Monday, February 8, 2010

ദാസ്‌ ക്യാപിറ്റൽ

 
(c)  http://www.topnews.in


The most elementary definition of ideology is probably the well-known phrase from Mar'x 'Capital' ,
 "They do not know it, but they are doing it". The fundamental  level of ideology, however
 is not of an illusion masking  the real state of  things, but that of an
 (unconscious) fantasy structuring our social reality itself.
- Slavoj Zizek

(1) ഒട്ടകക്കൂനുള്ള പുസ്തക വിൽപ്പനക്കാരൻ

ഉചയൂണിനു ശേഷം മാത്തമാറ്റിക്സ്‌ ഡിപ്പാർട്ട്മന്റ്‌ സ്റ്റാഫ്‌ റൂമിലിരുന്നുള്ള പതിവ്‌ മയക്കത്തിനിടെ തികട്ടി വന്ന ഏമ്പക്കത്തെ ഒരു വയറ്റാട്ടിയുടെ കൈവഴക്കത്തോടെ ഉഴിഞ്ഞ്‌ മുകളിലോട്ട്‌ വിടുമ്പോൾ എനിക്ക്‌ തോന്നി, കുടവയർ ഒരു ബാധ്യതയാണ്‌. ഉച്ചമയക്കത്തിൽ നിന്നു രക്ഷപ്പെടാനായി മെന്തോളിന്റെ എരിവ്‌ കലർന്ന അമൃതാഞ്ജൻ -മുടിയില്ലാത്തതിനാൽ- നെറ്റിയേത്‌, തലയോടേതെന്നൊരു വേർത്തിരിവു വേണ്ടാത്ത പ്രദേശത്ത്‌ അമർത്തിപ്പുരട്ടുമ്പോഴും അസ്വസ്ഥമാം വിധം സ്പന്ദിക്കുന്ന കുടവയറിനെക്കുറിച്ചു തന്നെയാണ് ചിന്തിച്ചത്‌.

"രജൻ മാഷേ, വയർ വല്ലാതെ കൂടുന്നല്ലോ."
എന്ന്‌ കുശലം ചോദിക്കുന്നവരോട്‌ നീണ്ടമൂക്ക്‌, കഷണ്ടി, കുടവയർ, മുതുകത്ത്‌ രോമം, വെടിക്കല എന്നിവ പുരുഷ ലക്ഷണങ്ങളാണെന്ന്‌ ആവർത്തിച്ച്‌ തർക്കിച്ചു പറയുമ്പോഴും കുടവയറിന്‌ കൂടെ നിൽക്കുന്നവയുടെ സ്ഥായിയായ ഉറപ്പ്‌ സംസാരത്തിൽപ്പോലും ഈയിടെ കിട്ടുന്നില്ല. കൂട്ടത്തിൽ പുറം പറ്റിയതായി അതങ്ങിനെ മാറി നിൽക്കുന്നതിന്റെ കെറുവാകണം പലപ്പൊഴും പലരും ചോദിക്കാറുള്ള ചോദ്യത്തിന്‌
"എട്ട്‌ മാസായി, അട്ത്തന്നെ ഉണ്ടാവും. ആൺകുട്ട്യാവണേ ദേവ്യേ..."
എന്ന്‌ ചിരിച്ച്‌ മറുപടി നൽകാറുള്ളതിന്‌ പകരം ഇന്ന് ക്യാന്റീനിലെ ഉച്ചയൂണ്‌ വിളമ്പുകാരനോട്‌
"ആൺകുട്ട്യല്ല; ആനക്കുട്ട്യാണ്‌. തുമ്പിക്കൈ മാത്രം ഇറങ്ങി പുറത്ത്‌ വന്നിട്ടുണ്ട്‌. കാണണോ?"
എന്ന്‌ അശ്ലീലം കലർത്തിപ്പറഞ്ഞ്‌ നാവടപ്പിച്ചതു. മദ്ധ്യവേനലിന്റെ തീവ്രത തീർത്ത വിയർപ്പ്‌ തുള്ളികൾ നെറ്റിയിൽ ഉരുണ്ടുകൂടി അമൃതാഞ്ജന്റെ മഞ്ഞ കലർന്ന്‌ കണ്ണ്‌ നനയിച്ചു. ഉറക്കം മുറിഞ്ഞ് കണ്ണു തുറന്ന ആ കാഴ്ചയിലാണ്‌ ഉയരം കൂടി, എന്നാൽ ഒരൽപം കൂനോടെ ഒരു അപരിചിതൻ  സ്വപ്നടീച്ചറോടും, ആൻഡ്രൂസ്‌ മാഷിനോടും സംസാരിച്ചിരിക്കുന്നതായി കണ്ടത്‌. കറുത്ത ഒരു ബാഗിൽനിന്ന്‌ പുസ്തകങ്ങൾ ഓരോന്നായെടുത്ത്‌ കൈക്കുഴ കൊണ്ടൊരു ചുരികത്തിരിപ്പിനാൽ മുന്നും, പിന്നും കാണിച്ചു ചെറുവിവരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ. അതേ സമയം തിളങ്ങുന്ന ചട്ടയുള്ള പുസ്തകങ്ങളിൽത്തട്ടി തന്റെ മുഖത്ത്‌ പ്രതിഫലിച്ച സൂര്യപ്രകാശത്തിന്റെ പുളിപ്പിലാണോ, മറിച്ച്‌ മഞ്ഞയും മെന്തോളും കലർന്ന അമൃതാഞ്ജൻ വിയർപ്പിന്റെ എരിവിലാണോ ഉണർന്നതെന്ന്‌ കുഴങ്ങിയിരിക്കുകയായിരുന്നു ഞാൻ. ഉറക്കപ്പിച്ചിൽ അവർക്കിടയിലൊരു നാലാമനായി പെട്ടെന്ന്‌ ഇടിച്ചു കയറുന്നതിന്റെയൊരു ജാള്യതയൊഴിവാക്കാനായി അവരുടെ സംഭാഷണത്തിൽ തനിക്കുകൂടെ കയറിച്ചെന്ന്‌ പങ്കെടുക്കാവുന്ന ഒരിടം പരതിക്കൊണ്ട്‌ കാത്തിരുന്നു.

സ്റ്റഡി മെറ്റീരിയലുകളായ പുസ്തകങ്ങളൊക്കെ അവഗണിച്ചതിനുശേഷം "വേറെ വല്ലതും ഉണ്ടോ" എന്ന ആൻഡ്രൂസ്‌ മാഷുടെ ചോദ്യത്തോടെയാണ്‌ അയാൾ ശാസ്ത്രേതര പുസ്തകങ്ങൾ പുറത്തെടുക്കാൻ തുടങ്ങിയത്‌. എം.ടിയുടെ നോവലുകളും, പദ്മനാഭന്റെ കഥകളും അഴീക്കോടിന്റെ ലേഖനങ്ങളും, ചുരികത്തിരിപ്പ്‌ തിരിഞ്ഞ്‌ മേശപ്പുറത്ത്‌ നിശ്ചലമായി. കാട്ടുമാടത്തിന്റെ ഒരു പുസ്തകം മറിച്ചു നോക്കുന്ന സ്വപ്നടീച്ചറിൽ കണ്ണുടക്കിയ നിമിഷം; ഇതുതന്നെ തനിക്ക്‌ പ്രവേശിക്കാനുള്ള ഇടം എന്നുറച്ച്‌
"ഇത്‌ കാട്ടുമാടത്തിന്റെ സാമൂഹ്യ നിരീക്ഷണങ്ങൾ ഉള്ള പുസ്തകമാണ്‌ ടീച്ചറേ; അല്ലാതെ ആളെ വശീകരിക്കുന്ന മാന്ത്രികപ്പുസ്തകമല്ല."
എന്നു പറഞ്ഞതിൽ നീരസം തോന്നിയാകണം ഈരണ്ടു വർഷങ്ങൾ കൂടുമ്പോൾ മാത്രം ഭർതൃസ്പർശമേൽക്കുന്ന താലിമാലയിൽ പിടിച്ച്‌ അവൾ ഞെരടിയത്‌. പുസ്തകത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞയാളെന്ന നിലയ്ക്ക്‌ വിൽപനക്കാരന്റെ മുഖത്ത്‌ വന്നതും, ടീച്ചറോടുള്ള ആക്ഷേപമാകുമോ എന്ന ഭയത്താൽ അയാൾ അമർത്താൻ ശ്രമിക്കുന്നതുമായ പുഞ്ചിരി തന്നെയാണെനിക്ക്‌ ഇടപെടാനുള്ള സ്പേസ്‌. തുടർന്നങ്ങോട്ട്‌ വൈകുന്നേരം കോളേജ്‌ വിടുന്നതുവരെ തങ്ങൾക്ക്‌ അധ്യയനം നടത്തേണ്ടുന്ന പിരീഡുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ -ഇടയ്ക്ക്‌ ഇതുപോലെ വന്നു കയറാറുള്ള സാധു വിൽപ്പനക്കാരെ നേരമ്പോക്കു പറഞ്ഞ്‌ കളിയാക്കി ഒന്നും വാങ്ങാതെ മടക്കുക എന്ന പതിവ്‌ തന്ത്രത്തിനൊരുങ്ങി- ഞങ്ങൾ അയാളെ വളഞ്ഞു. ഈ പ്രദേശത്ത്‌ ആദ്യമായാകണം കടിയറിയാത്ത പാവം ഇളമാൻ. ഇനിയങ്ങോട്ടുള്ളത്‌ സ്ഥിരമൊരു ചടങ്ങാണ്‌. പരിചയപ്പെടുത്തുന്ന ഓരോ ഉൽപന്നത്തിനും വിൽപ്പനക്കാരനും ചുറ്റുമിരുന്ന്‌ അയാളെ ചൊടിപ്പിക്കുന്ന പ്രതികരണങ്ങൾ.

നിലത്ത്‌ നിരക്കി കൈമാറി തനിക്കു മുന്നിൽ ഊഴവട്ടമെത്തുന്ന മെഴുകുതിരി വിളക്കിന്റെ വെട്ടത്തിൽ, നടുവിലിരിക്കുന്ന പൂർണ്ണ നഗ്നയായ ഒരുവളിൽ കാവ്യം ചമച്ച്‌, കാമം കരഞ്ഞു തീർക്കും വിധം ശൃംഗാരശായരി പാടുന്ന, അശ്ലീലം പീളകെട്ടിയ വൃദ്ധകവികളുടെ മുഖഭാവമായിരുന്നു ഞങ്ങൾ മൂന്നു പേർക്കും. ഇതുവരെ ചൊല്ലിയ ശായരികൾക്ക്‌ പ്രേരകമായതും, മെഴുകുതിരി വെട്ടമേറ്റ്‌ തിളങ്ങുന്നതുമായ നഗ്നതയെക്കാളും അവൾ ഭയപ്പെട്ടിരുന്ന ഇരുളിലെ തന്റെ ഇനിയും അനാവൃതമാകേണ്ടുന്ന ശരീര ഭാഗങ്ങളെയെന്നോണം കറുത്ത ബാഗിലെ ഇനിയും പുറത്തെടുക്കുന്ന പുസ്തകങ്ങളെ അയാൾ ദയനീയമായി നോക്കി. മൂവരും സാഹിത്യം ശ്രദ്ധിക്കുന്നില്ലെന്ന്‌ കണ്ടാവണം അയാൾ മറ്റുള്ളവ ചികഞ്ഞ്‌ വലിച്ചിട്ടത്‌. ചുരികത്തിരിപ്പിൽ വീണ്ടും വെയിലേറ്റ്‌ തിളങ്ങിയവയ്ക്ക്‌ പ്രതികരണമായി എതിർപ്പിന്റെ ശായരികൾ.

ദാസ്‌ ക്യാപിറ്റൽ (മൂലധനം):-
തുടരേ മറിക്കുന്ന ഓരോ പുസ്തകത്താളുകളുടെ മൂലയിലും
അദൃശ്യനായ ഒരാനയുടെ തുമ്പിക്കൈ ഉയർത്തലുണ്ട്‌.
പക്ഷേ; മൂലയ്ക്കിരിക്കുന്ന എനിക്കെന്ത്‌ മൂലധനം?
ഈ പുസ്തകം വേണ്ട.
(വാഹ്‌.. വാഹ്‌.. ഉസ്താദ്‌... സ്വയം അഭിനന്ദനം)

സിൻഡ്രല്ല സിൻഡ്രോം:-
ഒരു കൂവലിനെ മറികടന്നു വേദിയിൽ പതിച്ച
ഒറ്റച്ചെരുപ്പാകാം ശരീരം വിൽക്കുന്ന നടിയ്ക്ക്‌
സിൻഡ്രല്ലയുടെ സ്വപ്നപാദുകം.
വേറെ കാണിക്കൂ.
(പടച്ചവനേ! ഹൈക്കു... ക്യാ ബാത്‌ ഹേ ആൻഡ്രൂസ്‌...)

ലാറ്റിനമേരിക്കൻ സമ്പദ്‌വ്യവസ്ഥ:-
നേരത്തേ പറഞ്ഞ അദൃശ്യനായ ഒരാനയില്ലേ? ഒരു കുവലയാപീഠം.
അതിനെക്കൊണ്ട്‌ ചവിട്ടിക്കണം സാൽവദോർ അയന്തയെ തകർത്ത
പീനാഷ്യോവിന്റെ തല...
ഇതിന്റെയൊക്കെ കാലം കഴിഞ്ഞു. മറ്റു പുസ്തകങ്ങൾ?
(ഗദ്യമായാലെന്ത്‌, ബലേഭേഷ്‌ സ്വപ്ന ടീച്ചർ)

അവഗണനയ്ക്കിടെ നീണ്ട ശായരികൾക്കൊടുവിലായി ഇനിയും ഒരു പുസ്തകം തപ്പിയെടുക്കാൻ പരതുന്ന വിരലുകളിൽ കാലിയായ ബാഗ്‌ അനുഭവപ്പെട്ടപ്പോൾ വിൽപ്പനക്കാരന്റെ മുഖത്ത്‌ പ്രകാശവും, ചുണ്ടിൽ വാക്കുകളും അസ്തമിച്ചു. ഉച്ചവെയിലിലും അയാൾ ഇരുണ്ടുമങ്ങി...
"അപ്പോൾ എല്ലാം തീർന്നല്ലേ? ഇതൊന്നും ഞങ്ങൾക്ക്‌ ഇഷ്ടമായില്ല. കുറെയൊക്കെ മുമ്പ്‌ വാങ്ങിയതും വായിച്ചതുമാണ്‌. അടുത്ത തവണ നല്ലൊരു കളക്ഷനുമായി വരൂ."
എന്നു പറഞ്ഞ്‌ പിൻവാങ്ങുന്ന സ്വപ്ന ടീച്ചർക്കു പുറകെ ഞാനും ആൻഡ്രൂസും താന്താങ്ങളുടെ ഇരിപ്പിടങ്ങളിൽച്ചെന്ന്‌ അലസമായിരുന്നു. തകർന്നു നിലം പൊത്തിയ ബാബേൽ കൊട്ടാരത്തിന്റെ അവശിഷ്ടക്കൂന പോലെ വിവിധ ഭാഷകളിൽ പുസ്തകങ്ങളങ്ങനെ ചിതറിത്തെറിച്ച്‌ കിടന്നു. അതിലോരോന്നും അവതരണം കഴിഞ്ഞ  ശേഷം ഉറക്കം തൂങ്ങുന്ന നഗ്നനർത്തകിമാരുടെ ആലസ്യത്തിൽ മുഴുകി. അവയെല്ലാം തിരികെയെടുത്ത്‌ ബാഗിൽ അടുക്കി വെക്കുന്നത്‌ പാതിവഴിയ്ക്കു നിർത്തി അയാൾ പെട്ടെന്ന്‌ കസേരയിലിരുന്നു. ചുവന്ന ചട്ടയുള്ള ദാസ്‌ ക്യാപിറ്റൽ കയ്യിൽ നിന്ന്‌ ഊർന്ന്‌ നിലത്തുവീണു. ഞങ്ങളുടെ ശ്രദ്ധയിൽ‌പ്പെടാതെ കുറച്ചുനേരം അയാൾ കസേരയിൽ കണ്ണടച്ചു കിടന്നു.

അധ്യാപക ജീവനക്കാരുടെ സംഘടനാ മാഗസിനിൽ നിന്ന്‌ തലയുയർത്തി നോക്കിയപ്പൊഴാണ്‌ അസ്വസ്ഥതയോടെ കസേരയിൽ ഇരിക്കുന്ന പുസ്തക വിൽപ്പനക്കാരനെയും മേശയിലും നിലത്തുമായി ചിതറിക്കിടക്കുന്ന പുസ്തകങ്ങളെയും കണ്ടത്‌.
"ഏയ്‌, ഇയാളിതുവരെ ഇതൊന്നും എടുത്തോണ്ട് പോയില്ലേ?"
എന്ന ചോദ്യത്തിനുകൂടെ മറുപടി ഇല്ലാതിരുന്നപ്പോൾ ഇരിപ്പിടം വിട്ട്‌ അടുത്തുചെന്നു. എന്തോ പരതുന്ന കൈവിരലുകളും, പുറകോട്ട് മറിയുന്ന കണ്ണുകളും, വിയർപ്പിൽ കുതിർന്ന വസ്ത്രവും കണ്ട്‌ അയാളൊരു അപസ്മാര വിറയലിലേക്ക്‌ മാറുകയാണോ എന്ന്‌ ഞാനാദ്യം ഭയപ്പെട്ടു.
"എന്തോ ഒരസ്വസ്ഥത പോലെ, ആകെപ്പാടെ ഒരു തളർച്ച."
ആയാസപ്പെട്ടായിരുന്നു അയാളത്രയും പറഞ്ഞൊപ്പിച്ചതു.
"ഇതൊക്കെ ഈ കച്ചോടക്കാര്ടെ ഒരോരോ നമ്പറല്ലേ. എടോ വേഗം സ്ഥലം കാലിയാക്കാൻ നോക്ക്‌."
അയാളോടങ്ങനെ കയർത്തു പറഞ്ഞ ശേഷം ആൻഡ്രൂസ്‌ എന്റെ മുഖത്ത്‌ നോക്കി കണ്ണിറുക്കി. നിലത്തു വീണു കിടന്ന ദാസ്‌ ക്യാപിറ്റൽ കുനിഞ്ഞെടുക്കാനുള്ള ശ്രമം അയാളെ കസേരയിൽനിന്ന്‌ താഴെ മറിച്ചിട്ടു. തറയിൽ മലർന്നു കിടന്ന്‌ അയാൾ വിയർക്കാൻ തുടങ്ങി.
"ഇത്‌ സംഗതി പ്രശ്നമായെന്നാ തോന്നുന്നത്‌. ടീച്ചറേ, കുറച്ച്‌ വെള്ളമെടുക്ക്‌."

മർദ്ദനമുറകൾക്കു ശേഷം, പാറാവുകാർ വലിച്ചിഴച്ചു കൊണ്ടു വരുന്ന കുറ്റവാളിയെപ്പോലെ ഞാനും ആൻഡ്രൂസും ചേർന്ന്‌ ആ തളർന്ന ശരീരത്തെ ഒരുവിധം ഉയർത്തി കസേരയിലിരുത്തി. വെള്ളം നിറച്ച കുപ്പി സ്വപ്നടീച്ചറുടെ കയ്യിൽനിന്ന്‌ തിടുക്കപ്പെട്ട്‌ വാങ്ങി വായിൽ പകർന്നു, ഏറെയലഞ്ഞതിനുശേഷം കണ്ടെത്തിയ മരുപ്പച്ചയിലെ നീരുറവയിലെ വെള്ളം കുടിക്കുന്ന ഒട്ടകത്തിന്റെ മുഖമായിരുന്നു അയാൾക്ക്‌. ഇറക്കുന്ന വെള്ളമത്രയും നിമിഷാർദ്ധം കൊണ്ട്‌ കൊഴുപ്പായി മാറി പൂഞ്ഞയിൽ അടിയുന്നതിന്റെ മായികക്കാഴ്ചയെന്നോണം അയാളുടെ കൂന്‌ കൂടിവരികയാണോ എന്നു സംശയം തോന്നിയത്‌ സ്വാഭാവികം. അയാളുടെ ചേഷ്ടകളിൽ മറ്റു രണ്ടുപേർക്ക്‌ ഇനിയും വിശ്വാസം വന്നിട്ടില്ല എന്നു തോന്നിയതിനാലാണ്‌ ഓട്ടോറിക്ഷ പിടിച്ച്‌ ഹോസ്പിറ്റലിൽ എത്തിക്കാൻ ഞാൻ തന്നെ മുതിർന്നത്‌. അയാളിലോ, ചേഷ്ടകളിലോ ഇല്ലാതിരുന്ന വിശ്വാസം എനിക്കു തോന്നിയത്‌ ശരീരത്തിൽ അപ്പൊഴും പൊടിയുന്നുണ്ടായിരുന്ന വിയർപ്പിൽ മാത്രമായിരുന്നു. അതുകൊണ്ടു തന്നെയാണ്‌ കൂടെവരാൻ ആരും തയ്യാറാകാതിരുന്നിട്ടും വണ്ടിയിൽ കയറ്റി അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. യാത്രയിലുടനീളം കേൾക്കാനാകാത്തവിധം താഴ്‌ന്ന ശബ്ദത്തിൽ വിൽപ്പനക്കാരൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടേയിരുന്നു.

അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോൾ ശുശ്രൂഷകർ വന്ന്‌ അയാളെ താങ്ങിയെടുത്ത്‌ അകത്തേക്കു കൊണ്ടുപോയി. കുറേയധികം സമയത്തിനുശേഷം രജിസ്ട്രേഷൻ കൗണ്ടറിൽ പണമടയ്ക്കുന്നതിനും, ഫാർമസിയിൽ നിന്ന്‌ മരുന്ന്‌ വാങ്ങുന്നതിനും നിർദ്ദേശിച്ച്‌ കയ്യിൽ കുറിപ്പടികൾ ഏൽപിക്കപ്പെടുന്നതുവരെ വളരെയധികം ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നി. രജിസ്ട്രേഷൻ കൗണ്ടറിൽ പണമടയ്ക്കുന്ന നേരത്താണ്‌ അയാളുടെ പേര്‌ അറിയില്ലെന്ന കാര്യമോർത്തത്‌. തിരികെച്ചെന്ന്‌ അത്‌ ചോദിക്കുന്നതിലെ ജാള്യത ഓർത്തപ്പോൾ അൽപനേരത്തേക്ക്‌ ഞാൻ എന്റെ പേരുതന്നെ കടം നൽകുകയായിരുന്നു, ഒപ്പം  ഏകദേശം കണക്കുക്കൂട്ടിപ്പറഞ്ഞ വയസ്സും...

പട്ടികയിൽ പേരു ചേർത്ത രശീതികളും മരുന്നും ഏൽപ്പിക്കവേയാണ്‌ ഡോക്ടർ വിളിപ്പിച്ചത്. നടന്ന സംഗതികൾ അതേ പടി ഏറ്റു പറഞ്ഞു.
"മെയിൽഡ്‌ അറ്റാക്കായിരുന്നു. ഇപ്പോൾ അത്ര പേടിക്കാനൊന്നും ഇല്ല. കൃത്യസമയത്ത്‌ ഇവിടെ കൊണ്ടുവന്നത്‌ നന്നായി."
"അതിനയാൾ വേദനയുള്ള കാര്യമൊന്നും പറഞ്ഞിരുന്നില്ല. ഒരു അസ്വസ്ഥത മാത്രം എന്നാണ്‌..."
"ഷുഗർ ജാസ്തിയാണ്‌; പ്രമേഹ രോഗികൾക്ക്‌ ചിലപ്പോൾ അറ്റാക്കിൽ വേദന അറിയാറില്ല. അശ്രദ്ധ കാണിച്ചാൽ ജീവൻ അവസാനിക്കാനും അതു മതി. ഭാഗ്യത്തിന്‌ ഇവിടെ ഏതായാലും അതുണ്ടായില്ല."
"അതുണ്ടായില്ല.. അതുണ്ടായില്ല.."
ആവർത്തിച്ചില്ലാതാകുന്ന ഏതോ അശരീരി പോലെ ഞാനത്‌ ഉരുവിട്ടു കൊണ്ടിരുന്നു.
"സാധാരണ ഇത്തരം കേസുകളിൽ ഒരുദിവസം ഒബ്സർവേഷനിൽ ഇട്ടതിനുശേഷം പിറ്റേന്നാണ്‌ ഡിശ്ചാർജ്ജ്‌ അനുവദിക്കാറുള്ളത്‌. എന്നാൽ അയാളുടെ ഭാര്യ ആലപ്പുഴ മെഡിക്കൽ കോളേജിൽ വയ്യാതെ
കിടപ്പാണെന്നും, കൂടെ വേറാരും തന്നെയില്ലെന്നും, രാത്രി അവിടെ ചെല്ലണമെന്നും പറയുന്നു. എന്താണയാളുടെ പേര്‌?"
"രാജൻ."
"നിങ്ങളുടെയോ?"
"അതുതന്നെ.."
"ഇപ്പോൾ അയാൾക്ക്‌ കുഴപ്പമൊന്നുമില്ല. എങ്കിലും ഒന്നുരണ്ട് മണിക്കൂർ വിശ്രമിക്കട്ടെ അതിനു ശേഷം ഒരു ചെക്കപ്പൂടെ ആകാം. തൃശ്ശൂരിൽ നിന്ന്‌ ആലപ്പുഴ വരെ തനിച്ചുള്ള യാത്ര അൽപം അപകടമാണ്‌. പക്ഷെ തീരെ നിവൃത്തിയില്ലാത്ത ഇത്തരം സാഹചര്യങ്ങളിൽ വേറെന്തു ചെയ്യാൻ, അല്ലേ?"

രണ്ടു മണിക്കൂർ നേരത്തെ ഉറക്കത്തിനുശേഷം വിയർപ്പു വറ്റി എനിക്ക്‌ തിരികെ ക്കിട്ടിയ പുസ്തക വിൽപ്പനക്കാരന്റെ ശരീരത്തിന്‌ കുരുമുളകു ചേർന്ന്‌ വെന്ത മാട്ടിറച്ചിയുടെതു പോലുള്ള ചെടിപ്പിക്കുന്ന മരുന്നു മണമായിരുന്നു. കോളേജിൽ ചെന്ന്‌ പുസ്തകങ്ങളുടെ ബാഗ്‌ എടുത്തതിനുശേഷം വണ്ടി കയറ്റിവിട്ട്‌ ആളെ എങ്ങനെ ഒഴിവാക്കാം എന്ന്‌ ചിന്തിച്ചിരുന്ന നേരത്താണ്‌
""ഇപ്പോൾ ഏകദേശം കോളേജ്‌ അടയ്ക്കുന്ന നേരമായിക്കാണും അല്ലേ? ഇനി അവിടെ വിൽപന നടക്കില്ല. പുസ്തകം ചെലവാക്കാൻ പറ്റിയ വല്ലയിടവും അടുത്തുണ്ടോ സാർ?"
"എടോ, ചെറുതാണെങ്കിലും ഒരു ഹാർട്ടറ്റാക്ക്‌ കഴിഞ്ഞിരിക്കുന്നവനാണ്‌ താനെന്ന കാര്യം മറക്കരുത്‌. എത്രയും പെട്ടെന്ന്‌ പുസ്തകങ്ങളെടുത്ത്‌ വീടു പറ്റാൻ നോക്ക്‌."
"അത്‌ നടപ്പില്ല സാർ, ഭാര്യ കുറച്ചുനാളായി ഹോസ്പിറ്റലിൽ കിടപ്പിലാണ്‌. മരുന്നിന്റെ കുടിശ്ശിക കുറച്ചെങ്കിലും ഇന്ന്‌ തീർക്കണം. അവിടെ മറ്റാരും തന്നെയില്ല."
"മക്കൾ?"
"ഒരു മകനുണ്ടായിരുന്നു, ദാസൻ. കാണാതായി.."
"എങ്ങനെ?"
"ഭക്തി മൂത്ത്‌ ഭ്രാന്തായി അവൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. കേരളത്തിലും, തമിഴ്‌നാട്ടിലുമുള്ള വല്യ വല്യ ആൾക്കാരും ഉദ്യോഗസ്ഥരുമൊക്കെ ഇടയ്ക്ക്‌ കാണാൻ വരും. ഒരിക്കൽ പഴനിക്കു പോയശേഷം തിരികെ വന്നില്ല. ആറേഴു മാസമായി ഒരു വിവരവുമില്ല."
"അന്വേഷിച്ചില്ലേ?"
"ഉവ്വ്‌. സിദ്ധനായെന്നോ, സന്യാസിയാകാനായി നാടു വിട്ടെന്നോ ഒക്കെ കേൾക്കുന്നു. വയ്യാതെ കിടക്കുന്ന തള്ളയേയും, ജനിപ്പിച്ച തന്തയെയും കൈവെടിഞ്ഞ്‌ ദൈവത്തെ തേടുന്നു."
തുടർച്ചയായുള്ള സംഭാഷണാധിക്യത്താൽ അയാൾ നാക്ക്‌ പുറത്തേയ്ക്കു തള്ളി കിതച്ചു...

വിശ്രമത്തിനായി ഡോക്ടർ നിർദ്ദേശിച്ച സമയത്തിനു ശേഷം ഞങ്ങൾ തിരികെ കോളേജിലെത്തി. മേശമേൽ ചിതറിക്കിടക്കുന്ന പുസ്തകങ്ങളത്രയും സ്വപ്ന ടീച്ചറും, ആൻഡ്രൂസ്‌ മാഷും ചേർന്ന്‌ ബാഗിനകത്ത്‌ അടുക്കി വച്ചിരുന്നു.
"നിങ്ങൾ എനിക്കൊരു ഉപകാരം കൂടെ ചെയ്തുതരണം. സന്ധ്യയാവുന്നതിനു മുന്നേ ഇതിൽ കുറച്ചെങ്കിലും വിറ്റുപോകാൻ സാദ്ധ്യതയുള്ള ഏതെങ്കിലും സ്ഥലം പറയണം."
"താൻ ശരിക്കും ഒരു ശല്യമായെന്നു പറഞ്ഞാൽ മതിയല്ലോ. തന്റെ പൊക്കണത്തിലെ മൊത്തം പുസ്തകത്തിനും കൂടെ എന്തു തരണം? അധിക ലാഭം ഒന്നും ചേർത്ത്‌ പറയരുത്‌. ഒറ്റ വില. വേഗം പറ."
ആദ്യമൊന്നമ്പരന്നെങ്കിലും ബാഗിലെ പുസ്തകങ്ങൾ പരതി, മനക്കണക്കിൽ കൂട്ടിയും കുറച്ചും അയാളൊരു തുക പറഞ്ഞു.
"ആൻഡ്രൂസേ, ടീച്ചറേ... കയ്യിലുള്ള കാശെടുക്ക്‌."
കാട്ടിലൂടെ യാത്ര ചെയ്യുന്ന ചെറുവണിക്കുകൾക്കു മുന്നിൽ ആയുധവുമായി ചാടിവീണ്‌ അലറുന്നൊരു പ്രാകൃത തസ്കരന്റെ ഭാവചേഷ്ടകൾ ഞാൻ അനുകരിച്ചിരിക്കണം. "എന്തിന്‌, എത്ര?" എന്നീ ചോദ്യങ്ങൾ പോലും ഇരുവരിൽനിന്നും ഉണ്ടായില്ല. കയ്യിലുള്ളതും പിരിഞ്ഞു കിട്ടിയതുമായ തുകകൾ ചേർത്ത്‌ വിൽപ്പനക്കാരൻ പറഞ്ഞ സംഖ്യയൊപ്പിച്ച്‌ കൈമാറി. അപ്പോഴാണ്‌ ശരീരതളർച്ചയാൽ അയാളുടെ കൈയ്യിൽ നിന്നും താഴെ വീണ്‌ മേശയ്ക്കടിയിലേക്ക്‌ നിരങ്ങിയൊളിച്ച, ആരാലും ഇതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന 'ദാസ്‌ ക്യാപിറ്റൽ' എന്റെ കണ്ണിൽപ്പെടുന്നത്‌.



"ഈ പുസ്തകം തന്റെ ബാഗിൽത്തന്നെ കിടക്കട്ടെ. ഒഴിഞ്ഞ ബാഗുമായി മടങ്ങേണ്ടല്ലോ."
തിരികെ ഏൽപ്പിക്കപ്പെട്ട പുസ്തകത്തിന്റെ ചുവന്ന പുറം ചട്ടയിൽ നിന്ന്‌ ഒരു തേനീച്ചക്കൂടു താടിക്കാരന്റെ രേഖാചിത്രം അപ്രത്യക്ഷമായിരുന്നു. മൂവരും അത്‌ ശ്രദ്ധിച്ച്‌ അമ്പരന്നിരിക്കണം. വിശേഷിച്ചൊന്നും സംഭവിക്കാത്തതുപോലെ സ്റ്റാഫ്‌ റൂം പൂട്ടി, താക്കോൽ ഓഫീസിലേൽപിച്ച്‌, പതിവു മദ്യപാനത്തിനായി ഞാൻ നഗരത്തിലിറങ്ങി. ശുഷ്കിച്ച പുഞ്ഞയുമായി ഒരു കിഴവൻ ഒട്ടകം മരുഭൂമിയിൽ വേച്ചു നടക്കുന്നതുപോലെ ഭാരമേതുമില്ലാത്ത ബാഗും ചുമന്ന്‌ പുസ്തക വിൽപ്പനക്കാരൻ ബസ്‌ സ്റ്റോപ്പിലേക്ക്‌ ആയാസപ്പെട്ട്‌ നീങ്ങി....


(2) മൂലധനത്തിൽ നിന്ന്‌ പുറത്തിറങ്ങിയ മാർക്സ് പറഞ്ഞത്‌.

ഭൂതം എന്നാൽ കഴിഞ്ഞു പോയത്‌...
ആകയാൽ, മരിച്ചവരെല്ലാം ഭൂതം...
അങ്ങനെയെങ്കിൽ; ഞാനും ഒരു ഭൂതമാണ്‌...
(ഇത്‌ മൂന്ന്‌ ചരങ്ങൾ ഉൾപ്പെട്ട അനുമാന സിദ്ധാന്തമാകുന്നു)

ആവാഹിച്ചടച്ച കുടത്തിൽനിന്ന്‌ പുറത്തു കടക്കാൻ ഒരു ഭൂതത്തിന്‌ ചില നിമിത്തങ്ങളുടെ സാധ്യത തേടേണ്ടതുണ്ട്‌. അതിലൊന്നായിരിക്കണം വിൽപ്പനക്കാരന്റെ തളർന്ന കൈയിൽ നിന്നും ദാസ്‌ ക്യാപിറ്റലിന്റെ വീഴ്ച. ആ വീഴ്ചയുടെ ആഘാതത്തിലാണ്‌ ചുവന്ന ചട്ടയിൽ നിന്ന്‌ കറുത്ത രേഖാചിത്രമായ എന്റെ ഭൂതത്തിന്‌ പുറത്തു കടക്കാനായത്‌. പുറത്തു കടന്ന്‌ ചില സംഭാഷണങ്ങൾക്ക്‌ ശേഷം പൊരിവെയിലിൽ നിരത്തിന്നരികു പറ്റി ഒറ്റ നടത്തമായിരുന്നു. ഒരു കാൽവയ്പ്പിൽ ഒരു കാതം പിന്നിടുമ്പോഴും ഉച്ചച്ചൂടിൽ ഞാൻ വിയർത്തിരുന്നില്ല.
ഹൈഡ്രോഡിനൈറ്റിസ്‌ സപ്പുറേറ്റീവ...
അപ്പോക്രൈൻ വിയർപ്പ്‌ ഗ്രന്ഥികളും, ഹോർമോണിലെ വേലിയേറ്റയിറക്കങ്ങളുടെ പിഴവുകളും ചേർന്ന്‌ എന്റെ കക്ഷത്തും അരക്കെട്ടിലും ഒടിയിലും തീർത്ത വ്രണങ്ങളാണേ സാക്ഷ്യം. ഞാൻ വിയർത്തിരുന്നില്ല...

തറയിൽ വീണ പുസ്തകത്തിൽനിന്ന്‌ പുറത്തു വന്ന്‌ ആദ്യം കാണുന്നത്‌ വിയർപ്പിൽ കുതിർന്ന പുസ്തക വിൽപ്പനക്കാരനെയാണ്‌. ശേഷം സർവ്വീസ്‌ സംഘടനാ മാഗസിനിൽ നിന്ന്‌ തല ഉയർത്തി നോക്കുന്ന രാജൻ മാഷെയും; പിന്നീട്‌ രാജൻ മാഷോട്‌ പുസ്തക വിൽപ്പനക്കാരന്റെ കപടനാട്യത്തെപ്പറ്റി തർക്കിക്കുന്ന ആൻഡ്രൂസിനെയും, പകച്ചു നിൽക്കുന്ന സ്വപ്ന ടീച്ചറെയും.
"രാജാ, അഭിനയം പല തരത്തിലും ആകാം. എന്നാൽ ഒരുവന്‌ സ്വന്തം ശരീരത്തിലൊരു വിയർപ്പ്‌ അഭിനയിക്കാനാവില്ല. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെങ്കിലും എനിക്കുപോലും നന്നായൊന്ന്‌ വിയർക്കാൻ കഴിയുന്നില്ല. അയാൾക്കെന്തോ സംഭവിച്ചിട്ടുണ്ട്‌... അൽപം വെള്ളമെങ്കിലും എടുത്ത്‌ കൊടുക്ക്‌."

രാജൻ മാഷുടെ വിരലുകൾ പതിഞ്ഞ കുപ്പിക്കഴുത്തിൽ ചുണ്ട്‌ ചേർത്തു കുടിക്കുമ്പോൾ പുസ്തക വിൽപ്പനക്കാരന്‌ വെള്ളത്തിൽ അമൃതാഞ്ജൻ ചുവ അനുഭവപ്പെട്ടിരിക്കണം. പുസ്തക വിൽപ്പനക്കാരനോടൊത്ത്‌ രാജൻ മാഷ്‌ ഹോസ്പിറ്റലിലേക്ക്‌ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന സമയം ഞാൻ, കാൾ ഹെൻ‌റിച്ച്‌ മാർക്സ്, ഒരു നിയമം ലംഘിക്കുകയയിരുന്നു. അവശതയാൽ സീറ്റിൽ ചാഞ്ഞ്‌ കിടക്കുന്ന വിൽപ്പനക്കാരനെ ശല്യം ചെയ്യേണ്ട എന്നു കരുതി ഓട്ടോ ഡ്രൈവറുടെ സീറ്റിൽ ഒതുങ്ങിയിരുന്നാണ്‌ സഞ്ചരിച്ചത്. മറ്റൊരാൾക്ക്‌ കേൾക്കാത്തതും, ഇടപെടലുകൾ സാധ്യമാകാത്തതുമായ ശബ്ദാവൃത്തിയിൽ ഞാൻ വിൽപ്പനക്കാരനോട്‌ സംസാരിച്ചു. ഹോസ്പിറ്റലിൽ നിന്ന്‌ തിരികെ വരും വഴി രാജൻ മാഷോട്‌ അയാൾ പറഞ്ഞ ജീവിതകഥയാണ്‌ എന്നോടും പറഞ്ഞത്‌. അതിനാൽത്തന്നെയും വീണ്ടുമത്‌ പറയുന്ന സമയത്ത്‌ വിൽപ്പനക്കാരനിലും, കേൾക്കുമ്പോൾ രാജനിലും ആവർത്തനച്ചെടിവ്‌ നിങ്ങൾ ശ്രദ്ധിച്ചുകാണും. കഥയ്ക്കിടയിൽ രാജൻ ചോദിച്ച ചോദ്യങ്ങളത്രയും ഞാൻ രാജനോട്‌ പറഞ്ഞുകഴിഞ്ഞ അതേ കഥയുടെ പരിശോധനാക്രമം മാത്രമായിരുന്നു. മനുഷ്യൻ മനുഷ്യനോട്‌ സംസാരിക്കുന്നതിലും സത്യസന്ധമായിരിക്കും ഒരു ഭൂതത്തോട്‌ സംസാരിക്കുമ്പോൾ എന്നെനിക്ക്‌ തിരിച്ചറിവുണ്ടായ ദിവസമാണിത്‌. കാരണം, രാജനോട്‌ പറയാത്ത ചില കൂട്ടിച്ചേർക്കലുകൾ കൂടി ഞങ്ങളുടെ കഥ പറച്ചിലിൽ ഉണ്ടായിരുന്നു. കാണാതായ അയാളുടെ മകൻ, ഭാര്യയുടെ കൂടി മകനായിരുന്നില്ല. ആ കഥ ഞാൻ രാജനോട്‌ വിശദീകരിച്ചത് അത്യാഹിത വിഭാഗത്തിനു മുന്നിൽ വെച്ചായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന തറവാട്ടിലെ അംഗമായിരുന്നു യൗവനാരംഭത്തിലെ വിൽപ്പനക്കാരൻ. അവിടെയുള്ള വേലക്കാരിയിൽ അയാൾക്ക്‌ ജനിച്ചതായിരുന്നു ദാസ്‌. അതിനെ തുടർന്നുള്ള കോലാഹലങ്ങളിൽ തറവാട്‌ ഛിദ്രിക്കുകയും ഇയാൾ വിവാഹിതനാകുകയും ചെയ്തു. നീണ്ട എട്ടുവർഷങ്ങൾക്കുശേഷവും ഭാര്യയിൽ കുട്ടികളുണ്ടാകാതിരുന്നപ്പോളാണ്‌ മരിച്ച വേലക്കാരിയുടെ വീടുതേടി ചെന്ന്‌ അകന്ന ബന്ധത്തിലെ ഒരമ്മാവനിൽനിന്ന്‌ മകനെ തിരികെ സ്വന്തമാക്കുന്നത്‌. ഫ്രെഡറിക്ക്, എനിക്കതു പോലൊരു മകനായിരുന്നു. ഒരു പക്ഷെ ജെന്നിയിൽ എനിക്ക്‌ കുട്ടികളില്ലായിരുന്നുവെങ്കിൽ പഴയ ഹൗസ്കീപ്പർ ഹെലൻ ഡെമൂത്തിൽ നിന്ന്‌ അവനെ ഞാൻ സ്വീകരിക്കുമായിരുന്നു. ദാസ്‌ അയാളുടെ ജാര സന്തതിയാണെന്ന്‌ അറിഞ്ഞ നിമിഷം മുതലേ എനിക്കവനോട്‌ ഒരു പ്രത്യേക സ്നേഹം തോന്നി. ഫ്രെഡിക്ക്‌ കൊടുക്കാൻ കഴിയാതിരുന്ന വാൽസല്യത്തിന്റെ രൂപാന്തരമായിരിക്കാം അത്‌. അത്യാഹിത വിഭാഗത്തിനു മുന്നിലായി പകച്ചു നിൽക്കുന്ന രാജന്‌ ഒരു കൂട്ടായി ഞാൻ അവിടെ ഉണ്ടാകേണ്ടതാണ്‌. എന്നാൽ ദാസിനെ കണ്ടെത്തുക എന്നതായിരുന്നു ചിന്തയിൽ നിറഞ്ഞത്‌
.
"രാജാ, എനിക്കെത്രയും പെട്ടെന്ന്‌ അയളുടെ അപ്രത്യക്ഷണായ മകനെ കണ്ടെത്തണം."
"എന്തിനാണ്‌ ഇവനെയൊക്കെ തിരക്കിപ്പോകുന്നത്‌? ഈ വിധം കഷ്ടപ്പെടുന്നൊരു അച്ഛനെയും, മറ്റൊരാശുപത്രിയിൽ മരണം ശ്വസിച്ചു കഴിയുന്നൊരമ്മയെയും ഉപേക്ഷിച്ച്‌ ദൈവത്തെ തേടി പോയവൻ തിരിച്ചു വന്നാൽ തന്നെയും ഈ കഥയിൽ വിപ്ലവകരമായ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ.. എങ്കിൽ മാത്രം അവനെ തേടിപ്പോയാൽ പോരേ?. അങ്ങനെയൊരു മാറ്റം ഉണ്ടാകുമെന്ന്‌ ഞാൻ കരുതുന്നില്ല. "
"എന്റെ എഡ്ഗാർ ക്ഷയം വന്നു മരിക്കുന്നത്‌ എട്ടു വയസ്സിലാണ്‌. ഗുഡിയോവിനും, ഫ്രാൻസിസ്കയ്ക്കും ദൈവം (ഓ! ഞാൻ ആ വാക്ക്‌ ഉപയോഗിക്കരുതല്ലോ അല്ലേ!) ഒരു വർഷമേ ആയുസ്സ്‌ നൽകിയുള്ളൂ. പേരിടുന്നതിന്‌ മുന്നേ മറ്റൊരു മാലാഖ കൂടി യാത്രയായി. മക്കൾ മരിച്ച വിഷമം കരഞ്ഞ്‌ തീർക്കാം... ചത്ത പിള്ളകളെ കൂമ്പാരം ചവിട്ടി ഉയരം തികച്ച്‌ ഉറിയിലെ അന്നം തിന്നാം... കാരണം, വിശപ്പാണ്‌ വിപ്ലവം. പക്ഷേ, ഈ കാണാതാകൽ വലിയ കഷ്ടമാണ്‌. സാധ്യതകളെ നാം ഒരിക്കലും ഒഴിവാക്കരുത്‌. തന്റെ പെറ്റമ്മയെ ആദേശം ചെയ്തുവന്നൊരു ശരീരം മാത്രമാണ്‌ ദാസിനെ സംബന്ധിച്ചിടത്തോളം വിൽപ്പനക്കാരന്റെ രോഗിയായ ഭാര്യ. അവന്റെ പ്രതിപത്തിയുടെ അളവ്‌ ഇതേ കാരണം കൊണ്ടുതന്നെ നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നെ ആവാഹിച്ചടച്ച ഈ പുസ്തകത്തിന്റെ നൂറുകണക്കിന്‌ താളുകൾ എഴുതിത്തള്ളാൻ വേണ്ടിവന്നത് വർഷങ്ങളുടെ ആത്മഹവനം. അതൊരു ജൂതരക്തത്തിന്റെ പ്രതീക്ഷ നിറഞ്ഞ മണ്ടത്തരമായിരിക്കാമെന്ന് പറയുന്നവരുണ്ട്. പക്ഷെ, ഒരു മണ്ടത്തരം ചെയ്യുമ്പോൾ പോലും നാം സർവ്വ സാധ്യതകളെയും പരിഗണിക്കണം. മാതാപിതാക്കളെ ഉപേക്ഷിച്ച്‌ ഭക്തിമാർഗം തേടിപ്പോയൊരു മകനെയാണ്‌ നമ്മൾ മനസ്സിലാക്കുന്നത്‌. എന്നാൽ, അതിലും കൂടുതൽ എന്തെങ്കിലും നിലനിൽക്കുന്നുവോ എന്ന്‌ അന്വേഷിക്കേണ്ടിയിരിക്കുന്നു."
"രണ്ട്‌ സാദ്ധ്യതകളാണ്‌ ഇനിയങ്ങോട്ടുള്ളത്‌. കെട്ടുപാടുകളും ആഗ്രഹങ്ങളും ഉപേക്ഷിച്ച്‌ മോക്ഷത്തിന്റെ തുരീയാവസ്ഥ പ്രാപിച്ച ഒരു സന്യാസി വര്യനിലേക്കുള്ള യാത്ര... അയാളെ സംബന്ധിച്ചിടത്തോളം 'ജഗത് മിഥ്യ'.. മരണപ്പെട്ട ഒരജ്ഞാത യുവാവ്‌; അതാകുന്നു. രണ്ടാമത്തെ സാദ്ധ്യത, ഈ രണ്ട്‌ അവസ്ഥയിലും ദാസിന്‌ ഈ കഥയിൽ എന്തിടപെടൽ ആണുള്ളതെന്ന്‌ എനിക്ക്‌ തിരിച്ചറിയാനാകുന്നില്ല. മരിച്ചെങ്കിൽ എങ്ങനെയാണ്‌ നിങ്ങൾ അവനെ കണ്ടെത്തുക?"
"ഇതു താൻ മരിച്ചുപോയ എന്നോടു തന്നെ പറയണം. അവനെ കണ്ടെത്തുക എന്നത് എനിക്ക്‌ അത്ര വലിയ കാര്യമൊന്നുമല്ല. അപരഗണത്തിൽ പരതുന്നതിലും എളുപ്പമാണ്‌ കൂട്ടത്തിലൊരുവനെ തിരയുന്നത്‌. വേണമെങ്കിൽ എന്റെ യഹൂദ റാബി പാരമ്പര്യം വരെ ഞാൻ ഉപയോഗപ്പെടുത്തും. അവനെ കണ്ടെത്തിയാൽ മാത്രം ഇനി നമ്മൾ തമ്മിൽ കാണുന്നതായിരിക്കും..."

എന്റെ യാത്രപറച്ചിൽ സൃഷ്ടിച്ച ശൂന്യതയുടെ ഫലമാണ്‌ അത്യാഹിതവിഭാഗത്തിനു മുന്നിൽ പൊടുന്നനെ താൻ ഒറ്റയ്ക്കായെന്നൊരു തോന്നൽ രാജനിലുണർത്തിയത്‌. മരുന്നു കുറിപ്പുകൾ ലഭിക്കും വരെ അയാൾ പ്രജ്ഞയറ്റവനെപ്പോലെ നിന്നു.
ദാസ്‌... അവൻ മരിച്ചിരുന്നു...
തീർത്തും പറഞ്ഞാൽ...
കാണാതായതിന്‌ ശേഷവും അവൻ മരിച്ചിരുന്നു...
ആകയാൽ രാജന്‌ നൽകിയ പ്രതിജ്ഞ പാലിക്കാൻ എനിക്ക്‌ കഥയിലേക്ക്‌ തിരിച്ച്‌ വരേണ്ടതുണ്ട്‌. ഇല്ലെങ്കിലൊരു പക്ഷെ മുകളിലെ ഖണ്ഡികയോടെ എന്റെ ഇടപെടലുകൾ (ഈ കഥ തന്നെയും) അവസാനിക്കുമായിരുന്നു. മദ്യപിച്ചു ലക്കുകെട്ട രാജനെയാണ്‌ അയാളുടെ വീട്ടിൽ എനിക്ക്‌ കാണൻ കഴിഞ്ഞത്‌. അവിടെ ആരും എനിക്കായി കസേര വലിച്ചിടുകയോ, ചായ തിളപ്പിക്കുകയോ ചെയ്തില്ല.
"മരിച്ചുപോയ അവനെ ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചു. ഭൂത(കാലത്തെ)ങ്ങളുടെ ആ സംഭാഷണം തന്നെ അറിയിച്ചതുകൊണ്ട്‌ പ്രത്യേകിച്ചൊരു കാര്യവുമില്ലെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. എങ്കിലും മൂന്ന്‌ കാര്യങ്ങൾ പറയേണ്ടതുണ്ട്‌.

ഒന്ന്‌ (ഇതൊരു വെളിപ്പെടുത്തലാണ്‌)
നമ്മൾ കരുതുന്നതുപോലെ ദാസ്‌ അത്ര വലിയ കുഴപ്പക്കാരനല്ല. ഒരു ചിട്ടിക്കമ്പനിയിൽ കണക്കെഴുതിക്കിട്ടുന്ന ശമ്പളം കൊണ്ട്‌ അവൻ അച്ഛനെ സഹായിച്ചിരുന്നു. പെറ്റമ്മയല്ലെന്നറിഞ്ഞിട്ടും ആ സ്ത്രീയോട്‌ സ്നേഹവും, കരുണയും ഉള്ളവനായിരുന്നു. ചില പ്രത്യേക നിമിത്തങ്ങളാണ്‌ എല്ലാത്തിനും കാരണമായത്‌. മരിച്ചുപോയി എന്നു മാത്രമാണ്‌ ആ കുടുംബത്തിലേക്ക്‌ തിരികെ വരാതിരിക്കാൻ അവൻ നേരിടുന്ന ഏക തടസ്സം. വിശ്വസിക്ക്നാകുന്നില്ല, അല്ലേ? അതാണ് സത്യം. ഒരു ഭൂതവും,മനുഷ്യനും തമ്മിലുള്ള സംഭാഷണത്തെക്കാൾ എന്തുകൊണ്ടും സത്യസന്ധമായിരിക്കും രണ്ടു ഭൂതങ്ങളുടേത്‌.

രണ്ട്‌ (ഇതൊരു പ്രവചനാത്മകമായ മൂന്നറിയിപ്പാണ്‌)
ഇന്ന്‌ ആ പുസ്തകവിൽപ്പനക്കാരൻ ഹോസ്പിറ്റലിലെത്തുമ്പോൾ അയാളെ കാത്തിരിക്കുന്നത്‌ ഭാര്യയുടെ മരണ വാർത്തയായിരിക്കും. തുടർന്നങ്ങോട്ട്‌ അയാൾ അധികകാലം ജീവിക്കണമെന്നില്ല. ജെന്നി മരിച്ചതിന്റെ ദുഃഖം ഘനീഭവിച്ചാണ്‌ എന്റെ തൊണ്ടയിൽ ഒരു ദശ വളർന്നത്‌. അതെന്റെ മരണത്തോളം വലുപ്പമാർന്നതാകാൻ ഒരു വർഷം കൂടിയേ വേണ്ടിയിരുന്നുള്ളൂ...

മൂന്ന്‌ (ഇതൊരു ചോദ്യമാണ്‌)
വല്ലാത്തൊരു സങ്കടാവസ്ഥയിലാണ്‌ നിങ്ങൾ എന്നെ എത്തിച്ചിരിക്കുന്നത്‌. അന്ധകാരത്തിന്റെ കൂച്ചു വിലങ്ങുകൾ പൊട്ടിച്ചെറിയുന്നതിനെക്കാൾ എനിക്കിന്ന്‌ താൽപര്യം ആ പുസ്തകത്തിൽ ആവാഹിച്ചടച്ച മട്ടിൽ സ്വയം ഒതുങ്ങിയിരിക്കാനാണ്‌. വിൽപ്പനക്കാരന്റെ പുസ്തകങ്ങളുടെ മൊത്തം മൂല്യമാണ്‌ നിങ്ങളിന്ന്‌ നൽകിയത്‌. അതായത്‌ കച്ചവടത്തിൽ അയാളുടെ മൂലധനം. ആ തുകയാണ്‌ ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്കായി നാളെ അയാൾ ചിലവഴിക്കാൻ പോകുന്നത്‌. മൂലധനം നഷ്ടപ്പെട്ട്‌, കച്ചവടം അവസാനിപ്പിച്ചവന്റെ കറുത്ത ബാഗിൽ അനാഥമാകുന്നൊരു മൂലധനപ്പുസ്തകത്തിൽ എനിക്കെങ്ങനെയാണ്‌ തിരികെ കയറാനാവുക? വൈരുധ്യങ്ങളുടെ ഇരുദ്രുവങ്ങളിൽ മാത്രം കാര്യങ്ങൾ കണ്ടിരുന്നവനാണ്‌ ഞാൻ. എന്നാൽ നിസ്സീമമായ സാക്ഷീഭാവത്തിന്റെ ഈ മൂന്നാം പത്തിയിൽ ആവാസവ്യവസ്ഥ തകർന്ന എനിക്ക്‌ എത്രകാലം പിടിച്ചു നിൽക്കാനാകും?"

എന്റെ ചോദ്യത്തിൽനിന്ന്‌ രക്ഷപെടാനെന്നോണം രാജൻ മാഷ്‌ മദ്യലഹരിയെ കൂട്ടുപിടിച്ച്‌ കട്ടിലിൽ മലർന്നു കിടന്നുറങ്ങാൻ തുടങ്ങി. അമിതമായി കൊഴുപ്പ്‌ സമ്പാദിച്ച ഒരു കൊളോണിയൽ ഒട്ടകം മണൽപ്പരപ്പിൽ പതിഞ്ഞ്‌ വിശ്രമിക്കുന്നതു പോലെ. ശ്വസന താളമനുസരിച്ച്‌ ഉരുണ്ട പൂഞ്ഞയായ കുടവയർ മാത്രം ഉയർന്നും താഴ്‌ന്നും കൊണ്ടിരുന്നു...


(3) കാണാതായ ദാസൻ പറഞ്ഞത്‌ (ഭൂതസംവാദം)

അറിവിന്റെ പഴം തിന്നാൽ ഒരു നിഷ്കാസനം ഉണ്ടെന്നാണറിവ്‌. എന്നാൽ അറിവിന്റെ പഴം ലഭിക്കാഞ്ഞതിനാലാണ്‌ പാർവതീ-പരമേശ്വര-ഗണേശാദികളോട്‌ പിണങ്ങി ബാലസുബ്രഹ്മണ്യൻ ആ മലയിൽ വന്നിരുന്നത്‌. ഉണ്ണിയുടെ പിണക്കം മാറ്റാനെത്തിയമാതാപിതാക്കൾ ഏകസ്വരത്തിൽ പറഞ്ഞു. "ഉനക്ക്‌ യെതുക്ക്‌ ജ്ഞാനപ്പളം? അന്ത പളം നീ താനപ്പാ"
കൊങ്ങ് നാടിന്റെ തെക്കറ്റം വയ്യാപുരിയിലെ മലയിലൊളിച്ച ഉണ്ണി പരിഭവം മറന്ന്‌ അച്ഛനമ്മമാരെ സംശയത്തോടെ നോക്കി. അവർ ആവർത്തിച്ചു.
"പളം നീ താനപ്പാ..."
വ്യത്യസ്ത ആവൃത്തികളിൽ വിവിധ കാലങ്ങളിൽ ആ ശബ്ദത്തിന്റെ തനിയാവർത്തനങ്ങൾ മുഴങ്ങി. സ്വയം ബലിദ്രവ്യമായ പ്രജാപതിക്കും മൂവായിരം വർഷം മുന്നേ അവതരിച്ച പതിനെട്ടു ശ്രേഷ്ഠസിദ്ധരിൽ ഒരുവനും അതു കേട്ടിരിക്കണം. ആര്യാവർത്തത്തിന്റെ അതിരുകൾ താണ്ടിയ സിദ്ധഭോഗർ... സിദ്ധരുടെ സ്വപ്നത്തിൽ ഒരുനാൾ തെളിഞ്ഞ ഉണ്ണിയുടെ മുഖത്ത്‌ അപ്പൊഴും ഉണ്ടായിരുന്നത്‌ സംശയഭാവം മാത്രം. സിദ്ധഭോഗർ ഉറക്കം മുറിഞ്ഞ്‌ കാടലഞ്ഞു... അഗസ്ത്യനിൽ നിന്നും, മറ്റു സിദ്ധരിൽ നിന്നും ഗ്രഹിച്ച നാലായിരത്തി നാനൂറ്റി നാൽപ്പത്തെട്ട്‌ ഗണത്തിലെ ഔഷധ പച്ചിലച്ചാറിനോടൊപ്പം ആൽക്കെമിയുടെ പ്രാചീന പരീക്ഷണശാലയിൽ നവ പാഷാണം ഒരുക്കി.

വീരം...
പൂരം...
രസം...
ജാതിലിംഗം...
ഗന്ധകം...
ഗൗരീപാഷാണം...
വെള്ള പാഷാണം...
മൃദർശിംഗ്‌...
ശിലാസത്ത്‌...
പച്ചിലച്ചാറിൽ നവപാഷാണം ലയിപ്പിച്ച്‌ സർവരോഗ സംഹാരിയായ ഔഷധക്കൂട്ടുയിർത്തു. അതിനെ മൂന്നായി പകുത്തു. കൈവിരലുകൾ മാത്രം ഉപയോഗിച്ച്‌ അതിലൊരു പങ്കിൽ തീർത്ത രൂപത്തിന്‌ സംശയ ചിത്തനായ ഉണ്ണിയുടെ ഛായയായിരുന്നു. ആനന്ദാശ്രുവാൽ ആദ്യാഭിഷേകം നടത്തി സിദ്ധഭോഗർ വിളിച്ചു.
"പളനിയപ്പാ..."
നാമകരണം... അതൊരു രൂപാന്തരത്തീർപ്പായിരിക്കുന്നു. കുടിയിരുന്ന മല തന്നെ ഉണ്ണിയുടേതായി. സിദ്ധഭോഗർ പളനിയപ്പനെ അഭിഷേകമാടിച്ച നീരിലും പഞ്ചാമൃതത്തിലും ഭക്തർക്ക്‌ രോഗങ്ങളൊഴിഞ്ഞു. അകലുന്ന വ്യാധികൾക്കൊപ്പം ഒരുനാൾ സിദ്ധഭോഗരും...

ഉണ്ണിക്കിഷ്ടമായ പാലിലും, പഞ്ചാമൃതത്തിലും, നീരിലും ശിഷ്യൻ ശൂലപാണി സിദ്ധൻ അഭിഷേകം തുടർന്നു. രോഗികളും, അല്ലാത്തവരുമായ ഭക്തർ മലകയറി വിയർത്ത്‌ കൈക്കുമ്പിൾ നീട്ടി വണങ്ങി നിന്നു. കാലാക്രമത്തിൽ പൂജാരികളും, പൂജാവിധികളുമുണ്ടായി. ചേരമാൻ പെരുമാൾ ക്ഷേത്രം നിർമ്മിച്ചു. പെരുമാക്കന്മാർക്ക്‌ ശേഷം നായ്ക്കന്മാരും, പിന്നീട്‌ പാണ്ഡ്യന്മാരും പളനി ഉൾപ്പെട്ട ദേശം ഭരിച്ചു. കാലവും രൂപവും മാറിയെങ്കിലും അറുനൂറ്റി എൺപത്തഞ്ച്‌ കൽപ്പടവുകളേറി കാണാവുന്ന പളനി സ്വരൂപത്തിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നത്‌ സിദ്ധഭോഗർ നിർദ്ദേശിച്ച അഭിഷേകം മാത്രമാണ്‌.

മന്വന്തരത്തോളം നിലനിൽക്കുമെന്ന വിശ്വാസത്തിൽ, നവപാഷാണക്കൂടിന്റെ ഉറപ്പിൽ വിരാജിച്ച പ്രാചീന ആൽക്കെമിയുടെ ഗർവ്വിനെ പാലിലും, ഭസ്മത്തിലും, തേനിലും, പനിനീരിലും, കലർന്ന കച്ചവട മനുഷ്യന്റെ മായപ്പാഷാണം ശോഷിപ്പിച്ചു. ക്ഷുരകന്റെ മുന്നിൽ തലകുനിച്ച ഭക്തന്റെ മുണ്ഡനമുറിവ്‌ ഭഗവാന്റെ ശരീരത്തിലും അനുവർത്തിച്ചു. അത്യാഗ്രഹികളായ ബ്രാഹ്മണക്ഷുരകർ വിഗ്രഹം ചെരച്ച്‌ വിൽപന തുടങ്ങി; കാശെറിഞ്ഞ കൈകളിൽ മാറാരോഗ പൊടി തൂളി. അഭിഷേക നീരിന്റെ തുടർപതനം, പഞ്ചാമൃതത്തിന്റെ ഘനം ഇവയൊന്നും താങ്ങാനാകാത്ത വിധം കാർത്തികേയ വിഗ്രഹം ക്ഷയിച്ചു...

1984ൽ മൂല വിഗ്രഹത്തിലെ അഭിഷേകം ദിനം പ്രതി ആറായി നിയന്ത്രിച്ച്‌ ഉത്തരവിറങ്ങുമ്പോൾ ഞാനെന്ന എട്ടുവയസ്സുകാരൻ അമ്മയ്ക്ക്‌ ബലിയിട്ട്‌ കുളിച്ചു കയറുകയായിരുന്നു. ഓളത്തിൽ ഒഴുകുന്ന കറുകയും, ഇലച്ചീന്തും ജീവിതത്തിൽ പടർത്തിയ ശൂന്യതയുടെ നിഴലിൽ പകച്ചു നിന്നു. തോളിലെ തോർത്തെടുത്ത്‌ എന്റെ തല തുവർത്തുന്നേരം നേരം പൂശാരിമാമൻ പറഞ്ഞു.
"ദാസാ, നിന്നെ പഴനിമുരുകൻ കാക്കും."
പിന്നീട്‌ കുറേനാൾ പൂശാരി മാമനോടൊപ്പമായിരുന്നു. പെട്ടെന്നൊരു ദിവസമാണ്‌ അച്ഛനെന്ന അവകാശവും പറഞ്ഞുകൊണ്ട് അയാൾ കയറി വന്നത്‌. അതുവരെ എനിക്ക്‌ പിഴച്ചു പെറ്റൊരമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനോടൊപ്പം കിട്ടിയത് പുതിയ ഒരമ്മയെ. എന്നെ പഴനിമുരുകൻ ശരിക്കും കാത്തു.

"ദാസ്‌... നീയെനിക്ക്‌ എന്റെ ഫ്രെഡിയെപ്പോലാണ്‌. മാതാപിതാക്കളെ തള്ളിക്കളഞ്ഞ്‌ ദൈവത്തെ തേടുന്നവൻ എന്നൊരാരോപണമാണ്‌ പ്രധാനമായും നിനക്കു മേൽ ചാർത്തപ്പെട്ടിരിക്കുന്നത്‌. ഒന്നു ചോദിച്ചുകൊള്ളട്ടെ, നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?"
"ഉണ്ടെങ്കിൽ....?"
"ദൈവം ആരാകുന്നു... എന്താകുന്നു?"
"ദൈവം ഒരു മെഗാസീരിയൽ സംവിധായകനാകുന്നു; അല്ലെങ്കിലൊരു പൈങ്കിളി എഴുത്തുകാരൻ..."
"കാരണം?"
പരമ്പരകളായി മുറിച്ചായിരുന്നു എനിക്ക്‌ ദൈവദർശനം. എന്നെ മരണത്തിന്‌ എറിഞ്ഞുകൊടുത്തതും തുടരനിൽ അവസാനിക്കെണ്ടി വരുന്ന ഒരുകൂട്ടം ആകാംക്ഷയുടെ നിശ്വാസങ്ങളാണ്‌. പതിവ്‌ കണക്കെഴുത്തിനിടയിൽ ഒരു ദിവസം,  ജപ്തി ഒഴിവാക്കാൻ ഒരു വൃദ്ധൻ നോട്ടുകെട്ട്‌ പൊതിഞ്ഞു കൊണ്ടു വന്ന നോട്ടീസിലാണ്‌ പഴനി മുരുകന്റെ വിഗ്രഹം ഞാനാദ്യമായി കാണുന്നത്‌. തീർത്ഥയാത്രകൾ ഒരുക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ അതിലുണ്ടായിരുന്നു. പലിശപ്പണമടച്ച്‌ ജപ്തി ഒഴിവാക്കുമ്പോൾ ആ കിഴവൻ കരഞ്ഞു പറഞ്ഞ ശാപവാക്കുകളിൽ നിന്നൊഴിഞ്ഞുമാറി ആ കടലാസിലേക്ക്‌ തല കുനിക്കുകയായിരുന്നു. അങ്ങനെയാണ്‌ ആദ്യമായി ഞാൻ പഴനിയിലെത്തുന്നത്‌. ചെറുകൂണുകൾ പോലെ അവിടങ്ങളിൽ മുളച്ചു പൊന്തിയ സിദ്ധവൈദ്യാശ്രമങ്ങളിൽ നിന്നാണ്‌ വിഗ്രഹത്തിന്റെ ശോഷണം അറിയുന്നത്‌. തിരികെ വീട്ടിൽ വന്നുകയറിയ അന്ന്‌ സ്വപ്നത്തിൽ അമ്മ വീണ്ടും മരിച്ചു...
ഞാൻ ഒരിക്കൽക്കൂടി പുലകുളിച്ചു കയറി...
“നിന്നെ പഴനിമുരുകൻ കാക്കും; പക്ഷെ, പഴനിമുരുകനെ ആരു കാക്കും?“
പൂശാരിമാമൻ വീണ്ടും തലയിൽ കൈവെച്ച് ആശീർവദിച്ചു; ചോദ്യസഹിതം...

"ദൈവങ്ങളെ സ്വയം രക്ഷിക്കാൻ അവർക്കാവേണ്ടതാണ്‌, അല്ലേ?"
"അതിനുള്ള നിമിത്തങ്ങൾ മാത്രം അവർ തരും. കർമ്മം നമ്മുടേതാകുന്നു മാർക്സ്. നിമിത്തങ്ങൾ ഉണ്ടായി. എന്റെ സ്വപ്നത്തിലാദ്യമായി സിദ്ധഭോഗർ വന്നു. ഞാൻ ആ ചോദ്യം ആവർത്തിച്ചു.
പഴനിമുരുകനെ ആരു കാക്കും?
നീണ്ട താടിയുഴിഞ്ഞ്‌ സിദ്ധർ മൊഴിഞ്ഞു.
അന്ത പളം നീ താനപ്പാ..
ശേഷം സിദ്ധർ കാടേറി.. ഞാൻ പിന്തുടർന്നു. പേരറിയാത്ത വഴികളിലെ ചപ്പും ചതുപ്പും താണ്ടി കാനന ദുർഗത്തിലെത്തി. സിദ്ധർ പെട്ടെന്ന്‌ മറഞ്ഞു.
"ദൈവം പരമ്പരാഗത സംവിധായകൻ തന്നെ, മാത്രവുമല്ല, ഉദ്വേഗജനകമായ രംഗങ്ങളിൽ സ്വപ്നം മുറിക്കാനും അതിന്‌ കഴിവുണ്ട്‌. പിന്നീട്‌..."
"ഒരു റികർസീൻവ്ഫ്ലാഷ്‌-ബാക്ക്‌ ആയിരുന്നു അടുത്ത നിമിത്തം. നവ പാഷാണവും പച്ചിലച്ചാറും ചേർന്ന കൂട്ടിന്റെ മൂന്നിലൊരു പങ്കുകൊണ്ടാണ്‌ സിദ്ധഭോഗർ കാർത്തികേയനെ സൃഷ്ടിച്ചതു. അതിന്റെ ആവർത്തനമെന്നോണം അദ്ദേഹം ഒരിരട്ടപ്പതിപ്പുമുണ്ടാക്കി. ആകാരം തിട്ടപ്പെടുത്തി സാമ്യം അകന്നപ്പോൾ മൂന്നാം പങ്കിൽനിന്ന്‌ വീണ്ടുമൊരു ദണ്ഡായുധപാണി പിറവികൊണ്ടു.ഒരേ പോലുള്ള മൂന്ന്‌ ഉണ്ണികൾ... അതിലൊന്ന്‌ പഴനിക്കടുത്ത കാട്ടിലും, മറ്റൊന്ന്‌ അഗസ്ത്യകൂടത്തിലും ഗൂഢനിദ്ര പ്രാപിച്ചു. അനുയോജ്യമായ സമയങ്ങളിൽ ആവശ്യമായ നിമിത്തങ്ങൾ സഹിതം അതു കണ്ടെത്തുന്നവർ വരുന്നതായിരിക്കും.

എന്റെ സ്വപ്നദർശനം അവിടെയുള്ള പൂജാരികളെയും, ചില സിദ്ധരെയും അറിയിച്ചു. സ്വപ്നത്തിൽക്കണ്ട ദുരൂഹമായ കാനനപാത ഞാനവർക്ക്‌ വിവരിച്ചു. ദർശനം മുറിഞ്ഞയിടം വരെ പാതയും,ദൃശ്യവും കൃത്യമായിരുന്നു എന്ന്‌ അനുഗമിച്ചവർക്ക്‌ തീർച്ചയായതോടെ അവർക്ക്‌ എന്നിൽ വിശ്വാസം വന്നു തുടങ്ങി. സ്വപ്നദർശനത്തിന്റെ മൂന്നാം ഭാഗത്തിൽ സിദ്ധർ വീണ്ടും വഴി കാണിച്ചു. ആദിവാസി ഗോത്രക്കുടിലുകൾ താണ്ടി വീണ്ടും വനാന്തർഭാഗത്തേക്ക്‌... അവിടെ നീരുവറ്റിയ ഒരു കുളം. അതിന്റെ പടവുകളിറങ്ങി പായൽ ചതുപ്പിന്നരികിലായി കഷ്ടിച്ചൊരാൾക്ക്‌ മാത്രം നൂഴ്‌ന്നു കടക്കാവുന്ന ഗുഹ... മൂന്നാം ഭാഗം ഇവിടെ തീരുന്നു. ക്ഷേത്രകമ്മിറ്റിയ്ക്ക്‌ ഞാൻ കത്തെഴുതി. ഉന്നത തലത്തിലെ രാഷ്ട്രീയക്കാരും കേട്ടറിവുകൾ വെച്ച്‌ ഇടപെടലുകൾ തുടങ്ങിയിരുന്നു. കേരളത്തിലെ ചില നേതാക്കളുമായി രഹസ്യ ചർച്ചകൾ വരെ അവർ നടത്തി. എന്റെ കത്തു കിട്ടിയതിന്റെ നലാം ദിവസം... ഒരൊഴിവുദിനത്തിൽ വീട്ടുപടിക്കൽ വാഹനമിറങ്ങിയത്‌ തമിഴ്‌നാട്‌ ഡി.ജി.പി ആയിരുന്നു. മൂന്നാം തവണ കാടു കയറിയത്‌ പോലീസുകാരുടെയും രാഷ്ട്രീയക്കാരുടേയും അകമ്പടിയോടെ. ദർശനത്തിൽക്കണ്ട കുളവും, ഗുഹയും വരെയെത്തിയപ്പോൾ യാത്ര അവസാനിച്ചു. അതിനകത്ത്‌ നൂഴ്‌ന്നു കടക്കാൻ അവർ ആവശ്യപ്പെട്ടു. എനിക്കതിനാവില്ലെന്നും അടുത്ത ദർശനം ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു. ആവർത്തിച്ചുള്ള അപേക്ഷകളെയും, നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയും എതിർത്തു. കാടിറങ്ങി തിരികെയുള്ള യാത്രയിൽ ക്ഷീണത്താൽ മയങ്ങിയ ഞാൻ മരിച്ചു..."

"എങ്ങനെ?"
"എനിക്കറിയില്ല മാർക്സ്. ഗോത്രവർഗക്കാർ എന്നെ കൊന്നു കളഞ്ഞെന്നായിരുന്നു ആദ്യം ഞാൻ കേട്ടത്‌. പോലീസുകാർ വധിക്കുകയായിരുന്നു എന്നും അഭിപ്രായമുണ്ട്. ചിലർ പറയുന്നതാകട്ടെ ഞാൻ ഹിമാലയ സാനുക്കളിൽ എവിടെയോ തപസ്സിലാണെന്നാണ്‌. കേരളത്തിലേയും തമിഴ്നാട്ടിലേയും മത-രാഷ്ട്രീയ ഉപജാപങ്ങളുടെ ഫലമായാണ്‌ എന്റെ മരണമെന്നതും സ്ഥിരീകരിക്കാത്ത വാർത്തയാണ്‌. പക്ഷേ, തീർച്ചയുള്ളത്‌ എന്റെ മരണത്തിനു മാത്രമാണ്‌. ഗൂഢനിദ്ര പ്രാപിച്ച വേലായുധ വിഗ്രഹങ്ങൾക്കൊപ്പം അങ്ങനെ ഞാനും അപ്രത്യക്ഷനായി.."
"അപ്രത്യക്ഷമാകലിന്റെ സാദ്ധ്യതകൾ നിരവധിയാണ്‌. കൂട്ടുപജാപത്തിന്റെ ഇരുണ്ട വഴികളിലെവിടെയോ വെച്ച് ഇല്ലാതായിപ്പോയ നിനക്ക്‌ ഒരുപാട്‌ കാര്യങ്ങൾ പരോക്ഷമായി ചെയ്യാനായേക്കും. അഭിഷേകനീരിൽ വിഗ്രഹത്തിന്‌ ക്ഷയം സംഭവിക്കുമെങ്കിലും, അണക്കെട്ടുകളെ താങ്ങുന്ന സ്തൂപങ്ങളുടെ സൂചികാ ബിന്ദുക്കളിൽ അവയെ അഭിഷേകം ചെയ്യാനുയരുന്ന നീരിന്റെ അളവ്‌ തിട്ടപ്പെടുത്താൻ പോലും നിന്റെ അപ്രത്യക്ഷമാകലിന് കഴിഞ്ഞേക്കാം. ഇല്ലാതാകലിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞവർക്ക്‌ സ്തുതി... ശേഷം നിന്റെ സ്വപ്നദർശനത്തിന്‌ എന്തു സംഭവിച്ചു?"
"മരിച്ചവരാരും തന്നെ സ്വപ്നം കാണാറില്ലെന്ന്‌ തനിക്കറിയാമല്ലോ മാർക്സ്.  കണ്ടു തീർക്കേണ്ടിയിരുന്ന സ്വപ്നദർശനങ്ങളുടെ തുടർഘോഷയാത്രയ്ക്ക്‌ ഇനിയൊരു സാദ്ധ്യത തന്നെയില്ല. പക്ഷേ, ഞാനിന്നും തിരച്ചിലിലാണ്‌. തീർച്ചയില്ലെങ്കിലും, ചില പ്രതീക്ഷകളിൽ വിശ്വാസമർപ്പിച്ച് ഒട്ടകങ്ങൾ മരുപ്പച്ച തേടുന്നതു പോലെ എവിടെയോ ഗൂഡനിദ്രയിലുള്ള എന്റെ ശരീരവും തിരിച്ചു വരവിനായുള്ള ഒരിടം തേടുന്നുണ്ട്..."

* * * * *


* പഴയ എഴുത്തുകള്‍ @ മാതൃഭൂമി ആഴ്ചപ്പതിപ്പ്
 

(c)2009 Devadas V.M [ vm.devadas@gmail.com ]