Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, June 25, 2015

ഇമ്പമില്ലാത്ത ഇശൈയിലിഴയും ഇണകളെപ്പോലെ












Image (c) grabyajimmie.com

പതിയെ കൊട്ടിപ്പാടലിന്റെ താളമയയും
തോലും കോലും ചേരാവിധമാകും
കട്ടവിരൽ നഖം പോറി ഒതളി കീറും
കട്ടകളിരിക്കുന്ന നെല്ലിപ്പലക തകരും.
ഇമ്പമില്ലാത്ത  ഈണത്തിലിഴയും ഇണകളെപ്പോലെ
ആർക്കോ വേണ്ടിയൊരു അക്കോർഡിയൻ
ഇടയ്‌ക്കു മാത്രം കൊട്ടുന്നൊരു ഇടയ്ക്ക.
ചുരുക്കിപ്പറഞ്ഞാൽ ചങ്ങാതീ...
നമ്മുടെ  ചീട്ട്‌ കീറും.

Friday, March 28, 2014

അന്യരെ കണ്ട് അവരവരെ ഓർക്കുന്നവരേ...

പിരിയാമെന്നുറപ്പിച്ച ശേഷം
ഒരുമിച്ചൊടുവിലത്തെ ഉച്ചയൂണ് കഴിച്ച
അതേ ഭോജനശാലയിൽ
നാമിരുന്ന അതേ കസേരകളിലിരിക്കുന്ന
രണ്ട് പേരെ ഇന്ന് കണ്ടുമുട്ടി.

ആണും പെണ്ണും ഇരിക്കുന്ന
കസേരകൾ മാത്രം മാറിയിരിക്കുന്നു.
ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെയവർ
പരിതപിക്കുന്നു, കയർക്കുന്നു,
ചിണുങ്ങുന്നു, വിതുമ്പുന്നു
ചവയ്ക്കുന്നു, കുടിയ്ക്കുന്നു,
ചുണ്ടുകൾ തുടയ്ക്കുന്നു.

സങ്കടമോ സഹതാപമോ അല്ല;
ഇടയ്ക്കെല്ലാം അവരുടെ മുഖത്ത്
മിന്നിമറിയുന്ന ദൃഢനിശ്ചയം
കാണുന്ന മാത്രയിൽ
അതിക്രൂരമാം വിധത്തിൽ
പുച്ഛമാണ് തോന്നിയത്.

മറ്റൊരവസരത്തിൽ അവരിലൊരാളെങ്കിലും,
ചിലപ്പോൾ രണ്ട് പേർ തന്നെയും
ഒരു *രത്നാറുവാംഗിയൻ തിരശ്ശീലക്കാഴ്ചയിലെ
ബന്ധച്ഛിദ്ര മുഹൂർത്തം പോലെ
അന്യരെ കണ്ട്
അവരവരെ ഓർക്കുന്ന നിമിഷത്തിൽ മാത്രം
ഒരുപക്ഷെ അവരെയോർത്ത്
സങ്കടമോ സഹതാപമോ തോന്നിയേക്കാം.

തീർച്ചയായും നമ്മെയോർത്തും...

* തായ് സംവിധായകന്‍ പെനെക് രത്നാറുവാംഗ്

Monday, February 17, 2014

ഉറങ്ങാത്തവർക്കുള്ള കത്തുകൾ


ഇരട്ട ജീവന്റെ ഈയവസ്ഥയിലും
അവിടെ നീ തനിച്ചാണല്ലേ?
പൊടുന്നനെയെങ്ങാനും പുളയുന്നൊരു
വേദന വന്നാൽ
ആ മടിയൻ കാവൽക്കാരൻ
വിളിപ്പുറത്തുണ്ടാകുമോ?
ആ പഴഞ്ചൻ കരണ്ട് തീനി ഗീസർ ഇപ്പോഴും
ചൂടുവെള്ളം ചുരത്താറുണ്ടോ?
അതിന് താഴെ
നനവ് പടർന്ന ചുമരിലെ കുമ്മായ വിടവിൽ
വികൃതരൂപികളായ ചെറു കൂണുകൾ
ഇപ്പോഴും വിരിയാറുണ്ടോ?
നിന്റെ ലംബമാന ചുണ്ടുകളുടെ ചുളിവും
ആകൃതിയുമൊക്കുമെന്നു പറഞ്ഞ്
ആരെങ്കിലും അവയെ തഴുകാറുണ്ടോ?
കൊടിയ അശ്ലീലം അനുവദനീയമല്ലെന്ന്
മറുത്തു പറയുന്നേരത്ത്
നീ ആ കൈകൾ തട്ടിമാറ്റാറുണ്ടോ?
പുലർക്കാല തീവണ്ടിയ്ക്ക് സമയം കണക്കു കൂട്ടി
മടി പിടിച്ച് ചുമരും ചാരി
സിഗററ്റ് പുകച്ചിരിക്കുന്നേരം
ജനൽത്തിരശ്ശീല മാറ്റിയാൽ
പുകമഞ്ഞും ഹാലജൻ വെട്ടവും
പരക്കുന്നൊരു തെരുവ് ബാക്കിയായുണ്ടോ?
തെരുവിന്നറ്റത്തെ ആഘോഷ മണ്ഡപം
ഇപ്പോഴും ഒരുങ്ങിത്തിളങ്ങാറുണ്ടോ?
അതിളകി മറിഞ്ഞു വീണില്ലാതാകാൻ മാത്രം
ഭൂകമ്പമൊന്നും സംഭവിച്ചില്ലല്ലോ അല്ലേ?
ഇടയിൽ വീണില്ലാതായത്
മറ്റു പലതുകളാണല്ലോ അല്ലേ?
ആഘോഷ മണ്ഡപത്തിന്റെ പേര് ഞാനുച്ഛരിക്കുന്നത്
തെറ്റാണെന്ന് പറഞ്ഞ് കലമ്പാത്തതെന്ത്?
ജനൽത്തിരശീലയ്ക്ക് ഞാൻ കാണുന്ന നിറം
വർണ്ണാന്ധതയുടെ പിഴവാണെന്ന്
ചൊരുക്ക് കൂട്ടാത്തതെന്ത്?
തീവണ്ടി സമയം ലാക്കാക്കി
ഉണർത്തു മണിയടിച്ചിട്ടും
എഴുന്നേൽക്കാത്തതെന്ത്?
പുതപ്പിന്നടിയിൽ നീയിപ്പോഴും
 മടി പിടിച്ചു ചുരുണ്ട്
കള്ളയുറക്കത്തിലാണല്ലേ?
ഓഹ്! എഴുന്നേറ്റ് പുറപ്പെടേണ്ടത്
ഞാനാണല്ലോ അല്ലേ?

Tuesday, October 30, 2012

കടലുറക്കം

1)
കപ്പല്‍ച്ഛേദിയായ ക‌‌ടലിളക്കമോ
കപ്പിത്താനെ ചതിക്കുന്ന കൊടുങ്കാറ്റോ
കണ്ണൊന്നില്ലാത്ത കൊള്ളക്കാരനോ
അങ്ങനെയൊന്നും വേണമെന്നില്ല
അവസാനത്തെ ‌‌ആശയില്‍ പോലും
തിരകളോ തീരങ്ങളോ നിഷേധിക്കപ്പെട്ട
കിഴവന്‍ നാവികനു വേണ്ടത്
തളര്‍ന്നു കിടന്നുറങ്ങാനായി
ഒരു തുടം ഛര്‍ദ്ദിലിന്റെ
കല്‍ച്ചൊരുക്കു മാത്രം.
2)
കവര്‍ച്ചക്കപ്പല്‍ മാത്രം കൈമുതലായവള്‍
കടല്‍കാക്കകളുടെ കരച്ചിനോളം  കരകരപ്പില്‍
ജീവനേ,
ജീവനേ,
മരണമേ
എന്ന ഹൈകു തെറ്റിച്ചു പാടിക്കൊണ്ട്
മൂന്നാമത്തെ വരിയില്‍ ‌‌ഉറക്കം തൂങ്ങുന്നതു കണ്ട്
ചിരിയടക്കാനാകാത്ത കൊടിയടയാളത്തിലെ
തലയോട്ടി നെറ്റിയ്ക്കു നടുവിലായി
ഒരു വെടിയുണ്ട പതിയുന്നതോടെ
കവര്‍ച്ചക്കപ്പല്‍ മാത്രം കൈമുതലായവള്‍
കടല്‍പ്പായലുകളുടെ വഴുവഴുപ്പുള്ള ‌‌അരക്കെട്ടില്‍ ‌‌
അവസാനത്തെ ആയുധം പരതുന്നു.
3)
കാറ്റിന് കച്ചവടമെന്നും
ചക്രവാളത്തിന് അപകടമെന്നും
നങ്കൂരത്തിന് ഭ്രാന്തെന്നും
തിമിംഗിലത്തിന് നഖമെന്നുമൊക്കെ
അര്‍ത്ഥമുള്ള വിധം
അത്രമേല്‍ അന്യമായൊരു
വന്‍കരയിലേക്ക്
ദിക്കറിയാ നാവികനെത്തുന്നതോടെ
ഉറക്കത്തിന് ഉപ്പെന്നും, ഉമിനീരെന്നും
ദ്വയാര്‍ത്ഥമുണ്ടാകുന്നു.
4)
സാഹസം മാത്രമല്ല കാര്യമെന്നും
സഹനവും  കടലിന്റെ ശീലമെന്നും
തിരിച്ചറിയുന്ന യാത്രയില്‍
കത്തിയാല്‍ നെടും കയററുത്ത
കപ്പിത്താന്റെ നിഷേധിയായ മകന്
കപ്പല്‍ പായ‌‌യില്‍ കടലുറക്കം.

Monday, January 18, 2010

ജൂതര്‍

മോശേ,
നിന്റെ ഇടുപ്പെല്ലില്‍ കുരുത്തവര്‍ ഞങ്ങള്‍
നിന്റെ ചോരയാല്‍ പ്രഭാപൂരിതരായ അജഗണം
നനുത്ത നിലാവില്‍ നീ തീര്‍ത്ത
പത്ത് പ്രചോദിത ഖരകല്‍പ്പനകള്‍.

ചെമ്പരും,തവിടരും,സുവര്‍ണ്ണരും
ചീറ്റിത്തെറിക്കുന്ന രക്തത്തില്‍
നീയാകും ചന്ദ്രനിലേയ്ക്ക് വേലിയേറ്റം നടത്തുമ്പോള്‍
എന്തേ അവര്‍ ഞങ്ങളെ പുച്ഛിക്കുന്നു?

- ഐസക് റോസന്‍ബര്‍ഗ് ( 1890-1918-ബ്രിട്ടന്‍ ‍)‍

* ( പഴയ എഴുത്ത്  @ http://manojkurur2.blogspot.com ) 
 

(c)2009 Devadas V.M [ vm.devadas@gmail.com ]