളുകളുടെ പ്രതീകമായി ചുവന്നതും ഇതേ നദി തന്നെ.

സിനിമ ഇറങ്ങിക്കഴിഞ്ഞ് ഉദ്ദേശം നാൽപതു വർഷത്തിനിപ്പുറം നിന്നുകൊണ്ട് അതൊരിക്കൽ കൂടി കാണുകയും, പ്രതികരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ചില അനുരണച്ചെടിപ്പുകളും അസ്വാരസ്യങ്ങളുമൊക്കെയുണ്ടാകും. സമകാലികതയിൽ നിന്നു നോക്കുമ്പോൾ രാഷ്ട്രീയ മാപിനികളുടെ അളവു പൊരുത്തമുറപ്പിക്കലും (calibration) അവശ്യം വേണ്ടതു തന്നെ. ഇത്രയും മുൻധാരണകളോടെയാണ് കാഴ്ചയിലേയ്ക്ക് കണ്ണു തുറക്കുന്നത്. അപ്പോൾ പോലും ഈ സിനിമയുടെ പശ്ചാത്തലവും ഭാവുകത്വവും വിനിമയവുമെല്ലാം നിലവിലെ ആസ്വാദനത്തോട്, അതെത്ര വൈയക്തികമാണെങ്കിലും, ഒരു വിധത്തിൽ സമരസങ്ങളും മറു വിധത്തിൽ കലഹങ്ങളും സാധ്യമാക്കുന്നുണ്ടല്ലോയെന്ന് ഒട്ടൊരത്‌ഭുതം കൂറേണ്ടിയിരിക്കുന്നു. അതു തന്നെ നാലു വിധത്തിൽ - സാങ്കേതികമായും രാഷ്ട്രീയമായും-  എഡിറ്റ് ചെയ്യപ്പെട്ട കാഴ്ചാനുഭവമാണെന്നിരിക്കെ പ്രത്യേകിച്ചും. സാങ്കേതികമായി രണ്ട് തവണ സിനിമ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ചരിത്രം. ചിത്രസംയോജകനായ കല്യാണസുന്ദരം വെട്ടിയുമൊട്ടിച്ചും തയ്യാറാക്കിക്കിയ പതിപ്പിൽ പ്രേമത്തിന് കൂടുതൽ ‌പ്രാധാന്യം വന്നിരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ബക്കർ തന്നെ രണ്ടാമതൊരു തവണ എഡിറ്റ് ചെയ്യുകയുണ്ടായി. കബനിയെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ചിത്രമാക്കി മാറ്റാൻ കൂടുതൽ സഹായിച്ചത് ആ ഇടപെടലാണെന്നാണ് സിനിമയുമായി സഹകരിച്ചവരുടെ തന്നെ അഭിപ്രായം. കർശനമായ മാധ്യമ വിലക്കിന്റെ കാലഘട്ടത്തിൽ മൂന്നാമത്തെ എഡിറ്റിങ്ങ് നടക്കുന്നത് സെൻസർ ബോർഡിന്റെ മേശപ്പുറത്താണ്. ഏകദേശം എണ്ണൂറ് അടിയോളം ഫിലിം മുറിച്ചു മാറ്റപ്പെട്ടത്രേ.  ആ വിധം ‌വികലമാക്കപ്പെട്ട ഒരു തീയേറ്റർ പതിപ്പിന്മേലാണ് സാക്ഷാൽ ശ്രീ കരുണാകരന്റെ പോലീസ് നാലാമത്തെ തവണ കത്രിക വയ്ക്കുന്നത്. ഇത്തരത്തിൽ അംഗഭംഗം വന്നൊരു അവശേഷിപ്പിനെയാണ് നാലു ദശാബ്ദത്തിനിപ്പുറം നിന്നുകൊണ്ട് പരിണാമങ്ങൾക്കും പരിമാണങ്ങൾക്കും വഴങ്ങി കാഴ്ചാ വിധേയമാക്കുന്നത്.  

സിനിമയുടെ കഥാഗതി താരതമ്യേന ലളിതമാണ്. നക്‌സൽ വിപ്ലവകാരിയും പോലീസിന്റെ നോട്ടപ്പുള്ളിയുമായ ഗോപി തന്റെ ഒളിവു കാലഘട്ടത്തിൽ അഭയം തേടി കേരളത്തിനു വെളിയിൽ ജോലി ചെയ്തു തനിയെ ജീവിക്കുന്ന കാമുകി ശാരിയുടെ മുറിയിലെത്തുന്നു.  ഒരുമിച്ചുള്ള കുറച്ചു നാളുകളിൽ ശാരി പ്രണയ ചേഷ്ടകളോടെയും ഗോപി രാഷ്ട്രീയ ധൈഷണികതയോടെയും ഇടപെടുന്നു. സ്വാഭാവികമായ ശരീര ചോദനകളെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ശാരിയേയും ശരീരത്തേയും നിഷേധിച്ചുകൊണ്ട് ഗോപി ഉൾവലിയുന്നു. നിശ്ചിത സമയത്തിനു ശേഷം മറ്റൊരു താവളത്തിലേയ്ക്കു മാറുന്ന ഗോപിയ്ക്കു വേണ്ടി ശാരി തുടർന്നും സഹായങ്ങൾ ചെയ്യുന്നു. ശാരിയും പോലീസിന്റെ നിരീക്ഷണത്തിലാകുന്നു. അവൾ ചോദ്യം ചെയ്യപ്പെടുന്നു.  സുരക്ഷിതമായ കുടുംബ ജീവിതമെന്ന മോഹ വാഗ്ദാനത്തെ തട്ടിത്തെറിപ്പിച്ച് നീണ്ട അവധിയെടുത്ത് നാട്ടിലേയ്ക്കു തിരിക്കാനിരിക്കുന്ന ശാരിയെ നടുക്കിക്കൊണ്ട് ഒറ്റേറ്റുമുട്ടലിൽ ഗോപി വെടിയേറ്റു മരിച്ചതായുള്ള വാർത്തയെത്തുന്നു. ഒരു വിപ്ലവത്തിന്റെ സാന്നിദ്ധ്യം തെല്ലു നേരമെങ്കിലും അനുഭവിച്ച, അതിനോട് ആശയപരമായി പൂർണ്ണപ്പൊരുത്തമില്ലെങ്കിലും സ്വാഭാവികമായുള്ള അഭിനിവേശത്താൽ പരിചരിക്കുകയും സഹായം നൽകുകയും ചെയ്ത ശാരിയുടെ സ്വസ്ഥജീവിതമാകുന്ന നദിയൊഴുക്കിന് സംഭവിച്ച മാറ്റത്തെയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നത്.  ഗോപിയുടെ വരവിനു മുന്നെ അയയിൽ വൃത്തിയായി മടക്കിയിട്ടിരിക്കുന്ന സാരികളിൽ നിന്നാരംഭിക്കുന്ന കാഴ്ച  ഒടുങ്ങുന്നതാകട്ടെ അവയെല്ലാം അയയിൽ അലസമായി ചുളിഞ്ഞു കിടക്കുന്നതിലേയ്ക്കാണ്.  അത്തരത്തിൽ ‌അവശേഷിക്കപ്പെടുന്ന ചുളിഞ്ഞു മടങ്ങലുകളുടെ, അപഭ്രംശങ്ങളുടെ, കലങ്ങി മറിയലുകളുടെ, നിറമാറ്റങ്ങളുടെ ആകെത്തുകയാണ് സിനിമയിൽ അടയാളപ്പെടുത്തുന്നത്.

സിനിമയുടെ ചിത്രീകരണം കേരളം വിടുന്നതിന് അഥവാ ശാരിയുടെ മുറിയുടെ പ്രദേശം അടയാളപ്പെടുത്തുന്നതിന്  മൂന്നു പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് മൂലധന സംബന്ധിയാണ്. അക്കാലത്ത് കർണ്ണാടകത്തിൽ വച്ചു ചിത്രീകരിക്കുന്ന സിനിമകൾക്ക് അമ്പതിനായിരം രൂപ സഹായധനമുണ്ടെന്ന  ആശ്വാസത്തിലാണ് സിനിമ അങ്ങോട്ടു പോയതെന്ന് സാധൂകരണം. രണ്ടാമത്തേത് പ്രായോഗികമായ കാരണമാണ്. വയനാട്ടിൽ നിന്നും ഒരു വിപ്ലവകാരിക്ക് (കർണ്ണാടകത്തിലെ) ഒരു  നഗരത്തിലേയ്ക്ക് ഒളിച്ചു കടക്കാനുള്ള സാധ്യത. മൂന്നാമത്തേതും യുക്തിപരവുമായ കാരണത്തിനാണ് ഇതിവൃത്ത സംബന്ധിയായി ഊന്നൽ കൊടുക്കേണ്ടി വരുന്നത്.  സ്ത്രീയ്ക്ക് സ്വന്തമായി ഒരു മുറിയും സാമ്പത്തിക സ്വാശ്രയത്വവുമുണ്ടെങ്കിലെ സമത്വം സാധ്യമാകൂ എന്ന് പറഞ്ഞത് വെര്‍ജീനിയ വൂള്‍ഫാണ്. വിപ്ലവകാരിയുടെ ഒളിത്താവളമെന്നതിലുപരി 1975-  ഒരു സ്ത്രീയ്‌ക്ക് ‌തനിച്ചൊരു മുറിയിൽ താമസിക്കാനുള്ള സാഹചര്യം, പ്രത്യേകിച്ച് ഒരു പുരുഷ സുഹൃത്തിനെ കൂടെ താമസിപ്പിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ ഒരു നഗരവും നൽകുന്നില്ലെന്ന അവസ്ഥകൊണ്ട് കൂടിയാകണം ശാരിയുടെ ജോലിയിടത്തെ, തനിത്താമസ മുറിയെ കേരളത്തിനു വെളിയിലുള്ളൊരു നഗരത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുന്നത്. സിനിമയിലെ പ്രധാന കഥാപാത്രം ആ മുറി തന്നെയാണ്. വളരെ ചുരുക്കം സമയത്തേയ്ക്കു മാത്രമാണ് സിനിമ മുറി വിട്ടു പുറത്തിറങ്ങുന്നതും. ആ മുറിയ്ക്കകത്താണ് പ്രവാചകനായ ഏകജാതന്റെ രൂപഭാവങ്ങളോടെ, ഒരേ സമയം കാൽപനികവും അതേ സമയം ധൈഷണികവുമായ മൊഴികളോടെ, ജഡിലമായ വൃഥാ നിരാസങ്ങളുടെ മേൽക്കോയ്മയോടെ ഗോപി എന്ന പുരുഷനും പ്രായോഗികമതിയായ, സ്വാഭാവികമായ മാനസിക-ശാരീരിക ചോദനകളെ ഒഴിവാക്കാത്ത, സ്വതശ്ചലനമായ എല്ലാവിധ ചപലതകളേയും ചിന്തകളേയും  ചര്യകളേയും തന്നോടൊപ്പം കൂട്ടുന്ന സ്ത്രീയും മുമ്പെങ്ങോ ഉണ്ടായിരുന്ന പ്രണയത്തിന്റെ ഓർമ്മകളുടെ പലിശച്ചിലവിൽ കുറച്ചു നാൾ ഒരുമിച്ചു താമസിക്കാനൊരുങ്ങുന്നത്. വിപ്ലവകാരിയ്ക്ക് ശരീരവും ലൈംഗികതയുമെല്ലാം നിഷിദ്ധമാണെന്ന നിരാസനൈരന്തര്യത്തിന്റെ വിപ്ലവ വാർപ്പുമാതൃകയായ പുരുഷനും, സഹജമായ ആത്മചോദനകളേയും സ്വാഭാവികമായ ശാരീരികവാഞ്ജകളേയും തന്നാൽ കഴിയുന്ന വിധം പ്രകടിപ്പിക്കുന്നൊരു സ്ത്രീയും വ്യവസ്ഥാപിതമായൊരു കെണിമുറിയിൽ അറിയാവിധം അകപ്പെടുന്നു.


എന്നാൽ ആ മുറിയെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുമ്പോൾ ആണ്‍കോയ്മയേയും, പ്രതിലോമതയും പതിയെ തലനീട്ടുന്നതു കാണാം. ശാരിയുടെ മുറി ഒരുക്കിയിരിക്കുന്നത് ഗോപിയ്ക്ക് അനുഗുണമായാണ്.  അയാളുറങ്ങുന്നത് അവളുടെ കട്ടിലിലും, അവളുറങ്ങുന്നത് തറയിലുമാണ്. അതിഥിയായെത്തുന്ന ഗോപിയ്ക്കുള്ള ആനുകൂല്യമായി അതിനെക്കണ്ട് മാറാമെന്നു വച്ചാൽ ഒരു കണ്ണാടി നമ്മളെ കുഴക്കിക്കളയും. ഏവരേയും പലപ്പോഴും കുഴക്കാൻ കഴിയുന്നതാണ് കണ്ണാടികൾ. എന്നാൽ  ഇവിടെ കണ്ണാടി പ്രപഞ്ചത്തിലെ കാഴ്ചയല്ല, മറിച്ച് കണ്ണാടി സ്ഥാപിക്കപ്പെട്ട നിലയാണ് കാണിയെ കുഴക്കുന്നത്. ശാരിയുടെ തനിത്താമസ മുറിയെന്ന അവകാശമുള്ളയിടത്ത് സ്ഥാപികപ്പെട്ടിരിക്കുന്ന കണ്ണാടിയിൽ ഇരുവരും ചേർന്ന് നോക്കുന്ന രംഗത്ത് ശാരിയ്ക്ക് മുഖത്തിന്റെ പാതി ഭാഗമേ അതിൽ കാണാനാകൂ. എന്നാൽ കുഴിഞ്ഞു രോമാവൃതമായ നെഞ്ചു മുതൽ നിഷേധത്തിന്റെ പ്രതീകമായ നീണ്ട തലമുടി വരെ ഗോപിയ്ക്ക് എളുപ്പത്തിൽ കാണാവുന്ന വിധമാണ് കണ്ണാടിയുടെ നില. ആ കണ്ണാടിയിൽ നോക്കിയാണ് ഒളിജീവിതത്തിനിടെ "ഞാനെന്റെ മുഖം കണ്ടിട്ട് നാളേറെയായി" എന്ന് ‌ഗോപി ആത്മഭാഷണം നടത്തിക്കൊണ്ട് താടിരോമങ്ങളിൽ  വിരലോടിക്കുന്നതും, ഏന്തി വലിഞ്ഞു നോക്കിക്കൊണ്ട് ശാരി തന്റെ നെറുകയിൽ പൊട്ടുകുത്തുന്നതും.

ക്ഷുഭിതയൗവനത്തിന്റെ പ്രസരിപ്പ് പ്രതീതി യാഥാർത്ഥ്യമായെങ്കിലും ശാരിയിലേയ്ക്ക് എത്തപ്പെട്ടിരുന്നത് നഗരത്തെരുവിലെ സിനിമാ പോസ്റ്ററുകളിൽ‌ ആയുധമേന്തി നിൽക്കുന്ന ബോളീവുഡ് സിനിമാ താരങ്ങളിലൂടെയായിരുന്നു. വാർത്തകളിൽ നിന്ന് ‌സ്വയം അകലം പാലിച്ചിരുന്ന അവൾക്ക് വർത്തമാന പത്രത്തിൽ ഗോപി പൊതിഞ്ഞുകൊണ്ടു വന്ന കൈത്തോക്ക് കണ്ട് ഞെട്ടേണ്ട അവസ്ഥയുണ്ടാകുന്നതും അതുകൊണ്ടു തന്നെയാണ്. ഒരാളെ ഗ്രാമത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കാം എന്നാൽ ഗ്രാമത്തെ ഒരാളിൽ നിന്നു മാറ്റിപ്പാർപ്പിക്കാനാകില്ലെന്ന സങ്കൽപ്പത്തെ ന്യായീകരിക്കുന്ന വിധം ശാരിയുടെ ചിന്തകളിൽ ഗ്രാമീണതയും ചര്യകളിൽ വിളക്കു കൊളുത്തി പ്രാർത്ഥനയുമൊക്കെ ബാക്കിയാകുന്നു. എന്നാൽ ഒരേ മുറിയിൽ,  ഭിന്നാവസ്ഥയിൽ നിന്നുകൊണ്ട് പീഡാനുഭവസ്ഥനായ പ്രവാചക തുല്യഭാവത്തോടെ പ്രതിധ്വനി മുഴക്കത്തിന്റെ കമ്പനാവൃത്തിയോടെ ഗോപി പറയുന്നത് "മനുഷ്യർ അന്യോന്യം സ്നേഹിക്കുകയും ഒരോരുത്തരും അന്യന്റെ വാക്കുകൾ സംഗീതം പോലെ ആലപിക്കുകയും ചെയ്യുന്ന ഒരു നാൾ വരുമെ"ന്നാണ്. ആ പറച്ചിൽ, അതിന്റെ കാൽപനിക സാന്നിദ്ധ്യത്തോടെ തന്നെയും, അയാളുടെ മൊത്തം പറച്ചിലുകളുടെയും ആശയങ്ങളുടേയും പ്രതീക്ഷകളുടേയും അവസാന തുരുത്താകുന്നു. ബട്ടൻ പൊട്ടിയ അയാളുടെ ഷർട്ടിൽ അതു തുന്നിപ്പിടിപ്പിച്ചും , പണ്ട് ധരിച്ചിരുന്ന നീല കള്ളികളുള്ള ഷർട്ടിന്റെ ചന്തം പറഞ്ഞും, അയാൾക്കായി സ്വശരീരം അനാവൃതമാക്കാൻ ശ്രമിച്ചുമെല്ലാം അവൾ ആ മുറിയുടെ സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ ഇടപെടലുകൾ നടത്തുന്നു. തങ്ങളുടെ മുൻകാല പ്രണയം എത്ര സ്വാഭാവികയും ശരീര സാന്നിദ്ധ്യമുള്ളതുമായിരുന്നെവെന്ന വിധം അടയാളപ്പെടുത്തിയ ഭൂതകാല രഹസ്യ നിമിഷങ്ങളുടെ ഓർമ്മകളാണ് അതിനവൾക്ക് ഊർജ്ജം പകരുന്നത്. അയാളാകട്ടെ ഇതൊക്കെയും കണ്ടെന്നും ഇല്ലെന്നുമുള്ള മട്ടിൽ സദാ ബീഡിപ്പുകയൂതിക്കൊണ്ട് സമകാലിക വാർത്തകൾ പേറുന്ന പത്രത്താളുകളിലേയ്ക്കു മുഖമാഴ്ത്തുന്ന ഒട്ടകപ്പക്ഷിയായി രൂപാന്തരപ്പെടുന്നു. ശാരീരിക ചോദകൾക്കുമേൽ അയാൾ കടിഞ്ഞാണിട്ട കുതിരയോട്ടുന്ന വണ്ടിയുടെ മണിമുഴക്കം അനുഭവിക്കുന്നു. 

പ്രായോഗികമതിയും  നഗരം തരുന്ന സുരക്ഷയാൽ ധീരയുമായ ശാരിയോട് താനൊരു കൊലപ്പുള്ളിയാണെന്നും, പോലീസ് നിരീക്ഷണത്തിലാണെന്നും, താനെഴുതുന്ന കത്തുകൾ കുഴപ്പങ്ങളുണ്ടാക്കുമെന്നും  അറിയിച്ചുകൊണ്ട് ഭയമുണ്ടോയെന്നു തിരക്കുമ്പോൾ ഗോപി സ്വയം അപഹാസ്യനായി മാറുന്നു. ശാരിയാകകട്ടെ കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവിൽ ‌പൂർണ്ണ വിശ്വാസം പ്രകടിപ്പിക്കയും സ്വന്തം ഇച്ഛാനുസരണം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. തന്റെ വരവ് ശാരിയിൽ ഭയമങ്കുരിപ്പിക്കുമെന്നുള്ള ഗോപിയുടെ മുൻധാരണയ്ക്ക് ഉലച്ചിൽ പറ്റുന്നതോടെ അയാളുടെ സാന്നിദ്ധ്യവും, അവസ്ഥയും പോലും സ്വയം ചോദ്യം ചെയ്യപ്പെടുന്ന നിലപാടുകളിലേയ്ക്ക് മാറുന്നതായി കാണാം. നിലനിൽപ്പിനായി അയാൾ മന്ത്രണങ്ങൾ പോലെ ചിലതെല്ലാം ഉരുവിടുന്നു. ഗോപിയെ സംബന്ധിച്ചിടത്തോളം അഭയകേന്ദ്രമായ കാമുകിയുടെ മുറി ഒരു വിധത്തിൽ അസ്വസ്ഥതകളുടെ ഉറവിടം‌ കൂടിയാണ്. അപൂർവ്വമായി ജാലകത്തിലൂടെയുള്ള എത്തിനോട്ടത്തിനപ്പുറം അപരിചിതമായ ആ നഗരത്തിൽ, മുറിയ്ക്കു പുറത്ത് എന്താണ് നടക്കുന്നതെന്തെന്ന് അയാൾക്ക് അറിയാൻ കഴിയുന്നില്ല. അതിനാകെ ആശ്രയമായുള്ളത് കർശനമായ വിലക്കിനും, പരിശോദനകൾക്കും ശേഷം അച്ചടിക്കപ്പെടുന്ന കടലാസുകളിലെത്തുന്ന വാർത്തകൾ മാത്രം. മുറിയിലടയ്ക്കപ്പെട്ടതിനു ശേഷം മുറിയപ്പെട്ട കാഴ്ചാക്കെടുതികളുടെ ദൃഷ്ടാന്തങ്ങൾ അയാളെ വലയ്ക്കുന്നു. മുന്നോട്ടുള്ള മാർഗമൊരുക്കുന്നതിനായി ഏതു നിമിഷവും പലായനത്തിനു സജ്ജമാകേണ്ടിയിരുക്കുന്ന ഒരു ശരീരത്തേയും പേറിക്കൊണ്ട് പൂർവ്വകാമുകിയുമൊത്തുള്ള വാസം നൽകുന്ന സ്വാസ്ഥ്യവും അയാളെ നിരന്തരം അസ്വസ്ഥനാക്കുന്നുണ്ട്. ഇരുവരും അകപ്പെട്ടിരിക്കുന്ന മുറിയിൽ ഗോപിയ്ക്ക് ശാരിയെ പോലും പൂർണ്ണ വിശ്വാസമില്ലെന്നു കാണാം. കാമുകിയുടെ മുറി അയാൾക്കു സുരക്ഷിതത്വ വിചാരം നൽകുന്നില്ലെന്നു മാത്രമല്ല ‌അവളാൽ താൻ ഒറ്റിക്കൊടുക്കപ്പെടുമോയെന്ന ഭയം അയാൾക്കുണ്ട് താനും. ആ മുറിയിൽ നിന്നും പലായനത്തിനൊരുങ്ങുന്നതിന്റെ തലേന്ന് രാത്രിയിൽ കേൾക്കുന്ന കോഴിയുടെ കൂവൽ അതിലേയ്ക്കുള്ള സൂചനയാണ്. നസ്രേയനായ വിപ്ലവകാരിയുടെ പരിവേഷവും രക്തസാക്ഷിത്വവും ഗോപിയിലേയ്ക്ക് ആരോപിക്കപ്പെടുന്ന സൂചനകൾ സിനിമയിലെമ്പാടുമുണ്ട്. കുരിശിലേറ്റപ്പെട്ട യേശുവിന്റെ തിരുരൂപത്തെ കാണിച്ചുകൊണ്ടും, ഗോപി കൈവിടർത്തി ചുമലു വിരിച്ച് ചാഞ്ഞിരുന്ന് ബീഡിപ്പുകയാസ്വദിക്കുന്ന സമയത്ത് അയാളുടെ ശരീരം കുരിശേറ്റത്തിന്റെ ഉടൽ സമാനത സ്വീകരിച്ചും അടയാളങ്ങൾ കാണിക്കുന്നു. എന്നാൽ ഗാഗുല്‍ത്താ മലയിലേയ്ക്ക് കുരിശും പേറിയുള്ള യാത്രയെ ഓർമ്മിപ്പിക്കുന്ന ഒരു ദൃശ്യത്തിൽ ഗോപിയാകുന്ന കുരിശുഭാരത്തെ വഹിച്ചു മുന്നേറുന്നത് ശാരിയാണ്.

ഗോപിയുടെ ഉള്ളിലെവിടെയോ ബാക്കിയാകുന്ന ഉള്ള പഴയ കാമുകനെ തിരികെപ്പിടിക്കാനായി  മുല്ലപ്പൂ ചൂടിയും കുളിച്ചീറൻ മാറിയും വസ്ത്രം മാറുമ്പോൾ പ്രലോഭിപ്പിച്ചുമെല്ലാം നടത്തുന്ന പരിശ്രമങ്ങൾ ശാരിയെ തുണയ്ക്കുന്നില്ല. കേവലമായ ലാവണ്യ സങ്കൽപ്പങ്ങൾക്കുമപ്പുറം ചിലരുടെയെങ്കിലും ചിന്തകൾക്ക് തീ പിടിച്ചിട്ടുണ്ടെന്ന് അവൾ സാവകാശം തിരിച്ചറിയുന്നുമുണ്ട്. പ്രതീതി യാഥാർത്ഥ്യങ്ങൾക്കപ്പുറമുള്ള വിവേക സ്ഫുരണങ്ങൾ അവളിൽ നാമ്പെടുക്കുന്നു. രഹസ്യക്കത്ത് ഏൽപ്പിക്കേണ്ടയാളെ ശാരിയ്ക്ക് ഗോപി വിവരിച്ചു കൊടുക്കുന്നത് "ഗോപാലൻ എന്നാണ് പേര്. കഷണ്ടിയുള്ള ഉയരം കുറഞ്ഞ ഒരാളാണ്" എന്ന വാക്കുകളിലൂടെയാണ്. തുടർന്നു കാണിക്കുന്ന ദൃശ്യത്തിൽ തെളിയുന്നതാകട്ടെ നരഗത്തെരുവിലെ ചുമരിലൊട്ടിച്ചിരിക്കുക്കുന്നൊരു അശ്ലീല(?) സിനിമാ പരസ്യം. അർദ്ധനഗ്നയായ യുവതിയുടെ സാന്നിദ്ധ്യത്തിൽ അജാനുബാഹുക്കളായ, പേശീ-കേശ സമൃദ്ധരായ രണ്ട് പേർ പോസ്റ്ററിൽ മല്ലയുദ്ധം നടത്തുതാണത്. കർശനമായ വിലക്കുകളുടേയും പരിശോദനകളുടെയും കാലത്തിൽ പ്രതീതിയും, നേരും തമ്മിലുള്ള അന്തരത്തെ ആ വിധം  സിനിമ അടയാളപ്പെടുത്തുന്നു. അശാന്തികൾക്കിടയിലും വേണമെങ്കിൽ സുരക്ഷിതമെന്നു പറയാവുന്നൊരു ഒരു ജീവിതം ശാരിയ്ക്ക് കൈയ്യെത്തുന്നിടത്തുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സമ്പന്നനായ മാനേജരുടെ ഭാര്യയാകാനുള്ള ക്ഷണമാണത്. ശാരി ആ ക്ഷണത്തോട് വിസമ്മതിക്കുമ്പോഴും വളരെ മാന്യതയോടെ വിശാലഹൃദയത്വം കൈമോശം വരാതെ സൗഹൃദം തുടരണമെന്നു പ്രതികരിക്കുന്ന മാനേജർ എന്ന പുരുഷൻ വിവാഹ ശേഷം വീടിനകത്ത് ഏതു വിധം അധികാരിയാകുമെന്നതിനെക്കുറിച്ചുള്ള ശാരിയുടെ ഭാവിഭയത്തെ സമർത്ഥമായ ചില സൂചനകളിലൂടെ സിനിമ പ്രതിനിധാനം ചെയ്യുന്നു.

കബനീ നദി ചുവക്കുന്നതിനു മുന്നെയാണ് മലയാള സിനിമയിൽ ഭാർഗവീ നിലയവും, മുറപ്പെണ്ണും, ചെമ്മീനും, ഇരുട്ടിന്റെ ആത്മാവും, ഓളവും തീരവും, സ്വയംവരവും, നിർമ്മാല്യവും, ഉത്തരായനവുമൊക്കെ വരുന്നത്. കബനീ നദി ചുവന്നതിനോടൊപ്പമാണ് സ്വപ്നാടനം, പ്രയാണം, അതിഥി, പുനർജന്മം എന്നീ ശ്രദ്ധേയങ്ങളായ സിനിമകളും പിറന്നത്. ആഖ്യാനത്തിലും, ഇതിവൃത്തത്തിലുമെല്ലാം ഭിന്നമായ മാനങ്ങളും വിഷയങ്ങളും സ്വീകരിച്ച ഈ സിനിമകളെല്ലാം ഫലത്തിൽ ഒരു മാറ്റത്തിന്റെ ഗതി നിശ്ചയിക്കുകയായിരുന്നു. അതിൽ തന്നെ കബനി, സംഭാഷണത്തിലും പാത്ര നിർണ്ണയത്തിലും ‌ഇതര സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നയം വ്യക്തമാക്കുന്നു. സിനിമ സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങുകയും, കഥാപാത്രങ്ങൾ നാട്ടുഭാഷ കലർന്ന സംഭാഷണം നടത്തുകയും ചെയ്ത അക്കാലത്ത് കബനിയിലെ സ്ത്രീ സ്വരം റേഡിയോ നാടകങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്; പുരുഷന്റേതാകട്ടെ പ്രഖ്യാപനങ്ങളും. ഇവ രണ്ടും അച്ചടിഭാഷയെ വായ്മൊഴിൽ പകർത്തുന്നു. ബക്കറിന്റെ തന്നെ മണിമുഴക്കമെന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം നേടിയ ‌വിപിന്‍ദാസ് ഒരുക്കിയിരിക്കുന്ന കബനീ നദിയുടെ ക്യാമറക്കാഴ്ച പ്രമേയത്തിനും, രാഷ്ട്രീയത്തിനുമനുസരിച്ച വിധമാണ് ഒരുക്കിയിരിക്കുന്നത്. ദേവരാജന്‍ മാസ്റ്ററുടെ സംഗീതമാകട്ടെ പരിസരത്തോടും, രംഗങ്ങളോടും ശരാശരിയിൽ ഇണങ്ങി നിൽക്കുന്നു. എന്നാൽ ഭരണകൂട ഭീകരതയെ സൂചിപ്പിക്കുന്ന വിധം കാക്കിയുടേയും ബൂട്ടിന്റേയും ചവിട്ടി മെതികൾ തീർക്കുന്നൊരു  ഭ്രമകല്പനാ ദൃശ്യത്തിന് പശ്ചാത്തലമായി മുഴങ്ങുന്ന അരോചക ശബ്ദവീചികളുടെ സ്വരൈക്യം കേൾവിക്കാരന്റെ സ്വൈര്യം കെടുത്തുന്ന വിധത്തിൽ ‌മേൽക്കൈ നേടുന്നു. 

നിലവിലെ വ്യവസ്ഥിതിയേയും, സമൂഹത്തിൽ ന്യൂനപക്ഷമെങ്കിലും പേറുന്ന അന്യതാബോധത്തേയും, ഭരണകൂടത്തിന്റെ വിലക്കുകളേയും, ജീവിതമാകുന്ന ഒഴുക്കെന്ന സങ്കൽപ്പത്തേയുമൊക്കെ രേഖപ്പെടുത്താൻ ശ്രമിക്കുന്ന സിനിമയെടുക്കുന്ന കാലത്ത് രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികമായും നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ‌ബക്കർ, പവിത്രൻ, ചന്ദ്രൻ എന്നിവർ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി നൽകാമെന്നേറ്റിരുന്ന സഹായ ഹസ്തങ്ങൾ പിൻവലിഞ്ഞൊളിച്ചു, പറഞ്ഞുറപ്പിച്ചിരുന്ന ഇടങ്ങൾ ലൊക്കേഷനാക്കുന്നതിൽ വിസമ്മതങ്ങളുണ്ടായി, സാങ്കേതിക സഹായികളും തൊഴിലാളികളുമെല്ലാം പലപ്പോഴും പിൻവാങ്ങി. സംരഭത്തിനു നേതൃത്വം നൽകിയവർ കേരളത്തിനു പുറത്തും അകത്തും വച്ച് പലതവണ  അറസ്‌റ്റിനും ലോക്കപ്പിനും ചോദ്യം ചെയ്യലുകൾക്കും വിധേയരായി. ഇവയെയെല്ലാം അതിജീവിച്ചു നടത്തിയ ശ്രമഫലമായ ഉൽപ്പന്നത്തിന്മേൽ സെൻസർ ബോർഡും പോലീസും ചേർത്ത് കുത്സിതമായ കുസൃതിയോടെ കത്രികയോടിച്ചു കളിച്ചു. എന്നിട്ടും ആ സിനിമയ്ക്ക് മികച്ച സംവിധായകനും, രണ്ടാമത്തെ ചിത്രത്തിനുമുള്ള പുരസ്കാരം ലഭിച്ചു. ഭരണകൂടത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് വികലമാക്കപ്പെട്ട ഒരു സൃഷ്ടിയെ അധികാരത്തിമിരക്കാഴ്ചയോടെ ആസ്വദിച്ച ഒരു ഭരണാധിപൻ "നക്സലേറ്റായാൽ വെടിവച്ചുകൊല്ലു"മെന്നുള്ളതാണ് ഈ സിനിമയുടെ ഗുണപാഠമെന്ന് ആസൂത്രിതമായി പ്രസ്താവിച്ചു. അടിയന്തിരാവസ്ഥയ്ക്കും, വ്യാജ ഏറ്റുമുട്ടലുകൾക്കും, അറസ്റ്റുകൾക്കും, പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കുമെല്ലാം വിധേയരായ വിപ്ലവ പ്രവർത്തകരുടേയും അനുഭാവികളുടെയും തുടർ സമാഗമത്തിന് സാക്ഷ്യം വഹിച്ചതും കബനീ നദി എന്ന സിനിമയുടെ പ്രദർശനയിടങ്ങളായിരുന്നു. അയയിൽ അലക്കി മടക്കി വിരിച്ചിട്ട എന്തിനെയൊക്കെയോ ഉലയ്ക്കാനും ചുളിയ്ക്കാനും ഈ സിനിമ ശ്രമം നടത്തിയിട്ടുണ്ട്.  ആ വിധത്തിലെല്ലാം മലയാള സിനിമയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും തീർത്തും ഭിന്നമായൊരു സാന്നിദ്ധ്യം ഇക്കാലത്തും കബനിയുടെ ഒഴുക്കിനുണ്ട്.


 

(c)2009 Devadas V.M [ vm.devadas@gmail.com ]