ബ്ലോഗോസ്ഫിയർ മുതൽ ഫേസ്ബുക്ക്/വാട്ട്സാപ് കാലം വരെയുള്ള പരിണാമത്തിൽ സോഷ്യൽ മീഡിയയിലും പ്രിന്റ് മാധ്യമത്തിലും എഴുതുന്ന ഒരാളെന്ന നിലയിൽ സോഷ്യൽ മീഡിയാ പരിസരം മോശമായ ഒരിടമെന്നോ, ഇവിടെയുള്ള എഴുത്തെല്ലാം അധമമെന്നോ ഒരഭിപ്രായം എനിയ്ക്കില്ല. സോഷ്യൽ മീഡിയയെ സമൂഹത്തിന്റെ തന്നെ ഒരു പരിച്ഛേദം എന്ന നിലയിലാണ് മനസ്സിലാക്കുന്നതും കൈകാര്യം ചെയ്യുന്നതും. എന്നാൽ സ്വയം വിമർശനകരമായ ചില ആലോചനകൾ സോഷ്യൽ മീഡിയ കൈയ്യാളുന്ന ഏവരും നടത്തേണ്ടതല്ലേ എന്ന സംശയവുമുണ്ട്. അത്തരത്തിൽ ചിലതാണ് താഴെ പങ്കു വയ്ക്കുന്നത്. (ഇന്റർനെറ്റ് എന്നാൽ മുഴുവനായും സോഷ്യൽ മീഡിയ അല്ലാത്തതിനാൽ താഴെ കാണുന്ന അഭിപ്രായങ്ങളെല്ലാം വെബ്സൈറ്റുകൾ, പോർട്ടലുകൾ എന്നിവയെ ഒഴിവാക്കിക്കൊണ്ടാണ് പരാമർശിക്കുന്നത്)
സോഷ്യൽ മീഡിയയ്ക്കെതിരെ ഏതെങ്കിലും പ്രശസ്ത വ്യക്തിയുടെ പരാമർശങ്ങൾ ഉണ്ടായാലുടനെ അയ്യോ! ഇതെല്ലാം തങ്ങളെക്കുറിച്ചാണല്ലോ, എന്നാൽ കൂട്ടമായി എതിർക്കുക തന്നെ ഒരു സൈബർ പൊതുബോധം ചിലപ്പോഴെങ്കിലും അതിരു കടക്കാറുണ്ട്. എന്നാൽ ഇതിനൊരു മറുവശമുണ്ട്. നമ്മുടെ സോഷ്യൽ മീഡിയാ പരിസരം നാം ഉണ്ടാക്കിയെടുത്ത ഒരു ലോകമാണ്. അതായത് അതിൽ ഉൾപ്പെടേണ്ട സുഹൃത്തുക്കൾ, വ്യക്തി-സംഘടന-കൂട്ടങ്ങളുടെ പേജുകൾ, പരസ്യങ്ങൾ എല്ലാം തിരഞ്ഞെടുപ്പുകൾക്ക് വിധേയമാണ്. മറ്റുള്ളവർ പങ്കു വച്ച വിവരങ്ങളിൽ നിന്ന് അവരുടെ വാസസ്ഥലം, ജോലി, രാഷ്ട്രീയം, കലാ-സാഹിത്യ-സിനിമാ സംബന്ധിയായ താൽപ്പര്യങ്ങൾ, സന്നദ്ധപ്രവർത്തങ്ങൾ, പൊതുസുഹൃത്തുക്കൾ എന്നിവയുടെ പുറത്തായിരിക്കും നാം അരിപ്പ വച്ചളന്ന് ഒരാളെ നമ്മുടെ ഒരു ലോകത്തേയ്ക്ക് ആനയിക്കുന്നതും പുറത്താക്കുന്നതും. എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസ് കൈയ്യാളുന്ന പലരും പബ്ലിക് ആക്സെസ് ഉള്ള പേജുകളായിരിക്കും കൈയ്യാളുന്നത്. അതിൽ തിരഞ്ഞെടുപ്പുകൾക്കും മറുപ്രതികരണങ്ങൾക്കുമുള്ള സാധ്യതയും സമയവുമെല്ലാം തുലോം കുറവായിരിക്കും. അറിഞ്ഞോ അറിയാതെയോ പുറപ്പെടുവിക്കുന്ന ചില അഭിപ്രായങ്ങളുടെ പേരിൽ സൈബർ വർഗ്ഗപൊതുബോധം ഉണർന്ന് പ്രവർത്തിക്കുന്നതാണ് ‘പൊങ്കാല’ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നത്. ഇതിന്റെ ഏറ്റും മോശമായ അവസ്ഥ തിരിച്ചറിയണമെങ്കിൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പേജുകളിൽ ‘എതിർ ആരാധക വൃന്ദം’ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധിച്ചാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാൽ നാം കാണുന്ന സോഷ്യൽ മീഡിയാ പരിസരമെന്നത് നമ്മൾ ഉണ്ടാക്കിയെടുത്ത മൂർത്തമായ ഒരു രൂപമാണ്. എന്നാൽ അതിന് അമൂർത്തവും അജ്ഞാതവുമായൊരു സാന്നിദ്ധ്യവും പ്രവർത്തനങ്ങളുമുണ്ട്. ശാസ്ത്രഭാഷയിൽ പറഞ്ഞാൽ സോഷ്യൽ മീഡിയ ഒരു ഗണമാണെങ്കിൽ, നാമേവരും അതിലെ [1]ഉപഗണങ്ങളിലൊന്നിലെ ഇടംകൈയ്യാളുന്നവർ മാത്രമാണ്. ആ കൽപ്പിത സമൂഹത്തിന് അകത്തും പുറത്തുമായി ഇതിന് ഉടലും ഉരുവവുമുണ്ട്.
സോഷ്യൽ മീഡിയ കൂടുതലായും പ്രകടിപ്പിക്കുന്നത് ഒരു തരത്തിൽ പരാദസ്വഭാവമാണ്. അതായത് സമകാലിക സമൂഹത്തിലെ രാഷ്ട്രീയം, സാഹിത്യം, കലകൾ, വിനോദങ്ങൾ, വിവാദങ്ങൾ എന്നിവയാണ് പലപ്പോഴും നാമേവരും സൈബർ പരിസരത്ത് കൈയ്യാളുന്നത്. അതായത് ഉള്ളടക്കം(content) ഉത്പ്പാദിപ്പിക്കുന്നതിന് പകരം മറ്റിടങ്ങളിലെ ഉള്ളടക്കത്തിന്മേലുള്ള തർക്കങ്ങളും പ്രതികരണങ്ങളും മാത്രമായി പലപ്പോഴും ഇത് ഒതുങ്ങുന്നു. ഇതരയിടങ്ങളിൽ ഉള്ളതിനേക്കാൾ മെച്ചമായ ഉള്ളടക്കമോ ചിന്താധാരകളോ ഇവിടെ തീർത്തും ഉണ്ടാകുന്നേയില്ല എന്നോ, അതിന്മേലുള്ള ചർച്ചകൾ മോശമെന്നോ അല്ല വിവക്ഷ. സൂചനകളെല്ലാം പൊതുസ്വഭാവത്തിന്മേൽ ഊന്നിയുള്ളതാണ്. പക്ഷെ പതിയെ പരാദ സ്വഭാവം കൈവെടിഞ്ഞ് കാമ്പുള്ള ഉള്ളടക്കങ്ങൾ ഇവിടെ നിന്ന് ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളും തർക്കവിതർക്കങ്ങളും നിലവിൽ പ്രധാനമായും ഏറ്റെടുക്കുന്നത് ഓൺലൈൻ ന്യൂസ് പോർട്ടലുകളാണ്. എന്നാൽ അച്ചടി മാധ്യമങ്ങളും അതേറ്റെടുക്കുന്ന കാലം അത്ര വിദൂരമല്ലെന്ന് കരുതുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ സിസ്റ്റിസൺ ജേർണലിസത്തിന്റെ കൂടി ഉത്തരവാദിത്തം കൈയ്യാളുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാഷ്ട്രീയ ചായ്‌വിന്റെ, പരസ്യ വരുമാനത്തിന്റെ, ഭരണകൂട ഭീകരതയുടെ ഫലമായി അച്ചടി മഷി പുരളാത്ത പല വാർത്തകളും വിവാദങ്ങളും ജനങ്ങളിലേയ്ക്കെത്തിച്ചതിന് സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട് താനും. അതിനെയൊന്നും പാടെ മറന്നുകൊണ്ടല്ല പരാദസ്വഭാവം കൈവെടിയണമെന്ന് പറയുന്നതും, ഉള്ളടക്കത്തിന്റെ ഉത്പ്പാദനം കൂടുതലാകണമെന്ന് ആഗ്രഹിക്കുന്നതും.
ഇടപെടുന്നവരുടെ ശരാശരി പ്രായം, സാങ്കേതിക ജ്ഞാനം, ഉടന്തടി പ്രതികരണങ്ങളിലെ ഭാഷ എന്നിവയെല്ലാം സോഷ്യൽ മീഡിയയുടെ പരിസരം നിർണ്ണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ കൗതുകകരമായ ഒരു കാര്യം ശ്രദ്ധിച്ചിട്ടുള്ളത് രണ്ടോ മൂന്നോ മാസത്തെ ചുരുങ്ങിയ ഇടവേളയ്ക്ക് ശേഷം പോലും ഇതിലേയ്ക്ക് മടങ്ങി വന്നാൽ തോന്നുന്ന അന്യഥാത്വമാണ്. ഏറെ നാളത്തെ അന്യദേശവാസത്തിന് ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയാൽ പഴയകാല സുഹൃത്തുക്കളുടെ തമാശയോ, പ്രയോഗങ്ങളോ, ബഹളങ്ങളോ, ആംഗ്യങ്ങളോ ഒന്നും തിരിച്ചറിയാതെ ആൾക്കൂട്ടത്തിൽ ഉള്ളാലെ ഒറ്റപ്പെട്ട് വെറുതെ ചിരിച്ചു കാണിക്കേണ്ട അവസ്ഥ പലപ്പോഴുമുണ്ടായിട്ടുണ്ട്. അതിന് സമാനമായ വിധത്തിൽ ഇടവേളയ്ക്കു ശേഷമുള്ള സോഷ്യൽ മീഡിയാ പ്രവേശനത്തിൽ കാണാനാകുന്നത് പുതിയ ആളുകൾ, കൂട്ടങ്ങൾ, പരിസരങ്ങൾ… പുത്തൻ ഭാഷ, പ്രയോഗങ്ങൾ, ചിഹ്നങ്ങൾ… എന്തെന്നുമേതെന്നും മനസ്സിലാക്കണമെങ്കിൽ വിട്ടൊഴിഞ്ഞു നിന്ന ആ കാലഘട്ടത്തിലേയ്ക്ക് പിന്തിരിഞ്ഞു നടക്കാതെ വയ്യെന്ന അവസ്ഥയാകും. അതുകൊണ്ട് തന്നെ അതിവേഗത്തിലുള്ള ഇതിന്റെ ഒഴുക്കിന് കൂടെച്ചേരാത്തവർക്ക് പലപ്പോഴും സഹവർത്തിത്വത്തിന്റെ സാധ്യതയാണ് നഷ്ടപ്പെടുന്നത്.
സമകാലത്തെ രാഷ്ട്രീയത്തെ സംബന്ധിച്ച് ശക്തമായ വിമർശനങ്ങളും പ്രതികരണങ്ങളും ഉണ്ടാകുന്ന ഒരിടമാണ് സോഷ്യൽ മീഡിയ എന്നാൽ സാഹിത്യത്തിന്റെ കാര്യത്തിൽ നിലവിൽ അതുണ്ടോയെന്ന് സംശയമുണ്ട്. കവിതകൾ മാത്രമാണ് ഇതിനൊരപവാദം. മറ്റൊരു തരത്തിലെ ഭാവുകത്വ വിച്ഛേദങ്ങൾക്ക് ഇടമൊരുക്കിയതും മികച്ച കവിതകളുണ്ടായതും സോഷ്യൽ മീഡിയയിലാണ്. അതൊരു തരത്തിൽ കൂട്ടായ ഒരു പ്രതിപ്രവർത്തനത്തിന്റെ ഫലമായിരുന്നു താനും. സമകാലിക യുവകവികളിൽ പലരും അവരുടെ ആദ്യവായനാക്കൂട്ടത്തെ കണ്ടെത്തിയതും, സ്വയം നവീകരിച്ചതുമെല്ലാം ഈ മീഡിയയുടെ പരിസരത്താണ്. എന്നാൽ പല കാരണങ്ങളാലും മുഖ്യധാര ഒഴിവാക്കുന്നവയെ പ്രസിദ്ധപ്പെടുത്തുവാനും, ഉടനടി പ്രതികരണങ്ങൾ ലഭിക്കുവാനുമുള്ള സൗകര്യങ്ങൾ ഉണ്ടായതും ഒഴിച്ചു നിർത്തിയാൽ ചെറുകഥ, നോവൽ എന്നിവയ്ക്ക് സ്വയം മെച്ചപ്പെടുത്തുവാനുള്ള ഒരു സാധ്യതയും ഇടവും നിലവിൽ ഇവിടെയുണ്ടെന്ന് കരുതുന്നില്ല. ചില പരീക്ഷണ ശ്രമങ്ങൾ ഉണ്ടായി എന്നതൊഴിച്ചാൽ ഒരു പക്ഷെ സോഷ്യൽ മീഡിയയ്ക്ക് എറ്റവും അനുഗണമെന്ന് കരുതാവുന്ന സാഹിത്യ വിഭാഗമായ ഗ്രാഫിക് നോവലുകൾ പോലും ഇവിടെ കാര്യമായി സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. കൂടുതൽ സമയം ചിലഴിക്കേണ്ടി വരുന്ന വായന, സൃഷ്ടിയുടെ ശ്രമത്തിന് അനുപാതത്തിലുള്ള പ്രതിഫലം എന്നിവയെല്ലാം ഇതിനൊരു കാരണമാകാമെന്ന് കരുതുന്നു.
കുട്ടിക്കാലത്ത് ചിത്രകഥകൾ വായിക്കുമ്പോൾ വരകൾക്കിടയിൽ അക്ഷരങ്ങളെ വേർത്തിരിച്ചു നിർത്തുന്ന കളങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു. സംഭവ വിവരണങ്ങൾക്കായി ദീർഘചതുരം, സംഭാഷണങ്ങൾക്ക് വേണ്ടി കഥാപാത്രത്തിന് നേരെ കൂർത്ത കുനിപ്പോടെയുള്ള ദീർഘവൃത്തം എന്നിവയായിരുന്നു അതിൽ പ്രധാനമായി കാണാറുണ്ടായിരുന്നത്. എന്നാൽ ഇതു രണ്ടുമല്ലാതെ മറ്റൊന്നു കൂടിയുണ്ടാകും. പ്രത്യേക ആകൃതിയില്ലാതെ മേഘസമാനമായ കളത്തിൽ നിന്ന് ചെറുകുമിളകൾ നിര നീളുന്ന ഒന്ന്. അത് കഥാപാത്രങ്ങളുടെ ചിന്തകളുടെ പ്രതിഫലനമായിരുന്നു. അത്തരത്തിലുള്ള ചിന്തകളെയാണ് സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ ഞാൻ തിരയുന്നത്. സൈബർ സ്പേസിലെ ജനപ്രിയ ഇടമായ സോഷ്യൽ മീഡിയാ പരിസരം ഇന്ന് ആഖ്യാനത്തിന്റെ കൂടി ഇടമാണ്. കാലം, അവസ്ഥ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ഭാവനകളെയും അനുഭവങ്ങളെയും അറിവുകളെയും എഴുതിയിടാൻ അവ അവസരമൊരുക്കുന്നു. കഥാമുഹൂർത്തങ്ങളോ, പാത്രനിർമ്മിതികളോ ഇല്ലാതെ തന്നെ ഒരു ആശയസ്ഫുരണം മറ്റുള്ളവരിലേയ്ക്ക് സന്നിവേശിപ്പിക്കാൻ തക്ക പ്രാപ്തിയുള്ളതായി അവിടം മാറുന്നു. ഇതുകൊണ്ട് സമകാലത്തെ കഥയെഴുത്തിന് ഒരു വിധത്തിലുള്ള ഹാനിയും സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, സൂക്ഷ്മമായ അരിപ്പകളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും കടന്നു പോകേണ്ടുന്നതിനാൽ അവ കൂടുതൽ മെച്ചപ്പെട്ടൊരു നില കൈവരിയ്ക്കാൻ പ്രാപ്തമാകുന്നു. ഒരു സോഷ്യൽ മീഡിയാ കുറിപ്പിലോ, പ്രതികരണത്തിലോ ഒതുങ്ങേണ്ടവയെ (അവ നിസ്സാരമാണെന്നല്ല വിവക്ഷ) അതാതിടങ്ങളിൽ രേഖപ്പെടുത്തുകയും, അവയ്ക്കുമപ്പുറം സന്ദർഭങ്ങളും സാരസ്യങ്ങളും ദർശനങ്ങളും പാത്രനിർമ്മിതിയും ആവിഷ്ക്കരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ മാത്രം കഥയെഴുത്തിന്റെ സങ്കേതം സ്വീകരിക്കേണ്ടി വരുന്ന വിചാരനില എഴുത്തുകാരന് സ്വയം കൈവരിക്കാനാകുന്നു. അതുകൊണ്ട് തന്നെ സമകാലത്തെ സംഭവങ്ങളിലും വിഷയങ്ങളിലും തന്റെ ചിന്തകളാൽ ഇടപെടാനുള്ള അവസരവും, അതേ സമയം ഭാവനാപരമായ വ്യവഹാരത്തിൽ സ്വയം മുഴുകി സൃഷ്ടി നടത്താനും സാധ്യതയൊരുങ്ങുന്നു. സോഷ്യൽ മീഡിയ പാടെ അധമമെന്ന് അന്യവത്ക്കരിക്കാതെ, അതിന്റെ സാധ്യതകളെ സാഹിത്യ സംബന്ധിയായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് എഴുത്തുകാരനെന്ന നിലയിൽ ആലോചിക്കാറുള്ളത്. സോഷ്യൽ മീഡിയയുടെ ഘടനയും സാധ്യതയും സ്വഭാവമുമെല്ലാം എഴുത്തിലേയ്ക്കും സന്നിവേശിപ്പിക്കാറുണ്ട്. അത്തരത്തിൽ നിത്യജീവിത വ്യവഹാരത്തിൽ സോഷ്യൽ മീഡിയയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്താനുള്ള ഒന്നായിരുന്നു [2]സമയരേഖയിൽ ചിലത് എന്ന ശ്രമം.
Mentioned Links: