Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Monday, August 7, 2017

ചെപ്പും പന്തും (നോവൽ)


അചേതനവും പരസ്പര ബന്ധമില്ലാത്തതുമായ രണ്ട് വസ്തുക്കളാണ് ചെപ്പും പന്തും. എന്നാൽ അവ കൂടിച്ചേരുമ്പോൾ, ചരിത്രത്തിലെ തന്നെ ഏറ്റവും പഴയതും, എന്നാൽ ഇപ്പോഴും ഏവരെയും ആകർഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ മദ്രാസിൽ താമസിച്ചിരുന്ന ഉബൈദിന്റെയും, രണ്ടായിരത്തി പത്തുകളിലെ ചെന്നൈയിൽ താമസിക്കുന്ന മുകുന്ദന്റെയും ‌ജീവിതമാണ് ചെപ്പും പന്തുമെന്ന നോവലെന്ന് ചുരുക്കി പറയാം. ചെപ്പും പന്തും എന്റെ മൂന്നാമത്തെ നോവലാണ്. ആദ്യ രണ്ട് നോവലുകൾക്കിടയിൽ വലിയ ‌കാലയകലമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ‌ചെപ്പും പന്തും എഴുതി പൂർത്തിയാകുന്നത്. ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായ വർഷങ്ങളായിരുന്നു ആ വിധം കടന്നു പോയത്. അതിനിടെ പലപ്പോഴായി കുറിച്ചു വച്ചതും ഉപേക്ഷിക്കപ്പെട്ടതും ആയവയിൽ നിന്ന് ‌തനിയെ ഉയർന്നു വന്ന കഥാപാത്രങ്ങളെയും ഇടങ്ങളെയും രേഖപ്പെടുത്താനുള്ള ആ ശ്രമം വിഫലമായില്ലെന്ന് കരുതുന്നു. അങ്ങനെയൊടുക്കം ചെപ്പും പന്തും പൂർണ്ണരൂപത്തിൽ ഒരുക്കപ്പെട്ടു.

DC Books Online Store Link : https://onlinestore.dcbooks.com/books/cheppum-panthum

എഴുത്തുസൗകര്യമൊരുക്കിത്തന്ന നിഷ, നോവലിന്റെ ആശയരൂപീകരണ കാലം മുതലേ എഴുത്തിന് കരുത്തായി കൂടെ നിന്ന സുരേഷ് പീറ്റർ, സമകാലിക മലയാളം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കാനായി ഈ നോവൽ പരിഗണിച്ച സജി ജെയിംസ് കലേഷ്, ഇതിവൃത്തത്തിന് യോജിച്ച വിധം ചിത്രീകരണം നടത്തിയ മഞ്ജേഷ്, നോവലിന് പഠനക്കുറിപ്പെഴുതിയ ഗിരീഷ് അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവച്ച സന്തോഷ് അൻവർഅബ്ദുള്ള, പ്രശാന്ത്, അഞ്ജു, ശശി ചിറയിൽ, ക്യാൻസർ ബാധിതനായി മരണത്തിന് കീഴ്‌പ്പെടുന്നതിന് ‌നാലഞ്ചു ദിവസം മുന്നെ ആശുപത്രിക്കിടക്കയിൽ വിശ്രമിക്കവെ വാരികയിലെ നോവൽ ഭാഗം വായിച്ച ശേഷം അതിലെ ചിത്രം ‌വാട്ട്‌സാപ്പ് ‌മെസേജയച്ച ഹരികൃഷ്ണൻ , പ്രൂഫ് റീഡിംഗിന് സഹായിച്ച അഞ്ജലി, ഫോണ്ട് ‌പ്രശ്നങ്ങൾ പരിഹരിച്ചു തന്ന ഷാജികുമാർ, കെവിൻ, ചെപ്പും പന്തും പുസ്തക രൂപത്തിലൊരുക്കിയ ഡി.സി ബുക്ക്‌സിന്റെ പ്രസാധക സുഹൃത്തുക്കൾ, പുസ്തകപ്രസിദ്ധീകരണത്തിന് എകോപകനായി പ്രവർത്തിച്ച പ്രകാശ് മാരാഹി തുടങ്ങി ഒട്ടേറെ പേരെ സ്നേഹത്തോടെ ഓർക്കുന്നു. ചെപ്പും പന്തും എഴുതി പൂർത്തിയാക്കുന്ന കാലത്തിനിടെ ഉണർവ്വും ഊർജ്ജവുമായി കൂടെ നിന്ന ‌സകലർക്കും സകലതിനും ഞാൻ കടപ്പെട്ടിരിക്കുന്നു.

അത്ഭുതങ്ങളേതുമില്ലാത്ത വിധം സാധാരണമായ നിത്യകര്‍മ്മങ്ങളാൽ ചുറ്റിലുമുള്ളവരെയും തന്നെയും തിരിച്ചറിയപ്പെടാതെ അപരജീവിതം നയിച്ച് ലോകമെമ്പാടുമുള്ള മഹാനഗരങ്ങളിൽ ഉപജീവനം നടത്തവേ ആയു‌സ്സൊടുങ്ങുകയോ അപ്രത്യക്ഷരാകുകയോ ചെയ്യുന്ന മനുഷ്യർക്ക് ‌മുന്നിൽ ഈ നോവൽ സമർപ്പിക്കുന്നു.

സസ്നേഹം...



Saturday, December 26, 2015

ചെപ്പും പന്തും - എഴുത്തിനെക്കുറിച്ച്.


അങ്ങനെയത് സംഭവിച്ചിരിക്കുന്നു. മൂന്നാമത്തെ നോവലും എഴുതിത്തീർന്നു. രണ്ട് ഭാഗങ്ങളുള്ള നോവലിന് 'ചെപ്പും പന്തും' എന്നാണ് തലകെട്ട് ഇട്ടിരിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ മദ്രാസ്സിൽ താമസിച്ചിരുന്ന ഉബൈദിന്റെയും, രണ്ടായിരത്തി പത്തുകളിലെ ചെന്നെയിൽ താമസിക്കുന്ന മുകുന്ദന്റെയും ‌ജീവിതമാണ് ചെപ്പും പന്തുമെന്ന് ചുരുക്കി പറയാം. അചേതനമായ പരസ്പര ബന്ധമില്ലാത്ത രണ്ട് വസ്തുക്കളാണ് ചെപ്പും പന്തും. എന്നാൽ അവ കൂടിച്ചേരുമ്പോൾ, ചരിത്രത്തിലെ തന്നെ ഏറ്റവും പഴയതും എന്നാൽ ഇപ്പോഴും ഏവരെയും ആകർഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. അതു പോലെയാണ് പല കാലങ്ങളിലായി ഒരു വാടകത്താമസ മുറിയിൽ കഴിഞ്ഞിരുന്നു എന്നതൊഴിച്ചാൽ പരസ്പരം മറ്റു ബന്ധങ്ങളൊന്നും തന്നെയില്ലാത്ത ഉബൈദിന്റെയും മുകുന്ദന്റെയും കഥകൾ.
അദ്യ നോവലായ ഡിൽഡോ 2009-ലാണ് പുറത്തിറങ്ങിയത്, തൊട്ടടുത്ത വർഷം പന്നിവേട്ടയും. വിമർശനങ്ങളും അഭിനന്ദനങ്ങളും ചില അംഗീകാരങ്ങളുമെല്ലാം ആ നോവലുകൾക്ക് ലഭിച്ചു. തുടർന്നുള്ള 5 വർഷം നോവലുകളൊന്നും സംഭവിച്ചില്ല. കുറച്ച് കഥകളെഴുതി. രണ്ട് സമാഹാരങ്ങൾ പുറത്തിറങ്ങി. മൂന്നാമത്തേതിനുള്ള കാര്യങ്ങൾ ഇപ്പോൾ ആലോചിക്കുന്നു. അപ്പോഴും എഴുത്തുകാരനെന്ന നിലയിൽ ഉള്ളാലെ ആഗ്രഹിച്ചത് എത്രയും പെട്ടെന്നൊരു നോവലെഴുതുക എന്നതായിരുന്നു. അതിന്റെ കാലദൈർഘ്യവും മാനസികാവസ്ഥയും സന്തോഷവും അസ്വസ്ഥതകളും എഴുത്തു സങ്കേതകളുമൊക്കെ നൽകുന്ന ലഹരി തിരിച്ചു പിടിയ്ക്കുകയെന്നത് അത്രയെളുപ്പമായിരുന്നില്ല. ഇടയ്ക്ക് ‌ ‌ രണ്ടോ, മൂന്നോ , അഞ്ചോ ഒക്കെ അദ്ധ്യായങ്ങൾ എഴുതി ഉപേക്ഷിക്കപ്പെട്ടു. മുമ്പ് ആലോചിച്ച വിഷയങ്ങളിൽ പലതും ഈ അഞ്ച് വർഷങ്ങൾ കൊണ്ട് ഞാൻ തന്നെ മറന്നു പോകുന്ന അവസ്ഥയുമുണ്ടായി. ‌ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായ വർഷങ്ങളായിരുന്നു കടന്ന് പോയത്. ‌ഇടം മാറ്റം, ജോലി മാറ്റം, ചില ബന്ധച്ഛിദ്രങ്ങൾ, ജോലി സ്ഥലത്തെ അന്തച്ഛിദ്രങ്ങൾ, മാറിമറിയുന്ന മാനസികാവസ്ഥ, ഉലയുന്ന സാമ്പത്തികാവസ്ഥ, പുതിയ സാങ്കേതികതകൾ, ജോലിയിലെ ഉയർച്ച, യാത്രകൾ, തുടർച്ചയായ ആരോഗ്യ പ്രശ്നങ്ങൾ, വിവാഹം, കുഞ്ഞ്... അങ്ങനെയങ്ങനെ... അതുകൊണ്ട് തന്നെ നോവലിന് വേണ്ടി ഇടവിടാതെ പുലർത്തേണ്ട ഒരു മാനസിക നിലയും ഏകാഗ്രതയുമെല്ലാം പലപ്പോഴും കൈമോശം വന്നു പോയി. പക്ഷെ അപ്പാടെയതെല്ലാം ഉപേക്ഷിയ്‌ക്കാനും ഒരുക്കമായിരുന്നില്ല. എഴുത്ത് എന്ന പ്രക്രിയയിൽ നിന്ന് വിട്ടു പോകാതിരിക്കാൻ കഥകളെഴുതി. കഥകളെ താഴ്ത്തിക്കെട്ടുകയല്ല; പാലിയ്ക്കേണ്ട ഏകാഗ്രതയുടെയും തുടരേണ്ട മാനസികാവസ്ഥയുടെയും കഥാപാത്ര നിലകളുടെയും കാലദൈർഘ്യവും ആഴവുമാണ് ‌ സൂചന. അങ്ങനെയൊടുക്കം പലപ്പോഴായി എഴുതിയതും കുറിച്ചു വച്ചതും ഉപേക്ഷിക്കപ്പെട്ടതും ആയവയിൽ നിന്ന് ‌ ചെപ്പും പന്തും ‌തനിയെ ഉയർന്നു വന്നു. എഴുത്ത് വീണ്ടും ആരംഭിച്ചു. ആ ശ്രമം വിഫലമായില്ല. ഇത്തവണയത് പൂർണ്ണരൂപത്തിൽ ഒരുക്കപ്പെട്ടു. ‌ കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിൽ ഞാനത് എഴുതി തീർത്തു.
മനസ്സിപ്പോൾ ശൂന്യമാണ്. നാലഞ്ചു വർഷത്തിനിടെ പലപ്പോഴും തെളിഞ്ഞും മറഞ്ഞും കൂടെയുണ്ടായിരുന്ന ആളുകളും ഇടങ്ങളുമൊക്കെ ഒരു ജാലവിദ്യയാലെന്ന പോലെ അപ്രത്യക്ഷമായതിന്റെ അമ്പരപ്പ്. പക്ഷെ ഇതിന്റെ ബാധ തീരാൻ കുറച്ചു കാലമെടുക്കും. പതിയെ വേണം അടുത്തതിലേയ്ക്ക് കടക്കാൻ. അതിനായി വിശ്രമവും ഇടവേളയും അനിവാര്യമാണ് താനും. ഇതും ഉപേക്ഷിക്കപ്പെടുമോ എന്ന എഴുത്തു ഭയത്തിന്റെ, മാനസിക തളർച്ചയുടെ സമയങ്ങളിലെല്ലാം കൂടെ നിന്നവർക്കും, ആശയവും കഥാഗതിയും പങ്ക് വയ്ക്കുമ്പോൾ നൽകിയ പിന്തുണകൾക്കും അകമറിഞ്ഞ നന്ദി അറിയിക്കുന്നു. എഴുത്തുകാലത്തെ ആമയോട്ടത്തിന്റെ മന്ദവേഗത്തിലും, മുയലുറക്കത്തിന്റെ അലസതയിലും ഒരു പോലെ കൂടെ നിന്ന ‌സകലർക്കും സകലതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. ചെപ്പും പന്തും വൈകാതെ ഖണ്ഡശ പ്രസിദ്ധീകരിച്ച് തുടങ്ങുമെന്നും, ശേഷം പുസ്തക രൂപത്തിലാകുമെന്നും പ്രതീക്ഷിയ്ക്കാം. ബാക്കിയെല്ലാം വായനകൾക്കായി വിട്ടുകൊടുക്കുന്നു.
ഏവർക്കും പുതുവത്സരാംശംസകൾ.
സസ്നേഹം..

Wednesday, December 31, 2014

മനുഷ്യരോട്, യന്ത്രങ്ങളോട്, ഭാവിയോട്...


പ്രിയ ഹോബ്സ്,

വഴിയിൽ തങ്ങാതെ വരാനിരിക്കുന്ന ഭാവിയെക്കുറിച്ചോർക്കുമ്പോൾ താരതമ്യേന വലിയ കേടുപാടുകളില്ലാത്ത ഒരു വർഷമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും, അവന്റെ ബാലാരിഷ്ടതകൾ നൽകുന്ന രക്ഷാകർത്തൃ ആകുലതകളുമായി എന്റെയും ഭാര്യയുടെയും ജീവിതം കുറച്ചു കൂടി തിരക്കുള്ളതായി മാറിയിരിക്കുന്നു. പപ്പയുടേയും അമ്മയുടേയും ആരോഗ്യം കൂടുതൽ മോശമാകുന്നു. എങ്കിലും മരുന്നും മന്ത്രവുമൊക്കെയായി അവർ അതിജീവനം നടത്തുന്നു. പ്രശ്നഭരിതമായിരുന്നെങ്കിലും വലിയ തരക്കേടില്ലാതെ ഈ വർഷത്തെ ഔദ്യോഗിക കാര്യങ്ങളൊക്കെ നടന്നെന്നാണ് കരുതുന്നത്. ഒരു പുസ്തകം കൂടി പുറത്തിറങ്ങി. മുന്ന്  കഥകൾ പ്രസിദ്ധീകരിച്ചു. അവയ്ക്കെല്ലാം അത്യാവശ്യം ശ്രദ്ധയും  പ്രതികരണങ്ങളും ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരു ഹ്രസ്വചലച്ചിത്രത്തിന് തിരക്കഥയെഴുതി. പാതയിലുപേക്ഷിച്ച നോവലെഴുത്തിന്റെ ആമയിഴച്ചിലുകൾ മുയൽ വേഗങ്ങളെ തോൽപ്പിക്കാൻ തല വെളിയിലിടുന്നുണ്ട്. എഴുത്തിഴയുന്നുണ്ടെങ്കിലും, അത് അളവല്ലാത്ത സന്തോഷവും പ്രതീക്ഷയും ഇപ്പോഴും നൽകുന്നുണ്ട്. വായന താരതമ്യേന കുറവായ വർഷമായിരുന്നെങ്കിലും തേടിപ്പിടിക്കേണ്ടവയെ ആവിധം തന്നെ കണ്ടെത്തുന്നുണ്ട്. പക്ഷേ, സിനിമ കാണുന്നത് വളരെ കുറഞ്ഞു. അടുത്ത വർഷം അക്കാര്യത്തിലൊരു ശ്രദ്ധക്കൂടുതൽ കാണിക്കണമെന്നുണ്ട്. അവനവന്റെ ഉള്ളിലേയ്ക്കുള്ള ചുരുങ്ങലിന് ഇരട്ടിവേഗം കൈവന്നിരിക്കുന്നു. സൗഹൃദസംഭാഷണങ്ങൾ തീരെക്കുറവ്. ഫോൺ ‌വിളികൾ വിരളം. നീക്കിവയ്ക്കാൻ സമയമില്ലാത്തതിനാൽ പല ചർച്ചാക്കൂട്ടങ്ങളിൽ നിന്നും വിട്ടു മാറിയെങ്കിലും ഇടപെടാൻ കഴിയുന്നിടത്ത് സൗകര്യം പോലെ അത് ചെയ്യാറുമുണ്ട്. ഒന്നും കൃത്യമായെടുക്കുന്ന തീരുമാനങ്ങളല്ല, മറിച്ച് അവനവൻ ‌ചുരുങ്ങലിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. എങ്കിലും ഒരു വിളിപ്പുറത്ത് അവരെല്ലാവരുമുണ്ട്, ഞാനത്രയകലെയൊന്നുമല്ല എന്നൊരു തോന്നലുണ്ട്. ജീവിക്കുന്ന രാജ്യത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രീയവും മനോനിലകളും കൂടുതൽ ഭീതിതവും പ്രാകൃതവുമാകുന്ന നാളുകളിലൂടെയാണ് കടന്നു പോകുന്നത്.  അത്തരം ആകുലതകളെ തെല്ലൊന്ന് സാന്ത്വനപ്പെടുത്താനെന്നോണം ഒറ്റയ്ക്കും തെറ്റയ്ക്കുമായി ജനം തെരുവിലിറങ്ങി പ്രതികരിക്കുന്നുണ്ട്. ദുരൂഹവും വിദൂരവുമെന്ന്  ഒരിക്കൽ കരുതിയിരുന്ന ഭാവികാലം… അതിങ്ങ് ‌തൊട്ടുമുന്നിലെ വർത്തമാന നിമിഷമാകുമ്പോൾ സംഭവിക്കുന്ന പരിഭ്രാന്തികൾക്ക് മറു മരുന്നായി പ്രതീക്ഷയല്ലാതെ മറ്റെന്താണ് കൈമുതലായുള്ളത്. ഞാൻ ‌മനുഷ്യരോട്, യന്ത്രങ്ങളോട്, ഭാവിയോട് എല്ലാം കൂടുതൽ കൂടുതൽ പ്രതീക്ഷയോടെ തന്നെ പെരുമാറാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. പുതുവത്സരാശംസകൾ.


സസ്നേഹം…
ദേവദാസ് വി.എം

Monday, September 22, 2014

സ്വയം തീറ്റയാകുന്ന മണ്ടൻ പുലിയുടെ കഥ

പരുന്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താനായി പ്രാവിന്റെ തൂക്കത്തോളം മാസം സ്വന്തം തുടയിൽ നിന്ന് അറുത്ത് നൽകിയ ശിബി ചക്രവർത്തിയുടെ സോദ്ദേശ ഗുണപാഠ കഥ കേൾക്കുന്നതിനൊക്കെ വളരെ മുമ്പ് ഞാൻ കേട്ട മറ്റൊരു കഥ സ്വന്തം ഇറച്ചി തിന്നുന്നൊരുങ്ങിയ മണ്ടച്ചാരായൊരു പുലിയുടേതായിരുന്നു.  ഒരു പക്ഷെ എനിക്കോർത്തെടുക്കാൻ പറ്റുന്ന, ഞാനാദ്യം കേട്ട കഥ അതായിരിക്കണം. ആ കഥ പറയുന്നത് മറ്റാരുമല്ല, എന്റെ അച്ഛാച്ചനായിരുന്നു. മെലിഞ്ഞു നീണ്ട ശരീരവും, കാൽ മുട്ടോളമെത്തുന്ന കൈകളും, പ്രായമായിട്ടും ഉപേക്ഷിക്കാത്ത പുകവലിയുടെ ആയാസത്താലുള്ള കിതപ്പും, കഫം കുറുകുന്ന ശബ്ദവുമായിരുന്നു ആ കഥയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ. കഥ പറയുന്നതിനനുസരിച്ച് ശബ്ദം പല ആവൃത്തികളിൽ കയറിമറിയും, കൈകൾ വിടർന്നു കാഴ്ചയുടെ ക്യാൻവാസൊരുക്കും. ആംഗ്യചലനവിക്ഷേപങ്ങളോടെ കഥ പറയുന്നവർക്ക് നീളമുള്ള കൈകൾ അനുഗ്രഹമാണ്. ശരീരഭാഷയിൽ അത് വിവരണത്തിനുള്ള സാധ്യത പതിന്മടങ്ങാക്കുന്നു. അത്ഭുതം കൂറുന്നൊരു ശബ്ദത്തോടെ അവർ ഇരു കൈകളും നീട്ടി വിടർത്തുമ്പോൾ കാഴ്ച പൊടുന്നനെ പതിനാറിൽ നിന്ന് എഴുപത് എം.എം തിരശ്ശീലയിലേയ്ക്ക് ദൃഷ്ടികേന്ദ്രമുറപ്പിക്കുന്നു.  ആ തിരശ്ശീലയിൽ  കഥ പറച്ചിലുകാരനായ എന്റെ അച്ഛാച്ചൻ ഒരു കാടിന്റെ ദൃശ്യമൊരുക്കുന്നു. അവിടെ സുത്രശാലിയായൊരു കുറുക്കനും മണ്ടച്ചാരാമൊരു പുലിയും പാർക്കുന്നു. കോഴിയെ മോഷ്ടിക്കാൻ വേണ്ടി കാടിറങ്ങി നാട്ടിലെത്തുന്ന ഒരു കുറുക്കനെ കാണുന്നില്ലേ? രാത്രിയിൽ ആ കുറുക്കൻ പാത്തു പതുങ്ങിച്ചെന്നെത്തുന്ന വീട്ടിലെ കാലിയായ കൂട്ടിലെ കോഴികളെല്ലാം വിരുന്നുകാർക്കുള്ള വിഭവമായി അടുക്കളയിലെ കറിച്ചട്ടിയിലിരിക്കുന്നതിന്റെ മണമടിക്കുന്നില്ലേ? ഗത്യന്തരമില്ലാതെ കുറുക്കൻ കോഴിക്കറിയുള്ള ചട്ടിയുമെടുത്ത് കാട്ടിലേയ്ക്ക് മണ്ടുന്ന കാഴ്ചയിൽ ചിരി പൊട്ടുന്നില്ലേ? പറച്ചിലിനനുസൃതമായി വിടർന്നു വിന്യസിക്കുന്ന കൈകകളെ ഇടയ്ക്കെല്ലാം മടക്കി വിളിച്ച് മുഴുവനും നരച്ച മുടിയിൽ വിരൽ കോതിക്കൊണ്ടും, ഇടമുറിയാതെ വിവരണം നടത്തുന്നതിന്റെ ആയാസത്താൽ കിതച്ചും, ഇടയ്ക്ക് ചുമച്ചും, ഇടവേളകളില്ലാതെ കഥയങ്ങനെ തുടരുകയാണ്. ആരുടേയും കണ്ണിൽ പെടാതെ തഞ്ചത്തിലൊരു പാറപ്പുറത്തിരുന്ന് ചട്ടിയിൽ നിന്ന് ഇറച്ചി തിന്നവേ, തന്റെയരികിലെത്തുന്നൊരു മണ്ടൻ പുലി തീറ്റയുടേ പാതി ചോദിച്ചപ്പോൾ “അയ്യോ! ഇത് തരാൻ നിവൃത്തിയില്ലല്ലോ. വിശന്നു വലഞ്ഞ് ഗത്യന്ത്യരമില്ലാതെ ഞാൻ എന്റെ ചന്തി നുള്ളി തിന്നുകയാണ്. വേണമെങ്കിൽ ഒരു കഷ്ണം മാത്രം തരാം” എന്ന് സൂത്രശാലിയായ കുറുക്കൻ പറയുന്നിടത്ത് കഥ പറച്ചിലുകാരൻ ഇരിക്കുന്നത് കറിച്ചട്ടിയുടെ പുറത്താണോയെന്ന് സംശയം തോന്നാം. കുറുക്കന്റെ ഉപദേശം കേട്ടതു പ്രകാരം  മുളകും മസാലയുമരച്ച് ചന്തിയിൽ പുരട്ടി നട്ടുച്ച വെയിലത്ത് പൊള്ളുന്ന പാറപ്പുറത്തിരുന്ന്  വേവുന്ന, സ്വന്തം ശരീരത്തിലെ മാസം നുള്ളിത്തിന്നുന്ന, ആ കൊതിയനും മണ്ടനുമായ പുലിയുടെ കഥ തീരുന്നത് ഒരുവിധ ഗുണപാഠങ്ങളുമില്ലാതെയായിരുന്നു. എത്ര ആവർത്തിച്ചാലും ആ കഥയുടെ അവസാനം “പുലിയച്ചൻ ഇങ്ങനെയിങ്ങനെ നുള്ളിത്തിന്നു...” എന്നൊരു വാചകവും, അധികച്ചേർപ്പായൊരു ചുമലു കുലുക്കിച്ചിരിയുമല്ലാതെ മറ്റൊന്നും ബാക്കിയാകില്ല.  അത്രയ്ക്ക് കണിശം!


ഡാനിയേൽ വല്ലേസിന്റെ നോവൽ ആധാരമാക്കി ടിം ബർട്ടൻ  ഒരുക്കിയ "ബിഗ് ഫിഷ്" എന്ന സിനിമ കാണാനൊത്തത് അതിറങ്ങി മൂന്ന് വർഷങ്ങൾക്കു ശേഷമാണ്. അപ്പോഴേയ്ക്കും എന്റെ  അച്ഛാച്ചൻ മരിച്ച് ആദ്യത്തെ ആണ്ട് കഴിഞ്ഞിരുന്നു.  സ്വന്തം ജീവിതാനുഭവങ്ങളെ അവിശ്വസനീയമായ രീതിയിൽ കെട്ടുകഥയുടെ മട്ടിൽ അവതരിപ്പിക്കുന്ന അച്ഛനോട് വിദ്വേഷം കൊണ്ട് നടക്കുന്ന ഒരു മകന്റെ തിരിഞ്ഞു നടത്തവും, പതിയെയുള്ള പൊരുത്തപ്പെടലുകളുമായിരുന്നു ബിഗ് ഫിഷിന്റെ ഇതിവൃത്തം.  അച്ഛൻ പറയുന്ന ജീവിത കഥയിൽ അസത്യത്തോളം കൗതുകങ്ങളായ അകസ്മിതകൾ നിറയുന്നു. മോതിരം ചൂണ്ടക്കുരുക്കാക്കി ഒരു വമ്പൻ മീനിനെ പിടിക്കുന്നത്, മന്ത്രവാദിനിയിൽ നിന്ന് ഭാവി അറിയുന്നത്, അമിതമായ ശരീര വളർച്ച നിമിത്തം നാടു വിടുന്നത്, പന്ത്രട് അടി ഉയരമുള്ള  രാക്ഷസ മനുഷ്യനുമായി ചങ്ങാത്തം കൂടുന്നത്, ചെന്നായ് മനുഷ്യനെ കാണുന്നത്,  സൈനികനായി പാരച്ചൂട്ടിൽ ശത്രുക്കളുടെ ഇടയിലിറങ്ങുന്നത്, കൊറിയൻ യുദ്ധകാലത്ത് സമയത്ത് സയാമീസ് ഇരട്ടകളെ പരിചയപ്പെടുന്നത്,  കൂട്ടാളിയുമായി ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയൊരുക്കുന്നത്, തീവ്രമായ പ്രണയത്തിലകപ്പെടുന്നത്… എല്ലാമെല്ലാം അയാൾ മകനോട് പറയുന്നത് കെട്ടുകഥയുടെ മട്ടിലായിരുന്നു. സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന മകൻ ഭാവനാ സമ്പന്നനായ അച്ഛനുമായി അകൽച്ചയിലാകുന്നു. ആ സിനിമ കാണുന്നേരം എന്നെ അലട്ടിയിരുന്ന പ്രശ്നം മകന്റെ പിണക്കത്തിന്  ശരിയായ കാരണമെന്തെന്നതായിരുന്നു. സ്വന്തം ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായവയെ കെട്ടുകഥയുടെ നിറത്തിളക്കത്തോടെ, അതിനിണങ്ങുന്ന ശരീര ഭാഷയോടെ  വിവരിച്ചു തന്നിരുന്ന അച്ഛാച്ചനെ ഞാൻ വെറുക്കുന്നില്ലല്ലോ എന്നതായിരുന്നു പ്രധാന പ്രശ്നഹേതു.
(c) http://thekingofisabelleavenue.wordpress.com

ചില സ്കൂൾ അവധി ദിവസങ്ങളിൽ  അടുക്കളയിലെ സ്ഥിരം പങ്കുപേക്ഷിച്ച്  കാലത്തു ഞങ്ങൾ ചെന്നെത്താറുള്ള ചായക്കടയുടെ നടത്തിപ്പുകാരൻ നരച്ച കൊമ്പൻ മീശയുള്ള രാഘവനായിരുന്നു. ആവി പറക്കുന്ന പുട്ടിന് മുകളിൽ ഞാൻ ചൂടു ചായ  ഒഴിച്ചു കുതിർത്ത്  ആറാൻ വയ്ക്കുന്ന നേരത്ത്  എനിക്കു മാത്രം കേൽക്കാവുന്ന വിധം പതിഞ്ഞ ഒച്ചയിൽ പതിവായി പറയുന്നതാകട്ടെ, തന്റെ തരാതര പ്രായക്കാരനും  ചെറുപ്പകാലത്തൊരു റൗഡിയുമായ രാഘവനെ ഇടംകൈയ്യനായ അച്ഛാച്ചൻ ഒറ്റയടിയ്ക്ക് നിലം പരിശാക്കിയതിന്റെ വിവരണമായിരുന്നു. അതോടെ മര്യാദക്കാരനായി നാട്ടിൽ ഒതുങ്ങിക്കൂടിയ രാഘവനാണ് ഇപ്പോൾ ഒരു മൂലയിൽ നിന്ന് ചായയടിക്കുന്നത്, ഗ്ലാസ്സ് കഴുകുന്നത്, അടുപ്പൂതുന്നത്. തന്നെ തല്ലി വീഴ്ത്തിയ ഒരാൾക്ക് കുടിക്കാനായി ചായ കൂട്ടുന്ന രാഘവന്റെ ചെയ്തികളുടെ അസംബന്ധതയെക്കുറിച്ച് ആറു വയസ്സുകാരൻ ആകുലപ്പെടുന്ന നേരമൊക്കെ മതിയായിരുന്നു ആവിയാറിയ പുട്ടിന് വയറ്റിലെത്താൻ.  ചായക്കടയിൽ നിന്ന് ഇറങ്ങിയുള്ള നടത്തം ചിലപ്പോൾ  ചെന്നെത്തറുള്ളത് ഈഞ്ചലോടി പാടത്ത് പകിടകളി നടക്കുന്നിടത്തായിരിക്കും. ഇടത് കൈപ്പത്തിയ്ക്കുള്ളിൽ പകിടയൊതുക്കി, അത് വലം ചുമലിൽ മുട്ടിച്ച ശേഷം ആഞ്ഞെറിയുന്നതിനിടയിൽ എന്നെയൊരു നോട്ടം നോക്കും. അതൊരു സൂചകമാണ്. "ഓങ്ങിയൊരു അടിയ്ക്ക് രാഘകൻ പകിട തിരിയുന്നത് പോലെ കറങ്ങി നിലത്തുരുണ്ട് വീണു"  എന്ന് ചായക്കടയിൽ വച്ചു നടത്തിയ വിവരണത്തിന്റെ ആലങ്കാരിക ദൃശ്യമാണ് ഇപ്പോൾ മുന്നിൽ കാണുന്നത്.  പകിടകൾ രാഘവനെപ്പോലെ തല കറങ്ങി താഴെ വീണ് അക്കം വെളിപ്പെടുത്തും, അടുത്ത കരുനീക്കത്തിന് ആക്കം കൂട്ടും.  അച്ഛാച്ചന്റെ ജീവിതകഥാ വിവരണങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. എന്തോ നിസ്സാര കുറ്റം ചെയ്തതിന്  കൈവെള്ള പൊട്ടി ചോര ചീറ്റുന്നതു വരെ നിർത്താതെ തല്ലിയ അദ്ധ്യാപികയുടെ തലയ്ക്കെറിഞ്ഞ് പ്രതികാരം തീർത്തതോടെ നാലാം തരത്തിൽ വച്ച് മുടങ്ങിയ പഠനം,   പന്തയം വച്ച് പുളിമരത്തിന്റെ  തുഞ്ചത്തെ കൊമ്പ് തൊടാനായി ഉയർന്നു പൊങ്ങിയ ഊഞ്ഞാലിൽ നിന്ന് താഴേയ്ക് നെഞ്ചു തല്ലി വീണത്, അന്നു മുതൽ വിടാതെ പിന്തുടരുന്ന വായുമുട്ടിന്റെ വലച്ചിൽ, നാടുവിട്ട് മദിരാശിയിലുള്ള  ബന്ധുവിന്റെ അടുത്തേയ്ക്കുള്ള ഒളിച്ചോട്ടം,  പണം കുറവുള്ള പണി മടുത്തപ്പോൾ അവിടെ നിന്ന് ബോംബേയിലേയ്ക്കുള്ള പലായനം, ചെരുപ്പില്ലാതെ നടന്നപ്പോൾ പോക്കറ്റടിക്കാരനെന്ന് സംശയിച്ച് മറാത്താ പോലീസ് പിടിച്ചു ചോദ്യം ചെയ്തത്, അമ്മ മരിച്ചത് ഉത്രാടം ദിവസമായതിനാൽ താനിന്നും ആഘോഷ ദിവസമായിരുന്നിട്ടും രാത്രി ഭക്ഷണമുപേക്ഷിക്കുന്നത്, വാവയെന്ന് വിളിപ്പേരുള്ള അസുഖക്കുട്ടിയായിരുന്ന മകൾ നാല് വയസ്സ് തികയുന്നതിന് മുന്നെ മരണമടങ്ങപ്പോൾ ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്ത് കഴുത്തിലണിഞ്ഞിരുന്ന മാല പൊട്ടിച്ചു പുഴയിലെറിഞ്ഞ് കർമ്മം ചെയ്തത്, നാലോണത്തിന് തൃശ്ശൂർ റൗണ്ടിലിറങ്ങുന്ന പുലിക്കളിയിൽ തന്റെ സംഘത്തിലുള്ളവരുടെ ഒരുക്കാനായി വാഴത്തോപ്പിൽ കൂടുന്നേരത്ത് കളിക്കാരുടെ മുലക്കണ്ണ് പുലിക്കണ്ണാകുന്ന പൊക്കിൾ ചുഴി കോമ്പല്ലുകളുള്ള പുലിവായാകുന്ന വിധത്തിൽ ചിത്രം വരയ്ക്കുന്നത്, പാടത്തിനങ്ങേയറ്റം കാണുന്ന മലയുടെ തുഞ്ചത്തെ വെള്ളപ്പാറയും കടന്ന് കാടലയുന്ന മാക്കുണ്ണി  എന്ന നായാട്ടുകാരൻ ചങ്ങാതി കൊണ്ട് വരുന്ന വെടിയിറച്ചി ചവച്ചരയ്ക്കുന്നതിന്റെ വർണ്ണനയിൽ വായിൽ നിറയുന്ന തുപ്പലാലുള്ള കപ്പലോട്ടം... പത്തു പതിമൂന്ന് വയസ്സാകുന്നത് വരെ അങ്ങനെയുള്ള കഥക്കൂട്ടുകളും വിവരണങ്ങളും മതിയായിരുന്നു എനിക്ക് തൃപ്തിയടയാൻ. വിവരണം നടത്തുന്ന നേരത്ത് വായുവിൽ നടത്തുന്ന കരചലനങ്ങളാൽ പൊട്ടിയ മാലയോ, എറിയുന്ന കല്ലോ വീഴുന്നത്  എന്റെ മുഖത്തായിരുന്നു. മറാത്താ പോലീസ് കോളറിന് കുത്തിപ്പിടിക്കുന്നതെന്റെ ബട്ടൻസു പൊട്ടിയ ഷർട്ടിലായിരിക്കും. പകിട തിരിയുന്നതു പോലെ എനിക്കു തല കറങ്ങും. പുളിമരക്കൊമ്പിലെ ഊഞ്ഞാലിന്റെ കുട്ടിപ്പൊക്കത്തിൽ ഞാൻ തുഞ്ചം കുത്തിപ്പായും, എന്റെ വയറിന്മേൽ അദൃശ്യനായൊരു വരയൻ പുലിയുടെ മുഖം പതിയും. വേട്ടയിറച്ചി ചവച്ച് എന്റെ കവിൾ പേശികൾ തളരും. 

ഞാൻ കൗമാരത്തിലേയ്ക്ക് കടന്നതോടെ അച്ഛാച്ചന്റെ കഥകളും പരിണാമ വിധേയമായി.  പറച്ചിലിടങ്ങളിൽ കൂടുതൽ രാഷ്ട്രീയം നിറഞ്ഞു.   ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോൺഗ്രസ്സിന്റെ പിളർപ്പിൽ കൂടെയുള്ളവർ മറുകണ്ടം ചാടിയിട്ടും താൻ അടിയുറച്ച് നിന്നതിന്റെ  സ്ഥൈര്യ വിവരണം. അടിയന്തിരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട സംഘടനയിൽ പെട്ട ശങ്കുണ്ണിയെന്ന ചങ്ങാതിയെ തന്റെ അയൽപക്കക്കാരനായ പോലീസുകാരന്റെ  വീട്ടിൽ  പതിനാല് ദിവസത്തോളം ഒളിച്ചു പാർപ്പിക്കാൻ ഒത്താശ ചെയ്തത കാര്യം  വിവരിക്കുന്നേരത്ത്  ആ വീടിന്റെ മച്ചിൻ പുറത്ത് ഭയപ്പാടോടെ ശങ്കുണ്ണി കൂനിക്കൂടിയിരുന്നത് പോലെ അച്ഛാച്ചന്റെ ശരീരവും വളയുമായിരുന്നു.  വൈകുന്നേരമായാൽ വടക്കനച്ചൻ സൈക്കിളെടുത്തിറങ്ങവേ വഴിയരികിലും കനാലിന്റെ വക്കത്തുമെല്ലാം കൂട്ടംകൂടി ബഹളം വയ്ക്കുന്ന സത്യക്രിസ്ത്യാനികളെ പേടിപ്പിച്ചോടിയ്ക്കാനായി ക്യാരിയറിൽ കൊണ്ട് നടക്കാറുള്ള ചൂരൽ വടിയുടെ നീളവും വണ്ണവും വിവരിക്കാൻ തന്നെ നേരം കുറേയെടുക്കും. കൈപ്പിടിയിൽ ഇല്ലാത്തൊരു ചൂരൽ വായുവിൽ പുളഞ്ഞ് ശബ്ദമുണ്ടാക്കും.  അവിണിശേരിക്കാരനും അയൽവാസിയുമായ കൃഷ്ണനെഴുത്തച്ഛൻ നയിച്ച ജാഥയിൽ ബലനായിരിക്കേ പങ്കെടുത്തതിന്റെ ഓർമ്മയിൽ കണ്ണൂകൾ നനയും. കുറൂർ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയെ  ജവഹർലാൽ നെഹ്രുവിനെ കാണാൻ ചെന്ന കഥ ഓരോ തവണ ആവർത്തിക്കുമ്പോഴും "ഇത്രയടുത്ത്...ഇത്രയടുത്ത് വച്ചു കണ്ടു" എന്ന് ദൂരം കുറഞ്ഞു കുറഞ്ഞില്ലാതാകും. കൈ നീട്ടിയാൽ തൊടാമെന്ന് പ്രതിപദമപി തോന്നുമാറ് മന്ദം നടന്ന് നെഹ്രു നളചരിതത്തിലെ ഹംസത്തെപ്പോലെ തെന്നി മാറും. തേക്കിൻകാട്ടിലെ അന്നത്തെ പ്രസംഗം കാതിൽ മുഴങ്ങും. കണ്ണു ഡോക്ടറെ തേടി തൃശ്ശൂരിലെത്തിയ കരുണാകരന്റെ  രാഷ്ട്രീയക്കാഴ്ചയാൽ സംഘടനയുടെ വളർച്ച മേൽഗതി പ്രാപിച്ചതിന്റെ ചരിത്രം ചുരുളഴിയും. അഴീക്കോടൻ രാഘവനെ കുത്തിയവർ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലേയ്ക്ക് ഓടിക്കയറി അതിന്റെ അടുക്കള വാതിൽ വഴി രക്ഷപ്പെടുന്നത് വിവരിക്കുന്നേരത്ത് അമ്പരന്ന് നിൽക്കുന്ന ചെട്ടിയങ്ങാടിയുടെ ദൃശ്യം തെളിയും. എന്റെ രാഷ്ട്രീയം  മാറിയതോടെ, അച്ഛാച്ചന്റെ അഭിപ്രായങ്ങൾക്ക് മറുവാദം പറയാൻ തുടങ്ങിയതോടെ, അത്തരം ആവർത്തന വിവരണങ്ങളും പതിയേ ഇല്ലാതായി. ബിഗ് ഫിഷ് എന്ന സിനിമയിലെ ഭാവനാ സമ്പന്നനായ അച്ഛന്റെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുത്തവരെ കാണുന്നതോടെ മകൻ തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്. അച്ഛൻ പറഞ്ഞ കഥകളെല്ലാം തന്നെ നുണകളായിരുന്നില്ല; പൂർണ്ണമായ അർത്ഥത്തിൽ അവയൊന്നും സത്യവുമായിരുന്നില്ല. പന്ത്രണ്ട് അടി ഉയരമുള്ള രാക്ഷസനൊന്നുമല്ലെങ്കിലും, ഏഴടിയ്ക്ക് മുകളിൽ ഉയരമുള്ള ചങ്ങാതി ഉണ്ടായിരുന്നു. സയാമീസ് ഇരട്ടകളെന്ന് പറഞ്ഞവർ സമരൂപ ഇരട്ടകളായിരുന്നു. ഉയരം കുറഞ്ഞു തടിച്ചൊരു നീളൻമുടിക്കാരനെയാണ്  ചെന്നായ് മനുഷ്യനാക്കി അവതരിപ്പിച്ചത്. മോതിരക്കുരുക്കിൽ കുടുങ്ങിയതൊരു സാധാരണ മത്സ്യം മാത്രമായിരുന്നു. 

എഴുത്തിനെ ഗൗരവമുള്ള പ്രവർത്തിയായി കാണാൻ തുടങ്ങിയതു മുതൽ അച്ഛാച്ചന്റെ പൊടിപ്പും തൊങ്ങലും നിറഞ്ഞ ജീവിതകഥകൾ, കേൾവിക്കാരെ ഭ്രമിപ്പിച്ച് പിടിച്ചിരുത്തുന്ന വിധമുള്ള അതിന്റെ വിവരണങ്ങൾ ബോധത്തിലും അബോധത്തിലും  നിറയുന്ന നിരീക്ഷണ സാധ്യതയായി മാറുകയായിരുന്നു. ഫിക്ഷനെഴുത്തുകാർ പഴങ്കഥയിലെ സൂത്രശാലിയായ കുറുക്കനാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അവർ അന്യരുടെ അടുക്കളയിൽ നിന്ന് മസാല ചേർന്നു വെന്ത ഇറച്ചി നിറച്ച ചട്ടിയുമായി കാട് കയറുന്നു.  അപരന്റെ അനുഭവങ്ങൾ ഇറച്ചിപ്പരുവത്തിൽ നുറുക്കിയതിന്റെ കൂടെ താന്താങ്ങളുടെ ഭാവനയാകുന്ന മസാലയും ചേർത്തൊരുക്കുന്ന വിഭവം നിറഞ്ഞ കറിച്ചട്ടിയ്ക്കു മുകളിൽ അടയിരിക്കുന്നു. കൊതികൊണ്ട്  പങ്ക് ചോദിക്കുന്നവർക്കെല്ലാം അത് തന്റെ തന്നെ ഇറച്ചി പകുത്ത് നൽകുകയാണെന്ന ഭാവേന  ഓരോ കഷ്ണം മാത്രം നൽകി മിതവ്യയം പാലിക്കുന്നു.  വാങ്ങുന്നവരതു കഴിച്ച് കുറുക്കന്റെ ഇറച്ചി തന്നെയെന്നും, അതീവ സ്വാദിഷ്ഠമെന്നും തലയിളക്കി സമ്മതിച്ച് കടന്നു പോകുന്നു.  എന്നാൽ സ്വന്തം അനുഭവത്തെ തനിക്കിഷ്ടമുള്ള രുചിക്കൂട്ടു ചേർത്ത് വേവിച്ചുകൊണ്ട് ഉറ്റവർക്കു മുന്നിൽ മാത്രം വിളമ്പുന്നവരോ? അവർ കഥയിലെ മണ്ടച്ചാരായ പുലിയാകുന്നു. ശരിരത്തിൽ മുളകും മസാലയുമരച്ച്  പുരട്ടി ചുട്ടു പൊള്ളുന്ന  പാറപ്പുറത്തിരുന്ന് സ്വയം തീറ്റയാകുന്ന വിധത്തിൽ കഥകളും വിവരണങ്ങളും ഉണ്ടാകുന്നത് അപ്രകാരമാണ്. മരണത്തിന് ആറുമാസം മുന്നെ ആശുപത്രി കിടക്കയിൽ വേദനകൊണ്ട് വില്ല് പോലെ വളയുന്ന അച്ഛാച്ചന്റെ രൂപം ഓർമ്മയിലുണ്ട്. ബയോപ്സി ചെയ്യാനായി അടിവയറിൽ തുളയിട്ട് ആന്തരാവയവത്തിൽ നിന്നൊരു ചെറിയ കഷ്ണം ചുരണ്ടിയെടുത്തത്തിനെ തുടർന്നുള്ള വേദനയാൽ പുളയുന്നതിനെപ്പറ്റിയും പിന്നീട് വിവരണം കേൾക്കേണ്ടി വന്നു.   അതെല്ലാം നേരിട്ടു കണ്ട, ആശുപത്രിയിലെ കൂട്ടിരിപ്പുകാരനായ ഞാൻ തന്നെ അവയ്ക്ക് കേൾവിക്കാരനാകേണ്ടി വന്നു.  പലപ്പോഴും എന്റെ ഓർമ്മകളെപ്പോലും റദ്ദ് ചെയ്യുന്ന വിധത്തിൽ അച്ഛാച്ചന്റെ വർണ്ണനകളും വിവരണങ്ങളും ആ ദൃശ്യങ്ങൾക്കു മേൽ ഉപശീർഷകങ്ങളായി മാറുകയായിരുന്നു. അല്ലെങ്കിൽ തന്നെ  അവനവന്റെ ഇറച്ചി വെന്തു തിന്നുന്നതിതിന്റെ വിവരണ സാധ്യതകൾ, ആ രുചിക്കൂട്ടിനെ തോൽപ്പിക്കാൻ കഴിയുന്ന മറ്റെന്തുണ്ട്?

* മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയ ഓർമ്മക്കുറിപ്പ്.

Monday, August 11, 2014

മുൾച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറുണ്ട്.





പതിവ് മട്ടിലൊരു ഞായറാഴ്ച അടച്ചിരിപ്പിനു ശേഷം മടുപ്പൻ തിങ്കളാഴ്ച ഉമ്മറ വാതിൽ തുറക്കുന്നേരത്ത് കണ്ട പുഞ്ചിരി, ഇന്നത്തെ സന്തോഷം ഇതാകുന്നു. ആ പൂവിട്ടിരിക്കുന്ന നാണം കുണുങ്ങിയുടെ കാര്യം കൗതുകകരമാണ്. ECR റോഡിലെ ഒരു നഴ്സ്റിയിൽ നിന്ന് തൊട്ടു താഴെ കാണുന്ന നക്ഷത്ര കള്ളിമുൾച്ചെടി വാങ്ങിക്കൊണ്ട് വച്ച ശേഷം ‌രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതിന്റെ കടയ്ക്കൽ നിന്നതാ മറ്റൊരു ഇത്തിരിക്കുഞ്ഞത്തി മുളപൊട്ടി ഉയർന്നു വരുന്നു. ഏത് ചെടിയാണ്, പൂവിടുമോ എന്നൊക്കെയുള്ള സംശയങ്ങൾ ആരോടും നിവൃത്തിച്ചില്ല. രഹസ്യം കലർന്നൊരു കൗതുകം അങ്ങനെത്തന്നെ നിൽക്കട്ടേയെന്ന് കരുതി വെള്ളമൊഴിച്ചുകൊണ്ടേയിരുന്നു. ഒട്ടൊക്കെ വളർന്നിട്ടും ഇനിയിതൊരു കളച്ചെടി മാത്രമാണോ? ആണെങ്കിൽ തന്നെയെന്ത്, പുഷ്പിച്ചാൽ മാത്രമേ പൂർണ്ണമാകുകയുള്ളൂ? എന്നൊക്കെ ചിന്തിച്ചു നാളുകഴിക്കവേയാണ് തിങ്കളാഴ്ചയെ ഒരു നല്ല ദിവസമാക്കി അത് പൂവിട്ടത്. മുൾച്ചെടി വാങ്ങിയതിന്റെ കൂടെ വിത്തായി ഒളിച്ചു വന്നൊരു ചാരസുന്ദരി പൂവിട്ടതിന്റെ സന്തോഷത്തിലായിരിക്കണം കവി തലക്കെട്ടിലെ പ്രശസ്തമായ ആ വരികൾ മൂളിയത് :)

Wednesday, February 26, 2014

ചന്ദ്രൻ ചകോരി ചായ

നിലാവായിരുന്നു മിക്ക വിരഹകാവ്യങ്ങളുടെ മാധ്യമവും സന്ദേശവുമെങ്കിൽ വാഗയിലെ പട്ടാളക്കുശിനിക്കാരന്റെ കൈപ്പുണ്യമാർന്ന മാട്ടിറച്ചിയിലെ കുരുമുളകെരിവിന്റെ തരിപ്പ്‌ കയറി സ്വപ്നത്തിൽ ചുമയ്ക്കുന്ന വാഗമൺകാരിയുടെ വിനിമയമാധ്യമം ഊറയൊലിക്കുന്ന ഉമിനീരാകുന്നു. തലയിണയിലത്‌ പടർന്നു നനയുന്നേരം സ്വന്തം ചുംബനത്തെ കുഞ്ഞു പഞ്ഞിമെത്തയിൽ ഉറക്കിക്കൊണ്ടെന്ന പോലെ വാഗമൺകാരി ഉണരുന്നു... എല്ലാ അർത്ഥത്തിലും ഉണരുന്നു. വാഗാക്കാരനും ഉണരുന്നു. എല്ലാ അർത്ഥത്തിലും ഉണരുന്നു. എങ്കിലും ചന്ദ്രനോ ചകോരമോ അല്ല തങ്ങളുടെ വിനിമയ മാധ്യമമെന്നു തിരിച്ചറിഞ്ഞ്‌ അവർ മുഖം കഴുകുന്നു. അവൻ പുകയില ചവച്ചും, അവൾ ചവയ്ക്കാതെയും അവരവരുടെ അടുക്കളയിൽ കയറി വെള്ളം തിളപ്പിക്കുന്നു. കുമിളകളുയരുന്നേരം നിലാവല്ല തങ്ങളുടെ മാധ്യമെന്ന് തീർച്ചപ്പെടുത്തുന്നു. ആ പ്രസ്താവനയ്ക്ക്‌ കൈയ്യൊപ്പിടുന്നത്‌ പോലെ തേയിലക്കറ പിടിച്ച പഴഞ്ചൻ പാത്രത്തിലേയ്ക്ക്‌ തേയിലപ്പൊടി തട്ടുന്നു. നെടുവീർപ്പിടുന്നു... നെരിപ്പോടു പോലെ എരിയുന്നൊരു ചുടുനെടുവീർപ്പിനാൽ അവരുടെ കടുംചായ തിളയ്ക്കുന്നു. ആവശ്യത്തിന്‌ മധുരമിട്ടിളക്കി അവരത്‌ മൊത്തിക്കുടിക്കുന്നേരത്ത്‌ ശീൽക്കാരത്തിന്റെ ഹാസ്യാനുകരണ ശബ്ദം കേൾക്കുമ്പോൾ പുഞ്ചിരിക്കുന്നു. തങ്ങളുടെ പതിവ്‌ പ്രഭാതത്തെ അവർ വരവേൽക്കുന്നു. രാത്രിയെ, നിലാവിനെ പാതി മനസ്സാൽ വെറുക്കുന്നു. 

Friday, December 13, 2013

ലീ ചിരിക്കുന്നു

ബ്രൂസ് ‌ലീ എഴുതിയ കവിതകൾ poeticous.com-ൽ വായിക്കുന്നേരത്ത്  കാവ്യാസ്വാദനത്തിലുമുപരിയായി ‌കൗതുകമായിരുന്നു തോന്നിയത്. ‌പക്ഷേ കക്ഷി ‌മനസിലെ വികാരങ്ങളെ വളരെ ലളിതമായി പകർത്തി വച്ചിരിക്കുന്നു.  തന്റേതു മാത്രമായ മായികമായൊരു കായികമുറ പോലെ ചടുലങ്ങളായ ചില ചിതറലുകൾ. ആ ‌കവിതകളിലെ ഭാഷയെക്കുറിച്ച് ചിന്തിച്ചപ്പോൾ പി.പി. രാമചന്ദ്രനേയോ , പി.രാമനേയോ ഒക്കെ ഓർമ്മ വന്നു. എതിരാളിയെ ഇടിച്ചു ചോരതുപ്പിക്കുന്ന ലീയുടെ ഉള്ളകമേ ചിന്തിയ ചോരപ്പാടുകളെ ഓർത്തു. ആയോധനമുറകളിൽ നിലയുറപ്പിക്കാതെയുള്ള ബ്രൂസ് ‌ലീ ചിത്രങ്ങൾ, അതിൽ തന്നെ പുഞ്ചിരിക്കുന്ന ക്ലോസ് അപ്പുകൾ,  തപ്പിത്തിരഞ്ഞ് കണ്ടു. ‌അകാലത്തിൽ ‌പൊലിഞ്ഞൊരു ഹോങ്കോങ്ങ്  യുവകവിയെപ്പോലെ ലീ ചിരിക്കുന്നു. ഹോങ്കോങ്ങുകാരുടെ പിപി രാമചന്ദ്രനെപ്പോലെ; പി രാമനെപ്പോലെ...
http://www.poeticous.com/bruce-lee

തിരശ്ശീലയിൽ സർവ്വം ശുഭം!

തിരക്കേറിയ നഗരവീഥിയിലൂടെ അതിവേഗതയിൽ പാഞ്ഞ് വില്ലന്റെ വാഹനത്തെ പിന്തുടരുന്നതിനിടയിൽ ജെയിംസ്‌ ബോണ്ടും വില്ലനും കൂടി ഇടിച്ചു തെറിപ്പിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെല്ലാം തന്നെ മറ്റൊരു സാഹസിക കഥയിലെ പരാജയപ്പെട്ട നായകനോ, നായികയോ വില്ലനോ ഒക്കെയാകുന്നു. നായകൻ ചേസ് ചെയ്യുന്നതിനിടയിൽ തന്റെ വാഹനമിടിച്ച് മരിച്ച വില്ലൻ, വില്ലനെ ചേസ് ചെയ്യുന്നതിനിടയിൽ വാഹനമിടിച്ച് മരിക്കുന്ന നായകർ. അമാനുഷികതയോളമെത്തുന്ന അതിസാഹസിക രംഗങ്ങളിൽ പോലും ബോണ്ടിനും അവന്റെ വില്ലനും മനുഷ്യത്വത്തിന്റെ മുഖം പ്രകടിപ്പിക്കാനായി മാത്രം ‌തിരക്കേറിയ ‌നഗര വീഥിയിലൂടെ ഗതാഗത നിയമങ്ങൾ തെറ്റിച്ച് ‌അവർ വാഹനമോടിക്കുമ്പോൾ മുന്നിൽ ചെന്ന് ‌ചാടിക്കൊടുക്കുന്ന അവശയായൊരു വൃദ്ധ, കൂട്ടം തെറ്റിയൊരു ബാലൻ, നിസ്സഹായനായൊരു വികലാംഗൻ... അവരുടെയൊക്കെ ‌ജീവിതത്തേക്കാൾ പരാജയപ്പെട്ട് ‌മറ്റൊരു സാഹസിക കഥയിലെ നായകരും വില്ലനും അപകടമരണത്താൽ കഥ മുറിച്ച് ‌രസം കൊല്ലികളാകുന്നു. അവരെയെല്ലാം പരിഹസിച്ചുകൊണ്ട് ബോണ്ടിന്റെ ആയുധത്താൽ മരിക്കാൻ കിടക്കുന്ന നേരത്തും കാണികളുടെ മനസ്സിൽ ബോണ്ടിനെ വെല്ലുന്ന വിജയം ‌പ്രാപ്തമാക്കിക്കൊണ്ട് വില്ലൻ പുഞ്ചിരിക്കുന്നു. ഈ വില്ലനൊന്നുമായിരുന്നില്ല തന്റെ ലക്ഷ്യമെന്ന ഭാവേന ബോണ്ട് ചാരസുന്ദരിയുമായി ഒരു ദീർഘചുംബനത്തിലേർപ്പെടുന്നു. തിരശ്ശീലയിൽ സർവ്വം ശുഭം!

Saturday, November 16, 2013

കളിയാനന്ദത്തിന്‌ നന്ദി, സലാം സച്ചിൻ.

ഇന്ത്യൻ ക്രിക്കറ്റ്‌ കളിക്കാരിൽ കപിലിന്റേയും സിദ്ദുവിന്റേയും മനോജ്‌ പ്രഭാകറിന്റേയും ആരാധകനായ കുട്ടിക്കാലത്തെ സംബോധനകളിൽ സച്ചിൻ വെറുമൊരു ചെക്കൻ ആയിരുന്നു. ശേഷം അസ്‌ഹറിന്റേയും ദ്രാവിഡിന്റേയും ഗാംഗുലിയുടെയും ലക്ഷ്മണിന്റേയുമൊക്കെ ആരാധകൻ. ഇടക്കാലത്ത്‌ വൂർക്കേuരി രാമന്റെ ആരാധകനായിട്ടു പോലും മികച്ച കളിക്കാരനോടുള്ള സ്നേഹവും ബഹുമാനത്തിനുമപ്പുറം സച്ചിൻ ഫാൻ ആയിരുന്നില്ല. ഉന്മത്തനും ആവേശഭരിതനുമായ ഫാൻബോയ്‌ ആയിട്ടുണ്ടെങ്കിൽ അത്‌ ഗാംഗുലിയോട്‌ മാത്രം. കളിഭ്രാന്തനും സച്ചിൻ ആരാധകനുമായ ഒരു അമ്മാവനോടൊപ്പമാണ്‌ കൗമാരകാലം വരെ കളി കണ്ടിരുന്നതെന്നതിനാൽ കക്ഷിയുടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിയൊരു ചോയ്സ്‌ കണ്ടെത്തുക എന്നതും അബോധത്തിലുണ്ടായിരിക്കണം. (അങ്ങേർക്ക്‌ സാമ്പ്രസ്‌ എനിക്ക്‌ അഗാസി, അങ്ങേർക്ക്‌ സെലസ്‌ എനിക്ക്‌ സ്റ്റെഫി, അങ്ങേർക്കു ബ്രസീൽ എനിക്ക്‌ അർജ്ജന്റീന...) പക്ഷേ കാലമേറെ തുടർന്നിട്ടും സച്ചിൻ മികവോടെ കളിച്ചുകൊണ്ടേയിരുന്നു. ആരാധനാപാത്രങ്ങളൊക്കെ വന്നും പോയുമിരുന്നിട്ടും കളിക്കാഴ്ചയുറച്ച കാലത്തൊരു ബ്ലാക്ക്‌&വൈറ്റ്‌ സോളിഡയർ ടീവിയിലും ഇപ്പോൾ കാണുന്ന ഫിലിപ്സ്‌ എൽ.ഇ.ഡി ടിവിയിലും അയാൾ ഒരേ ദൃഢചിത്തതയോടെ കളിച്ചുകൊണ്ടേയിരുന്നു. ഇക്കാലംകൊണ്ടെന്നെ ആരാധകനുമാക്കി. ഇങ്ങനെയൊരാൾ ഇപ്പോഴും കളിക്കുന്നതുകൊണ്ടാണ്‌ നമ്മൾക്ക്‌ പ്രായമായെന്നറിയാത്തതെçന്ന് വയസ്സ്‌ മുപ്പതിൽ തൊട്ട സുഹൃത്തുക്കളുമായി ദീർഘനിശ്വാസം പങ്കിടാറുണ്ടായിരുന്നു. അത്ര നിസ്സാരമല്ലാത്തൊരു കളിയാനന്ദവും ആവേശവും പങ്ക്‌ വച്ചതിന്‌ നന്ദി... സലാം സച്ചിൻ...

Thursday, July 25, 2013

മുയലുറക്കം.

ഓടണമെന്നു തോന്നുമ്പോൾ  മാത്രം സർവ്വ ഊർജ്ജവും ചിലവാക്കി കഴിയാവുന്ന വേഗതയിലോടുകയും ക്ഷീണം തോന്നുമ്പോൾ വഴിയരികിലെ മരത്തണലിൽ കിടന്നുറങ്ങുകയും ചെയ്യുന്ന അരാജകനായ മുയലിന് എപ്പോഴും കൂടെയുണ്ടായിരുന്നത് ഉള്ളിന്റെയുള്ളിലെ "എനിക്കതിന് കഴിയും; ഞാനത് സാധിച്ചാലുമില്ലെങ്കിലും" എന്ന ആത്മവിശ്വാസമായിരുന്നു. തുടക്കം മുതലൊടുക്കം വരെ ഇഴഞ്ഞ ആമയ്ക്ക് ഈസോപ്പു കഥയിലെ ‌ഗുണപാഠ പരിണാമ ഗുപ്തിയൊഴിച്ചാൽ കേവലമായൊരു വിജയത്തിനപ്പുറം ഒന്നും സാധിക്കുകയും ചെയ്തില്ല. എന്നാൽ ആമ വിജയത്തെ സ്ഥായീഭവിപ്പിക്കാനുള്ള ഏകീകൃത ഘടനാ വിധികളുടെ കുത്സിതമായ ചെയ്തികളാൽ corporate ചെയ്തികളെന്ന് ചുരുക്കാം  ആമയ്ക്ക് വീണ്ടുമൊരു തവണ വിജയത്തിനായി ഇരട്ടപ്പതിപ്പുളുടെ, അല്ലെങ്കിൽ മറ്റു ജീവികളെ ഇതര ‌പുറംപണി കരാറു‌ വഴി ബന്ധിപ്പിച്ച് ‌‌നടത്തിയ വഞ്ചനാകരമായ ദൗത്യം നിർവ്വഹിക്കേണ്ടി വരുന്നു. ആ വിധം പരിഗണിച്ചാൽ, പലപ്പോഴും ആമയോട്ടത്തേക്കാൾ ഭേദമാണ് മുയലുറക്കം. ആകയാൽ മുയലേ, നീ ഇഷ്ടാനുസാരം ചന്ദ്രക്കളങ്കം പോലെ നിശ്ചലനായുറങ്ങുക, വേലിയേറ്റ തിരമാലയുടെ കുതിപ്പു പോലെ ഓടുക.

Monday, July 22, 2013

ചന്ദ്രലേഖ എന്ന ഓർമ്മയും അപകടങ്ങളും.

ചന്ദ്രലേഖ എന്ന സിനിമ ഇറങ്ങുമ്പോള്‍ പ്രീഡിഗ്രി ഫസ്റ്റ് ‌ഞാന്‍ ഇയറിനു പഠിക്കുകയാണ്. സിനിമയുടെ ഫൈനല്‍ എഡിറ്റിങ്ങ് സമയത്താണ് അവശ്യം വേണ്ട ചില ഷോട്ടുകള്‍ എടുക്കാന്‍ വിട്ടു പോയതായോ, അല്ലെങ്കില്‍ എടുത്തവയ്ക്കു തന്നെ സാങ്കേതിക മികവില്ലെന്നോ പ്രിയദര്‍ശന്‍ തിരിച്ചറിയുന്നത്. ആറാം തമ്പുരാന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളിനിടെ അല്‍പം സമയമുണ്ടാക്കി സംവിധാന സഹായികളെ വച്ച് അതൊക്കെയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നു. ചന്ദ്രയ്ക്ക്(സുകന്യ) അപകടം പറ്റിക്കിടക്കുന്നിടത്തൂടെ പോകുന്ന ഓട്ടോറിക്ഷാ യാത്രക്കാരായ അപ്പുക്കുട്ടനും(മോഹന്‍ലാല്‍) , നൂറും (ശ്രീനിവാസന്‍) ആള്‍ക്കൂട്ടത്താല്‍ തടയപ്പെടുന്നു. പരിക്കേറ്റ ചന്ദ്രയെ അവരുടെ വണ്ടിയില്‍ കയറ്റി ആ‌ശുപത്രിയിലെത്തിക്കുന്നു. കഥ നടക്കുന്നത് തെക്കേ ഇന്ത്യയിലല്ല; പക്ഷെ യുക്തിപരമായി ഒരു അബദ്ധമെന്ന മട്ടില്‍ ഓട്ടോറിക്ഷയുടെ ‌മുന്‍ വശത്തെ ചില്ലിലൂടെ ഷൊര്‍ണ്ണൂരിനടുത്തുള്ള പച്ചപ്പു വിരിച്ചപാടവും, ചെമ്മണ്‍ പാതയും തെങ്ങുമൊക്കെ കാണാം. 

പറഞ്ഞു വന്നതതല്ല... ‌മോഹന്‍ലാലും, ശ്രീനിവാസനും കയറിയ (കാലി ഓട്ടോ വച്ചാണ് ഷൊര്‍ണ്ണൂരില്‍ ചിത്രീകരണം) ഓട്ടോറിക്ഷ തടയുന്ന ആള്‍ക്കൂട്ടത്തില്‍ രണ്ട് പ്രീഡിക്കാരുണ്ടായിരുന്നു. അതിലൊരുവന്റെ അമ്മാവന്റെ സുഹൃത്തിന് സിനിമയിലേയ്ക്ക് എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ ഏര്‍പ്പാടാക്കുന്ന തൊഴിലായിരുന്നു. പെട്ടെന്ന് ആളെ വേണമെന്നു പറഞ്ഞപ്പോള്‍ ലാലിനെ അടുത്തു കാണാമെന്നൊരു കൗതുകത്തില്‍ ഒരു ജീപ്പില്‍ കയറി പോയതാണ് രണ്ടു പേരും. സിനിമയില്‍, ആ രംഗത്ത് മുഖമൊന്നും വ്യക്തമായി കാണില്ലെങ്കിലും ഇരുവര്‍ക്കും, അവരവരെ തിരിച്ചറിയാമായിരുന്നു. ആദ്യമായി അഭിനയിച്ച സിനിമയെന്നു പറഞ്ഞ് പരസ്പരം കളിയാക്കുമായിരുന്നു. പറഞ്ഞു വരുന്നത് ജീവിതത്തിന്റെ തിരക്കഥയിലെ മറ്റൊരപകടത്തിന്റെ കാര്യമാണ്. രണ്ടു പ്രീഡിഗ്രിക്കാരില്‍ ഒരുവന് മിനിഞ്ഞാന്ന് കനത്ത മഴയത്ത് ബൈക്കപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് അവന്റെ ഭാര്യയുടെ വക SMS. ജീവന് അപകടമില്ലെങ്കിലും സാരമായ പരിക്കുണ്ട്. ആശുപത്രിയിലെത്തിക്കാന്‍ സമയമെടുത്തതുകൊണ്ട് രക്തം കുറേ നഷ്ടമായത്രേ. ഈയടുത്ത് മറ്റൊരു സുഹൃത്തിന്റെ മരുമകനും ബൈക്കപകടത്തില്‍ കാലിന് ഗുരുതരമായ പരിക്കേറ്റ് വഴിയരികില്‍ കിടന്നപ്പോള്‍ അവശ്യ സമയത്ത് ‌സഹായം ലഭിച്ചില്ലെന്ന് അറിയാന്‍ കഴിഞ്ഞു. മിനിഞ്ഞാന്നത്തെ വാര്‍ത്ത കേട്ട പാടെ ആദ്യമോര്‍ത്തത് ‌ഷൂട്ടിംഗ് രംഗത്ത് ഓട്ടോറിക്ഷ തടഞ്ഞ രണ്ട് പ്രീഡിഗ്രിക്കാരെയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും തിരശ്ശീലാക്കാഴ്ചകളല്ല തന്നേ :((

Sunday, May 19, 2013

ദി ഗ്രേറ്റ് ഗാറ്റ്സ്ബേ

(c) www.hdwallpapers.in

കോളനിയിൽ നിന്നും സ്വതന്ത്രമായ ശേഷം, പ്രത്യേകിച്ച് ഒരു മഹത്തായ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അമേരിക്കയുടെ സാമ്പത്തികാഭിവൃദ്ധി. ഒന്നാം  ലോകമഹായുദ്ധത്തിനു ശേഷമുള്ള കുതിച്ചു പാച്ചിൽ, സമാന്തരമായി മാഫിയകളുടെ ഉയിർപ്പും സാമ്പത്തിക ഇടപെടലുകളും. മാറുന്ന സംഗീതം, വസ്ത്രധാരണം, മര്യാദകൾ... ഇതെല്ലാമുള്ള അമേരിക്കയുടെ തനി രൂപകമായ ഗാറ്റ്സ്ബേയുടെ രാവണൻ കോട്ടയ്ക്കടുത്ത് (ഡ്രാക്കുളക്കോട്ടയിലെ ജോനാഥനെപ്പോലെ) താമസക്കാരനായെത്തുന്ന  സാക്ഷീഭാവമുള്ള അയൽക്കാരന്റെ ദ്വിതീയ പുരുഷ കഥനത്തെ ദൃശ്യഭാഷയിൽ വെറുമൊരു പ്രേമകഥ മാത്രമാക്കി ചുരുക്കിയിരിക്കുന്നു. "പുളപ്പ്" തുടങ്ങുന്ന അമേരിക്കൻ കാലഘട്ടത്തെ, സാമൂഹ്യമായ മാറ്റത്തെ, സാമ്പത്തിക/സദാചാര സംഹിതകളെയാണ് നോവലിൽ കേന്ദ്രസ്ഥാനത്ത് നിർത്തുന്നതെങ്കിൽ സിനിമയിലത് കടന്നു വരുന്നത് അപൂർവ്വമാണ്. മുളാൻറൂഷ് , റോമീയോ-ജൂലിയറ്റ് എന്നിവയൊരുക്കിയയാളിൽ നിന്ന് ‌കൂടുതൽ പ്രതീക്ഷിച്ചു. ഗാറ്റ്സ്ബേയുടെ കൊട്ടാരസമാനമായ വീട്ടിലെ പാർട്ടി രംഗങ്ങളിലൊഴികെ ആ സ്പർശം കാണാനില്ലായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമ 'നിരാശപ്പെടുത്തി'. നായകനായ ലിയോനാര്‍ഡോ ഡി കാപ്രിയോ, ആഖ്യാതാവായ ടോബി മഗ്വയ്ര്‍ മുതൽ  ചെറിയ വേഷത്തിലെത്തുന്ന അമിതാഭ് ‌ബച്ചനുൾപ്പെടെയുള്ള കഥാപാത്രങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ല. ഏവരും ശരാശരിയ്ക്കു മുകളിലുള്ള അഭിനയം കാഴ്ചവച്ചിട്ടുണ്ട് താനും. ത്രിമാന ചിത്രീകരണത്തിന്റെയൊന്നും ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് കാഴ്ചാനുഭവം. ആത്മീയതയിലധിഷ്ഠിതമല്ലാത്ത ക്ഷണപ്രഭാ ചഞ്ചലമായ അമേരിക്കൻ സ്വപ്നമെന്നതിന്റെ തകർച്ചയെ വിഷയമാക്കുമ്പോൾ സെമിറ്റിക്/കുടുംബ-പശ്ചാത്തലത്തിന് കൂടുതൽ പ്രാധാന്യം ‌നൽകുന്ന സിനിമയാകട്ടെ, നോവലിലെ സാമൂഹ്യ/സാമ്പത്തിക/യുദ്ധ/ചരിത്ര-പശ്ചാത്തലങ്ങളെ ദുർബലമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് ‌സിനിമയിൽ ദ്വിതീയ പുരുഷന്റെ വാചികമായ 'കഥ പറച്ചിലും', ക്യാമറയുടെ ദൃശ്യവൽക്കൃതമായ 'കഥ പറച്ചിലും' രണ്ട് വ്യത്യസ്ത ഭാഷയാണെന്ന് പ്രകടമാകുന്നതോടെ കാഴ്ചയിൽ ചെടിപ്പുണ്ടാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഫിറ്റ്സ്‌ജെറാള്‍ഡിന്റെ നോവലുമായി മൂലകഥയിൽ അഥവാ പ്രേമകഥയിൽ മാത്രം സാമ്യമുള്ളതും അഞ്ചും, ഏഴും, പത്തും കൽപ്പനകളെ തെറ്റിച്ചവനുള്ള 'പാപത്തിന്റെ ശമ്പളം മരണമത്രേ' വിധിയിലും ഒതുങ്ങുന്നു ഗാറ്റ്സ്ബേയുടെ ചലച്ചിത്ര ഭാഷ്യം.  ‌


Thursday, May 16, 2013

ഹൗസാറ്റ്!!!

ബീലാത്തിയിലെ പ്രഭുക്കന്മാരുടെ ഒഴിവു സമയ വിനോദത്തില്‍ നിന്ന് കാലമേറെ കടന്ന്  രൂപാന്തരങ്ങള്‍ക്കു വിധേയമായി 20-20യിലെത്തി നില്‍ക്കുന്ന ക്രിക്കറ്റ് എന്ന കളി വെറും വിനോദമോ, കളിയോ അല്ലെന്ന് ഇനിയും തിരിച്ചറിവായിട്ടില്ലേ? കാശിന് ടിക്കറ്റു വാങ്ങി കളികാണുന്ന മൈതാനത്തിലൊതുങ്ങുന്നതല്ല അതിന്റെ കമ്പോള പരിസരം. ടീം-ലേലം, ചാനല്‍ റൈറ്റ്സ്, പരസ്യം, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കമ്പോളശിഖയുടെ കീഴെ വരുന്നതാണ് വാതുവയ്പ്പും ഒത്തുകളിയുമെല്ലാം. കാണുന്നവര്‍ക്ക് വേണ്ടത് ഹരംകൊള്ളിക്കുന്ന വിനോദമാണെങ്കില്‍, ആ വിനോദം പകരുന്ന പ്രക്രിയയില്‍ സ്വാഭാവികമായ പരിണാമഗുപ്തി, അസ്വഭാവികമായ പരിണാമഗുപ്തി എന്നിവ തേടുന്നതില്‍ ‌വലിയ കാര്യമൊന്നുമില്ല. നൈതികത, ധാര്‍മ്മികത... എന്നൊക്കെ പറയാമെങ്കിലും കാശ് വാരാനാകുന്ന ഈ കുളത്തില്‍ ചിലര്‍ മീന്‍ വലയെറിഞ്ഞു പിടിക്കും, ചിലര്‍ നഞ്ഞു കലക്കി പിടിക്കും, ചിലര്‍ ചാട്ടുളിയെറിഞ്ഞു പിടിക്കും. ചെന്നൈയിലിരുന്ന് ‌ഒരാള്‍ കുടിക്കുന്ന കോളയിലെ ഐപിഎല്‍ സ്റ്റിക്കറിലും, മുംബൈയിലെ ഒരു പബില്‍ ഇത്രകുപ്പി ബിയറും വലിയ സ്ക്രീനില്‍ കാഴ്ചയുമെന്ന്  വാഗ്ദാനം ചെയ്യുന്ന പാക്കേജിലും, ദില്ലിയിലെ ഒരു വ്യവസായിയുടെ ബാങ്ക് ട്രാന്‍സാക്ഷനിലെ സ്പോണ്‍സര്‍ തുകയിലും, കളിക്കാര്‍ക്കും കാണികള്‍ക്കുമായുള്ള യാത്രാസൗകര്യത്തിനൊരുങ്ങുന്ന വിമാനങ്ങളുടെ വരുമാനത്തിലും, ബോളിവുഡു താരങ്ങളുടെ കോള്‍ഷീറ്റിലും വരെ മാറ്റങ്ങളുണ്ടാക്കുന്ന കളിക്കമ്പത്തിന്റെ കമ്പോള പ്രതിനിധാനം അധോലോകത്തിനു മാത്രമെന്തിന് അന്യമാകണം?  "കമ്പോളമാണ് മാര്‍ഗം, കമ്പോളമാണ് ശരി, കമ്പോളമാണ് സര്‍വ്വം" എന്നതാകുന്നു ഇവിടെ ആപ്തവാക്യം. അതില്‍ കറുപ്പേത്, ചാരമേത്, ചുവപ്പേത്, വെളുപ്പേതെന്നൊക്കെ ചുമ്മാ തപ്പിക്കൊണ്ടിരിക്കാമെന്നു മാത്രം. നിങ്ങള്‍ക്കുള്ള വിനോദം 'പാക്കേജ്ഡ്' ആയി ടെലിവിഷന്‍ വഴിയോ, മൈതാന പരിസരത്തോ റെഡിയാണ്. അതു 'തിന്നുക, ഉറങ്ങുക, കുടിക്കുക'. നിര്‍മ്മിതമായ പാക്കേജിന്റെ പരിണാമഗുപ്തി നിശ്ചയിക്കുന്നത് ‌കമ്പോള നിറങ്ങളില്‍ ചാരമാണോ, കറുപ്പാണോ, വെളുപ്പാണോയെന്നത് തീരുമാനിക്കാനുള്ള അവകാശമൊക്കെ (പ്രത്യേകിച്ചും സ്വകാര്യ ഉടമസ്ഥതയുള്ള കളിപ്പങ്കില്‍) പണ്ടേയ്ക്കു പണ്ടെ തീറെഴുതിക്കൊടുത്തുപോയിരിക്കുന്നു

Friday, April 19, 2013

നിങ്ങളീ ഭൂമിയിൽ...

ആഗ്രഹത്തിന്റെയോ, ലക്ഷ്യത്തിന്റെയോ അംശമില്ലാത്ത സ്വപ്നങ്ങളുണ്ടല്ലോ. ഉറക്കത്തിലോ മയക്കത്തിലോ  ഒക്കെയായി കാണുന്ന 'വെറും' കിനാവുകൾ. അവ യാഥാർത്ഥ്യമാകുന്നത് അപൂർവ്വവും, ഇനി നടന്നാൽ തന്നെ സ്വപ്നത്തിനോട് പശ്ചാത്തല നീതി പുലർത്താതെയോ ഒക്കെയായിരിക്കും. എന്നാൽ ഇന്നു സംഭവിച്ചതങ്ങനെയല്ല. വർഷങ്ങൾക്കു മുമ്പ് ഡാൻബ്രൗണിന്റെ ഡാവിഞ്ചി കോഡും വായിച്ച് കൊച്ചിയിൽ പുല്ലേപ്പടി ജംഗ്ഷനടുത്തൊരു വാടകമുറിയിൽ കിടന്നുറങ്ങിയ ഒരു രാത്രിയിൽ കണ്ട സ്വപ്നം ആ നോവലിൽ പരാമർശിച്ചിരുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയറുമായി ബന്ധപ്പെട്ടായിരുന്നു. ‌ഞാനൊരു ക്വിസ്സ് ‌കോമ്പറ്റീഷനിൽ കാണികളുടെ കൂട്ടത്തിൽ (ശ്രദ്ധിക്കുക, മത്സരാർത്ഥിയല്ല വെറും കാണി മാത്രം) ഇരിക്കുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയർ രൂപകൽപ്പനയുമായി ബന്ധപ്പെട്ട് മത്സരാർത്ഥികൾക്ക് ഉത്തരം പറയാനാകാത്ത ഒരു ചോദ്യം പാസ് ചെയ്തു കാണികളിലേയ്ക്കു വരുന്നു. ഞാൻ ചാടിയലറിക്കൊണ്ട് 'ജോവാനി ലൊറെന്‍സൊ ബെര്‍ണീനി' എന്നുത്തരം പറയുന്നു. തുടർന്ന് കരഘോഷം മുഴങ്ങുന്നു. പതിവുമ്പോലെ ഒരു 'ഹമ്പട ഞാനേ' സ്വപ്നം മാത്രമായിരുന്നു അത്; ഇന്നു വരെ. എന്നാൽ ഇന്ന്, ഓഫീസിൽ നടക്കുന്ന ഒരു ക്വിസ് കോമ്പറ്റീഷന്റെ ഫൈനലിൽ ചെന്നു കാണിയായിരിക്കുകയും, റാപ്പിഡ് ഫയർ റൗണ്ടിൽ ‌മത്സരാർത്ഥികൾ ഉത്തരം പറയാനാകാതെ പ്രസ്തുത ചോദ്യം കാണികളിലേയ്ക്ക് ‌നീളുകയും, ഞാൻ ‌ചാടിക്കയറി ഉത്തരം പറയുകയും ചെയ്യുന്നു. കരഘോഷം നിസ്സാരമായിരുന്നു എന്നതൊഴിച്ചാൽ നടന്നത് 'സ്വപ്നസാഫല്യം'. മറ്റൊരു സ്വപ്നവും ഈയടുത്ത് ഏതാണ്ട് സഫലമായിരുന്നു. അവനവന്റെ താക്കോലുപയോഗിച്ച് ‌മറ്റൊരാളുടെ മുറി/വാഹനം/അലമാര തുറക്കുകയെന്നത്. ഒന്നു രണ്ട് മാസങ്ങൾക്കു മുമ്പാണ് സംഭവം. ഓഫീസിൽ ‌വാഹനങ്ങൾ പാർക്കു ചെയ്യുന്നിടത്ത് എന്റെ സൈക്കിളിന്റെ അടുത്ത് തന്നെ അതേ മോഡലിലുള്ള , ഒരേ നിറമുള്ള മറ്റൊന്നുണ്ടായിരുന്നു. ഞാന്‍ അതു ശ്രദ്ധിക്കാതെ മനസ്സില്‍ മറ്റെന്തോ ആലോചിച്ച് എന്റെ താക്കോലെടുത്ത് അതു തുറക്കാന്‍ ശ്രമിച്ചു .അതു തുറക്കുകയും ചെയ്തു. ക്യാരിയറില്‍ ബാഗു വയ്ക്കാന്‍ നേരത്താണ് ‌ബാറിലെ സ്റ്റിക്കറു കണ്ട് അതെന്റെയല്ലല്ലോ എന്ന് ‌തിരിച്ചറിഞ്ഞത്. വേഗം അത് പൂട്ടി വച്ചു. ബാഗെടുത്ത് എന്റെ  സൈക്കിളിന്റെ ക്യാരിയറില്‍ വച്ച ശേഷം കൗതുകത്തിനായി വീണ്ടും മറ്റെ സൈക്കിള്‍ തുറക്കാന്‍ നോക്കി. ഇല്ല നടക്കുന്നില്ല. അത് തുറക്കുന്നില്ല. ശ്രദ്ധാപൂര്‍വ്വം ഒന്നോ രണ്ടോ തവണ ശ്രമിച്ചു പരാജയപ്പെട്ടു. അശ്രദ്ധമായ ഒരു അവസ്ഥയിൽ ചെന്നു സ്വാഭാവികമായി ശ്രമിച്ചപ്പോൾ (ചോരശാസ്ത്രത്തിലൊക്കെ പറയുന്ന പൂട്ടുതുറക്കുന്ന മന്ത്രവും മനസ്സാന്നിദ്ധ്യവുമൊന്നുമില്ലാതെ തന്നെ) അത് ഒരു തവണ തുറന്നു എന്നത് സത്യമാണ് അഥവാ അത്ഭുതമാണ്. പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ ചില സ്വപ്നങ്ങൾ , ഒരല്പം പശ്ചാത്തല വൈജാത്യത്തോടെ,  ‌യാഥാർത്ഥ്യമാകുന്നതിൽ അല്ലറ ചില്ലറ അത്ഭുതങ്ങളും, രസങ്ങളുമൊക്കെയുണ്ട്.

Sunday, March 17, 2013

മര(ണം)

ഇപ്പോൾ താമസിക്കുന്ന വീടിന്റെ ‌മുൻവശത്തെ വരാന്തയ്ക്കു തണലായി ഒരു ആര്യ വേപ്പിന്റെ ചില്ലകളുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന ഒന്നാം നിലയുടെ ടെറസ്സിനോളം ഉയരമുള്ള ‌ആ മരത്തിൽ കാക്കകളല്ലാതെ മറ്റു പക്ഷികളൊന്നും വന്നിരിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വരാന്തയുടെ ചില ഭാഗങ്ങളിൽ വീഴുന്ന കക്കക്കാഷ്ഠം പലപ്പോഴും ‌ശല്ല്യമാകാറുണ്ട്. കഴിഞ്ഞ മഴയിൽ ഇതിന്റെ ഇലകൾ വീണു വരാന്തയിലെ പൈപ്പടഞ്ഞാണ് മുറിയിൽ ‌വെള്ളം കയറി കിടക്കയും, കുറെയധികം പുസ്തകങ്ങളും നാശമായത് (പ്രളയ സങ്കടം : http://devadasvm.blogspot.in/2012/08/blog-post_31.html) ഇതൊക്കെയാണെങ്കിലും ഒരടുപ്പം ഈ മരത്തോടുണ്ടായിരുന്നു. അതാണിന്നിങ്ങനെ വെട്ടി വീഴത്തപ്പെട്ടു കിടക്കുന്നത്. മാർച്ച് പാതിയായതേയുള്ളൂ. ചെന്നൈ ചൂട് "ഏപ്രിൽ മെയിലേ പശുമയേ ഇല്ലൈ" എന്ന കത്തിരി വെയിലിന്റെ പാട്ട് മൂളാൻ തുടങ്ങുന്നതേയുള്ളൂ. വരാന്തയിൽ ലാപ്ടോപ്പുമായി ഇതിന്റെ ചില്ലകളുടെ ചുവട്ടിൽ ചെറുകാറ്റുമേറ്റ് 'ഒരു മരം ഒരു കാവല്ല" എന്ന ബോധ്യത്തോടെ ഇരിക്കുമ്പോഴും ഒരു അനുഭവമൊക്കെയുണ്ടായിരുന്നു. അതൊക്കെ തീർന്നു. തണലും കാക്കക്കരച്ചിലും ഇലകൊഴിച്ചിലും ചെറുകാറ്റും പച്ചപ്പുമെല്ലാം...

Friday, January 25, 2013

Insomnia മൂന്നാംപക്കം അഥവാ (അ)രാഷ്ട്രീയം

അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ പിന്നെ വയറു നിറയെ തിന്ന് അൽപം മദ്യപിച്ച് ചുരുണ്ടു കൂടി കിടന്നുറങ്ങുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു. ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അസുരനിഗ്രഹവും, വിവാഹവും, വനവാസവുമൊക്കെയായി ജേഷ്ഠനെ അനുഗമിച്ച ലക്ഷ്മണൻ ബലാതിബല മന്ത്രങ്ങളാൽ വിശപ്പും, ദാഹവും ഒഴിവാക്കി. വനവാസകാലത്ത് ജേഷ്ഠനേയും, ജേഷ്ഠപത്നിയേയും സംരക്ഷിക്കുന്ന ദൗത്യമേറ്റതിനാൽ 14 വർഷത്തേയ്ക്ക് നിദ്രാദേവിയുമായി ഉടമ്പടി വച്ചത്രേ! 14 വർഷം ഉറക്കമില്ലാതെ കാവലു നിന്നു, യാത്ര ചെയ്തു, ‌മര്യാദ വെടിഞ്ഞു സ്ത്രീയെ ആക്രമിച്ചു , തെറ്റും ശരിയും നോക്കാതെ ജേഷ്ഠകൽപ്പനകൾ ശിരസ്സാ വഹിച്ചു, യുദ്ധം ചെയ്തു. എന്നിട്ടോ ജീവിതത്തിലേറ്റവും കൂടുതലായി താൻ ആഗ്രഹിച്ച നിമിഷമായ ശ്രീരാമ പട്ടാഭിഷേകം നടക്കുന്നയന്ന് ഉടമ്പടി തീർന്നതിനാൽ ചിരിച്ചുകൊണ്ട് മയക്കത്തിലാണ്ടു. രാമൻ കിരീടം ധരിക്കുമ്പോൾ ലക്ഷ്മണൻ മയക്കത്തിലേയ്ക്ക് ‌വഴുതി വീഴുകയായിരുന്നത്രേ! കുംഭകർണ്ണനങ്ങനെയായിരുന്നില്ല വേദശാസ്ത്രശസ്ത്ര വിദ്യകൾ ഗ്രഹിച്ചു അറിവുള്ളവനായി, മന്ത്രം ജപിച്ചു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, വികടസരസ്വതീ കടാക്ഷം വാങ്ങി. ലങ്കയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ മൂക്കുമുട്ടെ തിന്നു, ബോധം മറയുന്നതു വരെ മദ്യപിച്ചു, പിന്നെ കൂർക്കം വലിച്ചു കിടന്നുറങ്ങി. രാവണൻ സീതയെ അപഹരിച്ചപ്പോഴും, ഹനുമാൻ ലങ്ക കത്തിച്ചപ്പോഴുമെല്ലാം ഉറങ്ങിക്കൊണ്ടേയിരുന്നു. ഉറക്കം മുറിച്ചെഴുന്നേറ്റപ്പോൾ തെറ്റു ചെയ്ത ജേഷ്ഠനോട് തർക്കിച്ചു. തിരുത്താനാവില്ലെന്നു കണ്ട് ‌ആക്കറ്റം മദ്യപിച്ച് തന്നാൽ കഴിയാവുന്ന വിധം‌ യുദ്ധം ചെയ്തു മരിച്ചു. ജീവിത വിജയം അളക്കുകയെന്നത് മാപിനികളുടെ പരാജയമാണ്. ആയതിനാൽ തന്നെ ‌ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ, 'വല്ല്യേട്ടൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു'വെങ്കിൽ  വിശേഷിച്ചും...

Tuesday, January 1, 2013

Perez എന്ന വാസ്തുഹാരാ

1947-1971 കാലഘട്ടത്തില്‍ പാക്ക്-ബംഗ്ലാ പ്രവിശ്യകളില്‍ നിന്നുണ്ടായ അഭയാര്‍ഥി പ്രാവഹം വിഷയമാക്കി ശ്രീരാമനെഴുതിയ കഥയ്ക്ക് അരവിന്ദന്‍ ചലച്ചിത്രഭാഷ്യമൊരുക്കിയത് 1991ലാണ്. വിഭജനം, അഭയാര്‍ത്ഥിത്വം, പകർച്ച വ്യാധികൾ, കെട്ടുപിണയുന്ന ബന്ധങ്ങളുടെ ഭിന്നാവസ്ഥകള്‍ എന്നിവ പ്രമേയമാക്കിയ വാസ്തുഹാരക്കഥയ്ക്ക് ഒരു തുടര്‍ച്ചയെന്നോണം മറ്റൊരു കഥ കൂടി എഴുതിയിരുന്നു ശ്രീരാമന്‍. കിഴക്കന്‍ ബംഗാള്‍ അഭയാര്‍ത്ഥികളെ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേയ്ക്ക്  കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പിലെ രേഖാപരിശോധകനായി കുറെക്കാലം ജോലി ചെയ്തതിന്റെ അനുഭവം പേറുന്ന കഥ. ഭൂമി പതിച്ചു കിട്ടിയ ഒരു കുടുംബത്തിലെ സ്ത്രീ രോഗം വന്ന് മരിച്ചു കഴിഞ്ഞു. കുടുംബനാഥനും കുട്ടിയുമാണ് ദ്വീപിലേക്കു പോകേണ്ടത്. ഭർത്താവു മരിച്ചൊരു സ്ത്രീ  ഒരു കുഞ്ഞിനോടൊപ്പം മതിയായ രേഖകളില്ലാതെ ഉദ്യോഗസ്ഥനു മുന്നിൽ ‌യാചിക്കുന്നു. കൊടിയ ദുരിതപീഢകളുടെ വലിയ ലോകത്ത് മനുഷ്യന്റെ ജാതി,ബന്ധങ്ങൾ, കുടുംബം എന്നിവയ്ക്കൊക്കെ കടലാസ്സു രേഖകളുടെ വിലയേ ഉള്ളൂ എന്ന് തിരിച്ചറിയുന്ന ഉദ്യോഗസ്ഥൻ അവരെ ഒറ്റ കുടുംബമാക്കുന്ന രേഖയുണ്ടാക്കി ദ്വീപിലേയ്ക്കയക്കുന്നു. വർഷങ്ങൾക്കു ശേഷം താൻ ഒട്ടിച്ചു ചേർത്ത ആ കുടുംബത്തെക്കാണാൻ ഉദ്യോഗസ്ഥൻ ‌ചെല്ലുന്നതും, ആ‌ കുടുംബം അല്ലലില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോയതു കണ്ട് സന്തോഷിക്കുന്നതുമാണ് കഥാ പ്രമേയം.

മീരാ നായരുടെ സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു 1995ല്‍ പുറത്തിറങ്ങിയ The Perez Family.  ക്യൂബയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആഭയാർത്ഥിത്വം പ്രമേയമാക്കി ഒരുപാട് സിനിമകൾ (ഗ്യാങ്ങ്സ്റ്റർ മൂവികളിലെ കൾട്ട് ആയ സ്കാർ ഫേസ് ഉൾപ്പെടെ) ഇറങ്ങിയിട്ടുള്ളതിനാൽ, അതിലൊരുപാടെണ്ണം കണ്ടിട്ടുള്ളതിനാൽ പലതവണ ഒഴിവാക്കിയ (Christine Bellന്റെ നോവലിന്റെ ചലച്ചിത്ര ഭാഷ്യം) The Perez Family ഇന്നാണ് കണ്ടു തീർത്തത്. സർനെയിമിൽ Perez എന്നുള്ളതല്ലാതെ മറ്റൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയത്തടവുകാരൻ, കരിമ്പു വെട്ടുകാരി എന്നിവർ ഉടയവരെ അന്വേഷിച്ചും, അമേരിക്കൻ ജീവിതത്തിന് സ്പോൺ‌സറെ അന്വേഷിച്ചും, ഔദ്യോഗിക കടമ്പകൾ എളുപ്പത്തിൽ കടക്കാൻ സർനെയിം ഒന്നായതിനാൽ വ്യാജ-കുടുംബ-രേഖ ചമച്ചുമെല്ലാം കൊടിയ ദുരിതങ്ങളുടെ വലിയ ലോകത്ത് മുൻബന്ധങ്ങളും, കുടുംബവുമെല്ലാം എത്ര നിസ്സാരമാണെന്ന് തിരിച്ചറിയുന്ന സിനിമ ഈ പുതുവര്‍ഷ ദിനത്തില്‍ കാണുമ്പോള്‍ മനസ്സു മുഴുവന്‍ ബംഗാളും, വാസ്തുഹാരകളും, സി.വി ശ്രീരാമനുമായിരുന്നു. സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ബംഗാളികളായ മരീസയും, ആൽഫ്രഡ് മൊലീനയും :))) ചിലതങ്ങനെയിങ്ങനെയൊക്കെയാണ്... അല്ലേ?

Wednesday, December 19, 2012

പ്രണയത്തെക്കുറിച്ചല്ല തന്നേ...

മുമ്പൊരിക്കൽ ഒരു പാടു കാലം താമസിച്ച ശേഷം ഉപേക്ഷിച്ച മുറിയോ വീടോ ഉള്ള തെരുവിലൂടെ പിന്നീട് സഞ്ചരിച്ചിട്ടുണ്ടോ? അവിടേയ്ക്ക് ഒന്നെത്തിയോ കയറിയോ നോക്കാൻ തോന്നാറില്ലേ? ആരായിരിക്കും ഇപ്പോൾ താമസക്കാർ? അതോ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുകയായിരിക്കുമോ? പുതിയ താമസക്കാർ അവിടം നല്ല വെടിപ്പായി സൂക്ഷിക്കുന്നുണ്ടാകുമോ? അതോ പഴയതിലും വൃത്തികേടായിരിക്കുമോ? കരകരാ കരയുന്ന ഫാൻ ,  അങ്ങിങ്ങ് പെയിന്റിളകിയ ജന്നൽക്കമ്പികൾ, മങ്ങിയ ടൈലുകളുള്ള കുളിമുറി, മഴക്കാലത്ത് ചെറുതായി ഷോക്കടിക്കുന്ന ഒരു സ്വിച്ച്, ചാരിയിരുന്നുണ്ടായ മുഷിപ്പൻ ചുമർ ചിത്രങ്ങൾ, പുകയില മണം... അതൊക്കെ അങ്ങനെ തന്നെയുണ്ടാകുമോ? പുതിയ താമസക്കാർ പുത്തൻ പെയിന്റടിച്ചിരിക്കുമോ? മുമ്പ് പുസ്തകങ്ങൾ അടുക്കി വച്ചിരുന്നിടത്ത് അവരെന്തായിരിക്കും സൂക്ഷിക്കുക? തുണി, കളിപ്പാട്ടം, പലചരക്ക്... അതോ പുസ്തകങ്ങൾ തന്നെയോ? അവിടെ കുട്ടികളുണ്ടാകുമോ? അവർ ചായപ്പെൻസിൽ കൊണ്ട് അട്ടിമറികൾ നടത്തിയിരിക്കുമോ? ഇത്തരം ആശങ്കകളും ആകുലതകളും മറി കടന്നുകൊണ്ട് അവിടേയ്ക്കൊന്നു കയറി നോക്കാനുള്ള ത്വരയെ അവഗണിച്ചോ അതിജീവിച്ചോ നിങ്ങൾ പുത്തൻ മുറിയിൽ/വീട്ടിൽഎത്തിയെന്നു തന്നെ കരുതുക. നീക്കിയിരിപ്പെന്തായിരിക്കും? അടുക്കളയിലെന്തോ പുകയുന്നില്ലേ? മസാലക്കൂട്ടിന്റെ മണം മൂക്കു തുളച്ചു കയറി തുമ്മിക്കുന്നില്ലേ? ഇല്ലെങ്കിൽ ശൂന്യത മണക്കുന്നില്ലേ? അത് ശ്വാസം മുട്ടിക്കുന്നില്ലേ? എന്താണ് തലയിളക്കലിന്റെ അർത്ഥം/ ഉവ്വെന്നോ ഇല്ലെന്നോ? ഒന്നു തെളിയിച്ചു പറയിൻ.

Tuesday, October 9, 2012

എൻ.എസ് മാധവനോട്...

(ചിത്രത്തിനു കടപ്പാട് മലയാളമനോരമ) 
ഇത്രയധികം പ്രഖ്യാപകമായ ‌വാചകങ്ങൾ എൻ.എസ്. മാധവന്റെ പ്രസംഗത്തിൽ ഉണ്ടാകാനിടയുണ്ടോ എന്ന് വാർത്ത വായിച്ച ശേഷവും സംശയം ബാക്കിയുണ്ട്. പ്രസംഗത്തിൽ പറയുന്നതല്ലല്ലോ പലപ്പോഴും കേട്ടെഴുത്തുകളിൽ കാണാറുള്ളത്. അതിനാൽ സംശയത്തിന്റെ ആനുകൂല്യം മാധവന് നൽകിക്കൊണ്ടു തന്നെ ചിലത് സൂചിപ്പിക്കാനുണ്ട്.

1) സമകാലിക സംഭവങ്ങൾ സാഹിത്യ വിഷയമാക്കുന്നത് പത്രപ്രവർത്തനമാണ്:
ഭേഷ്... ഇന്ത്യാ-പാക്ക് വിഭജന ശേഷിപ്പിന്റെ ആകുലതകൾ, ഇന്ദിരാഗാന്ധി വധത്തിനു ശേഷമുള്ള സിക്ക് കൂട്ടക്കൊല, സോവിയറ്റ് യൂണിയന്റെ പതനം, ബാബറി മസ്ജിദ് തകർക്കപ്പെട്ടത്, ഗുജറാത്ത് കലാപം, നക്സൽ നേതാവ് കിഷൻജിയുടെ വധം എന്നിങ്ങനെ ഒട്ടൊരുപാട് സമകാലിക വിഷയങ്ങൾ ആസ്പദമാക്കി ചെറുകഥകൾ രചിച്ചയാളാണ് ഈ പറയുന്നത്.

2) വ്യവസായവൽക്കരണമാണ് ചെറുകഥയെ കൊന്നത്:
വ്യവസായവൽക്കരണത്തിനു മുമ്പ് ചെറുകഥ എഴുത്തെന്നത് കുടിൽ‌ വ്യവസായമായിരുന്നോ? ഇനി 'കൊന്നത്' എന്ന് പറയാൻ നാഡി-ഹൃദയ-മിടിപ്പുകളും ശ്വാസവും പരിശോദിച്ച്  ചെറുകഥ ചത്തോ എന്ന് തീർപ്പാക്കാനും കഴിയുമെന്നോ? വ്യവസായ-കമ്പോള-വൽക്കരണങ്ങളുടെ ആശങ്കകളും, ആകുലതകളും, പാർശ്വവൽക്കരണവും പേറുന്ന കഥകളല്ലേ പുതിയ കഥകൾക്ക് ഊർജ്ജവും, ഉറവിടവുമാകുന്നത്? അതു കാണാതിരിക്കാൻ മാത്രം അദ്ദേഹത്തിന്റെ വായനാ ശീലം മുരടിച്ചെന്നോ?

3) എഴുത്തുകാരുടെ മടി നോവലിന്റെ കഥ കഴിക്കും:
വാസ്തവമാണ്. ലന്തൻ‌ബത്തേരിയ്ക്കു ശേഷം താൻ ഒരു നോവൽ‌ രചനയിലാണെന്ന് എതാനും വർഷങ്ങളായി അദ്ദേഹം പറഞ്ഞു തുടങ്ങിയിട്ട്. ഇതുവരെ പുറത്തു വന്നു കണ്ടില്ല.

4) പഴയകാല റഷ്യൻ നോവലുകളിൽ നിന്നു ഭിന്നമായി പുതിയ എഴുത്തിൽ സംഭാഷണം കൂടുന്നു:
Where Will Literature Go From Here? എന്ന വിഷയത്തിൽ എഡിൻബർഗിൽ നടന്ന സമ്മേളനത്തിൽ‌ വച്ച് ‌പ്രശസ്ത സാഹിത്യകാരൻ ബെൻ‌ ഓക്രി പറഞ്ഞതിപ്രകാരമാണത്രേ.
The final day of the conference was about “The Future of the Novel,” and it all looked bleak as writers discussed the possibility of the novel’s death at the hands of more interesting story-delivery devices. Unable to bear the obituary of the novel, the Nigerian writer Ben Okri said that the novel was still young and that it has a long way to go. Africans, he said, believe their stories have yet to be told. Indians, too, feel that way. And they will tell their stories — in a language that they consider at once foreign and their own.
ഇന്ത്യക്കാരനും, ആഫ്രിക്കക്കാരനുമൊക്കെ ‌പുതിയ മാതൃകയും ഭാഷയും ശൈലിയും തേടണമെന്നാണ് സൂചന. റഷ്യൻ‌ നോവലുകളെ മാതൃകയാക്കുന്ന ഏർപ്പാടൊക്കെ ‌കാലം‌ കടന്നു പോയെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

5) എ‌ല്ലാവരും കവികളാകുന്ന കാലം:
കാർബൈഡു വച്ച് പഴുപ്പിക്കുന്ന ശൈലിയിൽ വെട്ടുവഴിക്കവിതകൾ അഹമഹമിഹയാ  അച്ചടിയിൽ ‌വന്നതിലുള്ള നീരസം രേഖപ്പടുത്തലൊക്കെ മനസിലാക്കാം; കവിതകൾ മുദ്രാവാക്യങ്ങളാകുന്നതിന്റെ പ്രശ്നങ്ങളുണ്ട്. അക്കാര്യത്തിൽ മാധവന്റെ അഭിപ്രായത്തോട് മുക്കാലേ മുഴുവനും യോജിക്കുകയും ചെയ്യുന്നു. പക്ഷേ അതിന്റെ സാമാന്യവൽക്കരിച്ച് ഇത്രേടം വരെയെത്തിക്കണമായിരുന്നോ? സത്നാം സിങ്ങിന്റെ മരണവും കവിതയ്ക്കു വിഷയമാകുന്നു എന്ന് അൽപം പരിഹാസത്തോടെ മാധവൻ സൂചിപ്പിക്കുമ്പോൾ മരിച്ച സ‌ത്നാം സിങ്ങും ‌കവിതകളിലൂടെ  പ്രതികരിച്ചിരുന്നു എന്നത് മറന്നു പോകരുത്.
[ http://aksharamonline.com/poetry/satnam-singh-maan/fight-for-freedom ]

വീണ്ടും കേട്ടെഴുത്തിന്റെ സംശയാനുകൂല്യത്താൽ ‌ഒരു ചോദ്യം. ഈ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇന്റെർനെറ്റിലെങ്ങാനുമുണ്ടോ? ഉണ്ടെങ്കിൽ ലിങ്ക് പ്ലീസ്...

ലേബൽ : വായനക്കാരനായി തന്നെ അഥവാ വായനക്കാരനായി മാത്രം

Wednesday, September 5, 2012

മരിച്ചവർക്കയച്ച പുസ്തകങ്ങൾ.


ഞാൻ എഴുതിയ പുസ്തകങ്ങൾ കൊറിയർ ചെയ്യുമ്പോഴും, 30-Jan-2011ന് ഗൂഗിൾ ബസ്സിൽ താഴെ കാണുന്ന ‌കുറിപ്പെഴുതുമ്പോഴും ഗീത ടീച്ചർ മരിച്ച വിവരം എനിക്കറിയില്ലായിരുന്നു. കോളേജിലെന്റെ സീനിയർ ആയിരുന്ന, കാർട്ടൂണിസ്റ്റ് സുജിത്തിന്റെ കമെന്റിലൂടെയാണ് മരിച്ചവർക്കു പുസ്തകം കൊറിയർ അയച്ചവന്റെ ഗതികേട് സ്വയം തിരിച്ചറിഞ്ഞത്. ആ പുസ്തകം വായിച്ച ശേഷം‌ മലയാളം വിഭാഗത്തിൽ പകരക്കാരനായെത്തിയ പുതിയ അദ്ധ്യാപകനും, എഴുത്തുകാരനുമായ ഗണേഷ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഒരു മെസേജ്‌ അയച്ചിരുന്നു. എങ്ങുമെത്തില്ലെന്നു വിചാരിച്ചതെല്ലാം ‌എങ്ങോ ചെന്നെത്തുന്നുണ്ട്. അതിനാൽ തന്നെ അദ്ധ്യാപക ദിനത്തിൽ ഇതൊന്നു റീ-ഷെയർ ചെയ്യണമെന്നു തോന്നി.



  Buzz  -  Jan 30, 2011  -   -  Public

എന്നെങ്കിലും ഒരു നോവല്‍ എഴുതണം എന്ന ആഗ്രഹം ആദ്യമായി തോന്നിയത് പ്രീ-ഡിഗ്രി കാലത്താവണം. അതുവരെ സാഹിത്യം അത്ര സീരിയസ് അല്ലായിരുന്നു. 'ക്ലാസിക്കല്‍ ഡാന്‍സ് ' വീട്ടില്‍ തന്നെ ഉണ്ടായിരുന്നതു കൊണ്ട്‌ അതിനോടായിരുന്നു കമ്പം. കാണുക, പഠിക്കുക, പെര്‍ഫോം ചെയ്യുക ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ സാഹിത്യത്തില്‍ ആദ്യമായി ഗൗരവമായ താല്‍പ്പര്യം തോന്നിയത് പ്രീഡിഗ്രിക്കാലത്താണ്. അതിന് കാരണക്കാര്‍ പ്രധാനമായും താഴെ കാണുന്നവരാണ്.
1)സരസ്വതി ടീച്ചര്‍, 2) ഗീത ടീച്ചര്‍ 3)നന്ദകുമാര്‍ സാര്‍ 4)കവിത ടീച്ചര്‍ ...

ഫസ്റ്റ് ഗ്രൂപ്പ് ആയിരുന്നു. അതുകൊണ്ട്‌ തന്നെ ലാബും, സബ്‌‌ജക്റ്റ് വിഷയങ്ങളും കട്ട് ചെയ്യാന്‍ പറ്റാത്തതിനാല്‍ ക്ലാസ് കട്ടിന് സൗകര്യം ലാന്‍ഗ്വേജ് ക്ലാസുകളായിരുന്നു. 60+ ആളുകളുള്ള ക്ലാസ് റൂം ഭാഷാവിഷയങ്ങളില്‍ കൂടിവന്നാല്‍ 30+ പേരിലൊതുങ്ങുമായിരുന്നു. അതുകൊണ്ട് തന്നെ അതൊരു പരിധി വരെ കൂട്ടും, കൂട്ടവും ആയി മാറും ഹൈസ്കൂള്‍ കാലം മുതലേ വായനക്കുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സരസ്വതി ടീച്ചറും, ഗീത ടീച്ചറുമാണ് മലയാള സാഹിത്യത്തിലേക്ക് ആദ്യത്തെ പാലമിട്ടത്. ആത്മബന്ധം കൂടുതലുണ്ടായിരുന്നത് ഗീത ടീച്ചറോടാണ്. പരീക്ഷാ പേപ്പറുകള്‍/അസൈന്‍മെന്റുകള്‍ നോക്കുമ്പോള്‍ "നിന്റെ ഹാന്‍ഡ്‌‌റൈറ്റിംഗ് വായിക്കാന്‍ ഭയങ്കര കഷ്ടപ്പാടാണെടാ. സാധാരണ ഈ കോലത്തിലെ കുത്തി വരയ്ക്ക് ഞാന്‍ ഒരു മിനിമം മാര്‍ക്കിട്ട് തള്ളേണ്ടതാണ്. എന്നാലും നിന്റെ ആയതുകൊണ്ട്‌ വായിക്കാന്‍ എന്തെങ്കിലും രസം കാണും എന്നതുകൊണ്ട്‌ കഷ്ടപ്പെട്ട് വായിച്ചതാ. ആ കഷ്ടപ്പാടിന് മാത്രം ഞാന്‍ 5 മാര്‍ക്ക് കുറച്ചിട്ടുണ്ട് കേട്ടോടാ" എന്ന് തമാശ പറഞ്ഞിരുന്ന ഗീത ടീച്ചറായിരുന്നു എഴുത്തിലെ ആദ്യപ്രചോദനം. അന്ന് പച്ചമലയാളപ്രസ്ഥാനത്തില്‍ റീസര്‍ച്ച് ചെയ്യുകയായിരുന്നു ടീച്ചര്‍. സരസ്വതി ടീ‌‌ച്ചറാകട്ടേ ബഹുമാനത്തിന്റെ ഒരകലത്തിലേ എക്കാലവും നിന്നിരുന്നുള്ളൂ. പക്ഷേ നിരൂപണം/ആസ്വാദനം എന്നാല്‍ എന്താണെന്ന് മനസിലായത് ടീച്ചറില്‍ നിന്നാണ്. ഉറൂബിന്റെ 'കുഞ്ഞമ്മയും കൂട്ടുകാരും' എന്ന പാഠ്യവിഷയ നോവലിന് എഴുതിയ ആസ്വാദനം വായിച്ച് "ഇത് കൊള്ളാമല്ലോടോ, ഉറൂബിന്റെ മുഴുവന്‍ കൃതികളും വായിക്ക് ഒഴിവുള്ളപ്പോള്‍" എന്നൊരു അര നല്ലവാക്ക് മാത്രമേ കിട്ടിയിരുന്നുള്ളൂ എങ്കിലും അത് മനസില്‍ പതിഞ്ഞ് കിടന്നിരുന്നു.

നന്ദകുമാര്‍ സാറും, കവിത ടീച്ചറും ഇംഗ്ലീഷാണ് പഠിപ്പിച്ചത്. നന്ദകുമാര്‍ സാറിന്റെ ത്രീ‌‌ മസ്കിറ്റേര്‍സ്, ഡെത്ത് ട്രാപ്പ് ക്ലാസുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. സാറിന്റെ ക്ലാസുകള്‍ വെറും ലെ‌‌ക്ചര്‍ അല്ല ഒറ്റയാള്‍ പെര്‍ഫോമന്‍സ്സുകള്‍ ആയിരുന്നു. ആഥോസും, ഡാര്‍ട്ട‌‌ഗ്‌‌നനും അങ്കം വെട്ടുന്നത് ഞാന്‍ ക്ലാസില്‍ വെച്ച് കണ്ടിട്ടുണ്ട്. കവിത ടീച്ചര്‍ 'കുഞ്ഞ് ടീച്ചറാ'യിരുന്നു. പ്രായം കൊണ്ടും ഉയരം കൊണ്ടും. ഇംഗ്ലീഷ് ഭാഷ ആസ്വദിക്കാന്‍ പ്രേരകമായത് ടീച്ചറുടെ ക്ലാസുകള്‍ ആയിരിക്കണം. ടീച്ചറുടെ ഭര്‍ത്താവ് സെന്റ്റല്‍ ഇന്റലിജെന്‍സില്‍ ആയിരുന്നു എന്ന് തോന്നുന്നു. അക്കാലത്ത് വാജ്‌‌പേയി ആണ് പ്രധാനമന്ത്രി. ടീവിയില്‍ വാജ്‌‌പേയിയെ കാണിക്കുമ്പോള്‍ ഇടയ്ക്ക് സഫാരി സ്യൂട്ടുമിട്ട് പുറകില്‍ ടീച്ചറുടെ ഭര്‍ത്താവിനെയും കാണാം. "ഇന്നലെ കക്ഷി കംപ്ലീറ്റ് എയറും പിടിച്ചോണ്ട് വാജ്പേയീടെ പുറകില്‍ നില്‍ക്കുന്നത് കണ്ടായിരുന്നല്ലോ" എന്നും പറഞ്ഞ് ഇടയ്ക്ക് ടീച്ചറെ കളിയാക്കാറും ഉണ്ടായിരുന്നു...

എന്നെങ്കിലും ഒരു എഴുത്തുകാരനായി ഇവരുടെ ഒക്കെ മുന്നില്‍ ചെന്ന് നില്‍ക്കും എന്നൊരു 'വലിയ ആഗ്രഹം/അഹങ്കാരം' അന്നുണ്ടായിരുന്നു. 'ദേ ഇവനെ ഞാന്‍ പഠിപ്പിച്ചതാണെ'ന്ന് അവര്‍ ഒരു കുഞ്ഞ് അഹങ്കാരത്തോടെ പറയുന്നത് കേള്‍ക്കാന്‍ ഒരു വലിയ ആഗ്രഹം. മാര്‍ക്ക് വലിയ കുഴപ്പമില്ലാതെ ഉണ്ടായിരുന്നതിനാല്‍ പ്രീഡിഗ്രിയ്ക്ക് ശേഷം ലിറ്ററേച്ചറിനും, സൈക്കോളജിക്കും ബിരുദത്തിന് അഡ്‌‌മിഷന്‍ കിട്ടി. എന്നാല്‍ വീട്ടിലെ പ്രശ്നങ്ങള്‍, പ്രാരാബ്ദങ്ങള്‍... മാസ്‌‌റ്റേഴ്സ് ഒക്കെ എടുത്ത് ജോലി തേടുക എന്നതൊന്നും അന്നത്തെ സാഹചര്യം വെച്ച് പ്രാക്റ്റിക്കല്‍ അല്ലെന്ന് കൗമാര ബുദ്ധിയില്‍ തെളിഞ്ഞു. എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തുക, കാശുണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് അതെല്ലാം ഉപേക്ഷിച്ച് 'ടെക്കി' ആകാന്‍ തീരുമാനിച്ചത്, അതാകുകയും ചെയ്തു. പക്ഷേ ഒരുതരം വൈരാഗ്യബുദ്ധിയോടെ ആയിരുന്നു ശേഷമുള്ള പഠനം. എനിക്ക് താല്‍പ്പര്യം ഇല്ലാത്ത എന്തോ ആണ് നിവൃത്തികേടു കൊണ്ട് ചെയ്യുന്നതെന്ന ബോധ്യം. അതില്‍ ഒട്ടും കുറ്റബോധവും ഉണ്ടായിരുന്നില്ല, ഒട്ടൊക്കെ ആസ്വദിക്കുകയും ചെയ്തു. കുടുംബം പുലര്‍ത്താനായത്, സമ്പാദ്യം ഒന്നും ഇതുവരെയില്ലെങ്കിലും പ്രശ്നങ്ങളും പ്രരാബ്ദങ്ങളും ഒക്കെ ആമ്പലും-വെള്ളവും സമവാക്യത്തില്‍ നിവൃത്തിക്കാനായത് ഗ്ലോബലൈസേഷനും, ഐടിക്കൂലിപ്പണിയും കൊണ്ട്‌ തന്നെ ആണ്. അതാണ് സത്യവും. പക്ഷേ... ഒരിക്കല്‍ കൂടെ ചെന്ന് മുകളില്‍ പറഞ്ഞവരുടെ മുന്നില്‍ നില്‍ക്കാന്‍ മടിയായിരുന്നു. കൂട്ടുകാര്‍ പലരും പിന്നീട് കോളേജില്‍ പോകുമായിരുന്നു. ഞാന്‍ പോയതേയില്ല. പലരും ചെല്ലുമ്പോള്‍ ഇവരില്‍ ചിലരൊക്കെ എന്നെ അന്വേഷിച്ചിരുന്നു എന്നും അറിഞ്ഞു. എന്നാല്‍ അക്കാലത്ത് ആഗ്രഹിച്ചതു പോലെ എന്തെങ്കിലും ഒന്നാകാതെ ഇവരെയൊക്കെ സമീപിക്കാന്‍ നല്ല ജാള്യതയായിരുന്നു...

ഈ പഴങ്കഥയൊക്കെ ഇപ്പോള്‍ എന്തിനാണ് പറഞ്ഞതെന്ന് ചോദിച്ചാല്‍... ഇന്ന് രണ്ട് കോപ്പി 'പന്നിവേട്ട' ഓണ്‍ലൈനായി puzha.com വഴി ശ്രീവ്യാസാ NSS കോളേജിലെ മലയാളം , ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് അയച്ചു കൊടുത്തു. നൂറുകണക്കിന് പിള്ളേര്‍ കയറിയിറങ്ങിപ്പോയ ക്ലാസ് മുറികളില്‍ ഒരു 'ദേവദാസി'നെ ഇവരാരും ഓര്‍ക്കുമെന്ന് കരുതിയിട്ടൊന്നും അല്ല. പക്ഷേ ഇനി എന്നെങ്കിലും മുന്നില്‍ ചെന്നു നില്‍ക്കാന്‍ , ഒന്ന് പുഞ്ചിരിക്കാന്‍ ഉള്ള ഒരു ധൈര്യത്തിന്. നിങ്ങളു പറഞ്ഞതും, പഠിപ്പിച്ചതും ഒന്നും ഞാന്‍ വെറുതെയാക്കിയില്ല എന്ന് ബോധ്യപ്പെടുത്താന്‍, പിന്നെ ഇത്രയും കാലം ലജ്ജയോടെ അകന്നു നിന്നതിന്റെ വിഷമം ഇല്ലാതാക്കാന്‍...
 

(c)2009 Devadas V.M [ vm.devadas@gmail.com ]