അചേതനവും പരസ്പര ബന്ധമില്ലാത്തതുമായ രണ്ട് വസ്തുക്കളാണ് ചെപ്പും പന്തും. എന്നാൽ അവ കൂടിച്ചേരുമ്പോൾ, ചരിത്രത്തിലെ തന്നെ ഏറ്റവും പഴയതും, എന്നാൽ ഇപ്പോഴും ഏവരെയും ആകർഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ മദ്രാസിൽ താമസിച്ചിരുന്ന ഉബൈദിന്റെയും, രണ്ടായിരത്തി പത്തുകളിലെ ചെന്നൈയിൽ താമസിക്കുന്ന മുകുന്ദന്റെയും ജീവിതമാണ് ചെപ്പും പന്തുമെന്ന നോവലെന്ന് ചുരുക്കി പറയാം. ചെപ്പും പന്തും എന്റെ മൂന്നാമത്തെ നോവലാണ്. ആദ്യ രണ്ട് നോവലുകൾക്കിടയിൽ വലിയ കാലയകലമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെപ്പും പന്തും എഴുതി പൂർത്തിയാകുന്നത്. ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായ വർഷങ്ങളായിരുന്നു ആ വിധം കടന്നു പോയത്. അതിനിടെ പലപ്പോഴായി കുറിച്ചു വച്ചതും ഉപേക്ഷിക്കപ്പെട്ടതും ആയവയിൽ നിന്ന് തനിയെ ഉയർന്നു വന്ന കഥാപാത്രങ്ങളെയും ഇടങ്ങളെയും രേഖപ്പെടുത്താനുള്ള ആ ശ്രമം വിഫലമായില്ലെന്ന് കരുതുന്നു. അങ്ങനെയൊടുക്കം ചെപ്പും പന്തും പൂർണ്ണരൂപത്തിൽ ഒരുക്കപ്പെട്ടു.
DC Books Online Store Link : https://onlinestore.dcbooks.com/books/cheppum-panthum
എഴുത്തുസൗകര്യമൊരുക്കിത്തന്ന നിഷ, നോവലിന്റെ ആശയരൂപീകരണ കാലം മുതലേ എഴുത്തിന് കരുത്തായി കൂടെ നിന്ന സുരേഷ് പീറ്റർ, സമകാലിക മലയാളം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കാനായി ഈ നോവൽ പരിഗണിച്ച സജി ജെയിംസ് കലേഷ്, ഇതിവൃത്തത്തിന് യോജിച്ച വിധം ചിത്രീകരണം നടത്തിയ മഞ്ജേഷ്, നോവലിന് പഠനക്കുറിപ്പെഴുതിയ ഗിരീഷ് അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവച്ച സന്തോഷ് അൻവർഅബ്ദുള്ള, പ്രശാന്ത്, അഞ്ജു, ശശി ചിറയിൽ, ക്യാൻസർ ബാധിതനായി മരണത്തിന് കീഴ്‌പ്പെടുന്നതിന് നാലഞ്ചു ദിവസം മുന്നെ ആശുപത്രിക്കിടക്കയിൽ വിശ്രമിക്കവെ വാരികയിലെ നോവൽ ഭാഗം വായിച്ച ശേഷം അതിലെ ചിത്രം വാട്ട്‌സാപ്പ് മെസേജയച്ച ഹരികൃഷ്ണൻ , പ്രൂഫ് റീഡിംഗിന് സഹായിച്ച അഞ്ജലി, ഫോണ്ട് പ്രശ്നങ്ങൾ പരിഹരിച്ചു തന്ന ഷാജികുമാർ, കെവിൻ, ചെപ്പും പന്തും പുസ്തക രൂപത്തിലൊരുക്കിയ ഡി.സി ബുക്ക്‌സിന്റെ പ്രസാധക സുഹൃത്തുക്കൾ, പുസ്തകപ്രസിദ്ധീകരണത്തിന് എകോപകനായി പ്രവർത്തിച്ച പ്രകാശ് മാരാഹി തുടങ്ങി ഒട്ടേറെ പേരെ സ്നേഹത്തോടെ ഓർക്കുന്നു. ചെപ്പും പന്തും എഴുതി പൂർത്തിയാക്കുന്ന കാലത്തിനിടെ ഉണർവ്വും ഊർജ്ജവുമായി കൂടെ നിന്ന സകലർക്കും സകലതിനും ഞാൻ കടപ്പെട്ടിരിക്കുന്നു.
അത്ഭുതങ്ങളേതുമില്ലാത്ത വിധം സാധാരണമായ നിത്യകര്‍മ്മങ്ങളാൽ ചുറ്റിലുമുള്ളവരെയും തന്നെയും തിരിച്ചറിയപ്പെടാതെ അപരജീവിതം നയിച്ച് ലോകമെമ്പാടുമുള്ള മഹാനഗരങ്ങളിൽ ഉപജീവനം നടത്തവേ ആയുസ്സൊടുങ്ങുകയോ അപ്രത്യക്ഷരാകുകയോ ചെയ്യുന്ന മനുഷ്യർക്ക് മുന്നിൽ ഈ നോവൽ സമർപ്പിക്കുന്നു.
സസ്നേഹം...